തലേവിര

പറക്കമുറ്റിയാൽ കൂടുപേക്ഷിക്കുന്ന പറവയുടെ ‘സ്വാതന്ത്ര്യബോധം’ മനുഷ്യനില്ല. അതുകൊണ്ടോ എന്തോ, അവനറിയുന്നില്ല പെറ്റ നാടിനോടുള്ള സ്നേഹം രക്ഷിതബോധത്തിന്റെ ഉൽപന്നമാണെന്ന്. പിറവിയാൽ പരിചിതമാകുന്ന പരിസരത്തോടുള്ള മമത, പുലർച്ചയുടെ ആവശ്യംകൂടിയാണെന്ന്. പക്ഷേ, ഒരു പക്ഷിക്കുമില്ല അനന്തതയിലേക്ക് കൂടുമാറ്റം. ദേശാടനപ്പക്ഷിപോലും ഋതു മാറുമ്പോൾ മടങ്ങും, വന്നിടത്തേക്ക്. അപ്പോ, ദേശസ്നേഹം ഒരതിജീവനോപാധി. അത് ഭക്തിയും ഗർവുമൊക്കെയായി പന്തലിക്കുമ്പോൾ പക്ഷേ, ഈ നൈസർഗികതയുണ്ടോ? മൃഗപ്രകൃതിയിൽനിന്ന് ശിശു മെല്ലെ മെല്ലെ മുതിരുമ്പോഴാണ് മനുഷ്യനാവുക. ജനിതകങ്ങളേക്കാൾ പങ്കുണ്ട് ആർജിതങ്ങൾക്ക്, ഈ...

പറക്കമുറ്റിയാൽ കൂടുപേക്ഷിക്കുന്ന പറവയുടെ ‘സ്വാതന്ത്ര്യബോധം’ മനുഷ്യനില്ല. അതുകൊണ്ടോ എന്തോ, അവനറിയുന്നില്ല പെറ്റ നാടിനോടുള്ള സ്നേഹം രക്ഷിതബോധത്തിന്റെ ഉൽപന്നമാണെന്ന്. പിറവിയാൽ പരിചിതമാകുന്ന പരിസരത്തോടുള്ള മമത, പുലർച്ചയുടെ ആവശ്യംകൂടിയാണെന്ന്. പക്ഷേ, ഒരു പക്ഷിക്കുമില്ല അനന്തതയിലേക്ക് കൂടുമാറ്റം. ദേശാടനപ്പക്ഷിപോലും ഋതു മാറുമ്പോൾ മടങ്ങും, വന്നിടത്തേക്ക്.

അപ്പോ, ദേശസ്നേഹം ഒരതിജീവനോപാധി. അത് ഭക്തിയും ഗർവുമൊക്കെയായി പന്തലിക്കുമ്പോൾ പക്ഷേ, ഈ നൈസർഗികതയുണ്ടോ? മൃഗപ്രകൃതിയിൽനിന്ന് ശിശു മെല്ലെ മെല്ലെ മുതിരുമ്പോഴാണ് മനുഷ്യനാവുക. ജനിതകങ്ങളേക്കാൾ പങ്കുണ്ട് ആർജിതങ്ങൾക്ക്, ഈ സ്ഫുടംചെയ്യലിൽ. സമൂഹജീവിക്ക് പ്രത്യേകിച്ചും. ദേശഭക്തിയും ദേശാഭിമാനവും അങ്ങനെ സമൂഹം ചെലുത്തുന്ന ഭാവരേണുക്കളാണ്. എങ്കിലെന്തേ തോറോ പറഞ്ഞു, ദേശഭക്തി ശിരസ്സിനുള്ളിലെ വിരയാണെന്ന്?

പരിഭാഷ ഇങ്ങനെയാവാം: മൂല്യബോധമുള്ള ജീവി എന്ന നിലക്ക് മനുഷ്യനുണ്ടാവുന്ന ആത്മസംഘർഷത്തിൽനിന്നുള്ള ശ്രദ്ധമാറ്റലാണ് ദേശഭക്തി. ഒരുതരം മനംമയക്കി. സ്വന്തം ദേശം അങ്കത്തിനു പോകരുതെന്നേ ഏതു മനുഷ്യനും പറയൂ. ജയപരാജയങ്ങളെക്കുറിച്ച വ്യഗ്രതക്ക് മനസ്സിലിടം അതിനും താഴെ മാത്രം. ഇന്ത്യ യുദ്ധം തോൽക്കണമെന്ന് ഇന്ത്യൻ ആഗ്രഹിക്കില്ല. ശാന്തിദൂത് എന്ന പേരിൽ രാജീവ് ഭരണകൂടം ലങ്കയിൽ നടത്തിയ യുദ്ധം തോൽക്കണമെന്ന് ആശിച്ചിട്ടില്ലാത്തപോലെ, ഇന്ത്യൻ പട അന്നവിടെ കാട്ടിക്കൂട്ടിയ അത്യശാന്തികൾ അരുതായിരുന്നെന്നും ആശിക്കില്ലേ, ഇതേ ഇന്ത്യൻ? ദേശഭക്തി വ്യക്തിമനസ്സിൽ സൃഷ്ടിക്കുക ഈവിധം ആത്മസംഘർഷങ്ങളാണ്. ചരിത്രം സാക്ഷ്യം പറയുന്നൊരു നേര്​. ബ്രട്​​റാന്റ്​ റസൽ തിര്യപ്പെടുത്തിയിരുന്നു: ‘‘ദേശഭക്തർ എപ്പോഴും പറയുക സ്വരാജ്യത്തിന്​ വേണ്ടി മരിക്കുന്നതിനെപ്പറ്റിയാണ്​. ഒരിക്കലും അവർ പറയാറില്ല, സ്വരാജ്യത്തിന്​ വേണ്ടി കൊല്ലുന്നതിനെപ്പറ്റി.’’ പറഞ്ഞിട്ട്​ നൂറ്റാണ്ടൊന്നു കഴിഞ്ഞു. ഉണ്ടോ മാറ്റം തരിമ്പും?

ദേശഭക്തിയെക്കുറിച്ച ചർച്ചയേതും Critoയിൽ തുടങ്ങണം. കരുതുമ്പോലെ പാടേയങ്ങ് യവനമൊന്നുമല്ലത്. പ്രാചീന യവനർ സ്വന്തം നഗര രാഷ്ട്രത്തിനു വേണ്ടി ജീവൻ ഹോമിച്ചിരുന്നത് വാസ്തവത്തിൽ രക്ഷാകർത്താവായ നഗരത്തിനു വേണ്ടിയായിരുന്നില്ല. ‘ആണുങ്ങൾ അങ്ങനെ വേണം’ എന്ന പൊതു വീര്യ സങ്കൽപംവെച്ചാണ്. ആ ബലി ആണത്തത്തിന്റെ കൽപനാ സ്വരമായിരുന്നു. സോക്രട്ടീസിനെ ദോഷൈക ലക്ഷ്യം ഉപയോഗിക്കുകയാണ് ശിഷ്യൻ പ്ലേറ്റോ ഗ്രന്ഥത്തിന്റെ കാതൽ ഭാഗത്ത്: ‘‘...സ്വദേശത്തെ, സ്വന്തം അച്ഛനമ്മമാരെപ്പോലെ കണക്കാക്കണം.

ദാമ്പത്യത്തെയും സന്താനങ്ങളെയും നിയമഗത്യാ നിർവചിച്ചുകൊണ്ട് നിങ്ങളുടെ രക്ഷിതാക്കൾക്ക് രക്ഷിതാക്കളാകാൻ വേണ്ട ശേമുഷി നൽകിയത് ദേശമാണ്. അതിനാൽ, പൗരൻ നഗരദേശത്തെ സ്നേഹിക്കണം, അതിനായി മരിക്കാൻവരെ തയാറാകണം.’’ അപകടം പിടിച്ചതാണ് ഈ നിലപാട്. ദേശാധികാരികളുടെ കളിപ്പന്തായെന്നു വരും, പൗരൻ. അങ്ങനെ വഴങ്ങാത്തത് ദേശദ്രോഹമായെന്നും. ആ മാരക നിലപാടിനുവേണ്ടിയാണ് പൗരൻ ജീവിക്കേണ്ടത് എന്നുപോലും വരും.

ദേശഭക്തർ സ്വന്തം ഭക്തിയുടെ മൂലാധാരത്തോട് അജ്ഞരായിപ്പോകുന്ന ഇത്തരം അന്ധബിന്ദുക്കൾ പല സന്ദർഭങ്ങളിലുണ്ടാകാം. കാണാമറയത്താവുക ചിലപ്പോൾ ഭക്തിയുടെ മൂല്യപ്പിശകാവും. മനസ്സിന്റെ കുഴമറിച്ചിലാണതിന്റെ സ്രോതസ്സ്. അതു മിക്കപ്പോഴും പ്രേരകമാവും ദുഷ്ചെയ്തികൾക്ക്, പരദ്രോഹത്തിന്. അതു തന്നെയാണ് യുദ്ധത്തിന് സാധുത പകരുന്നതും.

നിർമമമായി ചരിത്രം നോക്കിയാലറിയാം, സാധൂകരണമില്ലാത്ത തനി അനാവശ്യങ്ങളാണ് യുദ്ധങ്ങൾ. കൂട്ടുകയല്ലാതെ മനുഷ്യദുരിതം ഒട്ടും കുറച്ചിട്ടില്ല യുദ്ധമൊന്നും. ഭൂമിയിൽ എവിടെങ്കിലും സമാധാനമുണ്ടാക്കിയ ഒരൊറ്റ യുദ്ധമുണ്ടോ? അതിന് പല പാർശ്വ ലാഭങ്ങളുണ്ടായേക്കാം. അതിലുമെത്രയോ മടങ്ങാണ് നേർചേതങ്ങൾ. നേരാണ്​, സൈനികാവശ്യങ്ങൾക്കായുള്ള ചില ഗവേഷണങ്ങൾ പല രോഗങ്ങൾക്കും പ്രതിവിധി തരമാക്കിയിട്ടുണ്ട് –ആന്റി ബയോട്ടിക് പോലെ– മുറിവേറ്റവരെ അണുബാധ കൊന്നൊടുക്കിയപ്പോൾ ഒന്നാം ലോകയുദ്ധം വരിച്ച ഭടദാരിദ്ര്യത്തിന് പ്രതിവിധി തേടിയതിന്റെ ഫലം. ലോകയുദ്ധം ഇല്ലായിരുന്നെങ്കിലും വികസിപ്പിച്ചേനേ, ആന്റിബയോട്ടിക്കുകൾ. ആ ഗവേഷണത്തിന് യുദ്ധം കൂടുതൽ പണവും വേഗവും പകർന്നിരിക്കാം. അതൊന്നും പക്ഷേ യുദ്ധത്തെ സാധൂകരിക്കുന്നില്ല. നിരപരാധികളെ കൊന്നൊടുക്കുന്നതിലെ ജാള്യം മറയ്​ക്കാൻ പോന്ന ജൗളിയളവില്ല ഒരു പതാകക്കും.

ദേശഭക്തിയുടെ രണ്ടാം പിശക് ധൈഷണികതയിലാണ്. ദേശം എന്നത് ഭക്തി അർഹിക്കുന്ന വസ്തുവാണെന്ന മുൻവിധിയാണ് അതിന്റെ കാമ്പിൽ –മനുഷ്യർക്ക് കൊല്ലാനും ചാവാനും തക്ക അർപ്പണയോഗ്യതയുള്ള വസ്തു. അങ്ങനെ കാണുമ്പോൾ നശീകരണത്തിന്റെ ചാലകശക്തിയാകുകയാണ് ദേശഭക്തി. മൂർത്തമെന്നു കരുതപ്പെടുന്ന അമൂർത്തത –അതല്ലേ ദേശം? അന്തേവാസികളുടെ മനസ്സുകൾക്ക് മേൽ അപാര സ്വാധീന ശക്തിയുള്ള അമൂർത്തത. മതവിശ്വാസത്തിലും കാതൽ അമൂർത്തതയുടെ ഈ പ്രയോഗം തന്നെ. പക്ഷേ ദൈവമല്ല ദേശം. അതിന് പൗരന്റെ ഭൗതികമായ നിത്യജീവിതത്തെ നിർണായകമായി നിശ്ചയിക്കാം. നമ്മളെല്ലാം അതിന്റെ പ്രജകളാണ്, ഇരകളും. ഭക്തിച്ചങ്ങല വിട്ട് നിർമമം ഈ പ്രതിഭാസത്തെ നോക്കിക്കാണുവോളം ഇപ്പറഞ്ഞ ഇരട്ടപ്പിശകും പേറി നാം കഴിഞ്ഞുകൂടും.

അപ്പോൾ, ജനിപ്പിച്ച ദേശത്തോട് കടപ്പാടില്ലേ? സർവ സാമാന്യമായ ഈ ചോദ്യത്തിന് വില്യം ജയിംസ് സർവ സാമാന്യമാക്കിയ ഒരുത്തരമുണ്ട്: ‘രക്തക്കടം’. ആൾ വലിയ ചിന്തകൻ. പക്ഷേ Moral Equivalent of Warൽ അദ്ദേഹത്തിന്റെ അസാമാന്യ ചിന്ത സമാധാനത്തെ സംരക്ഷിക്കുന്നത് യുദ്ധത്തെ കൂടുതൽ ആകർഷകമാക്കുംവിധമാണ്: ‘‘സ്വരാജ്യത്തോട് പൗരജീവിതം രക്തമാർഗേ കടപ്പെട്ടിരിക്കുന്നു. പകരം രക്തംതന്നെ കൊടുക്കേണ്ടി വന്നാൽ, കൊടുക്കാൻ പൗരൻ ബാധ്യതപ്പെട്ടിരിക്കുന്നു.’’ ഇതിനർഥം, പൗരൻ കേവലം ഉപകരണം മാത്രമാണെന്നല്ലേ? ഭരണകൂട ഭാരവാഹികൾ തയാറാക്കുന്ന മൂർത്തലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള അമൂർത്തതയാകുന്നു ഇവിടെ പൗരത്വം.

വിരോധാഭാസകരമായ ഈ പൗരജീവിത വിധി ചൊട്ടയിലേ നടത്തുന്ന ഒരച്ചുകുത്താകയാൽ ദേശഭക്തി സർവസാധാരണം, സാർവത്രികം. സ്വഭാവത്തിൽനിന്നു വേർപെടുത്തി കാണാൻ ദുഷ്‍കരമായത്ര സ്വാഭാവികതയുണ്ടതിന്. അതല്ല, ശരിക്കും സ്വാഭാവികമാണെങ്കിൽ അത് അച്ഛനമ്മമാരോടുള്ള സ്നേഹംപോലെ, മക്കളോടുള്ളപോലെ, പ്രിയരോടുള്ളപോലെ ആയിരിക്കണം. ഇപ്പറഞ്ഞ മൂന്നിനങ്ങളും മൂർത്ത വ്യക്തികളോടുള്ളതാണ്. പല തലത്തിലുള്ള ഘടനകളാൽ സംയോജിതമായ ദേശം എന്ന അമൂർത്തതയോടുള്ള വികാരം അങ്ങനെയാണോ?

ഒരു വ്യക്തിയെ ഒന്നുകിൽ സ്നേഹിക്കുന്നു, അല്ലെങ്കിൽ ഇല്ല. ഈ രണ്ടു മനോനിലകളും അമൂർത്തമല്ല. എന്റെ അമ്മ, എന്റെ മക്കൾ എന്നൊക്കെയുള്ളത് മൂർത്തസ്നേഹത്തിന്റെ നൈയാമിക വകുപ്പുകളാണ്. ആ വികാരം സൃഷ്ടിച്ചത് നിയമമല്ല. ആവിധം സ്നേഹിക്കപ്പെടുന്നവരുടെ നീട്ടിയെടുപ്പായി സഹ പൗരന്മാരെ കണ്ടുകൂടേ -കുടുംബത്തിന്റെ നീട്ടലായി ദേശത്തെ?

എങ്കിൽ-

എത്രയാളുകളാണ് കുടിയേറി ദേശം മാറിപ്പോവുന്നത് -വീടും നാടും വിട്ട്! പിറന്നു വീണ പ്രദേശത്തോടുള്ള കണ്ണിയും കൂറുമൊക്കെ മുറിച്ച് പുറപ്പെട്ടുപോകുന്നവർ എത്രയോ. പെറ്റമണ്ണിനോടുള്ളതിലും സ്നേഹം മറ്റെന്തിനോടൊക്കെയോ ഉള്ളിലുണരുന്നതിന്റെ ഫലമാണ് ഈ വിച്ഛേദനം. പലപ്പോഴും ജീവിത സമ്മർദങ്ങൾ മൂലമുള്ള ഇടം മാറ്റവുമാകാം–മനസ്സിന്റെ.

 

എഡ്വേഡ് സൈദ്

ഇന്ത്യയിൽ 140 കോടിയുണ്ട് പൗരജനം. ഈ രാജ്യത്തോട് അവർക്കുള്ള കൂറും താൽപര്യവും മറ്റൊരു രാജ്യത്തോടും ഇല്ലെന്നിരിക്കാം. വസ്തുനിഷ്ഠമായി നോക്കിയാലറിയാം, രാജ്യത്തെ സാമൂഹിക ഉടമ്പടി മൂലമുള്ള ബന്ധവും അർപ്പണവുമാണിത്. അതു സ്നേഹമാണോ, അതാണ് മൗലിക ചോദ്യം. ആ ചോദ്യമുനകൊണ്ട് വിവേചിച്ചാൽ ദേശസ്നേഹം പക്ഷപാതമാണെന്ന് ആദ്യ നോക്കിലേ തിരിച്ചറിയാം (ദേശഭക്തി അതിന്റെ രോഗാതുരമായ പരിണത ബിന്ദുവാണെന്നും). തന്റേതിനോടുള്ള സ്നേഹം തന്റേതല്ലാത്തതിനോട് ഇല്ലാത്തത്. കുടുംബത്ത്​ അതു കുഴപ്പമില്ല. അവിടെ എല്ലാവരും ഇതേ പോലെയാകയാൽ ഓരോരുത്തരുടെയും പക്ഷപാതപരമായ ഇഷ്ടാനിഷ്ടങ്ങൾ അന്യോന്യം റദ്ദു ചെയ്തു കൊള്ളും. കുടുംബത്തിന് കാര്യമായൊരു കുഴപ്പവും ഈ പക്ഷപാതങ്ങളാൽ സംഭവിക്കയുമില്ല. എന്നാൽ, മൂർത്തമായ വ്യക്തിയോടുള്ള സ്നേഹത്തിന് അമൂർത്തമായ ഒരു നീട്ടിയെടുപ്പുണ്ടെങ്കിൽ അതിനെ സ്നേഹം എന്നു വിളിക്കുന്നത് നിയതാർഥത്തിൽ പിശകാവും. അതാണ് പൊതുവിൽ പിണയാറുള്ള അബദ്ധം. പക്ഷപാതിത്വം അനീതിയുടെ സഹവാസിയാണ്. സ്വന്തത്തിന്–വ്യക്തിപരമായ സ്വന്തമോ അതിന്റെ നീട്ടിയെടുപ്പായ അമൂർത്ത സ്വന്തമോ ആവട്ടെ– പ്രാമുഖ്യം നൽകലാണത്. ഇത്തരം പ്രിയങ്ങൾക്കപ്പുറം ഹിതങ്ങളിലേക്ക് മനസ്സിനെ ശുദ്ധി ചെയ്തെടുക്കുമ്പോഴാണ് മനുഷ്യൻ മുതിരുക, മനുഷ്യനാവുക.

ജനിച്ച ദേശം നന്നാവണം എന്ന് ആരും ആഗ്രഹിക്കും. അത് സ്നേഹത്തിന്റെയോ ഭക്തിയുടെയോ അഭിമാനത്തിന്റെയോ ഫലമല്ല. മറിച്ച്, വിവേകം ഉദ്ഘോഷിക്കുന്ന തത്ത്വങ്ങളോടുള്ള പ്രതിബദ്ധതയാണ്. മൂല്യവത്തും നൈതികവുമായ തത്ത്വങ്ങളുടെ പുലർച്ചയാണ് ഇപ്പറയുന്ന നന്നാകൽ. ഏറ്റവും മികച്ച മൂല്യ മാതൃകയോട് ദേശം അടുക്കുമ്പോഴാണ് അത് നന്നാവുന്നു എന്ന് പറയുക. തത്ത്വങ്ങൾ നന്നായിരിക്കുന്നത് ദേശം നല്ലതായതുകൊണ്ടല്ല, പൗരർ അവയോട് പ്രതിബദ്ധത പുലർത്തുന്നതുകൊണ്ടാണ്. മറിച്ചു കരുതുന്നത് എന്റേതെല്ലാം –എന്റേതായതു കൊണ്ട്– നല്ലതാണെന്ന് പറയുമ്പോലെയാണ്. ദേശം എന്റേതായതുകൊണ്ട് അതു നല്ലതായിക്കൊള്ളണമെന്നില്ല. ദേശം നല്ലതായതുകൊണ്ടാണ് തത്ത്വങ്ങൾ നല്ലതായതെന്നു പറയുന്നതും ഇതേ അബദ്ധ വിത്ത്​.

 

നല്ല തത്ത്വങ്ങളോടുള്ള പ്രതിബദ്ധതക്കു വേണ്ടത് ആ ദിശയിൽ സൃഷ്ടിപരമായ പൊതു തത്ത്വ സംഹിതയാണ്​ –ഭരണഘടന. അതിനോടുള്ള ആഭിമുഖ്യമാണ് നല്ല തത്ത്വങ്ങളോട് പ്രതിബദ്ധത പടുക്കുക. പ്രബുദ്ധമായ ഭരണഘടന ഒരു വിവേകസംസ്​കാരം ജനിപ്പിക്കുന്നു. ഒരു സമൂഹമായി കഴിയു​േമ്പാൾ പുലർത്തേണ്ട നൈതികത അകക്കാമ്പായുള്ള ഒന്ന്​. അവിടെ നീതിയാണ്​ അടിസ്​ഥാനപരമായ പൗരധർമം. കാരണം, നീതി വ്യക്തിപരമായ ഒന്നല്ല, സ്നേഹിക്കുന്ന എന്തിനോടെങ്കിലുമുള്ള അർപ്പണവുമല്ല. മക്കൾക്കുവേണ്ടി മരിക്കാൻ തയാറുള്ള അമ്മയുടെ വികാരംപോലെയുമല്ല. വൈകാരികമായ ഒരു വിര​ക്കും നൊളയ്ക്കാനിടമില്ലാത്ത ശിരസ്സിന്റെ അംഗവസ്ത്രമാണ് നീതി. അത് പകിട്ടുള്ള പ്രച്ഛന്നവേഷം അണിയാറില്ല –ഒരിനം ഭക്തിയുടെയും രക്തക്കടത്തി​ന്റെയും വീരാളിപ്പട്ടും.

=========

ശിഷ്ടം: ജന്മനാടിന് മാധുര്യം കാണുന്നവൻ മൃദുലനായ തുടക്കക്കാരൻ. ജന്മനാടിനെ എന്നപോലെ അന്യ നാടുകളെയും കാണുന്നവൻ കരുത്തൻ. ജന്മനാടടക്കം സകല നാടുകളെയും വിദേശ ഭൂമിയായി കാണുന്നവൻ സമ്പൂർണൻ.-എഡ്വേഡ് സൈദ്

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT