ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ‘ഓപൺഹൈമർ’, ഗ്രെറ്റയുടെ ‘ബാർബി’, ജസ്റ്റിൻ സംവിധാനംചെയ്ത ‘അനാട്ടമി ഓഫ് എ ഫോൾ’ എന്നീ സിനിമകളുടെ കാഴ്ചയും ആ സിനിമയുടെ രാഷ്ട്രീയവും ചർച്ചചെയ്യുകയാണ് ഇൗ ലേഖനം. ഇൗ സിനിമകൾ എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്?
നമ്മളെല്ലാവരും ഓടയിലാണ്, എന്നാൽ നമ്മളിൽ ചിലർ നക്ഷത്രങ്ങളെ നോക്കുകയാണ് എന്നു പറഞ്ഞത് സാഹിത്യത്തിലെ ഐറിഷ് ഇതിഹാസം ഓസ്കർ വൈൽഡാണ്. ഓടയിൽക്കിടക്കുമ്പോഴും നക്ഷത്രങ്ങളെ നോക്കുന്ന, അവയെ തൊടാൻ ശ്രമിക്കുന്ന, ആ തിളക്കത്തെ എല്ലാവരിലേക്കുമെത്തിക്കാനായി പ്രയത്നിക്കുന്ന ഏതാനും മനുഷ്യരാണ് കലാകാരൻമാർ എന്നാണ് ഞാനെന്നും വിശ്വസിച്ചിട്ടുള്ളത്. കാലം മുന്നോട്ടുപോകുന്തോറും കലയുടെ പ്രാധാന്യം കൂടിക്കൂടി വരുകയാണ്. ഭൂമിയിൽ മനുഷ്യർ എത്രയധികം കഷ്ടപ്പെടുന്നുവോ അത്രമാത്രം വർധിക്കുകയാണ് കലയുടെ പ്രസക്തിയും ഉത്തരവാദിത്തങ്ങളും. യുദ്ധവും അസമത്വവും അനീതിയും ഇരമ്പിയാർക്കുമ്പോൾ, കല എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണ്.
മനുഷ്യർക്കുമേൽ വളരെയധികം സ്വാധീനം ചെലുത്തുന്ന കലാരൂപമാണ് സിനിമ. സിനിമാരംഗത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഉന്നത ബഹുമതിയായ അക്കാദമി അവാർഡ് അഥവാ ഓസ്കറുകൾ പ്രഖ്യാപിക്കപ്പെട്ടതിനെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളും കോലാഹലങ്ങളും കെട്ടടങ്ങുന്നതേയുള്ളൂ. 2023ൽ പുറത്തിറങ്ങിയ മൂന്ന് ചലച്ചിത്രങ്ങളാണ് ഈ വേളയിൽ എനിക്കു മുന്നിലുള്ളത്. ഏഴ് ഓസ്കറുകൾ വാരിക്കൂട്ടിയ ക്രിസ്റ്റഫർ നോളന്റെ ‘ഓപൺഹൈമർ’ (Oppenheimer), പിന്നെ, ഓരോ ഓസ്കർ വീതം മാത്രം നേടിയ ഗ്രെറ്റ ഗെർവിഗിന്റെ ‘ബാർബി’ (Barbie), ജസ്റ്റിൻ ട്രീറ്റിന്റെ ‘അനാട്ടമി ഓഫ് എ ഫാൾ’ (Anatomy of a Fall) എന്നിവ.
ലോകമെമ്പാടും ആഘോഷിക്കപ്പെട്ട ചിത്രമാണ് ‘ഓപൺഹൈമർ’. ക്രിസ്റ്റഫർ നോളൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത, മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെന്ന് കണക്കാക്കപ്പെടുന്ന ഈ ഹോളിവുഡ് ചിത്രത്തിന്റെ ദൈർഘ്യം മൂന്നു മണിക്കൂറാണ്. ഹോയ്റ്റെ വാൻ ഹോയ്റ്റെമ ഛായാഗ്രഹണവും ജെന്നിഫർ ലെയിം എഡിറ്റിങ്ങും നിർവഹിച്ചു. സംഗീതം ലുഡ് വിഗ് ഗൊറാൻസൺ. കിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. നോളനും എമ്മ തോംസൻ, ചാൾസ് റോവൻ എന്നിവരും ചേർന്ന് നിർമിച്ച ഈ സിനിമയുടെ ബോക്സ് ഓഫിസ് 960.9 മില്യൺ യു.എസ് ഡോളറാണ്. മികച്ച സിനിമ, മികച്ച സംവിധായകൻ (നോളൻ), മികച്ച നടൻ (കിലിയൻ മർഫി), മികച്ച സഹനടൻ (റോബർട്ട് ഡൗണി ജൂനിയർ), മികച്ച ഛായാഗ്രഹണം (ഹോയ്റ്റെ വാൻ ഹോയ്റ്റെമ), മികച്ച എഡിറ്റിങ് (ജെന്നിഫർ ലെയിം), മികച്ച സംഗീതം (ലുഡ് വിഗ് ഗൊറാൻസൺ) എന്നിങ്ങനെ ഏഴ് ഓസ്കറുകൾക്കു പുറമെ ഗോൾഡൻ ഗ്ലോബുകളും ബാഫ്റ്റ അവാർഡുകളുമടക്കം അനവധി പുരസ്കാരങ്ങൾ ‘ഓപൺഹൈമർ’ കരസ്ഥമാക്കി.
അണുബോംബിന്റെ പിതാവ് ജെ. റോബർട്ട് ഓപൺഹൈമറുടെ ജീവിതം പറയുന്ന ചിത്രം, കായ് ബേർഡും മാർട്ടിൻ ജെ. ഷെർവിനും ചേർന്നെഴുതിയ ‘അമേരിക്കൻ പ്രൊമിത്യൂസ്’ (American Prometheus) എന്ന ജീവചരിത്രഗ്രന്ഥത്തെ ആസ്പദമാക്കിയാണ് നിർമിച്ചത്. ക്ലാസിക്കുകൾ കാണുമ്പോൾ സിനിമയെന്ന കലയോട് വല്ലാത്തൊരടുപ്പം തോന്നും. ഇങ്ങനെയൊരു ചലച്ചിത്രം വന്നുപിറന്നയിടമെന്ന് ഭൂമിയെപ്പറ്റി അഭിമാനമനുഭവപ്പെടും. മറുവശത്ത്, നിലവാരമില്ലാത്ത സിനിമകൾ മുന്നിലെത്തുമ്പോൾ അവയെ കീറിമുറിച്ചശേഷം തള്ളിക്കളയുകയും ചെയ്യും. എന്നാൽ, ആദ്യമായാണ് ഒരു ചലച്ചിത്രം കാണുമ്പോൾ, അത്രയേറെ സ്നേഹിക്കുന്ന ഈ കലാരൂപത്തോട് വെറുപ്പു തോന്നിപ്പോകുകയും ആ ചിത്രത്തെ കൊണ്ടാടിയ ലോകത്തെപ്പറ്റി ലജ്ജിക്കുകയും ചെയ്യുന്നത്. അതാണ് ‘ഓപൺഹൈമർ’.
ഓപൺഹൈമറുടെ (കിലിയൻ മർഫി) ജീവിതവും അയാൾ സൃഷ്ടിച്ച അണുബോംബിന്റെ കഥയുമാണ് ചിത്രം പറയുന്നത്. അണുബോംബിനെപ്പറ്റി കേൾക്കുമ്പോൾ, കുട്ടിക്കാലത്ത് കണ്ട, കേട്ട, എപ്പോഴും വേട്ടയാടുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ഫോട്ടോകളും കഥകളുമാണ് ഓർമയിലേക്കാദ്യം വരാറ്. എന്നാൽ, നോളൻ തന്റെ സിനിമയാരംഭിക്കുന്നത് പ്രൊമിത്യൂസിന്റെ ഐതിഹ്യത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ്. എക്കാലത്തേക്കും ഓർമിക്കപ്പെടാൻ പാകത്തിൽ ഒരനശ്വര ചരിത്രപുരുഷനായി, അഥവാ ഒരു അമേരിക്കൻ പ്രൊമിത്യൂസായി ഓപൺഹൈമറെ ഉയർത്തിക്കൊണ്ടുവരുകയാണ് ചിത്രം ചെയ്യുന്നത്. മനുഷ്യരെ തീ നൽകി സഹായിച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട പ്രൊമിത്യൂസായി, മനുഷ്യവംശത്തിനു മുഴുവൻ ഭീഷണിയായ ഒരു മാരകായുധം നിർമിച്ച ഓപൺഹൈമറെ ചിത്രീകരിക്കുന്നിടത്തുതന്നെ ഈ സിനിമയുടെ അപകടകരമായ നിലപാട് വ്യക്തമാണ്.
ഓപൺഹൈമറുടെ ധിഷണയും ശാസ്ത്രത്തിലുള്ള വൈദഗ്ധ്യവും സിനിമയിൽ ആകർഷകമായി ചിത്രീകരിച്ചിട്ടുണ്ട്. അണുബോംബിന്റെ നിർമാണത്തിനായി ഓപൺഹൈമറും കൂട്ടരും നടത്തിയ കഠിനാധ്വാനവും അവരുടെ ത്യാഗനിർഭരമായ പ്രവർത്തനവും ചിത്രത്തിൽ വളരെയധികം വിശദീകരിക്കപ്പെട്ടിരിക്കുന്നു. കോട്ടും തൊപ്പിയും ധരിച്ച് സാഹസത്തിനൊരുങ്ങുന്ന ഓപൺഹൈമർക്ക് കാമറകൊണ്ടും പശ്ചാത്തല സംഗീതംകൊണ്ടും നൽകപ്പെടുന്ന വീരപരിവേഷമോ ദൗത്യത്തിന്റെ അവസാനഘട്ടങ്ങളിൽ ഫ്രെയിമിൽ തുടർച്ചയായി കടന്നുകൂടുന്ന അമേരിക്കൻ പതാകയോ ആഹ്ലാദപ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ കേൾപ്പിക്കുന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാന്റെ പ്രസംഗമോ ഒന്നും ഒരുതരത്തിലും നിഷ്കളങ്കമല്ല.
ഓപൺഹൈമറുടെ ഏറെ വൈകിയുള്ള പശ്ചാത്താപവും നോളൻ സിനിമയിൽ കൊണ്ടുവരുന്നുണ്ട്. ചരിത്രത്തിലൊരിക്കലും ഓപൺഹൈമർ പരസ്യമായി പശ്ചാത്തപിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ല. അണുബോംബ് സൃഷ്ടിച്ച ഭീകരത വെളിപ്പെടുത്തുന്ന യുദ്ധവിരുദ്ധ സിനിമയെന്ന് പലയിടത്തും ‘ഓപൺഹൈമറെ’ പറഞ്ഞുകേട്ടു. അത്ഭുതം തോന്നുന്നു. നോളൻ തന്റെ പ്രേക്ഷകരെ എത്ര നന്നായി കബളിപ്പിക്കുന്നു! ചിത്രത്തിന്റെ ഭൂരിഭാഗവും അണുബോംബിനു പിന്നിലെ കഠിനാധ്വാനത്തെയും ആത്മാർഥതയെയും രാജ്യസ്നേഹത്തെയും ‘ലോകനന്മക്കായുള്ള ത്യാഗ’ത്തെയും വിവരിക്കാൻ ഉപയോഗിച്ചശേഷം അവസാനഭാഗത്ത് പേരിനൊരു കുറ്റബോധം കൂട്ടിച്ചേർത്ത നോളന്റെ പ്രവൃത്തി, ഇസ്രായേലിന് ആയുധങ്ങൾ നൽകിയശേഷം ഫലസ്തീനിലേക്ക് ഭക്ഷണപ്പൊതികളിടുന്ന അമേരിക്കയുടേതിനോളം കപടമാണ്.
ലോകം യുദ്ധമുഖത്ത് ആശങ്കയോടെ നിൽക്കുന്ന കാലമാണിത്. എപ്പോഴത്തേക്കാളും കൂടുതലായി നമ്മൾ മനുഷ്യരാശിക്കുവേണ്ടി നിലകൊള്ളേണ്ട കാലം. ഭൂമിക്കതൊരു വലിയ അനിവാര്യതയാണ്. കലക്കത് ഒഴിഞ്ഞുമാറാനാകാത്ത ഒരുത്തരവാദിത്തവും. ഇത്തരമൊരു സാഹചര്യത്തിൽ ലോകത്തോടു പറയാൻ കലാകാരന്മാർ എന്ത് തിരഞ്ഞെടുക്കുന്നു? ആ തിരഞ്ഞെടുപ്പിന് വലിയൊരു രാഷ്ട്രീയമുണ്ട്. നോളനും അത് ബാധകമാണ്. അണുബോംബിനു പിന്നിലെ അധ്വാനത്തെയും ഓപൺഹൈമറുടെ അനുഭവങ്ങളെയും ചിത്രീകരിക്കാനാണ് നോളൻ തീരുമാനിച്ചത്. ‘ഓപൺഹൈമർ’ എന്ന സിനിമക്കു പിന്നിലെ ഉദ്ദേശ്യം തീർത്തും മാനവവിരുദ്ധംതന്നെയാണ്.
ചരിത്രത്തിലുടനീളം ലോകത്തെ മുറിവേൽപിക്കുകയും എന്നിട്ട് സ്വയം മാലാഖ ചമയുകയും ചെയ്തിട്ടുള്ള, ഇപ്പോഴും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കയെന്ന ഭീകരരാഷ്ട്രത്തിന്റെ സ്വാർഥവും അപകടകരവുമായ താൽപര്യങ്ങളെയാണ് ‘ഓപൺഹൈമർ’ നിറവേറ്റുന്നത്. ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് വർഷത്തെ, രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായിരുന്നുവെന്ന് വരുത്തിത്തീർത്ത് ന്യായീകരിക്കുകയാണ് ഈ സിനിമ. ജപ്പാൻ കീഴടങ്ങാൻ തയാറായിരുന്നുവെന്ന വസ്തുതയെ ചിത്രത്തിൽ പ്രത്യക്ഷമായിത്തന്നെ നിഷേധിക്കുന്നുണ്ട്. നഗരത്തിൽ ബോംബ് വന്നുവീണപ്പോൾ നിന്ന നിൽപ്പിൽത്തന്നെ ആവിയായിപ്പോയ, ചരിത്രത്തിലെ ആ അജ്ഞാതമനുഷ്യനെ ഞാൻ ഓർക്കുകയാണ്. ബാല്യത്തിൽ പലപ്പോഴും ഞാനയാൾക്കുവേണ്ടി കരഞ്ഞിട്ടുണ്ട്. അയാളെ, ആ അനേകായിരങ്ങളെ ഇത്ര പെട്ടെന്ന് മറന്നുകളയാൻ തയാറായ ലോകം എന്നെ ലജ്ജിപ്പിക്കുന്നു.
യുദ്ധത്തിന്റെ ഭാഗമായി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആരും പ്രതിഷേധിക്കാൻ മുന്നോട്ടുവരാത്ത അമേരിക്ക പേടിപ്പെടുത്തുന്നൊരു വസ്തുതയാണെന്ന് ചിത്രത്തിൽത്തന്നെ പരാമർശമുണ്ട്. ലോകസമാധാനം സ്ഥാപിച്ചെടുക്കാനായി ഹൃദയഭാരത്തോടെ ചെയ്ത ഒരു ത്യാഗമെന്ന് അണുബോംബ് വർഷത്തെ വെള്ളപൂശുകയും കപടസമാധാനപ്രിയം പ്രദർശിപ്പിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന നോളൻ ഇതിഹാസമെന്ന് വാഴ്ത്തപ്പെടുകയും ‘ഓപൺഹൈമർ’ ബഹുമതികളാൽ മൂടപ്പെടുകയും ചെയ്യുന്ന ഈ ലോകം വാസ്തവത്തിൽ പേടിപ്പെടുത്തുന്നതാണ്. നിഷ്പക്ഷമായി ചരിത്രത്തെ അവതരിപ്പിക്കുന്ന ഒരു ബയോപ്പിക്കായാണ് ‘ഓപൺഹൈമർ’ അവതരിപ്പിക്കപ്പെടുന്നത്. ഈ നിഷ്പക്ഷത പൊള്ളയാണെന്നു മാത്രമല്ല, യഥാർഥ നിഷ്പക്ഷതയാണെങ്കിൽക്കൂടി ചോദ്യംചെയ്യപ്പെടേണ്ടതുമാണ്.
കാരണം, നിരുത്തരവാദപരമായ വെറും നിഷ്പക്ഷതക്കുവേണ്ടി നമുക്ക് കലാകാരന്മാരെ ആവശ്യമില്ല. കലക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അതുകൊണ്ടുതന്നെ ‘ഓപൺഹൈമർ’ക്കും രാഷ്ട്രീയമുണ്ട്. അതിലെ ഓരോ കഥാപാത്രത്തിനും ഓരോ ഡയലോഗിനും ഓരോ സംഗീതശകലത്തിനും കാമറയുടെ ഓരോ ചലനത്തിനും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിൽ ‘ഓപൺഹൈമർ’ മാനവികതയുടെ, അതായത് നമ്മുടെതന്നെ, എതിർചേരിയിലാണെന്ന് വ്യക്തമാണ്. യുദ്ധത്തെ വിമർശിക്കാൻ തയാറാകുന്നില്ല എന്ന ഒരൊറ്റക്കാരണം മാത്രം മതി, നോളൻ തെറ്റുകാരനാകാൻ.
യുദ്ധം ദുരിതങ്ങൾക്കു കാരണമായി, ശരിയാണ്, എന്നാൽ അന്ന് അതാവശ്യമായിരുന്നു എന്നതാണ് ഈ സിനിമ കൈക്കൊള്ളുന്ന നിലപാട്. അമേരിക്കക്കുള്ള ന്യായീകരണം കൂടിയാണത്. അവർ അന്നത് പറഞ്ഞു. ഇനിയും അതുതന്നെ പറയും. നമ്മൾ ഈ സിനിമ കാണുകയും ഞാൻ ഇതെഴുതുകയും ചെയ്യുന്ന സമയത്തുതന്നെ, നിഷ്കളങ്കരായ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്ന ഒരു ലോകമാണിത്. അവിടെ ‘ഓപൺഹൈമർ’ നിർവഹിക്കുന്ന ദൗത്യം തികച്ചും അപകടകരമാണ്. അത് തിരിച്ചറിയപ്പെടേണ്ടതും ചെറുക്കപ്പെടേണ്ടതുമാണ്. ചരിത്രത്തിലില്ലാതെപോയ നീതിയെ നേടിയെടുക്കുകയാണ് കല ചെയ്യുക. ആ അനീതിയെ ന്യായീകരിക്കുകയല്ല. അത്തരം ന്യായീകരണങ്ങൾ ഒരിക്കലും മാപ്പർഹിക്കുന്നുമില്ല.
ഒരു കലാസൃഷ്ടിയെന്ന നിലയിൽ ഒരുതരത്തിലും നീതി പാലിക്കുന്നതേയില്ല ‘ഓപൺഹൈമർ’. ഓപൺഹൈമറുടെ കാമുകിയായിരുന്ന ജീൻ ടാറ്റ്ലോക്കിനെ (ഫ്ലോറൻസ് പോ) വെറുമൊരു ശരീരം മാത്രമായാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമയിൽ അവരൊരു വ്യക്തിയേയല്ല, മാംസം മാത്രം. സിനിമയുടെ കഥയുമായോ അതിന്റെ ഭാവവുമായോ ഒരു ബന്ധവുമില്ലാത്തിടത്തും സ്ത്രീശരീരത്തെ വെറുമൊരു കാഴ്ചവസ്തുവായി അതിലേക്ക് കുത്തിക്കയറ്റുന്ന പഴകിയ രീതിയിലേക്ക് മടങ്ങിപ്പോയിക്കൊണ്ട് നോളൻ നിരാശപ്പെടുത്തുന്നു.
ആരെ തൃപ്തിപ്പെടുത്താനാണിത്? ‘ഓപൺഹൈമർ’ എന്ന സിനിമക്ക് അതിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളോടും വികൃതമായ സമീപനംതന്നെയാണുള്ളത്. എല്ലാവരും വെറും ശരീരങ്ങൾ. സ്വന്തമായി ഒരു വ്യക്തിത്വമില്ലാതെ, സ്വന്തമായി ഒന്നുംതന്നെയില്ലാതെ, പുരുഷനിൽ ആസക്തരാവുകയും അയാൾക്കുവേണ്ടി പരസ്പരം കലഹിക്കുകയും അയാൾക്കുവേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന നിശ്ശബ്ദശരീരങ്ങൾ. അതെ, ഏത് കോണിൽനിന്നു നോക്കിയാലും നോളന്റെ ‘ഓപൺഹൈമർ’ കമ്പോളത്തിനും എന്നേ ചവറ്റുകൊട്ടയിലെറിയപ്പെട്ട മൂല്യങ്ങളുടെ മഹത്ത്വവത്കരണത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു വെറും വിൽപനച്ചരക്കാണ്. അപകടകരമാംവിധം വിഷം വഹിക്കുന്ന ഒരു വിൽപനച്ചരക്ക്.
ചരിത്രത്തെ വക്രീകരിച്ചുണ്ടാക്കിയ ഒരു കഥയെ, സാധ്യമായതിന്റെ പരമാവധി പരത്തിയും വലിച്ചുനീട്ടിയും അവതരിപ്പിച്ച ‘ഓപൺഹൈമർ’ മികച്ച സംവിധാനത്തിനും എഡിറ്റിങ്ങിനുമുള്ള ഓസ്കറുകൾ നേടി എന്നത് ഒരു കരയിപ്പിക്കുന്ന തമാശയാണ്. ഛായാഗ്രഹണവും സംഗീതവുമെല്ലാംതന്നെ ശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ. മർഫിയുടെ പ്രകടനം മാത്രമാണ് അഭിനന്ദനീയം. മികച്ച അഭിനയമാണ് മർഫി കാഴ്ചവെച്ചിരിക്കുന്നത്. മറ്റുള്ള പുരസ്കാരങ്ങളത്രയും ദുരന്തപൂർണമായ തമാശകളോ അമേരിക്കയുടെ യുദ്ധക്കൊതിയൻ താൽപര്യങ്ങളെ വിജയകരമായി ലോകത്തിനുമേൽ അടിച്ചേൽപിച്ചതിനുള്ള പ്രതിഫലങ്ങളോ ആവാം.
സിനിമയെക്കുറിച്ചും ലോകത്തെക്കുറിച്ചുതന്നെയുമോർത്ത് നിരാശപ്പെടാനും ലജ്ജിക്കാനും ‘ഓപൺഹൈമർ’ കാരണമാകുമ്പോൾ, നക്ഷത്രങ്ങൾ ബാക്കിയുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്ന രണ്ട് കലാസൃഷ്ടികളാണ് മറുവശത്ത്. ‘ബാർബി’, ‘അനാട്ടമി ഓഫ് എ ഫോൾ’. ഗ്രെറ്റ ഗെർവിഗ്, ജസ്റ്റിൻ ട്രീറ്റ് എന്നീ സംവിധായികമാർ, കലാകാരികൾ, കല എങ്ങനെ ശക്തമായ നിലപാടുകളെടുക്കുന്നു എന്നും മനുഷ്യവംശത്തോട് അതെങ്ങനെ നീതിപുലർത്തുന്നുവെന്നും കാണിച്ചുതരുന്നു.
‘ഓപൺഹൈമർ’ക്കൊപ്പംതന്നെ തിയറ്ററിലെത്തിയ ഹോളിവുഡ് ചിത്രമാണ് ഗ്രെറ്റയുടെ ‘ബാർബി’. ഫാന്റസി കോമഡി ഗണത്തിൽ പെടുന്ന ‘ബാർബി’യുടെ ദൈർഘ്യം ഒരു മണിക്കൂർ 54 മിനിറ്റ്. ഗ്രെറ്റയുടെയും നോവ ബോംബാക്കിന്റെയും തിരക്കഥ ഗ്രെറ്റ സംവിധാനം ചെയ്തു. നിക്ക് ഹൂയ് ആണ് ചിത്രത്തിന്റെ എഡിറ്റർ. മാർക് റോൻസണും ആൻഡ്രൂ വയാറ്റും സംഗീതം ചെയ്തു. റോഡ്രിഗോ പ്രീറ്റോയുടേതാണ് ഛായാഗ്രഹണം. മാർഗോ റോബി, റയാൻ ഗോസ്ലിങ്, അമേരിക്ക ഫെറേറ, അരിയാന ഗ്രീൻബാൾറ്റ്, വിൽ ഫെറെൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മാർഗോ റോബി, ഡേവിഡ് ഹെയ്മൻ, ടോം ആക്കെർലി, റോബി ബ്രെന്നർ എന്നിവരാണ് നിർമാണം. ഒരു ഓസ്കർ മാത്രമാണ് ‘ബാർബി’ നേടിയത്. അത് മികച്ച ഗാനത്തിനുള്ളതായിരുന്നു. ഈ ചിത്രത്തിനുവേണ്ടി ബില്ലി ഐലിഷ് അവതരിപ്പിച്ച ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ?’ (What Was I Made For?) എന്ന ഗാനം. മറ്റു പുരസ്കാരങ്ങളുടെ കാര്യത്തിലും ‘ഓപൺഹൈമറെ’ക്കാൾ ഒരുപാട് പുറകിലാണ് ‘ബാർബി’. പക്ഷേ, തിയറ്ററുകളിൽ ഈ സിനിമ ‘ഓപൺഹൈമറെ’ കടത്തിവെട്ടിയ സൂപ്പർഹിറ്റായിരുന്നു. 1.446 ബില്യൺ യു.എസ് ഡോളറാണ് ‘ബാർബി’യുടെ ബോക്സ് ഓഫിസ്. ഒരു ബാർബി (മാർഗോ റോബി) മനുഷ്യരുമായും അവരുടെ ലോകവുമായും നടത്തുന്ന ഇടപെടലുകളും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ആക്ഷേപഹാസ്യ ചലച്ചിത്രത്തിന്റെ പ്രമേയം.
ലോകമെമ്പാടുമുള്ള കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ വരുതിയിലാക്കിയ പ്രസിദ്ധമായ പാവയാണ് ബാർബി. ബാർബി പാവകൾ അവരുടെ ജീവിതം ജീവിക്കുന്ന സമ്പൂർണ പിങ്ക് നഗരമായ ഒരു ബാർബി ലാൻഡിനെ ചിത്രം അവതരിപ്പിക്കുന്നു. അവിടത്തെ പ്രസിഡന്റും സുപ്രീംകോടതിയും നൊേബൽ പ്രൈസ് ജേതാക്കളും ഡയരക്ടർമാരും കലാകാരന്മാരുമെല്ലാം ബാർബികൾതന്നെയാണ്. ബാർബി പാവയുടെ രണ്ടാംതരം മാത്രമായ കെൻ എന്ന ആൺപാവയും അവിടെയുണ്ട്. ബാർബികളുടെ ഭരണത്തിനു കീഴിൽ ജീവിക്കുകയാണ് ഈ കെന്നുകൾ.
മെലിഞ്ഞുനീണ്ട ശരീരവും വെളുത്ത നിറവും നീളൻ ബ്ലോൻഡ് തലമുടിയുമുള്ള ‘സ്റ്റീരിയോടിപ്പിക്കൽ ബാർബി’യാണ് ചിത്രത്തിലെ നായികാ കഥാപാത്രം. വംശീയതയിലധിഷ്ഠിതമായ സൗന്ദര്യസങ്കൽപങ്ങളെ കൊച്ചുകുട്ടികൾക്കുമേൽ അടിച്ചേൽപിക്കുന്നതായി ബാർബി പാവകൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. പല നിറക്കാരും പല തരക്കാരുമായ ബാർബി പാവകൾ പുറത്തിറക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെയുള്ള കറുത്ത നിറക്കാരായ ബാർബികളും പല ശരീര അളവുകളിലുള്ള ബാർബികളും, ഗർഭിണിയായ ബാർബിയും വരെ സിനിമയിലെ ബാർബി ലാൻഡിലുണ്ട്.
എന്നിട്ടും, ഹൈ ഹീൽസിലാണെന്ന നിലയില്ലാത്ത ഒരു കാൽപാദം, ബാർബികൾക്ക് അംഗീകരിക്കാനാകുന്നില്ല. സൗന്ദര്യസങ്കൽപങ്ങൾ ഇനിയുമെത്ര മാറേണ്ടതുണ്ടെന്ന് ഗ്രെറ്റ ഇങ്ങനെ വിദഗ്ധമായി സൂചിപ്പിക്കുന്നു. എല്ലാ രീതിയിലും വ്യത്യസ്തമായി കാണപ്പെടുന്നു എന്നതുകൊണ്ട് ബാർബി ലാൻഡിൽ കുപ്രസിദ്ധിയാർജിച്ച ‘വിയേർഡ് ബാർബി’ (കെയ്റ്റ് മക്കിനോൺ) എന്ന കഥാപാത്രവും ഇക്കാര്യംതന്നെയാണ് പറയുന്നത്. പ്ലാസ്റ്റിക് സൗധങ്ങളും പിങ്കിൽ മുങ്ങിയ കാഴ്ചകളും സദാ പാട്ടും നൃത്തവും വിനോദങ്ങളുമുള്ള ഒരു കോമിക് ഫാന്റസി ലാൻഡിൽ നിന്നുകൊണ്ടുപോലും കൃത്യമായ രാഷ്ട്രീയം പറയുകയാണ് ‘ബാർബി’ എന്ന ചിത്രം.
സിനിമയിലെ ബാർബി തന്റെ ഉടമയെ കണ്ടെത്താനായാണ് മനുഷ്യരുടെ ലോകത്തേക്കു പോകുന്നത്. സ്റ്റീരിയോടിപ്പിക്കൽ ബാർബിയായിത്തന്നെ നിലനിൽക്കാനുള്ള താൽപര്യമാണ് അവളെ അതിലേക്കു നയിക്കുന്നതും. അവളെ പ്രണയിക്കുന്ന കെന്നും (റയാൻ ഗോസ്ലിങ്) അവളുടെ പിന്നാലെ കൂടി റിയൽ വേൾഡിലെത്തിച്ചേരുന്നു. സ്ത്രീകളെ പ്രതിനിധാനംചെയ്യുന്ന ബാർബികളുടെ ആധിപത്യത്തിലുള്ള ഒരു ലോകത്തിൽനിന്നും യഥാർഥ മനുഷ്യരുടെ ലോകത്തേക്കെത്തുമ്പോൾ ബാർബിക്കും കെന്നിനുമുണ്ടാകുന്ന അമ്പരപ്പ് ചെറുതല്ല. വന്നെത്തിയ ഉടൻ തന്നെ ബാർബി അതിശയിക്കുന്നുണ്ട്, ‘ഇതൊരു ആൺലോകമാണ്!’ എല്ലായിടത്തും പുരുഷൻമാരുടെ ആഘോഷങ്ങൾ, പുരുഷൻമാരുടെ ഭരണം, പുരുഷൻമാരുടെ മാത്രം ജീവിതങ്ങൾ. തന്നെ ഇവർ ഒരു വസ്തുവായി പരിഗണിക്കുന്നുവെന്ന് ബാർബി അലറുന്നുണ്ട്. നമ്മുടെ വ്യക്തമായ യാഥാർഥ്യമായ ഈ പാട്രിയാർക്കൽ ലോകത്ത് ഒരു സ്ത്രീയായി ജീവിക്കുന്നതുതന്നെ ഓരോ നിമിഷവും ഒരു പോരാട്ടമാകുന്നതെങ്ങനെയാണെന്ന് ബാർബിയുടെ അസ്വസ്ഥതകളിലൂടെ ഗ്രെറ്റ തുറന്നുകാട്ടുന്നു.
പക്ഷേ, പാട്രിയാർക്കി എന്നത് കെന്നിനെ സംബന്ധിച്ചിടത്തോളം ഒരാവേശകരമായ കണ്ടുപിടിത്തമാണ്. മനുഷ്യരിൽനിന്നു പാട്രിയാർക്കി പഠിച്ചെടുത്ത് ബാർബി ലാൻഡിൽ അത് കൊണ്ടുവരാനാണ് അവൻ ശ്രമിക്കുന്നത്. റിയൽ വേൾഡിലെ ബാർബിയുടെ വിവിധങ്ങളായ അനുഭവങ്ങളിലൂടെയും പുതിയ കാലത്തെ പെൺകുട്ടിയായ സാഷയുമായും (അരിയാന ഗ്രീൻബാൾറ്റ്) അവളുടെ അമ്മ ഗ്ലോറിയയുമായും (അമേരിക്ക ഫെറേറ) ബാർബിക്കുണ്ടാകുന്ന അടുപ്പത്തിലൂടെയുമെല്ലാം ചിത്രം സഞ്ചരിക്കുന്നു. തന്റെ സൗന്ദര്യവും മധുരമായ സ്വഭാവവും കാരണം എല്ലാവരും തന്നെ സ്നേഹിക്കുമെന്ന് പ്രതീക്ഷിച്ചെത്തുന്ന ഈ സ്റ്റീരിയോടിപ്പിക്കൽ ബാർബിയെ സാഷ വിളിക്കുന്നത് ഫാഷിസ്റ്റ് എന്നാണ്. നിലപാടുകളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ബാർബി ഒരുപാട് പഠിക്കുകയാണ്.
സമൂഹത്തിലെ ജീർണതകൾക്കുനേരെ ഒരു ശക്തമായ എതിർപ്പാണ് ‘ബാർബി’ ഉയർത്തുന്നത്. പുരുഷകേന്ദ്രീകൃത മൂല്യങ്ങളെ ചിത്രം രൂക്ഷമായി പരിഹസിക്കുന്നു. കെൻ മാത്രമല്ല, ബാർബിയെ നിർമിച്ച മറ്റെൽ കമ്പനിയുടെ സി.ഇ.ഒയെ (വിൽ ഫെറെൽ) അടക്കം ചിത്രം പരിഹാസത്തിനു വിധേയരാക്കുന്നു. ഫാന്റസിയിലെ കപട പിങ്ക് സ്ത്രീയാധിപത്യത്തിൽനിന്നും പുറത്തുകടന്ന് സമത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയാണ് ബാർബി.
തങ്ങളുടെ അറിവും കഴിവും പരമോന്നതമാണെന്ന് വിശ്വസിക്കുന്ന, തങ്ങളെ സ്നേഹിക്കാനും സേവിക്കാനുമുള്ള വെറും സുന്ദരസൃഷ്ടികളായി സ്ത്രീകളെ കാണുന്ന, തങ്ങൾ ചെയ്യുന്ന ചില ചെറിയ കാര്യങ്ങളെ പർവതീകരിച്ച് സ്വയം മഹാൻമാരുടെ മുഖംമൂടിയെടുത്തിടുന്ന പുരുഷൻമാരെ നിർദയം വിചാരണചെയ്യുന്ന വിപ്ലവകരമായൊരു കലാസൃഷ്ടിയാണ് ‘ബാർബി’. തനിക്ക് സ്ത്രീകളെ ഇഷ്ടമാണെന്നും തന്റെ സുഹൃത്തുക്കളിൽ ചിലർ ജൂതരാണെന്നും വരെ പറയുന്ന മറ്റെൽ സി.ഇ.ഒ ഇതെല്ലാം വലിയ പുണ്യപ്രവൃത്തികളാണെന്നാണ് കരുതുന്നത്. മറ്റൊരു സീനിൽ, തന്നോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന പുരുഷൻമാരോട് ബാർബി തനിക്കൊരു യോനിയില്ലെന്ന് പറയുമ്പോൾ അത് കുഴപ്പമില്ല എന്നാണവരുടെ മറുപടി.
നിലവിലെ അധികാര-സൗന്ദര്യ-പ്രണയ സങ്കൽപങ്ങളെയെല്ലാം പരിഹസിക്കുകയും ചോദ്യംചെയ്യുകയുമാണ് ‘ബാർബി’. സ്ത്രീയുടെ ജീവിതം, കാഴ്ചപ്പാടുകൾ, ആശയങ്ങൾ, ശരീരം, അനുഭവങ്ങൾ തുടങ്ങിയവയെല്ലാം തുറന്ന് ചർച്ചചെയ്യുന്ന സിനിമയാണിത്. ഇവയോടെല്ലാം ലോകത്തിനുള്ള സമീപനമെന്താണെന്നും അതെത്രത്തോളം മാറേണ്ടിയിരിക്കുന്നുവെന്നും ‘ബാർബി’ വിളിച്ചുപറയുന്നു. പ്ലാസ്റ്റിക്കിൽ തീർത്ത ബാർബി ലാൻഡിലൂടെ, നമ്മുടെതന്നെ ഇടയിലെ കാപട്യങ്ങളെയാണ് ചിത്രം ആക്ഷേപഹാസ്യത്തിനു വിധേയമാക്കുന്നത്. ബാർബി ലാൻഡിലേക്ക് പാട്രിയാർക്കി കൊണ്ടുവന്ന കെൻ അതിനെ കെൻ ലാൻഡാക്കുമ്പോൾ, ബാർബിയുടേതായിരുന്നതു മുഴുവൻ പിടിച്ചടക്കുമ്പോൾ, ഭരണം കൈയടക്കുമ്പോൾ, ബാർബികളെ സ്വന്തം സന്തോഷത്തിനായി ഉപയോഗിക്കുമ്പോൾ, ഭരണഘടന മാറ്റാൻ തുനിയുമ്പോൾ ബാർബിക്കനുഭവപ്പെടുന്ന അസഹ്യതയും ഒറ്റപ്പെടലും നമ്മുടെ ഈ ലോകത്ത് എത്ര വാസ്തവമാണെന്ന് തിരിച്ചറിയാൻ സാഷയും ഗ്ലോറിയയും പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
പരിഹാസ്യമായ നമ്മുടെ ലോകത്തെ, സമൂഹത്തെ, വ്യവസ്ഥിതിയെ പരിഹാസ്യമായിത്തന്നെ ചിത്രീകരിക്കുകയാണ് ‘ബാർബി’യുടെ രീതി. സ്ത്രീയെ കൈപ്പിടിയിൽ കിട്ടുമ്പോൾ മാത്രമാണ് താൻ ശക്തനാകുന്നതെന്നും സ്ത്രീ തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ തനിക്ക് പിന്നെ ഒരർഥവുമില്ലെന്നും പുരുഷൻ തിരിച്ചറിയുമ്പോൾ, സ്വന്തം സ്വത്വത്തെയും അതിന്റെ അർഥത്തെയും സ്വയം കണ്ടെത്തി സ്വതന്ത്രനാകാനാണ് ബാർബി അവനോടുപദേശിക്കുന്നത്. ഒരുപക്ഷേ, ‘ബാർബി’യിലെ ഏറ്റവും മനോഹരവും ഏറ്റവും വിപ്ലവകരവുമായ സീൻ അതാണ്. ലിംഗപരമോ വംശീയമോ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലോ ഉള്ള ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആധിപത്യമെന്ന വ്യവസ്ഥിതിയുടെ തകർച്ചയും മനുഷ്യവംശത്തിന്റെ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ലോകവുമാണ് ചിത്രം വിഭാവനംചെയ്യുന്നത്.
ബാർബിക്ക് മനുഷ്യരുമായുണ്ടാകുന്ന ബന്ധത്തിൽ നമുക്ക് ചിത്രത്തിന്റെ ഈ മാനവികസ്വഭാവം കാണാം. പാദങ്ങൾ ഹൈ ഹീൽസിലല്ലാതാകുന്നതിനെപ്പോലും ഭയന്നിരുന്ന ബാർബി, ക്രമേണ, മനുഷ്യരാണ് എന്നതുകൊണ്ടുമാത്രം മനുഷ്യർക്കു കൈവരുന്ന സൗന്ദര്യത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങുന്നു. മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഒരു സമത്വസുന്ദരലോകത്തിനായി ഗ്രെറ്റയും ‘ബാർബി’യും ശബ്ദമുയർത്തുകയാണ്. ഓടയിൽനിന്നും നക്ഷത്രങ്ങളിലേക്കുള്ള കലയുടെ മഹത്തായ കുതിപ്പു തന്നെയാണിത്. ഒറ്റ ഓസ്കർ മാത്രം നേടിയ അടുത്ത ചിത്രമാണ് ജസ്റ്റിന്റെ ‘അനാട്ടമി ഓഫ് എ ഫോൾ’. കലയുടെ ഉത്തരവാദിത്തവും കരുത്തും സത്യസന്ധതയും, ഗ്രെറ്റയെ പോലെത്തന്നെ, തീർത്തും വ്യത്യസ്തമായ മറ്റൊരു രീതിയിൽ, ജസ്റ്റിനും വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്രൈം ത്രില്ലറെന്ന് വിളിക്കപ്പെടുന്ന ‘അനാട്ടമി ഓഫ് എ ഫോൾ’, ജസ്റ്റിനും ആർതർ ഹരാരിയും ചേർന്നെഴുതി ജസ്റ്റിൻ സംവിധാനം ചെയ്ത ഒരു ഫ്രഞ്ച് സിനിമയാണ്. രണ്ട് മണിക്കൂർ 32 മിനിറ്റ് ദൈർഘ്യമുള്ള ഈ ലീഗൽ ഡ്രാമ ചിത്രത്തിൽ സാൻഡ്ര ഹൂളർ, മിലോ മക്കാഡോ-ഗ്രാൻഡർ, സ്വൻ ആർലോഡ് തുടങ്ങിയവരാണ് മുഖ്യ അഭിനേതാക്കൾ. സൈമൻ ബ്യൂഫിൽസ് ഛായാഗ്രഹണം നിർവഹിച്ചു.
ലോറന്റ് സെനേക്കർ എഡിറ്റ് ചെയ്തു. തിബോൾട്ട് ദെബോയിൻ, മ്യൂസിക് സൂപ്പർവൈസറായി പ്രവർത്തിച്ചു. മേരി-ആഞ്ജി ലുക്കെയ്നി, ഡേവിഡ് തോൺ എന്നിവർ നിർമിച്ച ‘അനാട്ടമി ഓഫ് എ ഫോളി’ന്റെ ബോക്സ് ഓഫിസ് 32.6 മില്യൺ യു.എസ് ഡോളറാണ്. മികച്ച തിരക്കഥക്കുള്ള (ജസ്റ്റിൻ ട്രീറ്റ്, ആർതർ ഹരാരി) ഓസ്കറാണ് ചിത്രത്തിനു ലഭിച്ചത്. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, പാം ഡി ഓർ അടക്കമുള്ള പുരസ്കാരങ്ങൾ ‘അനാട്ടമി ഓഫ് എ ഫോളി’നുണ്ട്. സാമുവൽ മലിസ്കി (സാമുവൽ തെയ്സ്) എന്ന വ്യക്തിയുടെ മരണത്തെ തുടർന്നുള്ള അന്വേഷണങ്ങളിലൂടെയും കോടതിവിചാരണകളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.
സാൻഡ്ര (സാൻഡ്ര ഹൂളർ) ഒരെഴുത്തുകാരിയാണ്. ഒരു പകലിൽ അവരുടെ ഭർത്താവ് സാമുവൽ (സാമുവൽ തെയ്സ്) പൊടുന്നനെ വീടിന്റെ മുകൾനിലയിൽനിന്നു വീണുമരിക്കുകയാണ്. സ്നൂപ് എന്ന വളർത്തുനായക്കൊപ്പം നടക്കാൻ പോയി മടങ്ങിവന്ന, വളരെ നേരിയ തോതിൽ മാത്രം കാഴ്ചശക്തിയുള്ള പതിനൊന്നുകാരൻ മകൻ ഡാനിയേലാണ് (മിലോ മക്കാഡോ-ഗ്രാൻഡർ) സാമുവലിന്റെ മൃതദേഹം വീടിനു മുന്നിലെ മഞ്ഞിൽ ആദ്യം കണ്ടെത്തുന്നത്. സിനിമയുടെ തുടക്കത്തിൽത്തന്നെ നടക്കുന്ന ഈ മരണമാണ് സിനിമയുടെ തുടർന്നുള്ള വികാസത്തിനാധാരം. ഡാനിയേൽ വീട്ടിലില്ലാത്ത സമയത്ത് സാൻഡ്ര ഭർത്താവിനെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് കേസിൽ സംശയിക്കപ്പെടുന്നത്.
തുടക്കത്തിൽ ഈ വാദം നമുക്ക് അടിസ്ഥാനരഹിതമായി തോന്നിയേക്കാമെങ്കിലും കോടതിയിലെ വാദപ്രതിവാദങ്ങളിലൂടെ നമുക്കു മുന്നിൽ സാൻഡ്രയുടെയും സാമുവലിന്റെയും ജീവിതം തെളിഞ്ഞുതെളിഞ്ഞുവരുമ്പോൾ ചിത്രം മാറുകയാണ്. അവർ തമ്മിൽ നിരന്തരം കലഹിച്ചിരുന്നു. അത്തരമൊരു കലഹത്തിനിടെ നടന്ന കൊലപാതകമായി സാമുവലിന്റെ മരണത്തെ സങ്കൽപിക്കുന്നത് പിന്നീടത്ര അസാധാരണമായി അനുഭവപ്പെടുകയില്ല. എന്നാൽ, താൻ ഉറങ്ങുകയായിരുന്നെന്നും ഡാനിയേലിന്റെ നിലവിളി കേട്ട് ചെന്നുനോക്കുമ്പോൾ മൃതദേഹം കാണുകയായിരുന്നെന്നുമാണ് സാൻഡ്ര പറയുന്നത്.
കഥപറച്ചിലിന്റെ അതിശയകരമായ ക്രാഫ്റ്റുണ്ട് ജസ്റ്റിന്. സാമുവലിന്റെ മരണത്തെപ്പറ്റിയുള്ള വ്യത്യസ്ത ഭാഷ്യങ്ങൾ കോടതിയിൽ അവതരിപ്പിക്കപ്പെടുകയാണ്. പക്ഷേ, ഒരിക്കൽപ്പോലും സാൻഡ്രയുടെയോ ഡാനിയേലിന്റെയോ ഓർമകളിലേക്ക് കാമറ തിരിയുന്നില്ല. അവരുടെ ജീവിതത്തെ മനസ്സിലാക്കാൻ പ്രേക്ഷകർക്കു മുന്നിലുള്ള ഏകവഴി, കോടതിയിലെ വാദപ്രതിവാദങ്ങൾ ശ്രദ്ധിച്ചുകേട്ട് അവയിൽ നിന്നും സ്വന്തമായി ഓരോരോ അനുമാനങ്ങളിലെത്തുക എന്നതാണ്. ചിത്രത്തിനകത്തേക്ക് നമ്മളെ പൂർണമായും കൂട്ടിക്കൊണ്ടുപോകാനും ചിത്രത്തിന്റെ ഭാരവും പിരിമുറുക്കവും നമ്മുടെ തലയിൽ വെച്ചുതരാനും ഇതിലൂടെ ജസ്റ്റിന് സാധിക്കുന്നു.
കോടതിയിലെ വിചാരണകൾ മുഴുവനും അവിടെയിരുന്ന് കേൾക്കുന്നുണ്ട് ഡാനിയേൽ. അച്ഛനമ്മമാരുടെ നിരന്തരമായ വഴക്കുകളെപ്പറ്റി, അവർക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങളെപ്പറ്റി കോടതിയിൽവെച്ച് കേട്ടുമനസ്സിലാക്കുന്ന ഡാനിയേൽ എന്ന കഥാപാത്രം നമുക്കും ഈ സിനിമയുടെ സങ്കീർണതകൾക്കുമിടയിലുള്ള പാലമായി പ്രവർത്തിക്കുന്നു. ഈ കഥാപാത്രം സിനിമക്കും പ്രേക്ഷകർക്കുംമേൽ ചെലുത്തുന്ന വൈകാരികമായ ഭാരം ചെറുതല്ല.
ഒരു മരണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യബന്ധങ്ങളെ ഒരു വ്യത്യസ്ത വീക്ഷണകോണിൽനിന്നും നോക്കിക്കാണാനും ആവിഷ്കരിക്കാനുമാണ് ജസ്റ്റിൻ ശ്രമിക്കുന്നത്. സാൻഡ്രയും സാമുവലും തമ്മിലുണ്ടായിരുന്ന ബന്ധമാണ് പ്രത്യക്ഷത്തിൽ സിനിമയിലുടനീളം ചർച്ചചെയ്യപ്പെടുന്നത്. ഡാനിയേലിനും സാമുവലിനുമിടയിൽ നിലനിന്നിരുന്ന ബന്ധവും നമ്മളെ വളരെയേറെ ബാധിക്കുന്നുണ്ട്. ചിത്രത്തിലെ കോടതിനടപടികൾക്കു സമാന്തരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് സാൻഡ്രയുടെയും ഡാനിയേലിന്റെയും ബന്ധം. കേസുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, സാൻഡ്രക്കും അവരുടെ അഭിഭാഷകനും പഴയ സുഹൃത്തുമായ വിൻസെന്റിനുമിടയിൽ (സ്വൻ ആർലോഡ്) ഉടലെടുക്കുന്ന ബന്ധത്തെയും ചിത്രം കൈയടക്കത്തോടെ അനാവരണം ചെയ്യുന്നു.
വാസ്തവത്തിൽ, ദാമ്പത്യ-കുടുംബ സങ്കൽപങ്ങളും വ്യവസ്ഥിതികളും ‘അനാട്ടമി ഓഫ് എ ഫോളി’ൽ വിചാരണ ചെയ്യപ്പെടുകയാണ്. മാതാപിതാക്കൾക്കിടയിൽ വഴക്കുകളുണ്ടെങ്കിലും സാമാന്യം നന്നായി പോകുന്നുവെന്ന് ഡാനിയേൽ വിശ്വസിച്ചിരുന്ന അവന്റെ കുടുംബം യഥാർഥത്തിൽ എത്രമാത്രം ശിഥിലമായിരുന്നുവെന്ന് അവൻ കോടതിയിലിരുന്ന് കേട്ടു മനസ്സിലാക്കുന്നു. ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയുമെല്ലാം പേരുകേട്ട വ്യവസ്ഥിതികളുടെ പൊള്ളത്തരങ്ങളെ ചിത്രം അതിന്റെ സങ്കീർണതകളോടുകൂടിത്തന്നെ അവതരിപ്പിക്കുന്നു.
സാൻഡ്രയുടെ വിജയകരമായ സാഹിത്യജീവിതവും സാമുവലിന്റെ വെളിച്ചംകാണാത്ത സർഗാത്മകതയും ഏഴോളം വർഷങ്ങൾക്കുമുമ്പ് മനഃപൂർവമല്ലാതെയെങ്കിലും സാമുവലിന്റെ ഒരശ്രദ്ധയെ തുടർന്ന് നടന്നതും ഡാനിയേലിന്റെ കാഴ്ച നഷ്ടപ്പെടാൻ കാരണമായതുമായ അപകടവും, തന്നെ വീട്ടിലിരുത്തി പഠിപ്പിക്കുകയും മുഴുവൻ സമയവും തന്നോടൊപ്പം ചെലവഴിക്കുകയും ചെയ്തിരുന്ന സാമുവലുമായുള്ള ഡാനിയേലിന്റെ അനുഭവങ്ങളും വിവാഹത്തിനു പുറത്തുള്ള സാൻഡ്രയുടെ ബന്ധങ്ങളും സ്വയം ഒരു ഇരയായി അഭിനയിക്കാൻ സാമുവൽ കാണിച്ചിരുന്ന വ്യഗ്രതയും ഡാനിയേലിന്റെ പിയാനോ പഠനവും ജർമനിക്കാരിയായ സാൻഡ്രയുടെയും ഫ്രഞ്ചുകാരനായ സാമുവലിന്റെയും വ്യത്യസ്ത ദേശീയ സ്വത്വങ്ങളും വീട്ടിലെ പൊതുഭാഷയായി ഇംഗ്ലീഷിന്റെ ഉപയോഗവും സാമുവലിന്റെ മാത്രം നാടായ ഫ്രാൻസിലുള്ള അവരുടെ താമസവും സ്നൂപ്പിന്റെ സാന്നിധ്യവും തുടങ്ങി അനേകം ഘടകങ്ങൾ ഇതിലുണ്ട്.
സർഗാത്മകത, ദേശീയത, ലൈംഗികത, ഭൂതകാലം, തെറ്റിനെയും ശരിയെയും കുറിച്ചുള്ള ബോധം, വിശ്വാസങ്ങൾ, സത്യസന്ധത, മനോഭാവം, സത്യം, നുണ, സത്യത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ, ചുറ്റുപാടുകൾ, പ്രകൃതി, സാമ്പത്തികസ്ഥിതി, നിയമം, വികാരം, ചിന്ത തുടങ്ങി വ്യക്തിപരവും സാർവലൗകികവും സാമൂഹികവും രാഷ്ട്രീയവും മാനസികവും പാരിസ്ഥിതികവും സാമ്പത്തികവും നൈതികവും സാംസ്കാരികവുമായ വിവിധ ഘടകങ്ങൾ ഒരു കുടുംബത്തെ അഥവാ സാധാരണ മനുഷ്യജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് തികഞ്ഞ യാഥാർഥ്യബോധത്തോടുകൂടിയും അതേസമയം വളരെ കലാപരമായും ആവിഷ്കരിക്കാനുള്ള അസാധാരണ ശ്രമമാണ് ‘അനാട്ടമി ഓഫ് എ ഫോൾ’ നടത്തുന്നത്. ഇത് സങ്കീർണമായ ഒരു സമൂഹവിമർശനമാണ്.
തന്റെ അച്ഛനമ്മമാർ കലഹിച്ചിരുന്നുവെന്ന് തനിക്കറിയാമായിരുന്നുവെന്നും പക്ഷേ, അതിത്രക്ക് അക്രമാസക്തമായിരുന്നു എന്നതിനെപ്പറ്റി തനിക്ക് ധാരണയില്ലായിരുന്നുവെന്നും ഡാനിയേൽ കരയുന്ന ഒരു സീൻ നമുക്കീ ചിത്രത്തിൽ കാണാം. കേവലമായ വൈകാരികതക്കപ്പുറത്ത് ഇതിന് മറ്റുപല മാനങ്ങളുമുണ്ട്. ഭദ്രമെന്ന് നമ്മൾ കരുതുന്ന നമ്മുടെ സാമൂഹിക വ്യവസ്ഥിതികൾ ആന്തരികമായി എത്രമാത്രം തകർന്നതും ജീർണിച്ചതുമാണെന്ന് പറയുന്ന സിനിമയാണ് ‘അനാട്ടമി ഓഫ് എ ഫോൾ’. വിവാഹം, കുടുംബം എന്നിവക്കപ്പുറത്ത് മുഴുവൻ സമൂഹത്തിനും ഇത് ബാധകമാണ്. അതുകൊണ്ടുതന്നെ, ഇത്തരം വ്യവസ്ഥിതികളുടെ ധാർമികമായ പുനർനിർമാണമല്ല ചിത്രം ലക്ഷ്യമിടുന്നത്. മനുഷ്യൻ എന്ന ആശയത്തിനാണ് ചിത്രം പ്രഥമ പരിഗണന നൽകുന്നത്.
മനുഷ്യബന്ധങ്ങളുടെ പരമമായ സൗന്ദര്യത്തെ സിനിമ അവതരിപ്പിക്കുന്നു. കുടുംബത്തെ വിമർശിച്ചുകൊണ്ടുതന്നെ ഇത് ചെയ്യുന്നത് വൈരുധ്യമല്ല. കുടുംബം പോലുള്ള ചട്ടക്കൂടുകൾക്ക് പുറത്താണ് നമ്മൾ എന്ന തിരിച്ചറിവാണ് ചിത്രം പകരാൻ ശ്രമിക്കുന്നത്. ഇതിലെ സ്ത്രീ, പുരുഷൻ, കുട്ടി എന്നിവർക്കിടയിൽ നിലനിൽക്കുന്ന ശക്തവും എല്ലാ പ്രശ്നങ്ങളോടുംകൂടിത്തന്നെ മനോഹരവുമായ ബന്ധങ്ങൾ ഇതാണ് നമ്മോടു പറയുന്നത്. നിലനിൽക്കുന്ന ദാമ്പത്യ-കുടുംബ വ്യവസ്ഥിതികൾ നമ്മളെ, മനുഷ്യരെ, നമ്മുടെ സർഗാത്മകതയെ, അനുഭവങ്ങളെ, ബന്ധങ്ങളെ ശരിയായ വിധത്തിൽ പരിഗണിക്കാനും ഉൾക്കൊള്ളാനും എത്രത്തോളം അപര്യാപ്തമാണെന്നാണ് ‘അനാട്ടമി ഓഫ് എ ഫോൾ’ പറയുന്നത്. നമ്മുടെ ലോകം വാസ്തവത്തിൽ എത്രയോ വിശാലമാണ്. നമ്മുടെ വ്യവസ്ഥിതികളാകട്ടെ ഇടുങ്ങിയതും. ഒരുപക്ഷേ ഏത് മനുഷ്യർക്കും സംഭവിക്കാവുന്ന കാര്യങ്ങളും മാറ്റങ്ങളുമാണ് സാമുവലിന്റെ മരണം സംബന്ധിച്ച കേസിനെത്തുടർന്ന് സാൻഡ്രയുടെയും ഡാനിയേലിന്റെയും ജീവിതത്തിലുണ്ടാകുന്നത്.
സാൻഡ്രയുടേതും ഡാനിയേലിന്റേതും വ്യത്യസ്ത ലോകങ്ങളാണ്. അവരുടെ പ്രായവും താൽപര്യങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളുമെല്ലാം ഈ വ്യത്യാസത്തിനാധാരമായി വരുന്നു. ഒരേ പ്രക്രിയയിലൂടെ കടന്നുപോയി അവർ എങ്ങനെ തങ്ങളുടെയീ വ്യത്യസ്ത ലോകങ്ങളെ പുതുക്കിപ്പണിയുന്നുവെന്നും വ്യത്യസ്തതകളിൽനിന്നുകൊണ്ടുതന്നെ പരസ്പരം മനസ്സിലാക്കുന്നുവെന്നും തന്മയത്വത്തോടുകൂടി ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണ് ജസ്റ്റിൻ. ഡാനിയേലിന് അവന്റെ അച്ഛനുമായി ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നു. സാമുവലിന്റെ കൊലപാതകിയായി അമ്മ ചിത്രീകരിക്കപ്പെടുന്നതിന് കോടതിയിൽ അവൻ നിരന്തരം സാക്ഷിയാണ്. അവൻ തന്നെ വെറുക്കുന്നതിനെ സാൻഡ്ര അതിയായി ഭയപ്പെടുന്നുണ്ട്.
അതേസമയം, കോടതിയിലെ അവന്റെ സാന്നിധ്യത്തെ അവർ ഒരിക്കൽപ്പോലും എതിർക്കാനോ നിരുത്സാഹപ്പെടുത്താനോ ശ്രമിക്കുന്നില്ല. പ്രായത്തിനും പലതരം പരിമിതികൾക്കും അതുപോലെത്തന്നെ നിലവിലനുഭവിക്കുന്ന മാനസികസംഘർഷങ്ങൾക്കും അതീതമായി സാൻഡ്രയും ഡാനിയേലും പരസ്പരം തുല്യരായി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, മനുഷ്യൻ എന്ന പ്രതിഭാസത്തെ ബഹുമാനിക്കാനും തുല്യത എന്ന ആശയം ഓരോരോ ചെറിയ കാര്യങ്ങളിൽപ്പോലും കൊണ്ടുവരുന്ന അത്ഭുതകരമായ മാറ്റങ്ങളെയും അവയുടെ അനിവാര്യതയെയുംപറ്റി ചിന്തിക്കാനും പ്രേക്ഷകർ പ്രചോദിപ്പിക്കപ്പെടുന്നു.
ഒരുമിച്ച് തീ കായുന്ന ഒരു സമയത്ത് സാൻഡ്രയോട് വിൻസെന്റ് ‘‘നിന്നെക്കാണാൻ ഒരു നായയെപ്പോലെയുണ്ട്’’ എന്ന് പറയുന്നുണ്ട്. ഭംഗിയുള്ള ഒരു നായ എന്നയാൾ കൂട്ടിച്ചേർക്കുകയുംചെയ്യുന്നു. ഈ ഡയലോഗിന്റെ, ഈ സീനിന്റെ സൗന്ദര്യത്തെ ഉൾക്കൊള്ളണമെങ്കിൽ നമ്മുടെ കാഴ്ചപ്പാടുകളും നമ്മുടെ സമൂഹവും ഇനിയുമൊരുപാട് വിശാലമാകേണ്ടതുണ്ട്. മാനവികതയുടെ തുറസ്സുകളെ വെളിപ്പെടുത്തി അവയിലേക്കു നമ്മളെ വിളിക്കുകയാണ് ‘അനാട്ടമി ഓഫ് എ ഫോൾ’. മനുഷ്യത്വമെന്ന യാഥാർഥ്യത്തിലേക്ക് എത്തിച്ചേരാനുള്ള സത്യസന്ധവും ആത്മാർഥവുമായ ഒരു ശ്രമമാണീ സിനിമ.
മനുഷ്യമനസ്സിന് വലിയ പ്രാധാന്യം ചിത്രം നൽകുന്നുണ്ട്. പലതരം മാനസികാവസ്ഥകളെ, സംഘർഷങ്ങളെ, സമീപനങ്ങളെ എല്ലാം ഒരു പെരുപ്പിക്കലുകളുമില്ലാതെ ‘അനാട്ടമി ഓഫ് എ ഫോൾ’ ചിത്രീകരിക്കുന്നു. ജീവിതത്തോട് സത്യസന്ധത പുലർത്താനാണ് സാൻഡ്ര എല്ലായ്പോഴും ശ്രമിക്കുന്നത്. അറിഞ്ഞുകൊണ്ടുതന്നെ സ്വയം തെറ്റിദ്ധരിപ്പിക്കുകയും തന്നത്താൻ നിർമിച്ചെടുത്ത അത്തരം വ്യാജ അനുഭവങ്ങളിലേക്ക് ഒതുങ്ങിക്കൂടുകയും അങ്ങനെ ജീവിതത്തിൽനിന്നും മറഞ്ഞിരിക്കുകയുമായിരുന്നു സാമുവലിന്റെ രീതി. സ്പർശനത്തിലൂടെയും കേൾവിയിലൂടെയും പിയാനോ സംഗീതത്തിലൂടെയും പ്രായത്തിൽക്കവിഞ്ഞ ബുദ്ധിശക്തിയിലൂടെയുമൊക്കെയാണ് ഡാനിയേൽ ലോകത്തെ മനസ്സിലാക്കുന്നത്.
ജീവിതത്തെ വ്യത്യസ്തമായൊരു കാഴ്ചപ്പാടിൽ നിന്നും വീക്ഷിക്കാനാണ് അവന്റെ ശ്രമം. സ്നൂപ് മുതൽ ലോകത്തിന്റെ ഗതി വരെയുള്ള സകലതിനെയും തന്റെയീ ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിനായി അവൻ പരിഗണിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിധത്തിലുള്ള ഒരു മാനവികദർശനത്തിന്റെ ഏറ്റവും ഉദാത്തമായ സ്ഫുരണങ്ങൾ, ഒരുപക്ഷേ, ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധിയായ ഈ ചെറിയ കുട്ടിയിലാണ് നമുക്ക് കാണാനാവുക. പ്രത്യാശാനിർഭരമായ ഒരു കലാസൃഷ്ടി തന്നെയാണ് ‘അനാട്ടമി ഓഫ് എ ഫോൾ’ എന്ന് നമുക്ക് മനസ്സിലാക്കാം.
കുടുംബം മുതൽ നിയമം വരെയുള്ള സകലതിന്റെയും വ്യത്യസ്ത വശങ്ങളെ ജസ്റ്റിൻ വിമർശനബുദ്ധിയോടെ സമീപിക്കുന്നു. കേസിന്റെ വിചാരണ എവിടെയുമെത്താതെ പുരോഗമിക്കുമ്പോൾ, കോടതിയിൽ ജഡ്ജിന് അഭിമുഖമായി നിന്ന് ഡാനിയേൽ പറയുന്നത്, ഒരു കാര്യം എങ്ങനെ സംഭവിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ അത് എന്തുകൊണ്ട് സംഭവിച്ചു എന്നാലോചിക്കാൻ നമ്മൾ തയാറാകണം എന്നാണ്. നിയമത്തിന്റെ, വ്യവസ്ഥിതിയുടെ, അധികാരത്തിന്റെ, ഭരണകൂടത്തിന്റെ കാഴ്ചപ്പാടിൽ വരുത്തേണ്ട മാറ്റത്തെപ്പറ്റി ഒരു കുട്ടി ശാന്തമായും ലളിതമായും തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയും ഒരു നിർദേശം മുന്നോട്ടുവെക്കുകയാണ്.
ലോകസിനിമയിൽത്തന്നെ എക്കാലവും ഓർമിക്കപ്പെടാൻ പോകുന്ന സീനാണിത്. മനുഷ്യരെ പരിഗണിക്കാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഒന്ന് ശ്രമിച്ചുനോക്കുക, അത് മാത്രമാണ് ഡാനിയേൽ ആവശ്യപ്പെടുന്നത്. ‘അനാട്ടമി ഓഫ് എ ഫോൾ’ മുന്നോട്ടു വെക്കുന്ന ആശയവും അതാണ്. ഇത് മുഴുവൻ ലോകത്തോടും പറയുന്ന ആവശ്യമാണ്. കല എങ്ങനെ അതിന്റെ ഉത്തരവാദിത്തം നിറവേറ്റുന്നു എന്നതിന്റെ വ്യക്തവും ശക്തവുമായ സമകാലിക ഉദാഹരണവുമാണ്.
പുതിയ കാലത്തോടും പ്രേക്ഷകരോടും നീതി പുലർത്തുന്ന രചന-സംവിധാന-എഡിറ്റിങ് മികവുകൾ കാഴ്ചവെക്കുന്ന ചിത്രമാണിത്. അർഥവത്തല്ലാത്തതായ ഒരു ഫ്രെയിംപോലും ഇതിൽ കണ്ടെത്താനാകില്ല. അധികമായി ഒരു പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല എന്നത് സിനിമയുടെ മെയ്ക്കിങ്ങിനെ സംബന്ധിച്ച മറ്റൊരു സവിശേഷതയാണ്. ഡാനിയേൽ പിയാനോ വായിക്കുമ്പോഴാണ് ചിത്രത്തിൽ സംഗീതം കടന്നുവരുന്നത്. സംഗീതത്തിൽപ്പോലും സമ്പൂർണമായ സ്വാഭാവികത എന്ന ആശയം വിജയകരമായി കൈകാര്യംചെയ്യാൻ ‘അനാട്ടമി ഓഫ് എ ഫോളി’ന് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കളുടെ പ്രകടനവും ഗംഭീരം. ആശയതലത്തിലും ആഖ്യാനതലത്തിലും മികവു പുലർത്തുന്ന ഒരു പുതിയകാല ക്ലാസിക്കാണ് ജസ്റ്റിൻ നമുക്ക് നൽകിയിരിക്കുന്നത്.
ചരിത്രത്തെ വളച്ചൊടിക്കുകയും വർത്തമാനകാലത്തോട് നീതി കാണിക്കാതിരിക്കുകയും കെട്ടുകാഴ്ചകൾകൊണ്ട് പ്രേക്ഷകരെ മയക്കുകയും സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി കാണുകയും ജനതകളുടെതന്നെ അനുഭവങ്ങളെ പരസ്യമായി നിഷേധിക്കുകയും മാപ്പർഹിക്കാത്ത കുറ്റങ്ങളെ ന്യായീകരിക്കുകയും ഭീകരതയെ മഹത്ത്വവത്കരിക്കുകയും അധമമായ രാഷ്ട്രീയലക്ഷ്യങ്ങൾ വഹിക്കുകയും ചെയ്യുന്ന ‘ഓപൺഹൈമർ’ പോലുള്ള സിനിമകൾ ചെറുക്കപ്പെടുകതന്നെ വേണം. സിനിമയിലൂടെ മാനവവിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാ കാലത്തും നടന്നിട്ടുണ്ട്. അവയെ തിരിച്ചറിയുകയും വിമർശിക്കുകയുമാണ് പ്രധാനം. അത് നാം ജീവിക്കുന്ന ഈ ലോകത്തോടുള്ള നമ്മുടെതന്നെ ഉത്തരവാദിത്തമാണ്.
മനുഷ്യരാണെന്നതുകൊണ്ടു മാത്രം നമുക്ക് കൈവരുന്ന ഉത്തരവാദിത്തം. അതിൽ നിന്നോടിയൊളിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. കാലം നമ്മളോട് വലിയ കാര്യങ്ങൾ തന്നെയാണാവശ്യപ്പെടുന്നത്. വിശക്കുന്ന, കരയുന്ന, മരിക്കുന്ന ഓരോ മനുഷ്യനോടും നമുക്ക് അഭേദ്യമായൊരു ബന്ധമുണ്ട്. ചരിത്രപരമായ മാനങ്ങൾകൂടിയുള്ള ഒരു ബന്ധമാണത്. ഹിരോഷിമയിൽ ആവിയായിപ്പോയ ഒരു മനുഷ്യന്റെയോ ഗസ്സയിൽ കൊല്ലപ്പെടുന്ന ഒരു കുട്ടിയുടെയോ സ്ഥാനത്ത് നാളെ നമ്മളായിക്കൂടെന്നില്ല. ഇത്തരമൊരവസ്ഥയിൽ, ലോകം ഇനിയുമവസാനിച്ചിട്ടില്ലെന്നും മനുഷ്യരാശിക്ക് ഇനിയുമൊരു ഭാവിയുണ്ടെന്നും വിളിച്ചുപറയുന്ന ‘ബാർബി’യും ‘അനാട്ടമി ഓഫ് എ ഫോളും’ പോലുള്ള കലാസൃഷ്ടികൾ ഏറ്റെടുക്കപ്പെടണം.
സമത്വത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും സ്നേഹത്തിനും സാഹോദര്യത്തിനും സമാധാനത്തിനും മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ സാമൂഹിക നവീകരണത്തിനുമായുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്ന ഉറപ്പാണ് ഗ്രെറ്റയും ജസ്റ്റിനും അവരെപ്പോലുള്ള അസംഖ്യം കലാകാരന്മാരും നമുക്ക് നൽകുന്നത്. ‘ബാർബി’, ‘അനാട്ടമി ഓഫ് എ ഫോൾ’ എന്നീ രണ്ട് മികച്ച സിനിമകളുടെയും സ്രഷ്ടാക്കൾ രണ്ട് സ്ത്രീകളാണെന്നതും അഭിമാനകരമായ വസ്തുത തന്നെയാണ്. ഇത്തരം ശ്രമങ്ങളെ പിന്തുണക്കാനും കൂടെനിൽക്കാനും നമുക്ക് സാധിക്കണം.
നമ്മളെല്ലാവരും ഓടയിലാണ്. പക്ഷേ, നമ്മളിൽ ചിലർ നക്ഷത്രങ്ങളെ നോക്കുന്നു. അവരുടെ, നമ്മളുടെ കൈകളിലാണ് ഈ ഭൂമി പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ആ പ്രതീക്ഷ നിറവേറ്റാൻ നടത്തുന്ന ഓരോ പരിശ്രമവും ഓരോ ത്യാഗവും ഓരോ കുതിച്ചുചാട്ടവും ഉദാത്തമെന്ന് വിളിക്കപ്പെടും. പാതിവഴിയിൽ നാം വീണുപോയാലും അവയെ ഏറ്റെടുക്കാൻ പുതിയ കരങ്ങൾ ഉശിരോടെ ഉയർന്നുവരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.