വസ്ത്രങ്ങളിലെ ജാതി സംഘർഷം

അധികം പഠിക്കുകയോ എഴുതപ്പെടുകയോ ചെയ്യാത്ത ‘വസ്​ത്രം’ എന്ന മേഖലയെക്കുറിച്ചാണ്​ എഴുത്തുകാരിയും ആക്ടിവിസ്​റ്റുമായ മീന കന്തസ്വാമിയുടെ ഇൗ പഠനം. വസ്​ത്രം ധരിക്കുന്ന ഒാരോരുത്തരും അതിന്​ പിന്നി​ൽ, പരുത്തി കൃഷിയിടം മുതൽ അരങ്ങേറുന്ന നഗ്​നമായ മനുഷ്യാവകാശ ലംഘനത്തി​ന്റെയും ചൂഷണത്തി​ന്റെയും കഥ അറിയുന്നില്ല. അറിയാത്ത ആ യാഥാർ​ഥ്യങ്ങളിലേക്ക്​ വെളിച്ചം വീശുന്ന ലേഖനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ച.13. ബോംബെയിലെ തുണിമില്ലുകളിലെ അസ്പൃശ്യതയുടെ പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശുന്നതിന് ചോദ്യോത്തര രീതിയിൽ ചില കാര്യങ്ങൾ ഒളിച്ചുകടത്തുന്നതിനുള്ള എന്റെ പ്രലോഭനത്തെ അനുവദിച്ചുതരിക....

അധികം പഠിക്കുകയോ എഴുതപ്പെടുകയോ ചെയ്യാത്ത ‘വസ്​ത്രം’ എന്ന മേഖലയെക്കുറിച്ചാണ്​ എഴുത്തുകാരിയും ആക്ടിവിസ്​റ്റുമായ മീന കന്തസ്വാമിയുടെ ഇൗ പഠനം. വസ്​ത്രം ധരിക്കുന്ന ഒാരോരുത്തരും അതിന്​ പിന്നി​ൽ, പരുത്തി കൃഷിയിടം മുതൽ അരങ്ങേറുന്ന നഗ്​നമായ മനുഷ്യാവകാശ ലംഘനത്തി​ന്റെയും ചൂഷണത്തി​ന്റെയും കഥ അറിയുന്നില്ല. അറിയാത്ത ആ യാഥാർ​ഥ്യങ്ങളിലേക്ക്​ വെളിച്ചം വീശുന്ന ലേഖനത്തി​ന്റെ കഴിഞ്ഞ ലക്കം തുടർച്ച.

13. ബോംബെയിലെ തുണിമില്ലുകളിലെ അസ്പൃശ്യതയുടെ പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശുന്നതിന് ചോദ്യോത്തര രീതിയിൽ ചില കാര്യങ്ങൾ ഒളിച്ചുകടത്തുന്നതിനുള്ള എന്റെ പ്രലോഭനത്തെ അനുവദിച്ചുതരിക. ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതി​ന്റെ ഭാഗമായി, അല്ലെങ്കിൽ ഗവേഷണത്തി​ന്റെ ഭാഗമായി– അസ്വാഭാവികമായ ഒരു സ്ഥലത്ത് ചെറിയ നിധികൾ കണ്ടെത്താൻ എനിക്ക് സാധിച്ചു. ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമീഷന്റെ (സൈമൺ കമീഷൻ എന്ന് പൊതുവിൽ അറിയപ്പെടുന്ന, ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ച് പരിശോധന നടത്തുന്നതിനായി ഇന്ത്യയിലേക്ക് എത്തിയ ഏഴു ബ്രിട്ടീഷ് പാർലമെന്റേറിയന്മാരുടെ സംഘം) മുമ്പാകെ ഒക്ടോബർ 1928ൽ ഡോ. അംബേദ്കർ ഹാജരാക്കിയ തെളിവാണിത്.

കമീഷനു മുമ്പാകെ അദ്ദേഹം ഹാജരാക്കിയ സമർപ്പണങ്ങളിൽനിന്നുള്ള മൂന്ന് ഭാഗങ്ങളാണ് ഞാൻ നിങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുന്നത് (14)

പ്രമാണം ഒന്ന്:

ചോദ്യം: മേജർ ആറ്റ്ലി: തുണിമില്ലുകൾപോലുള്ള വ്യവസായശാലകളിൽ അധഃകൃതവിഭാഗങ്ങളിൽനിന്നുള്ള അംഗങ്ങൾ ജോലി ചെയ്യുന്നുണ്ടോ?

ഡോ. അംബേദ്കർ: എല്ലാവരും. അധഃകൃതവർഗത്തിൽപെട്ട എല്ലാ പുരുഷന്മാരും തൊഴിലാളികളാണ്.

ചോദ്യം: നിങ്ങൾക്ക് ഞാൻ ചോദിച്ചത് മനസ്സിലായില്ലെന്നു തോന്നുന്നു... ഞാൻ സംസാരിക്കുന്നത് വ്യവസായത്തെക്കുറിച്ചാണ്. ഗ്രാമങ്ങളിൽ പണിയെടുക്കുന്ന അധഃകൃതവിഭാഗങ്ങളിലെ അംഗങ്ങളുണ്ട്‌. ഏതെങ്കിലും തരത്തിലുള്ള ജോലികളിൽ വ്യാപൃതരാവും അവർ. എന്നാൽ, വ്യവസായിക തൊഴിലുകളിൽ ഏർപ്പെടുന്ന അധഃകൃതവിഭാഗങ്ങളിൽപെട്ടവരുടെ എണ്ണം അത്ര വലുതാണോ?

ഡോ. അംബേദ്കർ: വളരെ വലിയ സംഖ്യയാണത്.

ചോദ്യം: ബോംബെ നഗരംപോലെയുള്ള സ്ഥലത്ത് നിങ്ങളുടെ അംഗങ്ങൾ വലിയൊരു സംഖ്യയുണ്ടെന്നാണോ?

ഡോ. അംബേദ്കർ: അതെ.

ചോദ്യം: അസ്പൃശ്യർ എന്ന നിലയിൽനിന്ന് ഏതെങ്കിലും തരത്തിൽ അവരുടെ പദവി വ്യത്യാസം വന്നിട്ടുണ്ടോ?

ഡോ. അംബേദ്കർ: ഇല്ല. എനിക്ക് ചൂണ്ടിക്കാണിക്കാനുള്ള കാര്യം ഇതുതന്നെയാണ്. നെയ്ത്തുമേഖലയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലകളിൽനിന്നും അധഃകൃത വിഭാഗങ്ങളിൽപെട്ട മനുഷ്യരെ തീർത്തും ഒഴിവാക്കിയിരിക്കുകയാണ്. ട്രോസ്റ്റിൽ മേഖലപോലുള്ളവയിൽ മാത്രമാണ് അവർക്ക് പ്രതീക്ഷിക്കാനാവുന്നത്.

ചോദ്യം: എന്തുകൊണ്ടാണ്?

ഡോ. അംബേദ്കർ: അതിനു കാരണം അസ്പൃശ്യതയാണ്.

ചോദ്യം: അയാൾ അവിടെ ജോലി ചെയ്യുമ്പോൾ മറ്റെല്ലാ ജാതിക്കാർക്കും ഒപ്പം അല്ലേ അയാൾ പ്രവർത്തിക്കുന്നത്?

ഡോ. അംബേദ്കർ: അങ്ങനെയല്ല. ജാതിയനുസരിച്ചാണ് ഓരോ മേഖലകളും തരംതിരിച്ചിരിക്കുന്നത്. ഒരു വകുപ്പ് പൂർണമായും അധഃകൃത വിഭാഗങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു. മറ്റൊരു വകുപ്പ് –നെയ്ത്തു മേഖല– പൂർണമായും മുഹമ്മദീയരുടെയും മേൽജാതി ഹിന്ദുക്കളുടെയും മേഖലയാണ്.

ചോദ്യം: അവർ തൊഴിലാളി യൂനിയൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ടോ?

ഡോ. അംബേദ്കർ: തീർച്ചയായും. അവർ അത്തരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

ചോദ്യം: അധഃകൃതവിഭാഗങ്ങളിൽപെട്ടവർക്ക് ഒപ്പമോ?

ഡോ. അംബേദ്കർ: അതെ.

ചോദ്യം: എനിക്ക് നിങ്ങളിൽനിന്ന് ഇക്കാര്യമാണ് അറിയേണ്ടത്. എണ്ണത്തി​ന്റെ അടിസ്ഥാനത്തിൽ അധഃകൃത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം വേണമെന്ന അവകാശവാദമാണ് നിങ്ങൾ മുന്നോട്ടുെവച്ചിട്ടുള്ളത്. ഇപ്പോൾ, തികച്ചും വ്യത്യസ്തമായ അടിത്തറകളിൽ നമ്മൾ അവകാശവാദങ്ങൾ മുന്നോട്ടുെവച്ചിരിക്കുന്നു –തൊഴിലി​ന്റെ അടിസ്ഥാനത്തിൽ. നിങ്ങൾക്ക് അത്തരത്തിൽ ഒരു വർഗീകരണംകൂടി ലഭിക്കുന്നു. കാരണം, ഒരു മനുഷ്യന് അധഃകൃതവിഭാഗത്തിൽപെട്ട ഒരാളായിരിക്കാനും ഒരു തൊഴിലാളിയായിരിക്കാനും സാധിക്കുന്നു?

ഡോ. അംബേദ്കർ: അയാൾ മിക്കവാറും, എല്ലായ്‌പോഴും അല്ലെങ്കിലും, ഒരു തൊഴിലാളി തന്നെയാണ്.

പ്രമാണം രണ്ട്:

ചോദ്യം: മേജർ ആറ്റ്ലീ താങ്കളോട് ചോദിച്ച ചോദ്യത്തെ ഞാൻ മറ്റൊരു തരത്തിൽ ചോദിക്കട്ടെ? ഇവിടെ വ്യവസായശാലകളിൽ പണിയെടുക്കുന്ന അധഃകൃത വിഭാഗങ്ങളെ വേർതിരിച്ച് പണിയെടുപ്പിക്കുന്നു എന്നാണോ?

ഡോ. അംബേദ്കർ: അതെ. ഒറ്റ തിരിച്ചുതന്നെ.

ചോദ്യം: അവർക്ക് അവരുടേതായ ലായങ്ങളും അവരുടെ സ്വന്തം വകുപ്പുകളും ഉണ്ട്?

ഡോ. അംബേദ്കർ: അവരുടെ സ്വന്തം വകുപ്പുകൾ ഉണ്ട്. ലായങ്ങൾ ഇല്ല.

ചോദ്യം: അതെന്തോ ആയിക്കോട്ടെ. വ്യവസായശാലകളിൽ അവരെ മറ്റു തൊഴിലാളികളിൽനിന്നു വേർതിരിച്ചിരിക്കുകയാണ്?

ഡോ. അംബേദ്കർ: അതിനുള്ള മറുപടി ഇപ്രകാരം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്: ചില മേഖലകൾ അധഃകൃത വിഭാഗങ്ങൾക്കു മാത്രമായി നിർണയിച്ചിരിക്കുന്നു. മറ്റു ചില മേഖലകളിലേക്ക് അവർക്ക് പ്രവേശനത്തിന് വിലക്കുകളും ഏർപ്പെടുത്തിയിരിക്കുന്നു.

ചോദ്യം: ചില തരത്തിലുള്ള ജോലികൾ അവർക്ക് നിഷേധിച്ചിരിക്കുന്നു എന്നാണോ?

ഡോ. അംബേദ്കർ: തുണിമില്ലുകളിൽ –അതേ.

ചോദ്യം: ഞാൻ കരുതുന്നത് അവർക്ക് നെയ്ത്തുമേഖലകളിലേക്കു പോകാൻ അനുവാദം ഇല്ലെന്ന് നിങ്ങൾ പറഞ്ഞു എന്നാണ്?

ഡോ. അംബേദ്കർ: അതെ.

ചോദ്യം: അവർ ഒരേ തൊഴിലാളി സംഘടനയിൽ അംഗങ്ങളായിത്തീർന്നാൽ, നെയ്ത്തുമേഖലയിലെ തൊഴിലാളികൾ അവർ അവിടേക്ക് പ്രവേശിക്കുന്നതിന് എതിർക്കുമോ?

ഡോ. അംബേദ്കർ: അവർ അവിടെ പ്രവേശിക്കുന്നത് മറ്റുള്ളവർ എതിർക്കും. ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്തകാലത്ത് നടന്ന ബോംബെ സമരത്തിൽ ഈ വിഷയം വളരെ പ്രാധാന്യത്തോടെ ഞാൻ ഉയർത്തിക്കൊണ്ടുവരികയുണ്ടായി. എല്ലാ മേഖലകളിലും പണിയെടുക്കാൻ അധഃകൃതവിഭാഗങ്ങൾക്കുള്ള അവകാശങ്ങളെ അംഗീകരിക്കുന്നില്ലെങ്കിൽ, സമരത്തിൽ പങ്കെടുക്കുന്നതിൽനിന്ന് അധഃകൃതവിഭാഗങ്ങളിൽപെട്ട തൊഴിലാളികളെ വിലക്കുമെന്ന് തൊഴിലാളി സംഘടനയിലെ അംഗങ്ങളോടു ഞാൻ പറഞ്ഞു. വൈമനസ്യത്തോടെയാണെങ്കിലും അക്കാര്യം ആവശ്യങ്ങളിലൊന്നായി ഉൾപ്പെടുത്താമെന്ന് അവർ അംഗീകരിച്ചു. എന്നാൽ, ഇക്കാര്യം മില്ലുടമകളോടു പറഞ്ഞപ്പോൾ, ആ ആവശ്യം അവർ ഉടനടി തിരസ്കരിക്കുകയാണുണ്ടായത്. ഇതൊരനീതിയാണെങ്കിൽ, അവരല്ല അതിനുത്തരവാദിയെന്നും മില്ലുടമകൾ പറയുകയുണ്ടായി.


 



ചോദ്യം: കുറഞ്ഞ കൂലിക്ക് ആൾക്കാരെ ലഭിക്കുന്നതിനും അധഃകൃത വിഭാഗങ്ങൾക്ക് ചില മേഖലകൾ തൊഴിൽദാതാക്കൾ പരിമിതപ്പെടുത്തിയിരിക്കുന്നതും തീർത്തും സാമ്പത്തിക കാരണങ്ങളാൽ മാത്രമല്ലേ?

ഡോ. അംബേദ്കർ: അല്ല. അതിനു കാരണം അസ്പൃശ്യതയാണ്.

ചോദ്യം: ഇത്തരമൊരു സാഹചര്യത്തിനു ഞാനിനിപ്പറയുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിൽ ബാധകമാണോ? കൂടുതൽ വേതനം ലഭിക്കുന്ന ഇന്ത്യക്കാരൻ, അസ്പൃശ്യനായ ഒരുവനെ അയാളുടെ വിഭാഗത്തിലേക്ക് കൊണ്ടുവരുന്നതിനെ തടയുന്നതിനു പിന്നിൽ അവരുടെ തുച്ഛവേതനം ത​ന്റെ വകുപ്പിലേക്കും കടന്നുവരും എന്ന ഭയം കാരണമാണോ?

ഡോ. അംബേദ്കർ: അല്ല. കൂലിയുടെ അടിസ്ഥാനത്തിൽ വിവേചനങ്ങൾ ഇല്ല.

ചോദ്യം: അത്തരമൊരു പ്രശ്നം ഇക്കാര്യത്തിൽ ഒട്ടും തന്നെയില്ല?

ഡോ. അംബേദ്കർ: ഇല്ല. ഒട്ടുംതന്നെയില്ല.

ചോദ്യം: ഇത് തീർത്തും അസ്പൃശ്യതയുടെ മാത്രം പ്രശ്നമാണോ?

ഡോ. അംബേദ്കർ: തീർച്ചയായും.

പ്രമാണം മൂന്ന്:

ചോദ്യം: മിസ്റ്റർ പ്രേംചന്ദ്: അഹ്മദാബാദ് മില്ലുകളിൽ നെയ്ത്തുമേഖലയിൽ അധഃകൃതവിഭാഗങ്ങളിൽനിന്നുള്ളവരെ നിയമിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

ഡോ. അംബേദ്കർ: അക്കാര്യം എനിക്കറിയില്ല.

ചോദ്യം: അത്തരത്തിൽ നിയമിച്ചിട്ടുണ്ടെന്ന് എനിക്ക് പറയാനാവും.

ഡോ. അംബേദ്കർ: അങ്ങനെയാണെങ്കിൽപോലും എനിക്ക് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹമുണ്ട്. ഒരുപക്ഷേ, അവരെ തീർത്തും ഒറ്റതിരിച്ച നിലയിലായിരിക്കും നിയമിച്ചിരിക്കുക. അത്തരമൊരു സാഹചര്യം എനിക്ക് വിഭാവനംചെയ്യാനാവും. അധഃകൃത വിഭാഗങ്ങൾക്കു മാത്രമായി കുറേയധികം നെയ്ത്തുതറികൾ കൊടുത്തിരിക്കുന്നു എന്നത്. ഈയടുത്ത കാലത്തായി ചില മില്ലുകളിൽനിന്ന് ഒരു നിർദേശമുയർന്നതായി അറിഞ്ഞിട്ടുണ്ട്. മൊത്തം നെയ്ത്തുവിഭാഗത്തി​ന്റെ ചുമതലയും അധഃകൃതവിഭാഗങ്ങൾ ഏറ്റെടുക്കണം എന്നതാണത്. മില്ലുടമകൾ അത് അവർക്ക് കൈമാറണമെന്ന നിർദേശമാണ് വന്നിരിക്കുന്നത്. എന്നാൽ, നിങ്ങൾക്ക് അധഃകൃത വിഭാഗങ്ങളെയും മേൽജാതി ഹിന്ദുക്കളെയും ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുകയില്ല.

ചോദ്യം: ചെയർമാൻ: കൂടിക്കലരലാണോ പ്രതിബന്ധമായിത്തീരുന്നത്?

ഡോ. അംബേദ്കർ: അതെ.


 


ഡോ. ബി.ആർ. അംബേദ്കർ

14. ബോംബെയിൽ മാത്രം നിലനിന്നിരുന്ന പുറത്താക്കലി​ന്റെയും വിവേചനത്തിന്റെയും കഥയല്ല ഇത്. ഇന്ത്യയിൽ മറ്റെവിടെയും ഇത്തരത്തിലുള്ള സാഹചര്യംതന്നെയായിരുന്നു ഉണ്ടായിരുന്നത്. 1918ല്‍, റഷ്യൻ വിപ്ലവം നടന്ന് ഒരു കൊല്ലത്തിനുശേഷം, ഇന്ത്യയിൽ ആദ്യത്തെ തൊഴിലാളി സംഘടന രൂപംകൊണ്ടു. ബക്കിങ്ഹാം ആൻഡ് കർണാട്ടിക് മിൽസ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളായിരുന്നു മദ്രാസ് ലേബർ യൂനിയന് രൂപംകൊടുത്തത്. അത്യന്തം ചൂഷണാത്മകമായ സാഹചര്യത്തിലായിരുന്നു അവർ ജോലിചെയ്തിരുന്നത്. 1921ൽ, ബക്കിങ്ഹാം ആൻഡ് കർണാട്ടിക് മിൽസിലെ തൊഴിലാളികൾ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ മദിരാശി സാമ്പത്തികതയെത്തന്നെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സമരത്തിൽ പ്രവേശിച്ചു.

എന്നാൽ, മേൽജാതി-ഹിന്ദു തൊഴിലാളികളുടെ സാമൂഹിക മൂലധനം ഇല്ലായ്കയാലും പട്ടിണിയെ അഭിമുഖീകരിക്കേണ്ടിവന്നതിനാലും ദലിത് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങേണ്ടതായി വന്നു. അവരെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനും ‘കരിങ്കാലി’കളായ വഞ്ചകരെ ആക്രമിക്കാനുമായി മേൽജാതി ഹിന്ദുക്കൾ 1921 ജൂൺ 28ാം തീയതി പുളിയന്തോപ്പിലുള്ള ദലിത് തൊഴിലാളികളുടെ 100 കുടിലുകൾക്ക് തീയിടുകയാണ് ചെയ്തത്. ഈ ആഖ്യാനത്തി​ന്റെ നിയന്ത്രണം ജാതിയിൽ അധിഷ്ഠിതമായിരുന്നു. അത് ദലിത് തൊഴിലാളികളെ സമരംകലക്കികളായി അവതരിപ്പിച്ചു. അവരെ ദുഷ്ടക്കൂട്ടമായി അവതരിപ്പിക്കുകയും അവരുടെ പോരാട്ടവീര്യങ്ങളെ മായ്ച്ചുകളയുകയുംചെയ്തു. തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കായി അവർ നടത്തിയ ത്യാഗപൂർണമായ പ്രവൃത്തികളെ അംഗീകരിക്കാതെ, അവയെ കൊള്ള ചെയ്തു.(15)

15. ചർക്ക തിരിക്കുകയും നെയ്യുകയും വസ്ത്രങ്ങൾ തയാറാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ജാതി നിലനിൽക്കുന്നത്. സ്പർശനവുമായി ബന്ധപ്പെട്ടതാണ് ജാതി. തുപ്പലുമായി ബന്ധപ്പെട്ടതാണ് ജാതി. ഇത്തരത്തിലുള്ള മില്ലുകളുടെ ഉടമകളായ ചൂഷകരായ ബനിയകളുമായി ബന്ധപ്പെട്ടതാണ് ജാതി. ഓരോരുത്തരും എവിടെയാണ് ജോലിചെയ്യേണ്ടത് എന്ന തരത്തിലുള്ള അനുവാദമാണ് ജാതി. കുറ്റകൃത്യത്തി​ന്റെ ഈ രംഗത്തിലേക്ക് മുതലാളിത്തം എത്തുന്നതിനു വളരെ മുമ്പുതന്നെ, ജാതിക്ക് മറ്റു നിയമങ്ങൾ ഉണ്ടായിരുന്നു. എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്നതിനെക്കുറിച്ചും എങ്ങനെയാണ് വസ്ത്രം അലക്കേണ്ടത് എന്നതിനെക്കുറിച്ചുമായിരുന്നു അത്. ജാതിവ്യവസ്ഥയുടെ തീട്ടൂരങ്ങളുടെ പരിധിക്കപ്പുറത്തുള്ള ഒന്നുംതന്നെ നിലനിന്നിരുന്നില്ല.

16. നമ്മുടെ രാജ്യത്ത് അടിക്കടി നടക്കുന്ന ഏറ്റവും ഹീനമായ ജാതി അതിക്രമങ്ങളിൽ ഒന്നാണ് ദലിതരെ നഗ്നരാക്കുക എന്നത്. Scheduled Caste and Scheduled Tribe (Prevention of Atrocities) Act ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പറയുന്ന കാര്യങ്ങൾ ഉദ്ധരിച്ചാൽ, പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉൾപ്പെടുന്ന വ്യക്തിയെ ഒരു മേൽജാതിക്കാരനായ ഹിന്ദു ബലപൂർവം വസ്ത്രങ്ങൾ അഴിപ്പിക്കുകയോ അല്ലെങ്കിൽ നഗ്നരാക്കി നടത്തുകയോ അല്ലെങ്കിൽ മുഖത്തും ശരീരത്തിലും കരിപുരട്ടിയോ മറ്റേതെങ്കിലും ചായംപുരട്ടിയോ നടത്തിക്കുകയോ അല്ലെങ്കിൽ അതുപോലെ മനുഷ്യ​ന്റെ അന്തസ്സിനെ ഹനിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയോ ചെയ്യുന്ന അതിക്രമമാണത്.

നിത്യേനയുള്ള ഒരു ഭയാനക കാഴ്ച എന്ന നിലയിൽ, ഇത്തരം സംഭവങ്ങൾ വാർത്തകളുടെ ശീർഷകങ്ങളായിത്തീരാറുണ്ട്. കാരണം, അതിൽ ആധിപത്യവും ഇരപിടിയന്മാരുടെ ഒളിഞ്ഞുനോട്ടവും സമ്മേളിച്ചിട്ടുണ്ട്. ജാതിയുടെ അനുശാസനങ്ങൾ അംഗീകരിക്കാത്ത ദലിത് പുരുഷന്മാരെയും സ്ത്രീകളെയും നഗ്നരാക്കുകയോ നഗ്നരാക്കി നടത്തിക്കുകയോ ചെയ്യാറുണ്ട്.

17. ചിലപ്പോൾ, വസ്ത്രങ്ങളുമായി ബന്ധപ്പെട്ട തീട്ടൂരങ്ങൾ വസ്ത്രങ്ങളല്ലാത്ത വസ്തുക്കളിലേക്കും വിന്യസിക്കപ്പെടാറുണ്ട് –ഏറ്റവും ചുരുങ്ങിയത് അനുബന്ധ സാമഗ്രികളിലേക്കെങ്കിലും. തമിഴ്നാട്ടിലെ കുറെ ഗ്രാമങ്ങളിൽ മേൽജാതി ഹിന്ദുക്കളുടെ തെരുവുകളിൽ ദലിതർക്ക് പാദുകങ്ങൾ ധരിക്കാൻ, തോളിൽ മുണ്ടിടാൻ, കുട നിവർത്തി നടക്കാൻ, സൈക്കിളോ മോ​േട്ടാർ സൈക്കിളോ ഓടിക്കാൻ അനുവാദമില്ല. ഇത്തരം തെരുവുകളിലൂടെ നടക്കേണ്ടിവരുമ്പോൾ ഒരു ദലിതന് അയാളുടെ ചെരിപ്പൂരി കൈയിൽ പിടിക്കേണ്ടതായി വരുന്നു. അയാളുടെ തോർത്തുമുണ്ടും കുടയും മടക്കി കക്ഷത്തിൽ പിടിക്കേണ്ടിവരുന്നു. അയാൾക്ക് ത​ന്റെ സൈക്കിളിൽനിന്നിറങ്ങി അതുന്തിക്കൊണ്ടു പോകേണ്ടിവരുന്നു. ഇത്തരത്തിൽ, ജാതീയമായ അടിച്ചമർത്തലി​ന്റെ വിഷലിപ്തമായ അഹംബോധത്തെ സന്തുഷ്ടമാക്കുന്നു. സമൂഹത്തിലൂടെ വീശിയടിക്കുന്ന മാറ്റത്തെ അംഗീകരിക്കാൻ അത് തയാറാവുന്നില്ല.

18. കീൾവെണ്മണി ഗ്രാമത്തിലെ പ്രായംചെന്ന ഒരു കർഷകത്തൊഴിലാളി, അയാൾ ഒരു ചുവന്ന ഷർട്ട് ധരിച്ച് സ്കൂളിലേക്ക് പോയതി​ന്റെ ഓർമ പങ്കുവെക്കുകയുണ്ടായി. അന്ന് അദ്ദേഹത്തി​ന്റെ അധ്യാപകൻ “അപായം” എന്നാണ് അദ്ദേഹത്തെ വിളിച്ചത് –ക്ലാസിൽ ഇരിക്കാൻ സമ്മതിക്കാതെ വീട്ടിലേക്ക് തിരിച്ചുവിടുകയുംചെയ്തു. തമിഴ്നാട്ടിൽ, സ്വാഭിമാനം എന്നത് ദ്രാവിഡപ്രസ്ഥാനത്തി​ന്റെ കറുത്ത ഷർട്ടുമായി സംയോജിതമായിരിക്കുന്നു.

എ​ന്റെ കുട്ടിക്കാലത്തെമ്പാടും, എ​ന്റെ പിതാവിൽനിന്നുതന്നെ ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഞാൻ കേട്ടിട്ടുണ്ട്: “എനിക്കൊരു ഷർട്ട് ധരിക്കാൻ സാധിച്ചത് പെരിയാർ കാരണമാണ്.” തുല്യതക്കുള്ള ആഗ്രഹത്തി​ന്റെ ചിഹ്നമായി ഒരു ഷർട്ട് രൂപാന്തരപ്പെട്ടു. അതിൽക്കൂടുതലായി, ഒന്നുമില്ലാത്ത അവസ്ഥയിൽനിന്ന് തനിക്ക് അവകാശപ്പെട്ട ഒരു വസ്തുവിന്മേലുള്ള അവകാശവാദമായി അത് പരിണമിച്ചു.


 



19. പെരിയാർ ഇ.വി. രാമസ്വാമി (1879-1973) എന്റെ പിതാവിനെപ്പോലെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് ഷർട്ട് ധരിക്കാനുള്ള അവകാശം നേടി കൊടുക്കുന്നതിനും സ്കൂളുകളിലേക്കും കോളജുകളിലേക്കും അവർക്ക് പ്രവേശനം നേടുന്നതിനുള്ള അവസരമൊരുക്കുന്നതിനും കാരണമായിട്ടുണ്ടായിരിക്കാം. പക്ഷേ, അതിനേക്കാളെല്ലാമുപരി, അനേകം മുഴം നീളമുള്ള സാരിയുടെ ബുദ്ധിമുട്ടുകളിൽനിന്ന് വിട്ടുനിൽക്കാൻ സ്ത്രീകളോട് ആഹ്വാനംചെയ്തതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുക. അവരോട് ഷർട്ടും ട്രൗസറും ധരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. മുടിമുറിച്ചുകളയാൻ അദ്ദേഹം അവരോട് പറഞ്ഞു. എല്ലാ കാര്യത്തിലും പുരുഷന്മാർക്കൊപ്പമാവാൻ അദ്ദേഹം സ്ത്രീകളോട് ആഹ്വാനംചെയ്തു.

20. ജാതി സമൂഹത്തിനകത്തെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത ഏക ജാതിവിരുദ്ധ നേതാവായിരുന്നില്ല പെരിയാർ. സ്പർശനീയരെയും അസ്പൃശ്യരെയും വേർതിരിച്ചറിയാൻ ജാതിവ്യവസ്ഥ നിയമങ്ങൾ തീർക്കുമ്പോൾ, ആ തരംഗത്തെ മാറ്റിമറിക്കുകയെന്നത് വിപ്ലവകാരികളുടെ ജോലിയാണ്. 1928ൽ മഹഡ് സമ്മേളനത്തിൽ ദലിത് സ്ത്രീകളെ അഭിസംബോധനചെയ്തുകൊണ്ട് ഡോ. അംബേദ്കർ ഇപ്രകാരം പറഞ്ഞു: ‘‘അസ്പൃശ്യർക്ക് തങ്ങളുടെ നെറ്റിയിൽ അവരുടെ അസ്പൃശ്യതാപദവിയെ ഘോഷിക്കുന്ന തരത്തിലുള്ള മുദ്രകൾ ഒന്നുംതന്നെയില്ല. എന്നാൽ, അസ്പൃശ്യരെ കാണുന്ന മാത്രയിൽ തിരിച്ചറിയുന്നത് അവരുടെ ജീവിതരീതികളാലാണ്.

അത് നമ്മൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ, നിങ്ങൾ നിങ്ങളെ അസ്പൃശ്യരാണെന്നു തിരിച്ചറിയുന്നതിനുള്ള എല്ലാ മുദ്രകളും തിരസ്കരിക്കണം. നിങ്ങൾ സാരിയുടുക്കുന്നവിധം അത്തരത്തിൽ ഒന്നാണ്. അത്തരമൊരു തെളിവിനെ നിങ്ങൾ നശിപ്പിച്ചുകളയണം. മേൽജാതിസ്ത്രീകൾ ധരിക്കുന്നതുപോലെ നിങ്ങൾ സാരി ധരിക്കാൻ ശീലിക്കണം. അതുപോലെത്തന്നെ, ഒട്ടനവധി മാലകളും കൈമുട്ടുവരെ നീളുന്ന വെള്ളിയുടെയും പിത്തളയുടെയും വളകളും നിങ്ങളാരാണെന്നു തിരിച്ചറിയുന്നതിനുള്ള മുദ്രയാണ്. (...) വീട്ടിലേക്കു പോകുന്നതിനു മുമ്പ് നിങ്ങൾ സാരിയുടുക്കുന്ന രീതി മാറ്റുക.

21. അവർ അപ്രകാരംതന്നെ ചെയ്തു. ഷൈലജ പൈക്ക് എഴുതുന്നു: “അദ്ദേഹത്തി​ന്റെ മഹഡ് പ്രസംഗം കഴിഞ്ഞതിനു തൊട്ടുപിന്നാലെ ചന്ദ്രസേനീയ കായസ്തപ്രഭു സമുദായാംഗങ്ങളും പുരോഗമന ചിന്താഗതിക്കാരുമായിരുന്ന മേൽജാതി സ്ത്രീകളായിരുന്നു ലക്ഷ്മിഭായി തിപ്‌നിസും ഇന്ദിരാഭായ് ചിത്രയും. അവരുടെ സഹായത്തോടെ അവിടെക്കൂടിയിരുന്ന സ്ത്രീകൾ മേൽജാതി സ്ത്രീകളുടേതുപോലെ തങ്ങളുടെ സാരിയുടുത്തു.

ഞെരിയാണിവരെ കാലുകൾ മൂടുന്ന തരത്തിൽ അവർ സാരിയുടുക്കാൻ ശീലിച്ചു.”(17) ആരെല്ലാം എന്തെല്ലാം ധരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരു മർദകവ്യവസ്ഥക്കു കീഴിൽ, വസ്ത്രം സ്വയം ഒരു കലാപമായിത്തീരും; അതുപോലെ അത് കൊടിയടയാളവുമായിത്തീരും. ഡോ. അംബേദ്കർ വസ്ത്രങ്ങൾക്കുമേൽ പിന്നെയും സ്പർശിക്കുകയുണ്ടായി. 1956 ഒക്ടോബർ 14ാം തീയതി അദ്ദേഹം ദലിത് സ്ത്രീകളോട് വെള്ളവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. അന്നാണ് അദ്ദേഹവും ഏതാണ്ട് അരലക്ഷത്തോളം അനുയായികളും ബുദ്ധമതം സ്വീകരിച്ചത്. ഭീഷണമായ ജാതിവ്യവസ്ഥക്കു കീഴിൽ അസ്പൃശ്യരായി മരിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു അദ്ദേഹം അപ്രകാരംചെയ്തത്.

22. വസ്ത്രങ്ങളുമായി ബന്ധപ്പെട്ട ജാതിയുമായുള്ള സംഘർഷത്തിൽ എല്ലായ്‌പോഴും പുരുഷ പരിഷ്കർത്താക്കൾക്ക് –എപ്പോഴും പുരുഷന്മാർക്ക്– നായകത്വം ഏറ്റെടുക്കേണ്ടി വരാറില്ല. ദലിതരെ വിവസ്ത്രരാക്കുന്നത് ശിക്ഷാരീതിയാക്കിയിരിക്കുന്ന ഒരു സമൂഹത്തിൽ, വസ്ത്രം പ്രതിരോധത്തി​ന്റെ ഒരു രൂപവുമായിത്തീരുന്നു.

19ാം നൂറ്റാണ്ടിൽ, തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ കള്ളുചെത്തു തൊഴിലാക്കിയ ജാതിയായ ചാന്നാർ ജാതിയിൽപെട്ട സ്ത്രീകൾ, വിജയകരമായ ഒരു കലാപം നടത്തുകയുണ്ടായി. ചാന്നാർ സ്ത്രീകൾക്ക് മേൽജാതി സ്ത്രീകളുടേതുപോലെ ജാക്കറ്റുകളോ ബ്ലൗസുകളോ ധരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ചരിത്രത്തി​ന്റെ വിവിധ ധാരകളിൽനിന്നുള്ള സംയോജനത്തി​ന്റെ ബിന്ദുവിലാണ് ഫലവത്തായ സമരം അരങ്ങേറിയത് –അതിൽ പള്ളിയും മതസ്വീകരണവും ബ്രിട്ടീഷ് അധിനിവേശ ആധിപത്യവും പങ്കാളികളായിരുന്നു.(18)

23. ഓർക്കുക. ഓർക്കുക, ചരിത്രത്തിൽനിന്ന് ഉദാഹരണങ്ങൾ ഇനിയുമേറെ ഞാൻ നിരത്തിയാലും, ഇതെല്ലാം ഇപ്പോൾ ഇവിടെയുള്ള ഇന്നത്തെ കഥകൾതന്നെയാണ്.


 



24. 2012ൽ ധർമപുരിയിൽ ദലിത് പുരുഷനായ ഇളവരശനും വണ്ണിയാർ സ്ത്രീയായ ദിവ്യയും മിശ്രവിവാഹം നടത്തിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി മൂന്ന് ഗ്രാമങ്ങളിലായി ദലിതരുടെ 300 വീടുകളാണ് കത്തിച്ചുകളഞ്ഞത്. ദലിത് വിരുദ്ധ അതിക്രമങ്ങൾക്ക് ചരിത്രത്തിൽ ഇടംപിടിച്ച വണ്ണിയാർ പാർട്ടിയായ പട്ടാളിമക്കൾ കട്ചിയുടെ തലവൻ പറഞ്ഞത് ഇങ്ങനെയാണ്: “ദലിത് യുവാക്കൾ ജീൻസും ടീഷർട്ടുകളും സൺഗ്ലാസുകളും ധരിച്ച് ഞങ്ങളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയാണ്…”(19) വസ്ത്രധാരണ രീതികളിലെ പുതുമയോടുള്ള ആഗ്രഹം ജാത്യധിഷ്ഠിതമായ പൈശാചികവത്കരണത്തിനും ആഭിചാരവേട്ടക്കും കാരണമാക്കിത്തീർക്കുന്നു. ഇന്ന് നിങ്ങൾ ടീഷർട്ടിലേക്കും നിങ്ങളുടെ ജീൻസിലേക്കും കയറിക്കൂടുമ്പോൾ, ഇത്തരം കാര്യങ്ങൾ ഒന്ന് ആലോചിക്കൂ.

മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ

============

സൂചിക/ കുറിപ്പുകൾ:

(14) Dr. Ambedkar, ‘Evidence Before the Simon Commission’, retrieved from: https://archive.org/stream/Ambedkar_CompleteWorks/14D.% 20Dr.%20Ambedkar%20with%20the%20Simon%20Commission% 20D_djvu.txt, accessed on 1 August 2017

(15) മദ്രാസിലെ ആദ്യകാല തൊഴിലാളി സംഘടനകളുടെ ആഴമുള്ളതും അർഥവത്തുമായ വിവരണങ്ങൾക്കും ജാതിയും അസ്പൃശ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നതിനും അക്കാലത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പാർട്ടികളുടെയും പങ്കാളിത്തം എന്തെന്ന് മനസ്സിലാക്കുന്നതിനും വായിക്കാവുന്ന പുസ്തകമാണ് D.Veeraraghavan’s book The Making of the Madras Working Class (Leftword, 2013).

(16) Dr. Ambedkar writing in the Bahishkrut Bharat, 3 February 1928, quoted in Shailaja Paik, Dalit Women’s Education in Modern India: Double Discrimination, Routledge Research on Gender in Asia Series, 2014.

(17) Paik, ibid.

(18) ഈ കലാപവുമായി (മാറുമറയ്ക്കൽ സമരം) ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് Eliza Kent, Converting Women: Gender and Protestant Christianity in Colonial South India, Oxford University Press, 2004; Robert Hardgrave, The Nadars of Tamilnad: The Political Culture of a Community in Change, University of California Press, 1969. More particularly, the chapter ‘Cloth, Clothes and Colonialism’ in Bernard S. Cohn’s book Colonialism and its Forms of Knowledge: The British in India (Princeton University Press, 1996).

(19) ‘Ramadoss consolidates intermediate caste groups against Dalits’: Report in The Hindu, B. Kolappan, Chennai, 2 December 2012. Accessed from: http://www.thehindu.com/news/national/tamil-nadu/ Ramadoss-consolidates-intermediate-caste-groups-against-Dalits/article 12432099.ece


Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-11 02:30 GMT
access_time 2024-11-04 05:30 GMT