ഡിജിറ്റലൈസ്ഡ് ആയ പുതിയ കാലത്ത് ബിംബങ്ങള്‍ക്കും കള്‍ട്ടുകള്‍ക്കും വലിയ ആയുസ്സ് ഒന്നുമില്ല. നിലനില്‍ക്കുന്ന വലിയ ബിംബങ്ങളൊക്കെ അപനിർമിക്കുകയോ പുതിയ രീതിയില്‍ വായിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതിനു പുറമെ പഴയതില്നിന്നുമുള്ളതിെൻറ തുടര്‍ച്ചയായി പല പുതിയ കള്‍ട്ടുകള്‍ ഉയിരെടുത്തിട്ടുമുണ്ട്. പക്ഷേ അതിെൻറ ഇടയില്‍ ഇവിടെ തന്നെ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ സോഷ്യല്‍ മീഡിയയും ഡിജിറ്റലൈസ്ഡ് ന്യൂ മീഡിയയും തിരിച്ചുപിടിച്ചിരിക്കുന്നു -സലിംകുമാറിനെ. പുതിയ തലമുറ വളരെ പെട്ടെന്നു തന്നെ ട്രോളുകളിലൂടെ സലിംകുമാറിനെ ഇവിടെ തന്നെ നിലനിര്‍ത്തി. ബോഡി ലാംഗ്വേജ് എക്സ്പ്രഷനുകള്‍, ''അച്ഛനാണത്രെ അച്ഛന്'' തുടങ്ങിയ 'പൊട്ടിത്തെറികള്‍' കൊണ്ടാടലുകള്‍ ആയി. കൗണ്ടറുകളുടെയും പുതിയ കാലത്തെ ഹ്യൂമറുകളുടെയും ഐക്കണുകളില്‍ പ്രധാനി ആയി സലിംകുമാര്‍ എന്ന ഐഡൻറിറ്റി കേരളത്തില്‍ ഉയര്‍ന്നുവന്നു.
കേരളത്തിെൻറ സാംസ്കാരിക പരിസരത്ത് സലിംകുമാര്‍ ഉയിര്ത്തിരിഞ്ഞു വരുന്നത് തൊണ്ണൂറുകള്‍ക്കു ശേഷമാണ്. ഒരു പക്ഷേ കെ.പി.എ.സി മടങ്ങിപ്പോയ ഉത്സവപ്പറമ്പുകളിലെ മിമിക്രി വേദികളിലും മിമിക്സ് പരേഡ് വേദികളിലും ഉയര്‍ന്നു വന്ന തമാശകളും സറ്റയറുകളും ഉല്പാദിപ്പിച്ച തലമുറകളുടെ കൂട്ടത്തില്‍പെട്ട ഒരാളായിരുന്നു സലിംകുമാര്‍. കൊച്ചിയിലെ പ്രത്യേകമായ ഭൂമിശാസ്ത്രത്തില്‍നിന്നും സാമൂഹികതയില്‍നിന്നും രൂപപ്പെട്ട ഹ്യൂമറുകളിലൂടെ ടെലിവിഷന്‍ ചാനലുകളിലെ അപരങ്ങളായ സിനിമാലകളിലൂടെ, കോമിക്കോളകളിലൂടെ സഞ്ചരിച്ച് സിനിമയുടെ ലോകത്തേക്ക് കേറി വന്നു ''ഇതൊക്കെ യെന്ത്?'' എന്നു കൈ തലക്ക് പിറകില്‍വെച്ച് കൂള്‍ ആയി സംസാരിച്ച സലിംകുമാര്‍. ഈ നടന് നടന്നുപോയ വഴികളിലൂടെ ആണ് ഈ വര്‍ത്തമാനം.
സലിംകുമാര്‍ എന്ന പേരില്‍നിന്നു തന്നെ തുടങ്ങാം. ഒരു ഈഴവ സമുദായത്തിൽ ജനിച്ച വ്യക്തിക്ക് സലിം എന്ന മുസ്ലിം പേര്. അത് പിന്നീട് സലിംകുമാര്‍ ആയി. അച്ഛന് ഗംഗാധരന് സഹോദരന് അയ്യപ്പെൻറ ജാതി ഉന്മൂലന പ്രസ്ഥാനങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തിലെ ഒരു സാമൂഹിക ജീവിതത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
എെൻറ വീട് കൊച്ചിയിലെ പറവൂര്‍ എന്ന പ്രദേശത്തിെൻറ രണ്ടു കിലോമീറ്റര്‍ അകലെയായി ചിറ്റാറ്റുകര എന്ന ഗ്രാമപ്രദേശത്തായിരുന്നു. അതിലൂടെ ആണ് ചെറായി പുഴ ഒഴുകുന്നത്. ചെറായി പുഴ എന്നാല്‍ പെരിയാര്‍ തന്നെ. അതിനു ചെറായി പുഴ എന്നും പറയും. പുഴക്കുള്ള പ്രശ്നം എന്താണെന്ന് വെച്ചാല്‍ ഓരോ സ്ഥലത്തെത്തുമ്പോഴും ഓരോ പേരുകളാണ്. വിശ്വസിക്കാനൊക്കാത്ത ഒരാള്‍ ആണ് ഈ പുഴ. പെരിയാര്‍ തന്നെ പറവൂര്‍ എത്തുമ്പോള്‍ പറവൂര്‍ പുഴ ആയി. മുനമ്പം എത്തുമ്പോള്‍ മുനമ്പം പുഴയാകും. കടലിൽ എത്തുമ്പോള്‍ കടലാകും. ഈ പുഴയുടെ അപ്പുറത്താണ് സഹോദരന് അയ്യപ്പെൻറ വീട്. അച്ഛെൻറ കാലത്ത്, അച്ഛന് മാത്രമല്ല ആ പ്രദേശത്തുള്ള ഒട്ടു മിക്ക ചെറുപ്പക്കാരും സഹോദരന് അയ്യപ്പെൻറ ജാതിനിർമൂല പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിരുന്നു. സഹോദരന് അയ്യപ്പെൻറയും ഞങ്ങളുടേതും ഈഴവ സമുദായമായിരുന്നു. അവിടെ പിന്നെ പ്രബലമായി ഉണ്ടായിരുന്നത് പുലയസമുദായവും അരയസമുദായവും ആണ്. കുറച്ചു ക്രിസ്ത്യാനികളും ഉണ്ട്. അരയസമുദായത്തില്‍ പെട്ടവര്‍ മുക്കുവരാണ്. ഈഴവസമുദായത്തില്‍പെട്ടവര്‍ ചെത്തും പുലയസമുദായത്തിലുള്ളവര് കൃഷിപ്പണിയും ചെയ്തു. എന്നാല്‍ അപൂര്‍വമായി നമ്പൂതിരി/നായര്‍ കുടുംബങ്ങളുമുണ്ട്. മുസ്ലിംകള് ഉണ്ടെങ്കിലും ഭൂരിഭാഗവും തിയ്യ, അരയ, ഈഴവ സമുദായങ്ങള്‍ ആയിരുന്നു. അങ്ങനെ അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ കത്തിക്കാളി നിന്ന ഒരു സന്ദര്‍ഭത്തില്‍ സഹോദരന് അയ്യപ്പന് അതിനെതിരെ സാമൂഹിക വിപ്ലവവുമായി മുന്നിട്ടിറങ്ങി. അതെെൻറ അച്ഛെൻറ ചെറുപ്പകാലത്തായിരുന്നു.
സഹോദരന് അയ്യപ്പന് പറഞ്ഞത് ''ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യനു, വേണം ധർമം, വേണം ധർമം, വേണം ധർമം യഥോചിതം'' എന്നാണ്. ഗുരുദേവനെക്കാള്‍ ഒരു പടി തീവ്രത കൂടുതല്‍ ആയിരുന്നു സഹോദരന് അയ്യപ്പന്. യുക്തിവാദി ആയിരുന്നു അദ്ദേഹം. ഒരു മഹാമുനിയുടെ ശിഷ്യന് യുക്തിവാദി ആകുന്നത് അപൂർവ സംഭവം ആണ്. കണ്ണാടി പ്രതിഷ്ഠ ചെയ്തതിലൂടെ ശ്രീനാരായണ ഗുരുവും ഒരുതരത്തില്‍ യുക്തിവാദി ആയിരുന്നു. ശ്രീനാരായണ ഗുരു ഒരിക്കലും സാധാരണ മതനേതാക്കളെപോലെയും ആയിരുന്നില്ല. ശ്രീനാരായണ ഗുരുവിനെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിെൻറ ഉള്ളിലെ കവിയെക്കുറിച്ച് ആരും ഇതുവരെ പഠനം നടത്തിയിട്ടില്ല. സ്വന്തമായിട്ടു വൃത്തം ഉണ്ടാക്കി കവിത എഴുതിയ മനുഷ്യന് ആണ്. എഴുത്തച്ഛനോളം പോന്ന കവി. എഴുത്തച്ഛന് കവിതയുടെ മേഖലയിലായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരു ആ മേഖലയിലായിരുന്നില്ല. എന്നിട്ടും അദ്ദേഹം അസാധ്യ കവിതകള്‍ എഴുതി. ''ഒരു ജാതി ഒരു മതം ഒരു ദൈവം'' എന്നതിനപ്പുറം ''ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട'' എന്നു അയ്യപ്പന് പറഞ്ഞപ്പോഴും ഗുരുവിെൻറ മറ്റ് ശിഷ്യന്മാരാരും അദ്ദേഹത്തിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഗുരുവും തള്ളിപ്പറഞ്ഞിട്ടില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിനെ ഗുരു എന്നു വിളിക്കുന്നത്. സഹോദരന് അയ്യപ്പന് അക്കാലത്ത് പന്തിഭോജനം നടത്തി. വളരെ വിപ്ലവാത്മകമായ ഒരു മൂവ്മെൻറായിരുന്നു അത്. ഒരുപക്ഷേ പുതിയ തലമുറക്ക് ഇതിലൊക്കെ എന്തു കാര്യം എന്നു തോന്നുന്നുണ്ടാകാം. സഹോദരന് അയ്യപ്പെൻറ ഫാന്‍സ് മുഴുവന്‍ ചെറുപ്പക്കാരായിരുന്നു. ജീവിതത്തിലെ ജാതി എന്ന അനീതിയെ എതിര്‍ക്കണം എന്ന ചിന്ത ഈ യുവാക്കളെയും മറ്റ് മനുഷ്യരെയും സഹോദരന് അയ്യപ്പനിലേക്ക് അടുപ്പിച്ചു. അങ്ങനെ ആയിരിക്കാം എെൻറ അച്ഛനൊക്കെ സഹോദരന് അയ്യപ്പെൻറ പ്രസ്ഥാനവുമായി അടുത്തത്.
അങ്ങനെയുള്ള ഈഴവ യുവാക്കളും മറ്റു യുവാക്കളും അവരുടെ കുട്ടികളെ സലിം, ജഗീര്, ജാവാസ്, ജലീല്‍, നൗഷാദ് എന്നിങ്ങനെയുള്ള പേരുകള്‍ വിളിക്കാന്‍ തുടങ്ങി. അത് ഒരു മുസ്ലിം കീഴാള ഐക്യത്തിെൻറ പ്രതീകമായിരുന്നു. മുസ്ലിം കീഴാള ഐക്യം അന്ന് തന്നെ തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാര്‍ സാമൂഹികമായി വിഘടിപ്പിച്ചു പോയതിന് ശേഷമുള്ള കൂടിച്ചേരലുകള്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. മാലിക് ദിനാര്‍ വെറും പന്ത്രണ്ടു പേരുടെ കൂടെയാണ് ഇങ്ങോട്ട് വന്നത്. ഇവിടത്തെ മനുഷ്യര്‍ മുസ്ലിം മതത്തിലേക്ക് ചേര്‍ന്നതാണ്. വിശ്വാസങ്ങളുടെ പേരില്‍, ഇഷ്ടങ്ങളുടെ പേരില്‍, നിലപാടുകളുടെ പേരില്‍ ഒക്കെ ആ മതത്തിലേക്ക് ചേര്‍ന്നതാണ്.
എെൻറ നാട്ടില്‍ എല്ലാവരും ജാതിപ്പേരാണ് വിളിക്കുന്നത്. അച്ഛെൻറ പേര് ഗംഗാധരന് എന്നാണ്. അച്ഛനെ 'ഗംഗാധര ചൊവ്വന്' എന്നു വിളിക്കും. തോട്ടപ്പുറത്തുള്ളത് വള്ളോന്‍ പുലയന്, കാഞ്ചന് പുലയന്, അരവിന്ദന് അരയന്. മുസ്ലിംകളാണെങ്കില് ജോനാപ്ല. വടുക മാപ്ല എന്ന ക്രിസ്ത്യാനി. അതൊക്കെ ബഹുമാനപൂര്‍വമാണ് പരസ്പരം വിളിക്കുന്നത്, അല്ലാതെ അവരെ കളിയാക്കാനോ ഇകഴ്ത്തിക്കാട്ടാനോ അല്ല. എന്നോടു നാട്ടുകാര്‍ ചോദിക്കുക ''നീ ഗംഗാധര ചൊവ്വെൻറ മോനല്ലേടാ?'' എന്നാണ്. ''അതേ'' എന്നു ഞാന്‍ അഭിമാനത്തോടെയാണ് പറയുന്നത്. ഇതിനൊരു മറുവശവുമുണ്ട്. ഉയർന്ന ജാതിയിലുള്ളവര്‍ നായന്മാര്, നമ്പൂതിരിമാരൊക്കെ പുലയരെ ജാതിപ്പേര് വിളിക്കുന്നത് തകര്‍ക്കാന്‍ തന്നെയാണ്. അതില്‍ നമ്മള് തകരാതിരുന്നാല്‍ മതി. ചില രാഷ്ട്രീയക്കാര്‍ അടക്കം ഇന്നും അത് ഉപയോഗിക്കുന്നുണ്ട്. ഒരുത്തന് ഉയര്‍ന്നുവന്നാല്‍ അവനെ അടച്ചാക്ഷേപിക്കുക. അവര്‍ അത് അങ്ങനെ ജാതീയമായിതന്നെ ഉപയോഗിക്കുന്നുണ്ട്.
ആഫ്രിക്കയില്‍ ഒരുവിഭാഗം ആദിവാസി സമൂഹമുണ്ട്. അവര്‍ക്ക് മരം വെട്ടാന്‍ പാടില്ല. അതേസമയം അവര്‍ക്ക് മരം ആവശ്യവുമുണ്ട്. അവര്‍ അതുകൊണ്ട് മരത്തിെൻറ അടുത്തു പോയി മരത്തിനെ തെറി പറയും. ഒരു ഗാങ് ആയി ചെന്നിട്ടാണ് തെറി പറയുക. ഒരു ഗാങ് പോയിക്കഴിഞ്ഞാല്‍ അടുത്ത ഗാങ് പോകും. അങ്ങനെ തെറിയോട് തെറി. ഇങ്ങനെ പറഞ്ഞാല്‍ ഈ മരം ഉണങ്ങും എന്നാണ് അവരുടെ വിശ്വാസം. കാരണം നെഗറ്റിവ് എനര്‍ജി ആണ് അങ്ങോട്ട് ചെല്ലുന്നത്. അങ്ങനെ തെറി കേട്ടു മരം ഉണങ്ങിക്കഴിയുമ്പോള്‍ മരം വീഴും. ആ മരം പിന്നീട് ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. ഇതുപോലെയാണ് ഉന്നത ജാതിക്കാരുടെ ജാതി അതിക്രമങ്ങളിലൂടെ ഇവിടെയും നടക്കുന്നത്. ജാതി ഉപയോഗിക്കപ്പെടുന്നത് ഇങ്ങനെയും കൂടെ ആണ്. ഇവിടെ 'ചെറ്റ' എന്നാല്‍ മോശം പദമാണ്. ചെറ്റ എന്നു പറഞ്ഞാല്‍ യഥാർഥത്തില്‍ എന്താണ്? പുലയെൻറ വീടിനെ ആണ് ചെറ്റ എന്നു പറയുന്നത്. അല്ലാതെ അത് മോശമായിട്ടുള്ള സ്ഥലമല്ല. ''ഏനെെൻറ ചെറ്റയില്‍ പോണു'' എന്നു പറഞ്ഞത് ''ഫ...ചെറ്റേ'' എന്നു മാറ്റി അധഃപതിച്ചവന് എന്നാക്കി. പുലയന് അത് അധഃപതിച്ചതായിട്ടല്ല കാണുന്നത്. എന്നാല്‍ ജാതിവാദികള്‍ അതിനെ അധഃപതിച്ച മോശമായ കാര്യമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ആ സ്ഥാപിക്കലില് അവര്‍ വിജയിച്ചു. അതുപോലെ ചാത്തന് എന്നാല്‍ അധഃകൃതെൻറ പണ്ഡിതന് ആണ്. 'ചാത്തന്‍സ്' എന്നാല്‍ ഒരു പേരല്ല ഡിഗ്രി ആണ്. എത്രയോ വിഷയങ്ങളില്‍ പണ്ഡിതന് ആയവരെയൊക്കെ 'സാക്ഷാല്‍ ശ്രീമാന്‍ ചാത്തന്‍സ്' എന്നാണ് പറയുന്നത്. ചാത്തന്‍സ് എന്നത് ബഹുമാനപൂര്‍വം വിളിക്കുന്ന പേരാണ്. അതിപ്പോള്‍ ഏറ്റവും മോശം സാധനത്തിെൻറ പേരാക്കി മാറ്റി. ഇപ്പോള്‍ മോശം സാധനങ്ങളെ 'ചാത്തന് സാധനം' ആണ് എന്നു പറയാന്‍ തുടങ്ങി.
ജാതിപ്പേരു വിളിച്ച് എന്നു പറഞ്ഞു സലിമേട്ടനെതിരെയും ഒരു കേസ് ഉണ്ടായിരുന്നല്ലോ?
അതൊരു രസകരമായ കഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ ജയന് എന്ന എെൻറ സുഹൃത്ത് വന്നു എന്നോട് അവെൻറ ഒരു ദലിത് സുഹൃത്തിന് വീടില്ല എന്നു പറഞ്ഞു. അയാളെ സഹായിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു കാസറ്റ് ഇറക്കാന്‍ തീരുമാനിച്ചു. മണിയുണ്ട്, ഞാനുണ്ട്, ജയന്, സജീവ് അങ്ങനെ ഞങ്ങളുടെ ഒരു ഗാങ് ആണ് മുന്നിട്ടിറങ്ങിയത്. ഞങ്ങളാണ് ഈ കാസറ്റിലെ ഐറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു ചാരിറ്റി എന്ന രീതിയിലാണ് ഞങ്ങള്‍ ഈ കാസറ്റ് ചെയ്തത്. ഈ കാസറ്റിെൻറ സ്ക്രിപ്റ്റില്‍ കൃഷ്ണന് കുട്ടി നായര്‍ ഏത് ജാതിയില്‍പെട്ട ആളാണ് എന്നൊരു കാര്യം ഉണ്ടായിരുന്നു. എല്ലാവരും എല്ലാ ജാതിയും പറഞ്ഞു. സ്ക്രിപ്റ്റിന് അനുസരിച്ചു ഞാന്‍ ഉള്ളാടന്‍ എന്നാണ് പറയേണ്ടത്. പരിപാടി കഴിഞ്ഞു കാസറ്റ് കച്ചവടം ചെയ്തു. അമ്പതിനായിരം രൂപയോളം അന്ന് കിട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ സിനിമാ നടന് ആയതിനു ശേഷം എെൻറ വീട്ടിന് മുന്നില്‍ പൊലീസുകാര്‍ നില്‍ക്കുകയാണ്. അറസ്റ്റ് വാറൻറുണ്ട് എന്നാണ് പൊലീസുകാര്‍ പറയുന്നത്. ഞാന്‍ പേടിച്ചുപോയി. ഉള്ളാട മഹാസഭ കേസ് കൊടുത്തിരിക്കുകയാണ്. പണ്ട് ഞാന്‍ ആ കാസറ്റില്‍ കൃഷ്ണന്‍കുട്ടി നായരുടെ ജാതി ഉള്ളാടന്‍ എന്നു പറഞ്ഞതിനാണ് കേസ്. മണിയും സജീവും ഉള്ളാടന്‍ എന്നു പറഞ്ഞിരുന്നു. മണിയും സജീവും ദലിതര്‍ ആയതുകൊണ്ട് അവര്‍ക്കെതിരെ കേസ് വന്നില്ല. പക്ഷേ എനിക്കെതിരെ കേസ് വന്നു. അവര്‍ പറയുന്നത് ദലിതര്‍ക്ക് ദലിതരുടെ ജാതി പറയാം, ഞാന്‍ ഈഴവനായതുകൊണ്ട് പറയാന്‍ പാടില്ല എന്നാണ്. അങ്ങനെ ഞാന്‍ നിരന്തരം കോടതി കയറി ഇറങ്ങാന്‍ തുടങ്ങി. ഇവരുടെ അസോസിയേഷനുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തി. ഒരു രക്ഷയുമില്ല. എന്നെ അറസ്റ്റ് ചെയ്തു എറണാകുളം ഹൈകോടതിയിലാണ് ഹാജരാക്കിയത്. ഹരിശ്രീ വേണു എന്ന സുഹൃത്തിെൻറ ജാമ്യത്തില്‍ എന്നെ വിട്ടു. പിന്നെ സ്ഥിരം കോടതി കയറി ഇറങ്ങലായി. ഒരു ദിവസം ഞാന്‍ സെഷന് കോടതിയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ജഗതി ചേട്ടെൻറ വിതുര കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് കേസ് കഴിഞ്ഞു ജഗതി ചേട്ടന് കോട്ടയത്തേക്ക് മടങ്ങുന്നു. ഞാന്‍ കോടതിയില്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ അവിടെ ഉള്ളവര്‍ ഭയങ്കര ചിരിയാണ്. ''ഒരു കൊമേഡിയന്‍ പോയപ്പോള്‍ മറ്റൊരു കൊമേഡിയന്‍ വന്നു'' എന്നു പറഞ്ഞാണ് ചിരിക്കുന്നത്. അന്ന് വണ്ടിയില്‍നിന്ന് എെൻറ വക്കീല്‍ എന്നോടു പറയുകയാണ്: ''ജഗതി ചേട്ടന് ചെയ്തതിലും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്തത്.'' പിന്നീട് ആ കേസ് തള്ളിപ്പോയി.
താങ്കളുടെ കുട്ടിക്കാലത്ത് ഗള്‍ഫിലേക്കുള്ള പ്രവാസം വ്യാപകമായിരുന്നില്ല. മദ്രാസിലേക്കുള്ള പ്രവാസങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രവാസങ്ങളില്‍, നല്ല ബുദ്ധിയുള്ള ഈഴവര്‍ മദ്രാസില്‍ പോയി കച്ചവടം ചെയ്തു ജീവിച്ചു. രാഘവന് ഈഴവന് 'രാഘവന് അയ്യരാ'യി..?
അച്ഛെൻറ കാലത്ത് മനുഷ്യനെ മനുഷ്യരായിട്ടു കാണുന്ന ആളുകള്‍ ആണ് എനിക്കു ചുറ്റുമുണ്ടായിരുന്നത്. ഇന്ന് ഔപചാരിക വിദ്യാഭ്യാസമുണ്ട്. പക്ഷേ പ്രായോഗിക വിദ്യാഭ്യാസം കിട്ടിയിട്ടില്ല. എെൻറ നാട്ടിലെ ഓരോ ആളും ഓരോ കാരിക്കേച്ചറുകള്‍ ആണ്. ആ കാരിക്കേച്ചറുകളെ വെച്ചുകൊണ്ട് ഞാന്‍ ഇപ്പോള്‍ ഒരു പുസ്തകം ചെയ്യുന്നുണ്ട്. അവര്‍ക്ക് വര്‍ഗീയത ഇല്ല. എന്നാല്‍ രാഷ്ട്രീയം ഉണ്ട്. പക്ഷേ അത് അന്യനെ തകര്‍ക്കുക എന്ന രാഷ്ട്രീയം ആയിരുന്നില്ല. കമ്യൂണിസ്റ്റ് കോട്ട ആയിരുന്നു ചിറ്റാറ്റുകര. എന്നാല്‍പോലും ഒരു രാഷ്ട്രീയ കൊലപാതകം ഇവിടെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടേ ഇല്ല. അസാധ്യ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എെൻറ ചെറുപ്പത്തില്‍ ചായക്കടകളില്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും കൂടി 'ഇവരിപ്പോ തല്ലും' എന്ന രീതിയില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തുമായിരുന്നു. ഒച്ചപ്പാടെന്ന് വെച്ചാല്‍ ഒടുക്കത്തെ ഒച്ചപ്പാട്. വഞ്ചിപ്പണിക്കാരും മണലിന് പോകുന്ന ആള്‍ക്കാരും ചെത്തുകാരും ഒക്കെ രാഷ്ട്രീയ ചര്‍ച്ചനടത്തും. അത് കഴിഞ്ഞു ചായ കുടിച്ചു തോളത്തു കൈ ഇട്ടാണ് ഇവര്‍ പണിക്ക് പോകുന്നത്. എല്ലാത്തിനും അതിേൻറതായ സ്പേസ് ഉണ്ടായിരുന്നു. ഇവിടെ ഓരോരോ ജാതിക്കാര്‍ക്കും ഓരോരോ ക്ഷേത്രങ്ങള്‍ ഉണ്ട്. അതിെൻറ എഴുന്നള്ളത്ത് പോകുന്നത് മറ്റൊരു ജാതിയുടെ അമ്പലത്തില്നിന്നുമായിരിക്കും. വിശാലമായ ഹൃദയമുള്ള ചിറ്റാറ്റുകര എന്ന നാട്ടിലെ ആളുകളുടെ ഇടയില്‍നിന്നു വന്ന ഒരാളായിരുന്നു ഞാന്‍. അവിടെ കോളനികള്‍ ഉണ്ടാകും, പുഴക്കര ഉണ്ടാകും, വിവിധങ്ങളായ ഭൂമിശാസ്ത്രങ്ങള്‍ ഉണ്ടാകും. അങ്ങോട്ടുമിങ്ങോട്ടുമൊന്നും പോകുന്നതിനും വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊന്നും അക്കാലത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തീരപ്രദേശത്ത് താമസിക്കുന്നത് അരയന്മാര് ആണ്. അതിനിപ്പുറം പാടത്തിെൻറ കരയില്‍ പുലയര്‍. അതിനപ്പുറം താമസിക്കുന്നത് ഈഴവരായ തെങ്ങുചെത്തുകാര്‍. അതിനിപ്പുറം കയര്‍ പിരിക്കുന്നവരുണ്ട്. രസകരമായിരുന്നു എെൻറ ചെറുപ്പകാല ജീവിതം.
എേൻറത് മുസ്ലിം പേരായ സലിം എന്നാണ്. തൊട്ടടുത്തുള്ള ചിറ്റാറ്റുകര എല്‍.പി സ്കൂളില്‍ ആണ് എന്നെ ചേര്‍ത്തത്. എെൻറ ടീച്ചര്‍, 'സലിം' എന്നു പറഞ്ഞാല്‍ മുസ്ലിം എന്നു തെറ്റിദ്ധരിക്കും, അതുകൊണ്ട് പേരിെൻറ കൂടെ 'കുമാര്‍' എന്നു കൂടി ചേര്‍ക്കാന്‍ പറഞ്ഞു. അങ്ങനെ ആണ് ഞാന്‍ സലിംകുമാര്‍ ആകുന്നത്. 'കുമാര്‍' ടീച്ചറിെൻറ സംഭാവന ആണ്. അച്ഛന് 'സലിം' എന്നാണ് എനിക്കു പേരിട്ടത്. അച്ഛെൻറ കാലത്തെ ചെറുപ്പക്കാരുടെ സാമൂഹിക ബോധത്തിലാണ് എനിക്കു ആ പേര് വീണത്. ഇത് എഴുപതുകളിലെ തുടക്കത്തിലെ ചരിത്രമാണ്. അന്ന് ഗള്‍ഫ് ബൂം തുടങ്ങുന്ന കാലഘട്ടം ആയിരുന്നു. അന്ന് ചിറ്റാറ്റുകരയില്‍ ഗള്ഫുകാര് ഉണ്ടായിരുന്നില്ല. അന്നൊക്കെ ഇവിടെ 'മദ്രാസുകാര്' ആയിരുന്നു. മദ്രാസ് ആയിരുന്നു ഇവിടത്തുകാരുടെ ഗള്‍ഫ്. സിലോണിലേക്കുള്ള പ്രവാസം അതിനും മുമ്പ് ആണ്. നാൽപത്തി ഏഴിന് മുമ്പ്. ബ്രിട്ടെൻറ കോളനികളിലേക്ക് പണിക്ക് പോയവരാണ് സിലോണിലേക്കുള്ള പ്രവാസികള്‍. എെൻറയൊക്കെ ചെറുപ്പകാലത്ത് മദ്രാസിലേക്ക് പോയി ചായക്കട നടത്തിയവരുണ്ട് . ഒരു വലിയ തമാശ 'അയ്യര്‍', 'നായര്‍' എന്ന ജാതിവാലുകള്‍ ഉള്ള ഈഴവര്‍ അക്കാലത്ത് ഉണ്ടായിരുന്നു. ''അയ്യര്‍ രാഘവന് അല്ലേ?'' ആ വരുന്നത് എന്നു പറഞ്ഞാല്‍ ശരിക്കും ആ രാഘവന് ഈഴവന് ആയിരുന്നു. അന്ന് മദ്രാസില്‍ തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. അവിടെ ആരും അറിയാത്തതുകൊണ്ട് 'അയ്യര്‍', 'നായര്‍' എന്നൊക്കെ പേരിെൻറ കൂടെ വാല് ചേര്‍ത്തു മദ്രാസില്‍ പോയി ചായക്കച്ചവടം നടത്തി ഈഴവര്‍ ജീവിക്കും. മദ്രാസിലെ 'നായരുടെ ചായക്കട' മിക്കവാറും ഈഴവരുടേതായിരിക്കും. ആ അയ്യര്‍, നായര്‍ പേരുകള്‍ ഈഴവര്‍ക്ക് പില്ക്കാലത്ത് ഇവിടെയും കിട്ടി. അങ്ങനെയാണ് ഈഴവനായ രാഘവന്, 'അയ്യര്‍ രാഘവന്' ആയി മാറുന്നത്. അയ്യര്‍ രാഘവനും നായര്‍ കുമാരനുമൊക്കെ ഈഴവരായിരിക്കും. മദ്രാസില്‍ ചെല്ലുേമ്പാൾ ഒരു പൂണൂലൊക്കെ എടുത്തിട്ടു നൈസായി ആള്‍ക്കാരെ പറ്റിച്ചു ചായക്കട നടത്തും.
സലിമേട്ടന് ഒരു തമാശപറച്ചിലില്‍ ഞാന്‍ ഇന്ന രാജവംശത്തെ രാജാവാണ് എന്നു പറഞ്ഞിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. എങ്ങനെയാണ് സ്വയം ഒരു രാജാവായും വീരപുരുഷനും ഒക്കെ ആയി പറയാന്‍ തോന്നുന്നത്?
പ്രജാ മണ്ഡലത്തില്വെച്ചു മന്നത്ത് പത്മനാഭന് അയ്യന്‍കാളിയെ കാണുമ്പോള്‍ ദിവാന് ആണെന്ന് കരുതി. അയ്യന്‍കാളി കോെട്ടാക്കെ ഇട്ടു തൊപ്പിയൊക്കെ വെച്ചു ഒരു അസാധ്യ മനുഷ്യന് ആയി നടന്നുവരുമ്പോള്‍ മന്നത്ത് പത്മനാഭന് തെറ്റിദ്ധരിച്ചതാണ്. നമ്മള് എങ്ങനെയാണ് നമ്മളെ കാണുന്നത്, അതാണ് നമ്മള് മറ്റുള്ളവര്‍ക്ക്. നമ്മള് രാജാവാണെന്ന് നമ്മളെ പറഞ്ഞു മനസ്സിലാക്കുക. പിന്നെ മറ്റുള്ളവര്‍ നമ്മളെ അംഗീകരിച്ചോളും. അങ്ങനെയാണ് മറ്റുള്ളവര്‍. അൽപം വായിക്കുന്നവനും ചിന്തിക്കുന്നവനുമൊക്കെ മനസ്സിലാക്കാവുന്ന കാര്യമേ ഉള്ളൂ.
മിമിക്സ് പരേഡുകളിലെ ഹ്യൂമറുകള്‍ക്ക് കൊച്ചിയിലെ ജീവിത പശ്ചാത്തലങ്ങളുമായി ബന്ധവുമുണ്ടായിരുന്നു. മറ്റ് ഭൂമിശാസ്ത്രങ്ങളില്നിന്നു വ്യത്യസ്തമായി കൊച്ചിയില്‍ വേറൊരു ഹ്യൂമര്‍ രൂപപ്പെട്ടിരുന്നു. ഇതിെൻറ ചരിത്രവും സാമൂഹികതയുമൊക്കെ എന്താണ് ? കെ.പി.എ.സി പോലുള്ള നാടകപ്രസ്ഥാനങ്ങള് ചരിത്രത്തില്‍നിന്നു മെല്ലെ പിന്‍വാങ്ങി തുടങ്ങുന്ന കാലഘട്ടത്തില്‍ ആണ് മിമിക്സ് പരേഡുകള്‍ തഴച്ചുവളരുന്നത്..?
കെ.പി.എ.സി അതിെൻറ പണി ചെയ്തുകഴിഞ്ഞു. എന്തിനാണോ കെ.പി.എ.സി രൂപീകൃതമായത് അത് നിർവഹിച്ചു കഴിഞ്ഞു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന് ഇന്ന് പ്രസക്തി ഇല്ല. കാരണം ആ കാലഘട്ടം കഴിഞ്ഞു. അതത് കാലത്തിനു ആവശ്യമുള്ളത് എന്താണോ അത് കാലം കണ്ടെത്തിയിരിക്കും. അതിനെ ഒന്നും നമുക്ക് തടഞ്ഞുനിര്‍ത്താന്‍ പറ്റുകയില്ല. മിമിക്രിയും മിമിക്സ് പരേഡുകളും എല്ലാം തഴച്ചുവളരുന്ന ഒരു കാലഘട്ടത്തില്‍ ആണ് ഞാന്‍ വളര്‍ന്നത്. ഞങ്ങളൊക്കെതന്നെയാണ് ഏഷ്യാനെറ്റ് പോലുള്ള ടെലിവിഷന്‍ ചാനലുകളില്‍ കോമഡി പ്രോഗ്രാമുകളൊക്കെ തുടങ്ങുന്നത്. മിമിക്സ് പരേഡിന് എന്തുകൊണ്ട് അത്ര കണ്ടു പ്രചാരം കൊച്ചിയില്‍ കിട്ടി എന്നത് ഒരു ചോദ്യം ആണ്. തിരുവനന്തപുരവും കോഴിക്കോടും ഒക്കെ കൊച്ചിയെ കണ്ട് അനുകരിച്ചു വന്നവര്‍ ആണ്. ഇവിടെ ഹ്യൂമറിന് സ്പേസ് ഉള്ള ഒരു സ്ഥലം ആണ്.
ഇവിടെ ടിപ് ടോപ് അസീസ് എന്നൊരു ആളുണ്ടായിരുന്നു. പലര്‍ക്കും അദ്ദേഹത്തിനെ അറിയില്ല. അദ്ദേഹം ഒരു നാടകകൃത്ത് ആയിരുന്നു. അദ്ദേഹത്തിേൻറതായി ടിപ് ടോപ് ആര്‍ട്സ് എന്നൊരു ക്ലബുമുണ്ട്. അവരുടെ കോമഡി നാടകങ്ങള്‍ ഉണ്ട്. ഇത്രയും ചിരിപ്പിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല. കോമഡി നാടകങ്ങളെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായിട്ടും വരേണ്ട ഒരു പേരാണ് ടിപ് ടോപ് അസീസിേൻറത്. ഏകദേശം തോപ്പില്‍ ഭാസിയോടൊപ്പംതന്നെ വെക്കാന്‍ പറ്റിയ പേരാണ് ടിപ് ടോപ് അസീസിേൻറത്. എന്തുകൊണ്ടോ ഒരു കുഞ്ഞ് പോലും അദ്ദേഹത്തിെൻറ പേര് പറയാറില്ല. ശുദ്ധ ഹാസ്യമായിരുന്നു അദ്ദേഹത്തിേൻറത്. തമാശ ഒന്നോ രണ്ടോ വാചകങ്ങളില്‍ തീരണം. കറക്റ്റ് ആയി പറയണം. പറയുന്ന ഒന്നോ രണ്ടോ വാക്കുകളില്‍ അത് കിട്ടിയിരിക്കണം. തമാശ ഇൻറലക്ച്വല്‍ ആയ ഒരു കാര്യം ആണ്. അങ്ങനെ ഉള്ള ഒരാളായിരുന്നു ടിപ് ടോപ് അസീസ്. ഞാന്‍ അദ്ദേഹത്തിെൻറ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയിച്ചിട്ടുണ്ട്. എന്നെപ്പോലെ അമ്പത് വയസ്സുള്ള കൊച്ചിയിലുള്ള ടിപ് ടോപ് അസീസിനെ അറിയാത്തവര്‍ ആയി ആരുമില്ല. അദ്ദേഹത്തിെൻറ ഹ്യൂമര്‍ ആയിരുന്നു മിമിക്രിക്കാരും മിമിക്സ് പരേഡുകാരും ഏറ്റെടുത്തത്. സൈനുദ്ദീന്‍, സിദ്ദീഖ് ലാല്‍ തുടങ്ങിയവര്‍ കൗണ്ടറുകളുകളില്‍ പ്രാവീണ്യരായത് ടിപ് ടോപ് അസീസില്നിന്നു പഠിച്ചതുകൊണ്ടാണ്. ഈ തമാശകള്‍ക്കും കൗണ്ടറുകള്‍ക്കും പ്രചോദനം കിട്ടുന്നത് കൊച്ചി ജീവിതത്തില്‍നിന്നുമാണ്.
കൊച്ചിയിലെ കാരിക്കേച്ചറുകളാണ് ടിപ് ടോപ് അസീസ് അദ്ദേഹത്തിെൻറ നാടകങ്ങളില്‍ ഉപയോഗിച്ചിരുന്നത്. കൊങ്ങിണി ഭാഷയെ കൊച്ചിയില്‍ വ്യാപകമായി പരിചയപ്പെടുത്തിയത് ടിപ് ടോപ് അസീസ് ആണ്. പലരും കൊച്ചിയില്‍ ഹ്യൂമറസ് ആയി പറയുന്നതാണ് കൊങ്ങിണി ഭാഷ. അത് ടിപ് ടോപ് അസീസ് വ്യാപകമായി തെൻറ തമാശകളില്‍ ഉപയോഗിച്ചിരുന്നു. ഒരു ചായക്കടയില്‍ ഒരു പൊലീസുകാരന് വന്നിട്ട് ''ഇവിടെ ഇരിക്കാന്‍ ഒരു കുന്തവുമില്ലേ?'' എന്നു ചോദിക്കുകയാണ്. അപ്പോള്‍ കടക്കാരന് ചിരിയാണ്. ''എന്താണിത് ചിരിക്കണത്?'' എന്നു പൊലീസുകാരന് ചോദിക്കുമ്പോള്‍, ''സാര്‍ കുന്തത്തില്‍ ഇരിക്കണത് എങ്ങനെയാണെന്ന് ഓര്‍ത്തു ചിരിച്ചു പോയതാണ്'' എന്നതാണ് കൊച്ചിക്കാരുടെ കൗണ്ടര്‍. ഇതുപോലുള്ള കൗണ്ടറുകള്‍ ആണ് പിന്നീട് ''മത്തായിച്ചന് ഉണ്ടോ?'' ''ഇല്ല, ഉണ്ടില്ല, ഉണ്ണാന്‍ പോണേ ഉള്ളൂ...എന്തേ ഉണ്ണണോ?'' എന്നു സിദ്ദീഖ് ലാലിലേക്ക് വളരുന്നത്. സൈനുദ്ദീന്‍ ഇത്തരം കൗണ്ടറുകളുടെ വളരെ നല്ല പ്രചാരകന് ആയിരുന്നു. ഇത്തരം തമാശകളുടെ ഉപജ്ഞാതാവായ ടിപ് ടോപ് അസീസിനൊന്നും ഒരു സ്ഥാനവും കേരളസമൂഹത്തില്‍ കിട്ടിയിട്ടില്ല. ഈ കാലഘട്ടത്തിലും അദ്ദേഹത്തിെൻറ നാടകങ്ങള്‍ വായിച്ചാല്‍ ചിരിച്ചു ചിരിച്ച് നമ്മള് മണ്ണ് കപ്പും. മമ്മൂക്ക അടക്കം ഈ നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. ഈ നാടകം കളിക്കാത്തവരായി ആ പ്രായത്തിലുള്ളവര്‍ ആരുമില്ല.
കൊച്ചിയിലെ ഒരു നാടകത്തില്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീ ആണ് ശകുന്തള ആയി അഭിനയിക്കുന്നത്. ദുഷ്യന്തന് ആയി കൊങ്ങിണി സമുദായത്തില്‍ പെട്ട ഒരാളും. ഒരു വയോജന വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒരു അധ്യാപകന് ഈ നാടകം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശകുന്തള നടന്നുപോകുമ്പോള്‍ കാലില്‍ ദര്‍ഭമുന കൊള്ളണം. പക്ഷേ 'ശകുന്തള' ദര്‍ഭമുന കഴിഞ്ഞും നടന്നുപോയിക്കഴിഞ്ഞു. ദര്‍ഭമുന കൊണ്ടില്ല. അപ്പോള്‍ അധ്യാപകന് ''ദര്‍ഭമുന...ദര്‍ഭമുന'' എന്നു പറഞ്ഞു. അപ്പോള്‍ ശകുന്തള ''ഓ...ഐ ഫോര്‍ഗെറ്റ്'' എന്നു പറഞ്ഞാണ് തിരിഞ്ഞു വരുന്നത്. അപ്പോള്‍ ദുഷ്യന്തനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന കൊങ്ങിണി മനുഷ്യന് ആ ഭാഷാശൈലിയില്‍ പറയുകയാണ്: ''സറിയാണ്...പുറകോട്ടു വറണം...'' ഇത്തരം തമാശകളുടെ ഘോഷയാത്രയാണ് കൊച്ചിയില്‍. ഇത്തരം കഥാപാത്രങ്ങളെ ഒക്കെ എടുത്തുകൊണ്ടായിരുന്നു ഞാനൊക്കെ മോണോ ആക്ട് ആദ്യം തുടങ്ങിയത്. മിമിക്സ് പരേഡ് പോലുള്ള കലാരൂപങ്ങള്‍ രൂപപ്പെടുന്നതിന് നല്ല ഒരു ബേസ് ഇത്തരം കലാരൂപങ്ങള്‍ക്ക് ഉണ്ടായിരുന്നു.
കൊങ്ങിണിയുടെ വീട്ടില്‍നിന്നും ചക്ക മോഷ്ടിച്ച കള്ളനെ വിസ്തരിക്കുന്ന ഒരു മിമിക്രി ചെറുപ്പകാലത്ത് ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. കള്ളന് കൊങ്ങിണിയുടെ വീട്ടില്‍നിന്നു ചക്ക മോഷ്ടിക്കാന്‍ തുടങ്ങി. കള്ളനെ പിടിക്കാന്‍ കൊങ്ങിണി പ്ലാവിെൻറ അടുത്ത് ഒത്തിരി ദിവസം കാത്തിരുന്നു. ഒരുദിവസം കൊങ്ങിണി കാത്തിരുന്നപ്പോള്‍ കള്ളന് വന്നു. കള്ളന് പ്ലാവില്‍ കയറാന്‍ പറ്റുന്നില്ല. കൊങ്ങിണി പ്ലാവിെൻറ താഴെ കുനിഞ്ഞിരുന്നു കൊടുത്തു. കൊങ്ങിണിയുടെ ദേഹത്ത് ചവിട്ടിയിട്ടു കള്ളന് ചക്കയിടാന്‍ കയറി. അപ്പോള്‍ ആരോ ചോദിച്ചു: ''തനിക്ക് അപ്പോള്‍ പിടിക്കാമായിരുന്നില്ലേ?'' അപ്പോള്‍ കൊങ്ങിണിയുടെ മറുപടി: ''അതെങ്ങനെയാ ശരിയാവുക? കള്ളന് ചക്ക കട്ടിട്ടില്ലല്ലോ.'' കള്ളന് ചക്ക ഇട്ടു താഴെ അയാളുടെ മുതുകില്‍ ചവിട്ടി ഇറങ്ങി. ''അപ്പോള്‍ തനിക്ക് പിടിക്കാമായിരുന്നില്ലേ?'' കൊങ്ങിണിയോട് വീണ്ടും ചോദ്യം. ''അല്ല കള്ളന് കട്ട്കൊണ്ട് പോയില്ലല്ലോ. പ്ലാവിലല്ലെ. വരട്ടെ കള്ളന് താഴെ വന്നിട്ട് പിടിക്കാം'' എന്നു കൊങ്ങിണി. ഏറ്റവും അവസാനം കൊങ്ങിണി കള്ളനോട് ''എടോ തനിക്കൊന്നും കക്കാന്‍ നാണമില്ലല്ലോടോ?'' എന്നു ചോദിച്ചു എന്നു പറഞ്ഞുകൊണ്ട് സ്വയം അഭിമാനംകൊള്ളുകയാണ്. ഈ ഹ്യൂമറിെൻറ ആഴവും യാത്രയും ഭയങ്കരമാണ്.
താങ്കൾ തുടങ്ങുന്ന കാലഘട്ടത്തിലും ഇപ്പോഴും കലാകാരന്മാര്ക്കും കലയുടെ സ്വീകാര്യതക്കും വലിയ വ്യത്യാസമുണ്ട്. പ്രത്യേകിച്ച് ഹ്യൂമറും സറ്റയറുകളുമൊക്കെ പ്രകടിപ്പിക്കുമ്പോള്‍. പത്തു മുപ്പതു വര്‍ഷത്തിലധികമായുള്ള അനുഭവങ്ങളില്‍ എങ്ങനെയാണ് തോന്നുന്നത്?
ഞങ്ങള്‍ മിമിക്സ് പരേഡുകള്‍ അവതരിപ്പിക്കുന്ന കാലത്ത് വളരെ ഫ്രഷ് ആയിരുന്നു. ഞാന്‍ കലാഭവനില്‍ ഒരുപാട് വര്‍ഷങ്ങള്‍ മിമിക്സ് പരേഡ് അവതരിപ്പിച്ചിരുന്നു. ഞാനൊക്കെ മിമിക്സ് പരേഡ് ചെയ്യുന്ന സമയത്ത് മതത്തിെൻറയോ രാഷ്ട്രീയത്തിെൻറയോ അസഹിഷ്ണുത ഇല്ലാത്ത ഒരു കാല ഘട്ടം ആയിരുന്നു. ഇന്ന് അങ്ങനെ ചെയ്യാന്‍ പറ്റുകയില്ല. ഞാനാണ് കേരളത്തില്‍ ആദ്യമായിട്ടു രാഷ്ട്രീയക്കാരുടെ ശബ്ദം മിമിക്രിയില്‍ അവതരിപ്പിക്കുന്നത്. അതെെൻറ രാഷ്ട്രീയത്തിെൻറ പ്രതിഫലനംകൂടി ആയിരുന്നു. ഇന്നത്തെ പിള്ളേര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ഇന്നത് പറയാന്‍ പാടില്ല എന്ന വിലങ്ങുതടികള്‍ ഉണ്ട്. ഇന്നതേ പറയാവൂ എന്നുമുണ്ട്. കലാകാരന് ഇന്ന് വളരെ പേടിച്ചിരിക്കുന്ന അവസ്ഥയിലാണ്. 1993ല്‍ ഒരു സംഭവം ഉണ്ടായി. ആലുവ ശാരിക എന്നൊരു ട്രൂപ്പില്‍ ഞാന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അന്നാണ് എനിക്കു ആദ്യമായിട്ടു മിമിക്രിയില്‍ യൂനിവേഴ്സിറ്റി പ്രൈസ് കിട്ടുന്നത്. അന്ന് തൃശൂരിനടുത്ത് എനിക്കൊരു പരിപാടി ഉണ്ടായിരുന്നു. തൃശൂരില്‍ വള്ളിവട്ടം എന്ന സ്ഥലത്താണ് പരിപാടി. ഞാന്‍ അവിടെ ചെന്നു. നേരത്തേ പറഞ്ഞ 'കൊങ്ങിണിയുടെയും ചക്കയുടെയും' കഥ അവിടെ ഒരു ഐറ്റം ആണ്. ഏറ്റവും അവസാനമാണ് എെൻറ ഈ ഐറ്റം. പക്ഷേ ഞാന്‍ പരിപാടി അവതരിപ്പിച്ചിട്ട് ഒരാള്‍പോലും ചിരിക്കുന്നില്ല. തമാശ അവതരിപ്പിച്ചിട്ട് ചിരിച്ചില്ലെങ്കില്‍ അതിലും വലിയ ദുരന്തം വേറെ ഇല്ല. ചില ആള്ക്കാര് എന്നെ ഉദ്ദേശിച്ചുകൊണ്ട് മറ്റുള്ളവരോട് പച്ചത്തെറി പറയാന്‍ തുടങ്ങി. അത് കൊങ്ങിണി സമുദായത്തിലെ ഒരു വിഭാഗത്തിൽപെട്ടവരുടെ അമ്പലം ആണ്. അതെനിക്കറിയില്ലായിരുന്നു. പക്ഷേ, അവിടെനിന്നും അടി കിട്ടാതെ ഞാന്‍ രക്ഷപ്പെട്ടു. അതെെൻറ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു സംഭവം ആണ്. ആ സമയത്തൊക്കെ ഈ അസഹിഷ്ണുതകള്‍ തുടങ്ങിയിരുന്നു എന്നു തോന്നുന്നു. പക്ഷേ കൊച്ചിയിലെ കൊങ്ങിണികള്‍ക്ക് ഇതൊന്നും പ്രശ്നമല്ലായിരുന്നു.
മഹാരാജാസ് ഒരു എസ്.എഫ്.ഐ ഭൂമിക ആയിരുന്നല്ലോ. എസ്.എഫ്.ഐയില്‍നിന്നു വേറിട്ട മഹാരാജാസിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
മഹാരാജാസില്‍ ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്ത്തകന് ഒന്നുമായിരുന്നില്ല. ഞാന്‍ മഹാരാജാസില്‍ പഠനം നടത്തിയത് വേറെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആണ്. ഇപ്പൊഴും ഞാന്‍ രാഷ്ട്രീയ പ്രവര്ത്തകന് ഒന്നുമല്ല. ഞാന്‍ രാഷ്ട്രീയ നിലപാടുകള്‍ പറയുന്നു എന്നു മാത്രമേ ഉള്ളൂ. ഞാന്‍ കമ്യൂണിസ്റ്റുകാരുടെ സാംസ്കാരിക പരിപാടികളില്‍ പോകാറുണ്ട്. ഇവിടെ പറവൂരില്‍ ഇ.എം.എസ് പഠനകേന്ദ്രം ഉണ്ട്. അവര്‍ ഇവിടെ പ്രഫഷനല്‍ നാടകമത്സരം നടത്തിയിരുന്നു. മൂന്നു വർഷം തുടര്‍ച്ചയായി ഞാന്‍ തന്നെയാണ് ഉദ്ഘാടനം. ഞാന്‍ ''എനിക്കിനി പറ്റില്ല'' എന്നു പറഞ്ഞു. വേറെ ആരെയെങ്കിലും വിളിക്കാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്നോടു ആളെ കൊണ്ട് കൊടുക്കാനാണ് പറഞ്ഞത്. അങ്ങനെ ഉദ്ഘാടകനെ കൊണ്ടുകൊടുക്കേണ്ട ചുമതലപോലും എനിക്കുണ്ടായിട്ടുണ്ട്. രാഷ്ട്രീയം അന്നൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ള വികാരമാണ്. ആ സമയത്ത് ഞാന്‍ ഇവിടെ ഡി.വൈ.എഫ്.ഐ നടത്തുന്ന സാംസ്കാരിക പരിപാടികളില്‍ ഒക്കെ വളരെ ആക്ടീവ് ആയിട്ട് നില്ക്കുന്ന ആളാണ്. അല്ലാതെ മാര്‍ക്സിസ്റ്റുകാര്‍ എെൻറ ശത്രുക്കള്‍ ഒന്നുമല്ല.
മഹാരാജാസില്‍ രാഷ്ട്രീയക്കാരന് രാഷ്ട്രീയക്കാരന് ആകാം. പ്രണയിക്കുന്നവര്‍ക്ക് പ്രണയിക്കാം. കലാകാരന് കലാകാരനാകാം. അതിലൊന്നും ഒരു തടസ്സങ്ങളുമില്ല. ഞാന്‍ മഹാരാജാസില്‍ കെ.എസ്.യുക്കാരന് ആയിരുന്നെങ്കിലും എസ്.എഫ്.ഐക്കാരുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഞാന്‍ യൂനിവേഴ്സിറ്റി കലോത്സവത്തിന് പോകുന്നത്. അവിടെ കോളജിലെ മിമിക്രി, മോണോ ആക്ട് മത്സരങ്ങളില്‍ മിക്കവാറും ഞാനാണ് ജൂറി ആവുക. കോളജില്‍ പഠനം നടത്തുമ്പോഴാണത്. അമല്‍ നീരദ് മഹാരാജാസില്‍ ചെയര്മാന് ആകുമ്പോള്‍ ഞാനോ എെൻറ സുഹൃത്തുക്കളോ ഒക്കെ ആയിരുന്നു ജഡ്ജിമാര്‍. മഹാരാജാസ് എന്തിനും പറ്റിയ കോളജ് ആണ്. ആരാകണമെന്ന് നമുക്കൊരു ലക്ഷ്യം വേണം. അത് മതി. എനിക്ക് അന്നേ സിനിമാനടന് ആവുക എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു.
മിമിക്രിക്കും മിമിക്സ് പരേഡിനും ശേഷം സിനിമക്ക് മുന്നേ നേരെ ടെലിവിഷന്‍ സ്റ്റുഡിയോകളിലേക്കാണ് താങ്കള്‍ എത്തുന്നത്. ഈ മാറ്റത്തെ ഒരു കലാകാരന് എന്ന രീതിയില്‍ എങ്ങനെയാണ് കണ്ടത്?
സിനിമാമോഹം ആര്‍ക്കുമുണ്ടല്ലോ. അതിെൻറ മുന്നോടിയായാണ് ഞാന്‍ ടെലിവിഷനില്‍ എത്തുന്നത്. ഞാന്‍ അന്ന് ഒരുദിവസം മൂന്നു പടങ്ങള്‍ വരെ കണ്ടിരുന്നു. സിനിമാനടന് ആയതിനു ശേഷമാണ് ഞാന്‍ സിനിമ കാണാതെയായത്. മഹാരാജാസ് കോളജില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകന് ആണ്. 1993ൽ സിറ്റികളില്‍ എല്ലായിടത്തും കേബിള്‍ ടി.വികള്‍ ഉണ്ടായിരുന്നു. പക്ഷേ എെൻറ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേബിള്‍ ടി.വി വരുന്നത്. സ്റ്റേജില്‍നിന്നും ടെലിവിഷന്‍ കാമറയുടെ മുന്നിലേക്ക് പോകുന്നതില്‍ എനിക്കു വലിയ വ്യത്യാസം ഒന്നും തോന്നിയിരുന്നില്ല. കാമറകള്‍ മുന്നിലിരിക്കുന്നോ കാണികള്‍ മുന്നിലിരിക്കുന്നോ എന്നത് എെൻറ വിഷയമല്ല. ചിലപ്പോ മുന്നില്‍ അഞ്ചു പേരുണ്ടാകും, ചിലപ്പോള്‍ പതിനായിരം പേരുണ്ടാകും, ചിലപ്പോള്‍ കാമറപോലുള്ള ഒരു മെഷീന് ആയിരിക്കും. ഇതൊന്നും എെൻറ വിഷയമല്ല. കലാകാരനെ സംബന്ധിച്ചിടത്തോളം ആര് മുന്നിലിരിക്കുന്നു എന്നതൊരു വിഷയമേ അല്ല. പക്ഷേ ഞാന്‍ എന്തവതരിപ്പിക്കുന്നു എന്നതാണു കാര്യം. ചില ആള്ക്കാര് ''ആളുകള്‍ കുറവായതിെൻറ പേരില്‍ പരിപാടി അത്ര സുഖകരം ആയിരുന്നില്ല'' എന്നു പറയുന്നതു കേട്ടിട്ടുണ്ട്. അതിലൊന്നും ഒരു കാര്യവുമില്ല. ഓരോ മാധ്യമത്തിനും അതിേൻറതായ സാങ്കേതികതകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ സാങ്കേതികത വ്യത്യാസം ഒരു കലാകാരെൻറ പെര്‍ഫോമന്‍സിനെ ബാധിക്കേണ്ട കാര്യമില്ല. ഇപ്പോ ഒരു നാടകം ഇന്ന് തന്നെയെടുത്ത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക അല്ലല്ലോ. അത് ചിലപ്പോള്‍ ഒരു മാസത്തോളമൊക്കെ പഠിച്ച് അതിേൻറതായ മാധ്യമത്തില്‍ തന്നെയാണ് അവതരിപ്പിക്കേണ്ടത്. ഞാന്‍ ഒരു നാടക ട്രൂപ്പിെൻറ ഉടമസ്ഥന് ആയിരുന്ന ആളാണ്. ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുള്ള ഒരാളാണ്. ഞാന്‍ ഒരു മാസത്തോളം ഒരു നാടകത്തെ ഒറ്റക്ക് ഇരുന്നു പഠിച്ചു, സംഘം ചേര്‍ന്ന് പഠിച്ചു, അതില്‍ സംഗീതം ചേര്‍ത്തു, അതിന് ലൈറ്റ് പോലുള്ള മറ്റ് എഫക്ടുകള്‍ ആഡ് ചെയ്തു. എന്നിട്ടാണ് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത് തന്നെയല്ലേ സിനിമയും ചെയ്യുന്നത്. ടെലിവിഷനില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ ജീവിതം മാറി. കുറച്ചുകൂടി സാമ്പത്തിക ഭദ്രത ഉണ്ടായി. കൂടുതല്‍ ജനങ്ങളില്‍ അറിയപ്പെടാന്‍ തുടങ്ങി. പക്ഷേ അന്നും ഞാന്‍ പൈസക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. 750 രൂപ ആയിരുന്നു അന്ന് ഒരു എപ്പിസോഡിന് എനിക്ക് ഏഷ്യാനെറ്റില്‍നിന്നു കിട്ടിയിരുന്നത്. സിനിമാല അവതരിപ്പിക്കുന്ന സമയത്ത് എെൻറ വീട്ടില്‍ ടി.വി ഇല്ല. അന്നൊരു ടി.വിയും വി.സി.ആറും വാടകക്കു എടുക്കണമെങ്കില്‍ തന്നെ അഞ്ഞൂറു രൂപ ആകുമായിരുന്നു. അന്ന് എെൻറ സ്ക്രിപ്റ്റുകൾ ഞാന്‍ തന്നെ ആണ് എഴുതിയത്. ഇന്ന് ടി.വി പരിപാടികള്‍ക്ക് സ്ക്രിപ്റ്റ് എഴുതാന്‍ ഗ്രൂപ്പുകള്‍ തന്നെയുണ്ട്. അന്ന് അങ്ങനെ ഒന്നുമായിരുന്നില്ല. ഇന്ന് ടെലിവിഷന്‍ പരിപാടികളിലെ പ്രഫഷനലിസം വളര്‍ന്നു. അന്ന് ഞങ്ങള്‍ തമാശകള്‍ മോഷ്ടിക്കില്ലായിരുന്നു. കലാഭവനൊക്കെ നല്ല തമാശകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഞങ്ങളൊരിക്കലും ആ തമാശകള്‍ മോഷ്ടിക്കാന്‍ പോയിട്ടില്ല. അതുകൊണ്ട് തന്നെ എെൻറ സിനിമാലകൾ കുറച്ചു വ്യത്യസ്തമായിരുന്നു. ശ്രീനി ചേട്ടന്, സിനിമാനടന് ശ്രീനിവാസനെയൊക്കെ പരിചയപ്പെടുന്നത് തന്നെ സിനിമാല കണ്ടിട്ടാണ്. ഞാന്‍ ഒരിക്കല്‍ കണ്ണൂര്‍ രാഷ്ട്രീയത്തിനെ കുറിച്ചു ഒരു സംഭവം ചെയ്തു. അദ്ദേഹം അത് കണ്ടു. നല്ല അഭിപ്രായം പറഞ്ഞു. ഞാന്‍ ചെയ്തതെല്ലാം സറ്റയറുകളും രാഷ്ട്രീയ വിമര്‍ശനങ്ങളും ആയിരുന്നു. സമകാലിക പ്രസക്തിയുള്ള സംഭവങ്ങള്‍ ആയിരുന്നു.
മിമിക്രി എന്ന കലയെ അത്രക്കങ്ങ് ഇപ്പൊഴും കേരളം അംഗീകരിച്ചിട്ടില്ല. മിമിക്രികാലത്തെ ഓർമകള്‍ ഒരുപാടുണ്ടാകുമല്ലോ?
ഞാന്‍ മൂന്നു പ്രാവശ്യം യൂനിവേഴ്സിറ്റി കലോത്സവത്തില്‍ മിമിക്രിയില്‍ വിന്നര്‍ ആയിരുന്നു. മൂന്നു പ്രാവശ്യവും രാഷ്ട്രീയക്കാര്‍ തന്നെ ആയിരുന്നു എെൻറ ഐറ്റം. ഞാന്‍ യൂനിവേഴ്സിറ്റി മിമിക്രി മത്സരത്തിന് ആദ്യമായിട്ടു പോകുമ്പോള്‍ കൈയില്‍ ഐറ്റം ഒന്നുമില്ല. ഞാന്‍ ഇവിടെനിന്നു വണ്ടി കയറി. അന്ന് ചേരാനല്ലൂര്‍ കടത്തുണ്ട്. ഇതൊക്കെ ഇന്നലത്തെ പോലെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ചേരാനല്ലൂര്‍ ഫെറിയില്‍ ഒരു പെട്ടിക്കട ഉണ്ട്. രാവിലെ എട്ട് മണി സമയം. പത്തു മണിക്കാണ് എെൻറ പരിപാടി. ആ പെട്ടിക്കടയിലെ പത്രത്തില്‍ ''സന്തോഷ് ട്രോഫി സെമി ഫൈനല്‍, കേരളവും കര്‍ണാടകവും തമ്മില്‍ ഇന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടുന്നു'' എന്നൊരു വാർത്ത ഞാന്‍ കണ്ടു. കൊള്ളാല്ലോ ഈ സംഭവം എന്നെനിക്ക് തോന്നി. പരിപാടിയിലേക്കുള്ള ബസ് യാത്രയില്‍ തന്നെ ഞാനെെൻറ ഐറ്റം ഉണ്ടാക്കി. രാജേന്ദ്ര മൈതാനത്താണ് മിമിക്രി മത്സരം നടക്കുന്നത്. ഞാന്‍ എെൻറ ഐറ്റം 'കേരളവും കര്‍ണാടകവും തമ്മിലുള്ള സന്തോഷ് ട്രോഫിയുടെ റണ്ണിങ് കമൻററി രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്' എന്നു സെറ്റ് ആക്കി. ഞാന്‍ മിമിക്രിയുടെ ഒരു ആമുഖം പറഞ്ഞത് മാത്രമേ ഓർമയുള്ളൂ. കൈയടി അങ്ങ് ഉയര്‍ന്നിട്ടു പിന്നെ ഞാന്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കു തന്നെ ഓർമയില്ല. കൈയടികളുടെ മാസ്മരിക ലോകത്തായിരുന്നു. അത്രക്ക് കറൻറ് ആയിരുന്നു ആ പരിപാടി. എനിക്കു ശേഷമുള്ള അടുത്ത പത്തു നമ്പറുകള്‍ പിന്നെ പരിപാടികള്‍ അവതരിപ്പിച്ചില്ല. അത്രക്ക് കൈയടികളുടെ ഇടിവെട്ടും പെരുമഴയുമായിരുന്നു ആ പരിപാടിക്ക്.
ഈ മിമിക്രിയുടെ കാര്യം പറയുമ്പോള്‍, ഒരുകാലത്ത് മലയാള സിനിമയില്‍ ഒരു ചർച്ച ഉണ്ടായിരുന്നു: തൊണ്ണൂറുകളിലെ മിമിക്രി സിനിമകളാണ് മലയാള സിനിമകളുടെ നിലവാരം തകര്‍ത്തത് എന്ന ചർച്ച?
ബാക്കി എല്ലാ സിനിമകളും നമുക്ക് ഓസ്കര് അവാര്‍ഡുകള്‍ വാങ്ങിച്ചുതന്നിട്ടുണ്ടല്ലോ? അതുകൊണ്ട് കുഴപ്പമില്ല. 'ആദാമിെൻറ മകന് അബു'വിെൻറ സംവിധായകന് സലീം അഹമ്മദും നായകന് സലിംകുമാറും മിമിക്രിക്കാരാണ്. അവരാണ് അവസാനമായി മികച്ച ചിത്രത്തിനുള്ള നാഷനല്‍ അവാർഡ് കേരളത്തിലേക്ക് കൊണ്ടുവന്നത്. സുരാജിന് നാഷനല്‍ അവാര്‍ഡു കിട്ടിയപ്പോള്‍ എന്നോടൊരു നടന് ചോദിച്ചത് ഇങ്ങനെയാണ്: ''ഇനി ബെസ്റ്റ് ആക്ടര്‍ അവാർഡ് കിട്ടാന്‍ മിമിക്രി പഠിക്കേണ്ടിവരുവോ?''
തൊണ്ണൂറുകളിൽ നിലനിന്നിരുന്ന സിനിമയിലെ കോമിക് സങ്കൽപങ്ങളെ പുതുക്കിപ്പണിഞ്ഞുകൊണ്ടാണ് ''എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍'' ഒരു പഴഞ്ചൊല്ല് പോലെ കേരളസമൂഹത്തില്‍ പേസ്റ്റ് ചെയ്യപ്പെട്ടത്. ''നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതന്നെ ഗതി.'' തിരുവനന്തപുരം ശ്രീകുമാറില്‍ ഇരുന്നാണ് ഞങ്ങള്‍ കൈയടിച്ചു വിസിലടിച്ചു ആഹ്ലാദിച്ചത്. സലിംകുമാര്‍ നിരനിരയായ തമാശകളിലൂടെ കേരള സമൂഹത്തില്‍ സ്വന്തമായി ഒരു ഐക്കണ്‍ ആയി മാറുകയായിരുന്നോ? എങ്ങെനയാണ് ഇതിനെ പ്രോസസ് ചെയ്യുന്നത്?
കലാകാരന്മാര് ഒന്നു വായിക്കണം. സമൂഹത്തെ വീക്ഷിക്കണം. സാമ്പത്തികമായ ഉന്നമനത്തോടൊപ്പം സാമൂഹിക ജീവിതവും ഉണ്ടാകണം. സമൂഹത്തില്നിന്നുമാണല്ലോ നമുക്ക് എല്ലാം കിട്ടുന്നത്. അത് ആസ്വദിക്കണം. ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത്തി അഞ്ചു വർഷം ആയി. എങ്ങനെ നോക്കിക്കാണുന്നു എന്ന് എന്നോടു ചോദിച്ചു. ഈ ഇരുപത്തി അഞ്ചു വർഷം എനിക്കു നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എനിക്കു നഷ്ടപ്പെട്ടു പോയ ഒരു കമ്യൂണിറ്റി ലൈഫ് ഉണ്ട്. പഴയപോലെ കോണ്‍ഗ്രസിന് വേണ്ടി എനിക്കു അനൗണ്‍സ് ചെയ്യാന്‍ പറ്റുമോ? എനിക്കൊരു കല്യാണവീട്ടില്‍ പോയി പന്തലിടാന്‍ പറ്റുമോ? എെൻറ വീട്ടില്‍പോലും കുടുംബത്തില്‍ ഒരു സംസാരത്തില്‍ പങ്കെടുക്കാന്‍ ചെല്ലുേമ്പാൾ അവര്‍ വിഷയം മാറ്റിക്കളയും.
എെൻറ സാമൂഹിക ജീവിതത്തിലെ സംഭവങ്ങളൊക്കെ എെൻറ സിനിമകളിലെ തമാശകളില്‍ വന്നിട്ടുണ്ട്. ''എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍'' എന്നത് സാധാരണ ജീവിതത്തില്‍നിന്നും കടമെടുത്തതാണ്. 'പുലിവാല് കല്യാണ'ത്തില്‍ ഉരുളക്കിഴങ്ങു കഴിച്ച കൊച്ചിന് ഹനീഫയുടെ, ധര്‍മേന്ദ്രയുടെ കൂടെ കിടക്കുമ്പോള്‍ ''വേണ്ട റിസ്ക് എടുക്കണ്ടാ'' എന്നു പറയുന്നതു വള്‍ഗര്‍ ആക്കാത്ത സാധാരണക്കാരുടെ തമാശ ആണ്. ഞാന്‍ 'പുലിവാല് കല്യാണ'ത്തില്‍ പറഞ്ഞ പല കൗണ്ടറുകളും അതില്‍ ഇടാന്‍ സ്ഥലം ഇല്ലാത്തതുകൊണ്ട് പിന്നീട് പല സിനിമകളിലും പറഞ്ഞിട്ടുണ്ട്. എെൻറ സാമൂഹിക ജീവിതം നഷ്ടപ്പെടുന്നതിന് മുമ്പുള്ള തമാശകള്‍ ആയിരുന്നു 'പുലിവാല് കല്യാണ'വും 'കല്യാണ രാമനു'മൊക്കെ. ബെന്നി പി. നായരമ്പലമായാലും സിബി ആയാലും ഉദയനായാലും സാമൂഹിക ജീവിതം നഷ്ടപ്പെടുന്നതിന് മുമ്പേ കിടിലന്‍ തമാശകള്‍ എഴുതിയിരുന്നു. ഇന്ന് അവര്‍ക്ക് അതുപോലുള്ള സ്ക്രിപ്റ്റുകള്‍ എഴുതാന്‍ പറ്റില്ല. കാരണം ഇന്ന് അവര്‍ക്ക് സാമൂഹിക ജീവിതം നഷ്ടമായി. ഇത് നടന് മാത്രമല്ല, എഴുത്തുകാര്‍ക്കും ബാധകമാണ്. ഇന്ന് ഞങ്ങള്‍ ആൾക്കൂട്ടത്തില്‍ തനിയെ ആവുകയാണ്.
എനിക്കു ഒരു മരണവീട്ടില്‍ ചെന്നു പെരുമാറാന്‍ കഴിയുന്നില്ല. മരണവീടിെൻറ ഒരു അവസ്ഥ അല്ലെങ്കില്‍ അവിടത്തെ ഫീല്‍ സങ്കടമാണ്. ഏറ്റുമാനൂരില്‍ എെൻറ ഒരു സുഹൃത്തിെൻറ അച്ഛന് മരിച്ചു. ''നീ വന്നാല്‍ നന്നായിരുന്നു'' എന്ന് എെൻറ സുഹൃത്ത് പറഞ്ഞു. മരിച്ച ആള് നല്ല പ്രായമുള്ള ആളായിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ തന്നെ അവിടെ മൃതശരീരത്തിനരികില്‍ ഇരുന്നു വിതുമ്പുന്ന സ്ത്രീകള്‍ ചെറുതായി അടുത്തുള്ള സ്ത്രീകളുടെ ചെവിയില്‍ അടക്കത്തില്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കു എങ്ങനെയെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടാല്‍ മതി എന്നായി. എനിക്കു ഒരു സാധാരണക്കാരനെ പോലെ അവിടെ നില്ക്കാന് പറ്റിയിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചുപോയി.
സലിമേട്ടനും ഹരിശ്രീ അശോകേട്ടനും മണി ചേട്ടനുമൊക്കെ അഭിനയത്തിനും ഹാസ്യത്തിനും പുതിയ ബോഡി ലാംഗ്വേജുകള്‍ കൊണ്ടുവന്നിരുന്നു. അത് നിങ്ങൾക്ക് മുന്നിലുള്ള തലമുറയുടെ തുടര്‍ച്ചയോ അപനിർമാണമോ അല്ലെങ്കില്‍ പൊളിക്കലുകളോ ഒക്കെ ആയിരുന്നു. അത് പുതിയ ഒരു കാലഘട്ടത്തെ നിർമിക്കുന്നത് കൂടെ ആയിരുന്നു. എങ്ങനെയാണ് നിങ്ങളുടെ ആ ഒരു തലമുറയെ വായിച്ചെടുക്കുന്നത്?
അത് നമ്മളാരും ചെയ്യുന്നതല്ലന്നെ. ഓരോ തലമുറക്കും ഓരോ ബോഡി ലാംഗ്വേജുകള്‍ ഉണ്ട്. എന്നെ ഞാന്‍ ആക്കിയതും ഹരിശ്രീ അശോകനെ ഹരിശ്രീ അശോകന് ആക്കിയതും കലാഭവന്‍ മണിയെ കലാഭവന്‍ മണി ആക്കിയതും ഒരു കാലം ആയിരുന്നു. കാലത്തിന് അതിേൻറതായ മാറ്റം ആവശ്യമുണ്ട്. എഴുപതുകളിലെ ഒരു മനുഷ്യെൻറ ഫോട്ടോയും ഇപ്പോഴത്തെ ഒരു മനുഷ്യെൻറ ഫോട്ടോയും വെച്ചു നോക്കുമ്പോള്‍ വളരെയധികം വ്യത്യാസമുണ്ട്. മനുഷ്യരില്‍ വലിയ പരിണാമം ഉണ്ടാകുന്നുണ്ട്. അത് നമ്മള് കാണാത്തതുകൊണ്ടാണ്. നമുക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലാകാത്ത ഒരു ചാൾസ് ഡാര്വിെൻറ പരിണാമ സിദ്ധാന്തം നടപ്പിലാകുന്നുണ്ട് മനുഷ്യരില്‍. ചലനങ്ങൾക്കും ശരീരത്തിനും സ്വഭാവത്തിനുമെല്ലാം ആ മാറ്റങ്ങള്‍ ഉണ്ട്. എന്നിട്ടും കഴിഞ്ഞ നാൽപതു കൊല്ലമായി മോഹന്‍ലാല്‍- മമ്മൂട്ടി എന്നീ രണ്ടു ഐക്കണുകള്‍ ഇങ്ങനെ നിലനില്‍ക്കുന്നത് അവരുടെ അധ്വാനത്തിെൻറ ഫലമാണ്. ഓരോ കാലഘട്ടത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതുകൊണ്ടാണ് അവര്‍ക്ക് നില്ക്കാന് പറ്റുന്നത്. ഇവിടെ മലയാളികള്‍ സ്വന്തം തന്തയെപോലും നിര്‍ത്തിക്കില്ല. എെൻറ പടം മോശമാണെങ്കില്‍ എെൻറ മക്കള്‍പോലും പോയി കാണില്ല. അവിടെ അവര്‍ നിലനിൽക്കുന്നുണ്ടെങ്കില് കാലഘട്ടത്തിനനുസരിച്ചു പെരുമാറുന്നതുകൊണ്ട് തന്നെയാണ്. അവര്‍ അത്രക്കധികം ഹോം വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്.
'കിലുക്കം' സിനിമയിലെ ഹാസ്യം ആയിരുന്നില്ല ഞങ്ങളുടേത്. ഞങ്ങളുടെ തമാശ അല്ല പുതിയ തലമുറകളുടേത്. തലമുറകളെ അംഗീകരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കോമഡി ചെയ്യുന്നത് ഒരു ഇൻറലക്ച്വല്‍ പ്രോസസാണെന്നും മറ്റേതൊരു വേഷം ചെയ്യുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണെന്നും നല്ല കലാകാരന്മാര്ക്ക് മാത്രമേ കോമഡി ചെയ്യാന്‍ കഴിയുള്ളൂ എന്നും പുതിയ തലമുറയെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ ഒരു കാലത്ത് ഇതായിരുന്നില്ല അവസ്ഥ. ഹ്യൂമറിനെ രണ്ടാം തരം ആയിക്കണ്ട ഒരു സമൂഹം ആണ് നമ്മുടേത്. എന്തു തോന്നുന്നു?
ഒരു ട്രാന്സ്ഫോര്മേഷന് ഒക്കെ സ്വാഭാവികമായിട്ട് ഉണ്ടാകുന്നതാണ്. അതൊന്നും ഒറ്റ വാക്കില്‍ പറയാന്‍ കഴിയില്ല. കേരളസമൂഹത്തില്‍ ജഗതി ശ്രീകുമാര്‍ എന്ന ഒരു നടനെ നടനായി അംഗീകരിക്കുന്നത് ഒരുപാട് കാലം കഴിഞ്ഞതിന് ശേഷമാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന് ഒരു തവണ സംസ്ഥാന അവാർഡ് ലഭിച്ച സംഭവം. സഹനടനുള്ള അവാർഡ് ആയിരുന്നു അത്. രണ്ടു ചിത്രങ്ങള്‍ക്കുള്ള അഭിനയത്തിനാണ് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചത്. ഒന്ന് 'കിലുക്കം', രണ്ട് 'അപൂര്‍വ്വം ചിലര്‍' എന്നീ രണ്ടു സിനിമകള്‍. 'കിലുക്ക'ത്തിലെ കഥാപാത്രം കോമഡിയാണ്. 'കിലുക്ക'ത്തിലെ കഥാപാത്രത്തിന് കൊടുത്താല്‍ എന്തു വിചാരിക്കും എന്ന ചിന്തയില്‍നിന്നു ഒരു മുന്‍കൂര്‍ ജാമ്യം എടുത്തുകൊണ്ടാണ് 'അപൂർവ്വം ചിലര്‍' എന്ന സിനിമക്ക് കൂടി അവാർഡ് കൊടുക്കുന്നത്. 'കിലുക്ക'ത്തിലെ ഒരു കൊമേഡിയന്‍ കൊടുത്താല്‍ എന്തു വിചാരിക്കും എന്നാണ് ജൂറിമാര്‍ വിചാരിക്കുന്നത്. 'അപൂർവ്വം ചിലരി'ലേത് സീരിയസ് വേഷം ആയതുകൊണ്ടാണ് അതിനുകൂടി ചേര്‍ത്തുകൊടുത്തത്. അത് വെറും ബോറന് വേഷം ആയിരുന്നു. ഞാന്‍ പച്ചക്ക് പറയാം, 'അപൂർവ്വം ചിലരി'ലേത് വെറും ബോറന് വേഷം ആണ്. സാധാരണ ആര്‍ക്കും ചെയ്യാവുന്ന ഒരു വേഷം. 'കിലുക്ക'ത്തിന് മാത്രമായി കൊടുക്കാത്തത് പേടിച്ചിട്ടാണ്. 'കിലുക്ക'ത്തിലെ ജഗതിയുടെ അസാധ്യമായ പെര്‍ഫോമന്‍സിനെ അംഗീകരിക്കാന്‍ 'അപൂർവ്വം ചിലര്‍' പോലുള്ള ഒരു സാധാരണ സിനിമകൂടി വേണ്ടി വന്നു. 'അപൂർവ്വം ചിലര്‍' മോശം സിനിമയാണെന്ന് ഞാന്‍ പറഞ്ഞതിന് അര്‍ഥമില്ല. ഓസ്കര് അവാർഡൊക്കെ എത്രയോ ഹ്യൂമര്‍ ചെയ്ത ആള്‍ക്കാര്‍ക്ക് കൊടുത്തിട്ടുണ്ട്. നമ്മള് ഇപ്പൊഴും ഹ്യൂമര്‍ എന്നത് മെയിന്‍ സ്ട്രീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എം.എ. ബേബിച്ചേട്ടന് സിനിമാ മന്ത്രി ആയിരുന്നു. അദ്ദേഹം എെൻറ നല്ല സുഹൃത്താണ്. ഞാനീ സംഭവം അദ്ദേഹത്തിനോടു പറഞ്ഞു. അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ നിങ്ങള്‍ കൊമേഡിയന്മാരെകൂടി പരിഗണിക്കണം എന്നു പറഞ്ഞു. പിന്നീട് ഞാന്‍ കേള്‍ക്കുന്നത് കൊമേഡിയന്മാര്ക്ക് അവാർഡ് ഉണ്ട് എന്നതാണ്. അപ്പോഴും അവര്‍ 'നടന്മാര്' ആകുന്നില്ല. അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. എനിക്കും ഒരു വർഷം കൊമേഡിയനുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. ഞാന്‍ ആ അവാർഡ് വാങ്ങിക്കില്ലായിരുന്നു. പക്ഷേ, എന്തുകൊണ്ട് ഞാന്‍ ആ അവാർഡ് വാങ്ങിച്ചു എന്ന കാര്യം പറയാം. അതിനും മുമ്പ് എനിക്കു നാഷനല്‍ അവാർഡ് കിട്ടി. ഞാന്‍ പിന്നെ കൊമേഡിയനുള്ള അവാർഡ് തിരസ്കരിച്ചാല്‍ പറയും അഹങ്കാരംകൊണ്ട് തിരസ്കരിച്ചതാണെന്ന്. അത് എെൻറ നിലപാടുകള്‍ ആണെന്ന് പറയില്ല. എന്തിന് ഒരു അഹങ്കാരി ആകണം എന്നു ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് ആ അവാർഡ് വാങ്ങിയത്.
ജാതിബോധം കലയിലും സിനിമയിലും സമൂഹത്തിലും വ്യാപകമായി ഉപയോഗിക്കപ്പെടുകയും വിമർശനപരമായി ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. കലാഭവന്‍ മണി അത്തരത്തില്‍ മലയാള സിനിമയിലും ജീവിതത്തിലും പലപ്പോഴും സംഘര്ഷപ്പെട്ട മനുഷ്യനായിരുന്നു. സലിം കുമാര്‍ എന്ന പോപ്പുലര്‍ ഫിഗര്‍ ഇതിനെ ട്രീറ്റ് ചെയ്തത് എങ്ങനെയാണ്?
മണിക്ക് ഉണ്ടായ ഒരു കുഴപ്പം താന്‍ ഒരു ദലിതന് ആണ് എന്ന ചിന്ത ആയിരുന്നു. പക്ഷേ മണി അതിനെ മറികടക്കാന്‍ വല്ലാണ്ട് ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ വല്ലാതെ സംഘര്ഷപ്പെട്ടിരുന്നു. അത് ചെറുപ്പകാലത്ത് നിന്നു കിട്ടിയ അനുഭവങ്ങളുടെ പിന്തുടര്‍ച്ചകളില്‍ തന്നെ ജീവിച്ചതുകൊണ്ടായിരിക്കാം. എങ്കിലും അതിനെ മറികടക്കാന്‍ മണി സകല അടവും പയറ്റിയിരുന്നു. ഞാന്‍ അത്തരം കാര്യങ്ങള്‍ ഒന്നുംതന്നെ മൈൻഡ് ചെയ്തിരുന്നില്ല. ഈഴവനാണ് ഏറ്റവും വലിയ ജാതി എന്നും പറഞ്ഞാണ് ഞാന്‍ ഇരിക്കുന്നത് (ഉറക്കെ ചിരിക്കുന്നു). കറുപ്പിനെയും ബോഡിയെയും ജാതിയെയും എല്ലാം കളിയാക്കുമ്പോള്‍ ഞാന്‍ എന്തിന് ദേഷ്യപ്പെടണം? ചാത്തനെപോലെ കോത, കോത റാണി ആണ്. പെണ് പിഎച്ച്.ഡി ആണ്. അങ്ങനെ മാത്രമേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. അയ്യന്‍കാളി എന്താണ് ചെയ്തത്? രാജാവായിട്ടു വന്നു. പഞ്ചമിയെ പഠിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ നിെൻറ പാടവും ഞങ്ങള്‍ കൊയ്യില്ല എന്നാണ് അയ്യന്‍കാളി പറഞ്ഞത്. അതായിരിക്കണം ഇവിടത്തെ ദലിതന്. എെൻറ ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷം എന്നത് നാഷനല്‍ അവാർഡ് കിട്ടിയ സന്ദര്‍ഭം ആയിരുന്നില്ല. മറിച്ച് വേറൊരു സംഭവം ആണ്. കോട്ടയത്തും ചങ്ങനാശ്ശേരിക്കും ഇടയിലുള്ള കുറിച്ചി എന്നൊരു സ്ഥലം ഉണ്ട്. അവിടെ സചിവോത്തമപുരം എന്നൊരു ദലിത് ജാതി കോളനിയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോളനിയാണ്. അവര്‍ അവിടെ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിച്ചു. അത് അനാച്ഛാദനം ചെയ്തത് ഞാനായിരുന്നു. ഞാന്‍ പട്ടികജാതിയില്‍ പെടുന്ന ഒരാളല്ല. അവര്‍ക്ക് എന്നെ പരിചയമില്ല. എന്നിട്ടും എന്തുകൊണ്ട് എന്നെ വിളിച്ചു? അതൊരു കൊടുക്കല്‍ വാങ്ങല്‍ കൂടി ആണ്. എനിക്കിവിടെ പുലയനില്ല പറയനില്ല ചൊവ്വനില്ല ഒന്നുമില്ല... മണിക്ക് അത് ഉണ്ടായിരുന്നു. ഇതിനെയൊക്കെ മറികടക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും താനൊരു പറയനാണെന്ന ഒരു തോന്നല്‍ മണിക്ക് ഉണ്ടായിരുന്നു. അതിനെ അവന് തകര്‍ക്കാന്‍ ശ്രമിച്ച ആളും ആയിരുന്നു. വിനായകനും ഒരു തകര്ക്കലിെൻറ ആളാണ്. തകര്‍ക്കപ്പെടാതെ എത്താന്‍ പറ്റില്ല. വിനായകന് താന്‍ ദലിതനാണ് എന്നു പറഞ്ഞു കരയുന്ന ചിന്താഗതി ഒന്നുമില്ല. അത്തരം ജാതിയുടെ സംഭവങ്ങളൊന്നും അവനെ ബാധിക്കാറില്ല. അവനും ഞാനും പലപ്പോഴും ഇക്കാര്യങ്ങള്‍ ചർച്ച ചെയ്യുമ്പോള്‍ അവന് അവെൻറ ആള്‍ക്കാരെ തന്നെ കളിയാക്കാറുണ്ട്. അവനെയൊക്കെ ഇത്തരം ജാതിയൊക്കെ ബാധിച്ചാല്‍ ഇവിടെ ഒന്നും എത്തപ്പെടില്ല. എന്തുകൊണ്ട് കലാഭവന്‍ മണി? എന്തുകൊണ്ട് വിനായകന്? എന്നു മാത്രം ചിന്തിച്ചാല്‍ മതി.
പക്ഷേ താങ്കള്‍ അഭിനയിച്ച ബാംബൂ ബോയ്സ് എന്ന അലി അക്ബര്‍ സംവിധാനം ചെയ്ത സിനിമ ആദിവാസികൾക്കെതിരെ വംശീയമായ വിദ്വേഷം വളരെ വള്‍ഗര്‍ ആയി പ്രകടിപ്പിച്ചതാണ്. കേരളത്തിലെ ആദിവാസികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എങ്ങനെയാണ് ഇത്തരം സിനിമകളില്‍ താങ്കൾക്ക് അഭിനയിക്കാന്‍ കഴിയുക?
സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ് ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. രൂപേഷ് പറഞ്ഞത് ശരിയാണ്. അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന് വെറും ടൂള്‍ മാത്രമാണ്. നടന് ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിങ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടെൻറ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്.
'കൊമേഡി'യന്മാര് രണ്ടാം നിരകള്‍ ആണെന്ന രീതിയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് കലാഭവന്‍ മണി നാഷനല്‍ അവാര്‍ഡിെൻറ അവസാന റൗണ്ട് വരെയെത്തി. സുരാജ് വെഞ്ഞാറമൂട് നാഷനല്‍ അവാർഡ് നേടി. സലിമേട്ടനും അത് പിടിച്ചെടുത്തു. അഭിനയത്തിനു നാഷനല്‍ അവാർഡ് നേടിയ 'ആദാമിെൻറ മകന് അബു' എന്ന സിനിമയിലേക്ക് എങ്ങനെയാണ് എത്തിയത്?
എന്നോടു സലിം അഹമ്മദ് പറഞ്ഞ കഥ എനിക്കിഷ്ടമായി. അന്ന് അവാർഡ് കിട്ടുമെന്ന വിചാരം ഒന്നുമുണ്ടായിരുന്നില്ല. ഏത് തല്ലിപ്പൊളി വേഷം ചെയ്യുമ്പോളും അവാര്‍ഡുകളെക്കുറിച്ച് ''എങ്ങാനും ബിരിയാണി കിട്ടിയാലോ?'' എന്നൊരു ചിന്തയുമുണ്ട്. അത് സർവസാധാരണവുമാണ്. ഈ പടം ശ്രദ്ധിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സലിം അഹമ്മദ് കഥയില്‍ ഒരു ചെറിയ ചേഞ്ച് ഒക്കെ വരുത്തിയിട്ടുണ്ട് എന്നു പറഞ്ഞു. ആദ്യം ആ സിനിമയില്‍ പ്ലാവിെൻറ തൈ നടുന്ന രംഗം ഉണ്ടായിരുന്നില്ല. അത് രണ്ടാമതാണ് എന്നോടു പറയുന്നത്. ഞാന്‍ പറഞ്ഞു ''സലിം, ഇത് കുഴപ്പമാണ്...'' ഈ സംഭവം ആണ് ഈ സിനിമ. ആദാമിെൻറ മകന് ഹജ്ജിന് പോകുന്നതൊന്നുമല്ല, ഒരു പ്ലാവ് വെട്ടിയിടത്ത് ഒരു പ്ലാവിന് തൈ നട്ടു നനക്കുന്ന ഒറ്റ ഷോട്ടില്‍ ആണ് ഈ സിനിമയുടെ രാഷ്ട്രീയം നില്‍ക്കുന്നത്. ബാക്കിയുള്ളത് ഒരു സാധാരണ കഥയാണ്. ഹജ്ജിന് പോകാന്‍ പറ്റാത്ത ഒരാളുടെ വിഷമങ്ങള്‍, വ്യാകുലതകള്‍, അതൊക്കെ ചേര്‍ന്ന ഒരു സാധാരണ പടം ആണ്. പണമില്ലായ്മയുടെ കഥയാണ്. പക്ഷേ അതിനപ്പുറവും ഒരു രാഷ്ട്രീയമുള്ള ഇത്തരം ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്നു ഞാന്‍ പറഞ്ഞു. 'ആദാമിെൻറ മകന്' ചെയ്യുമ്പോള്‍ സലിം അഹമ്മദ് എന്നോടു 'പരദേശി' സിനിമയിലെ മോഹന്‍ലാലിനെ ഒന്നു കണ്ടോളൂ എന്നു പറഞ്ഞു. ഞാന്‍ കണ്ടില്ല. ഞാന്‍ സംവിധായകെൻറ തീരുമാനത്തെ എതിര്‍ത്തിട്ടാണ് സിനിമ ചെയ്തത്. കണ്ടു കഴിഞ്ഞാല്‍ ഞാന്‍ മോഹന്‍ലാലിനെ ഇമിറ്റേറ്റ് ചെയ്യും എന്ന കാര്യം ഉറപ്പാണ്. അദ്ദേഹം മഹാനായ നടനാണ്. ഞാന്‍ അനുകരിക്കും. അതുകൊണ്ട് കണ്ടില്ല. അതായിരിക്കാം എെൻറ വിജയം.
അതുപോലെ കൊച്ചിയിലെ ജീവിതങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ മട്ടാഞ്ചേരിയിലെ വേറെ ഒരു ജീവിതത്തിെൻറ ചരിത്രം താങ്കളില്കൂടി മുന്നോട്ട് വെച്ച സിനിമ ആയിരുന്നു 'ഗ്രാമഫോണ്‍'. അതിലെ കഥാപാത്രത്തിന് ആഴത്തിലുള്ള ചില വേരുകളുണ്ട്. എങ്ങനെയാണ് ആ കഥാപാത്രം രൂപപ്പെടുന്നത്?
ഞാനൊരിക്കല്‍ ചിത്രാഞ്ജലിയില്‍ ഡബ്ബിങ് കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കമല്‍ സാറിനെ കണ്ടു. അപ്പോള്‍ കമല്‍ സാര്‍ ''സലീമേ ഒരു തബലിസ്റ്റ് കഥാപാത്രം വരുന്നുണ്ട്, തബല പഠിച്ചോളൂ'' എന്നു പറഞ്ഞു. ഈ തബല പഠിക്കുക എന്നത് ഒരു നിസ്സാര പണിയല്ല. അങ്ങനെ ഞാന്‍ അദ്ദേഹം പറഞ്ഞത് പോലെ തബല പഠിക്കാന്‍ ചേര്‍ന്നു. ചേര്‍ന്നപ്പോള്‍ തന്നെ മനസ്സിലായി എനിക്കിത് പറ്റില്ല എന്ന്. അന്ന് തന്നെ ഞാന്‍ ആ പരിപാടി നിര്‍ത്തി. പിന്നെ ഷൂട്ടിങ്ങിെൻറ സമയത്ത് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മെല്ലെ മുങ്ങി. കാരണം തബല വായിക്കാന്‍ എനിക്കറിയില്ല. ഞാന്‍ ഷാജി കൈലാസിെൻറ 'താണ്ഡവം' എന്ന പടത്തിലേക്ക് മുങ്ങിയിട്ടു പിന്നെ ഞാന്‍ പൊങ്ങിയില്ല. ഞാന്‍ മുങ്ങിയതുകൊണ്ട് ഇവര്‍ പല നടന്മാരെക്കുറിച്ചും ചിന്തിച്ചു. കമല്‍ സാര്‍ താന്‍ സലിംകുമാറിനെ ആണ് ഉദ്ദേശിച്ചത്, അയാളെ തന്നെ കിട്ടണം എന്നു പറഞ്ഞു. ഒരു വലിയ സംവിധായകന് ആദ്യമായിട്ടാണ് എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്. അദ്ദേഹത്തിനെ വെറുപ്പിക്കുന്നത് ശരിയല്ലല്ലോ. അങ്ങനെ ഞാന്‍ അഭിനയിക്കാനായി ചെന്നു. അന്ന് ആദ്യത്തെ ദിവസം തബല വായിക്കുകയാണ്. തബല വായിക്കുന്ന കൈകളില്‍നിന്നുള്ള ഒരു ക്രെയിന്‍ ഷോട്ട് ആണ്. തബലയില്നിന്നു പൊങ്ങി പിന്നിലോട്ട് വൈഡിലേക്ക് പോകുന്ന ഒരു പാട്ടിെൻറ ഷോട്ട്. എനിക്കു തബല വായിക്കാന്‍ അറിയാത്തതുകൊണ്ട് ഒരു ഡ്യൂപ്പിനെ വെച്ചു ചെയ്യിക്കാം എന്നു പറഞ്ഞു. എെൻറ പോലെ കറുത്ത കൈയുള്ള തബല വായിക്കുന്ന ഒരു ഉസ്താദിനെ അവിടെ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ എത്രയൊക്കെ എടുത്തിട്ടും പുള്ളി ശരിയാകുന്നില്ല. സിനിമയുടെ ഒപ്പം വായിക്കാന്‍ പറ്റുന്നില്ല. കാരണം സിനിമയില്‍ ഒരു കള്ളത്തരം വേണം. അത് ആ ഉസ്താദിന് പറ്റുന്നില്ല. അങ്ങനെ രാവിലെ തുടങ്ങി കണ്ണില്‍ കണ്ടവരൊക്കെ തബല വായിക്കാന്‍ തുടങ്ങി. ഉച്ചക്ക് ബ്രേക്ക് ആയി. ഞാന്‍ വന്നു പെട്ട് പോയി എന്ന ഒരു അവസ്ഥ ആയപ്പോള്‍ ഞാന്‍ തന്നെ ഒന്നു വീണ്ടും തബല വായിച്ചു നോക്കി. കമല്‍ സാര്‍ ഒന്നു ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ അത് കറക്ടായിരുന്നു. അതോടെ കമല്‍ സാര്‍ ആഹാരം കഴിക്കാന്‍ പോയ യൂനിറ്റിനെ തിരിച്ചു വിളിച്ച് അതെടുപ്പിച്ചു. പി. സുകുമാര്‍ ആണ് കാമറ. അദ്ദേഹം കാമറ വെച്ചു. ഞാന്‍ കറക്ടായി വായിച്ചു ഷൂട്ട് ചെയ്തു. ഞാനൊരു റിഹേഴ്സലോ ഹോം വര്കോ ഒന്നും ചെയ്തിട്ടില്ല. ആ സിനിമ അങ്ങനെ വരണ്ട ഒരു സിനിമ ആയിരുന്നു.
താങ്കളുടെ രാഷ്ട്രീയ നിലപാടുകളിലേക്ക് വരാം. മഅ്ദനിക്ക് വേണ്ടി അദ്ദേഹത്തിന് നീതി കിട്ടണം എന്നു താങ്കള്‍ സംസാരിച്ചു. കേരള സമൂഹത്തില്‍ മഅ്ദനിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സാംസ്കാരിക രംഗത്തെ ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ് സലിംകുമാര്‍?
മഅ്ദനി എന്താണ് ചെയ്തത് ? പത്തു വര്‍ഷത്തോളമായി അദ്ദേഹം വിചാരണ തടവുകാരനാണ്. അതൊരു മാനുഷിക ധ്വംസനമല്ലേ? മഅ്ദനിയെ വെറുതെ വിടണം എന്നല്ല ഞാന്‍ പറയുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കണം. പക്ഷേ ആ കുറ്റം എന്താണെന്ന് തെളിയിക്കേണ്ട ബാധ്യത നിയമത്തിനില്ലേ? മറ്റേതൊരു ഇന്ത്യന്‍ പൗരനും കിട്ടേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് കിട്ടണം. അഥവാ അദ്ദേഹം കുറ്റം ചെയ്തില്ലെങ്കിലോ ? ഈ നിയമം എന്തു മറുപടി പറയും? എത്ര വര്‍ഷമായി അദ്ദേഹത്തിനെ പീഡിപ്പിക്കുന്നു? ഞാന്‍ കോണ്ഗ്രസുകാരന് ആണ്. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഒരാളുമാണ്. സാധാരണ ജാഥയില്‍ പോകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുമല്ലോ. എെൻറ കുട്ടിക്കാലത്ത് എം.കെ. കൃഷ്ണന് എന്നു പറയുന്ന കമ്യൂണിസ്റ്റ് നേതാവ് വനം വകുപ്പ് മന്ത്രി ആണ്. അപ്പോള്‍ ''കള്ളാ...കള്ളാ...ചന്ദനം കള്ളാ... ചന്ദനം കള്ളാ... എം.കെ. കൃഷ്ണാ...'' എന്നു കോണ്‍ഗ്രസ് ജാഥയില്‍ മുദ്രാവാക്യം വിളിച്ചു. ഞാനും അത് ഏറ്റുവിളിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം എം.കെ. കൃഷ്ണന് മരിച്ചു. അദ്ദേഹത്തിനെ അന്ന് ദഹിപ്പിക്കാന്‍ രണ്ടു സെൻറ് സ്ഥലം സ്വന്തമായിട്ടുണ്ടായിരുന്നില്ല. ആ യാഥാർഥ്യം അറിഞ്ഞ അന്ന് എനിക്കു ഉറങ്ങാന്‍ പറ്റിയില്ല. ഒരു നിരപരാധിയെ ആണ് ശിക്ഷിച്ചത്. പൊതുപ്രവര്‍ത്തകരായാല്‍ എന്തും പറയാം എന്നാണ് അവസ്ഥ. അന്ന് മുതല്‍ എനിക്കു ബോധ്യം ആകുന്നതുവരെ എത്ര കൊലപാതകി ആയാലും അയാളെ പിന്തുണക്കും ഞാന്‍. എനിക്കു അയാള്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്നു ബോധ്യമാകണം. മഅ്ദനി ചെയ്ത കുറ്റം എന്താണെന്ന് തെളിയിക്കണം. അല്ലാതെ ആ മനുഷ്യനെ ഇങ്ങനെ ശിക്ഷിക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് മഅ്ദനിയുടെ കാര്യത്തില്‍ ഇത്രയും കാലതാമസം? നാളെ എനിക്കും ഇത് സംഭവിച്ചേക്കാം. മഅ്ദനിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം. കേരളത്തിലെ പൊതുസമൂഹവും അദ്ദേഹത്തിെൻറ കൂടെ നിന്നിട്ടില്ല. കേരള പൊതുസമൂഹം എന്തിെൻറ കൂടെ ആണ് നിന്നത്? ഒരു നല്ല സമരം സംഘടിപ്പിക്കാന്‍ കേരളത്തില്‍ സാധിച്ചിട്ടുണ്ടോ എന്നെങ്കിലും? മാര്‍ക്സിസ്റ്റ് പാർട്ടിക്കും കോൺഗ്രസിനും ബി.ജെ.പിക്കും സാധിച്ചിട്ടില്ല. കേരളീയര്‍ സുഖിമാന്മാരാണ്. എനിക്കു കേരളത്തില്‍ പ്രതീക്ഷ ഇല്ല. കാരണം സുഖിച്ചു ജീവിക്കുന്ന ആളുകളാണ്.
അതുപോലെ തിരുവനന്തപുരത്തെ സി.എച്ച് മെമ്മോറിയല്‍ കോളജിലെ കുട്ടികളെ 'മുസ്ലിം തീവ്രവാദികള്‍' ആക്കി ചിത്രീകരിച്ചു പ്രചാരണം നടത്തിയതിനെതിരെ കറുത്ത ഡ്രസ് ഇട്ട് തലയില്‍ തൊപ്പി വെച്ച് ടി.വി ചര്‍ച്ചയില്‍ താങ്കള്‍ പങ്കെടുത്ത സംഭവം. അതൊരു നിലപാടായിരുന്നു. വിശദമാക്കാമോ?
ഒരു കലാകാരന് അങ്ങനെ ആയിരിക്കണം. തിരുവനന്തപുരത്തെ സി.എച്ച് മെമ്മോറിയല്‍ കോളജിലെ കോളജ് ഡേ പരിപാടി ഉദ്ഘാടനമായിരുന്നു. ഞാനാണ് ഉദ്ഘാടനം. അവിടെ ഉള്ള ഫൈനല്‍ ഇയര്‍ കുട്ടികള്‍ എന്നോടു ''ചേട്ടാ, ബ്ലാക്ക് ഡ്രസ് ഇട്ടിട്ടു വരണം'' എന്നു പറഞ്ഞു. അവരും ബ്ലാക്ക് ഡ്രസില്‍ ആണ്. എന്നെ ജീപ്പില്‍ ഇരുത്തി അവര്‍ ബൈക്ക് റാലി ഒക്കെ നടത്തി ആഘോഷമാക്കാന്‍ വേണ്ടിയാണ് എന്നു അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ ശരി എന്നു പറഞ്ഞു. ഞാന്‍ കറുത്ത വസ്ത്രമൊക്കെ ധരിച്ചു ആഘോഷമായി തന്നെ പരിപാടിയില്‍ പങ്കെടുത്തു. ഒരു രണ്ടു മാസം കഴിഞ്ഞു ഞാന്‍ ഒരു വാർത്ത കാണുകയാണ്. സി.എച്ച് മെമ്മോറിയല്‍ കോളജില്‍ ''ഇതാ ഐസിസുമായി ബന്ധമുള്ളവര്‍''. ഐസിസ് ചാരന്മാര് കറുത്ത ഡ്രസ് ഇട്ടു കൊടി പിടിച്ച് ഘോഷയാത്ര നടത്തി. ആ പരിപാടിയിലെ ഫോേട്ടാകളിലെ എെൻറ ഭാഗം കട്ട് ചെയ്തു കളഞ്ഞിട്ടാണ് ഈ പ്രചാരണം. ഞാനില്ല, ഈ കുട്ടികള്‍ മാത്രമേ ഉള്ളൂ. അപ്പോള്‍ ഈ പാവപ്പെട്ട കുട്ടികള്‍ സംശയത്തിെൻറ ദൃഷ്ടിയില് ആവുകയാണ്. അവരുടെ ഭാവിക്ക് ഭീഷണി ആവുകയാണ്. അവിടെ മുസ്ലിംകള് മാത്രമല്ല ഹിന്ദുക്കളും ക്രിസ്ത്യാനികളും എല്ലാം പഠിക്കുന്നുണ്ട്. അവിടെ പ്രതികരിക്കാതെ കൈ കെട്ടി നിന്നാല്‍ ഞാന്‍ ഒരു കലാകാരനാകില്ല. രൂപമാണ് ഒരുത്തനെ മുസ്ലിം ആക്കുന്നതെങ്കില്‍ ഞാന്‍ മുസ്ലിം ആണ്. അങ്ങനെയാണ് ഞാന്‍ തൊപ്പി ധരിച്ചു ഒരു ടി.വി ചര്‍ച്ചക്ക് വരുന്നത്. എെൻറ പേരൊക്കെ സലിം കെ. ഉമ്മര്‍ എന്നൊക്കെ ആക്കിമാറ്റി ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി. ഇതൊക്കെ ആര് മൈൻഡ് ചെയ്യാന്‍? ഞാന്‍ മൈൻഡ് ചെയ്തില്ല. ഈ മനുഷ്യരോടു ചെയ്യുന്ന ക്രൂരതകൾക്കെതിരെ പ്രതികരിച്ചിട്ടു കിട്ടാത്ത ഒരു സാധനമാണ് സിനിമയെങ്കില്‍ അങ്ങനെയൊരു സാധനം എനിക്കു വേണ്ട.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ട് അതിനെ അനുകൂലിച്ചു പോപ് സൂപ്പര്‍ സ്റ്റാര്‍ രിഹാനയും പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും പ്രതികരിച്ചപ്പോള്‍ വിദേശികള്‍ ഇന്ത്യയിലെ വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് സചിന് ടെണ്ടുല്കര് അടക്കമുള്ളവര്‍ പ്രതികരിച്ചത്. പക്ഷേ, അതിലും സലിംകുമാര്‍ ശക്തമായ നിലപാടെടുത്തു..?
പോപ് സ്റ്റാര്‍ രിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും പ്രതികരിച്ചാല്‍ തീര്‍ന്ന് പോകുന്നതാണോ ഇന്ത്യ? ഇന്ത്യയില്‍നിന്നു കര്‍ഷകര്‍ക്ക് അനുകൂലമായി പ്രതികരിച്ച ചുരുക്കം സെലിബ്രിറ്റികളില്‍ ഒന്നു തപ്സി പന്നു എന്നൊരു നടിയാണ്. എെൻറ കൂടെ അഭിനയിച്ച പെണ്‍കുട്ടി ആണ് അവര്‍. ആ ചങ്കൂറ്റം സമ്മതിച്ചു കൊടുക്കണം. ഇന്ത്യയിലെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്തു പ്രതികരിച്ചില്ല. നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്ത. കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എെൻറ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണ്? ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞു. അവരുടെ ലോകത്ത് കർഷകരില്ല, അവിടെ ദലിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം. കർഷകരെ സഹായിക്കാന്‍ പാർട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്ത്തമാനമെങ്കിലും പറഞ്ഞൂടെ?
വ്യവസ്ഥാപിതമായ 'മരം കെട്ടിപ്പിടിക്കല്‍' പാരിസ്ഥിതിക ബോധത്തില്‍നിന്നു വ്യത്യസ്തമാണ് താങ്കളുടെ പൊക്കാളി കൃഷിയുടെ ചര്‍ച്ചകള്‍. പൊക്കാളി നെല്ലുകളെ കുറിച്ച് ഒരു ഡോക്യുമെൻററി എടുത്തല്ലോ. 'പൊക്കാളി' എന്ന ഡോക്യുമെൻററിക്ക് എന്താണ് സംഭവിച്ചത്?
പൊക്കാളി നെല്ല് ചേര്‍ത്തല തണ്ണീര്‍മുക്കം ബണ്ടു മുതല്‍ തൃശൂരില്‍ ഏനാമ്മാക്കല്‍ ബണ്ടു വരെയുള്ള പ്രദേശങ്ങളില്‍ ആണ് കൃഷിചെയ്യുന്നത്. പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം. ഇതൊരു തീരദേശ നെല്‍ വിത്താണ്. നല്ല വെള്ളത്തില്‍ മുളക്കുകയും ലവണാംശമുള്ള വെള്ളത്തില്‍ വളരുകയും ചെയ്യുന്ന നെല്‍വിത്ത്. ഒരു വളംപോലും വേണ്ട. ചതുപ്പില്‍ ആണ് ഇത് വളരുന്നത്. പ്രകൃതി വളര്‍ത്തുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു നെല്ല്. എനിക്കും പൊക്കാളി നെല്ല് വിളയുന്ന കൃഷി സ്ഥലം ഉണ്ട്. ഇത് നഷ്ടപ്പെട്ടു പോകും എന്നു നല്ല ഉറപ്പായിരുന്നു. അത് നഷ്ടപ്പെടാന്‍ പാടില്ല. സര്‍ക്കാറിെൻറ ഭാഗത്ത് നിന്നു നിലനിര്ത്തേണ്ടതിെൻറ ആവശ്യകതയുണ്ട്. പണ്ട് കോളറ പടര്‍ന്ന് പിടിച്ചപ്പോള്‍ പൊക്കാളി നെല്ലിെൻറ കഞ്ഞി ഉപ്പിട്ടായിരുന്നു മരുന്നായി കുടിക്കാന്‍ കൊടുത്തത്. അതിെൻറ മെഡിക്കല്‍ വാല്യൂ -ഒരു മണി അരിയുടെ മൂല്യം ഒരു രൂപയാണ്. ഇന്ന് ഈ പാടങ്ങളൊക്കെ തരിശിട്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ഏക്കര്‍ പാടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഒരു സംഭവവും ഉണ്ടാകുന്നില്ല. ഇത് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞതാണ്. ഈ നെല്‍ വിത്തുകള്‍ ഇവിടെ നിന്നും പോയിക്കഴിഞ്ഞു. ഇക്കാര്യം ആരും കേട്ടില്ല. പൊക്കാളി നെല്ലിനെക്കുറിച്ചുള്ള അവാർഡ്വിവാദം എന്നു പറഞ്ഞ് അതിനെ തള്ളിക്കളഞ്ഞു. ഞാന്‍ സംവിധാനം ചെയ്ത 'പൊക്കാളി' എന്ന ആ പടം ഡോക്യുമെൻററി ആയിരുന്നു. ആ സിനിമ സംസ്ഥാന അവാർഡ് കമ്മിറ്റി കണ്ടില്ല. അവര്‍ ഒരുപാട് തൊടു ന്യായങ്ങള്‍ പറഞ്ഞു. അവാർഡ് കിട്ടാത്തതില്‍ അല്ല വിഷമം. അവര്‍ അത് കണ്ടില്ല. അന്നത്തെ പൊക്കാളി നെല്ല് ഇന്ന് ആരുടെ കൈയിലും ഇല്ല. അത് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അത്തരമൊരു പാരിസ്ഥിതിക അവബോധത്തിലേക്ക് കേരളം വളര്‍ന്നിട്ടില്ല. വെറുതെ സര്‍ക്കാറുകള്‍ കുറെ കാശുകൊണ്ട് വെള്ളത്തില്‍ കലക്കുകയാണ്. ഏത് സർക്കാര്‍ വന്നാലും അത് തന്നെയാണ് ചെയ്യുന്നത്.
സിനിമയില്‍ ജൂതസ്ഥലം അവരുടെ ജ്യോഗ്രഫി എന്നൊക്കെ പറഞ്ഞാല്‍ അത് കൊച്ചിയിലെ മട്ടാഞ്ചേരി ആണ്. താങ്കള്‍ സംവിധാനം ചെയ്ത 'കറുത്ത ജൂതന്' എന്ന സിനിമ അവരുടെ പ്ലോട്ട് അല്ല പറഞ്ഞത്. പക്ഷേ അംഗീകരിക്കപ്പെട്ടില്ല. എന്താണ് ശരിക്കും സംഭവിച്ചത്?
കറുത്ത ജൂതന് എന്ന ഞാന്‍ സംവിധാനം ചെയ്ത സിനിമ സത്യസന്ധമായ നിലപാടിെൻറ പേരില്‍ തകര്‍ന്നു പോയ സിനിമയാണ്. ആ സിനിമയെ ആരും മൈൻഡ് ചെയ്തില്ല. കേരള സമൂഹത്തിനു കറുത്ത ജൂതന്മാര് ആരാണെന്ന് അറിയില്ല. അറിയാവുന്നവര്‍ അതൊട്ടു അംഗീകരിക്കുന്നതുമില്ല. ഇവിടെ ജൂത കഥകള്‍ എന്നു കേട്ടത് മട്ടാഞ്ചേരിയിലുള്ള വെളുത്ത ജൂതന്മാരെക്കുറിച്ചാണ്. വെളുത്ത ജൂതന്മാര് ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ്. ഇവര്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ ഇവിടെ വന്ന ആള്‍ക്കാരാണ്. അവര്‍ക്കൊരു സവർണ പാരമ്പര്യം ഉണ്ട്. കറുത്ത ജൂതന്മാര് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നവരാണ്. അവര്‍ കേരളത്തിെൻറ മണ്ണുമായി അലിഞ്ഞു ചേര്‍ന്ന് തനി കേരളീയര്‍ ആയി. പക്ഷേ എങ്കിലും അവരുടെ സ്വപ്നങ്ങള്‍ മുഴുവനും ജറൂസലേമില്‍ ആയിരുന്നു. കേരള സമൂഹവുമായി ഒത്തുചേര്‍ന്ന് പോയ കറുത്ത ജൂതന്മാരുടെ കഥ ഒരു സ്ഥലത്തുപോലും പ്രതിപാദിച്ചിട്ടില്ല. എന്തു കഥയും മട്ടാഞ്ചേരി തെരുവിനെ ചുറ്റിപ്പറ്റി ആണ്, വെളുത്ത ജൂതന്മാരെ ചുറ്റിപ്പറ്റി ആണ് നില്‍ക്കുന്നത്. എെൻറ സിനിമയില്‍ മട്ടാഞ്ചേരി തെരുവിലെ ഒരു ഷോട്ട് പോലുമില്ല. കറുത്ത ജൂതന്മാര് താമസിച്ച മാള, പറവൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലൊക്കെ ആയിരുന്നു ആ സിനിമയുടെ ലൊക്കേഷനുകള്‍. ഇന്ന് ലോകത്ത് ഒരുപാട് ജ്യൂവിഷ് ഫിലിം ഫെസ്റ്റിവലുകള്‍ ഉണ്ട്. എന്തുകൊണ്ട് ജ്യൂവിഷ് ഫെസ്റ്റിവലുകളില്പോലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല? ജൂതന്മാരില്പോലും കറുത്ത ജൂതന്മാരെ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍ഥ്യം കാരണം അതവര് മറച്ചുവെക്കും. അതവരുടെ രാഷ്ട്രീയമാണ്. ഈ പടം ബുഡാ പെസ്റ്റയിലെ അലക്സ് ഡിലിയോണ്‍ എന്ന ക്രിട്ടിക് കണ്ടു എന്നെ വിളിച്ചു. അദ്ദേഹം എന്നെക്കാണാൻ ഇവിടെ വന്നു. 'കറുത്ത ജൂതന്' ഒഴിവാക്കി വെറും 'ജൂതന്' എന്നു പറയുകയാണെങ്കില്‍ എനിക്കു അംഗീകാരം കിട്ടിയേനെ, കറുത്ത ജൂതന് എന്നു പറഞ്ഞതാണ് പ്രശ്നം ആയത്. സിനിമ സത്യസന്ധമായി പറഞ്ഞാല്‍ ആരും കാണില്ല. സത്യസന്ധതക്ക് ഇവിടെ വലിയ സ്ഥാനമില്ല.
മുമ്പ് മിമിക്രിപോലെ മിമിക്സ് പരേഡ്പോലെ അടിത്തട്ടിലെ അപര സമൂഹങ്ങളും പുതിയ തലമുറകളും ഡിജിറ്റല്‍ യുഗത്തില്‍ ട്രോളുകളെയാണ് ആഘോഷിക്കുന്നത്. ഒരു പിക്ചറില്‍ അവര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു വെക്കുന്നു. ട്രോളുകളിലെ സൂപ്പര്‍സ്റ്റാര്‍ ആണ് സലിമേട്ടന്. ട്രോളുകളിലൂടെ ഈ കുട്ടികള്‍ സലിമേട്ടനെ തിരിച്ചുപിടിക്കുകകൂടി ആയിരുന്നു. എന്താണ് പ്രതികരണം?
ട്രോള്‍ ചെയ്യുന്നവരോടു സംസാരിച്ചപ്പോള്‍ മനസ്സിലായത് ചില മുഖങ്ങള്‍ എവിടെവെച്ചാലും ഓകെ ആണ് എന്നാണ്. അത്തരം മുഖങ്ങളില്‍ ഒന്നാണ് എേൻറത് എന്നാണ് എനിക്കു ഈ കുട്ടികളോട് സംസാരിച്ചപ്പോള്‍ മനസ്സിലായത്. ''ചേട്ടനോടുള്ള ഇഷ്ടംകൊണ്ടല്ല പക്ഷേ ചേട്ടെൻറ മുഖം ട്രോളുകള്‍ക്ക് വളരെ അനുയോജ്യമാണ്'' എന്നാണ് അവര്‍ പറയുന്നത്. അടുത്തകാലത്ത് ശൈലജ ടീച്ചറുടെ മുകളില്‍ എെൻറ മുഖം മോര്‍ഫ് ചെയ്തു വെച്ചത് കണ്ടു ഞാന്‍ ചിരിച്ചുപോയി. ശൈലജ ടീച്ചര്‍, പിണറായി വിജയന്, കുമ്മനം രാജശേഖരന് അങ്ങനെ ഒരുപാട് പേരുടെ മുഖത്ത് എെൻറ മുഖം ട്രോളന്മാര് വെച്ചുപിടിപ്പിച്ചു. ഒരു ട്രോളില്‍ മാസ്ക് വെച്ചപ്പോള്‍ ചിരിക്കുകയാണെന്ന് തോന്നും. മാസ്ക് പൊട്ടിപ്പോയപ്പോഴാണ് കളിയാക്കുകയാണെന്ന് തോന്നുക. അങ്ങനെയൊക്കെ വന്നിട്ടുണ്ട്. അത് ക്രിയേറ്റ് ചെയ്തവന് അത് കണ്ടെത്തി എന്നതാണ് യാഥാര്‍ഥ്യം. പണ്ട് മിമിക്സ് പരേഡുകള്‍ വന്നതുപോലെ പുതിയ കാലഘട്ടത്തിലെ തമാശകള്‍ തന്നെയാണ് ട്രോളുകള്‍. സിനിമ തരുന്ന ചിരിയൊക്കെ ഒരു ട്രോള്‍ തരുന്നുണ്ട്. ട്രോളുകള്‍ ചെയ്യുക എന്നത് ചില്ലറ ബൗദ്ധികമായ ഇടപെടലുകള്‍ അല്ല. ട്രോളുകള്‍ വളരെ ആറ്റിക്കുറുക്കിയാണ് പറയുന്നത്.
മറ്റൊരു വിവാദം കൊച്ചിയിലെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടന ചടങ്ങില്‍നിന്നു താങ്കളെ ഒഴിവാക്കിയതാണ്. നാഷനല്‍ അവാർഡ് കിട്ടിയ താങ്കള്‍ ആ ചടങ്ങില്‍ വേണം എന്നാണ്. പക്ഷേ രാഷ്ട്രീയക്കളികളിലൂടെ കോണ്‍ഗ്രസുകാരനായ താങ്കള്‍ ഒഴിവാക്കപ്പെട്ടു എന്ന ചര്‍ച്ചകള്‍ വന്നു. വിവാദമായി. എന്താണ് ശരിക്കും സംഭവിച്ചത്?
ഇത് പിണറായി വിജയന് പറഞ്ഞു, സലിംകുമാറിനെ മാറ്റാന്‍ വേണ്ടി മാറ്റിയതല്ല. അല്ലെങ്കില്‍ എ.കെ. ബാലന് പറഞ്ഞു മാറ്റിയതല്ല. ഇതിെൻറ ഇടയിലെ ഇട പ്രഭുക്കന്മാര് ഉണ്ട്. അത് കക്ഷി രാഷ്ട്രീയമല്ല. അത് ഒതുക്കലിെൻറ രാഷ്ട്രീയമാണ്. ഞാന്‍ കോണ്‍ഗ്രസുകാരനായ സലിംകുമാറിനെ മാറ്റിനിര്‍ത്തി. അപ്പോള്‍ സി.പി.എമ്മുകാര്‍ക്ക് എന്നോടു ഇഷ്ടം കൂടും എന്ന തോന്നലിെൻറ പുറത്തുള്ള ഒരു കളിയാണ്. അത്രയേ ഉള്ളൂ. അല്ലാതെ പിണറായി വിജയന് നൂറായിരം പണികള്‍ ഉണ്ടവിടെ. ഇതിെൻറ യഥാർഥ സംഭവം ഞാന്‍ പറഞ്ഞു തരാം. ഇതിലൊന്നും സി.പി.എമ്മുകാരില്ല. സി.പി.എമ്മുകാര്‍ ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല. പക്ഷേ നേട്ടങ്ങള്‍ക്ക് വേണ്ടി സി.പി.എം ആയ ചിലരുണ്ട്. അവർ ജീവിക്കാന്‍ വേണ്ടി സി.പി.എം ആയവര്‍. ഇവിടെ ഒരു സാധാരണ സി.പി.എം സഖാവ് മത്സരിക്കുമ്പോള്‍ ഇവരാരും ഇലക്ഷന് പ്രചാരണത്തിന് പോകില്ല. ഇവര്‍ പോകുന്നത് ധർമടത്തേക്കാണ്. അവര്‍ പിണറായി വിജയന് ഉള്ള സദസ്സില്‍ മാത്രമേ പ്രചാരണത്തിന് പോവുകയുള്ളൂ. ഞാനിവിടെ ഉണ്ട് എന്നുള്ളത് പിണറായി വിജയന് കാണണം. ഇവര്‍ പോയില്ലെങ്കില്‍ ധര്‍മടത്തു പിണറായി വിജയന് തോറ്റുപോകും എന്നാണ് ഇവരുടെ തോന്നല്‍. ഇങ്ങനെയുള്ള ആള്‍ക്കാരാണ് ആ വേദിയില്‍നിന്നും എന്നെ ഒഴിവാക്കാനുള്ള കളി കളിച്ചത്. ഞാന്‍ കോൺഗ്രസ് നിലപാടുള്ള ആളാണ്. ഞാന്‍ അത് എവിടെയും പറയും.
സിനിമാനടന് ധർമജന് ഈയിടെയായി രാഷ്ട്രീയത്തില്‍ ഇറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ''ഒരു കോമഡി നടന് മത്സരിക്കുകയോ?'' എന്നൊക്കെ പറഞ്ഞു വംശീയമായിതന്നെ കേരളത്തില്‍ അധിക്ഷേപം ഉണ്ടായിട്ടുണ്ട്?
കെ.ആര്. നാരായണനോട് ചെയ്ത ഏറ്റവും വലിയ പോക്കിരിത്തരങ്ങളില്‍ ഒന്നാണ് ഒറ്റപ്പാലത്ത് സീറ്റ് കൊടുക്കുക എന്നത്. ഒറ്റപ്പാലം എന്നത് ഒരു സംവരണ മണ്ഡലം ആയിരുന്നു. ഒരു അന്താരാഷ്ട്ര പ്രശസ്തിയുള്ള മനുഷ്യനു ഒറ്റപ്പാലത്ത് സംവരണ മണ്ഡലത്തില്‍ ആണ് കോണ്‍ഗ്രസുകാര്‍ സീറ്റ് കൊടുത്തത്. എങ്കിലും അവര്‍ കൊടുത്തു. അദ്ദേഹം ജയിക്കുകയും ചെയ്തു. അപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ''കോട്ടിട്ട ദളിതേനാ..?'' എന്നാണ് ചോദിച്ചത്. അതുകൊണ്ട് തന്നെ ധർമജന്/സിനിമാക്കാരന് എന്നതൊന്നുമല്ല. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരെ ആരൊക്കെ നിൽക്കുന്നു അവരൊക്കെ കുഴപ്പക്കാരന്‍ ആണ്. സ്നേഹത്തിേൻറതായ ഒരു രാഷ്ട്രീയം ഒന്നുമില്ലല്ലോ. അസഹിഷ്ണുതയുടെ രാഷ്ട്രീയം ആണ്. സിനിമാക്കാരന് എന്നു പറഞ്ഞാല്‍ കര്‍ഷക തൊഴിലാളിയെപോലെ മറ്റൊരു ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ്. സിനിമാക്കാരനെ ആക്ഷേപിക്കുന്നവന് കര്‍ഷക തൊഴിലാളിയെയും ചെത്ത് തൊഴിലാളിയെയും മീന്കാരനെയും ആക്ഷേപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.