ഇത് സിനിമയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യസമരം

ഹേമ കമ്മിറ്റി റിപ്പോർട്ട്​ പുറത്തുവന്നതോടെ മലയാള സിനിമയിലെ ആണത്ത ഘോഷങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്​. പല പ്രമുഖ സിനിമാ വ്യക്തിത്വങ്ങൾക്കെതിരെയും സ്​ത്രീകൾ മൊഴി നൽകുകയാണിപ്പോൾ. എന്താണ്​ മലയാള സിനിമയിലെ സ്​ത്രീ അവസ്​ഥ? എന്താണ്​ ഇപ്പോഴത്തെ സംഭവങ്ങളുടെ വാസ്​തവം? എങ്ങോട്ടാണ്​ സിനിമ നീങ്ങുന്നത്​? –തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ലേഖിക ത​ന്റെ തന്നെ അനുഭവത്തി​ന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിശദമാക്കുന്നു.‘‘We are the granddaughters of the witches you couldn't burn.’’ –Tish Thawer (The Witches of BlackBrook) മാതൃശൂന്യമായ ചലച്ചിത്ര ചരിത്രത്തിൽ ഒരുകൂട്ടം പെണ്ണുങ്ങൾ നടത്തിയ അനുസരണക്കേടാണ് ലോകമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്....

ഹേമ കമ്മിറ്റി റിപ്പോർട്ട്​ പുറത്തുവന്നതോടെ മലയാള സിനിമയിലെ ആണത്ത ഘോഷങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്​. പല പ്രമുഖ സിനിമാ വ്യക്തിത്വങ്ങൾക്കെതിരെയും സ്​ത്രീകൾ മൊഴി നൽകുകയാണിപ്പോൾ. എന്താണ്​ മലയാള സിനിമയിലെ സ്​ത്രീ അവസ്​ഥ? എന്താണ്​ ഇപ്പോഴത്തെ സംഭവങ്ങളുടെ വാസ്​തവം? എങ്ങോട്ടാണ്​ സിനിമ നീങ്ങുന്നത്​? –തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ലേഖിക ത​ന്റെ തന്നെ അനുഭവത്തി​ന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിശദമാക്കുന്നു.

‘‘We are the granddaughters of the witches

you couldn't burn.’’

–Tish Thawer (The Witches of BlackBrook)

മാതൃശൂന്യമായ ചലച്ചിത്ര ചരിത്രത്തിൽ ഒരുകൂട്ടം പെണ്ണുങ്ങൾ നടത്തിയ അനുസരണക്കേടാണ് ലോകമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 1928ൽ, ആദ്യ സിനിമ ‘വിഗതകുമാരൻ’ മുതൽ ഇവിടെ നിലകൊള്ളുന്ന ആണധികാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് ചെയ്യാനാകുന്നത് അത്രമാത്രം. അതിനുമപ്പുറം ഒരു അവകാശവാദത്തിനുമില്ല. ഇത് സിനിമയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യസമരമാണ്.

2017 ഫെബ്രുവരി 17ന്, മലയാള സിനിമയിലെ തൊഴിലിടത്തു​െവച്ച് ഒരു സഹപ്രവർത്തക അതിക്രൂരമായി ആക്രമിക്കപ്പെട്ടതാണ് അതിനു നിമിത്തമായത്. അത് ലോകം അറിയാതെ പോകുമായിരുന്നു, ആ അതിജീവിത വിട്ടുവീഴ്ചയില്ലാതെ നിന്നില്ലായിരുന്നുവെങ്കിൽ. ആ നിൽപ് ഒരു പോരാട്ടമായിരുന്നു. അത് സൃഷ്ടിച്ച ഊർജമാണ് നീണ്ട നിശ്ശബ്ദത വെടിഞ്ഞ് സംസാരിക്കാനും പരസ്പരം കൈകോർത്ത് നിൽക്കാനും ഞങ്ങളെ പ്രേരിപ്പിച്ചത്, പ്രാപ്തരാക്കിയത്.

നാലര വർഷം സർക്കാർ കോൾഡ് സ്റ്റോറേജിൽവെച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് നമ്മുടെ നിയമസംവിധാനത്തിനു മുന്നിൽ ഉണ്ടാക്കുന്ന അലോസരങ്ങൾ ചില്ലറയല്ല. അതൊരു ‘പണ്ടോറയുടെ പെട്ടി’യാണ്. പുറമെ സുന്ദരമായ നമ്മുടെ ചലച്ചിത്ര ചരിത്രത്തി​​ന്റെ ഇരുണ്ട മറുപുറം എന്തായിരുന്നു എന്ന് ഇത് തുറന്നുകാട്ടുന്നു. മലയാള സിനിമയുടെ ‘ഭൂതം’ അതി​​ന്റെ വർത്തമാനത്തെ വേട്ടയാടുന്ന ദൃശ്യമായാണ് അത് നമുക്കു മുന്നിൽ തെളിയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടി​​ന്റെ തുടക്കത്തിൽ കുറിച്ചിട്ടതുപോലെ സുന്ദരമായ ആകാശവും താരങ്ങളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാൽ കാണാവുന്നത് തമോഗർത്തങ്ങളാണ്.

സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപെടലാണ് അതിജീവിതയുടെ മൊഴി. ഏഴര വർഷം പിന്നിട്ടിട്ടും ഒരധികാര ശക്തിക്കും ആ മൊഴി തിരുത്തിപ്പറയിക്കാനായിട്ടില്ല. മൊഴിമാറ്റങ്ങളുടെ നീണ്ട ശൃംഖല സൃഷ്ടിച്ച പാരമ്പര്യം നമ്മുടെ ആണധികാര സമ്പ്രദായത്തിനുണ്ട്. അതുകൊണ്ടാണ് ഇവിടെ ഒരു പരാതിയും വാഴാത്തത്.

ഏഴര വർഷമായി നമ്മുടെ ചാനലുകളിൽ വന്നിരുന്ന് ഇടതും വലതും പക്ഷത്തുള്ള ന്യായീകരണക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചുനോക്കൂ. ‘‘കഴിഞ്ഞതെല്ലാം മറക്കൂ, പൊറുക്കൂ, സിനിമ എത്രയോ പേരുടെ ജീവിതമാണ്, അതിനെ പൊളിക്കല്ലേ’’ എന്നാണ് അതാവർത്തിക്കുന്നത്. പരാതികൾ ഉണ്ടാകുന്നതിന് എതിരായുള്ള ഒരുതരം നിശ്ശബ്ദ ഭീഷണി അതിലുണ്ട്. ‘‘അതിജീവിതയുടെ ജീവിതം, ഏഴര വർഷമായിട്ടും നിയമ കുരുക്ക് നീളുന്നത് കണ്ടില്ലേ’’ എന്ന്. അതാണ് പരാതി കൊടുത്താലുള്ള അവസ്ഥ എന്ന സൂക്ഷ്മ മുന്നറിയിപ്പാണ് ആ ഭീഷണി. സ്വന്തം ആയുസ്സുതന്നെ നിയമക്കുരുക്കിൽ കളഞ്ഞുകുളിച്ച് ഒരു പരാതിക്ക് പിറകെ പോകാനുള്ള ധൈര്യം പിന്നെ ആർക്കാണുണ്ടാവുക? തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടവഴിയിലെ ഏറ്റവും വലിയ വെല്ലുവിളി അതാണ്.

മലയാള സിനിമയിലെ പെൺകൂട്ടായ്മ (ഡബ്ല്യു.സി.സി) ഒരു ചെറു ന്യൂനപക്ഷമാണ്. സിനിമ എന്തായിരിക്കണം എന്ന് തീരുമാനമെടുക്കുന്ന പ്രബലരായ ആണധികാര കേന്ദ്രങ്ങളോടാണ് പോരാട്ടം. അത് വ്യക്തികളല്ല, ഒരു വ്യവസ്ഥയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നതുപോലെ സർക്കാറല്ല ഇവിടെ നിയമം നിശ്ചയിക്കുന്നത്.

സിനിമാ സംഘടനകളാണ്. സർക്കാറുകൾ പാസാക്കിയ നിയമമൊന്നും സിനിമയിൽ ബാധകമല്ല. സംഘടനാ നേതൃത്വങ്ങൾ സമ്പൂർണമായും ആണുങ്ങളുടെ വരുതിയിലാണ്. അത് സ്ത്രീക്ക് അന്തസ്സോടെ പണിയെടുക്കാനാവുന്ന തൊഴിലിടമല്ല. ഇതിനൊരു തിരുത്തായിരുന്നു ഞങ്ങളുടെ ആവശ്യം. പോരാടാനുറച്ച നീതിബോധം മാത്രമായിരുന്നു കൈമുതൽ. ഏഴര വർഷം പിന്നിട്ട് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുമ്പോൾ അതിൽ ഒരു ചുവടു മുന്നോട്ടു​െവച്ചതായി തിരിച്ചറിയുന്നു. നീതിബോധമുള്ള ഒരു വലിയ സമൂഹത്തി​​ന്റെ പിന്തുണ അതിന് കിട്ടിയിട്ടുണ്ട്.

കണ്ണടക്കാതെ ഒപ്പം നിന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരും അഭിഭാഷകരും ഞങ്ങളുടെ കരുത്തായിരുന്നു. വനിതാ കമീഷ​​ന്റെ നിർണായക ഇടപെടലുകളും തുണയായിട്ടുണ്ട്. ഈ നിതാന്ത ജാഗ്രത ഇല്ലായിരുന്നെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും വെളിച്ചത്ത് വരുമായിരുന്നില്ല. ലിംഗതുല്യതക്കായുള്ള പോരാട്ടചരിത്രത്തിൽ അതിനി ആർക്കും റദ്ദാക്കാനാകില്ല. അത് ഭാവിയുടെ പാഠപുസ്തകമാണ്.

ബലാത്സംഗം എന്ന കുറ്റകൃത്യം

സ്ത്രീത്വത്തിന് എതിരായ ഗൗരവമേറിയ കുറ്റകൃത്യമാണ് ബലാത്സംഗം. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ആണത്തത്തി​​ന്റെ ഈ അതിക്രമം നേരിട്ടുകൊണ്ടുവേണം തൊഴിലെടുക്കാനും ജീവിക്കാനും. അത് നിഷ്ഠുരമായ ഒരു സാഹചര്യമാണ്. ‘ക്വട്ടേഷൻ ബലാത്സംഗം’ എന്ന ഭീകരതയായി വളർത്തിയെടുത്തു എന്നത് മലയാള സിനിമക്ക് സംഭവിച്ച ഏറ്റവും അപമാനകരമായ പതനമാണ്. സിനിമയിലെ സഹപ്രവർത്തക 2017 ഫെബ്രുവരി 17ന് തൊഴിലിടത്ത് നേരിട്ടത് അതാണ്. അത് പൊറുക്കാനാവാത്ത കുറ്റകൃത്യമാണ്. മനുഷ്യവംശത്തിന് എതിരായ ഭീകരപ്രവർത്തനമായി തന്നെ അത് കണക്കാക്കണം.

നിയമനടപടികൾ മുറപോലെ നടന്നെങ്കിലും ക്വട്ടേഷൻ ബലാത്സംഗക്കേസിൽ തെളിവി​​ന്റെ കണിക സൂക്ഷിച്ച തൊണ്ടി മുതൽ കോടതിയിൽപോലും സുരക്ഷിതമല്ല എന്ന് നാം കണ്ടതാണ്. അത് അവിടന്നും കവർന്നെടുത്ത് പാതിരാത്രിയിലും ഒളിഞ്ഞുനോക്കാൻ ആളുണ്ടായി. ഒരു നടപടിയും അതിന്മേൽ ഉണ്ടായില്ല.

ഇതൊക്കെ ഒരു വ്യക്തിയുടെ അധികാരത്തെയല്ല കാട്ടുന്നത്. സിനിമ എന്ന അധികാരത്തെയാണ്. സംവിധായകൻ ആഷിക് അബു അടുത്തിടെ ഒരു ചാനൽ ചർച്ചയിൽ നിരീക്ഷിച്ചതുപോലെ, നാം തിരഞ്ഞെടുത്ത നമ്മുടെ അധികാരികളുടെ കണ്ണ് സിനിമയുടെ താരപ്രഭയിൽ മഞ്ഞളിച്ചു പോകുന്നു. അതൊരു ദുരധികാരമാണ്. അത് നീക്കം ചെയ്യാതെ സിനിമയിൽ പണിയെടുക്കുന്ന ഒരു സ്ത്രീക്കും ഇവിടെ അന്തസ്സോടെ ജീവിക്കാനാവില്ല.

ബലാത്സംഗം മനസ്സിനേൽപിക്കുന്ന മുറിവുകൾ എത്രമാത്രം കഠിനമാണെന്ന് എന്നെ പഠിപ്പിച്ചത് 1990 ഡിസംബറിൽ കോഴിക്കോട്ട് ദേവഗിരി കോളജിൽ നടന്ന സ്ത്രീ വിമോചന സംഘടനകളുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത അതിജീവിതകളാണ്. ബലാത്സംഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ പരിഭാഷപ്പെടുത്തലായിരുന്നു ആ സമ്മേളനത്തിൽ എനിക്കുണ്ടായിരുന്ന ചുമതല.

കൊച്ചു പെൺകുട്ടികൾ മുതൽ അമ്മമാരും അമ്മൂമ്മമാരും അവരിൽ ഉണ്ടായിരുന്നു. അവർ തുറന്നു സംസാരിച്ചപ്പോൾ അഴിഞ്ഞുവീണത് ആണത്തം മനുഷ്യവംശത്തോട് ചെയ്യുന്ന പാതകങ്ങളായിരുന്നു. സിനിമയിലും കാണുന്ന ബലാത്സംഗത്തി​​ന്റെ ‘സൗന്ദര്യശാസ്ത്രം’ മൃദുലമായ പൂവിനെ ചവിട്ടിയരക്കലും ഉടഞ്ഞുപോകുന്ന പളുങ്കുപാത്രങ്ങളും നിറഞ്ഞതാണ്. അവരുടെ പൊള്ളുന്ന സാക്ഷ്യങ്ങൾ മറ്റൊന്നാണ് എന്നെ പഠിപ്പിച്ചത്.

കോഴിക്കോട് ദേവഗിരി കോളജിലെ ഒരു പി.ജി വിദ്യാർഥിനിയായ ഞാൻ അന്ന് ആ വനിതാ സമ്മേളനത്തിൽ വന്ന അതിജീവിതമാർക്കൊപ്പം ജീവിതത്തിൽ മുമ്പൊരിക്കലും ഇല്ലാത്തവണ്ണം കൈകോർത്ത് പാട്ടുപാടി നൃത്തംെവച്ചിട്ടുണ്ട്. നിതാന്തമായ ആൺനോട്ടങ്ങൾക്ക് കീഴിൽ ജീവിതത്തിലൊരിക്കൽപോലും സ്വതന്ത്രമായി പാട്ടുപാടി നൃത്തം ​െവച്ചിട്ടില്ലാത്തവരുടെ പാട്ടും നൃത്തവുമായിരുന്നു അത്.

 

ലോകം ഉടൻ കീഴ്മേൽ മറിയാൻ പോകുന്നു എന്ന ആവേശം സിരകളിൽ ഇരച്ചുകയറിയ ചോരത്തിളപ്പി​​ന്റെ കാലം. അതിൽ പിന്നെ മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടു. അനുഭവത്തി​​ന്റെ തിരച്ചറിവിൽ മനസ്സിലാക്കുന്നു, ബലാത്സംഗം എന്ന കുറ്റകൃത്യത്തി​​ന്റെ കാര്യത്തിൽ ലോകം ഒട്ടും മാറിയിട്ടില്ല. അതുതന്നെ ശരിവെക്കുന്നു മലയാള സിനിമയെക്കുറിച്ച് ഹേമ കമ്മിറ്റി തയാറാക്കിയ പഠനറിപ്പോർട്ട്.

സിനിമയിലെ കുറ്റകൃത്യങ്ങൾ ഇതുവരെയും നമുക്ക് വെറും ഗോസിപ്പ് മാത്രമായിരുന്നു. അതൊരിക്കലും ഗൗരവമുള്ള പഠനത്തിനോ വിചാരണക്കോ തിരുത്തലിനോ നിയമനിർമാണത്തിനോ വിധേയമായിട്ടില്ല. ലൈംഗിക അതിക്രമങ്ങൾ ഹേമ കമ്മിറ്റിയുടെ അജണ്ടയിലെ ഒരിനം മാത്രമാണ്. എന്നാൽ, അതിലേക്കാണ് മാധ്യമങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. ആ നോട്ടത്തിൽ സിനിമ പകരുന്ന ഒരു ദൃശ്യാനന്ദംകൂടിയുണ്ട്. തൊഴിലിടത്തെ ലൈംഗിക ആക്രമണങ്ങൾ എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. എന്നാൽ, സിനിമ ലൈംഗികതയെ പരിചരിച്ചുപോന്നതി​​ന്റെ ചരിത്രപരമായ കാരണങ്ങളാൽ ഈ ചർച്ച ഏറെയും നടികളുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമായാണ് മാറുന്നത്.

സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പിൽതന്നെ അവസരം നിഷേധിക്കപ്പെട്ട അദൃശ്യതാരങ്ങളുമുണ്ട് എന്ന വസ്തുത കാണാതെ പോകരുത്. വഴങ്ങിക്കൊടുക്കാൻ തയാറല്ലാത്തതി​​ന്റെ പേരിൽ തൊഴിലും അവസരങ്ങളും ഇല്ലാതാക്കപ്പെട്ടവർ ഹേമ കമ്മിറ്റി പഠന റിപ്പോർട്ടിൽ ഇല്ല. സിനിമയിൽ അതിജീവിക്കാൻ കഠിനപീഡനം അനുഭവിച്ചവരാണ് തുറന്നുപറച്ചിലുകളുമായി മുന്നോട്ടുവന്നിട്ടുള്ളത്. പഠനറിപ്പോർട്ട് പുറത്തുവരുമ്പോൾ അതിന് ആധാരമായ മറ്റ് അഞ്ച് സൂചികകളിലേക്ക് ചർച്ചയോ നോട്ടമോ ഇനിയും നീങ്ങിയിട്ടില്ല.

സിനിമ എന്ന തൊഴിലിടം ഇന്ത്യയിലെ നിയമങ്ങൾക്ക് അതീതമാണെന്ന ധാരണ ഇവിടെ പ്രബല സംഘടനകൾ സൃഷ്ടിച്ചിട്ടുള്ളതായി ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് 2013ൽ നിലവിൽ വന്ന പോഷ് ആക്ട് സിനിമയിൽ മാത്രം ഇപ്പോഴും നടപ്പിലാവാതെ കിടക്കുന്നത്. അത് നടപ്പിലാക്കിയാൽ മാത്രമേ സിനിമാ വ്യവസായത്തിന് ഇവിടെ പ്രവർത്തിക്കാനാവൂ എന്ന കർക്കശ നിലപാട് കൈക്കൊള്ളാൻ നമ്മുടെ സർക്കാറുകൾ തയാറാകാത്തതുകൊണ്ടാണ് ഈ ദുരവസ്ഥ ഇവിടെ ഉണ്ടാക്കപ്പെട്ടത്.

2017 മേയ് 18നാണ് മലയാള സിനിമയിലെ പെൺകൂട്ടായ്മ (ഡബ്ല്യു.സി.സി) മുഖ്യമന്ത്രിയെ നേരിൽ കണ്ട് സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിലടക്കം സിനിമയിലെ സ്ത്രീ അവസ്ഥയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് 2017 ജൂൺ 19ന് അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത്. തുടർന്ന് ജൂലൈ ഒന്നിന് ഇറക്കിയ പുതുക്കിയ ഉത്തരവനുസരിച്ചാണ് റിട്ടയേഡ് ജസ്റ്റിസ് കെ. ഹേമ, തലമുതിർന്ന നടി ശാരദ, റിട്ടയേഡ് ഐ.എ.എസ് ഓഫിസർ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവുണ്ടാകുന്നത്.

2017 ആഗസ്റ്റ് 17ന്, ഒന്നാം പിണറായി സർക്കാറി​​ന്റെ കാലത്ത് എം. സ്വരാജ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മറുപടി നൽകിയിട്ടുണ്ട്. നിയമസഭയിലെ ആ ചോദ്യോത്തരം ഒരു ചരിത്രരേഖയായി ഓർമയിൽ സൂക്ഷിക്കേണ്ടതുണ്ട്.

ചോദ്യം ഒന്ന്: മലയാള ചലച്ചിത്ര നിർമാണ മേഖലയിലെ അനഭിലഷണീയമായ പ്രവണതകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

ഉത്തരം: ഉണ്ട്. സിനിമാ മേഖലയിലെ അനഭിലഷണീയമായ പ്രവണതകൾ, ക്രിമിനൽവത്കരണം എന്നിവ ഒഴിവാക്കുന്നതിനും സിനിമാമേഖലയിൽ തൊഴിലെടുക്കുന്നവർക്ക് തൊഴിൽ നിയമങ്ങൾ ബാധകമാക്കുക, സിനിമാ സംഘടനകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നിവ ഉൾപ്പെടെ ഒരു നിയമനിർമാണം നടത്തുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ചോദ്യം രണ്ട്: ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കുമോ? എങ്കിൽ വിശദാംശം അറിയിക്കുമോ?

ഉത്തരം: ചലച്ചിത്ര നിർമാണരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ പലവിധമായ ചൂഷണങ്ങൾക്ക് വിധേയമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സിനിമാ മേഖലയിൽ പുതുതായി രൂപംകൊണ്ട ‘വിമൻ ഇൻ സിനിമാ കലക്ടിവ്’ എന്ന സംഘടന ഈ രംഗത്ത് സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാറിന് നിവേദനം സമർപ്പിച്ചിരുന്നു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജസ്റ്റിസ് കെ. ഹേമ ചെയർപേഴ്സനായും ശാരദ, കെ.ബി. വത്സലകുമാരി (റിട്ട. ഐ.എ.എസ്) എന്നിവർ അംഗങ്ങളായും ഒരു വിദഗ്ധ സമിതിയെ 01.07.2017ലെ സർക്കാർ ഉത്തരവ് (എം.എസ്. 16/ 2017) സാം. കാ. വാ. പ്രകാരം നിയമിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോർട്ട് ലഭ്യമായശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷക്ക് ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുന്നതാണ്.

ഡബ്ല്യു.സി.സി ഒരു സംഘടനാ സംവിധാനം രൂപപ്പെടുത്തിയത് മുൻമാതൃകകൾ പിന്തുടർന്നല്ല. ചിരപരിചിതമായ പിരമിഡ് മാതൃക ഒരാൺ നിർമിതി ആയതിനാൽ അത് അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞാണ് ഡബ്ല്യു.സി.സി തുടക്കം മുതൽ അതിന് ഒരു പരന്ന ഘടന സ്വയം കൈക്കൊണ്ടത്. അതിൽ മേലെയും താഴെയും ആരുമില്ല. എല്ലാവരും തുല്യരാണ്, അതിന് പ്രത്യേകം വക്താക്കളില്ല, എല്ലാവരും അതി​​ന്റെ വക്താക്കളാണ്. അത് നടികളുടെ സംഘടനയുമല്ല, സിനിമയിൽ പണിയെടുക്കുന്ന എല്ലാ വിഭാഗത്തിൽപെട്ടവരുടെയും കൂട്ടായ്മയാണ്. ആണത്തങ്ങൾ ഇവിടെ വളർത്തിയെടുത്ത സംഘടനാ പ്രവർത്തനശൈലിയുടെ സമ്പൂർണമായ ഒരു നിരാകരണമാണ് ആ കൈകോർക്കലിൽ ഞങ്ങൾ സ്വയം സ്വീകരിച്ച പാത. ആൺകോയ്മാ ശീലങ്ങളുടെ തിരുശേഷിപ്പുകൾ ഇപ്പോഴും ഉള്ളിൽ പേറുന്ന ഞങ്ങൾക്ക് പിരമിഡ് മാതൃകയിലേക്ക് തിരിച്ചുപോകാനുള്ള പ്രവണത ഇപ്പോഴും ഒരു വെല്ലുവിളിയാണ്.

 

നീണ്ട 15 മാസത്തെ പഠനത്തിനുശേഷം, നൂറുകണക്കിനാളുകളുടെ മൊഴികളെ ആസ്പദമാക്കിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കി 2019 ഡിസംബർ 31ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. സാക്ഷ്യങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് റിപ്പോർട്ട് പുറത്തുവിടരുതെന്ന് നിർദേശമുണ്ടായിരുന്നു. സ്വകാര്യസ്വഭാവമുള്ള ഭാഗങ്ങൾ ഒഴിവാക്കിയോ അതിലെ ശിപാർശകളെങ്കിലുമോ പുറത്തുവിടാൻ ഡബ്ല്യു.സി.സി മുട്ടാത്ത വാതിലുകളില്ല.

മൊഴി നൽകിയവരുടെ സ്വകാര്യതയുടെ വിഷയം പറഞ്ഞ് വിവരാവകാശ കമീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് തടഞ്ഞതോടെ അത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിശ്ചലമാവുകയാണുണ്ടായത്. അതിൽ പിന്നെയാണ് ഡബ്ല്യു.സി.സി വനിതാ കമീഷനെ സമീപിച്ചത്. കോഴിക്കോട്ട് വനിതാ കമീഷനുമായുള്ള കൂടിക്കാഴ്ചയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടാനോ നിയമസഭയിൽ വെക്കാനോ പോകുന്നില്ല എന്ന ബോധ്യത്തിലേക്ക് ഡബ്ല്യു.സി.സിയും എത്തുന്നത്. വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവിയാണ് അക്കാര്യം സർക്കാറിനെ ഉദ്ധരിച്ച് വ്യക്തമാക്കിയത്.

ഇന്ത്യയിൽ നിലവിലുള്ള നിയമമനുസരിച്ച് തന്നെ റിപ്പോർട്ടിൽ മൊഴി കൊടുത്ത ഇരകളുടെ പേരുകൾ ഒരിക്കലും പുറത്തുവിടാനാവില്ല എന്നിരിക്കെ അതൊഴിവാക്കി റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ച് എത്രയോ നിവേദനങ്ങൾ ഡബ്ല്യു.സി.സി ഇക്കാലത്തിനിടയിൽ സർക്കാറിന് നൽകിയിട്ടുണ്ട്. ഒന്നിലും ഫലമുണ്ടായില്ല. ഒടുവിൽ പുതിയ വിവരാവകാശ കമീഷ​​ന്റെയും കോടതിയുടെയും ഇടപെടലാണ് വഴിത്തിരിവായത്.

 

ഉള്ളടക്കത്തി​​ന്റെ സെൻസർഷിപ്

ഒരു സിനിമ കാണിക്ക് സ്വീകാര്യമാക്കുന്നതിൽ അതി​​ന്റെ ഉള്ളടക്കത്തി​​ന്റെ പങ്ക് വളരെ വലുതാണ്. ‘കഥയാണ് സൂപ്പർസ്റ്റാർ’ എന്ന് നാഴികക്ക് നാൽപത് വട്ടം പറയാത്ത നിർമാതാക്കളോ സംവിധായകരോ താരങ്ങളോ ഉണ്ടാകില്ല. എന്നാൽ, എന്തുതരം കഥയാണ് സിനിമയാകുന്നത്? അത് ഈ നിർമാതാക്കൾക്ക്, സംവിധായകർക്ക്, താരങ്ങൾക്ക് മനസ്സിലാകുന്ന തരം സിനിമകൾ മാത്രമാണ്. ഹേമ കമ്മിറ്റിക്ക് ഒരു സ്ത്രീ തിരക്കഥാകൃത്ത് എന്ന നിലക്ക് കഥയുടെ ഉള്ളടക്കം സിനിമയാകുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കിച്ച് മൊഴിനൽകുവാനാണ് എന്നെ വിളിച്ചുവരുത്തിയിരുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഹേമ കമ്മിറ്റി മൊഴിയായി രേഖപ്പെടുത്തി, അത് വായിച്ചുകേട്ട് തിരുത്തൽ വരുത്തിയശേഷമാണ് ഞാനത് ഒപ്പിട്ടു കൊടുത്തത്.

2005 മുതൽ തുടങ്ങുന്നതാണ് സിനിമയിലെ എ​​ന്റെ വ്യക്തിപരമായ അനുഭവങ്ങൾ. കമ്മിറ്റിക്ക് മുന്നിൽ വരുമ്പോൾ മൂന്ന് സിനിമകളാണ് എ​​ന്റെ ക്രെഡിറ്റിൽ ഉണ്ടായിരുന്നത്. അതിൽ ഒരു സ്ത്രീ തിരക്കഥാകൃത്ത് എന്ന നിലക്ക് അന്നത്തെ സാങ്കേതിക കലാകാരന്മാരുടെ സംഘടനയായ ‘മാക്ട’യിൽ അംഗത്വമെടുത്ത സവിശേഷ അനുഭവംകൂടി ഉൾപ്പെടുന്നു. കാരണം, അതുവരെയും എഴുത്തുകാരുടെ ആ സംഘടനയിൽ ഒരു സ്ത്രീ അംഗത്വമെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അംഗത്വമെടുക്കുന്ന ആളുടെ ഭാര്യ എന്ന കോളത്തിൽ ജീവിതപങ്കാളി എന്ന് വെട്ടിത്തിരുത്തിയെഴുതിയാണ് ഞാൻ കോളം പൂരിപ്പിച്ചത്.

ഒരു സ്ത്രീ, എഴുത്തുകാരുടെ സംഘടനയിൽ അംഗത്വമെടുത്തേക്കും എന്ന് 2008 വരെയും ‘മാക്ട’യുടെ അച്ചടിച്ച ഫോറം സൃഷ്ടിച്ചവർ ചിന്തിച്ചിരുന്നില്ല എന്നുവേണം കരുതാൻ. അംഗത്വമെടുത്താലേ സിനിമയുടെ ക്രെഡിറ്റ് ലൈനിൽ പേരുകൊടുക്കാനാവൂ. അതുകൊണ്ടുതന്നെ ആദ്യ സിനിമയിൽനിന്നും പൂജ്യം ശമ്പളം കൈപ്പറ്റിയ എനിക്ക് സംഘടനാ അംഗത്വം എടുക്കുവാനുള്ള ഫീസ് സ്വന്തം ​ൈകയിൽനിന്നും നൽകിയതോടെ എ​​ന്റെ ശമ്പളം സാങ്കേതികമായി മൈനസിലേക്ക് താണു എന്നു പറയാം. എന്നാൽ അതല്ല എന്നെ വേദനിപ്പിച്ച കാര്യം.

എഴുതിക്കൊടുത്ത സിനിമയുടെ തിരക്കഥയുടെ സ്ത്രീപക്ഷ കാഴ്ചപ്പാട് തന്നെ മുറിച്ചുമാറ്റപ്പെട്ടു എന്നതിലാണ്. മലയാള സിനിമയിലെ സ്ത്രീ എന്ന വിഷയത്തിൽ ഗവേഷണം ചെയ്തുവരുകയായിരുന്ന സമയത്താണ് ഞാൻ ഒരു തിരക്കഥ എഴുതുന്നത്. ഒരു സ്ത്രീ എഴുതിയ തിരക്കഥയിൽനിന്നും കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും രൂപപ്പെടുത്തുന്ന സ്ത്രീയുടെ കാഴ്ചപ്പാട് തന്നെ മുറിച്ചു മാറ്റുന്നുണ്ടെങ്കിൽ അതിനെ വിളിക്കേണ്ടത് ‘ജെൻഡർ എഡിറ്റിങ്’ എന്നാണ്. മലയാള സിനിമയുടെ 90 വർഷത്തെ ചരിത്രത്തിൽ സ്ത്രീ തിരക്കഥാകൃത്തുക്കൾ എങ്ങനെ ഇല്ലാതായി എന്നതി​​ന്റെ നിരീക്ഷണങ്ങളായിരുന്നു എ​​ന്റെ മൊഴി.

ജീവിക്കാൻ മറ്റൊരു തൊഴിൽ ഉള്ളതുകൊണ്ടുതന്നെയാണ് സിനിമയിൽനിന്നു ജെൻഡർ എഡിറ്റിങ്ങി​​ന്റെ പേരിൽ മാറിനിൽക്കേണ്ടി വന്നിട്ടും എനിക്ക് ജീവിക്കാൻ കഴിഞ്ഞത്. ആദ്യ സിനിമ ‘ഗുൽമോഹറി’ന്റെ തിരക്കഥ ഞാൻ പ്രസിദ്ധീകരിച്ചത് ഞാൻ എന്തല്ല എഴുതിയത് എന്ന് ലോകത്തോട് പറയാനാണ്. ഒരാൺ സിനിമ എഴുതാൻ ഞാൻ മലയാള സിനിമയിൽ പണിയെടുക്കേണ്ടതില്ല. ഞാനെഴുതിയ ‘നായിക’ (2011) ഞാനിന്നു വരെ കണ്ടിട്ടില്ല. അത് കാണാനുള്ള ത്രാണി എനിക്കില്ല.

പി.കെ. റോസി മുതൽ വിജയശ്രീ വരെ ആത്മഹത്യക്കും കൊലക്കുമിടയിൽ ജീവിതം ഹോമിച്ച മലയാളത്തിലെ മുഴുവൻ നായികമാരുടെയും ജീവിതം പഠിച്ച് അവർക്കായി സമർപ്പിച്ച് എഴുതിയ സിനിമയായിരുന്നു അത്. ഒരു ദശകത്തോളം നീണ്ട മലയാള സിനിമയിലെ ബലാത്സംഗങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ആ അന്വേഷണങ്ങൾ ഡോ. മീനാ പിള്ള എഡിറ്റ് ചെയ്ത് ഓറിയന്റ് ബ്ലാക്ക് സ്വാൻ പ്രസിദ്ധീകരിച്ച ‘Women in Malayalam cinema, Naturalising Gender Hierarchies’ എന്ന പുസ്തകത്തിൽ ‘The Real- Reel Dichotomy of Rape’ എന്ന അധ്യായമായി സമാഹരിച്ചിട്ടുണ്ട്.

അത് ചലച്ചിത്ര പഠനത്തിലെ റഫറൻസ് ടെക്സ്റ്റാണിപ്പോൾ. അറിവും അതി​​ന്റെ പ്രയോഗവും തമ്മിൽ സിനിമയിൽ വേർപിരിഞ്ഞാണ് നിൽക്കുന്നത് എന്നത് എ​​ന്റെ മാത്രം സ്വകാര്യ അനുഭവമല്ല. അത് പൊതുമായ പെണ്ണനുഭവമാണ്.

ഷൂട്ടിങ് തുടങ്ങും മുമ്പ് പത്മപ്രിയക്കും മംമ്തക്കും നായികയുടെ കഥ ഞാൻ പറഞ്ഞുകൊടുത്തിരുന്നു. എന്നാൽ, ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞതൊന്നുമല്ലല്ലോ സിനിമയിൽ ചെയ്യുന്നത് എന്ന് അവർ പരാതിപ്പെട്ടു. അതി​​ന്റെ ലൊക്കേഷനിൽ കാലുകുത്തിയപ്പോൾ എനിക്ക് മനസ്സിലായിരുന്നു അതെ​​ന്റെ ‘നായിക’യല്ല എന്ന്. ഞാനെഴുതാത്ത കഥാപാത്രങ്ങൾ അവിടെ വേഷംകെട്ടി നിന്നിരുന്നു. അതാണ് മലയാള സിനിമയിലെ തിരക്കഥയിലെ പെണ്ണവസ്ഥ. എഴുത്തുകാരിയായ ഏത് സ്ത്രീക്കും ഓർക്കാൻപോലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണത്.

ഡബ്ല്യു.സി.സി അംഗമെന്ന നിലയിൽ സഹപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാള സിനിമയിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ തുടരുന്നത് അതീവ ദുഷ്കരംതന്നെയായിരുന്നു. പണിതീർന്ന മൂന്ന് ചലച്ചിത്ര പദ്ധതികൾ സിനിമയാകുന്നതിന് തൊട്ടുമുമ്പ് ‘കാരണംപോലും ബോധിപ്പിക്കാതെ’ തട്ടിത്തെറിപ്പിക്കപ്പെട്ടു. മലയാളത്തിലെ തലമുതിർന്ന മൂന്ന് സംവിധായകരുടേതായിരുന്നു ആ സിനിമകൾ.

പിന്നീട് അതിലൊന്നി​​ന്റെ മാത്രം കാരണം ഞാനറിയാനിടയായി. നടി ആക്രമിക്കപ്പെട്ട കേസിനുശേഷം അതിജീവിതക്ക് അനുകൂലമായി നിലപാടെടുത്ത ഒരാളെയാണ് അതിൽ നായികയായി കണ്ടത് എന്നതായിരുന്നു കാരണം. ആ നായികയെ മാറ്റിയാൽ ഒരുപക്ഷേ സിനിമ നടന്നേനേ. എന്നാൽ, അത്തരമൊരു ഒത്തുതീർപ്പിന് ഞാനോ ആ സംവിധായക സുഹൃത്തോ തയാറല്ലായിരുന്നു.

മലയാള സിനിമയുടെ ഉള്ളടക്കം രൂപപ്പെടുന്നതി​​ന്റെയും ഒരു അരിപ്പയിലൂടെ എന്നവണ്ണം അത് തിരക്കഥയായി തിരഞ്ഞെടുക്കപ്പെടുന്നതി​​ന്റെയും സാഹചര്യങ്ങൾ ആണത്തങ്ങൾക്ക് മാത്രം തഴച്ചു വളരുവാൻ പറ്റുന്ന മണ്ണാണ്. പെണ്ണ് വാഴുന്ന നാടല്ല ഈ നാട്. 2024ൽ നമ്മുടെ പാർലമെന്റിലേക്ക് നാമയച്ചത് 20 ആണത്തങ്ങളെയാണ്. സ്വാതന്ത്ര്യം കിട്ടി 77 വർഷത്തിനുശേഷവും, കേരളപ്പിറവിക്കു 61 വർഷത്തിനുശേഷവും ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയായിരിക്കാൻ പറ്റാത്ത നാടാണ് കേരളം. നമ്മുടെ രാഷ്ട്രീയം എങ്ങനെയോ അങ്ങനെത്തന്നെയാണ് നമ്മുടെ സിനിമയും.

ഇരകളുടെ പുതിയ വെളിപാടുകൾ അന്വേഷിക്കാൻ സർക്കാർ പുതിയൊരു ഉന്നതതല പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതായത്, ഒരു കോടിയിലേറെ പൊതുപണം ചെലവിട്ട് മൂന്നംഗ ഉന്നത അന്വേഷണ സമിതി ഒന്നര വർഷം പഠിച്ച് സർക്കാറിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലെ പരാതികൾ നാലരവർഷത്തെ കോൾഡ് സ്റ്റോറേജ് ജീവിതത്തിനുശേഷവും അനങ്ങാതെ നിൽക്കുമ്പോൾ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഏഴംഗ ഉന്നതതല പൊലീസ് അന്വേഷണ സമിതി കൂടി വരുന്നു. നീതി എത്രമാത്രം വിദൂരവും പരാതിപ്പെടൽ എന്നത് എന്തുമാത്രം ആയുസ്സ് തിന്നുതീർക്കുന്ന ഒരു കഠിനയാതനയാണ് എന്നും അത് ബോധ്യപ്പെടുത്തുന്നു. ആണധികാരത്തിന് കീഴിൽ നീതി എന്നത് കാഫ്കയുടെ ‘ട്രയലി’ൽ എന്നപോലെ ഭീദിതമായ അവസ്ഥയാണിത്.

മാതൃശൂന്യം ഈ ചരിത്രം. സ്ത്രീക്ക് സിനിമയിലും രാഷ്ട്രീയത്തിലും പെൺകാഴ്ചക്ക് ഇനിയുമെത്രയോ കാതം സഞ്ചരിക്കേണ്ടതു​െണ്ടന്ന് ഈ ദുരവസ്ഥകൾ ബോധ്യപ്പെടുത്തുന്നു. ഞങ്ങൾക്ക്, മലയാള സിനിമയിലെ പെൺകൂട്ടായ്മക്ക് ഈ സ്വാതന്ത്ര്യസമരം തുടരുകയല്ലാതെ മുന്നിൽ വേറെ വഴികളില്ല. അതുകൊണ്ട് സിനിമയിൽ സ്ത്രീക്ക് ജീവിതംതന്നെ സമരം.

 

വളരെ ലളിതമാണ് കാര്യങ്ങൾ. ‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എ​​ന്റെ പേരുണ്ടാകില്ല എന്നു ഞാൻ ഉറപ്പുപറയുന്നു’’ എന്ന ഒരു ഉറപ്പ് മലയാള സിനിമയിലെ മുൻനിര നായകന്മാർ തുറന്നു പ്രഖ്യാപിക്കേണ്ടതുണ്ട്. ഒരാളല്ല, ഓരോരുത്തരും. കാരണം സിനിമയുടെ സൗഭാഗ്യം മിക്കവാറും മുഴുവനുംതന്നെ ഒഴുകിപ്പോയത് ആ താരാപഥത്തി​​ന്റെ നിർമിതിക്കായാണ്. അവരാദ്യം മാതൃക കാട്ടട്ടെ. അതിന് പിറകെ വരട്ടെ സംവിധായകരും മറ്റ് അണിയറ പ്രവർത്തകരുടെയും ചലഞ്ച്. അതേറ്റെടുക്കാൻ തയാറാവുക എന്നത് കാലം ആവശ്യപ്പെടുന്ന കാവ്യനീതിയാണ്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT