സർവകലാശാല ചരിത്ര സിലബസ്​ റഫറൻസിലെ പ്രശ്നങ്ങൾ

മാധ്യമം ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിനിൽ പോളി​ന്റെ അഭിമുഖത്തിലെ (ലക്കം: 1380) ചില പരാമർശങ്ങൾക്കെതിരെ ലക്കം 1382ൽ ലിജോ സെബാസ്​റ്റ്യൻ ‘വി​മ​ർ​ശ​ന​ങ്ങ​ൾ വ​സ്തു​താ​പ​രമാ​യി​രി​ക്ക​ണം’ എന്ന പ്രതികരണം എഴുതിയിരുന്നു. അതിന്​ വിനിൽ പോളി​ന്റെ മറുകുറിപ്പാണിത്​.മഹാത്മാ ഗാന്ധി സർവകലാശാലക്കു വേണ്ടി ഒരു സംഘം ചരിത്ര അധ്യാപകർ തയാറാക്കിയ നാലു വർഷ ബിരുദ സിലബസിന്റെ വായനാ പട്ടികയെ സംബന്ധിച്ചു ഞാൻ നടത്തിയ അഭിപ്രായത്തിന് ലിജോ സെബാസ്റ്റ്യൻ എഴുതിയ വിമർശനവും (ലക്കം: 1382) അവർ തയാറാക്കിയ സിലബസിലെ പ്രശ്‍നങ്ങളും വിശദീകരിക്കപ്പെടേണ്ടതുണ്ട് എന്ന കാരണത്താലാണ് ഈ മറുപടി ഇവിടെ എഴുതുന്നത്. മഹാത്മാ ഗാന്ധി...

മാധ്യമം ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിനിൽ പോളി​ന്റെ അഭിമുഖത്തിലെ (ലക്കം: 1380) ചില പരാമർശങ്ങൾക്കെതിരെ ലക്കം 1382ൽ ലിജോ സെബാസ്​റ്റ്യൻ ‘വി​മ​ർ​ശ​ന​ങ്ങ​ൾ വ​സ്തു​താ​പ​രമാ​യി​രി​ക്ക​ണം’ എന്ന പ്രതികരണം എഴുതിയിരുന്നു. അതിന്​ വിനിൽ പോളി​ന്റെ മറുകുറിപ്പാണിത്​.

മഹാത്മാ ഗാന്ധി സർവകലാശാലക്കു വേണ്ടി ഒരു സംഘം ചരിത്ര അധ്യാപകർ തയാറാക്കിയ നാലു വർഷ ബിരുദ സിലബസിന്റെ വായനാ പട്ടികയെ സംബന്ധിച്ചു ഞാൻ നടത്തിയ അഭിപ്രായത്തിന് ലിജോ സെബാസ്റ്റ്യൻ എഴുതിയ വിമർശനവും (ലക്കം: 1382) അവർ തയാറാക്കിയ സിലബസിലെ പ്രശ്‍നങ്ങളും വിശദീകരിക്കപ്പെടേണ്ടതുണ്ട് എന്ന കാരണത്താലാണ് ഈ മറുപടി ഇവിടെ എഴുതുന്നത്.

മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ/ എയ്ഡഡ് കോളജുകളിൽ അഞ്ചും പത്തും പതിനഞ്ചും വർഷമായി ചരിത്രം പഠിപ്പിക്കുന്ന 53 അധ്യാപകർ (മൊത്തം അധ്യാപകരുടെ എണ്ണം 120നു മുകളിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു) ചേർന്ന് തയാറാക്കിയ സിലബസിൽ, ലിജോ സെബാസ്റ്റ്യന്റെ കണക്ക് പ്രകാരം 1100ന് മുകളിൽ അധിക വായനകൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ എത്ര ചരിത്ര അധ്യാപകരുടെ പഠനങ്ങൾ ഉൾപ്പെട്ടു എന്ന ചോദ്യം പ്രസക്തമെന്ന് ഒരു ചരിത്ര വിദ്യാർഥിയെന്ന നിലയിൽ ഞാൻ കരുതുന്നു (ഒന്നും തന്നെയില്ല എന്നാണ് മനസ്സിലാക്കൽ, ഉണ്ടെങ്കിൽ എത്രയെണ്ണം എന്ന് സൂചിപ്പിക്കാവുന്നതാണ്).

ഇത്തരത്തിൽ അക്കാദമിക പിന്നാക്കാവസ്ഥ നിലനിൽക്കുന്ന ഈ സംഘാംഗങ്ങൾക്ക് അക്കാദമിക പഠനങ്ങളും അക്കാദമികമല്ലാത്ത പഠനങ്ങളും തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നതാണ് റീഡിങ് ലിസ്റ്റ് പ്രാഥമികമായി വെളിപ്പെടുത്തുന്നത്. ജെ. ദേവികയെ മുൻനിർത്തിയാണ് ഞാൻ ഒരു വിമർശനം ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ, ലിജോ സെബാസ്റ്റ്യന്റെ ന്യായീകരണത്തിന്റെ ഭാഗമായി ജെ. ദേവികയെ കുറിച്ച് ഒരു അക്ഷരംപോലും പറഞ്ഞുകണ്ടില്ല.

ലിജോ സെബാസ്റ്റ്യന്റെ വാക്കുകൾകൊണ്ട് തന്നെ ഇവരുടെ തിരഞ്ഞെടുപ്പ് രീതി ഞാൻ വ്യക്തമാക്കാം. എന്റെ മൂന്ന്, നാല് പുസ്തകങ്ങളും ഒരു ലേഖനവും സിലബസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ലിജോ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരിയാണ്, എന്റെ പുസ്തകങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ രണ്ട് സർവകലാശാലയിലെ മലയാളം ബിരുദ വിദ്യാർഥികൾക്ക് എന്റെ ഒരു മലയാള ലേഖനം പഠിക്കാനുണ്ട്.

അതേപോലെ മറ്റൊരു സർവകലാശാലയുടെ ഇംഗ്ലീഷ് വകുപ്പിൽ നിർബന്ധിത വായനക്കും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം അനാവശ്യമായി ഈ അവസരത്തിൽ പറയട്ടെ. അതായത് എന്നെ ഉൾപ്പെടുത്തിയില്ല എന്നതല്ല എന്റെ പ്രശ്‌നം. എന്നെ ഉൾപ്പെടുത്തിയെന്നതാണ് ഇവിടെ ഞാൻ ഉന്നയിക്കുന്ന പ്രശ്നം. മലയാളത്തിലെ പോപുലർ ചരിത്രരചനയുടെ ഭാഗമാകുന്നതിനായി ഞാൻ എഴുതിയ ലേഖനങ്ങളാണോ അക്കാദമിക നിലവാരം പുലർത്തുന്ന സേജ് പ്രസിദ്ധീകരണമായ സൗത്ത് ഏഷ്യ റിസർച്ചിലും, ബ്രിൽ പ്രസിദ്ധീകരണമായ ഇന്റർനാഷനൽ ജേണൽ ഓഫ് ഏഷ്യൻ ക്രിസ്ത്യാനിറ്റിയിലും, ആഗോള അടിമത്തത്തെ കുറിച്ചുള്ള പുസ്തകത്തിലെ അധ്യായങ്ങളാണോ കുട്ടികൾക്ക് പഠിക്കാനായി നൽകേണ്ടത് എന്നതാണ് ഇവിടത്തെ പ്രശ്‌നം. ഇതേ അവസ്ഥയിൽ നിലനിൽക്കുന്ന സനൽ മോഹനെ വെച്ച് എന്റെ വാദം കൂടുതൽ വ്യക്തമാക്കാം.

പ്രസ്കതി ബുക്സ് 2021ൽ പ്രസിദ്ധീകരിച്ച സനൽ മോഹന്റെ മലയാള ലേഖന സമാഹാരമാണ് ‘കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും’ എന്നത്. മലയാളത്തിലെ ആനുകാലികങ്ങളിൽ വന്ന ലേഖനങ്ങൾ ഒരു പുസ്തകത്തിലാക്കിയതിൽനിന്നും അടർത്തിയെടുത്ത ഏഴ് ലേഖനങ്ങൾ ഉൾപ്പെടുത്തിയതിനെയാണ് ലിജോ സെബാസ്റ്റ്യൻ വലിയ സംഭവമായി ചൂണ്ടിക്കാണിക്കുന്നത്.

പ്രിയ ലിജോയും സംഘാംഗങ്ങളും അറിയുന്നതിന്, സനൽ മോഹൻ പോപുലർ ചരിത്രരചനയുടെ ഭാഗമായി റഫറൻസ് സൂചിപ്പിക്കാതെ എഴുതിയ ലേഖനങ്ങൾ അല്ല നിങ്ങൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് എന്ന് മനസ്സിലാക്കുക. അതേപോലെ സിലബസ് വിദഗ്‌ധരുടെ നോട്ടത്തിൽ സനൽ മോഹൻ ആകെ ‘മോഡേണിറ്റി ഓഫ് സ്ലേവറി’ എന്ന ഒരു പുസ്തകം മാത്രമാണ് എഴുതിയിരിക്കുന്നത്.

Economic and Political Weekly, Journal of Religious and Political Practice, South Asia, South Asia Research, Review of Development and Change തുടങ്ങിയ ജേണലുകളിലെ ലേഖനങ്ങളും നിരവധി ബുക് ചാപ്റ്ററുകളും എഴുതിയവയെല്ലാം ഒഴിവാക്കി അദ്ദേഹത്തിന്റെ ഏഴ് മലയാളം ലേഖനമാണ് ലിജോയും കൂട്ടരും കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ എക്സ്പർട്ട് പാനലിലുള്ള സനൽ മോഹൻ എഴുതിയ അക്കാദമിക ലേഖനങ്ങളെ കുറിച്ചുപോലും ഒരു ധാരണയുമില്ലാത്ത സംഘാംഗങ്ങൾ തയാറാക്കിയ റീഡിങ് ലിസ്റ്റ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഞാൻ മുന്നോട്ടുവെച്ച വിമർശനം ഇനിയും വ്യക്തമായില്ലെങ്കിൽ സിലബസിൽനിന്നും ഒരു ഉദാഹരണംകൂടി പറയാം. സയൻസ് ആൻഡ് സൊസൈറ്റി എന്ന ഒരു പേപ്പർ പ്രസ്തുത സിലബസിൽ പഠിക്കാനുണ്ട്. കേരളത്തെ സംബന്ധിച്ച് ഈ മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ ഗവേഷണം നടത്തിയ വ്യക്തിയാണ് ഡോ. ഷിജു സാം വറുഗീസ്, അദ്ദേഹത്തിന്റെ Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകം ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, സിലബസ് തയാറാക്കിയ വിദഗ്‌ധർ കുട്ടികൾക്കും അധ്യാപകർക്കും വായിക്കാനായി നിർദേശിച്ചത് ഷിജു സാമിന്റെ ‘അന്യോന്യം’ മാസികയിൽ വന്ന ലേഖനമാണ്.

മനു വി. ദേവദേവന്റെയും അവസ്ഥ ഇങ്ങനെ തന്നെ. കീഴാള പഠനങ്ങൾ എന്ന തലക്കെട്ടിൽ കുട്ടികൾക്ക് പഠിക്കാൻ കൊടുത്തിരിക്കുന്ന സിലബസിൽ കീഴാള പഠന കൂട്ടായ്മയിൽ കേരളവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിയ എം.ടി. അൻസാരിയുടെയും പ്രവീണ കോടോത്തിന്റെയും ലേഖനങ്ങൾപോലും വായിക്കാൻ നിർദേശിക്കാത്ത സിലബസിലേക്ക് അതത് കോളജുകൾ ആവശ്യാനുസരണം ലേഖനങ്ങൾ ചേർത്തുകൊള്ളാനാണ് സിലബസ് നിർമാതാക്കളുടെ കൽപന. അനൽസ് സ്‌കൂളിനെ കുറിച്ചും അനൽസ് ജേണലിനെ കുറിച്ചും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അനൽസ് ജേണലിൽ ലേഖനം എഴുതിയ ഏക മലയാളിയായ മുഹമ്മദ് കൂരിയയെ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.

പ്രീ മോഡേൺ കേരള, മാരിടൈം ഹിസ്റ്ററിയെല്ലാം പഠിപ്പിക്കുന്ന സിലബസിൽനിന്നും മുഹമ്മദ് കൂരിയയെ മാറ്റിനിർത്തിയിരിക്കുന്നത് അക്കാദമിക വ്യവഹാരത്തിന് വെളിയിൽ ജീവിക്കുന്ന ബോർഡ് മെംബർമാർക്ക് ഒരു പ്രശ്‌നമായി തോന്നണമെന്നില്ല. സിലബസ് നിർമാതാക്കളുടെ അറിവിൽ ജെ. ദേവിക, അരുണിമ, ദിലീപ് മേനോൻ എന്നിവരെല്ലാം ആകെ ഒരു പഠനം മാത്രമാണ് അവരുടെ നാളിതുവരെയുള്ള അക്കാദമിക ജീവിതത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രൊട്ടസ്റ്റന്റ് മിഷനറി പ്രസ്ഥാനത്തെ കുറിച്ചും പ്രിന്റിങ് പ്രസുകളെ കുറിച്ചും പഠിപ്പിക്കുന്ന ഭാഗത്ത് 1975കൾ മുതൽ തുടങ്ങുന്ന അക്കാദമിക പഠനങ്ങളൊന്നുംതന്നെ പറയാതെ ‘മലയാള ഭാഷയെ ധന്യമാക്കിയ ക്രിസ്ത്യൻ മിഷനറിമാർ’ പോലുള്ള പുസ്തകങ്ങൾ വായിക്കാൻ നിർദേശിച്ചുകൊണ്ടാണ് സിലബസ് സംഘം ആ ഭാഗത്തെ ധന്യമാക്കിയിരിക്കുന്നത്.

വിഷ്വൽ ഹിസ്റ്ററി പഠിപ്പിക്കുന്ന സിലബസിൽ സുജിത് കുമാർ പാറയിൽ ഇല്ല, അതേപോലെ ദിനേശൻ വടക്കിനി, സന്തോഷ് എബ്രഹാം, ജയശീലൻ രാജ്, അഭിലാഷ് മലയിൽ, ബർട്ടൻ ക്ലീറ്റസ്, വി.ജെ. വർഗീസ്, രതീഷ് രാധാകൃഷ്‌ണൻ, ദിവ്യ കണ്ണൻ, മുഹമ്മദ് കൂരിയ, യാസർ അറഫാത്ത് ഇങ്ങനെ നീളുകയാണ് ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്. കേരളത്തിനെ സംബന്ധിച്ചുള്ള ചരിത്ര പഠനങ്ങൾ പരിചയപ്പെടുത്തുക എന്നത് ഒരു ഗവേഷണ ധാർമികതയുടെ ഭാഗമാണ് എന്ന തിരിച്ചറിവ് ഇല്ലാത്തതാണ് ഇവിടെ ഞാൻ ഉന്നയിച്ച പ്രശ്‌നം.

അവസാനമായി ഒറ്റ കാര്യം പറഞ്ഞുകൊള്ളട്ടെ, ആധുനിക കേരള ചരിത്രത്തെ കുറിച്ച് ഏതൊരു വ്യക്തിക്കും പരിചിതമാണ് ‘Decline of Nair dominance’ എന്ന പുസ്തകവും റോബിൻ ജെഫ്രിയും. അത്രത്തോളം ജനകീയമായ ഒരു അക്കാദമിക ഗ്രന്ഥം കേരളത്തിലില്ല. ആധുനിക കേരളചരിത്രം പഠിപ്പിക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാലയുടെ സിലബസിൽ റോബിൻ ജെഫ്രിയുടെ ‘നായർ മേധാവിത്വത്തിന്റെ പതനം’പോലും ചേർത്തിട്ടില്ല എന്ന് പറയുമ്പോൾ വായനക്കാർക്ക് ഊഹിക്കാമല്ലോ സിലബസിന്റെ നിലവാരം. എന്നുകരുതി റോബിൻ ജെഫ്രിയാണ് കേരളചരിത്രം എന്ന് അർഥമില്ല കേട്ടോ.


Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.