ചൂരൽമലയുടെ ജീവിതശേഷിപ്പുകൾ

വയനാട്ടിലുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തം ചൂരൽമലയിലും മുണ്ടക്കൈയിലും വൻനാശം വിതച്ചു. എന്താണ്​ ഇവിടെ കഴിഞ്ഞവരുടെ വർത്തമാന അവസ്ഥ? സഹായങ്ങൾ തൃപ്​തികരമായിരുന്നോ? –‘മാധ്യമം’ ലേഖിക വയനാട്ടിലെ ദുരന്തത്തെ അതിജീവിച്ചവരെ കാണുന്നു.

എന്തെല്ലാം പ്രതീക്ഷകളുമായാവും അന്ന് രാത്രി ആ മനുഷ്യർ ഉറങ്ങാൻ കിടന്നിട്ടുണ്ടാവുക. പൊടുന്നനെ മല തുരന്നു വന്ന വെള്ളപ്പാച്ചിലിൽ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കുത്തിയൊലിച്ചു​ പോയി. മനുഷ്യവാസമുള്ള വീടുകളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കാനായി എത്തിയ ദുരന്തം അവരുടെ ജീവിതംതന്നെ കീഴ്മേൽ മറിച്ചു. ദിവസങ്ങളോളം മരണത്തി​ന്‍റെ മണമായിരുന്നു അവിടത്തെ കാറ്റിനുപോലും. ചവിട്ടിനിൽക്കുന്നതുപോലും മനുഷ്യശരീരത്തിലാണെന്ന് പേടിച്ചു നടന്ന നാളുകൾ. എപ്പോഴും അലറിപ്പാഞ്ഞുകൊണ്ടിരുന്ന ആംബുലൻസുകൾ... ഇപ്പോഴും ഭയപ്പെടുത്തുന്ന നിശ്ശബ്ദതയുണ്ട് അവിടെ. എങ്കിലും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്.

കേവലം കണക്കുപുസ്തകങ്ങളിൽ എഴുതി തിട്ടപ്പെടുത്താവുന്നതല്ല അവർക്കുണ്ടായ നഷ്ടക്കണക്കുകൾ. ഒന്നിനും പകരം നൽകാനാവില്ലെങ്കിലും ഒരുപാടു പേർ ഒപ്പമുണ്ടെന്ന കരുത്തിൽ ആ അതിജീവന മനുഷ്യർ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ശ്രമിക്കുകയാണ്. ദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്ന് പലരും പുറത്തുവന്നിട്ടില്ല. ഒരുതരം മരവിപ്പ് പടർന്ന നിസ്സംഗതയാണ് ചിലരുടെ കണ്ണുകളിൽ. കുടുംബത്തെ ഒന്നടങ്കം ഉരുളെടുത്തപ്പോൾ ബാക്കിയായ മനുഷ്യർ ആർക്കുവേണ്ടി ജീവിക്കണമെന്ന ചിന്തയിലാണ്. ജീവശ്വാസംപോലെ കരുതിയ കുഞ്ഞുമക്കളെ നഷ്ടമായ മാതാപിതാക്കളിൽ പലരും ആ നഷ്ടത്തി​ന്‍റെ ആഴക്കയത്തിൽതന്നെയാണിപ്പോഴും. മക്കളെവിടെയോ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷയിൽ ദിനങ്ങൾ തള്ളിനീക്കുന്നവരുമുണ്ട് അവരുടെ കൂട്ടത്തിൽ. പല ഖബറുകളിലും നിദ്രയിലാണ്ട കുഞ്ഞുമക്കളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കൽ വലിയ സാഹസമാണ്.

വീടും സ്ഥലവും നഷ്ടപ്പെട്ടോട്ടെ... ആയുസ്സുണ്ടെങ്കിൽ ഞങ്ങൾക്കത് വീണ്ടെടുക്കാൻ കഴിയും. എന്നാൽ, ഞങ്ങളെ മാത്രം ഇവിടെയിട്ട് മരണക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നവരുടെ വേർപാട് എങ്ങനെ നികത്താൻ കഴിയും? കൂടുതൽ പേർക്കും ചോദിക്കാനുണ്ടായിരുന്നത് അതായിരുന്നു. ക്യാമ്പുകളിൽനിന്ന് അവർ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഒരേ മനസ്സായി കഴിഞ്ഞവർ പലവഴിക്കു പിരി​ഞ്ഞെങ്കിലും ഫോണുകൾ അവരെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. ആ കൂട്ടത്തിലെ ചിലർ അനുഭവം പങ്കുവെക്കുകയാണിവിടെ...

ജീവനായ മൂന്നു കുഞ്ഞുങ്ങളെയാണ് കൊണ്ടുപോയത്

മാനിവയലിലെ പുതിയ താമസസ്ഥലത്തേക്ക് (പാടി) മാറാനൊരുങ്ങുകയാണ് അനീഷും ഭാര്യയും. അനീഷും അമ്മയും ഭാര്യയും മൂന്നു കുട്ടികളും സഹോദരിയുടെ മകനുമടക്കം ഏഴുപേരായിരുന്നു ആ വീട്ടിൽ. ഇപ്പോൾ ആ കുടുംബത്തിൽ അവശേഷിക്കുന്നത് അനീഷും ഭാര്യ സയനയും മാത്രം. ചൂരൽമല സ്കൂൾ റോഡിന് ഒരു കിലോമീറ്റർ അകലെയായിരുന്നു ഇവരുടെ വീട്.

ഉരുൾപൊട്ടലുണ്ടായ രാത്രി എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഇടക്ക് ചൂട് കാരണം നാലു വയസ്സുള്ള മകൻ ഞെട്ടിയുണർന്നു. നന്നായി വിയർത്തൊലിക്കുന്നുണ്ടായിരുന്നു അവൻ. ലൈറ്റിടാനായി കൈ നീട്ടി നോക്കിയപ്പോൾ കറന്‍റില്ലെന്ന് മനസ്സിലായി. മുറിയിലുണ്ടായിരുന്ന നോട്ട് പുസ്തകമെടുത്ത് മകന് വീശിക്കൊടുത്തു. സമയം എത്രയായി എന്നുപോലും ഓർമയില്ല.

പുറത്ത് എത്ര മഴ പെയ്താലും മുറിക്കുള്ളിൽ നല്ല ചൂടായിരിക്കും. അവർ വീണ്ടും കിടന്നു. പുറത്ത് എന്തോ ശബ്ദം കേൾക്കുന്നുണ്ടെന്ന് സയന പറഞ്ഞു. പുഴയിലെ ശബ്ദമായിരിക്കും എന്ന് പറഞ്ഞ് പുതപ്പെടുത്ത് ദേഹത്തേക്ക് ഇട്ടതേ അനീഷിന് ഓർമയുള്ളൂ. അപ്പോഴേക്കും വെള്ളത്തിനടിയിലായി. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻപോലും സമയം തന്നില്ല. കുത്തിയൊലിച്ചു വന്ന വെള്ളം കുറെ ദൂര​ത്തേക്ക് അവരെ വലിച്ചു കൊണ്ടുപോയി. മരത്തടികളും കല്ലുകളും തലക്കും നെഞ്ചിലും പുറത്തും അടിക്കുന്നത് അനീഷ് അറിയുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ ചളിയിൽ പുതഞ്ഞു.

ഒടുവിൽ അവരെ ഒരിടത്തേക്ക് കൊണ്ടിട്ടു. അടുത്തുള്ളതൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല. കണ്ണിലും കാതിലും മണൽ നിറഞ്ഞിരിക്കുകയാണ്. കുറച്ചുസമയം കഴിഞ്ഞ് അനീഷ് അവിടെനിന്ന് എഴുന്നേറ്റ് മക്കളെ വിളിച്ചുനോക്കി. ഒരിക്കൽമാത്രം അച്ഛാ എന്നൊരു വിളി കേട്ടു. അരികിൽ ഒരു ബെഡ് കിടക്കുന്നുണ്ടായിരുന്നു. അതി​ന്‍റെ അടിയിൽ ആരെങ്കിലുമുണ്ടോ എന്നറിയാനായി നോക്കി. ആരുമുണ്ടായിരുന്നില്ല. തൊട്ടടുത്ത് സയനയുണ്ടായിരുന്നു. എന്നാൽ മിണ്ടാൻപോലും സാധിക്കുന്നില്ല. മക്കളെ തിരയണം, എഴുന്നേൽക്കണമെന്ന് അനീഷ് പറഞ്ഞപ്പോൾ സയനക്ക് പറ്റുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മഴ തുടങ്ങി. ദേഹത്തുള്ള ചളിയെല്ലാം ഒലിച്ചിറങ്ങി. ദേഹത്തെ മുറിവ് നീറിത്തുടങ്ങി. ​ശരീരമാകെ ചതഞ്ഞുടഞ്ഞിരുന്നു.

രക്ഷിക്കാൻ ആരും വരില്ലെന്ന് മനസ്സിലായപ്പോൾ അനീഷ് പതുക്കെ എഴുന്നേറ്റ് നടന്നു. കുറച്ചകലെ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കൈയിൽ പിടിച്ച് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയി. അത് അമ്മയാണെന്ന് കുറെ കഴിഞ്ഞാണ് അറിയാനായത്. അതിനപ്പുറത്ത് ഒരാൺകുട്ടിയുടെ ശബ്ദം കേട്ടു. അവൻ മാമാ എന്ന് വിളിച്ചപ്പോൾ ചേച്ചിയുടെ മകനാണെന്ന് മനസ്സിലായി. അവരെ രണ്ടുപേരെയും രക്ഷിക്കാൻ സാധിച്ചില്ല. മുകളിലേക്ക് കയറി അവിടെയുള്ള ആളുകളോട് താഴെയുള്ളവരെ രക്ഷിക്കാൻ പറഞ്ഞു. അവർ താഴെയെത്തി ആദ്യം ഭാര്യയെ രക്ഷിച്ചു. ചതഞ്ഞരഞ്ഞ് സയനയുടെ മുഖംപോലും മാറിപ്പോയിരുന്നു. ചേച്ചിയുടെ മക​നെ രക്ഷിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് രണ്ടാമത്തെ പൊട്ടലുണ്ടായത്.

താഹിറ, മകൻ ഇഷാൻ

ആ ശബ്ദത്തി​ന്‍റെ ഭീകരതയിൽ രക്ഷിക്കാൻ ശ്രമിച്ചവർ ജീവനും ​കൈയിൽ പിടിച്ച് അവിടെനിന്ന് ഓടി. എല്ലാം കഴിഞ്ഞാണ് അമ്മയും മക്കളും ചേച്ചിയുടെ മകനും കൂടെയില്ലെന്ന് അനീഷ് തിരിച്ചറിഞ്ഞത്. കാണുമ്പോൾ വലിയൊരു നിർവികാരതയായിരുന്നു സയനയുടെ മുഖത്ത്. ചുറ്റും ഉറ്റബന്ധുക്കളുടെ വലയമുണ്ട്. ദൈവം ഞങ്ങൾക്ക് തിരിച്ചുതന്ന നിധി എങ്ങനെയും സംരക്ഷിക്കുമെന്ന നിശ്ചയത്തിലാണ് അവർ. സംസാരിക്കുമ്പോൾ സയനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരോട് എന്ത് ആശ്വാസവാക്കുകളാണ് പറയാൻ കഴിയുക? അനീഷിന് ഒരനിയനും ഏട്ടനുമുണ്ട്. ഉരുൾപൊട്ടലുണ്ടായ ദിവസം മറ്റൊരിടത്തായതിനാൽ മാത്രമാണ് അവരെങ്കിലും അവശേഷിച്ചത്.

എന്തെങ്കിലുമൊരു മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇതുവരെയില്ലാത്ത രീതിയിൽ അതിശക്തമായി മഴ പെയ്തിട്ടും ഒരാൾക്കുപോലും സംശയം തോന്നിയില്ല. പഞ്ചായത്ത് അധികൃതർ പോലും മുന്നറിയിപ്പ് തന്നില്ല. ശക്തമായ മഴ പെയ്ത അന്ന് രാത്രി വാട്സ്ആപ് വഴി പഞ്ചായത്ത് മെംബർ ഒരു വോയ്സ് മെസേജ് അയച്ചു. ആളുകളോട് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. എന്നാൽ ഇത്രയധികം ആളുകൾ ഒന്നിച്ച് എവിടേക്ക് മാറിനിൽക്കണം എന്നത് പറഞ്ഞില്ല. ദുരന്തം കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞിട്ടും ഇപ്പോഴും പഞ്ചായത്ത് മെംബർ ഒരു സഹായവും ചെയ്തുതരുന്നില്ല. പല കാര്യങ്ങൾക്കും കടലാസുകൾ ശരിയാക്കാനുണ്ട്. അതൊക്കെ മറ്റ് വാർഡ് മെംബർമാർ വഴിയാണ് ശരിയാക്കുന്നത്.

അവന്റെ പുഞ്ചിരിക്കുന്ന മുഖമാണ് ഓർമയിലുള്ളത്

ആറു ദിവസം ക്യാമ്പിലായിരുന്നു താഹിറ. അത് കഴിഞ്ഞ് തൽക്കാലത്തേക്ക് കിട്ടിയ വാടകവീട്ടിലേക്ക് മാറിയിരിക്കുകയാണ്. വല്ലാത്തൊരു നിസ്സംഗതയോടെയാണ് അവർ സംസാരിച്ചു തുടങ്ങിയത്. എട്ടു വയസ്സുള്ള മകൻ ഇഷാനും ഉമ്മക്കും ബാപ്പക്കും ഒപ്പമായിരുന്നു താഹിറയുടെ താമസം. മകന് ഒരു വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചുപോയി. ചൂരൽമലയിലെ ടൗണിൽ വെള്ളംകയറില്ല എന്ന ഉറപ്പിലായിരുന്നു താഹിറയും കുടുംബവും. ഉരുൾപൊട്ടലി​ന്‍റെ അന്നുച്ചക്കുപോലും വെള്ളം കയറുന്ന കാര്യം മകൻ പറഞ്ഞത് താഹിറ ഓർമിച്ചു. മകനൊപ്പം ഉറങ്ങിക്കിട​ക്കുമ്പോഴാണ് ദുരന്തമെത്തിയത്.

ഉമ്മ വെള്ളം കുടിക്കാനായി അടുക്കളയിൽ എത്തിയത് അവർ അറിയുന്നുണ്ടായിരുന്നു. വയ്യാത്ത ഉപ്പയും അടുക്കള ഭാഗത്തേക്ക് എത്തിയിരുന്നു അപ്പോഴേക്കും. വെള്ളം വരുന്നപോലെയുള്ള ഭീകരമായ ശബ്ദം തൊട്ടടുത്ത് കേട്ടു. എന്തോ വിപത്ത് സംഭവിക്കുന്നു എന്ന ആധിയിൽ മകനോട് സംസാരിച്ചു. ഒന്നും മിണ്ടാതെ പേടിച്ച് ഇഷാൻ താഹിറയുടെ ദേഹത്തേക്ക് ഒട്ടിക്കിടക്കാൻ ശ്രമിച്ചു. ഭിത്തി തുരന്ന് ശക്തിയോടെ മുറിയിലേക്ക് പ്രവഹിച്ച വെള്ളം താഹിറയെയും കൊണ്ടങ്ങുപോയി. ഉപ്പയും ഉമ്മയും മകനും മറ്റൊരു ഭാഗത്തുകൂടി ഒലിച്ചുപോയി. കുറെ കഴിഞ്ഞപ്പോൾ വെള്ളത്തി​ന്‍റെ ശക്തി കുറഞ്ഞു.

എവിടെയോ വീണ താഹിറ കണ്ണു തുറന്നുനോക്കിയപ്പോൾ ചളിയിലാണെന്ന് മനസ്സിലാക്കി. കണ്ണുതിരുമ്മി നോക്കിയപ്പോൾ അവരുടെ വീടും ചുറ്റുമുള്ള വീടുകളും കാണാനില്ല. ലോകം അവസാനിക്കുകയാണോ എന്നാണ് തോന്നിയത്. ഇഷാൻ ചളിയിൽ എവി​ടെയോ കിടക്കുന്നുണ്ടാകും എന്നാണ് അവർ കരുതിയത്. ആരൊക്കെയോ ചേർന്ന് താഹിറയെ രക്ഷപ്പെടുത്തി വിംസ് ആശുപത്രിയിലെത്തിച്ചു. അപ്പോഴും ഇഷാനും ഉമ്മയും ഉപ്പയുമായിരുന്നു മനസ്സിൽ. ഉപ്പയും ഉമ്മയും മരിച്ചു എന്ന് ആശുപത്രിയിൽ വെച്ചറിഞ്ഞു.

അപ്പോഴും മകനെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു. ആശുപത്രിക്കിടക്കയിൽ ത​​ന്‍റെ തൊട്ടരികെ അവനെയും കൊണ്ട് കിടത്തുമെന്ന പ്രതീക്ഷയിലായിരുന്നു താഹിറ. നാടിനും വീടിനും ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ഇഷാൻ. ഇഷാനെ കുറിച്ച് പറയുമ്പോൾ അവ​ന്‍റെ അധ്യാപകർക്കും നൂറു നാവാണ്. പഠിക്കാൻ മിടുക്കനായിരുന്നു. എന്ത് കാര്യം പറഞ്ഞുകൊടുത്താലും പെട്ടെന്ന് മനസ്സിലാക്കുമെന്നും അവർ പറയുന്നു. ബാങ്ക് വായ്പ അക്കൗണ്ടിലേക്ക് വരുമ്പോൾ പണം എ.ടി.എമ്മിൽനിന്ന് എടുത്തുകൊടുക്കുന്നതും അങ്ങാടിയിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടു വരാറുള്ളതും അവനായിരുന്നു. ഒരു കാര്യത്തിനും ഉമ്മയെ അവൻ ബുദ്ധിമുട്ടിച്ചിരുന്നില്ല.

 

അവനാണ് ഉമ്മയെ തനിച്ചാക്കി വല്യുമ്മക്കും വല്യുപ്പക്കുമൊപ്പം പോയത്. ഒരു മുറിവ് പോലും അവ​ന്‍റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും ശാന്തമായി ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും പിന്നീട് ആരൊക്കെയോ പറഞ്ഞ് താഹിറയറിഞ്ഞു. മകനെ അവസാനമായി കാണാൻ ആളുകൾ നിർബന്ധിച്ചപ്പോൾ താഹിറ തയാറായില്ല. കണ്ണടച്ചു കിടക്കുന്ന അവ​ന്‍റെ മുഖം അവർക്ക് കാണേണ്ടായിരുന്നു. ത​ന്‍റെ മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞുമക​ന്‍റെ ഓർമകൾ മതി​ ഇനിയുള്ള കാലമെന്നും അവർ തീർച്ചപ്പെടുത്തി.

തയ്യൽ തൊഴിലാളിയാണ് താഹിറ. സർക്കാറി​ന്‍റെ വീട് ശരിയാകുന്നതുവരെ എത്രകാലം വാടകവീട്ടിൽ കഴിയുമെന്ന് അവർക്കറിയില്ല. റോഡിനോട് ചേർന്ന ഷീറ്റ് മേഞ്ഞ ചെറിയൊരു വീടാണ് കിട്ടിയത്. പകൽ അവിടെ ഒറ്റക്കായിരിക്കും. രാത്രി സഹോദരനും കുടുംബവും ഉണ്ടാകും. ഇടക്കിടെ കാര്യങ്ങളറിയാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർ. പുതിയ താമസ സ്ഥലങ്ങളിലേക്ക് മാറിയവർക്ക് വലിയ ആശ്വാസമാണ് ആളുകളുടെ ഇടക്കിടെയുള്ള സന്ദർശനം. പലരെയും കാണുന്നത് ആദ്യമാണെങ്കിൽപോലും ആരൊക്കെയോ ആണെന്ന തോന്നലാണ് ആ സന്ദർശനം അവരിൽ നിറക്കുന്നത്.

ടീച്ചറേ, എ​ന്‍റെ ദിലു എവിടെ​?

സഹോദരങ്ങളെയും ഉപ്പയെയും ഉരുളെടുത്തു കൊണ്ടുപോയെന്ന് ആ മൂന്നുവയസ്സുകാരിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ആരോടും അവൾ ഒന്നും ചോദിച്ചില്ല. ഇടക്കിടെ ഉമ്മ കരയുന്നത് നോക്കിനിൽക്കും. ഒരിക്കൽ സഹോദരി ദിലുവി​ന്‍റെ നൃത്താധ്യാപിക റിതിക പ്രേം വീട്ടിലെത്തിയപ്പോൾ മാത്രം ദിലു എവിടെയെന്ന് അവൾ ചോദിച്ചു. ടീച്ചറുടെ അടുത്തായിരിക്കും ദിലുവെന്നാണ് അവൾ കരുതിയത്. അവളുടെ ചോദ്യങ്ങൾക്ക് ടീച്ചർക്ക് ഉത്തരമില്ലായിരുന്നു. സഹോദരങ്ങളെ കാണാതായി ഏറെ ദിവസമായിട്ടും ഒരാളോടു പോലും മകൾ ഈ ചോദ്യം ചോദിച്ചിട്ടില്ലെന്ന് മാതാവ് പറയുന്നു. ആ കുഞ്ഞ് ഇപ്പോഴും വിശ്വസിക്കുന്നത് ത​ന്‍റെ ദിലു ടീച്ചറുടെ വീട്ടിൽ നൃത്തം പഠിക്കുകയാവും എന്നാണ്.

മഴ പെയ്യുമ്പോൾ ആധിയാണ്

ഉരുൾപൊട്ടൽ കഴിഞ്ഞ് ദിവസങ്ങളോളം വല്ലാത്തൊരു മരവിപ്പിലായിരുന്നു താനെന്ന് അധ്യാപികയായ ഷഹീല. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. വീടി​ന്‍റെ താഴെ നില മുഴുവൻ പോയി. രണ്ടാമത്തെ നിലയിലേക്ക് ഓടിക്കയറിയതുകൊണ്ട് രക്ഷപ്പെട്ടതാകും. അയൽപക്കത്ത് താമസിക്കുന്നവരെയൊക്കെ നഷ്ടമായി. ഇപ്പോൾ മൂപ്പൈനാട് എന്ന സ്ഥലത്ത് വാടക വീട്ടിലാണ് ഷഹീലയും കുടുംബവും. മഴ പെയ്യുമ്പോൾ ഇപ്പോഴും ഭീതിയിലാണ്. അത് മാറുന്നില്ല. വാടക വീട്ടിലേക്ക് മാറിയപ്പോൾ ഒട്ടും സുരക്ഷിതത്വം തോന്നിയില്ല. ഒരിക്കലും സ്വന്തം വീട് തരുന്ന സുരക്ഷിതത്വം അതിനുണ്ടാകില്ലല്ലോ?

ക്യാമ്പിലെത്തിയ ആദ്യ ദിവസങ്ങളിൽ ഉറങ്ങാനേ പറ്റുന്നുണ്ടായിരുന്നില്ല ഷഹീലക്ക്. രാത്രി എഴുന്നേറ്റിരിക്കും. കൗൺസലിങ് വേണ്ടിവന്നു നോർമൽ സ്റ്റേജിലേക്ക് കുറച്ചെങ്കിലും തിരിച്ചെത്താൻ. ഞങ്ങളുടെ വീട് മാത്രമേ താമസിക്കാൻ പറ്റാതായിട്ടുള്ളൂ. കുടുംബത്തിലെ എല്ലാവരും കൂടെതന്നെയുണ്ട്. മക്കളെ നഷ്ടപ്പെട്ടവരെയും മാതാപിതാക്കളെ നഷ്ടപ്പെട്ടവരെയും ഒക്കെ ഓർത്തപ്പോൾ നമ്മുടെ സങ്കടം ഒന്നുമല്ലെന്ന് മനസ്സിലായി.

മൗണ്ട് ടാഗോർ എന്ന സ്കൂളിലായിരുന്നു ഷഹീല അഞ്ചുവർഷം. അവിടെനിന്ന് രാജിവെച്ച ശേഷമാണ് വീട്ടിൽ ട്യൂഷൻ തുടങ്ങിയത്. ചൂരൽമല സ്കൂളിലെയും മൗണ്ട് ടാഗോർ സ്കൂളിലെയും കുട്ടികൾ ട്യൂഷന് വരുമായിരുന്നു. രണ്ട് ബാച്ചുകളിലായി 35 കുട്ടികൾ. അതിൽനിന്ന് 20 കുട്ടികളെയാണ് ഉരുൾദുരന്തം അടർത്തിയെടുത്തത്. രക്ഷപ്പെട്ടവർ മറ്റ് ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. പഠിപ്പിച്ച കുട്ടികളാണ് ഒരുദിവസം ഇല്ലാതായിപ്പോയത്. വലിയ ഷോക്കാണ് അതുണ്ടാക്കിയതെന്നും ഷഹീല പറയുന്നു. കുട്ടികൾ ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

ഒരു കുടുംബത്തിലെ മൂന്നു കുഞ്ഞുങ്ങൾ തന്‍റടുത്ത് ട്യൂഷനു വന്നിരുന്നുവെന്ന് ഷഹീല പറഞ്ഞു. ഇംഗ്ലീഷ് പഠിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് മൂന്നുപേരും നന്നായി ഇംഗ്ലീഷ് എഴുതുകയും വായിക്കുകയുംചെയ്തു. അതറിഞ്ഞ് ചൂരൽമല സ്കൂളിൽ പഠിക്കുന്ന മറ്റ് കുട്ടികളുടെ രക്ഷിതാക്കളും ഷഹീലയുടെ അടുത്തേക്ക് മക്കളെ വിട്ടു. സൗണ്ട്സ് രീതിയായതിനാൽ കുട്ടികൾ എളുപ്പത്തിൽ ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിച്ചു.

എല്ലാവർക്കും ട്യൂഷന് വരാൻ വലിയ താൽപര്യമായിരുന്നു. ഉരുൾപൊട്ടിയ ദിവസം രാവിലെ വിളിച്ചുപോലും ട്യൂഷൻ എടുക്കാമോയെന്ന് എന്നവർ വിളിച്ചു ചോദിച്ച കാര്യവും ഷഹീല ഓർക്കുന്നു. നല്ല മഴയായതുകൊണ്ട് നോക്കിയിട്ട് വിളിക്കാമെന്നാണ് അന്ന് പറഞ്ഞത്. അവരെയിനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് അന്ന് ഓർത്തില്ല. മക്കളെപ്പോലെ കൊണ്ടുനടന്നവരാണ് പൊടുന്നനെ ഇല്ലാതായിപ്പോയത്. അവരിൽ വലിയ പ്രതീക്ഷയായിരുന്നു. കഴിഞ്ഞ ദിവസം ചൂരൽമല സ്കൂളിൽ പോയപ്പോൾ, കുട്ടികൾ ഓടിവന്നു. തോളിൽ കൈയിട്ട് നടക്കുന്നവരെയാണ് അവർക്ക് നഷ്ടപ്പെട്ടത്. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടമായവരും ഉണ്ടായിരുന്നു. അവർക്കൊപ്പം കളിച്ചു വളരേണ്ടവരാണ് മണ്ണിനടിയിൽ ഉറങ്ങുന്നത് –ഷഹീല പറഞ്ഞവസാനിപ്പിച്ചു.

മറക്കാൻ വയ്യ, ആ മനുഷ്യരെ

ഉരുൾപൊട്ടലിൽ മരിച്ചവരെ ബന്ധുക്കൾ തിരിച്ചറിയാനെത്തിയ രംഗങ്ങൾ ഹൃദയഭേദകമാണെന്ന് ഐ.ആർ.ഡബ്ല്യു വളന്‍റിയർ ഷമീമ പറയുന്നു. സ്ത്രീകൾക്കായിരുന്നു ഏറെ പ്രയാസം. നിരവധി മൃതദേഹങ്ങളാണ് ഷമീമയും സംഘവും വൃത്തിയാക്കി ബന്ധുക്കളെ ഏൽപിച്ചത്. അവസാന ദിവസങ്ങളായപ്പോൾ ചെറിയ, ചെറിയ പൊതിയിലായിരുന്നു ശരീരഭാഗങ്ങൾ കൊണ്ടുവന്നിരുന്നത്. അതെല്ലാം വൃത്തിയാക്കി പൊതിഞ്ഞു കെട്ടിക്കൊടുക്കുകയായിരുന്നു ഷമീമയടക്കമുള്ളവരുടെ ദൗത്യം.

ഉരുളിൽ കാണാതായ കുഞ്ഞു സഹോദരിയെ തിരിച്ചറിയാൻ വന്ന സഹോദരന്റെ മുഖം ഇപ്പോഴും അവരുടെ ഓർമയിലുണ്ട്. പലതവണ വന്നു നോക്കിയിട്ടും അവളല്ലെന്ന് പറഞ്ഞ് അവൻ പോയി. പിന്നീട് ആരുടെയോ കൈയിലുള്ള ഫോട്ടോയിൽ അവളുടെ കമ്മൽ കണ്ടാണ് ബോഡി അവളുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായത്. അതുപോലെ 15 വയസ്സുള്ള ആൺകുട്ടിയെ ആളുമാറി ഖബറടക്കാൻ കൊണ്ടുപോയ സംഭവവുമുണ്ട്. ബന്ധുക്കൾ ശരീരം ശുചിയാക്കുമ്പോഴാണ് കുട്ടിയുടെ സുന്നത്ത് കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധിച്ചത്. അത് തങ്ങളുടെ മകനല്ല, മറ്റൊരു കുടുംബത്തിലെ കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ​തോടെ മൃതദേഹം തിരികെ എത്തിക്കുകയായിരുന്നു.

പിന്നീട് യഥാർഥ ബന്ധുക്കൾതന്നെ അവനെ കൊണ്ടുപോയി അടക്കി. തലയില്ലാത്ത പെൺകുട്ടിയുടെ ശരീരം കഫൻ ചെയ്യേണ്ടിവന്നിട്ടുണ്ട് ഷമീമക്ക്. കാലിന്റെ വിരൽ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. ആ പെൺകുട്ടിയുടെ ഭർത്താവിനെയും മക്കളെയും ഉരുളെടുത്തു. ദുരന്തത്തിൽ കുടുംബത്തിലെ 23 പേരെയാണ് നഷ്ടമായത്. അതുപോലെ പ്രായമായ വല്യുമ്മയുടെ കാലു മാത്രം ഖബറടക്കാനായി ബന്ധുക്കൾ കൊണ്ടുപോയ സംഭവവുമുണ്ട്.

കാലിന്റെ വളവും വിണ്ടു കീറിയതുമാണ് ബന്ധുക്കൾ അടയാളമായി പറഞ്ഞത്. അങ്ങനെ എ​ണ്ണമറ്റ എത്രയോ സംഭവങ്ങൾ... അമ്മ നേരത്തേ മരിച്ചുപോയ കുഞ്ഞുമകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അച്ഛന്റെ അമ്മയുടെ സംരക്ഷണത്തിലായിരുന്നു കുഞ്ഞ് വളർന്നത്. മറ്റ് ബന്ധുക്കൾക്കൊന്നും അവളെ തിരിച്ചറിയാൻ സാധിച്ചില്ല. ഒടുവിൽ മറ്റൊരിടത്ത് ജോലിചെയ്യുന്ന അച്ഛനെത്തിയാണ് പൊന്നുമോളെ മനസ്സിലാക്കിയത്. കുടുംബത്തിലെ ഏക കണ്ണിയായ മകൾകൂടി വിട്ടുപോയപ്പോൾ പൊട്ടിക്കരഞ്ഞ ആ മനുഷ്യന്റെ മുഖം മറക്കാനാവില്ലെന്നും ഷമീമ പറയുന്നു.

ഇനിയെങ്ങനെ ജീവിക്കും?

ഇനി ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷയുമില്ലെന്നാണ് ദുരന്തത്തിൽ കൃഷിഭൂമി മുഴുവൻ നഷ്ടപ്പെട്ട ചൂരൽമലയിലെ അണ്ണയ്യൻ പറയുന്നത്. മൂന്ന് ഏക്കർ കൃഷിഭൂമിയാണ് ഇല്ലാണ്ടായത്. മരിച്ചുപോയവർ രക്ഷപ്പെട്ടു. ബാക്കിയായ തങ്ങളെപ്പോലുള്ളവരാണ് കൂടുതൽ വേദന അനുഭവിക്കുന്നതെന്നും അണ്ണയ്യൻ പറയുന്നു. ഇപ്പോൾ കാപ്പംകൊല്ലിയിൽ വാടകക്ക് താമസിക്കുകയാണ് അണ്ണയ്യ​ന്റെ കുടുംബം. ഉരുൾപൊട്ടലിൽ താമസിച്ചിരുന്ന വീടും വരുമാനമാർഗമായിരുന്ന നാലു കടമുറികളും തകർന്നു. കാപ്പിയായിരുന്നു പ്രധാന കൃഷി.

രണ്ട് ചാക്ക് കാപ്പി വിറ്റാൽ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങാം. ഒറ്റയടിക്ക് എല്ലാം പോയി. തോട്ടം മേഖലയിൽ ജീവിക്കുന്നവരാണല്ലോ... മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നറിയില്ല. അണ്ണയ്യൻ വിതുമ്പി. ഉരുൾപൊട്ടൽ നടന്ന ദിവസം പകൽസമയം പട്ടികൾ വല്ലാത്ത ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. വീട്ടിൽനിന്ന് മാറിനിന്നതുകൊണ്ട് മാത്രം ജീവൻ കിട്ടി. ഭൂമി കിട്ടിയാൽ തുടർന്നും കൃഷിചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയും ആ മനുഷ്യൻ പങ്കുവെച്ചു.

 

അ​നീ​ഷും സ​ഹോ​ദ​ര​നും

എത്തിയില്ല കേന്ദ്രവിഹിതം

379.04 കോടിയാണ് വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായധനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത്. മനുഷ്യരെയും ആവാസവ്യവസ്ഥയെയും ഒന്നടങ്കം തുരന്നെടുത്ത ദുരന്തമായിട്ടും കേന്ദ്രസർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

ജൂലൈ 30ന് പുലർച്ചെയാണ് ഒരു നാടിനെ മുഴുവൻ തുടച്ചുമാറ്റിയ ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ 1.46ന് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്താണ് ആദ്യം ഉരുൾപൊട്ടിയത്. പിന്നാലെ ചൂരൽമല, വെള്ളരിമല ഭാഗത്തും ഉരുൾ നാശംവിതച്ചു. നേരം പുലർന്നപ്പോഴാണ് ദുരന്തത്തി​ന്‍റെ വ്യാപ്തി ലോകമറിഞ്ഞത്. 500ഒാളം ആളുകൾ ഭൂമുഖത്ത് നിന്നേ അപ്രത്യക്ഷരായി. ഔദ്യോഗിക കണക്ക് പ്രകാരം 231 ആണ് മരണസംഖ്യ. കാണാതായവരുടെ പട്ടികയിൽ ഇനിയും ആളുകളുണ്ട്.

183 വീടുകൾ ഭൂമിയിൽ നിന്നേ അപ്രത്യക്ഷമായി. 145 വീടുകൾ പൂർണമായി തകർന്നു. 170 വീടുകൾ ഭാഗികമായും. 240 വീടുകൾ വാസയോഗ്യമല്ലാതായി. ഏതാണ്ട് 340 ഹെക്ടർ കൃഷിഭൂമി നശിച്ചു. ഔദ്യോഗിക കണക്കെടുപ്പുകൾ കഴിഞ്ഞു. പ്രഖ്യാപനങ്ങളും. ഇവർക്കിനി വേണ്ടത് സുരക്ഷിതമായി തല ചായ്ക്കാനുള്ള ഇടമാണ്. ജീവിതം മുന്നോട്ടുനീക്കാനുള്ള ഉപജീവന മാർഗങ്ങളും. അതിനുവേണ്ടി ഈ മനുഷ്യരെ വർഷങ്ങൾ ഇനിയും മഴയത്ത് നിർത്തരുത്. സഹായത്തി​ന്‍റെ പട്ടികയിൽപെടാത്തവരും ഒരുപാടുണ്ട്. അവരെയും ചേർത്തുനിർത്തണം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT