പി.കെ. റോസി

റോസിയുടെ പേരില്‍ പുരസ്കാരം നല്‍കാന്‍ വൈകേണ്ടതുണ്ടോ?

മലയാള സിനിമയും അതിന്‍റെ ചരിത്രവും റോസിക്ക് നല്‍കിയത് എന്നും അവഗണനയാണ്. ആദ്യ നായികയായ റോസിയെ അടയാളപ്പെടുത്തുന്നതിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും വിമുഖത കാട്ടുന്നതെന്തുകൊണ്ടാണ്? മികച്ച നടിമാര്‍ക്കുള്ള പുരസ്കാരമോ അല്ലെങ്കില്‍ പ്രത്യേക പുരസ്കാരമോ റോസിയുടെ പേരില്‍ ഏര്‍പ്പെടുത്താത്തതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ടെന്ന്​ വാദിക്കുകയാണ്​ നിരൂപകൻ കൂടിയായ ലേഖകൻ.

മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ രണ്ട് ദുരന്തങ്ങളാണ് ആദ്യം ഓർമയിലെത്തുന്നത്. അത് ജെ.സി. ഡാനിയേലിന്‍റെയും പി.കെ. റോസിയുടെയും ജീവിതമാണ്. ആദ്യകാലത്ത് സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുടെ യാത്രകള്‍ തീക്ഷ്ണാനുഭവങ്ങളുടേതായിരുന്നു. മലയാളത്തിന് ആദ്യമായി ചലച്ചിത്രമെന്ന ദൃശ്യാനുഭവത്തെ ആവിഷ്കരിച്ചതിന്‍റെ പേരില്‍ പുരയിടവും വീടും വിറ്റുപെറുക്കി നാടുവിടേണ്ടി വന്നയാളാണ് ജെ.സി. ഡാനിയേല്‍.

സ്ത്രീകള്‍ അഭിനയരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന സമയത്ത് ആ വെല്ലുവിളി ഏറ്റെടുത്ത റോസിക്ക് താന്‍ നായികയായ സിനിമയുടെ ആദ്യ പ്രദര്‍ശനംപോലും കാണാന്‍ കഴിയാതെ ജീവനുംകൊണ്ട് അയല്‍ സംസ്ഥാനത്തേക്ക് ഓടേണ്ടിവന്നു. രണ്ടുതരം ഭീഷണികള്‍/ വെല്ലുവിളികളാണ് റോസിക്ക് നേരെ ഉയര്‍ന്നത്. ദലിത് സ്ത്രീ സവര്‍ണ സ്ത്രീ കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തുന്നു എന്നതാണ് പ്രധാന പ്രശ്നമായി മാടമ്പിമാര്‍ ഉയര്‍ത്തിയത്. സ്ത്രീകള്‍ അഭിനയരംഗത്തേക്ക് വരാതിരുന്ന കാലത്ത് അങ്ങനെയൊരാള്‍ കടന്നുവന്നു എന്നതാണ് രണ്ടാമത്തെ കാര്യം. റോസിയെ ആക്രമിക്കുക മാത്രമല്ല വീടിന് തീവെക്കുകയും ‘വിഗതകുമാരന്‍’ പ്രദര്‍ശിപ്പിച്ച ക്യാപിറ്റോള്‍ തിയറ്റര്‍ തല്ലിത്തകര്‍ക്കുകയുംചെയ്തു ഈ ജാതി അധീശബോധം.

തിരുവനന്തപുരം നന്തന്‍കോട് ആമത്തറയില്‍ (ഇപ്പോള്‍ കനകനഗര്‍) 1923ലാണ് രാജമ്മ എന്ന റോസി ജനിച്ചത്. ജാതിവ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹിക അന്തരീക്ഷവും അയിത്തവും ശക്തമായിരുന്ന കാലമായിരുന്നു അത്. ഇത്തരമൊരു അവസ്ഥയില്‍ റോസിക്ക് സ്കൂളില്‍ പഠിക്കാന്‍പോലും കഴിയുമായിരുന്നില്ല. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച സാഹചര്യങ്ങളാണ് റോസിക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയത്. അതായത് മിഷനറിമാര്‍ നടത്തുന്ന സ്കൂളുകളില്‍ മാത്രമാണ് ദലിത് സമുദായത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ടായിരുന്നത്. അതിനാല്‍ റോസി എല്‍.എം.എസ് പള്ളി വക സ്കൂളില്‍ ചേര്‍ന്നാണ് പഠിച്ചത്. ജാതി വ്യവസ്ഥയുടെ ക്രൂരതയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ വന്നതോടെ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ റോസിയുടെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചു.

റോസിയുടെ യൗവനകാലത്താണ് നന്തന്‍കോട് ആമത്തറ ഭാഗത്തെ ദലിത് സമൂഹങ്ങളിലെ കലാപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചേരമര്‍ കലാസംഘം രൂപവത്കരിക്കുന്നത്. അവര്‍ കാക്കാരശി നാടകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അക്കാലത്ത് സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് കലാസമിതിക്കാര്‍ റോസിയെ അഭിനയിക്കാന്‍ വിളിച്ചത്. പിന്നീട് കാക്കാരശി നാടകത്തില്‍ റോസി സജീവ സാന്നിധ്യമായി.

ഇത് റോസിയുടെ ജീവിതത്തെതന്നെ മാറ്റി മറിച്ച സംഭവമായിരുന്നു. ആമത്തറയിലെത്തിയ തമിഴ്നാടകസംഘം കാക്കാത്തിയായുള്ള റോസിയുടെ അഭിനയംകണ്ട് അവരുടെ നാടകങ്ങളില്‍ വേഷമിടാന്‍ ക്ഷണിച്ചു. കലാസമിതിക്കാർ അത് സമ്മതിക്കാന്‍ തയാറായില്ല. ഈ സന്ദര്‍ഭത്തില്‍ ആമത്തറയില്‍ ചെറിയ സംഘര്‍ഷമുണ്ടായി. അതോടെ റോസിയുടെ കുടുംബം ആറന്നൂരിലേക്ക് താമസം മാറ്റി.

പിന്നീട് അവിടെനിന്നും മാറി തൈക്കാട് ആശുപത്രിക്കടുത്ത പുറമ്പോക്കിലേക്ക് മാറുകയായിരുന്നു. ഇവിടെ താമസിക്കുന്ന കാലത്ത് റോസിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഒരു നേരം ആഹാരം കഴിക്കണമെങ്കില്‍ കൂലിപ്പണിക്ക് പോകേണ്ടിവന്നു. പണി ഇല്ലാത്ത സമയത്ത് പുല്ല് പറിച്ച് കെട്ടാക്കി തലയില്‍ ചുമന്ന് പുല്ല് ചന്തയായ പുളിമൂട്ടില്‍കൊണ്ട് വിൽപന നടത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഇപ്പോള്‍ ജനറല്‍ പോസ്റ്റ് ഓഫിസ് ഇരിക്കുന്ന സ്ഥലമാണ് പഴയ പുല്ല് ചന്ത.

സിനിമയിലേക്കുള്ള റോസിയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. തൈക്കാട് തങ്ങളുടെ അയല്‍പക്കത്തുള്ള ജോണ്‍സണ്‍ റോസിയുടെ വീട്ടിലെത്തി സിനിമയില്‍ അഭിനയിക്കാന്‍ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ആദ്യം അഭിപ്രായം പറഞ്ഞില്ലെങ്കിലും പിന്നീട് സമ്മതം മൂളി. ജോണ്‍സണ്‍ ഈ വിവരം പട്ടത്തെ സ്റ്റുഡിയോയില്‍ എത്തി ജെ.സി. ഡാനിയേലിനോട് പറഞ്ഞു. ആ കണ്ടുമുട്ടല്‍ റോസി എന്ന ആദ്യ നായികയുടെ പിറവിക്ക് കാരണമായി. പത്തുദിവസത്തെ അഭിനയമായിരുന്നു റോസിക്കുണ്ടായിരുന്നത്. ഓരോ ദിവസവും അഞ്ചുരൂപ വെച്ച് 50 രൂപയും ഒരു മുണ്ടും നേരിയതുമായിരുന്നു പ്രതിഫലം.

 

1928 മേയ് മാസത്തോടെ ഷൂട്ടിങ് തീര്‍ന്നു. നവംബര്‍7ന് ‘വിഗതകുമാരന്‍’ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ ടെസ്റ്റ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. വൈകുന്നേരം 5.30ന് പ്രദര്‍ശനം കാണാന്‍ മാടമ്പികളും പ്രമാണിമാരുമുള്‍പ്പെടെ നിരവധിപേര്‍ എത്തി. റോസിയെ പ്രദര്‍ശനം കാണാന്‍ ക്ഷണിച്ചിരുന്നില്ല. റോസി വന്നാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ഡാനി​േയല്‍ വിളിക്കാതിരുന്നത്. സ്ക്രീനില്‍ മലയാളത്തിന്‍റെ ആദ്യ സിനിമ തെളിഞ്ഞുതുടങ്ങി. റോസി അവതരിപ്പിക്കുന്ന സരോജിനി എന്ന കഥാപാത്രം രംഗത്ത് എത്തിയതോടെ കാണികള്‍ കൂക്കിവിളിക്കാന്‍ തുടങ്ങി.

നാലാം ദിവസം പ്രദര്‍ശനം കൂടുതല്‍ അക്രമാസക്തമായി. ദലിത് സ്ത്രീയെ വെള്ളിത്തിരയില്‍ കണ്ടതോടെ കാണികള്‍ സ്ക്രീനിലേക്ക് കല്ലേറ് തുടങ്ങി. അങ്ങനെ ‘വിഗതകുമാര’ന്‍റെ പ്രദര്‍ശനം മുടങ്ങി. കല്ലേറില്‍നിന്ന് രക്ഷപ്പെടാനായി ജെ.സി. ഡാനിയേല്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി. അന്നു രാത്രി മാടമ്പിമാര്‍ സംഘടിച്ച് റോസിയുടെ വീടിനുനേരെ കല്ലെറിയുകയും ചെയ്തു. അടുത്ത ദിവസം റോസിയും സഹോദരി റോസമ്മയും ചന്തയില്‍ പോയിവരുമ്പോള്‍ മാടമ്പിമാര്‍ ഇരുവരെയും തടഞ്ഞുവെക്കുകയും മർദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമിസംഘത്തില്‍നിന്നും ഇരുവരും ഓടി വീട്ടിലെത്തി. അങ്ങനെ അന്ന് രക്ഷപ്പെട്ടു.

കുന്നുകുഴി എസ്. മണി എഴുതുന്നു: 1928 നവംബര്‍ 10ന് രാത്രിയില്‍ തീപ്പന്തങ്ങളുമായെത്തിയ മാടമ്പിക്കൂട്ടം റോസിയുടെ വീടിന് നേരെ കല്ലേറ് നടത്തുകയും അസഭ്യങ്ങള്‍ വിളിച്ചുപറയുകയും, ഒടുവില്‍ വീടിന് തീവെക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ ചിതറി ഓടി രക്ഷപ്പെട്ടു. റോസി ചെന്തിട്ട വഴി കിള്ളിപ്പാലം കടന്ന് കരമന പാലത്തിനടുത്തെത്തി. അപ്പോഴേക്കും ഒരു ലോറി വരുന്നതു കണ്ട അവള്‍ ഡ്രൈവറോട് സഹായമഭ്യർഥിച്ചു. പയനിയര്‍ കമ്പനിയുടെ ലോറിയായിരുന്നു അത്. ലോറി ഡ്രൈവര്‍ കേശവപിള്ള വണ്ടി നിര്‍ത്തി. വിവരങ്ങള്‍ പറഞ്ഞ റോസിയെ പൊടുന്നനെ ലോറിയില്‍ കയറ്റി നാഗര്‍കോവിലിലേക്ക് അയാള്‍ കൊണ്ടുപോയി.

അവിടെ എത്തി റോസിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി എസ്.ഐയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നീട് കേശവപിള്ളക്കൊപ്പം റോസിയെ വിട്ടയച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കേശവപിള്ള വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയും റോസിയെ വിവാഹം കഴിക്കുകയുംചെയ്തു. തുടര്‍ന്നുള്ള റോസിയുടെ ജീവിതത്തെക്കുറിച്ച് പലതരത്തിലുള്ള കഥകളാണ് പ്രചരിപ്പിക്കപ്പെട്ടത്. ചരിത്രകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കുന്നുകുഴി എസ്. മണി റോസിയുടെ ജീവിതം അന്വേഷിച്ച് പോവുകയും ‘പി.കെ. റോസി മലയാള സിനിമയുടെ അമ്മ’ എന്ന പുസ്തകത്തില്‍ വിശദമായി എഴുതുകയും ചെയ്തിട്ടുണ്ട്.

വൈക്കം സത്യഗ്രഹം നടന്ന് നാലു വര്‍ഷം കഴിഞ്ഞാണ് ‘വിഗതകുമാരന്‍’ റിലീസാകുന്നതെങ്കിലും അടിസ്ഥാന സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേയ്ക്ക് പ്രവേശിക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ടാണ് സിനിമയുടെ കഥ രൂപപ്പെടുത്തുമ്പോഴും ഡാനിയേലിന് സവര്‍ണ കേന്ദ്രിത അനുഭവങ്ങളിലേക്ക് പോകേണ്ടിവരുന്നത്. റോസിയെപ്പോലെയുള്ള ദലിത് സ്ത്രീകള്‍ തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സന്ദര്‍ഭമാണിത് എന്നതും പ്രധാന സംഗതിയാണ്.

സാമൂഹിക സാഹചര്യത്തെ പൂര്‍ണമായും തിരിച്ചറിഞ്ഞുകൊണ്ടാണ് ഡാനിയേല്‍ തന്‍റെ സിനിമായാത്രകള്‍ക്ക് തുടക്കം കുറിച്ചത് എന്നതാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. റോസി അഭിനയരംഗത്തേക്ക് വന്നു എന്നതിനേക്കാള്‍ സരോജിനി എന്ന സവര്‍ണ സ്ത്രീയായി വേഷമിട്ടു എന്നതാണ് ഫ്യൂഡല്‍ മനസ്സുള്ളവരെ പ്രകോപിതരാക്കുന്നത്. ജാതിബോധം എത്രമാത്രം ആഴത്തില്‍ നിലനിന്നിരുന്നു എന്നതാണ് തിരിച്ചറിയേണ്ട യാഥാർഥ്യം. ദലിത് ക്രിസ്ത്യന്‍, നാടാര്‍ ക്രിസ്ത്യന്‍ ബോധ്യങ്ങളെപ്പോലും അംഗീകരിക്കാന്‍ അന്നത്തെ സമൂഹം തയാറായിരുന്നില്ല.

ജെനി റൊവീനോ എഴുതുന്നു: ഡാനിയേലിന്‍റെ സിനിമയില്‍ നായികയായി എത്തുന്നതിന​ുമുമ്പ് റോസി നാടോടി നാടകവേദിയുടെ സജീവ ഭാഗമായിരുന്നുവെന്ന് പരക്കെ പറയപ്പെടുന്ന വസ്തുതയാണ്. റോസി ഇതിനകം തമിഴ് നാടകങ്ങളിലും ദലിതരും മറ്റ് തൊട്ടുകൂടാത്ത ജാതിക്കാരും കൂടുതലായി പരിശീലിക്കുന്ന കാക്കാരശി എന്ന താഴ്ന്ന ജാതി കലാരൂപത്തിലും അഭിനയിച്ചിരുന്നു. ഇത് പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു നൃത്ത നാടകമായിരുന്നു, അതില്‍ സാധാരണയായി പുരുഷന്മാരാണ് സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നത്. ഒരു സ്ത്രീയുടെ വേഷം ചെയ്ത ആദ്യത്തെ സ്ത്രീകളില്‍ ഒരാളായ ഈ ഇടത്തില്‍നിന്നാണ് റോസി ഡാനിയേലിന്‍റെ സിനിമയിലേക്ക് വരുന്നത്. എന്നിരുന്നാലും ഈ വസ്തുതകളൊന്നും റോസിയെക്കുറിച്ചുള്ള പബ്ലിക് മെമ്മറിയിലും ചരിത്രത്തിലും വരുന്നില്ല.

വളരെ പെ​െട്ടന്ന് അഭിനയരംഗത്തേക്ക് കടന്നു വന്നയാളല്ല റോസിയെങ്കിലും കലാകാരിയുടെ സാധ്യതകളെ അംഗീകരിക്കാന്‍ അക്കാലത്തെ മാടമ്പിസമൂഹം തയാറായില്ല. കലയും കലാകാരിയും അല്ല ഇവിടത്തെ പ്രശ്നം, ജാതിതന്നെയായിരുന്നു. ഡാനിയേല്‍ എന്ന പിന്നാക്ക വിഭാഗക്കാരന്‍ റോസിയെ ഉപയോഗിച്ച് സവര്‍ണ സമൂഹത്തിനെതിരെ തിരിയുന്നു എന്ന ബോധത്തെയാണ് അക്രമകാരികള്‍ സൃഷ്ടിച്ചെടുത്തത്. അന്നത്തെ ഭരണകൂടവും അതിന് മൗനാനുവാദം നല്‍കി. ജനാധിപത്യ ഭരണകൂടം നിലവില്‍ വന്നിട്ടും റോസിയെപ്പോലുള്ള കലാകാരിക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതെന്ത് എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.

സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും പറയുന്നത്​

പി.കെ. റോസിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രഖ്യാപിച്ചത്. 2012 സെപ്റ്റംബര്‍ 10ന് തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ഹോട്ടല്‍ ക്ലാസിക് അവന്യൂവില്‍ നടന്ന കമല്‍ സംവിധാനംചെയ്ത ‘സെല്ലുലോയിഡി’ന്‍റെ പൂജയിലാണ് മുഖ്യമന്ത്രി അടുത്ത വര്‍ഷം അവാര്‍ഡ് നല്‍കുമെന്ന പ്രഖ്യാപനം നടത്തുന്നത്. ഇവിടെവെച്ച് കുന്നുകുഴി എസ്. മണി, എ.ഐ.സി.സി അംഗവും ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവും പി.കെ. റോസിയുടെ ബന്ധുവുമായ കാവല്ലൂര്‍ മധുവും പി.കെ. റോസി സ്മാരക സമിതിയുടെ പേരില്‍ മുഖ്യമന്ത്രിക്കും സിനിമാമന്ത്രി കെ.ബി. ഗണേശ് കുമാറിനും നിവേദനം നല്‍കി. അടുത്ത അവാര്‍ഡ് പ്രഖ്യാപനം വന്നിട്ടും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയില്‍ തന്നെ.

ഈ നിവേദനത്തിന് മുമ്പ് 2012 ആഗസ്റ്റ് 22ന് പി.കെ. റോസി സ്മാരക കലാവേദിയുടെ സെക്രട്ടറിയായ കുന്നുകുഴി എസ്. മണി അഭിനേത്രികള്‍ക്ക് നല്‍കുന്ന പുരസ്കാരം റോസിയുടെ പേരില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. ഈ കത്ത് മറുപടിക്കായി സാംസ്കാരിക വകുപ്പിലേക്ക് കൈമാറി. വിശദ വിവരം നല്‍കുന്നതിന് കേരള ചലച്ചിത്ര അക്കാദമിയിലേക്ക് കത്ത് കൈമാറിയതായി സാംസ്കാരിക വകുപ്പില്‍നിന്നും അറിയിച്ചു. പത്ത് മാസം കഴിഞ്ഞപ്പോള്‍ 2014 ജൂണ്‍ 25ന് നിവേദനത്തിനുള്ള മറുപടി സാംസ്കാരിക വകുപ്പില്‍നിന്നും ലഭിച്ചു.

കത്തിലെ സൂചന ഇങ്ങനെ: ‘‘പി.കെ. റോസി സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 87ാമത് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പരിശോധിക്കുകയും എന്നാല്‍ ഇക്കാര്യം പ്രായോഗികമല്ല എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുള്ള വിവരം അറിയിക്കുന്നു.’’ ഇതായിരുന്നു കുന്നുകുഴി എസ്. മണിക്ക് ലഭിച്ച മറുപടി. പി.കെ. റോസി ഫൗണ്ടേഷന്‍ ഉള്‍പ്പടെ പലരും ഈ ആവശ്യമുന്നയിച്ച് സര്‍ക്കാറിനെ സമീപിക്കുമ്പോഴെല്ലാം വ്യക്തികളുടെ പേരില്‍ അവാര്‍ഡ് നല്‍കുന്നത് പ്രായോഗികമല്ല എന്നാണ് ചലച്ചിത്ര അക്കാദമിയില്‍നിന്നും മറുപടി ലഭിച്ചത്. ഈ കാലയളവില്‍ പ്രിയദര്‍ശനാണ് അക്കാദമി ചെയര്‍മാന്‍റെ ചുമതല വഹിച്ചിരുന്നത്.

ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലെത്തിയിട്ടും ഈ വിഷയത്തില്‍ തീരുമാനമുണ്ടായില്ല. പി.കെ. റോസി ഫൗണ്ടേഷന്‍ പുറത്തിറക്കിയ പുസ്തകത്തിന് നല്‍കിയ സന്ദേശത്തില്‍ മുന്‍ മന്ത്രി എ.കെ. ബാലന്‍ ഇങ്ങനെ എഴുതുന്നു: മലയാളത്തിലെ ആദ്യ സിനിമയായ ‘വിഗതകുമാരനി’ല്‍ അഭിനയിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയായ റോസി അനുഭവിച്ച വേട്ടയാടല്‍ കേരളം കടന്നുപോയ ഇരുണ്ട കാലത്തിന്‍റെ നേര്‍ച്ചിത്രമാണ്. വഴിനടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും മാന്യമായി വസ്ത്രം ധരിക്കാനും ആഭരണമണിയാനും വിദ്യാഭ്യാസം ചെയ്യാനുംവരെ പട്ടിക വിഭാഗക്കാര്‍ക്ക് അനുമതി നിഷേധിച്ച ജാതി പ്രമാണിത്വത്തിന്‍റെ ഇരയാണ്​ പി.കെ. റോസി എന്ന കലാകാരി.

 

കുന്നുകുഴി എസ്. മണി

ഇങ്ങനെ രേഖപ്പെടുത്തി മന്ത്രി സാംസ്കാരിക വകുപ്പ് ചുമതല വഹിച്ചിട്ടും ഉചിതമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. കമല്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ഈ കാലയളവിലാണ്. കമല്‍ ഈ വിഷയത്തില്‍ ബിജു ഗോവിന്ദുമായി നടത്തുന്ന അഭിമുഖത്തില്‍ (സെല്ലുലോയ്ഡും ഞാനും –ദ ഹീറോയിന്‍, 2018) പറയുന്നത് ഇങ്ങനെ: മികച്ച നടിക്കുള്ള അവാര്‍ഡ് എന്നത് ഒരു ടെക്നിക്കല്‍ പ്രശ്നമാണ്. പക്ഷേ വീണ്ടും ഈ സര്‍ക്കാറിന് ഞാന്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും രീതിയില്‍ പി.കെ. റോസിയുടെ സ്മരണ നിലനിര്‍ത്താനുള്ള ക്രമീകരണം സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാകും. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുകയും രഞ്ജിത് ചെയര്‍മാനാവുകയുംചെയ്തിട്ടും ഒരു തീരുമാനവുമുണ്ടായിട്ടില്ല.

റോസിയുടെ പേരില്‍ അവാര്‍ഡ് നല്‍കിയാല്‍ പഴയ അനുഭവം അതേ രീതിയിലല്ലെങ്കിലും ആവര്‍ത്തിക്കുമെന്ന ഭയമാണ് ഉചിതമായ തീരുമാനമെടുക്കുന്നതില്‍നിന്നും സര്‍ക്കാറിനെയും സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമിയെയും ഇതില്‍നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. സമാനതകളില്ലാത്ത തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോയ കലാകാരിയെന്ന നിലയില്‍ റോസിയുടെ പേരില്‍ അവാര്‍ഡ് നല്‍കാത്തതിന് പിന്നില്‍ കേരളത്തിന്‍റെ പൊതുബോധത്തെയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സര്‍ക്കാറുകള്‍ മാറിവന്നാലും സാംസ്കാരിക വകുപ്പിനെയും ചലച്ചിത്ര അക്കാദമിയെയും നയിക്കുന്നത് ഫ്യൂഡല്‍ ബോധ്യങ്ങളാണ്. അതില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരെപ്പോലും ഈ ബോധം തടഞ്ഞുനിര്‍ത്തുകയാണ്. അവര്‍ക്ക് അതില്‍നിന്നും കുതറാന്‍ കഴിയുന്നുമില്ല. റോസിയുടെ പേരില്‍ അവാര്‍ഡ് നല്‍കാന്‍ സാധിക്കില്ല എന്നതിന് സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും പറയുന്ന ന്യായം വിചിത്രമാണ്. ഒരു ഉത്തരവിലൂടെ പരിഹരിക്കാവുന്ന വിഷയമാണിത്. അതിനുള്ള ആര്‍ജവമാണ് ഉണ്ടാകേണ്ടത്. ഉചിതമായ തീരുമാനം സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ കേരളത്തിലെ ജനാധിപത്യ സമൂഹം അതിനെ അഭിവാദ്യംചെയ്യും.

=============

സഹായക ഗ്രന്ഥങ്ങള്‍/ ലേഖനങ്ങള്‍

1. പി.കെ. റോസി, കുന്നുകുഴി എസ്. മണി, മൈത്രി ബുക്സ് തിരുവനന്തപുരം.

2. പി.കെ. റോസി മലയാള സിനിമയുടെ അമ്മ, കുന്നുകുഴി എസ്. മണി, മൈത്രി ബുക്സ് തിരുവനന്തപുരം.

3. ജെ.സി. ദാനിയേല്‍ മലയാള സിനിമയുടെ പിതാവ്, കുന്നുകുഴി എസ്. മണി, മൈത്രി ബുക്സ് തിരുവനന്തപുരം.

4. മലയാള സിനിമയുടെ സ്രഷ്ടാവായ ജെ.സി. ദാനിയേലും ആദ്യ നായിക റോസിയും, കുന്നുകുഴി എസ്. മണി. (ജെ.സി. ദാനിയേല്‍ മലയാള സിനിമയുടെ വിഗതകുമാരന്‍, എഡിറ്റേഴ്സ്: പ്രഫ. ഡി. പ്രേംലാല്‍, ഡോ. എസ്.ആര്‍. ചന്ദ്രമോഹന്‍, റെയ്വാന്‍ പബ്ലിക്കേഷന്‍, തിരുവനന്തപുരം.)

5. മലയാളത്തിലെ നായികമാര്‍, ചേലങ്ങാട് ഗോപാലകൃഷ്ണന്‍, ഡി.സി ബുക്സ് കോട്ടയം.

6. നഷ്ടനായിക, വിനു എബ്രഹാം, കറന്‍റ് ബുക്സ് തൃശൂര്‍.

7. ദ ഹിറോയിന്‍, സുനില്‍ സി.ഇ (എഡി.) സാകേതം പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം.

8. നടിയുടെ രാത്രി, കുരീപ്പുഴ ശ്രീകുമാര്‍

9. Locating P.K. Rosy: Can A Dalit Woman Play a Nair Role in Malayalam Cinema Today -Jenny Rowena

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.