അധിവാഴ്ത്തുകളെ അപനിർമിക്കുന്നു

പാഠപുസ്തകങ്ങളിൽ ഇടതടവില്ലാതെ ഉൾപ്പെടുത്തുക വഴി എല്ലാ വിഭാഗം മനുഷ്യരിലേക്കും ചെന്നെത്തിയ പ്രസംഗചരിതമാണ് വിവേകാനന്ദ​ന്റെ ഷികാഗോ പ്രസംഗം. അധ്യാപകരുടെ ക്ലാസ്റൂം വ്യാഖ്യാനങ്ങളിലൂടെയാണത് ഏറെയും പ്രചാരം നേടിയത്. അനർഹമായി മഹത്ത്വവത്കരിച്ച തുടർവ്യാഖ്യാനങ്ങളിലൂടെ ഈ പ്രസംഗപർവം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ഷികാഗോ അഡ്രസ് എന്ന തലക്കെട്ടിൽ ഈ പ്രസംഗവാക്യങ്ങൾ പ്രീഡിഗ്രി ക്ലാസിൽ പഠിച്ചതും ഓർക്കുന്നു. ഈയൊരൊറ്റ പ്രസംഗംകൊണ്ട് അന്താരാഷ്ട്രമായ ആത്മീയ പ്രബോധനങ്ങളുടെയെല്ലാം കൊടുമുടിയിൽ ഹിന്ദുമതത്തിന്റെയും ഇന്ത്യയുടെയും മഹത്ത്വം സ്ഥാപിച്ചു എന്ന തരത്തിലാണ് പ്രസംഗഗാഥയുടെ...

പാഠപുസ്തകങ്ങളിൽ ഇടതടവില്ലാതെ ഉൾപ്പെടുത്തുക വഴി എല്ലാ വിഭാഗം മനുഷ്യരിലേക്കും ചെന്നെത്തിയ പ്രസംഗചരിതമാണ് വിവേകാനന്ദ​ന്റെ ഷികാഗോ പ്രസംഗം. അധ്യാപകരുടെ ക്ലാസ്റൂം വ്യാഖ്യാനങ്ങളിലൂടെയാണത് ഏറെയും പ്രചാരം നേടിയത്. അനർഹമായി മഹത്ത്വവത്കരിച്ച തുടർവ്യാഖ്യാനങ്ങളിലൂടെ ഈ പ്രസംഗപർവം സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ഷികാഗോ അഡ്രസ് എന്ന തലക്കെട്ടിൽ ഈ പ്രസംഗവാക്യങ്ങൾ പ്രീഡിഗ്രി ക്ലാസിൽ പഠിച്ചതും ഓർക്കുന്നു.

ഈയൊരൊറ്റ പ്രസംഗംകൊണ്ട് അന്താരാഷ്ട്രമായ ആത്മീയ പ്രബോധനങ്ങളുടെയെല്ലാം കൊടുമുടിയിൽ ഹിന്ദുമതത്തിന്റെയും ഇന്ത്യയുടെയും മഹത്ത്വം സ്ഥാപിച്ചു എന്ന തരത്തിലാണ് പ്രസംഗഗാഥയുടെ വ്യാഖ്യാനങ്ങൾ നിലവിലുള്ളത്. ‘‘അമേരിക്കയിലെ സഹോദരി സഹോദരന്മാരേ’’ എന്ന അഭിസംബോധനയൊന്നുകൊണ്ടുപോലും ലോകമാകെ ‘‘ഭയഭക്തിബഹുമാനത്തോടെ’’ തപ്തനിശ്വാസമിട്ടു ഇത്യാദി വാഴ്ത്തുപാട്ടുകളും അനുബന്ധമായി നിലവിലുണ്ട്.

ഇന്ത്യക്ക് വെളിയിലുള്ള ആളുകളെ സഹോദരങ്ങൾ എന്ന് അഭിസംബോധന ചെയ്തത് മഹത്ത്വമായി പ്രഘോഷണം നടത്തുമ്പോൾ അക്കാലത്ത് ഇന്ത്യയിലെ ജനങ്ങൾ തമ്മിൽ അത്തരമൊരു അഭിസംബോധനയോ സഹജീവിതമോ ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസംഗം വായിക്കുന്ന ഏതൊരാളിലും തൽക്ഷണം ഉയർന്നിട്ടുണ്ട് എന്നതാണ് സത്യം. അനേകരിൽ ഊറിക്കൂടിയ പ്രസ്തുത ചോദ്യത്തിന് കൃത്യമായ വിശകലനമാകാൻ ജെ. രഘുവിന്റെ ‘സ്വാമി വിവേകാനന്ദനും ഹിന്ദുത്വ ഫാഷിസവും’ എന്ന ലേഖനത്തിന് കഴിഞ്ഞിരിക്കുന്നു [ലക്കം: 1392].

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സതിയനുഷ്ഠാനംപോലുള്ള നരഹത്യയുമൊക്കെ മതാനുഷ്ഠാനത്തിന്റെ അടയാളമായി നിലനിന്നിരുന്ന കാലത്താണ് ഷികാഗോയിൽ സ്വാമി വിവേകാനന്ദൻ പ്രസംഗിക്കുന്നത് എന്നതും ഓർക്കേണ്ടതുണ്ട്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതി​ന്റെ 400ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച താരതമ്യേന അപ്രധാനമായ ഒരു പരിപാടിയായിരുന്നു ലോകമത സമ്മേളനം. അതിൽ വിവേകാനന്ദൻ ഔദ്യോഗിക ക്ഷണിതാവുപോലും ആയിരുന്നില്ല.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച ഭൗതിക പുരോഗതി ഉണ്ടാക്കിയതിനാൽ ആത്മീയത ക്ഷയിച്ചു എന്ന് വാദിച്ച ഒരു വിഭാഗം വിവേകാനന്ദനെ ആ സമ്മേളനത്തിലേക്ക് ഒളിച്ചുകടത്തുകയായിരുന്നു എന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്. സമ്മേളനത്തിലേക്ക് ഇന്ത്യയിൽനിന്നും ക്ഷണിക്കപ്പെട്ടത് ബ്രഹ്മസമാജത്തിന്റെ പ്രതിനിധിയും ബ്രാഹ്മണനുമായ പ്രഫുല്ല ചന്ദ്ര മജുംദാർ ആയിരുന്നു.

മജുംദാർ സ്വാമി വിവേകാനന്ദനെപ്പോലെ ഇന്ത്യയിലെ ആത്മീയത കേന്ദ്രമായ സാമൂഹിക തിന്മകളെ ഒളിച്ചുവെച്ചില്ല. ബംഗാളിലെ സവർണർക്കിടയിൽ വ്യാപകമായിരുന്ന ശൈശവ വിവാഹം, വിധവാവിവാഹ വിലക്ക്, സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കൽ, സതി തുടങ്ങിയ അനാചാരങ്ങൾ വിവരിച്ച പ്രഫുല്ല ചന്ദ്ര മജുംദാറും അവ പരിഷ്കരിക്കുന്നതിന് വിദേശികളുടെ ഇടപെടൽ സ്വാഗതംചെയ്തു. അതുകൊണ്ടുതന്നെ ഹിന്ദു നവോത്ഥാനമായിരുന്നില്ല, മറിച്ച് സാമൂഹിക നവോത്ഥാനമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടതെന്ന് മനസ്സിലാക്കാം.

ജാതിയും അനാചാരവുമൊക്കെ മജുംദാർ അവതരിപ്പിച്ചതിനെ സ്വാമി വിവേകാനന്ദൻ എതിർത്തു. ഇക്കാര്യം പിൽക്കാലത്ത് ചോദ്യംചെയ്തപ്പോൾ ‘‘കുടുംബത്തിനകത്ത് കുറ്റങ്ങളും കുറവുകളും ഉണ്ടാകും പക്ഷേ അത് അന്യരുടെ മുന്നിൽ എടുത്തു പ്രദർശിപ്പിച്ചാൽ കുടുംബത്തി​ന്റെ അന്തസ്സ് കെട്ടുപോകും’’ എന്ന തരത്തിലെ ലളിതവത്കരിച്ച യുക്തിയാണ് അവതരിപ്പിച്ചത് എന്ന കാര്യം ലേഖനത്തിൽ ശ്രദ്ധേയമാണ്. ജാതിയെ, അതി​ന്റെ തിന്മകളെ ഹിന്ദുമതത്തിന്റെ ആഭ്യന്തര പ്രശ്നം മാത്രമായി ചർച്ച ചെയ്യാൻ ദേശീയ പ്രസ്ഥാനംപോലും ശ്രമിച്ചതും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ കാണാനാകും. ഇതൊരു പൊതു ബോധമായി ഇന്നും നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം.

പശുക്കൾക്കും ബ്രാഹ്മണർക്കും സേവചെയ്യുന്ന ലോകർക്ക് (ആളുകൾക്ക്) സുഖം ഭവിക്കട്ടെ എന്ന ഭാഗത്തെ ‘‘ലോകം മുഴുവൻ സുഖം ഭവിക്കട്ടെ’’ എന്ന പ്രഖ്യാപനമാണെന്ന് സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് പ്രചരിപ്പിച്ച ‘നിർമാണവേല’ ഷികാഗോ പ്രസംഗത്തിന്റെ കാര്യത്തിലും നടന്നിട്ടുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നതാണ് ജെ. രഘുവി​ന്റെ ലേഖനം. മുഖ്യധാരയെ ‘മുഖ്യമാക്കുന്ന’ വിധം നിർമിതമായ ഒരു അവബോധം ഭാവനാ നിർമിതമാണെങ്കിൽ കൂടിയും അതിനെ ചരിത്ര സത്യമാക്കാനുള്ള ഇടപെടലുകൾ നാം ഉടനീളം കണ്ടിട്ടുണ്ട്. അതിന്റെ സൂക്ഷ്മപരിശോധനകളെയും നിരസിക്കാൻ ഈ അധിവാഴ്ത്തുകൾക്ക് ശേഷിയുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. അത്തരം അധിവാഴ്ത്തുകളെ അപനിർമിക്കുന്നതാണ് ജെ. രഘുവിന്റെ ഈ ലേഖനം. അദ്ദേഹത്തി​ന്റെ എഴുത്തിടപെടലുകളുടെ നവരാഷ്ട്രീയത്തെ ബഹുമാനിക്കുന്നു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT