രാഷ്ട്രീയാധികാര കേന്ദ്രങ്ങളിൽനിന്നും സാമ്പത്തിക ശക്തികളിൽനിന്നും മാത്രമല്ല, കോടതിയടക്കമുള്ള സ്ഥാപനങ്ങളിൽനിന്നുപോലും സ്വയം മോചിപ്പിച്ചുകൊണ്ടു മാത്രമേ, ഒരു അഭിഭാഷകന് എഴുത്തിന്റെയും ചിന്തയുടെയും കാര്യത്തിൽ തന്നോടുതന്നെയും വായനക്കാരോടും സത്യസന്ധനാകുവാൻ കഴിയൂ -നിലപാടുകൾ എഴുതുന്നു.യാത്രകളെക്കുറിച്ചായിരുന്നല്ലോ, പറഞ്ഞുവന്നത്. ഭൗതികമായി നടത്തുന്ന യാത്രകൾപോലെ...
രാഷ്ട്രീയാധികാര കേന്ദ്രങ്ങളിൽനിന്നും സാമ്പത്തിക ശക്തികളിൽനിന്നും മാത്രമല്ല, കോടതിയടക്കമുള്ള സ്ഥാപനങ്ങളിൽനിന്നുപോലും സ്വയം മോചിപ്പിച്ചുകൊണ്ടു മാത്രമേ, ഒരു അഭിഭാഷകന് എഴുത്തിന്റെയും ചിന്തയുടെയും കാര്യത്തിൽ തന്നോടുതന്നെയും വായനക്കാരോടും സത്യസന്ധനാകുവാൻ കഴിയൂ -നിലപാടുകൾ എഴുതുന്നു.
യാത്രകളെക്കുറിച്ചായിരുന്നല്ലോ, പറഞ്ഞുവന്നത്. ഭൗതികമായി നടത്തുന്ന യാത്രകൾപോലെ പ്രധാനമാകാം, മനസ്സുകൊണ്ടും ബുദ്ധികൊണ്ടും നടത്തുന്ന യാത്രകൾ. ഇങ്ങനെ നോക്കിയാൽ ഓരോ മികച്ച വായനാനുഭവവും ഓരോ യാത്രാനുഭവമായിത്തോന്നാം. ഒരു മേഘത്തിനുമേലെ കയറിയിരിക്കാൻ മനുഷ്യന് കഴിയുന്നില്ലല്ലോ എന്ന് ഖലീൽ ജിബ്രാൻ വിലപിച്ചത് ഒരുപക്ഷേ നമ്മുടെ ഭാവനയുടെ പരിമിതി ഓർത്തുകൊണ്ടാവണം. വായനപോലെ തന്നെ എഴുത്തും സവിശേഷമായ ആന്തരിക യാത്രകൾകൂടിയാണ്. യാത്ര പുരോഗമിക്കുന്നതുപോലെ എഴുത്തിലും വായനയിലും പുരോഗതിയുണ്ടാകും.
ഹൈകോടതിയിൽ പ്രാക്ടിസ് സജീവമായതോടെ എഴുത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നു. വിഷയങ്ങൾ പലതും നിയമത്തിലും കോടതിവിധികളിലും അനുബന്ധ വിഷയങ്ങളിലുമായി ചുരുങ്ങി. മാതൃഭൂമി, മലയാള മനോരമ, മാധ്യമം പത്രങ്ങൾ ആവശ്യപ്പെടുമ്പോഴെല്ലാം ലേഖനങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ‘വ്യൂ പോയന്റുകൾ’ എഴുതിയതും ഹൈകോടതി പ്രാക്ടിസിന്റെ ആദ്യവർഷങ്ങളിലായിരുന്നു. തൊണ്ണൂറുകളുടെ അവസാനം മുതൽ ഏതാണ്ട് പത്തുവർഷങ്ങളിൽപരം ഇത്തരം എഴുത്തു തുടർന്നു. വിവാദ വിഷയങ്ങളിൽ എന്നെക്കൊണ്ട് എഴുതിക്കണമെന്ന് മാതൃഭൂമിയുടെ സാരഥിയായ എം.പി. വീരേന്ദ്രകുമാറിന് നിർബന്ധമുണ്ടായിരുന്നു. ലേഖനത്തിന് ‘ക്രെഡിബിലിറ്റി’ –വിശ്വാസ്യത– ഉണ്ടാകണമെങ്കിൽ ലേഖകനും അതുണ്ടായിരിക്കണമെന്നതുകൊണ്ടാണ് ഞാൻ തന്നെ വിവാദ നിയമ-രാഷ്ട്രീയ വിഷയങ്ങളിൽ എഴുതണമെന്ന് നിർബന്ധംപിടിക്കുന്നതെന്ന് അദ്ദേഹം നേരിട്ട് പറഞ്ഞതോർക്കുന്നു. ഒന്നുരണ്ട് ചടങ്ങുകളിൽ അദ്ദേഹത്തിന്റെയൊപ്പം വേദിയിൽ ഇരുന്ന കാര്യവും ഓർമയിലുണ്ട്. ജാഗ്രത നിറഞ്ഞ ധിഷണയും മനസ്സുമായിരുന്നു, അദ്ദേഹത്തിന്റേത്. തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളോട് അദ്ദേഹം നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്നു.
മതേതരത്വം, പരിസ്ഥിതി സംരക്ഷണം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാനാശയങ്ങളിൽ വെള്ളംചേർക്കാതെയായിരുന്നു, അദ്ദേഹത്തിന്റെ ബൗദ്ധിക ഇടപെടലുകൾ. ഒരുപക്ഷേ, മാതൃഭൂമി ദിനപത്രത്തിൽ ഏറ്റവുമധികം ലേഖനങ്ങൾ എഴുതിയവരിൽ ഒരാൾ ഞാനായിരിക്കണം! നിയമ വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ രാഷ്ട്രീയ വീക്ഷണങ്ങൾ ഒഴിവാക്കുക എളുപ്പമല്ല. അതിൽ സത്യസന്ധത കാത്തുസൂക്ഷിക്കുക എന്നതാണ് യഥാർഥ വെല്ലുവിളി. ബുദ്ധിജീവികളുടെ സാമൂഹികവും രാഷ്ട്രീയവുമായ പങ്കിനെക്കുറിച്ച് എഡ്വേഡ് സെയ്ദ് എഴുതിയ ‘ബുദ്ധിജീവികളുടെ പ്രാതിനിധ്യം’ (Representations of the intellectual) ഒരു മികച്ച രചനയാണ്.
പൊതു ബുദ്ധിജീവികളെന്ന (Public intellectuals) നിലയിൽ അഭിഭാഷകർക്കും അവരുടെ ധർമം നിർവഹിക്കണമെങ്കിൽ അടിസ്ഥാനപരമായ ഒരു സ്വതന്ത്രസ്വഭാവം നിലനിർത്തിയേ പറ്റൂ. രാഷ്ട്രീയാധികാര കേന്ദ്രങ്ങളിൽനിന്നും സാമ്പത്തിക ശക്തികളിൽനിന്നും മാത്രമല്ല, കോടതിയടക്കമുള്ള സ്ഥാപനങ്ങളിൽനിന്നുപോലും സ്വയം മോചിപ്പിച്ചുകൊണ്ടു മാത്രമേ, ഒരു അഭിഭാഷകന് എഴുത്തിന്റെയും ചിന്തയുടെയും കാര്യത്തിൽ തന്നോടുതന്നെയും വായനക്കാരോടും സത്യസന്ധനാകുവാൻ കഴിയൂ. അപ്പോൾ മാത്രമേ അയാൾക്ക് താനടക്കം ഉൾപ്പെടുന്ന സ്ഥാപനങ്ങളെ സ്വയം വിമർശനപരമായും ജനാധിപത്യപരമായും വിശകലനംചെയ്യാൻ കഴിയൂ.
ഇത്തരം സ്വാതന്ത്ര്യബോധത്തോടെ അമേരിക്കൻ കോടതികളെ, നടപടിക്രമങ്ങളെ, ന്യായാധിപരുടെ പെരുമാറ്റത്തെ, അവരെ തിരഞ്ഞെടുക്കുന്ന രീതികളെ എല്ലാം വിമർശനവിധേയമാക്കുന്ന ഒരു രചനയാണ് വാൾസ് സ്ട്രീറ്റ് ജേണലിന്റെ ഓപ്-എഡ് എഡിറ്ററായിരുന്ന മാക്സ് ബുട്ടിന്റെ ഒൗട്ട് ‘ഓഫ് ഓർഡർ’ (Out of Order) എന്ന പുസ്തകം. ‘ന്യായാസനങ്ങളിലെ അരിശം, അഴിമതി, കഴിവുകേട്’ (Arrogance, Corruption, and Incompetence on the Bench) എന്നതാണ് പുസ്തകത്തിന്റെ സബ്ടൈറ്റിൽ. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന ഇപ്പോൾതന്നെ മനസ്സിലായിക്കാണുമല്ലോ. അമേരിക്കയിലെ നീതിന്യായ സമ്പ്രദായത്തിന്റെ കാണാപ്പുറങ്ങൾ ചടുലമായ ഭാഷയിൽ വിവരിക്കുമ്പോൾ അതിന് പിറകിലെ പഠനവും ഗവേഷണവും അന്വേഷണവുംകൂടിയാണ് തെളിഞ്ഞുവരുന്നത്.
നീതിന്യായ സ്ഥാപനങ്ങളുടെ വിമർശനം മറ്റേതൊരു ജനാധിപത്യ സ്ഥാപനത്തിന്റെയും വിമർശനംപോലെ പ്രധാനമാണ്. ഇന്നത്തെ ദിവസം നീതിരഹിതനായ ഒരു ന്യായാധിപന്റെ തീർപ്പിന് ഞാൻ വിധേയനാവില്ല എന്ന് ഒരുദിവസം ഉണർന്നെഴുന്നേൽക്കുമ്പോൾ ഒരാൾക്ക് ഉറപ്പിച്ചുപറയാനാകുന്നില്ലെങ്കിൽ അത്തരമൊരു സമൂഹത്തിൽ സ്വാതന്ത്ര്യമോ സന്തോഷമോ ജീവിതാസ്വാദനമോ ഇല്ലെന്ന ഡാനിയൽ വെബ്സ്റ്ററിന്റെ 1831ലെ പ്രസംഗഭാഗം മാക്സ്ബുട്ട് ഉദ്ധരിക്കുന്നുണ്ട്. ധീരോദാത്തമായ ഇത്തരം കോടതി വിമർശനങ്ങൾ അതിന്റെ സമഗ്രതയിൽ അവതരിപ്പിക്കാൻ ഇന്ത്യയിലെ അഭിഭാഷകർക്കോ മാധ്യമപ്രവർത്തകർക്കോ പലപ്പോഴും സാധിക്കാറില്ല.
എങ്കിലും സ്ഥാപന വിമർശനമാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർഗപ്രക്രിയയെന്ന ഷുസെ സരമാഗുവിന്റെ സമീപനം പിൻപറ്റിക്കൊണ്ട് കോടതികളെയും നിയമനിർമാണ സഭകളെയും ഭരണകൂടത്തെയും വിശകലനംചെയ്യുക എന്നത് ഒരു അഭിഭാഷകന്റെ ബൗദ്ധികവും സാംസ്കാരികവുമായ കർത്തവ്യംകൂടിയാണ്. സ്വയം സത്യസന്ധത കാണിച്ചുകൊണ്ട് കോടതിവിധികളെയും നിയമങ്ങളെയും ഭരണകൂട ചെയ്തികളെയും വിലയിരുത്താൻ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമേ പറയാനാകൂ. രാഷ്ട്രീയ പാർട്ടികളോടും അധികാര കേന്ദ്രങ്ങളോടും ഒട്ടിനിന്നുകൊണ്ട് എഴുത്തിന്റെ സ്വച്ഛന്ദത കാത്തുസൂക്ഷിക്കാൻ ഒരു അഭിഭാഷകനും കഴിയില്ല എന്നതാണെന്റെ വിശ്വാസം.
ഇത്തരത്തിൽ സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഒട്ടേറെ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. കേരള ഹൈകോടതിയിലെ ഒരുവിഭാഗം അഭിഭാഷകരും ഒരുകൂട്ടം മാധ്യമപ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ഇടപെട്ടുകൊണ്ട് നടത്തിയ വിമർശനങ്ങൾ ഒട്ടേറെ എതിർപ്പുകൾ ഉണ്ടാക്കി. അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാത വെടിഞ്ഞ് ജനങ്ങൾക്കും ഭരണകൂടത്തിനും മധ്യേ വിമോചനാത്മകമായ ധർമം നിർവഹിക്കേണ്ടവരാണ് അഭിഭാഷകരും മാധ്യമപ്രവർത്തകരുമെന്നതിനാൽ, അവർക്കിടയിലെ ഭിന്നത ജനതാൽപര്യത്തിനെതിരാണെന്ന് ഞാൻ അന്നും ഇന്നും കരുതുന്നു. സ്വതന്ത്രമായ മാധ്യമപ്രവർത്തനം ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട കോടതികളിൽനിന്നും മറിച്ചുള്ള സമീപനം ഉണ്ടാകരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ലേഖനങ്ങളെഴുതിയത് ഈ നിലക്കുള്ള തർക്കം കേരള ഹൈകോടതിയിൽ ഉയർന്നുവന്ന 2016ൽതന്നെയായിരുന്നു.
‘മാതൃഭൂമി’ പത്രത്തിലും ‘ദ ഹിന്ദു’വിലും ‘ദ സ്റ്റേറ്റ്സ്മാൻ’ പത്രത്തിലുമെല്ലാം ഇതുസംബന്ധിച്ച് ഞാൻ ലേഖനങ്ങൾ എഴുതി. സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്ത ഒരുതരം ഒറ്റപ്പെടുത്തൽ ശ്രമം ഇതേ തുടർന്നുണ്ടായി എന്നത് വാസ്തവമാണ്. കുറച്ചുമാസത്തേക്ക് പ്രസാദാത്മകമായ തൊഴിൽ അന്തരീക്ഷം നഷ്ടമായി എന്നതും ശരിയാണ്. എന്നാൽ, ഈ ഏകാന്തതയുടെ സ്വസ്ഥതയും സ്വാതന്ത്ര്യവുംകൂടി എനിക്ക് ആസ്വദിക്കാനായി. ആ സന്ദർഭം ധനാത്മകമായിത്തന്നെ പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് മറ്റൊരു പുസ്തകരചനയിൽ ഏർപ്പെട്ടത്. ‘ഇന്ത്യൻ ഭരണഘടന–പാഠങ്ങൾ പാഠഭേദങ്ങൾ’ എന്ന പുസ്തകം എഴുതിയത് ഈ സാഹചര്യത്തിലായിരുന്നു. മാതൃഭൂമി ബുക്സ് അതിന്റെ നാല് പതിപ്പുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്.
എന്നാൽ, വൈയക്തിക നിലപാടുകെളയും ഇടപെടലുകളെയും രൂപപ്പെടുത്തുന്നതിൽ ഒരാളുടെ വായനാനുഭവം ചെറുതല്ലാത്ത പങ്കാണ് നിർവഹിക്കുക. അങ്ങനെ നോക്കുമ്പോൾ ചില മികച്ച പുസ്തകങ്ങൾ എന്റെ അധ്യാപകരായിത്തീർന്നു. അവ കണിശമായും നിയമ പുസ്തകങ്ങൾ തന്നെയാകണമെന്നില്ല. ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ നോവലുകൾ ജീവിതത്തിന്റെ ജൈവശക്തിയെത്തന്നെയാണ് നമ്മുടെ ഓർമയിലും ചിന്തയിലും ഭാവനയിലും സന്നിവേശിപ്പിക്കുക. മനുഷ്യബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും അപാരതയെക്കുറിച്ച് മാർകേസ് എന്നെ ഓർമപ്പെടുത്തി. 20 വർഷം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ലഘുനോവലുകൾ ഇപ്പോൾപോലും ഒരുതരം നൊസ്റ്റാൾജിയയോടെ വായിച്ചുപോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ.
എഡ്വേഡ് സെയ്ദ്,ഗ്രിഗറി ഡേവിഡ്
പൊതുവെ നോവലുകളോട് മുഖംതിരിഞ്ഞു നിൽക്കുന്ന എന്നിലെ വായനക്കാരനെ ‘ശാന്താറാ’മെന്ന ബൃഹദ്നോവലിലൂടെ കീഴ്പ്പെടുത്താൻ ഗ്രിഗറി ഡേവിഡ് റോബർട്സിനു കഴിഞ്ഞു. ‘‘സ്വാതന്ത്ര്യം സാധ്യതയുടെ പ്രപഞ്ചമാണെ’’ന്ന് ഞാൻ ശാന്താറാമിൽ വായിച്ചു. വിചിത്രവും കഠിനവും അപരിചിതവുമായ മനുഷ്യാനുഭവങ്ങൾ പ്രതിപാദിക്കുന്ന ‘ശാന്താറാം’ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരിക ഊർജത്തെക്കുറിച്ച് തികഞ്ഞ ആധികാരികതയോടെയാണ് നമ്മെ ബോധ്യപ്പെടുത്തുക. എന്തെല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിനേക്കാൾ എന്തെല്ലാമാണ് വിലക്കപ്പെട്ടത് എന്നതാണ് സംസ്കാരത്തെ നിർവചിക്കുന്നതെന്ന നോവലിലെ പരാമർശം ഒരു നീതിന്യായ തത്ത്വംകൂടിയാണ്.
രമണാശ്രമം പ്രസിദ്ധീകരിച്ച ഏതാണ്ടെല്ലാ ദാർശനിക ഗ്രന്ഥങ്ങളും വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. തിച്ച് നാച് ഹാ മുതൽ ദലൈലാമ വരെയുള്ള മഹാമനുഷ്യർ ബുദ്ധിസത്തെക്കുറിച്ച് ലളിതമായും ശാന്തമായും വിവരിച്ചു തന്നപ്പോൾ വായന ഒരു മൃദുലാനുഭവമായിത്തീർന്നു. അധ്യാത്മികത, ആത്മീയത, ഭൗതികത എന്നിവയുടെ മതിൽക്കെട്ടുകൾക്ക് സ്വതന്ത്രവും നിരന്തരവുമായ വായനായത്നങ്ങൾക്കിടയിൽ പ്രസക്തിയേതുമില്ല.
അതിനാൽതന്നെ ജനാധിപത്യത്തെയും ഭരണഘടനകളെയും കുറിച്ചുള്ള സവിശേഷ പഠനങ്ങളെ കൂടുതൽ വലിയ കാൻവാസിൽ കാണാനും വിലയിരുത്താനും കഴിഞ്ഞു. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതാണ് നിയമം എന്നതുകൊണ്ടുതന്നെ ഭരണഘടനകളെ മനുഷ്യജീവിതത്തിന്റെയൊപ്പം ചേർത്തു മാത്രമേ വായിക്കാൻ കഴിയൂ. എന്തുകൊണ്ട് ഭരണഘടന പ്രധാനമാകുന്നുവെന്ന ചോദ്യത്തിന് മാർക് ടഷ്നറ്റ് നൽകുന്ന ഉത്തരം രാഷ്ട്രീയ പ്രക്രിയയുടെ അടിസ്ഥാനപരതയെ വ്യക്തമാക്കുന്നതാണ്.
‘Why the Constitution Matters’ എന്ന ടഷ്നറ്റിന്റെ പുസ്തകവും (യേൽ യൂനിവേഴ്സിറ്റി പ്രസ്) ജനാധിപത്യത്തിൽ പതുങ്ങിയിരിക്കുന്ന അമിതാധികാര വാഴ്ചയെക്കുറിച്ച് വിവരിക്കുന്ന ‘സ്റ്റേറ്റ് ഓഫ് എക്സപ്ഷൻ’ (State of exception) എന്ന ജോർജിയോ അഗംബന്റെ പുസ്തകവും ചിന്തകളിൽ ഒട്ടിപ്പിടിച്ചുനിൽക്കാൻ പോന്നവയാണ്. ഇപ്പോൾ ലോകത്ത് പലയിടത്തും തലപൊക്കിയ ജനപ്രിയ ഓട്ടോക്രാറ്റുകളെ വിശകലനം ചെയ്യാൻ ശ്രമിച്ച സ്റ്റീവൻ ലെവിട്ക്സിയും ഡാനിയൽ സിബ്‍ലാറ്റും ദേബാശിഷ് റോയ് ചൗധരിയും ജോൺ കീനെയും രാമചന്ദ്രഗുഹയുമെല്ലാം വായനമുറിയിലേക്ക് കടന്നുവന്നു. നെഹ്റുവിനെയും അംബേദ്കറിനെയും വായിച്ചു ശീലിച്ച എന്റെ തലമുറ സത്യാനന്തര കാലത്തിന്റെ അധികാര സമവാക്യങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചത് ഇവരിലൂടെയെല്ലാമാകാം!
ദലൈലാമ,ഗബ്രിയേൽ ഗാർസ്യ മാർകേസ്
വായനയുടെ ചക്രവാളത്തോടൊപ്പം എഴുത്തിന്റെ സഞ്ചാരപഥങ്ങളും വികസിച്ചുവന്നു. മാന്യമായ അഭിഭാഷകവൃത്തിയെ സംബന്ധിച്ച ലേഖനത്തിനുശേഷം ഒരു ഡസനിലേറെ ലേഖനങ്ങൾ ‘ഹിന്ദു’വിൽ എഴുതിയെങ്കിലും എന്റെ തൊഴിൽപരമായ ബോധ്യങ്ങളെ ഇത്രമേൽ നേരിട്ട് പ്രകടിപ്പിച്ച മറ്റൊന്ന് ഞാൻ എഴുതിയിട്ടില്ല. തൊഴിൽ വരുമാനമാർഗമെന്നതിലുപരി, ആത്മീയതയോടടുത്ത ശക്തിവിശേഷത്തോടെ ഭൂമിയിൽ നാം നിക്ഷേപിക്കുന്ന എന്തോ ഒന്നാണെന്ന വിൻസന്റ് വാൻഗോഗിന്റെ പ്രസ്താവന ആ ലേഖനത്തിന് ദൈവികമായ ഊർജം പകർന്നു.
അമിതമായ പണച്ചെലവ് വ്യവഹാരങ്ങളെ എങ്ങനെ മറ്റൊരു വ്യവസായമാക്കിത്തീർത്തുവെന്നും അഭിഭാഷകവൃത്തിയിലെ താരസങ്കൽപം എത്രമാത്രം അയഥാർഥവും അപകടകരവും ആണെന്നും അഭിഭാഷകരെ പലതട്ടുകളിലായി തിരിക്കുന്ന സംവിധാനം എങ്ങനെ പുതിയ കാലത്തെ വ്യവഹാര വ്യവസായത്തെ വിമാനുഷീകരിച്ചുവെന്നും കേസുമായി കോടതിയിലെത്തുന്ന മനുഷ്യർ എങ്ങനെ ആശുപത്രിയിലെത്തുന്ന അസംഘടിതരായ രോഗികളെപ്പോലെ നിസ്സഹായരായിത്തീരുന്നുവെന്നും വിശദീകരിക്കാൻ ശ്രമിച്ച ആ ലേഖനം തന്നെയാണ് എന്റെ ഹൃദയത്തോട് ഇപ്പോഴും ഏറ്റവും അടുത്തുനിൽക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഈ ലേഖനത്തിന്റെ കാര്യം ഇവിടെ അറിയാതെ ആവർത്തിച്ചത്.
എന്നാൽ, ആവർത്തിക്കാതിരിക്കാനും സ്വയം നവീകരിക്കാനും എഴുത്തുകാർ ശ്രദ്ധിക്കണമെന്ന് പരിണതപ്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ താക്കീത് കാരണമാണ് വായനയെയും അതുവഴി എഴുത്തിനെയും നിരന്തരം പുതുക്കിപ്പണിയാൻ ശ്രമിച്ചത്. തൊഴിലിന്റെ തിരക്കുകളിൽ ഇവ നഷ്ടപ്പെട്ടുപോയാൽ അത് സ്വയം നഷ്ടപ്പെടുത്തുന്നതിന് തുല്യമാകുമായിരുന്നു.
‘ഫ്രണ്ട്ലൈനി’ൽ നിരന്തരമായെഴുതിയത് പത്രാധിപരായ വിജയ് ശങ്കറിന്റെയും വെങ്കടേശ് രാമകൃഷ്ണന്റെയും ആവശ്യമനുസരിച്ചായിരുന്നു. പിന്നീട് വൈഷ്ണാ റോയ് ‘ഫ്രണ്ട്ലൈനി’ന്റെ പേജുകൾക്ക് ഒരുതരം നവഭാവുകത്വം നൽകി –പ്രസിദ്ധീകരണത്തിന്റെ ഗൗരവസ്വഭാവം കുറക്കാതെ തന്നെ വൈഷ്ണയുടെ ആവശ്യപ്രകാരവും ‘ഫ്രണ്ട്ലൈനി’ൽ എഴുതിയിട്ടുണ്ട്.
‘ഹിന്ദു’വിൽ എഴുതുമ്പോൾ വിഷയങ്ങൾ ദേശീയ സംവാദങ്ങൾക്ക് തിരികൊളുത്തും. ഒരുമിച്ചുള്ള മുത്തലാഖ് (Instant Triple Talaq) നിരോധന നിയമത്തിന്റെ വിഭജനപരമായ ഉള്ളടക്കം വ്യക്തമാക്കുന്ന ലേഖനം (2019) ആ നിലയിൽ ചർച്ചചെയ്യപ്പെട്ടതോർക്കുന്നു. അതുപോലെ ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾക്കെതിരായ ജനകീയ സമരങ്ങളെ കേവലമായ ഒത്തുതീർപ്പിലൂടെ ശാന്തമാക്കിക്കളയാം എന്ന നീതിന്യായ ചിന്തയുടെ നിരർഥകത വിശദമാക്കുന്ന ലേഖനവും നന്നായി വായിക്കപ്പെട്ടു. രഞ്ജൻ ഗൊഗോയ്, പി. സദാശിവം എന്നിവരെപ്പോലുള്ള മുൻ ചീഫ് ജസ്റ്റിസുമാരും എസ്. അബ്ദുൽ നസീറിനെപ്പോലുള്ള സുപ്രീംകോടതിയിലെ മുൻ ന്യായാധിപരും റിട്ടയർമെന്റിന് മുമ്പും പിമ്പുമായി സ്വീകരിച്ച സമീപനങ്ങളും നേടിയ സ്ഥാനമാനങ്ങളും നീതിന്യായപരമായ സ്വാതന്ത്ര്യത്തെയും അതുവഴി ഭരണഘടനാ ജനാധിപത്യത്തെയും ഒരുപോലെ പരിക്കേൽപിക്കുകയാണുണ്ടായത്. അവയെല്ലാം വിവിധ ലേഖനങ്ങൾക്ക് വിഷയമാക്കിയതോർക്കുന്നു.
2019ൽ ആരംഭിച്ച, ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലെ പ്രതിമാസകോളം ഇപ്പോഴും തുടരുന്നു. നിയമ വിഷയങ്ങളിൽ ലേഖനമെഴുതാൻ താൽപര്യപ്പെട്ടുകൊണ്ടുള്ള കത്തിന് അനുകൂലമായി പ്രതികരിക്കാൻ ഏറെയൊന്നും ആലോചിച്ചില്ല. ആനുകാലിക വിഷയങ്ങളെ –വിശേഷിച്ചും നിയമവിഷയങ്ങളെ– ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നത് എഴുത്തിനെയും ഒപ്പം തൊഴിലിനെയും ഒരുപോലെ പോഷിപ്പിക്കും. ഇതെന്റെ അനുഭവമാണ്.
വധശിക്ഷ, പെഗാസസ്, ലഖിംപുർ കൊലപാതകം, ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികൾ, തെരഞ്ഞെടുപ്പ് കമീഷന്റെ അപചയം, നിയമവാഴ്ച, വിയോജിക്കാനുള്ള അവകാശം, വെറുപ്പെന്ന പ്രത്യയശാസ്ത്രം, അഭിപ്രായസ്വാതന്ത്ര്യം, ശിക്ഷാനിയമത്തിലെ ജനവിരുദ്ധമായ ‘രാജ്യദ്രോഹ’വിരുദ്ധ വ്യവസ്ഥ എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി അറുപതിൽപരം ലേഖനങ്ങൾ എഴുതിയത് പലതും ഞാൻ കൈകാര്യംചെയ്ത വ്യവഹാര വിഷയങ്ങളെ അടുത്തുനിന്നു പഠിക്കാൻ സഹായിച്ചു. ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലെ ജി.എസ്. വാസുവും പ്രസന്നയും സാന്ത്വനാ ഭട്ടാചാര്യയും നികിതയും അമിതാവ സന്യാളും നൽകിയ സൗഹൃദത്തിലധിഷ്ഠിതമായ സഹകരണമാണ് അഞ്ചുവർഷം പിന്നിട്ട ഈ കോളമെഴുത്തിനെ സാധ്യമാക്കിയത്.
ഈയടുത്ത കാലത്ത് ‘എൻ.ഡി.ടി.വി’ക്കുവേണ്ടി കോളങ്ങളെഴുതാൻ ഹർഷിത മിശ്ര ആവശ്യപ്പെട്ടപ്പോഴും ഞാൻ തയാറായി. നിയമവിഷയങ്ങളും കോടതിവിധികളും അന്യഥാതന്നെ വിലയിരുത്താൻ ബാധ്യതപ്പെട്ടയാൾ എന്ന നിലക്കാണ് ഞാൻ സ്വയം കണക്കാക്കിയിട്ടുള്ളത്. അതിനാൽതന്നെ ഇത്തരം വിഷയങ്ങളിലെ എഴുത്ത് ഒരുതരം സ്വാഭാവിക ക്രിയ മാത്രമായേ അനുഭവപ്പെടാറുമുള്ളൂ. കഴിഞ്ഞ പത്തു വർഷങ്ങളിലായി ‘ഹിന്ദുസ്ഥാൻ ടൈംസി’ലും ‘ഡെക്കാൻ ഹെറാൾഡി’ലും ‘ടെലഗ്രാഫി’ലും മറ്റും നിയമലേഖനങ്ങളെഴുതി. ഇംഗ്ലീഷിൽ ഏതാണ്ട് വ്യാപകമായി എഴുതിയതുകൊണ്ട് രണ്ട് ലേഖനസമാഹാരങ്ങൾ പുറത്തിറക്കാനായി. ഇന്ത്യൻ നിയമപരിഷ്‍കാരത്തെക്കുറിച്ചുള്ള പുസ്തകം (Rethinking Judicial Reforms) ലെക്സിസ് നെക്സിസ് 2017ൽ പ്രസിദ്ധീകരിച്ചു.
തൊട്ടടുത്ത വർഷം അതിന് രണ്ടാം പതിപ്പിറങ്ങി. അടുത്തിടെ ഭരണഘടനാപരമായ ആകുലതകൾ ‘Constitutional Concerns’ എന്ന പേരിൽ ഡൽഹിയിലെ തൂലിക ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു (2022). രണ്ടു കാലങ്ങളിലായി രണ്ട് പുസ്തകങ്ങളും പ്രകാശനംചെയ്തത് ജസ്റ്റിസ് ചെലമേശ്വർ ആയിരുന്നു. ആദ്യത്തേത് പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം സുപ്രീംകോടതിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. രണ്ടാമത്തേത് ചെന്നൈയിൽ വെച്ച് പ്രകാശനം ചെയ്യുമ്പോൾ അദ്ദേഹം വിരമിച്ചുകഴിഞ്ഞിരുന്നു. വിരമിച്ചു കഴിഞ്ഞശേഷം സർക്കാറിന്റെ ഔദാര്യത്തിൽ പുതിയ ലാവണങ്ങളന്വേഷിച്ചുപോകാൻ ജസ്റ്റിസ് ചെലമേശ്വർ എന്ന അപാരമായ സ്വാതന്ത്ര്യബോധം പ്രകടിപ്പിച്ച ന്യായാധിപന് സാധ്യമാകുമായിരുന്നില്ല.
തിച്ച് നാച് ഹാ,ജസ്റ്റിസ് ജെ. ചെലമേശ്വറിനൊപ്പം കാളീശ്വരം രാജ്
ചിന്തയിലെയും പെരുമാറ്റത്തിലെയും ഈ വ്യക്തിത്വസവിശേഷത അടുത്തറിഞ്ഞ ചില സംഭവങ്ങൾ മുമ്പ് എഴുതിയതോർക്കുമല്ലോ. 2022ൽ ‘ഹിന്ദു’വിന്റെ എൻ. റാമിന് പുസ്തകത്തിന്റെ പ്രതി നൽകുമ്പോഴും ചെലമേശ്വറിന്റെ പ്രതിച്ഛായ കൂടുതൽ വജ്രശോഭയുള്ളതായിത്തീർന്നിരുന്നു. സംവിധാനത്തിന്റെ അപചയങ്ങൾക്കെതിരെ നിരന്തരം കലാപം നടത്തിയ ഈ ന്യായാധിപന്റെ വഴികളും രീതികളും വ്യത്യസ്തമായിരുന്നു. ആ നിലയിൽ അദ്ദേഹം തന്നെയും എനിക്ക് മറ്റൊരു കനപ്പെട്ട പുസ്തകമായിത്തീർന്നു! ഒപ്പം, നിലപാടുകളുടെയും ഇടപെടലുകളുടെയും കാര്യത്തിൽ അദ്ദേഹം ഏറെ സമാനതകളില്ലാത്ത മാതൃകയുംകൂടിയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.