ലിബറൽ സെക്കുലറിസത്തി​ന്‍റെ കീഴാള വിരുദ്ധത

ഇന്ത്യയിലെ കീഴാള രാഷ്​ട്രീയത്തെക്കുറിച്ചും ബദൽ സാധ്യതകളെക്കുറിച്ചും ചിന്തകൻകൂടിയായ ബി. രാജീവൻ നടത്തിയ സംഭാഷണത്തിലെ പരാമർശങ്ങൾക്ക്​ ലക്കം 1382ൽ സൗരത്​ പി.കെ പ്രതികരണം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ്​ ഇൗ ലേഖനം. മാധ്യമം ആഴ്ചപ്പതിപ്പിൽ രാജേഷ് കെ. എരുമേലി ഞാനുമായി നടത്തിയ അഭിമുഖത്തോട് (ലക്കം: 1377) പ്രതികരിച്ച സൗരത് പി.കെക്ക് നന്ദി. ‘അത് ജനസഞ്ചയമല്ല’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ (ലക്കം: 1382) അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങൾ വളരെ ഗൗരവപൂർവമായ പരിശോധന അർഹിക്കുന്നവയാണ്. എന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള വിമർശനങ്ങൾ ഉന്നയിച്ച ശേഷം അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത് ‘‘ഒപ്പം...

ഇന്ത്യയിലെ കീഴാള രാഷ്​ട്രീയത്തെക്കുറിച്ചും ബദൽ സാധ്യതകളെക്കുറിച്ചും ചിന്തകൻകൂടിയായ ബി. രാജീവൻ നടത്തിയ സംഭാഷണത്തിലെ പരാമർശങ്ങൾക്ക്​ ലക്കം 1382ൽ സൗരത്​ പി.കെ പ്രതികരണം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ്​ ഇൗ ലേഖനം. 

മാധ്യമം ആഴ്ചപ്പതിപ്പിൽ രാജേഷ് കെ. എരുമേലി ഞാനുമായി നടത്തിയ അഭിമുഖത്തോട് (ലക്കം: 1377) പ്രതികരിച്ച സൗരത് പി.കെക്ക് നന്ദി. ‘അത് ജനസഞ്ചയമല്ല’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ (ലക്കം: 1382) അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങൾ വളരെ ഗൗരവപൂർവമായ പരിശോധന അർഹിക്കുന്നവയാണ്.

എന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള വിമർശനങ്ങൾ ഉന്നയിച്ച ശേഷം അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത് ‘‘ഒപ്പം തന്നെ രാജീവൻ നിരീക്ഷിച്ച കീഴാള ശക്തിയുടെ മുന്നേറ്റങ്ങൾ ഒരു കനലായി പടർന്നുപിടിക്കുന്ന കാലത്തിനായി തുടർച്ചയായ രാഷ്ട്രീയ സമരങ്ങളിൽ നമുക്ക് അണിചേരുകയും ചെയ്യാം’’ എന്ന വാക്യത്തോടെയാണ്.

ഇതിനർഥം എ​ന്റെ അടിസ്ഥാന രാഷ്ട്രീയ നിലപാടിനോട് അദ്ദേഹം യോജിക്കുന്നു എന്നാണ്. ഈ വിധത്തിൽ ഞാൻ എന്റെ പുസ്തകങ്ങളിലും ലേഖനങ്ങളിലും വർത്തമാന ലോക രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന ആശയങ്ങളോട് അടിസ്ഥാനപരമായി യോജിക്കുമ്പോൾതന്നെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനെ കുറിച്ച് ഞാൻ നടത്തിയ വിശകലനത്തോട് എന്തുകൊണ്ട് യോജിക്കാൻ കഴിയുന്നില്ല എന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സമർഥിക്കാനാണ് സൗരത് ശ്രമിക്കുന്നത്. യോജിക്കുമ്പോൾ തന്നെയുള്ള ഈ വിയോജിപ്പിന് കാരണം വസ്തുതാപരം എന്നതിനേക്കാൾ, അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപുകളിലൂടെ ഉയർന്നുവരുന്ന അവരുടെ ബദൽ അധികാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ പുതിയ പ്രകാശനരൂപങ്ങളെക്കുറിച്ചും വേണ്ടത്ര വ്യക്തത ഇനിയും വന്നിട്ടില്ലാത്തതാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് വളരെ സ്വാഭാവികമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകടമായ ജനവിധി, സൗരത് പറയുന്നതുപോലെ മറ്റു പല രാജ്യങ്ങളിലും ഉയർന്നുവന്ന മാതൃകയിലുള്ള ഒരു ‘മുല്ലപ്പൂ വിപ്ലവ’ത്തിന്റെ വിജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻതന്നെ ഞാൻ എഴുതിയ വിശദമായ ഒരു ലേഖനം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: ‘‘ചുരുക്കത്തിൽ, ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനസാമാന്യം ‘ഇൻഡ്യ മുന്നണി’ക്ക് നൽകിയ പിന്തുണയിലൂടെ വെളിപ്പെടുത്താൻ ശ്രമിക്കുന്ന ഭാവിയുടെ രാഷ്ട്രീയ ദർശനം ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് ഏറ്റെടുക്കാൻ കഴിയണം.

കാരണം, ഭൂമിയെ ഒന്നാകെ ഗ്രസിച്ചുകഴിഞ്ഞ വന്ധ്യവും വിനാശകരവുമായ ആഗോള മൂലധന സാമ്രാജ്യത്തിന്റെ ആലിംഗനത്തിൽനിന്ന് മനുഷ്യൻ അടക്കമുള്ള ജീവരാശിയെയും ഭൂമിയെയും രക്ഷിക്കാനുള്ള ജൈവ രാഷ്ട്രീയ സമരോത്സവങ്ങളുടെ പുതിയ യുഗത്തിലേക്കാണ് ജനങ്ങളുടെ ഈ പുതിയ ഉണർവുകൾ വാതിൽ തുറക്കുന്നത്’’. മേൽപറഞ്ഞ ലേഖനത്തിൽ ഞാൻ വ്യക്തമാക്കാൻ ശ്രമിക്കുന്നത്, വർത്തമാന ലോക രാഷ്ട്രീയ- സാമ്പത്തിക മേഖലകളിൽ സംഭവിച്ച ഘടനാപരമായ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പഴയ രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടുകളിൽ ഒതുങ്ങാത്ത ജനങ്ങളുടെ ബദൽ രാഷ്ട്രീയ അധികാരത്തിന്റെ ശക്തികൾ ഈ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നിൽ പ്രകടമാണെന്നും ഇന്ത്യയെ സ്നേഹിക്കുന്നവർ അത് തിരിച്ചറിഞ്ഞ് പുതിയ രൂപങ്ങളിലേക്ക് മുന്നോട്ടു കൊണ്ടുപോകണം എന്നും മാത്രമാണ്.

ഈ സമീപനത്തിന്റെ അടിസ്ഥാന രാഷ്ട്രീയ ദർശനത്തോട് സൗരതിന് യോജിപ്പാണുള്ളതെന്ന് മുൻ ഉദ്ധരിച്ച അദ്ദേഹത്തി​ന്റെ പ്രസ്താവം വ്യക്തമാക്കുന്നുമുണ്ട്. മാത്രമല്ല, ജനസഞ്ചയ ജനാധിപത്യ പ്രക്ഷോഭങ്ങളെക്കുറിച്ച് “തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള കീഴാളന്റെ ഉയിർത്തെഴുന്നേൽപ് ജനാധിപത്യത്തിന്റെ പാതയിലെ ഒരു ചെറു തുടക്കംതന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല’’ എന്നും അദ്ദേഹം പറയുന്നു. അപ്പോൾ പിന്നെ എന്താണ് പ്രശ്നം? അത് സൗരത് ഇങ്ങനെ തുടർന്നെഴുതുന്നു:

“അതേസമയംതന്നെ കീഴാളന്റെ ഈ ചെറുത്തുനിൽപിനകത്തും അപകടകരമായ ഒരു ജാതി രാഷ്ട്രീയം എത്ര കെട്ടിയിട്ടിട്ടും അഴിഞ്ഞുചെന്ന് ജനാധിപത്യത്തിന്റെ കാലിൽ പിണയുന്ന കുരുക്കായി മാറുന്നത് പലപ്പോഴും ബി. രാജീവൻ തിരിച്ചറിയാതെ പോകുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടർന്നിനി അങ്ങോട്ടും ഈ ട്രെൻഡ് ആണ് രാജ്യത്തെ നയിക്കുക എന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.’’

തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള ഇത്തരമൊരു നിഷേധാത്മക വിലയിരുത്തൽ സൃഷ്ടിക്കുന്ന ആശങ്കയെ മുൻനിർത്തി ഓരോ സംസ്ഥാനത്തിലെയും ജാതിമുക്തമല്ലാത്ത രാഷ്ട്രീയ സാഹചര്യത്തെ എടുത്തു കാണിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഈ നിലപാട് അദ്ദേഹം തന്റെ ലേഖനത്തിൽ വീണ്ടും ആവേശപൂർവം ആവർത്തിക്കുന്നു. നരേന്ദ്ര മോദിയുടെ അമിത പ്രതീക്ഷകളെ തകർത്ത ഇന്ത്യൻ ജനതയുടെ തെരഞ്ഞെടുപ്പ് വിധിപ്രസ്താവത്തെ അത് കീഴാള രാഷ്ട്രീയത്തിന്റെ ചെറുത്തുനിൽപിന്റെ ഫലമാണെങ്കിലും അതിൽ അപകടകരമായ ജാതിരാഷ്ട്രീയം അഴിഞ്ഞഴിഞ്ഞ് വീണ്ടും വ്യാപിക്കുന്നു എന്നാണ് അദ്ദേഹം ആവർത്തിച്ചു പറയുന്നത്.

ഇങ്ങനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രകടമായ ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ തള്ളിക്കളയുകയും അതിനെ ഒരു നിഷേധാത്മക പ്രതിലോമ പ്രവണതയുടെ പിടിവിടാത്ത ബാധയായി കണ്ടെത്തുകയുംചെയ്യുന്നതിൽ തെളിഞ്ഞുവരുന്ന സൗരതി​ന്റെ അടിസ്ഥാന രാഷ്ട്രീയ നിലപാടിന്റെ സ്വരൂപം എന്താണെന്ന് നമുക്ക് വ്യക്തമാണ്. ജാതി-മത- ഗോത്ര-വംശ-ലിംഗ കളങ്ക മുക്തമായ അതായത്, മനുഷ്യരുടെ സാമൂഹിക ജീവിതത്തി​ന്റെ എല്ലാ ആന്തരിക സ്വകാര്യതകളിൽനിന്നും മുക്തമായ, തികച്ചും യുക്തിബദ്ധമായ ഒരു ആധുനിക പൗര സമൂഹ പൊതുമണ്ഡല സങ്കൽപത്തിന്റെ ശുദ്ധ രാഷ്ട്രീയമാണ് അദ്ദേഹത്തി​ന്റെ ആദർശ രാഷ്ട്രീയമെന്ന് വ്യക്തം. ഈ രാഷ്ട്രീയ ആദർശം സാമൂഹിക ജീവിതത്തി​ന്റെ സ്വകാര്യ/പൊതു കാര്യ വൈരുധ്യത്തിലും വിഭജനത്തിലും അധിഷ്ഠിതമായ, മനുഷ്യസമൂഹത്തിന്റെ പ്രാകൃത/ പരിഷ്കൃത വിഭജനത്തെ ശക്തിപ്പെടുത്തുന്ന പാശ്ചാത്യ മുഖ്യധാര ആധുനികതയുടെ മനുഷ്യ സങ്കൽപത്തിൽ അടിയുറച്ച മുതലാളിത്ത ലിബറൽ രാഷ്ട്രമീമാംസാ പദ്ധതിയുടെ ആദർശമാണ്.

നിശ്ചയമായും ഈ ആദർശത്തിനുള്ളിൽ ജാതിയും മതവും അടക്കമുള്ള എല്ലാ വിഭാഗീയതകൾക്കും അതീതമായ സമത്വവും സാഹോദര്യവും നിറഞ്ഞ ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നമുണ്ട്. എന്നാൽ, യഥാർഥ ജീവിതത്തിൽ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയും പേരിൽ അടിമത്തവും വിവേചനവും നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കായ മനുഷ്യർ ഈ ലിബറൽ രാഷ്ട്രീയാദർശം കൊണ്ടുമാത്രം തൃപ്തിയടയാൻ സന്നദ്ധരല്ല. സാർവലൗകികമായ മനുഷ്യത്വത്തിന്റെയും മനുഷ്യസമത്വത്തിന്റെയും പരിഷ്കൃതിയുടെയും ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും ജീവിത സ്പർശിയല്ലാത്ത കേവല ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ രാഷ്ട്രീയ ദർശനം, പ്രയോഗത്തിൽ മനുഷ്യത്വവും സമത്വവും ജനാധിപത്യവും സാധ്യമല്ലാത്ത മുതലാളിത്ത വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര ഉൽപന്നമാണെന്ന് ഇന്ന് ലോക കീഴാളജനത തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഈ അമൂർത്ത രാഷ്ട്രീയ ആദർശം നൂറ്റാണ്ടുകളോളം ലോകമെമ്പാടുമുള്ള കറുത്തവരും ദലിതരും ആദിവാസികളും സ്ത്രീകളും അടക്കമുള്ള കോടാനുകോടി മനുഷ്യരുടെ യഥാർഥവും മൂർത്തവും ശരീരനിഷ്ഠവുമായ കൊടിയ അടിമത്തത്തെ മൂടിവെച്ചിരുന്ന ഒരു വെള്ളപ്പുതപ്പായിരുന്നു എന്ന് അവർ കണ്ടെത്തിക്കഴിഞ്ഞു. ലോകമെങ്ങും അവർ ആ പുതപ്പ് വലിച്ചുകീറി പുറത്തുവന്നുകൊണ്ടിരിക്കുന്നു. വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിൽ അടിമത്തത്തിൽ ആഴ്ത്തപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന ലോകജനത അവരുടെ അടിമത്തത്തിന് കാരണമായ അതേ ഉപാധികളെ തന്നെ അടിമത്തത്തിനെതിരെ പൊരുതാൻ ഉള്ള കർതൃത്വമായി, സ്വത്വമായി സ്വയം ഏറ്റെടുത്തുകൊണ്ട് ഇന്ന് രംഗത്തു വന്നുകഴിഞ്ഞിരിക്കുന്നു. ഇത് തിരിച്ചറിയാതെ ജാതിയെന്നും മതമെന്നും വംശമെന്നും ഒക്കെ കേൾക്കുമ്പോൾ അതിനെയൊക്കെ പ്രാകൃതത്വത്തിന്റെയും സ്വകാര്യതയുടെയും അശ്ലീല മുദ്രകുത്തി പഴയ ലിബറൽ പുരോഗമന രാഷ്ട്രീയത്തിന്റെ വെള്ളപ്പുതപ്പിൽ മൂടാൻ നാം ഇനിയും ശ്രമിച്ചുകൂടാ.

കഴിഞ്ഞ നൂറ്റാണ്ടിൽതന്നെ തങ്ങളുടെ അടിമത്തത്തിന്റെ കാരണവും അടയാളവുമായ ജാതി-വംശ-ലിംഗ സ്വത്വങ്ങളെ ഒരു സമരായുധമായി മേലാളവ്യവസ്ഥക്കെതിരെ പ്രയോഗിക്കാൻ പോന്നവിധം പുതിയ ആത്മബോധത്തിലേക്കുയർന്ന കീഴാള പ്രസ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു. ഇതിന്റെ ആദ്യഘട്ടം കോളനിവാഴ്ചകൾക്കും അവയെ താങ്ങിനിർത്തുന്ന നാടുവാഴിത്തത്തിനും എതിരെ ലോകമെങ്ങും ഉയർന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ ഭാഗമായി ജാതി-മത-ഗോത്ര വിഭാഗങ്ങൾതന്നെ സാംസ്കാരിക ദേശീയതകളായി സ്വയം ഭാവന ചെയ്യുന്നതിന്റേതായിരുന്നു. ഇത് യഥാർഥത്തിൽ അടിച്ചമർത്തപ്പെടുന്ന കിഴാള വർഗങ്ങൾ, മാർക്സ് തൊഴിലാളി വർഗത്തെക്കുറിച്ച് പറഞ്ഞതുപോലെ, ഒരു പൊരുതുന്ന വർഗമായി സ്വയം കണ്ടെത്തുന്നതി​ന്റെ (Class for itself) പ്രകടനം തന്നെയായിരുന്നു.

ഇത് തിരിച്ചറിയാത്തതുകൊണ്ടാണ്, അതായത് ജാതി-മത-വംശ-വർണ വിമോചന പ്രസ്ഥാനങ്ങളുടെ വിപ്ലവ സ്വഭാവം തിരിച്ചറിയാത്തതുകൊണ്ടാണ്, മാർക്സിസ്റ്റുകൾ ഇത്തരം മുന്നേറ്റങ്ങൾ വർഗസമരത്തിന് പുറത്തുള്ള പ്രാകൃത പ്രസ്ഥാനങ്ങളായി കാണുകയും അവയെ തീവ്രമായി എതിർക്കുകയും ചെയ്തത്. അംബേദ്കറോടുള്ള ഇന്ത്യൻ മാർക്സിസ്റ്റുകളുടെ ശത്രുതയുടെ അടിസ്ഥാനംതന്നെ അദ്ദേഹം വർഗവിമോചനത്തിനു വേണ്ടിയല്ല, മറിച്ച് ജാതിയിൽ നിന്നുള്ള മോചനത്തിനുവേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നു.

യഥാർഥത്തിൽ മാർക്സ് തന്നെ ഈ ഇന്ത്യൻ ‘മാർക്സിസ്റ്റ്’ സമീപനത്തിന് തീർത്തും എതിരായിരുന്നു. കറുത്തവരുടെ അടിമത്ത വിമോചനവുമായി ബന്ധപ്പെട്ട് നടന്ന അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത്, വംശീയമായ അടിമത്തം ചരിത്രപരമായ ഒരു പഴയ വ്യവസ്ഥ ആയതുകൊണ്ടും, അടിമകൾ വിപ്ലവകാരിയായ ആധുനിക വ്യവസായ തൊഴിലാളിവർഗത്തി​ന്റെ ഭാഗമല്ലാത്തതുകൊണ്ടും അടിമകളുടെ വിമോചന സമരം ഒരു വംശീയ പ്രശ്നം മാത്രമായാണ് അക്കാലത്ത് മാർക്സിന്റെ അനുയായികൾപോലും കണ്ടത്. മറിച്ച് ഇതിന് നേർവിപരീതമായ നിലപാടാണ് മാർക്സ് കൈക്കൊണ്ടത്.

യൂറോപ്പിലെ ലക്ഷണമൊത്ത വിപ്ലവ വർഗമായ ആധുനിക തൊഴിലാളി വർഗത്തേക്കാൾ വിപ്ലവകാരിയായ ഒരു വർഗമാണ് അമേരിക്കയിലെ കറുത്ത അടിമകൾ എന്നാണ് മാർക്സ് വാദിച്ചത്. അതുകൊണ്ടാണ് അധ്വാനിക്കുന്ന കറുത്ത അടിമവർഗത്തിന്റെ (Black Labour) മോചനത്തിലൂടെ മാത്രമേ വെളുത്ത പരിഷ്കൃത തൊഴിലാളി വർഗത്തിന്റെ (White Labour) അധ്വാനത്തിനും മോചനമുള്ളൂ എന്ന് മാർക്സ് തീർത്തു പറയുകയും ആ സമരത്തിൽ പങ്കാളിയാവുകയുംചെയ്തത്. അടുത്ത നൂറ്റാണ്ടിൽ ഇന്ത്യൻ സാഹചര്യത്തിൽ ഇതുതന്നെയാണ് അംബേദ്കർ ആവർത്തിച്ചത്.

ആ നിലക്ക് ജാതിപ്രശ്നം എന്നുപറഞ്ഞ് മാറ്റിനിർത്താതെ അന്നുതന്നെ മാർക്സിസ്റ്റുകൾ അംബേദ്കർക്കൊപ്പം ചേരേണ്ടതായിരുന്നു (ഒരു അടവ് എന്നനിലയിൽ അല്ലാതെ). അംബേദ്കറുടെ ജാതിയോടും മതത്തോടുമുള്ള സമീപനം, ജാതി-മത സാമുദായിക ജീവിത യാഥാർഥ്യത്തിന് അതീതമായ ലിബറൽ സെക്കുലറിസത്തിന്റെ ശുദ്ധ സാങ്കൽപിക പൊതുസമൂഹ രാഷ്ട്രീയത്തിന്റേതായിരുന്നില്ല. വർഗസമരം, മനുഷ്യരുടെ ജാതിമതബദ്ധമായ ജീവിതത്തിൽനിന്ന് പുരോഗമിച്ചു പുറത്തുവന്ന ശുദ്ധ തൊഴിലാളി വർഗം മാത്രം നയിക്കേണ്ട ഒന്നാണെന്ന ധാരണയും അംബേദ്കർക്കുണ്ടായിരുന്നില്ല. ജാതിപരമായ അടിമത്തവും വർഗപരമായ അടിമത്തവും തമ്മിൽ ഒരു ഭേദവും അംബേദ്കർ കണ്ടില്ല.

ജാതി എന്നാൽ അടഞ്ഞ വർഗംതന്നെയാണെന്ന് (Caste is enclosed Class) അംബേദ്കർ നിർവചിച്ചു. അതുകൊണ്ട് നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം അംബേദ്കർ തൊടുത്തുവിട്ട ജാതിവിരുദ്ധ പ്രസ്ഥാനം ജാതിമതാതീതമായ ഒരു ലിബറൽ രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നില്ല എന്നാണ്. ‘ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ’ അടക്കം അംബേദ്കർ രൂപംകൊടുത്ത പാർട്ടികളെല്ലാം അടിമത്തം അനുഭവിക്കുന്ന കീഴാള ജാതികളെ തന്നെ സംഘടിപ്പിക്കുകയും ജാതികൾ എന്നനിലയിൽ സമരസന്നദ്ധരാക്കുകയും ചെയ്യുന്നതിനുള്ള പാർട്ടികൾ ആയിരുന്നു.

ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ​ബി. രാജീവ​ന്റെ അഭിമുഖം

 

അധഃകൃതജാതികളെ തന്നെ ആധുനിക സമുദായം എന്ന നിലയിൽ സംഘടിപ്പിക്കാൻ അംബേദ്കർ നടത്തിയ ഈ ശ്രമങ്ങളാണ് കോൺഗ്രസ് അടക്കം ജാതി-മത നിരപേക്ഷ ലിബറൽ പൗര സമൂഹ പാർട്ടികളും ശുദ്ധ തൊഴിലാളി വർഗ പാർട്ടികളും അദ്ദേഹത്തിന് അയിത്തം കൽപിക്കാനുള്ള കാരണം. അടിച്ചമർത്തപ്പെടുന്നവരുടെ ജാതി-മത-സാമുദായിക ജീവിതത്തെ കൂട്ടിയിണക്കുന്ന വൈകാരിക ഭാവശക്തികളെ (Affects) പുനർ നിർമിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന കീഴാള ബദൽ അധികാരത്തിന്റെ ശക്തികളെക്കുറിച്ച് അംബേദ്കർക്ക് നല്ല ധാരണയുണ്ടായിരുന്നു. അംബേദ്കർ 2500 വർഷം പഴക്കമുള്ള ബുദ്ധമതത്തെ സമകാലികമാക്കി ഉയർത്തിയെടുക്കുകയും ത​ന്റെ അനുയായികളെ അതിനുപിന്നിൽ അണിനിരത്തുകയും ചെയ്തത് ഇതിന് തെളിവാണ്. അംബേദ്കർ ഒരു ജാതി-മത നിരപേക്ഷ ലിബറൽ പുരോഗമനവാദി മാത്രമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്നാൽ മതിയായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്തത് ഉയർന്നുവരുന്ന ഇന്ത്യൻ മുതലാളി വർഗമായിരുന്നുവെങ്കിലും ആ മഹാസമരത്തിന്റെ ചാലകശക്തിയായി വർത്തിച്ചത് വിവിധ ഗോത്ര-ജാതി-മത വിഭാഗങ്ങളായി ജീവിച്ച ഇന്ത്യൻ സാമാന്യ ജനതയുടെ സാമുദായിക ജീവിതത്തി​ന്റെ വിമോചകമായ സംഘശക്തികൾ ആയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഈ ശക്തികൾ വിഭാഗീയത കൈവിട്ട് പരസ്പരം സംക്രമിച്ച് (mutual becoming) ഒരു മഹാശക്തിയായി മാറുകയാണ് ഉണ്ടായത്. അന്നോളം സ്വന്തം അതിരുകൾക്കുള്ളിൽ അടഞ്ഞുകിടന്ന ഈ ശക്തികൾ പുറത്തേക്ക് തുറക്കപ്പെടുകയും ദേശീയതയുടെ പുതിയൊരു കർത്തൃത്വഘടനയിലേക്ക് (Dispositif) അങ്ങനെ പരിണമിക്കുകയുമാണുണ്ടായത്.

എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കുശേഷം, അംബേദ്കർ പറഞ്ഞതുപോലെ, രാഷ്ട്രീയ ജനാധിപത്യത്തിന്റെ ചട്ടക്കൂട് നിലനിർത്തുകയും ജനജീവിതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യവത്കരണത്തെ തടഞ്ഞുനിർത്തുകയുംചെയ്ത ഇന്ത്യൻ ഭരണവർഗങ്ങൾ, സാമുദായിക സംഘ ഭാവനാശക്തികളുടെ കൂടുതൽ ഉയരങ്ങളിലേക്കും തുറസ്സുകളിലേക്കും ഉള്ള വികാസത്തിന്റെയും പരിണാമത്തിന്റെയും സാധ്യതകളെ ബലമായി അടച്ചുകളഞ്ഞു. ആ ശക്തികളെ അങ്ങനെ അടച്ചുകളയുക മാത്രമല്ല അതിലൂടെ അവയെ പരസ്പരം പോരടിക്കുന്ന മണ്ഡലങ്ങളാക്കി വിഭജിക്കുകയുംചെയ്തു.

സ്വാതന്ത്ര്യസമരകാലത്ത് കൊളോണിയൽ തന്ത്രങ്ങളെ മറികടന്ന് ഒരു രാഷ്ട്രീയ ശക്തിയായി പ്രവർത്തിച്ച ഹിന്ദു-മുസ്‍ലിം സാമുദായിക ഐക്യം സ്വാതന്ത്ര്യലബ്ധിയോടെ രണ്ടു സമുദായങ്ങളിലെയും പുത്തൻ അധികാരിവർഗത്തി​ന്റെ താൽപര്യങ്ങൾക്കടിപ്പെട്ട് ദാരുണമാംവിധം തകർന്നു പോകുന്നത് നാം കണ്ടതാണ്. കോളനി വാഴ്ചക്കുശേഷം ഇന്ത്യയിൽ ആധിപത്യത്തിൽ വന്ന മുതലാളിത്ത ഭരണകൂട പരമാധികാരത്തിന്റെ ഭദ്രതക്ക് അതിനെ താങ്ങിനിർത്തുന്ന സ്വകാര്യ വ്യക്തികളുടെ കൂട്ടായ്മയായ ജാതി-മത നിരപേക്ഷമായ ഒരു ലിബറൽ പൗര സമൂഹ സങ്കൽപം അനിവാര്യമായിരുന്നു.

കാരണം, മുതലാളിത്ത ഭരണകൂടം ജനങ്ങൾക്കുമേൽ അതി​ന്റെ അതീത പരമാധികാരം സ്ഥാപിക്കുന്നതുതന്നെ മനുഷ്യജീവിതത്തിന്റെ ശക്തികളെ സ്വകാര്യമെന്നും പൊതുകാര്യമെന്നും പ്രാകൃതമെന്നും പരിഷ്കൃതമെന്നും ബലമായി വേർതിരിച്ചു നിയന്ത്രിക്കുന്ന ‘അച്ചടക്കയന്ത്ര’ങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിലൂടെയാണ്.

ഈ പ്രവർത്തനത്തിന്റെ വിജയം മനുഷ്യരുടെ സാമുദായിക ജീവിതത്തി​ന്റെ സംഘഭാവനാ ഭാവശക്തികളെ സ്വകാര്യതയുടെ പ്രാകൃത നിഷിദ്ധ മേഖലയിലേക്ക് മാറ്റി തളച്ചു നിർത്തുന്നതിന്റെ വിജയമാണ്. അങ്ങനെ രൂപപ്പെടുന്ന നിയമബന്ധവും അതുകൊണ്ടുതന്നെ നിർവികാരവുമായ ലിബറൽ പൗരസമൂഹ പൊതുമണ്ഡലം ജീവിതശക്തികളെ നിയന്ത്രണ വിധേയമാക്കുന്ന മേലാള-കീഴാള അധികാരബന്ധങ്ങളുടെ സന്തുലനം സാധ്യമാക്കുന്ന രാഷ്ട്രീയനാടകത്തിന്റെ വേദിയാണ്. ഈ വേദിയിലെ പ്രധാന നാട്യസംഘങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ. ഈ പാർട്ടികൾ ബഹുഭൂരിപക്ഷം വരുന്ന വിവിധ ഗ്രാമീണ കീഴാള സമൂഹങ്ങളുടെ രാഷ്ട്രീയ ഇച്ഛയുടെ പ്രതിനിധികളായി നടിച്ചുകൊണ്ട് ഭരണകൂട അധികാരം കൈയാളാനുള്ള മത്സരത്തിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്.

ഇങ്ങനെ പറയാൻ കാരണം, സ്വയം ജാതി-മതനിരപേക്ഷ പ്രസ്ഥാനങ്ങളാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും ഇന്ത്യയിൽ ജാതി-മത- ഗോത്ര-സാമുദായിക വികാരങ്ങളെ പ്രീണിപ്പിക്കാനുള്ള അടവുകൾ പ്രയോഗിക്കാതെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവില്ല എന്നതാണ്. ഇന്ത്യയിലെ എല്ലാ മതനിരപേക്ഷ പാർട്ടികളും വിപ്ലവ പാർട്ടികൾ അടക്കം ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർണയിക്കുന്നത് മുതൽ ഈ പ്രീണനനയം പിന്തുടരുന്നവയാണ്. ചുരുക്കത്തിൽ ഇന്ത്യയിൽ ഒരു ജാതി-മതനിരപേക്ഷ പാർട്ടിക്കും ഇന്ത്യൻ ജനതയുടെ സാമുദായിക വികാരങ്ങൾക്കു മുന്നിൽ തലയിൽ മുണ്ടിട്ടുകൊണ്ട് പിൻവാതിലിലൂടെ യാചിക്കാതെ നിലനിൽക്കാനാവില്ല എന്നുതന്നെ പറയാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളം നാം കണ്ടുവരുന്ന ഒരു യാഥാർഥ്യമാണിത്. ഇതിന് ഇന്ത്യൻ ഗ്രാമീണ ജനതയുടെ പ്രാകൃതത്വത്തെ പഴിച്ചുകൊണ്ട് പരിഷ്കാരികളായി മാറിനിൽക്കുകയല്ല വേണ്ടത്. മറിച്ച്, ഇന്ത്യൻ ജനതയെ വിവിധ ജാതി-മത സാമുദായിക വോട്ടുബാങ്കുകളാക്കി തളച്ചുനിർത്തുകയും കൂട്ടമായി അവരെ സ്വന്തം രാഷ്ട്രീയത്തിന്റെ ഇരകളാക്കുകയും ചെയ്യുന്ന ലിബറൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിമിതികളെ തിരിച്ചറിയുകയാണ് വേണ്ടത്.

ഈ തിരിച്ചറിവിലൂടെയാണ് ഇന്ത്യ ഇന്ന് നേരിടുന്ന, ഒരുപക്ഷേ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ രാഷ്ട്രീയ പ്രതിസന്ധിയുടെ യാഥാർഥ്യങ്ങളിലേക്ക് നമുക്ക് കടക്കാൻ കഴിയുക. ഗാന്ധിവധത്തെ തുടർന്ന് രാജ്യത്ത് നിരോധിക്കപ്പെടുകയും 1984ൽപോലും പാർലമെന്റിൽ രണ്ടു സീറ്റിനപ്പുറം കടക്കാൻ കഴിയാതിരുന്നതുമായ ഒരു ഹിന്ദുമത മൗലികവാദ പ്രസ്ഥാനം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നതിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിച്ച അട്ടിമറിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതിന്റെ ഉത്തരവാദിത്തം വിവിധ ജാതികളിൽപ്പെട്ട ഹിന്ദുമത വിശ്വാസികളുടെ തലയിൽ കെട്ടിവെക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. അങ്ങനെയായാൽ മഹാനായ ജർമൻ കവി ബർതോൾഡ്‌ ബ്രെഹ്ത് (Bertolt Brecht) പറഞ്ഞതുപോലെ ജനങ്ങളെതന്നെ പിരിച്ചുവിടേണ്ടി വരും.

 

ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ​ബി. രാജീവ​ന്റെ അഭിമുഖത്തിന് അതിന്​ സൗരത്​ പി.കെ. എഴുതിയ പ്രതികരണവും

അപ്പോൾ, ജനങ്ങൾ ദൈനംദിനം ജീവിക്കുന്ന ജാതി, മത, സാമുദായിക മണ്ഡലത്തിന്റെ യാഥാർഥ്യത്തെ പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ട് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പിൻവാതിലിലൂടെ രഹസ്യമായി അവരെ പ്രീണിപ്പിക്കാൻ വരുന്ന ലിബറൽ-വിപ്ലവ രാഷ്ട്രീയ മാന്യന്മാരോട് ജനങ്ങൾ നിഷേധാത്മകമായി പ്രതികരിക്കുകയായിരുന്നു എന്ന് വ്യക്തം. അതാണ് ബി.ജെ.പിക്കുള്ള വോട്ടായി മാറിയത്. ഇങ്ങനെയൊരു നിഷേധാത്മക പ്രതികരണത്തിലേക്ക് അവരെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ജാതി-മത വോട്ടു ബാങ്കുകൾ എന്ന നിലയിൽ ജനങ്ങളുടെ സാമുദായിക വികാരങ്ങളെ ചൂഷണംചെയ്തുകൊണ്ടിരുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. അതായത്, പിൻവാതിലിലൂടെ വരുന്ന മാന്യന്മാരുമായുള്ള രഹസ്യബന്ധം വേണ്ടെന്നുവെച്ച് ജനങ്ങൾ മുൻവാതിലിലൂടെ വരുന്ന ഭീകരനെ പരസ്യമായി സ്വീകരിക്കുകയാണ് ഉണ്ടായത്.

ആധുനികതയുടെ ജനാധിപത്യ പൊതുമണ്ഡല രാഷ്ട്രീയം, ജീവിതത്തി​ന്റെ സ്വകാര്യതയിലേക്ക് തള്ളിമാറ്റുന്ന ജാതി-മത സാമുദായിക വികാരങ്ങളെ ജാതിയുടെയും മതത്തിന്റെയും ഒക്കെ കൊടികൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ മുൻ വാതിലിലൂടെ പ്രീണിപ്പിക്കുകയും ജനങ്ങളെ കീഴ്പ്പെടുത്തുകയുമാണ് ബി.ജെ.പി ചെയ്തത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഈ സമീപനത്തിലൂടെ അവർ വിജയിച്ചു മുന്നേറുകയായിരുന്നു. ഇത് വ്യക്തമാക്കുന്നത് സ്വാതന്ത്ര്യസമരകാലത്ത് ഒരു വിമോചക ശക്തിയായി ഉയരുകയും ഐക്യത്തിലൂടെ വികസിക്കുകയും ചെയ്ത ഇന്ത്യൻ ജനതയുടെ ജീവിതാധികാരത്തിന്റെ ശക്തികൾ ലിബറൽ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ തടവറയിൽനിന്ന് പുറത്തേക്കുള്ള പുതുവഴികൾ തേടുന്നു എന്നും ആ രാഷ്ട്രീയ തൃഷ്ണയെ ബി.ജെ.പിയെ പോലെ ഒരു മതതീവ്രവാദ പ്രസ്ഥാനം വിജയകരമായി ഉപയോഗപ്പെടുത്തുന്നു എന്നുമാണ്.

ഇതോടൊപ്പം, സ്വാതന്ത്ര്യലബ്ധിക്കു ശേഷം, അരനൂറ്റാണ്ട് കഴിഞ്ഞിട്ടും കൊളോണിയൽകാലത്ത് എന്നപോലെ തന്നെ കൊടിയ ദുരിതജീവിതത്തിൽ തുടരേണ്ടിവന്നതിന്റെ നൈരാശ്യവും നിസ്സഹായതയും ഗ്രാമീണ ജനവിഭാഗങ്ങളെ ബി.ജെ.പിയുടെ മുൻവാതിലിലൂടെയുള്ള പ്രലോഭനത്തിലേക്കു വീഴാൻ വഴിയൊരുക്കുകയുംചെയ്തു.

ഈ അപകടം തിരിച്ചറിഞ്ഞിരുന്ന ഒരു നേതാവ് ഇന്ത്യൻ ജനജീവിതത്തെ ആഴത്തിൽ അറിയുകയും മത തീവ്രവാദികളാൽ വധിക്കപ്പെടുകയുംചെയ്ത ഗാന്ധിയാണ്. അതുകൊണ്ടാണ് ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യൻ ജനജീവിതത്തിനുമേൽ ബ്രിട്ടീഷുകാർ കൊണ്ടുവന്നുവെച്ച ഭരണകൂട യന്ത്രത്തിൽനിന്നുകൂടി ഇന്ത്യ മുക്തമാവേണ്ടതുണ്ടെന്ന് ഗാന്ധി ചിന്തിച്ചത്. ഭരണ കൈമാറ്റത്തെ കുറിച്ചുള്ള സംഭാഷണമധ്യത്തിൽ ഗാന്ധി മൗണ്ട്ബാറ്റണെ ഇക്കാര്യം ഓർമിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയെ കുറിച്ചുള്ള ഗാന്ധിയുടെ സങ്കൽപം പാർലമെന്ററി സ്വരാജിന്റേതായിരുന്നില്ല.

ഗാന്ധി ഭാവനചെയ്ത പൂർണസ്വരാജ് ഭരണകൂടവും ആധുനിക പൗരസമൂഹവും തമ്മിലുള്ള ഉടമ്പടിയിൽ അധിഷ്ഠിതമായ, ജീവിതത്തിന്റെ സ്വകാര്യതകളെ മുഴുവൻ തമസ്കരിക്കുന്ന ഒരു പൊതുമണ്ഡല രാഷ്ട്രീയത്തിന്റേതായിരുന്നില്ല എന്നർഥം. മറിച്ച്, ജനജീവിത യാഥാർഥ്യത്തെ സ്വകാര്യതയുടെയും പ്രാകൃതത്വത്തിന്റെയും അധോലോകമെന്നും പൊതുകാര്യത്തിന്റെയും പരിഷ്കൃതിയുടെയും പുറംലോകമെന്നും വേർതിരിക്കാത്ത, ജീവിതത്തെ അതി​ന്റെ സമഗ്രതയോടെ അടിത്തട്ടിൽനിന്നും ഉയർത്തിയെടുക്കുകയും നൂതന സാധ്യതകളിലേക്ക് വികസിപ്പിക്കുകയും ശക്തമാക്കുകയുംചെയ്യുന്നതിന്റെ ഒരു രാഷ്ട്രീയ ദർശനമായിരുന്നു ഗാന്ധിയുടേത്.

അതുപോലെ, കേരളത്തിലേക്ക് വന്നാൽ ശ്രീനാരായണഗുരു വിഭാവനംചെയ്ത രാഷ്ട്രീയവും ജീവിതത്തെ അധോലോകവും ഉപരിലോകവുമായി വേർതിരിക്കുന്ന ലിബറൽ മാന്യ പൗരസമൂഹത്തിന്റേതായിരുന്നില്ല. ‘‘ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’’ എന്ന ഗുരുവി​ന്റെ ദർശനം ജാതി-മതനിരപേക്ഷമായ ലിബറൽ സെക്കുലറിസത്തിന്റേതായിരുന്നില്ല എന്നർഥം.

അതുകൊണ്ടാണ് ജാതിപരമായ ഉച്ചനീചത്വങ്ങളെയും ജാതി-മത വിഭാഗീയതയെയും തള്ളിക്കളയാൻ ശ്രമിച്ച ഗുരു, ഈഴവരെ അവർ ഒരു ജാതിയല്ല മറിച്ച് ഒരു സമുദായമാണെന്നും അത് മനുഷ്യ സമുദായത്തിൽനിന്നും ഭിന്നമല്ലെന്നും പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചത്. ഇവിടെ ഗുരു, മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ സാമുദായിക ജീവിതശക്തികളെ തള്ളിക്കളയേണ്ട നിഷിദ്ധ ധാതുക്കളായി കാണുന്നതിന് പകരം അധീശാധികാരത്തിന്റെ ശ്രേണികളിൽനിന്നും മുക്തമാക്കി ശുദ്ധീകരിക്കുകയും നൂതന സാധ്യതകളിലേക്ക് വികസിപ്പിക്കുകയുംചെയ്യേണ്ട ജീവിത സ്വാധികാര ബന്ധരൂപങ്ങളായാണ് കണ്ടത്.

എന്നാൽ, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്ഥ വിളിച്ചുപറയുന്നത്, ഇതിന് നേർവിപരീതമായി ജാതി-മത- ഗോത്ര സാമുദായിക സാമൂഹിക ജീവിത യാഥാർഥ്യങ്ങളെ പ്രാകൃതത്വത്തിന്റെ പേരിൽ പരസ്യമായി തള്ളിക്കളയുകയും അതേ ശക്തികളെ തന്നെ രഹസ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രം നിലനിൽക്കാൻ കഴിയുന്ന ലിബറൽ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പാപ്പരത്തമാണ്. ബി.ജെ.പി എന്ന പ്രതിലോമ രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ ജനതക്കു മേൽ നേടിയ രാഷ്ട്രീയ വിജയമാണ് ഈ പാപ്പരത്തത്തിന് ഒന്നാമത്തെ തെളിവ്.

അതിനാൽ, സമുദായങ്ങളെ വോട്ട് ബാങ്കുകളാക്കി തളച്ചുനിർത്തി അവയെ ജീർണിപ്പിക്കുകയും തമ്മിൽ തല്ലിക്കുകയും പിൻവാതിലിലൂടെ കൊള്ളയടിക്കുകയുംചെയ്യുന്ന ലിബറൽ സെക്കുലർ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് ജനങ്ങളുടെ സാമുദായിക സാമൂഹിക ജീവിതത്തെ മുൻവാതിലിലൂടെ ധീരമായി അഭിസംബോധന ചെയ്യുന്ന വിപ്ലവകരമായ ഒരു ജനാധിപത്യ രാഷ്ട്രീയധാര ഇന്ത്യയിൽ ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

ബി.ജെ.പിയുടെ ഭീകരാലിംഗനത്തിൽനിന്നും ഇന്ത്യൻ കീഴാള ജനജീവിതത്തെ വിമോചിപ്പിക്കാൻ അതിനു മാത്രമേ കഴിയൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജാതി സെൻസസിനു വേണ്ടി ഉയർത്തിയ മുദ്രാവാക്യം മുൻവാതിലിലൂടെതന്നെ പരസ്യമായി ജനജീവിത യാഥാർഥ്യത്തെ സ്പർശിക്കാനുള്ള ശ്രമമായിരുന്നു. പരിശുദ്ധ ലിബറൽ സെക്കുലറിസ്റ്റുകളെ പിൻവാതിലിന്റെ മറവിൽ നിർത്തിക്കൊണ്ട് മുൻവാതിലിൽ നിലയുറപ്പിച്ച മത ഭീകരവാദികൾക്ക് അത് ഒരു വെല്ലുവിളിയായിത്തീർന്നു എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് നൽകുന്ന പ്രധാന പാഠം.

ഇങ്ങനെ പറഞ്ഞുവെക്കുമ്പോൾ പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ലിബറൽ സെക്കുലറിസത്തിൽ വിശ്വാസമർപ്പിച്ച പുരോഗമനവാദികളിൽനിന്നും അർബൻ യുക്തിവാദികളിൽനിന്നും ഒരു നൂറു ചോദ്യങ്ങളും സംശയങ്ങളും ഉയർന്നുവരുമെന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ, കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള ചർച്ചയിൽ, തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രകാശനമായിരുന്നു എന്ന എന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് അത് ഇന്ത്യൻ ജനത അപകടകരമായ ജാതി രാഷ്ട്രീയത്തിൽ അകപ്പെട്ടു കിടക്കുന്നതിന്റെ പ്രകാശനമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന സൗരത് പി.കെയുടെ നിരാശാഭരിതമായ ജേണലിസ്റ്റിക് നിരീക്ഷണത്തെ പ്രത്യാശയിലേക്ക് വഴി തിരിക്കാൻ ശ്രമിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.