ഇങ്ങനെയൊക്കെയാണ് സിനിമ

ഇങ്ങനെയൊക്കെയാണ് സിനിമ

ഒരുകാലത്ത്​ മലയാള സിനിമയിലെ പ്രണയത്തി​ന്റെ മുഖമായിരുന്ന സുധീറിനെ ഒാർമിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും പാട്ടുകളുടെ ചരിത്രമെഴുത്തുകാരനുമായ ലേഖകൻ. മലയാള സിനിമ എത്രവേഗമാണ്​ സുധീറിനെ മറന്നത്​? കൈകൾ രണ്ടും ഉയർത്തിവീശി കിതച്ചുകൊണ്ട് പിറകെ ഓടിവരുന്ന ആളെക്കണ്ടപ്പോൾ റോഡരികിൽ കാർ ഒതുക്കിനിർത്തി ഡ്രൈവർ. ‘‘ലൊക്കേഷനിലേക്കല്ലേ? ഞാനുമുണ്ട്.’’ –കിതപ്പിനിടയിലൂടെ അയാൾ വിളിച്ചുപറയുന്നു. മുഖം വ്യക്തമല്ലെങ്കിലും ശബ്ദം പരിചിതം. എങ്ങോ കേട്ട് മറന്നപോലെ. അംബാസഡർ കാറിന്റെ മുൻ സീറ്റിൽ ഇരുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് തിരിഞ്ഞുനോക്കാതെ ഗൗരവത്തിൽ പറഞ്ഞു: ‘‘കണ്ടാലറിയില്ലേ? ഇനിയൊരാൾക്കു...

ഒരുകാലത്ത്​ മലയാള സിനിമയിലെ പ്രണയത്തി​ന്റെ മുഖമായിരുന്ന സുധീറിനെ ഒാർമിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും പാട്ടുകളുടെ ചരിത്രമെഴുത്തുകാരനുമായ ലേഖകൻ. മലയാള സിനിമ എത്രവേഗമാണ്​ സുധീറിനെ മറന്നത്​?

കൈകൾ രണ്ടും ഉയർത്തിവീശി കിതച്ചുകൊണ്ട് പിറകെ ഓടിവരുന്ന ആളെക്കണ്ടപ്പോൾ റോഡരികിൽ കാർ ഒതുക്കിനിർത്തി ഡ്രൈവർ.

‘‘ലൊക്കേഷനിലേക്കല്ലേ? ഞാനുമുണ്ട്.’’ –കിതപ്പിനിടയിലൂടെ അയാൾ വിളിച്ചുപറയുന്നു. മുഖം വ്യക്തമല്ലെങ്കിലും ശബ്ദം പരിചിതം. എങ്ങോ കേട്ട് മറന്നപോലെ.

അംബാസഡർ കാറിന്റെ മുൻ സീറ്റിൽ ഇരുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് തിരിഞ്ഞുനോക്കാതെ ഗൗരവത്തിൽ പറഞ്ഞു: ‘‘കണ്ടാലറിയില്ലേ? ഇനിയൊരാൾക്കു കൂടി കയറാനിടമില്ല ഇതിൽ. നിങ്ങൾ ഓട്ടോ പിടിച്ചു വരൂ...’’

സിനിമാക്കാരുടെ ആസ്ഥാനമായ കോഴിക്കോട്ടെ ഹോട്ടൽ മഹാറാണിയുടെ മുറ്റത്തുനിന്ന് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന പടത്തിന്റെ ലൊക്കേഷനിലേക്ക് പുറപ്പെടുകയാണ് ഞങ്ങൾ; പ്രമുഖ ചലച്ചിത്ര വാരികക്കു വേണ്ടി ചിത്രീകരണ വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ. കൂടെ മറ്റൊരു വാരികയുടെ ലേഖകനും ഫോട്ടോഗ്രാഫറുമുണ്ട്. ലിഫ്റ്റ് ചോദിച്ചുവന്നയാളെ നിർദയം വഴിയോരത്ത് ഉപേക്ഷിച്ച്‌ കാർ മുന്നോട്ട് കുതിക്കവെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവിനോട് ചോദിച്ചു: ‘‘ആരാണയാൾ?’’

തെല്ലൊരു പുച്ഛത്തോടെയായിരുന്നു തമിഴനായ എക്സിക്യൂട്ടിവിന്റെ മറുപടി: ‘‘ഓ, പഴയ ഒരു നടനാണ്. ഇപ്പൊ ചാൻസൊന്നും ഇല്ല. എന്നാലും സെറ്റിൽ ഇടക്ക് കയറിവരും. ഇതിലും എന്തെങ്കിലും ചെറിയ റോൾ കാണും.’’ ഒരുനിമിഷം ആലോചിച്ചിരുന്ന ശേഷം അദ്ദേഹം തുടരുന്നു: ‘‘പേര് സുധീർ എന്നോ മറ്റോ...’’

ഞെട്ടിപ്പോയി. ഒരു കാലം മുഴുവൻ മനസ്സിലേക്ക് ഇരച്ചുകയറിവന്നു ആ പേരിനൊപ്പം. പ്രണയവർണങ്ങൾ നിറഞ്ഞ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമക്കാലം. സുജാതയും ജയഭാരതിയും ശ്രീദേവിയും ഷീലയും നന്ദിതാബോസും ഒക്കെയുണ്ടായിരുന്നു ആ കാലത്തിന്റെ ഓർമച്ചിത്രങ്ങളിൽ. മറക്കാനാവാത്ത കുറെ പാട്ടുകളും. മലയാള സിനിമയുടെ ഒരു യുഗത്തെ പ്രണയസുരഭിലമാക്കിയ ആ യുവനായകനെ തിരിച്ചറിയാതെ പോയതിൽ സങ്കടം തോന്നി; പശ്ചാത്താപവും. സുധീറിനെ ഒരിക്കലും അവിടെ പ്രതീക്ഷിക്കുന്നില്ലല്ലോ നമ്മൾ. മാത്രവുമല്ല കുട്ടിക്കാലത്ത് ആവേശത്തോടെ, ആരാധനയോടെ സ്‌ക്രീനിൽ കണ്ട യുവകോമളനിൽനിന്ന് ഏറെ മാറിപ്പോയിരിക്കുന്നു അദ്ദേഹത്തിന്റെ രൂപഭാവങ്ങൾ; പ്രായംകൊണ്ടും ക്ഷീണംകൊണ്ടും.

മറന്നിട്ടില്ല അന്നത്തെ സുധീറിനെ. സ്റ്റൈലനായിരുന്നു. ചിരിക്കുമ്പോൾ പാതിയടയുന്ന മിഴികൾ. കുസൃതി നിറഞ്ഞ ശരീരചലനങ്ങൾ. നെറ്റിയിലേക്ക് വാർന്നുകിടക്കുന്ന ചുരുൾമുടി.

വലംകൈയിലേ വാച്ച് കെട്ടൂ. വലിയ കോളറുള്ള ഡിസൈനർ ഷർട്ടിനോടും കോളറില്ലാത്ത ടീഷർട്ടിനോടുമാണ് ഭ്രമം. കൈകൾ ഒരിക്കലും വെറുതെയിരിക്കില്ല; പാട്ടു പാടുമ്പോൾ പ്രത്യേകിച്ചും. ബോളിവുഡിലെ അന്നത്തെ ‘ആംഗ്രി യങ് മാൻ’ ശത്രുഘ്നൻ സിൻഹയായിരുന്നു സ്റ്റൈലിൽ സുധീറിന്റെ മാതൃക. അസാമാന്യ കഴിവുകളുള്ള നടൻ എന്നൊന്നും പറഞ്ഞുകൂടെങ്കിലും യുവതലമുറക്ക് ഇഷ്ടമായിരുന്നു സുധീറിനെ. പാടി അഭിനയിച്ച പാട്ടുകളുടെ കൂടി മികവ് കൊണ്ടാവാം. 1970കളിൽ മലയാളത്തിൽ കേട്ട ഹൃദയഹാരിയായ പ്രണയഗാനങ്ങളിൽ പലതിനുമൊത്ത് ചുണ്ടനക്കാൻ ഭാഗ്യമുണ്ടായത് സുധീറിനാണല്ലോ.

‘‘മല്ലികാബാണൻ തന്റെ വില്ലെടുത്തു’’ (അച്ചാണി), ‘‘കേളീനളിനം വിടരുമോ’’, ‘‘യമുനേ നീയൊഴുകൂ’’ (തുലാവർഷം), ‘‘നന്ത്യാർവട്ട പൂ ചിരിച്ചു’’ (പൂന്തേനരുവി), ‘‘മുല്ലമലർത്തേൻ കിണ്ണം’’ (എറണാകുളം ജങ്ഷൻ), ‘‘രൂപവതി നിൻ രുചിരാധരമൊരു’’ (കാലചക്രം), ‘‘മാരിവില്ല് പന്തലിട്ട’’ (തീർഥയാത്ര), ‘‘മാനേ മാനേ വിളി കേൾക്കൂ’’, ‘‘നീ വരൂ കാവ്യദേവതേ’’ (സ്വപ്നം), ‘‘വെള്ളിത്തേൻ കിണ്ണംപോൽ’’ (പെൺപട), ‘‘ഇന്ദ്രധനുസ്സുകൊണ്ട് ഇലക്കുറിയണിയും’’ (തെമ്മാടി വേലപ്പൻ).... ഏത് പാട്ടാണ് മറക്കാനാകുക? ആ ഗാനരംഗങ്ങൾക്കെല്ലാമുണ്ടായിരുന്നു സവിശേഷമായ ഒരു സുധീർമുദ്ര. ഇന്ന് കാണുമ്പോഴും ആ രംഗങ്ങൾ കാലഹരണപ്പെട്ടതായി തോന്നില്ല.

 

ശ്രീദേവിക്കൊപ്പം സുധീർ തുലാവർഷം സിനിമയിൽ -1976

ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് സുധീറും വിൻ​െസന്റും വയനാട്ടിൽ കൽപറ്റക്കടുത്ത് എത്തിയിട്ടുണ്ടെന്നറിഞ്ഞു കാണാൻ ഓടിച്ചെന്നിട്ടുണ്ട് ഒരിക്കൽ. ചെന്നപ്പോൾ ലൊക്കേഷനിൽ ഉത്സവപ്രതീതി. നിറയെ ആരാധകർ. വയനാട്ടിൽ സിനിമാ ചിത്രീകരണം ഒരപൂർവതയാണ് അന്ന്. ലോറി പിടിച്ചും ബസു പിടിച്ചുമൊക്കെ നാടിന്റെ മുക്കിലും മൂലയിലുംനിന്ന് ഇഷ്ടതാരങ്ങളെ കാണാനെത്തും ജനം. മനുഷ്യമതിലിനിടയിലൂടെ നൂണ്ടു കയറി താരങ്ങളെ ഒരു നോക്കു കാണാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശയോടെയായിരുന്നു മടക്കം.

മിന്നായംപോലെ സുധീറിനെ ഒന്ന് കാണാൻ കഴിഞ്ഞത് പിന്നീടൊരിക്കൽ കോഴിക്കോട്ടേക്ക് ബസിൽ പോകുമ്പോഴാണ്. താമരശ്ശേരിക്കടുത്ത് റോഡരികിൽ ഒരാൾക്കൂട്ടം. എല്ലാവരും ബസിന്റെ ജനാലകളിലൂടെ തല പുറത്തിട്ടു നോക്കുന്നു. കൂട്ടത്തിൽ സ്‌കൂൾകുട്ടിയായ ഞാനും. സംവിധായകനുമായി എന്തോ സംസാരിച്ചുനിൽക്കുകയാണ് വലിയ കോളറുള്ള ഓറഞ്ച് ഷർട്ടും കറുത്ത ബെൽബോട്ടം പാന്റ്സുമിട്ട സുധീർ. ബസിൽ മുന്നിലെ സീറ്റിലിരുന്ന യുവതി ഹിസ്റ്റീരിയ ബാധിച്ചപോലെ സുധീറേട്ടാ എന്ന് വിളിച്ചുകൂവിയത് ഓർമയുണ്ട്. ശബ്ദം കേട്ട് തലയുയർത്തി നോക്കി ഞങ്ങൾക്ക് നേരെ കൈവീശി സുധീർ. ആത്മനിർവൃതിയുടെ നിമിഷങ്ങൾ.

സമ്പന്ന കുടുംബ പശ്ചാത്തലത്തിൽനിന്നാണ് സിനിമയിലേക്കുള്ള സുധീറിന്റെ വരവ്. യഥാർഥ പേര് പടിയത്ത് അബ്ദുൾ റഹീം. അച്ഛൻ മുൻ ന്യായാധിപൻ. സിനിമാഭ്രമം തലക്കുകയറി എൻജിനീയറിങ് പഠനം പാതിവഴിക്കുപേക്ഷിച്ചു കോടമ്പാക്കത്തേക്ക്‌ വണ്ടികയറിയ കഥയാണ് ഈ കൊടുങ്ങല്ലൂരുകാരന്റേത്. വീട്ടുകാരുടെ എതിർപ്പൊന്നും സുധീറിന് പ്രശ്നമായില്ല. സിനിമയായിരുന്നു സങ്കൽപങ്ങൾ നിറയെ. അഭിനയമോഹവുമായാണ് വന്നിറങ്ങിയതെങ്കിലും ആദ്യം പയറ്റിനോക്കിയത് ഛായാഗ്രഹണത്തിൽ. ഇ.എൻ. ബാലകൃഷ്ണന്റെയും വിൻ​െസന്റ് മാസ്റ്ററുടെയുമൊക്കെ സഹായിയായി. വിൻസെന്റിനൊപ്പം ജോലിചെയ്യുമ്പോഴാണ് ‘നിഴലാട്ട’ത്തിലൂടെ നടനായി അരങ്ങേറ്റം. ചെറിയൊരു വേഷമായിരുന്നു. ആ സിനിമയിൽ സുധീറിന് ശബ്ദം കൊടുത്ത ആളെയും നമ്മളറിയും: പിൽക്കാലത്ത് പ്രശസ്ത നടനായി ഉയർന്ന രാഘവൻ.

രാഘവൻ-സുധീർ ദ്വയത്തെ ഓർക്കാൻ ‘ചെമ്പരത്തി’യിലെ ‘‘ചക്രവർത്തിനീ നിനക്ക് ഞാനെന്റെ ശിൽപഗോപുരം തുറന്നൂ...’’ എന്ന ഒരൊറ്റ പാട്ട് മതി. കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നു സിനിമയിൽ സുധീറിന്റെ വളർച്ച. മഹാനടനായ സത്യനെ മനസ്സിൽ കണ്ട് രൂപം നൽകിയ ‘കലിയുഗ’ത്തിലെ (മുണ്ടൂർ സേതുമാധവന്റെ കഥ) എരപ്പാളി ശങ്കുണ്ണി എന്ന കഥാപാത്രം സംവിധായകൻ കെ.എസ്. സേതുമാധവൻ വിശ്വസിച്ചേൽപിച്ചത് സുധീറിന്റെ കൈകളിലാണ്. എന്നാൽ, സത്യന്റെ പിൻഗാമി എന്ന ഇമേജിനൊത്തുയരാൻ കഴിയാതെ പോയി സുധീറിന്.

അപൂർവമായേ അഭിനയസാധ്യതയുള്ള റോളുകൾ ഈ നടനെ തേടിയെത്തിയുള്ളൂ. കാമുക വേഷങ്ങളായിരുന്നു അധികവും. സുധീർ-സുജാത ജോടി കാമ്പസുകളുടെ ഹരമായിരുന്ന കാലം. ഇടക്ക് ‘സത്യത്തിന്റെ നിഴലിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അതൊരു വിവാദവുമായി. ‘അച്ചാണി’, ‘സ്വപ്നം’, ‘കാലചക്രം’, ‘ഉർവശി’ ‘ഭാരതി’, ‘ഹണിമൂൺ’, ‘കോളേജ് ഗേൾ’, ‘പൂന്തേനരുവി’, ‘അയലത്തെ സുന്ദരി’, ‘നാത്തൂൻ’, ‘പെൺപട’, ‘ചന്ദനച്ചോല’, ‘കല്യാണപ്പന്തൽ’... ഹിറ്റുകളും മിസ്സുകളും യഥേഷ്ടമുണ്ടായിരുന്നു സുധീറിന്റെ ചലച്ചിത്രജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ. ഇടക്ക് ചില തമിഴ് സിനിമകളിലും കണ്ടു സുധീറിനെ. രജനീകാന്ത് നായകനായ ‘ഭൈരവി’ ഉദാഹരണം.

പിന്നെയെപ്പോഴാണ് സുധീർ കൺവെട്ടത്തുനിന്ന് മറഞ്ഞത്? പുതിയ നടൻമാർ രംഗത്തുവരുകയും പുതിയ താര സമവാക്യങ്ങൾ രൂപപ്പെടുകയുംചെയ്ത 1980കളുടെ തുടക്കത്തോടെ സുധീറിന്റെ സാന്നിധ്യം നാമമാത്രമായി സിനിമയിൽ. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും പ്രതിസന്ധികളും വീഴ്ചയുടെ ആക്കം കൂട്ടിയിരിക്കാം. കൗമാരസ്വപ്നങ്ങളിൽ കാൽപനിക വർണങ്ങൾ ചാലിച്ചു ചേർത്ത നടൻ അപ്രധാന വേഷങ്ങളിൽ വന്നുപോകുന്നത് കാണുമ്പോൾ സങ്കടം തോന്നിയിരുന്നു. എന്തു ചെയ്യാം? അതാണ് സിനിമ. ഇന്നിൽ അഭിരമിക്കുന്നവരുടെ ലോകമാണത്. ഇന്നലെകൾക്കവിടെ വില കുറവ്.

ഷൂട്ടിങ് കവർ ചെയ്യാനായി പിറ്റേന്നും മഹാറാണിയിൽ ചെന്നപ്പോൾ സുധീറിനെ അന്വേഷിക്കാൻ മറന്നില്ല. കാണണം, സംസാരിക്കണം. കഴിയുമെങ്കിൽ നല്ലൊരു സ്റ്റോറി കൊടുക്കണം. നിരാശജനകമായിരുന്നു ഫലം. ‘‘ഓ, അങ്ങേർക്കിവിടെ റൂമൊന്നുമില്ല.’’ –സുഹൃത്തായ റിസപ്‌ഷനിസ്റ്റ് പറഞ്ഞു. ‘‘ഇടക്ക് വരും. ഷൂട്ടിങ് കഴിഞ്ഞാൽ സ്ഥലം വിടും. ഇവിടെ ലോബിയിൽ ഒറ്റക്ക് ഇരിക്കുന്നത് കാണാം. ഇത്ര വലിയ ഹീറോ ആയിരുന്നു എന്ന് നിങ്ങൾ പറയുമ്പോഴാണ് അറിയുന്നത്...’’

 

2004 സെപ്റ്റംബർ 17നായിരുന്നു 57ാം വയസ്സിൽ സുധീറിന്റെ വിയോഗം. ദീർഘനാളത്തെ ഇടവേളക്കുശേഷം അടുത്തിടെ മഹാറാണിയിൽ ചെന്നപ്പോൾ വീണ്ടും സുധീറിനെ ഓർത്തു. ആരാധികമാരാൽ അനുഗതനായി ഇതേ വരാന്തകളിലൂടെ രാജകുമാരനെപ്പോലെ നടന്നുപോയിരിക്കാം ഒരുകാലത്ത് സുധീർ. അതേ ഇടനാഴികളിൽ ഏകനായി, ആരാലും ശ്രദ്ധിക്കപ്പെടാതെ വന്നുനിൽക്കുമ്പോൾ എന്തെന്ത് വികാരങ്ങളായിരിക്കാം അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിരിക്കുക? അത്ഭുതമില്ല. ഇങ്ങനെയൊക്കെയാണല്ലോ സിനിമാലോകം. ശാശ്വതമായി ഒന്നുമില്ല ഇവിടെ. സ്നേഹബന്ധങ്ങൾപോലും.

Tags:    
News Summary - Sudheer in Malayalam Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.