‘സാമ്പത്തിക സംവരണം’ എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഭരണഘടനയുടെ 103ാം അനുഛേദം സംബന്ധിച്ച കേസിലും മറ്റുചില കേസുകളിലും സുപ്രീംകോടതിയിൽ നടന്ന വ്യവഹാരങ്ങളുടെ ഓർമകൾ. പരമോന്നത കോടതിയുടെ തീർപ്പുകളിൽ സംഭവിക്കാനിടയുള്ള ശരിതെറ്റുകളിലേക്കുള്ള ചില സൂചനകളും...
സുഹൃത്തായ സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ വിവരിച്ച ഒരു സംഭവകഥയുണ്ട്: സുപ്രീംകോടതിയിലെ വിവിധ കോടതിമുറികളും അവയിലെ ന്യായാധിപരുടെ അസാമാന്യമായ അധികാരവും നേരിട്ടു വീക്ഷിച്ച ഒരാൾ ചോദിച്ചുവേത്ര, ഈ സുപ്രീംകോടതി ജഡ്ജിയും ദൈവവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന്. അതിനു നൽകപ്പെട്ട മറുപടി ഇങ്ങനെ –ദൈവം സ്വയം താനൊരു സുപ്രീംകോടതി ജഡ്ജിയാണെന്ന് കരുതുന്നില്ല!
ഇപ്പറഞ്ഞതിൽ കുറച്ചേറെ വിലയിരുത്തലുകൾ അന്തർലീനമാണ്. ജുഡീഷ്യൽ റിവ്യൂവിനുള്ള വ്യാപകമായ അധികാരവും അവസാനത്തെ കോടതിയെന്നനിലയിലുള്ള ആത്യന്തികതയും കാരണം സുപ്രീംകോടതിയുടെ ഉത്തരവുകൾക്കും വിധിന്യായങ്ങൾക്കും വ്യക്തികളെയും സമൂഹത്തെത്തന്നെയും മാറ്റിമറിക്കാനും ആഴത്തിൽ സ്വാധീനിക്കാനും കഴിയും.
കേസുകളുടെ അഡ്മിഷൻ സംബന്ധിച്ച തീരുമാനമെടുക്കാൻ സാധാരണഗതിയിൽ കുറച്ചു മിനിറ്റുകൾ മാത്രമേ ന്യായാധിപർ എടുക്കാറുള്ളൂ. തലേന്ന് വായിച്ച കേസിനെ സംബന്ധിച്ച ഏകദേശ ധാരണ സ്വരൂപിച്ചശേഷമാണ് അഡ്മിഷൻ വാദങ്ങൾ അവർ കേൾക്കുന്നത്. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അപ്പോൾതന്നെ തൃപ്തികരമായതും ശരിയായതുമായ ഉത്തരം പറയുക എന്നത് പ്രധാനമാണ്. നീണ്ടുനിൽക്കുന്ന വാഗ്വാദങ്ങൾക്ക് അഡ്മിഷൻ സമയത്ത് പ്രസക്തിയില്ല.
കേസുകളുടെ അവസാന ഹിയറിങ്ങിലും പൊതുവെ ഏറ്റവും പ്രധാനപ്പെട്ട പോയന്റുകളിൽ ഊന്നിക്കൊണ്ട് വാദിക്കുന്നതാണ് സുരക്ഷിതം. പരിമിതമായ സമയത്തിനുള്ളിൽ വാദങ്ങളുടെ മർമമെന്തെന്ന് കോടതിയെ ബോധ്യപ്പെടുത്തുക പ്രധാനമാണ്. എഴുതി സമർപ്പിക്കുന്ന വാദങ്ങൾപോലും സംക്ഷിപ്തമായിരിക്കണമെന്ന് പല ന്യായാധിപരും അടുത്തകാലത്തായി നിഷ്കർഷിക്കാറുണ്ട്. ഭരണഘടനാ ബെഞ്ചുകളിൽപോലും വാക്കാലുള്ള വാദത്തിന് സമയപരിധി നിശ്ചയിക്കുക പതിവുണ്ട്. അതുപോലെ എഴുതി സമർപ്പിക്കുന്നത് നിശ്ചിത പേജിൽ കവിയരുതെന്നും കോടതി സൂചിപ്പിക്കാറുണ്ട്.
‘സാമ്പത്തിക സംവരണം’ എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഭരണഘടനയുടെ 103ാം അനുഛേദം സംബന്ധിച്ച കേസിൽ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വാദം കേട്ടത് വളരെ നിശിതമായ സമയാസൂത്രണം നടത്തിക്കൊണ്ടായിരുന്നു. മുന്നാക്കക്കാർക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുവേണ്ടി കൊണ്ടുവന്ന ഈ ഭരണഘടനാ ഭേദഗതിക്കെതിരെയായിരുന്നു എന്റെ വാദം.
കേരളത്തിൽനിന്നുതന്നെയുള്ള പ്രമുഖ അക്കാദമിഷ്യനായ മോഹൻഗോപാൽ ഈ കേസിൽ ഗംഭീരമായി വാദിക്കുകയുണ്ടായി. നിയമങ്ങൾക്കെതിരെ വാദിക്കുമ്പോൾ അവ ഭരണഘടനാ വിരുദ്ധമാണെന്ന് സ്ഥാപിക്കണം; മൗലികാവകാശ ലംഘനവും മറ്റും ചൂണ്ടിക്കാണിക്കണം. എന്നാൽ, ഭരണഘടനാ ഭേദഗതിക്കെതിരെ വാദിക്കുമ്പോൾ അതുപോരാ. ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടന തകർക്കുന്നതാണെന്നുതന്നെ കോടതിയെ ബോധ്യപ്പെടുത്തണം.
‘മുന്നാക്കക്കാർക്കിടയിലെ പാവപ്പെട്ടവർ’ എന്ന രീതിയിലുള്ള ഒരു സംവരണ പദ്ധതി ഭരണഘടനയിൽ വിഭാവനംചെയ്തിട്ടില്ലാത്തതാണെന്നും സാമുദായിക സംവരണംപോലെ ‘സാമ്പത്തിക സംവരണം’ സാധ്യമല്ലെന്നുമായിരുന്നു, ഞാനടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെ വാദം. സാമ്പത്തികമായ പിന്നാക്കാവസ്ഥ, സാമുദായികമായ പിന്നാക്കാവസ്ഥ പോലെ സുനിശ്ചിതമോ സുവ്യക്തമോ അല്ല.
കെ.കെ. വേണുഗോപാൽ,തുഷാർ മേത്ത,മീനാക്ഷി അറോറ
അതിലുപരി, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള 10 ശതമാനം സംവരണ തസ്തികകളിൽ അഥവാ സീറ്റുകളിൽ അപേക്ഷിക്കുവാൻ പിന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് അവകാശമില്ല എന്നതാണ് പുതിയ നീക്കത്തെ കൂടുതൽ പ്രതിലോമകരമാക്കുന്നത്. ഒരുദാഹരണം പറഞ്ഞാൽ, പ്രതിവർഷം രണ്ടുലക്ഷം രൂപ വരുമാനമുള്ള ഉന്നത സമുദായക്കാരന് ചിലപ്പോൾ പത്തു ശതമാനം േക്വാട്ടയിൽ ‘സാമ്പത്തിക സംവരണ’ത്തിന് അർഹതയുണ്ടാകാം. അതേസമയം, ഒരുറുപ്പികപോലും വരുമാനമില്ലാത്ത ദലിതന് ഈ േക്വാട്ടയിൽ അപേക്ഷിക്കാൻപോലും കഴിയില്ല!
ഇക്കാര്യങ്ങളെല്ലാം സുപ്രീംകോടതി മുമ്പാകെ ഉന്നയിക്കപ്പെട്ടു. അങ്ങനെ ഭരണഘടനയുടെ 103ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാർക്കുവേണ്ടി വാദിച്ചു. കേരളത്തിൽനിന്നുള്ള എസ്.സി/ എസ്.ടി വിഭാഗക്കാരായ ജീവനക്കാരുടെ സംഘടനക്കുവേണ്ടിയായിരുന്നു, ഞാൻ ഈ കേസിൽ ഭരണഘടനാ ബെഞ്ചു മുമ്പാകെ ഹാജരായത്. വിവേചനത്തിനെതിരായ നിയമങ്ങളുടെ അവശ്യഘടകങ്ങളെക്കുറിച്ച് പ്രമുഖ അക്കാദമിഷ്യനായ തരുണഭ് ഖയ്താൻ തന്റെ പഠനത്തിൽ (2015) വിവരിച്ച ചില ആശയങ്ങൾ ആധുനിക നിയമചിന്തയുടെ ഭാഗമാണ്. സംവരണ വിഷയത്തിൽ, നേരത്തേ സൂചിപ്പിച്ച വിധത്തിൽ പാവപ്പെട്ട പിന്നാക്കക്കാരെ പത്ത് ശതമാനം വരുന്ന പ്രത്യേക േക്വാട്ടയിൽനിന്നും ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് വാദിക്കാൻ എനിക്ക് ഈ പഠനം തുണയായി. ഉന്നത വിഭാഗങ്ങളെ ‘സംരക്ഷിത വിഭാഗ’മായി കാണുന്നതിലെ വൈചിത്ര്യം നീതിരഹിതംകൂടിയാണെന്ന് ഞാൻ വാദിച്ചു.
വലിയതോതിൽ ആശയ കൈമാറ്റങ്ങൾ നടന്ന ഒന്നായിരുന്നു, ‘സാമ്പത്തിക സംവരണം’ സംബന്ധിച്ച 103ാം അനുഛേദത്തിന്മേലുണ്ടായ ഈ ഭരണഘടനാ വ്യവഹാരം. അന്നത്തെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മീനാക്ഷി അറോറ, സൽമാൻ ഖുർഷിദ്, മഹേഷ് ജത് മലാനി, മോഹൻ ഗോപാൽ തുടങ്ങി ഒട്ടേറെ അഭിഭാഷകർ ഈ കേസിൽ ഹാജരായിരുന്നു. സംവരണം സംബന്ധിച്ച തർക്കങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ ഒരിക്കലും അവസാനിച്ചേക്കുകയില്ലെന്ന് ഭരണഘടനാ നിർമാണവേളയിൽതന്നെ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, മുന്നാക്കക്കാർക്കിടയിലെ ദരിദ്രർക്കുള്ള സംവരണം ഒരു ആശയമെന്ന നിലയിൽപോലും ഭരണഘടനാ ബാഹ്യമായിരുന്നു. വ്യക്തികളുടെയും കുടുംബങ്ങളുടെയും മാറിമാറിവരുന്ന സാമ്പത്തിക സാഹചര്യത്തെ എങ്ങനെയാണ് സംവരണത്തിനുള്ള മാനദണ്ഡമാക്കാൻ കഴിയുക എന്ന ചോദ്യം ഭരണഘടനാ ഭേദഗതിയെ എതിർത്ത മിക്ക അഭിഭാഷകരും ഉന്നയിച്ചു. നിർഭാഗ്യവശാൽ, ഈ കേസിൽ 103ാം ഭരണഘടനാ ഭേദഗതിയെ സുപ്രീംകോടതി അംഗീകരിക്കുകയാണ് ചെയ്തത് (ജൻഹിത് അഭിയാൻ കേസ്, 2022).
പിന്നാക്കക്കാർക്കിടയിലെ ദരിദ്രരെ പുതിയ സംവരണത്തിനുള്ള പത്തു ശതമാനം േക്വാട്ടയിൽനിന്നും ഒഴിവാക്കുന്നതിനെതിരെയുള്ള ഞാനടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെ വാദങ്ങളെ ചീഫ് ജസ്റ്റിസ് ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും അംഗീകരിച്ചുവെങ്കിലും അവർ െബഞ്ചിൽ ന്യൂനപക്ഷമായിരുന്നു. ഭൂരിപക്ഷം എല്ലാ നിലയിലും 103ാം ഭരണഘടനാ ഭേദഗതി ശരിയാണെന്ന് വിധിച്ചു.
സംവരണം സംബന്ധിച്ച് തന്നെ ഉണ്ടായ മറ്റൊരു കേസ് മറാത്താ സംവരണം സംബന്ധിച്ചുള്ളതായിരുന്നു. അമ്പത് ശതമാനത്തിലുമേറെ എത്രയും സംവരണമാകാമെന്ന വാദം ഈ കേസിൽ ഉന്നയിക്കപ്പെട്ടിരുന്നു. മറിച്ചുള്ള സൂചനകൾ അടങ്ങിയ ഇന്ദ്ര സാഹ്നി കേസിലെ വിധി (1992) പുനഃപരിശോധിക്കണമെന്നുംകൂടി ഈ കേസിൽ ആവശ്യമുയർന്നു. മറാത്താ സംവരണ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോൾ ‘സാമ്പത്തിക സംവരണം’ സംബന്ധിച്ച, നേരത്തേ പറഞ്ഞ 103ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച കേസ് സുപ്രീംകോടതി വാദത്തിനെടുത്തിരുന്നില്ല.
അതായത് ‘സാമ്പത്തിക സംവരണ’ത്തിനുള്ള അമ്പതിൽ കവിഞ്ഞുള്ള 10 ശതമാനം േക്വാട്ട എന്ന ആശയത്തെ എതിർക്കണമെങ്കിൽ സാധാരണ ഗതിയിൽ സംവരണപരിധി അമ്പത് ശതമാനത്തിൽ കവിയാൻ പാടില്ല എന്ന ഇന്ദ്ര സാഹ്നി കേസിലെ തത്ത്വം ഊട്ടിയുറപ്പിക്കേണ്ടതുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹ്രസ്വവാദം മാത്രമായിരുന്നു എന്റേത്. അത് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് അംഗീകരിച്ചുവെങ്കിലും 103ാം ഭേദഗതി സംബന്ധിച്ച കേസിൽ അത് പ്രയോജനംചെയ്തില്ല എന്നത് വേറൊരു കാര്യം.
സഞ്ജയ് ഹെഗ്ഡെ,മോഹൻ ഗോപാൽ,സൽമാൻ ഖുർശിദ്
ഭരണഘടനാ ബെഞ്ചുകളിൽ മാത്രമല്ല രണ്ടോ മൂന്നോ ന്യായാധിപരടങ്ങിയ സാധാരണ സുപ്രീംകോടതി ബെഞ്ചുകളിലും സമയക്രമീകരണവും വാദങ്ങളിലെ പോയന്റുകൾക്ക് നൽകുന്ന മുൻഗണനാക്രമവും പ്രധാനമാണ്. വാദിക്കുമ്പോൾ മാത്രമല്ല, ന്യായാധിപർ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും മറുഭാഗം വാദിക്കുമ്പോഴുമെല്ലാം വലിയ മനഃസാന്നിധ്യം അത്യാവശ്യമാണ്. സെക്കൻഡുകൾ മതി, ഒരു കേസിന്റെ ഗതിവിഗതികൾ മാറിമറിയാൻ. കൃത്യമായ ഉത്തരമല്ല പറഞ്ഞതെങ്കിൽ, പ്രധാനപ്പെട്ട പോയന്റുകൾ വിട്ടുപോയെങ്കിൽ, അവക്കെല്ലാം കനത്ത വില നൽകേണ്ടി വന്നേക്കാം.
സമീപകാലത്തായി ക്രിമിനൽ കേസിൽ അകപ്പെടുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ സുപ്രീംകോടതിയിൽ ഒരുമിച്ച് വാദം കേൾക്കുകയുണ്ടായി. െഹെകോടതി ഡിവിഷൻ െബഞ്ച് വളരെ നന്നായിത്തന്നെ ഉദ്യോഗാർഥികളുടെ അവകാശങ്ങൾ വിശദീകരിച്ചുകൊണ്ടെഴുതിയ വിധിന്യായങ്ങളായിരുന്നു അവ. മുൻകാലത്ത് ഒരു ക്രിമിനൽ കേസിൽ പെട്ടുപോയി എന്നതുകൊണ്ടു മാത്രം അതിൽ വെറുതെവിട്ടതിനു ശേഷവും ആ കേസിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കാമോ എന്നതായിരുന്നു പ്രശ്നം.
ഭൂതകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കാര്യങ്ങളുടെ പേരിൽ ജീവിതകാലം മുഴുക്കെ തൊഴിൽനിഷേധമെന്ന ശിക്ഷ നൽകുന്നതിനെ എതിർത്തുകൊണ്ട് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ െബഞ്ച് കൽപിച്ച വിധിക്കെിരെ സർക്കാർ സമർപ്പിച്ച അപ്പീലിന്റെ വാദം കേട്ട കോടതി ഒടുവിൽ അപ്പീൽ തള്ളി. ഈ കേസിലായിരുന്നു ഞാൻ ഹൈകോടതി വിധി ശരിയാണെന്ന് വാദിച്ചത്.
എല്ലാ വിശുദ്ധന്മാർക്കും ഒരു ഭൂതകാലമുണ്ടായിരിക്കുമെന്നും, എല്ലാ പാപികൾക്കും ഒരു ഭാവികാലമുണ്ടായിരിക്കുമെന്നുമുള്ള ഓസ്കാർ വൈൽഡിന്റെ നിരീക്ഷണം സമാനമായ രണ്ടാമത്തെ കേസിൽ ഹൈകോടതി ഡിവിഷൻ ബഞ്ച് ഉദ്ധരിച്ചതോർക്കുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എഴുതിയ ഒരു വിധിയിലും മനുഷ്യാവസ്ഥയെ സംബന്ധിച്ച ഓസ്കാർ വൈൽഡിന്റെ നിരീക്ഷണത്തെ മറ്റൊരു സന്ദർഭത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിൽ പല ചെറുപ്പക്കാരും ക്രിമിനൽ കേസുകളിൽ അകപ്പെടുന്നത് അവർ ‘ക്രിമിനലുകൾ’ ആയതുകൊണ്ടല്ല. സാഹചര്യങ്ങളുടെ ആകസ്മികതകൾ കാരണമോ ജീവിതത്തിലെ അസന്ദിഗ്ധതകൾമൂലമോ ചിലപ്പോൾ വിധിയുടെ ക്രൂരതയാലോ മറ്റു ചിലപ്പോൾ ഇതര മനുഷ്യരുടെ ചെയ്തികൾ കാരണമോ ഒരാൾ ക്രിമിനൽ കേസിൽ പ്രതിയാകാം. ജീവിതത്തിലെ അതിവൈകാരികതയോ എടുത്തുചാട്ടമോ ബുദ്ധിശൂന്യമായ ഇടപെടലുകളോ മാത്രമല്ല, രാഷ്ട്രീയപ്രവർത്തനംപോലും ക്രിമിനൽ കേസിലെ പ്രതിസ്ഥാനത്ത് ഒരാളെ എത്തിച്ചേക്കാം!
അതിൽ പലപ്പോഴും അവരെ കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിടുന്ന സാഹചര്യമുണ്ടാകാം. സാധാരണ കുറ്റകൃത്യങ്ങളിൽ ഇപ്പോഴും സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്കുതന്നെയാണ്. ഇങ്ങെന കേസുകളിൽ പെട്ടുപോകുന്നവർ പലപ്പോഴും പാർശ്വവത്കൃത വിഭാഗങ്ങളിൽപെട്ടവരുമായിരിക്കും. മറ്റു സന്ദർഭങ്ങളിലും, ചില അഭിശപ്ത നിമിഷങ്ങളിൽ മനുഷ്യർ വഴിതെറ്റിപ്പോയേക്കാം. യുക്തി പരാജയപ്പെടുമ്പോഴാണ് ചെകുത്താൻ സഹായത്തിനെത്തുക എന്ന ദസ്തയേവ്സ്കിയുടെ നിരീക്ഷണം ഓർമിക്കുക.
ഏതായാലും ഹൈകോടതി സ്വീകരിച്ച മാനുഷികവും അനുകമ്പാപൂർണവും യാഥാർഥ്യബോധം നിറഞ്ഞതുമായ സമീപനത്തിന് സുപ്രീംകോടതിയുടെയും അംഗീകാരം ലഭിച്ചു. സർക്കാറിന്റെ അപ്പീൽ തള്ളി. ക്രിമിനൽ കേസിൽപെടുന്നതുകൊണ്ടുമാത്രം തൊഴിൽ നിഷേധിക്കാമെന്ന ഭരണകൂട ചിന്തക്ക് ഉന്നത കോടതിയിൽനിന്നുകൂടി പ്രഹരമേറ്റു. ഒരുപാട് യുവാക്കൾക്ക് ഭാവിയിലും ആശ്വാസം നൽകിയേക്കാവുന്ന ഈ വിധി എന്റെ തൊഴിൽ ജീവിതത്തിൽ ലഭിച്ച മറ്റൊരു സൗഭാഗ്യമാണെന്നുതന്നെ കരുതുന്നു. ജസ്റ്റിസുമാരായ നരസിംഹയും മനോജ് മിശ്രയുമടങ്ങിയ െബഞ്ചിന്റേതായിരുന്നു, വിധി.
എന്നാൽ, ചിലപ്പോഴെങ്കിലും ന്യായാധിപരുടെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളിൽനിന്നും മാറി അപ്രസക്തമായ നിരീക്ഷണങ്ങളുടെയോ അഭിപ്രായങ്ങളുടെയോ പേരിൽ തെറ്റായ തീരുമാനങ്ങൾ സുപ്രീംകോടതിയിൽനിന്നുണ്ടാകാം. മുമ്പ് ശിക്ഷിക്കപ്പെട്ട ഒരു യുവാവിന്റെ കുറ്റകൃത്യം നടന്നതായി പറയുന്ന സമയത്തെ പ്രായം വെച്ചുനോക്കുമ്പോൾ അയാൾക്ക് ബാലനീതി നിയമത്തിന്റെ ആനുകൂല്യം നൽകണമെന്ന് ജസ്റ്റിസ് റോഹിംഗ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള െബഞ്ച് മുമ്പാകെ വാദിക്കുകയുണ്ടായി.
ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്നുള്ള കേസായിരുന്നു അത്. പ്രായം സംബന്ധിച്ച വാദം ആദ്യമായിപ്പോലും സുപ്രീംകോടതിയിൽതന്നെ ഉന്നയിക്കാമെന്ന നിയമതത്ത്വവും െബഞ്ച് മുമ്പാകെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഹൈകോടതിയടക്കം കൽപിച്ച തീർപ്പിൽനിന്നും പുതിയ വാദങ്ങളുടെ അടിസ്ഥാനത്തിൽ വ്യതിചലിക്കുവാൻ െബഞ്ച് തയാറായില്ല. ആ വിധി എനിക്ക് നൽകിയ അസംതൃപ്തി ചെറുതായിരുന്നില്ല. ചിലപ്പോൾ സർവിസ് സംബന്ധമായ കേസുകളിലും തിടുക്കത്തിൽ തെറ്റായ വിധികൾ സുപ്രീംകോടതിയിൽനിന്നും ഉണ്ടായിട്ടുണ്ട്. സ്ഥാനക്കയറ്റംപോലുള്ള കാര്യങ്ങൾ തീർപ്പുകൽപിക്കുമ്പോൾ, സാധാരണഗതിയിൽ മാനദണ്ഡമായി എടുക്കേണ്ടത്, ഒഴിവുണ്ടായ സന്ദർഭത്തിലെ യോഗ്യതയും അന്നത്തെ നിയമങ്ങളും ചട്ടങ്ങളുമാണ്.
കാലതാമസത്തിന്റെയും സമയം നീട്ടലിന്റെയൂം ബലത്തിൽ അർഹതപ്പെട്ടവർക്കുള്ള സ്ഥാനക്കയറ്റം നിഷേധിക്കുന്ന അധികൃതരുടെ സമ്പ്രദായത്തിനെതിരായ ഒരു നിയമപരിരക്ഷ കൂടിയാണ് ഈ തത്ത്വത്തിലുള്ളത്. എന്നാൽ, നിയമിക്കപ്പെടുമ്പോഴുള്ള ചട്ടങ്ങൾ നോക്കി സ്ഥാനക്കയറ്റത്തിനുള്ള അർഹത നിശ്ചയിക്കാമെന്നാണ് ഹിമാചൽ പ്രദേശിൽനിന്നുള്ള രാജ്കുമാർ കേസിൽ (2022) സുപ്രീംകോടതി വിധിച്ചത്.
മറിച്ചുള്ള രങ്കയ്യ കേസിലെ വിധി (1983) ഇതോടെ അസ്ഥിരപ്പെട്ടു. ആർക്കെങ്കിലും സ്ഥാനക്കയറ്റം അന്യായമായി നിഷേധിക്കാനോ വകവെച്ചുനൽകാനോ വേണ്ടി സ്ഥാനക്കയറ്റം തന്നെ ൈവകിപ്പിച്ച് അതിനിടെ ചട്ടങ്ങളിൽ തന്നെ മാറ്റംവരുത്താൻ അധികൃതർ ചിലപ്പോഴെങ്കിലും ശ്രമിക്കാറുണ്ട്. രാജ്കുമാർ കേസിലെ വിധി അത്തരം നടപടികൾക്ക് തുണയായിത്തീർന്നേക്കാം.
സുപ്രീംകോടതി ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും! സുപ്രീംകോടതിക്കും ചിലപ്പോൾ തെറ്റുകൾ പറ്റാം. അമേരിക്കൻ സുപ്രീംകോടതിയിലെ ജസ്റ്റിസായിരുന്ന റോബർട്ട് ജാക്സൺ പറഞ്ഞു –ഞങ്ങൾ തെറ്റിന് അതീതരാവുന്നതുകൊണ്ട് ഞങ്ങളുടേത് അവസാന വാക്കാവുകയല്ല; ഞങ്ങളുടേത് അവസാന വാക്കായതുകൊണ്ടുമാത്രം ഞങ്ങൾ തെറ്റിന് അതീതരാവുകയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.