‘‘ഞാൻ ഗോപാലന് ഒരു പതിനായിരം രൂപ ഇപ്പോൾത്തന്നെ തരും. ഒരിക്കലും തിരികെ തരേണ്ട. ഇവിടെ ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി. സമയം കിട്ടുമ്പോൾ മാത്രം വരക്കുക. വേറെയെന്തിലു വേണമെങ്കിലും വരച്ചോളൂ. ഒറ്റക്കാര്യം മാത്രം. ‘ജനയുഗ’ത്തിൽ ചേരരുത്. ആലോചിച്ചിട്ട് പറഞ്ഞാൽ മതി’’ -‘കേരളശബ്ദ’വും ‘കുങ്കുമ’വും വിട്ടുപോകാൻ തീരുമാനിച്ച കാര്യമറിയിച്ചപ്പോൾ കൃഷ്ണസ്വാമി റെഡ്യാർ ആർട്ടിസ്റ്റ് ഗോപാലന് മുന്നിലേക്ക് െവച്ചുനീട്ടിയത് മോഹിപ്പിക്കുന്ന ഒരു ഒാഫർ.
വായനക്കാരുടെ കൈയിലൊതുങ്ങുന്ന, കൊണ്ടുനടന്നു വായിക്കാവുന്ന, പുസ്തകത്തിന്റെ രൂപത്തിലും വലുപ്പത്തിലുമുള്ള ഒരു പ്രസിദ്ധീകരണം. കഥ, കവിത, നോവൽ, ലേഖനം എന്നു തുടങ്ങി നാടകവും സിനിമയും സംബന്ധിച്ച വാർത്തകൾ, നിരൂപണങ്ങൾ, അറിവിന്റെ നുറുങ്ങുകൾ, കൗതുക വർത്തമാനങ്ങൾ, ഫലിതബിന്ദുക്കൾ... ഇങ്ങനെ ലഘുവായനക്ക് ഉതകുന്ന വിഭവങ്ങളും അതേസമയം തന്നെ ഗൗരവപരമായ ചിന്തകൾക്ക് ഉത്തേജനം പകരുന്ന ഇനങ്ങളുമെല്ലാമടങ്ങുന്ന ഈ മാസിക കുടുംബസദസ്സുകൾക്ക് പ്രിയങ്കരമാകുമെന്ന് തീർച്ച. ലോകമെമ്പാടും ധാരാളം പ്രചാരം നേടിയിട്ടുള്ള ‘റീഡേഴ്സ് ഡൈജസ്റ്റ്’ ആയിരുന്നു മാതൃക.
കേരളശബ്ദം പബ്ലിക്കേഷൻസിന്റെ കീഴിൽ പുതിയൊരു പ്രസിദ്ധീകരണംകൂടി തുടങ്ങാൻ ആർ. കൃഷ്ണസ്വാമി റെഡ്യാർ പദ്ധതിയിട്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ‘റീഡേഴ്സ് ഡൈജസ്റ്റി’നു പുറമെ അന്നേറ്റവും ജനപ്രീതി നേടിയ തമിഴ് പ്രസിദ്ധീകരണം കുമുദവുമുണ്ടായിരുന്നിരിക്കണം. തമിഴും മലയാളവും ഇംഗ്ലീഷും മാത്രമല്ല, ഹിന്ദി, തെലുഗു എന്നീ ഭാഷകളിലും അവഗാഹവും പരന്ന വായനയുമുണ്ടായിരുന്ന റെഡ്യാർക്ക് ആ ഭാഷകളിൽ പുറത്തിറങ്ങുന്ന ആനുകാലികങ്ങളെ കുറിച്ചൊക്കെ നല്ല ധാരണയുമുണ്ടായിരുന്നു.
മലയാളത്തിൽ ഡമ്മി 1/8 എന്നു വിളിക്കുന്ന സൈസിൽ പ്രസിദ്ധീകരിച്ചിരുന്ന ഏക മലയാളം പ്രസിദ്ധീകരണം ഹിന്ദിയിലെ പിക്ചർ പോസ്റ്റിന്റെയും തമിഴിലെ പേശും പടത്തിന്റെയും ചുവടുപിടിച്ചു പുറത്തിറങ്ങിയിരുന്ന കോട്ടയത്തെ ശങ്കരൻ നായരുടെ സിനിമാ മാസികയാണ്. സാഹിത്യത്തിനും കലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ‘കുട്ടി പ്രസിദ്ധീകരണ’ത്തിന് മലയാളത്തിൽ നല്ല സാധ്യതകളുണ്ടെന്ന് റെഡ്യാരുടെ രാകികൂർപ്പിച്ച ബിസിനസ് ബുദ്ധിക്കു തോന്നി.
കൊല്ലത്തെ മുൻനിര വസ്ത്രവിൽപനശാലയായ രാധാസിന്റെയും പുതുതായി തുടങ്ങിയ രാജ് മഹാളിന്റെയും ഉടമസ്ഥനായിട്ടാണ് സമൂഹത്തിൽ പൊതുവെ അറിയപ്പെട്ടിരുന്നതെങ്കിലും വെറുമൊരു ജവുളിക്കച്ചവടക്കാരനായിരുന്നില്ല കൃഷ്ണസ്വാമി റെഡ്യാർ. ആർ.എസ്.പി നേതാവ് ബേബി ജോണിന്റെ കോളജ്മേറ്റും ആത്മസുഹൃത്തും ആയ റെഡ്യാരുടെ അതിവിശാലമായ സൗഹൃദലോകത്തിലെ അംഗങ്ങളിൽ അധികംപേരും കമ്യൂണിസ്റ്റുകാരായിരുന്നു.
കൊല്ലത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രധാന അഭ്യുദയകാംക്ഷികളിലൊരാളും സാമ്പത്തിക സ്രോതസ്സുമൊക്കെയായ റെഡ്യാരെ, വി.പി. നായരുടെ പക്കൽനിന്ന് ‘കേരളശബ്ദം’ വാങ്ങിക്കാൻ പ്രേരിപ്പിച്ചത്, മറ്റൊരു ഉറ്റ ചങ്ങാതിയും കമ്യൂണിസ്റ്റുകാരനും ഒക്കെയുമായ അഡ്വ. ജി. ജനാർദനക്കുറുപ്പാണ്. അഡ്വ. പി. സുബ്രഹ്മണ്യൻ പോറ്റി ഉൾപ്പെടെയുള്ള സുഹൃദ് വലയത്തിന്റെ ഉറച്ച പിന്തുണയുമുണ്ടായിരുന്നു.
ഏതു സാഹസങ്ങൾക്കും പരീക്ഷണങ്ങൾക്കും എപപ്പോഴും സന്നദ്ധനായിരുന്ന കൃഷ്ണസ്വാമി റെഡ്യാരുടെ പുതിയ സംരംഭത്തിനും വിജയാശംസകൾ നേർന്നുകൊണ്ട് അവരെല്ലാം ഒപ്പം നിന്നു. കുമുദത്തിനോട് സാമ്യമുള്ള ചെറിയൊരു പേരായിരുന്നു പുതിയ മാസികയുടേത് –കുങ്കുമം. കുങ്കുമം ഇറക്കാനുള്ള തയാറെടുപ്പുകളിൽ റെഡ്യാരുടെ വലംകൈയെന്നപോലെ സദാ ഒപ്പമുണ്ടായിരുന്നത്, രാധാസിന്റെ സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലിചെയ്യുന്ന എസ്. രാമകൃഷ്ണനാണ്.
സ്വപ്രയ്തനംകൊണ്ട് മാതൃഭാഷയായ തമിഴ് പോലെ മലയാളവും നന്നായി കൈകാര്യം ചെയ്യുന്ന രാമകൃഷ്ണൻ രണ്ടു ഭാഷയിലും ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമൊക്കെ രാമകൃഷ്ണൻ വായിക്കും, ഭേദപ്പെട്ട രീതിയിൽ എഴുതുകയും ചെയ്യും. നാവിക സേനയിൽ ചേർന്ന് രണ്ടാം ലോക യുദ്ധത്തിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളുടെ കരുത്തുമായി എഴുത്തിന്റെ ലോകത്ത് സജീവമായ കെ. ആനന്ദക്കുറുപ്പായിരുന്നു കുങ്കുമത്തിൽ ചേർന്ന മറ്റൊരാൾ. ജനയുഗത്തിലെഴുതിയ യുദ്ധത്തെ കുറിച്ചുള്ള പരമ്പരയിലൂടെ ശ്രദ്ധേയനായ ആനന്ദക്കുറുപ്പ് 62ൽ കേരളശബ്ദം തുടങ്ങിയ കാലത്ത് ‘പഠിക്കാൻ പോയ കുറ്റത്തിന്’ എന്നൊരു നീണ്ടകഥ അതിലെഴുതിയിരുന്നു.കേരളശബ്ദത്തിന്റെ പത്രാധിപ ചുമതലകളുടെ തിരക്കുകൾക്കിടയിലും പുതിയ പ്രസിദ്ധീകരണത്തിന്റെ ഒരുക്കങ്ങളുമായി സഹകരിച്ച് കെ.എസ്. ചന്ദ്രനും ഒപ്പംതന്നെയുണ്ടായിരുന്നു.
1965ൽ ‘കേരളശബ്ദം’, ‘കുങ്കുമം’ വാരികകളിൽ ഗോപാലന്റെ വര
കുങ്കുമത്തിന്റെ ചീഫ് എഡിറ്ററായി എത്തിയത് വൈക്കം ചന്ദ്രശേഖരൻ നായരാണ്. വിപ്ലവത്തിന്റെ വഴിയിൽ പഠിത്തമുപേക്ഷിച്ച് സി.എം.എസ് കോളജിന്റെ പടിയിറങ്ങിയ വൈക്കം, കോട്ടയത്തെ ‘കേരളഭൂഷണം’, ‘മലയാള മനോരമ’, കൊല്ലത്തെ ‘പൗരപ്രഭ’, ‘കേരളം’ എന്നീ പത്രങ്ങളിലൊക്കെ പ്രവർത്തിച്ചശേഷമാണ് 50കളുടെ തുടക്കത്തിൽ ജനയുഗത്തിൽ ചേരുന്നത് ഇടക്ക് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ ഗോപാലന്റെ വേഷത്തിൽ പകരക്കാരനായി. നാടകങ്ങളും നാടക ഗാനങ്ങളുമെഴുതി.
പാട്ടു പാടി. ചിത്രം വരച്ചു. കൗമുദി വാരികയുടെ സഹപത്രാധിപരായി. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി നാടകമെഴുതിക്കൊണ്ട് പുതിയ നാടകസമിതിയുടെ മുഖ്യ പരികർമികളിലൊരാളായി. ചെറുകഥയും നോവലും നാടകവും ചരിത്രാഖ്യായികയും ഒക്കെ തുടർച്ചയായി എഴുതി. കേരളശബ്ദത്തിന്റെ തുടക്കത്തിൽ ചോദ്യോത്തര പംക്തി കൈകാര്യംചെയ്തു. ഇപ്പോൾ ‘മിസ്സിസ് മായാവതി’ എന്ന നോവലെഴുതിക്കൊണ്ടിരിക്കുന്നു. ചില സിനിമകൾക്ക് തിരക്കഥകളും എഴുതുന്നുണ്ട്.
ഇങ്ങനെ പ്രതിഭകൊണ്ടു ധൂർത്തടിച്ച സവ്യസാചിയായ വൈക്കത്തെ എവിടെയെങ്കിലും ഒരിടത്ത് അടക്കിയിരുത്തുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ഒടുവിൽ കുങ്കുമത്തിന്റെ അമരക്കാരനാകാൻ വൈക്കം തയാറായി. പുതിയ പ്രസിദ്ധീകരണത്തിന്റെ മാസ്റ്റ് ഹെഡിൽ അനുഗ്രഹസാന്നിധ്യംപോലെ ഒരു പേരുകൂടി വെച്ചിരുന്നു. ഉപദേഷ്ടാവ്: വൈക്കം മുഹമ്മദ് ബഷീർ. അധികം വൈകാതെ ബഷീർ എഴുതിയ മാന്ത്രികപൂച്ച കുങ്കുമത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി.
‘ചെമ്മീൻ’ ടീം കൊല്ലത്ത്. സലിൽ ചൗധരി, രാമു കാര്യാട്ട്,
വയലാർ, കാമ്പിശ്ശേരി
കൃഷ്ണസ്വാമി റെഡ്യാർ മനസ്സാ സങ്കൽപിച്ചതുപോലെ കാഴ്ചയിൽ ഭംഗിയും കൗതുകവുമുണർത്താനുതകുന്ന തരത്തിൽ ആ ചെറിയ പ്രസിദ്ധീകരണത്തിന്റെ അകവും പുറവും രൂപകൽപന ചെയ്യുന്നതിൽ ഗോപാലൻ ഒരു പ്രധാന പങ്കുവഹിച്ചു. വിധുബാല എന്ന ബാലതാരത്തിന്റെ മനോഹരമായ ഒരു ചിത്രമാണ് ഗോപാലൻ മൂന്നു വർണങ്ങളും ചാലിച്ച് മുഖചിത്രമായി ഒരുക്കിയത്. പുതിയ പ്രസിദ്ധീകരണത്തിന് ആശംസകൾ നേർന്നുകൊണ്ട് ബഷീർ എഴുതിയ കത്ത്, ഒ.എൻ.വി കുറുപ്പിന്റെ കവിത, ഒരു കപ്പൽ യാത്രയുടെ പശ്ചാത്തലത്തിൽ ആനന്ദക്കുറുപ്പ് എഴുതിയ ‘മാരിവില്ല്’ എന്ന നോവൽ, കെ.ടി. മുഹമ്മദിന്റെ ചെറുകഥ, കെ.എസ്. ചന്ദ്രന്റെ ലേഖനം, ‘വാക്കുകളും നിങ്ങളും’ തുടങ്ങിയ സ്ഥിരം പംക്തികൾ എന്നിവക്കൊക്കെ വേണ്ടി ആകർഷകമായ ടൈറ്റിലുകളും ചിത്രങ്ങളും വരച്ചു.
ഒരു ദ്വൈവാരികയായി ആരംഭിച്ച കുങ്കുമത്തിന്റെ ആദ്യലക്കം പുറത്തുവന്നത് 1965 സെപ്റ്റംബർ 15നാണ്.
‘‘ചെറുകഥ, നോവൽ, നീണ്ടകഥ, ശാസ്ത്രീയ ലേഖനങ്ങൾ, കുറ്റാന്വേഷണ കഥകൾ, ചലച്ചിത്രരംഗം, നാടകവേദി... ഇവയ്ക്കു കണ്ണാടിയാണ് കുങ്കുമം’’ എന്ന് വരവ് വിളംബരംചെയ്തുകൊണ്ടുള്ള പരസ്യത്തിൽ പറയുന്നു.
മലയാള രാജ്യം, ജനയുഗം, കേരളശബ്ദം ... കൊല്ലം പട്ടണം ആസ്ഥാനമാക്കിയിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിലെ നവാഗതയായ കുങ്കുമം ഒട്ടും മോശമല്ലാത്ത അഭിപ്രായം നേടിയെടുത്തു. 65 ൽ കേരള ശബ്ദം ഒരു നോവൽ മത്സരം നടത്തി. സാഹിത്യരംഗത്ത് അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ പെരുമ്പടവം ശ്രീധരന്റെ അഭയ മാണ് ഒന്നാംസ്ഥാനം നേടിയത്. രണ്ടാാ സമ്മാനം രവി പാല എന്ന പുതിയ എഴുത്തുകാരന്റെ കാലടികളുടെ ശബ്ദം എന്ന കൃതിയാണ്. കുങ്കുമത്തിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലുകളിൽ ഒന്നായിരുന്നു അഭയം. കാലടികളുെട ശബ്ദം കേരള ശബ്ദത്തിലാണ് വന്നത്. രണ്ട് നോവലുകൾക്കു വേണ്ടിയും ഗോപാലൻ മനോഹരമായി ചിത്രങ്ങൾ വരച്ചു.
ഗോപാലൻ രാവിലെ ബസിറങ്ങിയാൽ സ്റ്റാൻഡിൽനിന്ന് നേരെ കല്ലുപാലത്തുള്ള കേരളശബ്ദം ഓഫിസിലേക്ക് പോകും. ഉച്ചവരെ അവിടെയിരുന്നു വരക്കും. ഉച്ചക്കുശേഷം കടപ്പാക്കടയിൽ ജനയുഗത്തിലേക്ക്. രാത്രിയാകുമ്പോഴാണ് ചവറയിലേക്കുള്ള ബസു പിടിക്കുന്നത്. ഒരു രേഖാചിത്രകാരനാകണം എന്നാഗ്രഹിച്ച ആൾക്ക് ഇപ്പോൾ നിന്നുതിരിയാൻ സാധിക്കാത്ത തരത്തിൽ പണിയാണ്. ഗോപാലനുപോലും വിശ്വസിക്കാൻ പറ്റുന്നില്ല ഈയൊരു മാറ്റം. കേരളശബ്ദത്തിലേക്ക് വീണ്ടുമെത്തുമ്പോഴേക്ക് ഗോപാലൻ ആളുകൾ ശ്രദ്ധിക്കുന്ന ചിത്രകാരനായി മാറിക്കഴിഞ്ഞിരുന്നു. ജനയുഗത്തിൽ വന്ന ചിത്രങ്ങൾ ഇതിനോടകം ഗോപാലന് പേര് നേടിക്കൊടുത്തിരുന്നു.. അതിന്റേതായ മതിപ്പും അംഗീകാരവുമൊക്കെ കേരളശബ്ദത്തിന്റെ ഓഫിസിൽനിന്നും ലഭിച്ചിരുന്നു.
കല്ലുപാലത്തെ പത്രേമാഫിസിൽ വൈക്കം, കെ.എസ്. ചന്ദ്രൻ, ആനന്ദക്കുറുപ്പ് എന്നിവർ ഒരുമിച്ച് ഒരു മുറിയിലാണിരിക്കുന്നത്. മാനേജർ എം.എൻ. രാമചന്ദ്രൻ നായർ മറ്റൊരു മുറിയിൽ. പത്രാധിപന്മാർ ഇരിക്കുന്ന മുറിയുടെ ഒരു കോണിലാണ് ഗോപാലന്റെ ഇരിപ്പിടം. മിക്ക ദിവസവും രാവിലെ കൃഷ്ണസ്വാമി റെഡ്യാർ എത്തും. മുറിയുടെ ഒത്ത നടുക്കിരുന്ന് ചർച്ച തുടങ്ങും. ആ ആഴ്ചയിൽ ഇറങ്ങാൻ പോകുന്ന രണ്ട് വാരികകളുടെയും ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകളാണ്. മറ്റു പ്രധാന പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കമൊക്കെ വിഷയമാകുന്നുണ്ടാകും അതിൽ.
മുതലാളി എല്ലാം കൃത്യമായി വായിച്ചു വിലയിരുത്തുന്നുണ്ടെന്നും ആധികാരികമായി തന്നെ അഭിപ്രായം പറയാനുള്ള കഴിവുണ്ടെന്നും ഗോപാലൻ അത്ഭുതത്തോടെ മനസ്സിലാക്കി. എം.എൻ. രാമചന്ദ്രൻ നായരും സജീവമായി പങ്കെടുക്കുന്നുണ്ടാകും ഈ ചർച്ചകളിൽ. കാശ് ചെലവഴിക്കുന്നതിൽ ഇത്തിരി പിശുക്കു കാണിക്കുമെങ്കിലും തമാശരൂപത്തിൽ, വെട്ടിത്തുറന്നു കാര്യങ്ങൾ പറയുന്ന മാനേജറെയും ഗോപാലന് ഇഷ്ടമായിരുന്നു.
പ്രായത്തിൽ നരുന്ത് പയ്യനായ ഗോപാലന് എല്ലാവരും തുല്യ പരിഗണന നൽകിയിരുന്നു. പത്രാധിപന്മാരെയും മുതലാളിയെയും മാനേജരെയുമൊക്കെ സന്ദർശിക്കാൻവേണ്ടി ദിവസേന അവിടെയെത്താറുള്ള മനുഷ്യരെ -അവരിൽ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുണ്ട്, എഴുത്തുകാരുണ്ട്, നാടകക്കാരും സിനിമാക്കാരുമെല്ലാമുണ്ട് –പലരെയും ഗോപാലൻ ആദ്യമായിട്ടാണ് നേരിൽ കാണുന്നത്. അവരിൽ മിക്ക പേരും ജനയുഗത്തിലും വന്നുകാണാറുണ്ട്. ഗോപാലനിലെ കലാകാരന്, സഹൃദയനായ വായനക്കാരന് ഏറ്റവും ഉന്മേഷം പകരുന്ന ഒരന്തരീക്ഷമായിരുന്നു കേരളശബ്ദം-കുങ്കുമം ഓഫിസിലേത്.
സുഹൃത്തിനൊപ്പം ആർട്ടിസ്റ്റ് ഗോപാലൻ,ആർ. കൃഷ്ണസ്വാമി റെഡ്യാർ
എന്നാൽ, പെട്ടെന്നൊരു ദിവസം എല്ലാത്തിനെയും തകിടം മറിക്കുന്ന ഒരു സംഭവമുണ്ടായി. കേരളശബ്ദത്തിൽ അന്ന് ‘എലികൾ’ എന്ന പേരിൽ വൈക്കം ഒരു നോവലെഴുതുന്നുണ്ട്. തന്റെ പത്രാധിപത്യത്തിലുള്ള കുങ്കുമം ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി കഥയും നോവലും പംക്തികളും കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി ഒന്നിനുപിറകെ ഒന്നായി ‘തണ്ണീർപ്പന്തൽ’, ‘കുറ്റവും ശിക്ഷയും’ എന്നീ നാടകങ്ങൾ, ‘കരുണ’, ‘അനാർക്കലി’, ‘തിലോത്തമ’, ‘രാഗിണി’ എന്നീ സിനിമകളുടെ തിരക്കഥകൾ... ഇതൊക്കെ വൈക്കം എഴുതിക്കൊണ്ടിരിക്കുന്ന നാളുകളായിരുന്നു 1965-66 കാലഘട്ടം.
ഒരു തിരക്കഥയുടെ ചർച്ചകൾക്കായി മദ്രാസിൽ പോകുന്നതിനു മുമ്പ് ഗോപാലനെ വിളിച്ച് അടുത്ത അധ്യായത്തിനുവേണ്ടി വരക്കേണ്ട സിറ്റ്വേഷൻ പറഞ്ഞുകൊടുത്തിരുന്നു. അതനുസരിച്ച് ഗോപാലൻ ചിത്രം വരച്ച് ബ്ലോക്കുണ്ടാക്കാനായി കൊടുക്കുകയുംചെയ്തു. എന്നാൽ, ആ ലക്കം കേരളശബ്ദം അച്ചടിച്ചു വന്നപ്പോൾ ഗോപാലനോടു പറഞ്ഞ കഥാ സന്ദർഭമൊന്നുമായിരുന്നില്ല ആ അധ്യായത്തിൽ വന്നത്. വൈക്കം വാരിക കണ്ടയുടനെ ഗോപാലനോട് വല്ലാതെ ദേഷ്യപ്പെട്ടു. താൻ ഇക്കാര്യത്തിൽ നിരപരാധിയാണെന്നും തന്നോടു പറഞ്ഞ സന്ദർഭം അനുസരിച്ചാണ് വരച്ചതെന്നും ഗോപാലൻ പറഞ്ഞെങ്കിലും വൈക്കത്തിന്റെ ദേഷ്യമൊട്ടുമടങ്ങിയില്ല. ആത്മാഭിമാനത്തിനു ക്ഷതമേറ്റതുപോലെയാണ് ഗോപാലനു തോന്നിയത്. തനിക്കു തെറ്റു പറ്റിയിട്ടില്ല എന്ന നിലപാടിൽതന്നെ ഗോപാലൻ ഉറച്ചുനിന്നു.
എപ്പോഴും സൗഹൃദവും സ്നേഹവും കാണിക്കാറുള്ള വൈക്കം അന്നങ്ങനെ പെരുമാറിയതിനേക്കാൾ വിഷമം ഗോപാലന് തോന്നിയത് മറ്റൊരു കാര്യത്തിലാണ്. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ട് കെ.എസ്. ചന്ദ്രനും ആനന്ദക്കുറുപ്പും ഒറ്റയക്ഷരംപോലും മിണ്ടാതെ ആ മുറിയിൽ ഇരിപ്പുണ്ടായിരുന്നു. ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമായി അറിയുന്ന ചന്ദ്രൻ സാറും കുറുപ്പു ചേട്ടനും തന്നോടൊപ്പം നിൽക്കാതിരുന്നതാണ് ഗോപാലനെ കൂടുതൽ വേദനിപ്പിച്ചത്. ചെയ്തുകൊണ്ടിരുന്ന ജോലി മതിയാക്കി അപ്പോൾത്തന്നെ അവിടെനിന്നിറങ്ങി. ഇനിയിങ്ങോട്ട് വരില്ല എന്ന് മനസ്സാ ഉറപ്പിച്ചുകൊണ്ടാണ് ഗോപാലൻ ഓഫിസിന്റെ പടിയിറങ്ങിയത്.
പുറത്തേക്കു നടന്ന ഗോപാലന്റെ അടുത്തേക്ക് ഒരാൾ ഓടിയെത്തി. എല്ലാം കണ്ടുകൊണ്ട് മുറിക്കു പുറത്ത് നിൽപുണ്ടായിരുന്ന എസ്. രാമകൃഷ്ണനായിരുന്നു അത്. രാമകൃഷ്ണനും ഗോപാലനും തമ്മിൽ വളരെ അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. രാമകൃഷ്ണൻ ഏതൊക്കെയോ തമിഴ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന കഥകൾക്കെല്ലാം ഗോപാലനെക്കൊണ്ടാണ് വരപ്പിച്ചിരുന്നത്. അതുമാത്രമല്ല, ഗോപാലന്റെ ശേഖരത്തിൽ ഉണ്ടായിരുന്ന അപൂർവ ക്ലാസിക് ചിത്രങ്ങളെയും പുസ്തകങ്ങളെയും അടിസ്ഥാനപ്പെടുത്തി ലോക ചിത്രകലയുടെ ചരിത്രത്തെക്കുറിച്ച് എസ്സാർ എന്ന പേരിൽ രാമകൃഷ്ണൻ കുങ്കുമത്തിൽ ഒരു പരമ്പരയും എഴുതുന്നുണ്ടായിരുന്നു. പത്രേമാഫിസിൽ മുതലാളിയുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്നത് രാമകൃഷ്ണനാണ്.
ഓഫിസിൽ നടന്ന സംഭവം അപ്പോൾത്തന്നെ രാമകൃഷ്ണൻ മുതലാളിയെ ഫോണിൽ വിളിച്ചറിയിച്ചു. ഉടൻതന്നെ ഗോപാലനെ തന്റെയടുത്തേക്ക് കൂട്ടിക്കൊണ്ടുവരാൻ മുതലാളി ആവശ്യപ്പെട്ടതനുസരിച്ചാണ് രാമകൃഷ്ണൻ ഗോപാലന്റെ സമീപത്തേക്ക് ഓടിയെത്തിയത്. അപ്പോൾതന്നെ അവർ രണ്ടുപേരുംകൂടി രാധാസിന്റെ ഓഫിസിലേക്കു പോയി. തെറ്റ് പറ്റിയതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ വെക്കാൻ സമ്മതിക്കില്ലെന്ന് ഗോപാലൻ തറപ്പിച്ചു പറഞ്ഞു. റെഡ്യാർ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല. ഇനി കേരളശബ്ദത്തിന്റെ ഓഫിസിലേക്ക് പോകേണ്ടതില്ല. വരക്കാനുള്ള മാറ്റർ ഇവിടെ തന്റെ ഓഫിസിലെത്തിക്കാനും വരച്ച് കഴിഞ്ഞാലുടനെ ചിത്രങ്ങൾ പത്രേമാഫിസിൽ കൊണ്ടുക്കൊടുക്കാനുമുള്ള ഏർപ്പാടുകൾ ചെയ്തുകൊള്ളാമെന്ന് അറിയിച്ചു.
കല്ലട വാസുദേവൻ, കെ.എസ്. ചന്ദ്രൻ, തകഴി, എസ്. രാമകൃഷ്ണൻ
ഗോപാലനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകിയ ഒരു തീരുമാനമായിരുന്നു അത്. തന്നെ ഒരു രേഖാചിത്രകാരനാക്കിയ കേരളശബ്ദത്തിൽനിന്ന് ആ രീതിയിൽ പടിയിറങ്ങേണ്ടി വന്ന കാര്യത്തിൽ ദുഃഖമുണ്ടായിരുന്നു. എങ്കിലും അവിടേക്ക് മടങ്ങിച്ചെല്ലാൻ മാനസികമായ ഒരു പ്രയാസവും. മുതലാളിയുടെ ഈ നിശ്ചയം എല്ലാംകൊണ്ടും ഗോപാലന് സമ്മതമായിരുന്നു. കൃഷ്ണസ്വാമി റെഡ്യാർ അങ്ങനെയൊരു തീരുമാനമെടുക്കാൻ പല കാരണങ്ങളുമുണ്ടായിരുന്നു. ഗോപാലനെപ്പോലെ പ്രതിഭാധനനായ ഒരു കലാകാരനെ വിട്ടുകളയാനുള്ള മടി തന്നെയായിരുന്നു പ്രധാന കാരണം. അതിനു പുറമെ മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു.
കൃഷ്ണസ്വാമി റെഡ്യാർക്ക് ടെക്സ്റ്റൈൽ വ്യവസായവും പ്രസിദ്ധീകരണങ്ങളും കൂടാതെ മറ്റു പല ബിസിനസുകളുമുണ്ടായിരുന്നു. വ്യവസായികോൽപന്നങ്ങളും സാമഗ്രികളും മറ്റു സാധനങ്ങളുമൊക്കെ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കാർട്ടൺ ബോക്സുകളുടെ നിർമാണമായിരുന്നു അതിൽ ഒന്ന്.
കല്ലുപാലത്തുനിന്ന് ചാമക്കടയിലേക്ക് പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞുപോകുന്ന റോഡിൽ പണ്ട് ആനേപ്പിൽ എന്നുപേരുള്ള ഒരു ഡിസ്പെൻസറിയുണ്ടായിരുന്നു. ആ കെട്ടിടം വാങ്ങിച്ച് അവിടെയാണ് രാധാസ് കാർട്ടൺ മേക്കിങ് യൂനിറ്റ് നടത്തിയിരുന്നത്. പല പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടിയും ഇത്തരം ബോക്സുകൾ നിർമിച്ചുകൊടുത്തിരുന്നു. അക്കൂട്ടത്തിൽ െകാല്ലത്തെ ഏറ്റവും പ്രമുഖ വ്യവസായ സ്ഥാപനമായ കുണ്ടറ അലിൻഡിനുവേണ്ടിയും കാർട്ടൺ നിർമിച്ചുകൊടുത്തിരുന്നു. കാർട്ടണുകളുടെ പുറത്തൊട്ടിക്കുന്ന കമ്പനി ലോഗോയുള്ള ലേബലിന്റെ ഡിസൈൻ വളരെ പ്രധാനമായിരുന്നു. ഈയിടെ അതിനെ സംബന്ധിച്ച് കമ്പനി വളരെ അതൃപ്തി പ്രകടിപ്പിച്ചു. അതിലെ അക്ഷരങ്ങളും ഡിസൈനുമൊന്നും ഒട്ടും ആകർഷണീയമല്ല എന്നതായിരുന്നു അവരുടെ പരാതി.
കഴിഞ്ഞ രണ്ടു വർഷമായി ഡിസൈൻ കൈകാര്യംചെയ്തുകൊണ്ടിരുന്നത് സിനി ആർട്സാണ്. റെഡ്യാർ ഉടനെതന്നെ സിനി വി. നാരായണനെ വിളിപ്പിച്ചു. ലോഗോയും ഡിസൈനുമൊക്കെ തയാറാക്കിക്കൊണ്ടിരുന്ന ആർട്ടിസ്റ്റ് ഇപ്പോൾ തന്റെ കൂടെയില്ല എന്ന കാര്യം നാരായണൻ അറിയിച്ചു. അതുകൊണ്ട് കമേഴ്സ്യൽ ആർട്സിന്റെ പരിപാടി തന്നെ സിനി ആർട്സ് നിർത്തിവെച്ചിരിക്കുകയാണ്.
എങ്കിൽപിന്നെ ആ കലാകാരനെ കണ്ടുപിടിച്ചിട്ടുതന്നെ കാര്യം എന്ന ലക്ഷ്യവുമായി തിരക്കിപ്പോയപ്പോഴാണ് ഒരു സത്യം റെഡ്യാർ മനസ്സിലാക്കുന്നത്. ഇപ്പോൾ കേരളശബ്ദത്തിലുള്ള ഗോപാലൻ തന്നെയാണ് ആ ആർട്ടിസ്റ്റ്. അദ്ദേഹം ഉടൻതന്നെ ഗോപാലനെയും കൂട്ടിക്കൊണ്ട് അലിൻഡിലേക്ക് പോയി. അവിടെവച്ചിരുന്ന പഴയ കാർട്ടണുകളുടെ പുറത്തുള്ള സ്റ്റിക്കർ കണ്ടയുടനെ ഗോപാലൻ ആവേശത്തോടെ പറഞ്ഞു.
‘‘ഇതൊക്കെ ഞാൻ ചെയ്തതാ.’’
കൃഷ്ണസ്വാമി റെഡ്യാരുടെ മുറുക്കിച്ചുവന്ന ചുണ്ടുകളിൽ ഒരു ചിരി വിടർന്നു. പിന്നീട് റെഡ്യാർ അലിൻഡിലേക്കുള്ള യാത്രകളിൽ ഗോപാലനെയും ഒപ്പം കൂട്ടാൻ തുടങ്ങി. ഇലസ്ട്രേഷൻ ചെയ്യുന്നതിനപ്പുറത്ത് വേറേ പല മേഖലകളിലും താൽപര്യവും അറിവും പ്രതിഭയും വൈദഗ്ധ്യവുമെല്ലാമുള്ള ഒരു ആർട്ടിസ്റ്റ് തന്നോടൊപ്പമുണ്ടെങ്കിൽ പലതും ചെയ്യാൻ കഴിയുമെന്ന് റെഡ്യാർക്ക് മനസ്സിലായി. അതുകൊണ്ടാണ് ഗോപാലൻ സ്ഥാപനം വിട്ടുപോകുമെന്ന സ്ഥിതിയുണ്ടായപ്പോൾ അതിന് തടയിടാനും ഗോപാലന്റെ ഇച്ഛാനുസരണം പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാനും അപ്പോൾത്തന്നെ വേണ്ടത് ചെയ്തത്.
ഒരുദിവസം ഓഫിസിൽ ചെന്നപ്പോൾ മുതലാളി ഗോപാലനുവേണ്ടി ഒരു സമ്മാനം കരുതിവെച്ചിട്ടുണ്ടായിരുന്നു. ഫിലിപ്സിന്റെ ഏറ്റവും പുതിയ മോഡൽ ട്രാൻസിസ്റ്റർ റേഡിയോ. സിനിമാ പാട്ടുകൾ –പ്രത്യേകിച്ച് ഹിന്ദി ഗാനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഗോപാലന് ഇതിനേക്കാൾ സന്തോഷമാകാനില്ല. ഇനി പാട്ട് കേട്ടുകൊണ്ട് ചിത്രം വരക്കാമല്ലോ.
ഇടക്ക് മുതലാളി കൊച്ചിയിലേക്കും മറ്റും നടത്തുന്ന യാത്രകളിൽ ഗോപാലനെയും എസ്. രാമകൃഷ്ണനെയുംകൂടി ഒപ്പം കൂട്ടാറുണ്ടായിരുന്നു. ആ യാത്രകളിലൊക്കെ പറയാറുണ്ടായിരുന്ന ഒരു പ്രധാന കാര്യം ഇതാണ്.
‘‘കുങ്കുമത്തിന്റെ സർക്കുലേഷൻ നിങ്ങൾ പരിശ്രമിച്ച് ഒരു പതിനായിരം കോപ്പിയാക്കണം.’’
കേരളശബ്ദം ഒരു രാഷ്ടീയ വാരികയാണ്. ആ പ്രസിദ്ധീകരണത്തിന്റെ എണ്ണം വർധിക്കുന്നതിനേക്കാൾ പ്രധാനം കേരളശബ്ദം എന്നുള്ള ആ ഒരു പേരിന് ഉന്നത രാഷ്ട്രീയവൃത്തങ്ങളിലും മറ്റും ചെലുത്താൻ കഴിയുന്ന സ്വാധീനവും ഉണ്ടാക്കാനാവുന്ന ചലനങ്ങളുമാണ്. അതേസമയം മാതൃഭൂമിയും ജനയുഗവും മേധാവിത്വം വഹിക്കുന്ന കുടുംബസദസ്സുകളിൽ കുങ്കുമം അവരെ കടത്തിവെട്ടിക്കൊണ്ട് മുന്നിൽ കയറണം. അതായിരുന്നു ലക്ഷ്യം. ഗോപാലൻ എല്ലാം ചിരിച്ചുകൊണ്ട് കേട്ടിരിക്കുന്നതല്ലാതെ ഒന്നും ഉരിയാടുകയില്ല.
1966ന്റെ ആദ്യം കേരളശബ്ദത്തിന്റെ ഓഫിസിൽനിന്ന് ഇറങ്ങിപ്പോന്നതിനുശേഷം ഗോപാലൻ ഇതുവരെ കെ.എസ്. ചന്ദ്രന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആനന്ദക്കുറുപ്പിനെ ഇടക്കൊക്കെ ജനയുഗത്തിൽ വരുമ്പോൾ കാണാറുണ്ട്. അന്നാ ദിവസം മൗനം പാലിച്ചതിനെക്കുറിച്ച് കുറുപ്പു ചേട്ടൻ കുറ്റബോധത്തോടെ പറഞ്ഞു: ‘‘വൈക്കത്തിനെ അങ്ങനെ അങ്ങ് ഒറ്റപ്പെടുത്തുന്നത് ശരിയല്ലല്ലോ എന്ന് കരുതി ഞങ്ങൾ മിണ്ടാതിരുന്നതാ. നിന്റെ ഭാഗത്തായിരുന്നു ശരി, ഗോപാലാ.’’
അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം ഗോപാലൻ ചിന്നക്കടയിലെ ഗ്രാൻഡ് തിയറ്ററിൽ ഒരു പടം കാണാൻ പോയി. ഏതെങ്കിലും ഒരു സാധാരണ പടമോ ഷോയോ ആയിരുന്നില്ല അത്. മലയാളത്തിന് ആദ്യത്തെ സ്വർണമെഡൽ നേടിക്കൊടുത്ത വിഖ്യാത ചിത്രം ‘ചെമ്മീന്റെ’ പ്രസ് ഷോയാണ്. രാമു കാര്യാട്ടും സംഘവും തലേന്നു തന്നെ കൊല്ലത്ത് എത്തി. വയലാറിനും സലീൽ ചൗധരിയോടുമൊപ്പം കാര്യാട്ടും കണ്മണി ബാബുവുംകൂടി കാമ്പിശ്ശേരിയെ കാണാനായി ജനയുഗത്തിൽ വന്നപ്പോൾ ഗോപാലൻ അവിടെയുണ്ടായിരുന്നു. കുറേ നാളുകളായി ചെമ്മീനിനെക്കുറിച്ച് പത്രങ്ങളിലൊക്ക വായിച്ചും പറഞ്ഞും കേട്ട പടം ഒന്നു കാണാനായി മനസ്സ് തുടിക്കുകയായിരുന്നു.
അടുത്ത ദിവസം രാവിലെ ജനയുഗത്തിൽ ചെല്ലുമ്പോൾ അവിടന്നെല്ലാവരും സിനിമക്ക് പോയിക്കഴിഞ്ഞിരുന്നു. ധൃതിപിടിച്ച് തിയറ്ററിൽ ചെന്നപ്പോൾ പടം തുടങ്ങിക്കഴിഞ്ഞു. ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഒരു സീറ്റിൽ ചെന്നിരുന്നു. ഇന്റർവെൽ ആയപ്പോഴാണ് ചുറ്റുപാടും നോക്കുന്നത്. കൊല്ലത്തെ സകല പ്രമുഖരും എത്തിയിട്ടുണ്ട്. പിറകിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ പെട്ടെന്നു കണ്ടു. രണ്ടു നിരയുടെ പിറകിലുള്ള സീറ്റുകളിലായി കെ.എസ്. ചന്ദ്രനും കുടുംബവും ഇരിക്കുന്നു.
ഗോപാലന് എന്തുചെയ്യണമെന്നറിയാൻ വയ്യാതെയായി. ചന്ദ്രൻ സാറിന്റെ മുന്നിൽ ‘വെട്ടപ്പെടാൻ’ ധൈര്യം വന്നില്ല. ആരുടെയും ശ്രദ്ധയിൽപെടാതെ പതുക്കെ എഴുന്നേറ്റ് ഏറ്റവും പിറകു ഭാഗത്തേക്ക് പോയി അവിടെയൊരു സീറ്റിലിരുന്നു. സിനിമ തുടങ്ങിക്കഴിഞ്ഞിട്ടും ഉള്ളിലാകെ ഒരു അസ്വസ്ഥത. പടം തീർന്നയുടൻതന്നെ ഒരു നിമിഷംപോലും കളയാതെ തിയറ്ററിന്റെ പുറത്തിറങ്ങി. അപ്പോഴാണ് ഒരാശ്വാസമായത്.
ബഷീർ ‘കേരളശബ്ദം’ ഓഫിസിൽ. വൈക്കം, കെ.എസ്. ചന്ദ്രൻ, ബഷീർ, എം.എൻ. രാമചന്ദ്രൻ നായർ, ആനന്ദക്കുറുപ്പ് എന്നിവർ സമീപം
1966 ആഗസ്റ്റിലായിരുന്നു ഇത്. പിന്നീട് ഒന്നുരണ്ടു മാസംകൂടി മാത്രമേ കേരളശബ്ദത്തിനു വേണ്ടി വരച്ചുള്ളൂ. കാരണം, അപ്പോഴേക്കും ജനയുഗത്തിൽ ഗോപാലനെ സ്ഥിരമായി എടുക്കാൻ ഏതാണ്ട് ധാരണയായിക്കഴിഞ്ഞിരുന്നു. ഒക്ടോബറിൽ ചേർന്ന ഡയറക്ടർ ബോർഡ് ഗോപാലനെ ആർട്ടിസ്റ്റായി നിയമിക്കാൻ തീരുമാനിച്ചു. 150 രൂപയായിരുന്നു ശമ്പളം. വേറെ ഒരിടത്തും വരയ്ക്കരുതെന്നായിരുന്നു ഉപാധി. കേരളശബ്ദവും കുങ്കുമവും വിട്ടുപോകാൻ തീരുമാനിച്ച കാര്യമറിയിച്ചപ്പോൾ കൃഷ്ണ സ്വാമി റെഡ്യാർ ദീർഘനേരം സംസാരിച്ചു.
‘‘ഞാൻ ഗോപാലന് ഒരു പതിനായിരം രൂപ ഇപ്പോൾതന്നെ തരും. ഒരിക്കലും തിരികെ തരേണ്ട. ഇവിടെ ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി. സമയം കിട്ടുമ്പോൾ മാത്രം വരക്കുക. വേറെയെന്തിലു വേണമെങ്കിലും വരച്ചോളൂ. ഒറ്റക്കാര്യം മാത്രം. ജനയുഗത്തിൽ ചേരരുത്. ആലോചിച്ചിട്ട് പറഞ്ഞാൽ മതി.’’
1960കളിലെ പതിനായിരം രൂപക്ക് ലക്ഷങ്ങളുടെ വില മതിക്കും. ഗോപാലന് പക്ഷേ, ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ഒരു പ്രസിദ്ധീകരണം. തന്നെ മനസ്സിനോട് ചേർത്ത് നിർത്തുന്ന, എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു തന്ന ഒരു പത്രാധിപർ. തന്നിലെ കലാകാരന് വളരാൻ ഒരു തടസ്സവും സൃഷ്ടിക്കാത്ത, എല്ലാ വിധത്തിലും പ്രചോദനം പകരുന്ന അന്തരീക്ഷം. ജനയുഗത്തിൽ ചേരാതെയിരിക്കാൻ ഒരു ന്യായവും ഗോപാലന് തോന്നിയില്ല. മുതലാളിയുടെ ഓഫർ ഗോപാലൻ നന്ദിപൂർവം നിരസിച്ചു.
തന്നിലെ രേഖാ ചിത്രകാരനെ കണ്ടെത്തിയ കെ.എസ്. ചന്ദ്രനോടും തന്റെ പ്രതിഭയെ കൂടുതൽ വിശാലമായ മേഖലകളിലേക്ക് വികസിപ്പിക്കാനുള്ള അവസരമൊരുക്കിത്തന്ന കൃഷ്ണസ്വാമി റെഡ്യാരോടുമുള്ള കടപ്പാട് എന്നും മനസ്സിൽ സൂക്ഷിക്കുമെന്ന് ഉള്ളാലെ പ്രതിജ്ഞയെടുത്തുകൊണ്ട്, ഗോപാലൻ കേരളശബ്ദത്തിനോട് വിടപറഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.