അതിനിടെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെക്കുറിച്ച് പത്രപ്രവർത്തകൻ രവി കുറ്റിക്കാട് എഴുതിയ പുസ്തകത്തിന് ഒരു അവതാരിക എഴുതണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ അത് എഴുതുകയുംചെയ്തു. പിന്നീട് 2015ൽ അതേ പുസ്തകത്തെക്കുറിച്ചുള്ള ഒരു നിരൂപണം പ്രസാധകരായ ‘സമത’യും അതിന് നേതൃത്വം നൽകിയ ഉഷാകുമാരി ടീച്ചറും ആവശ്യെപ്പട്ടതനുസരിച്ച് എഴുതി. ‘ജഡ്ജിങ് എ ജീനിയസ്’ എന്ന തലക്കെട്ടിൽ അത് ‘ഫ്രണ്ട് ലൈനി’ൽ പ്രസിദ്ധീകരിച്ചുവന്നു. ഈ അനുഭവങ്ങളും ജസ്റ്റിസ് കൃഷ്ണയ്യരുമായുള്ള ബന്ധവും നൽകിയ ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നീതിന്യായ രംഗത്ത് ഒരു ‘കൃഷ്ണയ്യർ സ്കൂൾ’ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചില ചിന്തകൾ എന്റെ ‘റീതിങ്കിങ് ജുഡീഷ്യൽ റിഫോംസ്’ എന്ന പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ നീതിന്യായ സക്രിയത (Judicial activism)യെക്കുറിച്ച് കോഴിക്കോട്ടു നടന്ന ഒരു സെമിനാറിലാണ് കൃഷ്ണയ്യർ എന്ന മഹാവ്യക്തിത്വത്തോടൊപ്പം വേദിയിൽ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. അന്ന് വയലാർ രവിയും സുപ്രീംകോടതിയിൽ ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ.ടി. തോമസും മറ്റും ആ സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. അന്ന് പയ്യന്നൂരിൽ പ്രാക്ടിസ് ചെയ്ത യുവാവായിരുന്ന എനിക്ക് കോഴിക്കോടിന്റെ ഹൃദയവിശാലത കാരണമാകാം വലിയ വ്യക്തിത്വങ്ങൾക്കൊപ്പം വേദിയിൽ സ്ഥാനംകിട്ടിയത്. എം.പി. ഗോവിന്ദൻ നമ്പ്യാരുടെ ജൂനിയറായിരുന്നുവെന്നു വേദിയിൽവെച്ച് പറഞ്ഞപ്പോൾ കൃഷ്ണയ്യരെ അത് പ്രകടമായും സന്തോഷിപ്പിച്ചു.
സാംസ്കാരിക വേദികളിൽ അധികാരത്തിനപ്പുറം ചിന്തകളോടും ആശയങ്ങളോടും ആഭിമുഖ്യം കാണിക്കുന്ന ഒരു രീതി അന്ന് കൂടുതൽ പ്രബലമായിരുന്നു. അനുകരണീയമായ ഒരു സാംസ്കാരിക പത്രപ്രവർത്തനത്തിന്റെയും ആസ്ഥാനമായിരുന്നു, കോഴിക്കോട്.
മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും ഒപ്പമോ വേണ്ടിവന്നാൽ അവർക്കു മുകളിലോ ഒരു എഴുത്തുകാരന്റെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഈ രീതി മനുഷ്യജീവിതത്തിൽ അധികാരത്തിനപ്പുറവും വിലപിടിച്ച പലതുമുണ്ടെന്ന തിരിച്ചറിവിൽനിന്നും പിറവിയെടുത്തതാകണം. ഇന്ന് ഈ സമീപനം കേരളത്തിൽ എത്രകണ്ട് ബാക്കിനിൽക്കുന്നുവെന്നതും ഒരു സാംസ്കാരിക വിഷയം തന്നെയാകാം! എന്തായാലും അന്ന് കോഴിക്കോട്ടെ സെമിനാറിന് ‘മാതൃഭൂമി’യും മറ്റും വലിയ പ്രാധാന്യമാണ് നൽകിയത്. ഇത്തരം വിഷയങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ തുടർച്ചയായി ലേഖനങ്ങളെഴുതിയ കാലവുമായിരുന്നു അത്.
അതിനുമുമ്പ് തുടങ്ങിയിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുമായുള്ള ബന്ധം. ബ്രിട്ടീഷ് ചെവനിയൻ സ്കോളർഷിപ്പിനായി എനിക്ക് റഫറൻസ് ലെറ്റർ നൽകിയത് അദ്ദേഹമായിരുന്നു. അതിനായി കൊച്ചിയിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ അന്നേരം അവിടെയില്ലാതിരുന്ന ടൈപ്പിസ്റ്റിനെ വിളിച്ചുവരുത്തിയാണ് അദ്ദേഹം കത്തു തയാറാക്കി ഒപ്പിട്ടുതന്നത്. മറ്റെന്തോ കാരണത്താൽ എനിക്ക് സ്കോളർഷിപ് ലഭിച്ചില്ല. അതുപക്ഷേ, പ്രാക്ടിസിന് ഗുണകരമാവുകയും ചെയ്തു.
‘ദ സ്പിരിറ്റ് ഓഫ് ലോ’ക്ക് കൃഷ്ണയ്യർ എഴുതിയ അവതാരിക
‘ദ സ്പിരിറ്റ് ഓഫ് ലോ’ എന്ന എന്റെ ചെറു പുസ്തകത്തിന് ജസ്റ്റിസ് കൃഷ്ണയ്യർ അവതാരിക എഴുതിത്തന്നു. എന്റെ ഭാഷയെപ്പറ്റി അദ്ദേഹം നല്ല വാക്കുകൾ പറഞ്ഞു. ന്യായാധിപ വിമർശനത്തിനുള്ള സന്നദ്ധതയെയും പശ്ചാത്തല പഠനങ്ങളുടെ പ്രാധാന്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. 2003ൽ എഴുതിയ ഈ െചറിയ അവതാരിക നൽകിയ ഊർജം വലുതായിരുന്നു. ആ പുസ്തകത്തിന്റെ പേര് ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം നേരിട്ട് ആശംസിച്ചതായി അനുഭവപ്പെട്ടു.
ഇനിയങ്ങോട്ടുള്ള വർഷങ്ങളിൽ എന്തായിരിക്കും ജസ്റ്റിസ് കൃഷ്ണയ്യരുടെയും അദ്ദേഹത്തിന്റെ ചിന്തകളുടെയും പ്രസക്തി? സോഷ്യലിസം എന്ന വാക്ക് നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ തുടക്കത്തിൽ ഇല്ലായിരുന്നു. മതേതരത്വവും സോഷ്യലിസവും പ്രകടമായ പദങ്ങളിലൂടെ ആമുഖത്തിൽ ഉൾച്ചേർക്കപ്പെട്ടത് ഇന്ദിര ഗാന്ധിയുടെ കാലത്തു കൊണ്ടുവന്ന 42ാം ഭരണഘടനാ ഭേദഗതി വഴിയാണ്. അടിയന്തരാവസ്ഥ കാരണമുണ്ടായ പ്രതിച്ഛായാ നഷ്ടം നികത്താനായിരുന്നു ഇതു ചെയ്തത് എന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. എന്നാൽ, ഈ ഭേദഗതിക്ക് മുമ്പും ഭരണഘടനയുെട അന്തഃസത്തയായി സോഷ്യലിസ്റ്റ്-മതേതര ആശയങ്ങൾ നിലനിന്നു.
സോഷ്യലിസ്റ്റ് നിയമ ചിന്തയെ ഒരു കാലഘട്ടത്തിന്റെ ശബ്ദമാക്കി മാറ്റാൻ കഴിഞ്ഞുവെന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നേട്ടം. പിൽക്കാലത്ത് ആഗോളീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും സ്വതന്ത്ര കമ്പോളവത്കരണത്തിന്റെയും കുത്തൊഴുക്കിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ കാലഹരണപ്പെട്ടുപോയെന്ന് കരുതിയവർക്ക് തെറ്റി. ധനിക-ദരിദ്രർക്കിടയിലെ വർധിച്ചുവരുന്ന വിടവ് സോഷ്യലിസ്റ്റ് സ്വപ്നങ്ങൾക്കുള്ള സാധ്യതകൾ കുറക്കുകയല്ല, കൂട്ടുകയാണ് ചെയ്യുക. 2024ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനപത്രികപോലും ദരിദ്രജന വിഭാഗങ്ങളോട് കാണിച്ച ആഭിമുഖ്യം ശ്രദ്ധിക്കുക.
എന്നാൽ, നീതിന്യായരംഗത്ത് പൊതുവെയും കോടതികളിൽ വിശേഷിച്ചും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പുനഃപ്രതിഷ്ഠ അത്രമേൽ എളുപ്പമല്ല. അതേസമയം, മറ്റേതു മേഖലയിലുമെന്നതുപേലെ അത്തരമൊരു പരിവർത്തനം അനിവാര്യമായ മേഖലയാണിത്.
‘ദ ഇക്കോ ചേംബർ’ എന്ന റോയിട്ടർ റിപ്പോർട്ട് (2014) അമേരിക്കൻ സുപ്രീംകോടതിയിൽ കോർപറേറ്റ് കക്ഷികൾക്കും അവരുടെ അഭിഭാഷകർക്കും ലഭിക്കുന്ന മേൽക്കോയ്മയെക്കുറിച്ച് വിവരിക്കുന്നതാണ്. കോടതിയിൽ എത്തുന്ന അപ്പീലുകൾ പരിഗണിക്കപ്പെടാനുള്ള സാധ്യതപോലും ‘വൻകിട’ കക്ഷികൾക്കും ‘വൻകിട’ അഭിഭാഷകർക്കും മാത്രമാണ്. ഈ നിലയിലുള്ള പോക്ക് ഇന്ത്യയിൽ സംഭവിക്കാതിരിക്കണമെങ്കിൽ വലിയ ജാഗ്രത വേണം. സാധാരണക്കാർക്കും പാവപ്പെട്ടവർക്കുംകൂടി അവകാശപ്പെട്ടതാണ് രാഷ്ട്രത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങൾ. കോടതികളും അങ്ങനെതന്നെയായിരിക്കണം.
എന്നാൽ, നീതിന്യായ രംഗത്ത് പൊതുവെയും അഭിഭാഷകവൃത്തിയിൽ പ്രത്യേകിച്ചും ഒരുതരം വരേണ്യവത്കരണത്തിനായുള്ള ശ്രമങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വൻ ഫീസ് നൽകി വലിയ വക്കീലന്മാരെ വെച്ചു വലിയതരത്തിൽ കേസുകൾ നടത്തുന്നതിനെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ വലിയ വിമർശനം ഉന്നയിച്ചതോർമിക്കുന്നു. ‘‘ഫാൻസി ഫീസ്’’ നൽകിക്കൊണ്ട് ‘‘ഫാൻസി ലോയേഴ്സി’’നെ ‘‘ഇറക്കുമതി’’ ചെയ്ത് കേസ് നടത്താൻ കേരളസർക്കാർ അടക്കം കാണിച്ചുപോന്ന താൽപര്യത്തെ ജസ്റ്റിസ് അയ്യർ പരിഹസിച്ചിട്ടുണ്ട്. അഭിഭാഷകർക്ക് താരമൂല്യം നൽകുന്ന പ്രവണത ഈ തൊഴിലിന്റെ വരേണ്യവത്കരണത്തിന് ആക്കംകൂട്ടി.
ഇത്തരം ആശയങ്ങൾ വിശദീകരിക്കുന്ന എന്റെ ലേഖനം ‘മാന്യമായ അഭിഭാഷകവൃത്തി ജനങ്ങളുെട അവകാശം’ (Fair Advocacy as a Right) എന്ന പേരിൽ ദ ഹിന്ദു 2014 മാർച്ച് 27ന് പ്രസിദ്ധീകരിച്ചു. തൊഴിൽ മേഖലക്കകത്തുനിന്നും പുറത്തുനിന്നും അതിന് വലിയ പിന്തുണയാണ് ലഭിച്ചത്. വൻതുക ഫീസ് വാങ്ങുന്നവരാണ് വലിയ അഭിഭാഷകർ എന്ന അന്ധവിശ്വാസം നമ്മുടെ കോടതികളെയും സമൂഹത്തെയും എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നുവെന്നതായിരുന്നു, ആ ലേഖനത്തിന്റെ പ്രമേയം.
ആ ലേഖനം വായിച്ച് പ്രസിദ്ധ മാധ്യമപ്രവർത്തകൻ ശശികുമാർ എനിക്കൊരു കത്തയച്ചു. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ഇ-മെയിൽ ഹസ്തദാനം’. ആ ബന്ധം ഇപ്പോഴും തുടരുന്നു. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം വെച്ചുപുലർത്തുന്ന നിതാന്ത ജാഗ്രതയും താൽപര്യവും പ്രശംസനീയമാണ്. വിദ്വേഷപ്രസംഗം, രാജ്യദ്രോഹക്കുറ്റം തുടങ്ങിയവയുടെ ഭരണഘടനാപരതയുമായി ബന്ധപ്പെട്ട കേസുകളിൽ അദ്ദേഹത്തിനുവേണ്ടി പിന്നീട് ഞാൻ സുപ്രീംകോടതിയിൽ വാദിച്ചു. അക്കാര്യം പിന്നീട് വിശദീകരിക്കാം.
പറഞ്ഞുവരുന്നത്, നീതിന്യായ മേഖലയുടെ ജനകീയാടിത്തറ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. ഇന്ത്യൻ നീതിന്യായരംഗം ഇപ്പോഴും ഫ്യൂഡലിസത്തിന്റെ കരാള ഹസ്തങ്ങളിൽനിന്നും മോചിപ്പിക്കെപ്പട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി. പല ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിലും സുപ്രീംകോടതിയിൽ തന്നെയും ഈ അഭിപ്രായം ശരിവെക്കുന്ന നിരവധി സംഭവങ്ങളും അനുഭവങ്ങളും കാണാം. ലോകോത്തരമായ ഒരു ഭരണഘടനയും അത് മുന്നോട്ടുവെക്കുന്ന തുല്യതാ സങ്കൽപങ്ങളും ഉയർത്തിപ്പിടിക്കേണ്ട കോടതികളും അഭിഭാഷകവൃത്തിയും തുല്യതക്കെതിരായ ശീലങ്ങളും പ്രവർത്തനങ്ങളും ഉപേക്ഷിച്ചേ പറ്റൂ. നീതിന്യായരംഗത്ത് ഒരു ‘ആം ആദ്മി മുന്നേറ്റം’ ഉണ്ടാകണമെന്നതായിരുന്നു, നേരത്തേ പറഞ്ഞ ‘ഹിന്ദു’ ലേഖനത്തിന്റെ ആശയം. അതെളുപ്പമായിരിക്കില്ല; എന്നാൽ, അതിനായുള്ള നിതാന്ത പരിശ്രമം ആവേശകരമായിരിക്കും.
എ.ജി. നൂറാണി,കേളു നമ്പ്യാർ
ഇത്തരം സ്വപ്നങ്ങൾക്കുകൂടി ഇന്ധനം പകരുന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യരെക്കുറിച്ചുള്ള ഓർമകൾ. അദ്ദേഹത്തിന്റെ വിധികൾ ഭാഷാപരമായി മാത്രമല്ല, ആശയപരമായും മറ്റൊരു നീതിന്യായ പ്രപഞ്ചം സൃഷ്ടിച്ചു. വിധിയെഴുത്തിനെ ഇത്രമാത്രം സർഗാത്മകമാക്കിത്തീർത്ത മറ്റൊരു ന്യായാധിപനെ ലോകത്താകെ പരതിയാലും കാണുക എളുപ്പമല്ല. ഇപ്പോഴും കോടതികളിൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധികൾ ഉദ്ധരിക്കുമ്പോൾ സംഭവിക്കുന്ന ഊർജസംക്രമണം അനിതരസാധാരണമായ ഒന്നാണ്. അത്തരം അനുഭവങ്ങൾ ഏറെയാണ്. മാലിന്യസംസ്കരണത്തിൽ നഗരസഭ വീഴ്ചവരുത്തുന്നതിനെ ചോദ്യംചെയ്യുന്നവർക്ക് ഇപ്പോഴും രത്‍ലം മുനിസിപ്പാലിറ്റി കേസിൽ കൃഷ്ണയ്യർ എഴുതിയ വിധി (1980) തന്നെയാണ് വജ്രായുധം. ഗവർണറുടെ അതിരുവിട്ട നടപടികളെ ചോദ്യംചെയ്യാൻ ഷംസീർസിങ് കേസിലെ വിധി (1974) കഴിേഞ്ഞ മറ്റു വിധികൾ ഉദ്ധരിക്കാൻ കഴിയൂ.
ഈയിടെ ഒരു ജീവപര്യന്തം തടവുകാരന് അമ്മയുെട മരണാനന്തര ചടങ്ങിനായി പരോൾ അനുവദിക്കാൻവേണ്ടിയുള്ള റിട്ട് ഹരജിയിൽ ഹൈകോടതിയിൽ വാദിച്ചപ്പോൾ ന്യായാധിപൻ ഉത്തരവിടാൻ മടിച്ചുനിന്നു. ജയിൽ ചട്ടങ്ങളിലെ വ്യവസ്ഥകളും അയാളുടെ വീട്ടിലെ അവസ്ഥയും മറ്റും വിശദീകരിച്ചിട്ടും ‘മനംമാറ്റം’ കാണിക്കാതെയിരുന്ന ന്യായാധിപനു മുന്നിൽ ജസ്റ്റിസ് കൃഷ്ണയ്യർ എഴുതിയ സുനിൽ ബാത്ര കേസിലെ (1978) വിധി ഉദ്ധരിച്ചു. തടവുകാരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിൽ, സംവിധാനത്തെ മാനുഷീകരിക്കുന്നതിൽ ന്യായാധിപരാണ് യഥാർഥ ഓംബുഡ്സ്മാൻമാരായിത്തീരേണ്ടത് എന്ന കൃഷ്ണയ്യരുടെ വജ്രശോഭയുള്ള വാചകങ്ങൾ വായിച്ചു കേട്ടപ്പോൾ ന്യായാധിപന്റെ സമീപനം മാറി. ആ പ്രതിക്ക് ജയിലിൽനിന്നും പുറത്തിറങ്ങാനും വീട്ടിലെ ചടങ്ങിൽ സംബന്ധിച്ച് മൂന്നു ദിവസം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനും കഴിഞ്ഞു.
ചില വിധികൾ കേവലം നിയമസാഹിത്യമല്ല. കാലത്തെ അതിജീവിക്കുന്ന നീതിയുടെ ഖഡ്ഗങ്ങളാണ്. ജസ്റ്റിസ് കൃഷ്ണയ്യരിലെ പ്രതിഭയുടെ ധാരാളിത്തം അനേകമനേകം സാധാരണ മനുഷ്യരെ ഇതുപോലെ പരിരക്ഷിച്ചിട്ടുണ്ടാകും. തലമുറകളിലേക്കു പടരുന്ന നീതിയുടെ വെളിച്ചമായി അത് വരും കാലങ്ങളിലും തുടരും.
എന്നാൽ, ജസ്റ്റിസ് കൃഷ്ണയ്യരുടെ കാലമല്ല, കോടതികളിലെ പുതിയ കാലം. മുമ്പ് കേരള ഹൈകോടതിയുടെ 50ാം വാർഷികമാഘോഷിക്കുന്ന സന്ദർഭത്തിൽ ‘കേരള ലോ ടൈംസി’ന്റെ എഡിറ്റർ സിബി മാത്യു ആവശ്യപ്പെട്ടതനുസരിച്ച് ഈ കോടതിയിൽ മുൻകാലങ്ങളിൽ പ്രാക്ടിസു ചെയ്ത പ്രഗല്ഭ അഭിഭാഷകരെക്കുറിച്ച് ഒരു ലേഖനം എഴുതിയതോർക്കുന്നു. എം.കെ. നമ്പ്യാർ മുതൽ കേളു നമ്പ്യാരും ടി.ആർ.ജി വാര്യരും എസ്‍.വി.എസ് അയ്യരും വരെയുള്ള നിരവധി അഭിഭാഷകരുടെ തൊഴിൽപരമായ സവിശേഷതകളെ ഹ്രസ്വമായി പരിശോധിച്ച ആ ലേഖനം എനിക്കും ഒരുതരം തുടർ വിദ്യാഭ്യാസമായിരുന്നു.
ഹൈകോടതി സ്ഥാപിച്ച കാലംതൊട്ടുള്ള പ്രമുഖ അഭിഭാഷകരിൽ പലർക്കും രാഷ്ട്രീയത്തിന്റെയും പൊതു ജീവിതത്തിന്റെയും അനുഭവ സമ്പത്തുണ്ടായിരുന്നു. മുൻ മന്ത്രി കെ. ചന്ദ്രശേഖരൻ അടക്കമുള്ള സീനിയർ അഭിഭാഷകർ പഴയ ഹൈകോടതി കെട്ടിടത്തിലെ (രാം മോഹൻ കൊട്ടാരം) ലൈബ്രറിയിൽ ഇരുന്ന് വിജ്ഞാനദായകമായ ചർച്ചകളിൽ സജീവമായിത്തന്നെ ഏർപ്പെടുമായിരുന്നു. പൊതുപ്രവർത്തന പരിചയമില്ലാത്ത സീനിയർമാരും നന്നായി വായിക്കുമായിരുന്നു. സാമൂഹികബന്ധവും വായനയും ഈ അഭിഭാഷകരുടെ ലോകത്തെ വലുതാക്കിക്കൊണ്ടിരുന്നു. അവരുടെ ചിന്തകളും അതുപോലെ ഉയർന്ന തലത്തിലായിരുന്നു. തൊഴിലിന്റെ ഈ ഔന്നത്യം കാലക്രമത്തിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായി.
2006ൽ നേരത്തേ പറഞ്ഞ ലേഖനം എഴുതി പൂർത്തിയാക്കിയപ്പോൾ തോന്നിയതും ഇതുതന്നെ. സിബി മാത്യു എന്ന എഡിറ്ററോട് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. യുവ അഭിഭാഷകരെ അക്കാദമിക് പഠനത്തിന്റെ കാര്യത്തിലും എഴുത്തിന്റെ കാര്യത്തിലും നിർലോഭം പ്രോത്സാഹിപ്പിച്ച എഡിറ്ററായിരുന്നു, സിബി മാത്യു. ‘കേരള ലോ ടൈംസി’നെ ഒരു വൻ പ്രസ്ഥാനമാക്കി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഞാനും ഒട്ടേറെ അക്കാദമിക് ലേഖനങ്ങൾ എഴുതിയത് അദ്ദേഹം എഡിറ്റുചെയ്ത ‘കേരള ലോ ടൈംസി’ൽ തന്നെയായിരുന്നു. അത്തരം ലേഖനങ്ങളിൽ ചിലതുകൂടി ‘സ്പിരിറ്റ് ഓഫ് ലോ’യിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം ചില ലേഖനങ്ങളും മറ്റും വായിച്ച ‘മാതൃഭൂമി’യിലെ പ്രമുഖ പത്രപ്രവർത്തകൻ എൻ.പി. രാജേന്ദ്രൻ ഒരിക്കൽ എനിക്ക് കത്തെഴുതി –‘‘താങ്കൾ നൂറാണിയായില്ലെങ്കിലും ഒരു തൊണ്ണൂറാണിയെങ്കിലുമായിത്തീരും!’’ അതൊരു ആശംസയായിരുന്നു –രാജേന്ദ്രന്റെ സ്വതഃസിദ്ധമായ ഹാസ്യശൈലിയിൽ.
മഹാനായ എ.ജി. നൂറാണി ഭരണഘടനാ വിഷയങ്ങളിൽ ലേഖനമെഴുതുമ്പോൾ ആഴത്തിൽ പഠിക്കുമായിരുന്നു. ബോംബെ ഹൈകോടതിയിൽ പ്രാക്ടിസ് ചെയ്തുപോന്ന പല അഭിഭാഷകരും കേസിൽ ഉൾപ്പെട്ട നിയമ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തി വിസ്തരിച്ചുതന്നെ എഴുതി അവതരിപ്പിക്കുന്നവരാണ്. ഈ രീതി എ.ജി. നൂറാണിയുടെ ലേഖനങ്ങളിലും കാണാം. അദ്ദേഹം എറണാകുളത്തു വന്നപ്പോൾ കുറെ നേരം സംസാരിച്ചുകൊണ്ടിരിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും അവസരമുണ്ടായി. അദ്ദേഹത്തിെൻറ വിയോഗം സൃഷ്ടിച്ച ശൂന്യത വലുതാണ്.
ഏതാണ്ടീ കാലയളവിൽതന്നെ ഞാൻ ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’യിലും ചില നിയമ ലേഖനങ്ങൾ എഴുതി. ദേവീന്ദർ പാൽ സിങ് ഭുള്ളാറിനെ വധശിക്ഷക്ക് വിധിച്ച അന്നത്തെ കോടതി വിധിയിലെ 10 ന്യൂനതകൾ എണ്ണിപ്പറയുന്നതായിരുന്നു ഒരു ലേഖനം (2013). പിൽക്കാലത്ത് ആ വിധി പുനഃപരിേശാധിക്കപ്പെടുകയും ഭുള്ളാറിന്റെ വധശിക്ഷ റദ്ദാക്കപ്പെടുകയും ചെയ്തുവെന്നത് വധശിക്ഷക്കെതിരെ ചിന്തിക്കുന്ന ഒരാളെന്ന നിലയിൽ എന്നെയും ആശ്വസിപ്പിച്ചു. ആൽബേർ കാമുവിന്റെ പ്രസിദ്ധമായ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു ആ ലേഖനം തുടങ്ങിയത് – ‘‘ഒരു മനുഷ്യൻ സമൂഹത്തിൽനിന്നും ഉന്മൂലനം ചെയ്യപ്പെടാൻ മാത്രം തിന്മ നിറഞ്ഞവനാണെന്നും അതിനാൽ അവനെ വധശിക്ഷക്ക് വിധിക്കുന്നതിൽ തെറ്റില്ലെന്നും പറയുന്നത് സമൂഹത്തിൽ അന്യഥാ ഒരു തിന്മയും ഇല്ലെന്ന് പറയുന്നതുപോലെയാണ്.’’
വധശിക്ഷക്കെതിരെയുള്ള വേറെയും ലേഖനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്നു. അതിലൊന്ന് ‘വധശിക്ഷയിലെ നിയമപരമായ മൗഢ്യം’ (The legal folly of death penalty) എന്ന തലക്കെട്ടിൽ നിയമപരിഷ്‍കാരത്തെ സംബന്ധിച്ച എന്റെ ഇംഗ്ലീഷ് പുസ്തകത്തിൽ (Rethinking judicial Reform-Reflections on Indian Legal System-Lexis Nexis) ചേർത്തിട്ടുണ്ട്.
ഇതെല്ലാമാണെങ്കിലും ഇന്ത്യയിൽ വധശിക്ഷ ഇന്നും തുടരുന്നു. 2024 ജൂലൈ ഒന്നാംതീയതി മുതൽ പ്രാബല്യത്തിൽ വന്ന ‘ഭാരതീയ ന്യായ സംഹിത’യിലാകട്ടെ വധശിക്ഷക്കു വിധിക്കപ്പെടാവുന്ന കുറ്റങ്ങളുടെ എണ്ണം കൂട്ടിയിരിക്കുന്നു. നിയമങ്ങൾ കഠോരസ്വഭാവമുള്ളതാകുമ്പോൾ പൗരാവകാശങ്ങൾ തന്നെയാണ് ഹനിക്കപ്പെടുന്നത്.
ജസ്റ്റിസ് കൃഷ്ണയ്യരെക്കുറിച്ച് പറഞ്ഞുകൊണ്ടാണല്ലോ ഈ അധ്യായം തുടങ്ങിയത്. മഹാനായ അദ്ദേഹത്തിനുപോലും നിയമങ്ങൾ വധശിക്ഷ നിർദേശിക്കുന്നിടത്തോളം ന്യായാധിപർക്ക് അവ പിന്തുടരേണ്ടതായി വന്നേക്കാം എന്ന നിസ്സഹായത പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കണ്ണബിരാനെപ്പോലുള്ള അഭിഭാഷകരും പരാമർശിച്ചിട്ടുണ്ട്. പതിമൂന്നോളം തടവുകാരെ സുപ്രീംകോടതി തെറ്റായ രീതിയിലാണ് വധശിക്ഷക്ക് വിധിച്ചതെന്ന് വി. വെങ്കടേശൻ ഫ്രണ്ട്ലൈനിൽ (25.8.2012) എഴുതിയതോർമിക്കുന്നു. അതിനർഥം പരമോന്നത കോടതിയിലെ ന്യായാധിപർക്കും ഇക്കാര്യത്തിൽ തെറ്റുപറ്റിയെന്നുതന്നെയാണ്.
ജസ്റ്റിസ് കൃഷ്ണയ്യരെ പരാമർശിച്ചുകൊണ്ടുതന്നെ ഈ അധ്യായം അവസാനിപ്പിക്കാം. ഇന്ത്യയിലെ സവിശേഷമായ നിയമചിന്താസരണിക്ക് തുടക്കമിട്ട അദ്ദേഹത്തിന് പൊതു താൽപര്യ വ്യവഹാരങ്ങളെ പ്രസ്ഥാനവത്കരിച്ചതിലും വലിയ പങ്കുണ്ട്. അടിയന്തരാവസ്ഥക്കു ശേഷം പൊതു താൽപര്യ വ്യവഹാരങ്ങൾക്ക് നിയമസംവിധാനത്തിലുണ്ടായ പ്രഭാവത്തെക്കുറിച്ചുള്ള വിമർശനാത്മകമായ പുസ്തകമാണ് അനുജ് ഭൂവാനിയ എഴുതിയ ‘കോർട്ടിങ് ദ പീപ്പിൾ’ (Courting the People, 2017). നിയതമായ നടപടിക്രമങ്ങളിലും നിയമസമ്പ്രദായങ്ങളിൽനിന്നുമുള്ള വ്യതിയാനങ്ങൾ സംവിധാനത്തിനു മുന്നിൽ വെല്ലുവിളികൾ സൃഷ്ടിക്കാമെന്ന ഗ്രന്ഥകർത്താവിന്റെ വിമർശനം ഒരു പരിധിവരെ ജസ്റ്റിസ് കൃഷ്ണയ്യരുടെ നീതിന്യായ സമീപനത്തിനെതിരായ വിമർശനംകൂടിയാണ്.
രവി കുറ്റിക്കാട്,എൻ.പി. രാജേന്ദ്രൻ
ശരിയാണ്. ജസ്റ്റിസ് കൃഷ്ണയ്യരും വിമർശനത്തിനതീതനല്ല. ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ അലഹബാദ് ഹൈകോടതി വിധി സ്റ്റേചെയ്ത ഉത്തരവുതൊട്ട് വധശിക്ഷ ശരിവെച്ച ഉത്തരവുവരെയുള്ള കാര്യങ്ങളിൽ അദ്ദേഹം നടത്തിയ നീതിന്യായപരമായ ഇടപെടലുകൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. പൊതുവിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും അദ്ദേഹം സ്വീകരിച്ച സമീപനവും ചിലപ്പോഴെങ്കിലും എതിർക്കപ്പെട്ടിട്ടുണ്ട്.
എങ്കിലും ഇന്ത്യൻ നിയമസംവിധാനത്തെ മാനവീകരിക്കുന്നതിലും നിയമപ്രക്രിയയെ സർഗാത്മകമായി നവീകരിക്കുന്നതിലും അദ്ദേഹം ചെയ്ത വലിയതും സമാനതകളില്ലാത്തതുമായ സംഭാവനകളുമായി തട്ടിച്ചുനോക്കുമ്പോൾ വന്നുപോയ പിഴവുകൾ നിസ്സാരമാണെന്നേ പറയാൻ കഴിയൂ. മഹാനായ അരിസ്റ്റോട്ടിൽ ജീവശാസ്ത്രമെന്ന ശാഖ സ്ഥാപിക്കുന്നതിനായി കൈവരിച്ച വലിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞശേഷം വിൽ ഡുറന്റ് അദ്ദേഹത്തിനു വന്ന അബദ്ധങ്ങളെ ഇങ്ങനെ ന്യായീകരിക്കുന്നു –ശരിയാണ്. ജീവശാസ്ത്രമെന്ന ശാസ്ത്രശാഖക്ക് തുടക്കമിട്ടയാൾ എന്ന നിലയിൽ വരുത്താവുന്നത്ര പിഴവുകൾ അദ്ദേഹം വരുത്തിയിട്ടുണ്ട്!
അതുപോലെ, ജസ്റ്റിസ് കൃഷ്ണയ്യരുടെ നേട്ടങ്ങൾ വെച്ചുനോക്കുമ്പോൾ, അദ്ദേഹം സ്വന്തം ജീവിതത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രത്തിനും നിയമ ചിന്തക്കുംചെയ്ത സേവനങ്ങൾ നോക്കുമ്പോൾ, വന്നുപോയ നിസ്സാര പിഴവുകൾപോലും തനിയെ അപ്രസക്തവും അദൃശ്യവുമായിത്തീരുന്നു.
തുടരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.