സ്നേഹത്തെക്കുറിച്ചൊരു പുസ്തകം, സ്ത്രീയെക്കുറിച്ചും

സാഹിത്യമണ്ഡലത്തിൽ ഇതുവരെ അറിയപ്പെടാത്ത ഒരു വ്യക്തി ആദ്യമായി എഴുതുന്ന പുസ്തകം. ഇയൊരു മുൻധാരണ സ്വാഭാവികമായും ‘ഇവിടം നടൂളൻ ചൂളം വിളിക്കുന്നു’ എന്ന നോവൽ വായിക്കും മുമ്പ് ഏതൊരു വായനകാരന്‍റെ മനസ്സിലും ഉയരുക സ്വാഭാവികം. എന്നാൽ ഈ ധാരണകളെ പാടെ നിരാകരിക്കുന്ന ഒരു വായനാനുഭവമാണ് സലീമ.എ.എ എന്ന ഹയർസെക്കൻഡറി അധ്യാപിക എഴുതിയ നോവൽ വായിച്ചുതീരുമ്പോൾ മനസ്സിലുണ്ടാവുക.

നോവൽ എന്ന സാഹിത്യവിഭാഗത്തെക്കുറിച്ച് പൊതുവിൽ അംഗീകരിച്ച ഒരു കാര്യമാണ് ‘ഉൾക്കനമുള്ള ഒരു കഥ’ ഉണ്ടായിരിക്കണം എന്നത്. ഈ മാനദണ്ഡത്തോട് മുഴുവനായി ചേർന്നുനിൽക്കുന്ന ഒരു നോവലാണിത്. മലയാളികൾക്ക് തികച്ചും പരിചിതമായ ഒരു പശ്ചാതലത്തിലാണ് ​ഈ കഥയിലെ സംഭവങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ കണ്ടുമറന്ന കഥാപാത്രങ്ങളാണ് ഇവയിലേറെയും.

മലയാള നോവൽ സാഹിത്യം പിച്ചവെച്ച് തുടങ്ങിയതുതന്നെ ഇന്ദുലേഖ, കുന്ദലത തുടങ്ങിയ ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ കൈപിടിച്ചുകൊണ്ടാണ്. പിന്നീടത് ഉറൂബിന്‍റെ ഉമ്മാച്ചു, ലളിതാംബിക അന്തർജനത്തിന്‍റെ അഗ്നിസാക്ഷി തുടങ്ങി രാജശ്രീയുടെ ‘കല്യാണിയെന്നും ... പേരായ രണ്ടു സ്‌ത്രീകളുടെ കത’യിൽ എത്തിനിൽക്കുന്നു. ആ ഗണത്തിൽപ്പെടുത്താവുന്ന ഒരു സ്ത്രീകഥാപത്രത്തിന്‍റെ സാന്നിധ്യം തന്നെയാണ് ഈ നോവലി​ന്‍റെ ഏറ്റവും വലിയ പ്രത്യേകത.

സ്ത്രീയുടെ ഇഷ്ടങ്ങളും വികാര-വിചാരങ്ങളും അവഗണിക്കപ്പെടുന്നൊരു കുടുംബാംന്തരീക്ഷത്തിലേക്ക് രണ്ടാനുമ്മയായി എത്തുന്ന ഫാത്തിമയുടെ കഥയാണ് ‘ഇവിടം നടൂളൻ ചൂളം വിളിക്കുന്നു’ എന്ന നോവൽ ന​മ്മോട് പറയുന്നത്. സ്വാഭാവികമായും കഥകൾ, സിനിമ-സീരിയലുകൾ നൽകിയ മുൻധാരണയോടെയാണ് ഈ രണ്ടാനുമ്മയെയും വായനക്കാർ സമീപിക്കുകയെന്നാലും വായനകഴിഞ്ഞ് നോവൽ അടച്ചുവെക്കുമ്പോൾ ആരുടെ മനസ്സിലും ഫാത്തിമക്ക് വേണ്ടി ഒരിറ്റ് കണ്ണുനീർ പൊടിയാതിരിക്കില്ല.

നന്മയുടെ സുഗന്ധം പരത്തി സ്വയം ഇല്ലാതായ ഫാത്തിമയുടെ മരണം അവരുടെ ഭർത്താവിന്‍റെ ആദ്യബന്ധത്തിലുണ്ടായിരുന്ന രണ്ട് മക്കളിൽ സൃഷ്ടിക്കുന്ന ദുഃഖവും ശുന്യതാബോധവും വിവരിച്ചുകൊണ്ടാണ് നോവൽ ​തുടങ്ങുന്നത്. അവസാനിക്കുന്നതും ഫാത്തിമയുടെ മരണത്തിന് ശേഷമുള്ള കുടുംബത്തിന്‍റെ അവസ്​ഥയെ ചിത്രീകരിച്ചുകൊണ്ടാണ്.

ഒന്നോ രണ്ടോ പേജിൽ ഒതുങ്ങുന്ന 24 അധ്യായങ്ങളിലായി 74 പേജുകളിലൂടെ വായനക്കാരന്‍റെ മനസ്സിൽ ഫാത്തിമയുടെയും അവരെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെയും ജീവിതം അനായാസമായി എഴുത്തുകാരി ചിത്രീകരിക്കുന്നുണ്ട്. ദൃശ്യങ്ങൾ മിഴിവോടെ മനസ്സിൽ തെളിയുന്ന രീതിയിൽ കൈയ്യടക്കത്തോടെ കഥ പറയാൻ നോവലിസ്റ്റിന് കഴിഞ്ഞു എന്നുമാത്രമല്ല, ഒറ്റയിരിപ്പിൽ വായനപൂർത്തിയാക്കാനും കഴിയും എന്നുള്ളതാണ് ഈ പുസ്തകത്തിന്‍റെ മികവ്.

നിഷേധിക്കപ്പെട്ട സ്നേഹത്തിന് പിറകെ പോകാതെ, തന്‍റെ മനസ്സിലെ സ്നേഹം അളവില്ലാതെ നൽകുകവഴി ഒരു കുടുംബത്തിന്‍റെയും മറ്റുള്ളവരുടെയും സ്നേഹവും ആദരവും നേടിയെടുക്കുന്ന വളരെ പോസിറ്റീവായ വായനാനുഭവം നൽകുന്ന നോവൽ കൂടിയാണിത്.

‘നടൂളൻ’ എന്ന പക്ഷി​ കാലൻ കോഴിയാണെന്ന് തിരിച്ചറിയുന്ന വായനക്കാർ കുറവാണെന്നുള്ളതും സാമുദായിക പ്രയോഗങ്ങളുടെ ആധിക്യവും ഈ നോവലിന്റെ അവഗണിക്കാവുന്ന ന്യൂനതകൾ മാത്രമാണ്.

മനുഷ്യബന്ധങ്ങളുടെ വേലിയേറ്റ-വേലിയിറക്കങ്ങളിൽ വേരിറക്കുന്നതോടൊപ്പം അപ്രതീക്ഷിതങ്ങൾക്ക് ഒരടിവരയിടൽ കൂടി ചാർത്തുമ്പോഴാണ് സാഹിത്യകൃതികൾ വികാരവിക്ഷുബ്ധമാകുന്നതെന്നും പുസ്തകത്തിന്‍റെ ആഖ്യാനം ‘തനിമലയാള ഭാഷയിലെ’ഭാഷാശുദ്ധിക്കെതിരായ പൊരുതലും ‘നവമലയാള കാന്തി’യുമാണെന്ന് അവതാരികയിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

'ഇവിടം നടൂളൻ ചൂളം വിളിക്കുന്നു'
നോവൽ
സലീമ.എ.എ.
ബാഷോ ബുക്സ്, കോഴിക്കോട്.
പേജ്: 74
വില.100 രൂപ
Tags:    
News Summary - Book Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT