വിശ്വസ്തന്‍റെ ഉദ്ബോധനങ്ങളുടെ ഓർമക്ക് നൂറു വയസ്സ്

ദേശീയ പ്ര​േക്ഷാഭത്തി​ന്റെയും നവോത്ഥാനത്തി​ന്റെയും തീച്ചൂളയിൽ പിറന്ന ‘അൽ അമീൻ’ പത്രത്തിന്​ നൂറു വയസ്സ്​. ‘അൽ അമീ​െന’യും പത്രാധിപരായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും കുറിച്ചാണ്​ ചരിത്രകാരനായ ലേഖകൻ എഴുതുന്നത്​. ഒപ്പം ‘അൽ അമീ​ന്റെ’ ധീരപോരാട്ടങ്ങളെക്കുറിച്ചുംമലയാളത്തിൽ അച്ചടിയുടെ വ്യാപനവും പത്രങ്ങളുടെ കടന്നുവരവും ത്വരിതഗതിയിലായിരുന്നു. മിഷനറിമാർ തുടങ്ങി​െവച്ച വാർത്താപത്രികകളുടെ അച്ചടി സ്വകാര്യ കമ്പനികൾ ഏറ്റെടുത്തതോടുകൂടി അച്ചടി മുതലാളിത്തത്തി​ന്റെ ഗതി മറ്റൊരു ദിശയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ആദ്യമായി മലയാളികൾക്ക് ദേശീയബോധം പകർന്നുനൽകുന്നതിന് പാകമാക്കിയ ‘സ്വദേശാഭിമാനി’...

ദേശീയ പ്ര​േക്ഷാഭത്തി​ന്റെയും നവോത്ഥാനത്തി​ന്റെയും തീച്ചൂളയിൽ പിറന്ന ‘അൽ അമീൻ’ പത്രത്തിന്​ നൂറു വയസ്സ്​. ‘അൽ അമീ​െന’യും പത്രാധിപരായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും കുറിച്ചാണ്​ ചരിത്രകാരനായ ലേഖകൻ എഴുതുന്നത്​. ഒപ്പം ‘അൽ അമീ​ന്റെ’ ധീരപോരാട്ടങ്ങളെക്കുറിച്ചും

മലയാളത്തിൽ അച്ചടിയുടെ വ്യാപനവും പത്രങ്ങളുടെ കടന്നുവരവും ത്വരിതഗതിയിലായിരുന്നു. മിഷനറിമാർ തുടങ്ങി​െവച്ച വാർത്താപത്രികകളുടെ അച്ചടി സ്വകാര്യ കമ്പനികൾ ഏറ്റെടുത്തതോടുകൂടി അച്ചടി മുതലാളിത്തത്തി​ന്റെ ഗതി മറ്റൊരു ദിശയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ആദ്യമായി മലയാളികൾക്ക് ദേശീയബോധം പകർന്നുനൽകുന്നതിന് പാകമാക്കിയ ‘സ്വദേശാഭിമാനി’ (1905) പത്രം സമ്മാനിച്ചത് വക്കം മൗലവിയായിരുന്നു. എന്നാൽ, അദ്ദേഹം അതി​ന്റെ ഉടമസ്ഥതയിൽനിന്നുകൊണ്ട് പത്രാധിപർക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അവസരം നൽകി. തന്മൂലം പത്രപ്രവർത്തനത്തിന് മാതൃകാ പുരുഷനായി ‘സ്വദേശാഭിമാനി’ രാമകൃഷ്ണപ്പിള്ളയെ ലഭിച്ചു.

സ്വദേശാഭിമാനിയുടെ പാതയിൽനിന്നുകൊണ്ട് സ്വന്തം പത്രാധിപത്യത്തിൽ ഒരു ദേശീയപത്രം ആരംഭിച്ച മുസ്‌ലിം നേതാവായിരുന്നു സ്വാതന്ത്ര്യസമര നായകനും ദേശീയവാദിയും പരിഷ്കർത്താവും ജനകീയനുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. ‘അൽ അമീനാ’യിരുന്നു പത്രം. 1924 ഒക്ടോബർ 12 മുതൽ 1939 വരെയുള്ള 15 വർഷക്കാലം മലയാളി ദേശീയവാദികളുടെ ആശയാഭിലാഷങ്ങൾ നിറവേറ്റപ്പെട്ട പത്രമായിരുന്നു ‘അൽ അമീൻ’. ഒരു പത്രമെന്ന നിലയിൽ ‘അൽ അമീൻ’ ആരെയായിരുന്നു ടാർജറ്റ് ചെയ്തത്. അത് ദേശീയവാദികളായ എല്ലാ മലയാളികളെയുമെന്ന് സംശയലേശമന്യേ പറയാം. ഒപ്പം മുസ്‍ലിംകളെയും. മുസ്‍ലിംകളുടെ ഇടയിൽ പത്രവായന അത്രകണ്ട് പ്രചാരമില്ലാതിരുന്ന അക്കാലത്ത് ‘അൽ അമീൻ’ ഏറ്റെടുത്ത ദൗത്യം അഭിമാനാർഹമായിരുന്നു. എന്നാൽ, ഇതൊരു മുസ്‍ലിം പത്രമെന്ന് ചിലർ വിശ്വസിച്ചു/ വിചാരിച്ചു; അതേപോലെ മുസ്‍ലിംവിരുദ്ധ പത്രമെന്ന് യാഥാസ്ഥിതികരായ മുസ്‍ലിംകൾ കരുതി. ഒരു ദേശീയവാദിയുടെ ചുറുചുറുക്കോടെ അബ്ദുറഹ്മാൻ സാഹിബ് ഏവർക്കും വേണ്ടി അച്ചുനിരത്തിയപ്പോൾ, അതേ പത്രാധിപർ ഒരു സാമൂഹിക പരിഷ്കർത്താവി​ന്റെ കുപ്പായമണിഞ്ഞ് മറ്റൊരു ദൗത്യംകൂടി ഏറ്റെടുത്തു. അത് ഏറെയും സ്വസമുദായത്തെ ശുദ്ധീകരിക്കുക എന്നതായിരുന്നു.

പത്ര റെഗുലേഷനുകളെ തൃണവൽഗണിച്ച് അധികാരികളുടെ ഉറക്കം കെടുത്തുന്ന വാർത്തകൾ നൽകി ഒരു പ്രദേശത്തി​ന്റെ ദേശീയപത്രമായി നിലനിന്ന, അതോടൊപ്പം ഒരു സമുദായത്തി​ന്റെ ശുദ്ധീകരണദൗത്യം ഏറ്റെടുത്ത് യാഥാസ്ഥിതികരുടെ വെറുപ്പ് പിടിച്ചുപറ്റിയ ‘അൽ അമീൻ’ പത്രത്തി​ന്റെ നൂറാം വാർഷികം കടന്നുപോകുമ്പോൾ പത്രത്തി​ന്റെ ചരിത്രഗതി പരിശോധിക്കുകയാണീ ലേഖനത്തിലൂടെ.

‘അൽ അമീൻ’ കമ്പനി

1923 ഡിസംബറിൽ രജിസ്റ്റർചെയ്ത ‘അൽ അമീനി​’ന്റെ അമരക്കാരൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബായിരുന്നു. അദ്ദേഹത്തിന് പുറമെ കൊച്ചിയിലെയും മലബാറിലെയും നിരവധി പ്രമാണിമാർ ‘അൽ അമീൻ’ കമ്പനിയുമായി സഹകരിച്ചിരുന്നു. കമ്പനിയുടെ ഡയറക്ടർമാരായി കൊടുങ്ങല്ലൂർകാരായ കെ. സീതി മുഹമ്മദ്, മണപ്പാട്ടു കൊച്ചുമൊയ്തീൻ, പനമ്പറമ്പിൽ കുഞ്ഞിപ്പോക്കർ കുട്ടി, തലശ്ശേരി സ്വദേശികളായ എ.കെ. കുഞ്ഞിമായിൻ, പി.സി. ആലുപ്പി കേയി എന്നിവരും കോഴിക്കോട്ടുനിന്നും ടി. ഹസ്സൻകോയ മൊല്ലയും ഉൾപ്പെട്ടിരുന്നു.

പത്ര പ്രസിദ്ധീകരണത്തിനായി ആരംഭിച്ച കമ്പനിയുടെ ആദ്യ ഓഫിസ് കോഴിക്കോട്, കല്ലായി റോഡിലായിരുന്നു. പിന്നീട് ഖിലാഫത്ത് കമ്മിറ്റി ഓഫിസായിരുന്ന പാളയത്തേക്ക് മാറ്റി സ്ഥാപിച്ചു. എന്നാൽ, പത്രം പുറത്തിറങ്ങിയത് നോർമൻ പ്രിന്റിങ് പ്രസ് പ്രവർത്തിച്ചിരുന്ന കോഴിക്കോട് കോർട്ട് റോഡിലുള്ള വാടക കെട്ടിടത്തിൽനിന്നായിരുന്നു. മൂന്നോളം പ്രസുകൾ വാങ്ങി ചേർത്താണ് പത്രം അച്ചടി ആരംഭിച്ചത്. അതിൽ ‘നവീന കേരളം’ എന്ന വാരിക അച്ചടിച്ചുവന്ന യു. ഗോപാല മേനോ​ന്റെ അച്ചുകൂടവും തലശ്ശേരിയിലെ ഇസ്‍ലാമിയ പ്രസും എറണാകുളത്ത് നിന്നുള്ള സിലിണ്ടർ പ്രസും ഉൾപ്പെടുന്നു.

‘അൽ അമീൻ’ പത്രം

‘‘മതം, സമുദായം, രാഷ്ട്രം, സാഹിത്യം മുതലായ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരുത്തമ ദേശീയ ദിനപത്രം.’’ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പുറത്തുവന്ന നിരവധി മലയാള പത്രികകളിൽ നിറഞ്ഞുനിന്നിരുന്ന ഒരു പരസ്യമായിരുന്നു മുകളിൽ സൂചിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തെ ഏറ്റെടുത്ത് നയിക്കുന്നതിനുള്ള ശ്രമങ്ങൾ മലയാളത്തിൽ ആരംഭിച്ചത് ‘മാതൃഭൂമി പത്ര’ത്തി​ന്റെ വരവോടുകൂടിയായിരുന്നു. ‘മാതൃഭൂമി’യോടൊപ്പം നിന്നുകൊണ്ട് അതിനായി അക്ഷീണം പ്രയത്നിക്കുന്ന രണ്ടാമതൊരു ദേശീയപത്രം എന്ന നിലയിലാണ് ‘അൽ അമീൻ’ പത്രം ആരംഭിക്കുന്നത്. ‘വിശ്വസ്തൻ’ എന്ന അർഥം വരുന്ന അറബി നാമത്തിൽ പുറത്തുവരുന്ന പത്രത്തെ കുറിച്ചുള്ള വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ മലയാളികളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിപ്പുകാർ ആരംഭിച്ചിരുന്നു. ഏവർക്കും വിശ്വാസയോഗ്യമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒന്നായിരിക്കും ആ പത്രമെന്ന് പേരിൽനിന്നുതന്നെ വായിച്ചെടുക്കാമായിരുന്നു.

ഞായർ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് എന്ന നിലക്കായിയിരുന്നു ‘അൽ അമീൻ’ പ്രസിദ്ധീകരണം തുടങ്ങിയത്. പത്രമിറക്കുന്നതിനു മുമ്പുതന്നെ അതി​ന്റെ കെട്ടും മട്ടും എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് നിരവധി കുറിപ്പുകൾ അതി​ന്റെ നടത്തിപ്പുകാർ വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. 1924 സെപ്റ്റംബർ 16ന് മാതൃഭൂമിയിൽ ‘അൽ അമീൻ’ പത്രത്തി​ന്റെ സ്ഥാപന ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള അബ്ദുറഹ്മാൻ സാഹിബിന്റെ പ്രസ്താവന വന്നു. താൻ തുടങ്ങാൻ ഇരിക്കുന്ന പത്രത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് ആ പ്രസ്താവനയിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്: ‘‘...ഇന്ത്യയിലെയും അന്യദേശങ്ങളിലെയും പ്രധാനപ്പെട്ട ഇംഗ്ലീഷ്, അറബി, ഉർദു, തമിഴ് മുതലായ ഭാഷകളിലുള്ള വർത്തമാന കടലാസുകളിൽനിന്നും പലവിധ വിഷയങ്ങളെ പറ്റിയുള്ള ലേഖനങ്ങൾ ‘അൽ അമീനി’ൽ ചേർത്തിരിക്കും.

ഖിലാഫത്ത്, കോൺഗ്രസ് സംബന്ധമായ വർത്തമാനങ്ങൾ അറിയുന്നതിനും കാര്യങ്ങൾ ഗ്രഹിക്കുന്നതിനും ‘അൽ അമീൻ’ പ്രത്യേകം സഹായകമായിത്തീരുന്നതാണ്. മൗലാനാ മുഹമ്മദലി സാഹിബ് ത​ന്റെ ‘കോമ്രഡി’ൽ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളും മറ്റും ‘അമീനി’ൽ ഉണ്ടാകും. വ്യാഴാഴ്ച പ്രസിദ്ധംചെയ്യുന്ന ‘അമീനി’ൽ കൂടുതൽ വിഭവങ്ങൾ ഉണ്ടായിരിക്കും. രാജ്യകാര്യങ്ങളെപ്പറ്റിയോ മുസ്​ലിം ലോക ചരിത്ര സംബന്ധമായോ ഹിന്ദു-മുസ്​ലിം മൈത്രിക്കുതകുന്ന വിഷയങ്ങളെക്കുറിച്ചോ ലേഖനങ്ങൾ ഉണ്ടാവും.

ഇതിനുപുറമെ ലോക മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങൾ, സ്ത്രീകൾ പ്രത്യേകം അറിയേണ്ടതായ സംഗതികൾ, ചരിത്രസംബന്ധമായ ലേഖനങ്ങൾ, ശാസ്ത്ര വിഷയങ്ങൾ ഇവയെല്ലാം ഉണ്ടാകും. സമുദായ പരിഷ്കരണത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും പൊതുജനക്ഷേമത്തെയും ഉദ്ദേശിച്ചു നടത്തുന്ന ‘അൽ അമീൻ’ കർഷകനും വ്യാപാരിക്കും സാധാരണക്കാരനും ഒരുപോലെ ഒഴിച്ചുകൂടാനാവാത്തത് ആയിരിക്കും.’’ ത​ന്റെ ‘അൽ അമീൻ’ എന്ന എട്ടു പുറം കടലാസ് മലയാളികൾക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്നുള്ള മുൻകൂർ പ്രസ്താവമായി ഇതിനെ കാണാവുന്നതാണ്.

മലബാറിലെ മുസ്​ലിം സമുദായത്തെ ദേശീയ പ്രസ്ഥാനത്തി​ന്റെ മുന്നണിയിൽ കൊണ്ടുവരണമെന്ന ആഗ്രഹക്കാരനായിരുന്ന അബ്ദുറഹ്മാൻ സാഹിബ് തന്മൂലം ത​ന്റെ പത്രത്തിന് അറബി പേരാണ് നൽകിയത്. മാത്രമല്ല, ആ പത്രം ആരംഭിക്കാനായി കണ്ടെത്തിയ ദിവസo ‘അൽ അമീൻ’ (വിശ്വസ്തൻ) എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം കടന്നുവന്ന 1924ലെ ഒക്ടോബർ 12നായിരുന്നുവെന്നത് യാദൃച്ഛികമാകാനിടയില്ല.

‘‘ശ്രീമച്ചെങ്കഴലെന്നണച്ചതിളമേ-

ലിസ്ലാം മതത്തിൽ പിതാ-

വാ മംഗല്യ ദിനേ ജനിച്ച ശിശുവാം

പൊന്നോമനപ്പത്രമേ,

പ്രേമത്തിൻ കുളിർ കൊഞ്ചൽ കൊഞ്ചി വലുതാ-

മൈക്യാങ്കണത്തിങ്കലെ-

ത്തു മണ്ണാടി രമിയ്ക്ക നീ നബി നിന-

ക്കേകും ദയാനുഗ്രഹം.’’

എന്ന മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മംഗള വചനത്തോടെയാണ് ആദ്യ പതിപ്പ് പുറത്തുവന്നത്. മാത്രമല്ല, മലബാറിലെ മാപ്പിള സമുദായത്തിന്റെ അധിനിവേശ ചെറുത്തുനിൽപ്പ് ഇതിഹാസമായി മാറിയ 1921ലെ കൊളോണിയൽ വിരുദ്ധ സമരത്തി​ന്റെ പ്രതികാര നടപടികൾക്ക് കോപ്പുകൂട്ടുന്ന ബ്രിട്ടീഷുകാരുടെ അന്തമാൻ പദ്ധതിയെ ശക്തിയുക്തം എതിർത്തുകൊണ്ടുള്ള മുഖപ്രസംഗവും ആദ്യ ലക്കത്തിന് കൊഴുപ്പേകി.

പത്രത്തി​ന്റെ പിന്നിൽ അണിനിരന്ന പോരാളികൾ

അബ്ദുറഹ്മാൻ സാഹിബിന് പുറമെ മികച്ചൊരു കൂട്ടം യുവാക്കൾ പത്രാധിപസമിതിയെ സജീവമാക്കുന്നതിന് പ്രവർത്തിച്ചു. തുടക്കകാലത്ത് മലയാള വിഭാഗം കൈകാര്യംചെയ്തിരുന്നത് കൊടുങ്ങല്ലൂരുകാരനായ വിദ്വാൻ ടി.കെ. രാമൻ മേനോനും വെളിയങ്കോട്ടുകാരനുമായ ടി കെ. മുഹമ്മദുമായിരുന്നു. ഇ. മൊയ്തു മൗലവിയും കെ. അഹമ്മദും (ഹിദായത്ത്) ഉർദുവും അറബിയും കൈകാര്യംചെയ്തു. വക്കം മുഹമ്മദ് കണ്ണും അബ്ദുറഹ്മാൻ സാഹിബുമായിരുന്നു ഇംഗ്ലീഷ് വിഭാഗത്തെ നോക്കി നടത്തിയത്. ആലപ്പുഴക്കാരനായ വാസുദേവനായിരുന്നു ഓഫിസിന്റെ മാനേജറും അക്കൗണ്ടന്റും കാഷ്യറുമായി പ്രവർത്തിച്ചുവന്നത്.

അതിൽ കൊച്ചിൻ സർക്കാറിന് കീഴിൽ മലയാള അധ്യാപകനായിരുന്ന വിദ്വാൻ രാമൻ മേനോനെ സർവിസിൽനിന്നും രണ്ടു വർഷത്തേക്ക് ശൂന്യവേതന അവധി വാങ്ങിയാണ് ‘അൽ അമീൻ’ പത്രത്തെ സേവിക്കാൻവേണ്ടി അബ്ദുറഹ്മാൻ സാഹിബ് കൊണ്ടുവന്നത്. അതിനായി ത​ന്റെ സുഹൃത്തായ വിദ്യാഭ്യാസ ഡയറക്ടറുടെ സഹായം സാഹിബ് തേടുകയുണ്ടായി. മാത്രമല്ല, അദ്ദേഹത്തെ കുഴപ്പത്തിലാക്കുന്ന രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടീക്കില്ലെന്ന ഉറപ്പോടെയാണ് ശൂന്യവേതന അവധി തരപ്പെടുത്തിയത്.

തുടർന്ന്, രണ്ടുവർഷം പത്രാധിപരുടെ ട്യൂട്ടർ ആയി മാറിയ രാമൻ മേനോൻ പ്രസിദ്ധീകരണത്തിനായി വരുന്ന ലേഖനങ്ങൾ പരിശോധിച്ച് തെറ്റു തിരുത്തിയും വിവിധ ഗ്രന്ഥകർത്താക്കൾ നിരൂപണത്തിനായി അയച്ചുതരുന്ന കൃതികൾ വായിച്ച് അഭിപ്രായങ്ങൾ എഴുതിയും പത്രാധിപർ തയാറാക്കി തരുന്ന എഡിറ്റോറിയൽ ലേഖനങ്ങളിലെ ഭാഷാശുദ്ധി ഉറപ്പുവരുത്തിയും ചെറു കവിതകളും ലേഖനങ്ങളും തയാറാക്കി പ്രസിദ്ധീകരിച്ചും ത​ന്റെ പത്രജോലികൾ നിർവഹിച്ചുവന്നു.

1924 മുതൽ 1939 വരെ നീണ്ട 15 വർഷക്കാലത്തെ ‘അൽ അമീനി​’ന്റെ യാത്രയിൽ പത്രാധിപസമിതിയെ അലങ്കരിച്ചിരുന്നവരുടെ നീണ്ടനിരതന്നെ കാണാൻ സാധിക്കും. അതിൽ പലരും പിൽക്കാലത്ത് മലയാള പത്രമാധ്യമ രംഗത്തും സാഹിത്യരംഗത്തും നിറസാന്നിധ്യമായി മാറുകയും ചെയ്തിരുന്നു. മുമ്പു സൂചിപ്പിച്ചവർക്ക് പുറമേ ടി.പി. കുഞ്ഞുണ്ണി മേനോൻ, സെയ്തു മുഹമ്മദ് (വൈക്കം), പി.കെ. ഡീവർ, എം. അബ്ദുൽ ഖാദർ (വക്കം), സി.എസ്. നായർ, കെ.എം. ഇബ്രാഹീം, എം.വി. മൊയ്തീൻ കോയ, പി.എ. ഗോപാലപ്പിള്ള, ഡോ. മുഹമ്മദലി, പി. മുഹമ്മദ് സാലി (വളപട്ടണം), കെ.എം.കെ. കുട്ടി, എ.വി. മേനോൻ, കുഞ്ഞുമുഹമ്മദ് (മാനേജർ), ശൈഖ് മാമു, കെ.എ. ഇബ്രാഹീം, എ.വി. അഹമ്മദ് കോയ, ടി. മുഹമ്മദ് യൂസഫ്, കെ.വി. നൂറുദ്ദീൻ, എ. മുഹമ്മദ് കോയ, കെ.കെ. മുഹമ്മദ് ഷാഫി, എം.വി. ആലിക്കോയ, എ. മുഹമ്മദ്, മുഹമ്മദ് മാനാരി, മുഹമ്മദ് മൊയ്തീൻ എന്നിങ്ങനെ പോകുന്നു ആ നീണ്ടനിര.

അനാചാരങ്ങളുടെ കണ്ഠകോടാലി

‘അൽ അമീനി’​ന്റെ ആരംഭകാലം കേരളത്തിലെ മുസ്​ലിം സമുദായത്തിനിടയിൽ ശുദ്ധീകരണാവശ്യങ്ങൾ ഉയർന്നുവരുന്ന കാലമായിരുന്നു. മുസ്‍ലിം ഐക്യസംഘ (1923)ത്തി​ന്റെ പ്രമുഖരായ നേതാക്കന്മാരെല്ലാം ‘അൽ അമീനു’മായി സഹകരിച്ച് പ്രവർത്തിച്ചവരായിരുന്നു. തന്മൂലം ഐക്യ സംഘം പോലുള്ളവയുടെ ശുദ്ധീകരണപ്രവർത്തനങ്ങൾക്ക് പത്രത്തിൽ സ്ഥാനം ലഭിച്ചു. സമൂഹത്തിലെ ദുരാചാരങ്ങളും അസമത്വവും അന്ധവിശ്വാസങ്ങളും ആഡംബരവും അനാവശ്യ ധൂർത്തും കുടുംബങ്ങൾ തമ്മിലുള്ള കക്ഷിവഴക്കും യാഥാസ്ഥിതിക പുരോഹിതന്മാരുടെ നിലപാടുകളും ‘അൽ അമീൻ’ നിശിതമായി വിമർശിച്ചു.

പത്രത്തിന്റെ ശുദ്ധീകരണ ആശയങ്ങളിൽ, “മുസ്​ലിം വിദ്യാഭ്യാസം എങ്ങനെ വളർത്തിക്കൊണ്ടു വരണം, മതാനുഷ്ഠാനങ്ങൾ എങ്ങനെ പ്രാവർത്തികമാക്കണം, ആധുനിക വീക്ഷണത്തിനും ചിന്താഗതിക്കും അനുസരിച്ച് സമുദായത്തെ എങ്ങനെ പരിഷ്കരിക്കാം, വിശുദ്ധ ഖുർആൻ മാതൃഭാഷയിലൂടെ ഗ്രഹിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്” തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ആധുനിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിവന്നിരുന്ന ‘അൽ അമീൻ’ യുവാക്കളെ ദേശീയ ബോധമുള്ളവരാക്കി മാറ്റാൻ പത്രത്തിലൂടെ നടത്തിവന്നിരുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. അതിനായി പത്രത്തിന് പ്രചാരമുള്ള സ്ഥലങ്ങളിലെ യുവാക്കൾക്കിടയിൽ ആധുനികതയും ദേശീയബോധവും വ്യാപിപ്പിക്കുന്നതിനായി യുവജന സംഘങ്ങൾ രൂപവത്കരിക്കുന്നതിനുള്ള പരിശ്രമങ്ങൾ പത്രാധിപരുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്നു.

മുസ്‍ലിംകളുടെ ഇടയിൽ പത്രവായന അത്ര കണ്ട് വളർന്നിട്ടില്ലാത്ത കാലത്ത് ‘അൽ അമീനി’ന്റെ ചെയ്തികളെ നഖശിഖാന്തം എതിർക്കുന്നതിനുവേണ്ടി വലിയൊരു വിഭാഗം യാഥാസ്ഥിതികർ രംഗത്തുവന്നിരുന്നു. മതവിരുദ്ധമായ ആശയങ്ങളാണ് ‘അൽ അമീനി’ൽ പ്രചരിപ്പിക്കുന്നതെന്ന നിലയിൽ പത്രം വരുത്തുന്നതും പത്രത്തിൽ വരുന്നവ വിശ്വസിക്കുന്നതിനും ആരും തയാറാകരുതെന്നും യാഥാസ്ഥിതികരായ പുരോഹിതന്മാർ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രചരിപ്പിച്ചുവന്നു.

തന്മൂലം സമുദായത്തിലെ സമ്പന്നരിൽ പലരും ‘അൽ അമീനെ’ സാമ്പത്തികമായി സഹായിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നിരുന്നു. പത്രത്തിന് ഷെയർ എടുക്കണമെന്ന ആവശ്യവുമായി അബ്ദുറഹ്മാൻ സാഹിബ് ഏതെങ്കിലും ഒരു പ്രദേശത്ത് സന്ദർശനം നടത്തുമ്പോൾ അദ്ദേഹത്തിന് മുഖം നൽകാതെ പല പ്രമാണിമാരും മാറിനിന്ന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിനായി സിലോണിലും റങ്കൂണിലും മറ്റും നടത്തിയ യാത്രയിൽ പല തിക്താനുഭവങ്ങളും രുചിച്ചതായി അദ്ദേഹത്തി​ന്റെ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ബ്രിട്ടീഷ് വിരുദ്ധ പ്രചാരണങ്ങൾ നടത്തിവന്നിരുന്ന ദേശീയപത്രം എന്നനിലയിൽ ‘അൽ അമീനോ’ട് ഇടപെടുന്നതിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല. വെറുതെ ബ്രിട്ടീഷ് വൈരം വരുത്തിവെക്കേണ്ട എന്നതായിരുന്നു അവരുടെ പക്ഷം. പത്രം നടത്തിപ്പിൽ വന്ന സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി നിരവധി മാർഗങ്ങൾ അവലംബിച്ചാണ് ‘അൽ അമീൻ’ മുന്നോട്ടുകൊണ്ടുപോയത്. പത്രത്തിൽ പ്രവർത്തിക്കുന്നവർ താമസിച്ചുവന്നിരുന്ന ‘അൽ അമീൻ’ ലോഡ്ജിൽ അടുക്കള പൂട്ടി കിടന്ന നിരവധി ദിവസങ്ങൾ ഉണ്ടായിരുന്നതായി അബ്ദുറഹ്മാൻ സാഹിബിന്റെ സന്തതസഹചാരിയായിരുന്ന ഇ. മൊയ്തു മൗലവി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ പത്രങ്ങളുടെ പ്രധാന വരുമാനമായിരുന്ന കോടതി പരസ്യങ്ങൾ ‘അൽ അമീനു’ നൽകാതെ നിഷേധിക്കപ്പെട്ടിരുന്നു.

ത​ന്റെ സഹപാഠിപോലും പത്രത്തി​ന്റെ പ്രചാരണം തടയുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നറിഞ്ഞ നിമിഷം ജീവിതത്തിൽ വലിയൊരു തിരിച്ചറിവി​ന്റെ നിമിഷമായി മാറി. “പത്രത്തിനൊപ്പം അബ്ദുറഹ്മാൻ അഥവാ അബ്ദുറഹ്മാനൊപ്പം പത്രവും നശിച്ചാൽ പരമാനന്ദം” എന്ന് കരുതിയിരുന്നവർ അക്കാലത്ത് ധാരാളം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ‘അൽഅമീനി’ന്റെ നിലനിൽപ് ആഗ്രഹിച്ചിരുന്നവരും ഉണ്ടായിരുന്നു. ആയതിനാൽ അവർ സാമ്പത്തികമായി പത്രത്തെ സഹായിച്ചുവന്നു. അവരുടെ പേര് വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി പത്രത്തിൽ ‘അൽ അമീൻ സഹായ ഫണ്ട്’ എന്ന പേരിൽ ഒരു കോളം ഉൾപ്പെടുത്തിയിരുന്നു.

‘അൽ അമീൻ’ ഏറ്റെടുത്ത പ്രക്ഷോഭങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സംഭവങ്ങളെ അടയാളപ്പെടുത്തുന്നതിൽ ഉത്സാഹം കാണിച്ചിരുന്ന ദേശീയപത്രമായിരുന്നു ‘അൽ അമീൻ’. പത്രം നടത്തിവന്നിരുന്ന കാലത്തെ നീറുന്ന പ്രശ്നങ്ങളെ ഏറ്റെടുത്ത് അവക്ക് പരിഹാരങ്ങൾ നിർദേശിക്കാൻ ‘അമീൻ’ പരിശ്രമിച്ചിരുന്നു. 1919ലെ ഇന്ത്യ നിയമത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനുവേണ്ടി നിയമിതനായ സൈമൺ കമീഷന്റെ കാലത്ത് (1928) അതിനെ ശക്തിയുക്തം എതിർക്കുന്നതിൽ മുൻപന്തിയിൽ നിന്ന പത്രമായി ‘അൽ അമീൻ’ മാറി. പത്രാധിപരുടെ ആഹ്വാനം ശിരസ്സാവഹിക്കുന്നതിന് തൽപരരായ ഒരുകൂട്ടം യുവാക്കൾ പത്രത്തി​ന്റെ വായനക്കാരായി ചേർന്ന കാലംകൂടിയായിരുന്നു അന്ന്. വെള്ളക്കാരുടെ സംഘമായിരുന്ന സൈമൺ കമീഷനെ ഏതു രീതിയിൽ നേരിടണമെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ എങ്ങനെയാണെന്നും ജനങ്ങളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം ‘അൽ അമീ​ന്റെ’ പേജുകൾ ഏറ്റെടുത്തു. സൈമൺ വിരുദ്ധ എഡിറ്റോറിയൽ പല ദിവസങ്ങളിലും ‘അമീനെ’ സമ്പന്നമാക്കി: “ഇന്ത്യൻ സ്വാതന്ത്ര്യസമരം ഏറെ കുറെ ബ്രിട്ടീഷ് ഗവർമ്മെണ്ടു നേരിട്ടു ഭരണമേർപ്പെടുത്തിയ കാലത്തേ തുടങ്ങി നടന്നു വരുന്നു.

‘സിപ്പായി കലഹം’ എന്നറിയപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഈസ്റ്റിൻഡ്യാ കമ്പനിക്കാരുടെ ദുർവഹമായ ദുർഭരണം നിമിത്തം ഉണ്ടായി. അതിന്നുശേഷം ഇന്ത്യക്കാരെ ഭരിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കാരിൽനിന്നു ബ്രിട്ടീഷ് ഗവർമ്മെണ്ടു നേരിട്ടു ഏറ്റെടുത്തു. ഇന്ത്യക്കാരുടെ പൗരുഷം നശിപ്പിക്കാനും അടിമത്വവിഷം ജീവനാഡികളിൽപ്പോലും സ്ഥിരമായി കലർത്താനും ഉതകുന്ന ഒരു വിദ്യാഭ്യാസരീതി രൂപീകരിച്ചു. മത്സരം ഉണ്ടാക്കുവാൻ വിഭിന്നവർഗങ്ങളുടെയിടയിൽ സ്പർദ്ധാവിഷബീജവും വിതച്ചു. ജനങ്ങൾക്കു മനസ്സിലാകാത്ത നിലയിൽ എത്രയും വിജയകരമായ നയോപായങ്ങളോടുകൂടി ഇന്ത്യയിൽ വിദേശദുഷ്പ്രഭുത്വം ഏർപ്പെടുത്തുന്നതിൽ ഭരണാധികാരികൾ ജാഗരൂകരായിരുന്നു... മലബാറും വിശിഷ്യാ കോഴിക്കോടും കോഴിക്കോട്ടെ മുസ്‍ലിംകളും ഈ സർവേന്ത്യാസമരത്തിൽ പിന്നണിയിലായിപ്പോകില്ലെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ബ്യൂറോക്രസി നമ്മുടെ മേൽ അവർക്കുള്ള അധികാര കാലാവധി കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകുവാൻ എല്ലാവിധ തന്ത്രങ്ങളും പ്രയോഗിക്കാതിരിക്കില്ല. സ്വാത​േന്ത്ര്യച്ഛുക്കളായ ഇന്ത്യക്കാരുടെ മുറ അവരുടെ ഭീഷണികളിൽ ഭയപ്പെടാതെയും വശീകരണങ്ങൾക്കു വഴിപ്പെടാതെയുമിരിക്കലാണ്.

നാളെ കോഴിക്കോട്ടെ പൗരന്മാർ അവരുടെ പുരുഷത്വവും സ്വാഭിമാനവും ഏറ്റവും വിജയകരമായ ഹർത്താൽ കൊണ്ടു വെളിപ്പെടുത്തുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. മുസ്​ലിംകൾ ഗവണ്മെണ്ടിനോട് സഹകരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു നിങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ, നിങ്ങൾക്ക് ഈ സഹകരണംകൊണ്ട് എന്തു ഗുണമാണുണ്ടാവാൻ പോകുന്നതെന്ന് നിങ്ങൾ ചിന്തിക്കണം. നാലായിരം സഹോദരന്മാരെ ജയിലുകളിൽ വെച്ചുകൊണ്ടിരിക്കുന്നതും അന്തമാനിലേക്ക് മാപ്പിള സ്ത്രീകളെ അയക്കുന്നതും ഏറനാട്ടിലും മറ്റും പ്രത്യേക പട്ടാളത്തെ നിർത്തീട്ടുള്ളതുമല്ലേ ബ്രിട്ടീഷു ഗവർമ്മെണ്ടിൽനിന്നു നിങ്ങൾക്ക് ലഭിച്ചിട്ടുള്ളത്? മറ്റെല്ലാ സമുദായങ്ങളോടും ഒത്തുചേർന്നു ബഹിഷ്കരണത്തെ വിജയമാക്കാൻ ഞാൻ എ​ന്റെ മുസ്​ലിം സഹോദരന്മാരോടഭ്യത്ഥിക്കുന്നു.” ഇത്തരത്തിൽ മുസ്‍ലിംകളെ ദേശീയ സമരത്തിലേക്ക് ആനയിക്കുന്നതിനുള്ള ആഹ്വാനങ്ങൾ അബ്ദുറഹ്മാൻ സാഹിബിന്റെ തൂലികയിൽനിന്നും പിറവികൊണ്ടിരുന്നു.

ജയിലുകളിലും മറ്റും നരകം അനുഭവിച്ചിരുന്ന തടവുപുള്ളികൾക്ക് വേണ്ടിയും അബ്ദുറഹ്മാൻ തന്നെ തൂലിക ചലിപ്പിക്കുകയുണ്ടായി. 1929 ജൂലൈ 14ന് വന്ന ഒരു എഡിറ്റോറിയലിൽ ജയിൽ പരിഷ്കരണത്തെക്കുറിച്ച് വിശദമായി രേഖപ്പെടുത്തുന്നുണ്ട്: ‘‘തടവുകാര​ന്റെ തൊലി വെളുത്തതായിരുന്നാൽ അവൻ കൊള്ളക്കാരനോ കൊലപാതകിയോ ആയിരുന്നാലും വേണ്ടതില്ല, അവന്നു ജെയിലിൽ ഊണു, ഉടുപ്പ്, ഉറക്കം മുതലായവയിൽ ലഭിക്കുന്ന സർവ്വ സൗകര്യങ്ങളോടടുത്ത ഒരു സ്ഥിതിപോലും തൊലികറുത്ത മനുഷ്യർ എത്ര ഉന്നത പദവിയിലിരിക്കുന്നവരായാലും വെറും രാഷ്ട്രീയ കുറ്റങ്ങൾക്കുമാത്രം ശിക്ഷിക്കപ്പെട്ടിരുന്നവരായാലും വേണ്ടില്ല, ഇവർക്കു ലഭിക്കുന്നതുപോയിട്ടു ആശിക്കുവാൻ പോലും കഴിയില്ല. അന്യായവും അക്രമവുമായ ഈ വ്യത്യാസം ഗവർമ്മേണ്ട് ജെയിൽഭരണത്തിന്നു നിയമിക്കുന്ന ഉദ്യോഗസ്ഥന്മാരെ ഐ.ജി മുതൽ വാർഡർമാർവരെ തിരഞ്ഞെടുക്കുന്നതിലും അവരുടെ ശമ്പളവും മറ്റും നിശ്ചയിക്കുന്നതിലും കാണിച്ചുവരുന്നുണ്ട്.

വർണഭേദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ അനാശാസ്യ നയത്തിനു നികുതിദായകൻ എത്ര പണമാണ് ബലികഴിക്കുന്നതെന്നറിയണമെങ്കിൽ യു.പിയിലെന്നപോലെ മദ്രാസിലും ഒരു ജെയിലന്വേഷണ കമ്മിറ്റി ഏർപ്പെടുത്തിനോക്കണം. വർണ്ണഭേദത്തെ നിലനിറുത്തി ഗവർമ്മെണ്ടിന്റെ തന്നിഷ്ടംപോലെ ദുർവ്യയം ചെയ്യുവാനുള്ള ഒരു വകുപ്പായി ജെയിൽ ഭരണം നടത്തിപ്പോരുന്നതിനെ അവസാനിപ്പിക്കുകയും തടവുകാരെ ജയിൽശിക്ഷയുടെ പ്രധാന ഉദ്ദേശ്യമായി പരിഷ്കരിച്ചെടുക്കേണ്ടത് സാധിപ്പിക്കേണ്ടതുമായി നമ്മുടെ സംസ്ഥാനത്തിലും ഒരു ​െജയിൽ അന്വേഷണ കമ്മിറ്റി ഏർപ്പെടുത്തേണ്ടതിനുമായി കാലം വൈകിയിട്ടുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു...

ബല്ലാരിയിലും മറ്റു ജെയിലുകളിലും സൂക്ഷിച്ചുവരുന്ന ലഹളത്തടവുകാരെ മദ്രാസ് കൌൺസിലിൽ ഒന്നിലേറെപ്രാവശ്യം പാസ്സായിട്ടുള്ള തീർപ്പനുസരിച്ചു വിട്ടും, മലബാർ സ്പെഷ്യൽ പോലീസിനെ പിരിച്ചയച്ചും, അവക്കു ദുർവ്യയം ചെയ്യുന്ന പണം ചിലവിട്ടു മാപ്പിളമാർക്ക് പൊതുവായ വിദ്യാലയങ്ങളും പ്രത്യേകം സാങ്കേതിക പാഠശാലകളും ഉണ്ടാക്കിക്കൊടുത്തു അവരുടെ അജ്ഞാനവും ദാരിദ്ര്യവും പരിഹരിക്കുവാനുള്ള സൽബുദ്ധി ഇനിയും നമ്മുടെ ഗവമ്മെണ്ടിന്നുണ്ടായിക്കാണാത്തത് കഷ്ടമാണെന്നു പറയാതെ തരമില്ല. ഇന്ത്യൻഭരണം ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യക്കാരാൽ നടത്തപ്പെടുമ്പഴല്ലാതെ വേണ്ടാത്തവർക്കു വേണ്ടി ദുർവ്യയം ചെയ്യുന്ന പണം വേണ്ടേടത്തു വേണ്ടപോലെ ചിലവിട്ടു ജനങ്ങളുടെ കഷ്ടാരിഷ്ടങ്ങൾ പരിഹരിക്കപ്പെടുന്നതല്ലെന്നു തീർച്ചയുള്ളതായിരിക്കെ നാം ജെയിൽ പരിഷ്കരണത്തിന്നും മറ്റും മുറവിളിക്കുന്നതിന്നുപകരം ഭരണമാറ്റത്തിന്നു പരിശ്രമിക്കുന്നതായിരിക്കും ഏറെ ഉത്തമം.’’

 

മതിലകത്ത്​ നടന്ന കെ.പി.സി.സി വളന്റിയർ പരിശീലന ക്യാമ്പിൽ മുഹമ്മദ്​ അബ്​ദുറഹ്​മാൻ സാഹിബ്​,‘അൽ അമീൻ’ സഹായ ഫണ്ട് ഉൾക്കൊണ്ടുവന്ന ഒരു പേജ്

അനീതിക്കെതിരെ പടവാൾ

‘അൽ അമീന്റെ’ ആദ്യ എഡിറ്റോറിയൽ ബ്രിട്ടീഷുകാർ മാപ്പിളമാരുടെ മേൽ അടിച്ചേൽപിക്കുന്ന അന്തമാൻ സ്കീമിനെതിരെ സൂചിപ്പിച്ചല്ലോ? അതുപോലെ നിരവധി പ്രക്ഷുബ്ധമായ വിഷയങ്ങളെ കേന്ദ്രമാക്കിക്കൊണ്ട് എഡിറ്റോറിയൽ തയാറാക്കി പ്രസിദ്ധീകരിക്കുന്നതിൽ പത്രാധിപരായ അബ്ദുറഹ്മാൻ സാഹിബ് മിടുക്ക് കാണിച്ചു. അക്കാലത്ത് ലക്ഷദ്വീപ് നിവാസികളോട് അധികാരികൾ കാണിച്ചിരുന്ന തികഞ്ഞ അലംഭാവത്തെ തന്റെ പത്രത്തിലൂടെയും നേരിട്ടും അബ്ദുറഹ്മാൻ സാഹിബ് ചോദ്യംചെയ്തിരുന്നു: “അഗത്തി ദ്വീപുകാരനായ കുഞ്ഞിക്കോയ എന്നയാൾക്ക് - അയാളുടെ പേരിലുളള ഒരു കേസ്സു വാദിക്കാൻ കോടതിരേഖകൾ അത്യാവശ്യമായി.

അക്കാലത്ത് കോഴിക്കോട്ടെ ഹജ്ജുരാപ്പീസ്സിലാണ് ദ്വീപു ഭരണകാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്. ബന്ധപ്പെട്ട ക്ലാർക്ക് കുഞ്ഞിക്കോയയെ റിക്കാർഡുകൾ വിട്ടുകൊടുക്കാതെ ബുദ്ധിമുട്ടിച്ചു. കൈക്കൂലി കൊടുക്കാത്തതാണ് കാരണം.”

ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ‘അൽ അമീനി’ൽ ചേർത്തു. ലക്ഷദ്വീപിലെ ജനങ്ങളെ പിഴിയുന്ന കൈക്കൂലിക്കാരൻ ആയ ഒരു ഉദ്യോഗസ്ഥനെതിരെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചുകൊണ്ടുമാത്രം അവസാനിപ്പിക്കാൻ പറ്റുന്നതായിരുന്നില്ല അത്. തുടർന്ന് ഈ പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലേക്ക് തിരിഞ്ഞു. പരാതിക്കാരനായ കുഞ്ഞിക്കോയയേയും കൂട്ടി അബ്ദുറഹ്മാൻ സാഹിബ് നേരെ കലക്ടറെ ചെന്നു കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്നതിനും പിരിച്ചുവിടുന്നതിനും മറ്റും ഇത് ഇടവരുത്തുകയുണ്ടായി. മാത്രമല്ല, അദ്ദേഹത്തി​ന്റെ എഡിറ്റോറിയലുകൾ പലപ്പോഴും അധികാരികളുടെ ഉറക്കം കെടുത്തുന്നതായിരുന്നു. അബ്ദുറഹ്മാൻ സാഹിബിന്റെ എഡിറ്റോറിയലിനെ കുറിച്ച് പി.പി. ഉമ്മർ കോയ സമർഥിക്കുന്നത്: “അൽ അമീനി​ന്റെ മുഖപ്രസംഗങ്ങൾ തീപ്പന്തങ്ങൾ ആയിരുന്നു. അവ പലതും കരിഞ്ഞു ചാമ്പലാകാനുള്ള തീനാമ്പുകൾ വിതറി; പലരുടെയും മനസ്സുകളെ ഒരുക്കി വാർക്കുന്നതിന് സഹായകമായി.’’

‘അൽ അമീൻ’ ദിനപത്രമാകുന്നു

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നിയമ ലംഘന പ്രസ്ഥാനം ശക്തിപ്പെട്ടുവന്ന കാലത്ത് മലബാറിലെ ദേശീയ പ്രക്ഷോഭത്തിന് ദിശാബോധം നൽകുന്നതിനായി അബ്ദുറഹ്മാൻ ഇറങ്ങിത്തിരിച്ചു. കോഴിക്കോട് നടന്ന ഉപ്പുസത്യഗ്രഹ സമരത്തിൽ അബ്ദുറഹ്മാൻ സാഹിബ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ നിരവധി മാപ്പിളമാർ സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടരായി. ഈ അവസരത്തിൽ ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്തകൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ‘അൽ അമീൻ’ ഒരു ദിനപത്രമായി മാറ്റിയാൽ ഏറെ ഗുണകരമാകും എന്ന ചിന്ത പലരിലും ഉയർന്നു. 1930 ജൂൺ 25 മുതൽ ത്രൈവാരികയായിരുന്ന ‘അൽ അമീൻ’ ദിനപത്രമായി പുറത്തുവരാൻ തുടങ്ങി.

യുവാക്കളെ കൂടുതൽ ഉദ്ബുദ്ധരാക്കി ദേശീയസമരത്തിലേക്ക് കൊണ്ടെത്തിക്കുകയെന്നുള്ള ശ്രമത്തി​ന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന പ്രക്ഷോഭത്തിന്റെ വാർത്തകൾ തുടർച്ചയായ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ‘അൽ അമീൻ’ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ ബ്രിട്ടീഷധികാരികൾ അതിനെ നിശ്ശബ്ദമാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തി. 1930 ജൂലൈ 29ന് ‘ഗവൺമെന്റും പത്രങ്ങളും’ എന്ന പേരിൽ ‘അൽ അമീനി’ൽ വന്ന മുഖപ്രസംഗം പത്രങ്ങളെ ഞെക്കിക്കൊല്ലാനുള്ള അധികാരികളുടെ ശ്രമങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതായിരുന്നു: “പരിഷ്കൃത ഭരണകൂടങ്ങൾ പൊതുജന നാവുകളായ വർത്തമാന പത്രങ്ങൾക്ക് നൽകുന്ന സ്ഥാനത്തെ പറ്റി ഇവിടത്തെ അധികൃതർക്ക് നിശ്ചയം ഉണ്ടോ എന്ന് സംശയമാണ്.

സത്യം തുറന്നുപറയുന്ന പത്രങ്ങൾ ഇവിടെ അല്പായുസ്സുകളാക്കപ്പെടുന്നു... അഭിപ്രായപ്രകാശത്തിൽ സത്യം ഒളിച്ചുവയ്ക്കുന്നവർ ചെകിടനായ ചെകുത്താനാണെന്ന് പ്രവാചകൻ അരുളിയിട്ടുണ്ട്... പ്രസ്തുത വചനം ഗൗരവപൂർവം മനസ്സിൽ ഉറപ്പിച്ചു കൊണ്ടുതന്നെയാണ് ‘അൽ അമീൻ’ ഇന്നോളവും നിലനിന്നുപോന്നത്. പക്ഷേ, ‘അൽ അമീനെ’ ചെകിടനായ ചെകുത്താൻ ആക്കുവാൻ ആണ് ചിലർ ശ്രമിക്കുന്നതെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു അവസ്ഥ സ്വീകരിക്കുവാൻ നിർബന്ധിതമാവുകയാണെങ്കിൽ ഭരണാധികാരികളുടെ എത്ര മൂർച്ചയേറിയ ആയുധത്തിനും സസന്തോഷം, സധൈര്യം കഴുത്തു കാണിച്ചു കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതൽ ജീവിക്കാൻ ‘അൽ അമീൻ’ ആഗ്രഹിക്കുകയില്ല.’’ പത്രമാരണ ബില്ല് തങ്ങൾക്കെതിരെ കൊണ്ടുവരുമെന്നുള്ള ‘അൽ അമീനി​’ന്റെ ദീർഘവീക്ഷണം ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു സർക്കാറി​ന്റെ പിന്നീടുള്ള നീക്കങ്ങൾ.

1936 മേയ് 7ലെ ‘അൽ അമീൻ’ പത്രം,1937ൽ 'പലസ്തീന്റെ ഭാവി' എന്ന പ്രധാന വാർത്തയുമായി പുറത്തുവന്ന ‘അൽ അമീൻ’ പത്രം

1930 ആഗസ്റ്റ് 4ന് പുറത്തുവന്ന പത്ര ഓർഡിനൻസിന്റെ ചുവടുപിടിച്ച് 2000 രൂപ ജാമ്യം നൽകാൻ വേണ്ടി ‘അൽ അമീൻ’ മാനേജിങ് ഡയറക്ടർക്ക് ഔദ്യോഗികമായി അറിയിപ്പു വന്നു. എന്നാൽ പത്രമാരണ ഓർഡിനൻസിലെ വ്യവസ്ഥകൾ പാലിക്കാൻ അബ്ദുറഹ്മാൻ സാഹിബ് തയാറായില്ല. ആയതിനാൽ കുറച്ചുകാലത്തേക്ക് പത്രത്തി​ന്റെ പ്രസിദ്ധീകരണം നിർത്തിവെക്കാൻതന്നെ മാനേജ്മന്റെ് തീരുമാനിച്ചു. അക്കാലത്ത് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ചുവന്നിരുന്ന ടി. മുഹമ്മദ് യൂസഫ് എഴുതിയത്: “കേരളത്തിലെ നിയമനലംഘന പ്രസ്ഥാനം അൽ അമീനോട് കടപ്പെട്ടിട്ടുള്ളത് പോലെ മറ്റ് യാതൊരു പത്രത്തോടും കടപ്പെട്ടിട്ടില്ലെന്ന് ഉറപ്പായും വിശ്വസിക്കാവുന്നതാണ്... നിസ്തുലമായ ധീരതയോടുകൂടി ‘അൽഅമീൻ’ അന്നു പ്രവർത്തിക്കുകയുണ്ടായി.

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അതി​ന്റെ പ്രാണൻപോലും അന്ന് ബലിയായി അർപ്പിക്കപ്പെട്ടിരുന്നു. ‘പന്തീരി പന്ത്രണ്ട്’ മുതലായ അതി​ന്റെ ധീരവും പ്രൗഢവുമായ മുഖപ്രസംഗങ്ങളും വാർത്തകളുടെ സ്തോഭജനകമായ തലക്കെട്ടുകളും നിയമലംഘനത്തിലേക്ക് ജനതയെ ഹഠാതെ ആകർഷിച്ചിരുന്നു. പത്രത്തിന്റെ അഭിവൃദ്ധിയെ മാത്രം ലാക്കാക്കി ജീവിക്കാതെ പ്രസ്ഥാനത്തി​ന്റെ വിജയത്തിനുവേണ്ടി ക്രൂരമായ സർക്കാർ നടപടികളെ നിർഭയമായി വിമർശിക്കുകയും പൊതുജനങ്ങൾക്ക് എത്രയും ധീരമായി മാർഗദർശനം ചെയ്യുകയുമാണ് അമീൻ അന്നു ചെയ്തിട്ടുള്ളത്.’’ പത്രത്തി​ന്റെ അച്ചടി അവസാനിപ്പിച്ച് കുറച്ചുകാലം ദേശീയ പ്രക്ഷോഭത്തിലേക്ക് അദ്ദേഹം തിരിഞ്ഞു.

എന്നിരുന്നാലും 1930 നവംബർ 20ന് കുറച്ചുകാലത്തെ ഇടവേളക്കു ശേഷം ‘അൽ അമീൻ’ വീണ്ടും ദിനപത്രമായി ജനങ്ങളുടെ മുന്നിലേക്ക് എത്തി. ബ്രിട്ടീഷ് അധികാരികൾക്ക് കൂടുതൽ സ്വൈരക്കേട് നൽകുന്ന തരത്തിലുള്ള വാർത്തകളും എഡിറ്റോറിയലുംകൊണ്ട് പത്രം നിറക്കാനാണ് ഈ ഘട്ടത്തിൽ പത്രാധിപർ ശ്രമിച്ചത്. ഒപ്പം മുസ്‍ലിംകളെ ദേശീയ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളും നടത്തി. ഇതിനായി മാപ്പിള പോരാട്ടങ്ങളുടെ ചരിത്രം അയവിറക്കുന്നതിനായുള്ള വാർത്തകളും എഡിറ്റോറിയലുകളും ഉൾപ്പെടുത്തിവന്നു.

1930 നവംബർ 26ന് വാഗൺ കൂട്ടക്കുരുതിയെ കുറിച്ച് വന്ന എഡിറ്റോറിയൽ ഇത്തരത്തിലുള്ള ഒന്നായിരുന്നു: ‘‘കേരള മുസ്​ലിം സമുദായ ചരിത്രത്തിൽ പലവിധ ഭയങ്കര ഘട്ടങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അവയിലെല്ലാറ്റിലും വെച്ച് ഏറ്റവും പരിതാപകരവും അതിഭയങ്കരവും ലോകമൊട്ടാകെയും കിടുകിടെ വിറപ്പിച്ചതുമായ ഒരു സംഭവമാണ് മലബാറിലെ ‘കാളിഗർത്ത’മെന്ന അപരനാമത്തിൽ അറിയപ്പെടുന്ന വാഗൺ ട്രാജഡി...

1921ലെ മലബാർ ലഹളയിൽ തടവുകാരാക്കി പിടിക്കപ്പെട്ട നൂറു മുസ്​ലിംകളെ നീതിന്യായം ചെയ്തുവരുന്ന ഒരു ഗവർമ്മെണ്ടിന്റെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്മാർ നരബലി നടത്തിയ ആ സംഭവമോർക്കുമ്പോൾ ആരാണ് നടുങ്ങിപ്പോകാത്തത്, ഏതൊരു കഠിനഹൃദയ​ന്റെ മനസ്സാണ് അലിഞ്ഞുപോകാത്തത്, ഇതുചെയ്ത ഗവർമ്മെണ്ടുതന്നെ നിരപരാധികളും മാതൃഭൂമിക്കുവേണ്ടി സർവവും എന്നുവേണ്ട ജീവനെതന്നെയും ബലികഴിക്കുവാൻ ഒരുങ്ങിയവരുമായ പെഷവാറിലെ ആബാലവൃദ്ധം ജനങ്ങളെ വെടിവെച്ചുകൊല്ലുകയും, ദൃഢമായ അക്രമരാഹിത്യവ്രതം സ്വീകരിച്ച് സത്യഗ്രഹമനുഷ്ഠിക്കുന്ന ധർമ്മയോദ്ധാക്കളുടെ പൃഷ്ഠങ്ങളിൽ ലാത്തി കുത്തിക്കയറ്റുകയും ചെയ്തിട്ടുണ്ടെങ്കിലും, ആവക സംഭവങ്ങളെല്ലാം ഈ വാഗൺ ട്രാജഡിയുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ നിസ്സാരങ്ങളാണ്.

1921 നവംബർ 19ന് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നും നൂറു മുസ്​ലിംകളെ ജനങ്ങൾ ഉപയോഗിക്കാത്തതും കശാപ്പുമൃഗങ്ങളെപ്പോലും കയറ്റുവാൻ സാധിക്കാത്തതുമായ ഒരു ഇടുങ്ങിയ സാമാനവണ്ടിയിൽ അടിച്ചു തള്ളിക്കയറ്റി, വണ്ടിയുടെ കതകുകൾ ബന്ധിച്ച്, വായുവും വെള്ളവും കൊടുക്കാതെ കൂട്ടക്കൊല നടത്തിയതിന് സമമായ ഒരു നിഷ്ഠുരസംഭവം മലബാർ ചരിത്രത്തിലെന്നല്ല, ലോകചരിത്രത്തിൽതന്നെ കാണുവാൻ സാധിക്കുകയില്ല. ഈ തടവുകാരെ എല്ലാം തിരൂർ സ്റ്റേഷനിൽനിന്നും റെയിൽവേ പാർസലാക്കി അടച്ചുകെട്ടി കോയമ്പത്തൂരിലേക്കായിരുന്നു അയച്ചിരുന്നത്.

പോത്തന്നൂർ സ്റ്റേഷനിലെത്തുന്നതിന് സാധിക്കാതെയും, വെള്ളം കിട്ടാതെയും 56 പേർ മരണപ്പെട്ടു. പോത്തന്നൂരിലെത്തി വണ്ടി തുറന്ന സമയം ആറുപേരും പിന്നീട് എട്ടുപേരും പരലോകം പ്രാപിക്കുകയുണ്ടായി. ഇങ്ങനെ ആകെ എഴുപത് മുസ്​ലിംകളെയാണ് ധ്വരമാർ ബലികഴിച്ചത്. ലോക ചരിത്രം നോക്കിയാൽ അധികൃതന്മാർ പല കൂട്ടക്കൊലകളും നടത്തിയതായി കാണാവുന്നതാണ്. എന്നാൽ, അതിനെല്ലാം അവർ ചില കാരണങ്ങൾ പറഞ്ഞുകാണുന്നുണ്ട്. തെക്കെ മലബാർ മുസ്​ലിംകളായ എഴുപതുപേരെ ഇപ്രകാരം കൊലചെയ്തതിന് തക്ക കാരണം നാളിതുവരെയായിട്ടും പറഞ്ഞുകാണുന്നില്ല. മലബാർ മുസ്​ലിംകളുടെ ഭാവിജീവിതത്തിൽ ഈ മഹാപാതകത്തെ ഓർമ്മിപ്പിക്കുന്നതിനാണ് എല്ലാ നവംബർ മാസങ്ങളിലും ഞങ്ങളിതിനെക്കുറിച്ചെഴുതുന്നത്. ഈ കഠിനക്രിയയെ എന്നുമെന്നും ഓർമ്മിപ്പിക്കുന്നതിന് പര്യാപ്തമായ ഒരു സ്മാരകം സ്ഥാപിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.’’ അധികാരികളെ അരിശo പിടിപ്പിക്കുന്നതിന് ഇതിൽപരം മറ്റെന്താണ് വേണ്ടത്.

‘അൽ അമീൻ’ തന്മൂലം എപ്പോഴും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി നിലനിന്നിരുന്നു. പത്രത്തെ സാമ്പത്തികമായി സഹായിക്കുന്നവർ ബ്രിട്ടീഷ് അധികാരികളുടെ ശത്രു പട്ടികയിലേക്ക് കടന്നുകൂടിയപ്പോൾ അബ്ദുറഹ്മാൻ സാഹിബ് സാമ്പത്തികമായി ഞെരുങ്ങി. അത് പത്രത്തി​ന്റെ പ്രവർത്തനത്തെ പരുങ്ങലിലാക്കി. സാമ്പത്തിക പരാജയങ്ങൾക്കിടയിലും തന്റെ പത്രവുമായി മുന്നോട്ടുപോകുവാൻ അദ്ദേഹം തീരുമാനിച്ചു. കൂടുതൽ പത്രക്കടലാസ് വാങ്ങി സൂക്ഷിക്കുവാൻ പണമില്ലാത്തതിനാൽ പത്രം അടിക്കാനുള്ള കടലാസ് അന്നന്നു വാങ്ങിക്കേണ്ട അവസ്ഥയിലായിരുന്നു. അതിനായി പലരും വളരെ രഹസ്യമായി അദ്ദേഹത്തിന് പണം നൽകി സഹായിച്ചുവന്നിരുന്നതിനാൽ പത്രം മുടങ്ങാതെ നടന്നുവന്നു. ദാരിദ്ര്യം ആയിരുന്നെങ്കിലും ആ നല്ല നാളുകളുടെ ഓർമ പലരെയും മുന്നോട്ടു നയിച്ചിരുന്നു.

അന്ന് പത്രത്തി​ന്റെ ഭാഗമായിനിന്നവരിൽ പ്രമുഖനും സാഹിത്യകാരൻ എം.പി. മുഹമ്മദ​ിന്റെ പിതാവുമായ എൻ.പി. അബുവി​ന്റെ ഓർമകളിൽനിന്നും പങ്കുവെക്കുന്നത്, പത്രം വരിക്കാർക്ക് അയക്കാൻ സ്റ്റാമ്പ് വാങ്ങാൻപോലും ആരുടെ കൈയിലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പലരെയും തേടിയിറങ്ങി പിരിച്ച കാശുകൊണ്ട് സ്റ്റാമ്പും വാങ്ങിച്ച് പത്രങ്ങൾ പോസ്റ്റ് ചെയ്തതിനുശേഷം ഭക്ഷണത്തിന് തികയാത്ത അവസ്ഥ വന്നിരുന്നുവെന്നും വളരെ ലളിതമായി കഞ്ഞിവെച്ച് കഴിച്ച കാലവും പത്രവും ആയിട്ട് ബന്ധപ്പെട്ട് പറയുന്നുണ്ട്.

 

പത്രപ്രവർത്തനത്തി​ന്റെ പാഠശാല

പല പ്രമുഖ പത്രപ്രവർത്തകരും തങ്ങളുടെ പാഠശാലയായും ‘അൽ അമീനെ’ കരുതിയിട്ടുണ്ട്. നിരന്തരം ലോഡ്ജ് സന്ദർശിക്കുകയും പത്രത്തിന് വേണ്ടുന്ന കാര്യങ്ങൾ എഴുതിനൽകുകയും ചെയ്തിരുന്ന നിരവധി യുവാക്കൾ അക്കാലത്ത് ‘അൽ അമീനി​’ന്റെ നെടുംതൂണുകളായി പ്രവർത്തിച്ചിരുന്നു. അബ്ദുറഹ്മാൻ സാഹിബുമായിട്ട് അടുത്തബന്ധം പുലർത്തിയിരുന്ന തെരുവത്ത് രാമൻ ത​ന്റെ ‘അൽ അമീൻ’ ഓർമപങ്കുവെക്കുന്നത്: ‘‘പ്രസിൽ ചെല്ലുമ്പോൾ കടലാസ് തന്ന് ഒരു ലേഖനം തയാറാക്കി കൊടുക്കാൻ ആവശ്യപ്പെടും.

അന്ന് പത്രത്തിൽ ലേഖകന്മാർ ഇല്ലല്ലോ? ഞാൻ വാർത്തയും സാഹിത്യസൃഷ്ടികളും പുസ്തകനിരൂപണങ്ങളും എല്ലാം തയാറാക്കും... കോഴിക്കോട്ടെ ‘അൽ അമീൻ’ ലോഡ്ജിലും അങ്ങനെ സ്ഥിരം സന്ദർശകനായി മാറി. വക്കം അബ്ദുൽ ഖാദർ, മൊയ്തു മൗലവി, പിള്ള തുടങ്ങിയവർ അവിടെ ഉണ്ടാകും. ഒരു കുടുംബമായിരുന്നു അത്. പത്രപ്രവർത്തനം വ്യവസായമല്ലാത്തതിനാൽ ആർക്കും കൃത്യമായി ശമ്പളം ഒന്നും കിട്ടിയിരുന്നില്ല. എല്ലാവർക്കും ഭക്ഷണം ഉണ്ടാകും. പണമില്ലെങ്കിൽ പലപ്പോഴും അതും മുടങ്ങും എന്നാൽ, ആർക്കും ഒരു പരിഭവവുമില്ല. അവർ പത്രപ്രവർത്തനത്തെ ഒരു ആയുധമാക്കി മാറ്റുകയായിരുന്നു.’’

മമ്പുറം റസ്റ്ററേഷൻ കമ്മിറ്റിയും അൽ അമീനും

മാപ്പിളമാരുടെ ആത്മീയ നേതാവായിരുന്ന മമ്പുറം ഫസൽ പൂക്കോയ തങ്ങളെ നാടുകടത്തിയ സംഭവം (1852) മാപ്പിളമാരിൽ ഉണ്ടാക്കിയ നേതൃദാരിദ്ര്യവും നിരാലംബത്വവും വളരെ വലുതായിരുന്നു. ഒരിക്കലെങ്കിലും അതിനൊരു മറുമരുന്ന് കണ്ടെത്തണമെന്ന ആഗ്രഹക്കാരനായിരുന്നു അബ്ദുറഹ്മാൻ സാഹിബ്. മമ്പുറം പൂക്കോയ തങ്ങളുടെ പിൻഗാമികളെ മലബാറിൽ എത്തിക്കുന്നതിനുള്ള പരിശ്രമം തന്മൂലം അദ്ദേഹത്തി​ന്റെ താൽപര്യത്താൽ നടന്നു. 1933ൽ ത​ന്റെ പത്രത്തിലൂടെ ഈ സംഭവം ഒരിക്കൽകൂടി ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് അദ്ദേഹം ശ്രമിച്ചു. ബ്രിട്ടീഷുകാർ നടത്തിയ നിന്ദ്യമായ ഈ കൃത്യത്തെ മലബാറിൽ കൂടുതൽ ചർച്ചക്ക് ഇടനൽകുന്ന തരത്തിലേക്ക് അദ്ദേഹം മാറ്റിയെടുത്തു.

തുടർന്ന് ‘അൽ അമീൻ’ പത്രത്തെ വരുതിയിൽ നിർത്തി ഈ ചർച്ച അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ അബ്ദുറഹ്മാൻ സാഹിബ് നിലകൊണ്ടു. നാട്ടിലേക്ക് തിരികെ വരാനുള്ള ഫസൽ പൂക്കോയ തങ്ങളുടെ കുടുംബത്തി​ന്റെ അവകാശത്തെ ബ്രിട്ടീഷ് അധികാരികൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അന്നത്തെ ജില്ല കലക്ടർ ഉറപ്പുനൽകി. എന്നാൽ, ഇത്തരത്തിൽ ഒരു പ്രക്ഷോഭത്തിന് കോപ്പ് കൂട്ടിയ അബ്ദുറഹ്മാൻ സാഹിബും പത്രവും നടപടി നേരിടേണ്ടി വരുമെന്നും അധികാരികൾ ബോധിപ്പിച്ചു. എന്നാൽ, എന്ത് നടപടികൾക്കും തയാറായിരുന്ന അബ്ദുറഹ്മാൻ സാഹിബ് അതൊന്നും മുഖവിലക്ക് എടുത്തില്ല.

അന്നത്തെ കലക്ടർ റസ്സൽ സായിപ്പ് ‘അൽ അമീൻ’ മൂലം സർക്കാറിനുണ്ടായ വ്യസനത്തിന് മാപ്പ് പറയണമെന്ന് അറിയിച്ചുകൊണ്ട് പത്രാധിപർക്ക് ഒരു കുറിപ്പ് നൽകി. എന്നാൽ, അതൊന്നും വകവെക്കാതെ ഈ കുറിപ്പും തുടർന്ന് ഇത് സംബന്ധമായൊരു മുഖപ്രസംഗവുംകൊണ്ടാണ് അധികാരികളോട് ‘അൽ അമീൻ’ മറുപടി പറഞ്ഞത്. തുടർന്ന് അബ്ദുറഹ്മാൻ സാഹിബിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ, വാറന്റ് ജനരോഷം ഭയന്ന് സർക്കാർ പിൻവലിച്ചു. തുടർന്നും പല നടപടികളിലൂടെ ‘അൽഅമീൻ’ പത്രത്തെ തകർക്കുന്നതിനുള്ള ശ്രമങ്ങൾ അധികാരികളിൽനിന്നും നടന്നുവന്നു. അതിലൊന്നായിരുന്നു ‘അൽ അമീന്’ കോടതി പരസ്യങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ.

ഇത്തരം ചെയ്തികൾ മദ്രാസ് നിയമസഭയിൽ ചോദ്യങ്ങളായി ഉന്നയിക്കുന്ന നിലവരെ വന്നു. 1933 ജനുവരി 2ന് മദ്രാസ് ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ബി. പോക്കർ സാഹിബ്, അബ്ദുൽ ഹമീദ് ഖാൻ, ബഷീർ അഹമ്മദ് സാഹിബ്, രാമസ്വാമി മുതലിയാർ തുടങ്ങിയ അംഗങ്ങൾ ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിക്കുന്നുണ്ട്. സിവിൽ നിയമലംഘനത്തെയും അതുപോലുള്ള പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തരം പത്രങ്ങൾക്ക് ഇത്തരം പരസ്യം നൽകേണ്ടതില്ല എന്ന സർക്കാർ നയം നിലനിൽക്കുന്നതിനാലാണിതെന്ന് അധികാരികൾ മറുപടി നൽകി. മാത്രമല്ല, 1930ൽ ജാമ്യം ആവശ്യപ്പെട്ട പത്രങ്ങൾക്കും ഇത്തരത്തിൽ സർക്കാർ വക പരസ്യങ്ങൾ നൽകേണ്ടതില്ലായെന്നു വ്യവസ്ഥയുണ്ടെന്നും അധികാരികൾ അറിയിച്ചു.

ത്രൈവാരികയായും പത്രമായും കുറച്ചുകാലം കൂടി തട്ടിയും മുട്ടിയും പത്രം നടന്നു. 1939 സെപ്റ്റംബർ 29ന് ബ്രിട്ടീഷ് സർക്കാറിന്റെ ഉത്തരവ് പ്രകാരം ‘അൽ അമീനു’ പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടിവന്നു. തിരിഞ്ഞുനോക്കുമ്പോൾ പലപ്പോഴും ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തിന്റെ ജിഹ്വയായി ‘അൽ അമീൻ’ വർത്തിച്ചു. ‘‘ഉപ്പു സത്യഗ്രഹം നടക്കുമ്പോൾ ഞാനൊരു വിദ്യാർഥിയായിരുന്നു. അന്ന് ‘മാതൃഭൂമി’ എന്നപോലെ ‘അൽ അമീനും’ കൃത്യമായി വായിച്ചിരുന്നു. എന്നെ പോലുള്ള യുവ ദേശീയവാദികളിൽ ‘മാതൃഭൂമി’യെക്കാൾ ഒട്ടും കുറയാത്ത സ്വാധീനം ‘അൽ അമീനും’ ചെലുത്തിയിരുന്നു.’’ ഇ.എം.എസിന്റെ ഈ വെളിപ്പെടുത്തൽ ‘അൽ അമീന്’ മലയാളികളുടെ മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

വളരെ ക്ലേശങ്ങൾ സഹിച്ച് അബ്ദുറഹ്മാൻ സാഹിബ് പത്രം നടത്തിയത് എന്തിനായിരുന്നു: ‘‘ലാഭമുണ്ടാക്കാനല്ല, കുടുംബസ്വത്തുപോലും നശിപ്പിക്കാൻ. സമൂഹത്തി​ന്റെ ഉന്നതശ്രേണിയിൽ സ്ഥാനം നേടാനല്ല, ഉന്നതന്മാരുടെ ഉഗ്രവിരോധം വിലകൊടുത്തു വാങ്ങാൻ. ദൂഷിതവലയം സൃഷ്ടിക്കാനല്ല, ത​ന്റെ സ്വാധീനവലയത്തിൽ സ്വമേധയാ വന്നണയുന്നവരെ ശുദ്ധചരിതരാക്കാൻ. അധികൃതരെയും സാമൂഹികവിരുദ്ധരായ വൻകിടക്കാരെയും വെള്ളപൂശാനല്ല, അവരെയൊക്കെ നിലക്കുനിർത്താൻ.

അഭിപ്രായങ്ങൾ അവസരവാദപരമായി ഒളിച്ചുവെക്കാനല്ല, ഏതു ഭീഷണിയുടെ മുന്നിലും സ്വാഭിപ്രായം നിർവിശങ്കം പ്രഖ്യാപിക്കാൻ, പത്ര സ്ഥാപനത്തെ ഒരു വ്യവസായസംരംഭമാക്കാനല്ല, സാഹസികതയുടെ യുദ്ധരംഗമാക്കാൻ. പ്രലോഭനങ്ങൾക്കോ അവിഹിത സമ്മർദങ്ങൾക്കോ വഴങ്ങി തൂലികയെ വ്യഭിചരിക്കാനല്ല, വാഗ്ദേവതയുടെ ചാരിത്ര്യം സംരക്ഷിക്കാൻ. വായനക്കാരുടെ പ്രാകൃതവും ചപലവുമായ ഹീനരുചികൾക്കു പോഷണം നൽകാനല്ല, മാനവമൂല്യബോധത്തിലേക്ക് അവരെ ഉയർത്താൻ. അനീതികൾക്കു മൗനാനുവാദം നൽകാനല്ല, എല്ലാവിധ അക്രമങ്ങൾക്കും എതിരായ ശക്തിദുർഗങ്ങൾ ജനമാനസങ്ങളിൽ ഉയർത്താൻ. ഇതിനെല്ലാം വേണ്ടിയാണ് അദ്ദേഹം പത്രം നടത്തിയത്.’’

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.