ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം പോഷകസുരക്ഷ സംബന്ധിച്ച പല മേഖലകളിലും കേരളം പിന്നോട്ട് നടക്കുന്നു എന്നാണ്. കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് 2015-16 ല്‍ 19.7 ശതമാനം ഉണ്ടായിരുന്നത് 23.4 ശതമാനം ആയി വര്‍ധിച്ചു. എന്താണ് പോഷകസുരക്ഷയുടെ തലത്തിൽ നടക്കുന്നത്? എന്താണ് പ്രതിവിധി?
പോഷകാഹാര സുരക്ഷ രാജ്യത്തെ ഓരോ പൗരനെയും സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ടതാണ്. നിപ വൈറസും എംപോക്‌സ് വൈറസും മുന്നോട്ടുവെക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ ഭീഷണിയിലും ഭീതിയിലുമാണ് കേരളമിപ്പോള്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് പോഷകാഹാര രംഗത്തെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടത്. ഏറെ ചിന്തിക്കേണ്ടതും ഉടനടി പരിഹരിക്കേണ്ടതുമായ വസ്തുതകളിലേക്കാണ് ബന്ധപ്പെട്ട പല കണക്കുകളും വിരല്‍ ചൂണ്ടുന്നത്. ആഗോള വിശപ്പ് സൂചിക 2023 അനുസരിച്ച് 125 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 111 ആണ്.
മാത്രമല്ല, ആഗോള പോഷക സൂചിക 2021 പറയുന്നത് 53 ശതമാനം വരുന്ന ഇന്ത്യയിലെ സ്ത്രീകള്‍ വിശേഷിച്ചും 15 മുതല്‍ 49 വയസ്സുവരെയുള്ളവര്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും കൂടാതെ 34.7 ശതമാനം കുട്ടികളും വളര്‍ച്ച മുരടിച്ചവരാണെന്നുമാണ്. ഇത് ഏഷ്യന്‍ രാജ്യങ്ങളുടെ ശരാശരിയെക്കാള്‍ (21.8 ശതമാനം) വളരെ കൂടുതലാണ് എന്നത് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ് (www.thehindu.com/news).
70 ശതമാനം വരുന്ന ശിശുമരണങ്ങളുടെ പ്രധാന കാരണം പോഷകാഹാരക്കുറവും അതിനോടനുബന്ധിച്ചുള്ള രോഗങ്ങളുമാണെന്നു മാത്രമല്ല പോഷകാഹാര കുറവുകൊണ്ടുള്ള മരണങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും ഇത്യോപ്യക്കും വളരെ അടുത്താണ് താനും!
ഇൗ അവസരത്തിലാണ് സെപ്റ്റംബർ ദേശീയ പോഷകാഹാര മാസമായി രാജ്യം ആചരിക്കുന്നത്. ജനങ്ങളെ സമീകൃത ആഹാരരീതികള്‍ പഠിപ്പിക്കുക, ജീവിതശൈലികളില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുത്തുകൊണ്ട് പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഏവര്‍ക്കും പോഷകഗുണമുള്ള ഭക്ഷണം എന്നാണ് 2024ലെ ആപ്തവാക്യം. ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോകത്തുനിന്നും പട്ടിണി തുടച്ചുനീക്കുക, അതുപോലെ ഭക്ഷ്യസുരക്ഷ കൈവരിക്കുക എന്നത്. ജീവിതശൈലീ രോഗങ്ങളെയും അമിതവണ്ണവും നിയന്ത്രിക്കുക എന്നത് ഇന്ന് ആരോഗ്യ പോഷക സുരക്ഷാ പരിപാടികളുടെ ഭാഗമാണ്.
തിരിഞ്ഞു നടക്കുന്നോ കേരളം?
രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത് എന്നതില്‍ സംശയമില്ല. വിശേഷിച്ചും മാതൃ-ശിശു മരണ നിരക്കിലെ കുറവിലും, ആരോഗ്യരംഗത്തെ വിദ്യാസമ്പന്നരായ ആളുകളുടെ സേവനം എന്നിവയിലും മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും നമ്മള്‍ മുന്നിലാണ്. എന്നിരുന്നാലും, ദേശീയ കുടുംബാരോഗ്യ സർവേ ഫലം 2019-2021 പറയുന്നത് പോഷകസുരക്ഷ സംബന്ധിച്ച പല മേഖലകളിലും കേരളം പിന്നോട്ട് നടക്കുന്നു എന്നാണ്.
ഉദാഹരണത്തിന് കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് (stunting) 2015-16ല്‍ 19.7 ശതമാനം ഉണ്ടായിരുന്നത് 23.4 ശതമാനമായി വര്‍ധിച്ചു. ജില്ല തിരിച്ചുള്ള കണക്കുകള്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നവയാണ്. എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, പാലക്കാട് എന്നിങ്ങനെയുള്ള ജില്ലകളില്‍ അനീമിയ, ഭാരക്കുറവ്, വളര്‍ച്ചമുരടിപ്പ് എന്നിവ വളരെ പ്രത്യക്ഷമായ അളവില്‍ കൂടുതലാകുന്നു എന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. എറണാകുളത്തുമാത്രം 9.6 ശതമാനം വളര്‍ച്ച മുരടിപ്പും 7.4 ശതമാനം ഭാരക്കുറവും 13 ശതമാനം അനീമിയ വര്‍ധനയുമുണ്ടായി എന്നത് വസ്തുതയാണ്.
പാലക്കാട് ജില്ലയില്‍ ഭാരക്കുറവ് വലിയതോതില്‍ കൂടി അത് 10.6 ശതമാനത്തില്‍ എത്തിനിൽക്കുന്നു. കാസർകോട് ജില്ല ഭാരക്കുറവിലും (7.5 ശതമാനം) അതുപോലെ വളര്‍ച്ച മുരടിപ്പിലും (6.6 ശതമാനം) വർധന ഉണ്ടായതായി കാണിക്കുന്നു. വയനാട് ജില്ല താരതമ്യേന മെച്ചപ്പെട്ട തോതില്‍ അനീമിയയെയും (6.2 ശതമാനം) അതുപോലെ ഭാരക്കുറവിനെയും (4.7 ശതമാനം) പ്രതിരോധിച്ചപ്പോള്‍ വളര്‍ച്ച മുരടിപ്പ് പേക്ഷ കൂടുതലായി (3.6 ശതമാനം) – IIPS 2022.
ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പോഷക ആരോഗ്യരംഗത്ത് കേരളം ഇനിയും ശ്രദ്ധിക്കേണ്ട ഒരുപാട് മേഖലകള്‍ ഉണ്ടെന്ന് തന്നെയാണ്. അനീമിയയും ഭാരക്കുറവും വളര്‍ച്ച മുരടിപ്പും സമീകൃത ഭക്ഷണ ലഭ്യതയുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യങ്ങളാണ്. നമ്മുടെ പൊതു വിപണിയില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ സമീകൃതമാണോ എന്ന് പരിശോധിച്ചുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഭക്ഷ്യ വൈവിധ്യം ശോഷണം നേരിടുന്നു എന്നും അതിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ഏറ്റവും ആവശ്യമാണെന്നും നിസ്സംശയം പറയാം. പുരയിട പോഷകാഹാര തോട്ടങ്ങള്‍ വീണ്ടും സജീവമാക്കേണ്ടതിന്റെ പ്രാധാന്യം ഏറിവരികയാണ്.
മാത്രമല്ല, കൃഷിക്കാര്‍ക്ക് ഉയര്‍ന്ന പോഷകമൂല്യമുള്ളതും, ഉൽപാദനക്ഷമതയുള്ളതുമായ തൈകള്‍ യഥാസമയം എത്തിക്കേണ്ടതിന്റെ പ്രാധാന്യവുമുണ്ട്. മാറുന്ന കാലാവസ്ഥ നടീലിനെയും വിളവെടുപ്പിനെയും ഒരുപോലെ ബാധിക്കുന്നതാണ്. ഇതിന് പുറമെ വര്‍ധിച്ചുവരുന്ന രോഗ കീടങ്ങളുടെ അളവ് ഉൽപാദനത്തെ ഗണ്യമായി കുറക്കുന്നതുമാണ്. ഈ പശ്ചാത്തലത്തില്‍ വേഗത്തില്‍ വളരുന്നതും എളുപ്പം വിളവെടുക്കാന്‍ കഴിയുന്നതുമായ നടീൽവസ്തുക്കൾ കൃഷിക്ക് ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്.
ഭക്ഷണമെന്ന സാമൂഹിക അടയാളം
പിയറി ബോധിയോ തുടങ്ങിയ ചിന്തകര്‍ ഭക്ഷണത്തെ സാമൂഹിക പദവി, വര്‍ഗം എന്നിവ സൂചിപ്പിക്കുന്ന സൂചകങ്ങള്‍ ആയിരിക്കണമെന്നും സമൂഹത്തിന്റെ അധികാര ബന്ധങ്ങളെ മനസ്സിലാക്കാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന വഴിയെന്നും പറഞ്ഞുെവക്കുന്നുണ്ട് (Bourdieu, 1979). പിന്നാക്ക വിഭാഗങ്ങളില്‍ പ്രത്യേകിച്ചും ആദിവാസികൾക്കിടയില്‍ ഇത് ഏറെ സ്പഷ്ടവും പ്രത്യക്ഷവുമാണ്. അവരുടെ ജീവിതത്തിന്റെ ഭാഗമായ ഇലക്കറികളും കിഴങ്ങുകളും കൂണുകളും കൂടാതെ ഞണ്ട് തുടങ്ങിയ മറ്റ് ചെറുജീവികളുമെല്ലാം മറ്റ് ആളുകളുടെ അവജ്ഞക്ക് പാത്രമാകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടുന്ന വലിയ ചോദ്യമാണ്.
ഭക്ഷണകൂടയുടെ വൈവിധ്യം പൊതുസമൂഹത്തിന്റേത് ഏറെ കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, ആദിവാസി-ഗോത്ര വര്‍ഗക്കാരുടെ ഭക്ഷണകൂട എന്നത് വൈവിധ്യത്താല്‍ ഏറെ വലുതും പോഷകമൂല്യം കൂടുതല്‍ ഉള്ളതുമാണ്. വീടും പരിസരവും അതിനോട് ചേര്‍ന്നുള്ള പാതയോരവും തീര്‍ക്കുന്ന ഇലക്കറികളും ജീവജാലങ്ങളും തീര്‍ക്കുന്ന ഭക്ഷണവൈവിധ്യം ഏറെ വലുതാണ്. ഇതില്‍ പലതും പക്ഷേ, പൊതുസമൂഹത്തിന് മനസ്സിലായിക്കൊള്ളണമെന്നില്ല! എന്നിരുന്നാലും തലമുറയായി കൈമാറിവന്ന അറിവുകള്‍കൊണ്ടാണ് ഗോത്രവര്‍ഗ സമൂഹം ഇന്നും ഈ ഭക്ഷണവൈവിധ്യത്തിന്റെ പ്രയോഗ വക്താക്കളായി നിലനിൽക്കുന്നത്.
ഭക്ഷണവൈവിധ്യത്തെ കുറിച്ചുള്ള അറിവുകളും പഠനങ്ങളും രേഖപ്പെടുത്തലുകളും എന്നത്തേക്കാള്‍ ഏറെ ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കാരണം, ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍പോലും അവരുടെ പുതുതലമുറ പഴമയെ പുണരാന്‍ ഇഷ്ടപ്പെടുന്നവരല്ല. അപ്പോള്‍ നിലവിലുള്ള ഊരു മൂപ്പന്മാരില്‍നിന്നും മറ്റ് ആളുകളില്‍നിന്നും അറിവുകള്‍ ശേഖരിക്കുകയും അവയെ സൂക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന അറിവുകളെ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഒരു പുതിയ മൂല്യവർധിത ഭക്ഷ്യവിഭവത്തിന്റെ നിർമാണത്തിന് ഈ അറിവുകള്‍ നമുക്ക് ഉപയോഗപ്പെടുകയും ചെയ്യും.
പരമ്പരാഗത ഭക്ഷണവൈവിധ്യത്തിന്റെ മൂല്യവർധന ഏറെ പ്രധാനമാണെന്ന് മാത്രമല്ല, കാലഘട്ടത്തിന്റെ ആവശ്യകതയുമാണ്. ചുരുളിയും ചെറുകടലാടിയും മണിത്തക്കാളിയും തീര്‍ക്കുന്ന രുചിക്കൂട്ടുകള്‍ പൊതുസമൂഹത്തിന്റെ ഭക്ഷണകൂടയിലേക്കും തീന്‍മേശയിലേക്കും എത്തിച്ചേരണം.
ഇതിനുള്ള ആദ്യപടി വൈവിധ്യവും ആകര്‍ഷകവുമായ ഭക്ഷണവസ്തുക്കള്‍ ഇവയില്‍നിന്നും ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതിനായി പൊതുജന ശ്രദ്ധ ആകര്‍ഷിക്കും വണ്ണം പരിപാടികള്‍ ആസൂത്രണംചെയ്യുകയും നടപ്പാക്കുകയും വേണം. പത്തില ചന്തകളും, ആദിവാസി ഭക്ഷണത്തിന് പ്രാമുഖ്യം കൊടുക്കുന്ന തരത്തിലുള്ള ഫുഡ് ഫെസ്റ്റിവലുകളും മറ്റു വിപണന സംവിധാനങ്ങളും വലിയതോതില്‍ സംഘടിപ്പിക്കേണ്ടത് ഓരോ പഞ്ചായത്തിന്റെയും ഉത്തരവാദിത്തമായി മാറണം. മറ്റൊന്ന് ഇവയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം എന്നതാണ്.
പോഷകഗുണം, ഔഷധഗുണം എന്നിവക്ക് പുറമെ രുചിയെയും സംബന്ധിക്കുന്ന പഠനങ്ങള്‍ ചെയ്യാന്‍ തയാറാകണം. കൂടാതെ പരമ്പരാഗത ഭക്ഷണം പാകംചെയ്യല്‍ പ്രക്രിയകള്‍, ഭക്ഷ്യസംസ്‌കരണ രീതികള്‍ എന്നിവയെക്കുറിച്ചും കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ശേഖരണ രീതികളെക്കുറിച്ചും എല്ലാം പഠനം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.
ഇത്തരത്തില്‍ പൊതുസമൂഹം പരമ്പരാഗത ഭക്ഷ്യവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരും കരുതല്‍ ഉള്ളവരുമാകുന്നത് ഭക്ഷണത്തിന്റെതന്നെ സാമൂഹിക സൂചിക ഉയര്‍ത്തുന്നതിന് കാരണമാകും. മാത്രമല്ല, ഇത്തരം ഭക്ഷണം കഴിക്കുന്നത് അത് സാധാരണയായി ഉപയോഗിക്കുന്ന ഗോത്രവർഗക്കാര്‍ക്ക് അഭിമാനമായി മാറുന്ന സാഹചര്യം മനഃപൂര്‍വം നിർമിച്ചെടുക്കുന്നതിന് സഹായിക്കും.
മാറുന്ന കാലാവസ്ഥയും മാറ്റേണ്ട പദ്ധതികളും
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഭക്ഷണോൽപാദന രംഗത്ത് നടത്തുന്ന പദ്ധതികളെ പുനര്‍ചിന്തിക്കേണ്ടത് അനിവാര്യമാണ്. കൃഷിഭവനിലൂടെയും അനുബന്ധ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും നടപ്പാക്കുന്ന പദ്ധതികള്‍ മിക്കവയും ഏക ശിലാരൂപമുള്ളവയാണ് എന്നും അവയെല്ലാം കേന്ദ്രീകൃതമായി ആവിഷ്‌കരിക്കപ്പെടുകയും എല്ലാ ജില്ലകളിലും ഒരേപോലെ നടപ്പാക്കുകയുംചെയ്യുന്നവയാണ്.
എന്നിരുന്നാല്‍, മാറുന്ന കാലാവസ്ഥ ഓരോ പ്രദേശത്തും ഓരോ തരത്തില്‍ ബാധിക്കുന്നതിനാല്‍ ഇത്തരം പദ്ധതികള്‍ വേണ്ടത്ര ഫലപ്രാപ്തിയെത്താനുള്ള സാധ്യത ഇപ്പോള്‍ വളരെ കുറവാണ്. അതിനാല്‍, കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന വികേന്ദ്രീകൃത ആസൂത്രണവും പ്രദേശത്തിന് അനുരൂപമായ പദ്ധതികളും വളരെ ആവശ്യമാണ്.
പ്രാദേശികാടിസ്ഥാനത്തില്‍ കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുകയും അവ യഥാസമയം കൃഷിക്കാരിലേക്കും പ്രദേശവാസികളിലേക്കും എത്തിക്കുന്ന ഗ്രാമീണ പഠനകേന്ദ്രങ്ങളുടെ വര്‍ധിച്ച ആവശ്യം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ശാസ്ത്രത്തെ ജനകീയവത്കരിക്കുന്ന ഇടപെടലുകള്‍ ആവശ്യമാണ്. മഴ അളക്കുന്നതിനു പുറമെ, ചൂടും അതുപോലെ ഈര്‍പ്പവും അളക്കാന്‍ ഗ്രാമീണരെ സജ്ജരാക്കാന്‍ കഴിയണം. മാത്രമല്ല, സ്‌കൂള്‍തലം മുതല്‍ കുട്ടികളെ ഇത്തരത്തില്‍ പരിശീലിപ്പിക്കുന്നത് കാലാവസ്ഥാ ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനും കാരണമാകും.
ഇതിനുപുറമെ പ്ലാന്റ് ഡോക്ടര്‍മാര്‍ എന്ന നിലയില്‍ കൃഷി അറിവുള്ള ആളുകളെ പ്രാദേശികമായി ലഭ്യമാക്കാനും കൃഷിയിലെ നൂതന രീതികളും രോഗ-കീട പ്രതിരോധ മാര്‍ഗങ്ങളും എളുപ്പത്തില്‍ എത്തിക്കാനുള്ള നടപടികളും ആവശ്യമാണ്. ഇത് പ്രാദേശികമായി വിളവുൽപാദനത്തെ വർധിപ്പിക്കുന്നതിനും പോഷകാഹാര സുരക്ഷക്കും കൂടുതല്‍ സഹായകരമാകും. പലപ്പോഴും Climate Smart കൃഷികള്‍ എന്നറിയപ്പെടുന്ന പല കൃഷികളും തീവ്ര കാലാവസ്ഥാ അനുഭവത്താല്‍ പൂര്‍ണ ഫലപ്രാപ്തി നേടാനാവാത്ത കാഴ്ചയാണ് നിലവില്‍ കേരളത്തിലുള്ളത്.
ബയോ ഫോര്‍ട്ടിഫിക്കേഷന്‍
വിളകളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കൂടുതല്‍ മെച്ചമായി വിറ്റമിനുകളും മിനറലുകളും മറ്റ് പോഷകങ്ങളും ഉൽപാദിപ്പിക്കാന്‍ കഴിയുന്ന വിളകള്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ആഗസ്റ്റ് 2024 വരെ 109 പുതിയ ഇനങ്ങള്‍ ICAR ഉൽപാദിപ്പിക്കുകയും അതില്‍ പലതും കൃഷിക്കാര്‍ക്ക് ലഭ്യമാക്കികൊണ്ടിരിക്കുന്നുമുണ്ട്. നെല്ലില്‍ ധന്‍-45 , ഗോതമ്പില്‍ അറ്റ്‌ലസ്-66, മധുരക്കിഴങ്ങില്‍ ഭു-സോന, ഭു-കൃഷ്ണ എന്നിങ്ങനെയുള്ള ഇനങ്ങള്‍ ഉദാഹരണങ്ങളാണ്.
ഈ വിളകള്‍ ഭക്ഷ്യസുരക്ഷ മാത്രമല്ല പോഷകാഹാര സുരക്ഷയിലും ഗണ്യമായ പങ്കുവഹിക്കുന്നു. ഇവയെ ഗ്രാമീണ ഇന്ത്യയുടെ വിളവൈവിധ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് രാജ്യത്തിന്റെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വലിയതോതില്‍ സഹായിക്കാന്‍ സാധിക്കും.
ഇതിനുപുറമെ, മഴ മറകള്‍, ഗ്രീന്‍ ഹൗസുകള്‍, വെര്‍ട്ടിക്കല്‍ ഫാമിങ് എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങള്‍ കൃഷിയില്‍ ഉപയോഗിക്കുന്നത് ഭക്ഷ്യോൽപാദനം വർധിക്കുന്നതിനും വീടുകളിലെ ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും ഉപകരിക്കും. മാത്രമല്ല, വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ വലിയൊരളവില്‍ തടഞ്ഞു നിര്‍ത്തുന്നതിനും ഇത്തരം സംരക്ഷിത കൃഷികള്‍കൊണ്ട് കഴിയും. കുറഞ്ഞ സ്ഥലത്തുനിന്നും ‘കൂടുതല്‍ വിളവ്, കൂടുതൽ പോഷണം’ എന്ന ആശയം പ്രാവര്‍ത്തികമാക്കാനും കഴിയും. ഇതിലൂടെ ആധുനിക കൃഷിരീതികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നതിനും കഴിയും.
പോഷകത്തോട്ടമാകേണ്ട അടുക്കളത്തോട്ടം
അനുദിനമെന്നവണ്ണം അടുക്കളത്തോട്ടങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരുകയാണ്. കേവലം വിശ്രമത്തിനും വിനോദത്തിനുമെന്നതിലുപരി പോഷകസമ്പന്നമായ ഭക്ഷണം ഉൽപാദിപ്പിക്കുന്ന ഇടങ്ങള്‍ എന്നരീതിയില്‍ അടുക്കളത്തോട്ടങ്ങളുടെ പ്രാധാന്യം കൂട്ടേണ്ടത് ഏറെ അനിവാര്യമാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ കണ്ടെത്തലുകള്‍ പ്രയോഗത്തില്‍ വരുത്താനുള്ള പ്രധാന ഇടവും മട്ടുപ്പാവുകളിലും വീടിനോടുചേര്‍ന്നുമുള്ള കൃഷിയിടങ്ങളിലാണ്.
നാനോ വളങ്ങള്‍ മുതല്‍, ഫെര്‍ട്ടിഗേഷന്‍ തുടങ്ങി ബയോ ഫെര്‍ട്ടിലിസ്റ്റ്‌സ് വരെ ഉപയോഗിച്ചുകൊണ്ട് കൃഷിയെ നവീകരിക്കാനും ഉൽപാദന വർധനക്കും സഹായിക്കുംവിധം ഇത്തരം ഇടങ്ങളെ മാറ്റിത്തീര്‍ക്കാന്‍ നമുക്ക് കഴിയണം. ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള, വിശേഷിച്ചും കൃഷിമേഖലകളിലുള്ള കണ്ടെത്തലുകളില്‍ മിക്കവയും കുറഞ്ഞ ഇടങ്ങളില്‍നിന്നും കൂടുതല്‍ വിളവ് നേടാന്‍ കഴിയുംവിധത്തിലുള്ളവയുമാണ്.
ഇതിനുള്ള ആദ്യപടി എന്നത് സമൂഹത്തില്‍ ഇന്ന് നിലവിലുള്ള ശാസ്ത്രീയ കൃഷിക്കെതിരായ മനോഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ്. എല്ലാ രാസവസ്തുക്കളും വിഷമാണെന്നും രാസവസ്തുക്കളെല്ലാം കാന്‍സറിനും മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നു എന്നെല്ലാമുള്ള അബദ്ധധാരണകള്‍ നമ്മുടെ സമൂഹത്തെ പിന്നോട്ട് നയിക്കുമെന്നതില്‍ സംശയമില്ല!
കാലാവസ്ഥാ മാറ്റം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ഇസ്രായേല്‍ എന്ന രാജ്യം രാഷ്ട്രനിർമിതിക്കുശേഷം നാളിതുവരെ ഭക്ഷണോൽപാദന രംഗത്തുണ്ടാക്കിയ വർധന 1700 മടങ്ങായിരുന്നു എന്നത് നാമെല്ലാവരും ഏറെ ചിന്തിക്കേണ്ട ഒരു വസ്തുതയാണ് (Motti, 2024). തീര്‍ച്ചയായും ശാസ്ത്ര-സാങ്കേതികവിദ്യകളുടെ കൃത്യമായ ഉപയോഗംകൊണ്ടാണ് അവര്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നത്. കൃഷിയെ ആധുനികവത്കരിക്കുന്നതും ശാസ്ത്രീയമാക്കേണ്ടതും പോഷകാഹാര സുരക്ഷ കൈവരിക്കാന്‍ നമ്മെ ഏറെ സഹായിക്കും.
അംഗൻവാടികളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചുള്ള പോഷക തോട്ടങ്ങള്‍ കുട്ടികളില്‍ ചെറുപ്പത്തില്‍തന്നെ പോഷകാഹാരത്തെ സംബന്ധിച്ചുള്ള അറിവുള്ളവരാക്കുന്നതിന് സഹായിക്കും. മാത്രമല്ല, അവരുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉൾപ്പെടുത്തുന്നതിനാല്‍ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കും.
പോഷക തോട്ടങ്ങള്‍ വീടുകളിലുണ്ടാക്കുമ്പോള്‍ അവ ഘടനാപരമായതും അല്ലാത്തതും എന്ന് രണ്ടായി തിരിക്കാന്‍ കഴിയും. ഘടനാപരമായതില്‍ കൃത്യമായ പോഷകങ്ങളുള്ള ചെടികളെ സ്ഥലത്തിന്റെ ലഭ്യതക്കനുസരിച്ച് ഉണ്ടാക്കുമ്പോള്‍ ഘടനാപരമല്ലാത്തത് (unstructured) പോഷകങ്ങളടങ്ങിയ ചെടികളെമാത്രം ഉദ്ദേശിച്ചുകൊണ്ട് ഉണ്ടാക്കുന്നു.
അഗത്തിചീര മുതല്‍, വെണ്ട, വഴുതന പയര്‍, മുരിങ്ങ തുടങ്ങിയവയെല്ലാം അടുക്കള തോട്ടത്തില്‍ ഉണ്ടാക്കുന്ന പോഷകസമ്പന്നമായ പച്ചക്കറികളാണ്. എങ്കിലും ശാസ്ത്രീയ കൃഷിരീതികള്‍ പിന്തുടര്‍ന്നുകൊണ്ട് കൃഷിയെ മറ്റൊരുരീതിയില്‍ സമീപിക്കാനും ഉൽപാദന വർധനക്ക് കാരണമാകാനും കൂടാതെ പോഷകസുരക്ഷ കൈവരിക്കാനും നമുക്ക് കഴിയും.
പങ്കാളിത്ത പ്രതിരോധ മാര്‍ഗങ്ങള്‍
ജന പങ്കാളിത്തത്തോടെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ശരിയായ ഉപയോഗവുംകൊണ്ടു വേണം പോഷകരംഗത്തെ വെല്ലുവിളികളെ നേരിടാന്‍. അംഗൻവാടികളിലും സ്‌കൂളുകളിലും പോഷക തോട്ടങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഉണ്ടാക്കിക്കൊണ്ട് വിദ്യാർഥികളില്‍ പോഷകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയണം. സാധാരണക്കാരന്റെ പോഷക സുരക്ഷ ഉറപ്പാക്കുന്നതില്‍ പുരയിട കൃഷിക്ക് വലിയ പ്രാധാന്യമാണുള്ളത്.
കൃഷിഭവനുകളുടെയും പഞ്ചായത്തുകളുടെയും സഹായത്തോടുകൂടി ഓരോ വീട്ടിലും പുരയിട കൃഷി കൂടുതലായി ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണം. കൂടാതെ, സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗക്കാരെ മുന്നില്‍ കണ്ടുകൊണ്ട് അവരുടെ വൈവിധ്യം സൂക്ഷിക്കാൻ പോഷകസുരക്ഷ ഉറപ്പിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. വളരെ വേഗതയില്‍ വളരുന്നതും മികച്ച പോഷക ഗുണങ്ങളുള്ളതുമായ ചെടികള്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ കാര്‍ഷിക സര്‍വകലാശാലകളെ സജ്ജമാക്കണം.
ഓരോ പഞ്ചായത്തിലും പ്രാദേശിക കൃഷി-കാലാവസ്ഥ വിജ്ഞാനകേന്ദ്രങ്ങള്‍ ഉണ്ടാകുകയും അവിടെ പൊതുജന പങ്കാളിത്തത്തോടുകൂടി വിവരങ്ങള്‍ ശേഖരിക്കുകയും അവ നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി കൃത്യസമയത്ത് ഗ്രാമവാസികളിലേക്ക് എത്തിക്കുകയും വേണം. സോഷ്യല്‍ മീഡിയ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ സഹായിക്കുന്നത് വിവരങ്ങള്‍ വേഗത്തില്‍ കൈമാറ്റം ചെയ്യാന്‍ സഹായിക്കും.
പോഷക സമീകൃതമായ ആഹാരം ആരോഗ്യമുള്ള ഒരു സമൂഹത്തെ നിർമിക്കാന്‍ ആവശ്യമാണ്. നിപയും എംപോക്സും പോലുള്ള ജന്തുജന്യ രോഗങ്ങള്‍ അതീവ ഭീഷണിയായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ആരോഗ്യമുള്ള ഒരു സമൂഹമായി കേരളം നിലകൊള്ളേണ്ടത് അനിവാര്യമാണ്.
കൃഷിയെ കൂടുതല്‍ ആധുനികവത്കരിക്കുന്നത് ഉൽപാദനമികവിന് മാത്രമല്ല, മറിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്ന പ്രദേശങ്ങളായി കൃഷിയിടങ്ങള്‍ മാറ്റിത്തീര്‍ക്കുന്നതിനും സഹായിക്കുന്നു. കുറഞ്ഞതും മികവുറ്റതുമായ ജലസേചന, വളപ്രയോഗ, കീടനാശിനി ഉപയോഗങ്ങള്‍ ആത്യന്തികമായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് സഹായിക്കും. അതിനായി നിലവിലുള്ള പദ്ധതികളെ ജനപങ്കാളിത്തത്തോടെയും ശാസ്ത്ര-സാങ്കേതികവിദ്യകളിലൂടെയും മുന്നേറാന്‍ നമുക്ക് കഴിയണം.
===========
സൂചിക
1. International Institute For Population Sciences (2022) National Family Health Survey -2019 -21, India Report, Ministry of Health and Family Welfare, Govt. of India.
2. Bourdieu, Pierrie. ‘Introduction’ Distinction: A Social Critique of the Judgement of Taste. Trans. R Nice. London: Routledge, 1979. Print.
3. Mottilevin (2024) Securing Food From Green Revolution To Precision and Sustainability. Lecture at International Conference on Hunger free world: Prof. M.S. Swaminathan's vision for an evergreen revolution. Chennai MSSRF, 2024.
4. https://www.thehindu.com/news/national/india-ranks-111-out-of-a-total-of-125-countries-in-global-hunger-index/article67412042.ece.
(എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ശാസ്ത്രജ്ഞരാണ് ലേഖകർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.