അക്ഷരങ്ങളുടെ ലോകം; സ്വാതന്ത്ര്യത്തിന്റെയും

അഭിഭാഷകനായി സജീവമായി പ്രവർത്തിക്കു​േമ്പാഴും നിയമവിഷയങ്ങൾ മാധ്യമങ്ങളിൽ എഴുതുന്നത്​ തുടർന്നു. ലേഖനങ്ങൾ പുസ്​തകങ്ങളായി സമാഹരിക്കപ്പെട്ടു. പുസ്​തകങ്ങളും ലേഖനങ്ങളും എഴുതാനുണ്ടായ സാഹചര്യങ്ങളും സംവാദങ്ങളും എന്തെന്ന്​ പറയുകയാണ്​ ഇൗ ​ലക്കം. നിയമലോകത്തെ സംവാദങ്ങളുടെ തലങ്ങളും ചരിത്രവും ഇൗ എഴുത്തിൽനിന്ന്​ വായിച്ചെടുക്കാം.മൂകാംബിക ക്ഷേത്രത്തിൽ പോയി സൗപർണികയിലെ കുളി കഴിഞ്ഞുള്ള ഒരു ബാല്യകാല സ്മരണ അവ്യക്തമായി മാത്രം മനസ്സിലുണ്ട്. ദേവിയുടെ സമക്ഷത്തിലാണ് ഹരിശ്രീ കുറിച്ചത്. ആദ്യക്ഷരങ്ങൾ ജീവിതത്തിലേക്കുള്ള വഴി തുറന്നുവെന്നുവേണം കരുതാൻ. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട പ്രധാന സാഹിത്യം...

അഭിഭാഷകനായി സജീവമായി പ്രവർത്തിക്കു​േമ്പാഴും നിയമവിഷയങ്ങൾ മാധ്യമങ്ങളിൽ എഴുതുന്നത്​ തുടർന്നു. ലേഖനങ്ങൾ പുസ്​തകങ്ങളായി സമാഹരിക്കപ്പെട്ടു. പുസ്​തകങ്ങളും ലേഖനങ്ങളും എഴുതാനുണ്ടായ സാഹചര്യങ്ങളും സംവാദങ്ങളും എന്തെന്ന്​ പറയുകയാണ്​ ഇൗ ​ലക്കം. നിയമലോകത്തെ സംവാദങ്ങളുടെ തലങ്ങളും ചരിത്രവും ഇൗ എഴുത്തിൽനിന്ന്​ വായിച്ചെടുക്കാം.

മൂകാംബിക ക്ഷേത്രത്തിൽ പോയി സൗപർണികയിലെ കുളി കഴിഞ്ഞുള്ള ഒരു ബാല്യകാല സ്മരണ അവ്യക്തമായി മാത്രം മനസ്സിലുണ്ട്. ദേവിയുടെ സമക്ഷത്തിലാണ് ഹരിശ്രീ കുറിച്ചത്. ആദ്യക്ഷരങ്ങൾ ജീവിതത്തിലേക്കുള്ള വഴി തുറന്നുവെന്നുവേണം കരുതാൻ. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട പ്രധാന സാഹിത്യം ചില ക്ഷേത്രങ്ങളിൽനിന്നും ലഭിക്കുമായിരുന്ന ഭജനമാലകളും പാട്ടുപുസ്തകങ്ങളും മാത്രം. അവയെ അനുകരിച്ച് എഴുതിയത് കൂട്ടിച്ചേർത്ത് കൈപ്പടയിലുള്ള പുസ്തകങ്ങളാക്കി അവക്ക് വികൃതമായ കൈപ്പടയും ചിത്രങ്ങളുംകൊണ്ട് പുറംചട്ടയും ഉണ്ടാക്കുമായിരുന്നു. വലിയ കാര്യമെന്നോണം അവ ബന്ധുക്കളെ കാണിക്കുമായിരുന്നുവെങ്കിലും ഈ ഗാർഹികോൽപന്നങ്ങൾക്ക് വായനക്കാരാരും ഉണ്ടായിരുന്നില്ല. ഈ അവഗണന പക്ഷേ, എഴുത്തെന്ന ചോദനയെ ഇല്ലാതാക്കാൻ പോന്നതായിരുന്നില്ല.

എ​െൻറ ചില രചനകൾ അച്ചടിച്ചുവന്നത് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ ‘ബാലപംക്തി’യിലും ‘ദേശാഭിമാനി’ വാരികയിലെ ‘കുട്ടികളുടെ ലോക’ത്തിലും ആയിരുന്നുവെന്ന് ഓർക്കുന്നു. ‘‘അവസാനത്തേതെന്ന് പറയാതിരിക്കൂ’’ എന്ന് തുടങ്ങിയ കവിത ഒരു പൂവുകൂടി വിരിയാനുണ്ടെന്നും ഒരു കിളികൂടി വരാനുണ്ടെന്നും ഒരു മഴകൂടി പെയ്യാനുണ്ടെന്നുമുള്ള പ്രതീക്ഷ വെച്ചുപുലർത്തി. അത് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ വന്നു. അതൊരു വലിയ പ്രോത്സാഹനമായിരുന്നു. പലരെയുംപോലെ കവിതയിലാണ് എഴുത്ത് തുടങ്ങിയത്. കവിതക്ക് ലൂയീസ് കാർഡോസാ അറഗോൺ നൽകിയ നിർവചനം ഗബ്രി​േയൽ ഗാർസ്യ മാർകേസ് പിന്നീട് ഉദ്ധരിച്ചതോർമിക്കുന്നു –മനുഷ്യാസ്തിത്വത്തിന്റെ ഏകമാത്രവും മൂർത്തവുമായ തെളിവാണ് കവിത.

ചിലപ്പോഴെങ്കിലും എഴുത്ത് തൊഴിലിന്റെ അസ്വസ്ഥതകളിൽനിന്നും അസംതൃപ്തികളിൽനിന്നുമുള്ള മോചനോപാധി ആയിരുന്നു. അക്കാലത്ത്​ ഉപഭോക്തൃ നിയമത്തെക്കുറിച്ച് ‘മാതൃഭൂമി’ പത്രത്തിൽ ഒരുപാടെഴുതി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി. ‘ചങ്ങലക്ക് മദം പൊട്ടുമ്പോൾ’ എന്ന ലേഖനം ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽവെച്ച് വിദ്യാധരൻ എന്ന ചെറുപ്പക്കാരൻ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ എഴുതിയതായിരുന്നു. 1993 മേയ് 23ന്റെ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ വന്ന ഈ ലേഖനത്തെ തുടർന്ന് ആഴ്ചപ്പതിപ്പിൽനിന്നും തുടർച്ചയായി ലേഖനങ്ങൾ ചോദിക്കാൻ തുടങ്ങി.

കവി കെ.വി. രാമകൃഷ്ണനായിരുന്നു ആഴ്ചപ്പതിപ്പിന്റെ സൃഷ്ടികൾ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട എഡിറ്റർ. ആദ്യ ലേഖനം ‘ഹിറ്റാ’യതിനാലാകണം, പിന്നീട് കുറേക്കാലം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ നിയമലേഖനങ്ങൾക്ക് നല്ലതോതിൽ വായനക്കാരുണ്ടായി. പൊലീസ് പരിഷ്‍കരണത്തെക്കുറിച്ചു തന്നെയുള്ള മറ്റൊരു ലേഖനം അവസാനിപ്പിച്ചതിങ്ങനെ: ‘‘പൊലീസിനെ ഭയക്കുന്ന ജനതയെ ഏതൊരു ഫാഷിസ്റ്റ് വ്യവസ്ഥയിലും കാണാം.

 

എന്നാൽ, ജനങ്ങളെ ഭയക്കുന്ന പൊലീസ് എന്നതാകട്ടെ, സാർഥകമായ ജനാധിപത്യത്തിന്റെ മാത്രം മഹത്തായ അടയാളമാണ്.’’ പിന്നീടും കേരളത്തിൽ ഒട്ടേറെ ലോക്കപ്പ് മരണങ്ങളുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽവെച്ചുണ്ടായ രാജന്റെ അപമൃത്യു പോലുള്ള സംഭവങ്ങൾ പിന്നീട് പല സന്ദർഭങ്ങളിലും പലരിലൂടെയും ആവർത്തിച്ച ചരിത്രം നടുക്കമുളവാക്കുന്നതാണ്. സാക്ഷരതകൊണ്ടു മാത്രം ഒരു ജനതക്ക് പൗരാവകാശബോധം കൈവരണമെന്നില്ല.

1962ൽ അലഹബാദ് ഹൈകോടതിയിലെ ന്യായാധിപനായ ജസ്റ്റിസ് മുള്ള ഇന്ത്യൻ പൊലീസ് സംവിധാനത്തെ വൃത്തിയാക്കാൻ കഴിയാത്ത ഈജിയൻ തൊഴുത്തിനോടാണ് ഉപമിച്ചത്. ഇന്ന് സ്ഥിതിഗതികൾക്ക് കുറെയെങ്കിലും മാറ്റംവന്നിട്ടുണ്ട്, കുറഞ്ഞപക്ഷം കേരളത്തിൽ. എന്നാൽ, വടക്കെ ഇന്ത്യയിലെ പൊലീസ് സംവിധാനം പലപ്പോഴും പുതിയ ഭൂരിപക്ഷവാദത്തിന്റെ കൈയിലെ ഉപകരണങ്ങൾ മാത്രമാണ്. പൊലീസ് പരിഷ്‍കരണത്തെ സംബന്ധിച്ച് സുപ്രീംകോടതി 2006ൽ പ്രകാശ് സിങ്ങിന്റെ കേസിൽ മൂർത്തമായ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ക്രമസമാധാനപാലനവും കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്നതും തമ്മിൽ വേർതിരിച്ച് ഈ രണ്ട് മേഖലകളെയും കാര്യക്ഷമമാക്കുക എന്നതാണ് പ്രകാശ് സിങ് കേസിലെ വിധിയുടെ താൽപര്യം. എന്നാൽ, ഇതിനൊരു മുന്നുപാധിയും കോടതി മുന്നോട്ടുവെച്ചു –പൊലീസ് സേനയെ ഭരണത്തിലിരിക്കുന്നവരുടെ സ്വാധീനത്തിൽനിന്നും മോചിപ്പിക്കണം. പ്രകാശ് സിങ് കേസിലെ നിർദേശങ്ങൾ കേരളമടക്കം പല സംസ്ഥാനങ്ങളും യഥാവിധി പാലിച്ചിട്ടില്ല എന്നതാണ് ദുഃഖ യാഥാർഥ്യം.

തൊണ്ണൂറുകളിൽ പൊലീസ് മാത്രമല്ല, ഇന്ത്യൻ നീതിന്യായ സംവിധാനവും ഏറെ വിമർശിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്തെ ‘വിധേയ ജുഡീഷ്യറി’ (committed judiciary) പിൽക്കാലത്ത്​ പതുക്കെപ്പതുക്കെ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നത് നേരാണ്. എൺപതുകളിലെ പൊതു താൽപര്യ വ്യവഹാരങ്ങൾ ഇതിനുള്ള തെളിവാണ്.

ഭരണഘടനയിൽ അടിയന്തരാവസ്ഥക്കുശേഷം ഇന്ദിര ഗാന്ധിയുടെ തന്നെ ഉത്സാഹത്തിൽ എഴുതിച്ചേർക്കപ്പെട്ട സോഷ്യലിസവും സെക്കുലറിസവും പല കോടതിവിധികളിലും പ്രതിഫലിക്കപ്പെട്ടു. ജസ്റ്റിസ് കൃഷ്ണയ്യർ ഇന്ത്യയിൽ ഒരു പുതിയ സോഷ്യലിസ്റ്റ് നീതിചിന്തക്കുതന്നെ തുടക്കമിട്ടു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ എൺപതുകൾ മാധ്യമങ്ങളിലും ചർച്ചയായി. കോഴിക്കോട്ടു നടന്ന ഒരു ചടങ്ങിൽ വി.ആർ. കൃഷ്ണയ്യർക്കും കെ.ടി. തോമസിനുമൊപ്പം വേദിയിലിരിക്കാനും പ്രസംഗിക്കാനും കഴിഞ്ഞതോർക്കുന്നു.

എന്നാൽ, ‘ആക്ടിവിസ’ത്തെ സംബന്ധിച്ച് രണ്ടുതരം സമീപനങ്ങൾ കോടതിക്കകത്തും പുറത്തും ഉണ്ടായിരുന്നു. മാധ്യമങ്ങളും ആക്ടിവിസ്റ്റ് ജുഡീഷ്യറിയും ചേർന്ന് ഇന്ത്യൻ പൗരാവകാശ മുന്നേറ്റങ്ങൾക്ക് ഊർജം പകരുന്നതിൽ ആഹ്ലാദം രേഖപ്പെടുത്തിക്കൊണ്ട് ആയിടക്ക് പ്രഫ. ഉപേന്ദ്ര ബക്ഷിയുടെ ലേഖനം ‘മെയിൻ സ്ട്രീം’ വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്നാൽ, തെരഞ്ഞെടുത്ത സർക്കാറുകളുടെ ദൈനംദിന പ്രവർത്തനത്തിലും നയങ്ങളിൽപോലും ‘ആക്ടിവിസ’ത്തിന്റെ പേരിൽ കോടതികൾ അമിതമായി ഇടപെടുന്നത് ജനാധിപത്യപരമല്ല എന്ന കാഴ്ചപ്പാടായിരുന്നു എനിക്ക്. ബക്ഷിക്കുള്ള മറുപടി ലേഖനരൂപത്തിൽ ‘മെയിൻ സ്ട്രീമി’ന് അയച്ചു. അത് ‘മെയിൻ സ്ട്രീം’ പ്രസിദ്ധീകരിച്ചു. പിന്നീട് സുപ്രീംകോടതിയിലെ അഭിഭാഷകനായ വിജയ്കുമാർ ബക്ഷിയെ അനുകൂലിച്ചു. എന്റെ നിലപാടുകളെ വിമർശിച്ച് ‘മെയിൻ സ്ട്രീമി’ൽ എഴുതി.

ശക്തവും പ്രസക്തവുമായ വാദങ്ങളായിരുന്നു വിജയ് കുമാറിന്റേത്. അതിനും ഞാൻ മറുപടി എഴുതി. പിന്നീട് ഈ സംവാദ ലേഖനങ്ങൾ ‘ഇന്ത്യ: 50 ഇയേഴ്സ് ഓഫ് ഇൻഡിപെൻഡൻസ്’ എന്ന പേരിൽ മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. വി.ആർ. കൃഷ്ണയ്യർ, എസ്. ജയ്പാൽ റെഡ്ഡി, ഉപേന്ദ്ര ബക്ഷി, രഞ്ജന അറോറ എന്നിവരുടെ ലേഖനങ്ങൾക്കൊപ്പമായിരുന്നു എന്റെയും വിജയ്കുമാറിന്റെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.

 

സ്വാതന്ത്ര്യത്തിന്റെ അമ്പതു വർഷങ്ങളുടെ സമഗ്രവും എന്നാൽ സംക്ഷിപ്തവുമായ ചിത്രം നൽകുന്ന വാള്യങ്ങളായിരുന്നു അവ. അടിയന്തരാവസ്ഥക്കാലമെന്ന ഇരുണ്ട കാലഘട്ടമൊഴിച്ചാൽ ഇന്ത്യയിൽ ശക്തമായി നിലനിന്ന അഭിപ്രായ സ്വാതന്ത്ര്യത്തി​ന്റെയും വിമർശന സ്വാതന്ത്ര്യത്തിന്റെയുംകൂടി ആവിഷ്‍കാരമായിരുന്നു എൺപതുകളിലെയും തൊണ്ണൂറുകളിലെയും രാഷ്ട്രീയ വിമർശനങ്ങൾ. അമ്പതുകളിലെ വിഭജനാനന്തര ഇന്ത്യയുടെ ആകുലതകൾ പങ്കിടുകയും പാർലമെന്റിന്റെ സാധ്യതകളിൽ പ്രതീക്ഷ വെച്ചുപുലർത്തുകയും ഭരണനിർവഹണത്തിന്റെ ഭാവിയെക്കുറിച്ചാലോചിക്കുകയും ചെയ്ത പുസ്തകമായിരുന്നു അത്​.

കൂടാതെ, കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ബഹുജൻ സമാജ് പാർട്ടിയുടെ ആവിർഭാവത്തെക്കുറിച്ചും നിയമനിർമാണ സഭയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും രാഷ്ട്രീയത്തിലെ അഴിമതി മുതൽ സാമ്പത്തിക പരിഷ്‍കാരങ്ങൾ വരെയുള്ള കാര്യങ്ങളെക്കുറിച്ചും സ്വതന്ത്രമായ ചിന്തകൾ പ്രസരിപ്പിക്കുന്നതായിരുന്നു ഈ വാള്യങ്ങൾ.

അടിയന്തരാവസ്ഥക്കുശേഷം ഇന്ത്യയിൽ വളർന്നുവന്ന പ്രസാദാത്മകവും ജൈവികവുമായ സംവാദത്തിന്റെ അന്തരീക്ഷം ഈ പുസ്​തകത്തിൽ തെളിഞ്ഞുകാണാം. അതിനിടെ, 1996ൽ വാജ്പേയിയുടെ ബി.ജെ.പി സർക്കാർ കുറച്ചുനാൾ മാത്രമാണ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്. പിന്നീട് 1998-2004 കാലഘട്ടത്തിൽ അധികാരത്തിൽ വന്ന വാജ്പേയി സർക്കാറും രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തെയോ അതുവഴി സന്തോഷത്തെയോ ഇപ്പോൾ കാണുംപോലെ തല്ലിക്കെടുത്തുകയുണ്ടായില്ല.

എന്നാൽ, ഇതാണോ അമൃതകാലത്തിന്റെ സ്ഥിതി എന്നാലോചിക്കണം. സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ എന്ന ഇപ്പോഴത്തെ ‘ഹാഷ്ടാഗി’ൽപോലും ക്രൂരവും ദുഃഖകരവുമായ ഒരു വിരുദ്ധോക്തിയാണുള്ളത്. എത്രയോ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും മാസങ്ങളോളം, വർഷങ്ങളോളമായി ജയിലിൽ കിടക്കുന്നു.

സംസ്ഥാന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ജയിലിൽ കിടത്താനായി കള്ളപ്പണം വെളുപ്പിക്കൽ നിയമത്തെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിക്കുന്നു. ‘മടിയിൽ കനമില്ലാത്ത’ സ്റ്റാൻ സ്വാമി മുതൽ ഗൗതം നവ് ലഖയും വരവരറാവുവും വരെയുള്ളവർക്കെതിരെ യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം (ഐ.പി.സി 124 എ വകുപ്പ്) തുടങ്ങിയവ തരാതരംപോലെ ഉപയോഗിക്കുകയുണ്ടായി. ഒന്നോർത്താൽ ഒരു കരിനിയമത്തിന്റെ ഓരോ ഉപയോഗവും ദുരുപയോഗംതന്നെയാണ്.

എൺപതുകളിലും തൊണ്ണൂറുകളിലും ‘ടാഡ’യും ‘പോട്ട’യും പോലുള്ള കരിനിയമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അത്തരം കരിനിയമങ്ങളെ തുറന്നെതിർത്തുകൊണ്ട് പൗരാവകാശ പ്രവർത്തകരും അഭിഭാഷകരും മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം ധീരമായി മുന്നോട്ടുവന്ന കാലഘട്ടംകൂടിയായിരുന്നു അത്.

2019ൽ വ്യവസായ പ്രമുഖനായ രാഹുൽ ബജാജിന് ആ സത്യം തുറന്നുപറയേണ്ടിവന്നു –ഇന്ത്യ ഭീതിയുടെ അന്തരീക്ഷത്തിലാണിപ്പോൾ. അടിയന്തരാവസ്ഥക്കാലത്തും കടുത്ത ഭീതിയുടെ അന്തരീക്ഷമായിരുന്നു, പ്രത്യേകിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയവരുടെ മനസ്സുകളിലും വീടുകളിലും. അതിനാലാകാം പുതിയ ഇന്ത്യൻ അവസ്ഥയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ചിലർ വിശേഷിപ്പിക്കുന്നത്. നിയമജ്ഞൻകൂടിയായ അരവിന്ദ് നാരായിൻ തന്റെ പുസ്തകത്തിന്റെ പേരിൽതന്നെ (India's Undeclared Emergency: Constitutionalism and the Politics of Resistance) ഇക്കാര്യം സൂചിപ്പിക്കുന്നു.

എന്നാൽ, മോദിയുടെ പത്തു വർഷങ്ങളോളം നീണ്ട ഭരണകാലഘട്ടം കേവലം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടേത് മാത്രമാണെന്ന വിധത്തിൽ ചുരുക്കിക്കാണുന്നത് മൗഢ്യമായിരിക്കും. പ്രഖ്യാപിത അടിയന്തരാവസ്ഥയും സമകാലിക ദുരവസ്ഥയും ഗുണപരമായിത്തന്നെ വ്യത്യസ്തമാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും കോൺഗ്രസ് ഒരു കേഡർ പാർട്ടിയായി മാറിയിരുന്നില്ല. സമകാലിക ഭരണം നിയന്ത്രിക്കുന്നതാകട്ടെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ കേഡറിസമാണ്. മതത്തെയും വർഗീയതയെയും ഉപയോഗിച്ചുകൊണ്ടായിരുന്നില്ല, പ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയത്.

ഇന്നാ​കട്ടെ മതത്തിന്റെയും പ്രദേശത്തിന്റെയും ഗോത്രത്തിന്റെയും ഭാഷയുടെയും പേരിലുള്ള ധ്രുവീകരണത്തിൽ കണ്ണുവെച്ചുകൊണ്ടാണ് ഭൂരിപക്ഷ വാദികൾ തെരഞ്ഞെടുപ്പുകളെ ഉപയോഗിക്കുന്നത്. അടിയന്തരാവസ്ഥക്കു ശേഷവും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ മൊത്തത്തിൽ തകർന്നടിഞ്ഞിരുന്നില്ല.

 

തെരഞ്ഞെടുപ്പ് സംവിധാനങ്ങൾപോലും വലിയ ക്ഷതങ്ങളില്ലാതെ നിലനിന്നു. അതിനാലാണ് അടിയന്തരാവസ്ഥക്ക് (1975-1977) ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയെയും കോൺഗ്രസിനെയും പുറത്താക്കാൻ ജനങ്ങൾക്ക് കഴിഞ്ഞത്. ഭരണസംവിധാനത്തിന്റെ അതിക്രമങ്ങൾക്കെതിരെ ജയപ്രകാശ് നാരായണൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കീഴിൽ അക്ഷരാർഥത്തിൽ ‘ജനതാതരംഗം’ ആഞ്ഞടിച്ച കാലഘട്ടമായിരുന്നു, അടിയന്തരാവസ്ഥയെ തുടർന്നുണ്ടായത്.

ഇന്ന് പക്ഷേ, ജനങ്ങളിൽ ഒരു വിഭാഗം ‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ’ത്തിൽ തൃപ്തിയടയുന്നു. ഇലക്ടറൽ ബോണ്ടും കോർപറേറ്റ് മൂലധനവും പ്രചണ്ഡമായ പ്രചാരണങ്ങളും മതത്തിന്റെ പച്ചയായ ദുരുപയോഗവും രാഷ്ട്രീയത്തിലെ അന്ധഭക്തിയുമെല്ലാം ചേർന്ന ഇന്നത്തെ ഇന്ത്യ, അടിയന്തരാവസ്ഥക്കാലത്തും തൊട്ടു പിന്നീടും ഉണ്ടായ ഇന്ത്യയിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ആഗോളതലത്തിൽതന്നെ പോപുലിസ്റ്റ് ഭരണകൂടങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പോലും അപഹസിച്ചുകൊണ്ടാണ് അധികാരം കൈക്കലാക്കുന്നതും നിലനിർത്തുന്നതും.

ഇതിനകംതന്നെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച് ജനങ്ങൾ മറ്റു കക്ഷികളെ അധികാരത്തിലേറ്റിയാൽതന്നെ അവയിലെ നിയമസഭാ സാമാജികരെ വിലകൊടുത്തു വാങ്ങി ഭരണം അട്ടിമറിക്കാനും കൈയടക്കാനും ഭൂരിപക്ഷ വർഗീയതയുടെ രാഷ്ട്രീയ രൂപങ്ങൾക്ക് എളുപ്പം കഴിയുന്നു.

 

തെരഞ്ഞെടുപ്പുകളെയും തെരഞ്ഞെടുപ്പു ഫലങ്ങളെയും ഒരുപോലെ നിരർഥകമാക്കുന്ന ഈ രാഷ്ട്രീയ കാലാവസ്ഥയും ഭീതി വിതച്ച് വിധേയത്വംകൊയ്യുന്ന ദീർഘകാല രാഷ്ട്രീയ പദ്ധതിയും അടിയന്തരാവസ്ഥയിൽ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇന്നത്തെ അവസ്ഥ കൂടുതൽ ബീഭത്സവും അപകടകരവുമാണെന്നു പറയുന്നത്.

എന്നാൽ, അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമുണ്ടായിരുന്ന 2014 വരെയുള്ള ദീർഘമായ കാലഘട്ടം –മൂന്നു പതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന കാലം– ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാറ്റുവീശിയ കാലമായിരുന്നു. അപ്പോഴും അഴിമതിയും കെടുകാര്യസ്ഥതയും നീതിനിഷേധവുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും നിയമവാഴ്ചയും ഭരണഘടനയും ഇന്നത്തേതുപോലെ ആസുരമായ രീതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നില്ല. ഈ നിയമവാഴ്ച കോടതിമുറികളിലും നടപടികളിലും വിധിന്യായങ്ങളിലും പ്രതിഫലിച്ചു.

കോടതികളെപ്പോലും വിമർശിക്കാൻ കോടതികൾ നിന്നുകൊടുത്തു. അക്കാലത്ത് എഴുതിയ പല ലേഖനങ്ങളും ന്യായാധിപരെയും കോടതിവിധികളെയും വിമർശിക്കുന്നവയായിരുന്നു. ‘മാതൃഭൂമി’യും ‘മാധ്യമ’വും അവ തുടർച്ചയായി നിർഭയം പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് ‘മാധ്യമം’ ദിനപത്രത്തിൽ ‘കാര്യവിചാരം’ എന്ന കോളം കൈകാര്യം ചെയ്തപ്പോഴും കോടതിവിമർശനമായിരുന്നു പ്രധാന പ്രമേയം. അത്തരം ലേഖനങ്ങൾ ‘നിയമത്തിന്റെ രാഷ്ട്രീയം’ (പൂർണ പബ്ലിക്കേഷൻസ് -1998), ‘തുറന്ന മൈതാനങ്ങൾ’ (നളന്ദ പബ്ലിക്കേഷൻസ് -2007), കോടതി, അഴിമതി, അധികാരം (മാതൃഭൂമി ബുക്സ് -2008) എന്നീ സമാഹാരങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു.

താലിബാനിൽ ബുദ്ധപ്രതിമകൾ തകർത്ത മതഭീകരതയുടെ ‘കരസേവ’യെയും രാഷ്ട്രപിതാവിനെ വധിച്ച ഗോദ്സെയുടെ വർഗീതയയെയും വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾക്ക് ലഭിച്ച സ്വീകാര്യത ആ കാലഘട്ടത്തിന്റെ മതേതര മനസ്സിന്റെകൂടി നിദർശനമായിരുന്നു. അന്നുമുണ്ടായിരുന്നു, വർഗീയത. എന്നാൽ, അധികാരത്തിന്റെ കൊഴുപ്പിൽ അതിന് മദിച്ചു പുളക്കുവാനായില്ല. അന്നെഴുതിയ ഒരു ലേഖനം അവസാനിപ്പിച്ചത് എൻ.വി. കൃഷ്ണവാര്യരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ഗാന്ധിജി ഗോദ്സെയോടു പറയുന്ന വാക്കുകൾ കൃഷ്ണവാര്യർ തന്റെ കവിതയിൽ വിവരിച്ചതിങ്ങനെ:

‘‘ഇന്നു നീ ഞാൻ നേടിയ–

തൊക്കെയും കാപട്യത്താൽ

നിന്നുടേതാക്കി ക്രൂരം

വിജയോന്മാദം കൊൾകേ...’’

പിന്നെയും പുസ്​തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പ​ുറത്തുവന്നു​. കുട്ടികളുടെ അവകാശങ്ങൾ (മാതൃഭൂമി, 2008), നിയമത്തി​െൻറ അമ്പത്​ വർഷങ്ങൾ (കേരള ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​, 2008), നിയമത്തിനുമപ്പുറം (കൈരളി, 2012), ഇന്ത്യൻ ഭരണഘടന: പാഠങ്ങൾ; പാഠഭേദങ്ങൾ (മാതൃഭൂമി, 2018), നീതിയുടെ ആകാശങ്ങൾ (മാതൃഭൂമി, 2020) എന്നിവയാണ്​ പ്രധാന മലയാള രചനകൾ.

****

ഹൈകോടതിയിലേക്ക് പ്രാക്ടിസ് മാറ്റുമ്പോൾ കോളജിൽനിന്നും പഠിച്ച നിയമങ്ങളും ഭരണഘടനയും തന്നെ പ്രാക്ടിസ് ചെയ്യാൻ കഴിഞ്ഞിരുന്നു. തൊഴിൽ നൽകിയ ഈ സുരക്ഷിതത്വം യഥാർഥത്തിൽ നിയമവാഴ്ച നൽകിയ സുരക്ഷിതത്വംതന്നെയായിരുന്നു.

വ്യക്തിപരമായാകട്ടെ, വിവാഹവും വിവാഹാനന്തര ജീവിതവും ഒരുപാട് സ്വസ്ഥതയും തൊഴിൽ ചെയ്യാനും ജീവിക്കാനുമുള്ള ആത്മവിശ്വാസവും പകർന്നു. അച്ചടക്കം കുറഞ്ഞ വിഹ്വലമായ ദിവസങ്ങളെ സ്നേഹംകൊണ്ടും കരുതൽകൊണ്ടും സുധ മാറ്റിമറിച്ചു. അതിനിടെ, മകൾ തുളസിയും ഞങ്ങളുടെ ജീവിതത്തിലേക്കെത്തി. ഇങ്ങനെയുള്ള സാഹചര്യംകൂടിയാണ് ഹൈകോടതിയിലെ തൊഴിലനുഭവങ്ങളെയും ജീവിതത്തെത്തന്നെയും രൂപപ്പെടുത്തിയതും മെച്ചപ്പെടുത്തിയതും.

(തു​ട​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT