'വേരുകളുടെ ചോര' അസമിന്റെ പശ്ചാത്തലത്തിൽ പൗരത്വപ്രശ്നം പ്രമേയമാക്കി ഞാനെഴുതിയ ഒരു കഥയാണ്. 2021ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒറ്റപേജ് കഥ.

ഇക്കഥ എന്നെ കൈപിടിച്ച് വീണ്ടും അസമിലെ ഗുവാഹതിയിലേക്ക് കൊണ്ടുപോകുന്നു.

2014 ആഗസ്റ്റിലായിരുന്നു അസമിലെ ഗുവാഹതിയിൽ കേന്ദ്ര സാഹിത്യ അക്കാദമിയിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയത്. ഹോട്ടൽ കിരാംശ്രീ പോർട്ടികൊയിലായിരുന്നു യോഗം. ജെറ്റ് എയർവെയ്‌സിൽ കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക്. അവിടെനിന്ന് കൊൽക്കത്തയിലേക്ക്. കൊൽക്കത്തയിൽനിന്ന് ഗുവാഹതിയിലേക്ക്. അങ്ങനെ മൂന്ന് വിമാനങ്ങൾ കയറിയായിരുന്നു യാത്ര. അസം ഗണപരിഷത്തും (എ.ജി.പി )അസം ടീ ട്രൈബ്സ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്തമായി ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചിരുന്നു. വൈകുന്നേരം വെറുതെ ലാക് തോകിയ എസ്.എസ് റോഡിലൂടെ നടന്നു. കൊൽക്കത്തക്ക് ശേഷം സൈക്കിൾ റിക്ഷ വലിക്കുന്നവരെ കണ്ടത് ഇവിടെയാണ്‌. തെരുവിൽ കുറെയേറെ നിസ്കാര പള്ളികൾ. താടിയും തൊപ്പിയും പൈജാമയും കുർത്തയുമായി മുസ്‍ലിംകൾ. കേരളത്തിന്‌ പുറത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും മുസ്‍ലിംകൾ വേഷത്തിൽ ഐഡന്റിറ്റി കാത്തു സൂക്ഷിക്കുന്നതായി കാണാം.

മാതൃഭാഷക്ക് പുറമെ വീടുകളിൽ അവർ ഉർദു സംസാരിക്കുന്നു. ഇസ്‍ലാമിക പുസ്തകങ്ങൾ വിൽക്കുന്ന ഒരു കട കണ്ടു. അസം ഭാഷയിലുള്ള മതഗ്രന്ഥങ്ങൾ. ഹിന്ദിയിലുമുണ്ട്. ബ്രഷിനു പകരം അവിടെ പല്ല് തേക്കുന്ന അറാക്കിന്റ മരചില്ലകളൊക്കെ വിൽപനക്കുണ്ട്.

പിറ്റേന്ന് രാവിലെ അക്കാദമിയുടെ ജനറൽ ബോഡി. പ്രശസ്ത ഹിന്ദി കവികൂടിയായ വിശ്വനാഥ് പ്രസാദ് തിവാരിയാണ് പ്രസിഡന്റ്. തിവാരി എല്ലാ മീറ്റിങ്ങുകളിലും ഹിന്ദിയിൽ മാത്രം പ്രസംഗിക്കുന്നു. അദ്ദേഹം ഒരക്ഷരം ഇംഗ്ലീഷ് പറയുന്നത് കേട്ടിട്ടില്ല. ഏറെ സ്നേഹം കാണിക്കുന്ന ഈ വലിയ എഴുത്തുകാരന്റെ ഹിന്ദി ലളിതമായതുകൊണ്ട് മനസ്സിലാക്കാൻ വിഷമം ഉണ്ടാകാറില്ല. അന്നത്തെ വൈസ് പ്രസിഡന്റ് (ഇന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് )ചന്ദ്രശേഖർ കമ്പാർ ആകട്ടെ ഇംഗ്ലീഷിൽ മാത്രം പ്രസംഗിക്കുകയും ഹിന്ദിയിൽ ഒരു വാക്കുപോലും പറയാതിരിക്കുകയും ചെയ്യുന്നു.

ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഏറെ എഴുത്തുകാരും (തെക്കേ ഇന്ത്യയിൽനിന്ന് വരുന്നവരും നോർത്ത് ഈസ്റ്റിൽനിന്ന് വരുന്നവരും) ഇംഗ്ലീഷ് തന്നെ ആശയവിനിമയത്തിന് ഉപയോഗിക്കുന്നു. (അന്ന് അമിത് ഷാ ഒരൊറ്റ ഭാഷ ഹിന്ദി എന്ന് പറഞ്ഞു കണ്ണുരുട്ടിയ കാലമല്ല.)

ഉച്ചക്ക് ഹോട്ടലിൽവന്ന് ഒരു മയക്കത്തിനു ശേഷം വീണ്ടും വിവർത്തനത്തിനുള്ള സമ്മാനദാന ചടങ്ങിന് സംബന്ധിക്കാൻ പോയി. പെർഫോമിങ് ആർട്സിനുള്ള ഐ.ടി സെന്ററിലെ പ്രഗിയോതി ഓഡിറ്റോറിയത്തിൽ ആയിരുന്നു ചടങ്ങ്. ഉള്ളൂർ എം. പരമേശ്വറിനാണ് മലയാളത്തിൽനിന്ന് പുരസ്കാരം. മണിപ്പൂരിൽനിന്ന് പുരസ്കാരം നേടിയ ഇബാച്ചോ സോബിയാം ആ സമയത്ത് മാനിപൂരിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസിലാണ്. ചായ കുടിക്കുമ്പോൾ സംസാരിച്ചിരിക്കെ ഞാനൊരു ജേണലിസ്റ്റുകൂടിയാണെന്ന്‌ കൊങ്കണിയിലെ ഗോകുൽദാസ് പറഞ്ഞപ്പോൾ ഇബാച്ചോ സോബിയാം അദ്ദേഹം കോളജ് അധ്യാപകനിൽനിന്നും പൊലീസ് വകുപ്പിലെത്തിയ കഥ പറഞ്ഞു.

ജ്ഞാനപീഠ ജേതാവും പ്രമുഖ ഹിന്ദി കവിയും സാഹിത്യ അക്കാദമി ഫെല്ലോയുമായ കേദർനാഥ് സിങ് ആയിരുന്നു അവാർഡ് സമർപ്പണചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിന് ശേഷം കേദർനാഥ് സിങ്ങിനോട് ഇവിടെയിരിക്കുന്ന സച്ചിദാനന്ദനിലൂടെയാണ് ഞാൻ താങ്കളുടെ കവിതകൾ പരിചയപ്പെട്ടതെന്നു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ആ വലിയ എഴുത്തുകാരൻ ചോദിച്ചു:

''ഏതു കവിതകൾ?''

''ലോകം ഈ കൈകൾപോലെ ഊഷ്മള വും മൃദുവുമായിരുന്നെങ്കിൽ'' എന്ന 'കൈ' എന്ന കവിതയെക്കുറിച്ച് പറഞ്ഞപ്പോൾ

അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു:

''ഓ യു റിമംബർ ദാറ്റ്‌ പോയം?''

സച്ചിദാനന്ദൻ വിവർത്തനം ചെയ്ത ഈ കവിതയാണ് താങ്കളുടെ സാഹിത്യജീവിതം അനുധാവനം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞപ്പോൾ സാഹിത്യം ഭാഷയുടെ അതിരുകൾ മായ്ച്ചുകളയുന്നു എന്ന് കേദർനാഥ് സിങ്.

ബ്രഹ്മപുത്ര നദിക്കരയുടെ മനോഹര കാഴ്ചയും ശ്രീ മന്ദർ മഹാദേവ് ക്ഷേത്രവും ഭൂപൻ ഹസാരി മ്യൂസിയവുമൊക്കെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു.

അസമിൽനിന്ന് മടങ്ങി വർഷങ്ങൾ എത്രയോ കഴിഞ്ഞാണ് അസമിന്റെ പശ്ചാത്തലത്തിൽ 'വേരുകളുടെ ചോര' എഴുതുന്നത്.

പൗരത്വപ്രശ്നം പ്രമേയമാക്കിയ അക്കഥയിൽ ബ്രഹ്മപുത്രയും ബിഹു നൃത്തവും ഒരു ജനതയെ അപരവത്കരിക്കുന്ന ഇന്നത്തെ കാലവുമുണ്ട്.

ഗോൾപാര ഡീറ്റൻ സെന്റർ സ്ഥാപിച്ച് മനുഷ്യരെ തടവിലാക്കിയ അസമിൽ ദൂരെയിരുന്നു 'വേരുകളുടെ ചോര' പൊടിയുന്നത് വേദനയോടെ നാം കാണുന്നു.

ചിലപ്പോൾ ഒരു യാത്ര ഒരു കഥ തരുന്നു, ഒരു കഥ യാത്രയുടെ ഓർമയും.

Tags:    
News Summary - P. K. Parakkadavu travelogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.