വ്യവഹാരങ്ങളിലെ സുഖ ദുഃഖങ്ങൾ

രാഷ്ട്രീയ കാരണങ്ങളാൽ സുപ്രീംകോടതിയിൽ എത്താതെ ഒറീസാ ഹൈകോടതിയിൽനിന്ന് ചീഫ് ജസ്റ്റിസായി റിട്ടയർചെയ്ത എസ്. മുരളീധറെ കുറിച്ചും വ്യവഹാരങ്ങളിലെ കാലതാമസത്തെക്കുറിച്ചും എഴുതുന്നു.ഇതെഴുതുമ്പോൾ സുപ്രീംകോടതിയിൽനിന്ന് മറ്റൊരു കേസിൽ അനുകൂലമായ വിധി വന്നിരിക്കുന്നു. ഏതാണ്ട് 11 വർഷമെടുത്ത ആ കേസിനെക്കുറിച്ച് ഇവിടെ പ്രത്യേകമായി എഴുതാൻ കാരണമുണ്ട്. മുമ്പ് ഒരു അധ്യായത്തിൽ സൂചിപ്പിച്ച എന്റെ ആദ്യത്തെ സുപ്രീംകോടതി കേസായിരുന്നു അത്. എന്നെ സുപ്രീംകോടതിയിൽ എത്തിച്ച കേസ്. ആ വിവരം ഇതിനകം വിരമിച്ച അധ്യാപകനായ കക്ഷിയെ അറിയിച്ചപ്പോൾ അയാൾ സന്തോഷംകൊണ്ട് വിതുമ്പുന്നത് ടെലിഫോണിലൂടെ കേൾക്കാമായിരുന്നു....

രാഷ്ട്രീയ കാരണങ്ങളാൽ സുപ്രീംകോടതിയിൽ എത്താതെ ഒറീസാ ഹൈകോടതിയിൽനിന്ന് ചീഫ് ജസ്റ്റിസായി റിട്ടയർചെയ്ത എസ്. മുരളീധറെ കുറിച്ചും വ്യവഹാരങ്ങളിലെ കാലതാമസത്തെക്കുറിച്ചും എഴുതുന്നു.

ഇതെഴുതുമ്പോൾ സുപ്രീംകോടതിയിൽനിന്ന് മറ്റൊരു കേസിൽ അനുകൂലമായ വിധി വന്നിരിക്കുന്നു. ഏതാണ്ട് 11 വർഷമെടുത്ത ആ കേസിനെക്കുറിച്ച് ഇവിടെ പ്രത്യേകമായി എഴുതാൻ കാരണമുണ്ട്. മുമ്പ് ഒരു അധ്യായത്തിൽ സൂചിപ്പിച്ച എന്റെ ആദ്യത്തെ സുപ്രീംകോടതി കേസായിരുന്നു അത്. എന്നെ സുപ്രീംകോടതിയിൽ എത്തിച്ച കേസ്. ആ വിവരം ഇതിനകം വിരമിച്ച അധ്യാപകനായ കക്ഷിയെ അറിയിച്ചപ്പോൾ അയാൾ സന്തോഷംകൊണ്ട് വിതുമ്പുന്നത് ടെലിഫോണിലൂടെ കേൾക്കാമായിരുന്നു. അത്രയും വികാരപ്രകടനം ഉണ്ടാകാൻ മാത്രമുള്ള ഒരു കേസായിരുന്നില്ല അത്.

കേവലം സീനിയോറിറ്റി തർക്കവും അതിന്റെ അടിസ്ഥാനത്തിലുള്ള ഹെഡ്മാസ്റ്റർ പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും മറ്റുമായിരുന്നു കേസിലെ വിഷയം. ഒരു കേസും നിസ്സാരമല്ല എന്നതാണ് യാഥാർഥ്യം. വ്യവഹാരത്തിൽ ഏർപ്പെടുന്നവരുടെ കാഴ്ചപ്പാടാണ് അതിന്റെ പ്രാധാന്യത്തെ നിശ്ചയിക്കുന്നത്. ഇക്കാര്യം മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്​ പലതവണ കോടതി മുറിയിൽ വെച്ചുതന്നെ പറയുന്നത് കേട്ടിട്ടുണ്ട്.

* * *

ആയിടെ സുപ്രീംകോടതിയുടെ 75 വർഷങ്ങൾ വിലയിരുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുന്നുവെന്നും ഒറീസാ ഹൈകോടതിയിൽനിന്നും ചീഫ് ജസ്റ്റിസായി റിട്ടയർ ചെയ്ത എസ്. മുരളീധർ എഡിറ്ററായി പ്രവർത്തിക്കുന്നുണ്ടെന്നും അതിൽ ഒരു ലേഖനം വേണമെന്നും മുരളീധർതന്നെ ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ബന്ധുത്വത്തെക്കുറിച്ച് (fraternity) ഒരു വലിയ പ്രബന്ധംതന്നെ തുളസിയുമായി ചേർന്ന് എഴുതി അയച്ചുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട മുരളീധറുമായി നടത്തിയ ചർച്ച ഒരു ധൈഷണിക സൗഹൃദത്തെക്കൂടിയാണ് സമ്മാനിച്ചത്.

ഉൾക്കാഴ്ചയും അനുഭവസമ്പത്തുമുള്ള മനുഷ്യരോട് സംസാരിക്കുന്നതുപോലും മികച്ച ഒരു ജ്ഞാന സമാഹരണ മാർഗമാണ്. മുരളീധറിന്റെ വിവിധ നിയമ വിഷയങ്ങളിലുള്ള അറിവും പരപ്പും അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കോടതിയിൽ വാദിക്കാൻ അവസരമുണ്ടായില്ലല്ലോ എന്ന സ്വകാര്യദുഃഖമുണ്ടായി –അക്കാര്യം അദ്ദേഹത്തോട് പറഞ്ഞില്ലെങ്കിലും. ഏതായാലും സുപ്രീംകോടതിയിലെ ന്യായാധിപനായി അദ്ദേഹത്തെ നിയമിച്ചില്ല എന്നത് അർഹതയോടുള്ള അവഗണനതന്നെയായിരുന്നു.

2020ൽ ഡൽഹിയിൽ വർഗീയത കത്തിക്കാൻ പൊലീസിന്റെകൂടി നിസ്സംഗ സമീപനം കാരണമായപ്പോൾ അതിനെതിരെ രൂക്ഷമായ പരാമർശങ്ങളാണ് അന്ന് ഡൽഹി ഹൈകോടതിയിൽ ന്യായാധിപനായ മുരളീധർ നടത്തിയത്. അത് വർഗീയ കലാപം ആയിരുന്നില്ല, മറിച്ച് ന്യൂനപക്ഷ വേട്ടതന്നെയായിരുന്നു എന്ന് കരുതുന്നവർ ഏറെയാണ്. എന്തായാലും ഒരു പരിഷ്‍കൃത ജനാധിപത്യത്തിലും സംഭവിക്കാൻ പാടില്ലാത്ത ഈ കിരാതവാഴ്ചയിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

പലർക്കും സാരമായ പരിക്കേറ്റു. നിരവധി പേർ അനാഥരായി. പലർക്കും സ്വത്തുവഹകളും തൊഴിലും ഉപജീവനമാർഗവും നഷ്ടമായി. മരിച്ചവരിൽ ഇരു വിഭാഗവുമുണ്ടെന്ന് സാ​ങ്കേതികമായി പറയാം. എന്നാൽ, മരിച്ചവരെല്ലാം മനുഷ്യരായിരുന്നുവെന്നതിൽ തർക്കമില്ല. ഇത്തരമൊരവസ്ഥയിൽ ഭരണകൂടത്തിന്റെ നിസ്സംഗതയെ ജസ്റ്റിസ് മുരളീധർ തുറന്നെതിർത്തത് ഭരണഘടനാ സംസ്കാരത്തിന്റെ മാ​ത്രം അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹത്തിന് സുപ്രീംകോടതിയിൽ എത്താൻ കഴിഞ്ഞിട്ടില്ലായിരിക്കാം.

എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത് ഭിന്ന വിധിയെഴുതിയ ജസ്റ്റിസ് എച്ച്.ആർ. ഖന്നയെപ്പോലെ മുരളീധറും ജനമനസ്സുകളിൽ സ്ഥാനം നേടി. ഒരു കോടതി ഉത്തരവിന്റെ പേരിൽ അദ്ദേഹത്തിന് സ്ഥലംമാറ്റവും സ്ഥാനക്കയറ്റ നിഷേധവും ഉണ്ടായി എന്ന് പലരും കരുതുന്നു. എന്നാൽ, ചരിത്രം വ്യക്തികളുടെ മൂല്യം നിർണയിക്കുന്നത് ഇത്തരം നൈമിഷികമായ കസേരവലുപ്പങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല. ചരിത്രത്തി​ന്റെ ധാർമികാധികാരം സ്ഥാനമാനങ്ങൾക്കതീതമാണ്.

* * *

സുപ്രീംകോടതിയിൽ വേറെയും ഒട്ടേറെ കേസുകൾ വന്നതോടെ സാമാന്യം നല്ലനിലയിൽ കാര്യങ്ങൾ നീങ്ങി. പക്ഷേ, ഹൈകോടതി വിധികൾക്കെതിരെയുള്ള പ്രത്യേകാനുമതി ഹരജികൾക്ക് സുപ്രീംകോടതിയിൽ അഡ്മിഷൻ ലഭിക്കുക എളുപ്പമാണെന്ന് ധരിക്കരുത്. ഫയൽ ചെയ്യപ്പെടുന്ന കേസുകളിൽ ചെറിയൊരു ശതമാനം കേസുകൾക്ക് മാത്രമേ സുപ്രീംകോടതിയിൽ അഡ്മിഷൻ ലഭിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം. ഇതു മനസ്സിലാക്കി വേണം ജനങ്ങളും പ്രവർത്തിക്കാൻ.

സാധാരണ സിവിൽ കേസുകളിൽ നൽകുന്ന അപ്പീലുകൾ പോലെയല്ല, ഭരണഘടനയുടെ 136ാം അനുഛേദമനുസരിച്ച് പ്രത്യേകാനുമതി ഹരജിക്കൊപ്പം നൽകുന്ന അപ്പീലുകൾ. ജസ്റ്റിസ് ചെലമേശ്വർ പറയാറുള്ളതുപോലെ ഹൈകോടതികൾ വരുത്തുന്ന തെറ്റുകൾ മുഴുവൻ തിരുത്താനായിട്ടുള്ള സ​ങ്കേതമാണ് സുപ്രീംകോടതിയെന്ന ധാരണ താത്ത്വികമായോ പ്രായോഗികമായോ ശരിയല്ല.

ഇതെല്ലാമാണെങ്കിലും ചില ഗൗരവപ്പെട്ട നിയമവിഷയങ്ങൾ ഉന്നയിച്ചുകൊണ്ട്, കഠിനാധ്വാനത്തിന്റെ പിൻബലത്തിൽ തയാറാക്കുന്ന പ്രത്യേകാനുമതി ഹരജികളിൽ ചിലത് കേവലം മൂന്നോ നാലോ മിനിറ്റുമാത്രം അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ നിരാകരിക്കപ്പെടുമ്പോൾ അതുണ്ടാക്കുന്ന ദുഃഖം ചെറുതല്ല. ഈ ദുഃഖം ഞാനും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ ദുഃഖങ്ങളും പ്രകടിപ്പിക്കാനുള്ളതല്ലല്ലോ!

കേവലം നിയമം മാത്രം നോക്കിയല്ല, സുപ്രീംകോടതി പ്രത്യേകാനുമതി ഹരജികളിൽ തീർപ്പ് കൽപിക്കുന്നത്. ഒരു ബാങ്ക് ജീവനക്കാരിക്ക് ലഭിച്ച തൊഴിൽ തെറ്റായി നൽകപ്പെട്ടതാണെന്നും അവരുടെ യോഗ്യത, ബന്ധപ്പെട്ട വിഷയത്തിലല്ല; മറ്റൊരു അനുബന്ധ വിഷയത്തിലാണെന്നും വാദിച്ചുകൊണ്ട് ഒരു ദേശസാൽകൃത ബാങ്ക് സുപ്രീംകോടതിയിലെത്തിയപ്പോൾ യോഗ്യത നേടിയ വിഷയവുമായി ബന്ധപ്പെട്ട ബാങ്കിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു.

എന്നാൽ, ഭരണഘടനയുടെ 142ാം അനുഛേദമനുസരിച്ച് ഒരു പ്രത്യേക കേസിൽ ‘സമ്പൂർണ നീതി’ (complete justice) നടത്താനുള്ള സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീംകോടതി അവരെ പിരിച്ചുവിടരുതെന്ന് പറഞ്ഞു. 142ാം അനുഛേദത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിക്കുവേണ്ടി നടത്തിയ അപേക്ഷ കോടതി അംഗീകരിച്ചു. പരാജയപ്പെടുന്ന കേസുകളിലും ചിലപ്പോൾ ഈ അനുഛേദം വ്യവഹാരികൾക്ക് ആശ്വാസവും അനുഗ്രഹവുമായിത്തീരാറുണ്ട്. ഹൈ​കോടതികൾക്കില്ലാത്ത, സുപ്രീംകോടതിക്ക് മാത്രമുള്ള സവിശേഷാധികാരമാണ് 142ാം അനുഛേദത്തിലൂടെ കൈവരുന്നത്.

11 വർഷങ്ങൾക്കുശേഷമാണ് എ​ന്റെ ആദ്യത്തെ കേസിൽ സുപ്രീംകോടതി തീർപ്പുണ്ടായതെന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, എല്ലാ കേസുകളിലും ഇങ്ങനെ കാലതാമസമുണ്ടാകുന്നുവെന്ന് ധരിക്കരുത്. ഇപ്പോഴും പല കേസുകളിലും ന്യായമായ കാലപരിധിക്കുള്ളിൽ വിധിയുണ്ടാകുന്നുണ്ട്. എന്നാൽ, വേറെ ചില കേസുകളിൽ കാലതാമസവും ഉണ്ടാകുന്നുണ്ട്.

വ്യവഹാരങ്ങളിലെ കാലതാമസം എപ്പോഴും കക്ഷികൾക്ക് പ്രതികൂലമാണെന്ന് കരുതാനാവില്ല. ചിലപ്പോൾ ഇടക്കാല ഉത്തരവുകളും മറ്റും കാരണം കാലതാമസം ചില കക്ഷികൾക്കെങ്കിലും അനുഗ്രഹമായിത്തീരാം. ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എന്റെ കക്ഷി –ഒരു വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ– സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അപ്പീൽ അഡ്മിറ്റ് ചെയ്തുവെങ്കിലും കീഴ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടില്ല.

ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് എം.ആർ. ഷായും അടങ്ങിയ ബെഞ്ച്, പക്ഷേ, എതിർകക്ഷിയായ സർക്കാറിന് നോട്ടീസയക്കാൻ ഉത്തരവിട്ടു. പിന്നീട് കേസ് വർഷങ്ങളോളം സുപ്രീംകോടതിയിൽ കിടന്നു. അതിനിടെ എന്റെ കക്ഷി കാൻസർ ബാധിതനായി. അതിനിടെ, കേസിൽ സ്റ്റേ ഇല്ല എന്ന കാരണം പറഞ്ഞുകൊണ്ട് പൊലീസുകാർ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടക്കാനായി വന്നു.

അപ്പോൾ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇക്കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് കേസ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെ ഉന്നയിച്ചു. കേസ് പെട്ടെന്നുതന്നെ പരിഗണിക്കുകയും അപ്പീൽ തീർപ്പുവരെ അറസ്റ്റ് തടയുകയും ചെയ്തു. പിന്നെയും കേസ് സുപ്രീംകോടതിയിൽ തീർപ്പാകാതെ കിടന്നു. അതിനിടെ കക്ഷി മരിച്ചുപോയി. രോഗാതുരമായ അദ്ദേഹത്തിന്റെ അവസാനകാലം ജയിലിലായിപ്പോകാതെ കാത്തത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ചിൽനിന്നും കിട്ടിയ ഉത്തരവും തുടർന്നും നീണ്ടുപോയ കേസും തന്നെയാണ്.

നേരത്തേതന്നെ കേസ് അന്തിമവാദത്തിനെത്തുമെങ്കിൽ അതിൽ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ചിലപ്പോൾ കാലതാമസം കക്ഷികളിൽ ചിലർക്കെങ്കിലും ഗുണകരമായേക്കാമെന്നതിന് സർവിസ് കേസുകളിലും കാണാം ഉദാഹരണങ്ങൾ. പിരിച്ചുവിടൽപോലുള്ള നടപടികൾ സ്റ്റേ ​ചെയ്യപ്പെട്ടു കഴിഞ്ഞാൽ കേസുകൾ നീണ്ടുപോകുന്നതു വഴിയാകും കക്ഷിക്കെങ്കിലും നീതി നടപ്പാവുക. മറ്റുതരം കേസുകളിലും നീതിയുടെ ഈ ‘വിചിത്രാനുഭവങ്ങൾ’ ചിലപ്പോൾ ഉണ്ടായേക്കാം!

എന്നാൽ, ചിലപ്പോൾ കേസിലെ കാലതാമസം ഉദ്യോഗാർഥികൾക്കും മറ്റും വലിയ കഷ്ടനഷ്ടങ്ങൾക്കിടവരുത്തും. അതിന് ചിലപ്പോൾ സർക്കാറോ പബ്ലിക് സർവിസ് കമീഷനെപ്പോലുള്ള സ്ഥാപനങ്ങൾതന്നെയോ കാരണമായിത്തീരാം. കേരള വാട്ടർ അതോറിറ്റിയിലെ ക്ലറിക്കൽ തസ്തികയിലെ നിയമനത്തിനായുള്ള വിജ്ഞാപനം ഇറങ്ങിയത് 2012ൽ ആയിരുന്നു. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമയുള്ളവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താമോ എന്ന തർക്കം ഉണ്ടായി.

വിജ്ഞാപനത്തിൽ പറഞ്ഞത് സർട്ടിഫിക്കറ്റ് യോഗ്യത മാത്രമായിരുന്നു. അതിനാൽ, ഡിപ്ലോമക്കാർ യോഗ്യരല്ല എന്ന് പി.എസ്.സി നിലപാടെടുത്തു. അങ്ങനെ ആദ്യ റൗണ്ട് കേസ് അവസാനിച്ചു. വിചിത്രമെന്നു പറയട്ടെ, പിന്നീട് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കിയപ്പോൾ അതിൽ ഡിപ്ലോമക്കാരെ ഉൾപ്പെടുത്തി. അതുകാരണം അവസരം നഷ്ട​െപ്പടുമെന്ന് ഭയന്ന സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്കായി ഞാൻ ഹൈകോടതിയിൽ വാദിച്ചു. സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അവർക്കനുകൂലമായി വിധിച്ചു. ഡിപ്ലോമക്കാർക്കൊപ്പം സർട്ടിഫിക്കറ്റുകാരും അപ്പീലുമായി സുപ്രീംകോടതിയിലെത്തി. അവിടെയും ഒരുകൂട്ടം സർട്ടിഫിക്കറ്റ് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായാണ് ഞാൻ വാദിച്ചത്.

അത് ഹൈകോടതി കേസിന്റെ തുടർച്ചയായിരുന്നു. ഈ കേസിലാണ് പി.എസ്.സിയെപ്പോലുള്ള ഭരണഘടനാ സ്ഥാപനം അടിക്കടി നിലപാട് മാറ്റുന്നതിനെതിരെ സുപ്രീംകോടതി വിധിച്ചത്. ഹൈകോടതി വിധി സുപ്രീംകോടതി സ്ഥിരപ്പെടുത്തി. അപ്പീലുകൾ തള്ളി. എന്നാൽ, കാര്യക്ഷമമായും സു​താര്യമായും നിയമന പ്രക്രിയ നടത്താൻ ബാധ്യതപ്പെട്ട പബ്ലിക് സർവിസ് കമീഷൻതന്നെ നിയമനത്തിൽ ഇത്രയും മര്യാദയില്ലാതെ പെരുമാറിയെന്നതിൽ സുപ്രീംകോടതി വലിയ അസ്വസ്ഥതയാണ് പ്രകടിപ്പിച്ചത്. ജസ്റ്റിസ് നരസിംഹയും ജസ്റ്റിസ് സഞ്ജയ്കുമാറും അടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഈ വിധി അർഹതപ്പെട്ട ഉദ്യോഗാർഥികളുടെ നിയമനം വ്യവഹാരത്തിലൂടെ വൈകിപ്പിച്ചതിന് പി.എസ്.സിയെ ശകാരിക്കുകയുംചെയ്തു.

നീതി നിർവഹണത്തിലെ കാലതാമസം യഥാർഥത്തിൽ കോടതികളിൽനിന്നുണ്ടാകുന്ന കാലതാമസം കാരണം മാത്രമായിരിക്കണമെന്നില്ല. സർക്കാറും ചിലപ്പോൾ കേസിലെ മറ്റു കക്ഷികളും കാലതാമസത്തിന് കാരണക്കാരാകാം. തർക്കനിവൃത്തിക്കായി മികച്ച വേഷവിധാനത്തിലുള്ള ന്യായാധിപരെയും അഭിഭാഷകരെയും ഭംഗിയായി രൂപകൽപന ചെയ്യപ്പെട്ട കോടതി മുറികളെയുമാണ് സാധാരണക്കാർ ആഗ്രഹിക്കുന്നതെന്ന ചിന്തയെ ജസ്റ്റിസ് വാറൺ ഇ. ബർഗർ വിമർശിച്ചിട്ടുണ്ട്.

വ്യവഹാരത്തിൽ ഏ​ർപ്പെടുന്നവർ പ്രശ്നങ്ങളിൽ അക​പ്പെട്ട മനുഷ്യരെപ്പോലെയാണ്; അവർക്ക് വേണ്ടത് ചെലവുകുറഞ്ഞ, വേഗത്തിലുള്ള സമാശ്വാസവും പരിഹാരവുമാണെന്നും ജസ്റ്റിസ് ബർഗർ പറഞ്ഞിട്ടുണ്ട്. കോടതികളിൽനിന്നുണ്ടാകുന്ന നീതി നടത്തിപ്പിലെ കാലതാമസം ചിലപ്പോൾ അതിൽത്തന്നെ ഒരുതരം അനീതിയായിത്തീരുന്നു. ഇന്ത്യൻ ജനതയുടെ ക്ഷമ അപാരമാണെന്നും അതിനെപ്പോലും പരീക്ഷിക്കുന്നതാണ് ചിലപ്പോൾ വ്യവഹാരങ്ങളിലെ കാലതാമസമെന്നും ജസ്റ്റിസ് ഭഗവതി ബാബുറാമിന്റെ കേസിൽ (1976) പറഞ്ഞതോർക്കുന്നു. നിയമ കമീഷനും അതിന്റെ 77ാമത് റിപ്പോർട്ടിൽ വ്യവഹാര തീർപ്പിനുള്ള കാലതാമസത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

ചില പരിഹാരമാർഗങ്ങളും കമീഷൻ നി​ർദേശിക്കുകയുണ്ടായി. സർക്കാറുകളും പി.എസ്.സി അടക്കമുള്ള പൊതു സ്ഥാപനങ്ങളും ഉത്തരവാദിത്തപൂർവം പെരുമാറുന്നതും വ്യവഹാരങ്ങളിലെ അന്യായമായ കാലതാമസത്തെ പൂർണമായും ഇല്ലാതാക്കിയില്ലെങ്കിലും ലഘൂകരിക്കാനെങ്കിലും സഹായിക്കും. ഇന്ന് ഇ-കോടതികൾ മാത്രമല്ല ഇ-ഗവേണൻസിൽ അടിസ്ഥാനപ്പെടുത്തിയ ബ്യൂറോക്രസിയും സംവിധാനങ്ങളുമാണ് നിലവിലുള്ളത്. വ്യവഹാരങ്ങളിലെ കാലതാമസം ലഘൂകരിക്കാൻ സാ​ങ്കേതികവിദ്യ ഒരു ഫലപ്രദമായ ഉപാധിയാണ്. ഇക്കാര്യത്തിൽ സമീപകാലത്തായി കാണുന്ന ചില മാറ്റങ്ങൾ ശുഭസൂചകമാണ്.

എന്നാൽ, ക്രിമിനൽ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം അപ്പീലിലും മറ്റുമുണ്ടാകുന്ന കാലതാമസം ഭീകരമായ ഭവിഷ്യത്തുകളാണുണ്ടാക്കുക. ഗൗരവപ്പെട്ട കുറ്റകൃത്യങ്ങളുടെ കാര്യത്തിലായാലും പതിനെട്ടും ഇരുപതും വർഷങ്ങ​ളായി –ചിലപ്പോൾ അതിലേറെ കാലം– ജയിലിൽ കഴിയുന്നവരുടെ അപ്പീലുകൾ സുപ്രീംകോടതിയിൽ ധാരാളമായുണ്ട്. അവയിൽ ചിലതിൽ സുപ്രീംകോടതി എന്നെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.

പലപ്പോഴും ദീർഘകാലമായി തടവിൽ കഴിയുന്നവരെ സ്വതന്ത്രരാക്കുന്നത് സംബന്ധിച്ച ജയിൽ മാനുവൽ ചട്ടങ്ങളും സുപ്രീംകോടതിയുടെ തന്നെ വിധികളും യഥാസമയം പരിഗണിക്കപ്പെടാതെ പോകുന്നു. തടവറയിൽ കഴിയുന്ന പാവപ്പെട്ട മനുഷ്യരാണ് നമ്മുടെ ജനാധിപത്യത്തിന്റെയും സംവിധാനങ്ങളുടെയും ഗുണനിലവാരം നിശ്ചയിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇത്തരക്കാരുടെ ന്യായമായ പരിദേവനങ്ങൾക്ക് പ്രത്യേക പരിഗണനതന്നെ നൽകേണ്ടതുണ്ട്. ജസ്റ്റിസ് ബർഗർ സൂചിപ്പിച്ച രീതിയിലുള്ള ചെലവുകുറഞ്ഞതും വേഗത്തിൽ ഫലം നൽകുന്നതുമായ നീതിയുടെ വഴിതേടുന്ന മനുഷ്യർതന്നെയാണവർ.

(തുടരും)


Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.