സ്വാമി വിവേകാനന്ദന്റെ സങ്കീർണ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ. റൂത്ത് ഹാരിസ് രചിച്ച ‘Guru to the World’ എന്ന കൃതിയെ മുൻനിർത്തിയാണ് ഇൗ എഴുത്ത്.
‘‘വിശ്രമമില്ലാതെ തുടർന്ന യാത്രകൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. ചുഴലിക്കാറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പര്യടനങ്ങളെ വിദേശീയർ വിശേഷിപ്പിച്ചിരുന്നത്. ഉറക്കമില്ലായ്മ കൂടപ്പിറപ്പായ അദ്ദേഹത്തിന്റെ രക്തസമ്മർദം പേടിപ്പിക്കുംവിധം ഉയർന്നതിന് പുറമെ ആമാശയസംബന്ധമായ ക്ലേശങ്ങളും നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഒടുവിൽ 1902 ജൂൺ അവസാനം ഐതിഹാസികമായ ആ ജീവിതം അസ്തമിച്ചു. അപ്പോൾ സംഭവിച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ പ്രകാശമാനമായ ഒരു അധ്യായത്തിന്റെ അവസാനമായിരുന്നു.’’
തിരക്കുകൾക്കിടയിൽ മഠത്തിന്റെ ഭാവിയെപ്പറ്റി രണ്ടുതവണ ചർച്ച നടത്തിയത് അദ്ദേഹത്തിന്റെ പ്രിയശിഷ്യയായ നിവേദിത ഓർമിക്കുകയുണ്ടായി. അമ്മാവനുമായുള്ള സ്വത്തു തർക്കം1884 മുതൽ നടത്തിയിരുന്നതിനും അന്ത്യമുണ്ടാക്കിയിരുന്നു. ഒടുവിൽ താൻ സന്ദർശിച്ച, തന്നെ അനുഗ്രഹിച്ച അദ്ദേഹം, തന്റെ കൈകൾ വെള്ളമൊഴിച്ച് കഴുകിയത് സങ്കടത്തോടെ നിവേദിത എഴുതി (അതിലുള്ള ആനന്ദം അറിയിച്ചപ്പോൾ അനുയായികളുടെ പാദങ്ങൾ യേശുക്രിസ്തു വെള്ളമൊഴിച്ച് കഴുകിയ കഥയാണ് അദ്ദേഹം ഓർമിപ്പിച്ചത്). അവസാന ദിവസം ബേലൂരിലെ ക്ഷേത്രത്തിലെത്തി ധ്യാനനിരതനായ ശേഷം കാളിപൂജ നടത്താൻ അനുയായികളോട് ആവശ്യപ്പെടുകയും പതിവ് തെറ്റിക്കാതെ സംസ്കൃത ക്ലാസ് നടത്തുകയുംചെയ്തു.
ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വീണ്ടും ധ്യാനനിരതനായി. തുടർന്ന് ശ്രീരാമകൃഷ്ണന്റെ നാമം ഉച്ചരിച്ചുകൊണ്ട് നിലത്ത് ശയിച്ച അദ്ദേഹം‘മഹാസമാധിയിലേക്ക്’ പ്രവേശിച്ചു. മൂക്കിലും വായിലുംനിന്ന് രക്തം വാർന്നുവരുന്നത് അനുയായികളുടെ കണ്ണിൽപെട്ടു. അദ്ദേഹത്തിന്റെ ശരീരം തണുത്ത് മരവിച്ചു. അതിശാന്തമായ ഈ വിടവാങ്ങൽ അദ്ദേഹം നയിച്ചിരുന്ന കൊടുങ്കാറ്റിനെ ഓർമിപ്പിച്ചിരുന്ന ജീവിതചര്യയിൽനിന്ന് വ്യത്യസ്തമായിരുന്നു. ജൂലൈ അഞ്ചാം തീയതി പുലർച്ചയോടെ മഠത്തിലെത്തിയ നിവേദിത ഉച്ചക്ക് രണ്ടു മണിവരെ ജീവൻ വെടിഞ്ഞ തന്റെ ഗുരുവിന്റെ ശരീരത്തിൽ വീശിക്കൊണ്ടിരുന്നു. ‘‘എത്ര മാതൃകാപരമായിരുന്നു അന്ത്യമെന്ന്’’ ജോസഫൈൻ മക് ലോയിഡിനെഴുതിയ ഒരു കത്തിൽ അവർ രേഖപ്പെടുത്തി.
‘‘വാസാംസി ജീർണാനിയഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണാ
വ്യനാനി സംയതി നവാനി ദേഹി.’’
(ജീർണവസ്ത്രമുപേക്ഷിച്ച് ധരിക്കുന്നതുപോലെയാണ് ശരീരത്യാഗത്തിനു ശേഷം ദേഹി പുതിയ ആലംബങ്ങൾ തേടുന്നത് –ഗീതാ ശ്ലോകം). ശവസംസ്കാരാനന്തരം കത്തിക്കരിഞ്ഞ ഒരു തുണിക്കഷണം അന്തരീക്ഷത്തിൽ പറന്നുയരുന്നത് കണ്ട്, നിവേദിത അത് കൈയിലെടുത്തു. സ്നേഹിതയായ ജോസഫൈന് അയച്ചുകൊടുത്തു.
അവിശ്വസനീയമായ കഥ
നരേന്ദ്രനാഥ് ദത്ത ലോകമെങ്ങും വാഴ്ത്തപ്പെട്ട ഹിന്ദുസന്യാസിയായ അവിശ്വസനീയമായ കഥ ശാന്തമായി പര്യവസാനിച്ചതാണ് മുകളിൽ കുറിച്ചത്. തന്നെ ഗാഢമായി സ്വാധീനിച്ചതായിരുന്നു വിവേകാനന്ദന്റെ ജീവിതമെന്നും, ധൈഷണികമായും വൈകാരികമായും മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്നും ‘ഗുരു ടു ദ വേൾഡ്’ (Guru to the World) എന്ന വിശ്രുത ഗ്രന്ഥത്തിന്റെ രചയിതാവായ റൂത്ത് ഹാരിസ് (Ruth Harris) എഴുതുന്നു. ഒാൾ സോൾസ് കോളജിലെ (ലണ്ടൻ) സീനിയർ റിസർച് ഫെലോയായ അവർ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽ യൂറോപ്യൻ ഹിസ്റ്ററി പ്രഫസറാണ്.‘ലൂർദ്’, ‘ദ മാൻ ഓൺ ഡെവിൾസ് ഐലൻഡ്’ എന്നീ കൃതികൾ രചിച്ച അവർ വോൾഫ് സൺ പുരസ്കാരവും നാഷനൽ ജൂയിഷ് ബുക്ക് അവാർഡും നേടിയിട്ടുണ്ട്.
‘‘നാലുകൊല്ലം നീണ്ട വിദേശപര്യടനാനന്തരം 1897 ജനുവരിയിൽ നാട്ടിൽ മടങ്ങിയെത്തിയ വിവേകാനന്ദനെ സ്വീകരിക്കാൻ പതിനായിരക്കണക്കിനാളുകൾ തിക്കിത്തിരക്കുകയും ഖെത്രി മഹാരാജാവ് തട്ടുഹരിന്റെ മുന്നിൽ മുട്ടുകുത്തി പ്രണമിക്കുകയും’’ ചെയ്ത സംഭവത്തിൽനിന്ന് തുടങ്ങുന്ന കൃതിയിൽ ഒരു കാലഘട്ടത്തിലെ മത മഹാ പുരുഷനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഷികാഗോയിലെ ‘വേൾഡ്സ് പാർലമെന്റ് ഓഫ് റിലീജൻസ്’ എന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് നടത്തിയ പ്രഭാഷണം അവിടെ സമ്മേളിച്ചവരെയും വിസ്മയഭരിതരാക്കുക മാത്രമല്ല ചെയ്തത്.
ഹൈന്ദവ വിശ്വാസത്തിന്റെ ധാർമിക സന്ദേശവും തന്റെ പ്രഭാഷണത്തിലൂടെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘സാർവജനീനമായ സഹിഷ്ണുതയിൽ മാത്രമല്ല മതങ്ങളെല്ലാം സത്യത്തിൽ ഊന്നിനിൽക്കുന്നവയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. പീതവേഷധാരിയായ അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്, സഹോദരിമാരേ, സഹോദരന്മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു.
ഹിന്ദു ധർമത്തിന്റെ അധൃഷ്യതയിൽ വാചാലനായ കോമളനായ ആ യുവ സന്യാസിയുടെ വാക്കുകളെ കാലുഷ്യമില്ലാത്ത ക്രൈസ്തവ മതത്തിന്റെ അജയ്യതയിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന സദസ്സ് ചെവിക്കൊണ്ടു. ഹൈന്ദവ മതവിശ്വാസത്തിന്റെ ഉയിർത്തെഴുപ്പായിരുന്നു തേലക്കെട്ട് ധരിച്ച ആ പീതവസ്ത്രധാരിയിലൂടെ അപ്പോൾ സംഭവിച്ചത്.
ഭുവനേശ്വരി ദേവിയുടെയും വിശ്വനാഥിന്റെയും മകനായി 1863ൽ കൽക്കത്തയിൽ ജനിച്ച നരേന്ദ്രനാഥ് ദത്ത കായസ്ഥജാതിക്കാരനായിരുന്നു. മുഗൾ വാഴ്ചക്കാലത്ത് കണക്കപ്പിള്ളമാരായിരുന്നു കായസ്ഥ ജാതിക്കാർ.
പാഴ്സി ഭാഷയിൽ പ്രവീണരായിരുന്ന അവരിൽ ഒരാളായി വിശ്വനാഥ് കൽക്കത്ത ഹൈകോടതിയിൽ അറ്റോണിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യംചെയ്യുന്നതിൽ പ്രാവീണ്യം നേടിയ അദ്ദേഹം ഉദാരശീലനെന്നതിലുപരി ധർമിഷ്ഠനുമായിരുന്നു. വിശ്വനാഥിന്റെ കുടുംബത്തിൽ കാരണവർസ്ഥാനമുണ്ടായിരുന്നത്, അമ്മാവനായിരുന്നു. രണ്ടാംസ്ഥാനം ഭുവനേശ്വരി ദേവിക്കും. മൂന്നു ആൺമക്കളും നാലു പെൺമക്കളുമുണ്ടായിരുന്നു. അവരിൽ രണ്ടുപേർ മരണമടഞ്ഞു.
ആറാമതും ഗർഭിണിയായപ്പോൾ സുഭഗനായ ഒരു ആൺകുട്ടിക്കുവേണ്ടി ജപതപാദികളിൽ മുഴുകി അവർ വാരാണസിയിൽ താമസിച്ചിരുന്ന ബന്ധുവിനോട് ശിവപ്രതിഷ്ഠക്കുള്ള ആത്മവീരേശ്വർ ക്ഷേത്രത്തിൽ പൂജകൾ നടത്താൻ അപേക്ഷിക്കുകയുണ്ടായി. വിവേകാനന്ദന്റെ കുടുംബവീട് പുതുക്കിപ്പണിതപ്പോൾ അവിടെ സൂക്ഷിച്ചിരുന്ന ഒരു ശിവലിംഗം കണ്ടുകിട്ടി. തന്റെ പുത്രനായി ഭൂജാതനാവാൻ ശിവനോട് അവർ പ്രാർഥിച്ചു. തപസ്സിൽ മുഴുകിയിരുന്ന ശിവൻ ഉണർന്ന് തന്റെ മകനായി പിറക്കാൻ പോവുകയാണെന്ന് അപ്പോൾ സാധ്വി സ്വപ്നം കണ്ടു.
ധ്യാനനിരതയായി ഉറക്കത്തിലേക്ക് വഴുതിയ അവർ ഉണർന്നപ്പോൾ ആ സ്വപ്നം സഫലമായതായും അവർക്ക് അനുഭവപ്പെട്ടു. ആ സാഫല്യമാണ് വിവേകാനന്ദൻ. അസാധാരണമായ ധീരതയും പ്രായോഗികതയുംകൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹം അരോഗദൃഢഗാത്രനായിരുന്നു. പ്രായോഗിക കഴിവുകൾക്ക് പുറമെ കലാപരമായും അദ്ദേഹത്തിന്റെ അഭിരുചികൾ ഉയർന്നതായിരുന്നു. ശാസ്ത്രീയമായ അറിവുകൾ ഉപയോഗിച്ച് ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുമായിരുന്നു.
ശ്രീരാമകൃഷ്ണ പരമഹംസനുമായുണ്ടായിരുന്ന ആത്മീയബന്ധം സംഗീതത്തിലും കവിതയിലുമുള്ള വിവേകാനന്ദന്റെ കൗതുകത്തെ പരിപോഷിപ്പിച്ചു. സ്വന്തമായൊരു നാടകസംഘം രൂപവത്കരിച്ചെങ്കിലും നാടകങ്ങൾ അരങ്ങേറിയതായി രേഖകളൊന്നും ലഭ്യമല്ല. ആരെയും അത്ഭുതസ്തബ്ധരാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓർമശക്തി. അഞ്ചു വയസ്സായപ്പോൾ സംസ്കൃത ഗുണപാഠങ്ങൾ ഓർമയിൽനിന്ന് ചൊല്ലുന്നതിൽ അസാധാരണ വൈഭവമുണ്ടായിരുന്ന അദ്ദേഹം രാമായണം മുഴുവൻ ആവർത്തിക്കുമായിരുന്നു.
ആറു വയസ്സുള്ളപ്പോഴാണ് ഈ കഴിവ് അദ്ദേഹം സ്വായത്തമാക്കിയത്. തന്റെ കഴിവുകൾ ഒളിച്ചുവെക്കാതെ അതിൽ അഭിമാനിച്ചിരുന്ന വിവേകാനന്ദൻ, എൻട്രൻസ് പരീക്ഷക്ക് മുമ്പായി, ഒറ്റ രാത്രികൊണ്ട് ജ്യോെമട്രി പൂർണമായി ഹൃദിസ്ഥമാക്കി. അസാധാരണമായ പ്രതിഭകൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹം മണിക്കൂറുകളോളം ധ്യാനനിരതനായിരിക്കുന്നത് ശീലമായി. അത്തരമൊരു സന്ദർഭത്തിൽ ഒരു സർപ്പം അടുത്തുവന്നത് അദ്ദേഹം അറിഞ്ഞതേയില്ല. ഒരു കാളവണ്ടിയിൽ റായ്പൂരിലേക്ക് യാത്രചെയ്തിരുന്ന അവസരത്തിൽ, ഇടുങ്ങിയ വഴിയിലൂടെ പോകുന്ന നേരത്ത് പെട്ടെന്ന് അദ്ദേഹത്തിന് മോഹാലസ്യം സംഭവിച്ചു.
സർവവിഭൂഷിതയായി പടർന്നുനിൽക്കുന്ന പ്രകൃതിസൗന്ദര്യമായിരുന്നു ആ അവസ്ഥയിൽ വിവേകാനന്ദനെയെത്തിച്ചത്. വായനയിലും പഠനത്തിലും മുഴുകിയ അദ്ദേഹം വേദങ്ങൾക്കും ഇതിഹാസങ്ങൾക്കും പുറമെ, പാശ്ചാത്യ ചിന്തകരായ മിൽ, ദെക്കാർത്തെ, ഹ്യൂം, ബെൻതാം, സ്പിനോസ, ഡാർവിൻ, സ്പെൻസർ, ഹെഗൽ, ഷോപ്പനോവർ എന്നിവരുടെ കൃതികളുമായി പരിചയത്തിലായി. അവരുടെ ചിന്തകൾ മനസ്സിലാക്കിയശേഷം ഒറിജിനാലിറ്റിയില്ലാത്തതാണ് പാശ്ചാത്യ ചിന്തകളെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
സ്പിനോസ ഭൂജാതനാകുന്നതിനും രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പ് ഹൈന്ദവർ സ്പിനോസകളായിരുന്നുവെന്ന് എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഹെഗൽ, കാന്റ്, ഷോപ്പനോവർ എന്നിവരുടെ ചിന്തകൾ ഹൃദിസ്ഥമാക്കിയ അദ്ദേഹം പരിണാമവാദ പ്രതിവാദത്തിൽ വിശ്വസിച്ചിരുന്നു. പാശ്ചാത്യ കാവ്യങ്ങളുമായി അടുപ്പത്തിലായ അദ്ദേഹം മിൽട്ടന്റെ കാവ്യങ്ങൾ ചൊല്ലുന്നത് പതിവായി. വിജ്ഞാനത്തിന്റെയും മനോവിശാലതയുടെയും പ്രതീകമായ ഇറാസ്മസായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.
ഈശ്വരചന്ദ്ര വിദ്യാസാഗർ സ്ഥാപിച്ച മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയായി 1871ൽ ചേർന്നെങ്കിലും രണ്ടുകൊല്ലം മാത്രമേ അദ്ദേഹം അവിടെ തുടർന്നുള്ളൂ. തുടർന്ന്, കൽക്കത്തയിലെ പ്രസിഡൻസി കോളജിലും സ്കോട്ടിഷ് കോളജ് എന്നറിയപ്പെടുന്ന ജനറൽ അസംബ്ലി ഇൻസ്റ്റിറ്റ്യൂട്ടിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ കാലത്തായിരുന്നു ആധുനിക ഇന്ത്യയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന രാജാ മോഹൻ റോയിയുടെ ബ്രഹ്മസമാജത്തിൽ ആകൃഷ്ടനായത്.
അത് ആവിഷ്‍കരിച്ച ആത്മീയചിന്ത അദ്ദേഹത്തെ ആകർഷിച്ചു. സമുദായ പരിഷ്‍കർത്താക്കളായ രാജാ റാം മോഹൻ റോയി, കേശവ് ചന്ദ്ര സെൻ, നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചതോപാധ്യായ, സംസ്കൃത പണ്ഡിതനായ ഈശ്വരചന്ദ്ര വിദ്യാസാഗർ, ടാഗോർ എന്നിവരുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ കൽക്കത്തയിലെ സാംസ്കാരിക ജീവിതവുമായി വിവേകാനന്ദന് ദൃഢമായ ബന്ധമുണ്ടായിരുന്നു. അതേസമയം, കെട്ടഴിഞ്ഞ കൽക്കത്തയിലെ സാമൂഹിക ജീവിതത്തെ അദ്ദേഹവും സഹോദരനായ മഹേന്ദ്ര നാഥും പരസ്യമായി അപലപിച്ചു.
ബ്രഹ്മസഭ നേതാവായ, ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ് ടാഗോറുമായി വിവേകാനന്ദൻ പരിചയത്തിലായിരുന്നു. വിഗ്രഹാരാധനയിൽനിന്ന് അകലം പുലർത്തിയിരുന്ന ദേവേന്ദ്രനാഥ് തന്റെ ജീവിതത്തിൽ വേദങ്ങൾ അഗാധമായി സ്വാധീനിച്ചിരുന്നതായി സൂചിപ്പിക്കുകയുണ്ടായി. ബ്രഹ്മസമാജത്തിന്റെ ആശയം പ്രചരിപ്പിക്കാനായി ബ്രിട്ടനിൽ പര്യടനം നടത്തിയശേഷം മടങ്ങിയെത്തിയ രാജാ മോഹൻ റോയിയുടെ ആത്മീയാന്വേഷണത്തിലെ സുപ്രധാനമായ ഘട്ടമായിരുന്നു ഭാരത് ആശ്രമം എന്ന പേരിലുള്ള സ്ഥാപനം. ഏതാണ്ട് ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ അവിടെ വസിച്ചു.
മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി ചിട്ടയും വെടിപ്പും പുലർത്തി സരളമായ ജീവിതരീതി നയിച്ച അവർ മറ്റുള്ളവരെ അതിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു. വിവേകാനന്ദനും ഈ പരീക്ഷണത്തിൽ പങ്കാളിയായി. ആ പശ്ചാത്തലത്തിൽ ശ്രീരാമകൃഷ്ണന്റെ സന്നിധിയിലെത്തിയതിന് അദ്ദേഹത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. എല്ലാത്തിലും സ്വയം മോചിതനായി പുതിയ ഗുരുവിനെ സ്വീകരിച്ചു. ആ സംഭവം വിവേകാനന്ദന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവായി. ദക്ഷിണേശ്വറിലെ ആത്മീയ ആചാര്യനായ ശ്രീരാമകൃഷ്ണനെ 1881ൽ സന്ദർശിച്ചതോടെ വിവേകാനന്ദന്റെ ഭാവിജീവിതചര്യ മാറിമറിഞ്ഞ കഥ ‘ശ്രീരാമകൃഷ്ണ ആൻഡ് ഹിസ് ഡിവൈൻ പ്ലേ’ എന്ന ഗ്രന്ഥത്തിൽ ശാരദാനന്ദൻ പ്രതിപാദിക്കുന്നുണ്ട്. വിവിധതരത്തിലുള്ള ഗ്രന്ഥങ്ങളുമായുണ്ടായ പരിചയത്തെയും നീണ്ട യാത്രകളിൽനിന്നാർജിച്ച അനുഭവങ്ങളെയും നിഷ്പ്രഭമാക്കുന്നതായിരുന്നു ശ്രീരാമകൃഷ്ണനുമായുണ്ടായ അടുപ്പം.
ആത്മീയതയുടെ അപാരതീരത്തേക്ക് അദ്ദേഹത്തെ ആനയിച്ച ശ്രീരാമകൃഷ്ണൻ ഒന്നും പഠിപ്പിച്ചില്ല. എന്നാൽ, എല്ലാം പഠിച്ചു. വിവേകാനന്ദനോട് സാമ്പത്തിക ക്ലേശങ്ങൾ നേരിടാനും അതിന് പ്രതിവിധി കണ്ടെത്താനും വഴി നിർദേശിക്കാൻ ശ്രീരാമകൃഷ്ണന് സാധിച്ചില്ല. മായയുടെ ലീലാവിലാസമായി ജീവിതത്തെ കണ്ട മഹാനായ ആത്മീയ ഗുരു നാടകങ്ങളിൽ പലതരം വേഷമിടാൻ മാത്രമല്ല, സ്ത്രീകളുടെ വേഷം ധരിക്കാനും പ്രദർശിപ്പിച്ച കൗതുകം പലരെയും വിസ്മയഭരിതരാക്കിയിരുന്നു. ഇതിനിടയിലാണ്, ധനാഢ്യയായ റാണി റാഷ്മോന്റെ സഹായഹസ്തം അദ്ദേഹത്തെ തുണക്കാനെത്തിയത്. ഹുഗ്ലി നദിക്കരയിലുള്ള ദക്ഷിണേശ്വറിൽ കുറേ ഭൂമി വാങ്ങി അവിടെ കാളിക്കുവേണ്ടി ഒരു ക്ഷേത്രം നിർമിച്ചു. ശൂദ്രജാതിക്കാരിയായ അവരെ ബ്രാഹ്മണന്മാർ ദൂരെ നിർത്തിയതിനുള്ള പ്രതിവിധി തേടാൻ വേണ്ടിയാണ് അത്തരമൊരു വലിയ ദാനകർമം നടത്തിയത്. ആ ക്ഷേത്രം ശ്രീരാമകൃഷ്ണന്റെ അഭയസ്ഥാനമായി.
ഏതാണ്ട് പന്ത്രണ്ടിൽപരം കൊല്ലങ്ങൾ ആ ക്ഷേത്രത്തെ താവളമാക്കിയ അദ്ദേഹം ധ്യാനത്തിൽ മുഴുകി ജീവിച്ചു. അതിനിടയിൽ അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ ആ ക്ഷേത്രത്തിലെ നിത്യസന്ദർശകരായി. അവരിൽ ഒരാളായിരുന്നു വിവേകാനന്ദൻ. എന്നാൽ, പ്രഥമ ദർശനത്തിൽതന്നെ തന്റെ യഥാർഥ അനുയായിയാണെന്ന് തിരിച്ചറിഞ്ഞ ശ്രീരാമകൃഷ്ണൻ അദ്ദേഹത്തെ സ്വീകരിച്ച് ആത്മീയതയുടെ ഉൾക്കാഴ്ച നേടാൻ വഴിയൊരുക്കി.
‘‘ആത്മീയതയുടെ മറുകരയിലെത്തുമ്പോൾ, ശ്രീരാമകൃഷ്ണന്റെ മൃദുവാകുന്ന ശരീരത്തിൽ രക്തബിന്ദുക്കൾ പൊടിയാറുണ്ടെന്ന്’’ ശാരദാനന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ശരീരത്തിന് തണുപ്പ് നൽകാൻ തണുത്ത വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിയിരുന്നു. അപ്പോഴെല്ലാം താൻ അമ്മയുടെ ദർശനസൗഭാഗ്യം അനുഭവിച്ചിരുന്നതായി ശ്രീരാമകൃഷ്ണൻ അനുയായികളുടെ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞിരുന്നു.
അത്തരം അവസ്ഥ വിശദീകരിക്കാൻ ‘ഉപ്പുപാവ’യുടെ കഥയാണ് അദ്ദേഹം സൂചിപ്പിച്ചിരുന്നത്. ‘‘ആഴം അളക്കാനായി ഒരു ഉപ്പുപാവ സമുദ്രത്തിൽ പോയി. അത് തിരിച്ചുവന്നില്ല. ആ നിലക്ക് സമുദ്രത്തിന്റെ ആഴത്തെപ്പറ്റി ആർക്ക് എന്തുപറയാനാവും?’’ (മഹേന്ദ്രനാഥ് ഗുപ്ത രചിച്ച അഞ്ച് വോള്യങ്ങളുടെ ‘കഥാമൃത്’ ശീർഷകത്തിലുള്ള ഗ്രന്ഥത്തിൽ ശ്രീരാമകൃഷ്ണന്റെ ദിവ്യജീവിതത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.)
ഹൃദയനൈർമല്യത്തെ മലീമസമാക്കുന്നതാണ് സ്ത്രീകളുടെ സാമീപ്യമെന്നും ‘‘അച്ചാമ അടുത്തുള്ളപ്പോൾ അതിന്റെ സ്വാദിഷ്ഠമായ രുചി അനുഭവിക്കാൻ കഠിനമായ ആസക്തി ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും’’ വിശ്വസിച്ചിരുന്ന ശ്രീരാമകൃഷ്ണൻ വിവാഹിതനായത് കുടുംബത്തിന്റെ ആഗ്രഹസഫലീകരണത്തിനായിരുന്നു.
ദരിദ്രമായ ഒരുബ്രാഹ്മണ കുടുംബാംഗമായിരുന്ന ശാരദ ദേവി അദ്ദേഹത്തിന്റെ പത്നിയായെങ്കിലും അവർ തമ്മിൽ ശാരീരികമായ ബന്ധം ഉണ്ടാവുകയോ ഒരു കുടുംബമാവുകയോ ചെയ്തില്ല. ഇരുപത്തിയാറുകൊല്ലം നീണ്ട ദാമ്പത്യത്തിൽ പത്തുകൊല്ലം മാത്രമേ അവർ ശ്രീരാമകൃഷ്ണന്റെ കൂടെ വസിച്ചുള്ളൂ. താൻ ആരാധിക്കുന്ന ദേവിയുടെ ഈശ്വരരൂപമായി അവരെ അദ്ദേഹം കണ്ടു. കാളി ദേവിയുടെ മനുഷ്യാവതാരം.
ആദ്യകാലത്ത് സംശയത്തോടെയാണ് ശ്രീരാമകൃഷ്ണനെ സമീപിച്ചതെങ്കിലും അദ്ദേഹത്തിൽ പൊഴിഞ്ഞിരുന്ന ആത്മീയമായ തേജസ്സ് വിവേകാനന്ദനെ കീഴ്പ്പെടുത്തുകയുണ്ടായി. ശ്രീരാമകൃഷ്ണൻ വിശേഷിപ്പിച്ചിരുന്ന കാളീമാതാവിനെ സ്വീകരിക്കാൻ തുടക്കത്തിൽ തനിക്ക് സാധിച്ചിരുന്നില്ലെന്നും ശ്രീരാമകൃഷ്ണന്റെ പ്രിയപ്പെട്ട ശിഷ്യനായി മാറിയ താൻ ക്രമേണ തന്റെ മാതാവായി കാളി ദേവിയെ സ്വീകരിച്ചുവെന്നും വിവേകാനന്ദൻ വിശദീകരിച്ചിട്ടുണ്ട്. ‘‘കാളി ദേവിക്ക് തന്നെ സമർപ്പിക്കുകയാണ് ശ്രീരാമകൃഷ്ണ പരമഹംസൻ ചെയ്തതെന്നും അതിൽനിന്ന് അകന്നുമാറാൻ ആറുകൊല്ലം നടത്തിയ പരിശ്രമം വിഫലമായ സാഹചര്യത്തിൽ സ്വയം അതിന് കീഴ്പ്പെടുകയായിരുന്നു.
സിസ്റ്റർ നിവേദിതയുമായി സംസാരിക്കവെ, ‘‘എന്റെ അമ്മയെയും അച്ഛനെയുംപോലെയാണ് കാളിദേവിയെന്ന്’’ വിവേകാനന്ദൻ വ്യക്തമാക്കി. അപക്വമായി വേഷങ്ങൾ ധരിക്കുന്നത് ഭൗതികമായ ജീവിതത്തോടുള്ള വിരക്തിയാണ് കാണിക്കുന്നതെന്നും ആദ്യമായി പരിചയപ്പെടുമ്പോൾ വിവേകാനന്ദന്റെ ആത്മശക്തിയിൽ തനിക്ക് താൽപര്യം ജനിച്ചുവെന്നും ഈശ്വരന്റെ മുന്നിൽ കൈകൾ കൂപ്പി നിൽക്കുന്ന ഭക്തനെപ്പോലെയാണ് വിവേകാനന്ദനെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. വൈകാരികമായിരുന്നു ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം. ചോദ്യങ്ങളോ സംശയങ്ങളോ കൂടാതെ ശ്രീരാമകൃഷ്ണനെ ഗുരുവായി സ്വീകരിക്കാൻ യുക്തിചിന്തയിൽ അടിയുറച്ച വിശ്വാസമുള്ള തനിക്ക് സാധിച്ചതെങ്ങനെയെന്ന് വിവേകാനന്ദൻ ആലോചിച്ചിട്ടുണ്ട്. ഈശ്വരനെ തൊട്ടുനിന്നിട്ടുണ്ടെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നത് അദ്ദേഹം മുഖവിലക്കെടുത്തില്ല.
എന്നാൽ, ആ ദിവസം ഉണ്ടായ സംഭവം വിവേകാനന്ദന്റെ വിശ്വാസങ്ങളെ തകിടം മറിച്ചു. നിലത്ത് ശയിക്കുകയായിരുന്ന വിവേകാനന്ദന്റെ നെഞ്ചിൽ ശ്രീരാമകൃഷ്ണൻ ചവിട്ടിനിന്ന സംഭവം ശാരദാനന്ദ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘എന്റെ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു. താൻ കിടക്കുന്ന തറയും മുറിയും എനിക്ക് ചുറ്റും കറങ്ങുകയായിരുന്നു അപ്പോൾ. ബോധത്തിന് യാതൊരു മങ്ങലും ഉണ്ടായില്ല.
എല്ലാം പതുക്കെ അപ്രത്യക്ഷമാകുകയായിരുന്നു. ശൂന്യതയിലേക്കുള്ള കവാടം തുറക്കുകയാണെന്ന് എനിക്കും തോന്നി. മരണം എന്റെ മുന്നിൽ എത്തിയെന്ന തോന്നൽ എന്നെ പരിഭ്രമിപ്പിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ഞാൻ കരഞ്ഞുകൊണ്ട് എന്തിനാണ് എന്നോട് ഇത്, എനിക്ക് മാതാപിതാക്കൾ ഇല്ലേ?യെന്ന് വിളിച്ച് ചോദിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം എന്റെ ശരീരത്തിൽ സ്പർശിച്ചു. അതോടെ ഞാൻ പൂർവസ്ഥിതിയിലായി.’’ ഹിപ്നോട്ടിസത്തിന് വിധേയനായതാണോയെന്ന് വിവേകാനന്ദൻ സംശയിച്ചു. പിന്നീട് അതിൽനിന്ന് അദ്ദേഹം മോചിതനായി തത്ത്വചിന്താപരമായ അറിവ് നേടിയിരുന്നെങ്കിലും ‘‘പഠിച്ച കഴുത’’ മാത്രമാണ് താനെന്ന് അപ്പോൾ വിവേകാനന്ദൻ പറഞ്ഞു.
ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ 1884ൽ വിവേകാനന്ദന്റെ അച്ഛൻ മരണമടയുമ്പോഴാണ് താനുൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം നിസ്വരാണെന്ന് വിവേകാനന്ദൻ തിരിച്ചറിഞ്ഞത്. അതിൽനിന്ന് കരകേറുക അസാധ്യമാണെന്ന യാഥാർഥ്യം നിലനിൽക്കെതന്നെ, മാനസികമായ യാതനകൾക്കുള്ള മോചനം ആത്മീയതയുടെ വഴിയാണെന്ന് കണ്ടെത്തിയ അദ്ദേഹം ആ വഴിയിലൂടെ മുന്നോട്ടു പോകുന്നതിനായി ശ്രീരാമകൃഷ്ണനെ അവലംബിക്കാൻ നിശ്ചയിച്ചുറപ്പിച്ചു.
അഭംഗുരം ആ തീരുമാനം തുടർന്നു. കണ്ഠനാളത്തിലെ കാൻസർ ശ്രീരാമകൃഷ്ണ പരമഹംസനെ മരണത്തിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം അറിഞ്ഞു. ഒരു കുട്ടിയോടുള്ള മമതയെ ഓർമിപ്പിക്കുന്നതായിരുന്നു പരമഹംസൻ തന്നോടുള്ള വാത്സല്യം കാണിക്കുന്നതെന്ന് വിവേകാനന്ദൻ അറിഞ്ഞിരുന്നു.
ശ്രീരാമകൃഷ്ണ പരമഹംസൻ ഭൗതികശരീരം ഉപേക്ഷിച്ചതോടെ തങ്ങൾ അനാഥരായിരിക്കുകയാണെന്ന് വിവേകാനന്ദൻ ഉൾപ്പെടെയുള്ള അനുയായികൾക്ക് അനുഭവപ്പെട്ടു. ഈ വിചാരത്തിൽനിന്ന് മോചനം തേടാനുള്ള ശ്രമമാണ് വിവേകാനന്ദന്റെ യാത്രകൾക്ക് കാരണമായത്.
ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിച്ച അദ്ദേഹം ഹിമാലയ താഴ്വാരവും തെക്ക് കന്യാകുമാരിയും സന്ദർശിച്ചു. മൂന്ന് സമുദ്രങ്ങൾ ഒന്നിച്ചുചേരുന്ന കന്യാകുമാരി മുനമ്പിൽ ഏതാനും ദിവസങ്ങൾ ധ്യാനനിരതനായി ചെലവിട്ടു. ഹൈന്ദവ തീർഥാടന ക്ഷേത്രങ്ങൾക്ക് പുറമെ അദ്ദേഹം ദീർഘമായ പര്യടനത്തിനിടയിൽ മുസ്‍ലിം, ജൈന, ബുദ്ധമത ആരാധനാലയങ്ങളിലുമെത്തി. പഞ്ചാബിൽ സിഖ് ഗുരുക്കന്മാരെയും ഗുജറാത്തിൽ ജൈന ആചാര്യന്മാരെയും വാരാണസിയിൽ പണ്ഡിതനായ പ്രമാനന്ദദാസ് മിത്രയും ഖെത്രിയിൽ പണ്ഡിറ്റ് നാരായൺദാസുമായി സംഭാഷണം നടത്തുകയുമുണ്ടായി.
എല്ലാം ത്യജിച്ച ഭിക്ഷുവായി പര്യടനം നടത്തിയ അദ്ദേഹം തേടിയത് ആത്മീയവിശുദ്ധിയായിരുന്നു. വിശപ്പടക്കാൻ ഭിക്ഷാടനത്തിനുപോലും അദ്ദേഹം മുതിർന്നു. അതിനിടയിൽ രോഗാതുരനായി മരണത്തിന്റെ വക്കിൽവരെ എത്തി. നാട്ടുരാജാക്കന്മാരും പണ്ഡിതരും ഇടത്തരക്കാരും ഉൾപ്പെടെയുള്ളവരുമായി യാത്രക്കിടയിൽ ബന്ധം സ്ഥാപിക്കാൻ സാധിച്ച അദ്ദേഹം ആത്മീയതയും രാഷ്ട്രകാര്യങ്ങളും തമ്മിൽ പാലം നിർമിക്കാനുള്ള അക്ഷീണ പരിശ്രമത്തിൽ മുഴുകുകയായിരുന്നു.
അപ്പോഴാണ് കാവിവസ്ത്രങ്ങൾ ഉപേക്ഷിച്ച് ഖെത്രിയിലെ രാജാവ് പീതവർണത്തിലുള്ള ഉടുപ്പും തേലക്കെട്ടും ധരിച്ചുതുടങ്ങുന്നത്. യാത്രകളിൽനിന്നും സമ്പാദിച്ച അനുഭവങ്ങൾ അനുസ്മരിപ്പിച്ചുകൊണ്ട് 1889ൽ എഴുതിയ ഒരു കത്തിൽ അപ്പോൾ ഇങ്ങനെ നിരീക്ഷിച്ചു: ‘‘വിവിധ സ്ഥലങ്ങളിൽവെച്ച് ധിഷണാശാലികളെയും ഭിക്ഷുക്കളെയും പണ്ഡിതന്മാരെയും സന്ദർശിച്ച് സംഭാഷണം നടത്തുകയുണ്ടായി. അപ്പോഴെല്ലാം ഏതുതരത്തിലുള്ള ആത്മബന്ധമാണ് ഉണ്ടാക്കാൻ കഴിഞ്ഞുവെന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടുണ്ട്.’’ സമ്പന്നമായ ഈ അനുഭവങ്ങളുമായാണ്, മുപ്പത്തിരണ്ടാമത്തെ വയസ്സിൽ അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.
കൽക്കത്തക്ക് സമീപത്തായി ബാരാനഗറിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു മന്ദിരം ഭിക്ഷയായി കിട്ടിയ പണം ഉപയോഗിച്ച് 1886 സെപ്റ്റംബറിൽ വാടകക്കെടുത്തു. അദ്ദേഹവും സന്യാസിമാരും താമസിച്ചുതുടങ്ങി. ഭിക്ഷാടനത്തിലൂടെയായിരുന്നു അക്കാലത്ത് അവർ ജീവിച്ചത്. മദ്രാസിൽവെച്ച് പരിചയത്തിലായ അലശിങ്ക പെരുമാളിന്, അദ്ദേഹം പിന്നീട് വിവേകാനന്ദന്റെ ശിഷ്യനായി, അയച്ച കത്തിൽ എഴുതി: ‘‘കന്യാകുമാരിയിൽ ഒരു പാറമേൽ ഉപവിഷ്ഠനായപ്പോൾ ഞാനൊരു പദ്ധതിക്ക് രൂപംകൊടുത്തു. ജനങ്ങൾക്ക് ആത്മീയ ഉപദേശം വിതരണംചെയ്ത് ഒട്ടനവധി സന്യാസിമാർ രാജ്യമെങ്ങും യാത്രചെയ്യുന്നുണ്ട്. വെറും ഭ്രാന്താണിത്.
ഗുരുദേവൻ ചോദിക്കാറുണ്ടായിരുന്നു, വിശക്കുന്ന വയറിന് മതമെന്തിന്? അജ്ഞാനികളായ പാവങ്ങൾ നയിക്കുന്നത് വെറും കാടൻജീവിതം. അവരുടെ ചോരകുടിച്ച് ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‍ലിംകളുമെല്ലാം നിലത്തിട്ട് ചവിട്ടിമെതിക്കുന്നു. ഭിക്ഷാടനത്തിനായി ഗ്രാമങ്ങൾ സന്ദർശിക്കുന്ന സന്യാസിമാർ പാവങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അതുവഴി അവരുടെ ജീവിതം മെച്ചപ്പെടുത്തിക്കൂടേ?’’ പള്ളിക്കൂടത്തിൽ പോകാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ കാവ്യപാരായണം നടത്തി എന്തുനേടാനാണ്?
സ്വയം ചോദിച്ചുകൊണ്ട് ഇതിന് മതത്തെയല്ല, മനുഷ്യനെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് പറഞ്ഞ അദ്ദേഹം മദ്രാസ് പര്യടനത്തിനിടയിൽ പരിചയപ്പെട്ട അലശിങ്ക പെരുമാളുമായി തന്റെ നിഗമനങ്ങളും സംശയങ്ങളും പങ്കിട്ടിരുന്നു. ചണ്ഡാലന്മാരെന്ന് മുദ്രകുത്തി തൊട്ടുകൂടാത്തവരായി സമൂഹത്തിന് താഴേത്തട്ടിലുള്ളവരെ അകറ്റിനിർത്തുന്നതിനെ വിമർശിക്കവെ, ഹൈന്ദവ വിശ്വാസത്തെ പരിഷ്‍കരിച്ച അദ്വൈത ദർശനത്തിന്റെ ഉപജ്ഞാതാവായ ശ്രീശങ്കരനെപ്പോലുള്ളവരുടെ സംഭാവനകൾ അമൂല്യങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു സന്യാസിമാരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്, ഭക്ഷണക്കാര്യത്തിൽ കർശനമായ നിഷ്ഠകൾ പുലർത്തിയില്ല. യാത്രക്കിടയിൽ കൃത്യമായി കുളിക്കുന്നതിൽപോലും അശ്രദ്ധനായതുമൂലം ശരീരം മുഴുവൻ അഴുക്ക് നിറയുകയും പാദങ്ങൾ വിണ്ടുകീറുകയും ചെയ്തു. ‘‘മുളകും കുരുമുളകും പോലുള്ളവ ആഹാരത്തിന്റെ ഭാഗമാക്കുന്നത് വിശപ്പകറ്റാനായിരുന്നുവെന്നും കുടിവെള്ളം ശുദ്ധമാണോയെന്നുപോലും ശ്രദ്ധിച്ചിരുന്നില്ലെന്നും അത്തരം കാര്യങ്ങൾ അദ്ദേഹത്തെ കായികമായി ദുർബലപ്പെടുത്തിയതിനോടൊപ്പം പലപ്പോഴും രോഗിയാവുകയുംചെയ്തു.
1886ൽ ബോധി ഗയ സന്ദർശിക്കുമ്പോൾ ആമാശയസംബന്ധമായ രോഗം പിടിപെട്ടത് ജീവിതാവസാനംവരെ നിലനിന്നു. ഋഷികേശിൽവെച്ച് മലേറിയയുടെ ആക്രമണത്തെ തുടർന്ന് മൂന്നുമാസം കിടപ്പിലായി. അപ്പോൾ ഒരു പ്രാവശ്യം ഹൃദയസ്പന്ദനംപോലും നിലക്കുകയുണ്ടായി. ‘നിർവികൽപ സമാധി’ ആയിരുന്നു അപ്പോൾ സംഭവിച്ചതെന്ന് ശാരദാനന്ദ എഴുതി. മൈസൂർ, രാമനാഥ, ഖെത്രി എന്നിവിടങ്ങളിലെ രാജാക്കന്മാരുൾപ്പെടെയുള്ളവരുടെ സഹായം നിർലോഭം കിട്ടിയതുകൊണ്ടുകൂടിയാണ് ഷികാഗോയിലെ വേൾഡ് കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഖെത്രി രാജാവിന്റെ ആതിഥ്യം സ്വീകരിച്ചപ്പോൾ വിചിത്രമായ ഒരനുഭവമുണ്ടായി. പ്രഭു സദസ്സുകളിൽ നൃത്തംചെയ്തിരുന്ന ഒരു പെൺകുട്ടിയുടെ പ്രകടനം കാണാൻ അദ്ദേഹത്തെ ഖെത്രി രാജാവ് പ്രേരിപ്പിച്ചു.
നൃത്തംചെയ്യുന്നതിനിടയിൽ സൂർദാസിന്റെ പാട്ട് ആ പെൺകുട്ടി ആലപിച്ചു. ദൈവത്തിന്റെ മുന്നിൽ പാപികളോ നന്മ നിറഞ്ഞവരോ ഇല്ലെന്ന് അർഥം വരുന്നതായിരുന്നു ആ ഗാനം. അത് കേട്ടുകഴിഞ്ഞ ശേഷം ഗായികയോടായി വിവേകാനന്ദൻ പറഞ്ഞു: ‘‘നിങ്ങളുടെ നൃത്തം കാണാനോ നിങ്ങൾ വസിക്കുന്ന മുറിയിൽ വരാനോ വിസമ്മതിച്ചതുവഴി ഞാൻ നിങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. എന്നാൽ, ആ ഗാനമെന്നെ മാനസികമായി ഉയർത്തി.’’
മൈലാപ്പുർ സംഘമെന്ന് അറിയപ്പെട്ടിരുന്ന കൂട്ടായ്മയിലെ പ്രമുഖാംഗമായിരുന്ന അലശിങ്ക പെരുമാളുമായുള്ള പരിചയം, പിന്നീട് പെരുമാൾ ശിഷ്യനായി, ട്രിപ്പികെൻ ലിറ്റററി സൊസൈറ്റി അംഗമായ മദ്രാസ് ഹൈകോടതി ജഡ്ജി സുബ്രഹ്മണ്യ അയ്യരുമായി അടുപ്പമുണ്ടാക്കിയതിന് പുറമെ, അമേരിക്കൻ പര്യടനത്തിൽ അനിശ്ചിതമായ അവസരത്തിൽ അവരുൾപ്പെടെയുള്ള നിരവധി പ്രമുഖ വ്യക്തികൾ സന്ദർശനത്തിൽനിന്ന് പിന്മാറാതിരിക്കാനാവശ്യമായ തുണ നൽകി. ജാതിവ്യത്യാസമില്ലാതെ അവർണരും മുസ്‍ലിംകളും വസിക്കുന്നതിനിടയിൽ താമസിക്കാൻ ഒരു വൈമനസ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. പീതവസ്ത്രധാരിയായിരുന്നെങ്കിലും മുണ്ഡനംചെയ്ത ശിരസ്സും വിലകുറഞ്ഞ ചെരിപ്പും മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി.
വേദങ്ങളും പുരാണങ്ങളും ഹൃദ്യമായി ചൊല്ലുന്നതുപോലെ മിൽട്ടന്റെ കവിതയും പ്രഭാഷണങ്ങൾക്കിടയിൽ ഉപയോഗിച്ചു. പെരുമാളിനു പുറമെ ജുനഗഢ്, പോർബന്തർ എന്നീ നാട്ടുരാജ്യങ്ങളിലെ ദിവാന്മാരും മൈസൂർ രാജാവും പുരിയിലെ ശങ്കരാചാര്യരും അമേരിക്ക സന്ദർശിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ശ്രീരാമകൃഷ്ണ പരമഹംസനും അദ്ദേഹത്തിന്റെ സാധ്വിയായ ശാരദാദേവിയും തന്നെ അമേരിക്കയിലേക്ക് നയിക്കുകയാണെന്ന് പലവട്ടം സ്വപ്നം കണ്ടിരുന്നതായി പിൽക്കാലത്ത് വിവേകാനന്ദൻ പറഞ്ഞു.
ആറുമാസം നീണ്ടുനിന്ന ഷികാഗോയിലെ ലോകമതസമ്മേളനം അവസാനിക്കുമ്പോൾ, മൂന്നുകോടിയോളം പേർ അവിടെ സന്ദർശിച്ചിരുന്നതായി റിപ്പോർട്ട് രേഖപ്പെടുത്തുകയുണ്ടായി. അവിടെ നടന്ന വേൾഡ് റിലീജ്യസ് കോൺഫറൻസിൽ എല്ലാ മതക്കാരും പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാൽ, വിവേകാനന്ദന്റെ സാന്നിധ്യവും തുടർന്ന് നടത്തിയ പ്രഭാഷണവും ചരിത്രമായി മാറി. ഇന്ത്യയിൽനിന്ന് കപ്പലിൽ യാത്ര തിരിച്ച് വാൻകൂവറിലെത്തി, പന്ത്രണ്ട് ദിവസം അവിടെ ചെലവിട്ട ശേഷം ഷികാഗോയിൽ അദ്ദേഹം വിചിത്രങ്ങളായ അനുഭവങ്ങൾക്കു പുറമെ കടുത്ത യാതനകൾക്കും പാത്രമായി.
മഞ്ഞനിറത്തിലുള്ള വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടി വളർത്തി കറുത്ത ആജാനുബാഹുവായ ഒരാൾ നടന്നുപോകുന്നത്, യാത്രക്കാർ അത്ഭുതത്തോടെ നോക്കിനിൽക്കുമായിരുന്നു. അപരിചിതമായ രാജ്യത്തെത്തിയതിന്റെ പരിഭ്രമത്തിൽപെട്ട അദ്ദേഹം ട്രെയിനിൽവെച്ച് യാദൃച്ഛികമായി പരിചയപ്പെട്ട കേറ്റ് സൺബോൺ എന്ന പ്രായമായ സ്ത്രീ സഹായമായി. അവർ ആതിഥേയയായി. ആധ്യാത്മിക പഠനമേഖലയിൽ ശ്രദ്ധേയനായ ജോൺ ഹെന്റി റൈറ്റിലൂടെ വേൾഡ് പാർലമെന്റ് ചെയർമാനുമായി പരിചയപ്പെട്ടതിന് പുറമെ, വിവേകാനന്ദന്റെ മോശപ്പെട്ട ധനസ്ഥിതി അറിഞ്ഞ് ഷികാഗോയിലേക്കുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കുകയുംചെയ്തു.
അവിടെയെത്തിയതോടെ ആതിഥേയരുടെ മേൽവിലാസം നഷ്ടപ്പെട്ട വ്യഥയിൽ ലക്ഷ്യമില്ലാതെ റോഡിൽ അലഞ്ഞുതിരിഞ്ഞ് ഡിയർബോൺ സ്ട്രീറ്റിനരികിൽ ഇരിക്കുകയായിരുന്ന അദ്ദേഹവുമായി മിസിസ് ബെല്ലേഹെയിൽ എന്ന ഒരു സ്ത്രീ പരിചയപ്പെട്ട് വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകിയിട്ട് സമ്മേളനസ്ഥലത്തെത്തിക്കുകയുണ്ടായി. മിസിസ് ഹെയിലിന്റെ പുത്രിമാരായ മേരിയും ഹാരിയറ്റും സഹോദരിമാരായ ഇസബെല്ലയും ഹാരിയറ്റ് മക്‍ കിൻഡ്ലിയും പരിചയപ്പെട്ട അദ്ദേഹത്തോട് അവർ സഹോദരതുല്യമായ മമതാബന്ധം സൃഷ്ടിച്ചു.
ഷികാഗോ സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തോടെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുകയും സമൂഹത്തിലെ പല തട്ടുകളിൽപെട്ടവരുമായി ഇടപെടുകയും ചെയ്യുമ്പോഴും അമ്മയെ മറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഖെത്രി രാജാവിനോട് അതിൽനിന്നുളവായ സങ്കടം പങ്കുവെക്കവെ, ‘‘ലോകസേവനത്തിനായി സ്വയം അർപ്പിച്ചുവെങ്കിലും അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മറക്കാനാവുകയില്ല. ദുരിതങ്ങൾ അവരെ കാർന്നുതിന്നുകയാണ്. എനിക്ക് ഇനി ഒരൊറ്റ ആഗ്രഹമേയുള്ളൂ. അമ്മയോടൊപ്പം താമസിച്ച് അവരെ സഹായിക്കുന്നതിനൊപ്പം ഇളയ സഹോദരനെ വിവാഹിതനാക്കുകയും വേണം. വെറുമൊരു കുടിലിലാണ് അമ്മ താമസിക്കുന്നത്.
എത്രയും വേഗം നാട്ടിൽ മടങ്ങിവരാനാണ് ഞാൻ ശ്രമിക്കുന്നത്.’’ ദാമ്പത്യത്തെപ്പറ്റി ആലോചിക്കാൻ അദ്ദേഹം തയാറായില്ല. താനേെറ്റടുത്ത ദൗത്യനിർവഹണത്തിന് ബ്രഹ്മചര്യം അനുപേക്ഷണീയമാണെന്ന് നേരത്തേ അദ്ദേഹം അറിഞ്ഞിരുന്നു. ഒരു പ്രാവശ്യംപോലും അതിൽനിന്ന് വിവേകാനന്ദൻ വ്യതിചലിച്ചില്ല.
ബ്രിട്ടൻ സന്ദർശനത്തിനിടയിൽ അത്യാകർഷകമായ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടയായ മാർഗരറ്റ് നോബിൾ നാടുപേക്ഷിച്ച് ഇന്ത്യയിലെത്തി വിവേകാനന്ദന്റെ ശിഷ്യയായി. സിസ്റ്റർ നിവേദിത എന്ന് അറിയപ്പെട്ട നോബിൾ താൻ ഗുരുവായി സ്വീകരിച്ച വിവേകാനന്ദനെ ജീവിതാവസാനംവരെ പിന്തുടർന്നു. ബ്രാഹ്മണരുടെ നിയന്ത്രണത്തിൽനിന്ന് അദ്വൈത ചിന്തയെ മോചിപ്പിച്ച്, വിവേകാനന്ദൻ വിശേഷിപ്പിച്ച ‘ദരിദ്രനാരായണന്മാരുടെ’ ജീവിതചിന്താഗതിയുടെ ഭാഗമാക്കിയതോടൊപ്പം മാതൃകാ ചിന്തകനും ഗുരുവും നയിക്കേണ്ട ജീവിതത്തിന്റെ ഉത്തമ മാതൃകയാവുകയുംചെയ്തു.
ഹൈന്ദവതയുടെ വക്താവ് മാത്രമായിരുന്നില്ല അദ്ദേഹം. അതിസങ്കീർണമായ ജീവിത യാഥാർഥ്യങ്ങളിൽനിന്ന് ഓടിയൊളിക്കാതെ, അതുയർത്തുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പൗരുഷം പ്രദർശിപ്പിച്ച അദ്ദേഹത്തെ ‘ലോകത്തിന്റെ ഗുരുവെന്ന്’ ഈ കൃതിയുടെ രചയിതാവ് വിശേഷിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.