സാകല്യാത്മകതക്കായുള്ള ഇച്ഛ

സെപ്​റ്റംബർ 22ന്​ വിടവാങ്ങിയ ലോകപ്രശസ്​ത മാർക്​സിസ്​റ്റ്​ ചിന്തകൻ ​​െഫ്രഡറിക് ജെയിംസണെ അനുസ്​മരിക്കുകയാണ്​ ചിന്തകൻകൂടിയായ ലേഖകൻ. എന്താണ്​ ​െഫ്രഡറിക് ജെയിംസണിന്റെ സംഭാവനകൾ? ​അദ്ദേഹത്തിൽ സാകല്യാത്മകതക്കായുള്ള ഇച്ഛ (Will to Totality) എത്ര ശക്തമായിരുന്നു? ‘‘Cynicism of the intellect, utopianism of the will’’ -Fredric Jameson, An American Utopia ലോകത്തെ പരിവർത്തിപ്പിക്കുന്ന തത്ത്വചിന്തയിൽനിന്നും കേവലം വ്യാഖ്യാനാത്മകമായ തത്ത്വചിന്തയായി മാർക്സിസത്തിന്റെ സൈദ്ധാന്തികമായ സ്ഥൂലീകരണം തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് വ്യവസ്ഥാപിതമായത്. മാറുന്ന മുതലാളിത്ത ലോകത്തെ അഭിമുഖീകരിക്കാനും വിപ്ലവാത്മകമായ ഇതിനെ പരിവർത്തനംചെയ്യാനുമുള്ള പുതിയ...

സെപ്​റ്റംബർ 22ന്​ വിടവാങ്ങിയ ലോകപ്രശസ്​ത മാർക്​സിസ്​റ്റ്​ ചിന്തകൻ ​​െഫ്രഡറിക് ജെയിംസണെ അനുസ്​മരിക്കുകയാണ്​ ചിന്തകൻകൂടിയായ ലേഖകൻ. എന്താണ്​ ​െഫ്രഡറിക് ജെയിംസണിന്റെ സംഭാവനകൾ? ​അദ്ദേഹത്തിൽ സാകല്യാത്മകതക്കായുള്ള ഇച്ഛ (Will to Totality) എത്ര ശക്തമായിരുന്നു? 

‘‘Cynicism of the intellect, utopianism of the will’’

-Fredric Jameson, An American Utopia

ലോകത്തെ പരിവർത്തിപ്പിക്കുന്ന തത്ത്വചിന്തയിൽനിന്നും കേവലം വ്യാഖ്യാനാത്മകമായ തത്ത്വചിന്തയായി മാർക്സിസത്തിന്റെ സൈദ്ധാന്തികമായ സ്ഥൂലീകരണം തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് വ്യവസ്ഥാപിതമായത്. മാറുന്ന മുതലാളിത്ത ലോകത്തെ അഭിമുഖീകരിക്കാനും വിപ്ലവാത്മകമായ ഇതിനെ പരിവർത്തനംചെയ്യാനുമുള്ള പുതിയ പരികൽപനകളെ സൃഷ്ടിക്കുന്നതിനു പകരമായി ലഭ്യമായ പരികൽപനകളെയും വ്യത്യസ്തങ്ങളായ വൈജ്ഞാനിക ശാഖകളിൽനിന്നും പരികൽപനകൾ സ്വീകരിച്ചുകൊണ്ടും മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ സമ്പുഷ്‌ടീകരണവും സ്ഥൂലീകരണവും മാർക്സിസ്റ്റ് വിചിന്തനങ്ങൾക്ക് പ്രധാനമായി. മാർക്സിസം തന്നെ ഒരു അന്തർവൈജ്ഞാനിക സിദ്ധാന്തമായി വികാസംകൊണ്ടു.

ഈവിധം മാർക്സിസത്തിന്റെ സൈദ്ധാന്തികമായ നൂതനവത്കരണത്തിന് ഒരു മാതൃക ദൃഢപ്പെടുത്തിയതിൽ അഗ്രഗാമിയാണ് ​െഫ്രഡറിക് ജെയിംസൺ. വിപ്ലവാത്മക തത്ത്വചിന്ത എന്ന നിലയിൽ നിന്നും മാർക്സിസം വ്യാഖ്യാനശാസ്ത്രമായി (hermeneutics) വ്യവസ്ഥാപിതമാകുകയുമായിരുന്നു. ​െഫ്രഡറിക് ജെയിംസണിന്റെ ശക്തിയും ദൗർബല്യവുമായ എക്ലെക്റ്റിസിസത്തെ (eclecticism) മനസ്സിലാക്കേണ്ടത് ജെയിംസൺ മാറുന്ന മുതലാളിത്ത ലോകത്തെ വ്യാഖ്യാനിക്കാനുതകുന്നവിധം മാർക്സിസത്തെ സൈദ്ധാന്തികമായി നവീകരിക്കുന്നതിന്റെ ഭാഗമായി മാർക്സിസത്തെ സർവാശ്ലേഷിയായ (overarching) വ്യവഹാരമായി രൂപപ്പെടുത്തുകയായിരുന്നു.

സർവാശ്ലേഷിയായ മാർക്സിസം എന്നാൽ സാകല്യാത്മകമായ (totalizing) രീതിശാസ്ത്രം പിന്തുടരുന്ന മാർക്സിസം എന്നാണ്. ഉത്തരാധുനികതയുടെ സന്ദർഭത്തിൽ, പ്രത്യേകിച്ചും, ബൃഹത്താഖ്യാനങ്ങൾ അപ്രസക്തമാവുന്നതിനോടും വ്യവഹാരങ്ങൾ ശിഥിലീകരിക്കപ്പെടുന്നതിനോടുമുള്ള ചെറുത്തുനിൽപുകൂടിയാണ് മാർക്സിസത്തിനു സാകല്യാത്മകത പ്രധാനമാകാനുള്ള കാരണം. സമഗ്രവത്കരണം (totality) ഉത്തരാധുനികതയെ സംബന്ധിച്ചിടത്തോളം സ്റ്റാലിനിസ്റ്റ് പ്രവണതയുടെ തുടർച്ചയാണ്.

​െഫ്രഡറിക് ജെയിംസണിന്റെ സാകല്യാത്മക മാർക്സിസ്റ്റ് വ്യാഖ്യാനശാസ്ത്രം ഇതിൽനിന്നും വ്യതിരിക്തമായി മാറുന്ന മുതലാളിത്ത ലോകത്തിന്റെ പ്രവണതകളെ നിർധാരണംചെയ്യാൻ മാർക്സിസ്റ്റ് പരികൽപനകളിലൂടെയും ഇതര വിജ്ഞാനശാഖകളിൽനിന്നും കടംകൊണ്ട പരികൽപനകളെ ഉപാധിയാക്കിയും മാർക്സിസത്തിന് ഉത്തരാധുനികതയുടെ വരവോടെ സംഭവിച്ച സൈദ്ധാന്തികമായ നഷ്ടപ്രതാപത്തിൽനിന്നു കരകയറ്റാനും ഉട്ടോപ്യൻ സാർവത്രികതയുടെ വിഭാവനത്തിലൂടെ വിഭിന്നമായ വ്യവഹാരങ്ങൾക്കുമേൽ നടുനായകത്വം പുനർസ്ഥാപിതമാക്കാനുമുള്ള വൈജ്ഞാനിക സംരംഭവുമായിരുന്നു.

സാർത്രിയനായി സാഹിത്യവിമർശന രംഗത്തേക്ക് അറുപതുകളുടെ തുടക്കത്തോടെ കടന്നുവന്ന ​െഫ്രഡറിക് ജെയിംസൺ മാർക്സിസത്തെ ‘മറികടക്കാനാകാത്ത ചക്രവാളം’ എന്ന തത്ത്വത്തിന്മേലാണ് തന്റെ വ്യാഖ്യാന ശാസ്ത്രത്തെ കെട്ടിപ്പടുത്തത്. മാർക്സിസം വ്യാഖ്യാനാത്മകമായ സർവാശ്ലേഷിത്വംകൊണ്ട് ആശയങ്ങളെ ഉള്ളിലേക്ക് വഹിക്കുന്ന (subsuming) വ്യവഹാരമായാണ് ജെയിംസൺ വിഭാവനംചെയ്തത്. വിരുദ്ധോക്തിപരമായി ചിന്തിച്ചാൽ മുതലാളിത്തത്തിന്റെതും സമാന പ്രവണതയാണ്. ഏതിനെയും ചരക്കുവത്കരിച്ചുകൊണ്ടു കീഴ്പ്പെടുത്തുക. എന്നാൽ, മാർക്സിസത്തിന്റെ സർവവിധ ആപ്ലിക്കേഷൻ (application) സിദ്ധാന്തത്തിൽനിന്നും ഭിന്നമാണ് ​െഫ്രഡറിക് ജെയിംസണിന്റെ സർവാശ്ലേഷിയായ മാർക്സിസം.

സാഹിത്യത്തിലും ചലച്ചിത്രത്തിലും ശാസ്ത്രത്തിലും പക്ഷിനീരിക്ഷണത്തിലും മാർക്സിസത്തെ –വൈരുധ്യാത്മകതയെ– സാധുവാക്കുക എന്ന ഉപകരണാത്മകമായ സമീപനമാണ് ആപ്ലിക്കേഷൻ എന്നത്. സ്റ്റാലിനിസ്റ്റ് സമഗ്രവത്കരണത്തിന്റെ പ്രേരണയാണിത്. ഷഡാനോവും ലൈസൻകോവും തുടങ്ങിവെച്ച ആപത്കരമായ ഉപകരണാത്മകത. മാർക്സിസ്റ്റ് വ്യാഖ്യാനശാസ്ത്രം ഇതുപോലെ യാന്ത്രികവാദപരമല്ല. മാർക്സിസത്തെ മുൻനിർത്തിയുള്ള ലാക്ഷണിക വായനയുമല്ല ​െഫ്രഡറിക് ജെയിംസണിന്റെ. ചരിത്രത്തെയാണ് ​െഫ്രഡറിക് ജെയിംസൺ സാകല്യാത്മകതക്ക് നിദാനമാക്കുന്നത്. ​െഫ്രഡറിക് ജെയിംസണിന്റെ പ്രകൃഷ്ട സൈദ്ധാന്തിക രചനകളിലൊന്നായ, ഉത്തരാധുനികത: പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയിൽ ദീർഘമായിതന്നെ ഇതിനെ സംബന്ധിച്ച് വിചാരം നടത്തുന്നുണ്ട്.

​െഫ്രഡറിക് ജെയിംസൺ പറയുന്നുണ്ട്, ഉൽപാദന രീതി (mode of production) എന്ന ആശയത്തിന്റെ സാധ്യതയുടെ സാഹചര്യങ്ങ​െളക്കുറിച്ച് എന്നും വളരെ പ്രാധാന്യത്തോടെ ശ്രദ്ധചെലുത്തിയിരുന്നുവെന്ന്. ചരിത്രപരമായ വൈരുധ്യാത്മകതക്ക് ഏറ്റവും പ്രധാനമായത് ഉൽപാദന രീതി അവലംബിച്ചുകൊണ്ടുള്ള ചരിത്ര വിശകലനമാണ്. ഇത് സ്റ്റേജിയസ്റ്റ് (stagiest) സിദ്ധാന്തമായി യാന്ത്രികസ്വഭാവവുമാകുന്നുണ്ട് സോവിയറ്റ് മാർക്സിസത്തിൽ.

എന്നാൽ, സാകല്യാത്മകമായ വിശകലനത്തിനും സാംസ്‌കാരിക വിമർശനത്തിനും (critique) ഒഴിവാക്കാൻ പറ്റാത്ത മാർക്സിസ്റ്റ് ആശയമാണ് ഉൽപാദനരീതിയെന്നത്. മാർക്സിസ്റ്റ് വിമർശനത്തിൽ ഈ ആശയത്തിന്റെ സ്ഫുടമായ സാംഗത്യം ലുകാച്ചിന്റെ വിമർശനങ്ങളിലാണ് കാണുന്നത്. സാർത്രിനെപ്പോലെ ലുകാച്ചിന്റെ വലിയൊരു സ്വാധീനവും ​െഫ്രഡറിക് ജെയിംസണിൽ കാണാം. ലുകാച്ചിനെയും ജെയിംസണെയും സംബന്ധിച്ചിടത്തോളം ചരിത്രപരവും സാമൂഹികവുമായ ഉൽപാദനരീതിയുടെ സ്വഭാവസവിശേഷതകൾ, ‘സാകല്യത’ എന്ന ആശയത്തെ അടിസ്ഥാനമാക്കി സാഹിത്യകൃതികളെ വ്യാഖ്യാനിക്കാനും നിർണയിക്കാനും പറ്റുന്നതാകുന്നു.

എപ്പോഴും ചരിത്രവത്കരിക്കുക എന്ന മുദ്രാവാക്യത്തിലാണ് ജെയിംസണിന്റെ ‘Political Unconscious’ന്റെ ആമുഖം ആരംഭിക്കുന്നത്. ജെയിംസൺ തന്നെ തൊട്ടുപിന്നാലെ സൂചിപ്പിക്കുന്നത് ഇത് ചരിത്രാതീതമെന്ന (transhistorical) പ്രതീതി സൃഷ്ടിക്കുമെന്നാണ്. വൈരുധ്യാത്മകമായ സാകല്യതയാണ് ​െഫ്രഡറിക് ജെയിംസൺ ഇതുകൊണ്ട് അർഥമാക്കുന്നത്. ജെയിംസൺ ഈ പുസ്തകത്തിന്റെ പ്രാരംഭ ലേഖനത്തിൽതന്നെ വ്യക്തമാക്കുന്നത് വ്യാഖ്യാനാത്മകമായ ദൗത്യമെന്തെന്നാൽ, ഘടനാവാദാനന്തര ചിന്തയുടെ സന്ദർഭത്തിൽ, പ്രത്യക്ഷാത്മകമായ സാകല്യതയെക്കുറിച്ചുള്ള ഹെഗലിന്റെയും ലുകാച്ചിന്റെയും വാദമുഖങ്ങൾ കലാസൃഷ്ടികളുടെ സൃഷ്ടിപരമായ സമ്പൂർണതയെ അനാവരണം ചെയ്യുകയെന്നതാണ്. ഇതിനെ ജൈവഘടന (organic form) എന്നും വിളിക്കുന്നു. വിമർശകന്റെ വ്യാപാരം പ്രകടനാത്മകമായ സാകല്യത്തിന്റെ വ്യാഖ്യാന ചുമതല ഏറ്റെടുക്കുകയെന്നതാണ്. അതിനനുസൃതമായി കലാസൃഷ്ടിയുടെ വിവിധതലങ്ങളും ഘടകങ്ങൾക്കും ഒരു ഏകീകൃത മാനം സാധ്യമാകുന്നു എന്നതാണ്.

ജെയിംസണ് മാർക്സിസ്റ്റ് വ്യാഖ്യാനമെന്നാൽ സാമൂഹിക-പ്രതീകാത്മക കൃത്യമാണെന്നുള്ള (social-symbolic act) തീസിസ് സംസ്കാരപഠനത്തിലെ നാഴികക്കല്ലാണ്. ലിബറൽ സാഹിത്യ സമീപനങ്ങൾ മാനവിക പഠനങ്ങൾക്ക് അധികബാധ്യതയായി മാറിയൊരു ഘട്ടത്തിലാണ് ജെയിംസൺ സാഹിത്യത്തിന്റെ സാമൂഹിക-പ്രതീകാത്മകത എന്ന ആശയം അവതരിപ്പിക്കുന്നത്. മാനവികപഠന ശാഖകൾ പ്രതിസന്ധി നേരിടുന്ന ഘട്ടംകൂടിയായിരുന്നു അത്.

സാഹിത്യാസ്വാദനത്തിന്റെ പരിമിതമായ പരിപ്രേക്ഷ്യത്തിനപ്പുറം വികസിക്കാതിരുന്ന ഉദാരവാദ സാഹിത്യ സമീപനങ്ങളും പരമ്പരാഗത പഠനരീതികളും സാഹിത്യപഠനശാഖയെ അതീവമായി ദുർബലപ്പെടുത്തി. ഭാഷാപഠനം മാത്രമായി മൂല്യവത്തായ ഒരു പ്രവർത്തനം. ആസ്വാദനം പഠിക്കാനായി സാഹിത്യ വകുപ്പുകൾ നിലനിർത്തപ്പെടണമോ എന്ന സംശയങ്ങൾ നവ-ഉദാരവത്കരിക്കപ്പെട്ടുകൊണ്ടിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു.

മാർക്സിസം സാമൂഹികശാസ്ത്രമായി ഉപാധികളെ അവലംബിച്ചുകൊണ്ട് യാന്ത്രികമായ സമീപനവുമായി ഗതികെട്ടിരിക്കുന്ന സന്ദർഭത്തിൽകൂടിയാണ് ഭാഷാശാസ്ത്രപരമായ വഴിത്തിരിവിനെ അതിജീവിച്ചു സാഹിത്യപഠനം വൈജ്ഞാനികമായ അന്വേഷണസാധ്യതയായി ജെയിംസൺ നവീകരിക്കുന്നത്. ജെയിംസൺ വികസിപ്പിച്ച മാർക്സിസ്റ്റ് വ്യാഖ്യാനാത്മശാസ്ത്രത്തിനു മാനവിക പഠനശാഖകളിൽ വമ്പിച്ച സ്വാധീനത കൈവരുകയും ചെയ്തു. ​െഫ്രഡറിക് ജെയിംസണിന്റെ മൗലിക സംഭാവന ഇത്തരത്തിൽ സാഹിത്യ-മാനവിക വിഷയങ്ങളുടെ പഠനമേഖലയിൽ പുത്തനായൊരു ഒരാത്മവിശ്വാസം നൽകുന്നതുമായിരുന്നു.

​െഫ്രഡറിക് ജെയിംസണിന്റെ മാർക്സിസ്റ്റ് വ്യാഖ്യാനാത്മക ശാസ്ത്രത്തിന്റെ കേന്ദ്രമായി വർത്തിക്കുന്നത് സംസ്കാരത്തെക്കുറിച്ചുള്ള സാകല്യാത്മക വീക്ഷണമാണ്. കോളിൻ മകാബെ പറയുന്നത് ‘‘സാംസ്കാരികമായ എന്തും ജെയിംസണ്‌ അന്യമല്ല’’ എന്നാണ്. ഉത്തരാധുനികതയെക്കുറിച്ചുള്ള ജെയിംസണിന്റെ പ്രകൃഷ്ട രചനയിൽ സാംസ്കാരികമായ ഭിന്നാവിഷ്‌കാരങ്ങളിലൂടെയുള്ള വിസ്തൃതമായ ഒരു സഞ്ചാരം കാണാം. വാസ്തുശിൽപ സൃഷ്ടികൾക്ക് ഇത്രമാത്രം പ്രാധാന്യത്തോടെ മാർക്സിസ്റ്റ് വ്യാഖ്യാനശാസ്ത്രത്തിൽ മുമ്പു ഇടം കണ്ടിട്ടില്ല. ജനപ്രിയ സംസ്കാരം ചരിത്രാനുഭവത്തിന്റെ പ്രത്യക്ഷീകരണമാകുന്നതും ജെയിംസണിന്റെ വൈരുധ്യാത്മകമായ സാകല്യസമീപനത്തിന്റെ സവിശേഷതയാണ്.

വിഡിയോ പോലുള്ള തൊണ്ണൂറുകളിലെ ഏറ്റവും പുത്തൻ സാങ്കേതികവിദ്യയും മാധ്യമവും കലാവിഷ്‍കാരവും സംസ്കാരപഠനത്തിന് പുതിയ ചുവടുവെപ്പുകളായി. ജെയിംസണിന്റെ പ്രതിപാദനത്തിൽ ഉൽപാദനരീതിയുടെ സാകല്യാത്മകതയുടെ മറ്റൊരു പേരാണ് ഘട്ടവത്കരണം (periodization) എന്നത്. മാർക്സിസ്റ്റ് ചിന്തകരിൽനിന്നും ഒട്ടും മടിക്കാതെ പരികൽപനകൾ കടംകൊണ്ട് അതിനെ സവിശേഷ സന്ദർഭത്തിനനുസരിച്ചു നവീകരിക്കുന്നതും ജെയിംസോണിയൻ രീതിയാണ്. ഏണസ്റ്റ് മാൻഡെലിൽനിന്നുമാണ് പിൽക്കാല മുതലാളിത്തം (Late Capitalism) എന്ന ആശയം ജെയിംസൺ കടംകൊള്ളുന്നത്. മുതലാളിത്ത ഉൽപാദനരീതിയിലെ ഒരു ഘട്ടമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.

പിൽക്കാല മുതലാളിത്തം എന്ന ഘട്ടത്തെ വിശദമായിതന്നെ പ്രതിപാദിക്കുന്നുണ്ട് ഉത്തരാധുനികതയെക്കുറിച്ചുള്ള ​െഫ്രഡറിക് ജെയിംസണിന്റെ രണ്ടു രചനകളിലും. പിൽക്കാല മുതലാളിത്തം എന്ന സങ്കൽപനമൊരു കെണിയുമാകാമെന്നും ജെയിംസൺ സൂചിപ്പിക്കുന്നുണ്ട്. മുതലാളിത്തം എന്ന സങ്കൽപനം ഒരു നിഷ്പക്ഷ പ്രയോഗമായി അവതരിക്കപ്പെടുമ്പോൾ അത് ഒളിപ്പിച്ചുവെക്കുന്ന ചൂഷണവും അതിന്റെ യാഥാർഥ്യവും മറച്ചുവെക്കപ്പെടുകയാണ്. പിൽക്കാല മുതലാളിത്തം എന്ന ഘട്ടവത്കരണത്തെ വിമർശനാത്മകമായി പരിഗണിച്ചുകൊണ്ടും അതിൽ അന്തഃസ്ഥിതമായ വൈരുധ്യങ്ങളെ മറനീക്കി അവതരിപ്പിച്ചുമാണ് ജെയിംസൺ ഉത്തരാധുനികതയുടെ മാർക്സിസ്റ്റ് വ്യാഖ്യാനത്തെ രാഷ്ട്രീയവത്കരിക്കുന്നത്. പിൽക്കാല മുതലാളിത്തം മരണാനന്തര മുതലാളിത്തം (zombie capitalism) കൂടിയാണ്.

അല്ലെങ്കിൽ മറ്റൊരു സാധർമ്യത്തിലൂടെ അവതരിപ്പിച്ചാൽ അധികാരം വിട്ടൊഴിയാൻ മടിച്ച് അധികാരസ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന പടുവൃദ്ധർ ആ അനാരോഗ്യ വൃദ്ധാവസ്ഥയിലും കടമെടുത്ത സമയത്തിൽ (borrowed time) അതിജീവനം നടത്തുന്നതുപോലെയാണ് മൂലധന വ്യവസ്ഥയുടെ രക്തരക്ഷസീയമായ (Vampiric) ഉൽപാദനരീതി. എങ്കിൽതന്നെയും ​െഫ്രഡറിക് ജെയിംസൺ സൂചിപ്പിക്കുന്നപോലെ ആധുനികവത്കരണത്തിന്റെയും ഫാക്ടറിവത്കരണത്തിന്റെയും ഘട്ടം പിന്നിട്ടിരിക്കുന്ന മുതലാളിത്തമാണ് ഇത്. നാളിതുവരെ കടന്നുകയറാത്ത മേഖലകളിൽകൂടി അധിനിവേശിച്ചിരിക്കുന്നു മൂലധനം. സംസ്കാരത്തിനുമേൽ സമഗ്രമായ സ്വാധീനതയുറപ്പിച്ചിരിക്കുന്നു.

എന്നാൽ, മുതലാളിത്തത്തിന്റെ സമഗ്രതക്ക് കീഴ്പ്പെടുകയാണ് സാംസ്കാരിക സൃഷ്ടികളെന്ന യാന്ത്രിക മാർക്സിസ്റ്റ് സമീപനത്തെ പുതിയ സംജ്ഞകളിലൂടെയും പരികൽപനകളിലൂടെയും പുനരാവിഷ്‍കരിക്കുകയല്ല ജെയിംസൺ ചെയ്യുന്നത്, പകരമായി കലയുടെയും സർഗാത്മകതയുടെയും പ്രതിരോധക്ഷമതയെയും ചലനാത്മകതയെയും ചെറുത്തുനിൽപിന്റെ ഉദ്വേഗയിടങ്ങളുമായി (anxious spaces) മാർക്സിസ്റ്റ് വ്യാഖ്യാനശാസ്ത്രത്തിലൂടെ സർഗാത്മക ആവിഷ്‍കാരങ്ങൾക്ക് പുതിയ ഭൂമിക തുറക്കുകയാണ്.

 

മാർക്സിസ്റ്റ് വ്യാഖ്യാനശാസ്ത്രത്തെ അതിവിസ്തൃതമായ സാംസ്കാരിക ഭൂമികയെ വൈജ്ഞാനികമായി അഭിസംബോധന ചെയ്യാൻ കെൽപുറ്റതാകുന്നത് ജെയിംസണിന്റെ എക്ലെക്റ്റിക് ഉൾക്കൊള്ളലാണ്. മാർക്സിസ്റ്റ് ചരിത്രകാരനായ മാർട്ടിൻ ജേ വിമർശനമായി ഉന്നയിക്കുന്നത് ജെയിംസണിന്റെ രചനകളെല്ലാം വ്യതിരിക്ത ചിന്തകരാൽ ഉടനീളം റ്റാറ്റൂ ചെയ്തിരിക്കുന്ന വൈജ്ഞാനിക ശരീരമാണെന്നാണ്. കാരണം, ​െഫ്രഡറിക് ജെയിംസണിന്റെ എഴുത്തുപാഠങ്ങളിൽ ഉടനീളം വൈവിധ്യമാർന്ന ജ്ഞാനശാഖകളിൽനിന്നും ജെയിംസൺ തനിക്ക് ആലംബമാകുന്ന പരികൽപനകൾ കടംകൊണ്ടു ചേർത്തുവെച്ചിരിക്കുന്നുവെന്നാണ്. എങ്കിലും ഇത് കണ്ടംവെച്ചൊരു വ്യാഖ്യാന കോട്ടല്ല. മാർക്സിസ്റ്റ് വൈരുധ്യാത്മകതയുടെ നവീകരണക്ഷമതയാണ് ജെയിംസൺ വ്യാഖ്യാനശാസ്ത്രത്തിലൂടെ ചിന്തക്ക് ചേതോഹരമാക്കുന്നത്.

പാശ്ചാത്യ മാർക്സിസത്തിന്റെ സവിശേഷതകളെല്ലാം ജെയിംസണിൽ സന്നിഹിതമാണ്. പാശ്ചാത്യ മാർക്സിസം ആന്റി സ്റ്റാലിനിസ്റ്റാണ്. ആംഗ്ലോ അമേരിക്കൻ മാർക്സിസ്റ്റുകളായ ഹോബ്സ്ബാം, പോൾ എം. സ്വീസി, ചാൾസ് ബെഥേലേം തുടങ്ങിയവരുടെ സോവിയറ്റ് അല്ലെങ്കിൽ ചൈന അനുഭാവം പാശ്ചാത്യ മാർക്സിസ്റ്റുകൾ പിന്തുടരാറില്ല. സോവിയറ്റ് യൂനിയനിൽനിന്നും രാജ്യഭ്രഷ്ടനായ പിൽക്കാല ട്രോട്സ്കിയോടാണ് പാശ്ചാത്യ മാർക്സിസ്റ്റുകൾക്ക് സൈദ്ധാന്തികമായ അനുഭാവം.

അതേസമയം, ഭിന്ന വൈജ്ഞാനിക വ്യവഹാരങ്ങളെ മാർക്സിസത്തിന്റെ സമ്പുഷ്‌ടീകരണത്തിനുവേണ്ടി ഉൾക്കൊള്ളുന്ന രീതിയാണ് അവലംബിക്കുന്നത്. വിമർശനാത്മക സിദ്ധാന്തത്തിന്റെ സവിശേഷതയാണിത്. ആ നിലയിൽ ഫ്രോയ്‌ഡിയൻ-ലകാനിയൻ മനോവിശകലനവും ഫ്രഞ്ച് ഘടനവാദാനന്തര ചിന്തയും ലുമാനിയൻ സിസ്റ്റം സിദ്ധാന്തവും ഏണസ്റ്റ് മാൻഡലിന്റെ മാർക്സിസ്റ്റ് സാമ്പത്തിക ചരിത്ര സിദ്ധാന്തവും ജെയിംസണിന്റെ സിദ്ധാന്ത സമുച്ചയത്തിലെ പ്രധാന ഘടകങ്ങളാണ്.

അന്തർവൈജ്ഞാനികതയുടെ സൃഷ്ടിപരത പ്രകടമാകുന്ന വിമർശനമാണ് Political Unconsciousൽ കാണുക. ലകാനിയൻ ഘടനാവാദ സൈദ്ധാന്തിക പരികൽപനകളും മാർക്സിസത്തിന്റെ ഉൽപാദനരീതിയെ അവലംബിച്ചുള്ള ചരിത്രശാസ്ത്രവും ഈ കൃതിയിൽ സംശ്ലേഷിക്കപ്പെടുകയാണ്. രാഷ്ട്രീയ അബോധത്തിന്റെ സിദ്ധാന്തം പ്രവർത്തനക്ഷമവും അനിവാര്യവുമാകുന്നത് പാഠത്തിന്റെ ഉപരിപാളികൾക്കടിയിൽ മറയ്ക്കപ്പെട്ടിരിക്കുന്ന യാഥാർഥ്യത്തെയും അടിച്ചമർത്തപ്പെട്ട ചരിത്രത്തെയും പുനഃസ്ഥാപിക്കുന്നതിലൂടെയാണ്. ചരിത്രത്തിന്റെ നിർവചനം കൃത്യമാക്കാൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽനിന്നുള്ള വർഗസമരത്തിന്റെ ചരിത്രംതന്നെയാണ് ജെയിംസൺ വിശദീകരണമായി നൽകിയിരിക്കുന്നത്.

​െഫ്രഡറിക് ജെയിംസൺ പാശ്ചാത്യ മാർക്സിസ്റ്റ് ചിന്തകരിൽ സുപ്രധാന സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നത് Political Unconscious ന്റെ പ്രസിദ്ധീകരണവും ആ രചനക്ക് ലഭിച്ച അംഗീകാരത്തോടെയുമാണ്. 1976 –പെറി ആൻഡേഴ്സൺ ‘Western Marxism’ എന്ന പുസ്തകം എഴുതുന്ന വേളയിൽ പ്രസ്തുത കൃതിയിലെ ഒരു അടിക്കുറിപ്പ് മാത്രമായിരുന്നു ​െഫ്രഡറിക് ജെയിംസണിന്റെ പേര്. ജെയിംസൺ തുടങ്ങുന്നത് സാഹിത്യ വിമർശകൻ എന്ന നിലയിലാണെന്ന്‌ നേരത്തേ സൂചിപ്പിച്ചല്ലോ.

സാർത്ര് -ഒറിജിൻ ഓഫ് സ്റ്റൈൽ- 1961 ലാണ് പ്രസിദ്ധീകരിക്കുന്നത്. രണ്ടാം ലോക യുദ്ധാനന്തരം സാർത്രിനുണ്ടായിരുന്ന ധൈഷണിക മേധാവിത്വത്തെക്കുറിച്ച് ജെയിംസൺ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അക്കാലത്ത് ജെയിംസൺ എസ്രാ പൗണ്ട്, യേറ്റ്സ് തുടങ്ങിയവരുടെ ആധുനിക-പ്രതീകാത്മക കവിതകളുടെ ഒരു വായനക്കാരനായിരുന്നു. സാഹിത്യത്തിന്റെ സൗന്ദര്യാത്മകവും സർഗാത്മകവുമായ അഭിരുചിയിലൂടെയാണ് മാർക്സിസ്റ്റ് വിമർശന പാരമ്പര്യത്തിലേക്ക് ജെയിംസൺ രംഗപ്രവേശംചെയ്യുന്നത്. കലയുടെയും സാഹിത്യത്തിന്റെയും സർഗാത്മകമായ ജൈവികത ജെയിംസോണിയൻ വിമർശനത്തിൽ പ്രധാനമായിരുന്നു.

റെയ്‌മോൻ ഷാൻഡ്‌ലെർ പോലുള്ള കുറ്റാന്വേഷക എഴുത്തുകാരന്റെ രചനകളെയും സിഡ്നി ലുമേറ്റിന്റെ സിനിമകളെയും ഉർസുല ലെഗ്വിനിന്റെ സയൻസ് ഫിക്ഷൻ കൃതികളും അതിന്റെ സവിശേഷതകളോടെ ഉൾക്കൊള്ളാനും അത്തരം രചനകളെ അടിസ്ഥാനമാക്കി വർത്തമാനത്തെ ചരിത്രവത്കരിക്കാനും ജെയിംസണ് സാധിച്ചത് കലയെയും എഴുത്തിനെയും കുറിച്ചുള്ള സർഗാത്മകമായ ലോകദർശനം ഉൾക്കൊണ്ടിരുന്നതുകൊണ്ടാണ്. യാന്ത്രികാദി-അധികാരാദി-സാമൂഹികശാസ്ത്രാദി-പാർട്ടിവേദിയാദി അങ്ങനെ അനേകം ആധികൾ കൂടിച്ചേർന്ന അധികാരബോധമുള്ള മാർക്സിസമായിരുന്നില്ല ​െഫ്രഡറിക് ജെയിംസണിന്റെ മൗലിക പ്രേരണ.

​െഫ്രഡറിക് ജെയിംസണിന്റെ മാർക്സിസത്തിലേക്കുള്ള വഴിത്തിരിവിന്റെ രചനയായ മാർക്സിസവും രൂപവും (Marxism and Form) സൃഷ്ടിപരമായ അന്വേഷണത്തിന്റെ തെളിവാണ്. ലുകാച്, ബെന്യാമിൻ, ബ്ലോഹ് തുടങ്ങിയ ജർമൻ മാർക്സിസ്റ്റ് സൈദ്ധാന്തികരുടെ അന്വേഷണങ്ങളെ പിന്തുടർന്നാണ് മാർക്സിയൻ വൈരുധ്യാത്മകത ജെയിംസണിന്റെ സാഹിത്യദർശനത്തിൽ സവിശേഷ പ്രാധാന്യം നേടുന്നത്. തൊട്ടുപിന്നാലെ പ്രസിദ്ധീകരിച്ച ‘പ്രിസൺ ഹൗസ് ഓഫ് ലാംഗ്വേജ്’ (Prison House of Language) ഘടനാവാദത്തിനെതിരെയുള്ള വിമർശനമാണ്. ഫ്രഞ്ച് ഘടനാവാദവും റഷ്യൻ ഫോർമലിസവും വിമർശനത്തിനു വിധേയമാക്കുന്നു. ജെയിംസണിന്റെ ചരിത്രസാകല്യതക്ക് നിദാനമാകുന്ന സഹകാലീനതയും (synchrony) സകലകാലീനതയും (diachrony) ജെയിംസണിന്റെ മാർക്സിസ്റ്റ് വ്യാഖ്യാനാത്മക ശാസ്ത്രത്തിൽ സ്ഥാനംപിടിക്കുന്നത് ഘടനാവാദ വിമർശനത്തോടെയാണ്. ഫ്രഞ്ച് ഘടനാവാദത്തെയും ജർമൻ മാർക്സിസ്റ്റ് വൈരുധ്യാത്മകതയെയും സംയോജിപ്പിക്കുകയായിരുന്നു താനെന്ന് ​െഫ്രഡറിക് ജെയിംസൺ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

 പാഠാന്തരാശയങ്ങളാൽ ഏറെ സമ്പുഷ്ടവും വ്യത്യസ്ത ഴോനറു(Genre)കളിൽപെടുന്ന രചനകളെ ഉൾക്കൊള്ളുന്നതുമായ വളരെ വൈപുല്യമാർന്ന രചനാലോകമാണ് ​െഫ്രഡറിക് ജെയിംസണിന്റേത്. ഇത്ര വൈപുല്യമുള്ളതാണെങ്കിലും ജെയിംസണിന്റെ മാർക്സിസ്റ്റ് വ്യാഖ്യാനശാസ്ത്രം കൈകാര്യംചെയ്യുന്ന പ്രമേയങ്ങൾ പരിമിതമായിരുന്നു. പരിമിതി എന്നല്ല പറയേണ്ടത്. വളരെ സവിശേഷമായ പ്രമേയങ്ങളാണ് അന്വേഷണവിഷയമാക്കിയതെന്നാണ്. ഉട്ടോപ്യ, ആധുനികത, സാംസ്കാരികമായ മാറ്റങ്ങളുടെ അന്തർഘടന, മുതലാളിത്തം, ചരിത്രം. ചരിത്രം ജെയിംസണിന്റെ പ്രമേയമല്ല. മൂന്ന് ചക്രവാളങ്ങളുള്ള ചരിത്രഘടനയാണ് ജെയിംസൺ പാഠങ്ങളുടെ വിശകലനത്തിനായി രൂപപ്പെടുത്തിയ മാതൃക.

എന്നാൽ, നവചരിത്ര വാദത്തിന്റെ (New Historicism) അടഞ്ഞ എംപിരിസിസത്തെ നേരിടാനാണ് ജെയിംസൺ ചരിത്രത്തെ പ്രമേയമാക്കുന്നത്. ഫുക്കോയുടെ പഠനങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ട് മാർക്സിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നവ ചരിത്രവാദത്തിന്റെ പ്രയോക്താക്കൾ. എംപിരിസിസ്റ്റ് ചരിത്രവസ്തുതകളിലും സന്ദർഭങ്ങളിലും കെട്ടുപിണയുന്നതോടെ വർത്തമാനത്തെ മറികടക്കുക എന്ന മാർക്സിസ്റ്റ് ചരിത്രബോധത്തിന്റെ അഭാവമായി നവചരിത്രവാദം സിദ്ധാന്തീകരിക്കപ്പെടുന്നുവെന്നാണ് ​െഫ്രഡറിക് ജെയിംസൺ വിമർശനമായി ഉന്നയിക്കുന്നത്. വർത്തമാനത്തെ ചരിത്രവത്കരിക്കുന്നത് മുതലാളിത്തത്തെ മറികടക്കാനാണ്.

ജെയിംസണിന്റെ പഠനങ്ങൾ മുഖ്യമായും ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചായിരുന്നു. മധ്യകാല കൃതികൾ ജെയിംസണിലെ മാർക്സിസ്റ്റിനെ പ്രചോദിപ്പിച്ചിരുന്നില്ല എന്നുവേണം അനുമാനിക്കാൻ. അതേസമയം, വർത്തമാന സന്ദർഭത്തെ മുൻനിർത്തി ഉട്ടോപ്യ എഴുതിയ തോമസ് താമൂറിനെ വ്യാഖ്യാനത്തിനു പുനഃസന്ദർശിക്കുന്നുണ്ട്. കൂട്ടത്തിൽ പറഞ്ഞുകൊള്ളട്ടെ, ഡ്യൂക് സർവകലാശാലയിൽ താരതമ്യസാഹിത്യ പഠന വകുപ്പ് അധ്യാപകനും അതിന്റെ അധ്യക്ഷനുമായിരുന്നു ജെയിംസൺ. സാഹിത്യപരമായ ഭാവുകത്വം പേറുന്നതാണ് ജെയിംസണിന്റെ കൃതികളുടെ പേരുകൾ, അതുകൊണ്ടുതന്നെ കൗതുകകരവും.

Valences of Dialectic, Signatures of Visible, Fables of Aggression, Geopolitical Aesthetic, A Singular Modernity, Antinomies of Realism, Cultural Turn. സമീപകാലത്തിറങ്ങിയ American Utopia: Dual Power മുതൽ ഈയിടെ പ്രസിദ്ധീകരിച്ച പലപ്പോഴായി എഴുതിയ നോവൽ പഠനങ്ങളുടെ സമാഹാരം Inventions of a Present: Novel in its Crisis. രണ്ട് ആംഗ്ലോ അമേരിക്കൻ സാഹിത്യ വിമർശകരാണ്, എന്റെ വ്യക്തിപരമായ അനുഭവമണ്ഡലത്തിൽ, ഉയർന്ന ഗോപുരങ്ങളായി വർത്തിക്കുന്നത്. വ്യത്യസ്ത പാരമ്പര്യങ്ങളിൽപെടുന്നവരാണെങ്കിലും സാഹിത്യ പഠനങ്ങളുടെ ദിശ നിർണയിക്കുക മാത്രമല്ല പുതുവായനകളെ പ്രേരിപ്പിക്കുകയുംചെയ്ത രണ്ടു വിമർശകർ –ഹാരോൾഡ്‌ ബ്ലൂമും ​െഫ്രഡറിക് ജെയിംസണും.

വ്യാഖ്യാനശാസ്ത്രപരമായ (hermeneutic) മാർക്സിസത്തിനു അടിത്തറയിട്ടുവെങ്കിലും ​െഫ്രഡറിക് ജെയിംസണിന്റെ പരിധിയും പരിമിതിയും –ഒരുപക്ഷേ, പാശ്ചാത്യ മാർക്സിസത്തിന്റെ തന്നെ– പ്രായോഗികമായ പരിവർത്തനാത്മകയുടെ അനിവാര്യതയും ദൈനംദിന രാഷ്ട്രീയ പ്രവർത്തനവും തെരുവിലിറങ്ങിയുള്ള ഭരണകൂടവുമായി സംഘർഷത്തിലേർപ്പെടേണ്ട പ്രക്ഷോഭാത്മകതയും അന്യമായിരുന്നുവെന്നാണ്. ജെയിംസൺ ഇതിനെ മറികടക്കുന്നത് ദൗത്യപൂർണമായ ഉട്ടോപ്യ എന്ന ആശയം (messianic utopianism) ആവർത്തിച്ചു നിദർശിക്കുന്നതിലൂടെയാണ്. ഏണസ്റ്റ് ബ്ലോഹിന്റെ സങ്കൽപങ്ങളോട് ചേരുന്നവിധം ഉട്ടോപ്യയാണ് ജെയിംസണിന്റേതും. കോർണൽ വെസ്റ്റ് ജെയിംസണെതിരെ ഉന്നയിച്ച പ്രധാന വിമർശനം ജെയിംസണിന്റെ രാഷ്ട്രീയ വ്യാഖ്യാന ശാസ്ത്രം രാഷ്ട്രീയ പോരാട്ടങ്ങളിൽനിന്നും അതിവിദൂരത്താണെന്നാണ്.

 

 െഫ്ര​ഡ​റി​ക് ജെ​യിം​സൺ പൊതുവേദിയിൽ

കേവലം സൈദ്ധാന്തികം മാത്രമാണ്. ജെയിംസൺ കുറ്റകരമായി പറയുന്ന വ്യവഹാരങ്ങളുടെ അന്യവത്കരണ പ്രക്രിയ (reification) ജെയിംസണും പുനരാവിഷ്‍കരിക്കുകയാണ് എന്നാണ് കോർണൽ വെസ്റ്റ് വിമർശിക്കുന്നത്. അല്ലെങ്കിൽതന്നെ ലെനിനും മാവോവിനും ശേഷം പ്രായോഗിക മാർക്സിസത്തിന്റെ ജ്ഞാനദർശകർ വേറെയാരാണുള്ളത്. ലൂയി അൽത്തൂസർ മൗലികമായി മാർക്സിസത്തെ സമകാലികവത്കരിച്ച ചിന്തകനാണെങ്കിലും വിപ്ലവാത്മക രാഷ്ട്രീയത്തിന്റെ അനിവാര്യത അഭിമുഖീകരിച്ചിട്ടില്ല. സമഗ്രാധിപത്യപരതയുടെ പേരിൽ പാശ്ചാത്യ മാർക്സിസം മാവോവിന്റെ യൂറോപ്പേതര മാർക്സിസത്തെ അപയുക്തവുമാക്കിയിരുന്നു (discredit). അതൊക്കെക്കൊണ്ടുതന്നെ വിപ്ലവ രാഷ്ട്രീയവും സാമൂഹിക പ്രയോഗങ്ങളും പാശ്ചാത്യ മാർക്സിസത്തിന് അന്യമായിരുന്നു.

ഉട്ടോപ്യയാണ് പാശ്ചാത്യ മാർക്സിസത്തിനു പകരംവെക്കാനുണ്ടായിരുന്നത്. സിദ്ധാന്തവത്കരണത്തിനപ്പുറം രാഷ്ട്രീയപ്രയോഗം സാധ്യമായിരുന്നതുമില്ല. നഗരവത്കരണവും സൈബർനെറ്റിക്‌സും ചേരുന്ന ഇടങ്ങളെക്കൂടി ചേർത്താണ് ജെയിംസൺ ഉട്ടോപ്യ വിഭാവനം ചെയ്യുന്നത്. ജെയിംസണിന്റെ Archaeologies of the Future എന്ന കൃതിയിലും An American Utopiaയിലും ഈ ആശയത്തിന്റെ വിപുലീകരണം കാണാം.

ഉട്ടോപ്യൻ ഫാന്റസിയുടെ പുനരാഗമനം അപ്രതീക്ഷിതവും വളരെ വേഗത്തിൽ സംഭവിക്കുന്നതുമാണ്. സാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന ചടുലമായ മാറ്റങ്ങളെ അത്രതന്നെ വേഗത്തിൽ മുതലാളിത്തം ആഗിരണം ചെയ്യുന്നതും മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗങ്ങളെ നിഷ്പ്രയോജനവും നിസ്സഹായവുമാക്കുന്നു. മൂന്നാംലോക രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷം, ഒരുവേള, ഇത്തരമൊരു പ്രതിസന്ധിയെയല്ല അഭിമുഖീകരിക്കുന്നത്. ജീവൽപ്രശ്നങ്ങളുടെ രാഷ്ട്രീയത്തിന്റെ സവിശേഷതകൾ മൂന്നാംലോക മാർക്സിസ്റ്റ് രാഷ്ട്രീയത്തിനു പുത്തൻമാനങ്ങൾ നൽകുന്നു. പാശ്ചാത്യ മാർക്‌സിസത്തിനു മനസ്സിലാക്കാനും പഠിക്കാനും ഒരുപാട് സാധ്യതകളാണ് മൂന്നാംലോക മാർക്സിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്.

​എം.എം. ലോറൻസ്​,സാർത്ര്​

മൂന്നാംലോക മാർക്സിസ്റ്റ് രാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മറ്റൊരുവിധമുള്ളതാണ്. െഫ്രഡറിക് ജെയിംസണിന്റെ ഉട്ടോപ്യ എന്നത് പാശ്ചാത്യ മാർക്സിസത്തിലെ അന്ധസ്ഥലവുമായി ബന്ധപ്പെട്ടതാണ്. ആ അന്ധസ്ഥലം ലോകവിപണിയുമായി ബന്ധപ്പെട്ടുള്ള സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അനുഭവൈകജ്ഞാനത്തിന്റെ അഭാവം നിമിത്തമുള്ളതുമാണ്. ജെയിംസണിന്റെ മറ്റൊരു പരികൽപനയായ ദേശീയ അലിഗറി (National Allegory) വിമർശിക്കപ്പെട്ടിട്ടുള്ളത് ഈയൊരു അജ്ഞതയുടെ കാരണത്താലാണ്.

ഇങ്ങനെയാണെങ്കിലും ​െഫ്രഡറിക് ജെയിംസണ് മലയാള ഇടതുപക്ഷ ചിന്തകവർഗങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ഉത്തരാധുനികതയുടെ സന്ദർഭത്തിൽ പുത്തൻ പ്രവണതകളെ മനസ്സിലാക്കാനും രേഖപ്പെടുത്താനും ജെയിംസണിന്റെ ഉൾക്കാഴ്ചകൾ പ്രചോദനകരമായതുകൊണ്ടാകാം ഇത്. കേരളത്തിന്റെ സമൂഹമാധ്യമ ഇടങ്ങളിൽ ജെയിംസണ് മരണാനന്തരം ആദരാഞ്ജലികളുടെ പ്രവാഹമായിരുന്നു. ജെയിംസണിന്റെ മരണത്തിന്റെ രണ്ടുദിവസം മുമ്പാണ് സി.പി.എം നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ സാഹസിക നായകനുമായ എം.എം. ലോറൻസ് വിടവാങ്ങുന്നത്. അവർ തമ്മിൽ അഞ്ചുവയസ്സിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും സമകാലികർ.

എം.എം. ലോറൻസിന് സൈബർ ഇടങ്ങളിൽ ലഭിച്ചത്രതന്നെയോ അല്ലെങ്കിൽ അതിൽ കൂടുതലോ ആദരവ് ​െഫ്രഡറിക് ജെയിംസണും ഇടതുപക്ഷ സൈബറിടങ്ങളിൽ ലഭിച്ചിട്ടുണ്ടാകണം. ആഗോള ടെക് കുത്തകയുടെ ഫേസ്ബുക്കിൽ ഡിജിറ്റൽ മുതലാളിത്തത്തിന്റെ ലൈക്കടി ഡേറ്റ ശീലങ്ങൾക്ക് അനുബന്ധമായി മെട്രോപൊളിറ്റൻ മാർക്സിസ്റ്റായ ജെയിംസണ് മൂന്നാംലോകരുടെ ആദരവുകൾ ജെയിംസണിന്റെ തന്നെ സങ്കൽപനമായ നവ്യമായ ആഴമില്ലായ്മ (new depthlessness) എന്ന ഉത്തരാധുനിക സാർവലൗകികാനുഭവത്തിനു നിദർശനവുമായി.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT