സോണി സോരി
‘മാവോവാദികളെ ഉന്മൂലനം’ചെയ്യാൻ ഇന്ത്യൻ ഭരണകൂടം മധ്യ ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഓപറേഷൻ കഗർ നടത്തുകയാണ്. നിരവധി ആദിവാസികളും മാവോവാദികളും കൊല്ലപ്പെട്ടു. ഇൗ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകയും ഭരണകൂടത്തിന്റെ പീഡനങ്ങൾക്ക് പലവട്ടം ഇരയാവുകയും ചെയ്ത സോണി സോരി കവിയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമിയോട് സംസാരിക്കുന്നു.
ഇന്ത്യയിലെ ആഭ്യന്തര അധിനിവേശത്തിന്റെ രക്തം കിനിയുന്ന വാക്കുകളിൽ നിൽക്കുകയാണ് സോണി സോരി. ഛത്തിസ്‌ഗഢിലെ ധാതുസമൃദ്ധമായ വനങ്ങളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ആദിവാസികളും രാഷ്ട്രസംവിധാനങ്ങളും തമ്മിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെ ചുരുക്കി അവതരിപ്പിക്കുന്നതാണ് അവരുടെ ജീവിതം. 2011ൽ അവരെ ഒരു മാവോവാദിയായി മുദ്രകുത്തുമ്പോൾ, ഭരണകൂടസംവിധാനങ്ങൾ ക്രിമിനൽവത്കരിക്കുന്നതിനുള്ള പഴയ പാഠരൂപങ്ങളെ –ആശയത്തെ മാത്രമല്ല, പ്രതിരോധത്തിന്റെ സർവരൂപങ്ങളെയും ക്രിമിനൽവത്കരിക്കുക– പിന്തുടരുകയായിരുന്നു ഭരണകൂടം.
അവരുടെ രണ്ടു വർഷത്തെ തടവുജീവിതം ഇന്ത്യ അതിന്റെ ഏറ്റവും അതിരുവത്കരിക്കപ്പെട്ട ശരീരങ്ങളെ എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ്. തടവറക്കുള്ളിലും അതിനുശേഷം ജില്ല പൊലീസ് സൂപ്രണ്ട് അങ്കിത് ഗാർഗും, അവരെ ലൈംഗികമായി ഉപദ്രവിച്ചെന്ന മൊഴികൾ ഉണ്ടായി. പിന്നീട് ഗാർഗിന് ധീരതക്കുള്ള പ്രസിഡന്റിന്റെ പൊലീസ് മെഡൽ ലഭിക്കുകയുണ്ടായി.
എന്നാൽ, സോരി കർക്കശമായി ഇരവാദ ആഖ്യാനത്തെ ഉപയോഗിക്കുന്നതിനെ എതിർത്തു. 2013 മുതൽ അവർ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന ഒരാളായി –ഒരു ചരിത്രാഖ്യാതാവായും സംസാരിക്കുന്ന സാക്ഷിയായും– രൂപാന്തരപ്പെട്ടു. 2016ൽ നടന്ന ഒരു ആസിഡ് ആക്രമണം കുടിയിറക്കലിന്റെ സംവിധാനത്തെ രേഖപ്പെടുത്തുന്നതിൽനിന്ന് വ്യതിചലിപ്പിച്ചില്ല. അവരുടെ സമീപകാല സാക്ഷ്യത്തിൽ അവർ ഓപറേഷൻ കഗറിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. അത് 2026 മാർച്ച് ആകുമ്പോഴേക്കും ‘മാവോവാദികളെ ഉന്മൂലനം’ ചെയ്യാനുള്ള നടപടിയാണ്. അത് ഭൂമിക്കും ആത്മാഭിമാനത്തിനും മേലുള്ള ആദിവാസികളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മറയാണ്’’ എന്നുമവർ സാക്ഷ്യപ്പെടുത്തുന്നു.
അടിയന്തര സ്വഭാവം ഉന്നയിച്ചും കൊടുംനിരാശയോടെയും സോണി വികസന മുദ്രാവാക്യവും നശീകരണവും തമ്മിലെ അവിശുദ്ധ സഖ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഭരണകൂടം പാതകളായി കാണുന്നവയെ ജീവനോപാധികളും ധാതുക്കളും ആദിവാസികളുടെ ജീവരക്തവും ഊറ്റിക്കളയുന്ന പടർന്നുപോകുന്ന ഞരമ്പുകളായാണ് അവർ കാണുന്നത്. ഉദ്യോഗസ്ഥർ സുരക്ഷാക്യാമ്പുകളെയും നിരന്തരമായി വർധിക്കുന്ന സൈനികസംഘത്തെയും ആഘോഷിക്കുമ്പോൾ, മർദനത്തിന്റെയും കുടിയിറക്കലുകളുടെയും ബലാത്സംഗങ്ങളുടെയും ഭീകരതകളെ അവർ അടയാളപ്പെടുത്തുന്നു. കോർപറേറ്റ് മാധ്യമങ്ങൾ അവയുടെ വിശ്വസ്തരായ പത്രപ്രവർത്തകരെ അയച്ച് പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകി വിജയത്തിന്റെ യുദ്ധനൃത്തങ്ങൾ ചെയ്യുമ്പോൾ, ഇന്ത്യയിലെ ആദിമനിവാസികൾക്ക് ഭരണഘടനാപരമായി നൽകപ്പെട്ടിരിക്കുന്ന വാഗ്ദാനങ്ങളെ വ്യവസ്ഥാപരമായി ഇല്ലായ്മ ചെയ്യുന്നതിനെ അവർ ആർക്കൈവ് ചെയ്യുന്നു. ഈ അഭിമുഖത്തിൽ സോരി പറയുന്നത് മണ്ണ് ധാതുസമ്പന്നവും അവിടെയുള്ള ജനങ്ങൾ അപ്രത്യക്ഷമാകാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ ജനാധിപത്യം സൈനിക കൈയേറ്റമായി രൂപാന്തരം പ്രാപിക്കുന്നു എന്നാണ്.
എല്ലാ ദിവസവും അഞ്ചോ പത്തോ ആദിവാസികൾ അറസ്റ്റ് ചെയ്യപ്പെടുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടക്കുന്നു. ആദിവാസികളുടെ ജീവിതങ്ങൾ അവസാനിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ബസ്തറിൽ പോരാടുന്നവർ ആരുമാകട്ടെ –അത് എം.ബി.എം ആകട്ടെ, സോണി സോരിയാകട്ടെ, ഹിഡ്മേ മാർകം ആകട്ടെ, എല്ലാവരെയും നക്സലുകളായി ചാപ്പകുത്തുകയും അടിച്ചമർത്തുകയുമാണ് ചെയ്യുന്നത്. അതുതന്നെയാണ് സുനിതയോടും ചെയ്തത്.
അവിടെ താമസിക്കുന്നവരെ –ആദിവാസികളെ. ഭൂമി ഒഴിപ്പിച്ചെടുക്കണമെങ്കിൽ ആദിവാസികൾ കൊലചെയ്യപ്പെടണം. ആദിവാസികളെ ഉന്മൂലനം ചെയ്യണമെങ്കിൽ നിങ്ങൾക്ക് ആദിവാസി നേതാക്കളെ നിരോധനങ്ങളിലൂടെയും അറസ്റ്റുകളിലൂടെയും ലക്ഷ്യം വെക്കണം. ഇതെല്ലാം ആദിവാസികളെ വനങ്ങളിൽനിന്ന് ഇല്ലായ്മചെയ്ത് ധാതുസമ്പുഷ്ടമായ കുന്നുകൾ വൻ മൂലധനശക്തികൾക്കു നൽകാനുള്ള വളരെയധികം ആലോചിച്ചുറപ്പിച്ച ഭരണകൂട തന്ത്രങ്ങളുടെ ഭാഗമാണ്. നക്സലൈറ്റ് എന്നത് അവർ കുത്തുന്ന ചാപ്പയാണ്. അവരുടെ യഥാർഥ യുദ്ധം വനങ്ങളിൽ താമസിക്കുന്ന ഞങ്ങൾക്കെതിരെയാണ്.
ആഭ്യന്തര മന്ത്രി പറയുന്നത് പുതിയ കാര്യമല്ല. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തവണയാണ് അത് സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് പോയും അന്താരാഷ്ട്രവേദികളിലും എല്ലായിടത്തും കൂടുതൽ തറപ്പിച്ചു പറയുന്നത്.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിരുന്ന സ്ഥലത്തേക്ക് പോകാൻ ഞങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കാനും അനുമതിയുണ്ടായിരുന്നില്ല. മാധ്യമങ്ങളോട് ഞങ്ങൾ സംസാരിക്കാൻ ശ്രമിച്ചപ്പോഴും ശബ്ദമുയർത്താൻ ശ്രമിച്ചപ്പോഴും ഞങ്ങൾ നിശ്ശബ്ദരാക്കപ്പെട്ടു. ഭരണകൂടമാണ് മൊത്തം ലോകത്തോടും സംസാരിച്ചത്. ജനങ്ങളുടെയും ബസ്തറിലെ സാമൂഹികപ്രവർത്തകരുടെയും ശബ്ദങ്ങൾ അടിച്ചമർത്തപ്പെട്ടിരുന്നു.
2026 ആകുമ്പോഴേക്കും മാവോവാദികളെ ഉന്മൂലനംചെയ്യുമെന്ന് അമിത് ഷാ പറയുന്നു. എന്താണ് ഇതിനു പിന്നിലെ യഥാർഥ തന്ത്രം? മാവോവാദി എന്ന പേരിൽ ഒരാളെ കൊല ചെയ്താൽ, അത്തരം ഒരാളുടെ തലക്ക് രണ്ട് ലക്ഷം, മൂന്ന് ലക്ഷം, നാല് ലക്ഷം എന്ന നിലയിൽ പാരിതോഷികം/ സമ്മാനത്തുക പ്രഖ്യാപിക്കപ്പെടും. യഥാർഥത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെടുന്നത് ആദിവാസി കർഷകത്തൊഴിലാളികളാണ്. പക്ഷേ, അവരെ മാവോവാദി എന്ന് പ്രസിദ്ധപ്പെടുത്തുകയാണ്. കൊലചെയ്യപ്പെട്ട ആൾക്കാരുടെ തലക്ക് 60 ലക്ഷവും ഒന്നരക്കോടിയും പാരിതോഷികപ്പണം ലഭിച്ചതായി ഞങ്ങൾ കേട്ടിട്ടുണ്ട്. നിങ്ങൾ ഒരാളെ കൊല്ലുന്നു, നിങ്ങൾ സമ്മാനം വിതരണംചെയ്യുന്നു.
പക്ഷേ, നിയമപരമായി എന്താണ് സംഭവിക്കേണ്ടത്? ആദ്യം പോസ്റ്റ്മോർട്ടം. കൊല ചെയ്യപ്പെട്ട മാവോവാദി ഏത് ഗ്രാമത്തിൽ പെടുന്നവരാണോ, അവിടത്തെ ഗ്രാമപഞ്ചായത്തിനെ അക്കാര്യം അറിയിക്കണം. കുടുംബത്തെ അക്കാര്യം അറിയിക്കണം. ഗ്രാമത്തിലെ ആൾക്കാരോട് –പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ ആൾക്കാരോട്– അക്കാര്യം പറഞ്ഞിരിക്കണം.
പക്ഷേ, അവർ ഇക്കാര്യമൊന്നും ചെയ്യുന്നില്ല. അവർ പോസ്റ്റ് മോർട്ടം നടത്തിക്കുന്നില്ല. അവർ ഇത്തരം വിവരങ്ങൾ പത്രങ്ങളിൽ അച്ചടിപ്പിക്കുന്നില്ല. ഒരു മനുഷ്യനെ കൊന്നുകഴിഞ്ഞാൽ, അയാളെ പിടികൂടിയതിന് പാരിതോഷിക പണം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇവിടെ ഓരോ ദിവസവും ഇത്രമാത്രം രക്തച്ചൊരിച്ചിൽ ഉണ്ടാകുന്നത്. ഒരാളെ കൊല്ലുക, പണം വാങ്ങുക. കീഴടങ്ങുക, പണം നേടുക.
സോണി സോരി സാമൂഹിക പ്രവർത്തനത്തിനിടെ
ഇത്തരത്തിലുള്ള എല്ലാ സൈനികവത്കരണങ്ങൾ ഉണ്ടാകുമ്പോഴും, വെടിയുണ്ടകൾ പറക്കുന്നത് നിലക്കുന്നില്ല. അമിത് ഷായും കേന്ദ്ര സർക്കാറും മാവോവാദികളെ എതിരിടാൻ പോവുകയാണെങ്കിൽ, അവർ അത് ചെയ്യേണ്ടത് നിഷ്കളങ്കരായ ആദിവാസികളെ കൊന്നുകൊണ്ടായിരിക്കരുത്. കാടുകളും കുന്നുകളും നശിപ്പിച്ചുകൊണ്ടായിരിക്കരുത്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടായിരിക്കരുത്. കുന്നുകൾ കത്തിയിരിക്കുകയാണ്. നദികൾ നശിപ്പിക്കപ്പെടുകയാണ്. ആദിവാസിക്കുട്ടികൾ കൊലചെയ്യപ്പെടുകയാണ്. അവർ അവകാശപ്പെടുന്നത് അവർ മാവോവാദികളെ ഉന്മൂലനംചെയ്യുകയാണ് എന്നാണ്. പക്ഷേ, നടക്കുന്നത് ആദിവാസികളുടെ ഉന്മൂലനമാണ് –മാവോവാദികളുടേതല്ല.
ഞാനീ വിവരം കുഴിതോണ്ടിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിവരങ്ങൾ ശേഖരിക്കാൻ ഞാൻ ഇറങ്ങിത്തിരിച്ചാൽ, എന്നെ നക്സലൈറ്റ് എന്ന് മുദ്രകുത്തുകയും കൊല ചെയ്യുകയോ ജയിലിൽ അടക്കുകയോ ചെയ്യും. പക്ഷേ, ജയിലിൽ അടക്കപ്പെടുന്നതിനെയോ കൊലചെയ്യപ്പെടുന്നതിനെയോ ഞങ്ങൾ ഭയപ്പെടുന്നില്ല. കാരണം, ഞങ്ങളുടെ പോരാട്ടം ഞങ്ങളുടെ കാടുകൾക്ക് വേണ്ടിയുള്ളതും മനുഷ്യത്വത്തിന് വേണ്ടിയുള്ളതുമാണ്.
ഗ്രാമീണർക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. ക്യാമ്പുകൾ സ്ഥാപിച്ചതിനുശേഷം, സൈനികർ ഗ്രാമങ്ങളിൽ ബോംബ് വർഷം നടത്തി. ആദിവാസി കർഷകർക്ക് അവരുടെ വയലുകളിലേക്ക് പോകാൻ സാധിക്കുന്നില്ല. വെള്ളമെടുക്കാൻ സാധിക്കുന്നില്ല. വിറകോ ബീഡിയിലകളോ ശേഖരിക്കാൻ സാധിക്കുന്നില്ല. ബീജാപൂരിൽ നിലവിലുള്ള അവസ്ഥയിതാണ്. സിൽഗേറിന് അപ്പുറമുള്ള ഒരു ഗ്രാമത്തിലാണ് ഞാൻ രാത്രി തങ്ങിയത്. ബോംബിന്റെ ശബ്ദം കേട്ട് ഞാൻ ഒരു മണിയോടെ എഴുന്നേറ്റു. എനിക്കൊപ്പമുണ്ടായിരുന്ന ഒരു ഗർഭിണി എന്നോട് പറഞ്ഞത് ഇത് നിത്യേനയുള്ള സംഭവമാണ് എന്നാണ്. ഇത്തരം ശബ്ദങ്ങൾ ഗർഭത്തിലുള്ള അവരുടെ കുഞ്ഞിനെപ്പോലും അസ്വസ്ഥമാക്കുന്നതായി അവർ പറഞ്ഞു.
അവരുടെ വയർ തൊട്ടുനോക്കാൻ അവരെന്നോട് പറഞ്ഞു. ഗർഭസ്ഥ ശിശു അസ്വസ്ഥമാകുന്നത് തൊട്ടറിയാനാവുമെന്നും അവർ പറഞ്ഞു. ആ പ്രദേശത്തെ ഭൂമിയിലും പരിസ്ഥിതിയിലും ബോംബ് വർഷമേൽപിച്ച ആഘാതത്തിന്റെ ചിത്രങ്ങളും വിഡിയോകളും എന്റെ കൈവശമുണ്ട്. നിങ്ങൾ മനുഷ്യരെ മാത്രമല്ല കൊല്ലുന്നത് –പരിസ്ഥിതിയെയും നിങ്ങൾ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് മൊത്തം രാഷ്ട്രത്തിനും പ്രാധാന്യമുള്ള വിഷയമാണ്– ഞങ്ങളുടെ മാത്രം പ്രശ്നമല്ല ഇത്.
കാരണം, ഭരണകൂടത്തിന് തുറന്നരീതിയിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല.ഭരണകൂടം എന്ന് പണം കൊടുക്കുന്നത് അവസാനിപ്പിക്കുന്നുവോ, അന്ന് ആദിവാസികൾക്കെതിരെ ഈ പ്രദേശത്ത് നടക്കുന്ന അതിക്രമങ്ങളും അവസാനിക്കും. നിങ്ങൾ വിശ്വസിക്കുകയില്ല; ചില മനുഷ്യർ മരിച്ചുകിടക്കുന്നു– നാല് ലക്ഷം പാരിതോഷികം നേടിക്കൊടുത്ത എയ്തു, മൂന്നുലക്ഷം പാരിതോഷികം നേടിക്കൊടുത്ത ഹിദ്മ, രണ്ടു ലക്ഷം പാരിതോഷികം നേടിക്കൊടുത്ത ജോഗ്ഗാ. അവരെ കൊലപ്പെടുത്തിയ ശേഷം അർധസൈനികർ ഡീജെയും സൗണ്ട് ബോക്സുകളുംവെച്ച് ആ കൊലപാതകം ആഘോഷിച്ചു. എന്തുകൊണ്ട്? അതിനു കാരണം പണമാണ്.
ഇത് അത്യന്തം ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഇന്ത്യയിൽ, പൊതുവായ ഒരു ധാരണ നിലവിലുണ്ട് –ഭൂമിയുടെ സംരക്ഷകർ സൈന്യമാണെന്ന്. ഇവിടെ, സൈനികർ ഈ രാജ്യത്തിലെ ആൾക്കാരെ കൊലചെയ്യുന്നു; ആഘോഷിക്കുന്നു. പക്ഷേ, ഇത്തരം വാർത്തകൾ ബസ്തറിനു പുറത്ത് ജനമറിയുന്നില്ല. സ്ത്രീകളെയും കുട്ടികളെയും സൈനികർ ആക്രമിക്കുന്നുണ്ട് –അല്ലേ?
കുട്ടികൾക്കു നേരെ വെടിയുണ്ടകൾ പ്രയോഗിക്കുന്നുണ്ട്. ഇന്ദ്രാവതി നദീപ്രദേശത്ത് നാലു കുഞ്ഞുങ്ങൾക്ക് വെടിയേറ്റു. ഞങ്ങളുടെ കൈവശം രേഖകളുണ്ട്. ഒരു വയസ്സുള്ള മുലകുടി മാറാത്ത ഒരു കുഞ്ഞുണ്ടായിരുന്നു. ഗ്രാമത്തിൽ അർധസൈനികർ എത്തിയപ്പോൾ, ആ കുഞ്ഞിന്റെ പിതാവ് കുഞ്ഞിനെയുംകൊണ്ട് കാട്ടിലേക്ക് ഓടിപ്പോയി. കുഞ്ഞ് കരഞ്ഞാൽ അയാൾ പിടിക്കപ്പെടുമെന്ന് ആ പിതാവ് ഭയപ്പെട്ടു. അതുകൊണ്ട് ആ കുഞ്ഞിനെ അയാൾ ഒളിപ്പിച്ചിരുത്തി. സൈനികർ അയാളെ പിടികൂടി കൊന്നു.
അവർ ആ കുഞ്ഞിനെ അവിടെ നിന്നെടുത്ത് മറ്റൊരു ഗ്രാമത്തിലേക്കു പോയി. ആ കുഞ്ഞിനെ അവിടെയുള്ളവരെ ഏൽപിച്ചു. ആ കുഞ്ഞ് അമ്മയെ അന്വേഷിച്ച് കരയുകയാണെന്ന് എനിക്കു വിവരംകിട്ടി. കാരണം, ആ കുഞ്ഞിന് മുല കുടിക്കണമായിരുന്നു. അർധസൈനിക വിഭാഗത്തിന്റെ സൈനിക നടപടികൾക്കിടയിൽ പരിക്കേറ്റ കുഞ്ഞുങ്ങളെ ഞങ്ങൾ കണ്ടപ്പോൾ, അവരുടെ മുറിവുകളിൽ പുഴുക്കൾ അരിച്ചു തുടങ്ങിയിരുന്നു. അർധസൈനിക വിഭാഗങ്ങൾ വെടിവെപ്പുകൾ നടത്തിക്കഴിഞ്ഞാൽ, മൃതദേഹങ്ങൾ അവർ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമായിരുന്നു. പാരിതോഷികപ്പണം കൈപ്പറ്റുന്നതിനാണ് അവരത് ചെയ്തിരുന്നത്. എന്നാൽ, കുട്ടികളുടെ ശരീരത്തിലാണ് വെടിയുണ്ടകൾ പാഞ്ഞതെങ്കിൽ, അവർ കുട്ടികളുടെ മൃതദേഹങ്ങൾ ക്യാമ്പുകളിലേക്ക് കൊണ്ടുവരികയില്ല. കാരണം അവർക്ക് പണം ലഭിക്കുകയില്ല. സ്ത്രീകൾക്കോ കുട്ടികൾക്കോ പ്രായമായവർക്കോ വെടിയേറ്റിട്ടുണ്ടോ എന്ന് എന്തുകൊണ്ടാണ് ഒരു അന്വേഷണവും നടക്കാത്തത്?
ഒരു വീട്ടിലേക്ക് കടന്നാൽ അവിടെയുള്ള സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുന്നതിന് പൊലീസ് അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള അംഗീകൃതമായ ഒരു ക്രമപുസ്തകം നിലവിലുണ്ട്. അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. സ്ത്രീകൾ ധാന്യം ഇടിക്കുമ്പോഴോ വസ്ത്രങ്ങൾ കഴുകുമ്പോളോ വീട്ടുകാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോളോ പ്രഭാതത്തിൽ അർധസൈനികർ വീടുകളിൽ കടന്നുകയറുന്നു. അവർ ആ സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറുന്നു, അവരുടെ സാരികൾ വലിച്ചഴിക്കുന്നു, അവരെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുംചെയ്യുന്നു. അത്തരം അനേകം സംഭവങ്ങൾ ഇവിടെയുണ്ട്. സുധയുടെ കാര്യമെടുക്കുക –അവളെ അർധസൈനികർ അവളുടെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി. ഗ്രാമത്തിലെ മറ്റു സ്ത്രീകൾ അവളെ കൊണ്ടുപോകരുതെന്ന് യാചിച്ചു പറഞ്ഞു.
അവൾക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കാൻ പറഞ്ഞു. പക്ഷേ, കൊണ്ടുപോകരുതെന്നു തന്നെ പറഞ്ഞു. എന്നാൽ, അർധസൈനികർ അവളെ ബലപൂർവം കാട്ടിലേക്ക് കൊണ്ടുപോയി. അവളുടെ വീട്ടിൽനിന്ന് അത്ര ദൂരെയൊന്നുമല്ല. അവൾ മരിക്കുന്നതുവരെ അവളെ കൂട്ടബലാത്സംഗം ചെയ്തു. ഒരൊറ്റ വെടിയുണ്ടപോലും ഉതിർത്തില്ല. അവൾ അവസാനശ്വാസം വലിച്ചപ്പോൾ, അവർ പറഞ്ഞു, ഒരു നക്സെലെറ്റിനെ കൊന്നിരിക്കുന്നു.
അവളുടെ മൃതശരീരം ദന്ദേവാഡ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നോട് പറഞ്ഞത് അവളെ വെടിവെച്ചു കൊന്നു എന്നാണ്. അവളുടെ ശരീരം എന്നെ കാണിക്കാൻ ഞാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ആവശ്യപ്പെട്ടു. ഒരൊറ്റ ബുള്ളറ്റ് മുറിവുപോലും അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഞാൻ ചോദിച്ചു: “ഇതിനെ നിങ്ങൾ പോരാട്ട കൊലപാതകം എന്നാണ് അവകാശപ്പെടുന്നതെങ്കിൽ, എന്തുകൊണ്ടാണ് ഒരൊറ്റ ബുള്ളറ്റ് മുറിവു പോലും അവളുടെ ശരീരത്തിൽ ഇല്ലാത്തത്?” ബസ്തറിലെ സ്ത്രീകൾ എന്നോട് പറഞ്ഞു, സോണി ദീദി, മരിക്കാൻ ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾക്ക് നേരെ വെടിയുണ്ടകൾ ഉതിർക്കട്ടെ. പക്ഷേ, ഞങ്ങളെ ബലാത്സംഗംചെയ്യരുത്. ഞങ്ങൾ മരിക്കാൻ തയാറാണ്. എന്നാൽ, ബലാത്സംഗം നേരിടാൻ ഞങ്ങൾ തയാറല്ല. കാരണം ഇവിടെ, ബലാത്സംഗമാണ് ഏറ്റവും ക്രൂരമായ കാര്യം.
സ്ത്രീകളെ ജീവനോടെ പീഡിപ്പിക്കുന്നു; നിന്ദിക്കുന്നു; മാന്തി കീറുന്നു; ബലാത്സംഗം ചെയ്യുന്നു അതിനെല്ലാം ശേഷം വെടിയുണ്ടകൾ ഉതിർത്ത് കൊലചെയ്യുന്നു. എത്രയധികം സ്ത്രീകളുടെ മുറിവേറ്റ, നീരുവന്നു വീർത്ത, ലൈംഗിക ഭാഗങ്ങൾ ഞാൻ ഇതിനോടകം കണ്ടിട്ടുണ്ട്! എത്രമാത്രം നീരുവന്ന, മുറിവേറ്റ തുടകൾ!
ഇത് ബസ്തറിൽ എല്ലാ ദിവസവും നടക്കുന്നു. എന്നാൽ, നിങ്ങൾ ഇതിനെക്കുറിച്ചു സംസാരിച്ചാൽ, നിങ്ങളെ മാവോവാദി എന്ന് മുദ്രകുത്തുന്നു. മനുഷ്യരെ അതിക്രൂരമായി തല്ലിച്ചതക്കുന്നു. അവരുടെ അവയവങ്ങൾ വെട്ടിമാറ്റുന്നു. ഒരു സ്ത്രീ എന്നോട് പറഞ്ഞത് അവരുടെ ഭർത്താവിന്റെയും മകന്റെയും സഹോദരന്റെയും ലിംഗങ്ങൾ അവർ ജീവനോടെയിരിക്കുമ്പോൾതന്നെ മുറിച്ചെടുത്തു എന്നാണ്. ഇവിടെ സ്ത്രീകൾ, കുട്ടികൾ, സഹോദരന്മാർ, പിതാക്കന്മാർ, കാട്, മൃഗങ്ങൾ, പക്ഷികൾ –ഒന്നും സുരക്ഷിതമല്ല.
അവർ ജനങ്ങൾക്കു നേരെ വെടിയുതിർക്കുന്നു. സ്ത്രീകളെ ബലാത്സംഗംചെയ്യുന്നു. ഇതെല്ലാം സഹിക്കാനാവാതെ അവർ ഇവിടം വിട്ടുപോകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാൽവ ജുദൂം കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ആൾക്കാർ വാറങ്കൽ ഉപേക്ഷിച്ചുപോയി. ഇതെല്ലാം ചെയ്യുന്നത് ജനങ്ങളെ അവരുടെ മണ്ണിൽനിന്ന് ഒഴിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ്. ഭൂമി ജനവാസരഹിതമാക്കിത്തീർത്താൽ, അത് വൻ മൂലധന ശക്തികൾക്ക് കൈമാറാനാണ് അവർ ഉദ്ദേശിക്കുന്നത്.
മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് സോണി സോരിയെ പൊലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
ഞങ്ങൾ കമ്പനികളെ എതിർക്കുന്നു. ഉദാഹരണത്തിന്, എൻ.എം.ഡി.സി (നാഷനൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ –ഒരു പൊതുമേഖലാ സ്ഥാപനമാണ്) ഈ പ്രദേശത്ത് 75 വർഷങ്ങൾക്കു മേലെയായി ഖനനം നടത്തുന്നു. അത് വരും തലമുറകൾക്ക് ഗുണകരമാവുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഞങ്ങളുടെ ജനങ്ങൾക്ക് തൊഴിലവസരങ്ങളും ആശുപത്രികളും സ്കൂളുകളും ലഭിക്കുമെന്ന് ഞങ്ങൾ കരുതി. ഞങ്ങൾക്കെല്ലാവർക്കും നല്ല ഭാവിയുണ്ടാകുമെന്ന് ഞങ്ങൾ കരുതി. ഇന്ന്, കുന്നുകളെല്ലാം തുരന്നെടുക്കപ്പെട്ടിരിക്കുന്നു. പക്ഷേ, കുന്നുകൾക്ക് താഴെ ജീവിക്കുന്ന മനുഷ്യർ ഇരുമ്പു ഖനികൾക്കുള്ളിൽനിന്ന് വരുന്ന ചുവന്ന വിഷമയമായ വെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു. ശിശുക്കൾ അതിജീവിക്കുന്നില്ല. കൃഷിഭൂമികൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. അവർ ലഘുവായ കാട്ടുവിഭവങ്ങൾ വിറ്റാണ് ജീവിക്കുന്നത്. ഇതാണ് ഖനനംകൊണ്ട് സംഭവിക്കുന്നതെങ്കിൽ, അതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാതിരിക്കുന്നതെന്തിന്? –എന്നോട് പറയൂ.
പിഡിയയിൽ, ഒരൊറ്റ സ്കൂളില്ല. മാവോവാദികൾ സ്കൂളുകൾ സ്ഥാപിക്കാൻ സമ്മതിക്കുന്നില്ല എന്നാണവർ പറയുക. അവിടെ ആശുപത്രികൾ ഇല്ല. മാവോവാദികൾ ആശുപത്രികൾ സ്ഥാപിക്കാൻ സമ്മതിക്കുന്നില്ല എന്നാണവർ പറയുക. ജനങ്ങളുടെ കൈവശം ഭൂ അവകാശ രേഖകളില്ല. അവർ പറയുക, മാവോവാദികൾ അവകാശ രേഖകൾ നൽകാൻ സമ്മതിക്കുന്നില്ല എന്നാണ്. ആ പ്രദേശത്ത് അംഗൻവാടികൾ ഇല്ല. അവർ പറയും, മാവോവാദികൾ അംഗൻവാടികൾ സ്ഥാപിക്കാൻ അനുവദിക്കുന്നില്ല എന്ന്. ഒരൊറ്റ തെരുവിലും ഇടവഴികളിലും ഗ്രാമങ്ങളിലും വൈദ്യുതിയില്ല. അവർ പറയും, മാവോവാദികൾ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാൻ അനുവദിക്കുന്നില്ല എന്ന്.
എല്ലാ ഗ്രാമീണ വഴികളും നേരെയാക്കണം. ഈ പ്രദേശത്ത് വൈദ്യുതി വേണം. ആശുപത്രികൾ വേണം. ജലവിതരണ സംവിധാനങ്ങൾ വേണം. കുട്ടികൾക്ക് വളരാൻ സാഹചര്യങ്ങൾ വേണം. അവിടെയാണ് വികസനം ആരംഭിക്കേണ്ടത്. അതിനുശേഷം മാത്രമേ വലിയ റോഡുകൾ വരാൻ പാടുള്ളൂ. എന്നാൽ അവർ സംസാരിക്കുക വലിയ റോഡുകളെക്കുറിച്ച് മാത്രമാണ്. പത്രപ്രവർത്തകനായ മുകേഷ് ചന്ദ്രകർ റോഡുകളുടെ പ്രശ്നത്തെക്കുറിച്ച് എഴുതാൻ തുടങ്ങിയപ്പോൾ, അയാൾ കൊല്ലപ്പെട്ടു. അദ്ദേഹത്തെ നിങ്ങൾ വികസനവിരുദ്ധൻ എന്ന് വിളിക്കുമോ? ഇവിടെ സത്യം പറയുന്നവർ നിശ്ശബ്ദരാക്കപ്പെടുന്നു. അദ്ദേഹം സത്യം പുറത്തുകൊണ്ടുവന്ന വ്യക്തിയാണ്. ഞങ്ങൾക്കും വികസനം വേണം. എന്നാൽ അവർ പറയുന്ന തരത്തിലുള്ള വികസനമല്ല ഞങ്ങൾക്കു വേണ്ടത്. ആദ്യം ഞങ്ങൾക്ക് ഞങ്ങളുടെ മൗലികാവകാശങ്ങൾ സ്ഥാപിച്ചു തരൂ. അതിനുശേഷം അവർക്ക് വികസനം സാധ്യമാക്കാം. അതിനുപകരം, അവർക്കെല്ലാം താൽപര്യം ഈ വലിയ കമ്പനികളെ സേവിക്കുക എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.