ഹിന്ദു ഫാഷിസവും വിവേകാനന്ദനും തമ്മിൽ എന്ത്​?

സ്വാമി വിവേകാനന്ദൻ യഥാർഥത്തിൽ ആരായിരുന്നു? എന്തായിരുന്നു അദ്ദേഹത്തി​ന്റെ നിലപാടുകളുടെയും പ്രഭാഷണങ്ങളുടെയും സത്ത? ഹിന്ദു ഫാഷിസത്തി​ന്റെ പ്രയോക്താവായിരുന്നോ വിവേകാനന്ദൻ? –വേറിട്ട ഒരു വായന.20ാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഹിന്ദുയിസം എന്ന സ്വത്വമുദ്ര, വൈദിക-വർണാശ്രമ ധർമത്തി​ന്റെ ആധുനിക രൂപമാണ്. മാനവചരിത്രത്തിൽ ആദ്യമായി ‘ജന്മസിദ്ധമായ അസമത്വ’മെന്ന വംശീയ സിദ്ധാന്തത്തിനു രൂപംനൽകിയത് ഈ സനാതന ധർമമാണ്. സാർവലൗകികമായ മാനവികതയെയും മനുഷ്യവ്യക്തിയെയും സൂചിപ്പിക്കുന്ന ഒരു പദംപോലും സംസ്​കൃത ഭാഷയിലില്ല. സംസ്​കൃതത്തിലെ ‘മാനവൻ’, ‘മനുഷ്യൻ’ എന്നീ വാക്കുകൾ അർഥമാക്കുന്നത് എല്ലാ മനുഷ്യരെയുമല്ല,...

സ്വാമി വിവേകാനന്ദൻ യഥാർഥത്തിൽ ആരായിരുന്നു? എന്തായിരുന്നു അദ്ദേഹത്തി​ന്റെ നിലപാടുകളുടെയും പ്രഭാഷണങ്ങളുടെയും സത്ത? ഹിന്ദു ഫാഷിസത്തി​ന്റെ പ്രയോക്താവായിരുന്നോ വിവേകാനന്ദൻ? –വേറിട്ട ഒരു വായന.

20ാം നൂറ്റാണ്ടിൽ രൂപംകൊണ്ട ഹിന്ദുയിസം എന്ന സ്വത്വമുദ്ര, വൈദിക-വർണാശ്രമ ധർമത്തി​ന്റെ ആധുനിക രൂപമാണ്. മാനവചരിത്രത്തിൽ ആദ്യമായി ‘ജന്മസിദ്ധമായ അസമത്വ’മെന്ന വംശീയ സിദ്ധാന്തത്തിനു രൂപംനൽകിയത് ഈ സനാതന ധർമമാണ്. സാർവലൗകികമായ മാനവികതയെയും മനുഷ്യവ്യക്തിയെയും സൂചിപ്പിക്കുന്ന ഒരു പദംപോലും സംസ്​കൃത ഭാഷയിലില്ല. സംസ്​കൃതത്തിലെ ‘മാനവൻ’, ‘മനുഷ്യൻ’ എന്നീ വാക്കുകൾ അർഥമാക്കുന്നത് എല്ലാ മനുഷ്യരെയുമല്ല, മറിച്ച്, ആദിപിതാവായ മനുവി​ന്റെ വംശത്തിൽ പിറന്ന പിൻഗാമികൾ എന്നാണ്.

മനുവംശ പരമ്പരയിൽപെടാത്ത ഇരുകാലികൾ, ബ്രാഹ്​മണരെ സംബന്ധിച്ചിടത്തോളം മനുഷ്യരേയല്ല. ഇംഗ്ലീഷിലെ Human beingനു സമാനമായ ഒരു പദം സംസ്​കൃതത്തിലോ സംസ്​കൃതജന്യ ഭാഷകളിലോ ഇല്ല എന്നർഥം. മനുവി​ന്റെ പിൻഗാമികളല്ലാത്തവർ നിലനിൽക്കുന്നില്ല എന്നാണ് ബ്രാഹ്​മണർ കരുതിയിരുന്നത്.

ജാതിയടിമത്തവും ജാതിപീഡനവും അതിദുസ്സഹമായാലും അതിനെ പ്രതിരോധിക്കുന്നത് ‘പാപ’വും ‘പ്രകൃതിവിരുദ്ധ’വുമാണെന്ന ഭയം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഭൂരിപക്ഷ മനുഷ്യ മഹാസഞ്ചയത്തെ പിടികൂടിയിരുന്നു. ഈ മനുഷ്യർ ‘അള മുട്ടിയാലും കടിക്കാത്ത ചേര’കളായി മാറി. റോമാ സാമ്രാജ്യത്തിൽ പീഡനം സഹിക്കവയ്യാതായപ്പോൾ അടിമകൾ വലിയ സായുധ കലാപങ്ങൾ നടത്തിയിട്ടുണ്ട്. അങ്ങനെയൊരു കലാപത്തി​ന്റെ ഹീറോ ആണ് സ്​പാർട്ടക്കസ്​. അടിമത്തം നിലനിന്ന രാജ്യങ്ങളിലെല്ലാം, മർദനം അതിരുവിടുമ്പോൾ അടിമകൾ യജമാനന്മാരെ കൊല്ലുക, ആത്മഹത്യ ചെയ്യുക, പലായനം ചെയ്യുക തുടങ്ങിയ വിമോചന മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ മർദിത ജാതികളിൽനിന്ന് ഒരു കാലത്തും ഒരു സ്​പാർട്ടക്കസ്​ ഉയർന്നുവന്നിട്ടില്ല. 19ാം നൂറ്റാണ്ടി​ന്റെ രണ്ടാം പകുതിക്കു മുമ്പ് വ്യാപകമായ ജാതിവിരുദ്ധ കലാപങ്ങൾ ഉണ്ടായിട്ടില്ല.

ഇസ്​ലാമി​ന്റെ വരവോടെ താഴ്ന്ന ജാതികളുടെ പ്രധാന വിമോചന മാർഗം മതപരിവർത്തനമായി മാറി. ആ കാലഘട്ടത്തിലൊന്നും സവർണർ ഇസ്‍ലാം മതപരിവർത്തനത്തെ എതിർത്തിരുന്നില്ല. കാരണം, തങ്ങളെ സംബന്ധിച്ചിടത്തോളം നിലനിൽക്കാത്തവർ ഏതു മതം സ്വീകരിച്ചാലും അത് തങ്ങളുടെ അധീശത്വത്തിനു ഭീഷണിയല്ലെന്നു സവർണർക്ക് അറിയാമായിരുന്നു. മാത്രമല്ല, 20ാം നൂറ്റാണ്ടിനുമുമ്പ് തങ്ങൾ ഒരു മതവിഭാഗമാണെന്ന് അവർ ചിന്തിച്ചിട്ടേയില്ല.

ഇന്ത്യയുടെ കഴിഞ്ഞ മൂവായിരം കൊല്ലത്തെ ചരിത്രത്തിൽ ‘ജാതിയില്ലാത്ത ഒരു ദിവസ’മെങ്കിലും ഭാരതീയ സംസ്​കാരവാദികൾക്ക് കാണിച്ചുതരാനാകുമോ? ജാതി അടിമത്തത്തി​ന്റെയും ജാതി അപമാനത്തി​ന്റെയും അടക്കിപ്പിടിച്ച ഞരക്കങ്ങൾ ഉയരാത്ത ഒരു നിമിഷമെങ്കിലും മൂവായിരം കൊല്ലത്തെ ‘ഹൈന്ദവ സംസ്​കാര’ത്തിൽ ഉണ്ടായിട്ടുണ്ടോ? കഴിഞ്ഞ മൂവായിരം കൊല്ലത്തെ ജാതിയുടെ ഇരുട്ടിൽ ഒരു പ്രകാശവട്ടമെങ്കിലും സൃഷ്​ടിക്കാൻ, ഓറിയന്റലിസ്റ്റുകളെ തരളിതമാക്കിയ സംസ്​കൃത കൃതികൾക്ക് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, പ്രകാശത്തിനു ഭേദിക്കാനാവാത്തവണ്ണം ഇരുട്ടിനെ കവചിതമാക്കുകയുമാണ് ചെയ്തത്. ജർമൻ റൊമാന്റിക് ചിന്തകനായ ജൊഹാൻ ഹെർഡർ ‘നാഗരികതയുടെ തൊട്ടിൽ’ എന്നു വിശേഷിപ്പിച്ച ഇന്ത്യ, യഥാർഥത്തിൽ ‘കൂരിരുട്ടി​ന്റെ പാതാള’മാണ്. ഈ പാതാളത്തിൽനിന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിന്മകളുടെയും ഹിംസകളുടെയും വിഷച്ചെടികൾ പൊട്ടിമുളച്ചത്.

അടിമത്തമായും വംശീയതയായും ഫാഷിസമായും നാസിസമായും അപാർത്തൈറ്റായും ലോകത്തെ പല ഘട്ടങ്ങളിൽ ചതച്ചരച്ച തിന്മകളുടെ പ്രാഗ് രൂപം ജാതി-വർണ വ്യവസ്​ഥയാണ്. ‘വംശീയവാദത്തി​ന്റെ മറ്റൊരു രൂപമാണ് ജാതി’യെന്ന് ചില ജാതിവിരുദ്ധർ പറയാറുണ്ട്. സദുദ്ദേശ്യത്തോടെയാണ് ഇങ്ങനെ പറയുന്നതെങ്കിലും ഈ പ്രസ്​താവന തെറ്റിദ്ധാരണാജനകമാണ്. കാരണം ഈ പ്രസ്​താവന, ജാതിയെ ഒരു ‘നിഷ്പന്ന’മാക്കുന്നു. യൂറോ-അമേരിക്കൻ വംശീയതയിൽനിന്നു നിഷ്പന്നമായ ഒരു സാമൂഹിക സമ്പ്രദായം എന്നർഥം. 16-17 നൂറ്റാണ്ടുകൾക്കുമുമ്പ് യൂറോപ്പിൽ വംശീയതയുണ്ടായിട്ടില്ല. വംശീയത ഉൾപ്പെടെ, ലോകത്തെ സകല തിന്മകളും അനീതികളും നിഷ്പാദിപ്പിക്കപ്പെട്ട archetype of evil ഇന്ത്യയിലെ ജാതിയാണ്. ആദിതിന്മയുടെ കറുത്ത തൊട്ടിലിനെയാണ് ‘നാഗരികതയുടെ കളിത്തൊട്ടിലെ’ന്ന് ഓറിയന്റലിസ്റ്റുകൾ വിശേഷിപ്പിച്ചത്.

 

ബ്രിട്ടീഷുകാർ ആവിഷ്കരിച്ച രാഷ്ട്രീയ-നിയമ വ്യവസ്​ഥയുടെയും സാമ്പത്തിക ക്രമത്തി​ന്റെയും ഭരണനിർവഹണ സംവിധാനത്തി​ന്റെയും റെയിൽവേ, തുറമുഖം, ഗതാഗതം, റവന്യൂ, പോസ്റ്റ് ഓഫിസ്​ സംവിധാനങ്ങളുടെയുമൊക്കെ ഫലമായിട്ടാണ് ഇന്ത്യയിൽ സമത്വം, നീതി, മാനവികത തുടങ്ങിയ ആശയ-മൂല്യങ്ങളുടെ പ്രകാശകിരണങ്ങൾ എത്തിയത്. ‘കൂരിരുട്ടി​ന്റെ രാമൻകോട്ട’യെ (Labyrinth of Darkness) നീതി-സമത്വാദർശങ്ങൾ ഭേദിക്കാൻ തുടങ്ങിയതോടെ, വെറും ന്യൂനപക്ഷമായിരുന്ന സവർണരുടെ ‘സഹസ്രാബ്ദങ്ങൾ നീണ്ട വംശീയ ഭരണവ്യവസ്​ഥ’ ഉലയാൻ തുടങ്ങി.

ആഗിരണമോ സഹിഷ്ണുതയോ?

സവർണ ജാതി സംസ്​കാരത്തി​ന്റെ മുഖമുദ്രയെക്കുറിച്ച് ജർമൻ ഇന്തോളജിസ്റ്റായ പോൾഹാക്കർ നടത്തുന്ന നിരീക്ഷണം നോക്കുക. ‘‘ഭിന്നവും വ്യതിരിക്തവുമായ ആശയങ്ങളെയും വിശ്വാസ സമ്പ്രദായങ്ങളെയും അവയുടെ വ്യതിരിക്തതയും സ്വതന്ത്ര അസ്​തിത്വവും അംഗീകരിക്കാതെ ആഗിരണം ചെയ്യുന്ന രീതിയാണ് സവർണരുടേത്. തങ്ങളുടേതല്ലാത്തതെല്ലാം മൂല്യരഹിതമോ അസ്​തിത്വശൂന്യമോ ആണെന്നു സ്​ഥാപിക്കുകയാണ് ലക്ഷ്യം. സവർണരുടെ അഗാധമായ അപകർഷബോധത്തി​ന്റെ പ്രകാശനമാണിത്. സവർണ ഹിന്ദു പാരമ്പര്യത്തിൽ ‘സഹിഷ്ണുത എന്നൊന്നില്ല’1. ഹാക്കർ തുടരുന്നു, ഭിന്നസംസ്​കാരവുമായും മതവുമായും അതി​ന്റെ വേറിട്ട അസ്​തിത്വം അംഗീകരിച്ചുകൊണ്ട് ബോധപൂർവവും ആത്മപ്രതിഫലനാത്മകവുമായി നടത്തുന്ന സംവാദമാണ് ‘സഹിഷ്ണുത’.

സവർണ ഹിന്ദു പാരമ്പര്യം അന്യസമ്പ്രദായങ്ങളോട് പുലർത്തുന്ന സമീപനത്തെ ഹാക്കർ ‘ഇൻക്ലുസിവിസം’ എന്നാണ് നിർവചിക്കുന്നത്. (സ്വാംശീകരണവാദം, ആഗിരണവാദം എന്നൊക്കെ തർജമ ചെയ്യാം.) ‘‘അത് നിരാശയിൽനിന്നും അപകർഷബോധത്തിൽനിന്നുമാണ് ഉടലെടുക്കുന്നത്’’ എന്നദ്ദേഹം പറയുന്നു. ‘സഹിഷ്ണുത ഉണ്ടാവണമെങ്കിൽ അതിനൊരു കർത്താവ് വേണം. ആരുടെ സഹിഷ്ണുതയെക്കുറിച്ചാണ്, എന്തി​ന്റെ സഹിഷ്ണുതയെ കുറിച്ചാണ്, നാം ചർച്ച ചെയ്യുന്നത്? 20ാം നൂറ്റാണ്ടിനു മുമ്പ് ‘ഹിന്ദു’ എന്ന ‘സ്വത്വ’മോ മതമോ നിലനിന്നിട്ടില്ല. അതിനാൽ, ‘ഹിന്ദു സഹിഷ്ണുത’യെന്ന പ്രയോഗംതന്നെ സംജ്ഞാപരമായ ഒരു വൈരുധ്യമാണ്. പ്രയോഗതലത്തിൽ വിവിധ സെക്ടുകളും ജാതികളും കാണിക്കുന്ന പ്രയോജനവാദപരമായ അനുകൂലനങ്ങളെ ‘താത്ത്വികമായ സഹിഷ്ണുത’ എന്നു വിളിക്കാനാവില്ല.

വിവേകാനന്ദ​ന്റെ അസഹിഷ്ണുത

ഹിന്ദു സഹിഷ്ണുതയെക്കുറിച്ചുള്ള വിവേകാനന്ദ​ന്റെ വീക്ഷണങ്ങൾ എന്താണെന്നു നോക്കാം. വിവേകാനന്ദ​ന്റെ ഹിന്ദുയിസം അദ്വൈത വേദാന്താധിഷ്ഠിതമാണ്. വൈഷ്ണവർ, ശൈവർ, ശാകേതയർ, ശ്രീവൈഷ്ണവർ, രാമാനുജർ, ദ്വൈതവാദികൾ, വിശിഷ്​ടാദ്വൈതവാദികൾ എന്നിങ്ങനെ പരസ്​പരം കലഹിച്ചിരുന്ന സവർണരെ ഒന്നിപ്പിക്കുന്ന ഒരു പ്രത്യയശാസ്​ത്രമെന്ന നിലക്കാണ് വിവേകാനന്ദൻ വേദാന്തത്തിനു പുനർവ്യാഖ്യാനം നൽകിയത്. ഹിന്ദുയിസത്തി​ന്റെ ‘ബൃഹദാഖ്യാനവും’ ‘മർമ’വും വേദാന്തമാണ്. വേദാന്താധിഷ്ഠിതമായ ഹിന്ദുയിസം ‘സകല മതങ്ങളുടെയും മാതാവ്’ ആണെന്ന് വിവേകാനന്ദൻ വാദിച്ചു.

മാതാവായ ഹിന്ദുയിസത്തിനു മുന്നിൽ മുട്ടുകുത്തിയിരുന്നു പഠിക്കേണ്ട ശിശുക്കളാണ് ജൂതായിസം, ക്രിസ്​തുമതം, ഇസ്‍ലാം തുടങ്ങിയ മതങ്ങൾ! ഹിന്ദുവെന്ന ഗുരുവിനു മുന്നിലിരുന്നു പഠിക്കേണ്ട ശിഷ്യർ മാത്രമാണ് ഇതര മതങ്ങൾ2. വിവേകാനന്ദ​ന്റെ ഈ ‘സഹിഷ്ണുത’ എത്രത്തോളം സങ്കുചിതവും അക്രമോത്സുകവുമാണെന്നു നോക്കുക. വിവേകാനന്ദ​ന്റെ ലോകം ശത്രുക്കളുടെയും മിത്രങ്ങളുടെയും ലോകമാണ്. ഹിന്ദു മിത്രങ്ങളുടെ അതിജീവനത്തിനുള്ള ഏക മാർഗം ശത്രുക്കൾക്കെതിരായ നിതാന്ത യുദ്ധമാണെന്ന് വിവേകാനന്ദൻ പറഞ്ഞുകൊണ്ടേയിരുന്നു.

മാത്രവുമല്ല ജനാധിപത്യം, മതേതരത്വം, സയൻസ്​, കമ്യൂണിസം, സംസ്​കൃതേതര ഇന്ത്യൻ ഭാഷകൾ, ആവിഷ്കാര സ്വാതന്ത്ര്യം, കല, സാഹിത്യം, ആധുനിക ജീവിതശൈലി എന്നിങ്ങനെ വിവേകാനന്ദൻ കണ്ടെത്തിയ ഹിന്ദുശത്രുക്കളുടെ പട്ടിക നീണ്ടുപോകുന്നു. മാനവികമായ എന്തും വിവേകാനന്ദന് ചതുർഥിയായിരുന്നു. ദ്രാവിഡ ഭാഷകളെ വെച്ചുപൊറുപ്പിക്കരുതെന്ന വാദക്കാരനായിരുന്നു ഇദ്ദേഹം. ഇപ്പോൾ ബി.ജെ.പി നടപ്പാക്കാൻ ആഗ്രഹിക്കുന്ന ഭാഷാനയത്തി​ന്റെ ഉപജ്ഞാതാവ് വിവേകാനന്ദനാണ്.

മുസ്‍ലിംകൾ ക്ഷേത്രധ്വംസകരാണെന്ന വിഷലിപ്തമായ നുണയുടെ ഉപജ്ഞാതാവും മറ്റാരുമല്ല. വിവേകാനന്ദൻ എഴുതി: ‘‘സോമനാഥ ക്ഷേത്രം ഉൾപ്പെടെ എത്രയോ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. പക്ഷേ, നാശത്തിൽനിന്ന് അതിവേഗം ഉയിർത്തെഴുന്നേൽക്കുന്നു എന്നതാണ് ഹിന്ദുവി​ന്റെ ദേശീയ വീര്യം’’3 ‘‘വാളും അഗ്​നിയുമായി വന്ന പ്രാകൃത മതക്കാർക്ക് നമ്മുടെ ‘ആത്മാവി’നെ സ്​പർശിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ വംശാത്മാവിൽ ജീവിക്കുന്ന ആ ‘പക്ഷി’യെ കൊല്ലാൻ ആർക്കും സാധിച്ചിട്ടില്ല. അതാണ് ചേതന. ആ ചൈതന്യം അവിടെയുള്ളിടത്തോളം സൂര്യനു കീഴിലുള്ള ഒരു ശക്തിക്കും ഹിന്ദുവിനെ നശിപ്പിക്കാനാവില്ല.’’4

 

സ്വാമി വിവേകാനന്ദൻ -1893 സെപ്​റ്റംബറിലെ ചിത്രം. പാർലമെന്റ്​ ഒാഫ്​ റിലീജ്യൻസിൽ പ​െങ്കടുക്കാനെത്തിയപ്പോൾ 

ഷികാഗോ പ്രസംഗത്തി​ന്റെ പൊള്ളത്തരം

കൊളംബസ്​ അമേരിക്ക കണ്ടുപിടിച്ചതി​ന്റെ 400ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച താരതമ്യേന അപ്രധാനമായ ഒരു പരിപാടിയായിരുന്നു ലോക മതസമ്മേളനം. സയൻസ്​ സാങ്കേതിക വിപ്ലവങ്ങളുടെ ഫലമായുണ്ടായ ഭൗതിക പുരോഗതി കാരണം ആത്മീയത ക്ഷയിച്ചുവെന്നു വാദിച്ച ഒരു വിഭാഗം അമേരിക്കയിൽ ഉണ്ടായിരുന്നു. മനുഷ്യ​ന്റെ ഭൗതികജീവിതത്തിൽ ഉണ്ടായ ഭൗതികമാറ്റങ്ങൾ അവരെ ദൈവത്തിൽനിന്നകറ്റിയെന്നും അതിനു പരിഹാരം മതത്തി​ന്റെ വീണ്ടെടുപ്പാണെന്നും സമർഥിക്കാൻ ഈ യാഥാസ്​ഥിതികർ ലോക മതസമ്മേളനത്തെ കരുവാക്കി.

വിവേകാനന്ദൻ ഔദ്യോഗിക ക്ഷണിതാവു പോലുമായിരുന്നില്ല. നേരത്തേ പറഞ്ഞ കൂട്ടത്തിലുള്ള ചിലർ വിവേകാനന്ദനെ സമ്മേളനത്തിൽ ഒളിച്ചുകടത്തുകയായിരുന്നു. ഇന്ത്യയിൽനിന്ന് പല മതങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ ക്ഷണിക്കപ്പെട്ടിരുന്നു. വിവേകാനന്ദനു മുമ്പ് ഷികാഗോ സമ്മേളനത്തിൽ പ്രസംഗിച്ചത്, രാജാറാം മോഹൻ റായ് സ്​ഥാപിച്ച ബ്രഹ്മസമാജത്തി​ന്റെ പ്രതിനിധിയും ബ്രാഹ്​മണനുമായ പ്രഫുല്ല ചന്ദ്ര മജൂംദാർ ആയിരുന്നു.

ബംഗാളിലെ സവർണർക്കിടയിൽ വ്യാപകമായിരുന്ന ശൈശവ വിവാഹം, വിധവാ വിവാഹ വിലക്ക്, സ്​ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാക്കൽ, സതി തുടങ്ങിയ അനാചാരങ്ങൾ വിവരിച്ച മജൂംദാർ അവ പരിഷ്കരിക്കുന്നതിന് വിദേശികളുടെ ഇടപെടൽ സ്വാഗതംചെയ്തു. മജൂംദാറിനു ഹിന്ദു മിഷനറി-ദേശീയ അജണ്ടകളൊന്നുമുണ്ടായിരുന്നില്ല. പിന്നാലെ സംസാരിച്ച വിവേകാനന്ദൻ, സ്വന്തം നാട്ടുകാരനാണെന്ന പരിഗണനപോലും നൽകാതെ മജൂംദാറെ അധിക്ഷേപിക്കാനും അദ്ദേഹം പറഞ്ഞതെല്ലാം നുണകളാണെന്നു സ്​ഥാപിക്കാനുമാണ് ശ്രമിച്ചത്. ഹിന്ദുയിസത്തെയും ഇന്ത്യയെയും വിദേശികളുടെ മുന്നിൽ വെള്ളപൂശുകയെന്ന ദേശീയ-രാഷ്ട്രീയ ലക്ഷ്യമാണ് വിവേകാനന്ദന് ഉണ്ടായിരുന്നത്.

ഇതേക്കുറിച്ച് പിൽക്കാലത്ത് ചോദ്യങ്ങൾ ഉണ്ടായപ്പോൾ, വെറും ‘നാട്ടുമ്പുറയുക്തി’കൊണ്ടാണ് അതിനെ നേരിട്ടത്. ‘‘ശരിയാണ്, കുടുംബത്തിനകത്ത് കുറ്റങ്ങളും കുറവുകളുമുണ്ടാകാം. പക്ഷേ, അത് അന്യരുടെ മുന്നിൽ എടുത്തു പ്രദർശിപ്പിച്ചാൽ കുടുംബത്തി​ന്റെ അന്തസ്സ് കെട്ടുപോകും’’ ഇതായിരുന്നു മറുപടി. ആധുനിക ലോകത്തിനു ചേരാത്ത ആചാരങ്ങളോ സമ്പ്രദായങ്ങളോ തൊട്ടുതീണ്ടാത്തതും ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്നതുമായ ഒരു ‘ആദർശാത്മക മത’മാണ് സവർണ ഹിന്ദുയിസം എന്ന കപടചിത്രം വിദേശികൾക്കു മുന്നിൽ വരച്ചുകാട്ടിയ വിവേകാനന്ദൻ ഇടതു-വലതു പക്ഷങ്ങളുടെ പൊതു ഹീറോ ആയതെങ്ങനെയെന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്.

ഷികാഗോയിൽ വിവേകാനന്ദന് മറ്റൊരു ഗൂഢലക്ഷ്യം കൂടിയുണ്ടായിരുന്നു. ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിനു വിധേയമാവുകയും പരമ്പരാഗത യജമാനവംശമായിരുന്ന സവർണർ ബ്രിട്ടീഷുകാരുടെ പ്രജകളായി മാറുകയും ചെയ്ത ഒരു ചരിത്രസന്ധിയിലാണ് വിവേകാനന്ദൻ ഷികാഗോയിലെത്തുന്നത്. ബ്രിട്ടീഷ് രാഷ്ട്രീയാധികാരത്തിനു മുന്നിൽ അധികാരശൂന്യനായ ഒരു ശുഷ്ക സന്യാസി മാത്രമായിരുന്നു വിവേകാനന്ദൻ. അതി​ന്റെ അപകർഷബോധവുമായിട്ടാണ് അദ്ദേഹം ഷികാഗോയിലെത്തുന്നത്. തലപ്പാവും കാവിയും അതു മായ്ക്കുന്നതിനുള്ള വിദ്യകളായിരുന്നു. ഉയർന്ന ശാസ്​ത്ര-സാങ്കേതികവിദ്യ കൊണ്ടും രാഷ്ട്രീയ-സൈനിക ബലംകൊണ്ടും ഭൗതികമായി കീഴ്പ്പെടുത്താൻ കഴിഞ്ഞെങ്കിലും, ഞങ്ങൾ ആത്മീയമായി തളർന്നിട്ടില്ല, ബ്രിട്ടനാകട്ടെ ആത്മീയശകതി ബലികഴിച്ചുകൊണ്ടാണ് ഭൗതിക പുരോഗതി നേടിയത്. ആത്മീയ ശൂന്യമായ ഭൗതികത ശുഷ്കമാണ്.

 

അതിനാൽ നഷ്​ടപ്പെട്ട ആത്മീയത വീണ്ടെടുക്കാനുള്ള ഒരുതരം പാപമോചന രാഷ്ട്രീയമാണ് കൊളോണിയലിസമെന്നാണ് പരോക്ഷമായി വിവേകാനന്ദൻ വാദിച്ചത്. ഭൗതികമായി തങ്ങൾ ബ്രിട്ട​ന്റെ പ്രജകളാണെങ്കിലും ആത്മീയമായി യജമാനർ തന്നെയാണ​േത്ര! ആത്മീയതക്കു വേണ്ടി ബ്രിട്ടൻ ഇന്ത്യക്കു മുന്നിൽ നടത്തുന്ന യാചനയാണുപോലും കൊളോണിയലിസം! സവർണരുടെ ആത്മവിശ്വാസം ഉയർത്താനുള്ള വിവേകാനന്ദ കൗശലങ്ങളാണ് ഇത്തരം വ്യാഖ്യാനങ്ങൾ.

ധർമശാസ്​ത്ര വ്യവഹാരത്തിൽനിന്ന് വേദാന്ത വ്യവഹാരത്തിലേക്ക്

19ാം നൂറ്റാണ്ടു വരെ വേദാന്തത്തെ നൈതികമായ അർഥത്തിൽ ആരും വ്യാഖ്യാനിച്ചിട്ടില്ല. മാത്രവുമല്ല, മുഖ്യധാരാ ബ്രാഹ്​മണ സമൂഹത്തിനിടയിലും വേദാന്തത്തിനു കാര്യമായ സ്വീകാര്യതയുണ്ടായിരുന്നില്ല. അവരുടെ ലോകബോധത്തെയും പെരുമാറ്റത്തെയും നിയന്ത്രിച്ചിരുന്നത് ധർമശാസ്​ത്ര വ്യവഹാരമായിരുന്നു. ജാതിവിവേചനം, ഉച്ചനീചത്വം, തൊട്ടുകൂടായ്മ, അയിത്താചാരങ്ങൾ, ‘താഴ്ന്ന’ ജാതി മനുഷ്യരോടുള്ള നിന്ദ, സ്​ത്രീവിദ്യാഭ്യാസ നിഷേധം, മർദിത ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യ വിലക്ക് തുടങ്ങിയ അപാർതൈറ്റ് സമ്പ്രദായങ്ങൾ ഗർഹണീയമെന്ന് സവർണരോ മർദിത ജാതികളോ കരുതിയിരുന്നില്ല.

19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്കൊപ്പം വന്ന ൈക്രസ്​തവ മിഷനറിമാരാണ് സ്വാഭാവികവും പ്രകൃതിദത്തവുമെന്നു കരുതിപ്പോന്ന സാമൂഹിക സമ്പ്രദായങ്ങൾക്കെതിരെ വിമർശനം ഉയർത്തിയത്. സവർണരുടെ മതസമ്പ്രദായങ്ങൾ അനൈതികവും മനുഷ്യവിരുദ്ധവുമാണെന്ന് മിഷനറിമാർ നാടുനീളെ പ്രചരിപ്പിച്ചു. മിഷനറിമാരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന ആധുനികരായ സവർണർക്ക് വലിയ അപകർഷതയാണുണ്ടായത്. എന്നാൽ, ദേശീയ താൽപര്യങ്ങളുടെ ഭാരമില്ലാതിരുന്ന പരമ്പരാഗത സംസ്​കൃത പണ്ഡിതർക്ക് തങ്ങളുടെ പാരമ്പര്യത്തി​ന്റെ പേരിൽ വലിയ കുറ്റബോധമൊന്നുമുണ്ടായില്ല. അവർ കൂടുതൽ കാർക്കശ്യത്തോടെ ധർമശാസ്​ത്ര വ്യവഹാരവാദങ്ങൾ ആവർത്തിക്കുകയാണുണ്ടായത്.

പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച സവർണ ബുദ്ധിജീവികളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് മിഷനറിമാരുമായി തുല്യത സ്​ഥാപിക്കുകയെന്നത് അതിജീവനത്തി​ന്റെ പ്രശ്നമായി മാറി. സ്വന്തം മൃതപാരമ്പര്യത്തെ യൂറോപ്യൻ ആശയ-മൂല്യങ്ങളുടെ അടിസ്​ഥാനത്തിൽ പുനർവ്യാഖ്യാനിച്ചുകൊണ്ടല്ലാതെ മിഷനറി വിമർശനത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ധർമശാസ്​ത്രാധിഷ്ഠിതമായ വ്യവഹാരത്തിലൂടെ മിഷനറിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ലെന്നു മനസ്സിലാക്കിയ സവർണർ പുതിയൊരു വ്യവഹാരത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.5 ജാതി-വംശീയ വിവേചനത്തെ ക്ഷമാപണരഹിതമായി ന്യായീകരിക്കുന്ന ധർമശാസ്​ത്ര വ്യവഹാരത്തിൽനിന്നു വ്യത്യസ്​തമായ ഒരു അതിഭൗതിക വ്യവഹാരത്തെ കുറിച്ചുള്ള അന്വേഷണമാണ് ഒരു ചെറു ന്യൂനപക്ഷം സംസ്​കൃത പണ്ഡിതർക്കു മാത്രം പരിചിതമായിരുന്ന അദ്വൈത വേദാന്തം പൊടിതട്ടിയെടുക്കാൻ ഇവരെ േപ്രരിപ്പിച്ചത്.

യഥാർഥ ജീവിതമോ സാമൂഹിക സമ്പ്രദായങ്ങളോ വേദാന്തത്തി​ന്റെ പ്രമേയങ്ങളല്ല. വേദാന്ത തത്ത്വമനുസരിച്ച് മനുഷ്യർ ജീവിച്ചു മരിക്കുന്ന ഭൗതികവും സാമൂഹികവുമായ ലോകം മിഥ്യയാണ്. ജാതിയെന്നത് മിഥ്യയായ ലോകത്തി​ന്റെ ഭാഗമാണ്. അതിനാൽ ജാതിവിവേചനം. ഉച്ചനീചത്വം, അയിത്തം തുടങ്ങിയവ മിഥ്യാബോധത്തി​ന്റെ ഭ്രമകൽപനകൾ മാത്രം, പരമാർഥമായുള്ളത് ആത്മ–ബ്രഹ്മം മാത്രം. ഇവിടെ ആധുനിക സവർണർക്ക് ശങ്കര​ന്റെ ബ്രാഹ്​മണമാത്ര വാദത്തെയും നിഷേധിക്കേണ്ടിവന്നു. ആധുനിക സവർണ ഹിന്ദു നിർമാതാക്കളിൽനിന്നും വിവേകാനന്ദനെ വ്യത്യസ്​തനാക്കുന്നത്, ധർമശാസ്​ത്ര വ്യവഹാരത്തി​ന്റെ സ്​ഥാനത്ത് വേദാന്തത്തി​ന്റെ അതിഭൗതിക വ്യവഹാരത്തെ പ്രതിഷ്ഠിക്കുന്നതിൽ അദ്ദേഹം വിജയിച്ചു എന്നതാണ്.

വിവേകാനന്ദനും ഹിന്ദു ഫാഷിസവും

‘‘ദൈവം മനുഷ്യനു നൽകിയ ഏറ്റവും മഹത്തരമായ സാമൂഹിക ക്രമങ്ങളിലൊന്നാണ് ജാതി’’യെന്നു വിവേകാനന്ദൻ അഭിമാനിക്കുന്നു.6 അദ്ദേഹത്തി​ന്റെ ഉപദേശമിതാണ്: ‘‘അതിനാൽ, എ​ന്റെ നാട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇതാണ്, ഇന്ത്യയുടെ പതനത്തിനു കാരണം, നിങ്ങൾ ജാതിയുടെ വികാസത്തെ മരവിപ്പിച്ചു എന്നതാണ്. ജാതി അതി​ന്റെ മുൻകാല പ്രതാപം വീണ്ടെടുക്കട്ടെ, ജാതിവാഴ്ചയുടെ മുന്നിൽ ഉയർത്തിയ മതിലുകൾ പൊളിച്ചുനീക്കിയാൽ നാം ഉയിർത്തെഴുന്നേൽക്കും.’’7 സമകാലികമായ പതനാവസ്​ഥയിൽനിന്ന് ജാതിയെ പുനരുദ്ധരിക്കാൻ വിവേകാനന്ദന് പദ്ധതിയും ഉണ്ടായിരുന്നു.

മൊത്തം ഹിന്ദു ജനതയെ ബ്രാഹ്​മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വർണങ്ങളായി പുനർവിഭജിക്കുക, അതാണ് വിവേകാനന്ദൻ മുന്നോട്ടുവെച്ച പരിഹാരം.8 തുടർന്നു പറയുന്നു: ഗീതാ വ്യാഖ്യാനത്തി​ന്റെ ആമുഖത്തിൽ ശങ്കരാചാര്യർ ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയിലെ മനുഷ്യത്വത്തി​ന്റെ ആദർശ മാതൃക ‘ബ്രാഹ്​മണത്വ’മാണ്. ഈ ആദർശ ബ്രാഹ്​മണത്വത്തി​ന്റെ പരിരക്ഷ ലക്ഷ്യംവെച്ചുള്ളതായിരുന്നു ശങ്കര​ന്റെ പ്രബോധനങ്ങൾ.9 ത​ന്റെ സമകാലികരായ ബ്രാഹ്​മണരോടുള്ള വിവേകാനന്ദ​ന്റെ വിയോജിപ്പ്, അവർ ശങ്കര​ന്റെ ആദർശ ബ്രാഹ്​മണത്വത്തിൽനിന്ന് വ്യതിചലിച്ചു എന്നതാണ്.

അവർ പഴയ കാലത്തെപ്പോലെ വേദജ്ഞാന തൃഷ്ണയിലേക്കു മടങ്ങണം. അതുപോലെ, മർദിത ജാതികൾക്ക് വിവേകാനന്ദൻ നൽകുന്ന ‘വിപ്ലവകര’വും ‘വാത്സല്യഭരിത’വുമായ ഉപദേശം നോക്കുക – ‘‘മേൽജാതിക്കോയ്മ ഇല്ലാതാക്കാനല്ല, നിങ്ങൾ ശ്രമിക്കേണ്ടത്. അവരുടെ ജീവിതരീതി അനുകരിച്ച് സ്വയം ഉയരാനാണ് ശ്രമിക്കേണ്ടത്. ഇങ്ങനെ ഉയരാൻ ശ്രമിക്കുന്നവർക്കു സഹായഹസ്​തം നൽകാൻ’’ അദ്ദേഹം ബ്രാഹ്​മണരെയും ഉപദേശിച്ചു.

വിവേകാനന്ദ​ന്റെ രണ്ടു പ്രയോഗങ്ങൾ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഹരം പിടിപ്പിക്കുന്നു. ‘കേരളം (മലബാർ) ഒരു ഭ്രാന്താലയം’, ‘ശൂദ്രരാജ്’ എന്നീ രണ്ടു പ്രയോഗങ്ങളുടെ ചരിത്ര പശ്ചാത്തലവും വ്യംഗ്യാർഥവും മനസ്സിലായിട്ടില്ലാത്തവരാണ്, വിവേകാനന്ദനിൽ ഒരു ജാതിവിരുദ്ധ വിപ്ലവകാരിയുടെ മുദ്രചാർത്തുന്നത്. 19ാം നൂറ്റാണ്ടി​ന്റെ അവസാന ദശകങ്ങളിലാണ് സവർണർ നഷ്​ടപ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടി ദേശീയ പ്രസ്​ഥാനവും ഹിന്ദുയിസവും നിർമിക്കാൻ ആരംഭിച്ചത്.

എന്നാൽ, കേരളത്തിൽ നിലനിന്ന കടുത്ത ജാതി ഉച്ചനീചത്വങ്ങൾ മൂലം ഭൂരിപക്ഷ മർദിത ജാതികളെ ആകർഷിക്കാൻ സവർണർക്കു കഴിഞ്ഞിരുന്നില്ല. പൊതുനിരത്തുകളിലൊന്നിലും കാലുകുത്താൻ പാടില്ലെന്ന ശാസനമൂലം, ബ്രിട്ടീഷുകാർക്കെതിരെ സവർണർ നടത്തുന്ന പ്രകടനങ്ങളിൽപോലും അവർണർക്കു പങ്കെടുക്കാൻ കഴിയില്ലായിരുന്നു. അവർണ ഭൂരിപക്ഷം തങ്ങളും ‘ഹിന്ദു’ക്കളാണെന്നു ചിന്തിക്കാൻ തുടങ്ങിയാൽ മാത്രമേ ഹിന്ദുയിസത്തിനും ദേശീയതക്കും ജനകീയ–ഭൂരിപക്ഷ പ്രതിച്ഛായ ലഭിക്കുമായിരുന്നുള്ളു. അതിനാൽ, സഞ്ചാരസ്വാതന്ത്ര്യ നിഷേധംപോലുള്ള കഠിന നിയന്ത്രണങ്ങളിൽ കുറച്ച് ഇളവ് വരുത്തണമെന്ന് സവർണരെ ബോധ്യപ്പെടുത്താനാണ് വിവേകാനന്ദൻ ‘ഭ്രാന്താലയ’മെന്ന രൂപകംകൊണ്ട് ഉദ്ദേശിച്ചത്. അഖിലേന്ത്യാ വ്യാപകമായ ഒരു ഹിന്ദുയിസത്തെയോ ദേശീയതയെയോ ഭാവന ചെയ്തിട്ടില്ലാത്ത കേരളീയ സവർണരുടെ താൽപര്യം തികച്ചും പ്രാദേശികമായിരുന്നു. അഖില കേരളാടിസ്​ഥാനത്തിലുള്ള ഒരു പൊതു സവർണ പദ്ധതിപോലും അവർക്ക് ഉണ്ടായിരുന്നില്ല.

19ാം നൂറ്റാണ്ടി​ന്റെ അവസാന വർഷങ്ങളിൽ, കേരളത്തിലെ നമ്പൂതിരിമാരുടെ ലോകം ഇണ്ടൻതുരത്തി നമ്പൂതിരിയെക്കാൾ ഇടുങ്ങിയതും പ്രാദേശികവുമായിരുന്നു. അവർക്ക് ‘അഖില ഭാരതീയ ഹിന്ദു ദേശീയബോധം’ ഇല്ലാത്തതിനെ പരിഹസിക്കാനാണ് വിവേകാനന്ദൻ ഭ്രാന്താലയമെന്ന രൂപകം ഉപയോഗിച്ചത്. വിവേകാനന്ദ​ന്റെ ജാതിയായ ‘ശൂദ്ര-കായസ്​ഥ’രെ ബംഗാളി ബ്രാഹ്​മണർ ക്ഷത്രിയരായി അംഗീകരിക്കാത്തതി​ന്റെ അരിശവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതൊന്നും തിരിച്ചറിയാത്തതുകൊണ്ടാണ് പുരോഗമനവാദികൾ വിവേകാനന്ദനെ വാഴ്ത്തുന്നത്.

വിവേകാനന്ദ​ന്റെ ആരാധകരായ പുരോഗമനവാദികൾ പ്രചരിപ്പിക്കുന്ന മറ്റൊരു പ്രയോഗം ‘ശൂദ്രരാജ്’ എന്നതാണ്. ലണ്ടൻ സന്ദർശനവേളയിൽ 1896 നവംബർ ഒന്നിന് മിസ്​ മേരി ഹേലിന് അയച്ച ഒരു കത്തിലാണ് ‘ശൂദ്രരാജ്’ പരാമർശമുള്ളത്.10 കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. ‘‘മാനവസമൂഹം നാലു വർഗങ്ങളാൽ (ജാതികളാൽ) ഭരിക്കപ്പെടുന്നു... പുരോഹിതർ, യോദ്ധാക്കൾ, കച്ചവടക്കാർ, തൊഴിലാളികൾ എന്നിവയാണ് നാലു ജാതികൾ. പുരോഹിതർ (ബ്രാഹ്​മണർ) ഭരിച്ചപ്പോൾ ശാസ്​ത്രങ്ങൾക്ക് അടിത്തറയിട്ടു. (‘ശാസ്​ത്രങ്ങൾ’ എന്നപദംകൊണ്ട് വിവേകാനന്ദൻ അർഥമാക്കിയത് ഇംഗ്ലീഷിലെ ‘സയൻസി’നെയല്ലെന്നു പ്രത്യേകം ശ്രദ്ധിക്കുക. വൈദികശാസ്​ത്രവും മതവുമാണ് വിവക്ഷ). പുരോഹിതൻ മനസ്സിനെ സംസ്​കരിച്ചു. യോദ്ധാക്കളുടെ (ക്ഷത്രിയർ) കാലത്ത് കലകളും സാമൂഹിക സംസ്​കാരവും ഉന്നതിയിലെത്തി.

അടുത്തത് കച്ചവട (വൈശ്യ) ഭരണമാണ്. അതോടെ, സംസ്​കാരം നശിക്കാൻ തുടങ്ങുന്നു. ഒടുവിൽ, തൊഴിലാളി (ശൂദ്ര) ഭരണം വരും. അത് ഭൗതികസുഖം വർധിപ്പിക്കുമായിരിക്കും, പക്ഷേ, സംസ്​കാരത്തെ ജീർണിപ്പിക്കും. സാധാരണ വിദ്യാഭ്യാസം വ്യാപകമാകും. പക്ഷേ, അസാധാരണ പ്രതിഭകൾ കുറഞ്ഞുവരും. ഇനി അതുകൂടി പരീക്ഷിക്കപ്പെടട്ടെ, മറ്റൊന്നുമില്ലെങ്കിലും അതി​ന്റെ പുതുമക്ക്.’’ വർഗവും ജാതിയും ഒന്നാണെന്ന അബദ്ധധാരണയാണ് വിവേകാനന്ദനുണ്ടായിരുന്നത്.

വർഗം ജന്മസിദ്ധമല്ല. ബൂർഷ്വാസിയാകുന്നതിൽനിന്ന് തൊഴിലാളിയെ തടയുന്ന ജന്മസിദ്ധമോ മതപരമോ ആയ വിലക്കുകളില്ല. ബൂർഷ്വാസി തൊഴിലാളിയായി മാറുന്നതും അസംഭവ്യമല്ല. എന്നാൽ, ഒരു ജാതിയിൽ ജനിച്ച ഒരാൾക്ക് പ്രയത്നംകൊണ്ടോ പ്രതിഭകൊണ്ടോ മറ്റൊരു ജാതിക്കാരനാവാൻ കഴിയില്ല. സവർണ ഹിന്ദുക്കൾക്ക് ഭീഷണിയാകാവുന്ന ‘ശൂദ്രരാജി’നെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു വിവേകാനന്ദൻ. ഇതൊന്നുമറിയാതെയാണ് പുരോഗമനവാദികൾ വിവേകാനന്ദനെ വിപ്ലവകാരിയാക്കുന്നത്.

‘ഭാരതം സഹിഷ്ണുതയുടെയും ഉദാരതയുടെയും പുണ്യപുരാതന ഭൂമിയാണ്’, ‘എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന മതമാണ് ഹിന്ദുയിസം’, ‘ബഹുസ്വരതയെയും നാനാത്വത്തെയും മാനിക്കുന്ന ആത്മാവാണ് ഹിന്ദുവിന്റേത്’, ‘നാനാത്വത്തിൽ ഏകത്വമാണ് ഹിന്ദുയിസത്തി​ന്റെ കൊടിയടയാളം’ തുടങ്ങിയ ആശയങ്ങൾ നൂറു കൊല്ലം മുമ്പു മാത്രം ആവിഷ്കരിച്ചവയാണ്. 19ാം നൂറ്റാണ്ടിനു മുമ്പ് ഇങ്ങനെയൊന്നും ആരും ചിന്തിച്ചിട്ടുപോലുമില്ല. ദേശസാൽക്കരിക്കപ്പെടുന്ന സവർണ ഹിന്ദുയിസത്തി​ന്റെ ജനപ്രിയതക്കുവേണ്ടി സൃഷ്​ടിക്കപ്പെട്ട വ്യാജ മുദ്രാവാക്യങ്ങളാണിവ. ആധുനിക കാലത്ത് ഏറ്റവുമധികം പ്രചരിക്കപ്പെട്ട ‘നാനാത്വത്തിൽ ഏകത്വം’ എന്നതിനു പിന്നിലുള്ളത് സവർണാധിനിവേശ മനോഭാവമാണ്.

 

പ്രാദേശികവും ഭാഷാപരവും വിശ്വാസപരവും മതപരവും സാംസ്​കാരികവുമായ നാനാ ഘടകങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ‘ഏക ഘടകം’ എന്താണ്? ഇന്ത്യയിലെ എണ്ണിയാലൊടുങ്ങാത്ത നാനാത്വങ്ങളെ കൂട്ടിക്കെട്ടുന്ന ഏകത്വമെന്ന ചരട് എന്താണ്? അത് സംസ്​കൃത ബ്രാഹ്​മണ മൂല്യമണ്ഡലമാണ്. സംസ്​കൃത-ബ്രാഹ്​മണിസമെന്ന ‘അഖില ഭാരതീയ’ പാശത്തിൽ കൊരുത്തിട്ടിരിക്കുന്ന ഘടകങ്ങൾ മാത്രമാണ് വിവിധ ഭാഷകളും മതസമ്പ്രദായങ്ങളും ജീവിതരീതികളും ഭക്ഷണശീലങ്ങളും വസ്​ത്രധാരണ ശൈലികളും കലയും സാഹിത്യവും സംഗീതവുമെല്ലാം. ഈ അഖില ഭാരതീയ സവർണ ചങ്ങലയെ ദുർബലമാക്കുന്ന തരത്തിൽ സ്വയാധികാരം ആർജിക്കാൻ നാനാത്വങ്ങൾക്ക് അവകാശമില്ല.

അത്തരം ശ്രമങ്ങളുണ്ടായാൽ, അവയെ നിർദയം അടിച്ചമർത്താനുള്ള അഖില ഭാരതീയ സവർണതയുടെ അധികാര പ്രഖ്യാപനമാണ്, ‘നാനാത്വത്തിൽ ഏകത്വം’ എന്ന മുദ്രാവാക്യം. കലർപ്പില്ലാത്തതും ലക്ഷണമൊത്തതുമായ വംശീയ ഫാഷിസത്തി​ന്റെ ദംഷ്ട്രകൾ മറയ്ക്കാനുള്ള കവചം മാത്രമാണ് വിവേകാനന്ദ​ന്റെ സഹിഷ്ണുതാവാദം. ഇന്ത്യയുടെ ചക്രവാളങ്ങളെ ഇരുട്ടിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തി​ന്റെ ആദിപിതാവ് വിവേകാനന്ദനാണെന്നു ജ്യോതിർമയ ശർമ സമർഥിക്കുന്നു.11 ഹിന്ദുയിസത്തിലധിഷ്ഠിതമായ ദേശീയതയുടെ വ്യവഹാരത്തി​ന്റെ തലതൊട്ടപ്പൻ വിവേകാനന്ദനാണ്. ഹിന്ദു ഫാഷിസ്റ്റുകളുടെ ഏറ്റവും വലിയ താത്ത്വിക–ആധ്യാത്മിക ഗുരുവായി വിവേകാനന്ദൻ മാറിയതിനു കാരണവും മറ്റൊന്നല്ല.

1902ൽ വിവേകാനന്ദൻ മരിച്ചു. അതിനു മുമ്പ് ഇന്ത്യയിൽ ആധുനികമായ രാഷ്ട്രീയ വ്യവഹാര ശൈലിയും പ്രക്ഷോഭരീതിയും പ്രചാരത്തിൽ വന്നിരുന്നില്ല. പരമ്പരാഗതമായ ബ്രാഹ്​മണ രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ, ആധുനിക ബിരുദ വിദ്യാഭ്യാസം നേടിയ നരേന്ദ്രൻ എന്ന വിവേകാനന്ദന് താരതമ്യേന ആധുനികമായ ഭാഷാ-പ്രസംഗ ശൈലി ആർജിക്കാൻ കഴിഞ്ഞിരുന്നു. മാത്രവുമല്ല, വിവേകാനന്ദ​ന്റെ കാലത്ത് ദേശീയത ഒരു ബഹുജന പ്രസ്​ഥാനമായി വളർന്നിട്ടുമില്ല.

അതിനാൽ, ത​ന്റെ വാക്കുകളും അഭിപ്രായങ്ങളും ദേശീയതയുടെ ജനകീയ സ്വീകാര്യതയെ എങ്ങനെ ബാധിക്കുമെന്ന സമ്മർദം വിവേകാനന്ദന് അഭിമുഖീകരിക്കേണ്ടിവന്നില്ല. മതംമാറ്റത്തിലൂടെ ഇസ്‍ലാമും ക്രിസ്​ത്യാനിയുമാകുന്നവരുടെ പരിവർത്തനവും നരേന്ദ്രനെ കാര്യമായി അലട്ടിയിരുന്നില്ല. കാരണം, ഹിന്ദു എന്ന ഐഡന്റിറ്റി രൂപപ്പെടുകയോ അതി​ന്റെ സംഖ്യാബലത്തി​ന്റെ ആവശ്യകതയോ വിവേകാനന്ദ​ന്റെ കാലത്ത് നിർണായകമായിരുന്നില്ല. അതുകൊണ്ടുതന്നെ സവർണജാതി-വംശീയതയുടെ സംഹാരദണ്ഡ് ധാർഷ്​ട്യത്തോടെ ചുഴറ്റാൻ വിവേകാനന്ദന് മടിക്കേണ്ടതില്ലായിരുന്നു.

സൂചിക

1. Sheldon Pollock, The Language of the Gods in the World of Men. Sanskrit, culture, and power in pre modern India (University of California Press, 2009.

2. Paul Hacker, Aspects of Neo Hinduism in philology and confrontation, Ed. Wilhelm Halbfass, State University of New York Press, 1995.

3. Complete works of Vivekananda, vol. 1.p.289.

4. Complete works of Vivekananda, Vol.1, pp.369,370.

5. Richard Fox Young. Resistant Hinduism: Sanskrit Sources on Anti-Christian Apologetics in Early Nineteenth Century India-, 1981.

6. Complete Works of Vivekananda, Vol V, P. 245.

7. Complete works of Vivekananda, Vol, IV.P. 317

8. Complete works of Vivekananda, Vol, V.P. 322

9. Complete works of Vivekananda, Vol,3, p. 293

10. വിവേകാനന്ദ സാഹിത്യസർവം, 5ാം വാള്യം, പേജ് 448–452

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT