ശേഷിവാദത്തി​ന്റെ ഭരണഘടന വാഴുന്ന ബോധ റിപ്പബ്ലിക്

ഡിസെബിലിറ്റി ഗൗരവമായ ചർച്ചാവിഷയമാണ്​. ഭിന്നശേഷി, ദിവ്യാംഗജം എന്നിങ്ങനെയുള്ള വാക്കുകളിൽ ഡിസെബിലിറ്റിയെ വിശേഷിപ്പിക്കുന്നത്​ ശരിയാ​േണാ? എങ്ങനെയൊ​െക്കയാണ്​ നമ്മുടെ സാഹിത്യത്തിലും സിനിമയിലും ഡിസെബിലിറ്റി ആവിഷ്​കരിക്കപ്പെട്ടത്​? –കവിയും എഴുത്തുകാരനുമായ ലേഖക​ന്റെ നിരീക്ഷണവും നിശിതമായ വിമർശനവുമാണ്​ ഇൗ കുറിപ്പ്​.‘തുല്യതയുടെ രാഷ്ട്രീയം’ എന്ന ആശയം സങ്കൽപത്തിലോ പ്രയോഗത്തിലോ നിലവിലില്ലാതിരുന്ന കാലത്ത്​ വിവിധ ജനസമൂഹങ്ങളിൽ മനുഷ്യാന്തസ്സ് പരിഗണിക്കപ്പെട്ടു കിട്ടാതിരുന്ന പലതരം ആൾക്കാർ ഉണ്ടായിരുന്നു ^വ്യക്തി എന്ന തസ്തികയിൽനിന്നോ പദവിയിൽനിന്നോ പുറന്തള്ളപ്പെട്ടവർ. ‘വ്യക്തി’...

ഡിസെബിലിറ്റി ഗൗരവമായ ചർച്ചാവിഷയമാണ്​. ഭിന്നശേഷി, ദിവ്യാംഗജം എന്നിങ്ങനെയുള്ള വാക്കുകളിൽ ഡിസെബിലിറ്റിയെ വിശേഷിപ്പിക്കുന്നത്​ ശരിയാ​േണാ? എങ്ങനെയൊ​െക്കയാണ്​ നമ്മുടെ സാഹിത്യത്തിലും സിനിമയിലും ഡിസെബിലിറ്റി ആവിഷ്​കരിക്കപ്പെട്ടത്​? –കവിയും എഴുത്തുകാരനുമായ ലേഖക​ന്റെ നിരീക്ഷണവും നിശിതമായ വിമർശനവുമാണ്​ ഇൗ കുറിപ്പ്​.

‘തുല്യതയുടെ രാഷ്ട്രീയം’ എന്ന ആശയം സങ്കൽപത്തിലോ പ്രയോഗത്തിലോ നിലവിലില്ലാതിരുന്ന കാലത്ത്​ വിവിധ ജനസമൂഹങ്ങളിൽ മനുഷ്യാന്തസ്സ് പരിഗണിക്കപ്പെട്ടു കിട്ടാതിരുന്ന പലതരം ആൾക്കാർ ഉണ്ടായിരുന്നു ^വ്യക്തി എന്ന തസ്തികയിൽനിന്നോ പദവിയിൽനിന്നോ പുറന്തള്ളപ്പെട്ടവർ. ‘വ്യക്തി’ എന്നത് ഉൽപാദനവുമായി ബന്ധപ്പെട്ട കനത്ത സംഭാവനകൾ നൽകുന്നവരോ സാമൂഹിക വിഷയങ്ങളിലെ നിർധാരണങ്ങളിലോ തീരുമാനങ്ങൾ എടുക്കുന്നതിൽ ശക്തമായ സൂചകങ്ങൾ സ്ഥാപിക്കാൻ തക്ക ഇടപെടൽ ശേഷി ഉള്ളവരോ ആണെന്നാണ്​ വിശ്വാസം. ലിംഗപദവികൊണ്ടും നിറംകൊണ്ടും ശാരീരിക പ്രത്യേകതകൾകൊണ്ടും സമ്പത്തിലെ പങ്കാളിത്തമില്ലായ്മകൊണ്ടും ഒരുകൂട്ടം പേർ മനുഷ്യരായി പരിഗണിക്കപ്പെട്ടില്ല.

സ്ത്രീകൾ, കറുത്തവർ, ഡിസേബ്ൾഡ് വ്യക്തികൾ, അടിമകൾ എന്നിങ്ങനെ മനുഷ്യരായി എണ്ണപ്പെടാൻ യോഗ്യതയില്ലാത്ത അനേകരെ രാഷ്ട്രീയത്തിനും സംസ്കാരത്തിനും വ്യവഹാരങ്ങൾക്കും പുറത്ത് മാറ്റിപ്പാർപ്പിച്ചിരുന്നു. അത്തരം സമൂഹങ്ങളുടെ ആത്മീയവാദത്തിലോ അതി​ന്റെ പാവന ഗ്രന്ഥാവലികളിലോ മോക്ഷത്തെ സംബന്ധിച്ച ഭാവനകളിലോ രാഷ്ട്രീയ വിശകലനങ്ങളുടെ തത്ത്വചിന്താപരമായ കാഴ്ചപ്പാടുകളിലോ തീർപ്പുകളിലോ വിമോചനത്തിന് അർഹതപ്പെട്ടവരായി ആ ‘വ്യക്​തിത്വമില്ലാത്തവർ’ ഉൾപ്പെട്ടില്ല. ആധുനിക ജനാധിപത്യത്തിലൂടെ നിലവിൽ വരുന്ന സർക്കാർ സംവിധാനം പറയുന്നത് കേരളത്തിൽ നാലു ശതമാനത്തോളം ഡിസെബിലിറ്റി മനുഷ്യർ ഉണ്ടെന്നാണ്. 21 കാറ്റഗറികൂടി നിലവിൽ വരുന്നതോടെ അതി​ന്റെ വ്യാപ്തിയും വലിയൊരളവിൽ വർധിച്ചിട്ടുണ്ട്.

ജനാധിപത്യത്തി​ന്റെ ബോധതലം

‘പ്രബുദ്ധ മലയാള’ത്തിൽ ഡിസെബിലിറ്റി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ വികസിച്ചിട്ടില്ല എന്നുവേണം നമ്മുടെ ദൈനംദിന വ്യവഹാരങ്ങൾ നിരീക്ഷിക്കുമ്പോൾ കരുതാൻ. രാഷ്ട്രത്തി​ന്റെ പൊതുമുതൽ കൊള്ളയടിച്ചും അതുപയോഗിച്ച്​ ചരിത്രത്തിൽ ചിരഞ്ജീവികളായി നിലകൊള്ളാൻ തങ്ങളുടെ പ്രതിമ നിർമിച്ച് അനാച്ഛാദനം ചെയ്യുന്നതും മറ്റും സരസമായി അവതരിപ്പിച്ച മികച്ച സറ്റയറാണ് 1984ൽ റിലീസായ, കെ.ജി. ജോർജിന്റെ ‘പഞ്ചവടിപ്പാലം’ എന്ന ചലച്ചിത്രം. അഴിമതിയെ പ്രശ്നവത്കരിച്ച ആ സിനിമയിൽ ഭരണകൂടത്തെ മാറ്റിപ്പണിയാൻ തക്ക ശേഷിയുള്ള തിരുത്തൽ ശക്തിയായി മാറാൻ കഴിയാത്ത പൗരനെ ദൃശ്യപ്പെടുത്തുന്നത്, അരക്കു കീഴ്പ്പോട്ട് തളർന്ന്, ഒരു പലക വണ്ടിയിൽ ജീവിതം ഉന്തിക്കഴിക്കുന്ന കഥാപാത്രമായാണ്.

അയാളാകട്ടെ ഈ രാഷ്ട്രീയനാടകത്തി​ന്റെ ഏറ്റവും വലിയ നടനും കാണിയും ആരാധകനുമാണ്. ‘താൻകൂടി അംഗമായ ഈ ഭരണസംവിധാന’ത്തിന്റെ പ്രവൃത്തികളെ/ കുസൃതികളെ ആസ്വദിക്കുന്ന ‘വികലാംഗനായ പൗരൻ’, ഒടുവിൽ ഇതേ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെയും ആർത്തിയുടെയും ഇരയായി തീരുന്നതും അയാളെ ചലിപ്പിച്ചുകൊണ്ടിരുന്ന പലകവണ്ടി രാഷ്ട്രീയ ദുരന്തത്തിന്റെ ഓളങ്ങളിൽ ഒഴുകി നടക്കുന്നതായി ചിത്രീകരിച്ചുമാണ് സിനിമ തീരുന്നത്.

ഭരണകൂടത്തെ ഒരു പോറൽപോലും ഏൽപിക്കാൻ കഴിയാത്ത പൗരനെ ചിത്രീകരിക്കാൻ ഒരു വികലാംഗ കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ തിരക്കഥാകൃത്തും സംവിധായകനും തീരുമാനിക്കുന്നത് ഡിസെബിലിറ്റി സമൂഹത്തെ മനഃപൂർവമായി ഇകഴ്ത്താൻ വേണ്ടിയാണെന്ന് കരുതുന്നില്ല. എന്നാൽ ‘ചങ്കൂറ്റ’ത്തെയും ശേഷിക്കുറവിനെയും സംബന്ധിച്ച ധാരണകൾ പുലർത്തുന്ന ശേഷിവാദ സമൂഹത്തി​ന്റെ കാഴ്​ചപ്പാടിൽ എന്തെങ്കിലും അപാകമുണ്ടോ എന്ന രണ്ടാംചിന്തക്കുപോലും സാധ്യത നൽകാത്ത തരത്തിൽ മികച്ചതെന്ന് തോന്നിപ്പിക്കുന്ന ബിംബനിർമിതിയാണ് ‘പഞ്ചവടിപ്പാല’ത്തിലെ ‘കാതൊരയൻ’ എന്ന കഥാപാത്രം. ഉൽപാദനക്ഷമമല്ലാത്തവ വികലമാണെന്നും അധികനഷ്ടം വരുത്തി​െവക്കുന്ന ബാധ്യതയാണെന്നും കരുതുന്നതാണ് സമൂഹ മനസ്സ്. മനുഷ്യൻ എന്ന നിലയിലുള്ള അന്തസ്സ് റദ്ദാക്കുന്ന നമ്മുടെ ദൈനംദിന ജീവിതരീതികളുടെയും ഭാഷാപ്രയോഗങ്ങളുടെയും ആവിഷ്കാരങ്ങളുടെയും ഉദാഹരണമാണത്.

നമ്മുടെ മുഖ്യധാരാ ശേഷിവാദ ആവിഷ്കാരങ്ങൾക്കു പുറത്ത്, മധ്യേന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ ജീവനും സ്വത്തിനും മേൽ കടന്നുകയറ്റം നടത്തുന്ന ബ്രാഹ്മണ്യ -കോർപറേറ്റ് ഭരണകൂടങ്ങൾക്കെതിരെ സമരം സംഘടിപ്പിക്കുകയും നയിക്കുകയുംചെയ്ത എല്ലാതരം മനുഷ്യാവകാശങ്ങളുടെയും ആധികാരിക ശബ്ദമായി നിലകൊണ്ടയാളാണ്​ പ്രഫസർ ജി.എൻ. സായിബാബ. രാഷ്ട്രീയ ചിന്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ, 90 ശതമാനം ശാരീരിക പരിമിതികളുള്ള ആ വ്യക്തി ഭരണകൂടത്തോട് പൗരൻ എന്നനിലയിലുള്ള ത​ന്റെ എല്ലാ അധികാരവും അവകാശവും ഉപയോഗിച്ചതുമായി ചേർത്ത് ‘പഞ്ചവടിപ്പാലം’ കാണുമ്പോൾ പൗരൻ ശേഷിയില്ലായ്മയുടെ വികലത്വം പേറുന്ന നിസ്സഹായനല്ല എന്നുമനസ്സിലാകും.

സ്ത്രീ-പുരുഷ ബന്ധത്തിലെ പ്രണയം എന്ന സാംസ്കാരിക വ്യവഹാരത്തിൽ പുലരേണ്ടുന്ന ജനാധിപത്യത്തെ കുറിച്ച കഥയാണ് വൈക്കം മുഹമ്മദ് ബഷീറി​ന്റെ ‘പ്രേമലേഖനം’. ശരാശരി മലയാളിയുടെ രാഷ്ട്രീയ സാമ്പത്തികാവസ്ഥകളിൽനിന്നുകൊണ്ട്​ കേശവൻ നായർ, സാറാമ്മ എന്നീ കഥാപാത്രങ്ങൾ ജാതിമതാതീതരായി പ്രണയിക്കുകയും കുടുംബം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ദമ്പതികളായിരിക്കെ തന്നെ ഓരോരുത്തരും വ്യതിരിക്തമായ അഭിരുചികൾ കാത്തുസൂക്ഷിക്കുകയും വ്യക്തിസത്തയിൽ സ്വാതന്ത്ര്യത്തോടെ കഴിയുകയുംചെയ്യുന്നു. ആ കഥാസന്ദർഭവും കഥാപാത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇന്നും പലയിടങ്ങളിലും അവ യഥോചിതം ഓർമിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയുംചെയ്യുന്നുണ്ട്.

1940കളിലെ കേരളമാണ് ‘പ്രേമലേഖന’ത്തിലെ ദേശപശ്ചാത്തലം. കേശവൻ നായർ പേര് സൂചിപ്പിക്കുന്നപോലെ നായർ ജാതിയിൽപെട്ട ഒരു ബാങ്കു ജീവനക്കാരനാണ്. സാറാമ്മ സവർണ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴിൽരഹിതയുമായ യുവതിയും. കൂസലില്ലായ്മ സ്വപ്രകൃതമാക്കിയ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവൻ നായർ വാടകക്ക് താമസിക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവൻ നായർ അത് അറിയിക്കാൻ കത്തെഴുതുന്നു.

നാട്ടിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായത്തെ വിമർശിക്കുക എന്നതും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് കഥയുടെ പ്രധാന ലക്ഷ്യം. കേശവൻ നായർ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്ഷ്യം. കേശവൻ നായർ സാറാമ്മക്ക് ഒരു ജോലി നിർദേശിക്കുന്നു: തന്നെ പ്രേമിക്കുക.

ഇതിനു നിശ്ചിതമായ തുക മാസാമാസം പ്രതിഫലമായി കൊടുക്കും. 1935ൽ സഹോദരൻ കൊച്ചി നിയമസഭയിൽ സിവിൽ മാരേജ് ബിൽ അവതരിപ്പിച്ചു. അടിസ്ഥാനവർഗത്തോടുള്ള സഹോദര​ന്റെ കൂറും നിലപാടുകളും അവരുടെ പ്രത്യക്ഷതയെ സംബന്ധിച്ചുള്ള പദ്ധതിയാസൂത്രണങ്ങളിലെ മികവും ‘പ്രേമലേഖനം’ എഴുതുമ്പോൾ ബഷീറിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം.. ‘പ്രേമലേഖനം’ എഴുതപ്പെട്ടിട്ട് എൺപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അതിലെ വിപ്ലവകരമായ ആശയങ്ങൾ ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തുണ്ട്.

എന്നാൽ, ‘പ്രേമലേഖനം’ എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നതിനും വർഷങ്ങൾക്കു മുമ്പ് 1937ലോ മറ്റോ ‘ജയകേസരി’യിൽ പ്രസിദ്ധപ്പെടുത്തിയ ‘എ​ന്റെ തങ്കം’ എന്നൊരു കഥയുണ്ട്. 1954ൽ ‘വിശപ്പ്’ എന്ന സമാഹാരത്തിൽ ‘തങ്കം’ എന്നു ശീർഷകം പുതുക്കിക്കൊണ്ട് ബഷീർ ആ കഥ ഉൾപ്പെടുത്തി. ഡിസെബിലിറ്റി വ്യക്തികൾ, വൃദ്ധർ, രോഗികൾ, വിരൂപർ, ദരിദ്രർ തുടങ്ങിയവരെ ദേശത്തിന് ആവശ്യമില്ലാത്ത മലിനവസ്തുക്കളായി, അവതരിപ്പിച്ചത് വരേണ്യസാഹിത്യ കൃതികളിലാണ്. അതിനെതിരെയുള്ള ചെറുത്തുനിൽപും സമരങ്ങളും ജനകീയ സാഹിത്യത്തിലും കലയിലും വ്യത്യസ്​തരീതികളിൽ എക്കാലവും കുതറിനിൽക്കുകയും ചെയ്തിരുന്നു. വെളുത്ത തൊലിയുള്ളവർക്കൊപ്പം കറുത്തവർക്കും ഉയരമുള്ളവർക്കൊപ്പം കുറിയവർക്കും സ്ഥൂലശരീരികൾക്കും മെലിഞ്ഞവർക്കും പൂർണാംഗർക്കൊപ്പം വികലാംഗർക്കും പണവും പ്രാമാണ്യവുമുള്ളവർക്കൊപ്പം ഇതൊന്നുമില്ലാത്തവർക്കും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന്, ത​​ന്റെ എഴുത്തി​​​ൽ നിരന്തരം പറഞ്ഞ മഹാപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.

ഐക്യകേരളം രൂപപ്പെടും മുമ്പുള്ള മലയാള പരിസരത്തിൽ ബഷീർ ‘എ​ന്റെ തങ്കം’ പോലെ ഒരു കഥ എഴുതുമ്പോൾ പൊതു എന്ന സംജ്ഞ അതി​ന്റെ രാഷ്ട്രീയമായ മൂർത്തരൂപത്തിലേക്ക് എത്തിയിട്ടേ ഉള്ളൂ. അതിനു മുമ്പ് ഉടലുകളെ നിശ്ചിത അടിക്കണക്കുകളിൽ അകറ്റിനിർത്തുന്ന അയിത്താചരണമാണ് ഉണ്ടായിരുന്നത്. അതിന് മനുഷ്യ​ന്റെ ജാതിയും രൂപവും പ്രധാന മാനദണ്ഡമായിരുന്നു. ബഷീർ തന്റെ പേരിനൊപ്പം ചേർത്ത സ്ഥലനാമം കേരളത്തിൽ ഒരു ‘പൊതു ഇടം’ സൃഷ്ടിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച പ്രദേശമാണ്. വൈക്കം സത്യഗ്രഹമായിരുന്നു എല്ലാ മനുഷ്യർക്കും പൊതുവിൽ വന്നുചേർന്ന് സ്വാതന്ത്ര്യത്തോടെ പെരുമാറാനുള്ള ആവശ്യമുന്നയിച്ച് ദേശീയ ശ്രദ്ധയെ ആകർഷിച്ച സമരം. പിന്നീട് ഈ പൊതുവിന്റെ ബോധത്തെ നിർണയിച്ചത് ആവട്ടെ വരേണ്യ സാഹിത്യവും അതി​ന്റെ വക്താക്കളായ എഴുത്തുകാരുമായിരുന്നു.

ബഷീർ കഥ പറഞ്ഞുതുടങ്ങുമ്പോൾ അഴകിനെ സംബന്ധിച്ച പൊതുബോധത്തെ അപനിർമിക്കുന്നു. അഴകി​ന്റെ മാനദണ്ഡത്തിനു പുറത്ത് നിൽക്കുന്നവരെ പൊതുധാരയിൽനിന്ന്​ നിഷ്കാസിതരാക്കുന്ന സാഹിത്യ മേസ്തിരിമാരെ പരിഹസിക്കുന്നു.. “കവികളെല്ലാം ചുറ്റുംനിന്ന് വെമ്പലോടെ വാഴ്ത്ത തക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്ന് നിങ്ങൾ വിശ്വസിച്ചു പോയിട്ടുണ്ടെങ്കിൽ അതൊരു വലിയ തെറ്റ് തന്നെയാണ്. സൗന്ദര്യാരാധകന്മാരായ നമ്മുടെ കവികൾ ആരുംതന്നെ അവളെ കണ്ടു കാണുകയില്ല. എ​ന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങൾ ആയിട്ട് കണ്ണി​ന്റെ വെള്ള മാത്രമേയുള്ളൂ. പല്ലും നഖങ്ങളും കൂടി കറുത്തതാണ്.” ബഷീർ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. നടപ്പു സാഹിത്യത്തി​ന്റെ പരിഗണനകൾക്കും രീതികൾക്കും പുറത്തുള്ള കാണാതായ മനുഷ്യരെ സാഹിത്യത്തിലേക്ക് കൊണ്ടുവന്ന് സാംസ്കാരിക രംഗത്ത് എല്ലാവർക്കും പ്രാതിനിധ്യമുള്ള ഒരു പൊതു ഇടം സൃഷ്ടിക്കുകയായിരുന്നു ബഷീർ. അഥവാ വരേണ്യഭാവുകത്വം അയിത്തത്തിന്റെ അടിക്കണക്കുകൾ കൊണ്ടളന്നു മാറ്റിനിർത്തിയ ജീവിതങ്ങളെ മുഖ്യധാരയിലെ ആഖ്യാനങ്ങളിലേക്ക് ആനയിച്ചുകൊണ്ടുവന്നു.

‘പ്രേമലേഖന’ത്തിലെ മധ്യവർഗം എന്ന് (ഇപ്പോൾ) വിവക്ഷിക്കാവുന്ന ഭൗതികസാഹചര്യമുള്ള കേശവൻ നായർക്കും സാറാമ്മക്കും മറുവശത്ത് നിൽക്കുന്നവരാണ് ‘തങ്ക’ത്തിലെ കഥാപാത്രങ്ങളായ തങ്കവും മുടന്തനായ യാചകനും. ഈ കഥ എഴുതപ്പെടുന്ന കാലത്തെ ഹിറ്റ്​ലറുടെ ജർമനിയിൽ വെറുക്കപ്പെട്ടവരും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെയും പട്ടികയിൽ ശാരീരികപരിമിതരും മാനസിക രോഗങ്ങൾ ബാധിച്ചവരും യാചകരുമെല്ലാം ഉൾപ്പെട്ടിരുന്നു. ആകാരസൗഷ്ഠവത്തി​ന്റെ അംഗപ്രത്യംഗവർണനകളെ തകിടംമറിക്കുന്ന ബഷീർ മലയാളത്തിലും വേരാഴ്ത്തിനിന്ന നാസിമനസ്സി​ന്റെ പൊതു-ബോധത്തെ കടന്നാക്രമിക്കുകയായിരുന്നു. എന്നാൽ രാഷ്ട്രീയ ശരികൾ തേടുന്ന പുതുകാലത്തു പോലും ഈ കഥയും കാര്യവും വേണ്ടത്ര വായിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. ‘തങ്കം’ എന്ന കഥയിലൂടെ ബഷീർ പൊളിച്ചുകാട്ടാൻ ശ്രമിച്ച പ്രതിലോമ മൂല്യങ്ങളുടെ തലകീഴായി കിടക്കുന്ന സ്വാനുഭവങ്ങൾ പുതുകാല വായനക്കാർക്ക് ‘പ്രേമലേഖന’ത്തിൽ കണ്ടെടുക്കാനാവും.

കേശവൻ നായരെയും സാറാമ്മയെയുംപോലെ വരേണ്യാന്തസ്സ് ഇല്ലാത്ത തങ്കത്തിന്റെയും മുടന്തനായ യാചകന്റെയും ആനന്ദത്തിന്റെ ആരാമത്തിൽ തങ്കരശ്മികൾ ചിതറുന്ന പൊൻപുലരിയിൽ സ്നേഹത്തി​ന്റെ പൂഞ്ചിറകുകൾ വിരുത്തി പാടിപ്പറക്കുന്ന രണ്ട് പൈങ്കിളി വാഴ്വുകൾ മലയാള വായന സമൂഹത്തി​ന്റെ വിശകലനത്തിന് കാരണമാവാത്തത് അത് ഏബിളിസ്റ്റ് സമൂഹമായതുകൊണ്ടാണ്. ശേഷിവാദം അതിശക്തമായി നിലനിൽക്കുന്ന ഒരു വായനാസമൂഹത്തിന്റെ അരാഷ്​​ട്രീയ മധ്യവർഗവത്​കരണത്തി​ന്റെ പ്രകടമായ ഉദാഹരണമാണ് ‘തങ്കം’ എന്ന കഥ നിശ്ശബ്ദമാകുന്നതും ‘പ്രേമലേഖന’ത്തിലെ മധ്യവർഗ സാമ്പത്തികാവസ്ഥയിലെ രണ്ടു മനുഷ്യരുടെ പ്രണയം ആഘോഷിക്കപ്പെടുന്നതും. ഒരുപക്ഷേ ബഷീർ, കേശവൻ നായരുടെയും സാറാമ്മയുടെയും ജാതി, മത, സാമ്പത്തിക നിലയിലെ തുല്യതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വായനക്കാർ കണക്കിലെടുത്ത് തങ്ങളുടേതായ മധ്യവർഗ വലതുപക്ഷ ഹൈന്ദവ സാംസ്കാരികാനുഭവ പരിസരവുമായി കൂട്ടിയിണക്കി കൊണ്ടാടുമെന്നും വിചാരിച്ചിട്ടുണ്ടാവില്ല.

‘തങ്കം’ പോലെയുള്ള കഥകളുടെ രാഷ്ട്രീയ വായനകൾ സ്വാഭാവികമായി കേരളത്തി​ന്റെ സാംസ്കാരിക അന്തരീക്ഷത്തെ ഉടൽരാഷ്ട്രീയവുമായി ചേർത്ത ആലോചനകളാൽ സമ്പുഷ്ടമാക്കിയിരുന്നെങ്കിൽ പ്രണയമെന്ന സാംസ്കാരിക വ്യവഹാരത്തിൽനിന്ന് അപകർഷത്തി​ന്റെ ഭാണ്ഡവുമായി ഒളിച്ചോടുന്ന ഭീരുക്കളാകില്ല ഡിസെബിലിറ്റി വ്യക്തികൾ. ഒട്ടുമിക്ക ഡി​െസബിലിറ്റി വ്യക്തികൾക്കും അകാരണമായ പേടി സമൂഹത്തോട് ചേർന്നു നിൽക്കുന്നതിൽനിന്നും അവരെ വിലക്കുന്നു. ഉടലിന്റെ വേറിട്ട സവിശേഷത തങ്ങളെ പൊതുസമൂഹത്തിൽനിന്ന് അകറ്റുന്നതായി ഉള്ള തിരസ്കാരത്തി​ന്റെ സൂചനകളാണ് അവർ നിരന്തരം കൈപ്പറ്റുന്നത്. കേവല മനുഷ്യനായിത്തന്നെ പരിഗണിക്കപ്പെടാൻ പൊതുബോധത്തെ തൃപ്തിപ്പെടുത്തി കീഴടങ്ങി ആയിരമിരട്ടി പ്രയത്നിക്കേണ്ടതുണ്ട്.

1960കളിലാണ് ഭിന്നശേഷി പഠനം ഗൗരവമായ വിഷയമാകുന്നത്. അധ്വാനിക്കാനുള്ള ശേഷിയും അത് ഇല്ലായ്മയുമാണ് ഭിന്നശേഷിയെ നിർണയിക്കുന്നത്. അധ്വാനം വിഭവങ്ങൾക്ക് മേലുള്ള ആധിപത്യമോ നിയന്ത്രണമോ സാമ്പത്തികശേഷിയോ ഉറപ്പുവരുമ്പോൾ സാമൂഹിക പദവി കൈവരുന്നു. സ്വാഭാവികമായും അതിനു കഴിയാത്തവർ ഭിന്നശേഷി വ്യക്തികളായി ഗണിക്കപ്പെടുന്നു.

ഭിന്നശേഷിയുടെ സാമൂഹിക നിർണയത്തിൽ ശരീരം ജാതി, മതം, ലിംഗപദവി, വർഗം, വർണം, ദേശം തുടങ്ങിയ വ്യാവഹാരിക ബലങ്ങളുടെ എല്ലാം സാന്നിധ്യമുണ്ട്. ശരീര ശാസ്ത്രത്തി​ന്റെയോ വൈദ്യശാസ്ത്രത്തിന്റെയോ അളവുകോൽ കൊണ്ടുമാത്രം നിർവചിക്കാവുന്ന സാമൂഹിക സത്തയായിട്ടല്ല ഭിന്നശേഷിയെ പരിഗണിക്കേണ്ടത്. ശാരീരിക മൂലധനത്തി​ന്റെ അടിസ്ഥാനത്തിൽ ശ്രേണീകരിക്കപ്പെട്ട സാമൂഹിക സ്വത്വം എന്ന നിലക്കുകൂടി ഭിന്നശേഷി എന്ന പ്രയോഗത്തെ പരിഗണിക്കേണ്ടതുണ്ടെന്ന് ഡോ. സ്റ്റാലിൻദാസ് ‘ഭിന്നശേഷി പഠനം: നവ സമീപനങ്ങളും പ്രയോഗങ്ങളും’ എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്നുണ്ട്.

1950കളിൽ ഉയർന്നുവന്ന വൈകല്യ അവകാശ പ്രസ്ഥാനത്തെ തുടർന്നാണ് വൈകല്യത്തിന്റെ ഡീ പാത്തോ​െളാജിലൈസേഷനെകുറിച്ച ചർച്ചകൾ ആരംഭിച്ചത്. 1981ൽ ഐക്യരാഷ്ട്രസഭ വികലാംഗരുടെ വർഷമായി ആചരിച്ചു. അന്നാണ് വൈകല്യത്തെ ഒരു മനുഷ്യാവകാശ പ്രശ്നമായി പൊതുരംഗത്ത് കൊണ്ടുവന്നതും ശ്രദ്ധക്ഷണിച്ചതും. ഗവേഷകർ മാനവികതയിലും കലാവിഷ്കാരങ്ങളിലും വൈകല്യത്തെ കുറിച്ചുള്ള പഠനം ഏറ്റെടുത്തു. സാഹിത്യം, കലകൾ, നിയമം, തത്ത്വചിന്ത എന്നിവയിലെ വൈകല്യത്തിന്റെ പ്രതിനിധാനങ്ങളുടെ വിശകലനം, അക്കാദമിക രംഗത്തെ വികലാംഗരായ ഗവേഷകരുടെ അഭാവം, വൈകല്യത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ രേഖപ്പെടുത്തൽ തുടങ്ങിയ പലതരം ഇടപെടലുകളിലൂടെ ഡിസെബിലിറ്റി പഠനത്തെ സാംസ്കാരികപഠനത്തി​ന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ അരികുവത്കരിക്കപ്പെട്ട ഡിസെബിലിറ്റി സമൂഹം തുല്യത എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ വിചാരങ്ങളിലേക്കും വിശകലനങ്ങളിലേക്കും കടന്നുവന്നു. എന്നാലും പാർശ്വവത്കരിക്കപ്പെട്ടവർ എന്ന ശീർഷകത്തിന് കീഴിൽ രേഖപ്പെടുത്താത്ത സ്ത്രീ-പുരുഷന്മാർ നിറഞ്ഞ കൂട്ടമാണ് അംഗപരിമിതർ എന്ന് ദിലീപ് കീഴൂർ ചൂണ്ടിക്കാട്ടുന്നു.

ഭിന്നശേഷി പഠനങ്ങളുടെ വരവോടെ ഭിന്നശേഷി എന്തെന്ന് സിദ്ധാന്തവത്കരിക്കാനും നിർവചിക്കാനുമുള്ള ശ്രമം ആരംഭിച്ചു. ഇത്തരം ശ്രമങ്ങൾ മറ്റു പല ജ്ഞാനവിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. മാർക്സിസം, ആധുനിക സ്ത്രീവാദം, ഘടനാവാദാനന്തര സമീപനങ്ങൾ തുടങ്ങിയ ജ്ഞാനമണ്ഡലങ്ങൾക്ക് ഭിന്നശേഷി പഠനവുമായി അടുത്ത ബന്ധമുണ്ടെന്ന് ‘ഭിന്നശേഷിയുടെ സിദ്ധാന്തം’ എന്ന പ്രബന്ധത്തിൽ ഗാർത്ത് വില്യംസ് സൂചിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ഭിന്നശേഷികളെ കുറിച്ചുള്ള സാംസ്കാരിക ആശയാവലികളുടെ നിർമിതിയുടെ പശ്ചാത്തലം പരിഗണിച്ചു മാത്രമേ ഭിന്നശേഷിയുമായി ബന്ധപ്പെട്ട ഏത് പഠനത്തിനും തുടക്കം കുറിക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതും ഡോ. സ്റ്റാലിൻ ദാസ് എഴുതുന്നു.

മാനസികമോ ശാരീരികമോ ആയ ശേഷി, അഥവാ ഇന്ദ്രിയങ്ങളുടെ ശേഷിയാണ് പൂർണതയെ സംബന്ധിച്ച സങ്കൽപത്തി​ന്റെ അടിത്തറ. അതില്ലാത്തവരോടു പുലർത്തുന്ന മുൻവിധികളോ വിവേചനങ്ങളോ ആണ് ശേഷി അധീശത്വം (ableism). ശേഷി അധീശത്വമാണ് സകല അധീശത്വങ്ങളുടെയും വിവേചനങ്ങളുടെയും കാതൽ. ശേഷി അധീശത്വത്തിന്റെ വികസിച്ച രൂപങ്ങളാണ് ജാതി, വംശ, വർണ, വർഗ, പുരുഷ മേധാവിത്വം മുതൽ സാമ്രാജ്യത്വം വരെയുള്ള ജനാധിപത്യവിരുദ്ധമായ അധികാര ഘടനകൾ. മറിച്ച് ശരീരത്തി​ന്റെ വേറിട്ട ആകൃതിയോ അവസ്ഥയോ ദൈവകോപമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല; കുറ്റവാസന, മൂല്യനിരാസം, വിധ്വംസക ചിന്ത എന്നിങ്ങനെ ക്രൂരതയുടെ ഭാഗമാക്കി ഡിസെബിലിറ്റി വ്യക്തികളെ ചിത്രീകരിക്കുന്നതിൽ പൊതുവ്യവഹാരത്തിന് അപകടകരമായ പങ്കുണ്ട്. അത് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മൂല്യങ്ങളെ നിരാകരിച്ച് ഡിസേബ്ൾ വ്യക്തികൾക്ക് അർഹമായ സാമൂഹിക, രാഷ്ട്രീയ, അധികാരത്തിലെ പങ്കിനെ തടസ്സപ്പെടുത്തുന്നു. തുല്യതയെ നിരാകരിക്കുന്നു.

ഗുരുവും വള്ളത്തോളിന്റെ വിലാപവും

മതപാഠങ്ങളും ആഖ്യാനവും ജന്മനാലുള്ള പരിമിതികളെ ദൈവശിക്ഷയായിട്ടാണ് കരുതുന്നത്. അവയിൽ പ്രത്യക്ഷമായി തന്നെ ഡിസേബ്ൾഡ് വ്യക്തികളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന പ്രയോഗങ്ങൾ കാണാവുന്നതാണ്. ഇത് സമൂഹത്തി​ന്റെ ഡിസേബ്ൾഡ് വിരുദ്ധ ബോധത്തെ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് നാരായണഗുരു എഴുതിയ ദാർശനിക കൃതിയായ ‘ആത്മോപദേശശതക’ത്തിലെ 44ാം ശ്ലോകമാണ്. വ്യക്തിയുടെ ശാരീരിക-മാനസിക ചിന്താപരമായ, സംവേദനപരമായ പ്രയാസങ്ങളെ അവരുടെ ചെയ്തികളുടെ ഫലമായി ഏറ്റുവാങ്ങേണ്ടി വന്ന ശിക്ഷയായോ കുറവായോ കുറ്റമായോ കാണുന്ന ഒരു സമീപനം ഗുരു ഇവിടെ ആവർത്തിച്ചുറപ്പിക്കുന്നതായി വായിക്കാം. ഡിസെബിലിറ്റിയെ സംബന്ധിച്ച സമൂഹത്തിന്റെ മാനസികഘടനയിലെ വിചാരങ്ങളെ ഗുരു അബോധത്തിൽ സ്വാംശീകരിച്ചതി​ന്റെ വാങ്മയരൂപമാണ് ഈ കൃതിയിൽ അവതരിപ്പിക്കുന്നത്. അതിനു പ്രധാനപ്പെട്ട കാരണമാകുന്നതാകട്ടെ മതവും. പൂർവ ജന്മത്തിലെ കർമദോഷത്തിന്റെ ഫലം ഡിസെബിലിറ്റിയോടെ ജനിക്കുന്നതിനുള്ള കാരണമാണെന്ന വൈദിക ബ്രാഹ്മണ മതത്തിന്റെ അഭിപ്രായം നാരായണ ഗുരുവിൽ പ്രകടമാണ്.

“പല മതസാരവുമേകമെന്നു പാരാ-

തുലകിലൊരാനയിലന്ധരെന്നപോലെ

പലവിധ യുക്തി പറഞ്ഞു പാമരന്മാ-

രലവതു കണ്ടലയാതമർന്നിടേണം.’’

പലമയുടെ സത്ത ഒന്നാണെന്ന് അറിയാതെ പലതരത്തിലുള്ള അയുക്തിവാദങ്ങൾ പറഞ്ഞുകൊണ്ട് വിഘടിച്ചു പോകുന്ന മതവ്യവസ്ഥയെ/ മനുഷ്യ കൂട്ടായ്മയുടെ ശൈഥില്യത്തെ ഗുരു പാമരത്വം എന്ന വാക്കുകൊണ്ടാണ് ശകാരിക്കുന്നത്. (പാമരത്വം ഒരു ജനസമൂഹത്തോടുള്ള നിർബന്ധിതമായ ജ്ഞാനനിഷേധം എന്ന രാഷ്ട്രീയപദ്ധതിയുടെ ഭാഗമായിരുന്നു. വ്യക്തികളുടെ സ്വയം തിരഞ്ഞെടുപ്പ് ആയിരുന്നില്ല.) ആന എന്ന മൂർത്തമായ പിണ്ഡത്തെ അതി​ന്റെ എല്ലാ സവിശേഷതകളോടുംകൂടി മനസ്സിലാക്കാതെ മുറമെന്നും തൂണെന്നും ചൂലെന്നുമൊക്കെ വസ്തുതാ വിരുദ്ധമായി അതി​ന്റെ സത്തയിൽനിന്ന് ഏറെ അകന്നുകൊണ്ടുള്ള അഭിപ്രായപ്രകടനം അന്ധതയുടെ ഉൽപന്നമാണെന്നാണ് ഗുരു വിവക്ഷിക്കുന്നത്. അതാകട്ടെ ഭാഷയിൽ എല്ലാവിധ പതിരില്ലായ്മയുടെയും ശുദ്ധിപേറുന്ന ഒരു പഴഞ്ചൊല്ലിനെ ഗുരു കൂട്ടുപിടിക്കുന്നതിലൂടെയാണ്. ഈയൊരു പഴഞ്ചൊല്ലിൽ കാഴ്ചയുള്ളവരുടെ കർത്തൃത്വമാണ് പ്രബലമായും പ്രകടമാകുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.

അമേരിക്കയിലെ അന്ധരുടെ സംഘടനയായ നാഷനൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സി​ന്റെ നേതാവും കമീഷൻ ഫോർ ബ്ലൈൻഡി​ന്റെ ഡയറക്ടറുമായിരുന്ന നോർമൻ കെന്നത്ത് ജർണിഗൻ (1926-1998) സാഹിത്യത്തിലെ കാഴ്ചയില്ലായ്മയുടെ പ്രതിനിധാനങ്ങളെ പലതായി തരംതിരിച്ചു. അതിൽ പ്രധാനപ്പെട്ടവ കാഴ്ചയില്ലായ്മ അതീന്ദ്രിയമായ ഒരു ശേഷിക്ക് കാരണമാകുന്നു, കാഴ്ചയില്ലായ്മ ദുരന്തമാണ്, കാഴ്ചയില്ലായ്മ വിഡ്ഢിത്തവും നിസ്സഹായതയുമാണ്, കാഴ്ചയില്ലായ്മ ക്രൂരതയും തിന്മയും ആണ്, കാഴ്ചയില്ലായ്മ പാപത്തിനുള്ള ശിക്ഷയാണ് എന്നിങ്ങനെയാണ്. നാരായണ ഗുരുവി​ന്റെ ദാർശനിക ലോകത്തിലെ പാമരനും അന്ധനും വൈദിക ബ്രാഹ്മണ മതത്തി​ന്റെ സങ്കൽപത്തിൽ ജാതിശ്രേണിക്കു പുറത്താണ്.

ശാരീരിക പരിമിതികളാൽ കാണപ്പെടുന്ന എല്ലാ ഉടലുകളും കീഴാളശരീരങ്ങളാണ്. ഇവിടെ ഈശ്വരീയതത്ത്വങ്ങളുടെ വെട്ടം കാണാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന, അദ്വൈത ദർശനം തിരിച്ചറിയാത്ത വിഡ്ഢിയും നിസ്സഹായനുമായ മനുഷ്യനെ അന്ധതയുമായി സമീകരിച്ചുകൊണ്ട് നാരായണ ഗുരു തന്റെ വാദത്തെ ഉറപ്പിക്കുമ്പോൾ കാഴ്ചയില്ലായ്മ ഇരുട്ടാണെന്ന അഥവാ അറിവില്ലായ്മ അന്ധതയാണെന്ന സാമൂഹിക സാംസ്കാരിക അബദ്ധമാണ് ഗുരു ചെയ്തത്. ‘ഗുരു’ ശബ്ദത്തിന് ഇരുട്ടിനെ അകറ്റുന്നവൻ എന്നാണല്ലോ വൈദിക ബ്രാഹ്മണമതം അർഥം കൽപിക്കുന്നത്.

–ജന്മംകൊണ്ടോ അപകടത്താലോ കാഴ്ചനഷ്ടപ്പെടുന്ന ഒരാളുടെ ഇന്ദ്രിയാപൂർണതയെ ഇരുട്ട് എന്ന അനുഭവംകൊണ്ടാണ് കാഴ്ചയുടെ മാടമ്പിമാർ അളക്കുന്നത്. കാഴ്ച ഇല്ലാത്ത ഒരാളെ സംബന്ധിച്ച് ഇരുട്ടും വെളിച്ചവും അയാളുടെ അനുഭവമല്ലാത്തതിനാൽ കാഴ്ചശേഷിയുള്ളവരുടെ കൽപനകൾക്ക് പുറത്താണ് യാഥാർഥ്യം –അവയവങ്ങളുടെ ഇന്ദ്രിയങ്ങളുടെ എല്ലാം തികഞ്ഞ പൂർണ ശരീരം അറിവിന്റെയും ബുദ്ധിയുടെയും ‘ഉൾക്കാഴ്ച’കളുടെയും ഇരിപ്പിടമായി അവതരിപ്പിച്ചുകൊണ്ട് പൂർണതയുടെ അഭാവമുള്ള ശരീരം മലിനജ്ഞാനത്തിന്റെയോ നിന്ദിക്കപ്പെടാൻ ഉള്ളതിന്റെയോ അലയുക എന്ന ശിക്ഷക്കുള്ള കാരണമായോ അന്ധതയെ/ അപൂർണ ശരീരങ്ങളെ അന്യവത്കരിക്കുകയാണ് ഗുരു ചെയ്തത്.

ഒരുപക്ഷേ അദ്ദേഹം യുവാവ് അല്ലാതിരുന്ന കാലത്താണ് ‘ആത്മോപദേശശതകം’ എഴുതുന്നത് എങ്കിൽ, വാർധക്യശരീരം പഠിപ്പിക്കുന്ന അറിവുകളെ കൂടി ഉൾപ്പെടുത്തി ശേഷികൾ മാനസികമോ ശാരീരികമോ ആയി മാത്രം നിലനിൽക്കുന്നതല്ലെന്നും സമ്പത്ത് വിഭവം അധികാരം അറിവ് എന്നിവയോടൊപ്പം വിപുലപ്പെടുന്നതാണെന്നും കൂട്ടിച്ചേർത്തു കൃതിയെ കുറേക്കൂടി മെച്ചപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നു. സദാ അപരങ്ങളെ പരിഗണിക്കാൻ ഔത്സുക്യം കാട്ടിയിരുന്ന ഗുരുവിന് അത് കഴിയുമായിരുന്നല്ലോ.

പി. കുഞ്ഞിരാമൻ നായരെ സമഗ്രത്തിൽ മനസ്സിലാക്കാൻ കഴിയാതെപോയ ഭാവിയിലും അത്തരം വായന സാധിക്കാത്ത മലയാള സാഹിത്യ സമൂഹത്തെ അഭിസംബോധന ചെയ്യാൻ ആറ്റൂർ രവിവർമ, അന്ധതയെ ‘മേഘരൂപൻ’ എന്ന കവിതയിൽ ഉപയോഗിക്കുന്നുണ്ട്. “അന്ധർ‍ നിന്‍ തുമ്പിയോ കൊമ്പോ പള്ളയോ തൊട്ടിടഞ്ഞിടാം ” എന്നാണ് ആറ്റൂർ എഴുതുന്നത്. കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ പ്രശസ്തമായ ഗാന്ധി കാർട്ടൂണിലും ഇന്ത്യൻ ജനത ഗാന്ധിയെ സമൂർത്തമായി മനസ്സിലാക്കിയിട്ടില്ലാത്ത സാഹചര്യത്തെ വരക്കാൻ അന്ധർ ആനയെ തൊട്ടറിയുന്ന സന്ദർഭമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരാളുടെ സാമൂഹിക നിലവാരത്തെ അസന്തുലിതപ്പെടുത്തുന്ന ശാരീരിക മാനസിക പ്രകടനശേഷിയുടെ ന്യൂനതയെ ഭിന്നശേഷിയായി നിരീക്ഷിച്ചു തങ്ങളുടെ രചന നിർവഹിക്കുന്നു.


 



മതങ്ങൾ ഡിസെബിലിറ്റി ദൈവത്തി​ന്റെ ശിക്ഷയായി കണക്കാക്കുന്നതും ദൈവശാപം നേടിയ ഉടലുകളെ അശുദ്ധമാക്കി മാറ്റിനിർത്തുന്നതും മറുവശത്ത്​ മതങ്ങൾ ഡിസെബിലിറ്റി വ്യക്തികളെ ഉദാരതയോടെ സഹായിക്കേണ്ടുന്നതിനെക്കുറിച്ചും പറയുന്ന തരത്തിലുള്ള ഇരട്ടത്താപ്പ് ഭരണകൂടം പലപ്പോഴും സായിബാബയുടെ കേസിലടക്കം പ്രയോഗിക്കുന്നതും കാണാം. ഭിന്നശേഷി വ്യക്തികളോടുള്ള സാമൂഹിക മനോഭാവത്തി​ന്റെ അടിസ്ഥാന ധാരണകളിൽ മഹത്ത്വവത്കരണം, ശൂന്യവത്കരണം, സാമാന്യവത്കരണം, പ്രച്ഛന്ന നിരാസം, അമിതമായ സംരക്ഷണം, ദിവ്യവത്കരണം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഭരണകൂടം തങ്ങൾക്ക് വിദ്വേഷമുള്ളവരെയോ താലോലിച്ചു കൂടെ ചേർക്കേണ്ടവരെയോ വിശേഷിപ്പിക്കുന്നതിന് വ്യത്യസ്തമായ പദാവലികളോ ആഖ്യാനങ്ങളോ കൈക്കൊള്ളാറുണ്ട്.

മധ്യേന്ത്യയിലെ ആദിവാസികളുടെ ആവാസവ്യവസ്ഥയിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ കോർപറേറ്റുകൾ നടത്തുന്ന വിഭവക്കൊള്ളക്കെതിരെയും ആദിവാസികളെ തങ്ങളുടെ ഭൂമിയിൽനിന്ന് ഒഴിപ്പിക്കുന്നതിന് ഭരണകൂടം ത​ന്റെ പൗരന്മാർക്കു മേൽ നടത്തുന്ന ആഭ്യന്തര യുദ്ധത്തെയും ചെറുക്കുകയും അത് ജനശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായി നിരന്തരം ഇടപെടുകയും നിയമപരമായി പോരാടുകയും ചെയ്ത വ്യക്തിയാണ് ഡോ. ജി.എൻ. സായിബാബ. ഇത്തരത്തിലുള്ള രാഷ്ട്രീയ മനുഷ്യാവകാശ പ്രവർത്തകരെ പൊതുവായ രാഷ്ട്രീയ പരിതഃസ്ഥിതിയിൽനിന്നും നിഷ്കാസിതരാക്കാനും ബഹുജനങ്ങളെ അവർക്ക് എതിരെ ശത്രുക്കളായി തിരിക്കാനും രാജ്യത്തിനുതന്നെ ഭീഷണിയാണെന്ന പ്രതീതി വരുത്തി കുറ്റവാളികളാക്കി തുറുങ്കിലടക്കാനും ഭരണകൂടം നിർമിച്ചു പ്രയോഗിച്ച പുതിയൊരു വാക്കാണ് അർബൻ നക്സലൈറ്റ്. ജി.എൻ. സായിബാബ കർമനിരതനായ കാലത്ത് ഭരണകൂടത്തി​ന്റെ നോട്ടത്തിൽ അദ്ദേഹം അർബൻ നക്സലൈറ്റ് ആയിരുന്നു.

അതിനാൽ, അദ്ദേഹത്തിനുമേൽ വ്യാജ കുറ്റങ്ങൾ ചുമത്തി ത​ന്റെ ശാരീരികാവസ്ഥയുടെ പരിമിതിയെ കൂടുതൽ രൂക്ഷമാക്കുന്നതരത്തിലുള്ള തുറുങ്കിൽ അടച്ച് എല്ലാ മനുഷ്യാവകാശങ്ങളും റദ്ദാക്കി മരിക്കുമെന്ന് ഉറപ്പുള്ള രോഗാവസ്ഥയിലേക്ക് എത്തിച്ചാണ് ഭരണകൂടം അദ്ദേഹത്തോട് അതി​ന്റെ പ്രതികാരം നിർവഹിച്ചത്. ഒരു മണൽച്ചാക്ക് എടുത്ത് എറിയുമ്പോലെയാണ് പൊലീസുകാർ തന്നെ വാനിനുള്ളിലേക്ക് തള്ളിയിട്ടത് എന്ന് സായിബാബ എഴുതുമ്പോൾ ഒരു അടിമശരീരത്തെ കൈകാര്യംചെയ്തത് പോലെയാണ് സായിബാബയോട് പൊലീസ് പെരുമാറിയതെന്ന് മനസ്സിലാക്കാം.

ഏതൊന്നിനെയും ഹൈന്ദവവത്കരിക്കുക എന്ന കേന്ദ്ര ഗവൺമെന്റിന്റെ താൽപര്യം ഭിന്നശേഷി സമൂഹത്തിലേക്കും ശ്രദ്ധചെലുത്തി. ശാരീരികമായ ഭിന്നശേഷി മോശം അവസ്ഥയാണെന്ന മതാത്മകധാരണ പൊതുബോധമായി പരിഗണിച്ചിരുന്ന സമൂഹത്തിൽ ഭിന്നശേഷി വ്യക്തികളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദങ്ങളിൽ ഭാഷയുടെ അധികാരപ്രയോഗം കാണാം. ശാരീരികമായും മാനസികമായും ബുദ്ധിപരമായും തങ്ങളെക്കാൾ ശേഷി കുറഞ്ഞവരാണെന്ന ധാരണയാണ് അതി​ന്റെ അടിത്തറ. ‘വ്യക്തിയിലെ കുറവി’നെ ഭാഷയിലൂടെ ആധിപത്യം പുലർത്തുന്ന ശേഷിയുടെ രീതിയാണത്. ജനാധിപത്യ സ്ഥാപനങ്ങളുടെ ഔദ്യോഗികമായ സാഹചര്യങ്ങളിലും ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ സർവസാധാരണമാണ്. എന്നാൽ, അവ പലപ്പോഴും നിഷേധാർഥകമായ രീതിയിലാണ് പ്രയോഗിച്ചു കാണുന്നത്.

2015 ഡിസംബർ 3, ലോക വികലാംഗ ദിനത്തിലെ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിഫറന്റ്ലി ഏബ്ൾഡ് എന്നു പരക്കെ ഉപയോഗിച്ചുപോന്ന പദത്തിനു പകരമായി ദിവ്യാംഗജൻ എന്ന വാക്ക് രാഷ്ട്രത്തോട് നിർദേശിക്കുന്നത്. വികലാംഗർ, അംഗപരിമിതർ, ഭിന്നശേഷി എന്നിങ്ങനെ പലതരത്തിലുള്ള പദപ്രയോഗങ്ങൾ അവയുടെ യഥാർഥ ഉദ്ദേശ്യത്തിൽ അല്ല വിവക്ഷിക്കപ്പെടുന്നത് എന്നതുകൊണ്ടും അവ കൂടുതൽ അപമാനവീകരിക്കുന്നതാണെന്ന അഭിപ്രായം ഡി​െസബിലിറ്റി സമൂഹം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിലുമാണ് പ്രധാനമന്ത്രി അത്തരമൊരു പദം മുന്നോട്ടുവെക്കുന്നത്.

അതാകട്ടെ, വൈദിക മതത്തി​ന്റെ ഐതിഹ്യ നിർമാണവുമായി ചേർന്ന് ഡിസെബിലിറ്റി സമൂഹത്തെ ഈശ്വരന്റെ പ്രിയപ്പെട്ടവരാണെന്ന, നിലവിലെ വസ്തുതക്ക് പുറത്ത് നിർത്തുന്ന സങ്കൽപമാണെന്ന് ബോധ്യപ്പെട്ടു. ഡിസെബിലിറ്റി സമൂഹം നിർദേശത്തെ പാടെ തള്ളിക്കളയുന്നു. ഇതിനു സമാനമായി ചരിത്രത്തിൽനിന്ന് വായിക്കാവുന്നത്, ദലിത് എന്ന രാഷ്ട്രീയ പ്രയോഗത്തെ നിർവീര്യമാക്കാൻ ഗാന്ധി ‘ഹരിജൻ’ എന്ന പദം ഉപയോഗിച്ചതാണ്.

കാർട്ടൂണിലെ ‘വൈകല്യം’

അർബൻ നക്സലൈറ്റ് എന്ന് ചാപ്പ കുത്തി ഭരണകൂടം തുറുങ്കിലടച്ച അംഗപരിമിതനായ സായിബാബ മരണശേഷമാണ് ദിവ്യാംഗജനായി മാറുന്നത്. ജി.എൻ. സായിബാബയുടെ മരണശേഷം വരക്കപ്പെട്ട ഒരു കാർട്ടൂണി​ന്റെ ആദ്യ ഫ്രെയിമിൽ മേഘങ്ങൾക്ക് നടുവിൽ സ്റ്റാൻ സ്വാമിയോടൊപ്പം തോളോട് തോൾ ചേർന്നു ‘നിൽക്കുന്ന’ സായിബാബയെ കാണാം.

സ്റ്റാൻ സ്വാമി, “താങ്കളുടെ വീൽചെയർ എവിടെ?’’ എന്ന് ചോദിക്കുന്നു. മേഘങ്ങളിൽ നിൽക്കുന്ന സ്റ്റാൻ സ്വാമിയും സായിബാബയും താഴേക്ക് നോക്കുമ്പോൾ വീൽചെയറിൽ ഇരിക്കുന്ന നീതിദേവതയെ കാണുന്നതായിട്ടാണ് കാർട്ടൂണിലെ രണ്ടാമത്തെ ഫ്രെയിം. അതിപ്പോൾ നീതിദേവത ഉപയോഗിക്കുകയാണ് എന്നാണ് സായിബാബയുടെ മറുപടി. ശേഷിവാദത്തിന്റെ കാഴ്ചപ്പാടിൽ നിർമിക്കപ്പെട്ട ഒരു കാർട്ടൂൺ വരച്ചത്​ സതീഷ് ആചാര്യയാണ്​. അദ്ദേഹം കടുത്ത മോദി വിമർശനവുമായി പ്രത്യക്ഷപ്പെട്ട വ്യക്തിയാണ്.

ഈ കാർട്ടൂണിന്റെ സൂക്ഷ്മമായ രാഷ്ട്രീയവായനയിൽ അതിൽ ഭരണകൂട വിമർശനമാണ് ഉള്ളതെന്ന് കണ്ടെത്താൻ കഴിയില്ല. ബ്രാഹ്മണ്യാധികാരത്തോട് എതിരിടുകയോ ബ്രാഹ്മണ്യത്തിന്റെ ജ്ഞാനപദ്ധതികളിൽ ഇടപെടുകയോ ചെയ്ത സകലരേയും കൊന്നുകളഞ്ഞതായാണ് അതി​ന്റെ ചരിത്രരചനയുടെ പ്രധാന കാതൽ. ഭരണകൂടം നിർബന്ധിത മരണത്തിലേക്ക് തള്ളിയിട്ട സായിബാബ മോക്ഷപ്രാപ്തി നേടി വൈകുണ്ഠത്തിലെത്തുമ്പോൾ അദ്ദേഹത്തി​ന്റെ ശാരീരിക പരിമിതികൾ പാടേ മാറി രണ്ടു കാലിൽ നിവർന്നുനിൽക്കുന്ന ഒരാളായി മാറുന്നു. വൈദികമതത്തിൽ സ്വർഗപ്രാപ്തി ബ്രാഹ്മണർക്ക് മാത്രമാണ് വിധിച്ചിട്ടുള്ളത്.

കാർട്ടൂണിൽ സായിബാബയോടൊപ്പം വൈകുണ്ഠത്തിൽ ജസ്യൂട്ട് പാതിരി സ്റ്റാൻ സ്വാമിയെയും കാണാം. പ്രായാധിക്യവും പാർക്കിൻസൺസ് രോഗവും പരിക്ഷീണനാക്കിയ, സ്റ്റാൻ സ്വാമി ത​ന്റെ ഡിസെബിലിറ്റികൂടി ചൂണ്ടിക്കാണിച്ചാണ് കുറച്ചെങ്കിലും ത​ന്റെ ശാരീരികാവസ്ഥയെ മറികടക്കാൻ പരിഹാരത്തിനായി ഭരണകൂടത്തി​ന്റെ ശ്രദ്ധക്ഷണിച്ചത്. വെള്ളം കുടിക്കാൻ ഒരു സ്ട്രോയായിരുന്നു സ്റ്റാൻ സ്വാമി ആവശ്യപ്പെട്ടത്. അത് നിഷേധിക്കപ്പെട്ടു. അങ്ങനെ ഭരണകൂടം കൊന്നുകളഞ്ഞ രണ്ടു മനുഷ്യസ്നേഹികൾ ബ്രാഹ്മണർക്ക് മാത്രം മരണശേഷം എത്തിപ്പെടാൻ വിധിക്കപ്പെട്ട വൈകുണ്ഠത്തിലെത്തി മോക്ഷപ്രാപ്തി നേടിയതായും അവരുടെ എല്ലാ ശാരീരിക പരിമിതികളും മാഞ്ഞുപോയതായും മതബോധത്തെ തെളിച്ചുകടത്തി ഈ കാർട്ടൂൺ ഇന്ത്യൻ പൊതുബോധത്തെ കുറേക്കൂടി ഉറപ്പിക്കുന്നു.

കാർട്ടൂണിന്റെ രണ്ടാം ഫ്രെയിമിൽ വീൽചെയർ യൂസേഴ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണശകലമാണ് സായിബാബക്കായി സതീഷ് ആചാര്യ എഴുതി ചേർത്തത്. ഒരുപക്ഷേ കാർട്ടൂണിസ്റ്റിന് അറിയാൻ സാധ്യതയില്ലാത്ത മലയാളഭാഷയിലുറച്ച പല ജനാധിപത്യവിരുദ്ധപ്രയോഗങ്ങളിലൊന്നായ ‘മുടന്തൻന്യായം’ എന്ന ശൈലിയെ ഉറപ്പിക്കുക കൂടിയാണിത്. ഇത്തരം കാർട്ടൂണുകൾ സായിബാബയെ രാഷ്ട്രീയമായി പിന്തുണക്കുന്ന സംഘങ്ങൾപോലും അവരുടെ ഫേസ്ബുക്ക് പ്രതലങ്ങളിൽ വ്യാപകമായി പങ്കിട്ടു. മതബോധത്തിൽനിന്ന് ഉണ്ടായ ഇത്തരം ആശയങ്ങൾ ആവിഷ്കരിക്കുന്ന കാർട്ടൂണുകളും ചിത്രങ്ങളും വിപ്ലവ രചയിതാലു സംഘം പോലെയുള്ള മാവോവാദ അനുഭാവം പുലർത്തുന്ന സാംസ്കാരിക സംഘടനകളും, പിൻപറ്റുന്നു എന്നുള്ളതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ.

ഇതി​ന്റെ മറുവശമായി ശാരീരിക-ബൗദ്ധിക ശേഷി മാടമ്പിത്വത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഒരു പുസ്തകത്തി​ന്റെ ശീർഷകമുണ്ട്​. ജെ. രഘുവും ഭാസുരേന്ദ്ര ബാബുവും ചേർന്ന് തയാറാക്കിയ ‘മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം’ ആണത്. 1980കളുടെ മധ്യത്തിൽ കലാകൗമുദി വാരികയിൽ മാർക്സിസത്തെക്കുറിച്ച് ഒ.വി. വിജയൻ എഴുതിയ ലേഖനത്തിന്റെ തുടർചർച്ചയിൽ കമ്യൂണിസ്റ്റ് നേതാക്കളും ബുദ്ധിജീവികളും സച്ചിദാനന്ദനെ പോലെയുള്ള കവികളും പങ്കെടുത്തു. ആ ചർച്ചയെ സംബന്ധിച്ച് വിമർശനാത്മകമായ വിശകലനത്തിന് ശ്രമിച്ച ജെ. രഘുവും ഭാസുരേന്ദ്ര ബാബുവും പുസ്തക പ്രസാധക സംഘത്തിന് വേണ്ടി പുറത്തിറക്കിയ ഗ്രന്ഥമാണ് ‘മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം.’ ഒ.വി. വിജയനെ പോലെയുള്ള ബുദ്ധിജീവികളെയാണ് ഗ്രന്ഥകർത്താക്കൾ പ്രകോപനപരമായി മന്ദബുദ്ധികൾ എന്ന് വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ ഒരു സംബോധനയുടെ കാരണവും രചയിതാക്കൾ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.


വൈക്കം മുഹമ്മദ് ബഷീർ,വള്ളത്തോൾ,പി. കുഞ്ഞിരാമൻ നായർ,സഹോദരൻ അയ്യപ്പൻ,പ്രഫ. ജി.എൻ. സായിബാബ

“മാർക്സിസ്റ്റ് ധൈഷണികതയുടെ മുന്നിൽ ഈ ബുദ്ധിജീവികൾ മന്ദബുദ്ധികളാണ് (intelligent). ഈ വിഭാഗത്തി​ന്റെ മന്ദബുദ്ധി പ്രവർത്തനത്തെ കേരള രാഷ്ട്രീയ വികാസത്തിന്റെ പശ്ചാത്തലത്തിൽ അവർ അർഹിക്കുന്ന എല്ലാ ബഹുമതികളോടുംകൂടി സംസ്കരിക്കുക എന്ന രാഷ്ട്രീയ കടമയാണ് ഞങ്ങൾ ഇതിലൂടെ ചെയ്യുന്നത്’’ (മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം). ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന സമൂഹത്തെയോ അവരുടെ ബന്ധുക്കളെയോ വേദനിപ്പിക്കുന്നതിനല്ല ഗ്രന്ഥകർത്താക്കൾ പ്രകോപനപരവും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ ഒരു പദം തങ്ങളുടെ പുസ്തകത്തിന് തലക്കുറിയായി ചേർത്തതെന്ന് മനസ്സിലാക്കുന്നു.

ശരീരവുമായി ബന്ധപ്പെട്ടുമാത്രം സാധ്യമാക്കുന്ന അർഥോൽപാദനം ഭാഷയെ അസംസ്കൃത വസ്തുവാക്കുമ്പോൾ നാം അറിയാതെ സ്വാഭാവികമായി സംഭവിക്കുന്ന ശേഷിയുടെ അധികാരപ്രയോഗമാണത്. മഹാഭൂരിപക്ഷത്തിനും മനസ്സിലാകാതെ പോകുന്ന ഹിംസ. ബുദ്ധിപരമായ വെല്ലുവിളികളോടെ ജനിച്ച ശയ്യാവലംബിയായ കുഞ്ഞ് തനിക്ക് മുമ്പേ മരിച്ചുപോകണമെന്ന് ആഗ്രഹിക്കുന്ന കവിയും ചിത്രകാരിയുമായ അരുണ നാരായണൻ ആലഞ്ചേരി പറഞ്ഞത് ഓർക്കുന്നു.

അതിന് എത്രയോ മുമ്പാണ് സുഗതകുമാരി ‘കൊല്ലേണ്ടത് എങ്ങനെ?’ എന്ന കവിത എഴുതിയത്. കവി എം.ആർ. രാധാമണിയുടെ മക്കളെഴുത്ത് വായിക്കുമ്പോൾ ദൈവം പ്രിയപ്പെട്ടവർക്ക് സമ്മാനിച്ച കുഞ്ഞുങ്ങൾ എന്ന നമ്മുടെ പ്രയോഗംപോലും എത്രമാത്രം അരാഷ്ട്രീയമാണെന്നും സമൂഹവും ഭരണകൂടവും തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്നതാണെന്നും ബോധ്യപ്പെടും. ദലിതുകളെ, ആദിവാസികളെ, കൂലിപ്പണിക്കാരെ, ലൈംഗിക തൊഴിലാളികളെ, വികലാംഗരെ... ഒക്കെ പരിഹസിച്ച് ഇകഴ്ത്തുന്ന പ്രമേയമാക്കി മാത്രമേ തങ്ങളുടെ സ്കിറ്റുകളിൽ ഫലിതം നിർമിക്കാൻ കഴിയൂ എന്ന് മിമിക്രി കലാകാരന്മാർ അവകാശപ്പെടുന്നതുപോലെ ആകരുത് നമ്മുടെ എഴുത്തുകാരും മാധ്യമങ്ങളും ഭാഷയിൽ ഇടപെടുന്നത്.

ശാരീരിക സവിശേഷതകളാല്‍ ഭിന്നരായവരോട് വികലാംഗരല്ലാത്ത ആളുകൾക്ക് തെറ്റിദ്ധാരണകൾ നിറഞ്ഞ മനോഭാവമാണുള്ളത്. വികലാംഗരല്ലാത്ത ആളുകൾ ശാരീരിക വൈകല്യമുള്ളവരെ ലൈംഗിക, പ്രത്യുൽപാദന അവകാശങ്ങൾ ഇല്ലാത്ത അലൈംഗികരായാണ് കണക്കാക്കുന്നത്. ലൈംഗികാഭിരുചികളിലെ വ്യത്യസ്തതകളെ രാഷ്ട്രീയമായും സാംസ്കാരികമായും പുതുനൂറ്റാണ്ടിലെ കേരളസമൂഹം അംഗീകരിക്കുകയും ക്വിയർ പൊളിറ്റിക്സിന് ഗൗരവമായ പരിഗണന നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഡിസെബിലിറ്റി വ്യക്തികളുടെ ലൈംഗികാവകാശങ്ങളോ ലൈംഗികാഭിരുചികളോ അവ്വിധം നമ്മുടെ പൊതുമണ്ഡലത്തിലെ ആശയസംവാദത്തിലേക്ക് ഉയർന്നുവന്നിട്ടില്ല എന്നുവേണം അനുമാനിക്കാൻ.

വൈകല്യം ഒരാളുടെ ലൈംഗികതയെ ഇല്ലാതാക്കുന്നില്ല, അഥവാ അത് പ്രകടിപ്പിക്കാനോ പൂർത്തീകരിക്കാനോ ഉള്ള ആഗ്രഹത്തെ മാറ്റുന്നില്ല. ഡിസെബിലിറ്റി വ്യക്തിയുടെ ലൈംഗികതയെ സംബന്ധിച്ച് നമ്മുടെ സമൂഹം ഇപ്പോഴും പുലർത്തുന്ന തെറ്റായ ധാരണകൾ പ്രകാരം വികലാംഗർക്ക് സന്തോഷമായിരിക്കാൻ സെക്‌സ് ആവശ്യമില്ല, വൈകല്യമുള്ള വ്യക്തികൾ ലൈംഗികമായി ആകർഷകമല്ല, വൈകല്യമുള്ള വ്യക്തികൾക്ക് ലൈംഗികതയെക്കാൾ പ്രധാനപ്പെട്ട ആവശ്യങ്ങളുണ്ട്, വൈകല്യമുള്ള വ്യക്തികൾക്ക് ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ല, വൈകല്യമുള്ള വ്യക്തികൾക്ക് യഥാർഥ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല!!.


 



ഡിസെബിലിറ്റി വ്യക്തികളുടെ ലൈംഗികത ഗൗരവമായി പ്രശ്നവത്കരിച്ച സിനിമയാണ് റാം എഴുതി സംവിധാനം ചെയ്ത മമ്മൂട്ടി അഭിനയിച്ച ‘പേരൻപ്’. അഞ്ജലി അമീർ എന്ന ട്രാൻസ് യുവതി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നുള്ളതുകൂടിയാണ് ഈ സിനിമ ഉന്നയിക്കുന്ന ക്വിയർ-ഡിസെബിലിറ്റി ലൈംഗികതയുടെ രാഷ്ട്രീയം. വികലാംഗർ ചരിത്രപരമായി സ്നേഹത്തിനും പ്രണയത്തിനും ലൈംഗികതക്കും പുനരുൽപാദനത്തിനും ആളുകളെ സജ്ജമാക്കുന്ന സാമൂഹികവത്കരണത്തി​ന്റെയും പഠനത്തി​ന്റെയും പ്രബലമായ പ്രക്രിയകളിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, വികലാംഗർ എല്ലാ അവകാശങ്ങളുമുള്ള ലൈംഗിക പൗരന്മാരാണ്.

ഡിസെബിലിറ്റി വ്യക്തികളുടെ ലൈംഗികതയെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ മനസ്സിലാക്കാൻ നമ്മുടെ അച്ചടി ദൃശ്യ മാധ്യമങ്ങളിൽ ഇതു വിഷയമാക്കി കൊണ്ടുള്ള വാർത്തകളോ സ്റ്റോറികളോ ശ്രദ്ധിച്ചാൽ മതിയാകും.

ഡിസെബിലിറ്റി വ്യക്തികൾ പുറന്തള്ളപ്പെടുന്നതോ അപമാനിക്കപ്പെട്ടതോ ഒക്കെയാണ് മാധ്യമങ്ങൾ പിടിപ്പിച്ച് കാണിക്കുക. ഒരിക്കലും അതി​ന്റെ സാമൂഹിക-രാഷ്ട്രീയ കാരണങ്ങളിലേക്ക് പോയി അന്വേഷിക്കാൻ തുനിയാറില്ല. ശാരീരികമായ-മാനസികമായ ഭിന്നശേഷി അവസ്ഥയുള്ള വ്യക്തി വിവാഹിതനായാൽ നവകാല ഓൺലൈൻ ചാനലുകളിൽ പ്രത്യക്ഷപ്പെടാറുള്ള അഭിമുഖ സംഭാഷണങ്ങൾ മോട്ടിവേഷൻ-മാൻ ഇൻട്രസ്റ്റിങ് സ്റ്റോറികൾ എന്ന നാട്യത്തിലാണ് അവതരിപ്പിക്കപ്പെടുക. ലൈംഗികാകർഷണത്തിനോ ലൈംഗിക താൽപര്യത്തിനോ “കാരണമാകാത്ത ശരീരം’’ എങ്ങനെയാണ് അത്തരമൊരു മനുഷ്യാവകാശത്തിലേക്ക് എത്തിപ്പെട്ടതെന്ന പൊതുബോധത്തിന്റെ ജിജ്ഞാസയെ ശമിപ്പിക്കുന്ന ഉത്തരം തേടലുകളാണ് പലപ്പോഴും മാധ്യമപ്രവർത്തനം.

അസ്വാഭാവികമായ ഒരു വിവാഹം നടന്നതിനെ, അതിനുള്ളിലെ ലൈംഗിക സഖ്യകക്ഷികളെ അംഗീകരിക്കുന്ന ഔദാര്യ വിചാരമാണത്. അതുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളുടെയും അവയവങ്ങളുടെയും പരിപൂർണമായ ആരോഗ്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവാഹത്തിനു പുറത്തുള്ള ഡിസെബിലിറ്റി വ്യക്തിയുടെ പ്രണയവും വിവാഹവും കൊണ്ടാടപ്പെടുന്ന ദയാവായ്പ് തുല്യതയുടേതല്ല. വികലാംഗർക്ക് അവരുടെ ലൈംഗികത പ്രകടിപ്പിക്കുന്നതിൽ പക്ഷപാതരഹിതവും മതിയായതുമായ ആരോഗ്യ പരിരക്ഷക്കും ഉചിതമായ സമയത്ത് മാർഗനിർദേശത്തിനും അവകാശമുണ്ട്.

ലൈംഗിക താൽപര്യങ്ങളോ ‘ശേഷി’യോ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഒരു ഘടകമായതി​ന്റെ അനുഭവസാക്ഷ്യം രേഖപ്പെടുത്തുന്നുണ്ട് ‘കടലാഴങ്ങളേ സാക്ഷി’ എന്ന പുസ്തകത്തിൽ അനൂപ് സദൻ. യൗവനാരംഭത്തിൽ നട്ടെല്ലിന് പരിക്കുപറ്റി പാരപ്ലീജിയ ( Paraplegia -അരക്കുതാഴെ തളർന്ന അവസ്ഥ) സംഭവിച്ച് കിടപ്പിലായശേഷം ത​ന്റെ അനുഭവങ്ങളിലൂടെ ശരീരത്തെ നിരീക്ഷിച്ച് സ്വയം ആവിഷ്കരിച്ച പരീക്ഷണങ്ങളിലൂടെ ജീവിതത്തെ തിരിച്ചുപിടിച്ചതിന്റെ രേഖയാണ് ആ പുസ്തകം. ഡിസെബിലിറ്റി സ്റ്റഡീസ് സാംസ്കാരിക പഠനമേഖലയിൽ ഗണ്യമായ സ്വാധീനവും മാറ്റവും ചെലുത്താൻ കഴിയുന്ന വിജ്ഞാനശാഖയാണ്. മലയാളത്തിൽ സജീവവും സൂക്ഷ്മവുമായി നടക്കാനിരിക്കുന്ന പഠനങ്ങളുടെ മാർഗദർശകമായി ഡോ. കെ.പി. രവിചന്ദ്രൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘ഡിസെബിലിറ്റി: പ്രതിനിധാനം വ്യവഹാരം’ എന്ന പുസ്തകമാണ് ഇതിലെ ആദ്യ നാഴികക്കല്ല്.

1908ൽ മഹാകവി വള്ളത്തോൾ നാരായണ മേനോനെ ബാധിച്ച രോഗം അദ്ദേഹത്തി​ന്റെ കേൾവി നഷ്ടപ്പെടുത്തി. ഇതേ തുടർന്ന് 1910ൽ അദ്ദേഹം എഴുതി പ്രസിദ്ധപ്പെടുത്തിയ ‘ബധിരവിലാപം’ (പ്രസാ. ലക്ഷ്മീസഹായം കോട്ടയ്ക്കൽ) എന്ന കൃതിയാണ് മലയാള ഭാഷയിൽ ഡിസെബിലിറ്റി അനുഭവത്തെ പ്രധാനമായും അടയാളപ്പെടുത്തിയത്.

“ഗതകബളിതമെന്റെ കർണയുഗ്മം/ വദനവിഭൂഷണമാത്രമായ് ചമഞ്ഞു/ കദനമിതൊഴിവാക്കുകംബികെന്നിൽ/പദസരസീരൂഹ ദാസനല്ലയോ ഞാൻ.../ അഴലിതു വരുവാൻ ഒരജ്ഞനാം ഞാൻ/ പിഴപലതും ബത ചെയ്തുപോയിരിക്കാം/ അഴകിലവ പൊറുത്തുകൊൾക നീ/ കഴലിണയേ മമ താങ്ങാനുള്ളു തായേ.’’

പരമഭക്തനായ തനിക്ക് ഇത്തരത്തിലൊരു ദുര്യോഗം വന്നു ഭവിച്ചതിൽ ഭഗവതിയോട് വിലപിക്കുകയാണ് ഈ കൃതിയിൽ വള്ളത്തോൾ. കഠിനമായ നിലവിളിയോടൊപ്പം വ്രതനിഷ്ഠയോടെ ഔഷധഗുണമുള്ള ചൂർണിയാറ്റിൽ കുളിച്ചും അദ്ദേഹം ചികിത്സ തേടി. വൈദ്യം പഠിക്കുകയും ചികിത്സിക്കുകയുംചെയ്ത വള്ളത്തോൾ, ശരീരത്തോട് അത്രമേൽ അറപ്പോടെ പെരുമാറുന്നത് നമുക്ക് അത്ഭുതത്തോടെ ഈ ശ്ലോകത്തിൽ വായിക്കാം.

“മേശപ്പുറത്ത് മൃതരാം നരരെക്കിടത്തി/ യാശങ്കവിട്ടുടൽ മുറിച്ചുടനീ യുവാക്കൾ/ കേശം തുടങ്ങിയടിയോളമകത്തെ മട്ടും/ ക്ലേശം പെടാതെയിഹ കണ്ടു ധരിച്ചിടുന്നു/ എത്തിചുറ്റുമിരുന്നറപ്പൊഴിയെയീ/ വിദ്യാർഥിമാരേവരും/ കൊത്തിച്ചീന്തി വലിച്ചിടുന്നിതു കഴു/ പ്രായം ശവശ്രേണിയെ/ മർദിക്കും പടി മൂക്കിലേക്ക് കയറും/ ദുർഗന്ധമെന്തോതിടാം?/ ഛർദിക്കാതിവിടുന്നു വിട്ടൊഴിയുവാൻ/ നമ്മൾക്കു സാധിച്ചിടാ.’’ ഇത്തരത്തിൽ ശരീരബോധം പുലർത്തിയിരുന്ന കവി ത​ന്റെ കേൾവി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ജ്യോതിഷത്തിലും അതു നിർദേശിച്ച പൂജാപരിഹാരങ്ങളിലും മുഴുകി. ബധിരത അത്രമേൽ ബുദ്ധിമുട്ടിലാഴ്ത്തിയ അദ്ദേഹം ‘ബാധിര്യശാന്തിസ്തവം’ പോലുള്ള കൃതികളും എഴുതി.

വള്ളത്തോളിന്റെ മരണശേഷം അദ്ദേഹത്തി​ന്റെ രചനകളെക്കുറിച്ച് പഠനം എഴുതിയ സുകുമാർ അഴീക്കോട് വള്ളത്തോളിന് നേരിട്ട ബാധിര്യം സൂക്ഷ്മശബ്ദങ്ങൾ കേൾക്കാൻ അദ്ദേഹത്തെ സഹായിച്ചു എന്നാണ് നിരീക്ഷിച്ചത്. കൽപറ്റ നാരായണന്റെ ‘ഒരു മുടന്തന്റെ സുവിശേഷ’ത്തിലെ മുടന്തൻ ഗാന്ധിയനാണ്. പുതിയ കാലത്ത് ഡിസെബിലിറ്റിയുടെ അനുഭവങ്ങൾ സാഹിത്യത്തിലേക്ക് കൊണ്ടുവന്ന എഴുത്തുകാർ അത് ദൈവകോപമായോ മുജ്ജന്മപാപ ഫലമായോ അല്ലെങ്കിൽ അഴീക്കോട് നിരീക്ഷിക്കുന്നതുപോലെ ശാരീരികമായ ഭിന്നാവസ്ഥയെ റൊമാന്റിസൈസ് ചെയ്തുകൊണ്ട് ‘ഭിന്നമായ ശേഷി’കളുടെ ഉദ്ദീപനത്തിന് കാരണമായെന്നോ അവകാശപ്പെടാതെ ഉടൽ വ്യത്യസ്തതകളുടെ തന്മയെ എഴുതി ഉറപ്പിക്കുകയാണ് ചെയ്തത്. അത് ബോധവത്കരണം ലക്ഷ്യമാക്കിയുള്ള വൃഥാവ്യായാമമല്ല. അമേരിക്കയിലെ അറബിക് സ്റ്റഡീസിൽ അധ്യാപികയും എഴുത്തുകാരിയും സാഹിത്യ സൈദ്ധാന്തികയുമായ ബാർബറ ഹാർലോ പ്രതിരോധ സാഹിത്യം (Resistance Literature) എന്നു വിശേഷിപ്പിച്ച ഗണത്തിലാണത് പെടുത്തേണ്ടത്.


 


അജിത്​ എം. പച്ചനാടൻ

ശബരീഷ് കെ, ദിലീപ് കീഴൂർ, അനൂപ് സദൻ, രമ്യ തുറവൂർ, പ്രിയ മാത്യു, സാവിയോ (പട്ടിക അപൂർണം) എന്നിവർ പറഞ്ഞും എഴുതിയും ഡിസെബിലിറ്റി അനുഭവങ്ങളെ, ശാരീരിക മേൽക്കോയ്മയുടെ ഭാവുകത്വം അധികാരമുറപ്പിച്ചിരിക്കുന്ന വിചാരലോകത്ത് പുതിയ അന്വേഷണത്തിനായി അവതരിപ്പിക്കുകയും തുല്യതയുടെ ജനാധിപത്യമൂല്യത്തെ സാംസ്കാരിക പോരാട്ടത്തിലൂടെ ഉറപ്പിക്കുന്ന സർഗാത്മക പ്രവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നു.

ഡിസെബിലിറ്റി ശരീരങ്ങളെ ചിത്രകലയിൽ അവതരിപ്പിക്കുന്ന കലാകാരനാണ് ജിതിൻ കൃഷ്ണ. കലാചരിത്രത്തി​ന്റെ സമ്പ്രദായങ്ങളിൽനിന്നും മറ്റ് അടിച്ചമർത്തപ്പെട്ട ശരീരങ്ങൾ എന്ന പോലെ തന്നെ ഡിസേബ്ൾഡ് ശരീരങ്ങളും കാലമിത്രയും എഴുതപ്പെടാതെ അധീശവും ആദർശ ശരീരങ്ങളാൽ മറക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത്തരം മാറ്റിനിർത്തലുകളോടുള്ള വിമർശനമാണ് ജിതിൻ കൃഷ്ണയുടെ കലാപ്രവൃത്തികൾ. ജിതി​ന്റെ ചിത്രങ്ങളിൽ സമൂഹത്തിൽ നിലനിൽക്കുന്ന അധീശത്വവും ഏബ്ൾഡുമായ സങ്കൽപനങ്ങളെ പുനഃപരിശോധിക്കുകയും പുതിയ കലയിൽ പുതിയ ഒരു കാഴ്ചയെ നിർമിക്കാനുമുള്ള ശ്രമങ്ങൾ ആണുള്ളത്. പ്രകൃതി അതിന്റെ വൈവിധ്യങ്ങളാലും ബഹുസ്വരതയാലുമാണ് സുന്ദരമാകുന്നത്.

ഉയരം, ശബ്ദം, നിറം, സ്വഭാവം അങ്ങനെ എല്ലാത്തിലും ഈ വ്യത്യസ്തത അതതിന്റെ സ്ഥാനത്ത് പ്രധാനപ്പെട്ടതാകുന്നു. ഈ ജനാധിപത്യ സംസ്കാരം ഇല്ലാത്തിടത്തും പരിമിതികൾ ഉള്ളവർക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളോ ഇടങ്ങളോ നിർമാണങ്ങളോ ഭാവനയോ ഇല്ലാത്ത അവസ്ഥയിലാണ് ‘ഡിസെബിലിറ്റി വ്യക്തികൾ’ ഡിസേബ്ൾഡ് ആകുന്നത്. അക്കാരണത്താൽ നമ്മുടെ വീടുകൾ, ജനാധിപത്യ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, കൂട്ടായ്മകൾ, ഭാഷ, സാഹിത്യം ഒക്കെയും ജനാധിപത്യവിരുദ്ധമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഇടങ്ങളാണെന്ന് പറയേണ്ടിവരും.

===============

സഹായം

1. ഡിസെബിലിറ്റി: വ്യവഹാരവും പ്രതിനിധാനവും -എഡി. ഡോ. കെ.പി. രവിചന്ദ്രൻ ( ഈ പുസ്തകത്തിലെ ലേഖകരോട് കുറിപ്പിനു കടപ്പാടുണ്ട്.)

2. സെക്സ് ആൻഡ് ഡിസെബിലിറ്റി -എഡി. റോബർട്ട് മക്റൂവർ, അന്ന മോളോ

3. വള്ളത്തോൾ -വി. ഉണ്ണികൃഷ്ണൻ നായർ

4. കടലാഴങ്ങളെ സാക്ഷി -അനൂപ് സദൻ

5. അഭി രശ്മി

6. ഒരു മുടന്തന്റെ സുവിശേഷം -കൽപറ്റ നാരായണൻ

6. ആത്മോപദേശ ശതകം -നാരായണ ഗുരു

7. എ​ന്റെ പ്രിയപ്പെട്ട കവിതകൾ -ആറ്റൂർ രവിവർമ

8. ബധിരവിലാപം -വള്ളത്തോൾ നാരായണ മേനോൻ

9. ദൈവത്തി​ന്റെ ഇറച്ചി -ദിലീപ് കീഴൂർ

10. ഫലസ്തീൻ: കലയും കലാപവും -എഡി. എം.കെ. അൻസാർ


Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 01:45 GMT
access_time 2024-11-25 02:15 GMT