കുറ്റബോധത്തോടെ, ആദ്യമേതന്നെ പറയട്ടെ ഞാൻ മനോജ് എന്ന എഴുത്തുകാരനെ വായിച്ചിട്ടില്ല. ഒരുകാലത്ത് വായിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വായിക്കാനായില്ല. എഴുത്തുകാരിലെ വലുപ്പച്ചെറുപ്പങ്ങൾ നിർമിക്കുന്ന വർത്തമാനകാലത്തെ മാധ്യമസംസ്കാരം വിഴുങ്ങിയതാവാം ആ വിട്ടുകളയലിന് പിന്നിൽ. ക്ഷമിക്കുക. എഴുതപ്പെടുന്നതെല്ലാം ആർക്കും വായിക്കാനാകില്ല എന്നുറപ്പാണ്. അത്രയധികമാണ് ചുറ്റുമുള്ള എഴുത്തിന്റെ പ്രളയം. വായിക്കാനായി തിരഞ്ഞെടുക്കുന്നതിൽപോലും ഒരു...
കുറ്റബോധത്തോടെ, ആദ്യമേതന്നെ പറയട്ടെ ഞാൻ മനോജ് എന്ന എഴുത്തുകാരനെ വായിച്ചിട്ടില്ല. ഒരുകാലത്ത് വായിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വായിക്കാനായില്ല. എഴുത്തുകാരിലെ വലുപ്പച്ചെറുപ്പങ്ങൾ നിർമിക്കുന്ന വർത്തമാനകാലത്തെ മാധ്യമസംസ്കാരം വിഴുങ്ങിയതാവാം ആ വിട്ടുകളയലിന് പിന്നിൽ. ക്ഷമിക്കുക.
എഴുതപ്പെടുന്നതെല്ലാം ആർക്കും വായിക്കാനാകില്ല എന്നുറപ്പാണ്. അത്രയധികമാണ് ചുറ്റുമുള്ള എഴുത്തിന്റെ പ്രളയം. വായിക്കാനായി തിരഞ്ഞെടുക്കുന്നതിൽപോലും ഒരു നിലപാടുണ്ട്. പലപല പ്രേരണകളുണ്ട്. അങ്ങനെ തിരഞ്ഞെടുത്ത് വാങ്ങിെവച്ചവപോലും വായിക്കാത്തവയുടെ പട്ടികയിൽ ഓരോ ബുക്ക് ഷെൽഫിലും അടയിരിക്കുന്നുണ്ട്. അത്രയേ സമയമുള്ളൂ. എന്നാൽ, വിട്ടുകളയുന്നതിൽ വലിയ നഷ്ടങ്ങൾ പതിയിരിക്കുന്നുണ്ടാകും എന്ന ഖേദം തിരുത്താനാവാത്തതാണ്.
അമിതമായ ഏത് വായനയും ലോകത്തെ നേരിൽ അനുഭവിക്കാൻ കഴിയുന്ന നേരങ്ങളുടെ നഷ്ടങ്ങൾകൂടിയാണ്. അത് പുസ്തകമായാലും സിനിമയായാലും. ഒരു വർഷം 365 സിനിമയും 365 പുസ്തകവും വായിച്ചതിന്റെ പട്ടിക ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുന്നവരെ കണ്ടിട്ടുണ്ട്. അവർ ജീവിച്ചത് എപ്പോഴായിരിക്കും എന്ന് അമ്പരന്നിട്ടുണ്ട്.
മനോജ് സാഹിത്യത്തിന്റെ മുഖ്യധാരയിലെ താരമായിരുന്നില്ല. അടുത്ത ചില ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പോസ്റ്റുകളിൽനിന്നാണ് മനോജ് എന്ന എഴുത്തുകാരൻ മരിച്ചതായി ശ്രദ്ധയിൽപെടുന്നത് (കടപ്പാട്: വി. വിജയകുമാർ, രാധാകൃഷ്ണൻ കുന്നത്തൂർ). മികച്ച എഴുത്തുകാരിലൊരാളായി അവർ മനോജിനെ ഓർമിച്ചു കണ്ടു. അടുത്ത പകൽ 'മാതൃഭൂമി' പത്രം വീട്ടിലെത്തിയ നേരത്ത് ചരമപേജിൽ ഒറ്റക്കോളത്തിൽ ഒതുക്കിനിർത്തി കണ്ടപ്പോൾ ദുഃഖം തോന്നി. അത്രയും അദൃശ്യത ഒരു തലമുതിർന്ന ഒരെഴുത്തുകാരനു മേൽ എങ്ങനെയാണ് നിർമിക്കപ്പെട്ടത് എന്നത് അത്ഭുതപ്പെടുത്തി. മറ്റു പത്രങ്ങൾ ഞാൻ കണ്ടിട്ടില്ല. നല്ല പരിചരണം കിട്ടിയതായി സമൂഹമാധ്യമങ്ങളിലൊന്നും കണ്ടതുമില്ല.
അടിയന്തരാവസ്ഥക്കു ശേഷം പി.കെ. നാണുവിനും യു.പി. ജയരാജിനും എം. സുകുമാരനുമൊപ്പം പാർട്ടിഭക്തിയുടെ തണലില്ലാതെ പുറത്തുവന്ന എഴുത്തുകളുടെ പട്ടികയിലാണ് മനോജ് എന്ന പേര് ആദ്യം കേട്ടത്. ജാതിപ്പേരോ സ്ഥലപ്പേരോ വീട്ടുപേരോ കൂട്ടിച്ചേർക്കാതെ ഒറ്റക്ക് നിൽക്കുന്ന ഒരു പേര്, മനോജ്. എ.കെ.ജി അവതാരിക എഴുതിയ 'മിന്നാമിനുങ്ങുകൾ മെഴുകുതിരികൾ' നവീന ഇടതുപക്ഷ ഭാവുകത്വം രേഖപ്പെടുത്തിയ ആദ്യ നോവൽ എന്ന ഗണത്തിൽ ചർച്ചചെയ്തത് ഓർമയുണ്ട്. അടിയന്തരാവസ്ഥാ തടവുകാരനും സാംസ്കാരിക വേദിക്കാലത്തെ 'അമ്മ' നാടകത്തിന്റെ രചയിതാവും സംവിധായകനുമായ മധു മാഷാണ് ഇങ്ങനെയൊരു എഴുത്തുകാരൻ വരുന്നുണ്ട് എന്ന് പറഞ്ഞു തന്നത്. മാഷിന്റെ നാടകപര്യടനങ്ങളിലെ സൗഹൃദങ്ങളിൽ മനോജ് ഉണ്ടായിരുന്നു. അക്കാലത്തെ 'പ്രേരണ'യിലോ മറ്റോ മിന്നാമിനുങ്ങുകളെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു എന്നാണോർമ. ഇതാ വരുന്നു മറ്റൊരു ഇതിഹാസ നോവൽ എന്ന് അതിന്റെയൊരു വാർത്തയോ പരസ്യമോ മറ്റോ എപ്പോഴോ കണ്ടത് പോലെയൊരു ഓർമയാണുള്ളത്. 'അമ്മ' നാടകത്തിന്റെ അണിയറയിലെ ചർച്ചകളിൽ ചിലരത് ഗംഭീരമെന്ന് വാഴ്ത്തി. എന്നാൽ, എ.കെ.ജി അവതാരിക അതിനെ പുരോഗമന സാഹിത്യത്തിന്റെ പട്ടികയിൽ കൊണ്ടുചെന്നു കെട്ടി. മനോജിന്റെ ആദ്യനോവലായിരുന്നു 'മിന്നാമിനുങ്ങുകൾ'. വായിക്കണം എന്ന് ആലോചിച്ചുെവച്ച നോവൽ പിന്നീട് വിട്ടുപോയി. വായന മറ്റു പലതിന്റെയും പിറകെ പോകുമ്പോൾ പല മുൻ തീരുമാനങ്ങളും വഴിമാറുന്നു. മനോജ് തന്നെയും ഓർമയിൽനിന്നും വിട്ടുപോയി. പിന്നെയൊരിക്കലും വായനയുടെ വഴിയിൽ ആ പേര് കണ്ടതേയില്ല.
മാതൃഭൂമിയിൽ പിന്നിട്ട മൂന്നര പതിറ്റാണ്ടു കാലത്ത് ആ പേര് അവിടത്തെ മത്സരിച്ചെഴുതുന്ന ഫീച്ചർ എഴുത്തുകാരുടെയും അഭിമുഖകാരന്മാരുടെയും പട്ടികയിൽ ഒരിക്കലും കണ്ടതായി ശ്രദ്ധയിൽപെട്ടില്ല. അതുകൊണ്ടുതന്നെ വാരാന്തപ്പതിപ്പിന്റെയോ ആഴ്ചപ്പതിപ്പിന്റെയോ കവർസ്റ്റോറി നിരയിൽ മനോജ് എത്തിച്ചേർന്നില്ല. മുഖ്യധാരയുടെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ, സ്വന്തം രചനകളുടെ ലോകത്ത് സമാന്തരമായി ജീവിക്കുകയായിരുന്നു മനോജ് എന്നുവേണം മനസ്സിലാക്കാൻ.
പുതുതലമുറ സമൂഹമാധ്യമങ്ങളിലും അവയുടെ വൈറൽ സ്ലൈഡുകളിലും ഒരിക്കലും മനോജിന്റെ ഒരു ഉദ്ധരണിയോ അദ്ദേഹവുമായുള്ള ഒരഭിമുഖമോ അദ്ദേഹത്തെക്കുറിച്ചുള്ള എഴുത്തോ ഒരിക്കലും കണ്ടില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഓർമയുടെ അറിവുകൾക്കപ്പുറമായിരുന്നു.
മാധ്യമങ്ങളിൽനിന്നും അപ്രത്യക്ഷമാകുന്നത് ഒരുതരം മരണംതന്നെയായി അഭിമുഖീകരിക്കുന്നതുകൊണ്ടാകാം അവിടെ നിറഞ്ഞുനിൽക്കാൻ ചിലർക്ക് നിരന്തരമായി എഴുതേണ്ടിവരുന്നത്. എന്നാൽ, ആ മത്സരയോട്ടത്തിൽ ഒരിക്കലും പങ്കാളിയാകാത്ത ഒരെഴുത്തുകാരനായിരുന്നു മനോജ്. അർഹമായ ബഹുമതികളും ആദരവും കിട്ടാതെ പോയ മനോജിനെപ്പോലുള്ള എഴുത്തുകാരെക്കുറിച്ചുള്ള കടുത്ത അറിവുകേടുകളുമായാണ് നമ്മുടെ മുഖ്യധാരാ മാധ്യമജീവിതം കടന്നുപോകുന്നത്. ഒറ്റക്കോളത്തിലുള്ള മാതൃഭൂമി പത്രത്തിലെ ആ ചരമക്കുറിപ്പ് അതോർമിപ്പിക്കുന്നു.
മനോജിന്റേതായി നിരവധി കൃതികൾ പുറത്തുവന്നതായി മരണവാർത്തയിൽ കാണാം . ആ പുസ്തകങ്ങളുടെ പേരുകൾ കൂട്ടിവായിച്ചാൽ ശ്രദ്ധേയമായ ഒരു ലോകം മുന്നിൽ വരുന്നുണ്ട്. 'ജീവിക്കുന്നവരുടെ ശ്മശാനം', 'കാട്ടാളൻ', 'കാലാവധി', 'വേദാരമണ്യം', 'സത്യവാഗീശ്വരൻ', 'സമാന്തര യാത്രകൾ', 'രാക്ഷസകുലം', 'ദേഹവിയോഗം', 'ശരിയുത്തരങ്ങൾ', 'സുഖവാസികളുടെ ലോകം', 'മതബോധനത്തിന്റെ ദൃശ്യശാസ്ത്രം' -എല്ലാം കനപ്പെട്ട പേരുകൾ. ഒന്നും ഞാൻ കണ്ടിട്ടില്ല. എന്നാൽ, ആ പേരുകളുടെ തെരഞ്ഞെടുപ്പിൽ എഴുത്തുകാരൻ വെച്ചുപുലർത്തിയ ജാഗ്രത അതിൽ തെളിഞ്ഞു കാണാം.
'ജീവിക്കുന്നവരുടെ ശ്മശാനം', 'സുഖവാസികളുടെ ലോകം' എന്നീ രണ്ടു തലക്കെട്ടുകളിൽ ഒരെഴുത്തുകാരന്റെ ഒരായുസ്സുകൊണ്ട് എത്തിച്ചേർന്ന നിലപാടുകളുടെ ആകത്തുക കാണാനാവുന്നു. അത് പലനിലക്കും പിന്നിട്ട നാല് പതിറ്റാണ്ടിനെ ഓർമപ്പെടുത്തുന്നു. 'സുഖവാസികളുടെ ലോകം' എങ്ങനെ പതുക്കെ 'ജീവിക്കുന്നവരുടെ ശ്മശാനം' നിർമിച്ചു എന്ന സന്ദേശം ആ തലക്കെട്ടുകൾ പ്രസരിപ്പിക്കുന്നു.
ആരായിരുന്നു മനോജ്? എനിക്കറിയില്ല. എന്നാൽ, ഇന്നലെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ചെറു കുറിപ്പുകളും ചരമക്കോളത്തിലെ ഏകാന്തമായ ആ നിൽപും വല്ലാത്തൊരു ദുഃഖമാണുണ്ടാക്കുന്നത്. ഒരിക്കലും വായിച്ചില്ല എന്ന ശൂന്യത അസ്വാസ്ഥ്യജനകമാണ്. ഇന്നത് വായിക്കൂ എന്ന മാധ്യമതന്ത്രത്തിൽ വീണഴുകുന്നതാണോ ഭാവുകത്വം എന്ന വിചാരം കുറ്റബോധമുണർത്തുന്നു.
മനോജ് 'വാക്കറിവ്' എന്ന ത്രൈമാസികയുടെ പത്രാധിപർകൂടിയായിരുന്നു. മുഖ്യധാരയിൽ അതിന്റെ സാന്നിധ്യം കണ്ടിട്ടില്ല. അപ്പൻ സാറിന്റെ ഭാഷയിൽ വിവേകശാലിയായ വായനക്കാർ അതറിഞ്ഞ് അനുഭവിച്ചിട്ടുണ്ടാകും. അതും എന്റെ നഷ്ടമായി കണക്കാക്കുന്നു.
പുസ്തകങ്ങളുടെ ഒരു പ്രളയത്തിനകത്തായിരുന്നു 35 വർഷത്തോളം ഞാൻ പണിയെടുത്തത്. 1923 മാർച്ച് 18 മുതലുള്ള ആദ്യത്തെ 'മാതൃഭൂമി' പത്രം മുതൽ പതിറ്റാണ്ടുകളുടെ പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വിശേഷാൽ പതിപ്പുകളും അട്ടിക്കുവെച്ച പഴയ മാതൃഭൂമി ആർക്കൈവ്സിൽ, മരിച്ചവരുടെ ലോകത്തെ പേരുകൾ പരതുന്നത് ദീർഘകാലം എന്നെ ആവേശപ്പെടുത്തിയിരുന്നു. ഒരിക്കലും പുസ്തകമാകാത്ത എത്രയെത്ര മികച്ച എഴുത്തുകാരും ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരുമാണ് ആ ആർക്കൈവിന്റെ ഇരുട്ടിൽ തൽക്കാലങ്ങളുടെ പ്രകാശനനിമിഷം പിന്നിട്ട് കൊടും മറവിയുടെ ഇരുട്ടിൽ കഴിയുന്നത് എന്ന ബോധം കാലത്തിന്റെ നിസ്സാരത ഓർമിപ്പിക്കുമായിരുന്നു. ഏതെങ്കിലും കാലത്ത് ആരെങ്കിലും അതിലാരെയെങ്കിലും തേടിയെത്തിയേക്കാം, എത്താതിരിക്കാം. സമയം അനുവദിക്കുമെങ്കിൽ മാത്രം.
നമ്മുടെ ഫിലിം ആർക്കൈവുകളിൽ എത്രയോ പഴയ സിനിമകളുടെ ഫിലിം റോളുകൾ നശിച്ചുപോയതായും കത്തിപ്പോയതായും ഒക്കെയുള്ള വാർത്തകൾ പലപ്പോഴും കേട്ടിട്ടുണ്ട്. കോടമ്പാക്കത്തുനിന്നും സിനിമ അതത് ഭാഷാ സംസ്ഥാനങ്ങളിലേക്ക് മാറുമ്പോൾ അവിടത്തെ കൂറ്റൻ സ്റ്റുഡിയോകൾക്കകത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സെല്ലുലോയിഡുകൾ കൂട്ടമായി തൂക്കിവിറ്റ കഥ കേട്ടിട്ടുണ്ട്. സമാന പ്രതിഭാസം ലോകത്തെങ്ങുമുണ്ടായിട്ടുണ്ട്. പണ്ട് സോവിയറ്റ് യൂനിയൻ തകർന്നപ്പോൾ തിരുവനന്തപുരത്തെ സോവിയറ്റ് കൾചറൽ സെന്ററിൽ ഐസൻസ്റ്റീന്റെയും താർക്കോവ്സ്കിയുടെയും ഒക്കെ ക്ലാസിക്കുകളുടെ പ്രിന്റുകൾ തിരിച്ചയക്കാനാവാതെ കൂട്ടിയിട്ടത് വാങ്ങിക്കാനാകുമോ എന്ന് അന്നത്തെ ഫിലിം സൊസൈറ്റി കാലത്ത് ഒരു ചിന്ത മധു മാഷ് മുന്നോട്ടുവെച്ചത് ഓർക്കുന്നു. നടന്നില്ല. അതെന്തായി എന്ന് ആർക്കറിയാം. സമാനസംഭവം സോവിയറ്റ് ഫിലിം ആർക്കൈവിലും സംഭവിച്ചതായി വായിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾകൊണ്ട് ആദരിക്കപ്പെടാത്ത, അതിലും എത്രയോ മികച്ച എത്രയോ സിനിമകൾ കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ടുണ്ടാകും എന്നുറപ്പാണ്. മിക്കപ്പോഴും ജൂറി തീരുമാനങ്ങൾ എത്ര അസംബന്ധങ്ങളും അന്യായങ്ങളുമാണെന്ന് ആർക്കാണറിയാത്തത്, നമ്മുടെ പത്മ പുരസ്കാരങ്ങൾപോലെ.
പുരസ്കാരങ്ങളാണ് എഴുത്തിന്റെ അധികാരം. പുരസ്കാരം കിട്ടിയ ഉടൻ ഒരാൾ കാണപ്പെടുന്നു! അല്ലെങ്കിൽ അദൃശ്യതയുടെ നിത്യനരകത്തിൽ മുഖ്യധാര ആഴ്ത്തുന്നു. പുരസ്കാര നിർമിതികളുടെയും അതിനായുള്ള കിടമത്സരങ്ങളുടെയും വേരും അതിൽതന്നെയാണ്. ഒരു പുരസ്കാരവും മനോജിനെ തേടിയെത്തിയതായി ചരമക്കുറിപ്പിൽ ഇല്ല.
അതുകൊണ്ടുതന്നെ കാണപ്പെടൽ അതീവ ദുഷ്കരമാണ്. സ്വയം പ്രചാരണം പൂജ്യമായ മനുഷ്യർ കാണപ്പെടലിനായി ഒരിക്കലും ചരടുവലികൾ നടത്തുകയുമില്ല. മനോജും അധികാരത്തിന്റെ ആരോഹണത്തിനായി തനിക്കുവേണ്ടി ഒരു പുരസ്കാര പദവി നിർമിച്ചില്ല. അവർക്ക് മുഖ്യധാര വിധിക്കുന്ന ഇടമാണ് ചരമ പേജിലെ ഒറ്റക്കോളം.
കൂട്ടമറവികൾ ചരിത്രത്തിന് വളമാക്കുന്ന ചരിത്രങ്ങൾ എത്രയോ എത്രയോ... മനോജ് എന്ന എഴുത്തുകാരൻ ആരായിരുന്നു എന്ന് ആ മറവി മുറിച്ചുകടന്ന വായനക്കാർക്ക് അറിയാമെന്ന് വി. വിജയകുമാറിന്റെയും രാധാകൃഷ്ണൻ കുന്നത്തൂരിന്റെയും കൊച്ചു ഫേസ്ബുക്ക് കുറിപ്പുകളിൽ കാണുന്നു. അതാണ് പ്രത്യാശ. ചരമക്കോളത്തിൽ ഒതുങ്ങാത്ത ജീവിതങ്ങൾക്ക് അനർഹിക്കുന്ന ബഹുമതികൾ കാലം നൽകട്ടെ; മനോജിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.