സുപ്രീംകോടതിയിലെ ദേവപ്രശ്നങ്ങൾ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്​ഥാനം ഒഴിഞ്ഞു. എന്താണ്​ അദ്ദേഹം ജുഡീഷ്യറിക്ക്​ നൽകിയ സംഭാവന? എന്താണ്​ ജുഡീഷ്യറിയുടെ ഇപ്പോഴത്തെ അവസ്​ഥ? കോടതികളിൽ എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​? സ്വ​ത​ന്ത്ര ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നുമായ ലേഖക​ന്റെ വിശകലനവും വിമർശനവും.“സുപ്രീംകോടതി ചീഫ് ജസ്റ്റിസായുള്ള എന്റെ കാലയളവിനെ ചരിത്രം എങ്ങനെയാവും, വിലയിരുത്തുക? ഭാവി തലമുറയിലെ ന്യായാധിപർക്കും അഭിഭാഷകർക്കുമായി എന്ത് പൈതൃകമാണതു ബാക്കി​െവക്കുക?” ഭൂട്ടാനിൽ ഒരു കോൺവെക്കേഷൻ ചടങ്ങിൽ പങ്കെടുക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്റെ ഉള്ളിലെ ആശങ്കകൾ പങ്കുവെക്കുകയാണ്. നിശ്ചയമായും...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്​ഥാനം ഒഴിഞ്ഞു. എന്താണ്​ അദ്ദേഹം ജുഡീഷ്യറിക്ക്​ നൽകിയ സംഭാവന? എന്താണ്​ ജുഡീഷ്യറിയുടെ ഇപ്പോഴത്തെ അവസ്​ഥ? കോടതികളിൽ എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​? സ്വ​ത​ന്ത്ര ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നുമായ ലേഖക​ന്റെ വിശകലനവും വിമർശനവും.

“സുപ്രീംകോടതി ചീഫ് ജസ്റ്റിസായുള്ള എന്റെ കാലയളവിനെ ചരിത്രം എങ്ങനെയാവും, വിലയിരുത്തുക? ഭാവി തലമുറയിലെ ന്യായാധിപർക്കും അഭിഭാഷകർക്കുമായി എന്ത് പൈതൃകമാണതു ബാക്കി​െവക്കുക?” ഭൂട്ടാനിൽ ഒരു കോൺവെക്കേഷൻ ചടങ്ങിൽ പങ്കെടുക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്റെ ഉള്ളിലെ ആശങ്കകൾ പങ്കുവെക്കുകയാണ്. നിശ്ചയമായും ആശങ്കപ്പെടേണ്ട ലഗസിയാണ് തന്റേതെന്ന ഭയം അദ്ദേഹത്തിനുണ്ട്. മാധ്യമങ്ങളിൽ, സുപ്രീംകോടതി മന്ദിരത്തിൽ, പ്രഭാഷണ വേദികളിൽ, ഒക്കെ തന്റെ പേര് നിറഞ്ഞുനിൽക്കണമെന്ന് ഇത്രയേറെ ആഗ്രഹിച്ച മറ്റൊരു ചീഫ് ജസ്റ്റിസിന്റെ ചിത്രം മനസ്സിലേക്കെത്തുന്നില്ല. കാലാകാലങ്ങളായി തുടർന്നുപോരുന്ന സുപ്രീംകോടതിയുടെ ചിഹ്നവും നീതിദേവതയുടെ രൂപവും വരെ പരിഷ്കരിച്ചു. എന്നിട്ടും താൻ ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ച കഴിഞ്ഞ രണ്ടു വർഷങ്ങളെ ചരിത്രത്തിൽ വർണാഭമായി അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.

ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുമ്പോൾ പ്രതീക്ഷ വാനോളമുണ്ടായിരുന്നു. പ്രത്യേകിച്ചും ജസ്റ്റിസ് ജെ.എസ്. ഖേഹർ, ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ബോബ്ഡേ, ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് യു.യു. ലളിത് എന്നിവരുടെ, നിരാശമാത്രം നൽകിയ കാലഘട്ടത്തിനുശേഷം. സ്വകാര്യത, പൗരാവകാശം, സ്ത്രീകളുടെ അവകാശം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രശസ്തമായ വിധികൾ എഴുതിയിട്ടുള്ള വിശ്രുതനായൊരു നിയമപണ്ഡിതൻ സുപ്രീംകോടതിയുടെ അമരത്തെത്തുന്നത് നീതിന്യായ വ്യവസ്ഥിതിക്ക് പുതിയൊരു ഊർജം പകരുമെന്ന് എല്ലാവരും കരുതി.

നിയമവിചക്ഷണരും, അഭിഭാഷകരും, പൗരാവകാശ പ്രവർത്തകരും, അദ്ദേഹം സുപ്രീംകോടതിയിൽ അനിവാര്യമായിരുന്ന മാറ്റം കൊണ്ടുവരുമെന്നും ഭരണഘടനാ ധാർമികത സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊള്ളുമെന്നും പ്രതീക്ഷിച്ചു. ദൗർഭാഗ്യവശാൽ, കഴിഞ്ഞ രണ്ടുവർഷങ്ങൾ നഷ്ടങ്ങളുടേതു മാത്രമായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പല നിലപാടുകളും ചോദ്യംചെയ്യപ്പെട്ടു. വിധിന്യായങ്ങളിൽ പലതും നിരാശാജനകമായിരുന്നു.

ഗണേശചതുർഥിക്ക് പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെത്തി, പൂജ നടത്തുന്നതിന്റെ തത്സമയ ടെലിവിഷൻ സംപ്രേഷണം വരെ കാര്യങ്ങൾ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ സത്യനിഷ്ഠയിൽപോലും നിഴൽവീണു. ഒടുവിൽ അയോധ്യ വിധി തനിക്ക് ഉപദേശിച്ചത് ദൈവമാണെന്ന പ്രസ്താവനയോടു കൂടി വീഴ്ച സമ്പൂർണമായി. ദുഷ്യന്ത് ദവയെ പോലെയുള്ള മുതിർന്ന അഭിഭാഷകർ, “അദ്ദേഹത്തിന്റേത്, നമ്മൾ മറന്നുകളയേണ്ട കാലഘട്ടമാണ്” എന്ന് പറയുകയുണ്ടായി. അതുകൊണ്ടുതന്നെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടം വിമർശനാത്മക വിശകലനത്തിന് വിധേയമാകേണ്ടതാണ്.

ഭരണപരമായ കാര്യങ്ങൾ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കോടതിയുടെ ഭരണത്തലവൻകൂടിയാണ്. അദ്ദേഹത്തിന്റെ ഭരണപരമായ തീരുമാനങ്ങൾക്കും നൈപുണ്യത്തിനും നീതിന്യായ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിൽ വലിയ പങ്കുണ്ട്. സ്ഥാനം ഏറ്റെടുത്തതിനുശേഷം സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിന്, സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിന്, എന്തെന്തു തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊണ്ടത്, അതിനെന്തു ഫലമാണ് ഉണ്ടായത് എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്.

കോടതികളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം, തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണമാണ്. 2022ൽ അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ 4.5 കോടി കേസുകൾ രാജ്യത്ത് തീർപ്പാകാതെ അവശേഷിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ അത് 5.1 കോടിയായി വർധിച്ചു. അതിൽ ഒരു ലക്ഷത്തി എൺപതിനായിരം കേസുകൾ 30 വർഷത്തിലേറെ പഴക്കമുള്ളവയാണ്. സുപ്രീംകോടതിയിലാകട്ടെ 2022ൽനിന്ന് 2024ലേക്കെത്തുമ്പോൾ തീർപ്പാകാത്ത കേസുകൾ 69,647ൽ നിന്ന് 82,987ലേക്കെത്തി.

 

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ജഡ്ജിമാരുടെ നിയമനം

ജഡ്ജിമാരുടെ നിയമനത്തിൽപോലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. രാജ്യത്തെ വിവിധ ഹൈകോടതികളിലായി നാനൂറോളം ഒഴിവുകൾ ഉണ്ടെന്നിരിക്കെ, ഈ വർഷം കേവലം 34 നിയമനങ്ങളാണ് നടന്നത്. കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറ്റവും കുറഞ്ഞ കൊളീജിയം നാമനിർദേശങ്ങളുണ്ടായതും ഈ കാലത്താണ്. ആവശ്യമായ നിയമനങ്ങൾ നടക്കാത്തതിന്, മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ, പൊതുവേദിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കരഞ്ഞ സംഭവം നമുക്കോർക്കാം. അത്രമേൽ ഗുരുതരമാണ് പ്രശ്നങ്ങൾ, അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് കോടതികളെ സമീപിക്കുന്ന സാധാരണ മനുഷ്യരാണ്. ഇത് പരിഹരിക്കാൻ പ്രത്യക്ഷത്തിൽ അദ്ദേഹം യാതൊന്നും ചെയ്തില്ല.

മാത്രവുമല്ല, സുപ്രീം കോടതിയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ ​െബഞ്ച്, ഈ വിഷയം ഗൗരവമായി പരിഗണിക്കുകയും യൂനിയൻ ഗവൺമെന്റിനോട് കണിശമായ ചോദ്യങ്ങളുന്നയിക്കുകയും ചെയ്തപ്പോൾ, മാസ്റ്റർ ഓഫ് ദി റോസ്റ്റർ എന്ന നിലക്കുള്ള അധികാരങ്ങളുപയോഗിച്ച് കേസ് അദ്ദേഹത്തിന്റെ ബെഞ്ചിൽനിന്നും പിൻവലിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. ഈ നടപടി കോടതിയലക്ഷ്യമാണെന്ന അഭിപ്രായവുമുണ്ട്. ‘മാസ്റ്റർ ഓഫ് ദ റോസ്റ്റർ’ എന്നത് ഭരണഘടനാപരമായ അധികാരമൊന്നുമല്ല.

ഭരണപരമായ അധികാരം മാത്രമാണ്. ജുഡീഷ്യൽ അധികാരവുമല്ല. സുപ്രീംകോടതിയിൽ എത്തുന്ന കേസുകൾ അനുയോജ്യമായ ബെഞ്ചിന് കൈമാറുന്നതിനുള്ള അധികാരം. എന്നാൽ, നിലവിൽ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന കോടതിയിൽനിന്ന് അത് മാറ്റുവാൻ ഒരു അധികാരവും ചീഫ് ജസ്റ്റിസിനില്ല. നീതിന്യായപരമായി മറ്റു ജഡ്ജിമാർക്കു മുകളിലല്ല ചീഫ് ജസ്റ്റിസ്. എന്നിട്ടും എന്തുകൊണ്ട് ഇത് ചെയ്തു എന്നതിന് ഉത്തരം പറയേണ്ടത് അദ്ദേഹം തന്നെയാണ്. ജസ്റ്റിസ് കൗൾ വിരമിച്ചതിനുശേഷം ആ കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുമില്ല എന്നോർക്കണം.

 

ജസ്റ്റിസ്‍ വി.ആർ. കൃഷ്ണയ്യർ,ജസ്റ്റിസ്‍ സഞ്ജയ് കൗൾ

കൊളീജിയം

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്തെ കൊളീജിയവും വിമർശന വിധേയമാകേണ്ടതുണ്ട്. മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം, കൊളീജിയത്തിന്റെ പ്രവർത്തനത്തിൽ വലിയ സുതാര്യത കൊണ്ടുവന്നുവെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ, വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന കൊളീജിയം പ്രമേയങ്ങളിൽ, ജഡ്ജിമാരുടെ പ്രധാനപ്പെട്ട വിധികളെ സംബന്ധിച്ചോ അവരുടെ ജുഡീഷ്യൽ ദർശനത്തെ സംബന്ധിച്ചോ, അവർക്കെതിരെയുള്ള പരാതികളും അന്വേഷണങ്ങളും സംബന്ധിച്ചോ, യാതൊരു വിശദാംശങ്ങളും ഉണ്ടാവാറില്ല. “സീനിയോറിറ്റിയും മെറിറ്റും പാണ്ഡിത്യവും പരിശോധിച്ചു” എന്നതുപോലെയുള്ള പൊതുവാചകങ്ങൾ മാത്രമാണ് പ്രമേയത്തിൽ ഉൾപ്പെട്ടിട്ടുണ്ടാവുക.

ഇതിൽനിന്നും, പൊതുജനം എന്തു മനസ്സിലാക്കാനാണ്? ജസ്റ്റിസ് മുരളീധറിന്റെ കാര്യത്തിലൊക്കെ സംഭവിച്ചത് ഇതാണ്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ധീരനും, ആർക്കും സംശയിക്കാനാകാത്ത സ്വഭാവ ശുദ്ധിക്കും സത്യസന്ധതക്കും ആർജവത്തിനും ഉടമയുമായ, ജസ്റ്റിസ് മുരളീധർ സുപ്രീംകോടതിയിലേക്ക് പരിഗണിക്കപ്പെട്ടില്ലെന്നത് നമ്മുടെ നിയമ വൈജ്ഞാനിക രംഗത്തിന് വലിയ നഷ്ടമാണ്. 2024 ആഗസ്റ്റ് ഏഴിന് അദ്ദേഹം ഒറീസ ഹൈകോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു. സുപ്രീംകോടതിയിൽ എത്തിയിരുന്നുവെങ്കിൽ 2026 വരെ അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ലഭിക്കുമായിരുന്നു. പ്രമുഖ നിയമജ്ഞൻ ഫാലി എസ്. നരിമാൻ, മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകുർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവർ ‘ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ഒരു ലേഖനത്തിലൂടെ സുപ്രീംകോടതി കൊളീജിയത്തോട് ‘‘എന്തുകൊണ്ടാണ് ജസ്റ്റിസ് എസ്. മുരളീധർ സുപ്രീംകോടതിയിൽ എത്താതെ പോയത്?” എന്ന ചോദ്യം ഉന്നയിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസിലും ഡൽഹി കലാപ കേസിലുമെല്ലാം ന്യായത്തിന്റെ പക്ഷത്തുനിന്ന് കൃത്യമായ ഇടപെടലുകൾ നടത്തിയ ജസ്റ്റിസ് മുരളീധർ ഭരണപക്ഷത്തിന്റെ കണ്ണിലെ കരടാണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ പേര് നിർദേശിക്കാൻപോലും കൊളീജിയം തയാറായില്ല. ഈയിടെ വിരമിച്ച ഒരു സുപ്രീംകോടതി ജഡ്ജി, താൻകൂടി ഭാഗമായിരുന്ന മീറ്റിങ്ങിൽ ഈ പേര് ഉയർന്നുവന്നപ്പോൾ, “അത് ഗവൺമെന്റ് അംഗീകരിക്കില്ല” എന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞുവെന്ന് തന്നോട് വെളിപ്പെടുത്തിയെന്ന്, സൗരവ് ദാസ് ‘കാരവനി’ൽ എഴുതിയിരുന്നു. കൊളീജിയം ശിപാർശ ചെയ്ത ജഡ്ജിമാരുടെ നിയമനം എത്രയും പെട്ടെന്ന് നടത്തുന്നതിനുവേണ്ടി ആവശ്യമായ ഇടപെടലുകൾ നടത്തിയില്ലെന്ന വിമർശനവും വ്യാപകമാണ്.

മറ്റൊന്ന്, ലിംഗ സമത്വത്തെക്കുറിച്ച് വാചാലനാകുന്ന ചീഫ് ജസ്റ്റിസിന് കീഴിൽ നിയമിക്കപ്പെട്ട സുപ്രീംകോടതി ജഡ്ജിമാരിൽ, ഒരു സ്ത്രീപോലും ഇല്ലെന്നതാണ്. അതുപോലെതന്നെ സ്ത്രീകളെ സംബന്ധിച്ച സുപ്രധാനമായ കേസുകൾ യഥാസമയം പരിഗണിച്ച് തീർപ്പുകൽപ്പിക്കാനും തയാറായിട്ടില്ല. കർണാടകയിലെ ഹിജാബ് നിരോധനം സംബന്ധിച്ച കേസ് കേൾക്കേണ്ട മൂന്നംഗ ബെഞ്ച് ഇതുവരെ രൂപവത്കരിച്ചിട്ടില്ല. മുത്തലാഖിനെ ക്രിമിനൽവത്കരിച്ച നിയമനിർമാണത്തെ ചോദ്യംചെയ്യുന്ന ഹരജി, വൈവാഹിക ജീവിതം പുനഃസ്ഥാപിക്കുന്നതിനുള്ള പുരുഷന്മാരുടെ അവകാശം, വിവാഹ ജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച കേസ്, തുടങ്ങി ലിംഗസമത്വവുമായി ബന്ധപ്പെട്ട പല നിയമപ്രശ്നങ്ങളും ലിസ്റ്റ് ചെയ്യുവാനോ വാദം കേൾക്കുവാനോ കഴിഞ്ഞില്ല.

 

ജസ്റ്റിസ്‍ ഫാലി എസ്. നരിമാൻ,ജസ്റ്റിസ്‍ മദൻ ബി. ലോകുർ

മാസ്റ്റർ ഓഫ് ദ റോസ്റ്റർ

ഇന്ത്യയിലെ ഭരണഘടനാ കോടതികൾ ചീഫ് ജസ്റ്റിസ് കേന്ദ്രീകൃതമായ സ്ഥാപനങ്ങളാണ്. ന്യായാധിപരിൽ വലുപ്പച്ചെറുപ്പമില്ലെങ്കിലും, കേസുകൾ ആരുടെ മുന്നിൽ വരണമെന്ന് തീരുമാനിക്കാനുള്ള ഭരണപരമായ അധികാരം ചീഫ് ജസ്റ്റിസിനുണ്ട്. ഇതിനെയാണ് മാസ്റ്റർ ഓഫ് ദ റോസ്റ്റർ എന്ന് പറയുന്നത്. ഈ അധികാരം ഭരണകക്ഷിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായാണ് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ 2018ൽ വാർത്തസമ്മേളനം നടത്തിയത്. അതിനുശേഷം വർഷങ്ങൾ ഏറെ പിന്നിട്ടെങ്കിലും അവരുന്നയിച്ച വിഷയത്തിൽ പരിഹാരം ഒന്നുമുണ്ടായിട്ടില്ല.

അന്ന് വാർത്താസമ്മേളനത്തിന്റെ ഭാഗമായിരുന്ന ജഡ്ജിമാരിൽ ഒരാൾ, ജസ്റ്റിസ് ഗൊഗോയി, പിന്നീട് ചീഫ് ജസ്റ്റിസായിട്ടും, ആ അധികാരം കൂടുതൽ കേന്ദ്രീകൃതമായി തന്നിലേക്ക് ചേർത്തുപിടിക്കാനാണ് ശ്രമിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കേസുകൾ ലിസ്റ്റ് ചെയ്യുന്നതു സോഫ്റ്റ്‌വെയർ വഴിയാക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും, ലിസ്റ്റിങ് പരിശോധിച്ചാൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമല്ലെന്നു കാണാം.

ഭരിക്കുന്ന കക്ഷിക്ക് പ്രത്യേക താൽപര്യമുള്ള കേസുകൾ പ്രത്യേക ​െബഞ്ചുകളിലേക്ക് പോകുന്ന രീതി തുടർന്നു. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന കേസുകളിൽ പോലും ഇതായിരുന്നു അവസ്ഥ. ജാമ്യഹരജികൾ പൗരാവകാശങ്ങളെക്കുറിച്ച് വളരെ സങ്കുചിതമായ കാഴ്ചപ്പാടുകളുള്ള ജഡ്ജിമാരുടെ ബെഞ്ചിലേക്ക് തന്നെ പോകുന്ന പ്രവണത ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലഘട്ടത്തിലും തുടർന്നു. ബോംബെ ഹൈകോടതി യു.എ.പി.എ കേസിൽ പ്രഫസർ ജി.എൻ. സായിബാബയെ കുറ്റമുക്തനാക്കിയപ്പോൾ, അത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത്, അന്ന് ജസ്റ്റിസ് എം.ആർ. ഷായുടെ ബെഞ്ചിനാണ് നൽകിയത്. യുക്തിയുക്തമായ ഹൈകോടതിവിധി ലഭ്യമായിരുന്നിട്ടും, അതൊന്നും പരിഗണിക്കാതെ, വളരെ പെട്ടെന്ന് സ്റ്റേ അനുവദിക്കുകയും ചെയ്തു സുപ്രീംകോടതി.

 

ബാബരി മസ്ജിദ്

ജാമ്യഹരജികൾ

ആധുനിക നിയമസംഹിതയുടെ പ്രധാനപ്പെട്ട ഭാഗമായ, “ജാമ്യമാണ് നിയമം, ജയിൽ ഒരപവാദവും” എന്ന ആപ്തവാക്യം, സുപ്രീംകോടതി തന്നെ കീഴ്മേൽ മറിക്കുന്ന കാഴ്ചക്കും നമ്മൾ ഈ കാലത്ത് സാക്ഷിയാവുന്നുണ്ട്. ജീവിക്കാനുള്ള അവകാശവും പൗരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് ബേല ത്രിവേദിയുടെ ബെഞ്ചിൽ കൃത്യമായെത്തുന്നത് കാണാം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ നിയമ സെക്രട്ടറിയായിരുന്നു ജസ്റ്റിസ് ത്രിവേദി. ഭീമ കൊറേഗാവ് കേസിൽ, ബോംബെ ഹൈകോടതി പ്രതികൾക്ക് ജാമ്യം നൽകിയപ്പോൾ, അതിനെതിരെയുള്ള ഹരജികൾ ജസ്റ്റിസ് ബേല ത്രിവേദിയുടെ ബെഞ്ചിൽ വരുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു.

ജാമ്യാപേക്ഷ, 14 തവണ തുടർച്ചയായി മാറ്റിവെക്കപ്പെട്ടതിനെ തുടർന്ന്, ഉമർ ഖാലിദിന് പിൻവലിച്ചുപോകേണ്ട സാഹചര്യവുമുണ്ടായി. നാലു വർഷമായി ഒരു തെളിവുമില്ലാതെ ആ ചെറുപ്പക്കാരൻ തടവറയിൽ കഴിയുന്നു. സത്യം ഇങ്ങനെയായിരിക്കേ, ‘ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ചീഫ് ജസ്റ്റിസ് പറഞ്ഞത്, ‘‘ഞാൻ A മുതൽ Z വരെയുള്ള എല്ലാവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്’’ എന്നാണ്. ‘‘അർണബ് മുതൽ സുബൈർ വരെ’’ എന്നു വിശദീകരിക്കുകയും ചെയ്തു. പക്ഷേ, അതിനിടയിലുള്ള അക്ഷരങ്ങൾ അദ്ദേഹം വിട്ടുപോയി. ഉമർ ഖാലിദ്, ഷർജീൽ ഇമാം, ജി.എൻ. സായിബാബ, സ്റ്റാൻ സ്വാമി, അങ്ങനെ എത്രയോ പേർ…

സുപ്രീംകോടതിയുടെ ഭരണത്തലവൻ എന്ന നിലയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഇടപെടലുകൾ ഉപരിപ്ലവമായിരുന്നു. കോസ്മെറ്റിക് എന്ന് പറയാം. കോടതി നടപടികളുടെ ലൈവ് ടെലികാസ്റ്റിങ് സംബന്ധിച്ച തീരുമാനങ്ങൾ കോടതിയെ ജനകീയവത്കരിക്കാൻ സഹായിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്, എന്നിരുന്നാലും അടിസ്ഥാനപ്രശ്നങ്ങൾ ഒന്നുപോലും അഭിസംബോധന ചെയ്യാതെ പോയെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു. ജുഡീഷ്യറി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ചു പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകപോലും ഉണ്ടായിട്ടില്ല.

അദ്ദേഹത്തിന്റെ കാലത്ത് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റങ്ങൾ സുപ്രീംകോടതിയുടെ പതാകയിലെ ചിഹ്നത്തിലും ‘ലേഡി ജസ്റ്റിസിന്റെ രൂപത്തിലുമാണ്. ലേഡി ജസ്റ്റിസ്, കൈയിലേന്തിയ വാളിനു പകരം ഇന്ത്യൻ ഭരണഘടന പിടിച്ചിരിക്കുന്നു, തുണികൊണ്ട് മറച്ചിരുന്ന കണ്ണുകൾ തുറന്നിട്ടുണ്ട്. എന്താണ് അതുകൊണ്ട് അർഥമാക്കുന്നതെന്ന് വ്യക്തമല്ല. വന്നിരിക്കുന്ന വ്യക്തി ആരെന്നു നോക്കാതെ, നിയമവും ന്യായവും നോക്കി നീതി നടപ്പാക്കുമെന്ന പഴയ സങ്കൽപത്തിൽനിന്ന്, മുന്നിൽ വന്നുനിൽക്കുന്നത് ആരാണെന്ന് നോക്കി നീതി നടപ്പാക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറും എന്നതിന്റെ സൂചനയാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ന്യായാധിപ ജീവിതം പരിശോധിച്ചാൽ കണ്ണുകെട്ടിയും കെട്ടാതെയുമുള്ള ന്യായ വാദങ്ങൾ കണ്ടെത്താനാകും.

 

ജസ്റ്റിസ്‍ ബേല ത്രിവേദി,ജസ്റ്റിസ്‍ യു.യു. ലളിത്

വൈരുധ്യങ്ങളുടെ ധാരാളിത്തം

ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീംകോടതി ജഡ്ജിയാകുന്നതിനു വേണ്ടി ജനിച്ചയാളാണ്. അദ്ദേഹത്തിന്റെ പിതാവ് സുപ്രീംകോടതിയിൽ ഏറ്റവും അധികകാലം ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ചയാളായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിൽനിന്ന് വന്നതുകൊണ്ട് ജുഡീഷ്യറിയുടെ ഓരോ പടവിലും കൃത്യമായി എത്തിച്ചേരുന്നതിനുള്ള സാമൂഹിക മൂലധനം സ്വായത്തമായിരുന്നു അദ്ദേഹത്തിന്. വളരെ ചെറിയ പ്രായത്തിൽതന്നെ ജഡ്ജിയായി അവരോധിക്കപ്പെട്ടു. സുപ്രീംകോടതിയിൽ 9 വർഷങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. സുദീർഘമായ ഈ സേവനകാലയളവിൽ, സുപ്രധാനമായ നിരവധി വിധിന്യായങ്ങളുടെ ഭാഗമായിട്ടുണ്ട്. നിയമത്തെക്കുറിച്ച് അഗാധമായ ധാരണയും വ്യാഖ്യാനങ്ങളിലെ അനന്യതയും പ്രകടമാക്കിയിട്ടുണ്ട്.

എന്നാൽ, അദ്ദേഹത്തെ നയിക്കുന്ന ​ൈനയാമിക ദർശനം എന്തെന്ന് പറയുക എളുപ്പമല്ല. കാരണം, അത് വൈരുധ്യങ്ങളുടെ സമ്മേളനമാണ്. പുരോഗമന കാഴ്ചപ്പാടുകളുള്ള, പൗരാവകാശങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന, ഭരണഘടനാപരമായ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നു. ഫെഡറൽ വ്യവസ്ഥയോടു ചേർന്നുനിൽക്കുന്ന സ്ത്രീകളുടെയും അധഃസ്ഥിതരുടെയും അവകാശങ്ങളുയർത്തിപ്പിടിക്കുന്ന ഭരണഘടനാ ധാർമികതയെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായി അദ്ദേഹത്തെ കാണാം. അത്തരമൊരു കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന നിരവധി വിധിന്യായങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അതുപോലെ തന്നെ, ആധുനിക മൂല്യബോധങ്ങളെ നിരാകരിക്കുകയും അവയുടെ ധ്വംസനങ്ങൾക്ക് മുന്നിൽ കണ്ണടക്കുന്ന ചന്ദ്രചൂഡിനെയും നമുക്കു കാണാം.

 

ജസ്റ്റിസ്‍ ബേല ത്രിവേദി,ജസ്റ്റിസ്‍ യു.യു. ലളിത്

ലിബറൽ ജഡ്ജി

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട നിരവധി വിധികളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 2017ലെ പുട്ടസ്വാമി കേസിൽ, ഇന്ത്യൻ സുപ്രീംകോടതി സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചപ്പോൾ അതിൽ ഏറ്റവും സമഗ്രമായ രീതിയിൽ സ്വകാര്യതയെ വിശകലനംചെയ്ത വിധി അദ്ദേഹത്തിന്റേതായിരുന്നു. ആ വിധിയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാൻ കഴിയും എന്നഭിപ്രായപ്പെട്ട തന്റെ പിതാവുകൂടി ഭാഗമായ എ.ഡി.എം ജബൽപുർ കേസിലെ കുപ്രസിദ്ധമായ വിധി ഓവർറൂൾ ചെയ്തത്.

മറ്റൊന്ന് ആധാർ കേസിലെ അദ്ദേഹത്തിന്റെ വിയോജന വിധിന്യായമാണ്. തികച്ചും യുക്തിശൂന്യമായ ഭൂരിപക്ഷ അഭിപ്രായത്തെ കൃത്യമായി ഖണ്ഡിക്കുന്നതായിരുന്നു ഈ വിധി. അന്താരാഷ്ട്രതലത്തിൽ അത് ചർച്ചാവിഷയമാവുകയുംചെയ്തു. പിന്നീട് പല രാജ്യങ്ങളിലും സമാനമായ കേസുകൾ വന്നപ്പോൾ ഈ വിധിയാണ് അവർ പിന്തുടർന്നത്. സ്വകാര്യതയുടെ ചുവടുപിടിച്ച് നവതേജ് സിങ് ജോഹർ കേസിൽ 377 വഴി, സ്വവർഗാനുരാഗത്തെ ക്രിമിനൽ കുറ്റകൃത്യമാക്കുന്നതു റദ്ദ് ചെയ്തു.

ഷഫിൻ ജഹാൻ കേസിൽ ഒരു ഹിന്ദു സ്ത്രീക്ക് ഇസ്‍ലാമിലേക്ക് മതപരിവർത്തനം നടത്താനും അതിനുശേഷം ഇഷ്ടമുള്ള ആളുമായി വിവാഹം ചെയ്യാനുമുള്ള അവകാശമുണ്ടെന്ന് വിധിയെഴുതി. അതുപോലെതന്നെ 2018ൽ ഭീമ കൊറേഗാവ് സമ്മേളനത്തിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ, റോമില ഥാപ്പർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയപ്പോൾ, അതിൽ ശക്തമായ വിയോജന വിധിന്യായം എഴുതിയിരുന്നു അദ്ദേഹം. മറ്റൊരു പ്രധാനപ്പെട്ട കേസ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടതാണ്. വിവേചനങ്ങളുടെ ചരിത്രവും ഭരണഘടനയുടെ പരിവർത്തനാത്മക സ്വഭാവവും കണക്കിലെടുത്ത് അതിമനോഹരമായി തയാറാക്കിയ പ്രബന്ധമായിരുന്നു ആ വിധി.

അല്ലെങ്കിലും ഭരണഘടനാതത്ത്വങ്ങളെ, നിയമങ്ങളെ, ദാർശനിക ബോധ്യങ്ങളെ, കോർത്തിണക്കി മനോഹരമായ വിധിന്യായങ്ങൾ വാർത്തെടുക്കാൻ അനതിസാധാരണമായ കഴിവുള്ള ന്യായാധിപനാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ, പലപ്പോഴും ഈ കഴിവ്, അന്യായങ്ങളെ നീതീകരിക്കാനുള്ള വൈദഗ്ധ്യമായി പരിഗണിക്കുന്നത് കാണാം. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലാണിങ്ങനെ സംഭവിക്കുന്നത്.

 

അഡ്വ. ശ്രീരാം പഞ്ചു,ജസ്റ്റിസ് എം.ആർ. ഷാ

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ

കുറേ വർഷങ്ങളായി നമ്മുടെ ഭരണഘടനാ കോടതികൾ, ‘ഭരണകൂട കോടതി’കളായി മാറുന്നുവെന്ന വിമർശനമുണ്ട്; എക്സിക്യൂട്ടിവിന്റെ എല്ലാ നടപടികൾക്കും ന്യായവാദം ചമക്കലാണ് കോടതിയുടെ പണിയെന്ന്! ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുമ്പോൾ പ്രവണതയിൽനിന്നൊരു മാറ്റം നമ്മൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല, ഞെട്ടിപ്പിക്കുന്ന തരത്തിൽ ഭരണകൂട വിധേയത്വം വ്യക്തമാക്കുന്ന സംഭവങ്ങൾ നിരവധിയാണ്.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകൾ പലപ്പോഴും പരിഗണിക്കാതിരിക്കുകയോ, പരിഗണിച്ചാൽ തന്നെ, ഭരണകൂടത്തിന് ഗുണകരമായ രീതിയിൽ വിധി വരുകയോ ചെയ്യുന്ന കാഴ്ചയും ഈ കാലയളവിൽ നമ്മൾ കണ്ടു. 2018 മുതൽ ഇതിന്റെ സൂചനകളുണ്ടായിരുന്നു. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട്, തഹ്‌സീൻ പുനേവാല സമർപ്പിച്ച കേസിൽ, കോടതിയുടെ ഭാഗത്തുണ്ടായ വിധി അതു സാക്ഷ്യപ്പെടുത്തുന്നു. വളരെ പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു ജുഡീഷ്യൽ ഓഫിസറുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മാത്രമായിരുന്നു ഹരജിയിലെ ആവശ്യം. അത് അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ വിചാരണക്കോടതികളിലെ ന്യായാധിപർക്ക്, ഒരു ഉറപ്പും ആശ്വാസവും ആകുമായിരുന്നു. എന്നാൽ, അതുണ്ടായില്ല.

ചീഫ് ജസ്റ്റിസ് പദവിയിലെത്തിയതിനു ശേഷം, അടിയന്തരമായി പരിഗണിക്കേണ്ട പല രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളും, അവഗണിക്കുന്ന പതിവാണ് ജ. ചന്ദ്രചൂഡ് അനുവർത്തിച്ചു പോരുന്നത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച കേസ്, ലവ് ജിഹാദ് കേസ്, മണിബില്ലുമായി ബന്ധപ്പെട്ട കേസ്, കർണാടകയിലെ ഹിജാബ് നിരോധനം മൂന്ന് അംഗ ബെഞ്ചിലേക്ക് മാറ്റുന്നത് സംബന്ധിച്ച്, ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ തീരുമാനത്തിനായി കാത്തിരിക്കുന്ന മതസ്വാതന്ത്ര്യം സംബന്ധിച്ച വിശാല ബെഞ്ച്, അങ്ങനെ പ്രധാനപ്പെട്ട നിരവധി കേസുകൾ കോൾഡ് സ്റ്റോറേജിലാണ്. തീരുമാനമെടുത്തു എന്നു പറയുന്ന കേസുകളിലാകട്ടെ ഭരണകൂടത്തിന് ബുദ്ധിമുട്ടുമുണ്ടാകാതെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് താനും. മഹാരാഷ്ട്രയിൽ ശിവസേനയെ വിഭജിച്ച് ഏകനാഥ് ഷിൻഡെ വിഭാഗം ബി.ജെ.പിക്കൊപ്പം ചേർന്ന സംഭവത്തിലെ വിധി നോക്കാം.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ താക്കറെയോട് ആവശ്യപ്പെടേണ്ട സാഹചര്യമേ ഉണ്ടായിരുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. അങ്ങനെ വിശ്വാസവോട്ട് നേടാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി തെറ്റാണ്. സ്പീക്കറുടെ നടപടികളും ശരിയല്ല. എന്നാൽ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം പുനഃസ്ഥാപിക്കാൻ കഴിയില്ല, കാരണം അദ്ദേഹം രാജിവെച്ച് പുറത്തുപോയതാണ് എന്നായിരുന്നു കോടതിവിധി. എന്നാൽ, ഗവർണറുടെയും സ്പീക്കറുടെയും ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടികൾ കാരണമാണ് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നതെന്ന കാര്യം കോടതി വിസ്മരിച്ചു. അവിടെ തൽസ്ഥിതി എന്നാൽ, ഗവർണറുടെ തീരുമാനത്തിന് മുമ്പുള്ള സാഹചര്യമായിരുന്നു. അതായിരുന്നു കോടതി നിലപാടിന്റെ യുക്തിപരമായ ക്ലൈമാക്സ്. അത് അംഗീകരിച്ചാൽ പക്ഷേ, ഫഡ്‌നാവിസ് സർക്കാർ താഴെ വീഴുമായിരുന്നു. അതിനു പക്ഷേ നിലപാട് വേണം.

ഏറെ ചർച്ചയായ ഇലക്ടറൽ ബോണ്ട് കേസിലും, പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് വിധിയെഴുതിയെങ്കിലും, തുടർനടപടികളൊന്നും ഉണ്ടായില്ല. ഇ.ഡിയെ ഉപയോഗിച്ച് ബോണ്ടുകൾ നിർബന്ധിതമായി പിരിക്കുന്നുവെന്നും, ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതിനുശേഷം, കള്ളപ്പണ കേസുകൾ തേച്ചുമാച്ചു കളയുന്നുവെന്നും വ്യക്തമായി സൂചിപ്പിക്കുന്ന കണക്കുകൾ നമുക്ക് മുന്നിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും കോടതി, അതു നിരാകരിക്കുകയാണുണ്ടായത്.

ഇലക്ടറൽ ബോണ്ട് സംബന്ധിച്ച ഹരജികൾ വർഷങ്ങളോളം വൈകിപ്പിക്കുക വഴി, ഭരണപക്ഷത്തിന് ആ വഴിക്കുള്ള ധനസമാഹരണം നടത്താനുള്ള സാവകാശം നൽകുകയും, വളരെ വ്യക്തമായ സൂചനകളുണ്ടായിരുന്നിട്ടുകൂടി അതിനു പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാതിരിക്കുക വഴി സ്വന്തം കടമയിൽനിന്ന് ഒഴിഞ്ഞുമാറുകയും, ഭരണഘടനാവിരുദ്ധമായ അധികാരക്കളിക്ക് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഇ.ഡിയെ യൂനിയൻ ഗവൺമെന്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ, ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ അത്യപൂർവമായേ ശിക്ഷ ലഭിക്കാറുള്ളൂവെന്നും രാഷ്ട്രീയബന്ധങ്ങൾക്കനുസൃതമായി കേസുകൾ ആരംഭിക്കുന്നതും ഉപേക്ഷിക്കുന്നതും പതിവാണെന്നും വസ്തുതയായിരിക്കേ, അക്കാര്യത്തിൽ കാര്യമായ ഒരു ഇടപെടലും നടത്താൻ ജ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ സുപ്രീംകോടതി തയാറായിട്ടില്ല.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പലപ്പോഴും കൃത്യമായ നിലപാടുകളെടുക്കുന്നതിൽ പരാജയപ്പെടുന്നുണ്ട് അദ്ദേഹമെന്ന് നമ്മളെ ബോധ്യപ്പെടുത്തിയ മറ്റൊരു കേസായിരുന്നു ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹരജി. ഇക്കാര്യത്തിൽ ഒരു അന്വേഷണം വേണമെന്നു മാത്രമായിരുന്നു ഹരജിക്കാരുടെ ആവശ്യം. നീതിന്യായ സംവിധാനത്തിന്റെ ഭാഗമായിരുന്ന ഒരാൾ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചിട്ട് അതേക്കുറിച്ച് അന്വേഷിക്കാൻപോലും കോടതി തയാറായില്ലെന്നത് ദുഃഖകരമാണ്. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിൽ വിചാരണക്കോടതികളിലെ ന്യായാധിപർക്ക് സ്വതന്ത്രമായി ജോലി നിർവഹിക്കുന്നതിന് പ്രചോദനവും സുപ്രീംകോടതി കൂടെയുണ്ടെന്ന ആത്മവിശ്വാസവും പകരുമായിരുന്നു.

ബി.സി.സി.ഐ പ്രസിഡന്റായി, ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്ക് വീണ്ടും അധികാരത്തിൽ വരുവാൻ അവസരമൊരുക്കുന്ന ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതിക്ക് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് അനുമതി നൽകിയത്. ലോധ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ക്രിക്കറ്റ് ഭരണാധികാരികൾക്ക് കൂളിങ് ഓഫ് പീരിയഡ് അനിവാര്യമാണെന്ന നിയന്ത്രണം നിലനിൽക്കെയാണ് കോടതി ഇത് അനുവദിച്ചത്. മറ്റൊരു മൂന്നംഗ ബെഞ്ചിന്റെ വിധി കൗതുകകരമായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ടാണ് അങ്ങനെയൊരു ഇടപെടൽ നടത്തിയത്.

 

ജസ്റ്റിസ് മുരളീധർ,ജി.എൻ. സായിബാബ

ഭരണഘടനയിലെ പ്രസ്തുത വകുപ്പിനെതിരെ ബി.സി.സി.ഐ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ, അവർക്കുവേണ്ടി ഹാജരായെന്ന കാര്യവും ശ്രദ്ധേയമാണ്. അഡീഷനൽ സോളിസിറ്റർ ജനറൽ ആയിരിക്കെ ലോധ കമ്മിറ്റി പരിഷ്കാരങ്ങളെ എതിർത്ത മനീന്ദർ സിങ്ങിനെ ഈ കേസിൽ അമിക്കസ് ക്യൂറിയാക്കിയ നടപടിയും ചർച്ചയായിരുന്നു. മറ്റൊന്ന് ഹാദിയ കേസാണ്. പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഇഷ്ടമുള്ള മതത്തിൽ ചേരാനും, ഇഷ്ടമുള്ള വിശ്വാസമനുസരിച്ച് ജീവിക്കാനും, ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാനുമുള്ള അവകാശമുണ്ടെന്ന് പ്രാഥമിക നിയമതത്ത്വത്തിന്മേൽ വിധി പറയാമായിരുന്ന വിഷയത്തിൽ, എൻ.ഐ.എ അന്വേഷണം വരെ നടത്തിയതിനുശേഷമാണ് തീരുമാനമെടുത്തതെന്നോർക്കണം.

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ, തിരിമറികൾ നടന്നുവെന്നതിന്റെ തെളിവുകൾ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവരുകയും, സുപ്രീംകോടതി അതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തെങ്കിലും, അതിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന കാര്യംകൂടി ഓർക്കണം. പൊതു തെരഞ്ഞെടുപ്പിൽ വിവിപാറ്റ് നിർബന്ധമായും എണ്ണാൻ ഉത്തരവിടണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.

അതായത്, വളരെ ക്രിയാത്മകമായ നടപടികൾ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് നമ്മൾ കരുതുന്ന കേസുകളിൽപോലും സൈദ്ധാന്തികമായ വാചകങ്ങൾക്കപ്പുറം തെറ്റുകൾ തിരുത്താനോ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനോ ഉള്ള ആർജവം കാണിച്ചിട്ടില്ലെന്ന് കാണാം. ഹിഡൻബർഗ് വെളിപ്പെടുത്തലുകൾക്കുശേഷം സുപ്രീംകോടതി സ്വീകരിച്ച നിസ്സംഗത, ഇലക്ഷൻ കമീഷനെ നിയമിക്കുന്ന കാര്യത്തിൽ മുമ്പുണ്ടായിരുന്ന സുപ്രീംകോടതി നിർദേശങ്ങളെല്ലാം കാറ്റിൽ കൊണ്ടുവന്ന പുതിയ നിയമം റദ്ദ് ചെയ്യാതിരുന്നത്, അങ്ങനെ, ഇടപെടേണ്ട നിരവധി സന്ദർഭങ്ങളിൽ അത് ചെയ്യാതിരിക്കാനുള്ള കരുതൽ നീതിപീഠത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ഫെഡറലിസം സംബന്ധിച്ച്

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ, പല നിലപാടുകളിലും പ്രത്യയശാസ്ത്ര സ്ഥിരതയുടെ അഭാവം കണ്ടെത്താനാവും. പ്രഭാഷണങ്ങളിലുമെഴുത്തിലും അദ്ദേഹം ചേർത്തുപിടിക്കുന്നുവെന്ന് നമ്മൾ കരുതുന്ന പല പ്രധാനപ്പെട്ട മൂല്യബോധങ്ങളും, ഒരു ന്യായാധിപൻ എന്നനിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിൽ പലപ്പോഴും പ്രതിഫലിക്കുന്നില്ലെന്ന് കാണാം. എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു ഉദാഹരണം ഫെഡറലിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണ്.

ഈ നവംബർ ഒന്നിന് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഫെഡറലിസത്തെക്കുറിച്ച് പണ്ഡിതോചിതമായൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 27ന് ലോക്സത്ത ആനുവൽ ​െലക്ചറർ സീരീസിന്റെ ഭാഗമായി നടത്തിയ പ്രഭാഷണമാണത്. ഭരണഘടന നിർമാണസഭയിലെ സംവാദങ്ങളിൽ തുടങ്ങി ഫെഡറലിസം എങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാകുന്നതെന്നും, കാലാകാലങ്ങളിൽ പരമോന്നത നീതിപീഠം അതിനെ വ്യാഖ്യാന സാധ്യതകളുപയോഗിച്ച് വികസിപ്പിച്ചതെന്നും വിവരിക്കുന്നത് നമുക്ക് വായിക്കാം. എസ്.ആർ. ബൊമ്മൈ കേസിനുശേഷം, 2022ലെയും 2024ലെയും താൻകൂടി ഭാഗമായിരുന്ന സുപ്രീംകോടതി വിധികൾ എങ്ങനെയാണ് ഫെഡറലിസത്തിന്റെ സീമകളെ വിപുലപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

എന്നാൽ, പ്രഭാഷണത്തിൽ അദ്ദേഹം മനഃപൂർവം പറയാതെ പോകുന്നൊരു വിധിന്യായമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഫെഡറലിസം എന്ന സങ്കൽപത്തിന്റെ കടയ്ക്കൽ കത്തി വെച്ച യൂനിയൻ ഗവൺമെന്റിന്റെ ഒരു തീരുമാനം സംബന്ധിച്ചുള്ളത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് കോടതിയുടെ പരിശോധനക്കു വന്നത്. ഒന്ന്, കശ്മീരിനെ സംബന്ധിച്ച അനുച്ഛേദം 370 റദ്ദുചെയ്തതിന്റെ ഭരണഘടനാപരത; രണ്ട്, സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ; മൂന്ന്, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രൂപവത്കരണവും പുനഃസംഘടനയും ഫെഡറൽ തത്ത്വങ്ങൾക്ക് നിരക്കുംവിധം എങ്ങനെ സംവിധാനം ചെയ്യാമെന്നതിനെക്കുറിച്ച്. മൂന്നും ഇന്ത്യൻ ജനാധിപത്യഘടനയുടെ വേരുകളോളം ആഴമുള്ള വിഷയങ്ങളാണ്. എന്നിട്ടും ചീഫ് ജസ്റ്റിസിന് തന്റെ പ്രഭാഷണത്തിൽ അവധി ഉൾക്കൊള്ളിക്കേണ്ടതില്ലെന്ന് തോന്നിയെങ്കിൽ കാരണം വ്യക്തമാണ്.

അന്യായമായ തരത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി, അകാരണമായി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി, പിന്നീട്, ഒറ്റരാത്രികൊണ്ട് ഒരു ചർച്ചയും കൂടിയാലോചനയും കൂടാതെ സംസ്ഥാന ഗവൺമെന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടി, യുക്തിസഹമായ ഒരു കാരണവും നിരത്താതെ, ഫെഡറലിസം സംബന്ധിച്ച് സുപ്രധാനമായ ഈ വിഷയം തീർപ്പാക്കാൻ ശ്രമിക്കുകപോലും ചെയ്യാതെ, യൂനിയൻ ഗവൺമെന്റിന്റെ പ്രത്യക്ഷത്തിൽതന്നെ ഭരണഘടനാ വിരുദ്ധമായ നടപടി തുടരാൻ അനുവദിക്കുകയാണ് കോടതി ചെയ്തത്. നമ്മുടെ ഭരണഘടനയുടെ ‘നിതാന്ത ജാഗ്രതയോടെയുള്ള കാവൽക്കാരെ’ന്ന് സ്വയം അവകാശപ്പെടുന്ന പരമോന്നത നീതിപീഠം ഭരണകൂട താൽപര്യങ്ങളുടെ കാവൽക്കാരായി മാറിയ ഈ സംഭവംകൂടി ഉൾപ്പെടുത്താതെ ഇനി മേലിൽ ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള ഒരു ചർച്ചയും പൂർണമാവുകയില്ല.

 

ഉമർ ഖാലിദ്

പ്രതിച്ഛായാ നിർമിതി

സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത്രയധികം തവണ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു ചീഫ് ജസ്റ്റിസില്ല. ലഭിക്കുന്ന അവസരങ്ങളെല്ലാം പരമാവധി വിനിയോഗിച്ച്​ പ്രതിച്ഛായ നിർമിതിക്ക് ശ്രമിക്കുന്ന ഒരു വ്യക്തിയെ കാണാം. ദിവസേനയെന്നല്ല, ഓരോ മണിക്കൂറിലും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നതെന്ന് ദുഷ്യന്ത് ദവെ അഭിപ്രായപ്പെടുന്നു. ഓൾ ഇന്ത്യ ബാർ അസോസിയേഷൻ പ്രസിഡന്റ് ആദർശ് അഗർവാൾ ചീഫ് ജസ്റ്റിസിനെഴുതിയ കത്ത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. “ജുഡീഷ്യറിയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം താങ്കളുടെ കൂടുതൽ സമയവും വിവിധ പരിപാടികൾ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ചെലവഴിക്കുന്നത്…

ഔദ്യോഗിക ഉത്തരവാദിത്തങ്ങളെക്കാൾ പബ്ലിസിറ്റി പ്രധാനമാണെന്നു കണ്ട് താങ്കൾ പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടിവരും” എന്നൊക്കെ രൂക്ഷമായ ഭാഷയിലാണ് കത്തെഴുതിയിരിക്കുന്നത്. സാധാരണഗതിയിൽ സുപ്രീംകോടതി ജഡ്ജിമാർ പരസ്യപ്പെടുത്താൻ വിസമ്മതിക്കുന്ന, സ്വകാര്യ ചടങ്ങുകളൊക്കെ മാധ്യമങ്ങളുടെ കാമറവെളിച്ചത്തിൽ നടത്തുന്ന രീതി ചന്ദ്രചൂഡ് അവലംബിച്ചുപോന്നിട്ടുണ്ട്. അഭിമുഖങ്ങൾക്കും പ്രഭാഷണങ്ങൾക്കുമെല്ലാമപ്പുറം തികച്ചും വ്യക്തിപരമായ, വിശ്വാസ സംബന്ധമായ വിഷയങ്ങൾ വരെ മാധ്യമ ചർച്ചകൾക്ക് ഇട്ടുകൊടുക്കാൻ അദ്ദേഹം തയാറായി.

ചീഫ് ജസ്റ്റിസ്, കാവി വസ്ത്രങ്ങളണിഞ്ഞ് ഗുജറാത്തിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയുംചെയ്തത് നമ്മൾ കണ്ടതാണ്. കാവിവസ്ത്രമണിഞ്ഞു ക്ഷേത്രസന്ദർശനം നടത്തുന്ന ചീഫ് ജസ്റ്റിസിന്റെ ദൃശ്യങ്ങൾ പകർത്താൻ കേന്ദ്രഭരണകൂടത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന എ.എൻ.ഐയുടെ ക്രൂ ഉണ്ടായിരുന്നുവെന്നതും ചർച്ചാവിഷയമായി. അവിടെ നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്: “രാവിലെ, ‘ദ്വാരകാധിഷ് ജി’യിൽ ദർശിച്ച ധ്വജം എന്നെ പ്രചോദിതനാക്കി. ജഗന്നാഥ്പുരിയിൽ കണ്ടതുപോലെ തന്നെയായിരുന്നു ഇതും.

നമ്മളെയെല്ലാവരെയും കോർത്തിണക്കുന്ന, നമ്മുടെ പാരമ്പര്യത്തിന്റെ സാർവലൗകികതയെ ശ്രദ്ധിക്കൂ. ഈ കൊടിക്ക് നമ്മളെ സംബന്ധിച്ചിടത്തോളം പ്രത്യേക അർഥമുണ്ട്. നമുക്കെല്ലാവർക്കും; അഭിഭാഷകർക്കും ന്യായാധിപർക്കും പൗരർക്കുമെല്ലാം മുകളിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നൊരു ശക്തിയുണ്ടെന്ന അർഥമാണത് നൽകുന്നത്. ആ ശക്തി, നിയമവാഴ്ചയും ഭരണഘടനയും വ്യവസ്ഥാപിതമാക്കുന്ന നമ്മുടെ മാനവികതയാണ്.”

ഇക്കാലഘട്ടത്തിൽ, കാവിവസ്ത്രത്തിനും, ക്ഷേത്രത്തിനുമുകളിൽ പാറുന്ന കാവിക്കൊടിക്കും എന്ത് പ്രത്യേക അർഥമാണുള്ളതെന്ന് മനസ്സിലാകാത്തയാളല്ല ചീഫ് ജസ്റ്റിസ്. ഈ രാഷ്ട്രീയ സന്ധിയിൽ, മാധ്യമങ്ങൾ ഘോഷണംചെയ്ത അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനവും, കാവിയും ധ്വജവും നമ്മളെ ഒന്നിപ്പിക്കുന്നതാണ് എന്ന പ്രസ്താവനയും ഔചിത്യത്തിന്റെ സർവസീമകളും ലംഘിക്കുന്നതാണെന്ന് മാത്രമല്ല, ചരിത്രവിരുദ്ധവുമാണ്. എല്ലാ ഇന്ത്യക്കാരെയും പോയിട്ട്, എല്ലാ ഹിന്ദുക്കളെയുംപോലും ക്ഷേത്രത്തിനു മുകളിൽ പാറുന്ന പതാകകൾ ഒന്നിപ്പിച്ചിട്ടില്ലെന്നു കാണാം.

ഭരണഘടന ഉറപ്പുനൽകിയ മൗലിക അവകാശങ്ങളാണ് ക്ഷേത്രങ്ങളെ എല്ലാവർക്കും പ്രാപ്യമാക്കിയത്. ഇത്തരം സംഭവവികാസങ്ങൾ “അൽപം വെള്ളവും വെളിച്ചവും വീഴുന്നിടത്തെല്ലാം സ്വയം വേരുപിടിക്കുന്ന ഒന്നല്ല ജനാധിപത്യ”മെന്ന് നമ്മെ ആവർത്തിച്ചോർമിപ്പിക്കുന്നുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സഹിഷ്ണുതയും ചിന്താവിശാലതയും ധാർമികബോധവും സ്വായത്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്തൊരു വ്യവസ്ഥിതിയാണ് നമ്മുടേതെന്നതിന് ചരിത്രസാക്ഷ്യമാണ് ബാബരി മസ്ജിദ് കേസിന്റെ നാൾവഴികൾ. വ്യവസ്ഥിതിയുടെ എല്ലാ ഘടകങ്ങളും; ഭരണകൂടവും സമൂഹവും ജുഡീഷ്യറിയുമെല്ലാം ഇതിൽ കൂട്ടുത്തരവാദികളാണ്.

അയോധ്യ വിധി

കുറ്റമറ്റ രീതിയിലാണ് വിശകലനം മുന്നോട്ടുപോകുന്നതെന്ന ധാരണ ഉണ്ടാക്കുംവിധം വളരെ കൗശലത്തോടെയാണ് അയോധ്യ കേസിലെ വിധിന്യായം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സൂക്ഷ്മ പരിശോധനയിൽ, യുക്തികൾ ഏകപക്ഷീയമായി അടുക്കി​െവച്ചിരിക്കുന്ന വിധിയാണിതെന്നു വ്യക്തമാണ്. ഒരിക്കൽ തീർപ്പു കൽപിച്ച സിവിൽ തർക്കങ്ങൾ പുനഃപരിശോധിക്കേണ്ടതില്ലെന്ന പ്രാഥമിക പാഠംപോലും ലംഘിക്കപ്പെട്ടു. ലിമിറ്റേഷൻ പരിധി കഴിഞ്ഞതിനു ശേഷം ഹരജി സമർപ്പിച്ചവർക്കാണ് ഒടുവിൽ, പള്ളി നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൊടുത്തത്. പള്ളിയിൽ വിഗ്രഹം ഒളിപ്പിച്ചു കടത്തിയതും പള്ളി തകർത്തതുമെല്ലാം ക്രിമിനൽ കുറ്റമാണെന്ന് പറയുന്നുണ്ടെങ്കിലും, ഹൈന്ദവർക്ക് സ്ഥലത്തിന്റെ അവകാശം നൽകുക വഴി ആ ക്രിമിനൽ നടപടികളെ പോലും ലഘൂകരിച്ചു.

മുസ്‍ലിംകളെ സംബന്ധിച്ച്, ഉന്നയിക്കുന്ന ഓരോ അവകാശവാദത്തിനും കണിശമായ തെളിവുകൾ ഉണ്ടായിരിക്കണമെന്ന് വാശിപിടിക്കുന്ന കോടതി മറുപക്ഷത്തോട് ആ സമീപനമല്ല സ്വീകരിക്കുന്നത്. ബാബരി മസ്ജിദിരിക്കുന്ന ഭൂമി വഖഫ് ആണെന്ന് തെളിയിക്കാൻ രേഖാമൂലമുള്ള തെളിവുകളാണ് ആവശ്യപ്പെടുന്നത്. 1857 മുതൽ ബ്രിട്ടീഷുകാർ പള്ളിക്ക് ഗ്രാന്റ് നൽകിയതിന് തെളിവുകളുണ്ടെങ്കിലും അതിനു മുൻപ് 1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ലെന്നാണ് കണ്ടെത്തൽ. ബ്രിട്ടീഷുകാലത്ത് പള്ളിയായി അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനം അതിനു മുമ്പ് ഇസ്‍ലാമിക രാജാക്കന്മാരുടെ ഭരണകാലത്ത്, പ്രത്യേകിച്ചും അവധ് പോലുള്ള പ്രധാനപ്പെട്ട ഒരു പ്രവിശ്യയുടെ തലസ്ഥാനത്ത് പള്ളി മറ്റു മതസ്ഥർ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്നത് അപഹാസ്യമാണ്.

എന്നാൽ, മറുപക്ഷത്താകട്ടെ, പള്ളിക്ക് വെളിയിൽ രാംഛബൂത്രയിൽ ആരാധനക്ക് അവകാശം നേടിയെടുത്ത ഹൈന്ദവരുടെ വാദം ചോദ്യങ്ങളില്ലാതെ അംഗീകരിക്കുകയാണ്. ബ്രിട്ടീഷുകാർ സ്ഥലം രണ്ടായി മതിലുകെട്ടി തിരിച്ചെങ്കിലും, മറുവശത്തു നിന്നുകൊണ്ട് മസ്ജിദിന്റെ പ്രധാന മിനാരത്തിന് കീഴെ ശ്രീരാമൻ ജനിച്ചു എന്ന് വിശ്വസിക്കുന്ന ഇടം നോക്കിയാണ് ഹൈന്ദവർ പ്രാർഥിക്കുന്നത് എന്നതുകൊണ്ട്, അവർക്ക് ആ സ്ഥലത്തിനു മേലുള്ള അവകാശം അംഗീകരിച്ചുകൊടുക്കുകയാണ് കോടതി. ഒരാൾ സ്വന്തം പറമ്പിൽനിന്ന് മറ്റൊരാളുടെ പറമ്പിലേക്ക് നോക്കി പ്രാർഥിച്ചാൽ, ആ പറമ്പിൽ മറ്റേയാൾക്കും അവകാശമുണ്ടാകുമെന്ന വാദവും ദഹിക്കാൻ പ്രയാസമുള്ളതാണ്.

ഇനി രാംലല്ലയുടെ വാദങ്ങൾ നോക്കാം. ബാബരി പള്ളിയെ ഇസ്‍ലാമിക വിശ്വാസപ്രകാരം ഒരു പള്ളിയായി കണക്കാക്കാൻ കഴിയില്ല, ഈ പള്ളി പണിതിരിക്കുന്നത് രാമക്ഷേത്രം തകർത്ത് അതിനുമേലാണ്, രാമ ജന്മഭൂമിയെ ഒരു നിയമവ്യക്തിത്വമായി പരിഗണിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇത് മൂന്നും കോടതി തള്ളി. പക്ഷേ, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രാം ലല്ലക്ക് നൽകുകയുംചെയ്തു! അതുപോലെതന്നെ 1949ൽ രാംലല്ല പള്ളിക്കകത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായിട്ടാണ്. അപ്രകാരം അതിക്രമിച്ചു കടന്നവർക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകുന്നത് സാമാന്യയുക്തിക്ക് ചേരുന്നതല്ല. അവകാശം സമ്പൂർണമായി തെളിയിക്കാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം ‘രാം ലല്ല’ക്ക് അനുകൂലമായി വരുന്നുവെന്നാണ് കോടതി പറയുന്നത്.

അയോധ്യ വിധിയെ അപഗ്രഥിക്കുമ്പോൾ, വളരെ ശരിയായ നൈയാമിക ചട്ടക്കൂടുകൾക്കുള്ളിൽ കേസ് ഫ്രെയിം ചെയ്തിട്ടുള്ളതായി കാണാം. എന്നാൽ അനന്തരം, തുറന്നുപറയാതെ തന്നെ വിശ്വാസം ഒരു പ്രധാന ഘടകമായി കടന്നുവരുകയാണ്. തെളിവ് നൽകാനുള്ള ബാധ്യതയെ ഏകപക്ഷീയമായി വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്. രാം ലല്ലയുടെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞതിനു ശേഷവും തർക്കഭൂമി മുഴുവൻ രാം ലല്ലക്കുതന്നെ വിട്ടുകൊടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നത് അങ്ങനെയാണ്.

 

ഗ്യാൻവാപി മസ്ജിദ്

അയോധ്യ വിധി പുറത്തുവന്നപ്പോൾ, സുപ്രീംകോടതിയുടെ ചരിത്രത്തിൽ മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത ഒരു പ്രത്യേകത ഉണ്ടായിരുന്നു. വിധിയിൽ, ആരാണ് അതെഴുതിയതെന്നു വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും വിധിയുടെ ഘടനയും ഭാഷയും ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുമെല്ലാം പരിശോധിക്കുമ്പോൾ അത് രചിച്ചത് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണെന്ന് വ്യക്തമായിരുന്നു. എന്നാൽ, അതിന് സ്ഥിരീകരണമുണ്ടായില്ല. എന്നാൽ, ഇപ്പോഴിതാ അദ്ദേഹംതന്നെ അക്കാര്യം സൂചിപ്പിച്ചിരിക്കുന്നു. തന്റെ ജന്മനാട്ടിൽ നടന്ന ഒരു ചടങ്ങിൽ ​െവച്ച്, കഴിഞ്ഞ ഒക്ടോബർ 21ന് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “ന്യായാധിപൻ എന്ന നിലയിൽ, പലപ്പോഴും പരിഹാരം കണ്ടെത്താൻ കഴിയാത്ത കേസുകളുണ്ടാവാറുണ്ട്.

അയോധ്യ കേസ് പരിഗണിക്കവേ അങ്ങനെ സംഭവിച്ചു. മൂന്നുമാസമാണ് അതങ്ങനെ എന്റെ മുന്നിലിരുന്നത്. ഒടുവിൽ ഞാൻ ദൈവത്തിന്റെ മുന്നിലിരുന്നു. ഒരു പരിഹാരം അഭ്യർഥിച്ചു. ദൈവം എനിക്കൊരു വഴി കാണിച്ചുതന്നു.” അതായത് കേസിന്റെ വാദം അവസാനിച്ചു കഴിഞ്ഞപ്പോഴും ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ നിയമപരമായ പരിഹാരം എന്തെന്ന് മനസ്സിലാക്കാൻ ന്യായാധിപർക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ദൈവത്തോട് പ്രാർഥിച്ചു. ദൈവം അദ്ദേഹത്തിനൊരു പരിഹാരം നൽകി. അതാണ് 2018ലെ കോടതിവിധിയായി പുറത്തുവന്നത്!

ഞെട്ടിപ്പിക്കുന്ന പ്രസ്താവനയാണിത്. ‘ദേവപ്രശ്‌നം’ നടത്തി പരിഹാരം കണ്ടെത്താൻ ഇന്ത്യയൊരു മതരാഷ്ട്രമൊന്നുമല്ല. മതേതര ജനാധിപത്യ രാജ്യമാണ്. ഭരണഘടനാനുസൃതമായി മുന്നോട്ടു പോകേണ്ട, ഒരു റിപ്പബ്ലിക്. ആ ഭരണഘടനയുടെ കാവൽക്കാരനായി പ്രവർത്തിക്കേണ്ട രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലവനാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഭരണഘടനയുടെ അനുച്ഛേദം 124 (6) അനുസരിച്ച് പ്രതിജ്ഞയെടുത്ത് പദവി ഏറ്റെടുത്തയാൾ. മൂന്നാം ഷെഡ്യൂളിൽ നാലാം ഫോറത്തിൽ അതു നമുക്ക് വായിക്കാം. തന്നിൽ അർപ്പിതമായ കടമകൾ ഭരണഘടനയുടെയും നിയമത്തിന്റെയും വ്യവസ്ഥകൾക്കനുസൃതമായി, ഭയമോ പക്ഷപാതിത്വമോ ദുഷ്ചിന്തകളോ കൂടാതെ നിർവഹിക്കുമെന്ന ഉറപ്പാണത്. ഒരു വിധിയെഴുതുമ്പോൾ, ജഡ്ജി, കേസിന്റെ വസ്തുതകൾ സമാഹരിച്ച് സംഗ്രഹിക്കുന്നു.

എന്നിട്ട് നിലവിലുള്ള നിയമങ്ങളും ഭരണഘടനയും പരിഗണിച്ച് ഉചിതമായ തീരുമാനത്തിലേക്കെത്തുന്നു. അങ്ങനെയാണ് വേണ്ടത്. അങ്ങനെയേ പാടുള്ളൂ. എന്നാലിവിടെ ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത് തനിക്ക് അങ്ങനെയൊരു തീരുമാനത്തിലേക്കെത്താൻ കഴിഞ്ഞില്ലെന്നാണ്. സാധാരണ ഗതിയിൽ കാര്യങ്ങൾ മനസ്സിലാക്കാനും നിയമങ്ങൾ വ്യാഖ്യാനിക്കാനും ഭരണഘടനാതത്ത്വങ്ങൾ വിശദീകരിക്കാനും അതുവഴി തീരുമാനങ്ങളിലേക്കെത്താനും അപാരമായ ശേഷിയുള്ള വ്യക്തിയാണ് അദ്ദേഹം. ഇക്കാര്യത്തിൽ പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. മൂന്നുമാസംകൊണ്ടും പരിഹാരം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ദൈവത്തോട് അദ്ദേഹം പരിഹാരത്തിനായി പ്രാർഥിച്ചു. ദൈവം അദ്ദേഹത്തിന് പരിഹാരം നിർദേശിച്ചു എന്നാണ്.

ഇതിനർഥം ഒന്നുകിൽ അദ്ദേഹത്തിന് ഒരു ജഡ്ജി എന്നനിലയിൽ താൻ ചെയ്യേണ്ട ഉത്തരവാദിത്തം നിർവഹിക്കാനുള്ള കഴിവില്ല; അല്ലെങ്കിൽ ഭരണഘടനാ പദ്ധതി പ്രകാരം നിർവഹിക്കേണ്ട ഒരു കടമ, അതിനു പുറത്തുള്ള, മറ്റൊരു മാർഗം അവലംബിച്ചുകൊണ്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇത് നിശ്ചയമായും അദ്ദേഹം സ്ഥാനമേറ്റെടുക്കുമ്പോൾ ഏറ്റുചൊല്ലിയ പ്രതിജ്ഞയുടെ ലംഘനമാണ്.

ദൈവഹിത പ്രകാരം കാര്യങ്ങൾ തീരുമാനിക്കാൻ ഇതൊരു മത രാഷ്ട്രമൊന്നുമല്ല. തെളിവുകളും നിയമങ്ങളും ഭരണഘടനാ മൂല്യങ്ങളുമാണ് നമ്മുടെ വഴികാട്ടികൾ, അല്ലാതെ ഏതെങ്കിലും ഒരു മതവിശ്വാസ സംഹിതയല്ല. നമ്മുടെ ജുഡീഷ്യൽ സംവിധാനം അനുസരിച്ചുള്ള എല്ലാ മാർഗങ്ങളും അവസാനിച്ചുകഴിഞ്ഞ കേസെന്ന നിലക്ക്, ഇതിന്മേലുള്ള ചർച്ചകൾക്ക് ഇനി അക്കാദമിക പ്രസക്തി മാത്രമാണുള്ളത്. എന്നിരുന്നാൽപോലും, ഭൗതികേതര പരിഗണനകൾ ​െവച്ച് തീരുമാനമെടുത്തു എന്ന കാരണം കൊണ്ട് വിധി പുനഃപരിശോധിക്കാൻ കഴിയുമോ എന്നൊക്കെ ആളുകൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു.

ഈ ജൂലൈ മാസത്തിൽ അദ്ദേഹം അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ പോയി പ്രാർഥന നടത്തിയ വാർത്തയും നമ്മൾ കണ്ടതാണ്. അയോധ്യ കേസിൽ ദൈവം തന്റെ അടുത്ത സുഹൃത്തിലൂടെ കക്ഷിചേർന്നിരുന്നു. ആ ദൈവത്തിനു തന്നെയാണ് പള്ളിയിരുന്ന ഭൂമി വിട്ടുനൽകിയതും. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്ന് പറഞ്ഞ അതേ കോടതിയാണ് പ്രസ്തുത സ്ഥലം അമ്പലത്തിനു വിട്ടുകൊടുത്തത്. ഇതിൽ ഒരു താൽപര്യ വൈരുധ്യമില്ലേ എന്ന ചോദ്യവും ഉയർന്നുവരാം. ജസ്റ്റിസ് ചന്ദ്രചൂഡ്, ഏതു ദൈവത്തോടാണ് പ്രാർഥിച്ചതെന്ന് അന്വേഷിക്കുകയുമാവാം.

നടപടിയോട് ഇതിനെ ചേർത്തുവായിച്ചുകൊണ്ട് ചില തമാശകൾ സുപ്രീംകോടതിയുടെ ഇടനാഴികളിൽ ആളുകൾ പറഞ്ഞുപോകുന്നുണ്ട്. ദുഷ്യന്ത് ദവേ, കരൺ ഥാപ്പറിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്ന ഒരു തമാശ ഇങ്ങനെയാണ്: “അയോധ്യ കേസിൽ ഒരു പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ദൈവത്തോട് പ്രാർഥിച്ചു. ദൈവം നരേന്ദ്ര മോദിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പരിഹാരവും നിർദേശിച്ചു!” ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിലെ പരമോന്നത സ്ഥാനത്തെ ഇത്തരം പരിഹാസങ്ങൾക്ക് വിട്ടുകൊടുക്കുന്ന തരത്തിൽ പ്രവർത്തിച്ചത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കമായി അവശേഷിക്കും.

ഇത്തരം കാര്യങ്ങൾ ആലോചനാരഹിതമായി, പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നയാളല്ല അദ്ദേഹം. അത്രമേൽ ബൗദ്ധികശേഷിയുള്ള വ്യക്തിയാണ്. പിന്നെയെന്തുകൊണ്ട് അദ്ദേഹമിങ്ങനെ പെരുമാറുന്നുവെന്നത് കാലം തെളിയിക്കും. എന്തായാലും രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളം ഒരു സുപ്രീംകോടതി ജഡ്ജിയും തന്റെ വിശ്വാസങ്ങളെയും വിചാരങ്ങളെയും മാധ്യമങ്ങൾക്കു മുന്നിൽ ഇതുപോലെ വിവാദ വിഷയമാക്കിയിട്ടില്ല. ചരിത്രം അദ്ദേഹത്തോട് കരുണ കാണിക്കുമെന്ന് കരുതുക വയ്യ.

രാജ്യത്തെ ആരാധനാലയങ്ങളുടെ, 1947 ആഗസ്റ്റ് 15നുള്ള സ്വഭാവം മാറ്റം കൂടാതെ സംരക്ഷിക്കണമെന്നും, അതിന്മേൽ ഇനി ഒരു തർക്കവും അനുവദനീയമല്ലെന്നും വ്യക്തമാക്കുന്ന 1992ലെ പ്ലേസസ് ഓഫ് വർഷിപ് ആക്ടിനെ കുറിച്ച് അയോധ്യ വിധിയിൽ സുദീർഘമായി പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയുടെ മതേതര മൂല്യങ്ങളുടെ അനിവാര്യ ഭാഗമാണ് ആ നിയമം എന്നും ഇത്തരം തർക്കങ്ങൾ രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘർഷങ്ങൾക്കും മരുന്നായിക്കൂടാ എന്നും വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പാർശ്വ പരാമർശം എന്നതിനപ്പുറത്തേക്ക് ഒരു അർഥവും അതിൽ ഉണ്ടായിരുന്നില്ലെന്ന് നമുക്ക് ബോധ്യപ്പെടുന്നത് ഗ്യാൻവാപി പള്ളിയുടെ മേൽ തർക്കം ഉയർന്നുവന്നപ്പോഴാണ്.

ഗ്യാൻവാപി മോസ്കിൽ എ.എസ്.ഐ സർവേ തുടങ്ങിയിരിക്കുന്നു. ഗ്യാൻവാപി ഹരജി പ്ലേസസ് ഓഫ് വർഷിപ് ആക്ടിനു വിരുദ്ധമാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്നേയുള്ളൂ, അത് പരിശോധിക്കാൻ പാടില്ലെന്നില്ല എന്ന വിചിത്രന്യായം പറഞ്ഞത് അയോധ്യ വിധിയെഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെയാണ്! ആ തർക്കം രാജ്യത്തെ എങ്ങോട്ട് നയിക്കുമെന്ന് കാത്തിരുന്ന് കാണുകതന്നെ വേണം. അവിടെയും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാട് ചരിത്രം ചോദ്യം ചെയ്യുകതന്നെ ചെയ്യും.

ലേഡി ജസ്റ്റിസിന്റെ പുതിയ ശിൽപത്തിൽ കണ്ണുകൾ ബന്ധിച്ചിരുന്നത് അഴിച്ചുമാറ്റിയിട്ടുണ്ട്. മുന്നിലിരിക്കുന്നവർ ആരെന്നു നോക്കാതെ നീതി നടപ്പാക്കണമെന്ന പഴയ വിശ്വാസങ്ങൾക്ക് ഇനി പ്രസക്തിയില്ല. ആരെന്ന് കണ്ടറിഞ്ഞ് തന്നെ നിയമങ്ങൾ വ്യാഖ്യാനിക്കണം. നിയമങ്ങളുടെ വ്യാഖ്യാനത്തിൽ ഒരു പ്രത്യേക സിദ്ധിതന്നെയുണ്ട് ജസ്റ്റിസ് ചന്ദ്രചൂഡിന്. എന്നാൽ, ആ കഴിവുകൾ എങ്ങനെയും പ്രയോഗിക്കാനുള്ളതല്ല. ജസ്റ്റിസ് ബെഞ്ചമിൻ എൻ. കാർഡോസോ എഴുതിയതുപോലെ ‘‘ഒരു ന്യായാധിപൻ സ്വതന്ത്രനാണെന്ന് പറയുമ്പോഴും അയാൾക്ക് പരിപൂർണ സ്വാതന്ത്ര്യമില്ല. അയാളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വ്യാഖ്യാനങ്ങളൊന്നും പറ്റില്ല. ജഡ്ജിമാർ, ന്യായവും നീതിയും സംബന്ധിച്ച സ്വന്തം ആശയങ്ങൾ പ്രാവർത്തികമാക്കാനായി ഉലകം ചുറ്റുന്ന അശ്വാരൂഢരല്ല. നിയതമായ നിയമ തത്ത്വങ്ങൾക്കനുസൃതമായാണ് അവർ പ്രവർത്തിക്കേണ്ടത്.’’

ജസ്റ്റിസ് ചന്ദ്രചൂഡിനെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം അത്ര പാകമാകില്ല, അയോധ്യവിധിയിൽ ആരാധനാലയ നിയമത്തെക്കുറിച്ച് എഴുതിയ അതേ ചന്ദ്രചൂഡ് തന്നെയാണോ ഗ്യാൻവാപി തർക്കമുണ്ടായപ്പോൾ അഭിപ്രായം പറഞ്ഞതെന്ന് നമ്മൾ ആശ്ചര്യപ്പെട്ടുപോകും. ഫെഡറലിസത്തെക്കുറിച്ച് വാചാലനാകുന്ന ഈ ന്യായാധിപൻ തന്നെയാണോ കശ്മീരിൽ ഫെഡറലിസത്തെ കശാപ്പുചെയ്ത ഗവൺമെന്റ് നടപടിക്ക് കുടപിടിച്ചത് എന്നുമോർക്കും. നവതേജ് സിങ് ജവഹർ കേസിൽ വിധിയെഴുതിയ അതേ ന്യായാധിപനാണോ, ഇതരലിംഗക്കാർക്ക് വിവാഹിതരാകാനുള്ള അവകാശം വേണമെന്ന ഹരജിയിൽ, വിവാഹം കഴിക്കാനുള്ള മൗലികാവകാശമില്ലെന്നു പറഞ്ഞതെന്നും നമ്മൾ അത്ഭുതംകൂറും.

ഏറ്റവുമൊടുവിൽ, ഭരണഘടനയുടെ അനുച്ഛേദം 31 (സി)യുമായി ബന്ധപ്പെട്ട കേസിൽ സ്വകാര്യസ്വത്ത് സംബന്ധിച്ച വിധിപ്രസ്താവം പരിശോധിക്കുക. നിർദേശകതത്ത്വങ്ങളുടെ ഭാഗമായ 39 (ബി)യിൽ ‘‘സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മക്ക് ഏറ്റവും ഉതകുന്ന തരത്തിൽ വിതരണംചെയ്യുക’’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പറയുന്ന ഭൗതിക വിഭവങ്ങളിൽ ‘സ്വകാര്യസ്വത്ത്’ ഉൾപ്പെടുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. അത് വ്യക്തമാക്കവേ, നേരത്തേ മറിച്ച് വിധിയെഴുതിയിട്ടുള്ള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിലപാട് കാലഹരണപ്പെട്ട ഒരു സാമ്പത്തിക തത്ത്വശാസ്ത്രത്തിന്റെ സ്വാധീനത്തിലാണെന്ന വിമർശനവും ഉന്നയിച്ചിട്ടുണ്ട് അദ്ദേഹം.

ജസ്റ്റിസ് ധൂലിയ, ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. സമ്പത്തിന്റെ തുല്യമായ വിതരണമെന്ന ഭരണഘടനാപരമായ ലക്ഷ്യത്തെ ഭൂരിപക്ഷവിധി വേണ്ടത്ര പരിഗണിച്ചില്ലെന്ന വിമർശനവും ഉന്നയിച്ചു. കൂടാതെ, ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർക്ക് നേരെ, ചീഫ് ജസ്റ്റിസ് നടത്തിയ വിമർശനം, അനാവശ്യവും നിർദയവും നിന്ദാപരവുമാണെന്ന് പ്രസ്താവിച്ചു. മുൻകാല വിധികളെ മാറ്റിയെഴുതുമ്പോൾ, അന്നത്തെ ന്യായാധിപരെ വ്യക്തിപരമായി വിമർശിക്കുന്നത് ശരിയായ നടപടിയാണെന്ന് കരുതാനാവില്ല. ജസ്റ്റിസ് ചന്ദ്രചൂഡിനെപ്പോലെ വളരെ ഉയർന്ന ബൗദ്ധിക നിലവാരമുള്ള ഒരാൾ, ഇതുപോലൊരു സമീപനം സ്വീകരിക്കുമെന്ന് വിചാരിച്ചതുമില്ല.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ലഗസി ഇത്തരം വൈരുധ്യങ്ങളിലാണ് കുടികൊള്ളുന്നത്. സ്ഥിരതയില്ലാത്ത നിലപാടുകളിലൂടെ, ഭരണരംഗത്തെ തെറ്റായ നിലപാടുകളിലൂടെ, അതിലുപരി രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ സ്വതന്ത്ര നിലപാട് എടുക്കാനുള്ള ധൈര്യമില്ലായ്മയിലൂടെ, തന്റെ അനന്യമായ ചിന്താശേഷിയെയും ഗഹനമായ നിയമപാണ്ഡിത്യത്തെയും ചരിത്രത്തിലെ മറക്കാനാഗ്രഹിക്കുന്ന വഴികളിലേക്ക് തിരിച്ചുവിടുകയാണ് ദൗർഭാഗ്യവശാൽ അദ്ദേഹം ചെയ്തത്.

2017ൽ, സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്റെ വിധിയിൽ എഴുതിച്ചേർത്ത വാചകമാണ് ഓർമ വരുന്നത്. സ്വന്തം പിതാവ് വൈ.വി. ചന്ദ്രചൂഡ് കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ, കുപ്രസിദ്ധമായ എ.ഡി.എം ജബൽപുർ കേസിലെ (അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോർപസ് കേസ്) തീരുമാനത്തെ നിശിതമായി വിമർശിച്ചാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. വാചകമിതാണ്: “രാഷ്ട്രങ്ങളുടെ ചരിത്രമെഴുതുമ്പോൾ പല വിധിന്യായങ്ങളും സ്വാതന്ത്ര്യത്തിന്റെ സീമകളെ വിപുലപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാറുണ്ട്.

എന്നാൽ ചില തീരുമാനങ്ങൾ, അവ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന ഓർമപ്പെടുത്തലിനുവേണ്ടി മാത്രം റെ​േക്കാഡ് പുരകളിൽ സൂക്ഷിക്കേണ്ടവയാണ്.” അളവറ്റ പ്രതീക്ഷകളോടെ സ്ഥാനം ഏറ്റെടുത്തതിനുശേഷം, സുപ്രീംകോടതിയിലെ ‘ദേവപ്രശ്ന’മായി മാറിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചരിത്രവും അതുപോലെയാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന ഓർമപ്പെടുത്തലിനുവേണ്ടി മാത്രം റെ​േക്കാഡ് പുരകളിൽ സൂക്ഷിക്കേണ്ടത്.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.