ജോർജ് വിൽഹെം ഫ്രെഡറിക് ഹെഗൽ ജനിച്ചിട്ട് ആഗസ്റ്റ് 27ന് 255 വർഷങ്ങൾ. മാർക്സിയൻ ചിന്തക്ക് ഉപോദ്ബലകമായ ഹെഗലിന്റെ ചിന്തകളെയും വൈരുധ്യത്തെയും കുറിച്ച് എഴുതുകയാണ് ലേഖകൻ.
ഹെഗൽ ഹെഗൽ എന്ന് ഒരു നൂറ് പ്രാവശ്യം മാർക്‌സിസ്റ്റുകൾ പറയാറുണ്ടെങ്കിലും എന്താണ് ഹെഗലിയനിസം എന്ന് പല എഴുത്തുകാരായ കമ്യൂണിസ്റ്റുകാർക്കും അറിയില്ല. കാരണം മാർക്‌സിസം പഠിച്ചെടുക്കുന്നതിനേക്കാൾ വളരെയേറെ ബുദ്ധിമുട്ടാണ് ഹെഗലിയനിസം പഠിച്ചെടുക്കുക എന്നത്. നമ്മുടെ നാട്ടിൽ ബുദ്ധിജീവികളായ ഒരുപാട് മാർക്‌സിസ്റ്റ് പണ്ഡിതരും എഴുത്തുകാരും സൈദ്ധാന്തികരുമുണ്ടെങ്കിലും, എന്റെ അറിവിൽ ഹെഗലിയനിസത്തെ സംബന്ധിച്ച് മലയാളത്തിൽ ഇന്നേവരെ ഒരു ഈടുറ്റ ഗ്രന്ഥവും പ്രസിദ്ധീകരിച്ചില്ല. മെച്ചപ്പെട്ട ഒരു ലേഖനംപോലും ഹെഗലിയനിസത്തെപ്പറ്റി ആരും എഴുതിയിട്ടില്ല.
മാർക്‌സിസം പഠിക്കുന്നതിന്റെ മുന്നോടിയായി ഹെഗലിയനിസം മനസ്സിലാക്കിയിരിക്കണമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ തത്ത്വശാസ്ത്രസംബന്ധമായ കൃതികളിൽ നാം (മലയാളം) വലിയ ദാരിദ്ര്യമാണ് അനുഭവിക്കുന്നത്. സാധാരണക്കാർക്കും തത്ത്വചിന്ത എന്താണെന്ന് മനസ്സിലാക്കണ്ടേ. ഈടുറ്റ പാശ്ചാത്യ വൈജ്ഞാനിക സാഹിത്യത്തിൽ മലയാളഭാഷ ഇപ്പോഴും വലിയ ദാരിദ്ര്യമനുഭവിക്കുകയാണെന്ന് പറയേണ്ടിവരുന്നതിൽ ഖേദിക്കുന്നു. എന്നാൽ, ഒറ്റപ്പെട്ട ചില ഗ്രന്ഥങ്ങളില്ല എന്നല്ല പറഞ്ഞുവരുന്നത്.
ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റിക്ക് ചുറ്റിനുമുള്ളവർ തത്ത്വശാസ്ത്രവിഷയത്തിൽ തൽപരരാണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. നമുക്കും ഒരു പാശ്ചാത്യ തത്ത്വശാസ്ത്ര പാരമ്പര്യം വളർത്തിയെടുക്കണം. എന്നാൽ, ഭാരതീയ തത്ത്വചിന്തയിൽ നമുക്ക് കുറച്ചൊക്കെ മലയാളഗ്രന്ഥങ്ങളുണ്ട്. മാത്രവുമല്ല, ഭാരതീയർക്ക് സഹജമായ ഒരു തത്ത്വചിന്താവബോധവുമുണ്ട്. അതിലുപരി, നമ്മുടെ ജീവിതശൈലിയിലും സംസ്‌കാരത്തിലും പെരുമാറ്റത്തിലുമെല്ലാം ദാർശനികതയുടെ ഒരു സ്വാത്വിക സംസ്‌കൃതി സഹജമായി അലിഞ്ഞു ചേർന്നിട്ടുമുണ്ട്.
എന്നാൽ, ഞാൻ പറഞ്ഞുവരുന്നത് പാശ്ചാത്യ ദാർശനികചിന്തയെ സംബന്ധിച്ചാണ്. ഒരു തത്ത്വചിന്താ വിദ്യാർഥി ഭാരതീയതത്ത്വചിന്തയെന്നോ, പാശ്ചാത്യ തത്ത്വചിന്തയെന്നോ, പഠനകാര്യത്തിൽ വേർതിരിവ് വെച്ച് പുലർത്താൻ പാടില്ല. ഹെഗലിയനിസമോ മാർക്‌സിസമോ ഗാന്ധിസമോ അദ്വൈതമോ ദ്വൈതമോ എന്തുമാകട്ടെ, എല്ലാം നാം നമ്മുടെ ഹൃദയകവാടം തുറന്നിട്ട് പഠിക്കണം. അങ്ങനെ തത്ത്വശാസ്ത്രം പഠിച്ച് നമുക്ക് വലിയ മനുഷ്യരാകാം. ‘‘ഇല്ലാത്ത കരിംപൂച്ചയെ ഇരുട്ടിൽ തപ്പുന്ന ഒരാളെപ്പോലെയാണ്’’ തത്ത്വചിന്തകരെന്ന് പൊതുവെ ഒരഭിപ്രായമുണ്ട്. അതെന്തായാലും ‘‘തത്ത്വശാസ്ത്രത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന ഏതൊരു മനുഷ്യനും മരിക്കാൻ തയാറായിരിക്കണം’’ എന്ന ഗ്രീക് ദാർശനികനായ സോക്രട്ടീസിന്റെ വചനം അനുസ്മരിച്ചുകൊണ്ട് നമുക്ക് ഹെഗലിനെ പരിചയപ്പെടാം.
ആരംഭത്തിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ ആരാധകനായിരുന്ന ജോർജ് വിൽഹം ഫ്രെഡറിക് ഹെഗൽ 1770ൽ (ആഗസ്റ്റ് 27) ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ ജനിച്ചു. പിതാവ് ഫിനാൻസ് ഡിപ്പാർട്മെന്റിലെ പ്രഗല്ഭനായ സബോർഡിനേറ്റ് ഓഫിസർ ആയിരുന്നു.
പിതാവിന്റെ സാമ്പത്തിക സുരക്ഷിതത്വം മകന് അക്കാലത്ത് ഏറ്റവും സാധ്യമായ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിക്കൊടുത്തു. ഒരു സിവിൽ സെർവന്റിന്റെ മകനുവേണ്ട ചിട്ടയായ സ്വഭാവത്തോടെയും ക്ഷമാശക്തിയോടെയും ഉത്കൃഷ്ടഗുണങ്ങളോടെയും വളർന്നുവന്ന ഹെഗൽ, ടുബിൻജൻ (Tubingen) യൂനിവേഴ്‌സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദമെടുത്തു. എന്നാൽ, തിയോളജിയിൽ താൽപര്യം നഷ്ടപ്പെട്ട ഹെഗൽ, പിന്നീട് ഗ്രീക് റോമൻ ക്ലാസിക്കുകൾ പഠിക്കാൻ തുടങ്ങി.
സ്വിറ്റ്‌സർലൻഡിലെ ബേണിൽ പ്രൈവറ്റ് ട്യൂട്ടറായി പ്രവേശിച്ചു. 1799ൽ പിതാവ് മരിച്ചതിനെത്തുടർന്ന് അച്ഛന്റെ ഒസ്യത്തിന്റെ ഭാഗമായ ഒരു വമ്പിച്ച തുക അദ്ദേഹത്തിന് ലഭിക്കുകയും തുടർന്ന് പ്രൈവറ്റ് ട്യൂട്ടർ ജോലി ഉപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം 1801ൽ ഒരു ജോലി തേടി ജന യൂനിവേഴ്‌സിറ്റിയിലെത്തിയെങ്കിലും അവിടെ ഒരു പ്രൈവറ്റ് ടീച്ചറായി തർക്കശാസ്ത്രവും (Logic) അതിഭൗതികശാസ്ത്രവും (Metaphysics) പഠിപ്പിക്കുന്നതിനുള്ള അവസരമാണ് കിട്ടിയത്. അവിടെ ഒരു അധ്യാപകൻ എന്നനിലയിൽ അദ്ദേഹം വിപുലമായ പ്രശസ്തി ആർജിക്കുകയും അങ്ങനെ അക്കാലത്ത് (1805ൽ) ആരെയും അസൂയപ്പെടുത്തുന്ന പ്രഫസർ പദവി നേടിയെടുക്കുകയുംചെയ്തു. എന്നാൽ, 1806ൽ നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യം പ്രഷ്യ ആക്രമിച്ചതിനെത്തുടർന്ന് ജന യൂനിവേഴ്‌സിറ്റി അടച്ചിടേണ്ടിവന്നു.
ഫ്രഞ്ച് സൈന്യം ഹെഗലിന്റെ വീട് ആക്രമിച്ചതിനെ തുടർന്ന് അദ്ദേഹം തന്റെ വിലപിടിച്ച ഗ്രന്ഥത്തിന്റെ (Phenomenology of spirit) കൈയെഴുത്ത് പ്രതിയുമായി ഒരു തത്ത്വശാസ്ത്രജ്ഞനെപ്പോലെ അവിടംവിട്ടുപോയി. കുറച്ചുനാൾ ഒരു പത്രത്തിന്റെ പത്രാധിപരായി ജോലിനോക്കി. പിന്നീട് യൂറോപ്പിലെ നിരവധി സർവകലാശാലകൾ അദ്ദേഹത്തിന് പ്രഫസർ പദവി വെച്ചുനീട്ടുകയും അങ്ങനെ ഹൈഡൽബർഗ് യൂനിവേഴ്‌സിറ്റിയിൽ 1818 വരെ അദ്ദേഹം അധ്യാപനം ചെയ്യുകയുംചെയ്തു. ഇതിനകംതന്നെ അദ്ദേഹം യൂറോപ്പിലാകെ തത്ത്വശാസ്ത്രത്തിന്റെ അധിപനായിത്തീർന്നിരുന്നു. 1818ൽ ജർമനിയിലെ ബർലിൻ സർവകലാശാലയിലെ തത്ത്വശാസ്ത്ര വിഭാഗം തലവനായതോടെ ഹെഗൽ അന്തർദേശീയ പ്രശസ്തിയുള്ള വ്യക്തിത്വമായിത്തീർന്നു.
1807ൽ ഹെഗലിന്റെ Phenomenology of spirit പ്രസിദ്ധീകരിച്ചു. 1817ൽ Encyclopaedia of Philosophical Sciences എന്ന പുസ്തകമെഴുതി. തത്ത്വശാസ്ത്ര വിദ്യാർഥികൾക്കുവേണ്ടി The Philosophy of History, The Philosophy of Right എന്നീ രണ്ട് പ്രധാന ഗ്രന്ഥങ്ങൾ രചിച്ചു. 1831ൽ ഉണ്ടായ കോളറബാധയെത്തുടർന്ന് ആ മഹത്തായ ജീവിതത്തിന് 61ാം വയസ്സിൽ തിരശ്ശീല വീണു. തന്റെ ബർലിൻ സർവകലാശാലാ ജീവിതകാലത്ത് ഗോയ്ഥെ വിശ്വസാഹിത്യത്തിലും ബിഥോവൻ സംഗീതലോകത്തും നേടിയ കീർത്തിയോളം, ഹെഗലും തത്ത്വശാസ്ത്രലോകത്തെ മഹാരഥനായിത്തീരുകയുണ്ടായി (History of Political Thought - P.G. Das).
ഡയലക്ടിക്‌സ്
ഹെഗലിന്റെ തത്ത്വശാസ്ത്രവിശകലനത്തിലെ കേന്ദ്ര ആശയം ഡയലക്ടിക്‌സ് ആണ്. ഹെഗൽ ഹൃദയവികാരത്തെയും യുക്തിവിചാരത്തെയും ധാർമികതയെയും തന്റെ താർക്കിക അപഗ്രഥനത്തിലൂടെ സംശ്ലേഷിപ്പിച്ചു. ഗ്രീക് പദമായ Dialektike എന്നതിൽനിന്ന് നിഷ്പന്നമായതാണ് ഡയലക്ടിക്‌സ്. സത്യാന്വേഷണത്തിന്റെ കലയും ഉപാധിയും രീതിശാസ്ത്രവുമായാണ് ഡയലക്ടിക്‌സിനെ തത്ത്വചിന്തകർ ഉപയോഗിക്കുന്നത്. തത്ത്വചിന്തകന്റെ കൈയിൽ ഡയലക്ടിക്‌സ് സത്യാന്വേഷണത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ്.
മഹാത്മാ ഗാന്ധി,കാൾ മാർക്സ്,
ഒരു വിവാദവിഷയത്തിൽ ഒരു അഭിപ്രായം മറ്റൊരു അഭിപ്രായവുമായി നടത്തുന്ന സംഘട്ടനത്തെ തുടർന്ന് സംഭവിക്കുന്ന പുതിയ തീരുമാനമോ സിദ്ധാന്തമോ രൂപമെടുക്കുന്ന പ്രക്രിയയാണ് ഡയലക്ടിക്‌സ് (വൈരുധ്യശാസ്ത്രം). അതുകൊണ്ട് സത്യം കണ്ടെത്താൻ നടത്തുന്ന രീതിശാസ്ത്രത്തിനാണ് ഡയലക്ടിക്‌സ് എന്നുപറയുന്നത്. മനുഷ്യരുടെ പ്രശ്‌നങ്ങളിൽ യുക്തിവിചാരത്തിന്റെ ചലനശാസ്ത്രം എന്തെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഡയലക്ടിക്‌സിനെയാണ് ഹെഗൽ തന്റെ അപഗ്രഥനത്തിന് ഉപയോഗിച്ചത്. ഡയലക്ടിക്‌സ് സത്യാന്വേഷണത്തിന്റെ ഒരു ഉപാധിയും ഉപകരണവും രീതിശാസ്ത്രവുമാണ്. ഇത് പഴയതെങ്കിലും പുതിയതൊരുതരം വിചിന്തന ശാസ്ത്രമാണ്.
ബി.സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏലിയായിലെ സെനൊ എന്ന ചിന്തകനാണ് ഡയലക്ടിക്‌സ് എന്നപദം ആദ്യമായി ഉപയോഗിക്കുന്നത്. ഗ്രീക് ചിന്തകനും സോഫിസ്റ്റുമായ പ്രോട്ടഗോറസ് ആണ് ഈ പദത്തിന് വ്യക്തമായ രീതിശാസ്ത്രപരമായ അർഥവും മൂല്യവും പ്രദാനം ചെയ്തത്. സോക്രട്ടീസ് ഡയലക്ടിക്‌സിനെ സംവാദത്തിന്റെ ഒരു കലയായിട്ടാണ് ഉപയോഗിച്ചത്. എന്നാൽ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ, സോക്രട്ടീസിന്റേത് ഡയലക്ടിക്കൽ രീതിശാസ്ത്രമല്ലായിരുന്നു.
അരിസ്റ്റോട്ടിൽ ഡയലക്ടിക്‌സിനെ ഇൻഡക്ടിവ് റീസനിങ് (Inductive reasoning) എന്നാണ് (epagogic) വിളിച്ചത്. പ്ലേറ്റോ തന്റെ ഡയലോഗുകളിൽ ഡയലക്ടിക്കൽ രീതിശാസ്ത്രത്തെ പുനരുജ്ജീവിപ്പിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്തു. അദ്ദേഹം ഡയലക്ടിക്‌സിനെ തത്ത്വചിന്തയുടെ ഉന്നതമായ രീതിശാസ്ത്രമായി പരിഗണിക്കുകയും അതിനെ ശാസ്ത്രത്തിന്റെ തൊപ്പിക്കല്ലായി മഹത്ത്വവത്കരിക്കുകയും ചെയ്തു. ക്രിസ്തീയ ദൈവശാസ്ത്രപണ്ഡിതനായ പീറ്റർ അബലാഡ് ആണ് ഡയലക്ടിക്‌സിന് (വൈരുധ്യശാസ്ത്രം) സമ്പൂർണമായ ഒരു രീതിശാസ്ത്ര ട്രീറ്റ്‌മെന്റിന് (methodological treatment) അടിത്തറയിട്ടത്. പിന്നീട് ഇമ്മാനുവേൽ കാന്റും ഫിഷേയും ഹെഗലും കാൾമാർക്‌സും ഡയലക്ടിക്‌സിനെ ഒരു രീതിശാസ്ത്രമെന്ന നിലയിൽ വികസിപ്പിച്ചെടുത്തു (Dialectics –നടരാജ ഗുരു).
ഹെഗലിയൻ ദർശനം
ഹെഗലിന്റെ ജനറൽ തീസിസ് എന്തെന്നാൽ ആശയം, ആത്മാവ് അഥവാ ചൈതന്യം ഇവയാണ് പരമപ്രധാനമായിട്ടുള്ളത്. പദാർഥത്തിന് ദ്വിതീയ പ്രാധാന്യം മാത്രമേയുള്ളൂ. ഈ പ്രപഞ്ചത്തിൽ ആത്മാവാണ് (spirit) പ്രഥമവും യാഥാർഥ്യവുമായിട്ടുള്ളത്. ആത്മാവ് പ്രകൃതിയിലൂടെയും മനുഷ്യനിലൂടെയും പ്രകടിതമാവുകയാണ്. പ്രകൃതിയുടെയും മനുഷ്യന്റെയും അതിന്റെ കോമ്പിനേഷനിലൂടെയും പ്രതിഫലിക്കുന്ന ആത്മാവാണ് മനുഷ്യചരിത്രം.
ആശയം, ആത്മാവ്, മനസ്സ് അഥവാ ചൈതന്യം, ഇവയുടെ വസ്തുവത്കരണവും പ്രതിഫലനവുമാണ് പദാർഥത്തിന്റെ അന്തസ്സത്ത. വിശ്വാത്മാവ് (world spirit) പ്രകൃതിയും മനുഷ്യനുമായി പ്രകടീഭവിക്കുന്നു. പ്രകൃതിയിലൂടെ പ്രതിഫലിക്കുന്ന ആത്മാവിന്റെ സാന്നിധ്യമാണ് മനുഷ്യൻ.
പ്രകൃതി, മനുഷ്യൻ, സമൂഹം, ധാർമികത, കല, മതം, തത്ത്വചിന്ത തുടങ്ങിയവ എന്താണെന്ന് വിശകലനംചെയ്ത് അനാവരണം ചെയ്യുന്നതിലൂടെ ആത്മാവിന്റെ പ്രകൃതം എന്താണെന്ന് ഹെഗൽ തന്റെ ‘ഫിനോമിനോളജി ഓഫ് സ്പിരിറ്റ്’ എന്ന തത്ത്വശാസ്ത്ര ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. രാഷ്ട്രത്തെയും നിയമത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ ‘ഫിലോസഫി ഓഫ് റൈറ്റ്’ എന്ന പ്രബന്ധത്തിൽ ആത്മാവിന്റെ (geist, spirit) പ്രകൃതം എന്താണെന്ന് വിശകലനംചെയ്ത് വെളിപ്പെടുത്താൻ ശ്രമിക്കുന്നു. ഈ വിഷയംതന്നെ വിശകലനംചെയ്ത് വിശദീകരിക്കാനാണ് ഹെഗൽ തന്റെ philosophy of history, philosophy of art, philosophy of religion തുടങ്ങിയ കൃതികളിൽ ശ്രമിക്കുന്നത്.
ദൈവശാസ്ത്രം പഠിച്ചുതുടങ്ങിയ ഹെഗൽ, പിന്നീട് അതിനെയൊക്കെ ബഹുദൂരം പിന്തള്ളിക്കൊണ്ട് വിജ്ഞാനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് വളർന്ന് വികസിച്ചു. ബർലിൻ യൂനിവേഴ്‌സിറ്റിയിലെ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ തലപ്പത്തേക്ക് ക്ഷണിക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം ഒട്ടേറെ സർവകലാശാലകളിൽ തത്ത്വശാസ്ത്ര വിഷയം പഠിപ്പിക്കുകയുണ്ടായി. പ്രശസ്തിയുടെ ഉച്ചകോടിയിലെത്തിയപ്പോഴാണ് അദ്ദേഹം ബർലിനിൽ പടർന്നുപിടിച്ച കോളറ രോഗത്തിന് അടിപ്പെട്ട് 61ാം വയസ്സിൽ അന്തരിക്കുന്നത്.
പ്രകൃതിയാണ് പദാർഥത്തിന്റെ വ്യവഹാരമണ്ഡലം എന്ന യാഥാർഥ്യത്തിന് വിരുദ്ധമായി, മനസ്സിന്റെ (ആത്മാവ്) വ്യവഹാരമണ്ഡലമാണ് ചരിത്രം എന്ന് ഹെഗൽ ചരിത്രത്തെ അപഗ്രഥിച്ച് സിദ്ധാന്തിക്കുന്നു. ചരിത്രത്തിൽ, സ്വാതന്ത്ര്യത്തിന്റെ സത്തയുടെയും രൂപത്തിന്റെയും പ്രവർത്തനത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്നത് മനസ്സ് അല്ലെങ്കിൽ ആത്മാവാണ്. ഇത് ഏതൊരു ചരിത്രനിയമത്തിന്റെയും മുൻകൂർ വ്യവസ്ഥയാണ്.
പ്രവർത്തിക്കാനുള്ള ശേഷിയാണ് സ്വാതന്ത്ര്യം. അതാണ് നിയമമണ്ഡലത്തിൻ കീഴിൽ സ്വാതന്ത്ര്യമെന്തെന്ന് നിർവചിക്കുന്നത്. വിശ്വാത്മാവിന്റെ (spirit) ചരിത്രത്തിലൂടെയുള്ള കാലഗതിയിൽ ഒട്ടേറെ അക്രമങ്ങളും സംഘട്ടനങ്ങളും അനിവാര്യമാകുന്നു. ഇത് ചെറിയ മനുഷ്യരിൽ അശുഭാപ്തി വിശ്വാസവും ദോഷൈകദൃഷ്ടിയും വിതക്കുന്നു. എന്നാൽ, ആത്മാവിന്റെ കാലഗതിയിൽ ഉണ്ടാകുന്ന അക്രമത്തിന്റെയും സംഘർഷത്തിന്റെയും അനിവാര്യമായ വ്യവസ്ഥയിലൂടെയാണ് സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുന്നത്. ചരിത്രത്തിന്റെ പുരോഗതിയിലേക്കുള്ള വിജയകരമായ ഈ പ്രയാണം ഒരിക്കലും മുൻകൂട്ടി അടയാളപ്പെടുത്താതെയുള്ള അന്ധമായ ആത്മാവിന്റെ പ്രക്രിയയാണ്.
ചരിത്രത്തിലെ വ്യക്തികൾക്ക് വൻ വില കൊടുക്കേണ്ടിവരുന്ന ദുരന്തങ്ങളിലൂടെയുള്ള ഈ പുരോഗതിയിലേക്കുള്ള ആത്മാവിന്റെ പ്രയാണം ഗുണകരമാകുന്നത്, സ്വാതന്ത്ര്യത്തിന്റെ വമ്പിച്ച സാധ്യതകൾ തുറന്നിടുന്നതു വഴിയാണ്. രാഷ്ട്രത്തിനകത്തും രാഷ്ട്രങ്ങൾ തമ്മിലുമുള്ള അന്തഃസംഘർഷങ്ങളും ബാഹ്യസംഘർഷങ്ങളും മൂലമുണ്ടാകുന്ന അന്ധമായ ദുർഘടസന്ധികളിലൂടെയും വേദനയിലൂടെയും രൂപവത്കരിക്കപ്പെടുന്ന മാനവചരിത്രത്തിന്റെ സ്വഭാവവത്കരണത്തിൽ, സംഘടിതജീവിതത്തിനായി, ആത്മാവ് അതിന്റെ ഉന്നതമായ സാക്ഷാത്കാരത്തിലൂടെ വ്യക്തിയുടെ സ്വാതന്ത്ര്യം സാധ്യമാക്കുന്നു.
ജീവിതത്തിന്റെ ഹ്രസ്വകാലയളവിൽ (short range), ചരിത്രത്തിന്റെ ഈ സ്വഭാവം ഘോരവും ബീഭത്സവുമാണെങ്കിലും ദീർഘകാലയളവിൽ (long range) ശുഭാപ്തികരമായി വ്യക്തിയുടെ സ്വാതന്ത്ര്യസാക്ഷാത്കാരത്തിൽ പര്യവസാനിക്കുന്നു. ചരിത്രത്തിന്റെ മാർച്ചിൽ, നാഗരികതയുടെ വഴിത്തിരിവിൽ, ഈ പ്രപഞ്ചത്തിന്റെ ജീവാത്മാവ് (world spirit) ചില വ്യക്തികളെ ചരിത്രത്തെ നയിക്കാനായി ഉപകരണമാക്കുന്നു. ഇവരാണ് ചരിത്രത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ പരിഹരിച്ച് മുമ്പോട്ടു കൊണ്ടുപോകുന്ന ചരിത്രത്തിലെ മഹാന്മാരും അതികായകന്മാരുമായിത്തീരുന്നത്.
ചരിത്രത്തിന്റെ ലക്ഷ്യം ദേശരാഷ്ട്രത്തിന്റെ വളർച്ചയും വികാസപരിണാമവുമാണ്. മനുഷ്യന്റെ യുക്തിപൂർവകമായ ഇച്ഛാശക്തിയുടെ അനുസ്യൂതമായ പ്രയോഗം സ്വാതന്ത്ര്യത്തിന്റെ വികാസം സാധ്യമാക്കുന്നു. ഹെഗലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ദൈവത്തിന്റെ ഭൂമിയിലൂടെയുള്ള ജൈത്രയാത്രയാണ്. സ്വതന്ത്രമായ ദേശത്തിന്റെ ശക്തമായ സംഘാടനമാണ് രാഷ്ട്രം. ദേശരാഷ്ട്രങ്ങളുടെ ബാഹുല്യം യുദ്ധത്തെ അനിവാര്യമാക്കുകയും അത് (യുദ്ധം) ദേശരാഷ്ട്രത്തെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദൈവമാകുന്ന ചരിത്രത്തിന്റെ കഠിനവും സാഹസികവുമായ ജൈത്രയാത്രയിലെ അതിജീവനത്തിന് അതീതമായി രാഷ്ട്രങ്ങൾക്ക് ന്യായാധിപന്മാർ ഉണ്ടാകാറില്ല.
ലോകത്തിന്റെ ചരിത്രം ലോകത്തിന്റെ നീതിന്യായ കോടതിയാണ്. അങ്ങനെ ഹെഗൽ ചരിത്രത്തെ ദൈവികമാക്കുകയാണ്. ചരിത്രത്തിന്റെ തത്ത്വശാസ്ത്രം (philosophy of history) എന്നാൽ ചരിത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും കാരണങ്ങളും (rationale of history)എന്നാണ് അർഥം. ചരിത്രത്തിന്റെ ധ്യാനനിഷ്ഠയിലേക്ക് തത്ത്വശാസ്ത്രം കൊണ്ടുവരുന്ന ഒരേയൊരു ചിന്ത, യുക്തിയെപ്പറ്റിയുള്ള ലളിതമായ ധാരണയാണ് (conception of reason). അതായത് യുക്തിയാണ് ലോകത്തിന്റെ പരമാധികാരിയും ലോകത്തിന്റെ ചരിത്രവും.
അതുകൊണ്ട് ലോകത്തിന്റെ ചരിത്രം നമുക്ക് മുന്നിൽ ഒരു യുക്തിപരമായ പ്രക്രിയ അവതരിപ്പിക്കുന്നു. ഈ അന്തഃകരണബോധവും വെളിപാടുമെല്ലാം ചരിത്രത്തിന്റെ തനതായ മണ്ഡലത്തിലെ പരികൽപനകളാണ്. യുക്തിയുക്തമായതെല്ലാം യാഥാർഥ്യമാണ്. യാഥാർഥ്യമായതെല്ലാം യുക്തിയുക്തമാണ്. (‘The rational is actual (real) and the actual is rational’).
ചരിത്രത്തിന് അത്യന്താപേക്ഷിതമായ ചില പൂർവോദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്. മുൻകൂട്ടിയുള്ള ഉദ്ദേശ്യത്തോടെ ചരിത്രരചന നടത്തുന്നു എന്ന് തത്ത്വചിന്ത ആക്ഷേപിക്കപ്പെടാറുണ്ട്. എന്നാൽ, ചരിത്രകാരൻ എപ്പോഴും നിഷ്പക്ഷവും നീതിപൂർവകവുമായി ചരിത്രരചന നടത്തുന്ന ന്യായാധിപനായിരിക്കണം എന്ന് ഹെഗൽ ശഠിക്കുന്നു. പ്രകൃതിയും പദാർഥത്തിന്റെ വ്യവഹാരമണ്ഡലവുമായല്ല, ലോകചരിത്രം ആത്മാവിന്റെ വ്യവഹാരമണ്ഡലവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ലോകചരിത്രത്തിന്റെ സ്റ്റേജിൽ ആത്മാവ് അതിന്റെ ഉഗ്രമായ സമൂർത്ത യാഥാർഥ്യത്തിൽ സ്വയം പ്രദർശിപ്പിക്കുന്നു. ആത്മാവിന്റെ പ്രകൃതിയെ പദാർഥത്തിന്റെ വിരുദ്ധാർഥത്തിൽ മനസ്സിലാക്കപ്പെടണം.
ചലനമാണ് പദാർഥത്തിന്റെ അന്തസ്സത്തയെങ്കിൽ സ്വാതന്ത്ര്യമാണ് ആത്മാവിന്റെ മൂലതത്ത്വം (അന്തസ്സാരം). ആത്മാവിൽ അന്തർലീനമായി അടങ്ങിയിരിക്കുന്ന ഉഗ്രശക്തിയുടെ പ്രകടനമാണ് ലോകചരിത്രം. ‘‘പ്രപഞ്ച പ്രവാഹത്തിന്റെ ചലനാത്മകമായ ജീവാത്മാവാണ് ഡയലക്ടിക്‌സ്.’’ ആത്മാവാണ് ചരിത്രത്തിന്റെ ചലനാത്മകമായ ശക്തിസ്രോതസ്സ്. ചരിത്രത്തിന്റെ മാർഗദർശക തത്ത്വങ്ങളായ ആത്മാവിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനന്തമായ വികാസമാണ് അതിന്റെ ലക്ഷ്യം. ചരിത്രത്തിലെ യുക്തിപരത എന്ന ഈ തത്ത്വദർശനം ഭാഗികമായി പ്രഥമദൃഷ്ട്യാ സത്യവും ഭാഗികമായി ദാർശനിക ഉൾക്കാഴ്ചയുള്ളതുമാണ്.
ഹെഗലിയൻ ദർശനപ്രകാരം, ആത്മാവിന്റെ അന്തസ്സത്ത സ്വാതന്ത്ര്യമാണ് എങ്കിൽ, ആത്മാവിന്റെ ചരിത്രമായ ലോകത്തിന്റെ ചരിത്രം, സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അവബോധത്തിന്റെ വളർച്ച വികാസത്തിന്റെ ചരിത്രമാണ്. ആത്മാവ് സ്വാതന്ത്ര്യമാണെന്ന അറിവ് നേടാൻ കഴിയാത്തതിനാലായിരുന്നു പുരാതന പൗരസ്ത്യർക്ക് അടിമത്തത്തിൽ കഴിയേണ്ടിവന്നത്. അവർ സമൂഹത്തിൽ ഒരുവന് മാത്രം സ്വാതന്ത്ര്യം കൽപിച്ച് കൊടുക്കുകയും അങ്ങനെ അയാൾ ചരിത്രത്തിലെ ക്രൂരനായ സ്വേച്ഛാധിപതിയാവുകയുമാണുണ്ടായത്.
സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അവബോധം ആദ്യം ഗ്രീക്കുകാരിൽ അങ്കുരിച്ചതിനാലാണ് അവർ ആദ്യം സ്വതന്ത്രരായത്. എന്നാൽ റോമക്കാർ, കുറച്ചുപേരുടെ സ്വാതന്ത്ര്യം മാത്രം തിരിച്ചറിഞ്ഞതിനാൽ അവിടെ അടിമത്തം എന്ന സാമൂഹ്യസ്ഥാപനം ഉണ്ടായി. ആത്മാവിന്റെ അന്തസ്സത്തയെ രൂപവത്കരിക്കുന്നത് സ്വാതന്ത്ര്യമാണെന്ന്, ക്രിസ്തുമതത്തിന്റെ സ്വാധീനത്തിൽപെട്ട് മനസ്സിലാക്കിയ ജർമൻ ജനതയാണ്, മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ആദ്യം തിരിച്ചറിഞ്ഞത്. എന്നാൽ ഈ ബോധം ലോകജനത ആർജിക്കുന്നത് ദീർഘകാലത്തെ ചരിത്രത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രക്രിയയിലൂടെയാണ്.
ഒരു സുപ്രഭാതത്തിൽ ക്രിസ്തുമതം സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം ഉടൻതന്നെ അടിമത്തം അവസാനിപ്പിച്ച് സ്വാതന്ത്ര്യം നേടണമെന്നില്ല എന്ന് ഹെഗൽ അടിവരയിട്ട് പറയുന്നു. അത്തരം സ്വാതന്ത്ര്യസാക്ഷാത്കാരത്തിന് ഭരണകൂടം മുൻകൈയെടുത്ത് ഏതെങ്കിലും തരത്തിലുള്ള യുക്തിയുക്തമായ സംഘടനകൾ രൂപവത്കരിക്കണമെന്നില്ല.
ചരിത്രത്തിന്റെ അനിവാര്യവികാസ പ്രക്രിയയുമായി ബന്ധപ്പെട്ടുതന്നെയാണ് ആത്മാവിന്റെ സാരസംഹിതയായ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങൾ രാഷ്ട്രീയബന്ധങ്ങളിലേക്കും സാമൂഹികജീവിതത്തിന്റെ സങ്കീർണമായ ബന്ധരൂപവത്കരണ പ്രക്രിയക്ക് ഉള്ളിലേക്കും പൂർണമായി തുളച്ചുകയറുന്നത്. അതിനാൽ, ലോകചരിത്രം സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അവബോധത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രമല്ലാതെ മറ്റൊന്നുമല്ല.
ആത്മാവ്, പ്രകൃതിയും നമ്മുടെ ശരീരവുമായി പ്രതിഫലിക്കപ്പെടുന്നു. ലോകത്തിന്റെ ചരിത്രം അനുസ്യൂതമായ സ്വാതന്ത്ര്യസാക്ഷാത്കാരത്തിന്റെ ചരിത്രമാണ്. മനുഷ്യന്റെ അത്യാസക്തിയും ആവശ്യങ്ങളും സ്വകാര്യതാൽപര്യങ്ങളുമാണ് അവന്റെ എല്ലാ ചോദനകളുടെയും പ്രവർത്തനങ്ങളുടെയും ഒരേയൊരു ശക്തിസ്രോതസ്സ്.
ചരിത്രത്തിൽ അങ്ങിങ്ങായി കാണുന്ന നന്മയും ഉൽപതിഷ്ണുത്വവും ഔദാര്യമനഃസ്ഥിതിയും കുലീനമായ ദേശഭക്തിയും മറ്റും ചരിത്രത്തിന്റെ വിശാലമായ കാൻവാസിൽ ഒരു പ്രാധാന്യവും പ്രസക്തിയും അർഹിക്കുന്നില്ല എന്നുമാത്രമല്ല അതിന് മനുഷ്യവംശത്തിനു മേലുള്ള സ്വാധീനം വളരെ നിസ്സാരവും പരിമിതവുമാണ്. നിയമത്തെയും നീതിയെയും ധാർമികതയെയും ആത്മനിയന്ത്രണത്തെയും അതിവർത്തിക്കുന്ന തരത്തിലാണ് പ്രകൃതിചോദനകളായ സ്വാർഥതാൽപര്യവും അത്യാസക്തിയും മനുഷ്യനിൽ ശക്തമായി പ്രവർത്തിക്കുന്നത്.
മനുഷ്യവർഗത്തിൽ അന്തർലീനമായ ആത്മാവ് പുറത്തുവരുകയും സ്വാതന്ത്ര്യം നേടുകയും പ്രവർത്തനത്തിനുള്ള ശേഷി ആർജിക്കുകയും വേണം. വിശ്വാത്മാവ്, സ്വാതന്ത്ര്യത്തിന്റെ പ്രവർത്തനക്ഷമത പഠിക്കുകയും അതിന്റെ അധിപനാകുകയും വേണം. ആത്മാവ് അന്ധമായ ആന്തരികത്വരയുടെ മാധ്യമത്തിൽ പ്രവർത്തിക്കുന്നതുമൂലം ഒരു പ്രത്യേക മാനസികാവസ്ഥയിൽ ബുദ്ധിമുട്ടുന്നതുവഴി മനുഷ്യവർഗം അച്ചടക്കരാഹിത്യത്തിലും അജ്ഞതയിലും ആണ്ടുപോകുന്നു. എന്നാൽ, ആത്മാവ് ഇത്തരമൊരു ഞെരുക്കപ്പെടുന്ന മാനസികാവസ്ഥയിലൂടെ തന്നെ സ്വാതന്ത്ര്യം നേടും. ആത്മാവിന്റെ ഈ ആന്തരികത്വര നന്മയോ തിന്മയോ അല്ല. എന്നാൽ ആത്മാവ്, മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ തേടുന്ന സ്വാതന്ത്ര്യം അതിനെയൊക്കെ അനിവാര്യമാക്കുന്നു.
ആത്മാവിന്റെ അന്തസ്സത്തയുടെ സാക്ഷാത്കാരമായ സ്വാതന്ത്ര്യം എന്ന പൊതുലക്ഷ്യത്താൽ നിയന്ത്രിതമാണ് ലോകചരിത്രം. ചരിത്രാരംഭത്തിൽ അഗാധമായി മറഞ്ഞുകിടന്നിരുന്ന (ഒളിഞ്ഞുകിടന്നിരുന്ന) ഈ അബോധമായ ചോദനയെയും പ്രേരണയെയും ബോധതലത്തിലേക്ക് നയിക്കുന്നതാണ് ലോകചരിത്രമെന്നത്. ചരിത്രത്തിന്റെ സുപ്രഭാതത്തിൽ, ശാരീരികമായ ആഗ്രഹങ്ങളും മൃഗീയവാസനകളും സ്വാർഥ താൽപര്യങ്ങളും അത്യുൽക്കടമായ വികാരങ്ങളും മുൻവിധിയോടെയുള്ള അഭിപ്രായങ്ങളും നൈസർഗികമായി അന്തർനിഹിതമായിരുന്നു.
ഈ ഇച്ഛയുടെയും സ്വാർഥവാഞ്ഛകളുടെയും പ്രവർത്തനങ്ങൾ, വിശ്വാത്മാവിന് അതിന്റെ ലക്ഷ്യം നേടുന്നതിനുള്ള ഉപകരണവും മാധ്യമവുമായിരുന്നു. വിശ്വാത്മാവ് (world spirit) നടത്തിയ ആക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും കഥയാണ് മനുഷ്യരാശിയുടെ കഥ. മനുഷ്യവർഗത്തിൽ അന്തർനിഹിതമായ ആത്മാവ് അതിന്റെ സ്വാതന്ത്ര്യസാക്ഷാത്കാരത്തിനായി നടത്തിയ ശക്തമായ പ്രവർത്തനങ്ങളും പടവെട്ടലുകളുമാണ് മാനവരാശിയുടെ കഥ. മനുഷ്യനിൽ നിത്യസന്നിഹിതമായ ആത്മാവ് അതിന്റെ ഏറ്റുമുട്ടലിലൂടെ, പ്രകൃതിയുടെ ക്രമത്തിന്റെ വ്യവഹാരമണ്ഡലത്തിൽ, അതിന്റെ ഇച്ഛയുടെ സാഹസികമായ ഉദ്യമം നടത്തുന്നു.
കാരണം പ്രകൃതിയാണ് നിയമത്തിന്റെയും ക്രമവ്യവസ്ഥയുടെയും വ്യവഹാരമണ്ഡലം. പ്രകൃതിനിയമം മനുഷ്യന്റെ കർമമണ്ഡലത്തിന്, സാധ്യമായ അടിത്തറ ഒരുക്കുന്നു. പ്രകൃതിയിൽ നിയമമോ ക്രമമോ രീതിയോ ഇല്ലെങ്കിൽ മനുഷ്യസമൂഹത്തിന് പ്രവർത്തിക്കുക അസാധ്യമാണ്. ക്രമവും നിയമവുമില്ലെങ്കിൽ കേവലം ഊഹാപോഹംപോലും നടത്തുക അസാധ്യമാണ്. നാം പ്രകൃതിയിൽനിന്ന് സമൂഹത്തിലേക്ക് വളരുമ്പോൾ, നമ്മൾ നിയമമണ്ഡലത്തിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ വ്യവഹാര മണ്ഡലത്തിലേക്ക് തിരിയുകയാണ്.
മനുഷ്യന് സ്വാർഥതാൽപര്യത്തിന്റെ ഇച്ഛയിൽ നിന്ന് പ്രവർത്തിക്കണമെങ്കിൽ, അതിന് തത്തുല്യമായ നിയമം പ്രകൃതിയിലുണ്ടായിരിക്കണം.ഈ ലക്ഷ്യസാക്ഷാത്കാരത്തിന് ഭരണകൂടം അനിവാര്യമായിത്തീരുന്നു. ‘‘നിയമം സുസാധ്യമാക്കുന്നതിനുവേണ്ടിയാണ് സമൂഹം സംഘടിക്കപ്പെട്ടിരിക്കുന്നത്.’’ എന്നാൽ, ധാർമികതപോലുള്ള നിയമങ്ങൾ നടപ്പാക്കുന്നതിന് ഭരണകൂടം സമ്മർദം ചെലുത്തുന്നതല്ല. അത് സ്വയം ഏറ്റെടുക്കപ്പെടേണ്ടതാണ്. പ്രകൃതി നിയമത്തിൽനിന്ന് സാമൂഹികക്രമത്തിലേക്ക് എന്നതാണ് സ്വാതന്ത്ര്യത്തിന്റെ വ്യവഹാരമണ്ഡലത്തിന്റെ വിസ്തൃതിയും വിപുലീകരണവും.
സ്വാതന്ത്ര്യത്തിന്റെയും വിശ്വാത്മാവിന്റെ അന്തസ്സത്തയുടെയും സമൂർത്ത ഘടകങ്ങളുടെ ഏകീകരണമാണ് ചരിത്രം. പൗരന്റെ സ്വകാര്യതാൽപര്യം ഭരണകൂടത്തിന്റെ പൊതുതാൽപര്യവുമായി ഐക്യപ്പെടുമ്പോഴാണ് രാഷ്ട്രം ശരിയായി സംഘടിപ്പിക്കപ്പെടുന്നതും ആന്തരികമായി ശാക്തീകരിക്കപ്പെടുന്നതും. പൗരന്റെ സ്വകാര്യതാൽപര്യം ഭരണകൂടത്തിന്റെ പൊതുതാൽപര്യത്തിലും ഭരണകൂടത്തിന്റെ പൊതുതാൽപര്യം പൗരന്റെ സ്വകാര്യതാൽപര്യത്തിലും സംതുലിതമായി ക്രമീകരിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുകയും വഴിയാണ് പ്രസ്തുത വ്യവസ്ഥ ചാരിതാർഥ്യമടയുകയും സാക്ഷാത്കൃതമാകുകയും ചെയ്യുന്നത്. ഹെഗലിന്റെ നിരീക്ഷണത്തിൽ സ്വാതന്ത്ര്യത്തിന്റെ വില എന്നത് വെറും നിതാന്തജാഗ്രത മാത്രമല്ല, അത് ശാശ്വതമായ യുദ്ധവും ആക്രമണവുമാണ്.
ലോക ചരിത്രപുരുഷന്മാരുടെ വിധിയെപ്പറ്റി നമ്മൾ ഏകാഗ്രമായിരുന്ന് ചിന്തിക്കുകയാണെങ്കിൽ അവർ വിശ്വാത്മാവിന്റ (world spirit) ഏജന്റുമാരാണ് എന്ന് മനസ്സിലാവും. സുഖവും സന്തോഷവും സമാധാനവും എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത അവരുടെ ജീവിതം കഠിനാധ്വാനത്താലും ദുർഘട പ്രതിസന്ധികളാലും കഷ്ടപ്പാടുകളാലും ആടിയുലയുന്ന ഒരു കപ്പിത്താനെപ്പോലെ നയിക്കുന്നതാണെന്ന് കാണാം.
എന്നാൽ അവർ അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ അലക്‌സാണ്ടർ ചക്രവർത്തിയെപ്പോലെ ചെറുപ്പത്തിലേ മരിക്കുകയോ സീസറെപ്പോലെ കൊല്ലപ്പെടുകയോ നെപ്പോളിയനെപ്പോലെ നാടുകടത്തപ്പെടുകയോ ചെയ്യുന്നു. ഈ ചരിത്രപുരുഷന്മാർ വിവിധങ്ങളായ ആഗ്രഹങ്ങളിൽ ലക്ഷ്യംവെച്ച് ഊർജം നഷ്ടപ്പെടുത്താതെ, ഒരേയൊരു ലക്ഷ്യത്തിൽ മാത്രം മനസ്സ് സമർപ്പണം ചെയ്യുന്നതുകൊണ്ടാണ് അവർ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്നത്. ദേശരാഷ്ട്ര ഭരണകൂടം സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമാണ്.
സോക്രട്ടീസ്,പ്ലൂേട്ടാ,അരിസ്റ്റോട്ടിൽ
ഭൂമിയിലൂടെയുള്ള ദൈവത്തിന്റെ മാർച്ചിങ്ങാണ് (The state is the march of God on the earth). ഹെഗലിന്റെ ‘ചരിത്രത്തിന്റെ തത്ത്വശാസ്ത്ര’ത്തിൽ, ഭരണകൂടമാണ് ഹീറോ. പ്രകൃതിയായും മനുഷ്യനിലും പ്രതിഫലിക്കപ്പെടുന്ന ആത്മാവ്, ഭരണകൂടത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ഇച്ഛയുടെ യഥാർഥ പ്രകടനമായ യുദ്ധത്തിന് സ്വാതന്ത്ര്യത്തിന്റെ വളർച്ചാ വികാസത്തിൽ സമുന്നതമായ സ്ഥാനമുണ്ട്. ലോകചരിത്രത്തിൽ ഓരോ ദേശരാഷ്ട്രവും ഓരോ വ്യക്തിയായി പരിഗണിക്കപ്പെടണം.
എന്തെന്നാൽ ആത്മാവിന്റെ ഉന്നതരൂപത്തിലേക്കുള്ള സമഗ്രമായ വളർച്ചയുടെ കഥയാണ് ലോകചരിത്രം. ആത്മാവിന്റെ ഈ ഉന്നതരൂപം കൈവരിക്കുന്ന പുരോഗതിയാണ് ദേശീയ ആത്മാവിെന്റ സവിശേഷത. (കടപ്പാട്: An Introduction of Modern Philosophy –Alburey Castell)
യുക്തി എല്ലാ യാഥാർഥ്യത്തെയും ഗ്രഹിക്കുന്നു. അദ്ദേഹം എല്ലാ വിഷയത്തെയും യുക്തിയുമായി സാദൃശ്യപ്പെടുത്തി തിരിച്ചറിഞ്ഞു. യുക്തിയാണ് ആത്യന്തിക യാഥാർഥ്യം എന്ന തത്ത്വം അദ്ദേഹം ഉരുത്തിരിച്ചെടുത്തു. യുക്തി ദൈവമാകുന്നു (Reason is God). ഹെഗലിനെ (ഹെഗലിന്റെ സിദ്ധാന്തങ്ങൾ) വായിച്ചെടുക്കുക എന്നത് ഏറെ പ്രയാസകരമാണ്. ഹെഗലിയൻ ആശയധാരകളെ സാധാരണ വ്യവഹാരമണ്ഡലത്തിലെ ഭാഷയിലേക്കും ശൈലിയിലേക്കും അർഥതലങ്ങളിലേക്കും ഭാഷാന്തരം ചെയ്യാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്ന് പണ്ഡിതന്മാർപോലും അഭിപ്രായപ്പെടുന്നു.
ഹെഗലിന്റെ ആശയങ്ങളും സിദ്ധാന്തങ്ങളും ഹെഗലിനുപോലും മനസ്സിലായിട്ടില്ല എന്ന് ഏംഗൽസ് അദ്ദേഹത്തെ കളിയാക്കിയിട്ടുള്ളതായി ജോർജി പ്ലഖനോവ് തന്റെ ‘Selected Philosophical Works’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു: ‘‘Hegel was unable to make deduction from his principles, but principles themselves were not altogether clear to him, they were hazy to him.’’ അതുകൊണ്ടായിരിക്കണം മലയാളത്തിൽ വലിയ തലയെടുപ്പുള്ള മാർക്‌സിസ്റ്റ് പണ്ഡിതന്മാരൊക്കെ ഉണ്ടായിട്ടും ഹെഗലിനെപ്പറ്റി ഈടുറ്റ ഒരു പുസ്തകമോ ശ്രദ്ധേയമായ ഒരു ലേഖനംപോലുമോ നാളിതുവരെയും ഉണ്ടാകാതിരുന്നത്.
നെപ്പോളിയനെപ്പോലെ ആദ്യകാലത്ത് ഹെഗലും ഫ്രഞ്ച് വിപ്ലവത്തിന്റെ ആരാധകനായിരുന്നു. ഹെഗലിന്റെ കാഴ്ചപ്പാടിൽ ഫ്രഞ്ച് വിപ്ലവംമൂലം ‘‘നിയമത്തെക്കുറിച്ചുള്ള ചിന്തയും സങ്കൽപവും പൊടുന്നനെ ആളുകൾക്ക് അനുഭവപ്പെട്ടു. അതിന്റെ മുന്നിൽ അനീതിയെ സംബന്ധിച്ച പഴയ ധാരണകൾക്ക് നിലനിൽക്കാൻ കഴിഞ്ഞില്ല. നിയമത്തെക്കുറിച്ചുള്ള ഈ സങ്കൽപത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഭരണഘടന ഇപ്പോൾ സ്ഥാപിതമായിരിക്കുന്നു. ഇനിയങ്ങോട്ട് സർവതിനും ആധാരമായിട്ടുള്ളതിതാണ്.
സൂര്യൻ, നഭോമണ്ഡലത്തിൽ വരുകയും ഗ്രഹങ്ങൾ അതിനെ ചുറ്റിത്തിരിയുകയുംചെയ്ത കാലം തൊട്ട്, മനുഷ്യൻ തലകുത്തനെ –അതായത്, അവന്റെ ആശയത്തിന്മേൽ നിലയുറപ്പിച്ച് നിൽക്കുകയും ആശയത്തെ ആസ്പദമാക്കി യാഥാർഥ്യത്തിന് രൂപംകൊടുക്കുകയും ചെയ്യുന്ന കാഴ്ച ആരും ഇതേവരെ കണ്ടിട്ടില്ല.
യുക്തിയാണ് ലോകം ഭരിക്കുന്നതെന്ന് ആദ്യം പറഞ്ഞത് അനക്‌സഗോറസ്സാണ്. എന്നാൽ, മനോയാഥാർഥ്യത്തെ ഭരിക്കുന്നത് ആശയമാണെന്ന് മനുഷ്യൻ ഇപ്പോൾ ആദ്യമായി അംഗീകരിച്ചിരിക്കുന്നു. ഉജ്ജ്വലമായൊരു സൂര്യോദയമായിരുന്നു അത്. ചിന്തിക്കുന്ന എല്ലാവരും ആ പുണ്യദിനാഘോഷത്തിൽ പങ്കുകൊണ്ടിട്ടുണ്ട്.
ദൈവികതത്ത്വം പ്രപഞ്ചവുമായി ഇപ്പോൾ ഒത്തിണങ്ങിയിരിക്കുന്നുവെന്ന് തോന്നുമാറ് ഉത്കൃഷ്ടമായ ഒരു ചേതോവികാരം ജനഹൃദയങ്ങളിൽ അലതല്ലുകയും യുക്തിയുടേതായ ഒരാവേശം ലോകമാസകലം വ്യാപിക്കുകയുംചെയ്തു.’’ (ഹെഗൽ ‘ചരിത്രത്തിന്റെ തത്ത്വശാസ്ത്രം’, 1840, പേജ് 535), (ഏംഗൽസിന്റെ ‘സോഷ്യലിസം: സാങ്കൽപികവും ശാസ്ത്രീയവും’ എന്ന ഗ്രന്ഥത്തിൽനിന്നും ഉദ്ധരിച്ചതാണ് മുകളിൽ കൊടുത്തിരിക്കുന്ന ഭാഗം).
ജൂലിയസ് സീസർ,െനേപ്പാളിയൻ,അലക്സാണ്ടർ
ഹെഗലിന്റെ നിരീക്ഷണത്തിൽ ആത്യന്തിക യാഥാർഥ്യമായ ‘യുക്തി’യെ (reason) തുറന്നുകാട്ടുന്ന പ്രക്രിയയാണ് (mechanism) ഡയലക്ടിക്‌സ്. വൈരുധ്യശാസ്ത്രം തർക്കശാസ്ത്രത്തിന്റെ അടിസ്ഥാന നിയമമാണ്. ചരിത്രത്തിലെ സാമൂഹികസ്ഥാപനങ്ങളിലും തീരുമാനങ്ങളിലും സിദ്ധാന്തങ്ങളിലും യുക്തി (reason) പുരോഗമനോന്മുഖമായി മൂർത്തീകരിക്കുന്നുണ്ടെങ്കിലും അത് ഭാഗികമായി മാത്രം സത്യമാണെന്ന് ഡയലക്ടിക്കൽ മെക്കാനിസം ഓപറേറ്റ് ചെയ്യപ്പെടുന്ന ചിന്തയുടെ പ്രേരണവഴി കണ്ടെത്താം. ഈ സാമൂഹിക സ്ഥാപനങ്ങളിലും അതിന്റെ തീരുമാനങ്ങളിലും സിദ്ധാന്തങ്ങളിലുമെല്ലാം ഭാഗികമായ സത്യത്തോടൊപ്പം ഒട്ടേറെ തെറ്റുകുറ്റങ്ങളും അന്തർനിഹിതമായിരിക്കുന്നു.
ഹെഗലിന്റെ പരികൽപനയായ യുക്തി, ആശയം അഥവാ വിശ്വാത്മാവ്, തീസിസ്, ആന്റി തീസിസ്, സിന്തസിസ് എന്നീ മൂന്ന് പ്രധാനഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അതുകൊണ്ട് ഏതെങ്കിലും അവകാശവാദങ്ങളോ സിദ്ധാന്തങ്ങളോ തീരുമാനങ്ങളോ പരിപൂർണമായും ശരിയോ സത്യസന്ധമോ അല്ല. എന്തെന്നാൽ ഒരു തീരുമാനം ജനിക്കുമ്പോൾതന്നെ അതിന് വിരുദ്ധമായ ഒരു അഭിപ്രായം ഉരുത്തിരിയുന്നു.
അതിനാൽ, തെറ്റും ശരിയും തമ്മിലുള്ള സംഘർഷം അനിവാര്യമായിത്തീരുന്നു. ഇതിനെ ആന്റി തീസിസ് എന്നുവിളിക്കുന്നു. എന്നാൽ, തെറ്റും ശരിയും തമ്മിലുള്ള സംഘട്ടനം (ആന്റി തീസിസ്) അനിശ്ചിതമായി നിലനിൽക്കുന്നില്ല. എന്തെന്നാൽ ഡയലക്ടിക്‌സ് സ്വയം പ്രേരിതവും സ്വയം വ്യവസ്ഥാപനശേഷിയുമുള്ള ഒരു സമ്പ്രദായമാണ്. അതിന് സംഘർഷം പരിഹരിക്കാനുള്ള സ്വയം ശേഷിയുണ്ട്. അതാണ് ഡയലക്ടിക്‌സിന്റെ (വൈരുധ്യം) സവിശേഷമായ സ്വഭാവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.