എല്ലാ നിശ്ചല ഛായാഗ്രാഹകർക്കുമുണ്ട് അവരവരുടേതായ കടുത്ത ഇഷ്ടാനിഷ്ടങ്ങൾ. റഷ്യയിൽ മഴ പെയ്താൽ മാനാഞ്ചിറയിൽ കുടപിടിച്ചുനിൽക്കാൻ ഒരു പുനലൂർ രാജൻ ഉണ്ടായിരുന്ന കാലമാണ് 1977. റഷ്യയെ ഒരു വികാരമായി രാജേട്ടൻ കൊണ്ടുനടക്കാൻ തുടങ്ങിയതിന് കാരണവുമുണ്ട്. മോസ്കോയിലെ വിഖ്യാതമായ ഫിലിം സ്കൂളിൽ സിനിമ പഠിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി റഷ്യയിലേക്കയച്ച ഏക മനുഷ്യനാണ് അദ്ദേഹം. 1919ൽ ലെനിന്റെ ഉത്തരവനുസരിച്ച് സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് മോസ്കോയിലെ ഓൾ യൂനിയൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രഫി. ഐസൻസ്റ്റീനും പുദോവ്കിനും താർക്കോവ്സ്കിയും സിനിമയെടുത്ത വഴികളിലൂടെ സഞ്ചരിക്കാൻ നിയുക്തനായി പുനലൂർ രാജൻ.
1963ലാണ് കൊല്ലം സ്വദേശിയായ പുനലൂർ രാജൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോട്ടോഗ്രാഫറായി എത്തുന്നത്. 1964ലെ പിളർപ്പിനു തൊട്ടുമുമ്പത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്കായിരുന്നു ആ വരവ്. പാർട്ടിയാണ് അന്നത്തെ കോഴിക്കോടിന്റെ നാടക സാംസ്കാരിക പ്രവർത്തനങ്ങളുടെയൊക്കെ കേന്ദ്രബിന്ദു. ‘മാതൃഭൂമി’യായിരുന്നു മറ്റൊരു കേന്ദ്രം. 1950ൽ കോഴിക്കോട് ആകാശവാണി വന്നതോടെ ആവിഷ്കാരത്തിന്റെ പുതിയൊരു പൊതുഇടം കോഴിക്കോടിന് തുറന്നുകിട്ടി. മിഠായിതെരുവിൽ ഹോട്ടൽ ‘വീറ്റ് ഹൗസി’ൽ കമ്യൂണിസ്റ്റ് പാർട്ടി സഹയാത്രികൻകൂടിയായ മുല്ലവീട്ടിൽ അബ്ദുറഹിമാൻ സാഹിബ് അക്കാലത്ത് കലാ സാംസ്കാരിക പ്രവർത്തകർക്ക് ഒരത്താണിയായിരുന്നു.
പി. ഭാസ്കരൻ മാഷ് വരെ കോഴിക്കോട് ആകാശവാണിയുടെ ചുമതലയിലേക്കു വന്നതോടെ കോഴിക്കോട് സാംസ്കാരികമായി വലിയ മാറ്റമാണുണ്ടാക്കിയത്. 1950 മുതൽ 53 വരെയാണ് ഭാസ്കരൻ മാഷ് ആകാശവാണിയുടെ ചുമതല വഹിച്ചത്. ഉറൂബ്, കെ. രാഘവൻ മാഷ്, തിക്കോടിയൻ, എൻ.എൻ. കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, അക്കിത്തം, വിനയൻ, ബി.എ. ചിദംബരനാഥ്, കുഞ്ഞാണ്ടി തുടങ്ങി നിരവധി പേർ ആകാശവാണി എന്ന സാംസ്കാരിക ശക്തികേന്ദ്രത്തിന്റെ ഭാഗമായിരുന്നു. അവിടന്നാണ് മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ ഒരു കുതിച്ചുചാട്ടംതന്നെ സൃഷ്ടിച്ച ‘നീലക്കുയിലി’ന്റെ (1954) പിറവിയുടെ ഒരു വഴി. സംവിധാനം പി. ഭാസ്കരൻ മാഷും രാമു കാര്യാട്ടുമായിരുന്നുവെങ്കിലും അതിൽ കോഴിക്കോടൻ പങ്ക് വലുതാണ്. കോഴിക്കോട് അബ്ദുൽ ഖാദറും രാഘവൻ മാഷും ചേർന്ന് സൃഷ്ടിച്ച പാട്ടുതന്നെ മലയാളം പാട്ടുകൾക്ക് തുടക്കമിട്ടു. കോഴിക്കോട് ആകാശവാണിയുടെ ഭാഗമായ ഉറൂബാണ് ‘നീലക്കുയിലി’ന്റെ രചന. കോഴിക്കോടിന്റെ ആദ്യ തിരക്കഥാകൃത്ത്. ഛായാഗ്രഹണം കോഴിക്കോടിന്റെ സ്വന്തം എ. വിൻസന്റ് മാസ്റ്റർ. പത്തുവർഷം പിന്നിട്ട് 1964ൽ ‘ഭാർഗ്ഗവീനിലയ’ത്തിലൂടെ വിൻസന്റ് മാസ്റ്റർ സംവിധായകനായി. ബേപ്പൂരിൽ ഒരു സാംസ്കാരിക പ്രസ്ഥാനമായി നിലകൊണ്ട വൈക്കം മുഹമ്മദ് ബഷീറിനെ അത് തിരക്കഥാകൃത്തുമാക്കി.
‘മാതൃഭൂമി’ പത്രാധിപർ കെ.പി. കേശവമേനോൻ നാടകവേദിയുടെയും രക്ഷാധികാരിയായിരുന്നു. കോഴിക്കോട് ആകാശവാണിയിലേക്കുള്ള നാടക കലാകാരന്മാരെ തിരഞ്ഞെടുത്തത് കേശവമേനോനായിരുന്നു. അങ്ങനെ കേശവമേനോൻ തിരഞ്ഞെടുത്ത കോഴിക്കോടൻ നാടകസംഘത്തിലാണ് താനടക്കമുള്ള തലമുറ ആകാശവാണി നാടകസംഘത്തിൽ എത്തുന്നതെന്ന് ദാമോദരൻ മാഷ് പറഞ്ഞത് ഓർക്കുന്നു. ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ൽ ഒരു ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച എം.ടി. വാസുദേവൻ നായർ ആ കോഴിക്കോടൻ കൂട്ടായ്മകളുടെ ഭാഗമാകുന്നതും 1956ലാണ്.
1957ലാണ് ഫാബിയെ വിവാഹം കഴിച്ച് ബഷീർ ബേപ്പൂരിൽ കുടുംബജീവിതം തുടങ്ങുന്നത്. ദാമോദരൻ മാഷ് അന്ന് ബേപ്പൂരിൽ ബഷീറിന്റെ അയൽക്കാരനാണ്. 1963ൽ ഒരു കാമറയും തൂക്കി കോഴിക്കോട്ടെത്തിയ പുനലൂർ രാജനും ബേപ്പൂർ വൈലാലിൽ വീട്ടിൽ അംഗമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ അരികിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയത് ദാമോദരൻ മാഷായിരുന്നു എന്ന് പുനലൂർ രാജൻ ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെ ഒരഭിമുഖത്തിൽ ഓർക്കുന്നുണ്ട്. പിൽക്കാലത്ത് ബഷീർ, എം.ടി ചിത്രങ്ങളിലൂടെയാണ് പുനലൂർ രാജൻ പ്രശസ്തനായതെങ്കിലും അദ്ദേഹം കോഴിക്കോട്ട് വേരുറക്കാൻ കാരണമായത് ആ ബേപ്പൂർ സൗഹൃദമാണ്.
പി. ഭാസ്കരൻ, എ. വിൻസന്റ്
1965ലാണ് പിൽക്കാലത്ത് പുനലൂർ രാജന്റെ ജീവിതപങ്കാളിയായ ബേപ്പൂരുകാരി തങ്കമണി ആദ്യമായി, അധ്യാപക പരിശീലനത്തിന് ബേപ്പൂർ സ്കൂളിൽ എത്തുന്നത്. ദാമോദരൻ മാഷ് അപ്പോൾ അവിടെ അധ്യാപകനായിരുന്നു. പുനലൂർ രാജനെ കോഴിക്കോട്ടുനിന്ന് കല്യാണം കഴിപ്പിക്കാനുള്ള ആലോചനയുടെ കേന്ദ്രം ബഷീറിന്റെ വീടായിരുന്നു. പുതുക്കുടി ബാലനായിരുന്നു അതിന്റെ കാരണവർ. ഫാബി ബഷീറാണ് തന്റെ വീടിന്റെ ചുറ്റുവട്ടത്തുകൂടി നടന്നു തന്നെ നിരീക്ഷിക്കാനെത്തിയതെന്നും തന്റെ വീട്ടുകാർക്ക് ആദ്യം ആ വിവാഹത്തിന് സമ്മതമല്ലായിരുന്നു എന്നും തങ്കമണിച്ചേച്ചി ഓർക്കുന്നുണ്ട്. എങ്കിലും 1967ൽ ആ വിവാഹം നടന്നു.
1973ൽ രണ്ടു കുട്ടികളുടെ അച്ഛനായ ശേഷമാണ് പുനലൂർ രാജൻ സിനിമ പഠിക്കാൻ റഷ്യയിലേക്ക് പുറപ്പെടുന്നത്. എല്ലാ വർഷവും വരും എന്നൊക്കെ പറഞ്ഞാണ് പോയതെങ്കിലും ഏഴുവർഷം കഴിഞ്ഞേ ഇനി മടങ്ങാനാവൂ എന്നും എന്തിനാണ് വിട്ടത് എന്നും റഷ്യയിലേക്ക് പോയിക്കഴിഞ്ഞപ്പോൾ പുതുക്കുടി ബാലേട്ടൻ ചോദിച്ചതായി തങ്കമണിച്ചേച്ചി ഓർക്കുന്നുണ്ട്. എന്നാൽ, ഒരു വർഷവും ഒമ്പതുമാസവും നീണ്ട ആ റഷ്യൻ പ്രവാസം അവസാനിപ്പിച്ച് രാജേട്ടൻ തിരിച്ചുപോന്നു. കുട്ടികളെ പിരിഞ്ഞിരിക്കാനാവാത്തതുകൊണ്ടാണ് റഷ്യയിൽനിന്നും മടങ്ങിയത് എന്നായിരുന്നു രാജേട്ടന്റെ വിശദീകരണം. എന്നാൽ, അന്ന് സോവിയറ്റ് യൂനിയനെ പിടിമുറുക്കിയിരുന്ന ബ്രഷ്നേവ് കാലഘട്ടത്തിലെ നിശ്ചലതയും മരവിപ്പും സമഗ്രാധിപത്യവും രാജേട്ടന് എത്രമാത്രം താങ്ങാനാവുന്നതായിരുന്നു എന്നത് പറയപ്പെട്ടിട്ടില്ല. താർക്കോവ്സ്കി ‘മിറർ’ എടുക്കുന്ന കാലമാണത്. സോവിയറ്റ് സമഗ്രാധിപത്യമാണ് ‘മിറർ’ കൈക്കൊണ്ട സങ്കീർണദൃശ്യഭാഷയെ രൂപപ്പെടുത്തിയതെന്ന് നിരീക്ഷിച്ച സാർത്ര് അതിനെ സോഷ്യലിസ്റ്റ് സർറിയലിസം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്റ്റാലിൻ മരിച്ചിട്ടും സ്റ്റാലിനിസം മരണമില്ലാതെ തുടരുന്ന രാഷ്ട്രീയ സാഹചര്യം താങ്ങാനാവാതെയാണ് താർക്കോവ്സ്കി പിൽക്കാലത്ത് റഷ്യ വിടുന്നത്. റഷ്യയിൽ ഗവേഷണാർഥം എത്തിയ ചരിത്രകാരനായ എം.ജി.എസ്. നാരായണൻ പഠനം മതിയാക്കി അവിടെനിന്നും മടങ്ങിയ അനുഭവം ഒരിക്കൽ പറഞ്ഞുതന്നിട്ടുണ്ട്. റഷ്യയിൽതന്നെ പിടിച്ചുനിൽക്കാൻ ശ്രമിച്ചാൽ താനും ജയിലിലകപ്പെടുമായിരുന്നു എന്നദ്ദേഹം ഭയപ്പെട്ടിരുന്നു. ന്യൂ ലെഫ്റ്റ് റിവ്യൂ രേഖപ്പെടുത്തിയ കെ. ദാമോദരന്റെ ക്രൂഷ്ചേവ് കാല അനുഭവങ്ങളും ഇവിടെ ഓർക്കാം. മലയാള സിനിമയുടെ ചരിത്രത്തിലെ നഷ്ടസംവിധായകരുടെ പട്ടികയിൽ പുനലൂർ രാജനും ഉൾപ്പെടുന്നു.
പല തലമുറകൾ കൂടിച്ചേർന്നിരുന്ന മാനാഞ്ചിറയിലെ പ്രഭാത് ബുക്സിൽവെച്ചാണ് പുനലൂർ രാജേട്ടനെ ഞാൻ പരിചയപ്പെടുന്നത്. 1977ൽ. റഷ്യയായിരുന്നു ഞങ്ങളെയും അടുപ്പിച്ചത്. റഷ്യ നേരിൽ കണ്ട കണ്ണുകൾ ആദ്യമായി കാണുകയായിരുന്നു അപ്പോൾ.
മധു മാസ്റ്റർക്കൊപ്പം അടിയന്തരാവസ്ഥയിൽ അദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്ന വാസുവിനെ കാണാനാണ് ഞാനാദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തുന്നത്. ജയിൽജീവിതം മുടക്കിയ പഠനം തിരിച്ചുപിടിക്കാൻ എത്തിയതായിരുന്നു വാസു.
മെഡിക്കൽ കോളജിലെത്തിയാൽ അന്നത്തെ ഒരു ഇടത്താവളം കാമ്പസിനകത്തെ പുനലൂർ രാജേട്ടന്റെ വിശാലമായ ഓഫിസ് മുറിയായിരുന്നു. അപൂർവരോഗങ്ങളും വിചിത്ര ജനനങ്ങളും ശസ്ത്രക്രിയ കഴിഞ്ഞ ശരീര ഭാഗങ്ങളും പുറമെ പിൽക്കാലത്ത് കേസന്വേഷണങ്ങൾക്കും പഠനവിഷയങ്ങൾക്കുമായി മൃതശരീരങ്ങളും ഒക്കെ ഫോട്ടോ എടുക്കുന്ന അസാധാരണമായ ജോലിയായിരുന്നു അദ്ദേഹത്തിനവിടെ. ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ. അത്തരം കാത്തിരിപ്പുകൾക്കിടയിൽ ഒരുദിവസം മൃതശരീരങ്ങൾ സൂക്ഷിച്ചുവെച്ച മുറി കാണിച്ചുതന്നത് ഓർക്കുന്നു. അത്രയധികം മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് കാണുന്ന ആദ്യ കാഴ്ചയായിരുന്നു അത്.
മെഡിക്കൽ കോളജ് കാമ്പസിലെ സ്ഥിരം സന്ദർശകരിലൊരാളായിരുന്നു ജോൺ എബ്രഹാം. ജോണിന്റെയും പ്രധാന താവളമായിരുന്നു രാജേട്ടന്റെ മുറി. ജോണിന്റെ മനോഹരമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ രാജേട്ടന്റെ അവിസ്മരണീയമായ രചനകളിലൊന്നാണ്.
എൺപതുകളുടെ തുടക്കത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകൾക്കെതിരായ മെഡിക്കോസ് സമരംവരെയുള്ള രംഗങ്ങൾ ‘അമ്മ അറിയാനി’ലേക്ക് (1986) കയറിവന്നതിൽ ജോണിന്റെ ഈ മെഡിക്കൽ കോളജ് സന്ദർശനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ മോർച്ചറി ആദ്യമായി കാണിച്ചുതന്നതും രാജേട്ടനായിരുന്നു. പിന്നെ, പല കുപ്പികളിൽ സൂക്ഷിച്ചുവെച്ച ഭ്രൂണപ്രായം മുതലുള്ള പല കുഞ്ഞുങ്ങളുടെയും ശരീരാവയവങ്ങളും അവിടത്തെ ലാബും. കോളജിൽ അദ്ദേഹം സർവസമ്മതനായിരുന്നു. ഒരുപോലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടുകാരൻ. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരുടെയെല്ലാം അനൗദ്യോഗിക ഫോട്ടോഗ്രാഫർ എന്ന പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.
മെഡിക്കൽ കോളജ് കാമ്പസിന്റെ അതിർത്തിയിൽ കേരളത്തിലേ അല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറു കുന്നിൻപുറത്തായിരുന്നു രാജേട്ടന്റെ ക്വാർട്ടേഴ്സ്. അതന്ന് മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സൗഹൃദകേന്ദ്രമായിരുന്നു. പല കാലങ്ങളിൽ എടുത്തുവെച്ച കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങളുടെ ശേഖരം കാണിച്ചുതരാൻ ഒടുങ്ങാത്ത ആവേശമായിരുന്നു രാജേട്ടന്. ഓരോന്നിനും ഒരു ചരിത്രവുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരും സാഹിത്യകാരന്മാരും നിറഞ്ഞുനിന്ന ഒരു വലിയ മരപ്പെട്ടിയിൽ അതെല്ലാം ഭദ്രമായിരുന്നു. സ്വന്തം ആത്മാന്വേഷണങ്ങളുടെ കാഴ്ചബംഗ്ലാവുപോലെ അദ്ദേഹം ആ ഛായാപടശേഖരം കാത്തുസൂക്ഷിച്ചു. പഴയ ഗ്രാമഫോൺ റെക്കോഡറുകൾ മുതൽ കൊച്ചുകൊച്ചു കവറുകളിൽ സൂക്ഷിച്ചുവെച്ച നെഗറ്റിവുകളും ഛായാപടങ്ങളും നിറഞ്ഞ ഒരു ലോകമായിരുന്നു ആ വീട്.
എ. വിൻസന്റ് മാഷിന്റെ ‘മുറപ്പെണ്ണി’ന്റെ (1965) കോഴിക്കോട് ഒളവണ്ണയിലെ മാമിയിൽ വീട് ലൊക്കേഷനിൽ പുഷ്പ ദാമോദരൻ, നടിമാരായ ജ്യോതിലക്ഷ്മി, ശാരദ, പുഷ്പ ദാമോദരന്റെ അനിയത്തി ധനലക്ഷ്മി ● ഫോട്ടോ: പുനലൂർ രാജൻ
1986ൽ മാതൃഭൂമിയിൽ ഒരു പത്രപ്രവർത്തകനായെത്തിയപ്പോൾ അവിടെയും രാജേട്ടൻ ഒരു നിത്യസന്ദർശകനായിരുന്നു. അന്നത്തെ മാതൃഭൂമി ചീഫ് റിപ്പോർട്ടറായ വി. രാജഗോപാലിന്റെ മുറിയിലാണ് എത്തുക. പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാർ മരിക്കുമ്പോഴോ അവരെക്കുറിച്ചുള്ള പ്രധാന ഫീച്ചറുകൾ വരുമ്പോഴോ ഒക്കെ രാജേട്ടന് ഒരോർമച്ചിത്രമുണ്ടാകും കൊണ്ടുവരാൻ. മാതൃഭൂമി അത് അച്ചടിക്കും. താനറിയാതെ ലൈബ്രറിയിലെ ശേഖരത്തിലുള്ള ഏതെങ്കിലും ചിത്രങ്ങൾ തന്റെ പേരില്ലാതെ അച്ചടിച്ചാൽ തൊട്ടടുത്ത ദിവസം അതിരാവിലെ ഓഫിസിലെത്തി വൻ കലാപമാണ് രാജേട്ടൻ അഴിച്ചുവിടുക. ‘ഫോട്ടോഗ്രാഫുകളെ മാനിക്കാൻ പഠിക്കണം, ഇല്ലെങ്കിൽ കൊടുക്കണ്ട’ എന്ന മാധ്യമ പ്രവർത്തനത്തിന്റെ പ്രാഥമികപാഠം മാതൃഭൂമിയിലെ മുഴുവൻ ജേണലിസ്റ്റുകളെയും പഠിപ്പിക്കും. ഫോട്ടോഗ്രാഫുകൾ ഫോട്ടോഗ്രാഫറുടെ അനുമതിയില്ലാതെയും ബൈലൈൻ ഇല്ലാതെയും പ്രസിദ്ധീകരിക്കുന്നതിനെതിരെ ഒരായുഷ്കാലം രാജേട്ടൻ പോരാടിയിട്ടുണ്ട്.
‘‘ഒരു കഥയോ കവിതയോ റിപ്പോർട്ടോ അങ്ങനെ പ്രസിദ്ധീകരിക്കാൻ നിങ്ങൾക്കാർക്കെങ്കിലും ധൈര്യം വരുമോ? വരരുത്. ഓരോ ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറുടെ ജീവിതമാണ്. ചോരയും വിയർപ്പും കലർന്ന സൃഷ്ടിയാണ്’’ -രാജേട്ടന്റെ വിട്ടുവീഴ്ചയില്ലാത്ത അടിസ്ഥാന മന്ത്രമാണത്. ഫോട്ടോഗ്രാഫുകളുടെ ഓതർഷിപ് ബാഷ്പീകരിക്കുന്ന മാധ്യമനിലപാട് ഒരിക്കലും അദ്ദേഹം പൊറുപ്പിച്ചില്ല. തന്റെ ബഷീർ, എം.ടി ചിത്രങ്ങൾ താനറിയാതെ പുസ്തകങ്ങളുടെ കവർ ചട്ടകൾക്ക് ഉപയോഗിക്കുമ്പോൾ അതിനെതിരെ അദ്ദേഹം വൻ പ്രസാദകർക്കെതിരെയും പോരാടുമായിരുന്നു. അങ്ങനെയാണ് ചിത്രങ്ങൾ പ്രസിദ്ധീകരണത്തിന് നൽകാതെ സ്വന്തം വീട്ടിൽ നെഗറ്റിവായി കാത്തുസൂക്ഷിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത്.
ഭൂപടത്തിൽ സോവിയറ്റ് യൂനിയനും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ റഷ്യൻ പഠന വിഭാഗവും ഉണ്ടായിരുന്ന കാലമാണത്. റഷ്യ എന്നാൽ രാജേട്ടന് സ്വന്തം തറവാട്ടുകാര്യമായതുകൊണ്ട് കേരളത്തിലെ അതിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായിരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമായി അദ്ദേഹം കരുതി. എന്നാൽ, 1985ൽ ഗോർബച്ചേവ് പെരിസ്ട്രോയിക്കക്കും ഗ്ലാസ് നോസ്തിനും തുടക്കമിട്ടതോടെ സോവിയറ്റ് നില ആഗോളതലത്തിൽതന്നെ പരുങ്ങലിലായി. അക്കാലത്താണ് യൂനിവേഴ്സിറ്റിയിലെ റഷ്യൻ പഠന വകുപ്പിലെ ചില അധ്യാപകർ അമേരിക്കൻ ചാരന്മാരുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുണ്ട് എന്ന മുന്നറിയിപ്പുമായി രാജേട്ടൻ ഒരുനാൾ മാതൃഭൂമിയിൽ എത്തുന്നത്. ‘‘അവരിൽ സി.ഐ.എ ചാരന്മാരുണ്ട് ’’ -രാജേട്ടൻ പ്രഖ്യാപിച്ചു. രാജഗോപാലുമായി വലിയ വാഗ്വാദമായി. രാജേട്ടൻ അതിലിടപെടേണ്ട, ആവശ്യമെങ്കിൽ റഷ്യ ഇടപെട്ടോളും അല്ലെങ്കിൽ നാട്ടിൽ പൊലീസുണ്ട് എന്ന നിലപാടായിരുന്നു രാജഗോപാലിന്റേത്. എന്നാൽ, വിടാൻ പുനലൂർ രാജേട്ടൻ ഒരുക്കമല്ലായിരുന്നു. ഒടുവിലതിൽ പൊലീസിടപെട്ടു, രാജേട്ടനെ പൊലീസ് പിടിച്ചു കൊണ്ടുപോയി. മോചിപ്പിക്കാൻ രാജഗോപാലേട്ടൻതന്നെ മുന്നിട്ടിറങ്ങി. രാജേട്ടന് പിന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ കടക്കുന്നതിൽനിന്നും വിലക്കായിരുന്നു എന്നാണോർമ. സോവിയറ്റ് യൂനിയൻ പതനത്തിന്റെ മുന്നോടിയായിത്തന്നെ റഷ്യൻ പഠനവിഭാഗം വീഴ്ചയുടെ ലക്ഷണങ്ങൾ കാട്ടിയത് റഷ്യൻ ആരാധകനായ രാജേട്ടന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ ആ ഡിപ്പാർട്മെന്റ് തന്നെ അപ്രത്യക്ഷമായി.
1991. സോവിയറ്റ് പതനം പൂർണമായി. ഭൂമിയിലെതന്നെ ഏറ്റവും അസ്വസ്ഥനായ ആത്മാവായിരുന്നു പുനലൂർ രാജൻ എന്ന കമ്യൂണിസ്റ്റ്. എ.കെ.ജി, പി.സി. ജോഷി, എസ്.എ. ഡാങ്കേ, ഇന്ദ്രജിത്ത് ഗുപ്ത, സി. രാജേശ്വര റാവു, എൻ.ഇ. ബൽറാം, സി. അച്യുതമേനോൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എം.എൻ. ഗോവിന്ദൻ നായർ, പി.കെ. വാസുദേവൻ നായർ കെ.സി. ജോർജ്... ഒരായുഷ്കാലം രാജ്യത്തെ പ്രധാന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ മുഴുവൻ പിന്തുടർന്ന് അവരെ കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്തി.
ഫിലിം മരിച്ച് കളർ ഡിജിറ്റൽ യുഗത്തിലേക്കുള്ള കുതിപ്പ് അനിയന്ത്രിതമായിരുന്നു. പല അതിർത്തികളും മായ്ക്കപ്പെട്ടുകൊണ്ടേയിരുന്നു. രാഷ്ട്രീയ സാമൂഹികബന്ധങ്ങളും സമവാക്യങ്ങളും മാറുകയായിരുന്നു. അപ്പോഴാണ് ഒരുനാൾ അതിരാവിലെ എനിക്കൊരു കല്യാണാലോചനയുമായി രാജേട്ടൻ പടിഞ്ഞാറെ നടക്കാവിൽ എന്റെ വീട് തേടിപ്പിടിച്ചെത്തുന്നത്. വീട്ടിലാരും അപ്പോൾ ഉണർന്നിട്ടുപോലുമില്ലായിരുന്നു. തന്റെ ആത്മമിത്രങ്ങളായ ടി. ദാമോദരൻ മാഷിനും പുഷ്പക്കും ദീദി എന്ന ഒരു മകളുണ്ടെന്നും അത് എനിക്ക് പറ്റിയ പെണ്ണായിരിക്കുമെന്നുമാണ് എല്ലാവരെയും ഉറക്കത്തിൽനിന്ന് വിളിച്ചെഴുന്നേൽപിച്ച് പറഞ്ഞത്. അച്ഛനും അമ്മയും ഏട്ടനും അനിയനുമൊക്കെ കുറച്ചുനേരം അമ്പരന്നുനിന്നു എന്നതാണ് വാസ്തവം. അത്ര പുലർച്ചെയുള്ള ഒരു കല്യാണാലോചന ആർക്കും പരിചയമില്ലായിരുന്നു. രാജഗോപാലേട്ടനുമായി ചർച്ചചെയ്തു കഴിഞ്ഞ ആശയമായാണ് രാജേട്ടൻ ഇതവതരിപ്പിക്കുന്നത്. ഇരുവീട്ടുകാർക്കുമിടയിൽ അങ്ങോട്ടുമിങ്ങോട്ടും അതിവേഗം കുതിച്ചുപാഞ്ഞ് അദ്ദേഹം എല്ലാറ്റിനും വേഗം കൂട്ടി. ഒരുകാര്യം തീരുമാനിച്ചാൽ അതാണദ്ദേഹത്തിന്റെ രീതി. ദാമോദരൻ മാഷോടും രാജേട്ടൻതന്നെയാണ് വിഷയം നേരിട്ടവതരിപ്പിച്ചത്. എന്നാൽ, ചെക്കന്റെ വീട്ടിൽനിന്നും കുടുംബക്കാർ ഒന്നിച്ചുവന്നുള്ള ഒരു പെണ്ണുകാണൽ തന്റെ മകളുടെ കാര്യത്തിൽ നടപ്പില്ലെന്നും അവർക്ക് വേണമെങ്കിൽ പുറത്തെവിടെയെങ്കിലും വെച്ച് കാണാം, സംസാരിക്കാം, മകൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രമേ മുന്നോട്ടുപോകാനാവൂ... തുടങ്ങിയ ഉറച്ച വ്യവസ്ഥകൾ മാഷ് മുന്നോട്ടുവെച്ചു. പുറത്തുവെച്ചുള്ള കാണലൊന്നും ശരിയല്ലെന്ന് രാജേട്ടൻ. മാഷിന്റെ രീതി എന്റെ വീട്ടുകാരെ ബോധ്യപ്പെടുത്താനും നീണ്ട ചർച്ചകൾ. ഒടുവിൽ അതൊത്തുതീർപ്പാക്കി.
പുനലൂർ രാജന്റെ ചിതക്ക് മകൻ ഡോ. ഫിറോസ് രാജൻ തീ കൊളുത്തുന്നു
രാജേട്ടന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ സാംസ്കാരിക സംഘം മീഞ്ചന്തയിൽ ഒരു ചർച്ചക്ക് മാഷിന്റെ വീടിനോട് ചേർന്നുള്ള മാഷിന്റെ എഴുത്തുമുറി സന്ദർശിക്കാനാണ് ധാരണയായത്. പെണ്ണുകാണലില്ല, അതിനെപ്പറ്റി ചർച്ചയുണ്ടാകില്ല. അജിതയും ജീവിതപങ്കാളി ടി.പി. യാക്കൂബും വി. രാജഗോപാലും ഭാര്യ റാണേച്ചിയും, മാതൃഭൂമിയിൽ ചിത്രഭൂമിയുടെ സബ് എഡിറ്ററെന്ന നിലക്ക് ദാമോദരൻ മാഷിന്റെകൂടി സുഹൃത്തായ ബി. ജയചന്ദ്രൻ, പുനലൂർ രാജേട്ടൻ, ഞാൻ ഇത്രയുമായിരുന്നു ആ ചർച്ചാസംഘം.
ഞങ്ങൾ മീഞ്ചന്തയിലെ ദീദിയുടെ വീട്ടിലെ ഔട്ട് ഹൗസിൽ എത്തിയ ഉടൻ മാഷ് സോവിയറ്റ് പതനം ചർച്ചയായി എടുത്തിട്ടു. പിന്നെ റഷ്യൻ വിപ്ലവം എങ്ങനെ ലെനിൻ നടത്തി എന്നതിലേക്ക് അത് പടർന്നു. റഷ്യ കണ്ട, റഷ്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിച്ച രാജേട്ടനും റഷ്യൻ വിപ്ലവത്തിൽ മുങ്ങിനിവർന്ന അജിതേച്ചിയും സോവിയറ്റ് ചാരൻ എന്ന വിളിപ്പേര് കിട്ടും വരെ റഷ്യൻ പക്ഷപാതിയായിരുന്ന മോസ്കോ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തിട്ടുള്ള രാജഗോപാലേട്ടനും അടക്കം എല്ലാവരും അതിൽ ഉടക്കി. 1905ന് ശേഷം 1917 വരെയുള്ള കാലത്ത് ലെനിൻ എവിടെയായിരുന്നു, എത്രകാലം റഷ്യയിലുണ്ടായിരുന്നു എന്ന വിഷയമാണ് ദാമോദരൻ മാഷ് ഉന്നയിച്ചത്. റഷ്യൻ വിപ്ലവത്തിൽ റഷ്യയിൽ ജീവിച്ച് അതിന് നേതൃത്വം കൊടുത്ത സ്റ്റാലിനുള്ള പങ്ക് ലെനിന് ഇല്ലെന്നായി മാഷ്. അതിനിടയിൽ ദീദി കോളജ് വിട്ടുവന്നു, കുറച്ചുനേരം ചർച്ചയിൽ പങ്കെടുത്തു. ഫെമിനിസ്റ്റ് ആക്ടിവിസത്തിന്റെ ഭാഗമായി വിവാഹംതന്നെ വേണ്ടെന്ന് പറഞ്ഞേക്കുമോ എന്ന ആശങ്ക കാരണമാണ് അനുനയത്തിനായി അജിതേച്ചിയെയും കൂടെ ചേർത്തിരുന്നത്. അത് മുന്നോട്ടുപോയി. തൊട്ടുമുമ്പാണ് കോഴിക്കോട്ടുവെച്ച് ഫെമിനിസ്റ്റുകളുടെ ആദ്യ ദേശീയ സമ്മേളനം നടന്നത്. ദീദി ആ സമ്മേളനത്തിന്റെ ഭാഗമായിരുന്നു.
ഞങ്ങളുടെ കല്യാണ സമയത്ത് തന്നെയാണ് മെഡിക്കൽ കോളജ് കാമ്പസിലെ ക്വാർട്ടേഴ്സിൽനിന്ന് പുറത്തുകടന്ന് കോഴിക്കാട്ട് ഒരു വീടു വെക്കാൻ രാജേട്ടൻ അന്വേഷണം തുടങ്ങുന്നത്. അതിനൊരു സ്ഥലം തേടിയുള്ള രാജേട്ടന്റെ അന്വേഷണ പരമ്പര ഒരു നീണ്ടയാത്രയായിരുന്നു. എവിടെയെങ്കിലും ജീവിതം വേരുപിടിപ്പിക്കാനാവില്ല എന്ന നിലപാടായിരുന്നു രാജേട്ടന്. ഒടുവിൽ വി. രാജഗോപാലിന്റെ വീടിനടുത്ത്, തിരുവണ്ണൂരിലുള്ള മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കോഴിപ്പുറത്ത് വേണുഗോപാലിന്റെ തറവാട് വീടിനോടു ചേർന്ന് ഒരു നൂറ്റാണ്ടു പഴക്കമുള്ള ഒരു മദ്രാസ് മുല്ല പൂത്തുനിൽക്കുന്നത് രാജേട്ടന്റെ കണ്ണിൽപെടുന്നത് അപ്പോഴാണ്. 1991ൽ തന്നെ. അതു കാണിക്കാൻ എന്നെയും ദീദിയെയും കൂട്ടിക്കൊണ്ടുപോയി. ആ പൂമരത്തെ സ്വന്തമാക്കാൻ ആ സ്ഥലംതന്നെ താൻ വാങ്ങാൻ പോകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ആ സ്ഥലത്തിന് പൗരാണികമായ ഒരു ചരിത്രസാന്നിധ്യമുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിന്റെ വെളിപാടായി നൂറ്റാണ്ട് പിന്നിട്ട ആ പുരാതന മുല്ലമരത്തെ അദ്ദേഹം കണ്ടു.
1994ൽ തിരുവണ്ണൂരിൽ ‘സാനഡു’ എന്ന സ്വപ്നഭവനം പണിതീർന്നു. മുല്ലപ്പൂമരത്തിന്റെ വേരുകളെ ഒട്ടും ഹനിക്കാതെയാണ് വീടിന്റെ പ്ലാൻപോലും ഉണ്ടാക്കിയത്. മരിക്കും വരെ സ്വന്തം ശരീരഭാഗം പോലെത്തന്നെ ആ മുല്ലമരം സംരക്ഷിച്ചു. അതിനു കാവലായി വീടു വിട്ടെങ്ങും പോയില്ല. ആ ഓർമമരം ഇപ്പോഴും രാജേട്ടന്റെ ഓർമകൾ വഹിച്ച് തലയുയർത്തി നിൽക്കുന്നു.
2004-2012 കാലത്ത് ഞാൻ ‘ചിത്രഭൂമി’യുടെ ചുമതലയിലേക്ക് വന്നപ്പോൾ ചരിത്രസ്മരണകൾ ഉൾക്കൊള്ളുന്ന പഴയ നിശ്ചല ഛായാപടങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയെന്നത് ഉള്ളടക്കത്തിന്റെ അവിഭാജ്യഭാഗമാക്കി മാറ്റി. കവറായും സെന്റർസ്പ്രെഡായും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ അടിച്ചുവന്നു. പുനലൂർ രാജൻ, സംവിധായകൻ ശിവൻ, ചെന്നൈയിലെ പി. ഡേവിഡ് എന്നിവരുടെ നിരവധി മികച്ച ചിത്രങ്ങൾ അതുവഴി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് ‘ചിത്രഭൂമി’ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്.
2012 മാർച്ച് 28ന് ദാമോദരൻ മാഷ് വിടവാങ്ങിയതിൽ പിന്നെ രാജേട്ടൻ മീഞ്ചന്തയിലെ ഞങ്ങളുടെ വീട്ടിലേക്ക് ഒരിക്കലും വന്നില്ല. രാജേട്ടൻ വിടവാങ്ങുന്നതുവരെ എല്ലാ മാർച്ച് 28നും ഓർമിച്ചു വിളിക്കും. ‘‘ഇന്നല്ലേ’’ എന്ന്. പിന്നെ ഒന്നും മിണ്ടില്ല. മാഷിന്റെ അഞ്ചാം ഓർമവർഷം ദീദി എഡിറ്റ് ചെയ്ത മാതൃഭൂമിയുടെ ‘ടി. ദാമോദരൻ’ എന്ന ഓർമപ്പുസ്തകം രാജേട്ടനായിരുന്നു ഏറ്റുവാങ്ങേണ്ടിയിരുന്നത്. എന്നാൽ, അവസാന നിമിഷം പിൻവാങ്ങി. ‘‘എനിക്ക് കഴിയുന്നില്ല’’ എന്ന് അറിയിച്ചു.
2016ൽ റഷ്യയും സെന്റ് പീറ്റേഴ്സ്ബർഗും സന്ദർശിക്കാൻ ഞാനും ദീദിയും മുക്തയും പുറപ്പെടുമ്പോൾ അത് ഒരായുഷ്കാലം റഷ്യയെ തങ്ങളുടേതായ രീതിയിൽ ഹൃദയത്തിലേറ്റിയ രണ്ട് പിതാമഹന്മാർ പകർന്നുതന്ന അറിവുകളിലൂടെയുള്ള ഒരു യാത്രയായിരുന്നു.
വിടപറയുന്ന ദിവസത്തിലെ അവസാനത്തെ (2020 ആഗസ്റ്റ് 14) ഫോൺകാൾവരെയും പുനലൂർ രാജൻ എന്ന കരുതൽ ഒപ്പമുണ്ടായിരുന്നു.
കോവിഡ് കാലമായിരുന്നു അത്. ശ്വാസംമുട്ടൽ കലശലായിട്ടും ആശുപത്രിയിലേക്ക് പോകാൻ അദ്ദേഹം വിസമ്മതിച്ചു നിന്നു. അതിന്റെ കാരണവും സ്വന്തം മരണത്തേക്കാളും തന്റെ പ്രിയപ്പെട്ടവരുടെ ജീവനിലുള്ള കരുതലായിരുന്നു. ഒടുവിൽ പഴയ മെഡിക്കൽ കോളജ് സുഹൃദ്സംഘത്തിൽപെട്ട, മിംസിലെ എമർജൻസി മെഡിസിൻ മേധാവിയായ ഡോ. വേണുഗോപാൽ വഴി ഒരു ആംബുലൻസ് സജ്ജമാക്കി രാജേട്ടനെ മിംസ് ആശുപത്രിയിലെത്തിച്ചു. തങ്കമണി ചേച്ചി ആശുപത്രിയിലേക്ക് ഒപ്പം വരുന്നതിന് അദ്ദേഹം എതിരായിരുന്നു. വരുകയേ ചെയ്യരുത് എന്നായിരുന്നു നിലപാട്. മകൻ ഡോ. ഫിറോസ് രാജൻ (ഓങ്കോ സർജൻ, കോവൈ മെഡിക്കൽ സെന്റർ) രാത്രി പത്തുമണിയോടെ കോയമ്പത്തൂരിൽനിന്നും മിംസിലെത്തി. അർധരാത്രി കഴിയും വരെയും പ്രത്യാശയുണ്ടായിരുന്നു. മലേഷ്യയിൽനിന്നും മകൾ ഡോ. പോപ്പി രാജൻ (ക്വാലാലംപുർ മെഡിക്കൽ കോളജ്) വിളിച്ചുകൊണ്ടേയിരുന്നു. തന്നെ കാണാതെ അച്ഛന് പോകാനാകില്ലെന്ന് പോപ്പി പ്രത്യാശിച്ചു. പുലർച്ച 1.40 ആയപ്പോൾ ആ പ്രത്യാശ കൈവിട്ട് ഫിറോസിന്റെ വിളിവന്നു. അച്ഛൻ ഇനി ഇല്ല എന്ന്. പൊടുന്നനെ എല്ലാം നിശ്ശബ്ദമായി. മരണത്തിന്റെ വഴികൾ അതിനു മാത്രമറിയാം. അനിവാര്യമായ ആ വിധിയിലേക്ക് ഓരോരുത്തരും ഒറ്റക്ക് നടക്കുന്നു.
മൂന്നു പതിറ്റാണ്ടു കാലത്തെ (1990-2020) വലിയ നിശ്ശബ്ദത പുനലൂർ രാജൻ ഫോട്ടോഗ്രഫിയിൽ പ്രകടമാണ്. അതിനെ സാങ്കേതികവിദ്യയിൽ വന്ന പരിണാമമായി ചുരുക്കിയെഴുതാനാവില്ല.
1964ലെ പാർട്ടി പിളർപ്പിനുശേഷമാണ് സിനിമയെടുക്കാനുള്ള തീരുമാനവുമായി പാർട്ടി രാജേട്ടനെ മോസ്കോയിലേക്കയക്കുന്നത്. എന്നിട്ടും തിരിച്ചുവന്ന് അദ്ദേഹം സിനിമയിലേക്ക് കടന്നില്ല എന്നതും പഠിക്കപ്പെടേണ്ടതാണ്. സിനിമ എടുക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് പറയാനാവില്ല. 1995നും 2000ത്തിനും ഇടയിലെപ്പോഴോ ആയിരുന്നു അദ്ദേഹം ഒരു സിനിമയെടുക്കാൻ തുനിഞ്ഞിറങ്ങിയത്. തമിഴിലായിരുന്നു അത് ആലോചിച്ചത്. ദീദിയോട് തിരക്കഥ എഴുതാൻ പറഞ്ഞു. ‘‘നീയാണ് നായകൻ’’ എന്ന് എന്നോടും. ഒരു നെൽവിത്തിന്റെ നീണ്ടയാത്രയുടെ പരിണാമകഥയായിരുന്നു അത്. സിനിമ ഷൂട്ട് ചെയ്യാൻ റഷ്യയിൽനിന്നും താർക്കോവ്സ്കിയുടെ ഛായാഗ്രാഹകൻ യൂസോഫ് വരും എന്നദ്ദേഹം പറഞ്ഞു. ഞങ്ങൾ അമ്പരന്നുനിന്നു. യൂസോഫ് ഉണ്ടോ? സംശയമായി. ചികഞ്ഞുനോക്കിയപ്പോൾ ശരിയായിരുന്നു. താർക്കോവ്സ്കിയുടെ ‘സ്ട്രീം റോളർ ആൻഡ് ദ വയലിൻ’ (1960), ‘ ഐവാൻസ് ചൈൽഡ്ഹുഡ്’ (1962), ‘ആന്ദ്രേ റൂബ്ലോവി’ (1966), ‘സൊളാരിസ്’ (1972) എന്നീ സിനിമകളുടെ ഛായാഗ്രാഹകനാണ്. രാജേട്ടൻ പഠിച്ച മോസ്കോ ഫിലിം സ്കൂളിലെ പ്രഫസറായിരുന്നു.
അറുപതുകളിൽ എ. വിൻസന്റ് മാസ്റ്റർ ‘മുറപ്പെണ്ണും’ പി. ഭാസ്കരൻ മാസ്റ്റർ ‘ഇരുട്ടിന്റെ ആത്മാവും’ പി.എൻ. മേനോൻ ‘ഓളവും തീരവും’ എടുക്കുമ്പോൾ നിശ്ചല ഛായാഗ്രാഹകനായി പുനലൂർ രാജന്റെ കാമറയാണ്. എന്നാൽ, ആർട്ട് സ്കൂൾ സിനിമകൾ മലയാളത്തിൽ കരുത്താർജിച്ചപ്പോൾ അദ്ദേഹം വിട്ടുനിന്നു. ആ പിൻവാങ്ങൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു സ്വന്തം ചലച്ചിത്രകാരൻ ഉണ്ടാകാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തിയത്. അത് മൂലധനത്തിന്റെ വിജയവും സിനിമയുടെ പരാജയവുമാണ്.
2020 ആഗസ്റ്റ് 15, പുലർച്ചെ 1.40ന് മരണം കണ്ണുതുറന്നപ്പോൾ അതുവരെ എടുക്കപ്പെട്ടിട്ടില്ലാത്ത ഛായാപടംപോലെ പിറക്കുന്നു പുനലൂർ രാജൻ എന്ന പുതിയ ഛായാപടം. ഇനി അനശ്വരം, എന്നും 81 വയസ്സ്. ഒരു പുനലൂർ രാജൻ ക്ലിക് പോലെ മാനാരിപ്പാടം ശ്മശാനത്തിൽ, മഹാമാരിയിൽ വിരലിൽ എണ്ണാവുന്നവരെമാത്രം സാക്ഷിയാക്കി, ദഹിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.