ബോഫോഴ്സ് അഴിമതിക്കഥകൾ പുറത്തുകൊണ്ടുവരുകയും പിന്നീട് ‘ഇന്ത്യ വിൽപനക്ക്’ എന്ന പുസ്തകം രചിക്കുകയും ചെയ്ത മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യം സംസാരിക്കുന്നു. അന്ന് വാർത്ത പുറത്തുകൊണ്ടുവന്ന രീതികളെക്കുറിച്ചും സമകാലിക പത്രപ്രവർത്തന രീതികളെക്കുറിച്ചുമാണ് ഇൗ സംഭാഷണം.
അതൊരു യുദ്ധമായിരുന്നു. പ്രതിപക്ഷം നടത്തിയ ബഹുജനയുദ്ധം. ബോഫോഴ്സ് പീരങ്കി ഇടപാടിലെ അഴിമതി ആരോപണങ്ങളായിരുന്നു ആ യുദ്ധത്തിലെ ആയുധം. അതിന്റെ രേഖകൾ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത് അന്ന് ഗർഭിണിയായ പത്രപ്രവർത്തക ചിത്ര സുബ്രഹ്മണ്യമായിരുന്നു. ദീർഘനാൾ നീണ്ട യുദ്ധം കലാശക്കൊട്ടിലെത്തിയത് 1989ലെ പൊതുതെരഞ്ഞെടുപ്പോടെയാണ്.
ഇന്ദിര ഗാന്ധിയുടെ മരണത്തിനുശേഷം വന് ഭൂരിപക്ഷത്തോടെ അധികാരത്തില് വന്ന രാജീവ് ഗാന്ധിയുടെ കോണ്ഗ്രസ് സര്ക്കാറിനെ 1989ല് അധികാരത്തില്നിന്ന് പുറത്താക്കിയത് ബോഫോഴ്സ് അഴിമതി ആരോപണമായിരുന്നു. ടെലിവിഷന് വാര്ത്ത ചാനലുകളോ ഓണ്ലൈന് മീഡിയയോ ഇല്ലാത്ത അക്കാലത്ത് ‘ഹിന്ദു’ പത്രത്തിലൂടെ ചിത്ര സുബ്രഹ്മണ്യം പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകളാണ് വി.പി. സിങ്ങിന്റെ രാജിയിലേക്കും കോണ്ഗ്രസിലെ പിളര്പ്പിലേക്കും തെരഞ്ഞെടുപ്പ് തോല്വിയിലേക്കും നയിച്ചത്. ഗർഭിണിയാണെന്നതും കണക്കാക്കാതെ ആയുധ ഇടപാടുകാരെ വരെ തേടിപ്പോയി തന്റെ നിർഭയമായ അന്വേഷണത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ച വാർത്തകൾകൊണ്ട് മന്ത്രിസഭയെത്തന്നെ മുട്ടുകുത്തിച്ച ചിത്ര സുബ്രമണ്യം, അന്നത്തെ തന്റെ അന്വേഷണ വഴികളെ കുറിച്ച് കേരള മീഡിയ അക്കാദമി എറണാകുളം സംഘടിപ്പിച്ച ഗ്ലോബൽ മീഡിയ ഫെസ്റ്റിൽ യുവ മാധ്യമപ്രവർത്തകരോട് സംവദിച്ചു. അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ് മോഡറേറ്ററായിരുന്നു. ആ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
ബോഫോഴ്സ് അഴിമതിയെക്കുറിച്ച് ചിത്ര സുബ്രഹ്മണ്യം എഴുതിയ വാർത്തകളിലൊന്ന്
ചിത്ര സുബ്രഹ്മണ്യം: ബോഫോഴ്സ് അഴിമതി സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് സ്വീഡനിലെ സ്റ്റേറ്റ് റേഡിയോ ആയിരുന്നു. 1987 ഏപ്രിൽ 16ന് ആയിരുന്നു അത്. അന്ന് ഞാൻ ജനീവയിൽ താമസമായിരുന്നു. റേഡിയോയിൽ വന്ന വാർത്ത ഞാൻ കേട്ടിരുന്നില്ല. ഡൽഹിയിൽനിന്ന് എന്റെ ഒരു സുഹൃത്ത് വിളിച്ചു. അന്ന് ലാൻഡ് ഫോൺ മാത്രമാണുള്ളത്. അതിൽ വിളിച്ചാൽ കിട്ടാൻ വളരെ പ്രയാസവുമായിരുന്നു. എന്നിട്ടും അവർ വിളിച്ചു ചോദിച്ചു, സ്വീഡിഷ് റേഡിയോയിൽ വന്ന വാർത്ത എന്തായിരുന്നുവെന്ന്. അങ്ങനെ ഞാൻ അന്വേഷിച്ചപ്പോൾ സ്വീഡനിലെ വലിയ ആയുധ നിർമാണ കമ്പനിയായ ബോഫോഴ്സുമായി വലിയൊരു കരാർ ഇന്ത്യക്കുണ്ട്. അതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെയും സ്വീഡനിലെയും പ്രമുഖരായ ചിലർ കോഴ കൈപ്പറ്റി. ഈ പണം ചില രഹസ്യ സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നു എന്നീ വിവരങ്ങളാണ് റേഡിയോയിൽ വന്നതെന്ന് അറിഞ്ഞു. റേഡിയോ വാർത്തയിൽ ആരുടെയും പേരുകൾ പറഞ്ഞിരുന്നില്ല. അതായിരുന്നു അതിലെ രസകരമായ കാര്യം. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് അതിൽ ബന്ധമുണ്ട് എന്ന ആരോപണം ഉയർന്നുവെങ്കിലും അദ്ദേഹത്തിന് അതിൽ എന്തെങ്കിലും ബന്ധമുണ്ടാകും എന്ന് ഞാൻ കരുതിയതേയില്ല. കാരണം, അദ്ദേഹം അമ്മയുടെ കൊലപാതകവും അതിന്റെ പശ്ചാത്തലത്തിൽ അധികാരത്തിൽ വരുകയും ഒക്കെ ചെയ്ത ആളായിരുന്നല്ലോ. കോൺഗ്രസിന്റെ നൂറാം വാർഷികാഘോഷം മഹാരാഷ്ട്രയിൽ നടക്കവേ രാജീവ് ഗാന്ധി പ്രസ്താവിച്ചത് ‘‘കോൺഗ്രസ് പാർട്ടിയെ അടിമുടി പരിഷ്കരിക്കും. ഇന്ത്യയെ വൻ ശക്തിയായി മാറ്റും’’ എന്നൊക്കെയായിരുന്നു. അതൊക്കെ ഞാൻ വളരെ പ്രതീക്ഷയോടെയാണ് കേട്ടത്. അതിനാൽ അദ്ദേഹത്തിനോ കുടുംബത്തിനോ ഇതുപോലുള്ള അഴിമതിയുമായി എന്തെങ്കിലും ബന്ധമുണ്ടാകും എന്ന് കരുതിയതേയില്ല. ഞാൻ അന്ന് ‘ഹിന്ദു’വിന്റെ താൽക്കാലിക ലേഖികയായാണ് ജനീവയിൽ പ്രവർത്തിക്കുന്നത്. ‘ഹിന്ദു’വിന്റെ എഡിറ്റർ എൻ. റാം എന്നെ വിളിച്ചു. ബോഫോഴ്സുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ കുറിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചുകൊണ്ടിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് ബോഫോഴ്സുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടിത്തുടങ്ങി. അന്ന് ഞാൻ എന്റെ മകനെ ഗർഭംധരിച്ചിരിക്കയായിരുന്നു.
അന്ന് പ്രതിപക്ഷം രാജീവ് ഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുവരുകയായിരുന്നു. ബോഫോഴ്സുമായി ബന്ധപ്പെട്ട് കിട്ടിയ വിവരങ്ങൾ ഞാൻ പത്രത്തിൽ കൊടുത്തുകൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എസ്.ബി.ഡബ്ല്യൂ സബ്മറൈൻ വാങ്ങിയതിൽ ഇടനിലക്കാരുടെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ടും ആരോപണങ്ങളുയർന്നു. രണ്ട് ആരോപണങ്ങളെയും ചൊല്ലി പ്രധാനമന്ത്രിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അന്നത്തെ പ്രതിരോധ മന്ത്രി വി.പി. സിങ് രാജിെവച്ചു.
രാജിവ് ഗാന്ധിയും വി.പി സിങ്ങും
ഒരു ദിവസം കുറച്ചുപേർ ജനീവയിൽ യു.എന്നിലെ എന്റെ ഓഫിസിലേക്ക് വന്നു. അന്ന് അവിടെ പത്രപ്രവർത്തകർക്ക് കാബിൻ അനുവദിച്ചിരുന്നു. വന്നവരിൽ ഒരു വനിതാ പത്രപ്രവർത്തകയുണ്ടായിരുന്നു. അവർ രാജീവ് ഗാന്ധി പറഞ്ഞതനുസരിച്ച് എന്ന് പറഞ്ഞ് ഒരു വാഗ്ദാനം തന്നു. എന്നെ സർക്കാറിലേക്ക് എടുക്കാമെന്നായിരുന്നു അത്. എന്നെ എടുക്കുന്നത് ജുഡീഷ്യറിയിലേക്കാണോ സെക്രേട്ടറിയറ്റിലേക്കാണോ പാർലമെന്റിലേക്കാണോ എന്ന് മനസ്സിലായില്ല. പക്ഷേ, രാജീവ് ഗാന്ധി അഴിമതി കാട്ടിയെന്നതിന്റെ സൂചനയാണ് അതെന്ന് അതോടെ മനസ്സിലായി.
ആദ്യം ഞാൻ വാർത്ത കൊടുത്തത് സ്വിസ് ബാങ്ക് അക്കൗണ്ടുകളെ കുറിച്ചായിരുന്നു. എന്താണ് സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ പ്രത്യേകത, അവിടെ എങ്ങനെ അക്കൗണ്ട് സ്വന്തമാക്കാം എന്നെല്ലാമായിരുന്നു അത്. അത്തരം വാർത്തകൾ വന്നു തുടങ്ങിയപ്പോൾ പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ജോർജ് ഫെർണാണ്ടസ് ജനീവയിൽ വന്നു. റെയിൽവേ സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. ഞാൻ ആദ്യമായാണ് ഒരു ഇന്ത്യൻ ദേശീയ നേതാവിനെ നേരിട്ട് കാണുന്നത്. അദ്ദേഹം ആദ്യമായായിരിക്കാം പൂർണ ഗർഭിണിയായ ഒരു ഇന്ത്യൻ പത്രപ്രവർത്തകയെ കാണുന്നത്. അദ്ദേഹം സ്വീഡനിലെ രജിസ്ട്രി ഓഫ് കോമേഴ്സിൽ പോയി അവിടെ രജിസ്റ്റർ ചെയ്ത കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. അദ്ദേഹത്തിൽനിന്നാണ് ‘ഹൊവിറ്റ്സർ’ പീരങ്കികളുടെ വിശേഷങ്ങൾ മനസ്സിലാക്കിയത്.
അപ്പോഴേക്കും സ്വീഡനിലെ പത്രങ്ങളിലും ബോഫോഴ്സ് ഇടപാടുകളെ കുറിച്ച് വാർത്തകൾ വന്നുതുടങ്ങിയിരുന്നു. എന്റെ സുഹൃത്തായ ഒരു സ്വീഡിഷ് പത്രപ്രവർത്തകൻ രഹസ്യ അക്കൗണ്ടുകൾ തുലിപ്, ലോട്ടസ്, മോണ്ട് ബ്ലാങ്ക്, സ്പെൻസാ, ഏരീസ് സർവിസസ് എന്നീ പേരുകളിലാണെന്ന് കണ്ടെത്തി. ഈ അക്കൗണ്ടുകളിലേക്കാണ് ഈ സമയത്ത് പണം എത്തിയതെന്ന് മനസ്സിലായി. ലോട്ടസ് എന്നാൽ രാജീവ് എന്നതിന്റെ പര്യായപദമാണ്. സ്വീഡനിലെ പ്രധാനമന്ത്രിയായിരുന്ന ഒലോഫ് പാമെയും ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും വലിയ സുഹൃത്തുക്കളായിരുന്നു. ആരോപണങ്ങൾ ഇവർ രണ്ടുപേരും നിഷേധിച്ചു.
ഞാൻ നടത്തിയ അന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച് 350ഓളം രേഖകൾ ലഭിച്ചു. അക്കൗണ്ടുകൾ തുടങ്ങിയത്, അവയിലേക്ക് വലിയ തുകകൾ എത്തിയത് തുടങ്ങിയതിന്റെ രേഖകളായിരുന്നു അവ. അതേക്കുറിച്ചെല്ലാം എഴുതിക്കൊണ്ടിരുന്നു. അപ്പോഴേക്കും രാജീവ് ഗാന്ധിയുടെ രാജി ആവശ്യം ഉയർന്നു തുടങ്ങി. രാജീവ് ഗാന്ധി ആ അക്കൗണ്ടുമായി തനിക്ക് ഒരു ബന്ധവുമിെല്ലന്ന് പറഞ്ഞ് നിഷേധിച്ചു. അന്നാണ് രാജീവ് ഗാന്ധി കള്ളംപറയുന്നുവെന്ന് ആദ്യമായി മനസ്സിലായത്.
ജനീവയിൽ അന്ന് ശീതയുദ്ധം കഴിഞ്ഞതിനു ശേഷമുള്ള പുതിയ അന്തരീക്ഷമായിരുന്നു. ജനീവ ആയുധ കച്ചവടക്കാരുടെയും ചാരന്മാരുടെയും ഒക്കെ താവളമായിരുന്നു. ഇവരുമായി ബന്ധപ്പെട്ട മോശകാര്യങ്ങളെല്ലാം നടക്കുന്ന സ്ഥലമായിരുന്നു. അന്ന് എനിക്ക് ഒരു സോഴ്സ് ഉണ്ടായിരുന്നു. അവർ ഒരു പത്രപ്രവർത്തകയായിരുന്നു. അവർ എനിക്ക് ഒരു ആയുധ ഇടപാടുകാരനെ പരിചയപ്പെടുത്തിത്തന്നു. ഗർഭിണിയായ ഞാൻ അന്ന് ആയുധ ഇടപാടുകാരെ പോയി കണ്ടു. ആയുധ ഇടപാടുകൾ നടക്കുന്ന രീതി അയാൾ പറഞ്ഞുതന്നു. അത് കേട്ടപ്പോഴാണ് അതിലെ വലിയ കളികൾ മനസ്സിലായത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ അവരുടെ കളികൾ അദ്ദേഹം വിവരിച്ചു. ഈ ഭീകരരായ ആൾക്കാർ നിഷ്കളങ്കരായ ജനങ്ങളുടെ വിധി നിർണയിക്കുന്നതെങ്ങനെയെന്ന് അന്ന് മനസ്സിലായി. അയാളിൽനിന്ന് ആയുധ ഇടപാടിൽ ‘സംഘം’ എന്ന കമ്പനിയുടെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചു. ഹിന്ദുജ ഫാമിലിയുടേതായിരുന്നു സംഘം എന്ന കമ്പനി. അവരുടേത് ‘വെജിറ്റേറിയൻ’ ഫാമിലിയാണ്. ദൈവഭയമുള്ള കുടുംബമാണ്. എന്നിട്ടും അവർ ഇറാനിലെ ഷായെ വിരൽ തുമ്പിലിട്ട് നൃത്തം ചെയ്യിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുജമാർ എത്ര പവർഫുൾ ആണെന്ന് അതിൽനിന്ന് മനസ്സിലായി. ഹിന്ദുജമാർക്ക് സ്വിസ് ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധമുള്ളതായി അദ്ദേഹം പറഞ്ഞില്ല. എന്നാൽ, അവർക്ക് ബന്ധമുണ്ട് എന്ന് ആ പറച്ചിലുകളിൽനിന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. ഇതേക്കുറിച്ചെല്ലാമുള്ള വാർത്തകൾ നൽകിക്കൊണ്ടിരുന്നപ്പോൾ ഒരിക്കലും എൻ. റാം ഇതിന്റെയെല്ലാം സോഴ്സ് എെന്തന്ന് ചോദിക്കാതിരിക്കാനുള്ള ഒരു പത്രപ്രവർത്തകന്റേതായ മാന്യത കാട്ടി. ഇന്നേവരെ അത് എന്നോട് അദ്ദേഹം ചോദിച്ചിട്ടില്ല.
അന്ന് ഞാൻ സ്റ്റോക്ഹോമിലെ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിൽ പത്രപ്രവർത്തകരോട് അടുത്ത് ഇടപഴകുന്നവരെ കണ്ടെത്തി അവരെ നിരന്തരം വിളിക്കുമായിരുന്നു. യഥാർഥ വിവരങ്ങൾ ലഭിക്കുന്ന ഉറവിടം ഉണ്ടാകുകയെന്നത് ഒരു പത്രപ്രവർത്തനത്തിലെ ഭാഗ്യകരമായ അനുഭവമാണ്. അപൂർവമായേ അങ്ങനെ ഉണ്ടാകാറുള്ളൂ.
ബോഫോഴ്സ് കമ്പനി അന്ന് ലോകത്ത് മിക്കയിടത്തും ആയുധക്കച്ചവടം നടത്തുന്നുണ്ടായിരുന്നു. കിഴക്കൻ യൂറോപ്പിലെ സംഘർഷ ബാധിത പ്രദേശങ്ങളിലെല്ലാം അവർ ആയുധം നൽകിയിരുന്നു. നിങ്ങൾക്കറിയാമോ, വിയറ്റ്നാമിൽ വരെ അന്ന് അവർ ആയുധ കച്ചവടം നടത്തിയിരുന്നു. അത് നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ? ഏഴുവർഷം നീണ്ട വിയറ്റ്നാം ആഭ്യന്തര യുദ്ധത്തിൽ ഇരുപക്ഷത്തിനും ബോഫോഴ്സ് കമ്പനി ആയുധം വിറ്റിരുന്നു. അത് എത്ര ജുഗുപ്സാവഹമാണെന്ന് മനസ്സിലാക്കുക.
അപ്പോൾ ഞാൻ ഒമ്പതുമാസം ഗർഭിണിയാണ്. ഈ സമയത്ത് എന്നെ പരിചരിക്കുന്നതിന് എന്റെ അമ്മ സ്റ്റോ
ക്ഹോമിലെത്തിയിരുന്നു. ആഗസ്റ്റ് 20ന് അതായത് ഞാൻ എന്റെ വാർത്ത ഫയൽ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് സ്റ്റോക്ഹോമിൽ എന്നെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ആശുപത്രിയിൽ വിളിച്ചു. അവർ സിസേറിയൻ നടത്തണമെന്ന് പറഞ്ഞു. അന്ന് ജനീവയിലെ സ്വകാര്യ ആശുപത്രികൾ സിസേറിയൻ ചെയ്യാൻ എല്ലാവരെയും നിർബന്ധിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. അതിനാൽ അടിയന്തരമായി സിസേറിയൻ നടത്തേണ്ട എന്ന് തീരുമാനിച്ചു.
എനിക്ക് വിവരങ്ങൾ ലഭിച്ചത് 10 ദിവസം മുമ്പാണ്. വർഷങ്ങൾക്കുമുമ്പ് നടന്ന ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്ന് എനിക്ക് ലഭിച്ചത്. ഇന്ത്യയുടെയും സ്വിറ്റ്സർലൻഡിന്റെയും ചരിത്രത്തിൽ ആദ്യമാണ് ഒരു വാർത്തയെ തുടർന്ന് ഒരു സർക്കാർ നിലംപതിക്കുന്നത്. രാജ്യത്തെ കൊള്ളയടിക്കുന്ന ക്രിമിനലുകളെ ജനം െവച്ചുപൊറുപ്പിക്കില്ല എന്നുകൂടി വെളിപ്പെടുകയായിരുന്നു അതിലൂടെ. നമ്മുടെ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ മൂല്യങ്ങൾ ചോർത്തുന്ന തുളകളൊന്നുമില്ലെന്നും തെളിയുകയായിരുന്നു.
ബോഫോഴ്സ് സംബന്ധിച്ച പരമ്പര വന്നതോടെ ‘ഹിന്ദു’വിന് ആയിരക്കണക്കിന് കോപ്പികൂടി. പക്ഷേ, പരമ്പര ‘ഹിന്ദു’ നിർത്തിെവക്കാൻ കാരണം അവരുടെ കുടുംബത്തിൽ അതേച്ചൊല്ലിയുണ്ടായ തർക്കങ്ങളായിരുന്നു. കോൺഗ്രസിെന്റ നേതൃത്വത്തിൽനിന്ന് അവരുടെ കുടുംബത്തിന് വളരെ സമ്മർദമുണ്ടായി. അതോടെ, അത് നൽകാനായി അവരുടെ എതിരാളികളായ പത്രങ്ങൾ മുന്നോട്ടുവന്നു. അതൊരു മാജിക്കായി തോന്നി. ‘ഇന്ത്യൻ എക്സ്പ്രസും’ ‘സ്റ്റേറ്റ്സ് മാനു’മായിരുന്നു അത്. പല പത്രങ്ങളെയും റേഡിയോകളെയുമൊക്കെ കോൺഗ്രസ് നേതൃത്വം ഈ വാർത്തകൾ നൽകരുതെന്ന് ചട്ടംകെട്ടിയിരുന്നു.
2012ലാണ് എന്റെ പ്രധാന സോഴ്സിനെ ഞാൻ മുഖാമുഖം കാണുന്നത്. സ്വീഡിഷ് പൊലീസ് ഉദ്യോഗസ്ഥനായ സ്റ്റെൻ ലിൻഡ് സ്ട്രോം ആയിരുന്നു അത്. അദ്ദേഹം സോഷ്യൽ ഡെമോക്രാറ്റിക് ചിന്താഗതിക്കാരനായിരുന്നു. ബോഫോഴ്സ് കേസ് അന്വേഷിക്കുന്നതിന് സ്വീഡിഷ് സർക്കാർ നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. ലഭിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് പറ്റിയ ആൾ ഞാനാണെന്ന് അദ്ദേഹത്തിന് തോന്നി.
ആരോപണങ്ങൾ കോൺഗ്രസിന് എതിരെ ആയിരുന്നില്ല. എന്റെ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഓഫിസിനെതിരെയായിരുന്നു. അന്ന് പ്രധാനമന്ത്രി തന്റെ ഓഫിസ് നശിപ്പിച്ചു. ജുഡീഷ്യറിയെ നശിപ്പിച്ചു. രാജ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും നശിപ്പിച്ചു. ആർമിയെപ്പോലും നശിപ്പിച്ചു. അന്ന് ജനീവയിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രത്യേക ആളുകളെ നിയോഗിച്ചിരുന്നു. അന്ന് എന്റെ നേരെയുണ്ടായതുപോലുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരും വായ തുറക്കരുത് എന്ന സമീപനമായിരുന്നു അന്ന് സർക്കാറിന്. വാർത്തകൾ പുറത്തുവന്നതോടെയാണ് രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും പ്രതിരോധ സഹമന്ത്രിയുമായ അരുൺ സിങ് രാജിെവച്ചത്.
കേരള മീഡിയ അക്കാദമി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘ഗ്ലോബൽ മീഡിയ ഫെസ്റ്റിൽ’ ചിത്ര സുബ്രഹ്മണ്യം സംസാരിക്കുന്നു. ജോസി ജോസഫ് സമീപം
ഞാൻ ഒലോഫ് പാമെയുടെ വലിയ ഫാൻ ആയിരുന്നു. പക്ഷേ, പിന്നീട് അദ്ദേഹം തെറ്റായ വഴിയിലാണെന്ന് ഞാൻ കണ്ടു. അതുകൊണ്ട് അദ്ദേഹം കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. ഒലോഫ് പാമെ കള്ളംപറയുന്ന ആളായിരുന്നു, രാജീവ് ഗാന്ധിയെപ്പോലെ. സ്വീഡനിലെ അഞ്ച് അക്കൗണ്ടുകളുമായി രാജീവ് ഗാന്ധിയെ കൂടാതെ സോണിയക്കും അവരുടെ കുടുംബസുഹൃത്തും ഇറ്റലിക്കാരനുമായ ഒക്ടോവിയ ക്വത്റോച്ചിയുമായും ബന്ധമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഗോപി അറോറ, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നാഗർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി എൻ.എൻ. വോറ, ക്വത്റോച്ചി എന്നിവർ യോഗം ചേർന്നാണ് മാധ്യമങ്ങളോട് എന്ത് പറയണമെന്ന് തീരുമാനിച്ചിരുന്നത്.
ഞാൻ അന്ന് മറ്റു പത്രപ്രവർത്തകരെ സമീപിച്ചത് ഐക്യത്തോടെ പ്രവർത്തിക്കാനായിരുന്നു. അങ്ങനെ ഒരു ഐക്യം ഉണ്ടായിരുന്നില്ല എങ്കിൽ ഇത്രത്തോളം വിശദ വിവരശേഖരണം സാധ്യമാകുമായിരുന്നില്ല. ഈ വിഷയത്തിൽ അമിതാഭ് ബച്ചന്റെ റോൾ എെന്തന്ന് കണ്ടെത്താനാകുമായിരുന്നില്ല. അമിതാഭ് ബച്ചന് ബോഫോഴ്സ് ഇടപാടുമായി ബന്ധമുെണ്ടന്ന് ആദ്യം സംശയിച്ചിരുന്നു.
ഞാൻ ഒന്നര വർഷത്തോളം ഇതേക്കുറിച്ച് അന്വേഷണങ്ങൾ നടത്തി. അപ്പോൾ ആറാമത് ഒരു അക്കൗണ്ടുകൂടി ഇതുമായി ബന്ധപ്പെട്ട് ഉള്ളതായി സംശയം തോന്നി. പിന്നീട് എത്ര സമയമെടുത്താണ് ആരുടേതെന്ന് കണ്ടെത്തിയത്. ബി.എ.സി.എച്ച്.സി.എച്ച്. അതായത് അമിതാഭ് ബച്ചൻ. അതേക്കുറിച്ച് എഴുതിയപ്പോൾ അമിതാഭ് ബച്ചൻ എന്നെ വിളിച്ചു. പിന്നീടുള്ള അന്വേഷണങ്ങളിലാണ് ബച്ചന് ഒരു റോളുമുണ്ടായിരുന്നില്ല എന്ന് വ്യക്തമായത്.
അന്വേഷണാത്മക പത്രപ്രവർത്തനം ഇപ്പോൾ പലരും അവരുടെ വ്യക്തിപരമായ താൽപര്യം അനുസരിച്ച് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഒരു നല്ല വ്യക്തിത്വമുള്ളവർക്കേ നല്ല പത്രപ്രവർത്തകരാകാൻ കഴിയൂ. ഒരിക്കലും അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ പേരിൽ ഒരാളുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ അവകാശമില്ല. സ്വകാര്യത എല്ലാ വ്യക്തികളുടെയും അവകാശമാണ്. കുറഞ്ഞപക്ഷം സ്വതന്ത്രരായ, വിശ്വസിക്കാവുന്ന രണ്ട് സോഴ്സുകളെങ്കിലും നമുക്ക് ഒരു വാർത്ത തയാറാക്കാൻ ആവശ്യമാണ്. നമ്മൾ ഒരിക്കലും അവർക്കൊപ്പം സഞ്ചരിക്കരുത്. ഒരുവ്യക്തിയുടെ സ്വകാര്യത കറുത്ത ഏരിയയാണ്. എന്തിനാണ് ഞാൻ പത്രപ്രവർത്തന മേഖലയിലെത്തിയത് എന്ന് ഓരോരുത്തർക്കും ബോധ്യമുണ്ടാകണം. എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന ബോധ്യമുണ്ടാകണം. ആരെങ്കിലും പറഞ്ഞത് കേട്ടതുകൊണ്ട് ഈ മേഖലയിലെത്തിയാൽ നല്ല ജേണലിസ്റ്റാകില്ല. ആർക്കെങ്കിലും വെറുതെ അസ്വസ്ഥതയുണ്ടാക്കുന്നത് നല്ല പത്രപ്രവർത്തനമല്ല. ഞങ്ങൾ പൊറുക്കാൻ പോകുന്നില്ല
എന്റെ എഡിറ്റർമാർ മൂല്യാധിഷ്ഠിത നിലപാടല്ല സ്വീകരിക്കുന്നത് എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്റെ പിന്നാമ്പുറത്ത് എന്റെ എഡിറ്റർമാർ ഹിന്ദുജമാരുമായി സംസാരിക്കുന്നു. ഒരാൾ ആയുധ ഇടപാടുകാരുമായി സംസാരിക്കുന്നു. എൺപതുകളുടെ ആദ്യം ഞാൻ ഫ്രാങ്ക്ഫർട്ടിലായിരുന്നു. അന്ന് ലോക ചരിത്രത്തിൽതന്നെ വളരെയേറെ ആരോപണങ്ങൾ ഉയരുന്ന സമയമായിരുന്നു. അന്നൊക്കെ ഞാൻ വെറും പൂജ്യമായിരുന്നു. എന്നെ ആരും അറിയുമായിരുന്നില്ല. പക്ഷേ, ബോഫോഴ്സ് ഇടപാടിൽ രാജീവ് ഗാന്ധിയുടെ പങ്കിനെ കുറിച്ച് വാർത്തകൾ നൽകിത്തുടങ്ങിയ സമയത്ത് എന്റെ ഫ്ലാറ്റ് നിറയെ ആളുകളായിരുന്നു. അതു സംബന്ധിച്ച രേഖകൾ ചോദിച്ച് എത്തിയവരും നിരവധിയായിരുന്നു. ആ വാർത്തകൾ സർക്കാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാർത്തകളായിരുന്നു. അതേസമയം, അത് വളരെ ആഴത്തിൽ വ്യക്തിപരമായ കാര്യങ്ങളായിരുന്നു. ബാങ്ക് അക്കൗണ്ടുമായും മറ്റും ബന്ധപ്പെട്ടവയായിരുന്നു. എന്നിട്ടും അത് നൽകിയത് പൊതുവായ നന്മക്കു വേണ്ടിയായിരുന്നു.
ജേണലിസം വളരെ പവിത്രമായ പ്രവൃത്തിയാണെന്ന് താങ്കൾ പറഞ്ഞു. നിലവിലെ ഇന്ത്യയിൽ അത് എങ്ങനെ വിശദീകരിക്കാനാകും?
ജേണലിസം വളരെ പവിത്രമായ പ്രവൃത്തിയാണ്. പക്ഷേ, പലരും നമുക്കു ചുറ്റുമുള്ള വെള്ളം മലിനമാക്കുന്നു. അത് നമ്മൾ അവഗണിച്ച് നേരെതന്നെ പോകണം. ഗുരുവായൂരപ്പനെ കാണാൻ പോകുന്ന വിശുദ്ധിയോടെയാകണം ഒരു വാർത്തയെ സമീപിക്കേണ്ടത്. ഒരു ആരാധനാലയത്തിൽ പോകുന്ന വിശുദ്ധിയോടെയാകണം സമീപിക്കേണ്ടത്. നമ്മൾ പറയുന്നത് കാര്യകാരണ സഹിതമായാൽ നമ്മളെ കേൾക്കാൻ ആളുണ്ടാകും. നമുക്കു ചുറ്റും ഒരു സമൂഹത്തെ സൃഷ്ടിക്കാനാകും. അപ്പോൾ സമൂഹത്തിൽ നമുക്ക് ഒരിടം ലഭിക്കും. നമ്മുടെ ഇടം എന്തെന്ന് നമ്മളോട് ആരും പറഞ്ഞുതരില്ല. നമ്മൾ അത് സൃഷ്ടിച്ചെടുക്കണം.
ജേണലിസം പൊതുവായ നന്മക്കുവേണ്ടിയാണ്. അത് പൊതുജനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. പത്രപ്രവർത്തകർ മുഴുവൻ നിലകൊള്ളുന്നത് പൊതുജനത്തിനുവേണ്ടിയാണ്. ഒരാൾ ഒരു സെക്കൻഡെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കുന്നുവെങ്കിൽ അത് എനിക്ക് ലഭിക്കുന്ന ആദരവാണ്. ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് ഞാനറിഞ്ഞിടത്തോളം സത്യങ്ങൾ പറയാമെന്നാണ്. ആ വിശ്വാസം എനിക്കുണ്ട്. എല്ലാദിവസവും ജീവിക്കുന്നതിനുള്ള അവകാശം നമുക്ക് ആർജിക്കണം. അതൊക്കെ നാളെ രാവിലെ ആകട്ടെ എന്നുെവക്കാൻ പാടില്ല.
നിലവിലെ ഭരണസംവിധാനം വളരെ പരിതാപകരമായ അവസ്ഥയിലാണ്. അവർ പത്രപ്രവർത്തനത്തിന്റെ എല്ലാ വിശുദ്ധിയും നശിപ്പിക്കുകയാണ്. അങ്ങനെയെങ്കിൽ പത്രപ്രവർത്തനത്തിന്റെ പവിത്രതയും വിശുദ്ധിയും എങ്ങനെ നിലനിർത്താനാകും?
ചരിത്രത്തിലുടനീളം നോക്കിയാൽ അതിനിശിതമായും മയപ്പെടുത്തിയും അധികാരത്തിലുള്ളവരെ വിമർശിച്ചവരുണ്ടെന്ന് കാണാം. അധികാരത്തിലുള്ളവർ മാധ്യമങ്ങളെ മുറുകെ പിടിക്കാൻ ശ്രമിച്ച കാലഘട്ടങ്ങളുണ്ട്. അതിനെയെല്ലാം മാധ്യമമേഖല അതിജീവിച്ചിട്ടുണ്ട്. നരകങ്ങളിലും വൻ ചുഴികളിലും പണിയെടുത്ത അനുഭവമാണ് മാധ്യമ മേഖലക്കുള്ളത്.
നിങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നുതന്നെ നിങ്ങളാ കഥ പറയണം എന്ന് കരുതരുത്. സമയമെടുക്കും, തിരക്കുകൂട്ടരുത്. വിവരങ്ങൾ ശേഖരിക്കുക. ചെറിയ പക്ഷികൾ കൂടുണ്ടാക്കുന്നതുപോലെ. അതിനിടെ ചിലർ നിങ്ങളുടെ സഹായത്തിനെത്തും. ചിലർ ചിലതൊക്കെ ചൂണ്ടിക്കാട്ടിത്തരും. നിരന്തരം നിങ്ങൾ അതേക്കുറിച്ച് അവരുമായി പറഞ്ഞുകൊണ്ടിരിക്കുക. അവസാനം നിങ്ങൾ വിജയിക്കുന്ന ദിവസം വരും. അവസാനം വിജയത്തിന്റെ പ്രകാശം കാണുമെന്ന് ഉറപ്പിച്ചു പറയാം.
നിങ്ങൾ സ്വാതന്ത്ര്യസമര ഭടന്മാരെ നോക്കുക. യുദ്ധമുഖത്തുള്ള ജനങ്ങളെ നോക്കുക. അവരെല്ലാം വിജയിച്ചവരാണ്. എത്രയോ മാധ്യമപ്രവർത്തകർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അവരുടെ പേനയുടെ കരുത്തുപയോഗിച്ചായിരുന്നു അത്. അടിയന്തരാവസ്ഥ കാലത്ത് എന്തെല്ലാം നിയന്ത്രണമായിരുന്നു. അവസാനം ആ സർക്കാർ പോകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനായില്ലേ. ആ സർക്കാറിന് നമ്മൾ തുരങ്കംെവച്ചുവെന്ന് പറയാറുണ്ട്. അത്തരം വിമർശനങ്ങളെ കുറിച്ച് നമ്മൾ ആകുലപ്പെടേണ്ടതില്ല. അവസാനം നമ്മൾ വിജയിക്കുക തന്നെയായിരുന്നു.
ഇപ്പോൾ വീണ്ടും എല്ലാവരും ഒരുമിച്ച് ഒരു മൂലയിലേക്ക് തിരിഞ്ഞിരിക്കയാണ്. സത്യസന്ധത സത്യസന്ധതയെ ആകർഷിക്കുന്നതുപോലെ വെളിച്ചം വെളിച്ചത്തെ ആകർഷിക്കുന്നതുപോലെ. ഇത് എളുപ്പമുള്ള കാര്യമല്ലായിരുന്നിട്ടുപോലും. എന്നിരുന്നാലും ഞങ്ങൾ വിജയിക്കും. അതിൽ എനിക്ക് സംശയമില്ല.
താങ്കളുടെ ബോഫോഴ്സ് റിപ്പോർട്ടുകൾ സൃഷ്ടിച്ച അനന്തരഫലംപോലെയാകുമോ ഇപ്പോഴത്തെ അദാനിക്ക് എതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെയും അനന്തരഫലങ്ങൾ? രണ്ടും വ്യത്യസ്തസംഭവങ്ങളാണ് എങ്കിൽപോലും താരതമ്യം ചെയ്താൽ എന്താണ് അഭിപ്രായം?
രണ്ടും വളരെ വ്യത്യസ്തമാണ്. താരതമ്യം ചെയ്യാനാവില്ല. എന്തെന്നാൽ എനിക്ക് അന്ന് ഇതുപോലെ തയാറാക്കിയ ഒരു റിപ്പോർട്ട് ലഭിച്ചിരുന്നില്ല. ഞാൻ സ്വയം തയാറാക്കുകയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ മികച്ച ജേണലിസവുമായി താരതമ്യം ചെയ്യാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.