ഒരു മനുഷ്യകഥാനുഗായി വരച്ച ചരിത്രഗാഥ

സെ​പ്​​റ്റം​ബ​ർ ഒന്നിന്​ ​വി​ട​വാ​ങ്ങി​യ നാ​ട​ക​കൃ​ത്തും നോ​വ​ലി​സ്​​റ്റും സാ​മൂ​ഹിക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജെ. ബേ​ബി​യെ അ​നു​സ്​​മ​രി​ക്കു​ക​യാ​ണ്​ സു​ഹൃ​ത്തുകൂ​ടി​യാ​യ ലേ​ഖ​ക​ൻ. കെ.​ജെ. ബേ​ബി എ​പ്പോ​ഴും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത​ ദു​രി​ത​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​തെന്നും എഴുതുന്നു.2017ലെ മകരമാസത്തിലെ പൗർണമി തലേന്നാണ് തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വെച്ച് കെ.ജെ. ബേബിയെ കാണുന്നത്. വെയിൽ മങ്ങിത്തുടങ്ങിയപ്പോൾ അരുണഗിരിക്ക് ഞങ്ങൾ വലംവെച്ചു തുടങ്ങി. പൗർണമി ആഘോഷിക്കാനുള്ള തീർഥാടകർ വന്നുതുടങ്ങിയിരുന്നു. സന്യാസിമാർക്കും...

സെ​പ്​​റ്റം​ബ​ർ ഒന്നിന്​ ​വി​ട​വാ​ങ്ങി​യ നാ​ട​ക​കൃ​ത്തും നോ​വ​ലി​സ്​​റ്റും സാ​മൂ​ഹിക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജെ. ബേ​ബി​യെ അ​നു​സ്​​മ​രി​ക്കു​ക​യാ​ണ്​ സു​ഹൃ​ത്തുകൂ​ടി​യാ​യ ലേ​ഖ​ക​ൻ. കെ.​ജെ. ബേ​ബി എ​പ്പോ​ഴും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന്റെ ജീ​വി​ത​ ദു​രി​ത​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​തെന്നും എഴുതുന്നു.

2017ലെ മകരമാസത്തിലെ പൗർണമി തലേന്നാണ് തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ വെച്ച് കെ.ജെ. ബേബിയെ കാണുന്നത്. വെയിൽ മങ്ങിത്തുടങ്ങിയപ്പോൾ അരുണഗിരിക്ക് ഞങ്ങൾ വലംവെച്ചു തുടങ്ങി. പൗർണമി ആഘോഷിക്കാനുള്ള തീർഥാടകർ വന്നുതുടങ്ങിയിരുന്നു. സന്യാസിമാർക്കും ഭിക്ഷാടകർക്കും തീർഥാടകർക്കുമിടയിലൂടെ, കടല കൊറിച്ചുകൊണ്ട് ഞങ്ങൾ നടന്നു. ആത്മസംക്രമണത്തിന്റെ സന്ദർഭത്തിലായിരുന്നു, കെ.ജെ. ബേബി. വയനാടിന്റെ ജീവിതഭൂമിയിൽനിന്നും വിശ്രാന്തിയുടെ തീരംതേടി തിരുവണ്ണാമലയിൽ എത്തിയതാണ്. സ്വാസ്ഥ്യത്തിന്റെ രാപ്പകലുകൾ അന്വേഷിച്ചു വന്നതാണ്. അപ്പോഴേക്കും സമരഭരിതമായ ജീവിതത്തിന്റെ യവനിക വീഴാൻ തുടങ്ങിയിരുന്നു. ആ സായാഹ്നത്തിൽ തുടങ്ങിയ സംഭാഷണം, അടുത്ത പകലിലേക്കു വരെ നീണ്ടു.

ഒരു പരാജിതന്റെ ആത്മസംഘർഷങ്ങളല്ല, അന്വേഷണത്തിന്റെ നിശ്ശബ്ദ സന്ദേഹങ്ങളാണ് കെ.ജെ. ബേബി അന്ന് പങ്കുവെച്ചത്. ദീർഘയാത്രകളുടെ അർഥവും, അതിജീവനത്തിന്റെ ആന്തരികവ്യഥകളും, സ്വപ്നങ്ങളുടെ കാത്തിരിക്കുന്ന സാക്ഷാത്കാരങ്ങളുമാണ് വർത്തമാനത്തിൽ ഉണ്ടായിരുന്നത്. ഈ നിശ്ശബ്ദതയുടെ ഇടവേളക്കുശേഷം കർമഭരിതമായ ജീവിതയാത്ര പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. കെ.ജെ. ബേബിയുമായുള്ള അന്നത്തെ സന്ദർശനം തീക്ഷ്ണമായ അനുഭവയാഥാർഥ്യങ്ങളെ തുറന്നുതന്നു.

കെ.ജെ. ബേബിയെ കേട്ടുതുടങ്ങുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. ജനകീയ സാംസ്കാരിക വേദി സജീവമായ കാലം. ബേബിയുടെ ‘നാടുഗദ്ദിക’ നേരിട്ട് കാണാനായി​െല്ലങ്കിലും അത് കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച ആഘാതങ്ങൾ മനസ്സിലാക്കിയിരുന്നു. ആ നാടകത്തിന് വിഭിന്ന തലങ്ങളിലുള്ള പ്രതികരണങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞു. സവിശേഷമായ ഒരു രാഷ്ട്രീയ നാടകത്തിന്റെ സാക്ഷാത്കാരമായിരുന്നു അതിലൂടെ കെ.ജെ. ബേബി നിർവഹിച്ചത്. അതിഭാവുകത്വം കുത്തിനിറച്ച, മുദ്രാവാക്യങ്ങൾ ആവർത്തിക്കുന്ന ജനപ്രിയ രാഷ്ട്രീയ നാടകത്തിന്റെ രൂപഘടനയെ തിരസ്കരിച്ചുകൊണ്ടാണ് ‘നാടുഗദ്ദിക’ സൃഷ്ടിച്ചത്.

അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിരോധവും പ്രതിഷേധവും അതിന്റെ തീക്ഷ്ണതയോടെ ആവിഷ്കരിച്ചു. ആവർത്തനവിരസമായ രൂപഘടനകൊണ്ട് നിശ്ചലമായിപ്പോയ മലയാള നാടകവേദിയിലെ തന്നെ നവോത്ഥാനത്തിന്റെ പ്രകാശനമായിരുന്നു, ആ നാടകം. അതുകൊണ്ട് കേരളീയ രാഷ്ട്രീയ നാടകവേദിയെ കുറിച്ചുള്ള ചർച്ചകളിൽ ‘നാടുഗദ്ദിക’ ഇന്നും പ്രസക്തമായി തുടരുന്നു. സർഗാത്മക സ്വാതന്ത്ര്യത്തെ കുറിച്ച് നിരന്തരം ഓർമിപ്പിക്കുന്ന ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാറിന്റെ ആവിഷ്‍കാര നിരോധനത്തിനും ‘നാടുഗദ്ദിക’ ഇരയായി. വ്യവസ്ഥാപിത ഇടതു രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയ ദൗർബല്യങ്ങൾ തിരിച്ചറിയാൻ ഈ നാടകത്തിലൂടെ കേരളീയസമൂഹത്തിന് കഴിഞ്ഞു. ജനകീയ സാംസ്കാരിക വേദിയുടെ രാഷ്ട്രീയ സാധ്യതകളെ ഒരു പരിധിവരെ നിലനിർത്തിയതുപോലും ‘നാടുഗദ്ദിക’യാണ്.

കെ.ജെ. ബേബി എപ്പോഴും പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതദുരിതത്തോടൊപ്പം സഞ്ചരിക്കാനാണ് ആഗ്രഹിച്ചത്. വാക്കിലും പ്രവൃത്തിയിലും ആ പ്രതിബദ്ധത സൂക്ഷിച്ചു. ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കാനുള്ള തീരുമാനം ആ സമീപനത്തിൽനിന്ന് ഉണ്ടായതാണ്. ആദിവാസി മേഖലയിൽനിന്ന് വരുന്ന കുട്ടികളെ സ്വയംപര്യാപ്തരും ലോകാവബോധമുള്ളവരുമാക്കി മാറ്റാനുള്ള യത്നമാണ് ഇതിലൂടെ നിർവഹിച്ചത്. ബദൽ വിദ്യാഭ്യാസത്തിന്റെ സാധ്യത കെ.ജെ. ബേബി പ്രയോഗത്തിലൂടെയും പ്രചാരത്തിലൂടെയും തെളിയിച്ചുകൊണ്ടിരുന്നു.

 

പക്ഷേ, കരിയറിസ്റ്റുകളുടെ സമൂഹമായി മാറിയ കേരളം കെ.ജെ. ബേബിയുടെ പരീക്ഷണങ്ങളോട് വേണ്ടത്ര ആഭിമുഖ്യം പുലർത്തിയില്ല. അതുകൊണ്ട് കെ.ജെ. ബേബിയുടേത് പരാജയപ്പെട്ട പരീക്ഷണമായി വിലയിരുത്തപ്പെട്ടു. കനവിന്റെ സന്ദിഗ്ധത കെ.ജെ. ബേബിയെ വ്യക്തിപരമായിതന്നെ ബാധിച്ചു.

കെ.ജെ. ബേബി എന്ന നോവലിസ്റ്റിനെ മലയാള വായനക്കാർ ആദരവോടെയാണ് സ്വീകരിച്ചത്. ‘മാവേലിമന്റം’ എന്ന രചന നോവൽ കലയിലെ തന്നെ അസാധാരണ അനുഭവമായിരുന്നു. പ്രമേയവും ഉള്ളടക്കവും ആവിഷ്‍കാരവും ഭാഷയുമെല്ലാം വേറിട്ടതായിരുന്നു. വ്യത്യസ്ത സാമൂഹികാനുഭവങ്ങളുടെ അടരുകൾ ചേർത്താണ് നോവൽ നിർമിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ അന്വേഷണവും കണ്ടെത്തലുമാണ് കെ.ജെ. ബേബി നടത്തിയത്. ‘ഗുഡ് ബൈ മലബാർ’ എന്ന നോവലും ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതാണ്. വില്യം ലോഗന്റെ ജീവിതത്തെ ആധാരമാക്കിയ രചനയാണെങ്കിലും അത് ബ്രിട്ടീഷ് മലബാറിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിന്റെ അവതരണംകൂടിയായി മാറി. സൂക്ഷ്മമായ ഗവേഷണവും കൃത്യമായ നിരീക്ഷണവുംകൊണ്ട് നോവലിന്റെ ആഴം വിസ്മയകരമായിത്തീർന്നു. കെ.ജെ. ബേബിയുടെ നോവലുകൾ രാഷ്ട്രീയാഭിമുഖ്യത്തിന്റെ തുടർച്ചകളായിരുന്നു.

കെ.ജെ. ബേബി എപ്പോഴും പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രകളിലായിരുന്നു. വിദ്യാഭ്യാസത്തിന്റെ പരിമിതികളെ അതിജീവിക്കാൻ നിരന്തരം ശ്രമിച്ചു. കേരളത്തിന് പുറത്തു പോയി നാടകക്കളരികളിലും ചലച്ചിത്ര ശിൽപശാലകളിലും പങ്കെടുത്തു, ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ മനസ്സിലാക്കി. ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെട്ടു. അതെല്ലാം ‘കനവി’ലെ കുട്ടികൾക്ക് പകർന്നുനൽകി. ചലച്ചിത്രനിർമാണത്തിലേക്ക് എത്തിയത് അങ്ങനെയാണ്.

തന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന് ഒന്നും അന്യമല്ല എന്ന് കെ.ജെ. ബേബി വിശ്വസിച്ചിരുന്നു. നിരന്തര പ്രവർത്തനങ്ങളാണ് വിവിധ പ്രതിസന്ധികളെ അതിജീവിക്കാൻ പ്രേരണ നൽകിയത്. ഏതാനും വർഷങ്ങൾക്കു മുമ്പാണ് ‘കുഞ്ഞു മായിൻ എന്തായിരിക്കും പറഞ്ഞത്’ എന്ന ഏകാഹാര്യ അവതരണം നടത്തിയത്. അതും ചരിത്രത്തിലേക്കുള്ള സഞ്ചാരമായിരുന്നു. ചരിത്രം എന്നും ആ സർഗജീവിതത്തിന്റെ ഇന്ധനമായിരുന്നു. ആ ജീവിതം ചരിത്രത്തിൽ ഇടംതേടിയതും, ചരിത്രത്തിന്റെ വെളിച്ചത്തിലൂടെയാണ്.

കെ.ജെ. ബേബി സ്വയം ജീവിതത്തിന് തിരശ്ശീലയിട്ടു. ആ വാർത്ത കേട്ടപ്പോൾ ഒരു സുഹൃത്ത് എന്നെ ഓർമിപ്പിച്ചത്, മഹാ വിപ്ലവകാരിയായിരുന്ന കനു സന്യാലിന്റെ ജീവിതാന്ത്യ സന്ദർഭത്തെയാണ്. മനുഷ്യനുവേണ്ടി പൊരുതി ജീവിച്ചവരാണ് രണ്ടുപേരും. മനുഷ്യൻ എന്ന സുന്ദരപദമായിരുന്നു അവരുടെ പ്രചോദനം. കെ.ജെ. ബേബിയുടെ ജീവിതം അസ്തമിച്ചപോൾ ഒരു സവിശേഷ ചരിത്രത്തിനാണ് യവനിക വീണത്. സൗഹൃദത്തിന്റെ ഊഷ്മള നിമിഷങ്ങൾ മനസ്സിൽ മായാതെ കിടക്കും.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.