വാർഷിക കണക്കെടുപ്പിൽ, മാധ്യമപ്രവർത്തകരുടെ അവസ്ഥ വിലയിരുത്തുന്നുണ്ട് രണ്ട് സംഘടനകൾ: റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സും (ആർ.എസ്.എഫ്), കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സും (സി.പി.ജെ).
മൂന്നാഴ്ച മുമ്പ് സി.പി.ജെ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ഇക്കൊല്ലം ലോകത്താകെ 293 മാധ്യമപ്രവർത്തകർ തടങ്കലിലുണ്ട്. കഴിഞ്ഞ വർഷത്തെക്കാളും 13 കൂടുതൽ. ചൈനയാണ് മൂന്നാം വർഷവും മുന്നിൽ.
തൊഴിലിനിടെ 24 ജേണലിസ്റ്റുകൾ ഇക്കൊല്ലം വധിക്കപ്പെട്ടു. വേറെ 18 ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അത് അവരുടെ തൊഴിൽകാരണമാണെന്ന് ഉറപ്പില്ലാത്തതിനാൽ ഈ പട്ടികയിൽ ചേർത്തിട്ടില്ലെന്നു മാത്രം.
ഏറ്റവും കൂടുതൽ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ട രാജ്യം ഇന്ത്യയാണ് -നാലുപേർ. അഞ്ചാമതൊരാൾ സംഘർഷസ്ഥലത്ത് റിപ്പോർട്ട് ചെയ്യുന്നതിനിടെയും കൊല്ലപ്പെട്ടു. കള്ളവാറ്റു സംഘങ്ങളെപ്പറ്റി അന്വേഷിച്ച് വാർത്ത ചെയ്ത സുലഭ് ശ്രീവാസ്തവക്ക് (എ.ബി.പി ന്യൂസ്) വധഭീഷണിയുണ്ടായിരുന്നു. യു.പി പൊലീസിൽ പരാതിപ്പെട്ടെങ്കിലും അവർ ഒന്നും ചെയ്തില്ല. ഇ.വി-5 ചാനലിെൻറ റിപ്പോർട്ടറായിരുന്ന ചന്നകേശവലു ആന്ധ്ര പൊലീസിെൻറ അഴിമതികളെപറ്റി റിപ്പോർട്ടു ചെയ്തു. കുറ്റവാളി സംഘത്തെപ്പറ്റി വാർത്ത ചെയ്തയാളാണ് ബിഹാറിലെ മനിഷ്കുമാർ സിങ് (സുദർശൻ ടി.വി). വിവരാവകാശ പ്രവർത്തകൻകൂടിയായിരുന്ന അവിനാശ് ഝാ കഴിഞ്ഞമാസം ബിഹാറിൽ കൊല്ലപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചൂഷണത്തെപറ്റി ബി.എൻ.എൻ ന്യൂസ് എന്ന വെബ് മാധ്യമം വഴി പുറത്തറിയിച്ചു അദ്ദേഹം. ഇവർക്കുപുറമെ, കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ സാധന പ്ലസ് ടിവി റിപ്പോർട്ടർ രമൺ കശ്യപിനെ യു.പിയിലെ ലഖിംപൂർ ഖേരിയിൽ മന്ത്രിപുത്രെൻറ കാർ ഇടിച്ചുകൊന്നു.
ആറു പത്രപ്രവർത്തകർ ഇന്ത്യയിൽ ജയിലിൽ കഴിയുന്നു: സിദ്ദീഖ് കാപ്പൻ, ആസിഫ് സുൽത്താൻ, ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്ലഖ, മനാർ ഡർ, രാജീവ് ശർമ എന്നിവർ.
മാധ്യമപ്രവർത്തകരുടെ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിൽ ഇന്ത്യയുെട സ്ഥിതി വളരെ മോശമാണെന്ന് ആഗസ്റ്റിൽ സി.പി.ജെ ഇറക്കിയ 'ഗ്ലോബൽ ഇംപ്യൂണിറ്റി ഇൻഡക്സി'ൽ പറഞ്ഞിരുന്നു.
ആർ.എസ്.എഫിെൻറ റിപ്പോർട്ട് പറയുന്നത്, തങ്ങൾ 1995ൽ കണക്കെടുപ്പ് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ജേണലിസ്റ്റുകൾ ജയിലിലകപ്പെട്ട വർഷമാണ് 2021 എന്നാണ്. അവരുടെ കണക്കിൽ, ലോകത്താകെ 488 മാധ്യമപ്രവർത്തകർ തടങ്കലിലുണ്ട്. സി.പി.ജെയുടെ കണക്കും (293) ആർ.എസ്.എഫിെൻറ കണക്കും (488) തമ്മിലുള്ള അന്തരം അവരുടെ കണക്കെടുപ്പു രീതിയുടെയും മാനദണ്ഡങ്ങളുടെയും വ്യത്യാസംമൂലം വരുന്നതാണ്. സി.പി.ജെ സർക്കാർ തടങ്കലിലുള്ളവരെ മാത്രമേ കണക്കിൽപെടുത്തുന്നുള്ളൂ. ആർ.എസ്.എഫാകട്ടെ അക്രമിസംഘങ്ങൾ ബന്ദികളാക്കിയവരെയും കാണാതായവരെയുംകൂടി കണക്കിലെടുക്കുന്നു.
മാധ്യമപ്രവർത്തനം ഏറ്റവുമധികം ഭീഷണി നേരിടുന്ന അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ആർ.എസ്.എഫ് എടുത്തുപറയുന്നുണ്ട്.
ആർ.എസ്.എഫും സി.പി.ജെയും ഒരു കാര്യത്തിൽ ചൈനക്ക് ഒന്നാംസ്ഥാനം നൽകിയിട്ടുണ്ട്: മാധ്യമപ്രവർത്തകരെ ജയിലിലയക്കുന്നതിൽ. ആർ.എസ്.എഫിെൻറ കണക്കിൽ ചൈന അകത്തിട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 127ൽ കുറയില്ല.
ഇക്കൂട്ടത്തിൽ ഒരാളായ ജാങ് ജാൻ ഇപ്പോൾ ഷാങ്ഹായ് ജയിലിൽ അവശനിലയിലെന്ന് വാർത്ത. അവരും മറ്റൊരു 'സിറ്റിസൻ ജേണലിസ്റ്റാ'യ ഫങ് ബിനും അടക്കം പത്ത് മാധ്യമപ്രവർത്തകരെ ജയിലിലിട്ടത്, കൊറോണ വൈറസ് പടർന്നതിൽ ചൈനക്ക് പങ്കുണ്ടോ, ഉണ്ടെങ്കിൽ എത്രത്തോളം എന്നന്വേഷിച്ചതിനാണ്.
ജാങ്ങിെൻറ കഥ ചൈനീസ് മാധ്യമരംഗത്തിെൻറ കണ്ണാടികൂടിയാണ്. ഹോങ്കോങ്ങിൽ 2019 സെപ്റ്റംബറിൽ നടന്ന ജനാധിപത്യ പ്രക്ഷോഭകാലത്ത്, സമരത്തിെൻറ ഭാഗമായിരുന്ന ഇൗ അഭിഭാഷകയെ സാഹചര്യങ്ങൾ ജേണലിസത്തിലേക്ക് എടുത്തെറിയുകയായിരുന്നു.
കമ്യൂണിസ്റ്റ് കുത്തകാധികാരം അവസാനിപ്പിക്കുക എന്നെഴുതിയ ഒരു കുട ഉയർത്തിക്കാട്ടിയ 'കുറ്റ'ത്തിന് ചൈനീസ് അധികൃതർ അവരെ രണ്ടുമാസത്തേക്ക് തടവിലിട്ടു; ജയിലിൽ അവർ നിരാഹാരമിരുന്നു.
പുറത്തുവന്ന് ഏതാനും ആഴ്ചകൾക്കകം വൂഹാൻ ലബോറട്ടറിയിൽനിന്ന് കൊറോണ വൈറസിനെപറ്റി ആദ്യവാർത്തകൾ അൽപ്പാൽപ്പമായി ചോർന്നു.
2020 ജനുവരി 23ന് വൂഹാനിൽ ലോകത്തിലാദ്യത്തെ കോവിഡ് ലോക്ഡൗൺ ഏർപ്പെടുത്തി. 76 നാൾ നീണ്ട ആ അടച്ചുപൂട്ടലിനിടെ ജാങ് വൂഹാനിലെത്തിയത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നില്ല.
ലോക്ഡൗണിലെ ജീവിതദുരിതങ്ങളെപറ്റി അനുഭവക്കുറിപ്പുകളും വിഡിയോകളും തയാറാക്കിയപ്പോൾമുതൽ ജാങ് ജേണലിസ്റ്റായി മാറി. ഞെരുങ്ങി ജീവിക്കുന്ന പാവങ്ങളുടെ കഥകൾ, ഉറ്റവരെ നഷ്ടപ്പെട്ട്, വിലപിക്കാൻപോലും അനുമതിയില്ലാതെ വീർപ്പുമുട്ടുന്നവരുടെ വിവരങ്ങൾ...
താണ്ഡവമാടുന്ന മരണം. അതിനുമേൽ അധികാരത്തിെൻറ അടിച്ചമർത്തലുകൾ.
ഫെബ്രുവരി മാസമിറങ്ങിയ ഷാങ്ങിെൻറ ഒരു വിഡിയോ റിപ്പോർട്ട് ലോകശ്രദ്ധ നേടി. അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖി എന്ന റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റിലൂടെ ലോകം കണ്ട ഇന്ത്യയിലെ കോവിഡ് ചിതകളുടെ ദൃശ്യങ്ങൾ ഓർക്കുക. അതിനുംമുേമ്പ ജാങ്ങിെൻറ വിഡിയോ ദൃശ്യങ്ങൾ ചൈനയിലെ രോഗഭീകരത ലോകത്തോടു വിളിച്ചുപറഞ്ഞിരുന്നു.
രംഗം: ചൈനയിലെ വൂഹാൻ. ദൃശ്യം: ജാങ് ജാൻ ഒരു കെട്ടിടത്തിന് മുന്നിലൂടെ നടക്കുന്നു. പശ്ചാത്തലത്തിൽ വല്ലാത്തൊരു മൂളൽ കേൾക്കാം. സമയം പാതിരാവ്. നിലക്കാതെ പ്രവർത്തിക്കുന്ന വൈദ്യുത ശ്മശാനമാണ്. ദഹിപ്പിക്കപ്പെടുന്ന ശരീരങ്ങളെപ്പറ്റി പുറമേക്ക് കിട്ടുന്ന ഏക സൂചനയാണ് ആ മൂളൽ ശബ്ദം.
ഇത്തരം ഡസൻകണക്കിന് ദൃശ്യങ്ങൾ ജാങ് ഇൻറർനെറ്റിലിട്ടു.
എൻ.ബി.സി ന്യൂസ് എന്ന അമേരിക്കൻ ചാനലിലെ അഭിമുഖകാരൻ അവരോട് ചോദിച്ചു: ചൈനയാണ്. എങ്ങനെ കഴിയുന്നു ഇത്?
മറുപടി: ഇതുവരെ അവർ ഒന്നും ചെയ്തിട്ടില്ല. എത്രകാലം എന്നറിയില്ല.
2020 മേയിലായിരുന്നു അത്. ആ മാസംതന്നെ അവരെ കാണാതായി. കുറെ കഴിഞ്ഞാണ് കുടുംബംപോലും അറിയുന്നത്, അവർ ''വഴക്കുണ്ടാക്കിയ'' കുറ്റത്തിന് ജയിലിലാണെന്ന്. അവിടെ അവർ നിരാഹാരമനുഷ്ഠിക്കുന്നു. അധികൃതർ ബലാത്കാരമായി തീറ്റുന്നു. ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണ് ഇന്നവർ. നാലുവർഷ ജയിൽവാസം കഴിയുേമ്പാഴേക്കും അവർ ജീവനോടെ കാണുമോ എന്ന് സംശയം. അവരെ വിട്ടയക്കാൻ യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്. ധീരമായ മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരം ആർ.എസ്.എഫ് അവർക്ക് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.
അബദ്ധമോ അതോ നയമോ?
ഗായകൻ പി. ജയചന്ദ്രന് ജെ.സി. ഡാനിയേൽ അവാർഡ്. ഇതിെൻറ വാർത്തയിൽ ഹിന്ദുപത്രത്തിന് ഒരബദ്ധം പറ്റി. വാർത്തയുെട ഉപശീർഷകത്തിൽ, ''പിന്നണിഗാനരംഗത്ത് അഞ്ചുവർഷമായി നിത്യസാന്നിധ്യം'' എന്നെഴുതിയിരിക്കുന്നു: A constant presence in playback singing for five years...
Five decades (അഞ്ചു പതിറ്റാണ്ട്) എന്നു പറയേണ്ടിടത്താണ് അഞ്ചു വർഷമെന്നെഴുതിയത്. ഇത് ചൂണ്ടിക്കാട്ടി പത്രത്തിന് കത്തയച്ചെങ്കിലും തിരുത്തിയില്ല എന്ന് വായനക്കാരൻ ടി.ഐ. ലാലു പറയുന്നു.
റീഡേഴ്സ് എഡിറ്റർ നിലവിലുള്ളപ്പോൾ ഹിന്ദു പ്രധാനവാർത്തകളിലെ തെറ്റുകൾ തിരുത്താറുണ്ടായിരുന്നു. ആ ശീലമില്ലാത്ത മറ്റു പത്രങ്ങളുടെ കാര്യമോ? ഡിസംബർ 11ന് മലയാള മനോരമ പത്രത്തിെൻറ രണ്ടാം മുഖപേജിൽ വന്ന ഒരു വാർത്ത ഇന്ത്യയിലെ ഒമിക്രോൺ പടർച്ചയെപറ്റിയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി 32 കേസുകൾ, മഹാരാഷ്ട്രയിൽ മാത്രം 17 എന്നിങ്ങനെ വിവരങ്ങൾ. ഇടക്ക് ഒരാളുടെ -ഒരാളുടെ മാത്രം - മതം എടുത്തുപറഞ്ഞു: ''ടാൻസനിയയിൽനിന്നെത്തിയ മുസ്ലിം പുരോഹിതൻ''. ബാക്കി എല്ലാവരും, ''കുട്ടി'', ''രണ്ടുപേർ'', ''മറ്റു രണ്ടുപേർ'', ''നാലുപേർ'' എന്നിങ്ങനെ. കോവിഡ് ആദ്യ തരംഗത്തിൽ ഡൽഹിയിൽ തബ്ലീഗ് പ്രവർത്തകർക്കെതിരെ വംശീയ അധിക്ഷേപമുയർത്തിയ മാധ്യമങ്ങളുണ്ട്. ഒടുവിൽ കോടതി ഇടപെടൽ വേണ്ടിവന്നു കുപ്രചാരണം നിലക്കാൻ.
മനോരമയുടെ ''പ്രത്യേക പരാമർശം'' പത്രത്തിെൻറ ശ്രദ്ധയിൽപ്പെടാത്തതല്ല. പൊതുസമൂഹത്തിലെ കമൻറുകളോട് അവർ പ്രതികരിച്ചതായും കണ്ടില്ല.
തെറ്റ് എന്നാൽ തെറ്റ് മാത്രമാണ്. എന്നാൽ, അത് തിരുത്തപ്പെടാതെ ആവർത്തിക്കുേമ്പാൾ അത് നയമാണെന്ന് വരുന്നു. മനോരമയുടെ നയം എന്ന് തോന്നിക്കുന്ന ഒരു തെറ്റിനെപറ്റി 'മീഡിയാ സ്കാനി'ൽ മുമ്പ് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത ഒരു സ്ഥലം മനോരമയുെട സ്റ്റൈൽ ബുക്കിലുണ്ടെന്ന് തോന്നുന്നു. 'ബത്തേരി'യാണ് സ്ഥലം. പേരുകൾ അക്ഷരത്തെറ്റില്ലാതെ എഴുതാൻ ശ്രദ്ധിക്കുന്ന പത്രം സുൽത്താൻ ബത്തേരിയിൽനിന്ന് സുൽത്താനെ പുറത്താക്കിയിട്ട് വർഷങ്ങളായി.
അത് മനോരമക്ക് തെറ്റല്ല, നയംതന്നെയാണെന്ന് വരുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.