ഒരിക്കൽ കാമ്പസിൽവെച്ച് എന്നെ ഒരാൾ പരിചയപ്പെടുത്തുന്നതിനിടയിൽ വി.സിയോട് പറഞ്ഞു, ‘‘ഇവർ അന്ധയാണ് (blind)’’. വി.സി പെട്ടെന്ന് ക്ഷുഭിതനായി, ‘‘നിങ്ങൾ എങ്ങനെയാണ് ഇവരെ അന്ധയെന്ന് വിളിക്കാൻ ധൈര്യപ്പെട്ടത്? ഇവർ ഭിന്നശേഷിക്കാരിയാണ്’’ അദ്ദേഹം തിരുത്തി. അതുകേട്ട് അന്ധാളിപ്പോടെ നിന്ന എന്നെ ഞാൻ പലവുരു പുഞ്ചിരിയോടെ ഓർക്കാറുണ്ട്. ഞാൻ അന്ധയല്ല, ഭിന്നശേഷിക്കാരിയാണ്, ചിലപ്പോൾ അതിലുപരി ദിവ്യാംഗജയും. പക്ഷേ, ആ കാമ്പസിൽ എന്റെ സ്വതന്ത്രമായ പ്രയാണത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ അത് തികച്ചും സ്വാഭാവികമായ കാര്യമായി ഞാൻ അംഗീകരിച്ചുകൊള്ളണം. വഴിയിലുള്ള ഏതെങ്കിലും വസ്തുവിൽ ഞാൻ തട്ടിയാലോ തടഞ്ഞുവീണാലോ...
ഒരിക്കൽ കാമ്പസിൽവെച്ച് എന്നെ ഒരാൾ പരിചയപ്പെടുത്തുന്നതിനിടയിൽ വി.സിയോട് പറഞ്ഞു, ‘‘ഇവർ അന്ധയാണ് (blind)’’. വി.സി പെട്ടെന്ന് ക്ഷുഭിതനായി, ‘‘നിങ്ങൾ എങ്ങനെയാണ് ഇവരെ അന്ധയെന്ന് വിളിക്കാൻ ധൈര്യപ്പെട്ടത്? ഇവർ ഭിന്നശേഷിക്കാരിയാണ്’’ അദ്ദേഹം തിരുത്തി. അതുകേട്ട് അന്ധാളിപ്പോടെ നിന്ന എന്നെ ഞാൻ പലവുരു പുഞ്ചിരിയോടെ ഓർക്കാറുണ്ട്. ഞാൻ അന്ധയല്ല, ഭിന്നശേഷിക്കാരിയാണ്, ചിലപ്പോൾ അതിലുപരി ദിവ്യാംഗജയും.
പക്ഷേ, ആ കാമ്പസിൽ എന്റെ സ്വതന്ത്രമായ പ്രയാണത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ അത് തികച്ചും സ്വാഭാവികമായ കാര്യമായി ഞാൻ അംഗീകരിച്ചുകൊള്ളണം. വഴിയിലുള്ള ഏതെങ്കിലും വസ്തുവിൽ ഞാൻ തട്ടിയാലോ തടഞ്ഞുവീണാലോ അത് മറ്റാരുടെയും കുറ്റമല്ല, എന്റെ വൈകല്യം മാത്രമാണ് ഹേതു. ഈ വിരോധാഭാസം കാലങ്ങളായി എന്റെ സ്വസ്ഥതയെ കാർന്നുനിന്നുന്നു. എന്റെ കാമ്പസിലെ സ്വച്ഛമായ സ്വൈരവിഹാരം എന്റെ അവകാശമല്ല. പക്ഷേ, എന്റെ വൈകല്യത്തെ അങ്ങനെ വിളിക്കരുത്.
വൈകല്യങ്ങളെ എങ്ങനെ എന്ത് വിളിപ്പേരിട്ട് വിശേഷിപ്പിക്കണമെന്നതിനെപ്പറ്റി ധിഷണാപരമായും വൈകാരികമായും അംഗപരിമിതർക്കിടയിൽതന്നെ നാളേറെയായി സജീവമായി ചർച്ച നടക്കുന്നുണ്ട്. വൈകല്യങ്ങൾ അനുഭവിക്കുന്നവരുടെ അന്തസ്സിനും നിലനിൽപിനും കോട്ടംതട്ടാത്തവിധം അവരെ കുറേക്കൂടി ഉത്തമമായ ഭാഷയിൽ സവിശേഷമായി സംബോധന ചെയ്യണമെന്ന ആവശ്യം പൊതുവായി ഉയരുകയും അങ്ങനെ വൈകല്യത്തെ മാറ്റിനിർത്തി ഭിന്നശേഷിക്കും ദിവ്യാംഗത്വത്തിനും കൂടുതൽ ഊന്നൽ നൽകി. വിശേഷണങ്ങൾ വൈകല്യങ്ങൾ അനുഭവിക്കുന്ന വ്യക്തികളെ മാനസികമായി ബാധിക്കുന്നുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെയും തദ്സജ്ഞതകൾ വൈകല്യാവസ്ഥക്ക് ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്നത് വിശദമായി ആലോചിക്കേണ്ട കാര്യമാണ്.
വൈകല്യം ഭാഷാപരമായ വിശേഷണങ്ങൾ
വൈകല്യം ഒരു വ്യക്തിയുടെ കുഴപ്പം അല്ല, മറിച്ച് അംഗങ്ങൾക്ക് ചില ന്യൂനതകൾ അനുഭവിക്കുന്ന വ്യക്തികളുടെ ജീവിതത്തിനുമേൽ സമൂഹം ആരോപിക്കുന്ന തടസ്സങ്ങളും പ്രതിസന്ധികളുമാണ് ഒരു വ്യക്തിയെ വൈകല്യാവസ്ഥയിലേക്ക് തള്ളിവിടുന്നത് എന്നതാണ് സാമൂഹിക മാതൃകയിൽ വൈകല്യാവസ്ഥയെ വിശദീകരിക്കുന്ന രീതി (Social model of disability) മുന്നോട്ടുവെക്കുന്ന വാദം. തന്മൂലം ഒരു വ്യക്തിയെ അയാളുടെ വൈകല്യാവസ്ഥയുടെ ലേബലിൽ വിശദീകരിക്കുന്നത് മോശമായ പ്രവണതയായിട്ടാണ് ഈ രീതി കാണിക്കുന്നത്. തന്മൂലം വൈകല്യങ്ങളെ വിശേഷിപ്പിക്കുന്നതിൽ ഭാഷാപരമായ ഒരു മാറ്റം പ്രസക്തമാവുന്നു.
അങ്ങനെ വികലാംഗർ പിന്നീട് അംഗപരിമിതരും ഭിന്നശേഷിക്കാരും ഇപ്പോൾ ദിവ്യാംഗരുമൊക്കെയായി മാറി. അംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് കോട്ടം സംഭവിച്ചവരെ അങ്ങനെ വിശദീകരിക്കാതെ മറ്റു ചില കഴിവുകളുള്ള വിഭാഗക്കാരായി ഇക്കൂട്ടരെ വിശേഷിപ്പിക്കണം എന്നതാണ് അനുശാസ്യം. വൈകല്യാവസ്ഥയിലുള്ളവരെ മാനസികമായി തളർത്താതിരിക്കാൻവേണ്ടി മാത്രമല്ല, അതിലുപരി സമൂഹത്തിന്റെ ഇക്കൂട്ടരോടുള്ള സമീപനങ്ങൾക്ക് മാറ്റം ഉണ്ടാവാൻകൂടിയാണ് ഇങ്ങനെ വിശേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ, ഇത്തരം പ്രയോഗങ്ങൾ വൈകല്യത്തെ വികലമായി ചിത്രീകരിക്കുന്നു എന്ന വിചാരമാണ് ഇവിടെ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
‘വൈകല്യം’ എന്ന പദം ഒരു വ്യക്തിയുടെ മേലുള്ള ആക്ഷേപമോ അധിക്ഷേപമോ ആയി മനസ്സിലാക്കേണ്ടതില്ല. അതൊരു ശാരീരികാവസ്ഥയുടെ വ്യക്തമായ ഭാഷാ നിർണയമായി മാത്രം കണ്ടാൽ മതി. ഒരാളിലെ വൈകല്യാവസ്ഥയെപ്പറ്റി വിശദമായും കൃത്യമായും പ്രതിപാദിക്കുന്നത് അയാളോടുള്ള അധിക്ഷേപമാവാൻ തരമില്ലല്ലോ. വൈകല്യം ഒരാളുടെ പിന്നാക്കാവസ്ഥയല്ല, എന്ന തിരിച്ചറിവുണ്ടെങ്കിൽ അയാൾ അനുഭവിക്കുന്ന പ്രതിബന്ധങ്ങളെ കൃത്യമായി അടയാളപ്പെടുത്തുക എന്നത് അനിവാര്യതയാണ്.
ഒരിക്കൽ കൊച്ചി മെട്രോയിൽവെച്ച് ലിഫിറ്റിനു മുന്നിൽ കാത്തുനിൽക്കെ ഒരു വീൽചെയർ യാത്രക്കാരനെ കയറാനനുവദിക്കാതെ മറ്റു യാത്രക്കാർ ഓടിവന്ന് ലിഫ്റ്റിൽ കയറിയ സന്ദർഭം ഉണ്ടായി. എന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥയോടും ചുറ്റുമുള്ളവരോടുമായി ഞാൻ കുറച്ചുറക്കെ പറഞ്ഞു. ‘‘ഈ ലിഫ്റ്റിന്റെ ഉദ്ദേശ്യം എന്താണെന്ന് ആ വിജയശ്രീലാളിതരെ ഓർമിപ്പിക്കേണ്ടതാണ്.’’ അടുത്തതവണ ലിഫ്റ്റ് വന്നപ്പോൾ ആദ്യം അദ്ദേഹത്തെയും പിന്നീട് എന്നെയും കയറ്റി. ഇവിടെ അയാളുടെ വീൽചെയറും എന്റെ കൈയിലെ വൈറ്റ്കെയ്നും ഒക്കെ വൈകല്യാവസ്ഥയോട് ഞങ്ങൾ നടത്തുന്ന സന്ധിയില്ലാ സമരങ്ങളാണ്.
അവയോട് കോക്രി കാട്ടാതെ സാമൂഹികബോധത്തോടെ ഓരോരുത്തരും പെരുമാറണമെങ്കിൽ ഏതോ ഭിന്നശേഷിയെപ്പറ്റിയല്ല, ഒരാൾ യഥാർഥത്തിൽ അനുഭവിക്കുന്ന ചില അനുഭവങ്ങളെ പറ്റിയാണ് ഊന്നിപ്പറയേണ്ടത്. വൈകല്യാവസ്ഥക്ക് പ്രത്യേക പരിഗണന നൽകി പരിചരിക്കുകയും വ്യക്തികൾക്കും സമൂഹത്തിനും അതിനുവേണ്ട പരിശീലനങ്ങൾ നൽകുകയും ചെയ്യേണ്ടതാണ്. ഓരോ വൈകല്യത്തിന്റെയും സ്വഭാവവും രീതിയുമൊക്കെ വ്യക്തമായി വെളിവാകുമ്പോൾ മാത്രമാണ് സാമൂഹികമായും നിയമപരമായും ഒക്കെ അവയോട് വ്യവഹാരത്തിലേർപ്പെടാൻ കഴിയൂ. എല്ലാ വൈകല്യാവസ്ഥയെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുമ്പോൾ വിദ്യാഭ്യാസ രംഗത്തുമാത്രം അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്.
ഭിന്നങ്ങളായ വൈകല്യാവസ്ഥകൾ സൃഷ്ടിക്കുന്ന വ്യത്യസ്ത ആവശ്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഒരു പ്രധാന പ്രശ്നം. തന്മൂലം കുട്ടികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. കോളജിൽ സ്ഥിരമായി വരാറുണ്ടായിരുന്ന എ.ഡി.എച്ച്.ഡി ബാധിച്ച ഒരു കുട്ടി ഒരു വർഷത്തിനുശേഷം പഠനം നിർത്തിയതായി അറിഞ്ഞു. അന്വേഷിച്ചപ്പോൾ അവൾ ഒരു വിഷയത്തിനുപോലും പാസായില്ലപോലും. ഇതാണ് ഭിന്നശേഷി എന്ന പ്രയോഗം മുന്നോട്ടുവെക്കുന്ന പ്രധാന വെല്ലുവിളി.
ഒരാളിലെ ഭിന്നമായതെന്ത് എന്ന് യഥാർഥത്തിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. വൈകല്യം വ്യക്തികളിൽ ഉണ്ടാക്കുന്ന പ്രത്യേകാവസ്ഥകളെ (ശേഷികളെ, ശേഷിക്കുറവുകളെ) കൃത്യമായി മനസ്സിലാക്കുന്ന വിവിധ പാഠ്യരീതികൾ ആവശ്യമാണ്. ധിഷണാപരമായ ശേഷിക്കുറവുള്ള കുട്ടികളെ പ്രത്യേക പാഠ്യരീതിയിലൂടെ മുന്നോട്ടുകൊണ്ടുവരണം എന്ന ആശയം ഇനിയും ഭിന്നശേഷി വക്താക്കൾക്ക് സഫലീകരിക്കാനായിട്ടില്ല. ശേഷിക്കുറവുകളെ അങ്ങനെത്തന്നെ അംഗീകരിച്ചാൽ മാത്രമേ ഇത്തരം ആവശ്യങ്ങളിൽ ശ്രദ്ധയൂന്നാനാവൂ.
ഭാഷയിലൂടെ സംഭവിക്കുന്ന ഒറ്റപ്പെടുത്തൽ
കാഴ്ച പരിമിതയായ ഭിന്നശേഷിക്കാരിയായ ഞാൻ പരിചിതമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഒരു കപ്പിലേക്ക് ചായ പകർത്താനെടുക്കുന്ന സമയം ഒരു മിനിറ്റായിരിക്കും. എന്നാൽ, ഭിന്നശേഷിയില്ലാത്ത ഒരാൾക്ക് ഇരുപത് സെക്കൻഡുകൾ ധാരാളം മതി. ഇവിടെ ഭിന്നശേഷി എന്ന പദം പ്രായോഗികമായി ഓർമപ്പെടുത്തുന്നത് അധികശേഷിയെ പറ്റിയല്ല, ഭാഷയിലൂടെ മറച്ചുവെക്കുന്ന ശേഷിക്കുറവിനെ പറ്റിയാണ്. ഞാൻ ഭിന്നശേഷിക്കാരിയാകുമ്പോൾ ഏതോ പരിചയമില്ലാത്ത ഇനിയും താദാത്മ്യപ്പെട്ടിട്ടില്ലാത്ത ഒരു ലേബൽ തലയിൽ ചുമന്ന് നടക്കുന്നതുപോലെയാണ് തോന്നുന്നത്.
ഭിന്നശേഷി എന്ന വാക്ക് ഒറ്റപ്പെടുത്തലിന്റേതാണ്. വൈകല്യം അനുഭവിക്കുന്ന ഒരാൾക്ക് തനിക്ക് എന്തൊക്കെയോ കഴിവുകൾ ഉണ്ടെന്ന തോന്നൽ ഉണ്ടാകുമ്പോൾ തന്നെയും പ്രായോഗിക തലത്തിൽ എവിടെയൊക്കെയോ പിന്നിലായി പോകുന്നതിന്റെ സംഘർഷം കടിച്ചമർത്താൻ അയാളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രായോഗിക ജീവിതത്തെ വ്യത്യസ്ത രീതിയിലൂടെ പരുവപ്പെടുത്തുന്നതാണ് ഭിന്നശേഷി എങ്കിൽ അതിനുവേണ്ട വിവിധ മാർഗങ്ങൾ കണ്ടെത്തണം. ടെക്നോളജി, എ.ഐ പോലുള്ള വിദ്യകളിലൂടെ ഇത്തരം ശ്രമങ്ങൾ തുടരണം.
പണ്ടൊക്കെ എല്ലാവരും പറയുമ്പോൾ അസ്വസ്ഥപ്പെട്ടിരുന്നു. ഘ്രാണശേഷിയും ശ്രവണശേഷിയും ഒന്നും എനിക്ക് അധികമായി കിട്ടിയതല്ല എന്നും കുറവുകളെ നേരിടാനുള്ള കഴിവുകളെ കൂടുതൽ പ്രയോജനപ്പെടുത്തുകയാണെന്നും വിശദീകരണം നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ആ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഔേദ്യാ ഗിക ഭാഷ നവീകരിച്ചു. ഇതൊരു തരത്തിലുള്ള അന്യവത്കരണമാണ്. കുഴപ്പമുള്ളവരിൽനിന്നുപോലും ഭാഷാപരമായി അവരുടെ കുഴപ്പങ്ങളെ അകറ്റിനിർത്തുന്നു. ഇവിടെ പരിഷ്‍കരണത്തിന്റെ നയ രൂപവത്കരണത്തിന്റെ ഒരു സാധ്യതയും തുറക്കപ്പെടുന്നില്ല. തങ്ങളുടെ വൈകല്യത്തെ തീരെ ഉൾക്കൊള്ളാത്ത അവക്ക് ഒട്ടും അനുയോജ്യമല്ലാത്ത പൊതു ഇടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ഭിന്നശേഷി വെറും അലങ്കാരപദം മാത്രമാണ്. ഒരു പ്രായോഗിക പ്രശ്നത്തെ കാവ്യാത്മകമായി അവതരിപ്പിക്കുന്നതുകൊണ്ട് അതിന്റെ ഗുണഭോക്താക്കൾക്കുപോലും ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. ഭാഷയുടെ ഉദ്ദേശ്യം വെളിവാക്കലാണ്, ഒളിച്ചുവെക്കലല്ല.
പ്രായോഗികതലവും ഭാഷയുടെ ഇടപെടലും
പൊട്ടക്കണ്ണൻ, മുടന്തൻ, മന്ദബുദ്ധി തുടങ്ങിയ പ്രയോഗങ്ങളിലെ അരാജകത്വവും സംസ്കാരശൂന്യതയുമാണ് വൈകല്യങ്ങളെ വിളിക്കാൻ ഭാഷ പുതിയ പേരുകൾ തേടിയതിനാധാരം. ഭാഷാപരമായ പരിണാമങ്ങളിലൂടെ കണ്ടെത്തുന്ന പുതിയ വാക്കുകൾ ഇത്തരം അവസ്ഥകളുടെ വ്യാഖ്യാനങ്ങളെ പുനഃപരിശോധിക്കും എന്നത് നിസ്തർക്കമാണ്. അതുകൊണ്ടാണ് ഭാഷയിലെ മാറ്റം അനിവാര്യമാകുന്നത്. എന്നാൽ, വൈകല്യത്തെ കൃത്യമായി വിശദീകരിക്കുന്ന, അടയാളപ്പെടുത്തുന്ന പദങ്ങളാണ് ഭിന്നശേഷിയേക്കാൾ അഭികാമ്യം എന്നുതോന്നുന്നു.
കാരണം, ബുദ്ധിവൈകല്യമോ ധിഷണാപരമായ ശേഷിക്കുറവോ ഒരാളെ ജീവിതം നികൃഷ്ടനാക്കുന്നില്ല, അന്ധത ബാധിച്ച ഒരാളുടെ ജീവിതം ഇരുട്ടുമല്ല. അപ്പോൾപിന്നെ വാക്കുകൾകൊണ്ട് പുകമറ തീർക്കേണ്ടതില്ല. തന്നെയുമല്ല മറ്റൊരു ഭാഷാപ്രയോഗംകൊണ്ട് വൈകല്യത്തെപ്പറ്റി പൊതു ഇടത്തിൽ ഒരു മിഥ്യാബോധം തീർക്കേണ്ടതുമില്ല. ഒരാളുടെ വൈകല്യവും അന്തസ്സും ആത്മവിശ്വാസവും തമ്മിൽ ബന്ധമുണ്ടാവാൻ പാടില്ലല്ലോ, ഞാൻ കാഴ്ച പരിമിതയായി അറിയപ്പെടുമ്പോൾ മാത്രമാണ് എന്റെ പ്രയോഗിക ജീവിതം എനിക്കും സമൂഹത്തിനും ഇടപെടലുകൾ നടത്തേണ്ടുന്ന ഒരു വെല്ലുവിളിയാകുന്നത്.
എന്നും പരസഹായത്തോടെ കാമ്പസിലോ പൊതു ഇടത്തിലോ നടക്കുമ്പോൾ അല്ല ഞാൻ എന്റെ പരിമിതിയെ അഭിമുഖീകരിക്കുന്നത്. മറിച്ച് തനിയെ ഈ വഴികളിലൂടെ സ്വച്ഛമായി നടക്കാനുള്ള കെൽപ് ആർജിക്കുമ്പോഴാണ്. അതിനു സമൂഹത്തിന്റെ, നിയമത്തിന്റെ, രാഷ്ട്രത്തിന്റെ, ഇടപെടലും കൂട്ടായ്മയും ആവശ്യമാണ്. എപ്പോഴും ഞാൻ ഉൾപ്പെടുന്ന, സമ്പർക്കത്തിലേർപ്പെടുന്ന ഇടങ്ങളിൽ വസ്തുക്കൾ സ്ഥാനം മാറ്റിയിടുകയോ വഴിലിടുകയോ ഒക്കെ ചെയ്യുമ്പോൾ എന്റെ ഭിന്നശേഷി കാറ്റിൽ പറത്തപ്പെടും. അവിടെ ഞാൻ സമ്പൂർണ അന്ധയാവും. അത്തരം അശ്രദ്ധകളിലേക്ക്, മറവികളിലേക്കാണ് തിരിച്ചറിവിന്റെ വെളിച്ചമെത്തേണ്ടത്. എന്നാൽ, ഇന്നും വൈകല്യത്തെ ശകുനവുമായി ബന്ധപ്പെടുത്തുന്ന ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്.
ചില പ്രേത്യക അനുഷ്ഠാനങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് വീൽചെയർ കൊണ്ടുപോവാൻ അനുവദിക്കാത്തതിനെക്കുറിച്ച് ഒരു സുഹൃത്ത് എഴുതിയതോർക്കുന്നു. അത്തരം സാഹചര്യങ്ങളെ നേരിടാൻ ഭിന്നശേഷിയെക്കാൾ ഉചിതമായ പദം ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന വ്യക്തി എന്നതായിരിക്കും. അപ്പോഴാണ് നിയമപരമായ, സാമൂഹികപരമായ ഇടപെടൽ ശക്തമാവുന്നത്. തങ്ങൾ ദൈവികമായ പ്രത്യേക സ്പർശനമേറ്റ മാലാഖക്കുട്ടികളോ, മറ്റാർക്കുമില്ലാത്ത വ്യത്യസ്ത ശേഷിയുള്ളവരോ അല്ല. മറിച്ച് തങ്ങൾ അനുഭവിക്കുന്ന ന്യൂനതകളെ അതിജീവിക്കാൻ മാർഗങ്ങൾ ആരായുന്ന, അത് തങ്ങളുടെ അവകാശമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കൂട്ടരാണ് എന്നതാണ് ശേഷിക്കുറവുകളുടെ ഭാഷ ആത്മാർഥമായി പ്രഖ്യാപിക്കുന്നത്.
ഭിന്നശേഷി, ദിവ്യാംഗ് പോലുള്ള വിശേഷണങ്ങൾ വൈകല്യാവസ്ഥയെ നീതിപൂർവം പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് അനുഭവസാക്ഷ്യം. ഒരവസ്ഥയെ പ്രതിനിധാനം ചെയ്യുന്നത് ഭാഷയുടെ സ്ഥാനം പ്രഥമമാണ് എന്നിരിക്കെ മേൽപറഞ്ഞ പ്രയോഗങ്ങൾ അവ സൂചിപ്പിക്കുന്ന അവസ്ഥകളോട്, വൈകല്യങ്ങളോട് ഒരുതരം കണ്ണുപൊത്തിക്കളി നടത്തുന്നതുപോലെ തോന്നും.
സമൂഹം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ ഒരാളെ കൂടുതൽ കൂടുതൽ വൈകല്യാവസ്ഥയിലേക്ക് തള്ളിവിടുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കേണ്ടത് തങ്ങൾ അനുഭവിക്കുന്ന അവസ്ഥ വ്യക്തമായി ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. വീട്, കാമ്പസ്, ജോലിസ്ഥലം, പൊതു ഇടങ്ങൾ ഒക്കെ ശേഷിക്കുറവുകളോട് അനുകൂലമായി ഇടപെടണം. അതിനു വൈകല്യാവസ്ഥ തീർക്കുന്ന പ്രതിസന്ധികളെപ്പറ്റി ഭാഷയിലൂടെ കൃത്യമായി സ്ഫുരിക്കപ്പെടണം. പ്രായോഗികതയോട് സംവദിക്കാത്ത ഭാഷ പ്രഹസനം മാത്രമാണല്ലോ.
===========
എറണാകുളം മഹാരാജാസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.