അഭിഭാഷകവൃത്തിയുടെ തുടക്കം

‘മാധ്യമ’ത്തിലെ ജോലി വിട്ട്​ പൂർണസമയ അഭിഭാഷകനായി മാറുന്ന കാല​ത്തക്കുറിച്ചാണ്​ ഈ ഓർമകൾ. തലശ്ശേരിയിൽ എം.പി. ഗോവിന്ദൻ നമ്പ്യാർക്കൊപ്പം പ്രാക്​ടിസ്​ തുടങ്ങുന്നു. അദ്ദേഹം വിലപ്പെട്ട പാഠങ്ങളാണ്​ പകർന്നുനൽകിയത്​.അങ്ങനെ തിരിച്ചു വീണ്ടും തലശ്ശേരിയിലെത്തി. എം.പി.​ ഗോവിന്ദൻ നമ്പ്യാർ സാറിന്റെയടുത്ത് ജൂനിയറായി പ്രാക്ടിസ് ​തുടങ്ങി. 1989ൽ ആയിരുന്നു അത്​. പയ്യന്നൂരിൽനിന്നും തലശ്ശേരിക്ക് ട്രെയിനിൽ വന്നിറങ്ങും. തിരിച്ചു വീട്ടിലേക്കും ട്രെയിനിൽ. സീസൺ ടിക്കറ്റ് യാത്രച്ചെലവ് ഗണ്യമായി കുറച്ചു. എം.പി.ജി സാറിന്റെ മേശപ്പുറത്ത് ഒരു ഫോട്ടോ ഉണ്ടായിരുന്നു. സാക്ഷാൽ വി.ആർ. കൃഷ്ണയ്യരുടെ ഫോട്ടോ. തന്നെ തൊഴിൽ...

‘മാധ്യമ’ത്തിലെ ജോലി വിട്ട്​ പൂർണസമയ അഭിഭാഷകനായി മാറുന്ന കാല​ത്തക്കുറിച്ചാണ്​ ഈ ഓർമകൾ. തലശ്ശേരിയിൽ എം.പി. ഗോവിന്ദൻ നമ്പ്യാർക്കൊപ്പം പ്രാക്​ടിസ്​ തുടങ്ങുന്നു. അദ്ദേഹം വിലപ്പെട്ട പാഠങ്ങളാണ്​ പകർന്നുനൽകിയത്​.

അങ്ങനെ തിരിച്ചു വീണ്ടും തലശ്ശേരിയിലെത്തി. എം.പി.​ ഗോവിന്ദൻ നമ്പ്യാർ സാറിന്റെയടുത്ത് ജൂനിയറായി പ്രാക്ടിസ് ​തുടങ്ങി. 1989ൽ ആയിരുന്നു അത്​. പയ്യന്നൂരിൽനിന്നും തലശ്ശേരിക്ക് ട്രെയിനിൽ വന്നിറങ്ങും. തിരിച്ചു വീട്ടിലേക്കും ട്രെയിനിൽ. സീസൺ ടിക്കറ്റ് യാത്രച്ചെലവ് ഗണ്യമായി കുറച്ചു.

എം.പി.ജി സാറിന്റെ മേശപ്പുറത്ത് ഒരു ഫോട്ടോ ഉണ്ടായിരുന്നു. സാക്ഷാൽ വി.ആർ. കൃഷ്ണയ്യരുടെ ഫോട്ടോ. തന്നെ തൊഴിൽ പഠിപ്പിച്ച ഗുരുനാഥനോടുള്ള എം.പി.ജിയുടെ സ്നേഹാദരവിന്റെ പ്രതീകമായിരുന്നു ആ ഫോട്ടോ. അക്കാലത്ത് കൃഷ്ണയ്യർ എറണാകുളത്തുവെച്ച്, തന്റെ സജീവമായ സാമൂഹിക, രാഷ്ട്രീയ, ധൈഷണിക ഇടപെടലുകളിലൂടെ ഇന്ത്യയിലെ പൊതുജീവിതത്തിലെ നിത്യസാന്നിധ്യമായി മാറിക്കഴിഞ്ഞിരുന്നു. റിട്ടയർമെന്റിനുശേഷം ലാഭകരമായ ഏതെ​ങ്കിലും ലാവണത്തിൽ സ്വയം പുനരധിവസിപ്പിക്കാൻ വി.ആർ. കൃഷ്ണയ്യർ ഒരിക്കലും തുനിഞ്ഞില്ല.

സ്വന്തം സുഖസൗകര്യങ്ങളുടെയും അടുത്ത തലമുറയുടെ ന്യായാധിപ പദവിയും മാത്രം ലക്ഷ്യമിട്ട് നീങ്ങുന്ന നിരവധി ന്യായാധിപരിൽനിന്നും ജസ്റ്റിസ് കൃഷ്ണയ്യരെ വ്യത്യസ്തനാക്കുന്നത് അവസാന നിമിഷംവരെ അദ്ദേഹം കാണിച്ച സാമൂഹിക പ്രതിബദ്ധതയാണ്. മലയാളവും ഇംഗ്ലീഷും ഭംഗിയായി കൈകാര്യംചെയ്തിരുന്ന ജസ്റ്റിസ് അയ്യരുടെ ഇംഗ്ലീഷ്, ഭാഷയിലെ സർഗാത്മകതക്കുള്ള നിദർശനമാണ്. മലബാറിലെ ആദ്യകാല പ്രാക്ടിസിൽ ജസ്റ്റിസ് അയ്യർ പാവപ്പെട്ടവർക്കു​വേണ്ടി കോടതിമുറികളിൽ ശബ്ദമുയർത്തി.

തൊഴിലാളികൾക്കും കുടിയാന്മാർക്കും ചെറുകിട കർഷക-കർഷക തൊഴിലാളികൾക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതത്തിൽ വലിയൊരു സമയവും ചെലവഴിക്കപ്പെട്ടത്. തലശ്ശേരിയിൽ വി.ആർ. കൃഷ്ണയ്യർക്ക് വക്കീലാപ്പീസ് ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം എറണാകുളത്തേക്കും മന്ത്രിയായി തിരുവനന്തപുരത്തേക്കും പിന്നീട് വീണ്ടും ന്യായാധിപനായി സുപ്രീംകോടതിയിലേക്കും മറ്റുമുള്ള ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന യാത്രകൾ നടത്തിയത്. ജസ്‍റ്റിസ് കൃഷ്ണയ്യരുടെ വ്യക്തിപ്രഭാവത്തിന്റെയും സാമൂഹിക-രാഷ്ട്രീയ-നൈയാമിക ചിന്തകളുടെയും സ്വാധീനം എം.പി.ജിയിൽ ചെന്നെത്തിയത് തികച്ചും സ്വാഭാവികം മാത്രമായിരുന്നു.

എം.പി.ജിക്കുമുണ്ടായിരുന്നു, പുരോഗമന രാഷ്ട്രീയത്തിന്റെയും പത്രപ്രവർത്തനത്തി​ന്റേതുമായ ഒരു പാരമ്പര്യം. സ്വാതന്ത്ര്യസമര കാലത്തെ മാതൃഭൂമിയുടെ ഭാഗമായി പത്രപ്രവർത്തനം നടത്തിയിരുന്ന എം.പി.ജിക്ക് ജസ്റ്റിസ് കൃഷ്ണയ്യരുടെ രാഷ്ട്രീയ ദർശനങ്ങളോട് താദാത്മ്യം പ്രാപിക്കാൻ പ്രയാസമേതുമുണ്ടായില്ല. പത്രപ്രവർത്തനംതന്നെ രാഷ്ട്രീയ പ്രവർത്തനമായ, രാഷ്​ട്രീയ പ്രവർത്തനം രാഷ്ട്രത്തിനുവേണ്ടിയുള്ള പ്രവർത്തനമായ, കാലഘട്ടമായിരുന്നു അത്.

പിൽക്കാലത്ത് എം.പി.ജിയും കമ്യൂണിസ്റ്റ് അനുഭാവിയായി. പാർട്ടിയിലെ പിളർപ്പിനുശേഷം അനുഭാവം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ)യോടായി. എന്നാൽ, തൊഴിലിൽ തിരക്കു​കൂടിയ എം.പി.ജിക്ക് നേരിട്ട് രാഷ്ട്രീയം തുടരാൻ കഴിഞ്ഞില്ല. അതേസമയം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനവികതയെ തന്റെ തൊഴിലിൽ സന്ന​ിവേശിപ്പിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചു. ഇക്കാര്യത്തിലും അദ്ദേഹം ജസ്റ്റിസ് കൃഷ്ണയ്യരുടെ പാത പിന്തുടർന്നു. അദ്ദേഹത്തിന്റെ സേവനം ആയിരങ്ങൾക്ക് ആശ്വാസം പകർന്നു കാണണം.

തൊഴിൽതർക്കങ്ങളിൽ എം.പി.ജിയുടെ ഇടപെടലുകൾ പലപ്പോഴും തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻകൂടി സഹായിക്കുന്ന വിധത്തിലായിരുന്നു. അനാവശ്യമായ തർക്കങ്ങൾ വ്യവഹാരത്തിന് വിഷയമാകരുതെന്ന് അദ്ദേഹത്തിന് ഒരുതരം നിർബന്ധമുണ്ടായിരുന്നു. പലപ്പോഴും നീതിക്കു നിരക്കാത്ത വ്യവഹാരങ്ങളെ അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നതും കണ്ടിട്ടുണ്ട്. ആദ്യകാലത്ത് തൊഴിൽ നിയമങ്ങൾ കേന്ദ്രീകരിച്ച് പ്രാക്ടിസ് തുടങ്ങിയ എം.പി.ജി പിൽക്കാലത്ത് സിവിൽ നിയമങ്ങളുടെ കാര്യത്തിലാണ് പ്രാവീണ്യം തെളിയിച്ചത്.

സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച ലേബർ-സിവിൽ അഭിഭാഷകരിലൊരാളായിരുന്നു അദ്ദേഹം. കക്ഷികളിൽനിന്നും അമിതമായി ഫീ​സു വാങ്ങരുതെന്നും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഏത് കേസും എങ്ങനെയും എടുത്ത് വാദിച്ച് എങ്ങനെയും കക്ഷിയെ ജയിപ്പിക്കുക; അതിനായി എന്തു മാർഗവും സ്വീകരിക്കുക എന്നതായിരുന്നില്ല എം.പി.ജിയുടെ രീതി. തൊഴിലി​ലെ സത്യസന്ധതയും മൂല്യബോധവും മാനുഷികതയും പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുക മാത്രമല്ല, സ്വന്തം തൊഴിൽ ജീവിതത്തിൽ വ്യക്തമാക്കുകകൂടി ചെയ്തു.

പലപ്പോഴും സാക്ഷികളുടെയും തെളിവുകളുടെയും അപഗ്രഥനത്തിനുശേഷം മികച്ച വാഗ്ധോരണിയിലൂടെ അദ്ദേഹം കോടതിയെ സത്യം ബോധ്യപ്പെടുത്തും. അത് കണ്ടിരിക്കുക എന്നതുതന്നെ ​മികച്ചൊരു അനുഭവമാണ്. ‘‘ലിറ്റിഗേഷൻ ഈ സ് എ സെർച് ഫോർ ട്രൂത്ത്’’ എന്ന വാചകത്തോടെ അവസാനിക്കുന്ന ചില വാഗ്ധോരണികൾ കോടതിമുറിക്കകത്തെ ചെറിയ സത്യാന്വേഷണ പരീക്ഷണങ്ങളായിരുന്നു.

ഒന്നിനു പിറകെ ഒന്നായി ന്യായാധിപൻ ചോദിച്ചുകൊണ്ടിരുന്ന ഓരോ നിയമപ്രശ്നത്തിനും കേവലം ഉന്നത കോടതികളുടെ വിധിന്യായവും അവയുടെ പേജ് നമ്പറും വിവരണവും മാത്രം വ്യക്തമാക്കിക്കൊണ്ട് ഉത്തരം നൽകുന്ന എം.പി.ജി രീതിയും നിസ്തുലമാണ്. അരമണിക്കൂർ നീണ്ടുനിന്ന ജഡ്ജിയുടെ ഒന്നിനുപിറകെ ഒന്നായിവന്ന ചോദ്യത്തിന് സ്വന്തമായ വാചകം ഒഴിവാക്കിക്കൊണ്ട് കോടതിവിധികൾ മാത്രം ഉദ്ധരിച്ച് മറുപടി പറയണമെങ്കിൽ ആ പാണ്ഡിത്യം അസാമാന്യമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

അഡ്വ. എം.​പി. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ

രാവും പകലും ഇരുന്ന് കേസ് ഫയൽ പഠിക്കുകയും നിയമപുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്ന ശീലമാണ് ഈ അനായാസത സാധ്യമാക്കിയത്. അത്തരത്തിലായിരുന്നു, അദ്ദേഹത്തിന്റെ അധ്വാനശീലം. പ്രായം അറുപതു കഴിഞ്ഞപ്പോഴും രാത്രി 12 മണിവരെ ഇരുന്ന് കേസ് പഠിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുദിവസം രാത്രി 11 മണി കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ടെലിഫോണിൽ വിളി​ച്ചപ്പോഴും അങ്ങേത്തലക്കൽനിന്നും മറുപടി ഉണ്ടായി.

പുസ്തകങ്ങളിൽ ഉറക്കം നഷ്ടപ്പെടുന്നുണ്ടോ എന്ന് ഭയന്ന് ഒരു അവധിക്കാലത്ത് എം.പി.ജിയെ വീട്ടുകാർ വിശ്രമത്തിനായി മറ്റൊരു നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയയുടനെ കാറിന്റെ ഡിക്കി തുറന്ന് നോക്കിയപ്പോഴാണ് ‘വിശ്രമസഹായി’യെന്ന നിലയിൽ എം.പി.ജി കരുതിയ​തെന്തെന്ന് കുടുംബക്കാർ കണ്ടത് –ഓഫിസിലെ നിയമ പുസ്തകങ്ങൾ! എം.പി.ജിയെ സംബന്ധിച്ചിടത്തോളം തൊഴിൽ ഒരു സാധനയായിരുന്നു. തൊഴിലിൽനിന്നും ലഭിക്കുന്ന സംതൃപ്തിയാണ് തൊഴിലിനുള്ള യഥാർഥ വേതനം. പണമെന്നത് തൊഴിലിന്റെ ഉപോൽപന്നം മാത്രമാണെന്ന് അദ്ദേഹം പഠിപ്പിച്ചുതന്നു.

തലശ്ശേരിയിൽ മാത്രമല്ല, മലബാറിലെ ഇതര കോടതികളിലും എം.പി.ജി അടക്കമുള്ള തലശ്ശേരിയിലെ പ്രമുഖ സീനിയർമാർ ഹാജരാകുമായിരുന്നു. ടി.എ. രാംദാസ് മലബാറിലെ കോടതികളിൽ മാത്രമല്ല, ഹൈകോടതിയിലും ഹാജരാകുമായിരുന്നു. തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകരായ സി.പി. ബാലകൃഷ്ണൻ അട​ിയോടി, വി. ബാലൻ, കുറുമാത്തൂർ നമ്പൂതിരിപ്പാട്, ബാലസുബ്രഹ്മണ്യം, കെ.ടി. രാഘവൻ നമ്പ്യാർ എന്നിവർ ഒരു തലമുറയിലെ വലിയ വ്യക്തിത്വങ്ങളായിരുന്നു. ഉന്നത കോടതികളിൽപോലും കാണാൻ പ്രയാസമായ വിധത്തിലുള്ള അറിവും പ്രാഗല്ഭ്യവുമാണ് അവർക്കുണ്ടായിരുന്നത്.

അടുത്ത ജില്ലകളിലെ വ്യവഹാരികളും തലശ്ശേരിയിൽനിന്നും ഇത്തരം സീനിയർമാരെ അണിനിരത്തിക്കൊണ്ട് കേസ് നടത്താൻ താൽപര്യം കാണിച്ച കാലഘട്ടമായിരുന്നു അത്. ഒരു സിനിമാകൊട്ടകയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഇൻജങ്ഷൻ വ്യവഹാരത്തിനായി എം.പി.ജി പയ്യന്നൂരിൽ ​പോയി വാദിച്ചതോർമിക്കുന്നു. നിരവധി കോടതി വിധികൾക്കുശേഷം കെറിന്റെ (KERR) ഇൻജങ്ഷൻ നിയമങ്ങളെക്കുറിച്ചുള്ള പുസ്തകത്തിൽനിന്നും ഉദ്ധരിച്ചുകൊണ്ടായിരുന്നു ആ വാദം പൂർത്തിയാക്കിയത്. അന്തർദേശീയമായ ഈ ആധികാരികത മലബാറിലെ വിചാരണ കോടതികളിൽ മുഴങ്ങി​ കേട്ടപ്പോൾ ഈ തൊഴിലിന്റെ പ്രാപഞ്ചികമായ മാനങ്ങൾകൂടിയാണ് അനുഭവവേദ്യമായത്​.

ഈ തൊഴിൽ ഇങ്ങനെയും ചെയ്യാവുന്നതാണെന്ന വിലപ്പെട്ട പാഠത്തിനാണ് ഞാൻ അദ്ദേഹത്തോട് ഏറ്റവും കട​​പ്പെട്ടിരിക്കുക. അത്തരമൊരു ഓഫിസിൽ എത്തിപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നു. ഒന്നോർത്താൽ എം.പി.ജി പ്രത്യേകമായി എന്തെങ്കിലും പഠിപ്പിക്കേണ്ട കാര്യമില്ല, എന്തെന്നാൽ അദ്ദേഹംതന്നെ ഒരു വലിയ പാഠപ​ുസ്​തകമായിരുന്നു. ‘ലേണിങ് ദ ലോ’ എന്ന ഗ്രാൻവിലെ വില്യംസിന്റെ കൃതിയിൽ (16ാം എഡിഷൻ, 2016) യുവ അഭിഭാഷകർ ആദ്യം തിരഞ്ഞെടുക്കുന്ന ഓഫിസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാന​മാണെന്നത് അഭിഭാഷകർ പുസ്തകത്തിൽനിന്ന് മാ​ത്രമല്ല, സ്വന്തം ജീവിതത്തിൽനിന്നുകൂടി മനസ്സിലാക്കുന്ന കാര്യമാണ്. എന്നാൽ, പുസ്തകത്തിൽനിന്നോ ജീവിതാനുഭവത്തിൽനിന്നോ മറ്റേതെങ്കിലും വ്യക്തിയിൽനിന്നോ മനസ്സിലാക്കിക്കൊണ്ടായിരുന്നില്ല, ഞാൻ എം.പി.ജി സാറിന്റെ ഓഫിസിൽ എത്തിയത്. അത് നിയതിയുടെ നിശ്ചയമായിരുന്നു. പ്രാക്ടിസ് തുടങ്ങിയത് മറ്റൊരിടത്തായിരുന്നുവെങ്കിൽ എന്റെ ജീവിതം എങ്ങനെയാ​കുമെന്ന് ഊഹിക്കാൻ ഞാനാളല്ല. പക്ഷേ, അതുവഴി എനിക്ക് മഹത്തായ ഒരു മാതൃകയെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള അവസരം നഷ്ടപ്പെടുമായിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

എം.പി.ജി സാറിന്റെയടുത്ത് 18 ജൂനിയർമാർ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും ജൂനിയറായ എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നില്ല. ഉന്നത കോടതികളിലായാലും പ്രാദേശിക കോടതികളിലായാലും ശരി, തൊഴിലിൽ എത്തിപ്പെടുന്ന നവാഗതർക്ക് കുറേക്കാലം കാര്യമായി എന്തെങ്കിലും സ്വയമേവ ​ചെയ്യാൻ അവസരം ലഭിക്കുക എളുപ്പമല്ല. ഈ അവസരമില്ലായ്മയാണ് പ​​ക്ഷേ, അവസരത്തിന്റെ വിലയെന്തെന്ന് പറഞ്ഞുതരിക. തലശ്ശേരി ജില്ല കോടതി സമുച്ചയം വലുതായിരുന്നു. പതിനഞ്ചിലേറെ കോടതികൾ അതിനകത്തുണ്ടായിരുന്നു. എം.പി.ജി ​​ക്രിമിനൽ കേസുകൾ എടുത്തിരുന്നില്ല.

മുൻകാല ജൂനിയർ ഒ.ജി. ​പ്രേമരാജ് നന്നായി ക്രിമിനൽ കേസുകൾ നടത്തുമായിരുന്നു. ഓഫിസിൽ ക്രിമിനൽ കേസുമായി വരുന്നവരെ ​പ്രേമരാജിന് റഫർചെയ്യുകയായിരുന്നു പതിവ്. തലമുതിർന്ന മറ്റു പല സീനിയർമാരും അന്ന് ക്രിമിനൽ കേസെടുക്കാൻ വിമുഖത കാണിക്കുമായിരുന്നു. കെ.ടി. രാഘവൻ നമ്പ്യാർ മുതൽ കുറുമാത്തൂർ നമ്പൂതിരിപ്പാട് വരെ ഈ ഗണത്തിൽപെടുന്നു. സിവിൽ നിയമം നമ്മെ അഗാധതയോട് അടുപ്പിക്കും. കാര്യങ്ങൾ ആഴത്തിലറിയാൻ പ്രേരിപ്പിക്കും. ഒരു നിയമവ്യവസ്ഥ പത്തുതവണ വായിച്ചാലും അതിന് പുതിയ പുതിയ അർഥങ്ങൾ ഉള്ളതായി അനുഭവപ്പെടും. വിശദാംശങ്ങളുടെ ഉള്ളറകളിലേക്കുള്ള യാത്രയാണ് സിവിൽ വ്യവഹാരങ്ങൾ.

അത് ക്ലാസിക്കൽ സംഗീതംപോലെയാണെന്ന് എം.പി.ജി പറയുകയും തോന്നിപ്പിക്കുകയും അനുഭവിപ്പിക്കുകയുംചെയ്തു. എളുപ്പപ്പണിക്കുള്ള മേഖലയല്ല, പൊതുവെ സിവിൽ വ്യവഹാരം. എന്നാൽ, ക്രിമിനൽ​ കേസുകളിലും മറ്റും ചുരുക്കം ചില സന്ദർഭങ്ങളിൽ എളുപ്പപ്പണിക്ക് സാധ്യതയുണ്ട്. പ്രാക്ടിസ് തുടങ്ങി രണ്ടു വർഷം ക്രിമിനൽ കേസുകൾ തൊടരുത് എന്നതായിരുന്നു എം.പി.ജി നൽകുമായിരുന്ന ഒരു ഉപദേശം.​ പെട്ടെന്ന് സ്വീകാര്യമായി തോന്നണമെന്നില്ല, ഈ ‘വിലക്ക്’.

എന്നാൽ, അഭിഭാഷകവൃത്തി ആവശ്യപ്പെടുന്ന സാധനക്ക് ജൂനിയർമാരെ തയാറാക്കിയെടുക്കുന്നതിനായാണ് ഇങ്ങനെയൊരു അലിഖിത നിർദേശം ജൂനിയർമാർക്ക് നൽകാൻ എം.പി.ജി ഒരുങ്ങിയത്. അത് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെടുകയുംചെയ്തു. ക്രിമിനൽ കേസുകളിൽ ആദ്യകാലം ചെലവഴിച്ചവർക്ക് പിന്നീട് സിവിൽ വ്യവഹാരം എളുപ്പമാകണമെന്നില്ല. ദീർഘകാലം സിവിൽ കേസുകൾമാത്രം നോക്കിയവർക്ക് പക്ഷേ, പിന്നീട് ക്രിമിനൽ കേസുകളിൽ തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കുഞ്ഞിരാമ മേനോൻ സാർ.

അദ്ദേഹം ആദ്യത്തെ പത്തു പതിനഞ്ചു വർഷങ്ങൾ സിവിൽ ​കേസുകൾ മാത്രമാണ് നോക്കിയതെന്ന് കേട്ടിട്ടുണ്ട്. പിന്നീട് ക്രിമിനൽ കേസുകളുടെ മേഖലയിൽ അദ്ദേഹം അ​ഗ്രഗണ്യനായി. മേനോൻ സാറിന്റെ ക്രോസ്‍വിസ്താരം ഗഹനവും സർഗാത്മകവും ഫല​പ്രദവും ആയിരുന്നു. വൈദ്യശാസ്​ത്ര സംബന്ധമായ വിഷയങ്ങളിലും അദ്ദേഹത്തിന്റെ അറിവും നൈപുണ്യവും അപാരമായിരുന്നു.

പ​യ്യന്നൂരിലെ ഒരു വനിത ഗൈനക്കോളജിസ്റ്റ് ഒരു സ്വകാര്യ സംഭാഷണത്തിനിടെ മേനോൻ സാറിനെക്കുറിച്ച് പറഞ്ഞതോർമവരുന്നു. ഡോക്ടർ സാക്ഷിക്കൂട്ടിൽ കയറിനിന്ന് മേനോൻ സാറിന്റെ ചോദ്യങ്ങളെ നേരിടുമ്പോൾ, മുമ്പ് മെഡിക്കൽ കോളജിൽ തന്നെ പഠിപ്പിച്ച ​പ്രഫസറാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് തോന്നുമായിരുന്നുവത്രെ! അദ്ദേഹത്തി​ന്റെ സിവിൽ നിയമ പശ്ചാത്തലം ക്രിമിനൽ നിയമങ്ങളുടെ മേഖലയിലും അദ്ദേഹത്തിന്റെ സിദ്ധിവിശേഷങ്ങളെ പെരുപ്പിച്ചിട്ടുണ്ടാകണം.

എം.പി.ജി സാറിലേക്ക് തിരിച്ചുവരാം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന ആ കാലത്ത് ഞാൻ എന്തു ചെയ്യണമെന്നാരാഞ്ഞപ്പോൾ എനിക്ക് മരുമക്കത്തായത്തെ സംബന്ധിച്ച് സുന്ദര അയ്യർ എഴുതിയ പുസ്തകം തന്നു. 1922ൽ മരണാനന്തരം പ്രസിദ്ധീകരിച്ച കൃതിയായിരുന്നു അത്. ‘എ ​ട്രീറ്റയിസ് ഓൺ മലബാർ ആൻഡ് അലിയസന്താന ലോ’ എന്ന ഇൗ പുസ്തകം കൂട്ടുകുടുംബവ്യവസ്ഥ അവസാനിപ്പിക്കുന്നതിനു മുമ്പ്, തറവാടുകളും തറവാട്ടുസ്വത്തുക്കളും അവയുടെ പരിപാലനവും ക്രയവിക്രയവും ഒക്കെ എങ്ങനെയായിരുന്നുവെന്ന് പഴയ കോടതിവിധികളുടെയും മരുമക്കത്തായ സമ്പ്രദായത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.

 

വി.ആർ. കൃഷ്ണയ്യർ

ഈ പഴയ പുസ്തകം എന്തിനാണ് വായിക്കുന്നതെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും സീനിയർ പറഞ്ഞതൊന്നുകൊണ്ടു മാ​ത്രം അത് ഏതാണ്ട് മുഴുക്കെ വായിച്ചുതീർത്തു. ക്ലാസിക്കുകൾ വായിച്ചുതുടങ്ങുക എന്നതായിരുന്നു ആ നിർദേശത്തിലടങ്ങിയ സന്ദേശം എന്ന് പിന്നീട് തിരിച്ചറിയാനായി. മരുമക്കത്തായത്തെ സംബന്ധിച്ച് ഏറെയൊന്നും പുസ്തകങ്ങൾ അഭിഭാഷകരുടെ കൈയിൽപോലും ഉണ്ടായിരുന്നില്ല. സി.ആർ. അയ്യരുടെ ‘മാന്വൽ ഓഫ് മലബാർ ലോ’ 1885ല​ും കോഴിക്കോട് മാധവൻ നായരുടെ മദ്രാസ് മരുമക്കത്തായം സംബന്ധിച്ച പുസ്തകം 1933ലും ആണ് പ്രസിദ്ധീകൃതമായത്. പിന്നീട്, 1969ൽ പ്രസിദ്ധീകരിച്ച കെ. ശ്രീധരവാര്യരുടെ പുസ്തകമായിരുന്നു അക്കാലത്ത് പ്രചരിച്ച ഈ വിഷയത്തിലെ ഏറ്റവും പുതിയ പുസ്തകം.

അതുതന്നെ മാർക്കറ്റിൽ ലഭ്യമാകാത്തവിധം വിറ്റുതീർന്നു കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിൽക്കാലത്ത് കെ.പി. സുചിത്രയെന്ന അഭിഭാഷകയെയും കൂട്ടി ഞാനൊരു സംരംഭത്തിന് തുനിഞ്ഞത്. ‘കമന്ററീസ് ഓൺ മരുമക്കത്തായം ലോ’ എന്ന പുസ്തകം (1995) ഞങ്ങൾ എഴുതി. പയ്യന്നൂരിലെ സെന്റർ ഫോർ ലീഗൽ സ്റ്റഡീസ് അത് പ്രസിദ്ധീകരിച്ചു. അത് സമർപ്പിച്ചത് ഗുരുവായ എം.പി. ഗോവിന്ദൻ നമ്പ്യാർ സാറിനായിരുന്നു. അപ്പോഴേക്കും അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. കോടതിയിൽ സാക്ഷിയെ വിസ്തരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

കർമനിരതനായ ഒരു അഭിഭാഷക​ന്റെ ജീവിതംതന്നെയായിരുന്നു, എന്നെപ്പോലുള്ള നവാഗതർക്കുള്ള സന്ദേശവും. മലബാറിലെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായ എം.പി.ജി സാർ ഒരു കാര്യം കൂടി എന്നെ പഠിപ്പിച്ചു: മൂല്യങ്ങളിൽ പടുത്തുയർത്തുന്ന തൊഴിൽ നിലനിൽക്കുക മാത്രമല്ല, വിജയിക്കുകയും ചെയ്യും. നല്ല മനുഷ്യനായിക്കൊണ്ടുതന്നെ നിങ്ങൾക്ക് നല്ലൊരു അഭിഭാഷകനായിത്തീരാൻ കഴിയും. ഇക്കാര്യങ്ങൾ എനിക്ക് സ്വന്തം ജീവിതത്തിൽ തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഞാനൊരിക്കലും അവകാശപ്പെടുകയില്ല. പക്ഷേ, ഈ പാഠത്തിന്റെ മൂല്യവും ​പ്രസക്തിയും വലുതാണ്. അത് എല്ലാ അഭിഭാഷകർക്കുമുള്ള മരിക്കാത്ത സന്ദേശമാണ്.

(തു​ട​രും)    

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.