പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉപവർഗീകരണം നടത്തി ക്വോട്ട നിശ്ചയിക്കാനും ക്രീമിലെയർ നടപ്പാക്കാനുമുള്ള സുപ്രീംകോടതി വിധി പരിശോധിക്കുകയാണ് സാമൂഹിക പ്രവർത്തകനും മാർക്സിസ്റ്റ് ചിന്തകനുമായ ലേഖകൻ. ഇൗ വിധിയെ എങ്ങനെയാണ് കാണേണ്ടത്? എന്താണ് പ്രശ്നങ്ങൾ?
സമ്മിശ്ര സ്വഭാവമുള്ളതാണ് എസ്.സി/എസ്.ടി സംവരണത്തിൽ ഉപവർഗീകരണം നടത്തി ക്വോട്ട നിശ്ചയിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധി. ദലിതരിലും ആദിവാസികളിലും ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അത് അംഗീകരിക്കുന്നു. അതോടൊപ്പം എസ്.സി/എസ്.ടി സംവരണങ്ങളിൽ പിന്തിരിപ്പൻ ‘ക്രീമിലെയർ’ തത്ത്വം നടപ്പാക്കുന്നതിനുള്ള വഴിയും അത് തുറന്നിട്ടിരിക്കുന്നു.
ദലിതർക്കും ആദിവാസികൾക്കും, ഒ.ബി.സി എന്ന് വിശേഷിപ്പിക്കുന്ന ഇടനില ജാതികൾക്കുമുള്ള സംവരണത്തിൽ ഏതാനും ജാതികൾക്കോ ഗോത്രങ്ങൾക്കോ ആണ് മുൻതൂക്കം കിട്ടിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രതലത്തിലും ഇതാണ് വസ്തുത. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? ചരിത്രപരമായി സാമൂഹിക-സാമ്പത്തിക ക്രമത്തിൽ താരതമ്യേന അനുകൂലമായ സ്ഥാനത്ത് നിലനിന്നിരുന്ന ജാതികളോ ഗോത്രങ്ങളോ ആണ് ഇങ്ങനെ ഏറ്റവും കൂടുതൽ പ്രയോജനം നേടിയത്. ഇവിടെ നിലനിന്നിരുന്ന സാമൂഹിക ക്രമത്തിന്റെ ഫലമാണത്. ജാതിവ്യവസ്ഥയിൽ തന്നെയാണ് അതിന്റെ വേരുകൾ.
സംവരണം നടപ്പാക്കുന്ന രീതി മൂലമുണ്ടാകുന്ന ഒന്നായി ഇതിനെ കണക്കാക്കുന്നതിലൂടെ സുപ്രീംകോടതി പ്രശ്നത്തിന്റെ വേരുകളിലേക്ക് പോകുന്നതിൽ പരാജയപ്പെടുന്നു. അതിനെ മറികടക്കാൻ യഥാർഥത്തിൽ വേണ്ടത് ജാതിയുടെ ഉന്മൂലനമാണെന്ന് അംഗീകരിക്കുന്നതിൽ അത് പരാജയപ്പെടുന്നു. ജാതിവ്യവസ്ഥമൂലമുണ്ടാകുന്ന അസമത്വങ്ങൾ പരിഹരിക്കുന്നതിൽ സംവരണത്തിനുള്ള പരിമിതിയെയാണ് വിവിധ ജാതികളും ഗോത്രങ്ങളും നേടിയെടുത്ത ആനുകൂല്യങ്ങളിലെ അസമത്വം യഥാർഥത്തിൽ വെളിപ്പെടുത്തുന്നത്. വിധിയുടെ ഗുണകരമായ അംശത്തെ സ്വാഗതം ചെയ്യുമ്പോൾതന്നെ ഇത് മറക്കരുത്.
ഏതൊക്കെയാണ് ഗുണകരമായ അംശങ്ങൾ? ഒന്നാമതായി, സംവരണാനുകൂല്യങ്ങൾ കിട്ടുന്നതിൽ ദലിത് ജാതികൾക്കും ആദിവാസി ഗോത്രങ്ങൾക്കും ഇടയിലുള്ള അസമത്വം പ്രത്യേകമായി കൈകാര്യംചെയ്യേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നു. രണ്ടാമതായി, ഇതിനുവേണ്ട സവിശേഷ നടപടിക്രമങ്ങളും തത്ത്വങ്ങളും മുന്നോട്ടുവെക്കുന്നു. മൂന്നാമതായി, അർഥവത്തും ഫലപ്രദവുമായ പ്രാതിനിധ്യമാണ് മതിയായ പ്രാതിനിധ്യം എന്ന് വ്യക്തമാക്കുന്നു. അതായത്, ഉദ്യോഗസ്ഥരുടെ ആകെ എണ്ണത്തിൽ സംവരണ ക്വോട്ട നിറവേറ്റിയാൽ മതിയാകില്ല. സംവരണത്തിന് അർഹരായവരുടെ പ്രാതിനിധ്യം എല്ലാ തലങ്ങളിലും ഉറപ്പാക്കണം.
നാലാമതായി, സംവരണത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ്രയോജനം നേടിയ ജാതികൾക്കും ഗോത്രങ്ങൾക്കും മുൻഗണനകൾ തീരുമാനിക്കുന്നതിനോ നിർദിഷ്ട ക്വോട്ട അനുവദിക്കുന്നതിനോ വേണ്ടി ഉപവർഗീകരണം നടത്തുന്നത് കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാകണമെന്ന് അത് നിർബന്ധിക്കുന്നു. അതത് സർക്കാറുകൾ ഇത് ശേഖരിക്കണം. ഇതിന് ജാതിയും ഗോത്രവും അടിസ്ഥാനപ്പെടുത്തി നടത്തുന്ന സാമൂഹിക-സാമ്പത്തിക സർവേ വേണ്ടിവരുമെന്ന് വ്യക്തമാണല്ലോ. കൃത്യമായ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാനുള്ള ഒരേയൊരു മാർഗം ഇതാണ്.
മതിയായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഉദ്യോഗാർഥികളുടെ ആകെ എണ്ണം ഒരു മാനദണ്ഡമായി എടുക്കുന്നതിനോടുള്ള എതിർപ്പും വളരെ പ്രധാനമാണ്. ഇങ്ങനെ മൊത്തത്തിലുള്ള കണക്ക് പറഞ്ഞാണ് ഉയർന്ന തസ്തികകളിലെ സംവരണം പലപ്പോഴും അട്ടിമറിക്കപ്പെടുന്നത്. ഈ സവർണ തന്ത്രത്തിന് ജുഡീഷ്യൽ പവിത്രതപോലും നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ വിധി അത്തരം നയങ്ങളെ ചോദ്യംചെയ്യാനുള്ള വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം.
നേരത്തേ സൂചിപ്പിച്ചതുപോലെ, ഈ വിധിക്ക് നിഷേധാത്മകമായ, അപകടകരമായ, ഒരു വശവുമുണ്ട്. സംവരണ ആനുകൂല്യങ്ങളിലെ അസമത്വത്തെക്കുറിച്ചുള്ള ചർച്ചയെ മറയാക്കി, സാമ്പത്തികമായി മെച്ചപ്പെട്ടവരെ എസ്.സി/എസ്.ടി സംവരണത്തിൽനിന്ന് പൂർണമായും ഒഴിവാക്കുന്ന കാര്യം ആലോചിക്കണം എന്ന അത് നിർദേശിച്ചിരിക്കുന്നു. നടപ്പാക്കേണ്ട ഉത്തരവായിട്ടല്ല തൽക്കാലം ഉന്നയിച്ചിരിക്കുന്നതെങ്കിലും, നാല് ജഡ്ജിമാർക്ക് വേണ്ടി ഒരു ദലിത് ജസ്റ്റിസ് എഴുതിയ പ്രത്യേക വിധിയിലൂടെ വന്നിരിക്കുന്നതുകൊണ്ട് അതിന്റെ സ്വാധീനം വലുതാണ്. സവർണ ശക്തികൾ അതിൽ കയറിപ്പിടിക്കുമെന്നും ഒരു നിയമമെന്ന നിലയിൽ അതിന്റെ സാക്ഷാത്കാരം വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും പ്രതീക്ഷിക്കാം.
പാർലമെന്ററി പാർട്ടികളിൽ ചിലത് ഇതിനെ എതിർക്കുമെങ്കിലും പൊതുവിൽ അവർ അനുകൂലിക്കും. ഒ.ബി.സി സംവരണത്തിൽ ‘ക്രീമിലെയർ’ തത്ത്വം നടപ്പാക്കിയപ്പോൾ അതാണ് കണ്ടത്. ഇതേക്കുറിച്ചുള്ള ഒരു സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പാർലമെന്റ് അത് അനുസരിക്കാൻ ബാധ്യസ്ഥമാണെന്ന ന്യായമാണ് അന്ന് പറഞ്ഞത്. വരുമാനം നോക്കി സംവരണാനുകൂല്യം നിശ്ചയിക്കണമെന്ന തത്ത്വം, കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ ഇതിനകംതന്നെ എസ്.സി/ എസ്.ടി സംവരണത്തിൽ നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു എന്നും ഓർക്കാം.
പ്രതിവർഷം 2.5 ലക്ഷം രൂപക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ ദലിത്, ആദിവാസി വിദ്യാർഥികൾക്ക് മാത്രമേ ധനസഹായം നൽകൂവെന്ന് അത് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള കൂലിനിരക്കുകൾ കണക്കിലെടുക്കുമ്പോൾ, ദൈനംദിന കൂലിപ്പണിയെ ആശ്രയിക്കുന്ന ദലിത്, ആദിവാസി കുടുംബങ്ങളിലെ ആരും അർഹരാവില്ല എന്നാണ് ഇതിനർഥം! എട്ടു ലക്ഷം രൂപ വാർഷിക വരുമാന പരിധിയോടെ സവർണർക്ക് സംവരണം നടപ്പാക്കിയ ആദ്യ സർക്കാറുകളിലൊന്നായ പിണറായി സർക്കാറാണ് ഇത് ചെയ്യുന്നത് എന്നുകൂടി ശ്രദ്ധിക്കൂ!
സുപ്രീംകോടതി നിർദേശം പിന്തിരിപ്പൻ ക്രീമിലെയർ തത്ത്വത്തെ എസ്.സി/എസ്.ടി സംവരണങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഒ.ബി.സി സംവരണത്തിൽ അത് നടപ്പാക്കിയതിന്റെ യഥാർഥ ഗുണഭോക്താക്കൾ അവരിലെ ദരിദ്രരല്ല, സവർണരാണെന്ന് ഇതിനകം തെളിഞ്ഞതാണ്. പരോക്ഷമായി അവർക്കാണ് പ്രയോജനമുണ്ടായത്. ഒ.ബി.സിയിലെ ദരിദ്രർക്ക് ഉന്നത വിദ്യാഭ്യാസത്തിലോ ജോലിയിലോ പ്രവേശനം നേടുന്നതിന് ആവശ്യമായ യോഗ്യതകൾ മിക്കപ്പോഴും ഉണ്ടാകാറില്ല. അതേസമയം, അത്തരം യോഗ്യതകൾ ഉണ്ടായിരിക്കാൻ ഏറെ സാധ്യതയുള്ളവരെ ക്രീമിലെയർ തത്ത്വം പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നു. സംവരണ സീറ്റുകളോ തസ്തികകളോ ഒഴിഞ്ഞുകിടക്കുമ്പോൾ, സവർണ സ്ഥാനാർഥികൾ അത് കൈയടക്കുന്നു. സഹായത്തിന് അവരുടെ ജാതീയ മേൽക്കൈയുമുണ്ടല്ലോ.
ശരിയാണ്, സംവരണ ക്വോട്ട കൂടുതലായി പ്രയോജനപ്പെടുത്തിയത് ദലിത്, ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള മേൽത്തട്ടാണ്. അത് സ്വാഭാവികവുമാണ്. വർഗവ്യത്യാസങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും അതിലെ മേൽത്തട്ടാണ് കൂടുതൽ അവസരങ്ങളും കൈയടക്കുന്നത്. സംവരണത്തിലും അത് അനിവാര്യമായും കാണും. എന്നാൽ, ഇതിനുള്ള പരിഹാരം ‘ക്രീമിലെയർ’ ഒഴിവാക്കൽ തത്ത്വമല്ല. ‘എല്ലാ ക്രീമും ഞങ്ങൾക്കുമാത്രം’ എന്ന സവർണ ആർത്തിയല്ലാതെ മറ്റൊന്നുമല്ല ആ നയം.
അടിച്ചമർത്തപ്പെട്ട ജാതികളിലും ആദിവാസികളിലും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവർപോലും ഇപ്പോഴും വിവേചനം നേരിടുന്നു. വരുമാനവും വിദ്യാഭ്യാസ നിലവാരവും പരിഗണിക്കാതെ തന്നെ അവരുടെ സംവരണാവകാശങ്ങൾ ഉറപ്പാക്കാൻ അതുമതി മതിയായ കാരണം. അവരിൽ സാമ്പത്തികമായി താരതമ്യേന മെച്ചപ്പെട്ടവർ, നല്ല വിദ്യാഭ്യാസമുള്ളവർപോലും, അഭിമുഖീകരിക്കുന്ന പക്ഷപാതത്തെ പല സാമൂഹികശാസ്ത്ര പരീക്ഷണങ്ങളും സ്പഷ്ടമാക്കിയിട്ടുണ്ട്.
സംവരണ ക്വോട്ട അനുസരിച്ച് സീറ്റുകളും തസ്തികകളും അനുവദിക്കുമ്പോൾ സാമ്പത്തികശേഷിയുള്ളവരെ ഒഴിവാക്കരുത്. അതേസമയം, ദരിദ്രർക്ക് മുൻഗണന നൽകുന്ന നയം നടപ്പാക്കുകയും വേണം. അങ്ങനെ ചെയ്താൽ മർദിത ജാതികൾക്കിടയിൽ കൂടുതൽ അവശത അനുഭവിക്കുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും സാമ്പത്തികമായി മെച്ചപ്പെട്ടവർ സംവരണ അവസരങ്ങൾ കൈയടക്കുന്നത് തടയാനും കഴിയും. പക്ഷേ, എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തിൽ മാത്രം നടപ്പാക്കേണ്ട കാര്യമല്ല ഇത്. ജാതിഭേദമില്ലാതെ അത് എല്ലായിടത്തും പ്രയോഗിക്കണം.
മോശപ്പെട്ട സാമ്പത്തികനില മാത്രമല്ല, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളുടെ ലഭ്യതയിൽ ലിംഗഭേദം, ഭിന്നശേഷി, പ്രാദേശിക പിന്നാക്കാവസ്ഥ മുതലായ എല്ലാത്തരം പ്രതികൂല സാഹചര്യങ്ങൾക്കും അർഹമായ പരിഗണന നൽകണം. അത്തരം അവശതകൾ നേരിടുന്നവർക്കാകണം മുൻഗണന. സംവരണമില്ലാത്ത (ജനറൽ) സീറ്റുകളിലും തൊഴിലവസരങ്ങളിലും ഇതേ തത്ത്വം കർശനമായി പ്രയോഗിച്ചാൽ, സവർണരിലെ ദരിദ്രരുടെ പരാധീനതകൾ പരിഗണിക്കാൻ കഴിയും.
സവർണർക്കിടയിലെ ‘സാമ്പത്തികമായി ദുർബലരായ വിഭാഗ’ങ്ങൾക്ക് (ഇ.ഡബ്ല്യു.എസ്) എന്ന പേരിൽ നിലവിൽ നടപ്പാക്കുന്ന സംവരണത്തേക്കാൾ അതായിരിക്കും അവർക്ക് പ്രയോജനപ്പെടുക. പ്രതിവർഷം എട്ടു ലക്ഷം രൂപയുടെ വരുമാനപരിധി നിശ്ചയിച്ചിരിക്കുന്നതുമൂലം ഈ പദ്ധതി വഴി ദരിദ്രർക്കല്ല, അവരിലെ ഇടത്തരക്കാർക്കാണ് സംവരണം ഉറപ്പാക്കിയിരിക്കുന്നത്.
ഉപവർഗീകരണത്തിനുള്ള സുപ്രീംകോടതിയുടെ പിന്തുണ ബി.എസ്.പിയും ചില ദലിത് സംഘടനകളും എതിർത്തിട്ടുണ്ട്. ഇത് ഭിന്നിപ്പുണ്ടാക്കുമെന്നും ദലിത് ഐക്യത്തെ ബാധിക്കുമെന്നും അവർ വാദിക്കുന്നു. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണത്തിനെതിരായ സവർണ എതിർപ്പിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ഈ വാദം. സംവരണം കാരണമാണ് ജാതി ഇന്നും നിലനിൽക്കുന്നത് എന്നാണല്ലോ അവർ അവകാശപ്പെടുന്നത്! സംവരണം വഴി ദലിത് ഐക്യം ശക്തിപ്പെട്ടു എന്ന് വാദിക്കുന്നവർ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ അസമാനതകൾ സൃഷ്ടിച്ച അനൈക്യത്തിനു നേരെ കണ്ണടക്കുകയാണ്. ഇതിനെ മുൻനിർത്തി ഉയർന്നുവന്ന ആന്ധ്രയിലെ മാദിഗ പ്രക്ഷോഭം ശക്തിപ്പെടുത്തിയ അകൽച്ചകൾ അവഗണിക്കുന്നത് ആർക്കാണ് ഗുണംചെയ്യുന്നത്?
ദലിത് ഐക്യത്തെ തടയാനും ദുർബലപ്പെടുത്താനും സവർണ ശക്തികൾ, പ്രത്യേകിച്ച് ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസ്റ്റുകൾ, സംവരണത്തിലെ ഉപവർഗീകരണത്തെ ഉപയോഗിക്കാൻ തീർച്ചയായും ശ്രമിക്കും. ഇതിനകംതന്നെ തെരഞ്ഞെടുപ്പിൽ അവർ അത് ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദലിത് ജാതികളിൽ കൂടുതൽ അവശത അനുഭവിക്കുന്നവയെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുമായി അവർ ബോധപൂർവം സഖ്യമുണ്ടാക്കി. ഇത്തരം തന്ത്രങ്ങളാണോ ദലിത് ജാതികൾക്കിടയിൽ ഏറ്റക്കുറവുകൾ ഉണ്ടാക്കുന്നത്? അതോ അവ നിലനിൽക്കുന്നതുകൊണ്ടാണോ ഈ തന്ത്രങ്ങൾ സാധ്യമാകുന്നത്?
ഉത്തരം വളരെ വ്യക്തമാണ്. ദലിത് ജാതികൾക്കും ആദിവാസി ഗോത്രങ്ങൾക്കും ഇടയിലുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അവസരങ്ങളിലെ വ്യത്യാസങ്ങൾ ഒരു ഭൗതിക യാഥാർഥ്യമാണ്. അതിൽ ഒരു ജാതിയെയും ഗോത്രെത്തയും കുറ്റപ്പെടുത്താനാവില്ല. അതിന് ചരിത്രപരമായ വേരുകളുണ്ട്. എന്നിരുന്നാലും, അത് അഭിസംബോധനചെയ്തേ പറ്റൂ. ഉപവർഗീകരണത്തെ എതിർക്കുന്നത് സവർണ ശക്തികൾക്ക് സഹായകമാകുകയും ദലിത് ഐക്യത്തെ ദുർബലപ്പെടുത്തുകയുംചെയ്യും. അതിനെ സ്വാഗതം ചെയ്യുന്നത്, പ്രത്യേകിച്ച് സംവരണത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ജാതികളും ഗോത്രങ്ങളും അങ്ങനെ ചെയ്യുന്നത്, സവർണ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുകയും മർദിതരുടെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യും.
സുപ്രീംകോടതി വിധിയിൽ അർഥവത്തായതും മതിയായതുമായ പ്രാതിനിധ്യത്തെക്കുറിച്ച് പേജുകൾ എഴുതിയിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ യഥാർഥ അവസ്ഥയെക്കുറിച്ചുള്ള ചില വസ്തുതകൾകൂടി അതിൽ ചേർക്കാമായിരുന്നു. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള നിശ്ചിത ക്വോട്ടയേക്കാൾ വളരെ താഴെയാണ് ഇത്, കേന്ദ്ര തലത്തിൽപോലും.
സവർണർ, കൂടുതലും ബ്രാഹ്മണർ, വൻതോതിൽ ആധിപത്യം പുലർത്തുന്ന, സ്വന്തം ഘടനക്കുള്ളിലെ ‘അർഥവത്തായതും മതിയായതുമായ’ പ്രാതിനിധ്യത്തിന്റെ കാര്യവും സുപ്രീംകോടതിക്ക് പരിഗണിക്കാമായിരുന്നു. ദലിതർക്കും ആദിവാസികൾക്കും ഇടയിലെ അവശരോട് കോടതി കാട്ടുന്ന കരുതലിന്റെ അത്രതന്നെ ആശങ്ക ഭരണഘടന അനുശാസിക്കുന്ന അവസരങ്ങൾ ഈ മർദിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിനെ കുറിച്ചും ഉണ്ടാകേണ്ടിയിരുന്നു. അതും മതിയാവില്ലെങ്കിലും അർഥവത്തായേനെ.
അപ്പോൾ സമ്മിശ്ര സ്വഭാവമുള്ളതാണ് ഈ വിധി. അതുനൽകുന്ന സാധ്യതകളിൽ കയറിപ്പിടിച്ച് മുന്നേറാനും സംവരണത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും ശ്രമിക്കണം. അതാണ് വേണ്ടത്. ജാതി സെൻസസ് നടത്താൻ സംസ്ഥാന-കേന്ദ്ര സർക്കാറുകളെ നിർബന്ധിക്കുന്നതിന് അതിനെ ഉപയോഗിക്കണം. ജാതികളുടെയും ഗോത്രങ്ങളുടെയും ജനസംഖ്യകൾ മാത്രമല്ല, അവ നിയന്ത്രിക്കുന്ന വിഭവങ്ങളും കണക്കാക്കണം. ഉപവർഗീകരണത്തിന് ഇത്തരമൊന്ന് നടപ്പാക്കണം എന്ന് കോടതി വിധി നിർബന്ധിക്കുന്നുണ്ട്.
ദലിത്, ആദിവാസി വിഭാഗങ്ങളിലേക്ക് അത് ചുരുക്കാതെ മുഴുവൻ സമൂഹത്തിനും ബാധകമാക്കുമെന്ന് ഉറപ്പുവരുത്തണം. വ്യത്യസ്ത ജാതി, ഗോത്ര വിഭാഗങ്ങളുടെ യഥാർഥ അവസ്ഥ, ആർക്കാണ് നേട്ടം, എത്ര, എന്ന് വെളിപ്പെടുത്താൻ ജാതി സെൻസസ് വളരെയധികം സഹായിക്കും.
മുമ്പേ പ്രതീക്ഷിച്ച അവസ്ഥക്ക് ബിഹാർ സർവേ സ്ഥിരീകരണം നൽകിയത് നാം കണ്ടതാണ്. ന്യൂനപക്ഷം വരുന്ന സവർണ ജാതികളാണ് ഭൂരിഭാഗം വിഭവങ്ങളും ഉദ്യോഗങ്ങളും നിയന്ത്രിക്കുന്നതെന്ന് അത് അക്കമിട്ട് തെളിയിച്ചു. രാജ്യമാകെ അതായിരിക്കും അവസ്ഥ. അഖിലേന്ത്യാ ജാതി സെൻസസിലൂടെ സംശയാതീതമായി അത് സ്ഥിരീകരിക്കാനാകും. ജാതിസംവരണത്തിനു മേൽ ഏകപക്ഷീയമായി അടിച്ചേൽപിച്ച 50 ശതമാനം പരിധി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ശക്തമായ പ്രസ്ഥാനങ്ങൾക്ക് അത് വഴിതുറക്കും.
സംവരണം വഴി കോടിക്കണക്കിന് ദലിത്, ആദിവാസി ഭൂരഹിത, ദരിദ്ര കർഷകരുടെയോ തൊഴിലാളികളുടെയോ മോചനം ഉണ്ടാകാൻ പോകുന്നില്ല. ഉപവർഗീകരണം നടപ്പാക്കിയാലും അവരിലെ ചെറിയൊരു പങ്കിനേ നേട്ടമുണ്ടാകൂ. ഈ അളവല്ല, ഗുണപരമായി അത് ചെലുത്തുന്ന സ്വാധീനമാണ് പ്രധാനം. ആരുടെയും ഔദാര്യമല്ല സംവരണാനുകൂല്യങ്ങൾ.
രാജ്യത്തിലെ വിഭവങ്ങൾക്കും അവസരങ്ങൾക്കും മേലെയുള്ള ഈ സാമൂഹിക വിഭാഗങ്ങളുടെ അവകാശമാണത്. അത് പ്രയോഗിക്കാൻ സംവരണം വഴി ലഭിച്ച പരിമിതമായ അവസരംപോലും ബൗദ്ധികവും ഭൗതികവുമായ രംഗങ്ങളിൽ സൃഷ്ടിച്ച ഉണർവ് അനിഷേധ്യമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്ത ഈ അവകാശം പോരാട്ടത്തിലൂടെ സംരക്ഷിക്കണം.
സംവരണത്തിൽ ക്രീമിലെയർ തത്ത്വം നടപ്പാക്കാനുള്ള നിർദേശവും ഉപവർഗീകരണത്തെ കുറിച്ചുള്ള തീർപ്പും വേർതിരിച്ചു കാണണം. ഉപവർഗീകരണത്തെ എതിർക്കുന്നത് സവർണശക്തികൾക്ക് സഹായകമാകുകയും ദലിത് ഐക്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.
അതിനെ സ്വാഗതം ചെയ്യുന്നത്, പ്രത്യേകിച്ച് സംവരണത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ജാതികളും ഗോത്രങ്ങളും അങ്ങനെ ചെയ്യുന്നത്, സവർണ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുകയും മർദിതരുടെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തിൽ, ജാതി സെൻസസും ആനുപാതിക പ്രാതിനിധ്യവും വേണമെന്ന ആവശ്യം ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസത്തിനെതിരായ ചെറുത്തുനിൽപിന് വലിയ ഉത്തേജനം നൽകും. പുതിയ സാധ്യതകൾ കടന്നുപിടിച്ച് മുന്നേറാൻ അത് ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.