അഭിഭാഷകവൃത്തി എന്ന സംയുക്ത സംരംഭം

‘ജീവൻ ടി.വി’ മുതൽ ‘ടൈംസ് ഓഫ് ഇന്ത്യ’ വരെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി കോടതികളിൽ ഹാജരായതും വ്യത്യസ്ത സന്ദർഭങ്ങളിലായിരുന്നു. ജീവൻ ടി.വിയുമായി ബന്ധപ്പെട്ട കേസുകളിൽ മാനേജ്മെന്റിന് ലഭിച്ച അനുകൂല വിധികൾ ആ സ്ഥാപനത്തെ ഇന്നത്തെ രൂപത്തിൽ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപകരിച്ചു -കോടതി അനുഭവങ്ങൾ തുടരുന്നു.ഏതൊരു അഭിഭാഷകന്റെയും ജീവിതം ഒരു ഒറ്റയാൾ പ്രകടനമല്ല. ന്യായാധിപർ, സഹപ്രവർത്തകർ, കോടതിയിലെയും ഓഫിസിലെയും ജീവനക്കാർ, കുടുംബാംഗങ്ങൾ, സർവോപരി സാധാരണ ജനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയും നടത്തുന്ന ഒരു സംയുക്ത സംരംഭമാണ്...

‘ജീവൻ ടി.വി’ മുതൽ ‘ടൈംസ് ഓഫ് ഇന്ത്യ’ വരെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി കോടതികളിൽ ഹാജരായതും വ്യത്യസ്ത സന്ദർഭങ്ങളിലായിരുന്നു. ജീവൻ ടി.വിയുമായി ബന്ധപ്പെട്ട കേസുകളിൽ മാനേജ്മെന്റിന് ലഭിച്ച അനുകൂല വിധികൾ ആ സ്ഥാപനത്തെ ഇന്നത്തെ രൂപത്തിൽ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപകരിച്ചു -കോടതി അനുഭവങ്ങൾ തുടരുന്നു.

ഏതൊരു അഭിഭാഷകന്റെയും ജീവിതം ഒരു ഒറ്റയാൾ പ്രകടനമല്ല. ന്യായാധിപർ, സഹപ്രവർത്തകർ, കോടതിയിലെയും ഓഫിസിലെയും ജീവനക്കാർ, കുടുംബാംഗങ്ങൾ, സർവോപരി സാധാരണ ജനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയും നടത്തുന്ന ഒരു സംയുക്ത സംരംഭമാണ് അഭിഭാഷകവൃത്തി. അതുകൊണ്ടുതന്നെ തൊഴിൽപരമായ വീരവാദങ്ങൾക്കെതിരെ സ്വയം താക്കീതുചെയ്യാൻ ഞാൻ ബാധ്യതപ്പെട്ടിരിക്കുന്നു. ഒപ്പം, ഒരുമിച്ചുനടന്നവരെയും വിട്ടുപോയവരെയും ഇപ്പോഴും ഒപ്പമുള്ളവരെയുമെല്ലാം സമഭാവനയോടെ ഓർക്കുക എന്നത് കേവല മര്യാദ മാത്രമാണ്.

മികച്ച ജീവനക്കാരെ ഓഫിസിൽ ലഭിക്കുക എന്നത് എല്ലാവർക്കും സിദ്ധിക്കുന്ന ഭാഗ്യമല്ല എന്ന് അഭിഭാഷകർക്കറിയാം. യഥാർഥത്തിൽ അന്നും ഇന്നും അഭിഭാഷക ക്ലർക്കുമാരുടെ ഉത്തരവാദിത്തം വലുതാണെന്നു മാത്രമല്ല, നിർണായകവുമാണ്. ഇന്ന് ഓൺലൈൻ ഫയലിങ്ങിന്റെയും ഓൺലൈൻ കോടതികളുടെയും കാലമാണ്. ഭാവി, ഓൺലൈൻ കോടതികളുടേതായിരിക്കുമെന്ന റിച്ചാർഡ് സസ്കിൻഡിന്റെ പ്രവചനം ഇപ്പോൾതന്നെ ശരിയായിരിക്കുന്നു. പഴയ ഗുമസ്തന്മാരുടെ തൊഴിലിന്റെ സ്വഭാവം മാറിയിട്ടുണ്ടെങ്കിലും അതിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല.

ഡിജിറ്റൽ ടെക്നോളജിയുമായി മികച്ച ബന്ധവും പരിചയവുമുള്ള പുതിയ തലമുറ വക്കീലാപ്പീസുകളിലും എത്തിത്തുടങ്ങിയിരിക്കുന്നു. അന്നും ഇന്നും അഭിഭാഷക ഓഫിസിലെ തൊഴിലുകൾക്ക് പ്രത്യേകമായ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നത് നിരാശജനകമാണ്. കേരള സംസ്ഥാന സർക്കാറിന് ഇപ്പോഴും പരിഗണിക്കാവുന്ന ആശയമാണിത്. അതുപോലെ ജീവനക്കാരെയും ഓഫിസിനെയും ശരിയായ രീതിയിൽ മാനേജ് ചെയ്യാനുള്ള പരിശീലനം അഭിഭാഷകർക്കും ലഭിക്കണം. ഓഫിസ് മാനേജ്മെന്റിനെ ലോ കോളജിലെ നിയമബിരുദ കോഴ്സിന്റെ സിലബസിൽ ഉൾപ്പെടുത്തണമെന്നും അധികാരികളോട് ശിപാർശ ചെയ്യട്ടെ!

എ​ന്റെ അഭിഭാഷകവൃത്തിയിൽ ഒപ്പം നടന്ന ഓഫിസ് ജീവനക്കാരെ വിസ്മരിക്കുന്നത് ഈ ഓർമക്കുറിപ്പുകളെ നൈതികമായി തരംതാഴ്ത്തിയേക്കും. അതുപോലെതന്നെ ഒപ്പം നടന്നവരും മാറിപ്പോയവരും ഇപ്പോൾ തുടരുന്നവരുമായ ജൂനിയർമാരുടെ ഒരു വലിയ നിരയെയും മറന്നുകൊണ്ട് തൊഴിലിനെക്കുറിച്ച് ഓർത്തെടുക്കാനാവില്ല.

ഇക്കൂട്ടത്തിൽ, പയ്യന്നൂരിൽ ക്ലർക്കായിരുന്ന സുനിൽ എന്റെയൊപ്പം എറണാകുളത്തേക്ക് കൂടി വന്ന് കുറച്ചുവർഷം ഹൈകോടതി പ്രാക്ടിസിലും സഹായിച്ചു. പിന്നീട് ഗാർഹികമായ പ്രശ്നങ്ങൾ പരിഹരിക്കാനായി, എറണാകുളം ഓഫിസ് വിട്ട് സുനിൽ പയ്യന്നൂരിലേക്ക് തന്നെ തിരിച്ചുപോയത് മനസ്സില്ലാമനസ്സോടെ, വലിയ ദുഃഖത്തോടെയായിരുന്നു. ആ ദുഃഖം എന്റേതുമായിരുന്നു. എന്റെയൊപ്പം ഏതാണ്ട് പതിനാലു വർഷം ജോലി ചെയ്ത ആ യുവാവ് ഇന്ന് ക്ലർക്കുമാരുടെ സംഘടനയിൽ ഉത്തരവാദിത്തങ്ങൾ കൈയാളുന്നയാളാണ്. കറകളഞ്ഞ ആത്മാർഥതയും സത്യസന്ധതയും സുനിലെന്ന ക്ലർക്കിനെ എന്റെ വക്കീലാപ്പീസിന്റെ അഭിമാനമാക്കി.

എറണാകുളത്ത് 2001ൽ സ്റ്റെനോഗ്രാഫറായി വന്ന മേഴ്സി ജോസ് കോട്ടയം ജില്ലയിലെ വൈക്കത്തുകാരിയാണ്. അവർ ഇപ്പോഴും എന്റെ സ്റ്റെനോഗ്രാഫറായി തുടരുന്നു. 23 വർഷങ്ങളായി അവർ നൽകിയ പിന്തുണയും സഹായവും സമാനതകൾ ഇല്ലാത്തതാണ്. ഇന്ത്യയിൽതന്നെ ഒരുപ​േക്ഷ, ഏറ്റവും മികച്ച സ്റ്റെനോ-ടൈപ്പിസ്റ്റ് മേഴ്സിയാകാം എന്ന് ഞാൻ തെല്ലൊരു അഹങ്കാരത്തേടെ ചിലരോടെങ്കിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള മറ്റു ജീവനക്കാരുംകൂടി ചേർന്നാണ് തൊഴിൽസംബന്ധമായ ഭാരങ്ങളെ ലഘൂകരിക്കുന്നത്. ഇത്രയും കാലത്തിനിടെ കുറഞ്ഞത് അമ്പത് ജൂനിയർമാരെ​ങ്കിലും വിവിധ കാലങ്ങളിലായി വിവിധയിടങ്ങളിലായി എന്റെയടുത്ത് പരിശീലനത്തിനായെത്തി. അവരിൽ പലരും ഇന്ന് സാമാന്യം നന്നായി സ്വതന്ത്രമായി അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു കാണുന്നതിൽ സന്തോഷം തോന്നുന്നു.

വക്കീലാപ്പീസി​ൽ കാർക്കശ്യവും സൗഹൃദവും ഒരുമിച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്റെ ശാഠ്യങ്ങളും പെട്ടെന്നുള്ള ദേഷ്യവും മറ്റ് പ്രത്യേകതകളും ഏറ്റുവാങ്ങിക്കൊണ്ടാണ് ജൂനിയർമാരും വളർന്നത്. അവരെ ഞാൻ പരിശീലിപ്പിച്ചുവെന്നു പറയുമ്പോൾ എന്റെ തൊഴിൽജീവിതത്തിൽ അവർ നൽകിയ പിന്തുണയും അസാമാന്യമാണെന്നു പറയട്ടെ. അവർ നേടിയ അറിവ് മറ്റുള്ളവർക്കും പ്രയോജനപ്പെടട്ടെ എന്നുമാത്രം ആഗ്രഹിക്കാം.

തൊഴിൽപരമായ ഈ പ്രയാണത്തിനിടയിൽ വ്യക്തിജീവിതത്തിൽ മറ്റൊരു കനത്ത നഷ്ടംകൂടി സംഭവിച്ചു. ജന്മം നൽകിയ അമ്മയു​െട മരണം ഏതു മനുഷ്യനെയുമെന്നപോലെ എന്നെയും തളർത്തി. 2004ൽ ആയിരുന്നു അത്. അമ്മയുടെ തമാശകളും കഷ്ടതകളും സ്നേഹവും രോഗം സൃഷ്ടിച്ച പ്രയാസങ്ങളുമെല്ലാം മനസ്സിൽ ഒട്ടിനിന്നു. ഇപ്പോഴും ഇടക്കെല്ലാം ആ ഓർമകൾ മനസ്സിലെത്തും. ഇത്തരം ആഘാതങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകാൻ വിധിക്കപ്പെട്ടവരാണല്ലോ മനുഷ്യർ!

ഠഠഠ

വിചാരണക്കോടതികളിലെ ന്യായാധിപരും ഹൈകോടതിയിലെ ന്യായാധിപരും ഒരുപോലെ തൊഴിൽ ജീവിതത്തിന്റെ ഭിന്നഘട്ടങ്ങളിൽ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. വിചാരണ കോടതിയിലെ ന്യായാധിപരെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ച് വലിയ ചർച്ചകൾ നാട്ടിൽ നടന്നിട്ടില്ല. മറ്റു പല തൊഴിലുകളിലുമെന്നപോലെ എഴുത്തുപരീക്ഷ, അഭിമുഖം എന്നീ രീതികളെ അവലംബിച്ചുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്നത്. ഒറ്റവാക്കിലോ വിസ്തരിച്ചോ ഉത്തരങ്ങളെഴുതാനുള്ള കഴിവ് പരിശോധിക്കുന്നതുവഴി മികച്ച ന്യായാധിപരെ കണ്ടെത്താൻ കഴിയുമോ? സാധാരണ ജനങ്ങൾ നേരിട്ടിടപെടുന്ന വിചാരണ കോടതികളിലെ ന്യായാസനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ശാസ്ത്രീയമായി പരിഷ്‍കരിക്കാൻ അധികാരികൾ തയാറാകണം.

ഒരു വിഷയം നൽകി സിവിൽ കോടതിയിൽ നൽകേണ്ടുന്ന ഒരു ഹരജി (plaint) അഥവാ പത്രിക (written statement) തയാറാക്കാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെടാവുന്നതാണ്. മൊഴികളും തെളിവുകളും അവർക്കു മുന്നിൽവെച്ചുകൊണ്ട് ഒരു വിധി എഴുതി തയാറാക്കാൻ ആവശ്യപ്പെടാവുന്നതാണ്. അവരുടെ വ്യക്തിജീവിതത്തിന്റെ ഭൂതകാലത്തിൽ തിരഞ്ഞുകൊണ്ട് ഒരു വ്യക്തിത്വപരിശോധന നടത്താവുന്നതാണ്. ഇങ്ങനെ നിലവിലുള്ള ശുഷ്‍കമായ എഴുത്തുപരീക്ഷയെ പുതുക്കിപ്പണിയാവുന്നതാണ്. ന്യായാധിപ പദവി ആവശ്യപ്പെടുന്ന ധർമബോധവും വ്യക്തിത്വശുദ്ധിയും നിയമനപ്രക്രിയയിൽതന്നെ ഉറപ്പിക്കുന്നതുവഴി നമുക്ക് വിചാരണക്കോടതികളെയും അതുവഴി നീതിന്യായ സംവിധാനത്തിന്റെയും ഗുണനിലവാരം കുറെയധികം ഉയർത്താൻ കഴിയും. വിചാരണക്കോടതികളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കുന്ന ഒരു നിർദേശമാണിത്.

 

ജസ്​റ്റിസ്​ നാഗരത്​ന

ഹൈകോടതിയിൽ സർവിസ് കേസുകൾ കൈകാര്യംചെയ്യുന്നതിനോടൊപ്പം അതുമായി നേരിട്ട് ബന്ധമുള്ള ഒരു കോളമെഴുത്ത് ചെയ്തുപോന്നു. മാതൃഭൂമിയിലെ ഗോപിനാഥിന്റെ ആവശ്യത്തെ തുടർന്ന് തൊഴിൽവാർത്തയിൽ സർവിസ് നിയമസംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിത്തുടങ്ങിയത് 2009ൽ ആയിരുന്നു. 15 വർഷത്തിൽ കൂടുതലായി തുടരുന്ന ഈ പ്രതിവാര കോളം വളരെ ചുരുക്കം ചില ആഴ്ചകളിൽ മാ​ത്രമേ മുടങ്ങിയിട്ടുള്ളൂ. എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തോടടുത്ത് വരില്ലെങ്കിലും ഈ പ്രതിവാര കോളം ഒരു സമാന്തര നിയമോപദേശ സ​ങ്കേതമായി നിലനിൽക്കുന്നു; ഞാനത് ആസ്വദിക്കുകയുംചെയ്യുന്നു.

അയൽ സംസ്ഥാനങ്ങളിലെ ഹൈകോടതികളിൽ ഹാജരായതും ഒരു വേറിട്ട അനുഭവമായി. കർണാടക ഹൈകോടതിയിൽ ഒരു സിവിൽ കേസിൽ വാദം പറഞ്ഞത് ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ഡിവിഷൻ ​െബഞ്ചു മുമ്പാകെയായിരുന്നു. പുറത്തുനിന്നുവന്ന അഭിഭാഷകനെന്ന നിലയിൽ അവർ നൽകിയ പരിഗണനയും ആദരവും ഓർമയിൽ തങ്ങിനിൽക്കുന്നു.

അവധിക്കാല ​െബഞ്ചിൽ എന്റെ കേസ് അന്യഥാ വിളിച്ചെത്തുകയില്ലായിരുന്നു. ആ ഒരു കേസിനുവേണ്ടി ഞാൻ അടുത്ത ദിവസം വരെ ബംഗളൂരുവിൽ തങ്ങുന്നതൊഴിവാക്കാനായി എന്റെ കേസ് അന്നുതന്നെ പരിഗണനക്കെടുത്ത് വാദം കേട്ടു. ആ കേസിൽ ഒരു സ്റ്റേ ഉത്തരവ് ലഭിക്കുകയുംചെയ്തു. ജസ്റ്റിസ് നാഗരത്ന പിന്നീട് സുപ്രീംകോടതിയിലെത്തുകയും ശ്രദ്ധേയമായ ഒട്ടേറെ വിധികളെഴുതുകയുംചെയ്തു. അവരുടെ വിയോജന വിധികളിൽ പലതും ഇതിനകംതന്നെ ചരിത്രത്തിന്റെ ഭാഗമായിത്തീർന്നവയാണ്. അവയെക്കുറിച്ച് പിന്നീടെഴുതാം. സമീപകാലത്ത് ഹിജാബ് നിരോധനം സംബന്ധിച്ച കേസിലും കർണാടക ഹൈകോടതിയിൽ ഞാൻ ഹാജരായിരുന്നു.

മദ്രാസ് ഹൈകോടതിയിൽ വാദിച്ചത് ​കേന്ദ്രസേനയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു. മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകർ അന്ന് നൽകിയ സ്നേഹപൂർണമായ ആതിഥ്യം സുഖദായകമായ മറ്റൊരു ഓർമയാണ്. തിരുവള്ളുവർ മുതൽ പെരിയാർ വരെയുള്ള മഹാരഥന്മാരുടെ ഫോട്ടോകൾ നിരത്തിവെച്ച ബാർ അസോസിയേഷൻ ഹാൾ ഒരു മഹത്തായ സാംസ്കാരിക ചരിത്രത്തിന്റെ കൂടി നേർക്കാഴ്ചയാണ്. തമിഴ്നാട്ടിൽ പോയ സന്ദർഭങ്ങളിലെല്ലാം അവരുടെ മഹത്തായ സംസ്കാരത്തിന്റെയും ആതിഥ്യമര്യാദയുടെയും സൗമനസ്യം നേരിട്ടനുഭവിച്ചിട്ടുണ്ട്.

അന്ന് മദ്രാസ് ഹൈകോടതിയിൽ പോയ ദിവസം തന്നെ എന്റെ പ്രതിമാസ കോളം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്നതോർക്കുന്നു. അസോസിയേഷൻ ഹാളിൽ ഇരിക്കുന്ന അതിഥിയായ അഭിഭാഷകന്റെ പടവും ലേഖനവും അവിടെത്തന്നെയുള്ള പത്രത്തിൽ കണ്ടപ്പോൾ ആ അജ്ഞാത അഭിഭാഷകർ അൽപം വിസ്മയഭാവത്തോടെ എന്നെ ഹസ്തദാനംചെയ്തു. കാപ്പിയും മറ്റും വരുത്തി സൽക്കരിച്ചശേഷം എന്നെ ഉച്ചഭക്ഷണം കഴിക്കാനും നിർബന്ധിച്ചു. മദ്രാസ് ഹൈകോടതിയിലെ ധീരനായ ‘പോരാളി’ എം.ജി.ആർ. പ്രസാദ് കാണിച്ച സൗഹൃദവും ഓർമയിൽ തങ്ങിനിൽക്കുന്നു. കോടതിയിലെ ന്യായാധിപരും വാദം ശ്രദ്ധിച്ച് കേൾക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.

തമിഴ്നാടിന്റെ ആതിഥ്യമര്യാദ കോടതിമുറികളിലും അഭിഭാഷക സംഘടനയിലും മാത്രമായി ഒതുങ്ങുന്നതല്ല. ചെന്നൈയിലും മധുരയിലും നിയമവിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ പ​ങ്കെടുത്തപ്പോഴെല്ലാം ഈ സവിശേഷമായ സാംസ്കാരിക സാന്നിധ്യം ബോധ്യപ്പെട്ടതാണ്. പേരിനൊരു ‘ചടങ്ങു’ നടത്താനായെന്നോണം പരിപാടി സംഘടിപ്പിച്ച് അതിൽ യാന്ത്രികമായി ആരെയെങ്കിലും വിളിച്ച് ‘പ്രസംഗിച്ചു വിടു’ന്ന സമ്പ്രദായം അവിടെയില്ല എന്നാണെന്റെ അനുഭവം. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതു തൊട്ട് പരിപാടി കഴിഞ്ഞ് വീട്ടിലെത്തുംവരെ, ചിലപ്പോൾ തുടർന്നും തമിഴ്നാട്ടുകാർ കാണിക്കുന്ന സ്നേഹഭാവം തികച്ചും അകൃത്രിമവും ഗാഢവുമാണ്. മറ്റൊരവസരത്തിൽ പോണ്ടിച്ചേരിയിലെ ഒരു ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി പ്രസംഗിക്കാനുണ്ടായിരുന്നു. ഞാൻ അടക്കമുള്ള വിഷയവിദഗ്ധർ സംസാരിച്ചതിനുശേഷമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

ഇന്ത്യയിലെ മറ്റേതെങ്കിലും പ്രദേശത്ത് ഇങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. തമിഴ്നാട്ടുകാരുടെ വിനയം അവരുടെ ശക്തിയുടെയും സംസ്കൃതിയുടെയും പ്രകടനമാണ്. അതിനെ ദൗർബല്യമായി കാണുന്നവർ ആ നാടിനെയും നാട്ടുകാരെയും മനസ്സിലാക്കാത്തവരാണ്. ചെ​ന്നൈയിലെ ‘ഏഷ്യൻ കോളജ് ഓഫ് ജേണലിസ’ത്തിൽ രണ്ടു തവണ പ്രഭാഷണം നടത്താൻ പോയപ്പോഴും മികച്ച സ്വീകരണമാണ് ലഭിച്ചത്.

മധുരയിൽ ബാർ അസോസിയേഷനും മധുര-കാമരാജ് സർവകലാശാലയും സംയുക്തമായി നടത്തിയ പരിപാടിയിൽ സ്വകാര്യതയുടെ നൈയാമികവും നൈതികവുമായ വശങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ഏകാന്തതയാണ് ചിലപ്പോൾ ഏറ്റവും മികച്ച സമൂഹമായിത്തീരുന്നതെന്ന ജോൺ മിൽട്ടന്റെ പരാമർശം ഓർത്തുകൊണ്ടു നടത്തിയ ആ പ്രസംഗം ഹിന്ദു പത്രത്തിൽ (നവംബർ 27, 2017) വിശദമായിത്തന്നെ റിപ്പോർട്ടു ചെയ്തു. പുട്ടസ്വാമിക്കേസിൽ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു, ആ പരിപാടി.

ജീവൻ ടി.വി മുതൽ ടൈംസ് ഓഫ് ഇന്ത്യ വരെയുള്ള വിവിധ മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി കോടതികളിൽ ഹാജരായതും വ്യത്യസ്ത സന്ദർഭങ്ങളിലായിരുന്നു. ജീവൻ ടി.വിയുമായി ബന്ധപ്പെട്ട കേസുകളിൽ മാനേജ്മെന്റിന് ലഭിച്ച അനുകൂല വിധികൾ ആ സ്ഥാപനത്തെ ഇന്നത്തെ രൂപത്തിൽ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപകരിച്ചു. മാധ്യമങ്ങൾക്ക് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ എത്രകണ്ട് സ്വാതന്ത്ര്യമെടുക്കാമെന്നതായിരുന്നു കേരള ഹൈകോടതി ഫുൾ​െബഞ്ച് മുമ്പാകെ ഉന്നയിക്കപ്പെട്ട വിഷയം. കോടതിയുടെ അച്ചടിച്ചുവരുന്ന ഉത്തരവുകൾക്കും വിധികൾക്കുമപ്പുറം കേസ് പരിഗണിക്കുമ്പോൾ ന്യായാധിപർ നടത്തുന്ന പരാമർശങ്ങളും പ്രസ്താവനകളും മറ്റും എത്രകണ്ട് റിപ്പോർട്ട് ചെയ്യാമെന്ന കാര്യത്തിലാണ് ടൈംസ് ഓഫ് ഇന്ത്യക്കുവേണ്ടി ഹൈകോടതിയിൽ വാദം ഉന്നയിച്ചത്.

അന്ന് മനോജ് കെ. ദാസായിരുന്നു, ടൈംസിന്റെ കേരളത്തിലെ എഡിറ്റർ. കോടതി നടപടികളെ മാധ്യമങ്ങൾ–വിശേഷിച്ചും ദൃശ്യമാധ്യമങ്ങൾ– സെൻസേഷനലൈസ് ചെയ്യുന്നുവെന്ന് പലരും ആകുലപ്പെടുകയും അതിന്റെ പേരിൽ കോടതി റിപ്പോർട്ടിങ്ങിന്റെ കാര്യത്തിൽ മാധ്യമങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുപോലും അഭിപ്രായങ്ങളുയർന്നു. എന്നാൽ, സ്വയം നിയന്ത്രണത്തിനപ്പുറം മാധ്യമങ്ങളെ ബാഹ്യനിയന്ത്രണത്തിന് വിധേയമാക്കാനാകില്ല എന്ന് 2015ലെ സുധിനും യൂനിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ വ്യക്തമാക്കിയിരുന്നു.

 

കർണാടക ഹൈകോടതി

കോടതി ഉത്തരവുവഴി മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മറ്റൊരു മൂന്നംഗ ഫുൾ ​െബഞ്ചാണ് വിധിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ മറിച്ചൊരു വിധി മറ്റൊരു മൂന്നംഗ ​െബഞ്ചിനു പുറപ്പെടുവിക്കാനാകില്ല എന്ന എന്റെ വാദം ജസ്റ്റിസ് പി.എൻ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഫുൾ​െബഞ്ച് അംഗീകരിക്കുകയും അതിനാൽതന്നെ വിഷയം കൂടുതൽ അംഗങ്ങളുള്ള ഒരു വിശാല ​െബഞ്ചിനു വിടുകയുംചെയ്തു. ഇത്തരത്തിലുള്ള വിശാല ​െബഞ്ചുകൾ ഹൈകോടതി തലത്തിൽ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ.

1997 മുതലിങ്ങോട്ട് കൊച്ചി കേന്ദ്രീകരിച്ചുള്ള തൊഴിലും അനുബന്ധ പ്രവർത്തനങ്ങളും ജീവിതത്തെ നിര​ന്തരം പുതുക്കിപ്പണിതുകൊണ്ടിരുന്നു. സംഘടിത പ്രസ്ഥാനങ്ങളുടെ മികവുകൾ അംഗീകരിക്കുമ്പോഴും അവക്ക് വിധേയമാകാതിരിക്കാൻ സവിശേഷ ശ്രദ്ധ വേണമെന്നുറപ്പിച്ചിരുന്നു. സ്വതന്ത്രമായി എഴുതുന്നതിനെ വിലമതിക്കുന്ന കുറേയാളുകൾ ഇന്നും സംസ്ഥാനത്തുണ്ട്. കണ്ണൂരിലെ രാജൻ തീയോത്ത് പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനിയായ പി.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ മകനാണ്.

 

മദ്രാസ്​ ഹൈകോടതി

അദ്ദേഹം ക്ഷണിച്ചതനുസരിച്ച് കണ്ണൂരിൽ പോയി കർമശ്രേഷ്ഠ അവാർഡ് സ്വീകരിച്ചപ്പോൾ മുഖ്യധാരാ സംഘടനകളിൽനിന്നല്ലാതെയും സ്വാഭാവികമായ അംഗീകാരങ്ങൾ ഉണ്ടാകാമെന്ന് മനസ്സിലായി. സന്തോഷകരമായ ഇത്തരം സ്നേഹാഭിവാദ്യങ്ങൾ പക്ഷേ, ഒരിക്കലും പ്രലോഭനങ്ങളായിത്തോന്നിയിട്ടില്ല. അതിനാൽതന്നെ അവ എന്റെ ചെറുജീവിതത്തിന്റെ അജണ്ടയായിട്ടില്ല. ഒരിക്കലും ആവുകയുമില്ല. സ്വാതന്ത്ര്യം ഒരു മാനസികാവസ്ഥയാണ്. ഗൂഢമായ ആഗ്രഹങ്ങൾപോലും സ്വാതന്ത്ര്യത്തിന്റെ ​നേർക്കുള്ള കടന്നാക്രമണങ്ങളായിത്തീരാം എന്നതല്ലേ സത്യം?

(തു​​ട​​രും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT