07 തിരക്കിപ്പോയ അച്ചുവേട്ടൻ
അമ്മാമ്മ ഊഹിച്ചതുപോലെ വെറുംകൈയുമായി അച്ചുവേട്ടൻ മടങ്ങിയെത്തിയെങ്കിലും അത്ര പെട്ടെന്ന് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല പാർവതി. അയാളെ മാറ്റിനിറുത്തി അവൾക്ക് ചോദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അവളുടെ അരമുള്ള നാവിനു മുമ്പിൽ പാവം അച്ചുവേട്ടൻ കുഴഞ്ഞു. അകലെയെങ്ങോ ഉള്ള ആ പാറക്കെട്ടും പുഴയും ഒരു പുകമറയായി അയാളെ പൊതിഞ്ഞു. അതിന്റെ അങ്കലാപ്പിൽ അയാൾ എന്തൊക്കെയോ ഓർത്തു, വിക്കിവിക്കി എന്തൊക്കെയോ പറഞ്ഞു. കുന്നിറങ്ങി വന്ന ഏതോ ഒരു പുകച്ചുരുൾ പിന്നീട് വളർന്നു വലുതായി തന്നെ പേടിപ്പിക്കാനായി മുന്നിൽ വിരിഞ്ഞു നിന്നപ്പോൾ തൊണ്ട വരണ്ടതും, കരയാൻപോലും പറ്റാതെ മിഴിച്ചുനിന്നതും ഒടുവിൽ ആ രൂപം താനേ പുഴവെള്ളത്തിൽ അലിഞ്ഞുപോയതുമൊക്കെ…
അങ്ങനെ ഒരുവിധത്തിൽ എന്തൊക്കെയോ പറഞ്ഞൊതുക്കി അച്ചുവേട്ടൻ വെള്ളക്കൂജ തേടിപ്പോയപ്പോൾ കാർട്ടൂൺ സിനിമയിലെ രാക്ഷസനെപ്പോലെ അലറിവിളിക്കണമെന്ന് തോന്നി പാർവതിക്ക്.
തൊണ്ട നനച്ച് അയാൾ മടങ്ങിയെത്തിയപ്പോൾ പാർവതി അയാളെ ആശ്വസിപ്പിക്കാൻ നോക്കി.
“അപ്പോപ്പിന്നെ ഒന്നും കണ്ടില്ലാന്ന് അച്ചുവേട്ടൻ നേരത്തെ നൊണ പറഞ്ഞതോ?”
“അത് പിന്നെ അമ്മാമ്മ മയിസ്രേറ്റിെൻറ കോട്ടൂട്ട് ഓരോന്ന് ചോയ്ച്ചപ്പോൾ അച്ചുവേട്ടൻ വെരണ്ടുപോയില്ലേ? അല്ലെങ്കിലും അമ്മാമ്മേടെ മൊഖത്തു നോക്കി എന്തെങ്കിലും പറയാൻ പേട്യാ അച്ചുവേട്ടന്. പിന്നെ അവടെ കണ്ടത് കൊറേ പൊക മാത്രല്ലേ?”
“ഉവ്വുവ്വ്”, മനസ്സിലായതുപോലെ പാർവതി തല കുലുക്കി.
അൽപം കഴിഞ്ഞ് അയാൾ ഒരു മഹാരഹസ്യംപോലെ ചിലതൊക്കെ പറഞ്ഞു. ഈ പഴയ കഥകളൊക്കെ അയാളും കേട്ടിരിക്കുന്നു. അതിന്റെ നേരറിയാൻ ഒരിക്കൽ അവിടംവരെ പോയതുമാണ്. എന്നിട്ടെന്താ, മടങ്ങിവന്നത് ഒഴിഞ്ഞ മനസ്സുമായി. പക്ഷേ, പിന്നീടൊരിക്കൽ ഇന്ദിര വല്ലാതെ വാശിപിടിച്ചപ്പോൾ…
“വാശി പിടിച്ചപ്പോൾ?” പാർവതിക്ക് താൽപര്യമായി.
അൽപം മടിയോടെയാണ് അച്ചുവേട്ടൻ പറയാൻ തുടങ്ങിയത്. അവളവിടെ ഏതാണ്ടൊക്കെ കണ്ടുവത്രെ. കാഴ്ചക്കുറവുള്ള മകൾക്ക് ആ സമയത്തു കാണാനായി എന്ന് പറഞ്ഞാൽ കേൾക്കുന്നവർ കളിയാക്കി ചിരിക്കുമെന്ന പേടിയിൽ അതൊക്കെ അമ്മാമ്മയോട് കൂടി പറഞ്ഞിട്ടില്ല. പക്ഷേ, അതറിയാൻ വലിയ താൽപര്യമായിരുന്നു പാർവതിക്ക്.
“അതൊക്കെ എന്നോട് പറഞ്ഞോളൂ. പാർവതി ആരോടും പറയാൻ പോണില്ല. പ്രത്യേകിച്ചും അമ്മാമ്മയോട്.”
അവൾ ഉറപ്പുകൊടുത്തു.
കുറച്ചു കഴിഞ്ഞു ശബ്ദം താഴ്ത്തി അയാൾ പറയാൻ തുടങ്ങി. ആ കുട്ടി കണ്ടത് അവിശ്വസനീയമായ കുറെ കാഴ്ചകൾ. നല്ലപോലെ നൃത്തം ചെയ്യുന്ന, നന്നായി ചിത്രം വരക്കുന്ന, പാട്ട് പാടുന്ന വേറൊരു ഇന്ദിര! അതു കേട്ടപ്പോൾ പൊതുവെ ഗൗരവക്കാരിയായ ഭാര്യ അമ്മൂട്ടിക്കും ചിരി വന്നുവത്രെ.
അതോടെ തന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് പാർവതിക്കും ഉറപ്പായി. ആ കുന്നിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ മറഞ്ഞുകിടക്കുന്നു. പാവം, ഇന്ദിരയുടെ ഉള്ളിലുള്ള മോഹങ്ങൾ തന്നെയാവാം കാഴ്ചകളായി അവളുടെ മുമ്പിൽ തെളിഞ്ഞുവന്നത്.
“വളരെ സന്തോഷം. അച്ചുവേട്ടാ. ഇന്ദിര മിടുക്കിയാണ്. കാഴ്ച ഇത്തിരി കുറവാണെങ്കിലെന്താ, അതൊരു കുറവേ അല്ലല്ലോ. അങ്ങനെയുള്ളവർക്ക് ഒരു മൂന്നാം കണ്ണ് ഉണ്ടാവുംന്നാ കേട്ടിരിക്കണേ. ഏറ്റവും നല്ല ഉദാഹരണം എഴുത്തുകാരിയും പൊതുപ്രവർത്തകയും ആയിരുന്ന അമേരിക്കക്കാരി ഹെലൻ കെല്ലർ തന്നെ. അവർക്ക് ചെറുപ്പത്തിലേ കാണാനും കേൾക്കാനും വയ്യാതായി. എന്നിട്ടെന്താ, പഠിച്ചു ഡിഗ്രി വരെയെടുത്തു. ലോകം മുഴുവനും ചുറ്റിനടന്ന് പ്രസംഗിച്ചു. അതുപോലെ പല രംഗങ്ങളിലും വല്യ സംഭാവനകൾ ചെയ്ത പലരും… ഇപ്പൊ പണ്ടത്തെ കാലൊന്നുമല്ല. ഒരുപാട് സൗകര്യങ്ങളുണ്ട് എഴുതാനും വായിക്കാനും.’’
‘‘കൊറേയൊക്കെ കേട്ടിരിക്കണൂ. പക്ഷെ ഞങ്ങടെ ഈ കഷ്ടപ്പാടുകളുടെ ഇടയിൽ…’’
“അതൊക്കെ ശരിയാകും, അച്ചുവേട്ടാ. ചികിത്സകൊണ്ടു തന്നെ കൊറേ ഗുണം കിട്ടും…’’
അത് കേട്ടപ്പോൾ അയാൾക്ക് അൽപം ആശ്വാസമായതു പോലെ…
ഭൂതപ്പിശാചുക്കളിലൊന്നും വിശ്വാസമില്ല അമ്മാമ്മക്ക്. അങ്ങനത്തെ ഒരുപാട് കഥകൾ കേട്ടു വളർന്നുകൊണ്ട് മുതിർന്നപ്പോഴേക്കും പേടി പോയി. മാത്രമല്ല മുത്തശ്ശിക്കഥകളുടെ ആയുസ്സ് കുട്ടിക്കാലത്തേക്ക് മാത്രമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട് വല്യേട്ടൻ. അല്ലെങ്കിൽ കുട്ടികളുടെ വളർച്ച മുരടിച്ചു പോകുമത്രേ. ചെറിയ പ്രായത്തിൽ സ്വപ്നം കാണാൻ ഇത്തരം കഥകളും വിശ്വാസങ്ങളും സഹായിച്ചേക്കാം. പക്ഷേ, വലുതാവുമ്പോൾ കാണുമ്പോൾതന്നെ പാലും വെള്ളവും തിരിച്ചറിയാനാകണം.
എന്തായാലും, ആ കുന്നിനെയും പുഴയെയും ചുറ്റിപ്പറ്റി നേരല്ലാത്ത എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അമ്മാമ്മക്കും തോന്നി. വിശ്വസിക്കാനാവുന്ന എന്തെങ്കിലും. എന്നാലും അതിനെ അന്ധവിശ്വാസങ്ങളുടെയും ആരാധനയുടെയും കുറ്റിയിൽ തളച്ചിടരുതെന്നു മാത്രം. അതൊക്കെ തെരഞ്ഞു പോകാൻ അച്ചു പോരാ. പാർവതിക്ക് ബുദ്ധിയുണ്ടെങ്കിലും പട്ടണത്തിൽ ജനിച്ചു വളർന്നതുകൊണ്ടാവാം ഇത്തരം കെട്ടുകഥകളെ വിശ്വസിക്കാൻ പാർവതിയുടെ അബോധമനസ്സ് പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ അങ്ങനത്തെ വല്ല പുസ്തകങ്ങളും വായിച്ചു കാണും.
നാലഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും പാർവതിക്ക് ബോറടിച്ചുതുടങ്ങി. അമ്മാമ്മക്ക് സമയം കളയാൻ ടി.വി സീരിയലുകൾ ഉണ്ടെങ്കിലും അതൊന്നും തീരെ സഹിക്കാൻ പറ്റില്ല അവൾക്ക്. വല്ല പുസ്തകങ്ങളും കിട്ടിയെങ്കിൽ? അമ്മാമ്മയുടെ ഷെൽഫിൽ പുരാണങ്ങളേയുള്ളൂ. പിന്നെ കുറെ ഗാന്ധി സാഹിത്യവും ചരിത്രപുസ്തകങ്ങളും. നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ…’ അങ്ങനെ പലതും. പാർവതിക്ക് ചിരി വന്നു. അച്ഛനാരെന്നുപോലും തിട്ടമില്ലാത്ത തനിക്ക് ആര് കത്തുകളെഴുതും? വേണമെങ്കിൽ അവനവൻ തന്നെ എഴുതി പെട്ടിയിലിടണം.
എന്ന് സ്വന്തം ബാലചന്ദ്രൻ.
എന്ന് സ്വന്തം ജയചന്ദ്രൻ…
അതോ വിനയചന്ദ്രനോ? ഏതാ കൂടുതൽ യോജിക്കുക?
കുട്ടിക്കാലംതൊട്ടേ സൗമിനി ഏറെ മിനക്കെട്ടു കുറെ മലയാളം പഠിപ്പിച്ചെങ്കിലും മലയാളം പുസ്തകങ്ങൾ വായിക്കാൻ നന്നെ പ്രയാസം. പണിപ്പെട്ട് കുറച്ചു നേരം വായിക്കാൻ തുടങ്ങിയാൽ കണ്ണടഞ്ഞു തുടങ്ങും.
വല്ല ഇംഗ്ലീഷ് പുസ്തകങ്ങളും കിട്ടിയെങ്കിൽ?
“ഇവടെ അതൊക്കെ എവിടന്നു കിട്ടാനാ എന്റെ കുട്ട്യേ? സൗമിനി കോളേജീന്ന് ഒരൂട്ടൊക്കെ കൊണ്ടന്നു വായിക്കണത് കണ്ടിട്ടുണ്ട്. ചെലത് കൂട്ടുകാരികളുടെ കൈയീന്ന്. ബാക്കി ഇവടത്തെ ലൈബ്രറീന്ന്.”
ലൈബ്രറിയെന്നു കേട്ടപ്പോൾ പാർവതിക്ക് ഉത്സാഹമായി. പക്ഷേ അമ്മാമ്മയുടെ മുഖത്തു വലിയ താൽപര്യം കണ്ടില്ല.
‘‘അത് കൊറേ ദൂരെയാ മോളെ. തനിച്ചു പോവാൻ വിഷമാവും. വേണെങ്കിൽ അച്ചൂനെ കൂടെ വിടാം.’’
എല്ലാറ്റിനും ഒരു അച്ചു. അവൾക്ക് ദേഷ്യം വന്നു.
‘‘ഹേയ്, അകമ്പടിയൊന്നും വേണ്ടാ പാർവതിക്ക്.’’
‘‘അവിടെ ഇംഗ്ലീഷ് പുസ്തകൊന്നുംണ്ടാവില്ല. പിന്നെ, അതൊക്കെ മെംബർമാർക്കേ തരൂള്ളൂ അവര്.’’
‘‘ഓ, പിന്നെ.’’ പാർവതി ചുണ്ടുകൾ കോട്ടി. ആരും കൂട്ടില്ലാതെ കുന്നും പുഴയും കാണാൻ പോയ തനിക്ക് ആരെയാണ് പേടി? എന്തായാലും പാർവതിയെ ആരും പിടിച്ചു തിന്നാനൊന്നും പോണില്ല. അതിനു പറ്റിയ വായയൊന്നും ഇവടെ ആർക്കൂല്യ. പിന്നെ മെംബർഷിപ്പിന്റെ കാര്യൊക്കെ അവിടെ ചെന്നിട്ട് നോക്കാം.
അങ്ങനെ അന്ന് ആദ്യമായി അമ്മാമ്മയും കൊച്ചുമകളും കുറെ നേരം തർക്കിച്ചു നിന്നു. എത്ര തർക്കിച്ചാലും അവളേ ജയിക്കൂ എന്ന് അമ്മാമ്മക്കറിയായിരുന്നു. സൗമിനിടെ ചോരയാണ്. വക്കീൽ ഭാഗം പഠിക്കേണ്ട അവള് കണക്കിന്റെ പുറകെ പോയെന്നു മാത്രം.
ഒടുവിൽ വൈകുന്നേരം പാർവതി കൈയും വീശി പുറപ്പെട്ടു. വഴിയിൽ കണ്ടവരോട് ചോദിച്ചപ്പോൾ വായനശാല കണ്ടുപിടിക്കാൻ വലിയ വിഷമമുണ്ടായില്ല. വായനശാലയെക്കാൾ പ്രസിദ്ധനാണത്രെ സ്ഥാപകനായ നാണു മാഷ്.
നിരത്തുവക്കത്തായി ഓടിട്ട ഒരു പഴയ കെട്ടിടം. വർഷങ്ങളായി കുമ്മായത്തിനു ദാഹിക്കുന്ന ചുമരുകൾ. - ‘നാണു മാഷ് സ്മാരക വായനശാല’. മുൻവശത്തെ അരത്തിണ്ണയിൽ രണ്ടു മൂന്നു പേരിരുന്നു ഹിന്ദുവും ഇന്ത്യൻ എക്സ്പ്രസും വായിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി പാർവതിക്ക്. അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നവരും ഉണ്ടല്ലോ ഇന്നാട്ടിൽ.
പത്രം വായിക്കുന്നവർ ശങ്കയോടെ ഒതുക്കുകൾ കയറിവരുന്ന പെൺകുട്ടിയുടെ നേർക്ക് നോക്കിയതേയില്ല.
മുൻവശത്ത് ഒരു ചെറിയ മുറി. അകത്തെ ഹാളിൽ നിരനിരയായി െവച്ചിരിക്കുന്ന ഷെൽഫുകൾ നിറയെ പലതരം പുസ്തകങ്ങൾ.
മേശയുടെ പുറകിലെ കസേരയിൽ ചാഞ്ഞിരുന്നു മയങ്ങുന്ന നരച്ച കുറ്റിത്തലമുടിക്കാരൻ.
അവൾ ഒന്ന് ചുമച്ചിട്ടും അയാൾ അനങ്ങിയില്ല.
‘‘മാഷേ!’’ ഒന്നുകൂടി അടുത്ത് അവൾ വിളിച്ചു.
എന്നിട്ടും അനക്കമില്ല. അയാളുടെ പറ്റെ വെട്ടിയ മുടിയിൽനിന്ന് മുളയ്ക്കുന്ന വിയർപ്പ് ചുളിവുകൾ വീണ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്നു. മുകളിൽ വാർധക്യത്തിലെത്തിയ പങ്ക കഷ്ടപ്പെട്ട് ഞരങ്ങുന്നുണ്ടെങ്കിലും മുറിയിൽ ചുടുകാറ്റ് ഓളം തല്ലുകയാണ്.
ക്ഷമ കെട്ടപ്പോൾ അവൾ മേശപ്പുറത്തു തട്ടിവിളിച്ചു.
‘‘അതേയ് മാഷെ…’’
പെട്ടെന്ന് അയാൾ ഞെട്ടിയെണീറ്റു നെറ്റിയിലെ വിയർപ്പ് തുടച്ചു. മേശപ്പുറത്തെ വെള്ളിക്കണ്ണാടിയെടുത്തു മൂക്കിൽ ഉറപ്പിച്ചു.
‘‘ആരാ?’’
‘‘പാർവതി!’’
‘‘എന്നുവച്ചാൽ?’’
‘‘പാർവത്യന്നെ. ഒരു പേരന്നെ താങ്ങാൻ വയ്യ.’’
രസിക്കാത്തപോലെ അയാൾ വീണ്ടും കണ്ണട ഊരി മേശപ്പുറത്തിട്ടു.
‘‘എന്ത് വേണം കുട്ടിക്ക്...’’
‘‘കുട്ടിയല്ല, പാർവതി.’’
‘‘ഓ, അങ്ങനെയെങ്കിൽ അങ്ങനെ.’’
‘‘ബുക്ക് വേണം.’’
‘‘മെംബറാണോ?’’
‘‘അല്ല.’’
‘‘മെംബർമാർക്കേ പുസ്തകം കൊടുക്കൂ.’’
‘‘എന്നാൽ ആവാം, ഇവടന്നു പോണ വരെ.’’
‘‘അതിനു വകുപ്പില്ല.’’
‘‘ഉണ്ടാക്കണം.’’
‘‘അതിനു കമ്മിറ്റി കൂടണം.’’
‘‘കൂടണം.’’
‘‘അതിനൊക്കെ താമസംണ്ടാവും.’’
‘‘താമസം പാടില്ല. അപ്പഴേക്കും പാർവതി മടങ്ങൂല്ലോ...’’
‘‘ഓ, ഓ, നോക്കട്ടെ. പരിചയപ്പെടുത്താൻ ആരെങ്കിലും വേണം.’’
‘‘പാർവതീണ്ടല്ലോ ഇവടെ.’’
‘‘അതെങ്ങനെയാ?’’
‘‘അങ്ങനെ മതി.’’
‘‘നോക്കട്ടെ,’’
‘‘നോക്ക്യാൽ പോരാ. ബുക്കും കൊണ്ടേ പാർവതി ഇവടന്നിറങ്ങൂ.’’
അൽപം ദൂരെ ഇതൊക്കെ കേട്ട് രസിച്ചുകൊണ്ട് നിന്ന ഒരു കണ്ണടക്കാരൻ പെട്ടെന്ന് അടുത്തേക്ക് വന്നു.
‘‘എന്താ വേണ്ടത് കുട്ടിക്ക്?’’
‘‘ബുക്ക്.’’
‘‘കുട്ടി എവിടത്തെയാ?’’
‘‘കുട്ടിയല്ല, പാർവതി.’’
‘‘ഓ, അങ്ങനെങ്കിൽ അങ്ങനെ.’’
പാർവതി അദ്ദേഹത്തിന്റെ നേർക്ക് സൂക്ഷിച്ചുനോക്കി.
നീട്ടിവളർത്തിയ മുടിയിൽ അവിടവിടെ നര വീണിരിക്കുന്നു. വിടർന്ന നെറ്റി. തടിച്ച പുരികങ്ങൾ. തടിച്ച ഫ്രെയിമിനുള്ളിൽ വല്ലാതെ തിളങ്ങുന്ന കണ്ണുകൾ. തുളച്ചു കയറുന്ന, അകവും പുറവും കാണുന്ന കണ്ണുകൾ.
‘‘വീട്ടിലത്തെ’’, ഇഷ്ടപ്പെടാത്ത മട്ടിൽ പാർവതി പറഞ്ഞു.
‘‘ഇവിടത്തുകാരിയല്ലാന്നു തോന്നണു.’’
‘‘അല്ലെങ്കിൽ? ബുക്ക് കിട്ടില്ലേ?’’
അയാൾക്ക് ചിരി വന്നു.
‘‘മേലേടത്തെയായിരിക്കും?’’
‘‘ആണെങ്കിൽ?’’
‘‘അമ്മാളുവമ്മയുടെ?’’
‘‘പേരക്കുട്ടി.’’
‘‘സൗമിനിയുടെ മോളാണോ?’’
‘‘സൗമിനിയല്ല, സൗമിനി ടീച്ചർ!’’
‘‘ഓ, അങ്ങനെയെങ്കിൽ അങ്ങനെ.’’
‘‘ടീച്ചറുടെ മോളാണെന്ന് എങ്ങനെ മനസ്സിലായി?’’
‘‘മട്ടും മാതിരിയും കണ്ടിട്ട്.’’
‘‘അമ്മെ അറിയോ?’’
‘‘പഠിപ്പിച്ചിട്ടുണ്ട് കൊറെക്കാലം. രാമചന്ദ്രൻ മാഷെന്ന് പറഞ്ഞാൽ അറിയും. എന്റെ അച്ഛൻ തുടങ്ങിയ ലൈബ്രറിയാണിത്.’’
ഓ, നാണുമാഷ്. പാർവതി ഓർത്തു.
‘‘അമ്മയോട് പറയാം.’’
‘‘നിങ്ങളിപ്പോൾ?’’
‘‘ദൂരെ വിശാൽനഗറിൽ.’’
‘‘അവിടെ?’’
‘‘അമ്മ ഒരു സ്കൂളിൽ കണക്കും സയൻസും പഠിപ്പിക്കണുണ്ട്.’’
‘‘അതുവ്വോ, നന്നായി. ഇംഗ്ലീഷിൽ വളരെ സ്ട്രോങ്ങാണ് അവൾ. സാഹിത്യവും ഇഷ്ടമാണ്. കണക്കിൽ കുറച്ചു വീക്കായിരുന്നതുകൊണ്ട് ട്യൂഷൻ എടുക്കേണ്ടിവന്നു…’’
എന്തൊക്കെയോ ഓർത്തു രാമചന്ദ്രൻ മാഷ് പെട്ടെന്ന് നിറുത്തി. കണ്ണടയെടുത്തു തുടച്ചു.
‘‘ഇപ്പൊ അമ്മയാ കുട്ട്യോള്ടെ ഫേവറിറ്റ് കണക്കു ടീച്ചർ.’’
‘‘അതെയോ? മിടുക്കത്തിയാണ് അവൾ.’’ എന്തൊക്കെയോ ഓർത്തുകൊണ്ട് മാഷ് ചോദിച്ചു. ‘‘സൗമിനീടെ ഹസ്ബൻഡ്?’’
‘‘പാർവതി കണ്ടിട്ടില്ല.’’
‘‘ഓ…’’
എന്തൊക്കെയോ മനസ്സിലായതുപോലെ തല കുലുക്കിയിട്ട് അദ്ദേഹം ലൈബ്രേറിയനോട് പറഞ്ഞു.
‘‘ഈ കുട്ടി വേണ്ട പുസ്തകങ്ങളൊക്കെ എടുത്തോട്ടെ, ദാമോദരൻ മാഷേ. ബാക്കിയൊക്കെ നമുക്ക് ശരിയാക്കാന്നേ.’’
‘‘താങ്ക്സ് മാഷെ.’’ ആശ്വാസമായപോലെ അവൾ പുസ്തക ഷെൽഫുകളുടെ നേർക്ക് നീങ്ങുകയായിരുന്നു.
‘‘നിക്കൂ.’’ അദ്ദേഹം വിളിച്ചു. ‘‘പാർവതി എന്ത് ചെയ്യുന്നു?’’
‘‘ഡിഗ്രി കഴിഞ്ഞു. ഇനി മോളിലേക്ക് പഠിക്കണം.’’
‘‘എന്തിലാ താൽപര്യം?’’
‘‘ചരിത്രം.’’
‘‘അസ്സലായി. ഇപ്പോഴത്തെ കുട്ടികളുടെ നോട്ടം സയൻസിലും കമ്പ്യൂട്ടറിലുമല്ലേ. അതുകൊണ്ടു തന്നെ അവരുടെ ചരിത്രബോധവും കുറവാണ്. എന്തായാലും മോളെ കണ്ടതിൽ സന്തോഷം. സൗമിനിക്ക് സുഖമല്ലേ?’’
‘‘ആ...’’
‘‘എന്റെ അന്വേഷണം പറയൂ.’’
‘‘ആയിക്കോട്ടെ. പിന്നൊരു കാര്യം, മാഷെ. മോളിലെ ഫാനുകൾ ഈ ഒന്നു മാറ്റിക്കൂടേ. അതിന് വയ്യാണ്ടായിരിക്കണു. ഒരു പാട് വെഷമിച്ചാ കറങ്ങണേ.’’
‘‘നോക്കട്ടെ…’’
അവൾക്ക് വേണ്ടിയിരുന്നത് ക്രൈം നോവലുകളാണ്. അവിടെയാണെങ്കിൽ ക്രൈം ത്രില്ലർ, ഹൊറർ സിനിമകൾ മാത്രമേ കാണാറുള്ളൂ. അമ്മക്ക് വേണ്ടത് റൊമാൻസ് പടങ്ങളായതുകൊണ്ട് അവർ കിടക്കാനായി കാത്തിരിക്കും ടി.വി വെക്കാൻ.
ഷെൽഫുകളിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ കുറച്ചേ ഉള്ളൂ. ഏറെ മിനക്കെട്ടിട്ടും ഒരൊറ്റ പുതിയകാല ക്രൈം നോവലും കാണാനായില്ല. അല്ലെങ്കിലും, ഈ നാട്ടിൻപുറത്ത് ആരാണ് അത്തരം പുസ്തകങ്ങൾ വായിക്കുക? ആകെക്കൂടിയുള്ളത് പണ്ടെന്നോ വായിച്ചു മറന്ന ആർതർ കോണൻ ഡോയൽ, അഗാത ക്രിസ്റ്റി, എല്ലറി ക്വീൻ, എഡ്ഗർ വാലസ് തുടങ്ങിയവർ മാത്രം. എല്ലാം ബൈൻഡ് ചെയ്തുെവച്ച പഴയ കോപ്പികൾ. ഇതെങ്കിലും കിട്ടിയത് കൊള്ളാം. സമയം കളയാമല്ലോ.
തടിച്ച ബൈൻഡിട്ട മൂന്നു പുസ്തകങ്ങളും അടക്കിപ്പിടിച്ചു കയറിവരുന്ന പാർവതിയെ കണ്ട് അമ്മാമ്മ ഒന്ന് പകച്ചു.
‘‘വല്ലതും കിട്ട്യോ കുട്ടീ?’’
‘‘ഏതാണ്ടൊക്കെ. ഒക്കെ പഴയതന്നെ.’’
‘‘ഹാവൂ, അതെങ്കിലും കിട്ട്യല്ലോ എന്റെ കുട്ടിക്ക്.’’
‘‘പിന്നേണ്ടല്ലോ അമ്മാമ്മേ’’, അവൾ തിടുക്കത്തിൽ പറഞ്ഞു. “അവടെ ആ രാമചന്ദ്രൻ മാഷെ കണ്ടു.”
‘‘ങ്ങേ…’’ അമ്മാമ്മ ഒന്ന് ഞെട്ടിയതു പോലെ.
“അങ്ങോര് പറഞ്ഞതോണ്ടാ ബുക്കുകൾ കിട്ടിയത്. അങ്ങേരുടെ അച്ഛൻ തൊടങ്ങിയ ലൈബ്രേറിയാത്രെ… ആ ലൈബ്രേറിയൻ ഭയങ്കര കടുപ്പക്കാരൻ.’’
“ആട്ടെ, ആ മാഷ് എന്തെങ്കിലും ചോയ്ച്ചോ’’, അമ്മാമ്മയുടെ ശബ്ദത്തിൽ പതിവില്ലാത്തൊരു വിറയൽ.
‘‘അമ്മേപ്പറ്റി കൊറേ ചോയ്ച്ചു. അമ്മെ പഠിപ്പിച്ചിട്ടുണ്ടത്രെ.’’
‘‘എന്റീശ്വരാ’’, നെഞ്ചത്ത് കൈ വെക്കുകയാണ് അമ്മാമ്മ.
എന്തേയെന്നു ചോദിച്ചില്ല പാർവതി. ഓർക്കാപ്പുറത്ത് അങ്ങനെ പല ശബ്ദങ്ങളും വരാറുണ്ട് അമ്മാമ്മയുടെ ഉള്ളിൽനിന്ന്. പാതിയുറക്കത്തിൽ അടുത്ത മുറിയിൽനിന്ന് ഇരുട്ടിനെ തുളച്ചു കടന്നുവരാറുള്ള കൂർക്കംവലി പോലെ.
ഉറങ്ങാൻ കിടന്നപ്പോൾ പാർവതിയുടെ ഉള്ളിൽ രാമചന്ദ്രൻ മാഷായിരുന്നു. കണ്ണടക്കുള്ളിൽ മൂർച്ചയുള്ള കണ്ണുകൾ. അകവും പുറവും കാണാവുന്ന കണ്ണുകൾ. സൗമിനി ടീച്ചറെ കാണുമ്പോൾ ആദ്യം പറയാൻ ഒരു വിശേഷം കിട്ടി. സാധാരണ നാട്ടിൽനിന്ന് മടങ്ങിവരുമ്പോൾ കാര്യമായൊന്നും പറയാൻ ഉണ്ടാവാറില്ല. അമ്മയൊട്ടു ചോദിക്കാറുമില്ല. അമ്മാമ്മക്ക് സുഖമാണോയെന്ന് ചിലപ്പോൾ ചോദിച്ചെന്ന് വരും. അതും വലിയ താൽപര്യമൊന്നുമില്ലാതെ. വിശാൽനഗറിൽ എത്തിയതോടെ പിറന്നു വളർന്ന ആ നാട്ടിൻപുറത്തോടുള്ള എല്ലാ ബന്ധവും വിട്ടതുപോലെ.
‘‘ഒക്കെ എന്റെ അമ്മേടെ കാലം വരെ. അതോടെ തീർന്നു എല്ലാം. പിന്നെ കൊറേ മണ്ണും മരോം മാത്രല്ലേ ബാക്കിയുണ്ടാവൂള്ളൂ അവടെ. അതൊക്കെ നീ തന്നെ വിറ്റു പെറുക്കി പോരണം. ആ അപ്പൂട്ടന് വല്ലതും കൊടുക്കണംന്ന് മാത്രം.’’ സൗമിനി പറയാറുണ്ട്.
വിശ്വസിക്കാനാവുന്നില്ല പാർവതിക്ക്. പിറന്നു വളർന്ന നാട് വെറും മണ്ണും മരവും മാത്രമാണത്രെ! അതും പതിറ്റാണ്ടുകൾക്കുശേഷം സ്വന്തം വേരുകൾ തേടി വിദേശത്തുനിന്നു പോലും പലരും വരാറുള്ള ഇക്കാലത്ത്. അപ്പഴാണ് ഓർമക്കായി അവിടെ ഇത്തിരി മണ്ണുപോലും ബാക്കിയിടേണ്ടെന്ന് ഒരാൾ വാശിപിടിക്കുന്നത്. അത്രക്ക് വെറുപ്പാണോ ആ നാടിനോട്? സമ്മർ വെക്കേഷന് നാട്ടിലേക്കുള്ള ടിക്കറ്റിന് വേണ്ടി ഓരോരുത്തർ റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കുമ്പോൾ ശാന്തിനഗറിൽ തന്നെ ചടഞ്ഞുകൂടാനാണ് അമ്മക്ക് താൽപര്യം.
അല്ലെങ്കിലും സൗമിനിയമ്മയെ ഒട്ടും മനസ്സിലാകാറില്ല പലപ്പോഴും. കാലുറക്കാത്ത ഏതോ സ്വപ്നലോകത്തു കൂടിയാണ് നടക്കുന്നതെന്ന് ചിലപ്പോൾ തോന്നും. ഓരോ സമയത്തും ഓരോന്ന് പറയുന്ന അവർക്ക് അവനവനെ തന്നെ അറിയില്ലെന്ന് തോന്നാറുണ്ട്. അവനവനെ കണ്ടെത്തലാണ് ഏറ്റവും വിഷമമെന്നു പറയുമ്പോൾ അമ്മക്ക് ഒരു ഫിലോസഫറുടെ മട്ടാണ്. ഒരു വെള്ളിക്കണ്ണടയുടെ കുറവ് മാത്രം.
പാതിയുറക്കത്തിൽ ഞെട്ടിയുണരുമ്പോൾ പാർവതിയുടെ മനസ്സിൽ രാമചന്ദ്രൻ മാഷായിരുന്നു. ആദ്യത്തെ കാഴ്ചയിൽ തന്നെ ആളൊരു മാന്യനാണെന്ന് തോന്നി.
മാഷെപ്പറ്റി പറയുമ്പോഴൊക്കെ അമ്മാമ്മയുടെ മുഖത്തു കാണായ അമ്പരപ്പ്. അമ്മാമ്മക്ക് നേരിട്ടറിയാമോ മാഷെ? സൗമിനിയമ്മക്കോ? അല്ലെങ്കിലും അമ്മാമ്മക്ക് എപ്പോഴും സംശയമാണ്. ആരെയെന്നില്ല, നേരം വെളുത്തു അന്തിയാകുന്നതിനിടയിൽ ആരെയെങ്കിലും സംശയിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്ന മട്ട്...
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.