മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച (ലക്കം: 1380) വിനിൽ പോളുമായി രൂപേഷ് കുമാർ നടത്തിയ അഭിമുഖത്തിന്റെ മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്രസിലബസുമായി ബന്ധപ്പെട്ട പരാമർശം വസ്തുതാപരമല്ലെന്ന് സമർഥിക്കുകയാണ് ലേഖകൻ. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്ര സിലബസുമായി ബന്ധപ്പെട്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1380) വിനിൽ പോൾ തന്റെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയെപ്പറ്റിയും കേരളത്തിന്റെ അടിമ അനുഭവങ്ങളെയും ചരിത്രരചനയിലെ പ്രശ്നങ്ങളെയും കുറിച്ചും ഉൾക്കാഴ്ചയോടെ സംസാരിക്കുന്ന വിനിൽ പോൾ ഒട്ടും സൂക്ഷ്മതയില്ലാത്ത അഭിപ്രായപ്രകടനമാണ് ...
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച (ലക്കം: 1380) വിനിൽ പോളുമായി രൂപേഷ് കുമാർ നടത്തിയ അഭിമുഖത്തിന്റെ മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്രസിലബസുമായി ബന്ധപ്പെട്ട പരാമർശം വസ്തുതാപരമല്ലെന്ന് സമർഥിക്കുകയാണ് ലേഖകൻ.
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ചരിത്ര സിലബസുമായി ബന്ധപ്പെട്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1380) വിനിൽ പോൾ തന്റെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയെപ്പറ്റിയും കേരളത്തിന്റെ അടിമ അനുഭവങ്ങളെയും ചരിത്രരചനയിലെ പ്രശ്നങ്ങളെയും കുറിച്ചും ഉൾക്കാഴ്ചയോടെ സംസാരിക്കുന്ന വിനിൽ പോൾ ഒട്ടും സൂക്ഷ്മതയില്ലാത്ത അഭിപ്രായപ്രകടനമാണ് ബി.എ ഹിസ്റ്ററി സിലബസിനെപ്പറ്റി നടത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടക്ക് കേരളത്തെ സംബന്ധിച്ച നിലവാരമുള്ള ഒറ്റ അക്കാദമിക പഠനംപോലും സിലബസിൽ ഇല്ലെന്നുള്ളതാണ് മുഖ്യ ആക്ഷേപം.
ഈ കാലയളവിൽ പ്രസിദ്ധീകരിച്ച സനൽ മോഹൻ, സെബാസ്റ്റ്യൻ ജോസഫ്, കെ.എസ്. മാധവൻ, പയസ് മലേക്കണ്ടത്തിൽ, വി. സെൽവകുമാർ, മാർഗരറ്റ് ഫ്രൻസ്, കെ.എസ്. മാത്യു എന്നിവരുടെ അടക്കമുള്ള പഠനങ്ങളും വിനിൽ പോളിന്റെതന്നെ ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം’ എന്ന പഠനവും ഉൾപ്പെട്ട വായന സൂചികയെപ്പറ്റിയാണ് അവാസ്തവപരമായ പ്രസ്താവന അദ്ദേഹം നടത്തിയിരിക്കുന്നത്. കേരള ചരിത്രരചന സമീപനത്തിൽ വ്യതിരിക്തമായ മാറ്റം കൊണ്ടുവന്ന ചരിത്രകാരനും ആ നിലക്കുതന്നെ വിനിൽ പോൾ അഭിമുഖത്തിൽ സൂചിപ്പിക്കുന്ന പണ്ഡിതനുമായ പ്രഫ. സനൽ മോഹന്റെ രണ്ട് കൃതികളും ആറു ലേഖനങ്ങളും സിലബസിന്റെ ഭാഗമാണ്.
അദ്ദേഹംതന്നെയായിരുന്നു സിലബസ് സൂക്ഷ്മപരിശോധന നടത്തിയ കമ്മിറ്റി അംഗവും. മറ്റൊരംഗം ഈ വർഷത്തെ ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ സമകാലിക ഇന്ത്യ വിഭാഗത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സെബാസ്റ്റ്യൻ ജോസഫ് ആയിരുന്നു. ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്ര’ത്തോട് ഒപ്പം വിനിൽ പോളിന്റെ തന്നെ ‘ദലിത് ചരിത്രദംശന’വും, ഫോട്ടോഗ്രാഫുകളിലൂടെ മലയാളികളുടെ ചരിത്രം അന്വേഷിക്കുന്ന പഠനവും ഈ സിലബസിന്റെ ഭാഗമാണ്.
ഈ സിലബസിൽ ഉൾപ്പെടുത്താതെ വിട്ടുപോയവർ എന്നനിലക്ക് വിനിൽ പോൾ സൂചിപ്പിക്കുന്ന പേരുകളിൽ ഒരാളായ ദിലീപ് എം. മേനോന്റെ ‘Changing Theory: Concepts from Global South’, ‘Readings in History: Cultural History of Modern India’ എന്നീ പഠനങ്ങളും, മറ്റൊരാളായ ജി. അരുണിമയുടെ ‘Face value: Ravi Varma's Portraiture and the Project of Colonial Modernity’ എന്ന പഠനവും സിലബസിന്റെ ഭാഗമാണ്. െജൻഡർ മുഖ്യവിഷയം ആയിരിക്കുന്ന കോഴ്സിന്റെ വായനപ്പട്ടികയിൽ ജെ. ദേവികക്ക് ഒപ്പം കേരളത്തിൽതന്നെയുള്ള രേഖ രാജ് ഉൾെപ്പടെയുള്ളവരുടെ പേരും അദ്ദേഹം കണ്ടില്ല.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച നിലവാരമുള്ള പഠനങ്ങൾ ഒന്നുമില്ല എന്ന് പറയുമ്പോൾ വായനപ്പട്ടികയിലുള്ള നിർദേശങ്ങളിൽ 1100 പഠനങ്ങൾക്ക് മേലെയുള്ളവ ഈ കാലയളവിൽ പ്രസിദ്ധീകരിച്ചതുകൂടിയാണെന്ന് ശ്രദ്ധിക്കണം. ‘ഏവരെയും അതിശയിപ്പിക്കുന്ന ഒരു വായന നിർദേശമാണ് മഹാത്മാ ഗാന്ധി സർവകലാശാലക്കുവേണ്ടി ചരിത്ര സിലബസ് ചെയ്തവർ കാട്ടിക്കൂട്ടിയിരിക്കുന്നത്’ എന്ന അഭിമുഖത്തിലെ പ്രസ്താവന സിലബസ് വർക് ഷോപ്പിൽ പങ്കെടുത്ത അധ്യാപകരെ മാത്രമല്ല, സിലബസിലെ റീഡിങ്/ റഫറൻസ് ലിസ്റ്റിലുള്ള ചരിത്രകാരികളെയും ചരിത്രകാരൻമാരെയും കുറച്ചു കാണുന്ന ഒന്നായിപ്പോയി.
ഈ സിലബസിന് അതിന്റേതായ ഒരു അക്കാദമിക് പൊസിഷനുണ്ട്. ഒരു സമൂഹം എന്നനിലക്ക് മഹാമാരികളും കാലാവസ്ഥ വ്യതിയാനവും ചേർന്ന് മനുഷ്യജീവിതത്തിലും പ്രകൃതിയിലും സൃഷ്ടിക്കുന്ന വൻ മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ വികാസത്തോടെ പോസ്റ്റ് ഹ്യൂമൻ എന്ന് വിളിക്കാമോ എന്ന് ശങ്കിക്കുന്ന കാലത്തിന്റെ സൃഷ്ടി, ഭരണകൂടത്തിന്റെ തന്നെ നേരിട്ടുള്ള ഇടപെടലിലൂടെ വലതുപക്ഷം നടത്തുന്ന സംഘടിതമായ ചരിത്ര ഓർമകളുടെ അട്ടിമറിയും വിഷലിപ്തമായ ചരിത്രനിർമാണവും അടക്കം പശ്ചാത്തലമായ കാലത്താണ് നാം ജീവിക്കുന്നത്.
സിലബസ് തയാറാക്കിയിരിക്കുമ്പോൾ ഈ പരിഗണനകൾ സിലബസ് രൂപപ്പെടുത്തലിനെയും സ്വാധീനിച്ചിട്ടുണ്ട്. ശാസ്ത്രീയ ചരിത്രപഠനത്തിന്റെ പ്രാധാന്യം ഒന്നാം സെമസ്റ്റർ മുതൽ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് സിലബസ് ചെയ്തിരിക്കുന്നത്. ആഗോള തെക്കൻ പരിപ്രേക്ഷ്യത്തിൽ ലോകചരിത്രത്തെയും സാമൂഹിക സിദ്ധാന്തങ്ങളെയും നോക്കിക്കാണാൻ ഈ സിലബസ് വിദ്യാർഥികളെ പ്രാപ്തരാക്കും. കീഴാളപഠനങ്ങളെ മാത്രമായി ഒരു റീഡിങ് കോഴ്സായി അവതരിപ്പിക്കുന്ന ചരിത്ര സിലബസിൽ ജാതിയെന്ന സാമൂഹിക സ്ഥാപനത്തെ ജാതി അനുഭവങ്ങളെ അടക്കം പരിഗണിച്ചുകൊണ്ട് അക്കാദമികമായി സമീപിക്കുന്ന കോഴ്‌സും രണ്ട് വ്യത്യസ്തമായ ജെൻഡർ സംബന്ധിയായ കോഴ്‌സുകളുമുണ്ട്.
കേരളത്തിലെ ചരിത്രപഠന കോഴ്‌സുകളിലെ പൊതുവിലുള്ള അഭാവമെന്ന് ചൂണ്ടിക്കാണിക്കുന്ന ഈ മേഖലകൾക്ക് വൈജ്ഞാനികമായ പ്രാതിനിധ്യം സിലബസിലുണ്ട്. ബഹുവൈജ്ഞാനികത, നൈപുണ്യശേഷി, മാനവിക മൂല്യങ്ങൾ എന്നിവ യഥാക്രമം കൈകാര്യം ചെയ്യുന്ന Multidisciplinary Course, Skill Enhancement Course, Value Addition Course എന്നിവയിലൂടെ പൈതൃകം, യോഗ, ടൂറിസം തുടങ്ങിയവ ചരിത്ര സിലബസിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കാലത്ത് പ്രസ്തുത കോഴ്‌സുകളുടെ ഭാഗമായി Idea of India, Ambedkar: Life, Politics and Philosophy, Reading Visuals Historically, Towards 21st Century History: GIS in Historical Research, Doing Oral History തുടങ്ങിയവയും പരിസ്ഥിതി, മനുഷ്യാവകാശം, ശാസ്ത്രം, സിനിമ, വൈദ്യശാസ്ത്രം, വിവരവിനിമയം അടക്കമുള്ള വ്യത്യസ്ത മേഖലകൾ കൈകാര്യംചെയ്യുന്ന കോഴ്‌സുകൾ സിലബസിന്റെ ഫൗണ്ടേഷൻ കോഴ്‌സുകളുടെ ഭാഗമാണ്. ചരിത്രം ഐച്ഛികമായി തിരഞ്ഞെടുക്കാത്ത വിദ്യാർഥികൾക്കുകൂടി തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഈ കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്.
അധ്യാപകർ ക്ലാസ് മുറികളിൽ പിന്തുടരേണ്ട അധ്യാപന രീതിശാസ്ത്രവും ഒാരോ മോഡ്യൂളിനും അനുസരിച്ച് കോഴ്സുകളിൽ വിദ്യാർഥികൾ ചെയ്യേണ്ട പ്രാക്ടിക്കലുകളും വ്യക്തമായി സിലബസിൽ നൽകിയിട്ടുണ്ട്. 21ാം നൂറ്റാണ്ടിലേക്ക് ചരിത്ര വിദ്യാർഥികൾ ആർജിക്കേണ്ട സാങ്കേതിക നിപുണതകളെയും കൂടി മുൻനിർത്തിയുള്ള സിലബസാണ് അഞ്ചുദിവസ ശിൽപശാലക്കും സൂക്ഷ്മപരിശോധനക്കും ശേഷം രൂപകൽപന ചെയ്തിരിക്കുന്നത്.
ഇനി ഒരിക്കലും തുറക്കാത്ത, വെള്ളംകയറാ കള്ളിയോ ആർക്കും പ്രവേശനമില്ലാത്ത രാവണൻകോട്ടയോ അല്ല നിലവിൽ തയാറാക്കിയ സിലബസ്. ഓരോ സെമസ്റ്ററിലും അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർക്ക് തങ്ങൾക്ക് അവഗാഹമുള്ള മേഖലയിലോ വ്യത്യസ്ത വൈജ്ഞാനിക മേഖലകൾ സംയോജിപ്പിച്ചോ കോഴ്‌സുകൾ തയാറാക്കി സർവകലാശാല അനുമതിയോടെ സിലബസിന്റെ ഭാഗമാക്കാൻകൂടി സാധ്യതയുള്ളതാണ് സിലബസ്. നിർമാണാത്മകവും സക്രിയവുമായ വിമർശനങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെവേണം ഏതൊരു സിലബസും രൂപപ്പെടാൻ. ചരിത്രപഠന സിലബസും നിശിതമായി വിമർശിക്കപ്പെടേണ്ടതും വിമർശനങ്ങളുടെ അടിസ്‌ഥാനത്തിൽ മെച്ചപ്പെടുത്തേണ്ടതുമാണ്. അതേസമയം, വിമർശനങ്ങൾ വസ്തുതാപരം ആയിരിക്കണമെന്നു മാത്രം.
==============
(കോട്ടയം ബസേലിയസ് കോളജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസറും മഹാത്മാ ഗാന്ധി സർവകലാശാല ഹിസ്റ്ററി -ബിരുദ എക്സ്പേർട്ട് കമ്മിറ്റി അംഗവുമാണ് ലേഖകൻ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.