കൂട്ടം, ഒട്ടും ആനുപാതികമല്ലാത്ത തൂക്കം നൽകുന്നു, അതിൽപെട്ടവർക്ക്. ഒറ്റക്ക് എത്രമേൽ ദുർബലവും നിരാലംബവുമാണ് വ്യക്തിജീവിതമെങ്കിലും പറ്റത്തിൽ ചേരുന്നതോടെ കൈവരുന്നു, മതിപ്പും സമ്മതിയും. ആദരംപോലും ഒരുവേള. ഉറ്റവർക്കോ ഉടയോർക്കോ പകരാനാവാത്ത ആത്മവിശ്വാസം അതിൽനിന്ന് കിട്ടുന്നു. അങ്ങനെയൊരു ത്രാണശേഷിയുണ്ട് ആൾക്കൂട്ടത്തിന്. പ്രതിവിഷത്തിന് രോഗഭേദ്യത്തിലെന്നപോലെ.
പേടി, ആളെ ഒത്തുകൂട്ടും. സംശയമുണ്ടോ?
കവലയിൽ ചെല്ലൂ. തിരക്കുള്ള പാത മുറിച്ചുകടക്കുന്നേരം അറിയാതെ നാം നടവേഗം കൂട്ടുന്നു, അങ്ങനെ കടക്കാൻ ശ്രമിക്കുന്ന കൂട്ടത്തിലേക്ക് ഇഴുകിച്ചേരാൻ. ഒറ്റക്കാവുന്നതിലും രക്ഷിതബോധം പറ്റത്തിലായിരിക്കെയാണ്. ഇതൊരു സഹജത്വര. ജീവശാസ്ത്രപരം.
ന്യൂറോ-ഇമേജിങ് ഗവേഷണങ്ങൾ ഇത് സാധൂകരിച്ചിട്ടുണ്ട്. കൂട്ടം കൂടുമ്പോഴൊക്കെ തലച്ചോറിലെ അമിഗ്ഡാലക്ക് വ്യത്യസ്ത ചലനം. പേടിയുടെയും പ്രതിലോമ വികാരങ്ങളുടെയും ഇരിപ്പിടമാണിവിടം. കൂട്ടത്തിലായിരിക്കെ പേടി കുറയുന്നു. അതാണ് അമിഗ്ഡാല ധ്വനിപ്പിക്കുന്നത്.
മത്തുപിടിപ്പിക്കുന്ന ശക്തിബോധം പകരാനാവും ആൾക്കൂട്ടത്തിന്. സ്വതവേ ഒരെറുമ്പിനെപ്പോലും നോവിക്കാത്തയാൾ അങ്ങാടിയിൽ പിടിവീണ പോക്കറ്റടിക്കാരന്റെ പുറത്ത് കൈവെക്കും -കൂട്ടത്തിലാണെങ്കിൽ. സൈബർപറ്റത്തിലിരുന്ന് തെറിവിളിക്കുന്ന പലർക്കും നേരിട്ടങ്ങനെ നാവാടാറില്ല ^വ്യക്തിപരമായി. അടക്കം അക്രമത്തിലേക്ക്, സഭ്യത അസഭ്യതയിലേക്ക്, ഔചിത്യം കാറ്റിലേക്ക്... കാലം പ്രാചീനമോ നവീനമോ, രംഗവേദി തെരുവോ സമൂഹമാധ്യമമോ, ആർക്കും കാണാം ഈ പരിണാമം.
‘‘മറ്റു പലർക്കുമൊപ്പം നടത്തിയ കൊല സുരക്ഷിതവും സമ്മതിയുള്ളതുമാകുന്നു. അതിൽനിന്ന് വിട്ടുനിൽക്കാൻ ഭൂരിപക്ഷം മനുഷ്യർക്കുമാവുന്നില്ല.’’ (ഏലിയാസ് കനേറ്റി/ ക്രൗഡ്സ് ആൻഡ് പവർ). ഇതുതന്നെ അന്തർലീനം, വധശിക്ഷക്കായുള്ള പൊതുസമൂഹത്തിന്റെ കൊലവിളിയിലും. എന്തേ, മനുഷ്യനിങ്ങനെ?
കൂട്ടം, ഒട്ടും ആനുപാതികമല്ലാത്ത തൂക്കം നൽകുന്നു, അതിൽപെട്ടവർക്ക്. ഒറ്റക്ക് എത്രമേൽ ദുർബലവും നിരാലംബവുമാണ് വ്യക്തിജീവിതമെങ്കിലും പറ്റത്തിൽ ചേരുന്നതോടെ കൈവരുന്നു, മതിപ്പും സമ്മതിയും. ആദരംപോലും ഒരുവേള. ഉറ്റവർക്കോ ഉടയോർക്കോ പകരാനാവാത്ത ആത്മവിശ്വാസം അതിൽനിന്ന് കിട്ടുന്നു. അങ്ങനെയൊരു ത്രാണശേഷിയുണ്ട് ആൾക്കൂട്ടത്തിന്. പ്രതിവിഷത്തിന് രോഗഭേദ്യത്തിലെന്നപോലെ.
സംഘംചേരൽ വൈരുധ്യാത്മകമായ സ്വത്വനിർമിതി നടത്തുന്നു. പറ്റത്തിൽ അലിഞ്ഞിരിക്കെ, അതിന്റെ ലാവാഗ്നി നമ്മിലേക്ക് പ്രവഹിക്കുന്നു. ഒന്നുമല്ലാത്തോനെന്ന തോന്നൽ മായുന്നു -വാസ്തവത്തിൽ ഒന്നുമല്ലാത്തോൻതന്നെയെങ്കിലും. ഇപ്പോൾ പക്ഷേ ശാക്തിക രൂപത്തിന്റെ ഭാഗമെന്ന തോന്നലുറക്കുന്നു, അകശൂന്യത അടയുന്നു. ദിശാബോധം ഉണരുന്നു.
മനോത്വരകങ്ങളാണിതെല്ലാം -നമുക്കുള്ളിലെ ജീവൽപ്രക്രിയയുടെ പണി. മൃഗങ്ങളെപ്പോലെ മനുഷ്യമൃഗത്തിനുമുണ്ട് പറ്റം ചേരാനുള്ള ത്വര. അങ്ങനെയാണവൻ അതിജീവനം ചെയ്തത്. ദീർഘ പരിണാമ ചരിത്രം അവ്വിധം പരുവപ്പെടുത്തി. ഏറെക്കാലം വാനരപഠനം നടത്തി ഫ്രാൻസ് ഡി േവാൾ ഉപസംഹരിച്ചതിങ്ങനെ: ‘‘ഉന്നത സസ്തനികൾ സാമൂഹികജീവികളാകാൻ പാകത്തിന് നിർമിക്കപ്പെട്ടിരിക്കുന്നു. ഇത് മനുഷ്യനും ബാധകം.’’ (Mama's Last Hug). മനുഷ്യന്റെ അസ്തിത്വതന്ത്രമാണ് പറ്റജീവിതം. അമ്മട്ടിൽ ഇഴയിട്ട മസ്തിഷ്കം അങ്ങനെ തന്നെ പെരുമാറുന്നു -യുദ്ധകാലത്തും ശാന്തിനേരത്തും, വിലാപത്തിലും ആഘോഷത്തിലും, തൊഴിലിലും ഒഴിവിലും. പറ്റം പുറത്തല്ല, ഉള്ളിലാണ്. പറ്റം പേറി നടക്കുന്നു, നാം.
ഇതൊരു മോശം സംവിധാനമൊന്നുമല്ല, പുലർച്ചയുടെ പ്രായോഗികത കണക്കിലെടുക്കെ. വിനിമയം, സഖ്യം, സഹവർത്തിത്വം... ഒക്കെ അതെളുപ്പമാക്കുന്നു. കുഴപ്പം തുടങ്ങുക, ഈ നൈസർഗിക പ്രക്രിയക്കുനേരെ മനസ്സ് പിടിക്കുമ്പോഴാണ്. മനുഷ്യാവസ്ഥക്ക് നിയതപാതയിൽനിന്ന് പുരോഗമനം വല്ലതും വേണമെന്നുണ്ടെങ്കിൽ ഈ അകനോട്ടം അത്യാവശ്യം. പ്രഥമ പടി, ഉള്ളിലിഴയിട്ട പറ്റബോധത്തെ നിരപേക്ഷം നോക്കിക്കാണലാണ്.
പ്രയാസകരം, പക്ഷേ അനിവാര്യം. സാമാന്യബുദ്ധി, വിദ്യാനുശീലനം, മതബോധനം, പ്രത്യയശാസ്ത്രച്ചായ്വ്, ധൈഷണിക സ്വാധീനം, മാധ്യമങ്ങൾ കുത്തിവെക്കുന്ന പൊതുബോധം... പലവഴിക്കാണ് പറ്റത്തിന്റെ അടങ്കം പിടി. കാഴ്ചക്കത് തിടമേകും, നിരപേക്ഷ കാഴ്ചക്ക് തിമിരമിടും. കാരണം, ചുറ്റുസമൂഹത്തിൽ പ്രാമാണിത്തമുള്ള ധാരണകൾ നമ്മെ അവയുടെ വഴിക്കങ്ങ് പരുവപ്പെടുത്തും. ആട്ടിൻപറ്റത്തെ ഇടയനെന്നോണം.
ജീവിതത്തിന്റെ ഏതു മേഖലക്കുമുണ്ട് ഈ ഇടയധാര അഥവാ മുഖ്യധാര. വിവാഹം, ദാമ്പത്യം, സന്താനപരിപാലനം, വിദ്യാഭ്യാസം തൊട്ട് എഴുത്തും കലയും വിനോദവും വരെ ഏതിനും.
പറ്റത്തിന്റെ മേച്ചിലിന് അതതിന്റെ അംഗീകൃത മൂശയേകുന്നു, കുടുംബം തൊട്ട് ഭരണകൂടം വരെ. മുഖ്യധാരാശീലനം മതാചാരസദൃശം. ധനതത്ത്വജ്ഞൻ ഗാൽബ്രയ്ത് പറഞ്ഞതും മറ്റൊന്നല്ല. ‘‘വിശുദ്ധഗ്രന്ഥങ്ങളിൽനിന്ന് ഉറക്കെ പാരായണം ചെയ്യുമ്പോലെ, ദേവാലയങ്ങളിൽ അനുഷ്ഠാനം ചെയ്യുമ്പോലെയാണിത് -ഊട്ടിയുറപ്പിക്കലിനുള്ള ആചരണകൃത്യം.’’ (ദ അഫ്ലുവന്റ് സൊസൈറ്റി). അതുകൊണ്ടാണ് പതിവുകളിലും ആവർത്തനങ്ങളിലും നാം ഭ്രമണംചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് തീർത്തും മൗലികമായത് അത്യപൂർവമായി മാത്രം സൃഷ്ടിക്കപ്പെടുന്നത്, ഏതു മേഖലയിലും.
സാമ്പ്രദായിക ധാരണ പെറുക അതിനെത്തന്നെയാണ് -ആവർത്തിക്കുന്ന ശരിതെറ്റുകളുടെ വിത്തിനം. പറ്റത്തിൽ മേയാനുള്ള സഹജത്വര അങ്ങനെയേ ഞാറ്റടിയൊരുക്കൂ. അവ്വിധം മാത്രമാണ് മനുഷ്യഗതിയെങ്കിൽ ചരിത്രം എമ്പണ്ടേ സ്ഥാവരമായേനെ. ഇടയധാരയുടെ ഇടുങ്കൻവട്ടത്തിൽ ജീവിതം ചുറ്റിത്തിരിഞ്ഞേനെ. സുഭദ്രമായിരുന്ന ഗുഹാജീവിതത്തോട് അന്ന് ആരോ ഇടഞ്ഞില്ലായിരുന്നേൽ നമ്മളിന്നും ഗുഹാമനുഷ്യരായി കഴിഞ്ഞേനെ.
അങ്ങനെ ചിലരുണ്ട്, ഈ വാവട്ടം വിട്ടിറങ്ങുന്ന നിഷേധികൾ. മഹാഭൂരിപക്ഷവും മുഖ്യധാരയുടെ ഭക്തജനമായിരിക്കെ വിഭക്തി മുഖമുദ്രയാക്കിയോർ. പറ്റിത്തീനിയാകാത്ത മനസ്സാണവരുടെ മൂലധനം. മുഖ്യധാര അവർക്ക് ചാപ്പകുത്തും: വികൃതികൾ, വിമതർ, കിറുക്കർ.
ചേപ്ര കൂടുന്ന മുറക്ക് ചൂരലെടുക്കും -പരിഹാസം, അവഗണന, ഒറ്റപ്പെടുത്തൽ, വിലക്ക്, ഭ്രഷ്ട്... അങ്ങനെ നീളുന്ന വടിമുറ ചിലപ്പോൾ അറ്റകൈ പ്രയോഗത്തിലെത്താം: ഉന്മൂലനം. ആധുനിക ചിന്തയുടെ ചരിത്രോൽപത്തിയിലേയുണ്ട് അതിന്റെ ലക്ഷണമൊത്ത ദൃഷ്ടാന്തരൂപം -സോക്രട്ടീസ്. വ്യക്തിപരമായും ധൈഷണികമായും പറ്റത്തിന്റെ നിലപാടുകളെ ചിരിവകയാക്കിയതിന് ഒടുക്കം കിട്ടിയത് വിഷം, ഉന്മൂലനം. പറ്റം പിഴച്ചാൽ ഭവിഷ്യത്ത് എത്രടം എന്നതിന്റെ ജാതക കഥ. അത് തുടർക്കഥയാണ്.
ധിക്കാരത്തിന്റെ കാതൽ ഇടക്കിടെ ശിരസ്സുയർത്തുന്നു, അതറുക്കാൻ പറ്റം അതിന്റെ ഭദ്രവാളും. ശരി മൂല്യം പറ്റത്തോടുള്ള എതിർപ്പിന്റെ മാനദണ്ഡപ്രകാരമെന്ന് ഗിഡെ: ‘‘ഒഴുക്കിനെതിരെ നീന്തുന്നവനാണ് യഥാർഥ കലാകാരൻ.
’’ ഒഴുക്കിനെതിരെ വേണ്ട, ഒപ്പം നീന്താതെ നിന്നാലും അംശവടിയെടുക്കും പുരോഹിതവർഗം. കാരണം, ഒഴുക്കും നീന്തുനിയമങ്ങളും ആ വടിക്ക് കീഴെ ഭദ്രം കാക്കേണ്ടത് മുഖ്യധാരയുടെ നിലനിൽപിന്റെ ആവശ്യം. ഇടയരും ആട്ടിൻപറ്റവും ഉയർത്തുന്ന സ്ഥിരം തിരുവായുണ്ട്: സുഖദസുരക്ഷിതമല്ലേ മുഖ്യധാര, പിന്നെന്താ അനുസരിച്ചാൽ? എതിർവായില്ല, ചെറിയൊരു ഒാക്കാന ശങ്ക മാത്രം: ഇൗ അനുസരണയിൽനിന്നല്ലേ മനുഷ്യന്റെ ഏറ്റവും കൊടിയ ഭീകരതകൾ ഭവിച്ചത് ^അടിമത്തം, യുദ്ധം, വംശഹത്യ?
പറ്റബോധത്തെ മനസ്സൊഴിച്ചവർ ചോദ്യമുനയിൽ കോർക്കുന്നത് മർമത്തെ തന്നെയാണ് -പറ്റം. സ്വാഭാവികമായും പറ്റജീവിതത്തിൽ അവർ ഒറ്റപ്പെടുന്നു. സ്വാതന്ത്ര്യബോധത്തിന്റെ ഏകാകിത. പതിവുകൾക്കും കീഴ്വഴക്കങ്ങൾക്കും മുന്നിൽ അവർ വിലങ്ങടിച്ചുനിൽക്കും, ഒറ്റപ്പൂരാടങ്ങളായി. ആത്യന്തിക ജയം പക്ഷേ വ്യവസ്ഥിതിക്കുതന്നെ.
അതിനുവേണ്ട തുറുപ്പുകൾ സമൂഹക്കീശയിൽ സമൃദ്ധം. സ്വീകാര്യമായ കാഴ്ചപ്പാടിന്റെ പരിധി പരിമിതപ്പെടുത്തി നിർത്തലാണ് അനുസരണയുള്ള വിധേയരാക്കി മനുഷ്യരെ നിർത്താനുള്ള സൂത്രം. അങ്ങെന പൊതുബോധം ഉൗട്ടിയുറപ്പിക്കപ്പെടുേമ്പാൾ ജനം കരുതും, സ്വതന്ത്രചിന്ത നടമാടുകയാണെന്ന്. ഇൗ മയക്കുവെടികൊണ്ടും ഒതുക്കാൻ കഴിയാത്തപക്ഷം ആശ്ലേഷിച്ച് സ്വീകരിക്കുന്നതായി ഭാവിക്കും.
സ്ഥാപനവത്കരിച്ചാൽ ഒടിയാത്ത മുനയുണ്ടോ? സർവവ്യാപിയായ ഒരുദാഹരണമുണ്ട്: കാതലുള്ള ധിക്കാരികളെ മിക്ക സമൂഹങ്ങളും തളക്കുക ആ ചിന്തകൾ മുഖ്യധാരാ പഠിപ്പിൽ ഉൾപ്പെടുത്തിക്കൊണ്ടാണ്. ജ്വലിച്ചുനിന്ന ചിന്തകളെ ജ്വാലയണച്ച്, വരിയുടച്ച് ഓരോ ചെപ്പിലടക്കുന്നു, മുഖ്യധാരയിൽ പടരാതെ കാക്കുന്നു.
ചെപ്പിലടക്കാനുള്ള ചെപ്പടിവിദ്യയാണ് അക്കാദമിക് കൊടുവാക്ക് -ജാർഗൺ. അതിൽ മുക്കിയാൽ തുരുമ്പിക്കാത്ത ഉരുക്കില്ല. ഇങ്ങനെ സംസ്കരിച്ചെടുക്കുമ്പോൾ ചിന്തകൾക്കെല്ലാം സദൃശഛായ -ഒരേ അച്ചിലിട്ട ഉരുപ്പടികൾ. ഈ അച്ചുക്കൂടത്തിനുമുണ്ട് ഒരു ക്രിയാസമുച്ചയം: ‘വിഷയ വിദഗ്ധരുടെ വ്യാഖ്യാനം, സ്ഥിരം ഗവേഷണമൂശ, പിഎച്ച്.ഡി പ്രബന്ധം, വരണ്ട പാഠപുസ്തകഭാഷ, ചർവ്വിതജാടയാകുന്ന സെമിനാർ. സാരവും സത്തയും ചവച്ചരച്ച് ചണ്ടിയാക്കി തുപ്പിത്തരുന്നു –ഇതാ വിമതം നളപാകം, പൊതു ഉപഭോഗത്തിന് സുരക്ഷിതം.
ഈ ദുർവിധി മുന്നേ കുറിച്ചു, നീച്ച: ‘‘ഒരു ചിന്തയെ എതിർത്ത് കീഴ്പ്പെടുത്താനാകുന്നില്ലെങ്കിൽ പാഠ്യവസ്തുവാക്കി തളച്ചിടുക. അതോടെ കഥ കഴിഞ്ഞോളും.’’ അറം പറ്റി. സാക്ഷാൽ നീച്ചയും ഇന്ന് വെറുമൊരു സർവകലാശാലാ പാഠ്യച്ചരക്ക്. അവിടങ്ങളിലിന്ന് ‘പഠനം’ തകൃതി, പരേതന്റെ ചിന്തകളെ പ്രശ്നവത്കരിച്ച്.
‘പ്രശ്നവത്കൃതം’ എന്നുതന്നെയാണ് പാഠ്യാവതരണ ഭാഷ. എന്നുവെച്ചാൽ, പഠിക്കാനായി വെച്ചിരിക്കുന്ന ഈ ചിന്തയുടെ കാര്യത്തിൽ തർക്കവും സംശയവുമുണ്ടെന്ന് മുന്നുര. അഥവാ, മുഖ്യധാര ഇത് സ്വീകരിക്കുന്നില്ല, ധിഷണാ ഷോകേസിലെ കൗതുകവസ്തു മാത്രം. പ്രശ്നവത്കൃതം എന്ന അടിവരയോടെ ഈ പ്രദർശനവസ്തുക്കൾ പഠിക്കുന്നവർ ദന്തഗോപുര താരിപ്പുകൾ ശിരസ്സാവഹിച്ച് അധ്യയനം കഴിക്കുന്നു. അനന്തരം മുഖ്യധാരാ ചിന്തയിൽതന്നെ കാലക്ഷേപം ചെയ്യുന്നു. എങ്കിലെന്തിനിത് പഠിക്കുന്നു? അങ്ങനെയൊരു മൗലിക ചോദ്യം പറ്റത്തിനില്ല. ഒറ്റപ്പൂരാടങ്ങൾ ചോദിച്ചെങ്കിലായി, വല്ലപ്പോഴും.
പറ്റം ചേരൽ സർവവ്യാപി മാത്രമല്ല, സർവദംശിയുമാണ്. പറ്റം ചേരാനുള്ള ത്വര തന്നെയായിട്ടുണ്ട് ഇന്ന് മുഖ്യചിന്ത. മനുഷ്യർ അറിവ് തേടുന്നത് പറ്റത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കാനും അതിന്റെ അംഗീകാരം തരപ്പെടുത്താനുമാണ്. അതുവഴി പറ്റത്തിന് തങ്ങളെ ആവശ്യമാക്കാനും. ഉത്കൃഷ്ട മൂല്യങ്ങളുടെയും പുരോഗമന ചിന്തയുടെയും പേരിൽ ഇന്ന് എവിടെയും നടമാടുന്നത് നോക്കൂ -ഇടയധാരക്ക് പുഷ്ടിയുണ്ടാക്കൽ, കോയ്മ ഉറപ്പിക്കൽ.
അതിനുവേണ്ടി അതത് മുഖ്യധാരകളിലെ കുത്സിത ലീലയേതും ആടാൻ മടിയില്ല മുതിർന്നവർക്കും മുതിരുന്നോർക്കും. സ്ഥാപനമേതുമാവെട്ട -സർക്കാരോ രാഷ്ട്രീയകക്ഷിയോ, സർവകലാശാലയോ, അക്കാദമികളോ, മതങ്ങളും മാധ്യമങ്ങളും, കുടുംബംപോലുമോ. ഇൗ കൈതവമാണ് പൗരധർമമെന്ന മട്ട്. അതൊരു പോരാട്ടമാണെന്ന ഭാവംപോലുമുണ്ട്.
ഇവ്വിധം രോഗാതുരമായിരിക്കുന്നു പറ്റജീവിതം. ഇതൊക്കെ നാട്ടുനടപ്പാണെന്ന സ്ഥിരം ഒഴികഴിവുണ്ട്. എല്ലാവർക്കും സന്നിപാതജ്വരം, അതുകൊണ്ട് സന്നിപാതജ്വരത്തിന്റെ ഗൗരവം തെല്ല് കുറയുന്നുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.