ഭൂപരിഷ്കരണ നിയമം അട്ടപ്പാടിയിൽ അട്ടിമറിക്കുന്നതെങ്ങനെ?

ആദിവാസി ജനതയുടെ ഭൂമി തട്ടിയെടുത്തതി​ന്റെ നിരവധി കഥകൾ പറയുന്ന നാടാണ്​ അട്ടപ്പാടി. ഭൂമി തട്ടിയെടുക്കാനുള്ള മാഫിയകളുടെ ഒത്താശകേന്ദ്രമായി സർക്കാർ ഒാഫിസുകൾ പലപ്പോഴും മാറുന്നു. കുത്തഴിഞ്ഞൊരു പുസ്തകമാണ്​ അക്കാര്യത്തിൽ അട്ടപ്പാടി താലൂക്ക് ഓഫിസ്. അട്ടപ്പാടിയിൽ ഭൂമിയുമായി ബന്ധപ്പെട്ട്​ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കുകയാണ്​ ‘മാധ്യമം’ ലേഖകൻ.ആദിവാസികളുടെ ചോര തളംകെട്ടി നിൽക്കുന്ന നാടാണ് അട്ടപ്പാടി. ഭൂമാഫിയക്ക് വാതിൽ തുറന്നുനൽകുന്നത് അട്ടപ്പാടിയിലെ ട്രൈബൽ താലൂക്ക് ഓഫിസാണ്. അട്ടപ്പാടിയിലെ ആറ് വില്ലേജ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് താലൂക്ക് ഓഫിസാണ്. അട്ടപ്പാടി ട്രൈബൽ താലൂക്ക്...

ആദിവാസി ജനതയുടെ ഭൂമി തട്ടിയെടുത്തതി​ന്റെ നിരവധി കഥകൾ പറയുന്ന നാടാണ്​ അട്ടപ്പാടി. ഭൂമി തട്ടിയെടുക്കാനുള്ള മാഫിയകളുടെ ഒത്താശകേന്ദ്രമായി സർക്കാർ ഒാഫിസുകൾ പലപ്പോഴും മാറുന്നു. കുത്തഴിഞ്ഞൊരു പുസ്തകമാണ്​ അക്കാര്യത്തിൽ അട്ടപ്പാടി താലൂക്ക് ഓഫിസ്. അട്ടപ്പാടിയിൽ ഭൂമിയുമായി ബന്ധപ്പെട്ട്​ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കുകയാണ്​ ‘മാധ്യമം’ ലേഖകൻ.

ആദിവാസികളുടെ ചോര തളംകെട്ടി നിൽക്കുന്ന നാടാണ് അട്ടപ്പാടി. ഭൂമാഫിയക്ക് വാതിൽ തുറന്നുനൽകുന്നത് അട്ടപ്പാടിയിലെ ട്രൈബൽ താലൂക്ക് ഓഫിസാണ്. അട്ടപ്പാടിയിലെ ആറ് വില്ലേജ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് താലൂക്ക് ഓഫിസാണ്. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസ്​ കെടുകാര്യസ്ഥത കൊടികുത്തിവാഴുന്ന ഇടമാണ് എന്നതിന് തെളിവാണ് അക്കൗണ്ടന്റ് ജനറൽ (എ.ജി) സമർപ്പിച്ച റിപ്പോർട്ട്. താലൂക്ക് ഓഫിസിൽ എ.ജി പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടും അത് ലഭിച്ചിട്ടില്ലെന്ന ശുദ്ധനുണ പറയുന്ന ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്ന മാഫിയയുടെ കണ്ണികളായിപ്പോലും ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്.

സർജൻ റിയാലിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനം അട്ടപ്പാടി ട്രൈബൽ താലൂക്ക് പരിധിയിൽ കൂടുതൽ ഭൂമി കൈവശംവെച്ചിരിക്കുന്നുവെന്നാണ് എ.ജിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കുന്നതിനെതിരെ കമ്പനി ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി. അത് സർക്കാറും കമ്പനിയും തമ്മിലുള്ള ഒത്തുകളിയായിരുന്നുവെന്ന് തെളിഞ്ഞു.

1963ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ (കെ.എൽ.ആർ ആക്‌ട്) വകുപ്പ് 82 പ്രകാരം ഒരാൾക്ക് കൈവശംവെക്കാവുന്ന പരമാവധി ഭൂമി വ്യക്തിക്ക് 7.5 (ഏക്കർ) ആണ്. രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങളുള്ള കുടുംബത്തിന് 15 ഏക്കർ കൈവശംവെക്കാം. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബം 20.0 ഏക്കർ എന്നാണ് നിയമത്തിലെ വ്യവസ്ഥ. നിയമം ലംഘിച്ചാൽ സർക്കാറിന് അധികഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കാം. 1970 ജനുവരി ഒന്നു മുതൽ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വന്നു. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെക്കാനും കൈവശം വെച്ച് അനുഭവിക്കാനും ഒരു വ്യക്തിക്കും നിയമപ്രകാരം അർഹതയില്ല. കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 85 പ്രകാരം, ഒരു വ്യക്തി പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെക്കുകയോ കൈവശം വെച്ച് അനുഭവിക്കുകയോ ചെയ്താൽ, അത്തരം ഭൂമി സർക്കാറിന് ഏറ്റെടുക്കാവുന്നതാണ്.

എ.ജി ഉദ്യോഗസ്ഥർ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ നടത്തിയ ഭൂരേഖകളുടെ സൂക്ഷ്മ പരിശോധനയിൽ അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 650 ഏക്കറിലധികം സ്ഥലമാണ് സർജൻ റിയാലിറ്റീസ് ലിമിറ്റഡ് വാങ്ങിയത്. ഈ ഭൂമിയിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് കാറ്റാടിപ്പാടം പദ്ധതികൾ ആരംഭിക്കുക എന്നതായിരുന്നു കമ്പനിയുടെ പ്രധാന ഉദ്ദേശ്യം. 2006 മുതൽ 2009 വരെയുള്ള കാലയളവിലാണ് കമ്പനി അട്ടപ്പാടിയിൽ ഭൂമി വാങ്ങിയത്. സീസിങ് പരിധിയിൽ കൂടുതൽ ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും, വിഷയം താലൂക്ക് ലാൻഡ് ബോർഡിനെയോ മറ്റ് റവന്യൂ അധികാരികളെയോ തഹസിൽദാർക്കോ (എൽ.ആർ) റിപ്പോർട്ട് ചെയ്തിട്ടില്ല.

അധിക ഭൂമി കൈവശംവെക്കുന്നതിന്റെ നിയമസാധുത പരിശോധിക്കാനോ മിച്ചഭൂമി ഉണ്ടെങ്കിൽ തിരിച്ചറിയുന്നതിന് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കാനോ അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസ് (തഹസിൽദാർ (എൽ.ആർ) (അട്ടപ്പാടി താലൂക്ക് രൂപവത്കരിക്കുന്നതിനു മുമ്പ് മണ്ണാർക്കാട് ആയിരുന്നു) തയാറായില്ല. നിയമലംഘനത്തിനു മുന്നിൽ ചില ഉ​േദ്യാഗസ്ഥർ നോക്കുകുത്തികളായി നിന്നു.

തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇപ്പോഴും നിയമം ബാധകമല്ല. സ്വാധീനമുള്ളവർക്ക് പരിധിയിലധികം ഭൂമി കൈവശംവെക്കുന്നതിന് താലൂക്ക് തഹസിൽദാറു​െട നിർദേശപ്രകാരം വില്ലേജ് ഓഫിസുകളിൽനിന്ന് നികുതി രസീതും ഉടമസ്ഥതാ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ഏതെങ്കിലും പേരിൽ ചാരിറ്റബ്ൾ സൊസൈറ്റി രജിസ്റ്റർചെയ്യണം. പിന്നെ എന്തും ചെയ്യാമെന്നാണ് അട്ടപ്പാടി നൽകുന്ന പാഠം. 20 ഏക്കർ ഭൂമിക്ക് നികുതി അടച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി അ​േപക്ഷ നൽകിയിരുന്നു. ചാരിറ്റബ്ൾ സൊസൈറ്റികളാണെങ്കിൽ ഷോളയൂർ പോലുള്ള വില്ലേജുകളിൽ നൂറിലധികം ഏക്കർ ഭൂമിക്കാണ് നികുതി അടക്കുന്നത്. അട്ടപ്പാടിയിലെ തഹസിൽദാർക്കും വില്ലേജ് ഓഫിസർമാർക്കും സവിശേഷമായ ചില അധികാര അവകാശങ്ങളുണ്ടെന്നാണ് അവരുടെ വിചാരം.

കാറ്റിൽ പറത്തിയത് ആദിവാസി ഭൂമി നിയമം

സീലിങ് പരിധിയിൽ കൂടുതൽ ഭൂമി കൈവശംവെക്കുന്നതിന് കമ്പനിക്ക് സർക്കാറിൽനിന്ന് അനുമതി ലഭിച്ചതിന്റെ രേഖകളൊന്നും പരിശോധനയിൽ കണ്ടെത്താൻ എ.ജി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥർ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, കമ്പനിയുടെ കൈവശമുള്ള മൊത്തം ഭൂമി കണ്ടെത്തുന്നതിന് താലൂക്ക് വിശദമായ സർവേ നടത്തിയിട്ടില്ല. കമ്പനി വാങ്ങിയ ഭൂമിയിൽ ആദിവാസി ഭൂമി ഉൾപ്പെട്ടുവെന്ന് വില്ലേജ് ഓഫിസർ മുതൽ ചീഫ് സെക്രട്ടറിവരെ റിപ്പോർട്ട് നൽകിയിരുന്നു.

ആദിവാസി ഭൂമി അന്യാധീനപ്പെടുത്തിയെന്നോ ആദിവാസി ഭൂമി കൈയേറിയെന്നോ കമ്പനിക്കെതിരെ ആരോപണം ഉയർന്നെങ്കിലും തഹസിൽദാർ വിഷയത്തിൽ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അതിനാൽ, 1999ലെ പട്ടികവർഗ നിയമം (1999ലെ പട്ടികവർഗക്കാർക്കുള്ള ഭൂമിയുടെ കൈമാറ്റവും നിയന്ത്രണവും) ലംഘിച്ച് ആദിവാസി ഭൂമി കൈവശം വെക്കാൻ കമ്പനിയെ ഉദ്യോഗസ്ഥർ അനുവദിച്ചു. നിയമലംഘനം നടത്തുന്നതിന് കമ്പനിയെ സഹായിച്ചത് റവന്യൂ ഉദ്യോഗസ്ഥരാണ്.

കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ നിയമസാധുത പരിശോധിക്കാതെ ഭൂമി കൈവശം ​െവച്ചതിന് റവന്യൂ അധികാരികൾ കമ്പനിക്ക് നികുതി രസീതുകളും കൈവശാവകാശ സർട്ടിഫിക്കറ്റുകളും നൽകിയെന്നും പരിശോധനയിൽ കണ്ടെത്തി. സർക്കാർ/ അതോറിറ്റികളുടെ അനുമതിയില്ലാതെ കമ്പനി സീലിങ് പരിധിയിൽ കൂടുതൽ ഭൂമി കൈവശം ​െവച്ചിരിക്കുന്നത് നിയമപ്രകാരമല്ല. 1999ലെ പട്ടികവർഗ നിയമം, 1963ലെ കെ.എൽ.ആർ നിയമം എന്നിവയുടെ വ്യവസ്ഥകൾ ലംഘിച്ച് ഭൂമി കൈവശം ​െവച്ചതിന് കമ്പനിക്കെതിരെ നടപടികളെല്ലാം കടലാസിൽ ഒതുങ്ങി. പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെച്ച കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിൽ തഹസിൽദാറുടെ ഭാഗത്തുനിന്നുണ്ടായത് നിഷ്‌ക്രിയത്വമാണെന്ന് എ.ജി റിപ്പോർട്ടിൽ രേഖപ്പെടുത്തി.

സംസ്ഥാനത്തെ എല്ലാ ഭൂമിയും 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിലാണെന്ന ഹൈകോടതി നിരവധി തവണ നിരീക്ഷിച്ചിട്ടുണ്ട്. ഭൂമിയുടെ അനധികൃത അധിനിവേശം ഭൂപരിഷ്കരണ നിയമം അനുവദിക്കുന്നില്ല. സംസ്ഥാനത്തെ ജന്മിത്തം ഇല്ലാതാക്കാൻ ഉദ്ദേശിച്ചാണ് നിയമ നിർമാണം നടത്തിയത്. പരിധിയിലധികം ഭൂമി കൈവശം വെച്ചിരിക്കുന്നവർ താലൂക്ക് ലാൻഡ് ബോർഡുകൾക്കു മുമ്പാകെ സീലിങ് റിട്ടേൺ ഫയൽ ചെയ്യണം. ഭൂപ്രഭുത്വം നിർത്തലാക്കാൻ വേണ്ടിയാണ് ഭൂമി കൈവശം വെക്കുന്നതിന് പരിധികൊണ്ടുവന്നത്. അധിക ഭൂമി ഭൂരഹിതരായ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. എല്ലാവർക്കും ഭൂപരിധി ബാധകമാണ്. പരിധിയിലധികം ഭൂമി ഒരു വ്യക്തിക്കും കൈവശം വെക്കാൻ നിയമപ്രകാരം കഴിയില്ല.

എന്നാൽ, ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ നേതൃത്വത്തിലും നിയമം അട്ടിമറിക്കാൻ വഞ്ചനാപരമായ ഒത്തുതീർപ്പുകൾ നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പല ജില്ലകളിലും ഭൂപരിഷ്കരണം അട്ടിമറിച്ച് പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെക്കുന്നവരെക്കുറിച്ച് എ.ജി റിപ്പോർട്ടു നൽകിയെങ്കിലും അതിലൊന്നും നടപടിയുണ്ടായില്ല. നാലു ജില്ലകളിലെ കണക്കും നേരത്തേ എ.ജി പുറത്ത് വിട്ടിരുന്നു. സംസ്ഥാന ലാൻഡ് ബോർഡ് ഇതിലൊന്നിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല.

കടലാസിൽ ഒതുക്കിയ 1990ലെ നിയമം

1975ലെ പട്ടികവർഗ നിയമം അട്ടിമറിക്കാനാണ് ഇടതുപക്ഷ സർക്കാർ 1999ൽ പുതിയ നിയമം പാസാക്കിയത്. കെ.ഇ. ഇസ്മയിലാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് രാജ്യത്ത് നടപ്പാക്കിയ ഏറ്റവും മികച്ച നിയമം എന്നാണ് കെ.ഇ. ഇസ്മയിലും ഇടതുപക്ഷവും അവകാശപ്പെട്ടത്. അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമം ഇപ്പോഴും റവന്യൂ വകുപ്പിന്റെ ചുവപ്പുനാടയിലാണ്. അട്ടപ്പാടിയിലെ ഭൂ മാഫിയ സംഘത്തെ സംബന്ധിച്ചിടത്തോളം ഭൂമി കൈയേറ്റത്തിനുള്ള പരിചയായി 1999 ലെ നിയമം. ഉദ്യോഗസ്ഥരും ഭൂമാഫിയയും നിയമം ചൂണ്ടിക്കാണിച്ചാണ് ആദിവാസികളെ കുടിയിറക്കാൻ ഭീഷണിപ്പെടുത്തുന്നത്.

 

2024 ജൂണിൽ ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദേ​ശാ​യി​യെ കാ​ണാ​ൻ അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ൾ

അഞ്ചേക്കറിൽ താഴെ ഭൂമി അന്യാധീന​െപ്പട്ട ആദിവാസികൾക്ക് പകരം ഭൂമി നൽകാതെയാണ് നിയമ നടപടിയുണ്ടാവുന്നത്. കൈയേറ്റക്കാർക്ക് ഹൈകോടതിയിൽനിന്ന് ഉത്തരവ് ലഭിക്കുന്നു. ഹരജിയിൽ ആവശ്യപ്പെടുന്നത് പൗരൻ എന്നനിലയിൽ ഭൂമിയിൽ പ്രവേശിക്കുന്നത് തടയുന്നതിനാൽ പൊലീസ് സംരക്ഷണം വേണമെന്നാണ്. കോടതി അതിന് അനുമതി നൽകുന്നതോടെ നികുതി അടച്ചിട്ടില്ലാത്ത ഭൂമിയിൽ പൊലീസുമായി എത്തി കല്ലിടുന്നു. ഇവിടെ ആദിവാസികൾ നിസ്സഹായരാണ്.

നിയമത്തിലെ വകുപ്പ് ഏഴിൽ (ഒന്ന്) പ്രകാരം, ആദിവാസി ഭൂമി കൈമാറ്റം അസാധുവാ​െണന്നാണ് വ്യക്തമാക്കുന്നത്. നിയമത്തിലെ വകുപ്പ് നാലിൽ കൈമാറ്റത്തിനുള്ള നിയന്ത്രണത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ആദിവാസി സമൂഹത്തിലെ ഒരംഗത്തിന്റെ കൈവശത്തിലോ അനുഭവത്തിലോ ഉടമസ്ഥതയിലോ ഉള്ള ഭൂമി പട്ടികവർഗക്കാരനല്ലാത്ത ആൾക്ക് നടത്തുന്ന ഏതൊരു കൈമാറ്റവും അസാധുവാണ്. നിയമത്തിലെ വകുപ്പ് അഞ്ചിലും കൈമാറ്റം അസാധുവാണെന്ന് വിശദീകരണം നൽകുന്നുണ്ട്. നിയമവിരുദ്ധമായി കൈമാറ്റം നടത്തിയാൽ വകുപ്പ് ഏഴ് പ്രകാരം സർക്കാർ ഈ ഭൂമി പിടിച്ചെടുത്ത് ആദിവാസികൾക്ക് തിരിച്ചുനൽകണം. അത് ആദിവാസികളുടെ നിയമപരമായ പരിരക്ഷയാണ്. അവരുടെ അവകാശമാണ്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഈ നിയമ പരിരക്ഷ ലഭിക്കുന്നില്ല. നിയമം റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു.

നിയമത്തിലെ വകുപ്പ് ഏഴിലെ ഉപവകുപ്പ് (ഒന്ന്) പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചു ലഭിക്കുന്നതിനുള്ള നിയമപരമായ അർഹത ആദിവാസികൾക്കുണ്ട്. നിയമം ​ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ റവന്യൂ ഡിവിഷനൽ ഓഫിസർക്ക് വാക്കാലോ രേഖാമൂലമോ അപേക്ഷ നൽകാം. ഗസറ്റിലെ ഈ നിയമം (02-02-1999) അല്ലെങ്കിൽ ഗസറ്റിൽ വിജ്ഞാപനം മുഖേന സർക്കാർ വ്യക്തമാക്കിയേക്കാവുന്ന തുടർ കാലയളവ്, ഈ നിയമം ആരംഭിക്കുന്ന തീയതിക്ക് മുമ്പോ ശേഷമോ അത്തരം കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അത്തരം ഭൂമി പുനഃസ്ഥാപിക്കുന്നതിന്. ഉപവകുപ്പ് (മൂന്ന്) പ്രകാരം, അത്തരം അപേക്ഷകൾ ലഭിച്ചാൽ, റവന്യൂ ഡിവിഷനൽ ഓഫിസർ അത്തരം അപേക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ അന്വേഷണങ്ങൾ നടത്തണം.

ആദിവാസികളുടെ അപേക്ഷ, പരാതി ലഭിച്ചാൽ നിയമപ്രകാരം അന്വേഷണ വിചാരണ നടത്താൻ റവന്യൂ ഡിവിഷനൽ ഉദ്യോഗസ്ഥന് അധികാരമുണ്ട്. 1908ലെ സിവിൽ നടപടി നിയമപ്രകാരം വ്യവഹാര വിചാരണ നടത്തുമ്പോൾ സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും ആർ.ഡി.ഒക്ക് നൽകുന്നു. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ കാര്യത്തിൽ ഒറ്റപ്പാലം ആർ.ഡി.ഒക്ക് ഭൂമി പുനഃസ്ഥാപിക്കുന്നതിനുള്ള അധികാരമുണ്ട്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയിൽ, ബന്ധപ്പെട്ട താലൂക്ക് ഓഫിസ് അട്ടപ്പാടി/ വില്ലേജ് ഓഫിസുകളിലെ താലൂക്ക് സർവേയറുടെ റിപ്പോർട്ട് ആവശ്യമുള്ള 907-ടി.എൽ.എ കേസിൽ 562 എണ്ണവും തീർപ്പാക്കാതെ കിടക്കുന്നു. 2010 മുതലാണ് ടി.എൽ.എ (ആദിവാസി ഭൂമി അന്യാധീനപ്പെട്ട) കേസുകൾ കെട്ടിക്കിടക്കുന്നത്. സംസ്ഥാന സർക്കാറും റവന്യൂ വകുപ്പും 1999ലെ നിയമം നടപ്പാക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയിട്ടില്ല.

അട്ടപ്പാടി തഹസിൽദാർ ഒറ്റപ്പാലം ആർ.ഡി.ഒക്ക് ആവശ്യമായ റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് ആകെ 907 അപേക്ഷകളിൽ 107 എണ്ണവും കെട്ടിക്കിടക്കുന്നത്. 643 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ആദിവാസികളുടെ അവകാശവാദങ്ങൾ തീർപ്പാക്കാത്തതിന് ഇത് കാരണമായി. താലൂക്ക് ഓഫിസ്/ വില്ലേജ് ഓഫിസ് എന്നിവ ക്രമാതീതമായി വൈകുന്നതിന്റെ കാരണം എന്തെന്ന് റവന്യൂ ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടില്ല.

നിയമത്തിലെ ആദിവാസി ഭൂമി കൈമാറ്റം നിയന്ത്രണം ലംഘിക്കുകയാണ് അട്ടപ്പാടിയിൽ ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു അംഗം ഇതര വിഭാഗത്തിൽപെട്ട മറ്റൊരാൾക്ക് യോഗ്യതയുള്ള അധികാരിയുടെ (ജില്ലാ കലക്ടറോ അല്ലെങ്കിൽ സർക്കാർ നിയമിക്കുന്ന മറ്റേതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനോ) രേഖാമൂലം മുൻ സമ്മതമില്ലാതെ ഭൂമി കൈമാറ്റം നടത്തിയാൽ അത് അസാധുവായിരിക്കും. എന്നാൽ, അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലെ പട്ടികവർഗക്കാരുടെ ഉടമസ്ഥതയിലുള്ള വൻതോതിൽ ഭൂമി 2006 മുതൽ സർജൻ റിയാലിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് നിയമവിരുദ്ധമായി കൈമാറ്റംചെയ്‌തത് വകുപ്പ് നാലിലെ വ്യവസ്ഥകൾ ലംഘിച്ചാണ്. ഇക്കാര്യത്തിൽ താലൂക്ക് അധികാരികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 37.77 ഹെക്ടർ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതായി സ്ഥിരീകരിച്ചു.

 

കലക്‌ടർക്ക് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്‌ഥരുടെ സമ്മതമില്ലാതെയാണ് ഭൂമി കമ്പനിക്ക് കൈമാറിയത്. നിയമപരമായി ആദിവാസി ഭൂമി കൈമാറ്റം അസാധുവാണ്. അതിനാൽ കമ്പനിക്ക് അത്തരം ഭൂമി കൈവശം വെക്കാൻ അർഹതയില്ല. നിയമത്തി​ന്റെ വകുപ്പ് അഞ്ച് പ്രകാരം, റവന്യൂ ഡിവിഷനൽ ഓഫിസർ/ സർക്കാർ നിയമിക്കുന്ന ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ആദിവാസി ഭൂമി കൈമാറ്റങ്ങൾക്കെതിരെ നടപടിയെടുക്കാം. ആദിവാസികൾക്ക് അനുകൂലമായി അത്തരം ഭൂമി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. എന്നാൽ, ഈ ഭൂമി കൈമാറ്റത്തിനെതിരെ റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിനിടെ, അനധികൃത ഭൂമി കൈമാറ്റത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഒറ്റപ്പാലം സബ് കലക്ടറോട് സംയോജിത പട്ടികവർഗ വികസന പദ്ധതി (ഐ.ടി.ഡിപി) പ്രോജക്ട് ഓഫിസർ അറിയിച്ചിരുന്നു. സർവേ അന്തിമമാകാത്തതിനാലും ഭൂമിയുടെ സർവേ കാര്യക്ഷമമല്ലാത്തതിനാലും ഈ അന്വേഷണം തഹസിൽദാർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല, 37.7795 ഹെക്ടർ ഭൂമി കൂടാതെ താലൂക്കിലെ ആദിവാസി ഭൂമി എത്രത്തോളം അന്യാധീനപ്പെട്ടുവെന്ന് കണ്ടെത്താൻ താലൂക്കിന് കഴിഞ്ഞില്ല.

പാട്ട കുടിശ്ശിക പിരിച്ചെടുക്കാനുള്ളത് 2.93 കോടി

പാട്ട കുടിശ്ശിക പിരിച്ചെടുക്കാത്തതിനാൽ സർക്കാറിന് വൻ വരുമാനനഷ്ടം ഉണ്ടായെന്ന് പരിശോധനയിൽ കണ്ടെത്തി. റവന്യൂ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം കാരണം ഏതാണ്ട് 2.93 കോടിയാണ് സർക്കാറിന് കിട്ടാനുള്ളത്. 1993 മേയ് 25ലെ ഉത്തരവ് പ്രകാരമാണ് 33.30 ഏക്കർ ഭൂമി അഗളി വില്ലേജിലെ സർവേ നമ്പർ 483ൽ പാട്ടത്തിന് നൽകുന്നത്.

പാട്ടക്കരാർ 1995 ​േമയ് 19നാണ് ഒപ്പുവെച്ചത്. കോയമ്പത്തൂരിലെ കരിമ്പ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് (ഐ.സി.എ.ആർ) 99 വർഷത്തേക്ക് ഏക്കറിന് 150 എന്ന പാട്ടത്തിന് നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഓരോ മൂന്ന് വർഷത്തിനും ശേഷം അല്ലെങ്കിൽ നമ്പർ അനുസരിച്ച് പാട്ടനിരക്ക് പുതുക്കുന്നതിന് വ്യവസ്ഥയോടെയാണ് പാട്ടത്തിന് നൽകിയത്. കമ്പനിയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ സർക്കാർ പിന്നീട് ഭൂമിയുടെ വ്യാപ്തി 30 ഏക്കറായി പരിഷ്കരിച്ചു. അതനുസരിച്ച്, പാട്ടക്കാരൻ ബന്ധപ്പെട്ട സാമ്പത്തിക വർഷത്തി​ന്റെ മാർച്ച് 31ന് മുമ്പ്/ അതിന് മുമ്പ് പാട്ട വാടക നൽകണം.

1993ലെ ഏതെങ്കിലും പാട്ട വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ, പാട്ടത്തിനെടുത്ത ഭൂമി സർക്കാർ തിരിച്ചെടുക്കുമെന്നായിരുന്നു കരാർ. ഭൂമിയിൽ എന്തെങ്കിലും മെച്ചപ്പെടുത്തലുകൾക്ക് നഷ്ടപരിഹാരം നൽകാതെയാണ് ഏറ്റെടുക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഭൂമിയുടെ വില റിപ്പോർട്ടും പുതുക്കിയ പാട്ടവാടകയുടെ കണക്കും തഹസിൽദാർ ഇടക്കിടെ ജില്ലാ കലക്‌ടർക്ക് സമർപ്പിച്ചെങ്കിലും 1998 ഏപ്രിൽ ഒന്ന് മുതലുള്ള പാട്ടവാടക പുതുക്കൽ മുടങ്ങിയതായി രേഖകളുടെ സൂക്ഷ്മപരിശോധനയിൽ കണ്ടെത്തി.

2021 ജനുവരി 19ന് ജില്ലാ കലക്ടറുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, തഹസിൽദാർ പുതുക്കിയ പാട്ട വാടകയുടെ കണക്കുകൂട്ടൽ സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചു. തഹസിൽദാർ സമർപ്പിച്ച കണക്കുകൂട്ടൽ പ്രസ്താവന പ്രകാരം 1998 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ പാട്ടവാടക കുടിശ്ശിക 10 ശതമാനം പലിശ ഉൾപ്പെടെ 2,32,79,850 രൂപ ഈ സ്ഥാപനം അയക്കാനുണ്ട്. ഇക്കാര്യത്തിൽ കർശനമായ നിർദേശങ്ങൾ നൽകിയിട്ടും റവന്യൂ അധികാരികളുടെ ഭാഗത്തുനിന്ന് നിഷ്ക്രിയത്വം തുടർന്നുവെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്.

അടിസ്ഥാന ഭൂനികുതി പിരിക്കാനുള്ളത് 1.05 കോടി

കേരള ഭൂനികുതി നിയമത്തിലെ സെക്ഷൻ അഞ്ച് പ്രകാരം, വകുപ്പ് രണ്ട് പ്രകാരം ഇളവുകളുള്ള സ്ഥലങ്ങൾ ഒഴികെ, കേരള സംസ്ഥാനത്ത് അടിസ്ഥാന നികുതി ഈടാക്കുകയും ശേഖരിക്കുകയുംചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഭൂനികുതി നിരക്കുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കോർപറേഷനിൽ 1.62 ആർ ഭൂമി വരെ ഭൂ നികുതി പുതുക്കിയ നിരക്കുപ്രകാരം 10 രൂപയും 1.62 ആറിന് മേൽ 20 രൂപയുമാണ്. മുനിസിപ്പാലിറ്റിയിലാകട്ടെ 2.43 ആർ വരെ അഞ്ച് രൂപയും അതിന് മുകളിൽ 10 രൂപയുമാണ്. പഞ്ചായത്തിൽ 8.1 ആർ വരെ 2.50 രൂപയും അതിനുമുകളിൽ അഞ്ച് രൂപയുമാണ്. അട്ടപ്പാടി താലൂക്കിൽ മൂന്ന് ഗ്രാമപഞ്ചായത്തുകളാണുള്ളത്. 2023 ജൂലൈ മാസത്തെ ഡി.സി.ബിയുടെ സൂക്ഷ്മ പരിശോധനയിൽ 2023 ജൂലൈ 31 വരെ അടിസ്ഥാന ഭൂനികുതി 1.05 കോടി രൂപ തിരിച്ചെടുക്കാനുണ്ടെന്ന് കണ്ടെത്തി. തഹസിൽദാർ മറുപടി നൽകിയിട്ടില്ല.

 

ഭൂ ​പ്രശ്​നത്തിൽ ഗായിക കൂടിയായ നാ​ഞ്ചി​യ​മ്മ അട്ടപ്പാടി താ​ലൂ​ക്ക് ഓ​ഫിസി​ൽ ന​ട​ത്തി​യ സ​മ​രം 

കെട്ടിടനികുതി പിരിക്കാനുള്ളത് 57.12 ലക്ഷം

കെട്ടിടനികുതിയുടെ ക്രോസ് വെരിഫിക്കേഷനോടൊപ്പം തദ്ദേശസ്ഥാപനങ്ങളിൽ പരിപാലിക്കുന്ന അസസ്മെന്റ് രജിസ്റ്റർ പ്രകാരം 57.12 ലക്ഷമാണ് വരുമാന നഷ്ടം. 1992ലെ കേരള ബിൽഡിങ് ടാക്‌സ് (പ്ലിൻത് ഏരിയ) ചട്ടപ്രകാരം (2 ലെ റൂൾ 3) കേരള ബിൽഡിങ് ടാക്‌സ് ആക്‌ട് പ്രകാരം കണക്കാക്കാവുന്ന കെട്ടിടത്തിന്റെ പ്ലിൻത് ഏരിയ നിർണയിക്കുന്നതിന്, എല്ലാ വില്ലേജിലെയും വില്ലേജ് ഓഫിസർ പ്രതിമാസ പട്ടിക തയാറാക്കേണ്ടതുണ്ട്. കെ.ബി.ടി നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം മൂല്യനിർണയം നടത്താൻ ബാധ്യസ്ഥരായ കെട്ടിടങ്ങൾ, ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന കെട്ടിടങ്ങൾ ആരുടെ വിസ്തൃതിയിലുള്ള പ്രദേശത്തെ പ്രാദേശിക അതോറിറ്റിയുടെ ബിൽഡിങ് ആപ്ലിക്കേഷൻ രജിസ്റ്ററിൽനിന്നുള്ള എക്‌സ്‌ട്രാക്ടിനൊപ്പം മാസാവസാനത്തിന്റെ അഞ്ച് ദിവസത്തിനുള്ളിൽ മൂല്യനിർണയ അതോറിറ്റിക്ക് കൈമാറണം. ഇതൊന്നും അട്ടപ്പാടിയിൽ നടപ്പായിട്ടില്ല.

അഗളി, പുത്തൂർ, ഷോളയൂർ, കോട്ടത്തറ, പടവയൽ, കല്ലമല വില്ലേജ് ഓഫിസിലെ രജിസ്റ്റർ (ഫോം സി), അഗളി, പുത്തൂർ, ഷോളയൂർ ഗ്രാമപഞ്ചായത്തുകളിലെ അസസ്‌മെന്റ് രജിസ്‌റ്ററുകൾ എന്നിവ പരിശോധിച്ചപ്പോൾ ചില കെട്ടിടങ്ങൾ (463 എണ്ണം) ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ബിൽഡിങ് ടാക്സ് അസസ്മെന്റിൽനിന്ന് രക്ഷപ്പെട്ടു. കെട്ടിടങ്ങളുടെ മൂല്യനിർണയം നടത്താത്തതിനാൽ, 53,77,710 എന്ന കെട്ടിടനികുതി ലഭിച്ചില്ല. താമസത്തിനുള്ള കെട്ടിടവും (ആർ.ബി) ഇതര ആവശ്യത്തിനുള്ള (ഒ.ബി) കെട്ടിടങ്ങളുമുണ്ട്. അട്ടപ്പാടി താലൂക്കിൽ ആകെ കണ്ടെത്തിയത് 463 കെട്ടിടങ്ങളാണ്.

അതിൽ 161 ഇതര ആവശ്യത്തിനുള്ള (ഒ.ബി) കെട്ടിടങ്ങളിൽ ലക്ഷങ്ങൾ അടക്കാനുള്ളവരുമുണ്ട്. ഉദാഹരണത്തിന് ഷോളയൂരിലെ എ.ആർ പഴനിസ്വാമിയുടെ 3769.36 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള ഒ.ബി കെട്ടിടത്തിന് 8,44,740 രൂപ അടക്കാനുണ്ട്. അഗളിയിൽ ജയലക്ഷ്മി രാധാകൃഷ്ണൻ 2913 സ്ക്വയർ മീറ്റർ ഒ.ബി കെട്ടിടത്തിന് 6,45,840 രൂപ അയക്കാനുണ്ട്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴും വിശദമായ മറുപടി പിന്നീട് നൽകാമെന്ന് തഹസിൽദാർ ഉറപ്പു നൽകി.

കെട്ടിട നികുതിയുടെ മൂല്യനിർണയം –25.02 ലക്ഷം

കേരള ബിൽഡിങ് ടാക്‌സ് (പ്ലിൻത് ഏരിയ) റൂൾസ് 1992 (കെ.ബി.ടി റൂൾസ്) പ്രകാരം, എല്ലാ വില്ലേജിലെയും വില്ലേജ് ഓഫിസർ, 1975ലെ കേരള ബിൽഡിങ് ടാക്‌സ് നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം മൂല്യനിർണയത്തിന് ബാധ്യസ്ഥരായ കെട്ടിടങ്ങളുടെ പ്രതിമാസ ലിസ്റ്റ് ഫോം ഒന്ന് തയാറാക്കി കൈമാറണം. കെ.ബി.ടി റൂൾസിലെ ചട്ടം 13 പ്രകാരം, മൂല്യനിർണയത്തിനായി അസെസിങ് അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്ത കെട്ടിടങ്ങളുടെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു രജിസ്റ്റർ വില്ലേജുകളിൽ വില്ലേജ് ഓഫിസർ കെ.ബി.ടി റൂളുകൾക്ക് അനുബന്ധമായി ‘സി’ യിൽ സൂക്ഷിക്കും.

1975ലെ കേരള ബിൽഡിങ് ടാക്‌സ് നിയമത്തിലെ വകുപ്പ് ഒമ്പത് (ഒന്ന്) മുതൽ വകുപ്പ് ഒമ്പത് (അഞ്ച്) വരെ നൽകിയിരിക്കുന്ന പ്രകാരം തഹസിൽദാർ കെട്ടിട നികുതിയുടെ മൂല്യനിർണയം നടത്തേണ്ടതാണ്. ഇതു സംബന്ധിച്ച് 2018 സെപ്റ്റംബർ 11ന് സർക്കുലർ നൽകിയിരുന്നു. അതിൽ തഹസിൽദാർ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് വില്ലേജ് ഓഫിസുകൾക്ക് നിർദേശം നൽകാമെന്ന് അറിയിച്ചു. കെട്ടിട ഉടമകൾ സമർപ്പിച്ച റിട്ടേണുകളുടെ കാര്യത്തിൽ രണ്ടുമാസത്തിനുള്ളിലും കെട്ടിട നികുതി വിലയിരുത്തൽ നടത്തുമെന്നുമായിരുന്നു മറുപടി.

അസസ്മെന്റ് രജിസ്റ്ററി​ന്റെ സൂക്ഷ്മപരിശോധനയിൽ, 18 പേരുടെ കാര്യത്തിൽ വില്ലേജ് ഓഫിസർമാർ റിപ്പോർട്ട് ചെയ്ത (5- 9-2023 ) കെട്ടിടങ്ങൾ ഇതുവരെ വിലയിരുത്തിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഉദാഹരണമായി 2020 ഫെബ്രുവരി 28ന് റിപ്പോർട്ട് ചെയ്ത അഗളി വില്ലേജിലെ ഒ.ബി വിഭാഗത്തിലുള്ള 3640 പ്ലിൻത് ഏരിയയുള്ള ഹസീന ഷിഹാബുദ്ദീന്റെ പേരിലുള്ള കെട്ടിടത്തിന് 11,37,600 രൂപ നികുതി അടക്കേണ്ടതാണ്. കോട്ടത്തറയിൽ മുഹമ്മദ് സലീം 4,21,200 രൂപയും അടക്കാനുണ്ട്. ഏകദേശം സർക്കാറിന് ലഭിക്കേണ്ട 25,03,360 രൂപ പിരിച്ചെടുക്കാനായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ പതിവ് മറുപടിയാണ് വില്ലേജ് ഓഫിസർ നൽകിയത്.

 

മു​ത്ത​ച്ഛ​ന്റെ ഭൂ​മി​ക്ക് വേ​ണ്ടി സ​മ​രം ന​ട​ത്തു​ന്ന മ​ല്ലി​ശ്ശേ​രി​യും നാ​ഞ്ചി​യ​മ്മ​യും

റവന്യൂ റിക്കവറി കിട്ടാനുള്ളത് 2.09 കോടി

റവന്യൂ റിക്കവറി സമയബന്ധിതമായി നടത്താത്തതിനാൽ അട്ടപ്പാടിയിൽ 2.09 കോടി രൂപയാണ് സർക്കാറിന് കിട്ടാനുള്ളത്. 1968ലെ കേരള റവന്യൂ റിക്കവറി നിയമം (ആർ.ആർ.ആക്ട്) ആണ് സംസ്ഥാനത്തെ പൊതു വരുമാനത്തി​െന്റ കുടിശ്ശിക തിരിച്ചുപിടിക്കുന്നത്. കുടിശ്ശിക വരുത്തുന്ന വ്യക്തിയുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ പിടിച്ചെടുത്ത് വിൽപന നടത്തുന്നതിലൂടെയാണ് കുടിശ്ശിക തുകയും പലിശയും ഈടാക്കുന്നത്. ഈ പ്രക്രിയയുടെ ചെലവ് സഹിതം പൊതുവരുമാനത്തി​ന്റെ കുടിശ്ശിക വീണ്ടെടുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. കുടിശ്ശിക വരുത്തുന്നയാളുടെ സ്ഥാവര വസ്‌തുക്കളുടെ മാനേജ്‌മെന്റിനായി ഒരു ഏജന്റിനെ നിയമിച്ചുകൊണ്ടോ അല്ലെങ്കിൽ കുടിശ്ശിക വരുത്തുന്നയാളെ അറസ്റ്റുചെയ്‌ത് ജയിലിൽ തടങ്കലിലാക്കിക്കൊണ്ടോ അറ്റാച്ച്‌മെന്റ് നടത്താം.

നിയമത്തി​ന്റെ നിർവഹണം ലാൻഡ് റവന്യൂ വകുപ്പിൽ നിക്ഷിപ്തമാണ്. അതി​ന്റെ ചുമതലകളിൽ നികുതി അടക്കുന്നതിലെ വീഴ്ചകൾ, പിഴകൾ, നോട്ടീസ് ഇഷ്യൂ ചെയ്യൽ, ആർ.ആർ കേസുകളിലെ പിരിവുകളുടെ നിരീക്ഷണം, വാങ്ങിയവ കൈവശപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകളുടെ പിഴ ചുമത്തൽ എന്നിവ ഉൾപ്പെടുന്നു. അട്ടപ്പാടി താലൂക്കിൽ റവന്യൂ റിക്കവറിക്ക് (ആർ.ആർ) സ്പെഷൽ തഹസിൽദാർ ഇല്ലാത്തതിനാൽ 1968ലെ കേരള റവന്യൂ റിക്കവറി നിയമ (ആർ.ആർ നിയമം) പ്രകാരമുള്ള ആർ.ആർ പ്രവൃത്തികളും അട്ടപ്പാടി തഹസിൽദാർ തന്നെയാണ് ചെയ്യുന്നത്. എന്നാൽ, വിവിധ വകുപ്പുകൾ പുറപ്പെടുവിച്ച അഭ്യർഥനകൾക്കെതിരായ ആർ.ആർ നടപടികളിൽ വൻതോതിൽ കെട്ടിക്കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. താലൂക്ക് ഓഫിസിൽനിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, റവന്യൂ റിക്കവറി കേസുകളിൽ 1021 എണ്ണത്തിൽ, 2.09 കോടി രൂപ കിട്ടാനുണ്ട്. ഇത് പിരിച്ചെടുക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അട്ടപ്പാടിയിലെ താലൂക്കിന് കഴിഞ്ഞിട്ടില്ല.

രജിസ്റ്ററില്ലാത്ത വാറന്റുകൾ

1973ലെ ക്രിമിനൽ നടപടി ചട്ടം അനുസരിച്ച്​ കുടിശ്ശിക വരുത്തിയ വ്യക്തിയുടെ സ്ഥാവര ജംഗമ വസ്തുവിൽ നിന്നോ രണ്ടിൽനിന്നും കൂടിയോ തുക തിരിച്ചുപിടിക്കാനാണ് വ്യവസ്ഥ. വാറന്റ് പുറപ്പെടുവിച്ചതിനുശേഷം അധികാരപ്പെട്ട ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിക്കുന്നത്. വാറന്റ് ഉത്തരവ് ആദ്യം ലഭിക്കുന്നത് പാലക്കാട് ജില്ലാ കലക്ടർക്കാണ്. അത് നിർവഹണത്തിനായി ബന്ധപ്പെട്ട അട്ടപ്പാടി തഹസിൽദാർക്ക് കൈമാറുന്നു. എന്നാൽ, പിഴയുടെ ശേഖരണവും പണമടക്കലും നിരീക്ഷിക്കുന്നതിന് നിയന്ത്രണ രജിസ്റ്ററുകളൊന്നും അട്ടപ്പാടി ഓഫിസിൽ സൂക്ഷിച്ചിട്ടില്ല. 1993 മുതൽ ലഭിച്ച വാറന്റുകളാണ് തീർപ്പുകൽപിക്കാതെ ഓഫിസിൽ കെട്ടിക്കിടക്കുന്നത്.

ഇക്കാര്യത്തിൽ തഹസിൽദാരും വില്ലേജ് ഓഫിസർമാരും ഗുരുതര അലംഭാവം കാണിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കുറ്റവാളികൾക്ക് പിഴ ഈടാക്കാൻ മതിയായ സ്വത്തുണ്ടായിരുന്ന കേസുകളിൽപോലും പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു നടപടിയുമെടുക്കുന്നില്ല. സമാനമായ എല്ലാ കേസുകളും അന്വേഷിച്ച് കുറ്റക്കാരിൽനിന്നോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽനിന്നോ പിഴ ഈടാക്കാൻ നടപടിയെടുക്കണമെന്നാണ് റിപ്പോർട്ട്. വിവിധതരത്തിലുള്ള കുറ്റങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഈ പിഴകളിൽ ചിലത് കുറ്റകൃത്യത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ കഷ്ടപ്പാടുകൾക്ക് നഷ്ടപരിഹാരമായി നൽകണം. പിഴ ഈടാക്കാത്തതിനാൽ ഇരകൾക്കും നഷ്ടപരിഹാരം നൽകിയില്ല.

പിഴ ഈടാക്കാൻ ലഭ്യമായ വസ്തുവകകൾ വില്ലേജ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആ വസ്തുവിൽ ഇനിയുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വസ്തുവിന്റെ തണ്ടപ്പേർ അക്കൗണ്ടിൽ വസ്തുതകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. അതിനാൽ പിഴ ഈടാക്കുന്നതിന് ലഭ്യമായ ഭൂമി തിരിച്ചറിയുന്നതിനും ആ ഭൂമിയിലെ ഏതെങ്കിലും ഇടപാടുകൾ നിയന്ത്രിക്കുന്നതിന് ടി.പി അക്കൗണ്ടിൽ ഉചിതമായ കുറിപ്പ് നൽകുന്നതിനും നടപടിയെടുക്കാം. രേഖകളുടെ സൂക്ഷ്മപരിശോധനയിൽ 1993 മുതൽ അട്ടപ്പാടിയിൽ 95 വാറന്റ് കേസുകളുണ്ടെന്ന് കണ്ടെത്തി. 19,75,500 രൂപയാണ് പിഴ ഈടാക്കേണ്ടത്.

അട്ടിമറിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസം

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം നൽകുന്നതിൽ റവന്യൂ അധികാരികൾ ഗുരുതര വീഴ്ച വരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തി​ന്റെ അഭാവംമൂലം 21.51 ലക്ഷം രൂപ ഫലമില്ലാതെ ചെലവഴിച്ചു. 2019 ആഗസ്റ്റ് 23ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രളയ ദുരിതാശ്വാസ സഹായം നാലു ലക്ഷം രൂപയോളം ആളുകൾക്ക് അനുവദിച്ചിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ വീടുകൾ പൂർണമായും തകർന്നിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നാണ് തുക അനുവദിച്ചത്.

ഒന്നാം ഗഡു 95,100 രൂപയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ഗഡുക്കളായി 3,04,900 രൂപയും അനുവദിക്കണം. 2018ലെ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകളുടെ സൂക്ഷ്മ പരിശോധനയിൽ പല വീഴ്ചകളും കണ്ടെത്തി. ഈ പദ്ധതിക്ക് കീഴിലുള്ള ആകെ 58 ഗുണഭോക്താക്കളിൽ ഏഴുപേർക്ക് രണ്ടും മൂന്നും ഗഡുക്കൾ ലഭിച്ചില്ല. ആറുപേർക്ക് സ്റ്റേജ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തതിനാൽ സാമ്പത്തിക സഹായത്തി​ന്റെ മൂന്നാം ഗഡുവും ലഭിച്ചില്ല.

മൊത്തം 221.51 ലക്ഷം ലഭിച്ച 13 ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.13 ഗുണഭോക്താക്കൾ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ പരാജയപ്പെട്ടത് റവന്യൂ അധികാരികളുടെ നിരീക്ഷണമില്ലായ്മയാണെന്ന് കണ്ടെത്തി. 2021-22, 2022-23 വർഷങ്ങളിൽ സാമ്പത്തിക സഹായം അനുവദിച്ചെങ്കിലും വീടുകളുടെ നിർമാണം അപൂർണമാണ്. അങ്ങനെ, പ്രളയബാധിതരായ വ്യക്തികൾക്ക് വീട് നൽകുകയെന്ന സർക്കാറി​ന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടാതെ തുടരുന്നു.

അസാധുവായ പഴയ രസീത് ബുക്ക് ഉപയോഗിച്ചത് എന്തിന്?

താലൂക്കിലെ ഫയൽ പരിശോധനയിൽ തെളിഞ്ഞത് ഓഫിസിലെ ആന്തരിക നിയന്ത്രണ സംവിധാനത്തിലെ വീഴ്ചകളാണ്. പഴയ രസീതുകളുടെ അംഗീകൃതമല്ലാത്ത ഉപയോഗം നടക്കുന്നുണ്ടെന്ന് വ്യക്തമായി. 2016 ഫെബ്രുവരി 13ലെ സർക്കാർ ഉത്തരവ് പ്രകാരം, വില്ലേജ് ഓഫിസുകളിൽ ഭൂനികുതി, കെട്ടിടനികുതി, ആർ.ആർ കുടിശ്ശിക മുതലായവ ഈടാക്കാൻ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തി. ജനങ്ങളിൽനിന്ന് നികുതി അടക്കമുള്ളവ സ്വീകരിക്കുമ്പോൾ വില്ലേജ് ഓഫിസുകളിൽ പുതിയ സംവിധാനം അനുസരിച്ചാണ് രസീതുകൾ നൽകിയത്.

ടി.ആർ 5 ബുക്കിൽനിന്ന് വ്യത്യസ്തമായി സർക്കാർ ഓഫിസുകളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഒടുക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണ് ഇ-ടി.ആർ 5. ജനങ്ങൾ നൽകുന്ന തുക രേഖപ്പെടുത്തുമ്പോൾ ഇ-ടി.ആർ 5 വഴി ഇടപാടുകാരുടെ മൊബൈൽ നമ്പറിലേക്ക് രസീത് എസ്.എം.എസ് ആയി ലഭിക്കും. മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് രസീത് പ്രിന്റ് എടുത്തുനൽകും. ക്യൂആർ കോഡ്, യു.പി.ഐ പേമെന്റ് മുഖേന തുക അടക്കുമ്പോഴും ഇതേരീതിയിൽ ഇ-ചലാൻ മൊബൈലിൽ എസ്.എം.എസ് ആയി ലഭിക്കും. മുമ്പ് പണം അടക്കുമ്പോൾ ടി.ആർ 5 ബുക്കിൽ പകർപ്പ് സഹിതം എഴുതി ഒറിജിനൽ രസീത് ഇടപാടുകാരന് നൽകുകയായിരുന്നു ചെയ്തിരുന്നത്.

പുതിയ സംവിധാനം 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ആ തീയതിക്കുശേഷം പഴയ രസീത് സംവിധാനം അസാധുവാണ്. ഉപയോഗിക്കാത്ത പഴയ രസീതുകൾ തിരിച്ചേൽപിക്കണമെന്ന് നിർദേശിച്ചു. എന്നാൽ, അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ ബോധപൂർവം അട്ടിമറി നടത്തി. അട്ടപ്പാടിയിൽ പഴയ ബുക്ക് രസീത് ഉപയോഗിച്ചു. തഹസിൽദാർ 100 ലീഫുകൾ അടങ്ങിയ നാല് പഴയ രസീത് ബുക്കുകൾ തിരിച്ചുനൽകാതെ കൈവശംവെച്ച് ഉപയോഗിച്ചുവെന്നാണ് എ.ജിയുടെ പരിശോധനയിലെ കണ്ടെത്തൽ. 1029760, 029761, 1029762, 1029763 എന്നീ രസീത് ബുക്ക് തഹസിൽദാർ ഉപയോഗിച്ചുവെന്നും കണ്ടെത്തി.

ഒരു രസീത് ബുക്ക് 2022 മാർച്ച് 31 വരെ ഭാഗികമായി ഉപയോഗിച്ചു. ഈ രസീത് ബുക്കിന് പുറമെ 0946001 മുതൽ 0946100 വരെയുള്ള സീരിയൽ നമ്പറുകളുള്ള രസീതുകൾ അടങ്ങിയ 09461 നമ്പർ രസീത് ബുക്കും തിരിച്ചുനൽകാതെ ഓഫിസിൽ സൂക്ഷിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ രസീത് ബുക്കുകൾ എത്രയും വേഗം സറണ്ടർ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ മറുപടി നൽകി. 

എൽ.ആർ.എമ്മിലും ടി.എസ്.എയിലും വൻവീഴ്ച

ലാൻഡ് റെക്കോഡ് മെയിന്റനൻസ് (എൽ.ആർ.എം), താലൂക്ക് സർവേ അദാലത്ത് (ടി.എസ്.എ) പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. 2017 ആഗസ്റ്റ് 26ലെ ഉത്തരവ് (റവന്യൂ) പ്രകാരം സർക്കാർ ഭൂമി സർവേ, അതിർത്തി നിർണയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും തഹസിൽദാർക്ക് (എൽ.ആർ) നൽകി. എന്നാൽ, എൽ.ആർ.എം (ലാൻഡ് റെക്കോഡ് മെയിന്റനൻസ്), താലൂക്ക് സർവേ അദാലത്ത് (ടി.എസ്.എ) എന്നീ വിഭാഗങ്ങളിലെ ജോലികളുടെ പുരോഗതി സംബന്ധിച്ച് നൽകിയ ഡേറ്റ പരിശോധിച്ചതിൽ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ബോധ്യമായി. 2023 ആഗസ്റ്റ് 31ലെ താലൂക്ക് സർവേ വിഭാഗത്തിലും ലാൻഡ് റെക്കോഡ് മെയിന്റനൻസ് വിഭാഗത്തിലും എത്തിയ അപേക്ഷകളിൽ 56 ശതമാനവും തീർപ്പാക്കിയിട്ടില്ല. ആകെ 854 അപേക്ഷകൾ ലഭിച്ചതിൽ 376 മാത്രമാണ് തീർപ്പാക്കിയത്. ടി.എസ്.എ വിഭാഗത്തിൽ തീർപ്പു കൽപിക്കാത്തവ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ല.

അതിർത്തി നിർണയിക്കാൻ 2003 ആഗസ്റ്റ് വരെ 518 അപേക്ഷകൾ ലഭിച്ചതിൽ തീർപ്പു കൽപിക്കാനായത് 186 അപേക്ഷകൾ മാത്രമാണ്. അതിൽ 322 അപേക്ഷകൾ തീർപ്പാക്കിയിട്ടില്ല. കോടതി കമീഷനെ നിയോഗിച്ച് 2003 ആഗസ്റ്റ് വരെ ലഭിച്ചത് 54 അപേക്ഷകളാണ്. ഇതിൽ തീർപ്പാക്കിയത് 31 എണ്ണമാണ്. 23 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. ഏരിയ മാറ്റം സംബന്ധിച്ച് 16 അപേക്ഷകൾ ലഭിച്ചതിൽ 2023 ആഗസ്റ്റ് വരെ തീർപ്പാക്കിയത് ആറാണ്. 10 അപേക്ഷകൾ തീർപ്പാക്കിയില്ല. വ്യക്തത ആവശ്യപ്പെട്ട് ആറ് അപേക്ഷകൾ താലൂക്കിൽ ലഭിച്ചപ്പോൾ തീർപ്പാക്കിയത് ഒന്നാണ്.

ബാക്കി അഞ്ച് അപേക്ഷകളും തീർപ്പാക്കാതെ ഫയലിൽ അടയിരിക്കുകയാണ്. മറ്റ് വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 260 അപേക്ഷകൾ ലഭിച്ചതിൽ തീർപ്പാക്കിയത് 152 മാത്രം. തീർപ്പാക്കാത്ത 108 അപേക്ഷകളുണ്ട്. ഓരോ ഫയലും ഓരോ ജീവനും ജീവിതവുമാണെന്ന് പ്രഖ്യാപിച്ച സംസ്ഥാനത്താണ് ഈ അനാസ്ഥ അരങ്ങേറുന്നത്. 2023 ഏപ്രിൽ ഒന്നിന് പാലക്കാട് കലക്ടർ തഹസിൽദാർമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ മിനിറ്റ്സ് പ്രകാരം, എൽ.ആർ.എം/ ടി.എസ്.എ വിഭാഗങ്ങളിലെ ഓരോ സർവേയർമാരും 50 അപേക്ഷകൾ തീർപ്പാക്കുകയെന്ന ലക്ഷ്യം കലക്ടർ നിശ്ചയിച്ചിരുന്നു. എന്നാൽ, ഇത് കടലാസിൽ മാത്രമായി ചുരുങ്ങി. എൽ.ആർ.എം/ ടി.എസ്.എ വിഭാഗങ്ങളുടെ പ്രകടനത്തെ സംബന്ധിച്ച പ്രതിമാസ റിട്ടേണുകൾ താലൂക്കിൽനിന്ന് കലക്ടറേറ്റിലേക്ക് അയക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ മതിയായ സർവേയർമാരുടെ കുറവുകൊണ്ടാണ് എൽ.ആർ.എം/ ടി.എസ് കേസുകൾ തീർപ്പാക്കാതെ കിടക്കുന്നതെന്ന് തഹസിൽദാർ മറുപടി നൽകി.

 

റദ്ദാക്കിയ രസീതുകൾ പരിശോധിച്ചിട്ടില്ല

റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്നത് രജിസ്ട്രേഷൻ, സർവേ വകുപ്പുകളുമായുള്ള ഓൺലൈൻ സംയോജനം സുഗമമാക്കുന്നതിന് റവന്യൂ വകുപ്പ് വികസിപ്പിച്ചെടുത്ത ഒരു വെബ് ആപ്ലിക്കേഷനാണ്, സംസ്ഥാനത്തെ ഭൂരേഖകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ പ്രവർത്തനക്ഷമമാക്കിയ അടിസ്ഥാന സൗകര്യമാണിത്. കരം അടച്ച രസീത്, തണ്ടപ്പേർ പകർപ്പ്, ബി.ടി.ആർ പകർപ്പ് തുടങ്ങിയവയെല്ലാം മെസേജായി ലഭിക്കുന്ന സിസ്റ്റമാണിത്. 2011ൽ ആരംഭിച്ച പ്രോജക്ട് 2015ൽ നവീകരണത്തിന് വിധേയമായി, ബന്ധപ്പെട്ട എല്ലാ സ്‌റ്റേക്ക്‌ഹോൾഡർ ഡിപ്പാർട്മെന്റുകളുമായുള്ള സംയോജനം മെച്ചപ്പെടുത്തി.

ഇന്റഗ്രേറ്റഡ് റവന്യൂ ഇ-പേമെന്റ് സിസ്റ്റം എന്ന് വിളിക്കുന്ന ഒരു ഓൺലൈൻ പേമെന്റ് സിസ്റ്റം 2015 മുതൽ ഓൺലൈനുള്ള വില്ലേജുകളിൽ റെലിസ് ഒരു അധിക സവിശേഷതയായി പ്രവർത്തിക്കുന്നു. ഈ സംവിധാനം പൗരന്മാർക്ക് എവിടെനിന്നും ഏത് സമയത്തും വിവിധ നികുതികൾ ഓൺലൈനായി അടക്കാൻ കഴിയുന്നു. പൊതുജനങ്ങൾക്ക് വില്ലേജ് ഓഫിസുകളിൽ നേരിട്ടോ ഈ ഓൺലൈൻ സംവിധാനം വഴിയോ പണമടക്കാം. ശേഖരിക്കുന്ന ഫണ്ടുകൾ കാര്യക്ഷമമായി സംസ്ഥാന ഖജനാവിലേക്ക് മാറ്റുന്നു, എല്ലാ റവന്യൂ ഓഫിസുകളും അവരുടെ അക്കൗണ്ടുകൾ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നു. റവന്യൂ റിക്കവറി കുടിശ്ശികയും ആവശ്യാനുസരണം ക്ഷേമനിധി വിതരണവും കൈകാര്യം ചെയ്യുന്നതിനും ആപ്ലിക്കേഷൻ വഴി കഴിയുന്നു.

ഈ സംവിധാനത്തിൽ അടച്ച രസീതുകൾ പല കാരണങ്ങളാൽ വില്ലേജ് ഓഫിസർമാർ റദ്ദാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായി പേര്, വിലാസം, തുക അല്ലെങ്കിൽ ഫോൺ നമ്പർ എന്നിങ്ങനെ രേഖ​െപ്പടുത്തിയെന്നതാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. രസീതുകൾ റദ്ദാക്കിയതിന്റെ സാധുത ഉറപ്പാക്കാൻ തഹസിൽദാർ പരിശോധിച്ചുറപ്പിക്കണം. എന്നാൽ, അട്ടപ്പാടിയിലെ താലൂക്ക് ഓഫിസിൽ റെലിസ് പരിശോധിച്ചപ്പോൾ, 2020 മുതൽ അട്ടപ്പാടി താലൂക്ക് ഓഫിസി​ന്റെ പരിധിയിലുള്ള ആറ് വില്ലേജുകളിലായി 18.32 ലക്ഷം രൂപയുടെ 1242 രസീതുകൾ റദ്ദാക്കിയതായി കണ്ടെത്തി. 2020 2021 കാലം മുതൽ 2023 ആഗസ്റ്റ് 31 വരെ റദ്ദാക്കിയ 1242 രസീതുകളും, (മൊത്തം 18.32 ലക്ഷം രൂപ) തഹസിൽദാർ പരിശോധിച്ചുറപ്പിച്ചിട്ടില്ലെന്നത് അത്ഭുതമാണ്.

പ്രോപ്പർട്ടി രജിസ്റ്ററും സ്റ്റോക്ക് രജിസ്റ്ററും ഇല്ല

കെ.എഫ്‌.സിയുടെ ആർട്ടിക്ൾ 170 പ്രകാരം, എല്ലാ സ്ഥാപനങ്ങളും സ്ഥാവര സ്വത്തുക്കളുടെ രൂപത്തിൽ സർക്കാറിന്റെ ആസ്തികൾ കെട്ടിടങ്ങൾ, ഭൂമി, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവക്ക് സ്ഥിരം രജിസ്റ്ററുകൾ സൂക്ഷിക്കണം. വകുപ്പുമേധാവി ഉൾപ്പെടെ ഓരോ ഉദ്യോഗസ്ഥനും പരിപാലിക്കുന്ന രജിസ്റ്ററുകളിൽ ത​ന്റെയും അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ വിവരങ്ങൾ ഉണ്ടായിരിക്കണം. കൈമാറ്റം അല്ലെങ്കിൽ പുതിയ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ നിർമാണം അല്ലെങ്കിൽ പഴയവ നീക്കംചെയ്യൽ തുടങ്ങിയ മാറ്റങ്ങൾ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കുകയും മാർച്ച് അവസാനം രജിസ്റ്ററുകളിൽ വാർഷിക കണക്കുകൾ രേഖപ്പെടുത്തുകയും വേണം.

അട്ടപ്പാടി താലൂക്ക് ഓഫിസിന്റെ നിയന്ത്രണത്തിൽ ആറ് വില്ലേജ് ഓഫിസുകളാണുള്ളത്. വില്ലേജ് ഓഫിസുകളുടെ ഭൂമിയും കെട്ടിടവും സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലാത്തതിനാൽ, കൃത്യമായ സ്ഥാനം പരിശോധിക്കാൻ ഓഡിറ്റിന് കഴിഞ്ഞില്ല. ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ, സർവേ നമ്പർ, കെട്ടിടങ്ങളുടെ പ്രവർത്തനം, ഉപയോഗയോഗ്യമാണോ അല്ലയോ എന്നത്, മരങ്ങളുടെ വിശദാംശങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവ ഉൾപ്പെടുന്ന പ്രോപ്പർട്ടി രജിസ്റ്റർ പുതുക്കാത്തതിനാൽ (ശരിയായി തയാറാക്കാത്തതിനാൽ) ഭൂമി അടക്കം സർക്കാർ വസ്‌തുക്കളുടെ കൈയേറ്റം തിരിച്ചറിയാൻ മാർഗമില്ല. പരിശോധനപോലും ഇവിടെ അസാധ്യമാണ്. ഫയലുകളില്ലാതെ എന്ത് പരിശോധന നടത്താനാണ്.

കെ.എഫ്‌.സിയുടെ ആർട്ടിക്ൾ 153 പ്രകാരം ഓരോ ഓഫിസും ഫർണിച്ചറുകളുടെ സ്റ്റോക്ക് അക്കൗണ്ട് സൂക്ഷിക്കണം. സ്റ്റോക്കിലുള്ള ഓരോ ഇനത്തിനും പ്രത്യേകം പേജുകളും ഓരോ ഇനത്തിനും അനുവദിച്ച പേജ് നമ്പർ കാണിക്കുന്ന മുൻ പേജിൽ സൂചികയും രേഖപ്പെടുത്തണം. വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ സ്ഥാപന മേധാവി വർഷത്തിൽ ഒരിക്കലെങ്കിലും രേഖപ്പെടുത്തണം.

ഇതൊന്നും അട്ടപ്പാടി ട്രൈബൽ താലൂക്കിന് ബാധകമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മനോഭാവം. ഓഫിസിലെ മൊത്തം ഫർണിച്ചറുകളുടെ എണ്ണം, മുൻ ബാലൻസ്, സ്വീകരിച്ചതും ഉപയോഗിച്ചതും ഉപയോഗിക്കാത്തതും തുടങ്ങിയ സ്റ്റോക്ക് അക്കൗണ്ട് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. കമ്പ്യൂട്ടർ/ ലാപ് ടോപ്, ഇലക്‌ട്രോണിക്‌സ് എന്നിവക്കായി പ്രത്യേക സ്റ്റോക്ക് രജിസ്റ്റർ വേണം. അതും ഇല്ല. സ്റ്റോക്ക് രജിസ്റ്ററിൽ ഫർണിച്ചറുകളുടെ ഇൻഡക്സിങ് നടത്തിയിട്ടില്ല. വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ ഇതുവരെ നടത്തിയിട്ടില്ല.

മിച്ചഭൂമി 9.50 ഏക്കർ ഏറ്റെടുത്തില്ല

അഗളി, മണ്ണാർക്കാട് എന്നീ രണ്ട് വില്ലേജുകളിലായി 2534 ഏക്കർ ഭൂമിയാണ് വി. കുഞ്ഞാമു ഹാജി ആൻഡ് കമ്പനിയുടെ കൈവശമുള്ളത്. സീലിങ് പരിധിയിൽ കൂടുതൽ ഭൂമി കൈവശം ​െവച്ചിരിക്കുന്നതിനാലും കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 85 (രണ്ട്) പ്രകാരം സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാലും കമ്പനിക്കെതിരെ താലൂക്ക് ലാൻഡ് ബോർഡ് (ടി.എൽ.ബി) മണ്ണാർക്കാട് സ്വമേധയാ നടപടിയെടുത്തു. ടി.എൽ.ബിയുടെ ഉദ്യോഗസ്ഥൻ കമ്പനിയുടെ കൈവശമുള്ള സ്ഥാവരസ്വത്തുക്കളുടെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി.

സീലിങ് കേസിൽ മണ്ണാർക്കാട് ടി.എൽ.ബിയുടെ 1981 ജൂൺ 25ലെ ഉത്തരവ് പ്രകാരം കമ്പനിയുടെ കൈവശമുള്ള ഭൂമിയിൽനിന്ന് 19 ഏക്കർ ഭൂമി വിട്ടുനൽകാൻ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ, കല്ലമല പട്ടത്ത് കുഞ്ഞൻ എന്നയാൾ ടി.എൽ.ബിക്ക് മുമ്പാകെ ഹരജി നൽകി. ത​ന്റെ കൈവശമുള്ള 9.50 ഏക്കർ ഭൂമി സറണ്ടർ ചെയ്യാൻ ഉത്തരവിട്ട മിച്ചഭൂമിയുടെ ഭാഗമായ സർവേ നമ്പർ 2019ലേതാണെന്ന് വാദിച്ചു.

പട്ടത്ത് കുഞ്ഞൻ നൽകിയ ഹരജി ടി.എൽ.ബി നിരസിച്ചു. അദ്ദേഹം ഹൈകോടതിയിൽ കേസ് (31/1994) ഫയൽ ചെയ്തു. കോടതി ടി.എൽ.ബിയുടെ ഉത്തരവ് തള്ളി കേസ് വീണ്ടും പരിഗണിക്കാൻ നിർദേശിച്ചു. തുടർന്ന് ടി.എൽ.ബി ഹരജിക്കാര​ന്റെ അവകാശവാദം പരിശോധിച്ചു. 9.50 ഏക്കറിന്​ അഗളി ലാൻഡ് ​ൈട്രബ്യൂണലിൽനിന്ന് 1088/1975 നമ്പർ പർച്ചേസ് സർട്ടിഫിക്കറ്റ് ഹരജിക്കാരന് ലഭിച്ചതായി കണ്ടെത്തി. സർവേ നമ്പർ 2019 അഗളി വില്ലേജി​ന്റെ ഭൂമി (ഇപ്പോൾ കല്ലമല വില്ലേജിലാണ്) ഈ പർച്ചേസ് സർട്ടിഫിക്കറ്റ് കണക്കിലെടുത്ത് ടി.എൽ.ബി, 9.50 ഏക്കർ ഒഴിവാക്കി, ഹരജിക്കാര​ന്റെ ക്ലെയിം അനുവദിച്ചു.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ടി.എൽ.ബി 2022 സെപ്റ്റംബർ 18ലെ ഉത്തരവ് പ്രകാരം 9.50 ഏക്കർ വിസ്തീർണം സറണ്ടർ ചെയ്യാൻ കമ്പനിയോട് ഉത്തരവിട്ടു. കമ്പനിയുടെ കൈവശമുള്ളത് 2534 ഏക്കർ ഭൂമിയാണ്. ഭരണപരിഷ്‍കരണ നിയമത്തിലെ 81ാം വകുപ്പ് പ്രകാരം 2500 ഏക്കറിന് ഇളവ് നൽകി. കമ്പനിയുടെ സീലിങ് ഏരിയ 15 ഏക്കറാണ്. അതിൽ പുനഃപരിശോധനാ ഹരജിയുടെ അടിസ്ഥാനത്തിൽ 9.50 ഏക്കർ ഒഴിവാക്കി. ബാക്കി 9.50 ഏക്കർ മിച്ചഭൂമിയായി റവന്യൂ വകുപ്പ് ഏറ്റെടുക്കണം.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് ഏഴ് ദിവസത്തിനകം (സർവേ നമ്പർ 2019/ പി.ടി, വില്ലേജ് കല്ലമല) 9.50 ഏക്കർ ഭൂമി വിട്ടുനൽകാത്ത സാഹചര്യത്തിൽ തഹസിൽദാർ (എൽ.ആർ) ഭൗതികമായി കൈവശംവെക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാറിനുവേണ്ടി തഹസിൽദാർ (എൽ.ആർ) ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് രേഖകൾ പരിശോധിച്ചതിൽ കണ്ടെത്തി. സർക്കാറിൽ നിക്ഷിപ്തമായി പ്രഖ്യാപിച്ച ഈ മിച്ചഭൂമി ഇപ്പോഴും കമ്പനി കൈവശംെവച്ചിരിക്കുകയാണ്.

 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.