സംഗീതസംവിധായകൻ ശ്യാമിന്റെ ചലച്ചിത്ര സംഗീത ജീവിതത്തിന് അമ്പത് വയസ്സ്. മധു നിർമിച്ചു സംവിധാനംചെയ്ത ‘മാന്യശ്രീ വിശ്വാമിത്രനി’ (1974)ലൂടെയാണ് മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി ശ്യാമിന്റെ അരങ്ങേറ്റം. ശ്യാമിന്റെ സംഗീതവഴികളെയും പാട്ടുകളെയും കുറിച്ച് എഴുതുകയാണ് സംഗീത ചരിത്രകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ.
അമ്പതു വർഷങ്ങൾക്കിപ്പുറവും കാതിലുണ്ട് ശാന്തഗംഭീരമായ ആ ശബ്ദം: ‘‘ലുക്ക് മിസ്റ്റർ ശ്യാം, നോബഡി ഈസ് ഇൻഡിസ്പെൻസബിൾ ഇൻ ദിസ് ഫീൽഡ്. ഒഴിച്ചുകൂടാത്തവരായി ആരുമില്ല സിനിമയിൽ; ഞാനും നിങ്ങളുമുൾപ്പെടെ...’’
പറയുന്നത് മധു. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച സംവിധായകൻ, നിർമാതാവ്, നടൻ. ‘‘തുടക്കക്കാരനായ എന്നെ സംബന്ധിച്ച് വലിയൊരു വെളിപാടായിരുന്നു ആ ഉപദേശം.’’ –സംഗീത സംവിധായകൻ ശ്യാമിന്റെ ഓർമ. സിനിമാജീവിതത്തിലെ ഉയർച്ച താഴ്ചകളെ ഒരേ മനസ്സോടെ, സമചിത്തതയോടെ നേരിടാൻ പ്രചോദനമായത് മധു സാറിന്റെ ആ വാക്കുകളാവണം. വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാനും വീഴ്ചകളിൽ തളരാതിരിക്കാനും സഹായിച്ച ഉപദേശം. നന്ദി, മധു സാർ, നന്ദി.
അര നൂറ്റാണ്ടു മുമ്പ് മധു നിർമിച്ചു സംവിധാനം ചെയ്ത ‘മാന്യശ്രീ വിശ്വാമിത്രനി’ലൂടെ (1974) യാണ് മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി ശ്യാമിന്റെ അരങ്ങേറ്റം. ‘‘ആദ്യം സൃഷ്ടിച്ച പാട്ട് യേശുദാസ് തന്നെ പാടണമെന്ന് തുടക്കക്കാരനായ ഒരു സംഗീത സംവിധായകൻ മോഹിച്ചുപോകുക സ്വാഭാവികമല്ലേ? നിർഭാഗ്യവശാൽ ദാസ് അപ്പോൾ നാട്ടിലില്ല. വിദേശത്താണ്. മധു സാറിനാണെങ്കിൽ പാട്ട് ഉടനെ ചിത്രീകരിച്ചേ പറ്റൂ. എന്തു ചെയ്യണമെന്നറിയാതെ വിഷണ്ണനായി നിന്ന എന്നോട് സാർ ചിരിച്ചുകൊണ്ട് പറഞ്ഞു: സ്വന്തം കഴിവുകളിൽ നിങ്ങൾക്ക് വിശ്വാസമില്ലേ? യേശുദാസ് ഇല്ലെങ്കിൽ ജയചന്ദ്രൻ. സിനിമ ആർക്കും വേണ്ടി കാത്തുനിൽക്കുന്നില്ല മിസ്റ്റർ ശ്യാം.’’
‘‘ഹാ സംഗീത മധുരനാദം...’’ എന്ന പാശ്ചാത്യ ശൈലിയിലുള്ള ക്ലബ് ഡാൻസ് ഗാനം ജയചന്ദ്രന്റെയും കൂട്ടരുടെയും ശബ്ദത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതും അന്നത്തെ കാമ്പസുകൾ ഏറ്റെടുത്തതും പിന്നീടുള്ള കഥ. ബ്രഹ്മാനന്ദന്റെ മറക്കാനാവാത്ത പ്രണയഗാനങ്ങളിലൊന്ന് നാം കേട്ടതും അതേ സിനിമയിൽ തന്നെ: ജാനകിയോടൊപ്പം പാടിയ ‘‘കനവ് നെയ്തൊരു കൽപിത കഥയിലെ...’’ ഉൾപ്പെടെ ‘മാന്യശ്രീ വിശ്വാമിത്രനി’ലെ ആറു പാട്ടുകളും ഭേദപ്പെട്ട ഹിറ്റുകളായി മാറുന്നു.
മലയാള സിനിമയുടെ രണ്ടു പതിറ്റാണ്ടുകളെ ദീപ്തമാക്കിയ ശ്യാം യുഗത്തിന് തുടക്കം കുറിച്ച ഗാനങ്ങൾ. ‘‘നന്ദി പറയേണ്ടത് നിങ്ങൾ മലയാളികളോടാണ്. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ എന്നെ സ്നേഹിച്ചു നിങ്ങൾ. ജന്മംകൊണ്ട് മലയാളി അല്ലായിരിക്കാം. എങ്കിലും എന്റെയുള്ളിൽ സ്പന്ദിക്കുന്നത് മലയാളിയുടെ ഹൃദയമല്ലേ എന്ന് തോന്നിയിട്ടുണ്ട്. സിനിമയിൽ സജീവമല്ലാതായി വർഷങ്ങളേറെയായിട്ടും ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽനിന്ന് ഒരു മലയാളിയുടെയെങ്കിലും ഫോൺകോൾ ലഭിക്കാത്ത ദിവസങ്ങളില്ല ഇന്നും എന്റെ ജീവിതത്തിൽ’’ –വികാരാധിക്യത്താൽ ശ്യാമിന്റെ ശബ്ദം ഇടറുന്നു.
യാദൃച്ഛികമായിരുന്നു മലയാള സിനിമയിലേക്കുള്ള ശ്യാമിന്റെ വരവ്. തമിഴിൽ എം.എസ്. വിശ്വനാഥൻ ഉൾപ്പെെടയുള്ള പ്രമുഖ സംഗീതസംവിധായകരുടെയെല്ലാം റെക്കോഡിങ്ങുകളിൽ സ്ഥിരം വയലിനിസ്റ്റാണ് അന്ന് ശ്യാം എന്ന സാമുവൽ ജോസഫ്. ശ്വാസം വിടാൻപോലും സമയമില്ലാത്ത അവസ്ഥ. അതിനിടെ മല്ലിയം രാജഗോപാൽ സംവിധാനംചെയ്ത ‘അപ്പാ അമ്മ’ എന്നൊരു തമിഴ് സിനിമയിൽ സംഗീതം ചെയ്യുന്നുമുണ്ട്. നവവധൂവരന്മാരായ രവിചന്ദറും ഷീലയുമായിരുന്നു സിനിമയിലെ പ്രണയ ജോടി.
‘മാന്യശ്രീ വിശ്വാമിത്ര’നു വേണ്ടി പാശ്ചാത്യ സംഗീതത്തിൽ സാമാന്യം അറിവുള്ള പുതിയൊരു സംഗീത സംവിധായകനെ തിരഞ്ഞുകൊണ്ടിരുന്ന മധുവിനോട് ശ്യാമിന്റെ പേര് നിർദേശിച്ചത് ഷീലയാണ്. ‘അപ്പ അമ്മ’യിലെ പാട്ടുകളിൽ, പ്രത്യേകിച്ച് വാദ്യവിന്യാസത്തിൽ ശ്യാം കൊണ്ടുവന്ന പുതുമ ഷീലയെ ആകർഷിച്ചിരിക്കണം. വാസു സ്റ്റുഡിയോയിൽ ‘മാന്യശ്രീ വിശ്വാമിത്ര’ന്റെ ഷൂട്ടിങ് തുടങ്ങിയ സമയം. ‘‘സ്റ്റുഡിയോയിൽ ചെന്ന് മധു സാറിനെ നേരിൽ കാണണമെന്ന് ഷീല പറഞ്ഞപ്പോൾ ആദ്യം എനിക്ക് മടിയായിരുന്നു. പൊതുവെ അന്തർമുഖനാണ് ഞാൻ. അങ്ങനെ ആരോടും കയറിച്ചെന്ന് സംസാരിക്കുന്ന ശീലമില്ല. ഷീലക്കാണെങ്കിൽ വലിയ നിർബന്ധം. അങ്ങനെയാണ് മധു സാറിനെ ചെന്ന് കണ്ടത്. ചുരുങ്ങിയ വാക്കുകളിൽ മധു സാർ കാര്യം പറഞ്ഞു. ഷീല കാര്യമായി പരിചയപ്പെടുത്തിയതിനാലാവണം അധികം ചോദ്യങ്ങളൊന്നുമില്ല.’’
ഒരേയൊരു ഉപാധിയേ ഉണ്ടായിരുന്നുള്ളൂ ശ്യാമിന്. പകൽസമയത്ത് റെക്കോഡിങ് തിരക്കുകൾ ഉള്ളതിനാൽ രാത്രി വൈകിയേ കമ്പോസിങ്ങിന് വരാൻ പറ്റൂ. മധുവിന് പൂർണ സമ്മതം. കഥയിലെ ഗാനസന്ദർഭങ്ങൾ അശോക് നഗറിലെ വീട്ടിൽ ഇരുന്നാണ് മധു ശ്യാമിനെ പറഞ്ഞുകേൾപ്പിച്ചത്. ‘‘പാട്ടെഴുതുന്നത് പി. ഭാസ്കരനാണ് എന്നറിഞ്ഞപ്പോൾ ചെറിയൊരു പേടി. മലയാളത്തിലെ വലിയ കവിയാണ്. ട്യൂണിന് അനുസരിച്ചു എഴുതാൻ താൽപര്യമില്ലാത്ത ആളാണെന്നാണ് കേട്ടിട്ടുള്ളത്. എനിക്കാണെങ്കിൽ മറിച്ചാണ് ചെയ്തു ശീലം.’’ എന്തായാലും വരുംപോലെ വരട്ടെ എന്നുറച്ച് കവിയെ കാത്തിരിക്കുന്നു ശ്യാം.
ഭാസ്കരൻ മാഷ് വന്നപ്പോൾ മടിച്ചു മടിച്ചാണ് കാര്യം ഉണർത്തിച്ചത്. അദ്ദേഹം പൊട്ടിത്തെറിക്കുമോ എന്നായിരുന്നു യുവസംഗീത സംവിധായകന്റെ പേടി. എന്നാൽ മറിച്ചായിരുന്നു അനുഭവം. കാര്യം പറഞ്ഞിട്ടും മാഷിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല. ട്യൂൺ കേൾക്കട്ടെ എന്നായി അദ്ദേഹം. ഓരോ ട്യൂണും മൂളിക്കേൾപ്പിച്ചു ശ്യാം. ശ്രദ്ധാപൂർവം അവ കേട്ട ശേഷം അപ്പുറത്തെ മുറിയിൽ പോയിരിക്കും മാഷ്. അര മണിക്കൂറിനകം എഴുതിയ പാട്ടുമായി പുറത്തുവരികയും ചെയ്യും. കൃത്യമായി ഈണത്തിന്റെ സ്കെയിലിൽ ഒതുങ്ങിനിന്ന, കഥാമുഹൂർത്തങ്ങളുമായി അങ്ങേയറ്റം ചേർന്നുനിന്ന ഗാനങ്ങൾ.
മാധുരിക്ക് വേണ്ടി ഒരുക്കിയ ഹാസ്യഗാനമാണ് തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതെന്ന് ശ്യാം. ഈണത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് രസകരമായ ഒരു കഥ പറയുന്നു പാട്ടിലൂടെ ഭാസ്കരൻ മാഷ്. ‘‘കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പുള്ളേച്ചൻ... തൊണ്ണൂറ് കഴിഞ്ഞപ്പോൾ പെണ്ണു കെട്ടാൻ പോയ്, താലി വാങ്ങിവന്നു മാല വാങ്ങിവന്നു താനും കൂട്ടുകാരും പന്തലിൽ ചെന്നു...’’ അസാമാന്യമായ ആ പ്രതിഭാവിലാസത്തിന് മുന്നിൽ നമിച്ചുപോയെന്ന് ശ്യാം. ജീനിയസുകൾക്ക് വിരൽത്തുമ്പിലാണ് വാക്കുകൾ എന്ന് മനസ്സിലായത് അന്നാണ്. മാഷുമായി പിന്നീട് മൂന്നോ നാലോ സിനിമകളിലേ ഒന്നിക്കാൻ ഭാഗ്യമുണ്ടായുള്ളൂ. ഏറ്റവും ഒടുവിൽ ഒരുമിച്ച ‘ഡെയ്സി’ (1995) യിലായിരുന്നു ഏറ്റവും വലിയ ഹിറ്റ്: ‘‘ഓർമതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം.’’ അതും ഈണത്തിനനുസരിച്ച് കുറിച്ച വരികൾതന്നെ.
‘മാന്യശ്രീ വിശ്വാമിത്രൻ’ റിലീസായതിന് പിന്നാലെ വീണ്ടും മധുവിന്റെ വിളി വരുന്നു. വീടിനോടു ചേർന്നുള്ള അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നപ്പോൾ ശ്യാമിനെ അമ്പരപ്പിച്ചുകൊണ്ട് സാമാന്യം ഭേദപ്പെട്ട ഒരു തുക എടുത്തു നീട്ടുകയാണ് മധു സാർ ചെയ്തത്. ‘‘എന്റെ അടുത്ത രണ്ടു പടവും നിങ്ങൾതന്നെ ചെയ്യുന്നു. അതിനുള്ള അഡ്വാൻസ് ആണിത്’’ –അദ്ദേഹം പറഞ്ഞു. ‘അക്കൽദാമ’, ‘കാമം ക്രോധം മോഹം’ എന്നിവയായിരുന്നു ആ പടങ്ങൾ. വ്യത്യസ്തമായ സൗണ്ടിങ് ഉള്ള പാട്ടുകളാണ് ഇരു ചിത്രങ്ങളിലും ശ്യാം ഒരുക്കിയത്. ബ്രഹ്മാനന്ദൻ പാടിയ ‘‘നീലാകാശവും മേഘങ്ങളും’’ (അക്കൽദാമ), യേശുദാസ്-സുശീലമാരുടെ ‘‘രാഗാർദ്രഹംസങ്ങളോ’’ (കാമം ക്രോധം മോഹം) എന്നീ പാട്ടുകൾ എളുപ്പം ശ്രദ്ധിക്കപ്പെട്ടു. ‘കാമം ക്രോധം മോഹ’ത്തിലൂടെ ബേബി സുജാതയെ ആദ്യമായി യേശുദാസിനൊപ്പം യുഗ്മഗാനത്തിൽ പങ്കാളിയാക്കിയതും ശ്യാം തന്നെ: ‘‘സ്വപ്നം കാണും പെണ്ണേ.’’ സുജാതക്ക് അന്ന് കഷ്ടിച്ച് പതിനൊന്ന് വയസ്സ്.
ഭരണിക്കാവ് ശിവകുമാർ, ബിച്ചു തിരുമല എന്നീ ഗാനരചയിതാക്കൾ സംഗീതയാത്രയിൽ ശ്യാമിനെ അനുഗമിച്ചു തുടങ്ങിയതും ഈ പടങ്ങളിലൂടെ തന്നെ. പൂവച്ചൽ ഖാദറുമായി ആദ്യമായി ഒരുമിച്ചത് ‘ഒറ്റപ്പെട്ടവർ’, ‘ഇനി യാത്ര’ എന്നീ ചിത്രങ്ങളിൽ. യേശുദാസ് പാടിയ ‘‘ഇതിലേ ഏകനായ് അലയും ഗായകാ’’ (ഒറ്റപ്പെട്ടവർ) ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ ആദ്യ ഹിറ്റ്. ‘‘ഖാദറും ബിച്ചുവുമാണ് എനിക്കുവേണ്ടി ഏറ്റവും കൂടുതൽ പാട്ടെഴുതിയിട്ടുള്ളത്. ട്യൂൺ കേട്ടാൽ അടുത്ത നിമിഷം വരികൾ മൂളും ബിച്ചു. ഇടക്കൊക്കെ അൽപം കുഴപ്പം പിടിച്ച ഈണങ്ങൾ ഇട്ടുകൊടുത്ത് ബിച്ചുവിനെ പരീക്ഷിക്കാറുണ്ട് ഞാൻ; വെറുതെ ഒരു രസത്തിന്. എപ്പോഴും തോൽക്കുക ഞാനാകും. ഞൊടിയിടയിൽ പല്ലവിയുമായി വരും ബിച്ചു. അതൊരു കാലം...’’
‘റൗഡി രാമു’ എന്ന സിനിമയിൽ കേട്ടത് അത്തരമൊരു പരീക്ഷണമായിരുന്നു. ‘‘പതിവു ശൈലിയിൽ തന്നാ താനാനാ, ഹോ തനതനതനതന എന്നൊരു ട്യൂണാണ് മൂളിക്കൊടുത്തത്. ചടുലമായ ആ രണ്ടാമത്തെ ഫ്രേസ് എങ്ങനെ ബിച്ചു കൈകാര്യംചെയ്യും എന്നറിയാൻ കൗതുകമുണ്ടായിരുന്നു. എന്നാൽ, ബിച്ചു അവിടെയും എന്നെ ഞെട്ടിച്ചു. മഞ്ഞിൻ തേരേറി, ഹോ കുളിര്ണ് കുളിര്ണ്... പാട്ടിന്റെ മൂഡിനോട് പൂർണമായും ഇണങ്ങിനിന്ന പ്രയോഗമായിരുന്നു ആ കുളിര്ണ് കുളിര്ണ്. മറ്റൊരു രസം കൂടിയുണ്ട്. ഇതേ ഈണം തന്നെ ഞാൻ പിന്നീട് ‘മനിതരിൽ ഇത്തനൈ നിറങ്കളാ’ എന്ന തമിഴ് ചിത്രത്തിൽ ഉപയോഗിച്ചപ്പോൾ സാക്ഷാൽ കവിജ്ഞർ കണ്ണദാസൻ ആണ് വരികളെഴുതിയത്. ട്യൂൺ കേട്ടപ്പോൾ മലയാളത്തിലെ ഒറിജിനൽ ഗാനം കേൾക്കാൻ അദ്ദേഹത്തിന് മോഹം. പല്ലവി കേട്ട് ആരാണിതെഴുതിയത് എന്ന് അത്ഭുതത്തോടെ ചോദിച്ചറിഞ്ഞത് ഓർമയുണ്ട്.’’ എന്തായാലും മലയാളത്തിൽ ബിച്ചു എഴുതിയ ‘‘കുളിര്ണ് കുളിര്ണ്’’ എന്ന വരിയോളം ഭംഗി വന്നില്ല കണ്ണദാസന്റെ ‘‘ശരി ശരി ശരി ശരി’’ എന്ന പ്രയോഗത്തിന് (പൊന്നേ ഭൂമിയടി എന്ന പാട്ടിൽ).
ബിച്ചുവുമായുള്ള മനപ്പൊരുത്തത്തിൽ പിറന്നതാണ് ശ്യാമിന്റെ ഹിറ്റുകൾ ഏറെയും: ‘‘ശ്രുതിയിൽനിന്നുയരും’’, ‘‘മൈനാകം’’ (തൃഷ്ണ), ‘‘പാവാട വേണം’’, ‘‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’’ (അങ്ങാടി), ‘‘നിഴലായ് ഒഴുകിവരൂ’’ (കള്ളിയങ്കാട്ട് നീലി), ‘‘ഒരു മധുരക്കിനാവിൻ’’, ‘‘കസ്തൂരി മാൻകുരുന്നേ (കാണാമറയത്ത്), ‘‘കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും’’ (അനുബന്ധം), ‘‘ഓളങ്ങൾ താളം തല്ലുമ്പോൾ’’ (കടത്ത്)...
‘തൃഷ്ണ’യിലെ ഗാനങ്ങളുടെ പിറവിക്ക് പിന്നിൽ ചെറിയൊരു വാശിയുടെ കഥകൂടിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട് ഗാനരചയിതാവ് ബിച്ചു തിരുമല. റെക്കോഡിങ്ങിന്റെ തലേന്നാണ് ശശി വിളിച്ചുപറഞ്ഞത് –നാളെ എം.ടി വരുന്നു, ഉടൻ പാട്ടുകളൊരുക്കണം എന്ന്. ചെന്നൈയിലെ പാംഗ്രൂവിൽ ഈണങ്ങളുമായി ശ്യാം കാത്തിരിക്കുന്നു. ആദ്യം പാടിക്കേൾപ്പിച്ച ട്യൂൺ കേട്ടപ്പോഴേ ബിച്ചുവിന്റെ മനസ്സിൽ പല്ലവി റെഡി: ‘‘ശ്രുതിയിൽനിന്നുയരും നാദശലഭങ്ങളേ...’’ ആയിടക്ക് വായിച്ച നാലാങ്കലിന്റെ മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ എന്ന ഗ്രന്ഥത്തിൽനിന്ന് കടം കൊണ്ടതായിരുന്നു അടുത്ത പാട്ടിലെ മൈനാകം എന്ന വാക്ക്.
‘‘മൈനാകത്തെ കുറിച്ചുള്ള ഐതിഹ്യം രസകരമായി തോന്നി എനിക്ക്. മേനകക്ക് ഹിമവാനിൽ ഉണ്ടായ കുഞ്ഞാണ് മൈനാകം എന്നാണ് കഥ. കടലിന്റെ നടുവിലാണ് മൈനാകത്തിന്റെ വാസം. പർവതങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്ന ആ കാലത്ത് അവ യഥേഷ്ടം പറന്നുനടന്ന് അപകടങ്ങൾ വരുത്തിവെച്ചപ്പോൾ ഇന്ദ്രന് ദേഷ്യംവന്നു. വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞു. മൈനാകം മാത്രം ഇന്ദ്രകോപത്തിൽനിന്നും രക്ഷനേടാൻ കടലിൽ പോയൊളിച്ചു. ആ ഐതിഹ്യത്തെ സിനിമയിലെ സന്ദർഭവുമായി ബന്ധിപ്പിക്കുകയാണ് ഞാൻ ചെയ്തത്. ശ്യാമിന്റെ ഈണംകൂടി ചേർന്നപ്പോൾ അതൊരു നല്ല പാട്ടായി.’’
പാട്ടുകളില്ലാത്ത ‘ഒരിക്കൽകൂടി’ എന്ന ചിത്രത്തിന് ശ്യാം ഒരുക്കിയ തീം മ്യൂസിക്കിൽനിന്ന് സംവിധായകനായ ഐ.വി. ശശി കണ്ടെടുത്തതാണ് എസ്. ജാനകിയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്യപ്പെട്ട ‘‘മൈനാക’’ത്തിന്റെ ഈണം. ആ കൊച്ചു സംഗീതശകലം ഒരു ഗാനമാക്കി മാറ്റണമെന്ന് ശശി ആവശ്യപ്പെട്ടപ്പോൾ അത്ഭുതമായിരുന്നു ശ്യാമിന്. ‘‘എത്ര സൂക്ഷ്മമായാണ് പശ്ചാത്തല സംഗീതംപോലും ശശി ശ്രദ്ധിക്കുന്നത് എന്നോർക്കുകയായിരുന്നു ഞാൻ. ഹി വാസ് എ ജീനിയസ്.’’ ശശി ഉദ്ദേശിച്ച തീം മ്യൂസിക് ഏതാണെന്ന് ആദ്യം തനിക്ക് ഓർമവന്നില്ലെന്ന് ശ്യാം. വഴിക്കുവഴിയായി സിനിമകൾ ചെയ്യുന്ന കാലമല്ലേ? ‘‘ഒരിക്കൽ കൂടിയിലെ ഹമ്മിങ് ഓർമയിൽനിന്ന് വീണ്ടെടുക്കാൻ സഹായിച്ചത് അസിസ്റ്റന്റായ ഷണ്മുഖമാണ്. ബിച്ചു അതിനിണങ്ങുന്ന വരികൾ എഴുതി. പല്ലവി തയാറായതോടെ ചരണം പിറകെ വന്നു. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ശശിയെ ഓർമവരും.’’
ശശിയുടെ പടങ്ങളിലാണ് ശ്യാം ഏറ്റവും കൂടുതൽ ഹിറ്റുകൾ ഒരുക്കിയത്. ‘‘അസാധാരണമായ ഒരു കെമിസ്ട്രി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് വേണ്ടത് എന്താണെന്ന് ശ്യാമിനറിയാം. ശ്യാമിന്റെ മനസ്സിലെ സംഗീതം എനിക്കും.’’ -ശശിയുടെ വാക്കുകൾ. പശ്ചാത്തല സംഗീതത്തിൽനിന്നുപോലും അസാധാരണ മികവുള്ള പാട്ടുകൾ സൃഷ്ടിക്കും ശ്യാം. ഇളയരാജ ഒഴിച്ചാൽ റീ റെക്കോഡിങ്ങിൽ ശ്യാമിനെപോലെ ഇത്രയും ഔചിത്യവും കൈയൊതുക്കവും പുലർത്തുന്ന മറ്റു അധികം സംഗീത സംവിധായകരെ കണ്ടിട്ടില്ല. ‘‘ശ്യാമിന്റെ ഗാനങ്ങളെ പോലെ തന്നെ സുന്ദരമാണ് സിനിമകൾക്ക് അദ്ദേഹം നൽകിയിട്ടുള്ള തീം മ്യൂസിക്കും. പല്ലവിയും അനുപല്ലവിയും ചരണവും ഒക്കെ കാണും പശ്ചാത്തല സംഗീതത്തിലും.
അത്തരം ഈണങ്ങൾ ഇഷ്ടപ്പെട്ടാൽ റെക്കോഡ് ചെയ്തു വെക്കുന്ന ശീലമുണ്ട് എനിക്ക്. പിന്നീട് അതേ ട്യൂണ് വേറെ ഏതെങ്കിലും പടത്തിൽ പാട്ടാക്കി മാറ്റാൻ ശ്യാമിനെ നിർബന്ധിക്കും ഞാൻ. അവയൊക്കെ ഹിറ്റാകുകയും ചെയ്യും.’’ –ശശി. ‘അടിയൊഴുക്കുകളു’ടെ പശ്ചാത്തല സംഗീത ശകലം ‘അനുബന്ധ’ത്തിലെ ‘‘കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും’’ എന്ന ഗാനമായതും, ‘തുഷാര’ത്തിന്റെ ക്ലൈമാക്സിലെ തീം മ്യൂസിക് ‘തൃഷ്ണ’യിൽ ഉപയോഗിച്ചതും (തെയ്യാട്ടം ധമനികളിൽ) എല്ലാം ശശിയുടെ പ്രേരണയിൽ തന്നെ.
പൂവച്ചൽ ഖാദറുമായി ചേർന്ന് ശ്യാം സൃഷ്ടിച്ച ഗാനങ്ങളിൽ ‘‘പൂമാനമേ’’ പുതുതലമുറക്കും പ്രിയങ്കരം. ‘‘നിർമാതാവ് ജോയ് തോമസിന്റെ ചെന്നൈയിലെ ഓഫിസിൽ ഇരുന്നായിരുന്നു അതിന്റെ കമ്പോസിങ്.’’ ശ്യാമിന്റെ ഓർമ. ‘‘എങ്ങോട്ടോ യാത്രയിലായിരുന്ന എന്നെ തിടുക്കത്തിൽ വിളിച്ചുവരുത്തുകയായിരുന്നു. ജോയ് തോമസിന് പുറമെ സംവിധായകൻ ജോഷിയും പൂവച്ചലും ഉണ്ടവിടെ. ട്യൂൺ ഉണ്ടാക്കിയതും പൂവച്ചൽ വരികൾ എഴുതിയതും വളരെ പെട്ടെന്ന്. ഒരൊറ്റ മണിക്കൂറിൽ എല്ലാം നടന്നു. പാട്ടെഴുതിത്തന്ന ശേഷമുള്ള പൂവച്ചലിന്റെ സൗമ്യമായ ചിരി ഇന്നും എന്റെ ഓർമയിലുണ്ട്...’’ നിഷ്കളങ്കമായ ആ ചിരിയിൽ പൂവച്ചൽ ഖാദറിന്റെ സുതാര്യ വ്യക്തിത്വം മുഴുവൻ ഉണ്ടായിരുന്നു എന്ന് ശ്യാം. ‘‘ഇത്രയും ക്ഷമാശീലനായ ഒരു വ്യക്തിയെ എന്റെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ചിലപ്പോൾ എട്ടും പത്തും തവണ പാട്ടുകൾ മാറ്റിയെഴുതേണ്ടി വരാറുണ്ട്. എഴുതി മടുത്ത് രോഷാകുലരായി ഇറങ്ങിപ്പോകും മിക്ക ഗാനരചയിതാക്കളും. എന്നാൽ പൂവച്ചൽ ഒരിക്കലും കോപിച്ചു കണ്ടിട്ടില്ല.
നേർത്ത പരിഭവംപോലും ഉണ്ടാവില്ല അദ്ദേഹത്തിന്റെ മുഖത്ത്.’’ ചുനക്കര-ശ്യാം കൂട്ടുകെട്ടിന്റെ പാട്ടുകൾ ഒന്നൊഴിയാതെ ഹിറ്റായി മാറിയ ഒരു കാലമുണ്ടായിരുന്നു. ‘‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ’’ ഓർക്കുക. ഐ.വി. ശശി സംവിധാനം ചെയ്യാനിരുന്ന ഒരു സിനിമക്കുവേണ്ടി ശ്യാം സൃഷ്ടിച്ചതാണ് ദേവദാരുവിന്റെ ഈണം. എന്തോ കാരണത്താൽ ആ േപ്രാജക്ട് വൈകിയപ്പോൾ ശ്യാം അത് സംവിധായകൻ എം. മണിയുടെ ‘എങ്ങനെ നീ മറക്കും’ എന്ന പടത്തിൽ ഉപയോഗിക്കുന്നു. ശശിക്ക് നിരാശയായി. അത്രയും ഇഷ്ടപ്പെട്ട ഈണം എങ്ങനെ കൈവിട്ടു കളയും? ‘കാണാമറയത്ത്’ എന്ന പടത്തിലെ ഒരു കഥാസന്ദർഭത്തിൽ എനിക്ക് വേണ്ടിയിരുന്നത് ‘‘ദേവദാരു പൂത്തു’’ എന്ന പാട്ടായിരുന്നു.
പറഞ്ഞിട്ടെന്തു കാര്യം? ആ ട്യൂണ് അന്യാധീനപ്പെട്ടു പോയില്ലേ? പക്ഷേ ശ്യാം എന്നെ ആശ്വസിപ്പിച്ചു: അതുപോലെ മറ്റൊരു പാട്ട് ഉണ്ടാക്കിത്തന്നാൽ പോരേ? അങ്ങനെ അദ്ദേഹം എനിക്ക് വേണ്ടി സൃഷ്ടിച്ചതാണ് ‘‘കസ്തൂരിമാൻ കുരുന്നേ.’’ ശശിയുടെ വാക്കുകൾ ഓർമവരുന്നു. ‘അധിപനി’ലെ ശ്യാമമേഘമേ നീ, ‘കോട്ടയം കുഞ്ഞച്ച’നിലെ ഹൃദയവനിയിലെ ഗായികയോ, ‘ഒരു നോക്കു കാണാ’നിലെ ‘‘ചന്ദനക്കുറിയുമായ് വാ’’ എന്നീ പാട്ടുകളുമുണ്ട് ചുനക്കര-ശ്യാം കൂട്ടുകെട്ടിന്റെ ഹിറ്റുകളിൽ.
ഒ.എൻ.വിയുമായി ആദ്യം ഒന്നിച്ചത് ‘‘ധീരസമീരേ യമുനാതീരേ’’ (1977)യിൽ. ‘‘ഈണത്തിന് അനുസരിച്ചു പാട്ടെഴുതാൻ പൊതുവെ മടിയുള്ള ആളാണ്. എങ്കിലും എന്തെഴുതിയാലും അതിൽ പ്രതിഭയുടെ തിളക്കമുണ്ടാകും. ‘അക്ഷരങ്ങളി’ലെ ‘‘തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു’’ എന്ന പാട്ട് ട്യൂണിട്ട് എഴുതിയതാണ് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എത്ര കാവ്യാത്മകമാണ് ആ വരികൾ. യേശുദാസിനു പാടാൻ വെച്ചിരുന്ന ആ പാട്ട് ഞാൻകൂടി ശിപാർശ ചെയ്താണ് ഉണ്ണിമേനോനെ കൊണ്ട് പാടിക്കാൻ തീരുമാനമാകുന്നത്. ഉണ്ണിയുടെ എക്കാലത്തെയും മികച്ച പാട്ടുകളിലൊന്നായി മാറി അത്. ‘‘1980കളുടെ തുടക്കത്തിൽ ‘‘വളകിലുക്കം’’ (മുന്നേറ്റം), ‘‘ഓളങ്ങൾ താളം തല്ലുമ്പോൾ’’, ‘‘വെണ്ണിലാച്ചോലയിൽ’’ (കടത്ത്) എന്നീ ഗാനങ്ങളിലൂടെ ഉണ്ണിയെ മലയാളത്തിൽ പിന്നണി ഗായകനായി അവതരിപ്പിച്ചതും ശ്യാം തന്നെ. കൃഷ്ണചന്ദ്രന്റെ സംഗീതയാത്രയിലുണ്ടായിരുന്നു ശ്യാമിന് നിർണായക പങ്ക്. ‘സിന്ദൂരസന്ധ്യക്ക് മൗനം’ എന്ന ചിത്രത്തിലെ ‘‘ആകാശഗംഗയിൽ വർണങ്ങളാൽ’’ എന്ന മനോഹര ഗാനം ഓർമവരുന്നു.
യൂസഫലി കേച്ചേരി (വൈശാഖ സന്ധ്യേ, മഞ്ഞേ വാ മധുവിധു വേള, കരകാണാക്കടലല മേലെ, കുങ്കുമ സൂര്യൻ രാഗാംശു ചാർത്തി), ശ്രീകുമാരൻ തമ്പി (ഓരോ നിമിഷവും ഓരോ നിമിഷവും, സന്ധ്യ തൻ അമ്പലത്തിൽ, മൗനരാഗപ്പൈങ്കിളി), മുല്ലനേഴി (രാവുറങ്ങി താഴെ, നായകാ പാലകാ, പകലിന്റെ വിരിമാറിൽ), കാവാലം (കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ്, മൂടൽമഞ്ഞിൻ മൂവന്തിച്ചേല), സത്യൻ അന്തിക്കാട് (മഴ തുള്ളിത്തുള്ളി, പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും, കിനാവിൽ ഏദൻതോട്ടം), ഷിബു ചക്രവർത്തി (പൂന്തെന്നലേ), ദേവദാസ് (കാട്ടുകുറിഞ്ഞി പൂവുംചൂടി), തകഴി ശങ്കരനാരായണൻ (ഋതുസംക്രമപ്പക്ഷി പാടി), ഏറ്റുമാനൂർ സോമദാസൻ (ഈ നിമിഷം പകരുന്നിതാ)... മലയാളത്തിലെ ആ തലമുറയിൽപെട്ട മിക്ക ഗാനരചയിതാക്കൾക്കുമൊപ്പം ഹിറ്റുകളിൽ പങ്കാളിയായി ശ്യാം.
ഗാനങ്ങളിൽ മാത്രമല്ല ചരിത്രത്തിന്റെ ഭാഗമായി മാറിയ പശ്ചാത്തല സംഗീതശകലങ്ങളിലുമുണ്ട് ശ്യാമിന്റെ വേറിട്ട കൈയൊപ്പ്. ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകൻ സേതുരാമയ്യരെ കാണാൻ ‘സി.ബി.ഐ ഡയറിക്കുറിപ്പ്’ എന്ന സിനിമ കാണേണ്ടതില്ല നാം. ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക് കേട്ടാൽ മതി.
ഏതാനും നിമിഷങ്ങൾ നീളുന്ന ഒരു സംഗീതശകലത്തിന് ഒരു കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ മുഴുവൻ ശ്രോതാക്കളുടെ മനസ്സിൽ മിഴിവോടെ വരച്ചിടാൻ കഴിഞ്ഞു എന്നത് ചില്ലറ കാര്യമാണോ? അതും എെന്നന്നേക്കുമായി. ‘‘സി.ബി.ഐയുടെ തീം മ്യൂസിക് ചിട്ടപ്പെടുത്തുമ്പോൾ സിനിമക്കപ്പുറത്തേക്ക് അത് വളരുമെന്നോ, ഇത്രകാലം ജീവിക്കുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. പാട്ടില്ലാത്ത സിനിമയായതുകൊണ്ട് സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്ന ഒരു തന്ത്രം അതിൽ ഉൾപ്പെടുത്തണം എന്നേ ആലോചിച്ചിരുന്നുള്ളൂ.’’–ശ്യാം പറയുന്നു. ഉറക്കത്തിൽപോലും മലയാളി തിരിച്ചറിയുന്ന പ്രമേയസംഗീതമായി അത് മാറി എന്നത് ചരിത്രനിയോഗം.
റീറെക്കോഡിങ്ങിനായി പടം കണ്ടപ്പോൾ ആദ്യം ശ്യാമിന്റെ മനസ്സിൽ തങ്ങിയത് സേതുരാമയ്യരുടെ വേറിട്ട വ്യക്തിത്വമാണ്. സാധാരണ സി.ഐ.ഡി സിനിമകളിലെപ്പോലെ ആക്ഷൻ ഹീറോ അല്ല അയാൾ. ബുദ്ധി ഉപയോഗിച്ചാണ് കളി. കേസിന്റെ നൂലാമാലകൾ തലച്ചോറുകൊണ്ട് ഇഴകീറി പരിശോധിക്കുമ്പോൾ സ്വാഭാവികമായും മനസ്സ് ഏകാഗ്രമാകും. ‘‘ആ ഏകാഗ്രത സംഗീതത്തിലൂടെ എങ്ങനെ പ്രേക്ഷകനെ അനുഭവിപ്പിക്കാനാകുമെന്ന് ചിന്തിച്ചപ്പോഴാണ് അറിയാതെ തന്നെ എന്റെ മനസ്സ് ഈ ഈണം മൂളിയത്.
തലച്ചോറിന്റെ സംഗീതം. അതായിരുന്നു ആശയം. കുറച്ചുനേരം ഒരേ താളത്തിൽ മുന്നേറിയ ശേഷം പൊടുന്നനെ അത് വിജയതാളത്തിലേക്ക് മാറുന്നു. വിക്ടറി നോട്ട് എന്നാണ് പറയേണ്ടത്. സേതുരാമയ്യരെ അവതരിപ്പിക്കുമ്പോൾ ഈ വിക്ടറി നോട്ട് അത്യാവശ്യമാണെന്ന് തോന്നി. പരാജയമെന്തെന്നറിയാത്ത കുറ്റാന്വേഷകനല്ലേ?’’ മോണ്ടി നോർമൻ സൃഷ്ടിച്ച വിഖ്യാതമായ ജെയിംസ് ബോണ്ട് തീം പോലെ സേതുരാമയ്യരുടെ സവിശേഷ വ്യക്തിത്വം അനായാസം പകർത്തിവെക്കുന്നു ശ്യാമിന്റെ ഈണം. സി.ബി.ഐ സിനിമകളുടെ പിൽക്കാല പതിപ്പുകളിലും ചില്ലറ ഭേദഗതികളോടെ ഈ ഈണം കേട്ടു. കവർ വേർഷനുകളുടെയും റീമിക്സുകളുടെയും രൂപത്തിൽ ഇന്നും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നു ശ്യാമിന്റെ ഈണം.
ആരാധനാപാത്രവും മാനസഗുരുവുമൊക്കെയായ ഹെന്റി നിക്കോള മാൻചീനി ആയിരുന്നു ഈ പ്രമേയസംഗീതം ചിട്ടപ്പെടുത്തുമ്പോൾ ശ്യാമിന്റെ മനസ്സിൽ. സംഗീതസംവിധാനത്തിലെ കുലപതിമാരിൽ ഒരാൾ. കുട്ടിക്കാലം മുതലേ ഹോളിവുഡ് സിനിമകളിൽ കേട്ട് മനസ്സിൽ പതിഞ്ഞ ഈണങ്ങളുടെ ശിൽപി. ‘‘പിങ്ക് പാന്തർ, ഹടാരി, മൂൺ റിവർ, റോമിയോ ആൻഡ് ജൂലിയറ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ മാൻചീനിയുടെ മാന്ത്രിക സംഗീതമുണ്ട്. പല സിനിമകളിലും തീം മ്യൂസിക് ഒരുക്കുമ്പോൾ എന്റെ മാതൃക അദ്ദേഹമായിരുന്നു’’ –ശ്യാം പറയും.
‘‘ആയിരക്കണക്കിന് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പലതും മലയാളികൾ സ്നേഹത്തോടെ മനസ്സിൽ സൂക്ഷിക്കുന്നവ. എങ്കിലും എന്നെ കാണുമ്പോൾ പുതിയ തലമുറയിലെ കുട്ടികൾപോലും പെട്ടെന്ന് ഓർത്തെടുത്തു മൂളിക്കേൾപ്പിക്കുക സി.ബി. ഐ ഡയറിക്കുറിപ്പിന്റെ തീം മ്യൂസിക് ആണ്. സന്തോഷത്തോടൊപ്പം അത്ഭുതവും തോന്നും അപ്പോൾ. മനസ്സുകൊണ്ട് ദൈവത്തിന് നന്ദി പറയും. എനിക്കുവേണ്ടി ആ സംഗീതശകലം ചിട്ടപ്പെടുത്തിയത് ദൈവമല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിക്കുന്നു ഞാൻ. ചില നിമിഷങ്ങളിൽ നമ്മളറിയാതെ തന്നെ ദൈവം നമ്മുടെ ചിന്തകളിൽ, ഭാവനകളിൽ മറഞ്ഞുനിൽക്കും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു...’’ ശ്യാം വികാരാധീനനാകുന്നു.
സിനിമയിൽ എത്തിപ്പെടുമെന്നേ വിചാരിച്ചിട്ടില്ല ശ്യാം. ‘‘നന്നായി ബുൾബുൾ തരംഗ് വായിച്ചിരുന്നു അച്ഛൻ. അമ്മ പള്ളികളിൽ ഓർഗനും. പക്ഷേ, സിനിമയോട് ഒട്ടും മതിപ്പില്ല ഇരുവർക്കും. എങ്കിലും സ്ട്രിങ് ഉപകരണങ്ങളോടുള്ള എന്റെ താൽപര്യം തിരിച്ചറിഞ്ഞ് കുട്ടിക്കാലത്തേ ഒരു കൊച്ചു വയലിൻ വാങ്ങിത്തന്നു അച്ഛൻ. സ്വയം പഠിച്ചെടുക്കണമെന്ന നിർദേശത്തോടെ.’’ വയലിന്റെ ബാലപാഠങ്ങൾ സ്വമേധയാ ഹൃദിസ്ഥമാക്കിയശേഷം പാശ്ചാത്യ ശൈലിയിലുള്ള വായനയിൽ പ്രാവീണ്യം നേടാൻ ധൻരാജ് മാസ്റ്ററുടെ ശിഷ്യത്വം സ്വീകരിക്കുന്നു പതിനഞ്ചുകാരൻ ശ്യാം. പുതിയ സംഗീതപ്രതിഭകളെ വാർത്തെടുക്കാൻ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ധൻരാജ്. ‘‘സിനിമയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ എന്നെ പ്രാപ്തനാക്കിയത് മാസ്റ്ററുടെ പരിശീലനമാണ്.’’
പള്ളിയിലെ ക്വയറിൽ വായിച്ചുകൊണ്ടാണ് ശ്യാമിന്റെ തുടക്കം. ചെന്നൈയിലെ ഓർക്കസ്ട്രാ സമൂഹത്തിൽ വയലിനിസ്റ്റ് പയ്യന്റെ ഖ്യാതി എളുപ്പം പടർന്നു. ശ്യാമിനെ കാണാനും വയലിൻ വായന ആസ്വദിക്കാനും ഗിണ്ടിയിലെ വീട്ടിൽ വന്നവരിൽ ആർ.കെ. ശേഖറും ഉണ്ടായിരുന്നു. അന്ന് എം.ബി. ശ്രീനിവാസന്റെ സഹായിയായി ജോലി ചെയ്യുകയാണ് ശേഖർ. മദ്രാസ് പഞ്ചാബി അസോസിയേഷൻ ‘കൽ കി ബാത്ത്’ എന്നൊരു നാടകം രംഗത്തവതരിപ്പിക്കുന്നു. പശ്ചാത്തലത്തിൽ എം.ബി.എസിന്റെ ഓർക്കസ്ട്രക്ക് വേണ്ടി വയലിൻ വായിക്കാൻ ശ്യാമും വേണം. അതാണ് ശേഖറിന്റെ ആവശ്യം. സസന്തോഷം ആ ക്ഷണം സ്വീകരിക്കുന്നു ശ്യാം.
അണ്ണാമലൈ ഹാളിലാണ് നാടക റിഹേഴ്സൽ. ഒഴിവുസമയത്ത് തൊട്ടടുത്ത സ്റ്റൂളിൽ വെച്ചിരുന്ന മാൻഡലിൻ കൈയിലെടുത്ത് വെറുതെ മീട്ടി നോക്കുന്നു ശ്യാം. മാൻഡലിൻ ആർട്ടിസ്റ്റ് പഴനി (പിൽക്കാല സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ പിതാവ്) ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് ശ്യാമിന്റെ കുസൃതി. ‘‘അറിയാത്ത ഇൻസ്ട്രുമെന്റ് അല്ലേ? വായന മുറുകിയപ്പോൾ സ്ട്രിങ് പൊട്ടി. ഞാനാകെ പരിഭ്രമിച്ചു. എന്നാൽ പഴനി സാർ എന്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കുകയാണ് ചെയ്തത്. എന്റെ വയലിൻ വായന അദ്ദേഹത്തിന് അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നു. സിനിമക്ക് വേണ്ടി സ്ഥിരമായി വായിക്കാൻ എന്നെ നിർബന്ധിച്ചത് പഴനി സാറാണ്. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസം ചില്ലറയല്ല.’’
സി.എൻ. പാണ്ഡുരംഗൻ എന്ന സംഗീതസംവിധായകന്റെ റെക്കോഡിങ്ങിന് അകമ്പടി സേവിച്ചുകൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. ‘‘തുടക്കത്തിൽ രണ്ടാം നിരക്കാരനായിരുന്നു ഞാൻ. പിന്നെ ഒന്നാം നിരയിലെത്തി. സോളോയിസ്റ്റുമായി. എസ്.എം. സുബ്ബയ്യ നായിഡു, വിശ്വനാഥൻ-രാമമൂർത്തി, സലിൽ ചൗധരി, സി. രാമചന്ദ്ര, മദൻമോഹൻ, രാജേശ്വര റാവു, ചലപതിറാവു, പെണ്ഡ്യാല നാഗേശ്വരറാവു, സത്യം, രാജൻ നാഗേന്ദ്ര, ലിംഗപ്പ, ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, രാഘവൻ തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖരുടെയും ഓർക്കസ്ട്രയിൽ വായിച്ചിട്ടുണ്ട്. ‘പാവമന്നിപ്പ്’, ‘നെഞ്ചിൽ ഒരു ആലയം’, ‘ചെമ്മീൻ’ തുടങ്ങി എത്രയോ ക്ലാസിക് ചിത്രങ്ങളുടെ പിന്നണിയിൽ എന്റെ വയലിനും ഉണ്ടായിരുന്നുവെന്നത് ഇന്നോർക്കുമ്പോൾ അഭിമാനം തോന്നുന്ന കാര്യം.’’
സാമുവൽ ജോസഫിനെ ശ്യാം ആക്കിയത് എം.എസ്. വിശ്വനാഥൻ. ‘‘സാം എന്നാണ് അന്നൊക്കെ എല്ലാവരും എന്നെ വിളിച്ചിരുന്നത്. എം.എസ്.വി സാറിന് എന്തോ ആ പേര് വഴങ്ങുന്നില്ല. ശാം എന്നാണ് അദ്ദേഹം വിളിക്കുക. പിന്നെപ്പിന്നെ അത് ശ്യാം ആയി. എനിക്കും ഇഷ്ടമായി ആ പേരുമാറ്റം.’’ ശ്യാം ചിരിക്കുന്നു. സിനിമയിൽ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്കുള്ള ചുവടുമാറ്റം സുഹൃത്തായ ഗിറ്റാറിസ്റ്റ് ഫിലിപ്സിനൊപ്പമായിരുന്നു; ശ്യാം-ഫിലിപ്സ് എന്ന പേരിൽ. ശ്രദ്ധിക്കപ്പെട്ട ആദ്യഗാനം ‘കരുന്തേൾ കണ്ണായിരം’" (1972) എന്ന ചിത്രത്തിലെ ‘‘നേട്രു വരൈ വിണ്ണിൽ’’ (എസ്.പി.ബി, സുശീല). അന്നൊന്നും സംഗീത സംവിധാനരംഗത്ത് സ്ഥിരമായി നിലയുറപ്പിക്കണം എന്ന മോഹമില്ല. ആ മോഹം ഉള്ളിൽ വളർത്തിയത് മലയാള സിനിമയാണെന്ന് പറയും ശ്യാം.
ഗായകനാകാൻ മോഹിച്ചിട്ടില്ല ഒരിക്കലും. ഈണങ്ങളുടെ ലോകത്തായിരുന്നു സദാസമയവും. എന്നിട്ടും ഒരിക്കൽ മാനസഗുരുവും മാർഗനിർദേശിയുമായ എം.എസ്.വി നിർബന്ധിച്ചപ്പോൾ പാടേണ്ടിവന്നു എന്ന് ശ്യാം. ആ പാട്ട് തമിഴിലെ ഏറ്റവും പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനമായി മാറുകയും ചെയ്തു: ‘‘ആരോക്യ മാതാവേ ഉമതു പുകൾ പാടി തുതിച്ചിടുവോം.’’ എൽ.ആർ. ഈശ്വരിയും സാമും (അന്ന് ശ്യാം ആയിട്ടില്ല) ചേർന്നു പാടിയ ആ പാട്ട് പുറത്തിറങ്ങിയത് 1967ൽ.
അതിനും മൂന്നു വർഷം മുമ്പായിരുന്നു ‘ഹഖീഖത്’ എന്ന ഹിന്ദി യുദ്ധചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെ ഗായകനായി ശ്യാമിന്റെ അരങ്ങേറ്റം. ‘‘അന്നും പാടാൻ ഉദ്ദേശിച്ചിട്ടില്ല. വയലിൻ വായിക്കാനാണ് ചെന്നത്. പക്ഷേ ഒരു സംഘഗാനത്തിലെ ഒന്നുരണ്ടു വരി പാടാൻ ആളെ കിട്ടാതെ വന്നപ്പോൾ സംഗീതസംവിധായകൻ ഗോവർധൻ നിർബന്ധിച്ചതുകൊണ്ട് മൈക്കിന് മുന്നിൽ ചെന്ന് നിൽക്കുകയായിരുന്നു.’’ അന്ന് കൂടെ പാടിയ ഗായകരെ ശ്യാമിന് ഓർമയുണ്ട്: പി.ബി. ശ്രീനിവാസ്, ടി.എ. മോത്തി, പിന്നെ തുടക്കക്കാരനായ ഒരു മലയാളിയും –യേശുദാസ്.
ഹിന്ദി ഹഖീഖത്തിൽ മുഹമ്മദ് റഫി, മന്നാഡേ, തലത്ത് മഹ്മൂദ്, ഭൂപീന്ദർ എന്നിവർ ചേർന്ന് പാടിയ ‘‘ഹോകെ മജ്ബൂർ’’ (സംഗീതം: മദൻ മോഹൻ) എന്ന പ്രശസ്തഗാനത്തിന്റെ തമിഴ് വേർഷനാണ് ശ്യാമും കൂട്ടരും പാടിയത്. നിർഭാഗ്യവശാൽ പടം പുറത്തിറങ്ങിയില്ല. പാട്ട് ആരും കേട്ടതുമില്ല.
മലയാളത്തിൽ പാടിയതും യാദൃച്ഛികമായിത്തന്നെ. ‘എങ്ങനെ നീ മറക്കും’ എന്ന പടത്തിൽ പി. സുശീല പാടിയ ‘‘ദേവദാരു പൂത്തു’’ എന്ന പാട്ടിൽ കേൾക്കാം ശ്യാമിന്റെ ആകർഷകമായ ഹമ്മിങ്. ‘‘അതും നേരത്തേ തീരുമാനിച്ചതല്ല. സുശീലാമ്മയുടെ സ്വരത്തിൽ സോളോ ആയി റെക്കോഡ് ചെയ്യാൻ തീരുമാനിച്ച ശേഷമാണ് ഗാനരംഗത്ത് കാമുകൻകൂടിയുണ്ടെന്നറിയുന്നത്. സോളോ ഗാനം ഡ്യൂയറ്റ് ആക്കി മാറ്റാൻ പിന്നെ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. പാട്ടിൽ ഞാനും കൂടി ചേരുക...’’
ഇടക്ക് അഭിനയത്തിലും കൈവെച്ചു ശ്യാം. സംഗീതസംവിധാനമല്ലാതെ മറ്റൊരു മേഖലയെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ല അതുവരെ. ‘‘എന്റെ സിനിമയിൽ ഒന്ന് അഭിനയിക്കാമോ’’ എന്ന് ‘കുയിലിനെ തേടി’യുടെ സംവിധായകൻ അരോമ മണി ചോദിച്ചപ്പോൾ ശ്യാം ഞെട്ടിപ്പോയതും അതുകൊണ്ടുതന്നെ.
‘‘അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം.’’ ശ്യാം ഓർക്കുന്നു. അതുവരെ കാമറയെ അഭിമുഖീകരിച്ചിട്ടില്ല. അഭിനയിക്കാൻ അറിയുകയുമില്ല. എത്രയോ പേർ അഭിനയമോഹവുമായി നടക്കുന്നു. അവരിലാരെയെങ്കിലും പരീക്ഷിച്ചുകൂടെ എന്ന് വിനയപൂർവം ചോദിച്ചപ്പോൾ മണി പറഞ്ഞു: ‘‘വേണ്ട. ഇത് എന്റെ ഒരു ആഗ്രഹമാണ്. ശ്യാം കാര്യമായൊന്നും ചെയ്യേണ്ട. ചെറിയൊരു റോളാണ്. ഒട്ടും ബുദ്ധിമുട്ടിക്കില്ല.’’
ജീവിതത്തിലാദ്യമായും അവസാനമായും സിനിമാനടന്റെ വേഷമണിഞ്ഞത് അന്നാണ്. ‘കുയിലിനെ തേടി’യിൽ ഒരു അധികാരിയുടെ വേഷമായിരുന്നു ശ്യാമിന്. മാസ്റ്റർ രഘു ഓടിക്കുന്ന കുതിരവണ്ടിയിൽ വന്നിറങ്ങി മോഹൻലാലിനെ താക്കീത് ചെയ്യുന്ന നാട്ടുപ്രമാണിയുടെ കൊച്ചു റോൾ. ‘‘അതഭിനയിച്ചത് ഞാനാണ് എന്നറിയുന്നവർ കുറവായിരിക്കും. മണി നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും ആ സാഹസത്തിന് മുതിരില്ലായിരുന്നു. അങ്ങനെ എത്രയെത്ര മധുരമുള്ള ഓർമകൾ...’’
അറുപതിലേറെ സിനിമകൾ നിർമിക്കുകയും മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകൾ സംവിധാനം ചെയ്യുകയുംചെയ്ത അരോമ മണിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു ശ്യാം. സ്വന്തം സിനിമകളിൽ അപൂർവമായേ അദ്ദേഹം മറ്റു സംഗീത സംവിധായകരെ പരീക്ഷിച്ചിട്ടുള്ളൂ. നടനും സംവിധായകനുമായ മധു വഴിയാണ് അരോമ മണിയെ ശ്യാം പരിചയപ്പെട്ടത്; 1977ൽ. ‘‘മധു സാറിനെ ചെന്നൈയിൽ വെച്ച് എപ്പോൾ കാണുമ്പോഴും മണിയുണ്ടാകും കൂടെ. മണിയെ സിനിമാ ബിസിനസിൽ കടന്നുവരാൻ പ്രേരിപ്പിച്ചതും മധു സാർ തന്നെ. അങ്ങനെയാണ് മധു സാർ സംവിധാനംചെയ്ത ‘ധീരസമീരേ യമുനാതീരേ’ എന്ന പടം നിർമിച്ചുകൊണ്ട് അദ്ദേഹം സിനിമാരംഗത്തെത്തിയത്.
സംഗീത സംവിധായകനായി എന്റെ പേര് മധു സാർ നിർദേശിച്ചപ്പോൾ സന്തോഷത്തോടെ അത് സ്വീകരിച്ചു മണി. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ബിച്ചുവും ചുനക്കരയുമൊക്കെ ഞങ്ങളുടെ സൗഹൃദ സംഘത്തിലേക്ക് പിന്നാലെ കടന്നുവന്നവർ.’’ ഒരു നിമിഷത്തെ മൗനത്തിന് ശേഷം ശ്യാം മന്ത്രിക്കുന്നു; ആത്മഗതമെന്നോണം: ‘‘ബിച്ചുവും ഖാദറും ചുനക്കരയും ശശിയും മണിയുമെല്ലാം പോയി. ഒരു ഫോൺകോളിനപ്പുറത്ത് അവരൊന്നും ഇല്ല എന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല. അവരൊന്നുമില്ലാതെ ശ്യാമും ഇല്ലല്ലോ...’’ വിടപറയും മുമ്പ് ഒന്നുകൂടി പറഞ്ഞു ശ്യാം സാർ; ശബ്ദത്തിലെ വികാരാധിക്യം മറയ്ക്കാതെ: ‘‘ഞാനും ഒരിക്കൽ യാത്രയാകും മോനേ; ഇന്നല്ലെങ്കിൽ നാളെ. എന്നെ മറന്നാലും എന്റെ പാട്ടുകൾ ഓർക്കണം...’’
എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു. വാക്കുകൾ തൊണ്ടയിൽ തടയുന്നു. കണ്ണുകൾ നിറയുന്നു. എത്ര കേട്ടാലാണ്, എത്ര എഴുതിയാലാണ് മതിയാകുക? ആ പാട്ടുകൾക്കൊപ്പം കൗമാര യൗവനങ്ങൾ ചെലവഴിച്ച ഒരാളാകുമ്പോൾ പ്രത്യേകിച്ചും.
‘‘ഗോഡ് ബ്ലെസ് യു മോനേ’’ എന്നു പറഞ്ഞ് ശ്യാം സാർ ഫോൺ വെച്ചിട്ടും ‘ധീരസമീരേ യമുനാതീരേ’ക്കു വേണ്ടി അദ്ദേഹം ഈണമിട്ട ഒ.എൻ.വിയുടെ വരികളായിരുന്നു കാതിൽ: ‘‘മനസ്സിന്റെ താളുകൾക്കിടയിൽ ഞാൻ പണ്ടൊരു മയിൽപ്പീലിയൊളിച്ചുവെച്ചു, പലരും മോഹിച്ചു പലരും ചോദിച്ചു ഒടുവിൽ നിൻ മുടിയിൽ ഞാൻ ചൂടിച്ചു...’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.