വേറെയും ചില വ്യവഹാരാനുഭവങ്ങൾ

‘‘കൗ​തു​ക​ക​ര​മാ​യ ചി​ല വ്യ​വ​ഹാ​രാ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​ക്കും. ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ൽ ശ​ബ​രി​മ​ല അ​യ്യ​പ്പ​നെ​ക്കു​റി​ച്ചു​ള്ള ഒ​രു മു​ഴു​വ​ൻ പേ​ജ് ഫീ​ച്ച​ർ അ​ച്ച​ടി​ച്ചു​വ​ന്ന​പ്പോ​ൾ അ​തെ​ങ്ങ​നെ ഒ​രു വ്യ​വ​ഹാ​ര വി​ഷ​യ​മാ​യി എ​ന്ന് പെ​ട്ടെ​ന്ന് തോ​ന്നി​യേ​ക്കാം’’ -വ്യവഹാര അനുഭവങ്ങൾ തുടരുന്നു.ഹൈകോടതിയിൽ വേറെയും വ്യവഹാരങ്ങളിൽ ഹാജരായി വാദം പറഞ്ഞു. അതിപ്പോഴും തുടരുന്നു. സാധാരണ മനുഷ്യർക്കായി ഹാജരാകുന്ന കേസുകളിൽതന്നെയാണ് ചിലപ്പോൾ അസാധാരണമായ വിധികളുണ്ടാവുക. ഒന്നോർത്താൽ, കക്ഷികൾക്കിടയിൽ സാധാരണക്കാരും അല്ലാത്തവരുമെന്ന വേർതിരിവ് തന്നെ...

‘‘കൗ​തു​ക​ക​ര​മാ​യ ചി​ല വ്യ​വ​ഹാ​രാ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​ക്കും. ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ൽ ശ​ബ​രി​മ​ല അ​യ്യ​പ്പ​നെ​ക്കു​റി​ച്ചു​ള്ള ഒ​രു മു​ഴു​വ​ൻ പേ​ജ് ഫീ​ച്ച​ർ അ​ച്ച​ടി​ച്ചു​വ​ന്ന​പ്പോ​ൾ അ​തെ​ങ്ങ​നെ ഒ​രു വ്യ​വ​ഹാ​ര വി​ഷ​യ​മാ​യി എ​ന്ന് പെ​ട്ടെ​ന്ന് തോ​ന്നി​യേ​ക്കാം’’ -വ്യവഹാര അനുഭവങ്ങൾ തുടരുന്നു.

ഹൈകോടതിയിൽ വേറെയും വ്യവഹാരങ്ങളിൽ ഹാജരായി വാദം പറഞ്ഞു. അതിപ്പോഴും തുടരുന്നു. സാധാരണ മനുഷ്യർക്കായി ഹാജരാകുന്ന കേസുകളിൽതന്നെയാണ് ചിലപ്പോൾ അസാധാരണമായ വിധികളുണ്ടാവുക. ഒന്നോർത്താൽ, കക്ഷികൾക്കിടയിൽ സാധാരണക്കാരും അല്ലാത്തവരുമെന്ന വേർതിരിവ് തന്നെ പാടില്ലാത്തതാണ്. നൂറുകണക്കിന് റിപ്പോർട്ടു ചെയ്യപ്പെട്ട വിധികൾ പ്രസക്തമാകുന്നത് അവയിലെ കക്ഷികൾ ആരാണെന്നതിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച്, അവയിലൂടെ വ്യക്തമാക്കപ്പെട്ട നിയമതത്ത്വങ്ങളുടെ പേരിലാണ്.

എങ്കിലും, കൗതുകകരമായ ചില വ്യവഹാരാനുഭവങ്ങൾ ഓർമയിൽ തങ്ങിനിൽക്കും. ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ഒരു മുഴുവൻ പേജ് ഫീച്ചർ അച്ചടിച്ചുവന്നപ്പോൾ അതെങ്ങനെ ഒരു വ്യവഹാര വിഷയമായി എന്ന് പെട്ടെന്ന് തോന്നിയേക്കാം. അതേ പേജിൽതന്നെ കുറച്ചു പരസ്യങ്ങളും ഉണ്ടായിരുന്നു. പരസ്യങ്ങളുടെ സ്ഥാനം നിശ്ചയിക്കുന്നത് പലപ്പോഴും എഡിറ്റർ ആകണമെന്ന് നിർബന്ധമില്ല. പേജിന്റെ ഏതാണ്ട് മധ്യഭാഗത്തായി ഒരു ഗർഭനിരോധന ഉൽപന്നത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത് തികച്ചും യാദൃച്ഛികം മാത്രമായിരുന്നു.

എന്നാൽ, നിത്യ ബ്രഹ്മചാരിയായ അയ്യപ്പനെക്കുറിച്ചുള്ള ഫീച്ചറിനിടയിൽ ഇത്തരമൊരു പരസ്യം നൽകിയതിന്റെ ഉദ്ദേശ്യശുദ്ധിതന്നെ ചോദ്യംചെയ്യുന്ന ഒരു പൊതു താൽപര്യ വ്യവഹാരം ഹൈകോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. ആ പത്രത്തിന്റെ ഉടമക്കും എഡിറ്റർക്കും മറ്റും വേണ്ടിയാണ് ഞാൻ ഹാജരായത്. തികച്ചും യാദൃച്ഛികമായി സംഭവിച്ച ഈ ‘പൊരുത്തക്കേടി’ൽ ഒരു ദുരുദ്ദേശ്യവും ആരോപിക്കാവുന്നതല്ലെന്നും പത്രപ്രവർത്തനത്തിൽ സംഭവിക്കാവുന്ന നിർദോഷമായ ഫലിതങ്ങളായി മാത്രമേ പക്വതയുള്ള ഒരു സമൂഹം ഇതിനെ കാണുകയുള്ളൂവെന്നും ചൂണ്ടിക്കാണിച്ചത് ജസ്റ്റിസ് ശങ്കര സുബ്ബന്റെ ബെഞ്ച് അപ്പോൾതന്നെ അംഗീകരിച്ചു. ആ ഹരജി തള്ളി.

* * *

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, കേന്ദ്ര ഭരണപ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ, മന്ത്രിമാർ എന്നിവർക്കെതിരെ ആരെങ്കിലും അപകീർത്തിക്കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടാൽ അതിന്റെ പേരിൽ പരാതി തയാറാക്കി കേസ് ഫയൽചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് അധികാരമുണ്ട്. ക്രിമിനൽ നടപടിക്രമത്തിലെ 199ാം വകുപ്പ് പ്രകാരം അപകീർത്തിക്ക് വിധേയനായ മന്ത്രി അഥവാ ഗവർണർ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല. പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹാജരായി കേസ് നടത്താം. ഈ വകുപ്പിന്റെ ദുരുപയോഗ സാധ്യതയെക്കുറിച്ച് ഞാൻ ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് (2020) ഒരു ലേഖനമെഴുതിയിരുന്നു.

സർക്കാറിനും മന്ത്രിമാർക്കുമെതിരെ ജനാധിപത്യപരമായി ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെപ്പോലും കുറ്റകരമായി വ്യാഖ്യാനിച്ച് വിമർശകരെ കേസിൽപെടുത്തി ബുദ്ധിമുട്ടിക്കാൻ ഭരണകൂടത്തെ സഹായിക്കുന്നതാണീ വ്യവസ്ഥ. മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് ഈ വകുപ്പനുസരിച്ച് പ്രോസിക്യൂഷന് വിധേയരാകുമായിരുന്ന ഒരു കൂട്ടം മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ ഒറ്റയടിക്ക് റദ്ദാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലെഴുതിയതായിരുന്നു ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ലേഖനം.

എന്നാൽ, ഇത്തരമൊരു കേസ് ‘മലയാളം’ വാരികയുടെ എഡിറ്ററായ എസ്. ജയചന്ദ്രൻ നായർക്കും മാധ്യമ സ്ഥാപനമായ എക്സ്പ്രസ് പബ്ലിക്കേഷൻസിനും (മധുര) എതിരെ വന്നു. മന്ത്രിയായിരുന്ന എളമരം കരീമിനെപ്പറ്റി വാരികയിൽ വന്ന ഒരു റിപ്പോർട്ടിന്റെ പേരിലാണ്​ പബ്ലിക് പ്രോസിക്യൂട്ടർ കേസ് ഫയൽ ചെയ്തത്. ഈ കേസ് മാധ്യമ സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും എതിരാണെന്നും നിയമപരമായി നിലനിൽക്കുകയില്ലെന്നും എക്സ്പ്രസ് ഗ്രൂപ്പിനും ജയചന്ദ്രൻ നായർക്കും വേണ്ടി ഹൈകോടതിയിൽ ഹരജി നൽകിക്കൊണ്ട് ഞാൻ ബോധിപ്പിച്ചു.

പ്രഥമദൃഷ്ട്യാ ആ വാദം ശരിവെച്ച കോടതി വിചാരണകോടതിയിലെ കേസ് സ്റ്റേ ചെയ്തു. ജയചന്ദ്രൻ നായർക്കോ എക്സ്പ്രസിന്റെ മനോജ്കുമാർ സൊന്താലിയക്കോ മറ്റുള്ളവർക്കോ ഇൗ കേസിൽ ഒരിക്കൽപോലും പ്രതിക്കൂട്ടിൽ കയ​േറണ്ടിവന്നില്ല. ജസ്റ്റിസ് രാംകുമാർ ഉത്തരവിട്ട സ്റ്റേ കാരണം അങ്ങനെയൊരു വലിയ സമാശ്വാസം പത്രപ്രവർത്തകർക്കും ഉടമക്കും ഉണ്ടായി. പിന്നീട് തെരഞ്ഞെടുപ്പ് വരുകയും മന്ത്രിസഭ മാറുകയും ഉമ്മൻ ചാണ്ടി മുഖ്യമ​ന്ത്രിയാവുകയുംചെയ്തു. പുതിയ മന്ത്രിസഭയാകട്ടെ, എഡിറ്റർക്കും പത്രസ്ഥാപനത്തിന്റെ സാരഥികൾക്കുമെതിരെയുള്ള പ്രോസിക്യൂഷൻ നടപടി പിൻവലിച്ച് ഉത്തരവിറക്കി. അതി​ന്റെ അടിസ്ഥാനത്തിൽ ഹൈകോടതിയും കേസ് തീർപ്പാക്കി.

* * *

അധികാരികൾ മാറ്റിച്ചിന്തിക്കുന്നതുമൂലം അഥവാ അവരെ അതിനു പ്രേരിപ്പിക്കുന്നതുവഴി ചില വ്യവഹാരങ്ങൾ വിജയകരമാകാറുണ്ട്. ആറന്മുള വിമാനത്താവള നിർമാണത്തിനുള്ള നീക്കം സജീവമായപ്പോൾ അതിനെതിരെ കേരള ഹൈകോടതിയിൽ റിട്ട് ഹരജി ഫയലാക്കി. സുഗതകുമാരിയും മറ്റുമായിരുന്നു എന്റെ കക്ഷികൾ. കേരളത്തിൽ വേണ്ടതിലേറെ വിമാനത്താവളങ്ങൾ ഇതിനകംതന്നെയുള്ള സ്ഥിതിക്ക്, പ്രകൃതിക്കും അതുവഴി മനുഷ്യനുതന്നെയും വൻ വിപത്തുകൾ സൃഷ്ടിച്ചേക്കാവുന്ന, നൈസർഗിക ആവാസവ്യവസ്ഥകളെ തകർക്കുന്ന ഇത്തരം‘വികസന നീക്കങ്ങൾ’, നിയമങ്ങൾക്കും ഭരണഘടനാ തത്ത്വങ്ങൾക്കുംകൂടി എതിരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു, ആ ഹരജി. അന്ന് അഭിഭാഷകനായിക്കഴിഞ്ഞിട്ടില്ലാത്ത പരിസ്ഥിതിപ്രവർത്തകൻ ഹരീഷ് വാസുദേവൻ നന്നായി വിഷയം പഠിച്ചതിനാൽ ഹരജി തയാറാക്കൽ സുഗമമായി.. പിന്നീട് ഹരീഷ് അഭിഭാഷകനായി ഒട്ടേറെ പരിസ്ഥിതി വ്യവഹാരങ്ങൾ നടത്തി.

 

മാധവ് ഗാഡ്ഗിൽ

സുഗതകുമാരിയുടെ കേസ് ഫയലിൽ സ്വീകരിച്ച് ഹൈകോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. കേസിന്റെ വികാസ പരിണാമങ്ങളെക്കുറിച്ച് ടീച്ചർ തികഞ്ഞ ജാഗ്രതയോടെ വിളിച്ച​ന്വേഷിക്കുമായിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അവർ കാണിച്ച പ്രതിബദ്ധത മാതൃകാപരമാണ്. അവരുടെ ഹരജി കോടതിയും ഗൗരവത്തിലെടുത്തുവെന്ന് അവർക്കുവേണ്ടി ഹാജരായ ഘട്ടങ്ങളിൽ എനിക്ക് ബോധ്യം വന്നു. ആ കേസ് നല്ലരീതിയിൽ മുന്നോട്ടുപോയി. ഒടുവിൽ അധികൃതർതന്നെ ആ സുപ്രധാന തീരുമാനമെടുത്തു –ആറന്മുള വിമാനത്താവളത്തിനായുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു. പിൽക്കാലത്ത് അക്കാര്യം രേഖപ്പെടുത്തിക്കൊണ്ട് കോടതി കേസ് തീർപ്പാക്കി.

സമാനമായ മറ്റൊരു വ്യവഹാരമായിരുന്നു, ശബരി റെയിൽവേക്കെതിരെയും ഉണ്ടായിരുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പുറമെ, അന്യായമായ ഭൂമിയേറ്റെടുക്കൽ ഭീഷണിയും ആ കേസിലെ ഹരജിക്കാർ ഉന്നയിച്ചു. പദ്ധതി വന്നാലുണ്ടാ​േയക്കാവുന്ന പാരിസ്ഥിതിക വിപത്തുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കനപ്പെട്ട ഒരു പഠന റിപ്പോർട്ടുകൂടി പിന്നീട് കേസിൽ ഹാജരാക്കിയപ്പോൾ അതുകൂടി പരിഗണിച്ചശേഷം മാത്രമേ പദ്ധതിയുമായി മു​ന്നോട്ടുപോകാൻ പാടുള്ളൂ എന്ന് ഹൈകോടതി നിർദേശിച്ചു.

ഹരജിക്കാരനായ കൃഷ്ണമൂർത്തി റിട്ടയർ ചെയ്ത ഒരു എൻജിനീയറായിരുന്നു. ജർമനിയിൽ ഏറെക്കാലം ജോലി ചെയ്തിരുന്ന സാത്വികനായ ഒരാൾ. പരിസ്ഥിതി ശാസ്ത്രജ്ഞനായ ​ഡോ. എസ്. ശങ്കർ ഈ കേസിൽ ഹാജരാക്കിയ പരിസ്ഥിതിയാഘാത​​ റിപ്പോർട്ട് തയാറാക്കുന്നതിൽ കാണിച്ച ശുഷ്‍കാന്തി അഭിനന്ദനീയമാണ്. ഒടുവിൽ അന്ന് നിർദേശിച്ച രീതിയിലുള്ള ശബരി റെയിൽവേ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.

ഇപ്പോൾ വീണ്ടും ശബരി റെയിൽവേ, ശബരി വിമാനത്താവളം എന്നിവക്കായി വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നും നീക്കം നടക്കുന്നു. 2018 മുതൽ തുടർച്ചയായി വെള്ളപ്പൊക്കവും മഴക്കെടുതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റ് ഭവിഷ്യത്തുകളുമെല്ലാം ഉണ്ടായിട്ടും മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകൾ ശരിയായിരുന്നുവെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടും ‘വികസന’മെന്ന അന്ധവിശ്വാസം ഉപേക്ഷിക്കാൻ കേരളത്തിലെതന്നെ ഭരണാധികാരികളോ ജനങ്ങളിൽ വലിയൊരു വിഭാഗമോ ഇപ്പോഴും തയാറായിട്ടില്ല. ഭൂരിപക്ഷം ഒരിക്കലും ശരിയല്ലെന്ന് ഇബ്സന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കെ-റെയിൽ മുതൽ അതിരപ്പിള്ളി പദ്ധതി വരെയുള്ള നിരവധി പദ്ധതികൾക്ക് സർക്കാറിനൊപ്പം വലിയൊരു വിഭാഗം ജനങ്ങളും നിലയുറപ്പിച്ചു.

എന്നാൽ, ഇത്തരം പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പദ്ധതികൾക്കെതിരെ നല്ലൊരു വിഭാഗം മനുഷ്യർ ഇന്നും മുന്നോട്ടുവരുന്നുവെന്നത് ആശ്വാസകരമാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം കെട്ടുന്നതിനെ അപേക്ഷിച്ച് ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ കാര്യം ഡാമിൽ ടണലുണ്ടാക്കി ജലനിരപ്പുയരാത്ത വിധത്തിൽ നിലനിർത്തി തമിഴ്നാട്ടിലേക്ക് വെള്ളമെത്തിക്കാവുന്നതാണെന്ന് സാ​ങ്കേതിക വിദഗ്ധരും ചില പരിസ്ഥിതി പ്രവർത്തകരും വിശദമാക്കിയിട്ടും ഇന്നും ഈ ലളിതയുക്തി നമ്മുടെ അധികാരകേന്ദ്രങ്ങളിലെത്താത്തത് എന്തുകൊണ്ടായിരിക്കും?

സ്വാതന്ത്ര്യംപോലെ പ്രകൃതിയും സംരക്ഷിക്കപ്പെടണമെങ്കിൽ ജനങ്ങളുടെ നിതാന്ത ജാഗ്രത വേണം. ഈ കുറിപ്പുകളുടെ തുടക്കത്തിൽ സൂചിപ്പിച്ച ഫ്രഞ്ച് നവ മാർക്സിസ്റ്റ് ഗോർസിന് പരിസ്ഥിതിയുടെ രാഷ്ട്രീയം അതിജീവനത്തിന്റെ കൂടി രാഷ്ട്രീയം (Politics of Survival) ആയിരുന്നു. റഷ്യൻ മാസികയായ ‘സ്പുട്നിക്കി’ൽ ഭൂമിയുടെ ചിത്രം ഗോളാകൃതിയിൽ വരച്ചുവെച്ച കുട്ടികൾ അതിനുകീഴെ എഴുതിയതിങ്ങനെ –‘‘ഇതല്ലാതെ മറ്റൊരു ഭവനമില്ല’’. മനുഷ്യരാശിക്കുള്ള ഈ ജാഗ്രതാനിർദേശത്തെ ഇപ്പോഴും അവഗണിക്കുന്ന സമൂഹവും സർക്കാറും പ്രബുദ്ധമാകുന്നതെങ്ങനെ?

കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കായി ഹൈകോടതിയിലും (പിന്നീട് സുപ്രീംകോടതിയിലും) വാദിക്കുകയുണ്ടായി. ഡിവിഷൻ ബെഞ്ചിനുവേണ്ടി ജസ്റ്റിസ് വിനോദ് ചന്ദ്രൻ എഴുതിയ വിധിയിൽ ഇരകൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്താൻ ഞാൻ തയാറായതിനെ പ്രകീർത്തിച്ചു. കുറേ നേട്ടങ്ങൾ ഈ വ്യവഹാരങ്ങൾ വഴി എൻഡോസൾഫാൻ ഇരകൾക്കുണ്ടായി എന്നത് ശരിയാണ്. എന്നാൽ, ഈ പ്രദേശത്തെ നിഷ്‍കളങ്കരായ മനുഷ്യർ അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന യാതനകൾ നോക്കുമ്പോൾ കോടതികളിൽനിന്നുണ്ടായ അനുകൂലവിധികൾപോലും തുലോം ചെറുതാണെന്നേ പറയാൻ കഴിയൂ.

* * *

എടുത്തുപറയേണ്ടുന്ന മറ്റൊരു വിഷയം ഇടനാടൻ കുന്നുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. പെരുമ്പാവൂരിനടുത്ത് ‘ഗ്രാസ് ഹോപ്പർ’ എന്ന യുവാക്കളുടെ ചെറുസംഘം തങ്ങളുടെ പ്രദേശത്തെ കുന്നുകൾ സംരക്ഷിക്കാനായി നിയമപോരാട്ടം നടത്തിയതും കേരള ഹൈകോടതിയിലായിരുന്നു.

ഈ സവിശേഷ ആവാസവ്യവസ്ഥയുടെ പരിരക്ഷണത്തിനായി നടത്തിയ ചില വ്യവഹാരങ്ങൾ ഫലം കണ്ടുവെന്ന് ചാരിതാർഥ്യത്തോടെ ഓർക്കുന്നു. കേരളത്തിലെ മിനറൽചട്ടങ്ങളുടെയും മറ്റും ദുരുപയോഗത്തിലൂടെയാണ് പലപ്പോഴും അനധികൃത മണ്ണ് ഖനനം നടക്കുന്നതായി യഥാർഥത്തിൽ, നിയമപരമായി ‘അധികൃത’മായ ഖനനങ്ങളും പലപ്പോഴും പാരിസ്ഥിതികമായി അനധികൃതംതന്നെയാണ്. ഇതു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാർ എന്റെതന്നെ ചെറുപ്പകാലത്തെ ഓർമിപ്പിക്കുകയായിരുന്നു. ഹൈകോടതിയിൽ 2000നും 2015നും മധ്യേ നടത്തിയ പല പരിസ്ഥിതി വ്യവഹാരങ്ങൾക്കും പിന്നിൽ ഓർമകൾ ഒരുതരം ആവേശംകൂടിയായി തുടർന്നു.

എന്നാൽ, ചിലപ്പോഴാകട്ടെ, ഓർമകൾ മനഃസാക്ഷിയുടെ താക്കീതുകളായി മാറാം. സമീപകാലത്ത് മറ്റൊരു സംസ്ഥാനത്തിന്റെ ഒരു വൻകിട പദ്ധതിയെ നാഷനൽ ഗ്രീൻ ട്രൈബ്യൂണലിൽ ന്യായീകരിക്കാമോ എന്ന് ആ സംസ്ഥാന സർക്കാറിന്റെ ആളുകൾ എന്നോട് അന്വേഷിച്ചു. അപ്പോഴേക്കും സുപ്രീംകോടതിയിൽ പ്രാക്ടിസ് സജീവമായിക്കഴിഞ്ഞിരുന്നു. കേസിന്റെ കടലാസുകൾ കാണട്ടെയെന്നുമാത്രം പറഞ്ഞു. പിന്നീട് അവർ അയച്ചുതന്ന ഫയൽ പഠിച്ചു. പദ്ധതി വന്നാലുണ്ടായേക്കാവുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ആഴം വെളിപ്പെടുത്തുന്ന, മനോഹരമായി തയാറാക്കപ്പെട്ട ഹരജിയായിരുന്നു അത്.

 

എളമരം കരീം

അതിനെ എതിർത്ത് ഒരു പത്രിക തയാറാക്കുന്നതോ വാദിക്കുന്നതോ എനിക്ക് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങളാണ്. ആ സംസ്ഥാനത്തിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ അഥവാ തത്തുല്യ പദവിയിലിരുന്ന് സുപ്രീംകോടതിയിലുള്ള അവരുടെ കേസുകൾ കൈകാര്യംചെയ്യാനുള്ള അവസരത്തിന് മുന്നോടിയായിട്ടായിരുന്നു ആദ്യം ഗ്രീൻ ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകാൻ അവർ താൽപര്യപ്പെട്ടത്. അത്തരം സന്ദർഭത്തിലാണ് എന്റെ ഭൂതകാലം എനിക്കുനേരെ തന്നെയുള്ള താക്കീതായി മാറിയത്.

ജോൺസിയുടെ ദർശനങ്ങൾ ഉറക്കത്തിൽപോലും എ​ന്നെ ആവേശിച്ചു; അങ്ങനെ സ്വപ്നംപോലും ജാഗ്രതയായിത്തീർന്നു. ഞാൻ ആ ആവശ്യവും നിരസിച്ചു. ഇത്തരം കേസിൽ എനിക്ക് ഹാജരാകാനാകില്ല എന്ന് വെട്ടിത്തുറന്നു പറഞ്ഞു. പരിസ്ഥിതി വിനാശത്തിനനുകൂലമായി വ്യക്തികൾക്കോ സർക്കാറിനോ വേണ്ടി കോടതിയിൽ വാദിക്കാൻ മനഃസാക്ഷി അനുവദിക്കാറില്ല. അതിനാൽത്തന്നെ അത്തരം ആളുകൾ എന്റെയടുത്ത് പൊതുവെ വരാറില്ല. ക്വാറി ഖനനക്കാരും മണലൂറ്റുകാരും മറ്റും വലിയ ഫീസ് വാഗ്ദാനം ചെയ്തുകൊണ്ട് സമീപിച്ച അവസരങ്ങൾ കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട്.

അവ പ്രലോഭനങ്ങൾപോലും ആയിരുന്നില്ല. അധികാരത്തോടടുക്കുമ്പോൾ ലഭിക്കുന്ന പദവികൾ ചിലപ്പോൾ അത് നൽകുന്ന അധികാര​ബോധം പലരെയും പ്രലോഭിപ്പിക്കാറുണ്ടാകാം. എന്നാൽ, എല്ലാവരുടെയും അനുഭവം അങ്ങനെയാകണമെന്നില്ല. സ്വയം തരംതാണ് പെറുക്കിയെടുക്കാൻ തയാറാകുന്നവർക്കു മാത്രമേ അധികാരം ലഭിക്കൂവെന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുണ്ട്. അധികാരത്തിന് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദത അനുഭവിക്കാനാകില്ല. ഈ സ്വാതന്ത്ര്യവും സ്വച്ഛന്ദതയും മനഃസാക്ഷിയുടേതുതന്നെയാണ്.

 

സുഗതകുമാരി

അതിനാൽതന്നെ കോടതിമുറികളിൽ അഭിഭാഷകർക്ക് വിമർശനാത്മകമായ ഒരു പങ്കുകൂടി നിർവഹിക്കാനുണ്ട്. ചിലപ്പോൾ വിചാരണ കോടതികളിലും ക്വാസി ജുഡീഷ്യൽ സംവിധാനങ്ങളിലുമെല്ലാം അഭിഭാഷക-ന്യായാധിപ തർക്കങ്ങൾ ഉയർന്നുവരുന്ന സംഭവങ്ങളുണ്ടാകാം. നേരെ നിന്ന് കാര്യങ്ങൾ പറയുന്നവരെ സംവിധാനങ്ങൾ എന്നും പ്രോത്സാഹിപ്പിക്കണമെന്നില്ല. ചിലപ്പോഴെങ്കിലും ഈ രീതി അധികാരസ്ഥാനീയരു​െട അപ്രീതി വിളിച്ചുവരുത്താം. ഒരു കേസിൽ ഹാജരായ യുവ അഭിഭാഷകയെക്കുറിച്ചും അവരുടെ തൊഴിൽപരമായ കഴിവിനെക്കുറിച്ചും വിധിയിൽത്തന്നെ ഇകഴ്ത്തിപ്പറഞ്ഞു​കൊണ്ട് ഒരു അർധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ അധിപ തന്റെ അധികാരം ​പ്രയോഗിച്ചപ്പോൾ അതിനെ ചോദ്യംചെയ്ത് ആ യുവ അഭിഭാഷകക്കു വേണ്ടി ഹൈകോടതിയിൽ ഹാജരായി വാദിച്ചതോർക്കുന്നു.

കേസിന്റെ ന്യായയുക്തമായ തീർപ്പിനാവശ്യമായ കാര്യങ്ങൾക്കപ്പുറമുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തി വ്യക്തികളെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ കോടതികൾ നടത്താൻ പാടില്ല. മുഹമ്മദ് നെയിമിന്റെ കേസ് (1963) മുതൽ എസ്. ജനാർദനയു​െട കേസ് (2004) വരെ നിരവധി കേസുകളിൽ സുപ്രീംകോടതി ഇത്തരം നീതിന്യായധിക്കാരങ്ങളെ വിമർശിക്കുകയും അത്തരം പരാമർശങ്ങളെ നീക്കംചെയ്യുകയുമുണ്ടായിട്ടുണ്ട്. നേരത്തേ പറഞ്ഞ യുവ അഭിഭാഷകക്കെതിരായ പരാമർശങ്ങൾ തെറ്റും അതിരുവിട്ടതുമാണെന്ന് കാണിക്കാൻ ഒരു ഡസൻ സുപ്രീംകോടതി വിധികൾ ഹൈകോടതി മുമ്പാകെ സമർപ്പിച്ചു. അവ മുഴുവൻ സൂചിപ്പിച്ചുകൊണ്ട് വിധിയെഴുതിയ ഹൈകോടതി, യുവ അഭിഭാഷക​ക്കെതിരെയുള്ള പരാമർശങ്ങൾ അപ്പാടെ നീക്കംചെയ്തു. അതൊരു നിയമവിജയം മാത്രമായിരുന്നില്ല, ധാർമിക വിജയംകൂടിയായിരുന്നു.

ഹൈകോടതിയിൽ ചില സന്ദർഭങ്ങളിൽ ന്യായാധിപരെ കോടതി മുറിയിൽവെച്ച് തുറന്നു വിമർശിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഡിവിഷൻ ​െബഞ്ച് വിധിയെ പിന്നീട് നിയമപരമായ കാരണത്താൽ ഒരു ന്യായാധിപൻ സംശയിച്ചു. ആ ന്യായാധിപൻതന്നെ മറ്റൊരു ഡിവിഷൻ ​െബഞ്ചിലിരുന്ന് വിഭിന്ന വിധിയിലൂടെ ഈ സംശയം ആവർത്തിച്ച ഒരു കേസ് ഓർമയിൽ വരുന്നു. തുടർന്ന് ആ കേസ് മൂന്നു ന്യായാധിപരുള്ള ഒരു ഫുൾ​െബഞ്ചിന് വിട്ടപ്പോൾ, ഫുൾ​െബഞ്ചിലും ആ ന്യായാധിപന്റെ സാന്നിധ്യമുണ്ടായിരുന്നു. അതു ശരിയല്ലെന്ന് സൂചിപ്പിച്ച് അത്തരം സന്ദർഭങ്ങളിൽ ഒരു പ്രത്യേക അഭിപ്രായത്തിന് മേധാവിത്വം ഉണ്ടാകുന്നതു കാരണം, നീതിന്യായ പ്രക്രിയയുടെ സ്വച്ഛന്ദമായ ഒഴുക്കിന് തടസ്സമുണ്ടായേക്കാമെന്ന് ഫുൾ​െബഞ്ച് മുമ്പാകെ ഞാൻ പറഞ്ഞു. സുപ്രീംകോടതിയിലെ ജസ്റ്റിസ് സാഗിർ അഹമ്മദ് എഴുതിയ ഒരു വിധി എന്റെ വാദത്തിന് പിന്തുണ നൽകുന്നതായും ചൂണ്ടിക്കാട്ടി.

ഈ ‘തടസ്സവാദം’ അംഗീകരിച്ചില്ലെങ്കിലും ഒട്ടും അസഹിഷ്ണുത കാണിക്കാതെ മൂന്ന് ന്യായാധിപരും കൗതുകത്തോടെ, ക്ഷമാപൂർവം അത് ശ്രദ്ധിക്കുകയുണ്ടായി. പിന്നീട് അതേ കേസിൽ വിധിന്യായം പുറത്തുവരാൻ താമസിച്ചപ്പോൾ, അനിൽ റായിയും സ്റ്റേറ്റ് ഓഫ് ബിഹാറും തമ്മിലുള്ള കേസിലെ ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ സുപ്രീംകോടതി വിധിയുടെ (2001) അടിസ്ഥാനത്തിൽ വിധി നേരത്തേ പറയണമെന്നാവശ്യപ്പെട്ട് ഇതേ ഫുൾ​െബഞ്ച് മുമ്പാകെ ഹരജി ഫയൽചെയ്തു. വാദം കഴിഞ്ഞ് വിധിക്കുവെച്ച കേസുകളിൽ ഇങ്ങനെയുള്ള ഹരജി ഫയൽ ചെയ്യാൻ പൊതുവെ അഭിഭാഷകർക്ക് മടിയാണ്.

ഞാൻ നൽകിയ ഹരജി ഒരുപക്ഷേ, കേരള ഹൈകോടതിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. വാദം കേട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും വിധി പറയാൻ മടിക്കുന്ന നീതിപീഠങ്ങളിലെ ആലസ്യത്തിനും ഉത്തരവാദിത്തമില്ലായ്മക്കുമെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് അനിൽ റായ് കേസിലെ സുപ്രീംകോടതി വിധി. വിധി കൽപിക്കാനായി ഇങ്ങനെ ഹരജി ഫയൽ ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ വിധിപറയാൻ ന്യായാധിപൻ/ ന്യായാധിപക്ക് ബാധ്യതയുണ്ടെന്ന് പറയുന്ന ഈ വിധിയിൽ നീതിന്യായപരമായ ശുഷ്കാന്തി പരന്നുകിടക്കുന്നു. ഏതായാലും എന്റെ ഹരജി ന്യായാധിപരുടെ സജീവ പരിഗണനക്കു വന്നു. മികച്ച ഒരു വിധി ആ കേസിൽ വൈകാതെ പുറത്തുവരുകയും ചെയ്തു. റാങ്ക് പട്ടികയുടെ വലുപ്പം സംബന്ധിച്ച ഒരു സർവിസ് കേസായിരുന്നു, അത്.

 

ഇത്തരം വ്യവഹാരാനുഭവങ്ങളിൽ എഴുതാനേറെയുണ്ട്. കേരളത്തിലെ വ്യവഹാരങ്ങൾ പൊതുവെ സാധാരണ മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളുടെ നേർച്ചിത്രങ്ങൾതന്നെയാണ്. കോടതി വ്യവഹാരങ്ങൾ പ്രായോഗികതലത്തിൽ ഫലപ്രാപ്തി നേടാനുള്ള പരിശ്രമങ്ങളാണ്; അല്ലാതെ കേവലം ചെസ് കളിയല്ല എന്ന് ഫെലിക്സ് ഫ്രാങ്ക് ഫർടർ സൂചിപ്പിച്ചത് ഈ തൊഴിലിനെ സംബന്ധിച്ച ഒരു സത്യപ്രസ്താവനയാണ്.

(തു​​ട​​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT