രാജ്യവും കേരളവും നേരിടുന്ന സമകാലിക സാംസ്കാരിക പ്രശ്നങ്ങൾ നേരിടാൻ പുരോഗമന കലാ സാഹിത്യ സംഘത്തിന് മുന്നിൽനിന്ന് പ്രവർത്തിക്കാനാകുമോ? എന്താണ് സംഘടന നേരിടുന്ന പ്രശ്നങ്ങൾ? സാംസ്കാരിക മേഖലയിൽ എന്താണ് നടക്കുന്നത്?
പുരോഗമന സാഹിത്യ പ്രസ്ഥാനം മുന്നോട്ടുവെച്ച ആശയത്തെ എത്രമാത്രം സ്വയം സ്വീകരിച്ചുവെന്നും സമൂഹം അതിനോട് എങ്ങനെ ചേര്‍ന്നുനിന്നുവെന്നും അന്വേഷിക്കേണ്ട/ പരിശോധിക്കേണ്ട സവിശേഷ ഘട്ടമാണിത്. യാഥാസ്ഥിതിക സാഹിത്യ കാഴ്ചപ്പാടുകള്‍ നിലനിന്ന സാംസ്കാരിക അധിനിവേശത്തിനുമേല് പ്രഹരം ഏൽപിച്ചുകൊണ്ടാണ് പുരോഗമന സാഹിത്യ പ്രസ്ഥാനം എഴുത്തുകാരുടെയും വായനക്കാരുടെയും ഇടയിലേക്ക് കടന്നുവന്നത്.
അന്ന് ഉയര്‍ത്തിയ ചോദ്യങ്ങൾകൊണ്ടും നല്കിയ മറുപടികൊണ്ടും മാത്രം പൂരിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയില്‍നിന്നും സമൂഹം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്ന യാഥാർഥ്യം സംഘടന ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ദലിത്, സ്ത്രീ, പരിസ്ഥിതി, ന്യൂനപക്ഷങ്ങള്‍, എല്‍.ജി.ബി.ടി ക്വിയര്‍, ഗോത്ര, തീരദേശ, മറ്റ് അടിത്തട്ട് സമൂഹങ്ങളുടെ എഴുത്തുകളെയും കലകളെയും മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വിശകലനംചെയ്യാന്‍ ഇന്നും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് പൂര്‍ണമായും സാധിച്ചിട്ടില്ല.
അബോധത്തിലും ബോധത്തിലും സവര്‍ണ കേന്ദ്രിത മധ്യവര്‍ഗ സാഹിത്യ സൗന്ദര്യനിർമിതികളാണ് ഈ പ്രസ്ഥാനത്തെ ഇപ്പോഴും നയിക്കുന്നത്. തൊണ്ണൂറുകള്‍ക്കുശേഷം ഉയര്‍ന്നുവന്ന നവ സാഹിത്യ, കലാ സംവാദങ്ങളെ പുരോഗമന സാഹിത്യ പ്രസ്ഥാനം ഇന്നും സ്വീകരിച്ചിട്ടില്ല. പ്രസ്ഥാനത്തിന് പുറത്തുള്ളവര്‍ വ്യതിരിക്ത കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കൊണ്ട് മുന്നോട്ടു വരുന്നതിനെ തിരിച്ചറിയാനും സംഘടനക്ക് കഴിയുന്നില്ല.
ഡോ. പി.കെ. പോക്കര്, കെ.ഇ.എന്‍, ഡോ. പി. സോമന്, ഡോ. എസ്. രാജശേഖരന് (സാംസ്കാരിക വിമര്‍ശനം), ജി.പി. രാമചന്ദ്രന്, വി.കെ. ജോസഫ് (ചലച്ചിത്ര നിരൂപണം) എന്നിവര്‍ പുരോഗമന സാഹിത്യ സംഘത്തിനുള്ളില്നിന്നുകൊണ്ട് പുതിയ മാറ്റങ്ങളോട് സംവദിക്കുന്നത് ഇവിടെ വിസ്മരിക്കുന്നില്ല. ഇവരുടെ ശബ്ദത്തിന് സംഘടനയില്‍ എത്രമാത്രം പ്രാധാന്യം ലഭിക്കുന്നുവെന്നത് ആഴത്തില്‍ പരിശോധിക്കേണ്ട മറ്റൊരു വിഷയമാണ്. വേറിട്ട ഇടപെടലുകളെ നിശ്ശബ്ദമാക്കുന്ന തരത്തില്‍ ബുദ്ധിജീവികളെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിതന്നെ രംഗത്തുവരുന്നതും സമകാലിക കാഴ്ചയാണ്. സാഹിത്യ സാംസ്കാരിക സംവാദങ്ങളെ സൃഷ്ടിക്കുന്നതിന് പകരം രാമായണ, മഹാഭാരത പാരായണങ്ങള്ക്കാണ് കൂടുതല്‍ വേദി ഒരുക്കിയത്. അതാകട്ടെ, സംഘ്പരിവാറിന് ഗുണകരമായി മാറുകയും ചെയ്തു.
സാഹിത്യത്തിലെ സവിശേഷ പ്രതിനിധാനങ്ങളെ അംഗീകരിക്കാത്ത, പിന്തിരിപ്പനും പ്രത്യക്ഷത്തില്‍ പുരോഗമനമെന്നു തോന്നുന്ന വലതു സ്വാംശീകരണ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം ബുദ്ധിജീവികള്‍ക്ക് കൂടുതല്‍ വേദി ഒരുക്കി നല്കാന് പാര്‍ട്ടി കാണിക്കുന്ന വ്യഗ്രത സാഹിത്യത്തിലെ മാറ്റങ്ങളെ പഠിക്കാന്‍ ഉപയോഗപ്പെടുത്തുന്നില്ല.
‘‘എഴുത്തുകാര്‍ ആരുടെ പക്ഷത്ത്’’ എന്ന പുരോഗമന എഴുത്തുകാരുടെ ചോദ്യമാണ് 80കളുടെ അവസാനം സാംസ്കാരിക മണ്ഡലത്തെ ഇളക്കി മറിച്ചത്. അതിന്റെ ഭാഗമായാണ് ‘കല കലക്കു വേണ്ടിയോ’, ‘കല സാമൂഹിക മാറ്റത്തിനോ’ എന്ന ആശയസംവാദം ഇവിടെ രൂപപ്പെടുന്നത്. മാര്‍ക്സിസത്തിന്റെ വിമോചന കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പുരോഗമന എഴുത്തുകാര്‍ പാരമ്പര്യവാദികളെ നേരിട്ടത്. ഫ്യൂഡല്‍ ബോധ്യങ്ങളെ ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് കല കലക്കുവേണ്ടി എന്ന വാദം മുന്നോട്ടുവെച്ചത്.
സാഹിത്യത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കാലത്തും സംഭവിക്കാത്ത തരത്തില്‍ രണ്ട് ചേരിയിലായി നിന്നുകൊണ്ട് എഴുത്തുകാര്‍/ വായനക്കാര്‍ നടത്തിയ സംവാദം അതേ രീതിയിലല്ലെങ്കിലും ഇന്നും തുടരുകയാണ്. ഒരുപക്ഷേ ഈ ചര്‍ച്ചകള്‍ ഇന്നൊരു ക്ലീഷേയായി തോന്നാമെങ്കിലും എഴുത്തുകാര്‍ നവഹിന്ദു ഫാഷിസ്റ്റുകളുടെ കൈകളാല്‍ കൊലചെയ്യപ്പെടുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് അതിന്റേതായ പ്രതിരോധം തീര്‍ക്കാന്‍ കഴിയണം. സാംസ്കാരിക മൂലധനം കൈയടക്കിയിരിക്കുന്ന സംഘ്പരിവാര്‍ ശക്തികളെ നേരിടുന്നതിന് ആശയാടിത്തറ സൃഷ്ടിക്കാതെ ഭൂതകാലക്കുളിരില്‍ അഭിരമിക്കുകയാണ് പുരോഗമന ബുദ്ധിജീവികള്‍.
വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ അധ്വാനിക്കുന്ന മനുഷ്യരുടെ ഒപ്പം നിന്നുകൊണ്ട് സാഹിത്യരചന നിര്‍വഹിച്ച പുരോഗമന എഴുത്തുകാര്‍ മലയാള സാഹിത്യശാഖക്ക് വ്യത്യസ്തമായ സംഭാവന നല്‍കിയിട്ടുണ്ട്. കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടിയ കൃതികള്‍ക്ക് അപ്പുറം വായനയുടെയും പുനര്‍വായനയുടെയും ചരിത്രഘട്ടത്തില്‍ നിലവിലെ പല നിലപാടുകളും തിരുത്തി എഴുതേണ്ടിയിരിക്കുന്നു. അതിനൊപ്പം തമസ്കരിക്കപ്പെട്ട പല കൃതികളെയും കണ്ടെത്തേണ്ടതുണ്ട്.
ഇതുവരെ പുരോഗമന സാഹിത്യം ചേര്‍ത്തുവെച്ച കൃതികള്ക്കപ്പുറം പുതിയ ചില വായനകള്‍ ഇന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഈ മാറ്റത്തെ സംഘടന കൈകൊടുത്ത് സ്വീകരിക്കേണ്ടതാണ്. അതില്‍ ദലിത് സാഹിത്യം പ്രഥമസ്ഥാനത്തു നില്ക്കുന്നു. ഇതൊരു പഴയ സംവാദമായി തള്ളിക്കളയേണ്ടതില്ല. 1937ലാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതെങ്കിലും നാരായണഗുരുവിന്റെയും പൊയ്കയില്‍ അപ്പച്ചന്റെയും കൃതികള്‍ പുരോഗമന സാഹിത്യത്തിന്റെ ഭാഗമായിക്കൂടി ഇന്നു വായിക്കപ്പെടേണ്ടതുണ്ട്. അതായത് കാലഗണനകള്ക്കപ്പുറത്തുനിന്നു കൃതികളെ പരിശോധിക്കേണ്ടതുണ്ട് എന്നർഥം.
വ്യത്യസ്തമായ സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ പുരോഗമന പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭക്തിപ്രസ്ഥാനം, നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം എന്നിവയുടെ ഊര്‍ജം കേരളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ കാണാന്‍ കഴിയും. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനവും സാഹിത്യവും പല സന്ദര്‍ഭങ്ങളിലും കൈകോര്‍ത്താണ് നടന്നിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും പ്രവര്‍ത്തിച്ച പുരോഗമന പ്രസ്ഥാനത്തില്‍നിന്നും ചില കാര്യങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് കേരളത്തില്‍ ജീവല്‍സാഹിത്യസംഘം മുന്നോട്ടുവെച്ചത്. ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും എതിര്‍ക്കുന്ന രീതിയിലാണ് ലോകത്ത് പുരോഗമന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്.
ഫ്യൂഡല്‍ മൂല്യങ്ങളെയും മറ്റെല്ലാ പിന്തിരിപ്പന് നിലപാടുകളെയും തുറന്നു എതിര്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈ പ്രസ്ഥാനം വളരുന്നത്. കേരളത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ സമരങ്ങളുമായി ബന്ധപ്പെട്ടാണ് മലബാറില്‍ പുരോഗമന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. അതിനാല്‍, ഇത്തരം മനുഷ്യരുടെ ഉയിര്ത്തെഴുന്നേൽപിനു വേണ്ടിയുള്ള പാട്ടുകള്‍, കഥകള്‍, കവിതകള്‍ എന്നിവയാണ് ആദ്യകാലത്ത് എഴുതപ്പെട്ടത്.
തുടര്‍ന്ന് മലയാള സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം വലിയ ഇടപെടലുകള്‍ നടത്തുന്നത് കാണാന്‍ കഴിയും. പിന്നീട് നിലപാടുള്ള എഴുത്തുകാരെ ഒപ്പുചേര്ക്കാന് കഴിഞ്ഞില്ല. മാറ്റത്തെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആശയപരമായ വ്യക്തതയില്ലായ്മയും ചില വ്യക്തികളുടെ അപ്രമാദിപത്യവുമാണ് ഈ തിരിച്ചടിക്കുള്ള കാരണങ്ങളില്‍ പ്രധാനം.
പു.ക.സക്ക് ഇനിയും അതിജീവനം സാധ്യമാകുമോ
പുതിയകാലത്ത് പരമ്പരാഗത നിലപാടുകളില്നിന്നാല് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല. എഴുത്തിന്റെ ഭാവുകത്വം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷിസത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം കീഴാള സാഹിത്യത്തെയും സ്ത്രീ എഴുത്തിനെയും പരിസ്ഥിതി കാഴ്ചപ്പാടുകളെയും മാറുന്ന സാഹിത്യരചനാ രീതികളെയും ഒപ്പം ചേര്‍ക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ എഴുത്തില്‍ പുതിയൊരു വിമോചനം സൃഷ്ടിക്കാന്‍ സാധിക്കൂ. ദലിത് സാഹിത്യത്തെ മാര്‍ക്സിസത്തോട് ചേര്‍ത്തുനിര്‍ത്തി വിമര്‍ശനാത്മകമായി പഠിക്കേണ്ടതുണ്ട്. ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ വര്ഗപരതയില് അഭിരമിച്ച് സാഹിത്യത്തെ വിശകലനം ചെയ്യുന്നവര്‍ക്ക് ദലിത് എഴുത്ത് ഉള്‍പ്പെടെ മുന്നോട്ടുവെക്കുന്ന ജ്ഞാനമണ്ഡലത്തെ തിരിച്ചറിയാനാകില്ല.
ദലിത് സാഹിത്യം മുഖ്യമായും ഊന്നുന്നത് ജാതിവ്യവസ്ഥയുടെ ജ്ഞാനമേഖലയുമായുള്ള സംവാദത്തിലാണ്. ദലിത് സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രമെന്നത് വര്‍ഗവിഭജനത്തിനു പുറത്തുള്ള ജാതിജീവിതത്തിലെ അതിജീവനത്തിന്റെ സൗന്ദര്യബോധത്തില്‍നിന്ന് രൂപംകൊള്ളുന്നതാണ്. ബ്രാഹ്മണസൗന്ദര്യ വ്യവസ്ഥക്ക് ബദലായ സൗന്ദര്യവ്യവസ്ഥയെ നിർമിക്കുന്നതാണതിന്റെ ലക്ഷ്യം. മുഖ്യമായും ദലിതരില്‍ ഊന്നുന്നതും ദലിതരുമായി ഐക്യപ്പെടുന്നതും മുഴുവന്‍ ചൂഷിത വിഭാഗത്തെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ളതുമായ സാഹിത്യമാണ് ദലിത് സാഹിത്യമെന്ന് സാമാന്യമായി പറയാം. ദലിതരാല്‍ എഴുതപ്പെടുകയെന്നതിനർഥം, അനുഭവിച്ചവന്/ അവള് അവന്റെ/ അവളുടെ ഭാഷയില്‍ സംസാരിക്കുക എന്നാണ്. മറിച്ച് അത് ജാതി സാഹിത്യമല്ല.
എന്നാല്‍, ഇന്ന് ദലിത് എഴുത്തുകാര്‍ക്ക് ദലിതരോട് മാത്രമല്ല സംസാരിക്കേണ്ടി വരുന്നത്. അത് വിഭാഗീയമായ സാഹിത്യവുമല്ല. ഫെമിനിസ്റ്റ് സാഹിത്യത്തില്‍ സ്ത്രീകള്‍ എത്രമേല്‍ പ്രധാനമാണോ ബ്ലാക്ക് ലിറ്ററേച്ചറില്‍ കറുത്തവര്‍ എത്ര പ്രധാനമാണോ അത്രയും മുഖ്യമാണ് ദലിത് സാഹിത്യത്തില്‍ ദലിതര്‍.
ദലിതനായി ജനിച്ചതുകൊണ്ടുമാത്രം ഒരാള്‍ ദലിത് എഴുത്തുകാരനാകണമെന്നില്ല. ഇവിടെ ദലിത് അവബോധമാണ് പ്രധാനം. ഒരു കൃതി ദലിത് പ്രമേയമായതുകൊണ്ടും ദലിത് സാഹിത്യമാകണമെന്നില്ല. ദലിത് സൗന്ദര്യശാസ്ത്രം ലാവണ്യശാസ്ത്രപരമായും തത്ത്വശാസ്ത്രപരമായും ബ്രാഹ്മണിക്കല്‍ സൗന്ദര്യശാസ്ത്രത്തെ നിരാകരിക്കുന്നു. ദലിത് സാഹിത്യത്തിന്റെ കേന്ദ്രം മനുഷ്യനാണ്. സ്വാതന്ത്ര്യത്തെയും സാമൂഹിക നീതിയെയും സംബന്ധിക്കുന്ന അംബേദ്കറുടെ വീക്ഷണങ്ങള്തന്നെയാണ് ദലിത് സാഹിത്യത്തിന്റെ അടിത്തറ.
നിലവിലെ സൗന്ദര്യശാസ്ത്രത്തിനു മേലുള്ള വിച്ഛേദനമായിരുന്നു ദലിത് സൗന്ദര്യശാസ്ത്രം. ബ്രാഹ്മണിക ജ്ഞാനവ്യവസ്ഥ സൃഷ്ടിച്ച വ്യക്തിബോധത്തില്നിന്നും സാമൂഹിക ബോധത്തിലേക്ക് ഉയര്‍ത്തുന്നതാണ് ദലിത് സൗന്ദര്യബോധം. ജാതിവിരുദ്ധതയിലധിഷ്ഠിതമായ സൗന്ദര്യശാസ്ത്ര പദ്ധതിയാണത്.
സാമൂഹികാവബോധപരം, സോദ്ദേശ്യപരം, ജാതിവിരുദ്ധം, അപഗ്രഥനാത്മകം, ഉൽപാദനപരം, ചൂഷണവിരുദ്ധം, ഭൗതികം, ചരിത്രപരം, ചലനാത്മകം, പ്രായോഗികജ്ഞാനാധിഷ്ഠിതം, മാനവികം എന്നിങ്ങനെ ദലിത് സൗന്ദര്യശാസ്ത്രത്തെ ചുരുക്കിപ്പറയാം. എല്ലാത്തരം ചൂഷണങ്ങളെയും പ്രതിരോധിക്കുന്നു എന്നതുകൊണ്ട് തന്നെ മാര്‍ക്സിസവുമായും അത് ചേര്ന്നുനില്ക്കുന്നു.
പ്രദീപന് പാമ്പിരികുന്ന് എഴുതുന്നു: സൗന്ദര്യത്തെ അറിയാനരുതാത്ത ബ്രഹ്മവുമായി ബന്ധപ്പെടുത്തിയതോടെ പ്രയോഗതലത്തില്‍ അനുഭവിക്കാവുന്ന സൗന്ദര്യത്തെ അത് വലിയ ഒരു രണ്ടാം സ്ഥാനത്തേക്ക് തള്ളി. കൊട്ട നെയ്യുന്നവന്റെയോ അലക്കുകാരന്റെയോ കൃഷിചെയ്യുന്നവന്റെയോ സൗന്ദര്യബോധം ദാര്‍ശനികമായി നിരാകരിക്കാന്‍ മുഖ്യധാരാ സവര്‍ണ സൗന്ദര്യശാസ്ത്രത്തിന് കഴിഞ്ഞതെങ്ങനെയാണ്.
സംസ്കൃതഭാഷയുടെ വരേണ്യമായ ആധികാരികത, സാമൂഹിക ശ്രേണിയില്‍ സവര്‍ണ വിഭാഗങ്ങളുടെ അപ്രതിരോധ്യമായ നില, സിദ്ധാന്തവത്കരണത്തിനും സ്ഥാപനത്തിനും ലഭ്യമാകുന്ന സമയം, വാമൊഴിക്കുമേല് വരമൊഴിക്ക് ഉണ്ടാകുന്ന അപ്രമാദിത്വം, ശൂദ്രര്‍ക്കും അതി ശൂദ്രര്ക്കുംമേല് അടിച്ചേൽപിക്കപ്പെട്ട അക്ഷരവിലക്ക്, സ്വന്തം അനുഭവങ്ങളെ വിശദീകരിക്കാന്‍ കഴിയുന്ന കര്തൃത്വപദവിയിലേക്കെത്താത്ത കീഴാളാവസ്ഥ ഇവയെല്ലാമാണ് സവര്ണവ്യക്തിയുടെ ആസ്വാദന കര്‍തൃത്വം സ്ഥാപിക്കപ്പെടാന്‍ ചരിത്രപരമായ കാരണങ്ങളായിത്തീര്ന്നത്.
ജി.പി. രാമചന്ദ്രൻ,വി.കെ. ജോസഫ്
സാമ്പ്രദായിക മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ വൈയക്തികമായ സൗന്ദര്യ അനുഭൂതിയുടെ അടിവേരുകള്‍ എപ്പോഴും ചെന്നെത്തുന്നത് വര്‍ഗവ്യത്യാസങ്ങളുടെ വിശകലനത്തിലായിരിക്കും. സാമ്പത്തിക അസന്തുലിതാവസ്ഥയുടെ പ്രശ്നമെന്ന നിലയിലാണ് അത് സൗന്ദര്യവ്യവസ്ഥയെ പരിഗണിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സൗന്ദര്യബോധത്തെക്കുറിച്ചുള്ള അന്വേഷണം എപ്പോഴും വര്ണത്തിലോ ജാതിയിലോ ചെന്നു മുട്ടുന്നു എന്നതാണ് യാഥാർഥ്യം. സൗന്ദര്യാനുഭൂതികളുടെ അടിത്തറ രൂപപ്പെടുന്ന കാലത്ത് വര്ഗമായിരുന്നില്ല വര്‍ണമായിരുന്നു ഇന്ത്യന്‍ യാഥാർഥ്യം.
അനുഭൂതികളുടെ രൂപവത്കരണം, ഛായാവത്കരണം ഇവയെല്ലാം വര്ണാധികാരത്താലാണ് സ്ഥാപിക്കപ്പെട്ടത്. ഏറ്റവും ധനികനായ ബ്രാഹ്മണനും ദരിദ്രനായ ബ്രാഹ്മണനും ഒരേ വര്‍ണ നിയമങ്ങളാല്‍ ബന്ധിതനാണ്. അവന് ഉൽപാദിപ്പിക്കാന് മണ്ണില്‍ സ്പര്‍ശിക്കുന്നില്ല. ഭൂമി ബ്രാഹ്മണന് ദാര്‍ശനികമായ ഒരു മിഥ്യയാണ്. ഭൂമിശാസ്ത്രമില്ലാത്തതിനാല് അവര്‍ക്ക് എങ്ങനെ ദേശസ്നേഹികളാകാന്‍ കഴിയുമെന്ന് കാഞ്ചാ ഐലയ്യ ചോദിക്കുന്നുണ്ട്. സവര്‍ണ മുഖ്യധാരകള്‍ നിശ്ശബ്ദമാക്കിത്തീര്ത്ത ദലിത് ജ്ഞാന സൗന്ദര്യ വ്യവഹാരങ്ങള്‍ സമൂഹത്തിന്റെ സംസ്കാരിക മൂലധനമായി മാറുന്നതാണ് കീഴാള നിരൂപണത്തിലൂടെ കാണാന്‍ കഴിയുന്നത്.
ദലിത് ജ്ഞാനവ്യവസ്ഥയോ സാഹിത്യമോ സൗന്ദര്യശാസ്ത്രമോ വിമര്‍ശനമോ വ്യക്തിയധിഷ്ഠിതമല്ല. ജനനാടിസ്ഥാനത്തിലുള്ള സാമൂഹിക പ്രശ്നം എന്ന നിലയിലാണ് ഓരോ വ്യക്തിയും ജാതീയത അനുഭവിച്ചത്. അതിനാല്‍, സാമൂഹികമായ ഒരതിജീവന ശ്രമത്തിനു മാത്രമേ ഇവ പരിഹരിക്കാന്‍ കഴിയൂ എന്ന് ദലിത് വിമര്‍ശനം തിരിച്ചറിയുന്നുണ്ട്. ഓരോ ദലിതും ഒരു സമൂഹത്തെ പ്രതിനിധാനംചെയ്യുന്നു. സാഹിത്യത്തില്‍ വ്യക്തികളുടെ ആദര്‍ശവത്കരണങ്ങളില്‍ അതിന് താല്പര്യമില്ല.
കേരളത്തിലെ ക്ലാസിക്/ ഫോക് വേര്‍തിരിവുകള്‍ കലയോട് എന്നതിനപ്പുറം ജാതിയോടാണ് കേന്ദ്രീകരിക്കപ്പെടുന്നത്. സംഘകാല പ്രാദേശികതയും ഭൂമിശാസ്ത്രപരവുമായ തിണകളില്നിന്നല്ല മലയാള സാഹിത്യം അതിന്റെ ജൈവരൂപം സ്വീകരിച്ചത്. മറിച്ച് ഇന്ത്യന്‍ സംസ്കൃത പാരമ്പര്യത്തില്‍നിന്നാണ്. അത് ജാതിയെയും അധികാരഘടനയെയും പുനരുൽപാദിപ്പിക്കുന്നതായിരുന്നു. ഫലത്തില്‍ മലയാള സാഹിത്യത്തിന്റെ ഘടനയില്‍ തന്നെ കീഴാള വിരുദ്ധ സമീപനം അന്തര്ധാരയായിട്ടുണ്ടെന്നു കാണാം.
ഭൗതികാധ്വാനത്തെയും അതിന്റെ പ്രായോഗിക ജ്ഞാനവ്യവസ്ഥയെയും സൗന്ദര്യവ്യവസ്ഥയെയും അപരമാക്കിയാണ് ദിവ്യമായ ജ്ഞാനസൗന്ദര്യബോധം സൃഷ്ടിക്കപ്പെട്ടത്. അതിനാല്‍ ദലിത് അനുഭവം വരേണ്യ നവോത്ഥാന സാഹിത്യത്തില്‍ വിധേയത്വത്തോടെ ദയനീയതയോടെ പ്രതിനിധാനം ചെയ്യപ്പെട്ടു. അതിനെ അപനിർമിക്കുകയാണ് കീഴാള നിരൂപണം ചെയ്യുന്നത്. അത് ദലിതുപക്ഷ രചനകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനൊപ്പം ദലിതാഖ്യാനങ്ങളിലെ ദലിത് വിരുദ്ധത കണ്ടെത്തുകയുംചെയ്യുന്നു.
ഇന്ത്യന്‍ ഭക്തിപ്രസ്ഥാന എഴുത്തുകാര്‍ ഉയര്‍ത്തിയ സാമൂഹിക തുല്യതയുടെ പ്രശ്നം കേരളത്തിലെ ഭക്തകവികള്‍ ഉയര്‍ത്തുന്നില്ല. ജാതിയെ സ്പര്ശിക്കാന്പോലും അവര്‍ തയാറായില്ല. നവോത്ഥാനാനന്തരമാണ് ജാതിയെ കവികള്‍ അഡ്രസ് ചെയ്യുന്നത്. നാരായണഗുരു, സഹോദരന്, ആശാന്, ഉള്ളൂര്‍ തുടങ്ങിയവരുടെ ജാതിവിരുദ്ധ നിലപാടുകള്‍ മൂലൂര്‍, പള്ളത്ത് രാമന്, നിരണം എം.പി. കേശവന് തുടങ്ങിയവരിലൂടെ വളരുന്നുണ്ട്.
പ്രമേയത്തിലും സമീപനത്തിലും ജാതിവിരുദ്ധ നിലപാട് പുലര്‍ത്തുന്ന കൃതികള്‍ ഉണ്ടായെങ്കിലും ആന്തരികമായി സൗന്ദര്യശാസ്ത്ര സമീപനത്തില്‍ കീഴാളാവബോധം നിലനിന്നിരുന്നില്ല. സഹാനുഭൂതിയുടെയും രാഷ്ട്രീയ-സാമൂഹികാദര്ശങ്ങളുടെയും പ്രത്യക്ഷപ്പെടലായിരുന്നു അത്. അതുകൊണ്ട് കാവ്യഘടനയില്‍ ഒരു പരിണാമവും സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞില്ല. വര്‍ഗവും ജാതിയും തമ്മിലുള്ള വൈരുധ്യമോ സൗന്ദര്യശാസ്ത്ര വൈവിധ്യങ്ങളോ കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ ദലിത് വ്യവഹാരങ്ങളെ ഫോക് ആക്കി മാറ്റുന്ന പ്രവണതയുണ്ടായി.
സവര്ണവ്യവഹാര വിമര്‍ശനമെന്ന നിലയിലാണ് ആധുനിക കീഴാള വിമര്‍ശനം ശ്രദ്ധ നേടുന്നത്. പൊയ്കയില്‍ അപ്പച്ചന്, അയ്യന്‍കാളി, കറുപ്പന് എന്നിവരുടെ പ്രസംഗങ്ങള്‍ ഈ കീഴാള വ്യവഹാരങ്ങള്‍ മലയാളത്തില്‍ പ്രത്യക്ഷമാക്കി. നാരായണഗുരു, സഹോദരന്, വാഗ്ഭടാനന്ദന്, ചട്ടമ്പിസ്വാമി, വി.ടി എന്നിവരുടെ രചനകളും ഇതിന് ഊര്‍ജം നല്കി. അച്ചടിയും കീഴാള വിമര്‍ശനത്തിന് സഹായകമായി. സവര്‍ണ സാഹിത്യത്തില്തന്നെയുള്ള പ്രതിനിധാനങ്ങളെ വിമര്‍ശനവിധേയമാക്കുന്ന പ്രതിനിധാന വിമര്‍ശന രീതിയാണ് കീഴാള വിമര്‍ശനം ഇന്ന് നടത്തുന്നത്. അംബേദ്കറും പെരിയാറും തുടങ്ങിയവര്‍ ഈ വിമര്‍ശന രീതിയാണ് സ്വീകരിച്ചത്.
വ്യവസ്ഥാപിത ചരിത്രവീക്ഷണത്തെയും ബൃഹദ് ആഖ്യാനങ്ങളെയും നിരസിക്കുന്ന ആധുനികോത്തര സമീപനങ്ങള്‍ ദലിത് വിമര്‍ശനങ്ങള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ നല്‍കുന്നുണ്ട്. മാര്‍ക്സിസത്തെ വിമര്‍ശനാത്മകമായി പരിശോധിച്ചുകൊണ്ട് സ്വീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാഹിത്യത്തിന്റെ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന സാംസ്കാരിക വിമര്‍ശനമായി ദലിത് വ്യവഹാരങ്ങള്‍ വികസിച്ചിട്ടുണ്ട്. ഡോ. വേലുക്കുട്ടി അരയന്റെ ചെമ്മീന്‍ നിരൂപണം, കല്ലേന്‍ പൊക്കുടന്റെ ‘കണ്ടല്‍ക്കാടുകളുടെ ജീവിതം’ എന്ന ആത്മകഥക്ക് എന്‍. പ്രഭാകരന് എഴുതിയ പഠനം, ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെക്കുറിച്ചും ‘ഇന്ദുലേഖ’യിലെ സ്ഥലകാലങ്ങളെക്കുറിച്ചും കെ.കെ. കൊച്ച് നടത്തിയ പഠനം എന്നിവയെല്ലാം സവിശേഷമായ സ്ഥാനം അര്‍ഹിക്കുന്നു.
കെ.ഇ.എന്നിന്റെ ‘കറുപ്പിന്റെ സൗന്ദര്യശാസ്ത്രം’ എന്ന പുസ്തകം ദലിത് സൗന്ദര്യശാസ്ത്രത്തിന് അടിത്തറ നല്കുന്ന ഗ്രന്ഥമാണ്. ഇ.വി. രാമകൃഷ്ണന് നോവലുകളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍, കെ.കെ. ബാബുരാജ് പുതുകവിതകളെക്കുറിച്ച് നടത്തിയ പഠനം, രാജേഷ് ചിറപ്പാടിന്റെ സി. അയ്യപ്പന് കഥകളുടെ പഠനം, പി.കെ. പോക്കറുടെ വ്യത്യസ്ത പഠനങ്ങള്‍, ഒ.കെ. സന്തോഷിന്റെ ‘തിരസ്കൃതരുടെ രചനാഭൂപടം’ എന്നിവയെല്ലാം ദലിത് സാഹിത്യ നിരൂപണത്തിന് മുതല്‍ക്കൂട്ടാണ്.
നാടന്‍പാട്ടുകളുടെ ശാഖ കഴിഞ്ഞാല്‍ മലയാള സാഹിത്യത്തില്‍ പിന്നീട് കാണുന്നത് പാട്ടു പ്രസ്ഥാനമാണ്. ഈ പാട്ടുശാഖ നാടന്‍പാട്ടിന്റെ കീഴാള സൗന്ദര്യ പദ്ധതിയോടല്ല മറിച്ച് ബ്രാഹ്മണിക്കല്‍ സൗന്ദര്യനിർമിതിയോടാണ് ചേര്ന്നുനില്ക്കുന്നത്. പണ്ഡിറ്റ് കറുപ്പന്റെ കൃതികളാണ് ജാതിവ്യവസ്ഥയെ പ്രശ്നവത്കരിച്ചുകൊണ്ട് മലയാളത്തിലുണ്ടാകുന്ന ആദ്യ കാവ്യം. 1909ല്‍ എഴുതുകയും 1912ല്‍ പുറത്തുവരുകയും ചെയ്ത ഈ കൃതി ശങ്കരാചാര്യരുടെ ‘മനീഷാപഞ്ചക’ത്തെ മുന്‍നിര്‍ത്തി എഴുതിയതാണ്. തുടര്‍ന്ന്, സഹോദരന് അയ്യപ്പനും കുമാരനാശാനും ജാതിയെ പ്രശ്നവത്കരിച്ചുകൊണ്ട് എഴുതുന്നുണ്ട്. ദലിതരല്ലാത്ത കവികളും ജാതിയെ മുന്‍നിര്‍ത്തി രചനകള്‍ നടത്തുന്നുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോയിലെങ്ങും ഈ കൃതികളെ കാര്യമായി പരാമര്‍ശിക്കുന്നുപോലുമില്ല.
പു.ക.സയുടെ നവ കേരള സാംസ്കാരിക യാത്ര
നവോത്ഥാനാശയങ്ങള്‍ കവിതയില്‍
സാമൂഹിക നവോത്ഥാന രംഗത്ത് മാത്രമല്ല നാരായണഗുരുവിന്റെ സംഭാവനകള്‍. അദ്ദേഹത്തിന്റെ കാവ്യരചനകളും നവോത്ഥാന ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. നാരായണ ഗുരുവിന്റെ കൃതികളെ അഞ്ച് ഭാഗങ്ങളായാണ് തരംതിരിക്കപ്പെട്ടിരിക്കുന്നത്. സ്തോത്ര കൃതികള്‍, ദാര്‍ശനിക കൃതികള്‍, ഉദ്ബോധനാത്മക കൃതികള്‍, തര്‍ജമകള്‍, ഗദ്യകൃതികള്‍ എന്നിവയാണത്. സ്തോത്ര കൃതികള്‍ സാഹിത്യഭംഗികൊണ്ട് ശ്രദ്ധേയമാണ്.
നാരായണഗുരുവിന്റെ ദാര്‍ശനിക കൃതികളിലൊന്നായ ‘ആത്മോപദേശശതക’ത്തില്‍ (1897) നൂറ് ശ്ലോകങ്ങളാണുള്ളത്. ജ്ഞാനത്തിന്റെ ദാര്‍ശനികമായ ആത്മാന്വേഷണങ്ങളെ തുറന്നിടുന്ന കൃതിയാണിത്. ‘ദൈവദശകം’ എന്ന കൃതി പ്രാർഥനാ ശ്ലോകങ്ങളാണ്. ഏതു മതവിശ്വാസിക്കും സ്വീകരിക്കാവുന്ന വിധത്തില്‍ രചിക്കപ്പെട്ട ഈ കൃതി ശിവഗിരി മഠത്തില്‍ അന്തേവാസികളായിരുന്ന കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ടതാണ്. നാരായണ ഗുരുവിന്റെ ഉദ്ബോധനാത്മക കൃതികളില്പെടുന്ന ‘ജാതിനിര്‍ണയം’, ‘ജാതിലക്ഷണം’, ‘സദാചാരം’ എന്നിവ അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.
ആശാന്റെ കാവ്യപ്രതിഭ തത്ത്വചിന്തയുടെയും സാമൂഹിക മാറ്റത്തിന്റെയും വെളിച്ചങ്ങളാണ് വിതറുന്നത്. നവോത്ഥാനത്തിന്റെ സാമൂഹികമണ്ഡലത്തില്‍ ആശാന് കവിത ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ എന്നീ കൃതികള്‍ നവോത്ഥാന ആശയങ്ങളെ പ്രതിഫലിപ്പിച്ചു.
കേരള നവോത്ഥാനത്തില്‍ പൊയ്കയില്‍ അപ്പച്ചെന്റ (കുമാരഗുരു) പാട്ടുകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. കീഴാള സമൂഹത്തിന്റെ അടിമജീവിതത്തെയും അതില്‍നിന്നുള്ള വിമോചനത്തെയും ഈ പാട്ടുകള്‍ ആവിഷ്കരിക്കുന്നു. അതുകൊണ്ടുതന്നെ നവോത്ഥാന സാഹിത്യത്തില്‍ പൊയ്കയില്‍ പാട്ടുകള്‍ക്ക് സവിശേഷമായ ഒരിടമുണ്ട്.
കേരള നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയാണ് സഹോദരന് അയ്യപ്പന്. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ വേണ്ടത്ര പരിഗണിച്ചു കാണുന്നില്ല. സഹോദരന് സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സാഹിത്യരചനയെ സമീപിച്ചത്. അതുകൊണ്ടുതന്നെ സഹോദരന്റെ എഴുത്തുകളില്‍ യുക്തിബോധവും നവോത്ഥാന ആശയങ്ങളും ശക്തിയായി കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ‘സയന്‍സ്ദശകം’ എന്ന കവിത നവോത്ഥാന സാഹിത്യത്തില്‍ പ്രധാനമാണ്. ശാസ്ത്രമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നതെന്നും മനുഷ്യരാശിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതെന്നും ഈ കവിതയിലൂടെ സഹോദരന് ചൂണ്ടിക്കാട്ടുന്നു.
കവിതയെ സാമൂഹിക മാറ്റത്തിനുവേണ്ടി കരുതിവെച്ച കവികളില്‍ പ്രമുഖനാണ് സരസകവി മുലൂര് എസ്. പത്മനാഭപ്പണിക്കര്‍ (1869-1931). കേരള നവോത്ഥാനത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ കണ്ടെത്താനാകുന്നത്. മുലൂര് തന്റെ പ്രശസ്ത കൃതിയായ ‘കവിരാമായണം’ രചിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. അത് മലയാള സാഹിത്യത്തിലെ ജാതിമേധാവിത്വത്തെയും സവര്‍ണാധിപത്യത്തെയും തുറന്നുകാട്ടുന്നു. ദലിത് എഴുത്ത് വിശാലാർഥത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ് എന്നത് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. കേരളത്തില്‍ ദലിത് കവികളുടെ നീണ്ടനിര തന്നെ കാണാന്‍ സാധിക്കുന്നു.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഇന്ദുലേഖ’ക്ക് മുമ്പേ നിരവധി നോവലുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. കീഴാള സമൂഹങ്ങളുടെ വിദ്യാഭ്യാസവും മതപരിവര്‍ത്തനവും അതിന്റെ ആധാരശിലയായിരുന്നു. അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രധാന പ്രവണതകളും സംഭവങ്ങളും നോവലുകളുടെ പ്രമേയമായി. ജാതിവിരുദ്ധതയുടെ സാഹിത്യ വ്യവഹാരം നോവലിലാണ് കൂടുതല്‍ കാണാന്‍ കഴിയുന്നത്.
മലയാളത്തിലെ ആദ്യ നോവലുകളായി പരിഗണിക്കപ്പെടുന്ന ‘ഘാതകവധം’ (1878), ‘പുല്ലേലികുഞ്ചു’ (1882), ‘പരിഷ്കാരവിജയം’ (1906), ‘സുകുമാരി’ (1897), ‘സരസ്വതീവിജയം’ (1892) തുടങ്ങിയവയെല്ലാം കീഴാള ജീവിതത്തെ മത പരിവര്‍ത്തനവുമായി ബന്ധപ്പെടുത്തി എഴുതിയതാണ്. മിഷനറിമാരാലും മതപരിവര്ത്തകരാലുമാണ് ഇതൊക്കെ എഴുതപ്പെട്ടത്. കൊളോണിയല്‍ ആധുനികത തന്നെയാണ് അതിന് കാരണമായത്.
മലയാള നോവലില്‍ വലിയ വിച്ഛേദനമാണ് ‘ഇന്ദുലേഖ’ സൃഷ്ടിക്കുന്നതെങ്കിലും നായര്‍ തറവാട് കേന്ദ്രീകരിച്ചുള്ള സാഹിത്യ നിർമിതിക്ക് അത് തുടക്കംകുറിച്ചു എന്നു പറയാവുന്നതാണ്. 19ാം നൂറ്റാണ്ടിനുശേഷം ദലിത് അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന നിരവധി നോവലുകള്‍ ഉണ്ടാകുന്നുണ്ട്. ‘പുലയത്തറ’ (പോള്‍ ചിറക്കരോട്), ‘മുക്കണി’ (രാജന്), ‘ചാവൊലി’ (പി.എ. ഉത്തമന്), ‘ചാവുതുള്ളല്‍’ (രാജു കെ. വാസു), ‘ചോരപ്പരിശം’ (രാഘവന് അത്തോളി), ‘എരി’ (പ്രദീപന് പാമ്പിരികുന്ന്) എന്നിവ പ്രധാന നോവലുകളാണ്.
‘പുലയത്തറ’ (1962) എന്ന നോവലിലാണ് ആദ്യമായി ദലിത് ക്രിസ്ത്യന്‍ വിഷയത്തെ മൂര്‍ത്തമായി ആവിഷ്കരിക്കുന്നതെന്ന് പറയാം. കുട്ടനാട്ടിലെ ദലിത് സമൂഹത്തിന്റെ ക്രിസ്തുമത പ്രവേശനവും, അത് ആ ജനതയിലും സമൂഹത്തിലും ഉണ്ടാക്കിയ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങളുമാണ് നോവല്‍ പറയാന്‍ ശ്രമിക്കുന്നത്.
നാടകത്തിലും ഈ കീഴാള ജീവിതങ്ങള്‍ അടയാളപ്പെടുന്നത് കാണാം. പണ്ഡിറ്റ് കറുപ്പന്റെ ‘ബാലാകലേശം’ (1913) അത്തരത്തിലെഴുതപ്പെട്ട ആദ്യ കൃതിയാണ്. ജന്മിത്തവും ദാരിദ്ര്യവുമായിരുന്നു അതിന്റെ പ്രമേയം. സവര്‍ണ നിരൂപകര്‍ ഇതിനെ മീന്മണം എന്നാണ് വിശേഷിപ്പിച്ചത്. ഇതേ ആരോപണങ്ങള്‍തന്നെയാണ് അടുത്തകാലത്ത് ദലിത് സാഹിത്യത്തെ സംബന്ധിച്ച് ഉയര്‍ന്ന സംവാദത്തിലും കാണാനായത്. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’, കെ. ദാമോദരന്റെ ‘പാട്ടബാക്കി’ തുടങ്ങി പോസ്റ്റ് മോഡേണ്‍ നാടകങ്ങള്‍ വരെ ദലിത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സാംകുട്ടി പട്ടംകരിയെപ്പോലുള്ളവര് പുതിയ കാലത്തിന്റെ ആഖ്യാനങ്ങളെ സ്വീകരിച്ച് നവീന മാതൃക സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നാടകകൃത്തുക്കളാണ്.
അശോകൻ ചരുവിൽ പുകസയുടെ യോഗത്തിൽ
1935ല്‍ പുറത്തുവന്ന എം. നാരായണക്കുറുപ്പിന്റെ ‘നീലി’യാണ് ആദ്യ ദലിത് പശ്ചാത്തലം വരുന്ന കഥ. ടി.കെ.സി വടുതല, സി. അയ്യപ്പന് എന്നിവര്‍ മലയാള ചെറുകഥയില്‍ ദലിത് ഭാവുകത്വത്തെ അടയാളപ്പെടുത്തിയവരാണ്. പുരോഗമന സാഹിത്യം ഇവരുടെ കഥകളെ സ്വീകരിച്ചിട്ടുപോലുമില്ല. ദലിത് ആത്മകഥകള്‍ പുറത്തുവന്നതോടെയാണ് ദലിത് ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ പൊതുബോധം അറിഞ്ഞുതുടങ്ങിയത്. പൊക്കുടന്റെ ‘കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം’, സി.കെ. ജാനുവിന്റെ ‘ആത്മകഥകള്‍’, ‘മറിയാമ്മച്ചേട്ടത്തിയുടെ കഥ’ തുടങ്ങി നിരവധി ആത്മകഥകള്‍ അടുത്തകാലത്തുണ്ടാകുന്നുണ്ട്.
സ്ത്രീയെഴുത്ത് നവീനമായൊരു സൗന്ദര്യബോധത്തെ മലയാളത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നാളിതുവരെ ആണിനാല്‍ രേഖപ്പെടുത്തിയ സ്ത്രീയനുഭവങ്ങളെ കര്‍തൃത്വപരമായി എഴുതപ്പെട്ടു തുടങ്ങിയത് രണ്ടായിരത്തിനുശേഷമാണ്. ജെൻഡറിനെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അട്ടിമറിക്കപ്പെടാന്‍ അത് കാരണമാകുന്നുണ്ട്. സ്ത്രീ എഴുത്തിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മാർഥത്തില്‍ മനസ്സിലാക്കാനും വിലയിരുത്താനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് സാധിക്കുന്നില്ല. ആണ് അധികാരത്താല്‍ നിർമിതമായ ആശയലോകമാണ് അതിനെ തടയുന്നത്. സ്ത്രീ എഴുത്തിന്റെ വിമോചനാത്മകതയെ മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ സംവാദമണ്ഡലത്തില്‍ കൊണ്ടുവരാന്‍ തടസ്സമാകുന്നത് വരേണ്യ ആണ്‍കോയ്മയാണ്. അതിനെ മറികടക്കുന്ന തരത്തില്‍ ആശയസംവാദം സംഘടനയില്‍ രൂപപ്പെടേണ്ടതുണ്ട്. ഇതേ സമീപനമാണ് എല്‍.ജി.ബി.ടി ക്വിയര്‍ സമൂഹത്തോടുമുള്ളത്. ആണ്, പെണ് ലിംഗ കാഴ്ചപ്പാടിനപ്പുറം ഒരു വ്യക്തിക്ക് തന്റെ കര്‍തൃത്വത്തെ നിര്‍ണയിക്കാം എന്ന ആശയത്തിനെ ഉറപ്പിക്കുന്ന എഴുത്തുകള്‍ സജീവമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങളെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പുരോഗമന സംഘങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടുകളെ അഴിച്ചുപണിയേണ്ടതുണ്ട്.
മലയാളത്തില്‍ ഗോത്ര എഴുത്തുഭാഷയിലും ഭാവുകത്വത്തിലും വിേച്ഛദനം സൃഷ്ടിച്ചിട്ടുണ്ട്. പരിസ്ഥിതി കാഴ്ചപ്പാടുകളെ ആദിവാസി ജീവിതവുമായി ചേര്‍ത്തുനിര്‍ത്തി മാത്രമേ ഇന്ന് വിശകലനം ചെയ്യാനാകൂ. കേവല പരിസ്ഥിതിവാദം സാഹിത്യത്തില്‍നിന്നും അപ്രത്യക്ഷമാവുകയും പാരിസ്ഥിതിക ബോധത്തില്തന്നെ തിരുത്തലുകള്‍ സംഭവിക്കുകയുമാണ്.
കെ.ജെ. ബേബി ആദിവാസി ജീവിതത്തെ ആവിഷ്കരിക്കുന്നുണ്ടെങ്കിലും നാരായെന്റ ‘കൊച്ചരേത്തി’യും പുഷ്പമ്മയുടെ ‘കൊളുക്കനു’മൊക്കെ ആദിവാസി സമൂഹത്തിന്റെ കര്‍തൃത്വത്തെ പുതുക്കിപ്പണിയുകയായിരുന്നു. ഇന്ന് ഗോത്ര എഴുത്തില്‍ സജീവ സാന്നിധ്യമായി നില്‍ക്കുന്നത് കവിതകളാണ്. അധ്വാനം, കാട് എന്ന അനുഭവ പശ്ചാത്തലത്തിലാണ് ഗോത്രകവിതയുടെ ആഴം. അധ്വാനത്തിലൂടെ പരിവര്‍ത്തനപ്പെടുന്ന സമൂഹത്തിന്റെ ആവിഷ്കാരമാണത്. വ്യാജ നിർമിത ഭാഷയുടെ പൊള്ളത്തരമാണ് ഗോത്ര എഴുത്ത് തുറന്നുവെക്കുന്നത്.
‘തനിമ’ എന്നത് സവര്‍ണ കേന്ദ്രിത യുക്തികളാല്‍ നിർമിക്കപ്പെട്ട പാരമ്പര്യ ബോധ്യത്തെ റദ്ദു ചെയ്യുന്നതാണ് ഗോത്രത്തനിമ. അധ്വാനത്തിലൂടെ രൂപപ്പെടുന്നതാണ് ഗോത്ര എഴുത്തിലെ സൗന്ദര്യശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍. വിശ്വാസങ്ങള്‍, പാരമ്പര്യ നടത്തങ്ങള്‍, മിത്തുകള്‍, പുരാവൃത്തങ്ങള്‍ തുടങ്ങി വ്യത്യസ്തമായ തലങ്ങളിലൂടെയാണ് ആദിവാസി സമൂഹത്തിന്റെ ജീവിതം കടന്നുപോകുന്നത്. ആഖ്യാനത്തില്‍ മാത്രമല്ല, ശൈലിയിലും ഭാഷയുടെ സൂക്ഷ്മതയിലുമെല്ലാം ഗോത്രകവിത അതിന്റേതായ സംഭാവന നല്‍കുന്നുണ്ട്.
ഇതുവരെ കവിതയില്‍ അടയാളപ്പെടാതെ പോയ വാക്കുകളും മനുഷ്യരും ജീവജാലങ്ങളും ഗോത്രകവിതയില്‍ ഇടം കണ്ടെത്തി. പാരിസ്ഥിതികമായ ഉത്കണ്ഠകളെയും ഗോത്ര മനുഷ്യരുടെ സങ്കടങ്ങളെയും സംഘര്‍ഷങ്ങളെയും ഗോത്രകവിത ആവിഷ്കരിച്ചു. ഇത്തരത്തില്‍ ബഹുസ്വരതയുടെ ജനാധിപത്യ സ്വരങ്ങളോടൊപ്പം യാത്രചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പുരോഗമന കലാ സാഹിത്യ സംഘം ഫ്യൂഡല്‍ ഗൃഹാതുരതയെ പേറുന്ന വൃദ്ധന്മാരുടെ സംഘടനയായി മാറും.
=======
സഹായക ഗ്രന്ഥങ്ങള്‍:
- ദലിത് പഠനം: സ്വത്വം സംസ്കാരം സാഹിത്യം ഡോ. പ്രദീപന് പാമ്പിരികുന്ന്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.
- ദലിത് സൗന്ദര്യശാസ്ത്രം, ഡോ. പ്രദീപന് പാമ്പിരികുന്ന്, ഡി.സി ബുക്സ് കോട്ടയം.
- കാതല്‍, മലയാളത്തിലെ ദലിത് കവിതകള്‍, ഡോ. ഒ.കെ. സന്തോഷ് (എഡി.) ഡി.സി ബുക്സ് കോട്ടയം.
- ഞാറുകള്‍, മലയാളത്തിലെ ദലിത് കഥകള്‍, എം.ആര്. രേണുകുമാര്‍ (എഡി.) എസ്.പി.സി.എസ് കോട്ടയം.
- വായനയുടെ ദലിത് പാഠം, കെ.കെ. കൊച്ച്, പൂര്‍ണ കോഴിക്കോട്.
- ഇരുട്ടിലെ കണ്ണാടി, കെ.കെ. ബാബുരാജ്, ഡി.സി ബുക്സ് കോട്ടയം.
- ബലിയാടുകളുടെ വംശാവലി, ടി.എം. യേശുദാസന്, പ്രഭാത് ബുക്ഹൗസ് തിരുവനന്തപുരം.
- ദലിത് സാഹിത്യം, കവിയൂര്‍ മുരളി, കറന്റ് ബുക്സ് കോട്ടയം.
- തിരസ്കൃതരുടെ രചനാഭൂപടം, ഒ.കെ. സന്തോഷ്, പാപ്പാത്തി പുസ്തകങ്ങള്‍ തിരുവനന്തപുരം.
- മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം, ടി.കെ. അനില്‍കുമാര്‍, കേരള സാഹിത്യ അക്കാദമി തൃശൂര്‍.
- അദൃശ്യതയുടെ ആഖ്യാനങ്ങള്‍, രാജേഷ് ചിറപ്പാട്, ഗ്രീന്‍ഗ്രാസ് തിരുവനന്തപുരം.
- ദലിതപാതകള്, ബോബി തോമസ് (എഡി.) സൈന്‍ ബുക്സ് തിരുവനന്തപുരം.
- ദലിത് വൈജ്ഞാനികത, കെ.വി. ശശി (എഡി.), മലയാളം സര്‍വകലാശാല, തിരൂര്‍.
- ദലിത് ഭാഷ, കവിയൂര്‍ മുരളി, ഡി.സി ബുക്സ് കോട്ടയം.
- ദലിത് ഭാഷാ നിഘണ്ടു, കവിയൂര്‍ മുരളി, ഡി.സി ബുക്സ് കോട്ടയം.
- ഗോത്രകവിത, സുകുമാരന്‍ ചാലിഗദ്ധ, സുരേഷ് എം. മാവിലന് (ഏകോപനം) ഡി.സി ബുക്സ് കോട്ടയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.