എഴുത്തുകുത്ത്

അപാരമായ ദൃശ്യചാരുത

എം. പ്രശാന്തിന്റെ മറ്റു കഥകളിൽനിന്നും വ്യത്യസ്തമായി നിഗൂഢമായ രചനയാണ് ‘മാരിയമ്മ ലോഡ്ജ്’ (ലക്കം: 1401-1402). കഥ തുടങ്ങുന്നിടത്ത് കേൾക്കുന്ന ‘‘അണ്ണാ കാപ്പാത്തുങ്കോ’’ എന്ന മൊഴിയുടെ അർഥവും വ്യാപ്തിയും കഥയുടെ അന്ത്യത്തിലെത്തുമ്പോഴാണ് ചുരുളഴിയുന്നത്. ഇതിനിടയിൽ ഒരു മരണവും ഇരുണ്ട ജീവിതങ്ങളും കഥാകൃത്ത് വരച്ചിടുന്നുണ്ട്. ഇടക്ക് ഓർമകളിലേക്ക് കൂപ്പുകുത്തുന്ന കേന്ദ്രകഥാപാത്രം തിരികെയെത്തുമ്പോൾ കല്ലുകടി ഇല്ലാതിരിക്കാൻ എഴുത്തുകാരന്റെ നല്ല ശ്രദ്ധയുണ്ട്.

പഴനിയുടെ പരിസരത്തിൽ തുടങ്ങുന്ന കഥ അവസാനിക്കുന്നത് കൊടൈക്കനാലിലാണ്. അതായത് തമിഴ് പശ്ചാത്തലമാണ് കഥക്കുള്ളത്. ദേവദാസി പുരക്കുള്ളിൽ കഴിയുന്ന ഓരോ സ്ത്രീയിലും സ്വാതന്ത്ര്യദാഹം പരവേശമാകുന്നുണ്ട്. പെട്ടുപോയവർക്ക് ഒരു പുറത്തുപോക്കില്ല. പോകാൻ ശ്രമിച്ചാൽ മരണത്തിലേക്ക് എടുത്തെറിയും. ആരെങ്കിലും സഹായഹസ്തം നീട്ടിയാൽ മരണവിരി പുതക്കേണ്ടിവരും. കുപ്പുവതിന്റെ ഇരയാണ്. കടവും കഷ്ടപ്പാടും ഇടിവെട്ടിനിൽക്കുമ്പോൾ എന്തു ജോലിയും ചെയ്യാമെന്ന് സമ്മതിച്ച് മാരിയമ്മയുടെ ലോഡ്ജിൽ എത്തുന്ന കുപ്പുവിനെ പിന്നീട് കാണുന്നത് മരണമുഖത്താണ്.

നിഷ്കളങ്കരായവർക്ക് പിടിച്ചുനിൽക്കാൻ പറ്റുന്ന ഇടമല്ല മാരിയമ്മൻ ലോഡ്ജ്. കുപ്പുവുമായി ചുരമിറങ്ങുമ്പോൾ രണ്ടു സ്ത്രീകളെ കൂടി വണ്ടിയിൽ കയറ്റി. കഥാകൃത്ത് നേരിട്ട് പറയുന്നില്ലെങ്കിൽപോലും ആ സ്ത്രീകളും ദേവദാസികൾ ആയിരുന്നുവെന്ന് അനുമാനിക്കാം. അതി​ന്റെ സൂചന ‘‘ചാവാറായ കുതിരകളെ ചുരം ഇറക്കിവിടുന്ന ഒരു ഏർപ്പാടുണ്ട് കൊടൈക്കനാലിൽ’’ എന്നതിൽ കാണാം. കൊടൈക്കനാൽ നടത്തങ്ങളിൽ നടതള്ളിയ കുതിരകളെ കാണാം. കുന്നുകൾക്ക് കീഴെ കൊണ്ടുവിടും. അതി​ന്റെ അന്നുവരെയുള്ള ജൈവവ്യവസ്ഥ കീഴ്മേൽ മറിയും. അവയുടെ കണ്ണുകൾക്ക് കാഴ്ചയുടെ മങ്ങലുണ്ടാകും. പിന്നെ കണ്ണീരി​ന്റെ പാടയും. അതായത് സ്ത്രീയുടെ തണ്ടും ചൂരും നഷ്ടപ്പെട്ടു കഴിയുമ്പോൾ അവളെയും ചുരമിറക്കി വിടും. മനുഷ്യരുടെ വേട്ടക്കെട്ടിൽ കുരുങ്ങി അനാഥരായി, വഴി കെട്ട്, ഉൾജലം വറ്റിപ്പോയ മൃഗവും മനുഷ്യരും. ചില സന്ദർഭങ്ങൾക്ക് അപാരമായ ദൃശ്യചാരുതയാണ്. മാരിയമ്മയുടെ ലോഡ്ജിലെ അകക്കാഴ്ചകൾ ഒരു സിനിമാ ഷോട്ടിലേക്കാണ് അനുവാചകനെ പിടിച്ചിരുത്തുന്നത്.

എല്ലാ കഥകളിലെയുംപോലെ പ്രശാന്തിന്റെ ഈ കഥയിലും ഭാഷയുടെ പ്രയോഗം എടുത്തുപറയേണ്ടതാണ്. ഒരു സ്ത്രീ പെട്ടെന്ന് വിധവയാകുന്നതിനെ ‘‘മേഘങ്ങൾ മാറിമറിഞ്ഞ് ആകാശത്തിന്റെ രംഗപശ്ചാത്തലം മാറ്റും പോലെ’’ എന്നാണ് പ്രശാന്ത് അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെതന്നെ മരണത്തിന്റെ വൈകാരികതയെ കുറിച്ച് മരണം പ്രിയപ്പെട്ടവർക്ക് മാത്രമാണ് വൈകാരികം ആകുന്നതെന്നും അല്ലെങ്കിൽ അതൊരു വൈകാരിക അംശമേ അല്ല എന്നും രേഖപ്പെടുത്തി. ‘അവയവനഗരം’ എന്ന വാക്കിന് പുതുമയുടെ കരുത്തുണ്ട്.

ആശ കുറ്റൂർ (​ഫേസ്​ബുക്ക്​)

 കഥാപാത്രങ്ങൾ

തിരശ്ശീലയിലെന്നവണ്ണം മുന്നിൽ കഥകളും കവിതകളും നോവലുകളും വായിച്ചുകൊണ്ടാണ് വായനയുടെ ലോകത്തേക്ക് കാലെടുത്തുവെച്ചതെങ്കിലും ജീവിതത്തോണി മറുകര എത്തിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ വായന വൈജ്ഞാനിക മേഖലകളിൽ മാത്രം ഒതുക്കി വെച്ചതായിരുന്നു. പക്ഷേ, മാധ്യമം പുതുവർഷപ്പതിപ്പിൽ സലീം കുരിക്കളകത്തി​ന്റെ ചെറുകഥ (മൊന) വായിക്കാതിരിക്കാൻ കഴിഞ്ഞില്ല. പശ്ചാത്തലം ചിരപരിചിതങ്ങളായ പ്രദേശങ്ങളായതിനാൽ കഥയുടെ ചൂടും ചൂരും ആത്മാവിലേറ്റു വാങ്ങാൻ എളുപ്പമായി. കഥാപാത്രങ്ങൾ ഒരു തിരശ്ശീലയിലെന്നവണ്ണം മുന്നിൽ പ്രത്യക്ഷപ്പെടുന്ന പ്രതീതി അനുഭവിക്കാൻ കഴിഞ്ഞു. പതിവ് തെറ്റിച്ച് കഥ വായിച്ചത് നഷ്ടമായില്ല എന്ന് ആശ്വസിക്കാനുള്ള വക നൽകി.

അബൂറമീസ്, പുൽപറമ്പ്

അനുപമമായൊരു രചനാ വിസ്മയം

മാധ്യമം പുതുവത്സരപ്പതിപ്പിൽ സലീം കുരിക്കളകത്ത് എഴുതിയ കഥ ‘മൊന’ വായിച്ചു. ക്രാഫ്റ്റിലും ആന്തരഘടനയിലും സംപൂർത്തിയിൽ എത്തിയ അനുപമമായൊരു രചനാവിസ്മയമാണ് ഈ കഥ. താൻ ജീവിതത്തിൽ ആകെ സമാഹരിച്ച ഒരു കഥാവിഷ്കാര സാധ്യതയെ ജി.പി. സതീശൻ എന്നൊരു കലാകാരൻ സിനിമയാക്കുന്നതിനുള്ള രോഷം ഒരു കൊലപാതക ശ്രമമായി വികസിക്കുന്നു. ഇതാണ് കഥയുടെ തന്തു എങ്കിലും നിരവധി സമകാലിക രാഷ്ട്രീയം ജാഗ്രതയോടെ വന്നു നിറയുന്നൊരു ആഖ്യാനമാണ് ‘മൊന’. ഫറോക്കിൽ പുലിയിറങ്ങുന്നതും പുലിവേട്ടയും അധികാരത്തിന്റെ ഭയമായാണ് കഥയിൽ വിടരുന്നത്.

അധികാരം കൂർപ്പിക്കുന്ന ക്രൂരതയും ഭീതിയുമാണ് പുലിപ്പേടിയിലൂടെ കുരിക്കളകത്ത് കഥയിൽ പ്രതീക വത്കരിക്കുന്നത്. സാമൂഹിക സുരക്ഷിതത്വത്തിന്റെ സംരക്ഷകരായ പൊലീസുകാരെയാണ് അധികാരത്തി​ന്റെ പുലി ആദ്യമേ ആക്രമിക്കുന്നത്. ധീരതയുള്ള സാധാരണ മനുഷ്യരാണാ അധികാരപ്പുലിയെ നിർദയം നിഷ്കാസനംചെയ്യുന്നത്. ഇത് വർത്തമാനകാല രാഷ്ട്രീയത്തിൽ വളരെ പ്രസക്തമാണ്. വിരുദ്ധരാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന നേതാക്കന്മാർ തമ്മിൽ നിലനിൽക്കുന്ന നിഗൂഢമായ തുരങ്ക സൗഹൃദം ഹോട്ടൽ ചർച്ചയിലൂടെ കഥാകൃത്ത് വിചാരണക്ക് വെക്കുന്നു. അങ്ങനെ നിരവധി രാഷ്ട്രീയം സംസാരിക്കുന്ന അത്യന്തം സമകാലികമായ ഒരു ചെറുകഥയാണ് ‘മൊന’. കഥയുടെ ആഖ്യാനസ്വരൂപവും പരിസരവും നൂതനമാണ്. മാധ്യമത്തിനും സലീം കുരിക്കളകത്തിനും നന്ദി.

ഹെസ ജാബിർ, ചെന്നൈ

അഴുക്കു നിറഞ്ഞ അനേകം മാളങ്ങൾ

മാധ്യമം പുതുവർഷപ്പതിപ്പിലെ ജിൻഷ ഗംഗയുടെ കഥ ‘മട’ വായിക്കൂ... പുറമെ ശുദ്ധരും ശാന്തരും എന്ന് തോന്നിക്കുന്ന മനുഷ്യരുടെ ഉള്ളിൽ അഴുക്കു നിറഞ്ഞ അനേകം മാളങ്ങളുണ്ടെന്ന് ഒരു നല്ല കഥ പറച്ചിലിന്റെ വഴക്കത്തോടെ പറയുകയാണ് കഥാകാരി. തെളിഞ്ഞ ഭാഷ, ഒഴുക്കുള്ള ആഖ്യാനം. നാട്ടുഭാഷയുടെ നിർമലസൗന്ദര്യം പ്രസരിപ്പിക്കുന്ന നരേഷൻ. തന്മയത്വത്തോടെ വിന്യസിച്ച ക്രാഫ്റ്റ്. പുതു വർഷത്തിന്റെ തുടക്കത്തിൽതന്നെ ഒരു നല്ല കഥ വായിക്കാൻ പറ്റിയതിന്റെ സന്തോഷം രേഖപ്പെടുത്തുന്നു.

റഹ്​മാൻ കിടങ്ങയം (ഫേസ്​ബുക്ക്​)

മനോഹരമായ കഥ

‘‘ഉള്ളിലെവിടെയോ, കാൽ െവച്ച വഴികളിലും വിഷം തീണ്ടിയാ, ഉറയൂരിയ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നുണ്ട്...’’ മനോഹരമായ ഒരു കഥയിലൂടെ 2024ന് വിരാമമിടുന്നു. ‘ഒട’യിലൂടെയും ‘ഉപ്പി’ലൂടെയും ‘തന്നറി’ലൂടെയും ഞാൻ എന്ന വായനക്കാരനെ ഏറെ സ്വാധീനിച്ച ജിൻഷ ‘മട’യിലൂടെ (ലക്കം: 1401^1402) ആ ബന്ധത്തിന്റെ ശക്തി വർധിപ്പിക്കുന്നു.

എഴുത്തിന്റെ ഘടന, ഭാഷയുടെ ഉപയോഗം, കഥപറച്ചിലിന്റെ വ്യത്യസ്തത, ആശയത്തിലെ പുതുമ, അങ്ങനെ ഓരോ കഥയിലും ഓരോ ഭൂമിക പണിത് വെക്കുന്നു. നാടും നാട്ടിൻപുറവും ജിൻഷയുടെ കഥകളിൽ കൂടുതലായി കാണാം. എങ്കിൽപോലും അവയുടെ ഉള്ളറങ്ങളിൽ ഒരു പുതിയ മാനം കണ്ടെത്താൻ ജിൻഷ ശ്രദ്ധിക്കാറുണ്ട്. ‘ഒട’യിൽ വെന്ത്, ‘വിസലിറ്റ്സ’യിൽ കഥ കേട്ട്, ‘ഉപ്പി’ൽ നിരങ്ങിവീണ്, ‘തന്നറി’ൽ സ്വയം മറന്ന് ‘മട’യിൽ ഉള്ളംകാല് പൊള്ളി വായന നിർത്തുന്നു.

‘‘ഉള്ളിലെവിടെയോ വിഷം തീണ്ടിയ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നുണ്ട്...’’ നന്ദി പ്രിയപ്പെട്ട കഥാകാരി, മനോഹരമായ കഥയിലൂടെ ഞാനെന്ന വായനക്കാരനെ സന്തോഷിപ്പിക്കുന്നതിന്, പൊള്ളിക്കുന്നതിന്, വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതിന്.

ശ്യാം സോർബ (ഫേസ്​ബുക്ക്​)

ബൈജുവി​ന്റെ മനോരഥങ്ങൾ

2024 ഉൗർധ്വൻ വലിക്കുന്ന ഇന്നി​ന്റെ അന്ത്യപാദത്തിൽ തിരുവനന്തപുരത്തുനിന്നും വീട്ടിലേക്ക് ട്രെയിൻ കാത്ത് നിൽക്കുന്നതിനിടയിലാണ് ഞാൻ ബൈജുവി​ന്റെ ‘മനോരഥങ്ങൾ’ എന്ന അനൂപ്​ ചന്ദ്രശേഖര​ന്റെ കഥ (ലക്കം: 1401-1402) വായിച്ചത്. വായിച്ചു തുടങ്ങുമ്പോൾ പുതുവർഷത്തിന് കത്തിച്ചുവിടുന്ന പടക്കങ്ങൾപോലെ നട്ടെല്ലിൽനിന്നും പലതരം പെരുപ്പുകൾ സുഷുമ്ന വഴി തലയിലേക്ക്. പിന്നെ ഒന്നിന് പിറകെ ഒന്നായി സ്ഫോടന പരമ്പര. ഒരു വരി പോലും ബോറടിപ്പിച്ചില്ല.

വായിക്കുമ്പോൾ ഒരാളുടെ മുമ്പാകെ കഥ വിഷ്വലൈസ് ചെയ്യപ്പെടുക എന്നത് കഥാകാര​ന്റെ മിടുക്കാണ്. കഥ തീരുമ്പോഴും ബൈജു എന്നെ വിട്ട് പോകുന്നേയില്ല. പിന്നെ അനൂപിനെ വിളിച്ച് കഥയെപ്പറ്റി ചുരുക്കത്തിൽ ഒരു വിലയിരുത്തൽ നടത്തിയ ശേഷമാണ് ഞാനും എനിക്കൊപ്പം ബൈജുവും തമ്പാനൂർ റെയിൽവേ സ്റ്റേഷ​ന്റെ ചാരുബെഞ്ചിൽ ചന്തികുത്തി ഇരുന്നത്. ഇത്തവണത്തെ മാധ്യമം ആഴ്ചപ്പതിപ്പിനെ ഈ കഥ കാഴ്ചപ്പതിപ്പാക്കിയിട്ടുണ്ട്.

അരവിന്ദ്​ ബാബു (ഫേസ്​ബുക്ക്​)

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.