മാധ്യമം ആഴ്ചപ്പതിപ്പിൽ അജിത് എം. പച്ചനാടനും ഡോ. റീം എസും കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയും (ലക്കം: 1397) തുടക്കം കുറിച്ച്, ലക്കം 1399ൽ ശബരിയും ലക്കം 1400ൽ ഡോ. കെ.പി. രവിചന്ദ്രനും തുടർന്ന് എഴുതിയ ഡിസെബിലിറ്റി പൊളിറ്റിക്സ് ലേഖനങ്ങൾ ഉള്ളുലയുന്ന വേദനയോടെയാണ് വായിച്ചുതീർത്തത്.
പുരോഗമന ജനാധിപത്യപരമെന്ന് നാമൊക്കെ മേനി നടിക്കുന്ന നമ്മുടെ സാമൂഹിക ഘടനയിൽ എത്രമാത്രം മനുഷ്യത്വ വിരുദ്ധവും മാനവിക വിരുദ്ധവുമായ ആശയങ്ങളും ഭാഷാപ്രയോഗങ്ങളുമാണ് നിലനിൽക്കുന്നത് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പച്ചനാടൻ വരച്ചു കാണിക്കുന്നത്. നാം വാഴ്ത്തിപ്പാടുന്ന ചില നവോത്ഥാന തമ്പുരാക്കന്മാർ തന്നെ അറിഞ്ഞോ അറിയാതെയോ വൈദിക ബ്രാഹ്മണ്യ മേൽക്കോയ്മാ കാഴ്ചപ്പാടിലൂടെയാണ് മനുഷ്യരെ ഉദ്ധരിക്കാൻ തുനിഞ്ഞിറങ്ങിയത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
ആദിവാസികളുടെ ആവാസവ്യവസ്ഥയിൽ ഭരണകൂട ഒത്താശയോടെ കടന്നുകയറി വിഭവക്കൊള്ള നടത്തുന്ന കോർപറേറ്റുകളെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റുചില കാര്യങ്ങൾകൂടി ഓർത്തു. ആദിവാസികളുടെ തനതായ ഗോത്ര കലകൾ ഏതെങ്കിലും ഉത്സവ വേദികളിൽ അവതരിപ്പിക്കാൻ ആദിവാസികൾ അല്ലാത്ത സമൂഹങ്ങളിൽനിന്നും എത്ര പേരുണ്ട്?
ജനകീയ കലകൾ എന്ന് നാം പേരിട്ടു വിളിക്കുന്ന ക്ഷേത്രകലകളിലും ഒപ്പന, മാർഗംകളി തുടങ്ങിയ കലാരൂപങ്ങളിലും വർണംകൊണ്ട് കറുപ്പായവർക്കും ആദിവാസികൾക്കും എത്രകണ്ട് ഇടമുണ്ട്?
കറുത്ത വർണം ഉള്ളവരെ വെള്ളച്ചായം തേച്ച് വെളുപ്പിച്ചെടുത്തെങ്കിലേ ചിലർക്ക് തൃപ്തിയാകൂ.എന്നിട്ടും ഇതൊക്കെ ഇപ്പോഴും പുരോഗമന കലകൾതന്നെ!ശബരി എഴുതിയ ‘ഡിസെബിലിറ്റി സ്വത്വം/ വാക്ക്/ ഭാഷ/ രാഷ്ട്രീയം’ എന്ന തലക്കെട്ടിലെ ഡിസെബിലിറ്റി രാഷ്ട്രീയ ചർച്ചയിൽ നിലവിലുള്ള നമ്മുടെ പാരമ്പര്യ രാഷ്ട്രീയ സംവിധാനങ്ങളിൽ ഡിസെബിലിറ്റി സമൂഹം നേരിടേണ്ടിവരുന്ന ക്രൂരമായ പുറംതള്ളലുകളെ വരച്ചുകാട്ടുന്നു. ഏതാണ്ട് എല്ലാ രംഗങ്ങളിലും ഡിസെബിലിറ്റി വ്യക്തികളോട് വിവേചനപരമായ സമീപനം നിലനിൽക്കുന്ന നമ്മുടെ സാമൂഹിക രാഷ്ട്രീയ അധികാര ഘടനക്കുള്ളിൽ നിന്നുകൊണ്ട് ഡിസേബ്ൾഡ് വ്യക്തികൾക്ക് സ്വാഭിമാനവും തുല്യതാബോധവും ഉറപ്പുവരുത്താൻ എങ്ങനെ കഴിയും?
നമ്മുടെ വ്യവസ്ഥിതിയുടെ കാഴ്ചപ്പാടുകളിൽ മൗലികമായിത്തന്നെ ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ വ്യവസ്ഥിതിയെ പൊളിച്ചെഴുത്തുകൾക്ക് വിധേയമാക്കേണ്ടതുണ്ട് എന്നുമാണല്ലോ പടിക്കെട്ടുകൾക്കു മുന്നിൽ നിസ്സഹായനായി വീൽചെയറിൽ ഇരിക്കുന്ന ആ ഡിസേബ്ൾഡ് വ്യക്തിയുടെ ചിത്രം നമ്മോട് പറയുന്നത്.ഡിസേബ്ൾഡ് വ്യക്തികളെക്കൂടി പരിഗണിക്കുന്ന രീതിയിൽ നമ്മുടെ കെട്ടിടനിർമാണം ഉൾപ്പെടെയുള്ള പൊതു നിർമിതികളിലെ ചട്ടങ്ങൾ നിയമപരമായിത്തന്നെ തിരുത്തിയെഴുതാൻ സർക്കാറുകൾക്ക് ഇപ്പോഴും എന്തുകൊണ്ട് കഴിയുന്നില്ല?
അടുക്കള ആവശ്യത്തിന് നിർമിച്ച ഒരു വേസ്റ്റ് കുഴിക്ക് ആഴം പോരാ എന്ന കാരണത്താൽ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്തവിധം നിയമമുള്ള നാട്ടിലാണ് ഡിസേബ്ൾഡ് വ്യക്തികൾ സമൂഹത്തിന്റെ ദയക്കും കാരുണ്യത്തിനും വേണ്ടി പടിക്കെട്ടുകൾക്കു മുന്നിൽ ഇങ്ങനെ യാചിച്ചിരിക്കുന്നത് എന്നോർക്കണം.
ഡിസേബ്ൾഡ് സമൂഹത്തിന്റെ രാഷ്ട്രീയ ആവശ്യങ്ങളും അധികാര പങ്കാളിത്തവും ഉറപ്പുവരുത്താൻ നിലവിലുള്ള നമ്മുടെ സാമൂഹിക രാഷ്ട്രീയ അധികാര ഘടനയിൽ വലിയ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്. ത്രിതല പഞ്ചായത്ത് തലം മുതൽ നിയമസഭ-പാർലമെന്റ് സീറ്റുകളിലെല്ലാം എത്ര ഡിസേബ്ൾഡ് ജനപ്രതിനിധികളുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?
ഡിസേബ്ൾഡ് വ്യക്തികളെ പരിഗണിച്ചുകൊണ്ട് നമ്മുടെ വ്യവസ്ഥിതിയിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്തുകൾ നടത്താൻ ഇനിയൊട്ടും വൈകിക്കൂടെന്ന് ഈ ചർച്ച ബോധ്യപ്പെടുത്തുന്നു. ഡോ. കെ.പി. രവിചന്ദ്രൻ എഴുതിയ ‘പൂർണത സങ്കൽപങ്ങളെയും ശേഷി അധീശത്വ രാഷ്ട്രീയത്തെയും അംഗീകരിക്കാൻ ആവില്ല’ എന്ന ലേഖനം വേറിട്ട വായനാനുഭവമായി. മതങ്ങളും മറ്റ് ആശയവാദ കാഴ്ചപ്പാടുകളും ശേഷി അധീശത്വ രാഷ്ട്രീയവും ഒന്നിച്ചുചേർന്ന് ഡിസെബിലിറ്റിയെ പുറന്തള്ളലിന്റെ ഉപാധിയാക്കി എന്ന് ലേഖകൻ എഴുതിയത് തീർത്തും ശരിയായിരിക്കുമ്പോൾതന്നെ, അത്തരം മത ആശയവാദങ്ങൾക്കപ്പുറം ഏതാണ്ട് എല്ലാ മത സമൂഹങ്ങളും ഡിസെബിലിറ്റി സമൂഹത്തെ ചേർത്തുപിടിക്കലിന്റേതായ കർമപഥത്തിലൂടെ പ്രായോഗികമായി തിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഡിസെബിലിറ്റി സമൂഹം ഉൾപ്പെടെയുള്ള അനേകായിരം മനുഷ്യരെ കരുതലോടെ സംരക്ഷിക്കുന്ന പാലിയേറ്റിവ് സംവിധാനങ്ങളുൾപ്പെടെയുള്ള നിരവധിയായ സ്ഥാപനങ്ങൾ ഒരു സമാന്തര ആരോഗ്യ മേഖലയായി തന്നെ മതസമൂഹങ്ങൾ ഒറ്റക്കും പൊതുസമൂഹവുമായി കൂടിച്ചേർന്നും ഇന്ന് വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു എന്നതും കാണാതിരുന്നുകൂടാ. മനുഷ്യബന്ധങ്ങളെ സാമ്പത്തികമായ ലാഭ-നഷ്ടങ്ങളുടെ മാനദണ്ഡത്തിൽ മാത്രം നോക്കി കാണുന്ന ആധുനിക കമ്പോള സമൂഹത്തിൽ ഡിസെബിലിറ്റി സമൂഹത്തിന് എത്രത്തോളം കരുതലും തുല്യതയും കിട്ടുന്നുണ്ട് എന്നതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ലാഭാധിഷ്ഠിത കമ്പോള സംസ്കാരത്തിൽ ഡിസെബിലിറ്റി സമൂഹം എന്നും കളത്തിന് പുറത്തായിരിക്കും. കാരണം, കമ്പോള സംസ്കാരത്തിൽ എന്തിനെയും കേവലം ഒരു ഉൽപന്നമായി കാണുന്നതിനാൽ മൂലധനശേഷി ഇല്ലാത്ത, വിവാഹത്തിനോ കുടുംബ ജീവിതത്തിനോ സന്താനോൽപാദനത്തിനോ കൊള്ളരുതാത്തവരായി തരംതാഴ്ത്തപ്പെട്ടവരത്രയും ഒട്ടും വിലയില്ലാത്തവരത്രെ. ചേർത്തുപിടിക്കലും കാരുണ്യവും സഹാനുഭൂതിയും കമ്പോള ഭാഷയിൽ ലാഭകരമല്ല.ഡിസെബിലിറ്റി സമൂഹത്തിന് തുല്യാവകാശം ഉറപ്പുവരുത്തുന്ന പ്രത്യേകമായ കരുതലുള്ള മാനവികതയുടേതായ നവ സംസ്കാരമാണ് വളർന്നുവരേണ്ടത്. അടിയന്തര പ്രാധാന്യമുള്ളതും അങ്ങേയറ്റം പുരോഗമനോന്മുഖവുമായ ഇത്തരമൊരു ചർച്ചക്ക് ഇടംഅനുവദിച്ചതിലൂടെ മാധ്യമം ആഴ്ചപ്പതിപ്പ് മാധ്യമധർമം ഉയർത്തിപ്പിടിച്ച് മുന്നോട്ടു നീങ്ങുന്നു എന്നു കാണുന്നതും ശുഭോദർക്കംതന്നെ.
സുഭാഷ് കബീർ വി.കെ, നമ്പൂരിപ്പൊട്ടി
ഭരണഘടന വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുമ്പോൾ ആഴ്ചപ്പതിപ്പിന്റെ പുതുവർഷപ്പതിപ്പ് തുടക്കം കുറിച്ച ഭരണഘടനാ സംവാദം കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നായി. ഭരണഘടന 75 വർഷം പിന്നിടുമ്പോൾ അതിൽ വിഭാവനംചെയ്തിരിക്കുന്ന ജനാധിപത്യവും മതേതരത്വവും ഇനി ആവശ്യമില്ല എന്ന തലത്തിലേക്ക് ഭരണ സവർണ വിഭാഗങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്.
ജാതിചിന്തയുടെ കരാള ഹസ്തങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്ന വ്യക്തി ഭരണഘടനാ ശിൽപിയായി മാറിയ ധന്യമുഹൂർത്തത്തിന് സാക്ഷിയാകാൻ ഭാഗ്യമുണ്ടായവരാണ് നമ്മളെങ്കിൽ അതേ നമ്മൾക്ക് ജാതി ചിന്തയുടെ പേരിൽതന്നെ ഭരണഘടന ശിൽപിയെ അവമതിക്കുന്നതും കാണേണ്ടിവരുന്നു. ജനാധിപത്യവ്യം മതനിരപേക്ഷതയും എന്നല്ല ഭരണഘടന തന്നെ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് പുതുവർഷാരംഭത്തിൽ ആഴ്ചപ്പതിപ്പ് തുടങ്ങിവെച്ച സംവാദം ഗൗരവമുള്ള വായനക്ക് വിഭവമൊരുക്കുന്നു. ഡോ. സെബാസ്റ്റ്യൻ പോളിന്റെയും അഡ്വ. വി.എൻ. ഹരിദാസിന്റെയും ലേഖനങ്ങളിലൂടെ അതിന് തുടക്കമായി. തുടക്കത്തിന്റെ തുടർച്ചക്കായി കാത്തിരിക്കുന്നു.
ദിലീപ് വി. മുഹമ്മദ് മൂവാറ്റുപുഴ
അനുപമമായ ലയഭംഗിയോടെ, വൈകാരികാനുഭവങ്ങൾ നിറച്ച് പ്രിയ സുനിൽ എഴുതിയ ‘ഖാസി താഴ് വരയിലെ പൈൻ മരങ്ങൾ’ എന്ന കഥ 1980കളിൽ ഞാൻ ജോലിചെയ്തിരുന്ന മേഘാലയ സ്മൃതികൾ എന്നിൽ പിടഞ്ഞുണർത്തി (ലക്കം: 1397). സുഖദുഃഖ സ്മൃതികളും അനുഭവങ്ങളുടെ അടരുകളും ഒട്ടേറെ സ്വപ്നങ്ങളും അതിലേറെ സ്വപ്നഭംഗങ്ങളും നിറച്ചുവെച്ച ആ കഥ എനിക്കെന്നോ നഷ്ടപ്പെട്ടുപോയ ഓർമച്ചെപ്പിന്റെ താക്കോലായിരുന്നു.
നിറഭംഗിയാർന്ന് ആരെയും മോഹമുഗ്ധരാക്കുന്ന വൈവിധ്യമാർന്ന പൂക്കളും അതിനേക്കാൾ ലാവണ്യവതികളായ യുവതികളും നിറഞ്ഞ ‘മേഘങ്ങളുടെ ആ താഴ്വാരം’ അന്നും ഇന്നും എന്നെ ഭ്രമിപ്പിക്കുന്നു. കഥാനായകനായ ഡേവീസിന്റെ കാമുകി ഡാരിയെപ്പോലെ എനിക്കുമുണ്ടായിരുന്നു ഒരു തെരേസ. മേഘാലയയിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂനിവേഴ്സിറ്റി അതായത് NEHUവിലെ എന്റെ സഹപ്രവർത്തകയായിരുന്നു അവൾ. NEHUവിൽ ബി.എഡ് സെന്റർ തുടങ്ങിയെന്നറിഞ്ഞ് സീറ്റു തേടി കേരളത്തിൽനിന്ന് എത്തിയവർക്ക് അഡ്മിഷനും താമസസൗകര്യവും ഒരുക്കിക്കൊടുക്കാൻ ഞാനും കുറെ സഹായിച്ചിട്ടുണ്ട്.
ഖാസി, ജയന്ത്യ, ഗാരോ, മിസോ, നാഗാ ഗിരിവർഗങ്ങൾക്കായി യു.ജിസി ആരംഭിച്ച യൂനിവേഴ്സിറ്റിയാണ് NEHU. ഗിരിവർഗ കുട്ടികൾ തികയാതെ വരുന്ന കോഴ്സുകളിൽ മാത്രമേ പുറമെനിന്നുള്ളവർക്ക് ചാൻസ് കൊടുക്കൂ. വിദ്യാർഥികളിൽ ഏറ്റവും ശാന്തശീലരായിരുന്നു ഖാസി പെൺകുട്ടികൾ. അവരെ പ്രണയത്തിൽ വീഴ്ത്താനും എളുപ്പമായിരുന്നു. കടുകെണ്ണയിൽ മൊരിയിച്ചെടുത്ത പോർക്ക് കൊത്തിയരിഞ്ഞിട്ടുണ്ടാക്കുന്ന ‘ചൗ’ വാങ്ങിക്കൊടുത്താൽ മതി അവർക്ക് ഒരാളെ ഇഷ്ടപ്പെടാൻ. എന്നാൽ, യുവാക്കളെ സൂക്ഷിക്കണം. പുറംനാട്ടുകാരോടൊപ്പം കറങ്ങിനടക്കുന്ന തങ്ങളുടെ സഹോദരിമാരെ കണ്ടാൽ അവരിലെ വീര്യം ഉണരും. ഈ കഥയിൽ ഡാരിയുമായുള്ള അവിഹിതത്തിൽ ജന്മംകൊണ്ട ഭിന്നശേഷിക്കാരനായ മകനെ സ്വീകരിക്കാൻ തയാറാകാത്ത ഡേവീസിനോട് എനിക്ക് സഹതാപമുണ്ട്.
ഡാരിയോടുള്ള പ്രണയതീവ്രതയാൽ വിവാഹംപോലും വേണ്ടെന്നുവെച്ച ഡേവിസിൽനിന്നും അതല്ല ഞാൻ പ്രതീക്ഷിച്ചത്. അവിടെയൊരു ട്വിസ്റ്റുണ്ടാക്കി പ്രിയ സുനിലിന് കഥ തിരിക്കാമായിരുന്നുവെന്ന് തോന്നി. കഥ നടക്കുന്ന നോങ്സ്റ്റോയിൻ, ലെയ്ത് മുക്ര, മുൾക്കി, നോങ്തിമായ് തുടങ്ങിയ സ്ഥലങ്ങളെല്ലാം എന്റെ ഓർമയിൽ തെളിഞ്ഞു. ഇഴജന്തുക്കളില്ലാത്ത പൈൻമരക്കാടുകളും വെള്ളച്ചാട്ടങ്ങളും ചോപ്പും വെള്ളയുമായ നാടൻ മദ്യവും കുന്തത്തിൽ കുത്തിനിർത്തിയിരിക്കുന്ന പൊരിച്ച കോഴിയും പന്നിയും അസ്ഥിയിൽ തറക്കുന്ന തണുപ്പും മൂക്കുള്ള ബസുകളും ഒരിക്കൽപോലും വെള്ളം കണ്ടിട്ടില്ലാത്ത ഷാളുകൾ പുതച്ച സ്ത്രീകളും അരിഞ്ഞ പുകയില കടലാസിൽ തെറുത്ത് കത്തിച്ചു വലിക്കുന്ന പുരുഷന്മാരും ലെയ്റ്റ് സുങ് (ബൈ) എന്നു പറയുമ്പോൾ ഖുബ്ലൈ (താങ്ക് യു) എന്ന് മറുപടി പറയുന്നതുമൊക്കെ എന്നിൽ ഉറങ്ങിക്കിടന്നിരുന്ന മേഘാലയ ഓർമകൾക്ക് തീകൊളുത്തി. അസ്സലായിട്ടുണ്ട് സുധീഷ് കോട്ടേമ്പ്രത്തിന്റെ വര. കഥ ഉറക്കെ വായിച്ചുകേട്ട സഹധർമിണിയോട് ഞാൻ ചോദിച്ചു – ‘‘മോളേ, ഒരിക്കൽക്കൂടി എനിക്ക് ഷില്ലോങ്ങിൽ പോകാൻ തോന്നുന്നു. നീ വരുമോ എന്റെ കൂടേ?’’ എത്രയോ നാളായി ഇങ്ങനെയൊരു ചോദ്യം കേൾക്കാൻ കൊതിച്ചിരുന്നതുപോലെ അവളോടിവന്ന് എന്നെ കെട്ടിപ്പിടിച്ചു.
സണ്ണി ജോസഫ്, മാള
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.