തിരക്കഥാകൃത്തിേന്റത് ഒരു 'താങ്ക്ലെസ്' ജോലിയാണെന്നു പറയാറുണ്ട്. ''ഫസ്റ്റ്ക്ലാസിൽ പറക്കാം, താരപരിചരണമേറ്റുവാങ്ങാം, കൂട്ടായ്മകളിൽ കേന്ദ്രസ്ഥാനത്തിരിക്കാം, ഒടുവിൽ വഞ്ചിക്കപ്പെടുകയും ചെയ്യും''-തിരക്കഥാകൃത്തിെന്റ കലാപരമായ ദുര്യോഗത്തെപ്പറ്റി ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇയാൻ മക്ഇവാൻ ഒരിക്കലെഴുതി. ജോൺ പോൾ പുതുശ്ശേരി എന്ന ജോൺ പോളിെന്റ അതിവിപുലമായ തിരക്കഥാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഈയൊരു സംഗതിയാണ് പെട്ടെന്ന് ഓർമവന്നത്. ഇതിലൊരു സത്യമില്ലാതില്ല. തിരക്കഥക്കുമേൽ സംവിധാനവും ഛായാഗ്രഹണവും ലൊക്കേഷനും അഭിനേതാക്കളും ഗാനങ്ങളുമെല്ലാംചേർന്ന് നടത്തുന്ന മിനുക്കുപണിയാവുന്നു സിനിമ. തിരക്കഥയെ ഒട്ടനവധി ഉപരിഘടകങ്ങൾ മാറ്റിപ്പണിയുന്നു. പൂർത്തിയായ സിനിമയുടെ സ്കെച്ച് തന്റേതാണെന്ന് തെല്ലൊരു ആത്മനിന്ദയോടെ അവകാശപ്പെടാമെന്നുമാത്രം. ഈയർഥത്തിലാണ് തിരക്കഥയെ എഴുത്തിെന്റ പക്ഷത്തുനിന്ന് ചിലരെങ്കിലും കുറച്ചുകാണുന്നത്. സിനിമയെന്ന മാധ്യമത്തെ അറിഞ്ഞെഴുതുമ്പോൾ തിരക്കഥ ഈ പരിമിതികൾ മറികടക്കുന്നു.
ചലച്ചിത്രത്തിെന്റ ആരംഭബിന്ദു തിരക്കഥയാണ് എന്നു പറയാറുണ്ട്. തിരക്കഥക്കാധാരമായ ആശയമോ കഥയോ നോവലോ ഒന്നും സിനിമയുടെ തുടക്കമല്ലെന്നർഥം. കാരണം കഥയോ ആശയമോ ഒന്നുമല്ല സിനിമ. സിനിമയെ സംബന്ധിച്ച ആലോചന വരുന്നത് തിരക്കഥയോടൊപ്പം മാത്രമാണ്. കഥാതന്തുവിനെ ചലച്ചിത്രത്തിനുവേണ്ടി മാറ്റിപ്പറയലാണ് തിരക്കഥ. വാക്കുകളുടെ കല ദൃശ്യങ്ങളുടെ കലയാവുന്ന മെറ്റമോർഫസിസിന് സ്ക്രിപ്റ്റ് മധ്യവർത്തിയാവുന്നു. ചലച്ചിത്രനിർമിതിക്കു വേണ്ട ആദ്യ അസംസ്കൃത വസ്തുവാണത്. ഓരോ സമയത്തും എന്തു കാട്ടണം എന്തു കേൾപ്പിക്കണം എന്നതിെന്റ പ്ലാൻ. മൈസ് എൻ സീനും (െഫ്രയ്മിനകത്തു കാട്ടുന്ന എന്തും) ഡയലോഗും ചേർന്നാൽ തിരക്കഥയായി എന്നു പറയുന്നതിതിനെയാണ്. സിനിമ ഇറങ്ങുന്നതോടെ അപ്രസക്തമാകുന്ന ഒന്നെത്ര അത്. വരച്ചുമുഴുമിച്ച പെയ്ന്റിങ്ങിൽ ആദ്യമിട്ട പെൻസിൽ സ്കെച്ചെന്നപോലെ അത് വിസ്മൃതിയിലാവുന്നു. എഴുതപ്പെട്ട അക്ഷരങ്ങളുടെ മൂല്യമോർത്ത് അതിനൊരു അച്ചടിജീവൻനൽകി ചിലതൊക്കെ ഈ വിസ്മൃതിയെ കവച്ചുകടക്കുന്നു എന്നുമാത്രം. സിനിമയുടെ അസംസ്കൃതവസ്തുക്കളിലൊന്ന് എന്ന ദയനീയാവസ്ഥയെ മറികടന്ന് തിരക്കഥയെ ശ്രദ്ധാകേന്ദ്രമാക്കാൻ സാധിച്ച മലയാളത്തിലെ അപൂർവം പ്രതിഭകളിലൊരാളാണ് ജോൺ പോൾ (1950-2022).
പൂർത്തിയായ സിനിമ ആരുടേത് എന്ന ചോദ്യം പ്രധാനമാണ്. സംവിധായകരുടെ പേരിലും വൻ താരങ്ങളുടെ പേരിലും സിനിമ അറിയപ്പെടുന്ന പതിവുണ്ട്. സിനിമ സംവിധായകെന്റ മാത്രം കലയാണെന്ന വാദത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1960കളിൽ കഹേ ദു സിനിമാ മാസികയും മൂവിമാഗസിനും ആേന്ദ്രബസീൻ, ആൻഡ്രൂ സാരിസ് തുടങ്ങിയ സംവിധായകരും അവതരിപ്പിച്ച കർതൃത്വസിദ്ധാന്തം, ചലച്ചിത്രനിർമാണത്തിൽ സംവിധായകനെ സിനിമയുടെ 'രചയിതാവായി' പ്രതിഷ്ഠിക്കുന്നു. 'രചയിതാവിെന്റ മരണം' മുന്നിൽക്കണ്ട ഘടനാവാദാനന്തരചിന്തകളും മാർക്സിസ്റ്റ് ചിന്തകളും ഇത്തരമൊരു ഓഥർ ഗോഡിനെ അംഗീകരിച്ചുമില്ല. ചലച്ചിത്രനിർമാണത്തിൽ സംവിധായകർക്ക് വ്യക്തമായ മേൽക്കൈയുണ്ടാവണമെന്നും അയാളുടെ കൈയൊപ്പ് ചിത്രത്തിലുണ്ടാവണമെന്നും ഓഥർ സിദ്ധാന്തം വിശ്വസിക്കുന്നു. മലയാളസിനിമയിൽ, സംവിധാനം എന്ന പതിവ് സംജ്ഞക്കു ബദലായി സാക്ഷാത്കാരം എന്നുപയോഗിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ഈയർഥത്തിൽ സ്വയം സ്രഷ്ടാവായിക്കാണുന്നുണ്ട്. ഭരതൻ ടച്ച് തൊട്ട് പോത്തേട്ടൻസ് ബ്രില്യൻസും എൽജെപിസ് മാജിക്കുംവരെയുള്ള പ്രയോഗങ്ങളിൽ ഈ സമീപനം കാണാം. തിരക്കഥാകൃത്തിനെ ഓഥറായി അവരോധിക്കുന്ന ബദൽ സമീപനം, Schreiber Theory ഡേവിഡ് കീപെൻ (2006) അവതരിപ്പിക്കുന്നുണ്ട്. ചലച്ചിത്രചരിത്രകാരൻ ജോർജസ് സദോളിന്റെ അഭിപ്രായത്തിൽ തിരക്കഥാകൃത്തിനോ നടീനടന്മാർക്കോ നിർമാതാവിനോ ആർക്കും സിനിമയുടെ ഓഥറായി വരാനാവും. മലയാളത്തിൽ എം.ടിക്കും പത്മരാജനും ശേഷം തിരക്കഥയെഴുതി ചലച്ചിത്രരചയിതാവിെന്റ താരപദവി കൈക്കലാക്കിയ അപൂർവം ചിലരിലൊരാളാണ് ജോൺ പോൾ. ഭരതൻ, ഐ.വി. ശശി, മോഹൻ തുടങ്ങിയ താരസംവിധായകരുമായി ചേർന്നു പ്രവർത്തിച്ചപ്പോൾപ്പോലും സിനിമയുടെ അവകാശിയായി േപ്രക്ഷകർ ജോൺ പോളിനെ തിരിച്ചറിഞ്ഞു. ഒട്ടനവധി സിനിമകൾ ജോൺ പോളിേന്റതായി അറിയപ്പെട്ടു.
എം.ടി, പത്മരാജൻ എന്നിവരിൽനിന്ന് വ്യത്യസ്തമായി സാഹിത്യമെഴുത്തിെന്റ അധികബലവുമായല്ല, ജോൺപോൾ സിനിമയിലെത്തുന്നത്. കുട്ടിക്കാലത്ത് അസംഖ്യം കുറ്റാന്വേഷണനോവലുകൾ വായിച്ചുതീർത്ത് ഒടുവിൽ എം.ടിയുടെ 'നാലുകെട്ടി'ലെത്തിയപ്പോഴാണ് എഴുത്തിെന്റ ഗൗരവത്തെപ്പറ്റി തനിക്ക് ബോധ്യംവന്നതെന്ന് ജോൺ പോൾ പറഞ്ഞിട്ടുണ്ട്. ''ഞാൻ സിനിമക്ക് വേണ്ടി മാത്രമാണ് കഥകൾ എഴുതിയിട്ടുള്ളത്. സിനിമക്ക് പുറത്ത് ഒരു കഥപോലും എഴുതിയിട്ടില്ല. സത്യമാണ്. പക്ഷേ കഥയുടെ കൃത്യമായ ആരൂഢത്തിൽ ബന്ധിതമായിരുന്നു എെന്റ രചനകൾ... സാഹിത്യത്തിെന്റപോലെ കഥപറച്ചിലിെന്റ സൂക്ഷ്മതയും ഏകാഗ്രതയും സിനിമക്കുവേണ്ട എന്ന് ശഠിച്ചിട്ടൊന്നുമല്ല ഞാനെഴുതിയിട്ടുള്ളത്. സാഹിത്യത്തിലെ കഥപറച്ചിലിെന്റ സൂക്ഷ്മതയും ഏകാഗ്രതയും കൃത്യമായി അളന്നുപഠിച്ചിട്ടുള്ളവനുമല്ല ഞാൻ. ഒരു സ്വീകർത്താവിെന്റ അനുഭവബോധ്യത്തിൽ മാത്രമാണ് എനിക്കതിെന്റ മാത്രകളെക്കുറിച്ച് പറയാൻ കഴിയുക. പക്ഷേ, സ്വീകർത്താവായിട്ടല്ലല്ലോ സൃഷ്ടികർത്താവായിട്ടാണല്ലോ നമ്മൾ എഴുത്താളനാവുന്നത്. അവിടെ നമുക്ക് പറയാനൊരു വിഷയമുണ്ട്. അതൊരു വ്യക്തിയുടെ കഥയാവാം. രണ്ട് വ്യക്തികൾ തമ്മിലുള്ള വിരുദ്ധതയുടെ കഥയാവാം. പ്രണയത്തിെന്റ കഥയാവാം. മോഹസാക്ഷാത്കാരത്തിെന്റ കഥയാവാം. അല്ലെങ്കിൽ ജീവിതമൊരു മനുഷ്യനേൽപ്പിക്കുന്ന മുറിവുകളുടെ കഥയാവാം. എന്തിനുമെതിരെ കലഹിച്ച് നേടാൻ ശ്രമിച്ച് പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്ന ഒരാളുടെ കഥയാവാം. ഇത് പറയുന്നതിന് കഥാപാത്രങ്ങൾ വേണം, ഉപകഥാപാത്രങ്ങൾ വേണം, ഉപകഥകൾ വേണം. അത് പറഞ്ഞു ഫലിപ്പിക്കുന്നതിന് വേണ്ട അംശങ്ങളെ ഇടചേർത്തുകൊണ്ട് അത് പറയുക എന്നുള്ളതാണ് സിനിമയുടെ വഴിയിൽ ഞാൻ അനുശീലനമാക്കിയ രചനാരീതി. അത് സാമാന്യതത്ത്വങ്ങളെ പിന്തുടർന്നുകൊണ്ടല്ല. പിന്നീട് രചനയുടെ തത്ത്വങ്ങൾ വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കേണ്ട ഘട്ടങ്ങൾ വന്നപ്പോൾ പല വൈയാകരണഗ്രന്ഥങ്ങളും പരതി നോക്കി, അവനവെന്റ രചനകളിലേക്കൊന്നു തിരിഞ്ഞുനോക്കിയപ്പോൾ ഇതിലെ പല തത്ത്വങ്ങളും ഞാൻ പാലിച്ചിട്ടുണ്ട് എന്നു കണ്ടു. അത് പക്ഷേ തത്ത്വങ്ങൾ പഠിച്ചുകൊണ്ടോ നിയമങ്ങൾ പഠിച്ചുകൊണ്ടോ പാലിച്ചതല്ല, എഴുത്തിെന്റ വഴി അങ്ങനെയാണ്. അങ്ങനെയങ്ങനെ ഒരുപാട് പേർ എഴുതിയതിൽനിന്നും സാമാന്യവത്കരിച്ച് എടുത്തുണ്ടാക്കിയതാണ് ഈ നിയമങ്ങളെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.'' (സുനീഷ് കെ.യുമായുള്ള അഭിമുഖം, ഇന്ത്യൻ എക്സ്പ്രസ് മലയാളം, 2020. ജോൺ പോൾ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു.
മധുവും ഷീലയും മുഖ്യവേഷങ്ങളിലഭിനയിച്ച് ഐ.വി. ശശി സംവിധാനംചെയ്ത 'ഞാൻ ഞാൻ മാത്രം' (1979) എന്ന ചിത്രത്തിന് കഥയെഴുതിയാണ് ജോൺ പോൾ ചലച്ചിത്രരംഗത്തേക്കു വരുന്നത്. തോപ്പിൽഭാസിയാണ് ചിത്രത്തിെന്റ തിരക്കഥ തയാറാക്കിയത്. ഭരതനായിരുന്നു ഈ ചിത്രത്തിെന്റ കലാസംവിധായകൻ. അതിനകംതന്നെ ഫിലിം സൊസൈറ്റി പ്രവർത്തനത്തിലും സമാന്തരമാസികാപ്രവർത്തനങ്ങളിലും ഫ്രീലാൻസ് ജേണലിസത്തിലും സജീവമായിരുന്ന ജോൺ പോളിന് സിനിമ പാഷനായിക്കഴിഞ്ഞിരുന്നു. കനറാബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സിനിമാഭ്രാന്തിൽ ജോലിയോട് നീതിപുലർത്താനായില്ല. തിരക്കുപിടിച്ച തിരക്കഥാകൃത്തായതോടെ 1983ൽ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ സിനിമക്കാരനാവുകയായിരുന്നു.
1980ലാണ് ജോൺ പോൾ തിരക്കഥയെഴുതിയ ആദ്യചിത്രം 'ചാമരം' പുറത്തുവരുന്നത്. ഭരതെന്റ 'പ്രയാണം', 'ഗുരുവായൂർ കേശവൻ', 'രതിനിർവേദം', 'അണിയറ', 'ആരവം', 'തകര', 'ലോറി' എന്നീ സിനിമകൾ അതിനകംതന്നെ പുറത്തുവന്നിരുന്നു. പത്മരാജനുമൊത്തായിരുന്നു ആദ്യ സിനിമ- 'പ്രയാണം'. 'രതിനിർവേദവും' 'തകര'യും 'ലോറി'യും എഴുതിയതും പത്മരാജൻ. 'അണിയറ'യുടെ തിരക്കഥ ഉറൂബിേന്റത്. അത്തരമൊരു വൻനിരയിലേക്കാണ് ഭരതൻ ജോൺ പോളിനെ ആനയിച്ചതെന്നർഥം. മോഹനും പത്മരാജനും ചേർന്നൊരുക്കിയ 'ശാലിനി എെന്റ കൂട്ടുകാരി' (1978), ജോർജ് ഓണക്കൂറും കെ.ജി. ജോർജും ചേർന്നൊരുക്കിയ 'ഉൾക്കടൽ' (1979) എന്നീ കാമ്പസ് ചിത്രങ്ങളുടെ നിരയിലേക്കാണ് അടുത്തവർഷം ഭരതനും ജോൺ പോളും ചേർന്നൊരുക്കിയ 'ചാമരം' പ്രവേശിക്കുന്നത്. പടം വൻ വിജയമായി. മൂന്നു ചിത്രങ്ങളും ഗാനസമൃദ്ധമായിരുന്നുവെന്നും ഓർക്കാം. 'ശാലിനി'യിൽ ''ഹിമശൈലസൈകതഭൂമിയിൽ'' ഉണ്ടെങ്കിൽ 'ഉൾക്കടലി'ൽ ''ശരദിന്ദുമലർദീപനാള''മുണ്ട്, 'ചാമര'ത്തിൽ ''നാഥാ നീവരും കാലൊച്ച''യും. അതുവരെയുണ്ടായിരുന്ന പ്രണയ-സദാചാരസങ്കൽപങ്ങളെ ഉലച്ചുകളഞ്ഞു- 'ചാമരം'. തെന്റ വിദ്യാർഥിയായ വിനോദുമായി പ്രണയത്തിലാവുന്ന ഇന്ദുവെന്ന കോളജ് അധ്യാപികയുടെ കഥ. സെറീനാ വഹാബും പ്രതാപ് പോത്തനും മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം ആദർശപ്രണയത്തിെന്റ മാംസനിബദ്ധതാനിരാസത്തെ അട്ടിമറിച്ച ഒന്നാണ്. പിന്നീടൊരിക്കലും ഇത്തരം പ്രമേയങ്ങളെ മലയാള സിനിമ േപ്രാത്സാഹിപ്പിച്ചിരുന്നില്ലെന്നും അത്ര ധീരത ആരും കാട്ടിയിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ നിരീക്ഷിക്കുന്നുണ്ട്.
'ചാമര'ത്തിന് മുമ്പേതന്നെ സിനിമയിലെ അനുരഞ്ജനപാതയിൽ ജോൺ പോൾ സജീവമായിരുന്നതായി കെ.ജി. ജോർജ് എഴുതിയിട്ടുണ്ട്. കലാംശത്തിൽ വിട്ടുവീഴ്ചയില്ലാതെതന്നെ സിനിമയെ ജനപ്രിയമാക്കുകയെന്നതായിരുന്നു ഭരതനും ജോർജും പത്മരാജനുംതൊട്ടുള്ള, അക്കാലത്തെ പല സംവിധായകരും ഏറ്റെടുത്തിരുന്ന ദൗത്യം. കെ.ജി. ജോർജ് പറയുന്നു: ''എന്റെ ചിത്രങ്ങൾക്കേറെയും ഞാൻതന്നെയായിരുന്നു തിരക്കഥകളെഴുതിയിരുന്നത്. ചിലപ്പോൾ പങ്കാളിയായി, സംഭാഷണമെഴുതാൻ എഴുത്തുകാരായി ആരെങ്കിലും ചേരും. ഭരതനുവേണ്ടി ആദ്യനാളുകളിൽ ഏറെയുമെഴുതിയത് പത്മരാജനാണ്. 'ചാമരം' തൊട്ട് ജോൺപോളും കൂടെച്ചേർന്നു. പത്മരാജൻ തിരുവനന്തപുരത്തുനിന്നും ജോൺപോൾ എറണാകുളത്തുനിന്നും വന്ന് ഹോട്ടലുകളിൽ താമസിച്ചാണ് ചർച്ചകൾ. പത്മരാജൻ അക്കാലങ്ങളിൽ മോഹനുവേണ്ടിയും പതിവായെഴുതിയിരുന്നു. ഒരു മുറിയിൽ പത്മരാജനുണ്ടാകും. മറ്റൊരു മുറിയിൽ ജോൺ പോളും. ഒരാൾക്കൊപ്പം ഭരതനെങ്കിൽ മറ്റേയാൾക്കൊപ്പം മോഹൻ. (ജോൺ പോൾ ഭരതൻ കഴിഞ്ഞാൽ അന്നാളുകളിൽ കൂടുതലെഴുതിയിരുന്നതു മോഹനുവേണ്ടിയാണല്ലോ...) ഏതെങ്കിലുമൊരിടത്ത് എെന്റ ചിത്രവുമായി ഞാനുമിരിക്കുന്നുണ്ടാകും. സായാഹ്നങ്ങളിൽ ഞങ്ങൾ ഒന്നിച്ചുകൂടും. മിക്കവാറും ജോൺ പോളിെന്റ മുറിയാകും സംഗമകേന്ദ്രം. അപ്പോഴേക്കും ഞങ്ങളുടെ ചിത്രങ്ങളിലെ പതിവുനടന്മാരായി മാറിയിരുന്ന ഗോപിയും വേണുവും കൂട്ടത്തിൽ ചേരും. പവിത്രൻ, ഇന്നെസന്റ്, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും വന്നെത്തുമായിരുന്നു. പാട്ടും ഘോഷവും തിമിർത്താടിയിരുന്ന രാവുകളിൽ ആരുടെയെങ്കിലും തിരക്കഥയിൽ ഒരു ബ്ലോക്ക് അനുഭവപ്പെട്ടാൽ ഏക മനസ്സായി അതിെന്റ പുറത്തടയിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. സാങ്കേതികപ്രശ്നങ്ങൾ ഏതെങ്കിലും ചിത്രീകരണത്തിൽ വെല്ലുവിളികൾ ഉയർത്തിയാൽ അതിനു പരിഹാരങ്ങൾ ആലോചിച്ചിരുന്നതും ഒരുമിച്ചിരുന്നായിരുന്നു. പത്മരാജൻ സംവിധാനരംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തിരക്കഥയുടെ മേഖലയിൽ സജീവസാന്നിധ്യമല്ലാതെയായി. പക്ഷേ, അപ്പോഴും ഈ പതിവുകൾ മുടങ്ങിയിരുന്നില്ല. ഞങ്ങൾ സ്നേഹിച്ചിരുന്നതു ഞങ്ങളെ മാത്രമല്ലല്ലോ, ഞങ്ങളുടെ സിനിമകളെക്കൂടി ചേർത്തായിരുന്നുവല്ലോ. ജോൺ പോളിനെ 'ചാമര'ത്തിെന്റ നാളുകൾക്കു മുൻപേ ഞാനറിയും; മാധ്യമ പ്രവർത്തകനായും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായും. എറണാകുളത്തു വരുമ്പോഴൊക്കെ ഞാനും മദിരാശിയിൽ വരുമ്പോെഴാക്കെ ജോൺ പോളും പരസ്പരം വന്നുചെന്നുകാണും. ഭരതനും പത്മരാജനും മോഹനുമൊത്തുള്ള സൗഹൃദം ഞങ്ങൾക്കു രണ്ടുപേർക്കുമുണ്ടായിരുന്നല്ലോ. 'സ്വപ്നാടനം' പ്രദർശനത്തിന് ഇറങ്ങും മുമ്പേ ചിത്രത്തിെന്റ ഒരു പ്രിവ്യൂ എറണാകുളത്തു നടത്താനും തുടർന്ന് രാമു കാര്യാട്ടിനെയും എം.കെ. സാനുവിനെയുമൊക്കെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചർച്ച സംഘടിപ്പിക്കാനുമൊക്കെ ജോൺ പോളും ബാബു മേത്തറും പീറ്റർ ലാലും സെബാസ്റ്റ്യൻ പോളും ഉത്സാഹിച്ചു. നഗരത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകർ മുൻകൈയെടുത്തത് ഓർക്കുന്നു. 'യവനിക'യുടെ ആദ്യഘട്ടത്തിൽ നിർഭാഗ്യകരമായ സാഹചര്യത്തിൽ ചിത്രീകരണം നിർത്തിെവക്കേണ്ടി വന്നപ്പോൾ അസ്വസ്ഥനായി ഖിന്നമായ മനസ്സോടെ മദിരാശിയിൽ തിരിച്ചെത്തിയ എന്നെ തങ്ങളുടെ ചിത്രത്തിെന്റ ചർച്ച മാറ്റിെവച്ച് സാന്ത്വനിപ്പിക്കാനും മനോധൈര്യം വീണ്ടെടുത്ത് ഉന്മേഷവും പ്രത്യാശയും പകരാനും ഓടിയെത്തിയ ഭരതെന്റയും ജോൺ പോളിെന്റയും മനസ്സിെന്റ കരുതലുകളും ഓർമയിലുണ്ട്.
'' 'ചാമരം' തൊട്ടുള്ള ജോൺപോളിെന്റ തിരക്കഥായാത്രകൾ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ശ്രദ്ധിച്ചുപോന്നിട്ടുണ്ട് ഞാൻ. ഭരതനുമൊത്തുള്ള ചിത്രങ്ങളിലാണ് ജോൺ പോളിെന്റ തിരക്കഥാവൈഭവം ഏറെ പ്രകാശമാനമായി മിഴിവാർന്നു കണ്ടിട്ടുള്ളത്. ഇരുവരുടെയും മനസ്സുകൾ തമ്മിലുള്ള കെമിസ്ട്രി ഒത്തുപോയിരുന്നതുതന്നെയാണതിനു കാരണവും'' (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, ജോൺ പോളിെന്റ, എെന്റ ഭരതൻ തിരക്കഥകൾ എന്ന പുസ്തകത്തിൽനിന്ന്). മലയാളസിനിമയുടെ ഏറ്റവും പുഷ്കലമായ ഒരു കാലഘട്ടത്തിെന്റ ചിത്രമാണ് കെ.ജി. ജോർജ് ഓർമിക്കുന്നത്. ആരും സ്വയം കർത്താവായി സങ്കൽപിക്കാത്ത, പാരസ്പര്യത്തിന്റെ രസതന്ത്രം ഇതിലുണ്ട്.
ഒത്തുതീർപ്പു സിനിമ, മധ്യവർത്തി സിനിമ എന്നൊക്കെയുള്ള സംജ്ഞകൾക്ക് ആർട്ട്-കമേഴ്സ്യൽ വേർതിരിവിെന്റ പശ്ചാത്തലത്തിൽ മാത്രമേ പ്രസക്തിയുള്ളൂ. കലാസിനിമയോടുള്ള ആരാധന നിലനിർത്തുകയും കച്ചവടവിജയത്തിനായി ഒരുപാട് വിട്ടുവീഴ്ചകൾക്കു തയാറാവുകയും ചെയ്യുന്ന സിനിമയെന്നുകൂടി ഈ പ്രയോഗത്തിന് അർഥമുണ്ട്. കലാമൂല്യമുള്ള സിനിമക്ക് ജനപ്രിയത അന്യമാണെന്നും ജനം ആസ്വദിക്കുന്ന സിനിമകൾക്ക് കലാസൗഭഗം കുറയുമെന്നുമുള്ള മുൻവിധികൂടിയാണ് ഈയൊരു തരംതിരിവിനെ സങ്കൽപിക്കാൻ കാരണം.
ഭരതനുവേണ്ടി 1982ൽ 'മർമ്മര'വും 'പാളങ്ങളും' ഒരുക്കിയത് ജോൺ പോൾതന്നെ. 'സന്ധ്യമയങ്ങും നേരം' (1983) ഈ ടീമിെന്റ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി. പത്തുപേരെ വധശിക്ഷക്കു വിധിച്ച ജഡ്ജി, ബാലഗംഗാധരമേനോന് വളണ്ടറി റിട്ടയർമെന്റിനുശേഷം സമനിലതെറ്റുന്നതാണ് ഇതിലെ പ്രമേയം. ചേരുവകളുടെ സമൃദ്ധി പിരിമുറുക്കം നഷ്ടപ്പെടുത്തിയെങ്കിലും ഗോപിയുടെ മികച്ച വേഷമായി ഈ ചിത്രത്തിലേത്. മലയാളത്തിലെ എക്കാലത്തെയും മികച്ച പത്തുചിത്രങ്ങളിലൊന്നായി കോഴിക്കോടൻ സന്ധ്യമയങ്ങും നേരം തിരഞ്ഞെടുത്തിട്ടുണ്ട്. വിപ്ലവകാരിയായ ഉണ്ണിയും അവെന്റ പൊലീസുകാരനായ ചേട്ടൻ ബാലഗോപാലനും ചേർന്നുള്ള വികാരസംഘർഷത്തിെന്റ കഥ പറഞ്ഞ 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' (1984), മേരിക്കുട്ടിയുടെ ദുരന്തദാമ്പത്യത്തിലേക്ക് ആശ്വാസമായി കടന്നെത്തിയ ലൂയിസിെന്റ കഥ പറഞ്ഞ 'കാതോട് കാതോരം' (1985), 'നീലക്കുറിഞ്ഞി പൂത്തപ്പോൾ' (1987), മാഷിെന്റയും ടീച്ചറുടെയും വാർധക്യകാല ഏകാന്തതയിലേക്ക് സ്വപ്നംപോലെ കടന്നുവന്ന ചില നിമിഷങ്ങളുടെ കഥപറഞ്ഞ 'ഒരു മിന്നാമിനുങ്ങിെന്റ നുറുങ്ങുവെട്ടം' (1987), 'ഒരു സായന്തനത്തിെന്റ സ്വപ്നം' (1989), 'മാളൂട്ടി' (1990), 'കേളി' (1991), 'ചമയം' (1993), 'മഞ്ജീരധ്വനി' (1997) എന്നിവയും ഭരതൻ-ജോൺ പോൾ ടീമിെന്റ മികച്ച ചിത്രങ്ങളാണ്. കഥപറച്ചിലിെന്റ ചാരുതയും സംഭാഷണങ്ങളിലെ സ്വാഭാവികതയുമാണ് ജോൺ പോളിെന്റ മിക്ക ചിത്രങ്ങളുടെയും സവിശേഷത. സംവിധായകനുമായുള്ള ചേർച്ചയാണ് മറ്റൊന്ന്. ഈഗോ വിട്ടുള്ള ആ പാരസ്പര്യമാണ് സിനിമയുടെ വിജയം.
തിരക്കഥക്കപ്പുറം, സിനിമ സംവിധായകരുടേതാണെന്ന ബോധ്യം ജോൺ പോളിനുണ്ടായിരുന്നു. അദ്ദേഹം എഴുതി: ''സിനിമയുടെ രചയിതാവ് ആരാണ് എന്നതിനെക്കുറിച്ച് ഒരുപാട് തർക്കങ്ങൾ ഞങ്ങൾക്കിടയിലുണ്ട്. ഒരു സംശയവും എനിക്കില്ല. പേനയെടുത്ത് എഴുതുന്നത് എഴുത്തുകാരൻ ആയതുകൊണ്ട് എഴുത്തുകാരൻ രചയിതാവാകില്ല. ആകുമായിരുന്നെങ്കിൽ രതിഭാവത്തിെന്റ ഏറ്റവും കാവ്യാത്മകമായ അക്ഷരരൂപമാണ് വാസുദേവൻ നായർ 'വൈശാലി' എന്ന സിനിമക്കുവേണ്ടി എഴുതിയത്. 'വൈശാലി' എന്ന സിനിമയിൽനിന്ന് ഭരതൻ എന്ന സംവിധായകനെ എടുത്തുമാറ്റിയിട്ട് 'വൈശാലി'യുടെ തിരക്കഥ സത്യൻ അന്തിക്കാടാണ് ചെയ്യുന്നതെങ്കിൽ ഈ സിനിമ കിട്ടുമോ? കിട്ടില്ല. എന്തുകൊണ്ടാണ് കിട്ടാത്തത്? മോശം സംവിധായകനാണോ സത്യൻ അന്തിക്കാട്? ഷാജി കൈലാസാണ് 'വടക്കൻ വീരഗാഥ' സംവിധാനം ചെയ്യുന്നതെങ്കിൽ ആ സിനിമ കിട്ടുമോ? കിട്ടില്ല. അതെന്തുകൊണ്ട് കിട്ടില്ലെന്ന് പറഞ്ഞാൽ എഴുതപ്പെട്ട ലിഖിതരൂപകങ്ങൾക്ക് തെന്റ ആത്മാവിെന്റ ഒരു ൈകയൊപ്പ് സംവിധായകൻ നൽകുന്നുണ്ട്. ആ ൈകയൊപ്പുകൊണ്ടാണ് അത് സംവിധായകെന്റ ശൈലിയിലുള്ള സിനിമയായി മാറുന്നത്. സംവിധായകൻ തന്നെയാണ് സിനിമയുടെ രചയിതാവ് എന്നു പറയുന്നതിലെ അടിസ്ഥാന തത്ത്വം അതാണ്. എത്ര വലിയ നടനായാൽപ്പോലും ഒരു സംവിധായകെന്റ കീഴിൽ അഭിനയിക്കുന്നതുപോലെയല്ല മറ്റൊരു സംവിധായകെന്റ കീഴിൽ അഭിനയിക്കുന്നത്. ഭരതെന്റ ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടിയും മോഹൻലാലും അല്ല ഐ.വി. ശശിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. അതുപോലെയല്ല അവർ അടൂർ ഗോപാലകൃഷ്ണെന്റ ചിത്രത്തിൽ അഭിനയിച്ചത്.'' (സിനിമ കലയും രാഷ്ട്രീയവും, ഭൂമിമലയാളം റിസർച്ച് ജേണൽ, 2020.) സിനിമക്കുവേണ്ടിയുള്ള എഴുത്തിനെ ഒരു വിശുദ്ധവസ്തുവായി പരിഗണിക്കുന്നില്ലെന്നതായിരുന്നു ജോൺ പോളിെന്റ വിജയം.
പി. ചന്ദ്രകുമാർ, കെ. രാമചന്ദ്രൻ, വിശ്വംഭരൻ, സേതുമാധവൻ, സത്യൻ അന്തിക്കാട്, ജോഷി, ജേസി, എ.ബി. രാജ്, ഐ.വി. ശശി, കമൽ, സന്ധ്യാമോഹൻ, ഹരികുമാർ, വിജി തമ്പി, ജോർജ് കിത്തു, സിബി മലയിൽ, കരീം, പ്രദീപ് ചൊക്ലി, പ്രതാപ് പോത്തൻ, അനിൽ തുടങ്ങി നിരവധി സംവിധായകർക്കുവേണ്ടി തിരക്കഥ രചിച്ചിട്ടുണ്ടെങ്കിലും ഭരതനുമായി ചേർന്നപ്പോഴാണ് ജോൺ പോളിെന്റ മികച്ച രചനകൾ പലതും പുറത്തുവന്നത്. ഭരതൻ-ജോൺ പോൾ ടീമിെന്റ പല സിനിമകളിലും അഭിനയിച്ചിട്ടുള്ള ഭരത് ഗോപി, ഈ കൂട്ടായ്മയുടെ കെമിസ്ട്രിയെപ്പറ്റി എഴുതിയിട്ടുണ്ട്. ഗോപിയുമായി ജോൺ പോൾ നടത്തിയ അതിദീർഘ സംവാദം മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് പിന്നീട് അടയാളനക്ഷത്രമായി ഗോപി എന്ന പേരിൽ പുസ്തകമായി. ജോൺ പോളിെന്റ ഭരതൻ തിരക്കഥകളുടെ ആമുഖമായി ഭരത് ഗോപി എഴുതി:
''1982ലാണെന്നു തോന്നുന്നു, ജോൺ പോളിനെ ഞാനാദ്യമായി ഔപചാരിക പരിചയത്തിലൂടെ ബന്ധപ്പെടുന്നത്. അതിനുമുമ്പ് നന്നായി കേട്ടിരുന്നു. ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട് അറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാവണം, നേരിൽക്കണ്ട നേരം ജോണിനെ എനിക്ക് പരിചയപ്പെടുത്താൻ ഭരതൻ ഒരുങ്ങിയപ്പോൾ എന്തോ ഒരു പൂർവബന്ധം തോന്നിയതും. 'പാളങ്ങൾ' ആയിരുന്നു ചിത്രം. ഒരു ഭരതൻ-ജോൺ പോൾ തിരയൊരുക്കം. വേണു, സറീന വഹാബ്, ലളിത, ഞാൻ എന്നിങ്ങനെ അഭിനേതൃനിര. ഭരതൻ-ജോൺ പോൾ കൂട്ടായ്മയുടെ ആരംഭമായി ആ ചിത്രം ഞാൻ കണക്കാക്കുന്നു. ഒരപൂർവബന്ധംതന്നെയായിരുന്നു ജോണും ഭരതനും തമ്മിലുണ്ടായിരുന്നത്. ഇതെങ്ങനെയെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. ഒരിക്കൽപോലും, കഥാപരമായോ തിരക്കഥാപരമായോ അവർക്കിരുവർക്കും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായി കണ്ടിട്ടില്ല. ഒരുപക്ഷേ, സിനിമയുടെ കാര്യത്തിൽ ഇരുവർക്കും സമാന മനച്ചേർച്ചയുണ്ടായതുകൊണ്ടാവാം. അതുകൊണ്ടുതന്നെ ചിത്രീകരണവേളകളിൽ ജോണിെന്റ സാന്നിധ്യം എപ്പോഴും കാണപ്പെട്ടിരുന്നു.
'പാളങ്ങൾ', 'മർമരം', 'ഓർമയ്ക്കായി', 'സന്ധ്യമയങ്ങും നേരം' തുടങ്ങിയ ചിത്രങ്ങളാണ് ഭരതൻ-ജോൺ പോൾ സംഗമപർവത്തിൽ അഭിനേതാവായി ഞാൻ പങ്കെടുത്ത ചലച്ചിത്രങ്ങൾ. ഈ ചിത്രങ്ങൾ മാത്രം ഉദാഹരണമാക്കിയുള്ള എെന്റ ചിന്തകളിലാണ് ഇവർ തമ്മിലുള്ള ആത്മബന്ധം അടുത്തറിയാൻ ഇടവന്നിട്ടുള്ളത്. ചിത്രകാരനായ ഭരതനും ചിത്രകാരനല്ലാത്ത ജോൺ പോളും ചിത്രങ്ങളെക്കുറിച്ചും വർണ വിന്യാസങ്ങളെക്കുറിച്ചും സംസാരിക്കുന്നതുകേട്ടിരുന്നപ്പോഴെല്ലാം ജോണും ചിത്രകാരൻതന്നെയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെത്തന്നെ, സംഗീതം, ഛായാഗ്രഹണം, ദൃശ്യചിത്രീകരണ സ്ഥലങ്ങൾ, കഥാപാത്രാവിഷ്കാരത്തിനു പറ്റിയ നടീനടന്മാർ, അവരുടെ വേഷവിധാനം, സംഭാഷണങ്ങൾക്ക് ശ്രദ്ധിക്കേണ്ട ഭാവവിന്യാസങ്ങൾ, ചിത്രസംയോജനം എന്തിന്, വിതരണക്കാർ, പ്രദർശനശാലകളുടെ സൗകര്യാസൗകര്യങ്ങൾ, ചിത്രീകരണദിനങ്ങളിൽ നടീനടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ഒരുക്കേണ്ട സംവിധാനങ്ങൾ, ധനവിനിയോഗം എങ്ങനെ വേണം എന്ന കണക്കുകൂട്ടലുകൾവരെ ഇരുവരും ഒരേ സ്വരത്തിൽ സംസാരിക്കുമ്പോഴൊക്കെ ഭരതൻ എന്ന ചലച്ചിത്രകാരൻ എന്തൊക്കെയാണോ അതൊക്കെത്തന്നെയല്ലേ ജോൺ പോളും എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നുകൊണ്ടിരുന്നത്.
മേൽവിവരിച്ച കാര്യങ്ങൾകൊണ്ട് ജീവിതസംബന്ധിയായ എല്ലാ കാര്യങ്ങളും ഇരുവരിലും സമാനമായിരുന്നു എന്നു പറയുകവയ്യ. ഭരതെന്റ ജീവിതരീതിയും ജോണിെന്റ ജീവിതക്രമവും രണ്ടുതന്നെയായിരുന്നു. അക്കാര്യത്തിൽ ഒരിക്കലും ഭരതന് ജോണാകാനോ ജോണിന് ഭരതനാകാനോ ആവുമായിരുന്നില്ല... ഇരുവരുടെയും ചിന്താധാരകളും ജീവിതചര്യകളും വളരെയേറെ വ്യത്യസ്തമായിരുന്നു. എത്രയൊക്കെ കഠിനമായ ദിനകൃത്യങ്ങളുണ്ടായിരുന്നാലും, രാവേറെച്ചെന്നുറങ്ങിയാലും വെളുപ്പിന് മൂന്നുമണിക്കും നാലുമണിക്കുമൊക്കെ ഉണർന്ന് പേനയും കടലാസുമായി രചനയിൽ മുഴുകുന്ന ജോൺ പോളിനെ ഞാനറിഞ്ഞിട്ടുണ്ട്. എന്തുവന്നാലും രാവിലെ ഒമ്പതുമണിക്കുമുമ്പ് ഉണരാൻ മടിക്കുന്ന ഭരതനെയും നന്നായറിയുന്നു. ഈ പൊരുത്തക്കേടുകൾ ബാഹ്യമായി നിലനിൽക്കുമ്പോൾത്തന്നെയാണ് ഉണർന്നിരിക്കുമ്പോഴുള്ള ജോണും ഭരതനും ഒന്നായിത്തീരുന്നത് കാണാനാവുന്നതും.''
സിനിമ കൂട്ടായ്മയുടെ കലയാണ് എന്നതിനുള്ള തെളിവുകൂടിയാണ് ഭരത് ഗോപി തരുന്നത്. തിരയെഴുത്ത് എന്നത് മറ്റേതെങ്കിലും ഒരു സാഹിത്യജനുസ്സുപോലെ ഏകാന്തതയിൽ മനനംചെയ്തുണ്ടാക്കുന്ന അക്ഷരശിൽപമല്ലെന്നും നിരവധി ബാഹ്യഘടകങ്ങളുടെ സമ്മർദ സാഹചര്യങ്ങൾക്കകത്ത് രൂപംകൊള്ളുന്ന ആലോചനയാണെന്നും തെളിഞ്ഞുകിട്ടുന്നു. കഥയും ലൊക്കേഷനും നടീനടന്മാരുംതൊട്ട് പണവും തിയറ്റർ സൗകര്യങ്ങളും റിലീസിങ് തീയതിയുമായി ക്ലാഷുണ്ടാവാനിടയുള്ള മറ്റ് ചലച്ചിത്രങ്ങളുംവരെ നീളുന്ന ആലോചനകളും ചർച്ചകളുമാണ് ഒരു ജനപ്രിയ ചിത്രത്തെ രൂപപ്പെടുത്തുന്നതെന്നുകാണാം. ആ നിലക്ക് കോംപ്രമൈസുകളുടെ സാധ്യതാകലയാണ് ജനപ്രിയസിനിമ. വിജയിച്ച തിരക്കഥാകൃത്ത്, സാഹിത്യകാരനല്ല, സിനിമാക്കാരൻതന്നെയാണെന്നർഥം.
ഭരതനുമായല്ലാതെ ജോൺ പോൾ നിർമിച്ച മികച്ച ചിത്രങ്ങളിൽ ചിലത് മോഹെന്റയാണ്. 'കഥയറിയാതെ', 'വിടപറയുംമുമ്പേ' (1981), 'ഇളക്കങ്ങൾ' (1982) എന്നിവ. േപ്രംനസീറിെന്റയും നെടുമുടി വേണുവിെന്റയും അഭിനയസിദ്ധിയെ നന്നായി പുറത്തെടുക്കാനുള്ള കോപ്പ് 'വിടപറയുംമുമ്പേ'യുടെ രചനയിലുണ്ടായിരുന്നു. ഒരു കൗമാരക്കാരിയുടെ ചപലപ്രണയത്തെ അതിമനോഹരമായി ചിത്രീകരിച്ച സിനിമയാണ് 'ഇളക്കങ്ങൾ'. തിരക്കഥാരചനയുടെ മറ്റൊരു പ്രശ്നമേഖലയിലേക്കുകൂടി 'വിടപറയുംമുമ്പേ' ശ്രദ്ധതിരിക്കാൻ നിമിത്തമാവുന്നു. കൂട്ടെഴുത്തിെന്റ കലകൂടിയാണ് തിരക്കഥ. ഋഷികേശ് മുഖർജിയുടെ ആനന്ദ് എന്ന ഹിന്ദിച്ചിത്രത്തിെന്റ കഥയുമായി ചാർച്ചയുണ്ട് ഇക്കഥക്ക്. കഥയും സംഭാഷണവും മോഹനുമായിച്ചേർന്നാണ് പൂർത്തിയാക്കിയത്. തിരക്കഥയെഴുത്തിൽ ഇവർക്കൊപ്പം സുരാസുവും പെരുമ്പടവം ശ്രീധരനും സഹകരിച്ചു. ഇത്തരം കൂട്ടെഴുത്തിൽ പലതവണ പങ്കാളിയായിട്ടുണ്ട് ജോൺ പോൾ. പി. ചന്ദ്രകുമാറിെന്റ 'സംഭവം' എന്ന സിനിമയുടെ എഴുത്ത് കലൂർ ഡെന്നിസുമൊത്തായിരുന്നു. പരസ്പരം ചർച്ചചെയ്തും ചില ഭാഗങ്ങൾ പങ്കിട്ടെടുത്തും ഇടഞ്ഞും ഇടറിയും ഒരു ഞാണിേന്മൽക്കളിയാണ് ഇത്തരമെഴുത്ത്. ഇന്ന ചിത്രത്തിൽ ഇന്നയാൾകൂടി എഴുതിയാലേ ചിത്രം വിജയിക്കൂ എന്ന് ജ്യോത്സ്യന്മാർ നിർദേശിച്ചതുകാരണം എഴുതേണ്ടിവന്ന അനുഭവംപോലുമുണ്ടെന്ന് ജോൺ പോൾ പറഞ്ഞിട്ടുണ്ട്. വിജി തമ്പിയുടെ 'വിറ്റ്നസി'ൽ കലൂർ ഡെന്നീസിനൊപ്പമായിരുന്നു ജോൺ പോൾ സ്ക്രിപ്റ്റ് തയാറാക്കിയത്. കമലിെൻറ 'ഉണ്ണികൃഷ്ണെന്റ ആദ്യത്തെ ക്രിസ്തുമസ്' എന്ന ചിത്രത്തിലും ഡെന്നീസ് പങ്കാളിയായി.
കമൽഹാസനെ നായകനാക്കി ഐ.വി. ശശി നിർമിച്ച 'വ്രതം' എന്ന ചിത്രത്തിൽ ടി. ദാമോദരനൊപ്പം സഹകരിച്ചതാണ് മറ്റൊന്ന്. അവരവർക്ക് ബലമുള്ള, വഴക്കമുള്ള ഭാഗങ്ങൾ അവരവർ എഴുതുന്ന ഒരിനം കൂട്ടെഴുത്ത്. ഐ.വി. ശശിയുടെ 'അതിരാത്രം' എന്ന ചിത്രത്തിെന്റ രചന നിർവഹിച്ച ജോൺ പോൾ പക്ഷേ, അതിെന്റ രണ്ടാം ഭാഗവും 'ആവനാഴി'യുടെ മൂന്നാം ഭാഗവും ഒന്നിക്കുന്ന 'ബൽറാം v/s താരാദാസ്'എന്ന ചിത്രത്തിെന്റ തിരക്കഥാരചനയിൽ പങ്കാളിയായില്ല. അത്തരമൊരു സിനിമ, ബിഗ് ഷോട്ട് സിനിമകളെഴുതി വിജയിപ്പിച്ച ടി. ദാമോദരനാണ് കൂടുതൽ ഇണങ്ങുകയെന്ന് ജോൺ പോളിന് അറിയാമായിരുന്നു. തിരക്കഥാരചനയിൽ എസ്. എൻ. സ്വാമിയാണ് പങ്കാളിയായത്. ദാമോദരൻ മാഷിനും നെടുമുടി വേണുവിനുമൊപ്പം മുഴുനീളചർച്ചകളിൽ പങ്കാളിയായെങ്കിലും ഭരതെന്റ 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിെന്റ തിരക്കഥാരചന ടി. ദാമോദരൻതന്നെ നിർവഹിച്ചു. ഗോപിയുടെ വിഖ്യാതകഥാപാത്രം ഷേക്സ്പിയർ കൃഷ്ണപ്പിള്ളയുടെ പിറവിയിൽ ഒരു പങ്ക് ജോൺ പോളിനുകൂടി അവകാശപ്പെടാനാവും. ഭരതെന്റ 'ഇത്തിപ്പൂവേ ചുവന്ന പൂവേ'യിൽ കഥാകൃത്ത് തിക്കോടിയനൊപ്പം ടി. ദാമോദരനും തിരക്കഥാരചനയിൽ ജോൺ പോളിനെ സഹായിക്കുന്നുണ്ട്. തിരക്കഥാരചനയിൽ നേരിട്ട് സഹകരിക്കുന്നില്ലെങ്കിലും പൂർത്തിയായ സിനിമയിൽ സംവിധായകെന്റ പങ്ക് വലുതായതുകൊണ്ട്, സിനിമ തിരക്കഥയെ മാറ്റിപ്പണിയുന്നതുകൊണ്ട് തിരക്കഥയുടെ െക്രഡിറ്റിൽ തെന്റ പേരാവണം ആദ്യത്തേത് എന്ന് തീരുമാനിച്ച സംവിധായകനാണ് ബാലു മഹേന്ദ്രയെന്ന് ജോൺ പോൾ എഴുതിയിട്ടുണ്ട്. ദീർഘമായ ചർച്ചക്കൊടുവിലാണ് 'യാത്ര'യെന്ന സിനിമ രൂപപ്പെടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി 'യാത്ര'യിലെ ഉണ്ണികൃഷ്ണൻ. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നുമായി ആ ചിത്രം.
ഗോപി സംവിധാനം ചെയ്ത 'ഉത്സവപ്പിറ്റേന്ന്' (1988) ആണ് ജോൺ പോളിെന്റ മറ്റൊരു മികച്ച രചന. കുട്ടികളുടെ നിഷ്കളങ്കതയുമായി വലിയ ലോകത്ത് പിടിച്ചുനിൽക്കാനാവാതെ, ''ഭാരംതാങ്ങാനരുതാതെ വീണുടഞ്ഞ നീർമണി''യെപ്പോലെ ജീവിതമവസാനിപ്പിക്കേണ്ടിവന്ന അനിയൻ തമ്പുരാൻ മോഹൻലാലിെന്റ മികച്ച വേഷങ്ങളിലൊന്നാണ്. ഏട്ടൻതമ്പുരാെന്റ വേഷം സുകുമാരനും മനോഹരമാക്കി. അഭിനേതാക്കളുടെ ഇൻവോൾമെന്റ് ഏറ്റവുമധികം ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായതാണ് ജോൺ പോളിെന്റ വിജയം. 'മിന്നാമിനുങ്ങിെന്റ നുറുങ്ങുവെട്ട'ത്തിലെ മാഷും ടീച്ചറുമായി നെടുമുടിയും ശാരദയും മത്സരിച്ചഭിനയിക്കുന്നത് മറ്റൊരുദാഹരണം. ശിവാജി ഗണേശനും മോഹൻലാലും മത്സരിച്ചഭിനയിച്ച ഒരു യാത്രാമൊഴി ഓർക്കുക. (പ്രതാപ് പോത്തൻ, 1997) ഇതിൽ തിലകെന്റ അന്ത്രുമാൻ ഒരൊറ്റ സീനിൽ പുറത്തെടുക്കുന്ന അഭിനയമാസ്മരികത ശിവാജിയുടെ പെരിയോറിനോടും ലാലിെന്റ ചിന്നനോടും കിടനിൽക്കാൻ പോന്നതെത്ര. സത്യൻ അന്തിക്കാടിന്റെ 'രേവതിക്കൊരു പാവക്കുട്ടി'യിലെ ബാലൻ മേനോൻ, ഭരതെന്റ 'പാളങ്ങളി'ലെ വാസു മേനോൻ തുടങ്ങിയ വേഷങ്ങളിൽ ഗോപി, 'ചമയ'ത്തിലെ എസ്തപ്പാനാശാനായി മുരളി, 'കേളി'യിലെ ഭിന്നശേഷിക്കാരനായ നാരായണൻകുട്ടിയായി ജയറാം, കെ. മധുവിെന്റ 'ഒരുക്ക'ത്തിലെ സേതുമാധവനായി സുരേഷ് ഗോപി എന്നിങ്ങനെ മിക്ക അഭിനേതാക്കൾക്കും ശ്രദ്ധേയമായ വേഷങ്ങൾ നൽകിയിട്ടുണ്ട് ജോൺ പോൾ.
ചലച്ചിത്രസംബന്ധിയായ ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ജോൺ പോൾ. 1990കൾക്കുശേഷം തിരക്കഥയുടെ തിരക്കുകളിൽനിന്നു വിട്ടുനിന്ന അദ്ദേഹം പുസ്തകമെഴുത്തും പ്രഭാഷണങ്ങളും ക്ലാസുകളുമൊക്കെയായി കഴിയുകയായിരുന്നു. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ എം.ടി ഒരു അനുയാത്രയും കഥയിതു വാസുദേവം എന്ന പുസ്തകവും എം.ടിക്കു നൽകിയ അക്ഷരാദരങ്ങളെത്ര. പി.ജെ. ആന്റണി: പ്രതിഷേധംതന്നെ ജീവിതം, പി.എൻ. മേനോൻ വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, അടയാളനക്ഷത്രമായി ഗോപി, സി.ജെ. തോമസും സി.ജെ. തോമസും, പരിചായകം, പവിത്രം ഈ സ്മൃതി, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, ഒരു സിനിമ ജനിക്കുന്നു, സിനിമയുടെ കാണാപ്പുറങ്ങൾ, ആസ്വാദനത്തിെന്റ അധികമാനങ്ങൾ, സ്വസ്തി, നിറപ്പൊട്ടുകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ. എെന്റ ഭരതൻ തിരക്കഥകൾ ഉൾപ്പെടെ അദ്ദേഹത്തിെന്റ നിരവധി തിരക്കഥകൾ പുസ്തകരൂപത്തിൽ പുറത്തുവന്നിട്ടുണ്ട്. എം.ടിയുമായി അടുത്ത ബന്ധം സൂക്ഷിച്ച ജോൺ പോൾ അദ്ദേഹത്തിെന്റ 'ഒരു ചെറുപുഞ്ചിരി'യുടെ നിർമാതാവുകൂടിയായിരുന്നു. ഒന്നുരണ്ടു സിനിമകളിൽ വേഷമിടുകയും ദീർഘകാലം പല പല ചലച്ചിത്ര സമിതികളിലും അംഗമായിരിക്കുകയുംചെയ്ത ജോൺ പോളിന് സിനിമതന്നെയായിരുന്നു ജീവിതം.
സിനിമയുടെ താരത്വത്തെയോ ജനപ്രിയ ഫോർമുലകളെയോ അട്ടിമറിക്കാതെതന്നെ എന്നും ഓർക്കാവുന്ന ഒട്ടേറെ മുഹൂർത്തങ്ങളും കഥാപാത്രങ്ങളും സൃഷ്ടിക്കാൻ സാധിച്ചു എന്നതാണ് ജോൺ പോളിെന്റ വിജയം. ഓരോ സംവിധായകർക്കും അവരവർക്ക് ആവശ്യമുള്ള മട്ടിൽ വ്യാഖ്യാനിക്കാനും സിനിമയെടുക്കാനും പോന്ന തിരക്കഥകൾ അദ്ദേഹം രചിച്ചു. അക്കാര്യത്തിൽ നൂറുശതമാനം പ്രഫഷനലായിരുന്നു ജോൺ പോൾ. സിനിമാവൃത്തങ്ങളിൽ അങ്കിൾ എന്നാണ് അദ്ദേഹത്തിെന്റ വിളിപ്പേര്. താനെഴുതുന്ന സിനിമകളുടെ പിതാവായല്ല, അങ്കിളായാണ് അദ്ദേഹം സ്വയം സങ്കൽപിക്കുന്നതെന്നുതോന്നും. കർക്കശഭാവമല്ല, ചങ്ങാത്തമാണ് കൂടുതൽ. ജോൺ പോളിെന്റ കഥാപാത്രങ്ങളുടെ രസനീയതയും അതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.