9mm ബരേറ്റ

പകയുടെ കളനീക്കങ്ങള്‍മരണമെത്തുന്നതിനു മുമ്പുള്ള സിംഫണിയാണ് പ്രാണഭയം.ഡല്‍ഹിയിലെ ദൗത്യം പരാജയപ്പെട്ട ശേഷമുള്ള മടക്കയാത്രയില്‍ നാരായണ്‍ ആപ്‌തെക്ക് മുമ്പെങ്ങും ഇല്ലാത്തവിധം ഭയം തോന്നി. ''മദന്‍ലാലിനെ പൊലീസ് പൊക്കിക്കാണും.'' പഞ്ചാബ് മെയിലിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്മെന്റില്‍ അയാള്‍ക്ക്‌ ഇരിപ്പുറച്ചില്ല. വിനായക് ഗോഡ്സെ കണ്ണടച്ചിരിപ്പാണ്. തീവണ്ടിയുടെ കിലുക്കത്തിന് അയാൾ വഴങ്ങി കൊടുക്കുന്നതുപോലെ... ഒന്ന് മൂടിപ്പുതച്ചു കിടക്കാമെന്നു കരുതിയെങ്കിലും അതിനും മനസ്സ് സമ്മതിക്കുന്നില്ല. ജനൽ കാഴ്ചകള്‍ നൽകിയ ആകാശവും പച്ചപ്പാടങ്ങളും മരങ്ങളും പുഴകളും വരണ്ട മലകളും നാരായൺ ആപ്‌തെയുടെ...

പകയുടെ കളനീക്കങ്ങള്‍

രണമെത്തുന്നതിനു മുമ്പുള്ള സിംഫണിയാണ് പ്രാണഭയം.

ഡല്‍ഹിയിലെ ദൗത്യം പരാജയപ്പെട്ട ശേഷമുള്ള മടക്കയാത്രയില്‍ നാരായണ്‍ ആപ്‌തെക്ക് മുമ്പെങ്ങും ഇല്ലാത്തവിധം ഭയം തോന്നി.

''മദന്‍ലാലിനെ പൊലീസ് പൊക്കിക്കാണും.''

പഞ്ചാബ് മെയിലിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്മെന്റില്‍ അയാള്‍ക്ക്‌ ഇരിപ്പുറച്ചില്ല. വിനായക് ഗോഡ്സെ കണ്ണടച്ചിരിപ്പാണ്. തീവണ്ടിയുടെ കിലുക്കത്തിന് അയാൾ വഴങ്ങി കൊടുക്കുന്നതുപോലെ...

ഒന്ന് മൂടിപ്പുതച്ചു കിടക്കാമെന്നു കരുതിയെങ്കിലും അതിനും മനസ്സ് സമ്മതിക്കുന്നില്ല. ജനൽ കാഴ്ചകള്‍ നൽകിയ ആകാശവും പച്ചപ്പാടങ്ങളും മരങ്ങളും പുഴകളും വരണ്ട മലകളും നാരായൺ ആപ്‌തെയുടെ മനസ്സിനെ ശാന്തമാക്കിയില്ല. ''തന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ...എല്ലാം പാഴാവുകയാണോ?''

ഏറെ നേരം അനങ്ങാതിരുന്നതിനാൽ കാൽപാദം തരുത്തു. പെരുവിരലിൽനിന്ന് നെറുകയിലേക്ക് പുഴുക്കളെപോലെ ആധി അരിച്ചുകയറാൻ തുടങ്ങിയപ്പോൾ അയാൾ ഉടനെ എഴുന്നേറ്റുപോയി മുഖം കഴുകി. സീറ്റിലേക്ക് വന്നപ്പോൾ, ഉറങ്ങിക്കിടക്കുന്നവർപോലും തന്നെ സംശയത്തോടെ നോക്കുന്നുണ്ടോ എന്ന് അയാളുടെ ഉള്ളുപിടഞ്ഞു.

ഇത്തരം മാനസികാവസ്ഥ തനിക്കു പതിവില്ലാത്തതാണ്. ''ദൗത്യ പരാജയം ടീം ലീഡറുടെ പരാജയമാണ്.''

അയാളുടെ ആധികൾ കുറക്കാനുതകുംവിധം സ്ത്രീ സാന്നിധ്യമൊന്നും ആ കമ്പാർട്മെന്റിൽ ഉണ്ടായിരുന്നില്ല. പഞ്ചാബ് മെയിൽ ഒരു ചത്ത ഇഴജന്തു ആണെന്ന് അയാൾക്കപ്പോൾ തോന്നി.

''ആ ഫക്കീറിനെ കൊല്ലുംമുമ്പേ പിടിക്കപ്പെട്ടാൽ പിന്നെ തന്റെ ജീവിതത്തിനു എന്ത് അർഥമാണുള്ളത്.''

ഡൽഹിയിൽ വാർത്ത പരന്നുകാണും.

''നാളെ നേരം വെളുക്കും മുമ്പേ ലോകം മുഴുവൻ ഇതറിയും. അടുത്ത ഒരവസരത്തെ അത് ഇല്ലാതാക്കും. താനിത്രയും കാലം ജീവിച്ചത് കുടുംബത്തിന് വേണ്ടിയല്ല, കാമുകിക്ക് വേണ്ടിയല്ല, സുഹൃത്തുക്കൾക്ക് വേണ്ടിയല്ല... ഈ രാജ്യത്തിന്റെ നന്മക്കു വേണ്ടിയാണ്. തന്നെപ്പോലെ ചിന്തിക്കുന്ന ലക്ഷോപലക്ഷം ഹിന്ദുക്കളുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയാണ്. ഫണ്ട് ശേഖരിച്ചത്, രാപ്പകൽ ഓടിനടന്നത്, ആയുധങ്ങൾ സംഘടിപ്പിച്ചത് എല്ലാം ഇതിനുവേണ്ടിയായിരുന്നു. ഒരു കൈപ്പിഴ സംഭവിച്ചിരിക്കുന്നു. ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചവർ ചരിത്രത്തിലില്ലാതായിത്തീരുമോ?

നാരായൺ ആപ്‌തെ, ഗോഡ്‌സെയുടെ അടുത്ത് അയാളെ തൊടാതെ ഇരുന്നു. അയാൾ തന്നെതന്നെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി നേരം പോക്കി.

വണ്ടി കൃത്യസമയം പാലിച്ചുകൊണ്ട് ഓടിക്കൊണ്ടിരുന്നു. തലേക്കെട്ട് ധരിച്ച ഒരു വൃദ്ധയാത്രികൻ വളരെ കഷ്ടപ്പെട്ട് രണ്ടു രൂപ വിലയുള്ള, എ.എസ്.പി. അയ്യർ എഴുതിയ തെന്നാലി രാമ എന്ന പുസ്തകം വായിക്കുന്നുണ്ടായിരുന്നു. ആപ്‌തെ ആ പുസ്തകത്തിന്റെ ചട്ടയിൽ ഏറെ നേരം നോക്കിയിരുന്നു. വെയിൽ മങ്ങി. തീവണ്ടി ഒരു പാലത്തിലൂടെ അലോസരപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിപ്പിച്ചുകൊണ്ട് കടന്നുപോയി.


ഡൽഹി വർത്തമാനങ്ങൾ അറിയാൻ കഴിയാത്തതില്‍ അയാൾക്ക് അസ്വാസ്ഥ്യം തോന്നി. കമ്പാർട്മെന്റിലൂടെ ഒന്ന് ഉലാത്തിയപ്പോൾ ഉറങ്ങിക്കിടക്കുന്ന ഒരു യാത്രികന്റെ പക്കൽ 517 മോഡൽ ഒരു എമേഴ്സൺ റേഡിയോ കണ്ടു. അയാളെ ഉണർത്തി അതിൽ വാർത്ത കേൾക്കണോ? വേണ്ട... ഈ മാനസികാവസ്ഥയിൽ ഒന്നിനും ഒരു തീരുമാനമെടുക്കാൻ ആപ്തെക്കായില്ല. അയാൾ ഗോഡ്‌സെയുടെ ട്രങ്ക് പെട്ടി സീറ്റിനടിയിലേക്ക് ഒന്നുകൂടി നീക്കിവെച്ച ശേഷം വീണ്ടും സീറ്റിലിരുന്നു.

വണ്ടി വിക്ടോറിയ ടെർമിനസ്സിൽ എത്താൻ നാളെ ഉച്ചയാവും. ഇന്ന് രാത്രി എങ്ങനെ തള്ളിനീക്കും?

പകുതി ചത്ത ഒരു മനുഷ്യനെപോലെ നാരായൺ ആപ്‌തെ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു.

ഉറക്കം വരാത്തതിനാൽ, ഡൽഹിയിലെ മെറീന ഹോട്ടലിലെ നാൽപതാം നമ്പർ മുറിയിലേക്ക് അയാൾ സ്വസ്ഥത തേടി പോയി...

അവിടെ കിടക്കയിൽ പതുക്കെ കറങ്ങുന്ന പങ്ക നോക്കി കിടക്കുകയായിരുന്നു അയാൾ. നെഞ്ചിൽ ഇരുകൈയും കോർത്ത് വെച്ച് ഗോഡ്‌സെ കണ്ണ് തുറന്ന് കിടപ്പാണ്.

പെെട്ടന്ന് ആരോ േകാളിങ് ബെൽ മുഴക്കി.

ദോബിയാണ്..

''അലക്കാൻ വല്ലതും ഉണ്ടോ സാബ്?''

ഗോഡ്‌സെ 10 കുപ്പായങ്ങൾ എടുത്ത് അയാൾക്ക് കൊടുത്തു.

''എപ്പോൾ തരും?''

''വൈകുന്നേരം തരാം സാബ്.''

ഇത്രയും ആലോചിച്ചപ്പോൾതന്നെ ഇരിക്കപ്പൊറുതി ഇല്ലാതെയായി. ''തുണി കൊടുത്തത് പൊല്ലാപ്പായി പോയി. അവന്റെ കുപ്പായത്തിൽ NVG എന്ന് അടയാളത്തിനായി എഴുതാറുണ്ട്. പൊലീസ് ദോബിയെ ചോദ്യം ചെയ്യുമ്പോൾ സംഗതി കുഴയും.''

അയാൾക്ക് ഉടനെ ഗോഡ്‌സെയെ പിടിച്ചു കുലുക്കി ഉണർത്താൻ തോന്നി.

നേരം ഇരുട്ടിതുടങ്ങിയിരുന്നു. വണ്ടി അതിന്റെ പതിവ് താളത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരെല്ലാം ഏതോ ലോകത്താണ്. നാരായൺ ആപ്‌തെ ഗോഡ്‌സെയെ ഉറങ്ങാൻ വിട്ട് വീണ്ടും ആലോചനകളിൽ മുഴുകി.

മഞ്ഞു പെയ്ത നഗരത്തിൽ തണുപ്പ് കൂടുതലായിരുന്നു. പ്രാതൽ കഴിച്ച ശേഷം ഗോഡ്‌സെ റൂമിൽതന്നെ കിടന്നു. അയാൾക്ക് തലവേദന ഉണ്ടായിരുന്നു. ആവി പിടിക്കാൻ ചൂട് വെള്ളം പറയണോ എന്ന് ആപ്‌തെ ചോദിച്ചെങ്കിലും ഗോഡ്‌സെ താൽപര്യം കാണിച്ചില്ല. അയാൾ പ്രഷർ പോയിന്ററിൽ കൈ കൊണ്ടു അമർത്തിപ്പിടിച്ച് വേദനയകറ്റാൻ ശ്രമിച്ചു.

ഹോട്ടലിൽനിന്ന് തണുപ്പിലേക്കിറങ്ങി ആപ്‌തെ ഹിന്ദു മഹാസഭയുടെ ഓഫിസിലേക്കു നടന്നു. സമയം 8.30 ആയിരുന്നു. കാർക്കറെയുടെ മുറിയിൽ ആയിരുന്നു ബാഡ്ജെയും കിസ്തയ്യയും താമസിച്ചിരുന്നത്.

''വേഗം റെഡി ആയിക്കോ, നമുക്ക് ബിർള ഹൗസിൽ പോയി കാര്യങ്ങൾ നോക്കി വരാം'', ആപ്‌തെ ബാഡ്ജെയോട് പറഞ്ഞു.

കിസ്തയ്യയും ഉത്സാഹവാനായിരുന്നു. ആരാണ് ടാർജറ്റ് എന്ന് അവനറിയില്ലായിരുന്നുവെങ്കിലും കൊല്ലപ്പെടാൻ പോകുന്നത് പ്രശസ്തന്‍ ആണെന്ന് അവരുടെ നീക്കങ്ങളിൽ നിന്ന് അവനു പിടികിട്ടിതുടങ്ങിയിരുന്നു.

കാർക്കറെയോട് മുറിയിൽതന്നെ നിൽക്കാൻ പറഞ്ഞ ശേഷം ആപ്‌തെ, ബാഡ്ജെയേയും കിസ്തയ്യയെയും കൂട്ടി ബിർള ഹൗസിലെത്തി. ഗേറ്റിൽ അവരെ പാറാവുകാരന്‍ തടഞ്ഞു.

ആരാണ്, എന്ത് വേണം, എന്ന മട്ടിൽ...

''ഞങ്ങൾ...സെക്രട്ടറിയെ കാണാൻ വന്നതാണ്.''

ഒരു തുണ്ടു കടലാസിൽ എന്തോ എഴുതി കൊടുത്ത ശേഷം അത് അകത്തു കൊണ്ടുപോയി കൊടുക്കാൻ ആപ്‌തെ അയാളോട് പറഞ്ഞു. ആപ്‌തെയുടെ ആത്മവിശ്വാസം നിറഞ്ഞ പെരുമാറ്റത്തിന് മുമ്പിൽ അയാൾ മയങ്ങിപ്പോയി.

അയാൾ കടലാസുമായി അകത്തേക്ക് പോയപ്പോൾ സ്യൂട്ട് അണിഞ്ഞ അതികായനായ ഒരാൾ പുറത്തേക്കിറങ്ങി ഗേറ്റു കടന്നു പോയി.

''അയാളെ ശ്രദ്ധിച്ചോ സുഹ്‌റവര്‍ദിയാണ്. പ്രാർഥന സമയത്ത് ഇയാളാണ് ആ ഫക്കീറിന്റെ അരികിലായിരിക്കുക. രണ്ടിനെയും തട്ടണം. അല്ലെങ്കിൽ തീർച്ചയായും ആ വൃദ്ധനെ. താത്യാറാവു പറഞ്ഞപോലെ അയാളെ 100 തികയ്ക്കാൻ സമ്മതിക്കരുത്.'' ആപ്‌തെ ആവേശത്തോടെ ബാഡ്ജെയുടെ കൈയില്‍ കയറിപ്പിടിച്ചു.

ശങ്കർ കിസ്തയ്യക്കും കാര്യത്തിന്റെ ഗൗരവം പിടികിട്ടി.

''ഇയാൾ കൊല്ലപ്പെടുമ്പോൾ ലോകം കുലുങ്ങും.''

പാറാവുകാരൻ തിരിച്ചു വന്നു അവരെ അകത്തേക്ക് കയറ്റിവിട്ടു.

ലോകത്തിന്റെ പ്രാർഥനകൾ വീണുകിടന്ന ബിർള ഹൗസിന്റെ പുൽത്തകിടിയിലേക്കു കാൽപാദം അമർത്തുമ്പോൾ നാരായൺ ആപ്തെക്ക് ഒരു രാജ്യം സ്വന്തമായവന്റെ ആനന്ദമുണ്ടായി.

''അഞ്ചാമത്തെ ശ്രമമാണിത്. ഇന്ന് ഹിന്ദുക്കളുടെ പ്രാർഥന ഫലിക്കും. വൈകുന്നേരത്തോടെ വൃദ്ധന്റെ പ്രാണൻ നിലക്കും. എന്റെ രാജ്യം പിറക്കും.''

അവർ മൂന്നു പേരും കോമ്പൗണ്ടിലൂടെ നടന്ന് ബിർള ഹൗസിന്റെ പിന്നിലുള്ള പ്രാർഥന സ്ഥലത്തെത്തി.

''ആ കാണുന്ന വലിയ മണ്ഡപത്തിലാണ് അയാളും സുഹ്റവര്‍ദിയും ഇരിക്കുക.'' ആപ്‌തെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അപ്പോൾ ഒരു പ്രാർഥനപോലെ മൂന്നു പേരുടെയും തലക്കു മുകളിലൂടെ നേർത്ത കാറ്റ് ഒരു പഴുത്ത ഇലക്കൊപ്പം കടന്നുപോയി.

''മണ്ഡപത്തിന്റെ ഇടതുവശത്തുള്ള ഗ്രിൽ ഉള്ള ജനാല കണ്ടോ. ആ മുറിയിൽ കയറികൂടണം. എന്നിട്ടു സമയമാകുമ്പോൾ ജനലിലൂടെ മണ്ഡപത്തിലേക്ക് ഗ്രനേഡ് എറിയണം. അത് കഴിഞ്ഞു വെടി ഉതിർക്കണം. ഈ ഉത്തരവാദിത്തം നിങ്ങൾക്കാണ്. അതേസമയം മദൻലാൽ പഹ്വയും കാർക്കറെയും മണ്ഡപത്തിന്റെ ഇരുവശത്തുള്ള മതിലിൽ െവച്ച നാടൻ ബോംബിന് തിരികൊളുത്തി പൊട്ടിക്കണം.''

''അത് പൊട്ടിയ ഉടനെ നിങ്ങൾ ഒരിക്കൽ കൂടി ഗ്രനേഡ്‌ മണ്ഡപത്തിലേക്ക് എറിയണം. വെടി പൊട്ടിക്കണം. ഈ സമയം കിസ്തയ്യ മണ്ഡപത്തിന്റെ മുമ്പിലേക്ക് ചെന്ന് വൃദ്ധന്റെ നെഞ്ചിലേക്ക് കാഞ്ചി വലിക്കണം. ശേഷം ഒരു ഗ്രനേഡ് കൂടി പ്രയോഗിക്കണം.'' നാരായൺ ആപ്‌തെ പ്ലാൻ പറഞ്ഞു.

''ഇത് കഠിനമാണ്. അവരോടൊപ്പം നിരപരാധികളും ചാകില്ലേ?'' കിസ്തയ്യയുടെ സംശയം ബാഡ്ജെയുടെ നാക്കിലൂടെയാണ് പുറത്തേക്കു വന്നത്.

''വൃദ്ധന്റെ അനുയായികളും മരണം അർഹിക്കുന്നുണ്ട്. ആപ്‌തെ വർഷങ്ങളുടെ ശ്രമം ഫലവത്താകാന്‍ പോകുന്നതിന്റെ ആനന്ദം നിലത്തുവീണ ഒരിലയിൽ ചവിട്ടിനടന്ന് കൊണ്ട് കൂട്ടാളികൾക്കും കൈമാറി.

''പ്രാർഥനായോഗത്തിൽ ഏകദേശം നാനൂറിനും അഞ്ഞൂറിനും ഇടക്ക് ആളുകൾ ഉണ്ടാവാറുണ്ട്. പക്ഷേ അയാൾ നിരാഹാര സമരം തുടങ്ങിയതിൽ പിന്നെ 1000 പേരെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്നിഹിതരാവാറുണ്ട്. അങ്ങനെയാണ് ഞാൻ പത്രത്തിൽ കണ്ടത്.'' ബാഡ്ജെ മുടി ഒതുക്കികൊണ്ട് പറഞ്ഞു.

''അവരിൽ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ഒക്കെ ഉണ്ടാവും. 8000 ചതുരശ്ര അടിയുള്ള ഈ പൂന്തോട്ടത്തിൽ, സ്ത്രീകളും കുട്ടികളും മണ്ഡപത്തിന്റെ മുൻനിരയിൽ ഇരിക്കാറുണ്ട്. പക്ഷേ ലക്ഷ്യത്തിനു മുമ്പിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ദൈവനീതിയല്ല.'' കരസേനാ മേധാവി സംസാരിക്കുന്നതുപോലെയാണ് ആപ്‌തെ ഇരുവരിലേക്കും ആവേശിച്ചത്.

ആപ്തെക്കൊപ്പം എല്ലാം നിരീക്ഷിച്ചുകൊണ്ട് അവർ നടന്ന് മണ്ഡപത്തിന്റെ അളവ് മനസ്സിൽ കുറിച്ചെടുത്തു.

''കാവൽക്കാരൻ വരുന്നുണ്ട്.'' ആപ്‌തെയുടെ പിന്നിൽനിന്ന് ഒരാൾ നടന്നുവരുന്നത് കണ്ട് ബാഡ്ജെ പറഞ്ഞു.

അയാൾ പക്ഷേ അവരെ ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നുപോയി.

''മണ്ഡപത്തിൽനിന്ന് ജനാലയിലേക്കുള്ള ദൂരം കൃത്യമായി നിരീക്ഷിക്കണം. അവിടെ നിന്നാണ് നിങ്ങൾ ഗ്രനേഡ് എറിയേണ്ടത്.''

ആപ്‌തെ ബഡ്‌ജെയുടെ തോളിൽ കൈ വെച്ച് കൊണ്ട് ഈ കാര്യം ആവർത്തിച്ചു.

ബാഡ്ജെ കണ്ണുകൊണ്ടും മനസ്സ് കൊണ്ടും രണ്ടു വട്ടം ആ സ്ഥലം ഓർമയിൽ കുറിച്ചിട്ടു. ''ഗ്രനേഡ് എറിഞ്ഞാൽ എത്താവുന്ന ദൂരമേയുള്ളൂ.''

അയാൾ വിജയമുദ്ര കാട്ടി.

''മുറിയിൽ കയറിക്കൂടാനുള്ള സംവിധാനം ഞാനുണ്ടാക്കി തരാം. പേടിക്കേണ്ട.'' ആപ്‌തെ ബാഡ്ജെയെ മുട്ടിയുരുമ്മി നടന്നു. പിന്നാലെ കിസ്തയ്യയും. അവിടത്തെ പുൽത്തകിടിക്കു അസാമാന്യമായ പച്ചനിറം ഉണ്ടായിരുന്നു. പകയുടെ കാലടികൾ പതിഞ്ഞ പുല്ലിടം തീയിട്ട നിലംപോലെയായി. ചില ചെടികളിൽ ആരെയും അത്ഭുതപ്പെടുത്തുംവിധം പൂക്കൾ നിറഞ്ഞുവിരിഞ്ഞിരുന്നു. അവയിൽ ഒന്നുപോലും വാടിയിരുന്നില്ല. പ്രാണൻപോയ ശരീരത്തിൽ വിശ്രമിക്കാനെന്നോണം ചില പൂക്കൾ കൊഴിയാതെ ജീവൻ പിടിച്ചുനിൽക്കുകയാണ്...

ജനലിനരികിലൂടെ അവർ നടന്നുനീങ്ങുമ്പോൾ കണ്ടു, മുറിക്കു പുറത്തു ഒരു കട്ടിലിൽ തങ്ങൾ ഇന്ന് വൈകുന്നേരം ജീവനെടുക്കാൻ പോകുന്ന വൃദ്ധന്റെ പ്രാണൻ വിശ്രമിക്കുന്നത്. തന്നെ കാണാൻ വന്ന ചിലരോടൊക്കെ അയാൾ എന്തൊക്കെയോ പറയുന്നുണ്ട്.

പ്രാർഥനാ ഗ്രൗണ്ടിൽ ഉലാത്തുന്ന മൂവർ സംഘത്തെ ആരും സംശയത്തോടെ നോക്കിയില്ല. യാതൊരു വിധ സംശയങ്ങൾക്കും ഇടകൊടുക്കാതെയുള്ള പെരുമാറ്റം ആയിരുന്നു അവരുടേത്.

''ഒരാളുടെ കാലൻ അയാളുടെ നിഴൽകൂടെ ഇല്ലാത്തപ്പോൾപോലും ഒപ്പം കാണും. ഇന്ന് വൈകുന്നേരം നെഞ്ച് പിളരുന്ന നിമിഷം അയാൾക്കത്‌ ബോധ്യമാവും.''

ആപ്‌തെ മണ്ഡപത്തിന്റെ മുന്നിലായി കുറച്ചു ദൂരം കാലടികൾകൊണ്ട് അളന്ന ശേഷം നിന്നു.

''ഈ സ്പോട്ടിൽ ആണ് നീ നിൽക്കേണ്ടത്.'' അയാൾ കിസ്തയ്യയോട് പറഞ്ഞു. അവൻ തല കുലുക്കി.

ഞാനും ഗോഡ്സെയും ഗോപാലും ഇവിടെനിന്നാവും ഗ്രനേഡ് എറിയുക. ഒരാള്‍ പണി തുടങ്ങിയാല്‍ ആരും അമാന്തിക്കരുത്. മണ്ഡപത്തിന്റെ ഏതാനും വാര അകലെയുള്ള അടുത്തടുത്ത മൂന്ന് ഇടങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് ആപ്‌തെ ഇരുവരോടുമായി പതുക്കെ പറഞ്ഞു.

''ഒന്നിന് പുറകെ ഒന്നായി പൊട്ടണം അല്ലേ'', കിസ്തയ്യ ചോദിച്ചു.

''നീയാണ് യഥാർഥ യോദ്ധാവ്'', ആപ്‌തെ കിസ്തയ്യക്ക് നൽകിയ അഭിനന്ദനം ബാഡ്ജെക്ക് അത്ര രസിച്ചില്ല. പക്ഷേ, അതൊന്നും മുഖത്ത് പ്രകടിപ്പിക്കാതെ അയാൾ ആപ്‌തെയോട് പുഞ്ചിരിച്ചു.

''വൃദ്ധൻ ഇരിക്കുന്ന സ്ഥലത്തേക്ക് നിനക്ക് കൃത്യമായി ഗ്രനേഡ് എറിയാൻ പ്രയാസം ഉണ്ടാവില്ലല്ലോ, അല്ലേ...'' അവിടെനിന്ന് ഇറങ്ങാൻ നേരം നാരായൺ ആപ്‌തെ ബാഡ്ജെയോട് ഒരിക്കൽകൂടി ചോദിച്ചു.

''ഇല്ല, എനിക്കുറപ്പുണ്ട്. ദൂരം കൃത്യമാണ്.'' ഒരുപാട് ആയുധങ്ങൾ കൈകാര്യം ചെയ്ത പാപജ്ഞാനത്താൽ പ്രചോദിതനായി അയാൾ പറഞ്ഞു.

ഗ്രൗണ്ടിൽ ഒരു റൗണ്ടുകൂടി അലസമായി ഉലാത്തിയ ശേഷം മൂവരും കവാടം വഴി പുറത്തേക്കിറങ്ങി.

നാരായൺ ആപ്‌തെ റോഡിലൂടെ നടക്കുന്നതിനിടയിൽ തെല്ലിടനിന്ന് ആ കെട്ടിടം ഒന്നുകൂടി നോക്കി.

ബിർളാ ഹൗസ്

''ഇന്ന് വൈകുന്നേരം മുതൽ ഇതൊരു പ്രേതഭവനമാണ്!''

കൊലപാതകത്തിന്റെ ബ്ലൂപ്രിന്റ് റെഡിയായ ആത്മവിശ്വാസത്തോടെ അവർ 11.30 ഒാടെ ഹിന്ദുമഹാസഭയുടെ കാര്യാലയത്തിലെത്തി. മൈഗ്രെയ്ൻ കൊണ്ട് തളർന്ന നാഥുറാം ഗോഡ്‌സെ ഹോട്ടൽ മുറിയിൽ തന്നെ വിശ്രമിക്കുകയാണെന്ന് കാർക്കറെ പറഞ്ഞു. ആപ്‌തെ മൂളുക മാത്രം ചെയ്തു. മദൻലാൽ പഹ് വയും ഗോപാൽ ഗോഡ്സെയും അടുത്ത നീക്കം എന്തെന്നറിയാതെ ആപ്‌തെയെ കാത്തുനില്‍പ്പായിരുന്നു.

''എല്ലാം ക്ലിയറാണ്. ഇനി ആയുധങ്ങൾ പരീക്ഷിക്കണം, വെടിവെപ്പും അവസാനമായി ഒന്നുകൂടി പരിശീലിക്കണം.''

ആപ്‌തെ സംഘാംഗങ്ങളെ ഓർമപ്പെടുത്തി. ജോലി തുടങ്ങി കഴിഞ്ഞാൽ അയാൾ ഇങ്ങനെയാണ്‌. വിശ്രമമില്ല. ഉഴപ്പുന്നവൻ പോലും അയാളുടെ ഊർജത്താൽ പ്രചോദിതരായി പോകും. കിടപ്പറയിലും യുദ്ധഭൂമിയിലും അയാൾ പുകയുന്ന അഗ്നിപർവതമാണ്.

''ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തണം.'' ഗോപാൽ ഗോഡ്‌സെ പറഞ്ഞു.

''മഹാസഭയുടെ പുറകിലുള്ള കാട്ടില്‍ പോകാം. സംഭവം ഒരു ഈച്ചപോലും അറിയില്ല.'' നാരായൺ ആപ്‌തെ പോക്കറ്റിൽനിന്ന് കൈ പുറത്തെടുത്തുകൊണ്ട് നടന്നു.

ആപ്‌തെ എന്നത്തേയുംപോലെ അവരെ നയിച്ചു. ഇലയനക്കം ഇല്ലാത്ത വിഷാദഭാവമുള്ള മരങ്ങൾ നിറഞ്ഞ കാട് അവരുടെ രഹസ്യ പരിശീലനത്തിനു പറ്റിയ ഇടമായിരുന്നു. കുറച്ചു ദൂരം നടന്ന ശേഷം ഒരു വൻ മരത്തിനു മുന്നിൽ ആപ്‌തെ നിന്നു.

ഗോപാൽ ഗോഡ്‌സെ തന്റെ സഞ്ചി താഴെ വെച്ചു. ബാഗിലെ വെടിക്കോപ്പുകൾ മണത്തിട്ടാവണം ഇലകൾ മെത്ത വിരിച്ച ഭൂമികയിലെ പ്രാണികൾ പാഞ്ഞകന്നു.

ആപ്‌തെ മേൽക്കാടിനെ നോക്കി. ഇലകൾ ഒളിപ്പിച്ച ആകാശം അനുഗ്രഹം ചൊരിയുന്നതായി അയാൾക്ക് തോന്നി.

ആപ്‌തെ മരത്തിന്റെ അരികിൽ നിന്നു മനസ്സിൽ കണക്കു കൂട്ടിയുറപ്പിച്ച ദൂരം അളന്നു. മണ്ഡപത്തിൽനിന്ന് ജനലഴിവരെയുള്ള ദൂരം. എന്നിട്ടവിടെ നിലയുറപ്പിച്ചു മരത്തെ നോക്കി.

''ഈ മനുഷ്യന്റെ കണക്കുകൂട്ടലുകൾ എല്ലാം കൃത്യമാണ്. ബാഡ്ജെ ഹൃദയംകൊണ്ട് അയാളെ തൊട്ടു തൊഴുതു.''

''റിവോൾവർ എടുക്ക്'', നാരായൺ ആപ്‌തെ ശങ്കർ കിസ്തയ്യയോട് ആജ്ഞാപിക്കും പോലെ പറഞ്ഞു. ഗോപാൽ ഗോഡ്‌സെ തോക്ക് കിസ്തയ്യക്ക് നീട്ടി. അവനത് നേതാവിന് വിനയപൂർവം കൈമാറി. കാറ്റിൽ ചില മരങ്ങൾ ഉലഞ്ഞു.

ആപ്‌തെ റിവോൾവറിൽ നാല് തിരകൾ അതിവേഗം നിറച്ചു. അയാളുടെ മനസ്സ് പറയും പോലെ ഗോപാൽ ഗോഡ്‌സെ മരത്തിൽ പോയി ലക്ഷ്യം അടയാളം വെച്ചു.

''ഇവിടെ വന്നുനിന്ന് കാഞ്ചി വലിക്ക്.''

ആപ്‌തെ മരത്തിലെ ലക്ഷ്യത്തിലേക്ക് ചൂണ്ടി കിസ്തയ്യയോട് പറഞ്ഞു.

അവൻ ആവേശഭരിതനായി. മണ്ഡപത്തിനു മുന്നിൽ, ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ നിന്ന് കാഞ്ചി വലിക്കുന്നത് മനസ്സിൽ കണ്ട് അവൻ വിരലമർത്തി.

വെടി പൊട്ടി.

ഒച്ചയെക്കാൾ കൂടുതൽ പുകയാണ് പുറത്തേക്കു വന്നത്. കഷ്ടി പത്തടിപോലും ഇല്ലാത്ത ലക്ഷ്യസ്ഥാനത്തേക്കു ഉണ്ട ചെന്നില്ല.

''താൻ തബലയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ആയുധം!''

ബാഡ്ജെക്ക് സങ്കടം വന്നു. അയാൾ ഒരു മരം ചാരി നിന്നു. ആപ്‌തെക്ക് സംഗതി മനസ്സിലായി. തോക്കും തിരകളും ഒരേ കാലിബറിൽ ഉള്ളതല്ല!

''ഉണ്ട വേറെ, തോക്ക് വേറെ'', അതാണ് ഇത് കൃത്യമായി പൊട്ടാതിരുന്നത്.''

ആപ്‌തെ പറഞ്ഞു.

ഗോപാൽ ഗോഡ്‌സെ സഞ്ചി തുറന്ന് തന്റെ സർവിസ് റിവോൾവർ പുറത്തെടുത്തു.

.38 വെബ്ലി സ്‌കോട്ട്‌!

തുരുമ്പെടുത്തതിനാൽ അതിന്റെ ഫയറിങ് മെക്കാനിസം ശരിക്കും പ്രവർത്തിച്ചിരുന്നില്ല.

''കുറച്ചു എണ്ണയിട്ടാൽ സംഗതി ശരിയാവും'', ഗോപാൽ ഗോഡ്‌സെ പറഞ്ഞു.

ആപ്‌തെ പടത്തലവന്റെ വീര്യത്തോടെ തന്നെ ആ കാട്ടിൽ വൻമരം തൊടാതെ നിന്നു.

''എന്റെ ട്രങ്ക് പെട്ടിയിൽ പേനാക്കത്തിയും ഓയിലും ഒക്കെയുണ്ട്. നീ വേഗം പോയി എടുത്തു കൊണ്ട് വാ'', ഗോപാൽ ഗോഡ്‌സെ കിസ്തയ്യയോട് പറഞ്ഞു.

ഇലകൾ വീണ് വേരുകൾ മൂടിയ മരങ്ങൾക്കിടയിലൂടെ അവന്‍ മഹാസഭയുടെ കാര്യാലയത്തിലേക്കോടി. അവന്റെ കിതപ്പിൽ ശ്വാസം നിലച്ചിട്ടെന്നോണം പഴക്കം ചെന്ന ഒരു മരത്തിന്റെ ഉണങ്ങിയ ഭാഗം നിലം പൊത്തി.

അയാൾ കിസ്തയ്യയെ കാത്തു നേരം പോക്കുന്നതിനിടയിൽ, മൂന്ന് ഫോറസ്റ്റ്‌ ഗാർഡുകൾ അത് വഴി വന്നു. ഒരു മരത്തിന് മറവില്‍ മൂത്രമൊഴിക്കുകയായിരുന്ന ബാഡ്ജെ വേഗം തന്നെ ഓടി ആപ്‌തെക്കരുകിലെത്തി. ഗോപാൽ ഗോഡ്‌സെ തോക്കുകൾ കരിയിലകൾക്കിടയിൽ ഒളിപ്പിച്ചു.

''എന്താണിവിടെ?''

''നിങ്ങൾ മൂന്നാളും ഇവിടെ എന്തെടുക്കുകയാണ്?''

ഗാർഡുകളുടെ ചോദ്യത്തിന് മുമ്പിൽ ആപ്‌തെ പതറിയില്ല.

''ഞങ്ങൾ പിക്‌നിക്കിന് വന്നതാണ്.''

''എന്താ?'' ഗാർഡുകളിൽ ഒരാളായ മെഹർ സിങ് ചോദിച്ചു.

ആർമിയിൽ കുറച്ചുകാലം ജോലി ചെയ്തതിനാൽ ഗോപാൽ ഗോഡ്സെക്ക് പഞ്ചാബി നല്ല വശമുണ്ടായിരുന്നു. പിക്‌നിക്കിന് വന്നതാണെന്ന് അയാൾ പഞ്ചാബിയിൽ പറഞ്ഞപ്പോൾ ഗാർഡിന്റെ മനം അലിഞ്ഞു. ഗാർഡുകൾ കൂടുതൽ ഒന്നും ചോദിക്കാതെ മടങ്ങിയപ്പോൾ സ്ഥലം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ ഗൂഢസംഘം ആയുധങ്ങൾ എടുത്തു അതിവേഗം മഹാസഭയുടെ കാര്യാലയത്തിലേക്കു നടന്നു.

നാരായൺ ആപ്‌തെ അനാഥനെപോലെ ഏറ്റവും പിന്നിൽ നടന്നു. ഉപയോഗശൂന്യമായ തോക്കുകൊണ്ട് ഇനി എന്ത് നേടാനാണ്?

.38 വെബ്ലി സ്കോട്ട് റിവോൾവറുമായി ഒരു പുലർകാലത്ത് മനോരമയെ കാണാൻ ചെന്നത് അയാൾ ഓർത്തു. ഒരു നേർത്ത കാറ്റ് വീശിയപ്പോൾ ഒരു മരത്തെ കെട്ടിപ്പിടിച്ചുനിന്നു. പിന്നെ എന്തോ ഓർത്തുകൊണ്ട് പുറകിലേക്കോടി. മുമ്പ് നിന്ന സ്ഥലത്തെത്തി കരിയിലകൾക്കിടയിൽനിന്ന് തിരയുടെ അവശിഷ്ടം തപ്പിയെടുത്തു.

പാഴായിപോയ ഒരു തിര!

അത് പോക്കറ്റിലിട്ട ശേഷം അയാൾ മരങ്ങളുടെ മർമരം വകവെക്കാതെ കൂട്ടാളികൾക്കൊപ്പമെത്തി.

മഹാസഭയുടെ കാര്യാലയത്തിൽ കാർക്കറെയും മദൻലാൽ പഹ്‌വയും അവരെ കാത്തുനിൽപുണ്ടായിരുന്നു. തോക്ക് ചതിച്ചത് അവരറിഞ്ഞു.

താൽക്കാലിക നിരാശയെ കുടഞ്ഞെറിഞ്ഞ ശേഷം ആപ്‌തെ ധീരതയോടെ മുന്നിൽ നിന്നു. അയാൾ കാർക്കറെയോടും പഹ്‌വയോടും മറീന ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. ഒരു നീല ടാക്സിയിൽ അവർ നാലുപേരും ഹോട്ടലിൽ എത്തി. നാല് പേരെയും കണ്ടപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്ന നാഥുറാം ഗോഡ്‌സെ എഴുന്നേറ്റു.


ഗോപാൽ ഗോഡ്‌സെ തന്റെ ബാഗ് തുറന്ന് തോക്കെടുത്തു റിപ്പയർ ചെയ്യാൻ തുടങ്ങി.

''ഞാൻ ഭക്ഷണം കഴിച്ചിട്ട് വരാം'', ബാഡ്ജെ കിസ്തയ്യയെയും കൂട്ടി റൂമിൽനിന്നു ഇറങ്ങിപ്പോയി.

''തലവേദന എങ്ങനെയുണ്ട്?''

കൂട്ടുകാരനോട് ഭംഗിവാക്കു ചോദിച്ചു.

അയാൾ കുഴപ്പമില്ലെന്ന് തലയാട്ടി.

പഹ്‌വ ബാത്ത്റൂമിൽ കയറി നാടൻ കൈബോംബിന്റെ കോട്ടൺ തിരി പിടിപ്പിക്കാൻ തുടങ്ങി. ഗ്രനേഡിന്റെ പിരി മുറുക്കുകയും ചെയ്തു. നാഥുറാം ഗോഡ്‌സെ ഒരുക്കങ്ങൾ നോക്കിനിന്നു.

ബാഡ്ജെയും കിസ്തയ്യയും ഭക്ഷണം കഴിച്ചെത്തിയപ്പോഴേക്കും ഗോപാൽ ഗോഡ്‌സെ തോക്ക് റിപ്പയർ ചെയ്തുകഴിഞ്ഞിരുന്നു. അയാൾ തോക്ക് തുടച്ചു വൃത്തിയാക്കി. ഉണ്ടയില്ലാത്ത റിവോൾവറിന്റെ കാഞ്ചി വലിച്ചു. സംഭവം ഒാക്കെയാണ്!

''ഇത് നമ്മുടെ അവസാനത്തെ അവസരമാണ്. ഇതിൽ വിജയിച്ചേ പറ്റൂ. എന്ത് വില കൊടുത്തും നമുക്ക് ലക്ഷ്യം നേടണം'', നാഥുറാം ഗോഡ്‌സെ പറഞ്ഞു.

''ഇനി നാടൻ കൈബോംബ് കൂടി ടെസ്റ്റ് ചെയ്യണം.''

പഹ്‌വ അപ്പോഴേക്കും ഫ്യൂസ് കെട്ടിക്കഴിഞ്ഞിരുന്നു. ആപ്‌തെയുടെ നിർദേശപ്രകാരം കാർക്കറെ ഫ്യൂസിനു തീ കൊടുത്തു. ഇഷ്ടിക കനമുള്ള ഗൺ കോട്ടൺ തീ പിടിച്ചപ്പോൾ അത് വൻ ശബ്ദത്തോടെ പൊട്ടി. മുറി മുഴുവനും പുകകൊണ്ട് നിറഞ്ഞു. അവർക്ക് ഒരു നിമിഷം പരസ്പരം കാണാനായില്ല.

ശബ്ദം കേട്ട ഉടനെ ഒരു വെയ്റ്റർ കാര്യമറിയാനായി റൂമിലേക്ക് ഓടിവന്നു. കാര്യങ്ങൾ മാനത്തു കാണണം. ആപ്‌തെ അയാളെ വാതിലിനു മുന്നിൽ തടഞ്ഞു.

''ഞങ്ങൾ സിഗരറ്റു വലിച്ചപ്പോൾ കിടക്കക്കു തീ പിടിച്ചതാണ്. പേടിക്കാനൊന്നുമില്ല.'' അയാൾ അവന്റെ പോക്കറ്റിൽ 10 രൂപ നോട്ട് തിരുകി.

ഗൂഢസംഘം വീണ്ടും ഉഷാറായി.

തോക്കും ഗൺ കോട്ടണും ഗ്രനേഡുകളും റെഡി!

ആവേശം തിരിച്ചു കിട്ടിയതിനാൽ നാരായൺ ആപ്‌തെക്കും നാഥുറാം ഗോഡ്സേക്കും ഒട്ടും വിശപ്പ് തോന്നിയില്ല.

ജനൽ തുറന്നിട്ടപ്പോൾ പുകയും വെടിമരുന്നിന്റെ മണവും ഒഴിഞ്ഞുപോയി.

പരീക്ഷണത്തിനുള്ള മരുന്ന് മാത്രം നിറച്ചിരുന്നതിനാൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. പുകമറയിൽനിന്ന് എല്ലാവരും പുറത്തുകടന്നു.

ആപ്‌തെ വാതിലടച്ചശേഷം കട്ടിലിനു മുന്നിൽ നിന്നു. അയാൾ കൂട്ടാളികൾക്ക് ജോലികൾ വീതിച്ചുനൽകി.

പഹ്‌വ ഒരു ഗൺ കോട്ടണും ഒരു ഗ്രനേഡും കൈയിൽ കരുതണം. മറ്റൊരു സെറ്റ് കിസ്തയ്യയ്യും കൊണ്ട് പോവട്ടെ. നാഥുറാം ഗോഡ്‌സെയും കാർക്കറെയും ഓരോ ഗ്രനേഡ് വീതം കരുതണം. ബാഡ്ജെ റിവോൾവറും അവസാന ഗ്രനേഡും എടുക്കണം.''

''ഭീതി സൃഷ്ടിക്കാൻ ഒരു ഗൺ കോട്ടൺ തന്നെ ധാരാളമാണ്'', ബാഡ്ജെ ഇടയ്ക്കു കയറി പറഞ്ഞു.

''ഫ്യൂസ് കത്തിച്ച ശേഷം പഹ്‌വ കുറച്ചു മാറി നിൽക്കണം. പൊട്ടുന്നതിനു മുമ്പ് നിനക്ക് 60 സെക്കന്റ് ലഭിക്കും'', ആപ്‌തെ മദൻലാൽ പഹ്‌വയെ നോക്കി.

''കിസ്തയ്യയും ഞാനും ഓരോ റിവോൾവർ കൂടാതെ ഓരോ ഗ്രനേഡും കരുതും. ഗോപാലും കാർക്കറെ സാബും ഓരോ ഗ്രനേഡ് വീതം കൈയിൽ വെച്ചാൽ മതി.'' ബാഡ്ജെ പറഞ്ഞു.

ആ നിർദേശം ആപ്തെക്കു സമ്മതമായിരുന്നു.

''ആപ്‌തെയും നാഥുറാമും എല്ലാവർക്കും സിഗ്നൽ തന്നാൽ മതി.''

കൊലയാളിയുടെ പ്ലാൻ വർക്കൗട്ട് ആവുന്നതാണെന്നു ആപ്തെക്കു ബോധ്യം വന്നു. ഇനി എന്തെങ്കിലും പിഴവ് വന്നാൽ തന്നെ നാഥുറാമും താനും സുരക്ഷിതമായിരിക്കുകയും ചെയ്യും. കൊള്ളാം! നാരായൺ ആപ്‌തെയുടെ മനസ്സ് തുടിച്ചു.

''ഇന്നത്തെ ഷൂട്ടർ ബാഡ്ജെയാണ് നമുക്ക് ഇതങ്ങു ഉറപ്പിക്കാം'', ആപ്‌തെ ബാഡ്ജെയെ ചേർത്ത് പിടിച്ചു.

കുറെ നേരത്തിനു ശേഷം വീണുകിട്ടിയ നിശ്ശബ്ദതയിൽ ക്ലോക്കിന്റെ സ്പന്ദനം മുറിയിൽ നിറഞ്ഞു.

അന്തകന്മാരുടെ ഏകമനസ്സ് സുസജ്ജമായി. കാർക്കറെയും മദൻലാലുമാണ് ആദ്യം ഇറങ്ങാൻ തീരുമാനിച്ചത്. അവർ ഒരു ടോങ്ക വിളിച്ചു ബിർള ഹൗസിലേക്ക് വിട്ടു. അമിത ആത്മവിശ്വാസംകൊണ്ടാണോ എന്തോ അന്ന് ഉച്ചക്ക് കഴിച്ച പുലാവ്, ടോങ്കയില്‍ ഇരുന്നപ്പോൾ മദൻലാലിനു തികട്ടിവന്നു.

നാഥുറാം ഗോഡ്സെക്ക് തലവേദന കലശലായിരുന്നു. ആൾക്കൂട്ടത്തിന്റെ കല്ലേറുകൊണ്ട ഒരു കാട്ടുപട്ടി അയാളുടെ ഉള്ളിൽ അവശത അനുഭവിച്ചുകിടന്നിരുന്നു. കുതിക്കാൻ വയ്യ...ചിന്തകൾക്കനുസരിച്ച് ശരീരം വഴങ്ങുന്നില്ല.

''ഞാൻ ഒരു 15 മിനിട്ടു കഴിഞ്ഞു വന്നോളാം'', അയാൾ പറഞ്ഞു.

ഒരപശകുനംപോലെ ഇവനെന്താണിങ്ങനെ മുടക്കം പറയുന്നതെന്ന് നാരായൺ ആപ്‌തെക്ക് മനസ്സെതിർപ്പുണ്ടായി. പക്ഷേ മുഷിപ്പൊന്നും മുഖത്തു കാണിച്ചില്ല.

ശങ്കർ കിസ്തയ്യ പോയി ഒരു ടാക്സി വിളിച്ചു. ഒറ്റക്കും തെറ്റക്കും അവർ ഹോട്ടലിറങ്ങി. ടാക്സിക്ക് കരിനീല നിറമായിരുന്നു. വിഷത്തിന്റെ നിറം!

ആപ്തെക്കു തന്നിലേക്ക് ചാഞ്ഞ ഒരു വിദ്യാർഥിയുടെ അടിയുടുപ്പിന്റെ നിറം ഓർമവന്നു. അയാൾ പുല്ലിൽനിന്നു വീഴാനൊരുങ്ങുന്ന മഞ്ഞുതുള്ളിപോലെ, ഒരു പുഞ്ചിരി ചുണ്ടിൽ കരുതി കാറിന്റെ മുൻസീറ്റിലിരുന്നു.

''അൽബുക്കർക്യു റോഡ്.''

ഗോപാൽ ഗോഡ്സെയും ബാഡ്ജെയും കിസ്തയ്യയും റൂമിൽ വിശാലമായി ഇരുന്നു.

ഹോട്ടൽ മുറിയിൽ നാഥുറാം ഗോഡ്‌സെ ജനാലകൾ അടച്ചു. കട്ടിലിൽനിന്നു കിടക്ക എടുത്തുമാറ്റിയ ശേഷം അയാൾ അതിനു മുകളിൽ കയറിനിന്ന് ഇരു കൈകളും ഉയർത്തി നന്നായി ശ്വാസം എടുത്തു. കണ്ണുകൾ അടച്ചു.

എന്നിട്ടു ഏറെ നേരം ശീർഷാസനത്തിൽ നിന്നു.

''മനസ്സിൽ ചതി മണത്തു.''

പക്ഷേ ആ ഒറ്റുകാരനെ അയാൾക്ക് മനകണ്ണിൽ കാണാൻ സാധിച്ചില്ല.

കരിനീല കാർ ഹിന്ദു മഹാസഭയുടെ കാര്യാലയത്തിന് മുമ്പിൽ നിന്നു.

ഗോഡ്‌സെ ഡിക്കിയിൽനിന്നു തന്റെ ട്രങ്ക് പെട്ടി എടുത്തു മുറിയിലെ കബോർഡിൽ കൊണ്ടുപോയിെവച്ചു. ഗൺ കോട്ടണും ഗ്രനേഡും കൈയിൽതന്നെയുണ്ടന്ന് ഉറപ്പുവരുത്തി. അയാൾ ധൃതിയിൽ ഓടി വന്നു കാറിൽ കയറി. ചില്ലിനരികിൽ ചത്തുകിടന്ന പാറ്റയെ ഡ്രൈവർ കൈകൊണ്ടെടുത്തു പുറത്തേക്കിട്ടു. അവരവരുടെ ആലോചനകളുടെ തടവിലായിരുന്ന യാത്രികർ ഇതൊന്നും അറിഞ്ഞില്ല.

മദൻലാലും കാർക്കറെയും മെയിൻഗേറ്റു വഴി കോമ്പൗണ്ടിനകത്തു പ്രവേശിച്ചു ബാക്കിയുള്ളവരെ കാത്തുനിൽപായിരുന്നു.

നീല കാർ ബിർള ഹൗസിന്റെ മുമ്പിൽ ആരെയും അലോസരപ്പെടുത്താതെ നിന്നു.

നാല് പേരും ദുഷ്ടലാക്കോടെ അഹിംസയുടെ ഹൃദയഭൂമിയിലേക്ക്‌ കാലൂന്നി.

''പ്രാർഥന കഴിയുംവരെ ഇവിടെതന്നെ നിന്നോളണം.''

ആപ്‌തെ ഡ്രൈവറോട് പറഞ്ഞു.

നാൽവർസംഘം ക്യൂവിൽ നിൽക്കാതെ കാവൽക്കാരുടെ കണ്ണ് വെട്ടിച്ചു മാന്യമായി അകത്തു കയറി.

ജനം പ്രാർഥനാസ്ഥലത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു.

അവർ നാലുപേരും മദൻലാലിനെയും കാർക്കറെയെയും കണ്ടു. നാഥുറാം ഗോഡ്സെയും അവിടെ ഹാജരുണ്ടായിരുന്നു.

അവർ സംഘം ചേർന്നു.

നാരായൺ ആപ്‌തെ ക്യാപ്റ്റനെപ്പോലെ അവർക്കിടയിൽ നിന്നു. പരസ്പരം വിളിക്കാനുള്ള വ്യാജ പേരുകൾ ഒന്നുകൂടി മനസ്സിൽ എല്ലാവരും ഉറപ്പിച്ചു. ജനങ്ങൾ പ്രാർഥനാ സ്ഥലം കൈയടക്കിക്കൊണ്ടിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ജാതിമതമില്ലാതെ, അർധനഗ്നനായ ഫക്കീറിനെ കേള്‍ക്കാന്‍ വെമ്പിനിൽപ്പാണ്.

സംഘാംഗങ്ങൾ നേരത്തേ വീതിച്ചു കൊടുത്ത ഉത്തരവാദിത്തത്തിലേക്കു കടന്നു.

കാർക്കറെ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറി. അയാൾ ബാഡ്ജെക്ക് പോകാനുള്ള മുറി കണ്ടു. ഗേറ്റിൽനിന്ന് മൂന്നാമത്തെ മുറി. അതിന്റെ ജനലിലൂടെ നോക്കിയാൽ മണ്ഡപത്തിലിരിക്കുന്നവരെ കാണാം. ആ മുറിയുടെ മുന്നിലും വരാന്തയിലും കുറെ ആളുകൾ ഉണ്ടായിരുന്നു. മുറിയുടെ വാതിൽക്കൽനിന്ന വളണ്ടിയറെ കാർക്കറെ തലേന്ന് പരിചയപ്പെട്ടിരുന്നു.

''എന്റെ സുഹൃത്തിനു പടം എടുക്കാനായി ആ മുറിയിൽ ഒന്ന് കയറി നിൽക്കണം.'' അയാൾ ആ സാധു വളണ്ടിയറോട് പറഞ്ഞു.

അയാൾ ബാഡ്ജെയെ നോക്കി.

''അദ്ദേഹത്തിന്റെ കൈയിൽ ക്യാമറ ഇല്ലല്ലോ?''

''കാറിൽ വെച്ചിരിക്കുകയാണ്. സമയം ആകുമ്പോൾ എടുത്തുകൊണ്ടുവരും'', കാർക്കറെ പറഞ്ഞു.

ആ വളണ്ടിയർ മറ്റെന്തെങ്കിലും ആലോചിക്കുന്നതിനു മുമ്പേ കാർക്കറെ 10 രൂപയെടുത്ത് അയാളുടെ നരച്ച കുപ്പായക്കീശയിൽെവച്ചുകൊടുത്തു. ഒരു മാസം കാർ കഴുകിയാൽ 65 രൂപ മാത്രം കിട്ടിയിരുന്ന ആ മനുഷ്യന്‍ വെട്ടിലായിപോയി. മുമ്പ് ഇങ്ങനെ ഒരുപാട് പ്രസ്‌ ഫോട്ടോഗ്രാഫർമാര്‍ വന്നു പടമെടുത്തതിനാല്‍ അയാള്‍ സംശയിച്ചില്ല.

കാർക്കറെ ബാഡ്ജെയെ തഞ്ചത്തില്‍ മുറിയിലേക്ക് കടത്തിവിട്ടു.

മുറിക്കു പുറത്തു ആളുകൾ ഉലാത്തുന്നുണ്ടായിരുന്നു. വെളിച്ചം കുറഞ്ഞ മുറി വിജനമായിരുന്നു. ബാഡ്ജെ ജനലരികിൽ ചെന്ന് നിന്നു. താൻ നിറയൊഴിക്കാന്‍ പോകുന്ന മനുഷ്യന്റെ മുഖം അയാൾ അഴികൾക്കിടയിലൂടെ വ്യക്തമായി കണ്ടു. ഷാൾ ഊർന്നു വീണപ്പോൾ ദുർബലമായ നെഞ്ച് കണ്ടു. തന്നെ സ്നേഹിക്കുന്ന ജനതയോട് അദ്ദേഹം പുഞ്ചിരിച്ചപ്പോൾ അവിടെ പരന്ന പ്രകാശം കണ്ടു. പൊടുന്നനെ ബാഡ്ജെക്ക് പാപബോധം ഉണ്ടായി!

ആയുധങ്ങൾ ഒരുപാട് വിറ്റിട്ടുണ്ടെങ്കിലും താനിന്നേവരെ ആരെയും കൊന്നിട്ടില്ല!

''പാടില്ല, ദൗത്യം നിറവേറ്റിയേ പറ്റൂ.''

അയാൾ ചുറ്റിലും നോക്കി. മുറിക്കു പുറത്ത് ആൾക്കാർ പേടിപ്പെടുത്തുംവിധം പെരുകിവന്നു. ജനാലക്കു അടുത്തുകൂടെ ആൾക്കാർ നടക്കുന്നുണ്ട്.

''ഇവിടെനിന്ന് ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്‌താല്‍ പിന്നെ എനിക്ക് ഓടിരക്ഷപ്പെടാനാവില്ല.'' ആ സത്യം അവസാന നിമിഷം ബാഡ്ജെ തിരിച്ചറിഞ്ഞു. അയാൾ ജനലിലൂടെ പരിസരങ്ങൾകൂടി വിലയിരുത്തി. കിസ്തയ്യ മണ്ഡപത്തിനു മുന്നിൽ ഇരക്ക് അഭിമുഖമായി സ്ഥാനംപിടിച്ചിട്ടുണ്ട്. ഒന്നും അറിയാത്തവനെപോലെ അവൻ ജാഗരൂകനായി നിൽപാണ്.

മദൻലാലും കാർക്കറെയും തങ്ങളുടെ പണി ഒപ്പിക്കാനായി ശ്രദ്ധാലുക്കളായിട്ടുണ്ട്. അവരെ കണ്ടാൽ അനുയായികൾ ആണെന്നെ തോന്നൂ.

ഗോപാലും ആപ്‌തെയും നാഥുറാം ഗോഡ്സെയും തങ്ങളുടെ സ്ഥാനത്ത് കർമനിരതരായി നിൽക്കുകയാണ്. ആപ്‌തെ അത്യുത്സാഹവാനാണ്.

നാരായൺ ആപ്‌തെയുടെ സിഗ്നൽ കിട്ടിയാൽ മദൻലാൽ ഫ്യൂസിനു തീ കൊടുക്കും. ആളുകൾ വീണ്ടും തലങ്ങും വിലങ്ങും ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രാർഥന തുടങ്ങിയിട്ടില്ല.

ബാഡ്ജെ പോക്കറ്റിൽ കൈയിട്ടു ഗ്രനേഡിൽ തൊട്ടു. അത് പുറത്തേക്കെടുക്കാൻ തുനിഞ്ഞപ്പോഴാണ് അയാൾക്ക് ഉൾവിളി ഉണ്ടായത്. ഇവിടെ നിന്നു ബോംബ്, ഗ്രില്ലിലൂടെ ആഞ്ഞെറിയാന്‍ സാധിക്കില്ല. ഇരക്കു പകരം ചാവുന്നതു താനായിരിക്കും!

അയാൾ മുറിയിൽനിന്നു പുള്ളിപ്പുലിയുടെ വേഗത്തിൽ പുറത്തുകടന്നു. ''ഇതൊരു മോശം പദ്ധതിയാണ്.''

''നിറയൊഴിച്ചു കഴിഞ്ഞാൽ പുക തുപ്പുന്ന തോക്ക് എന്റെയും കിസ്തയ്യയുടെയും കൈയിൽനിന്നു പുകഞ്ഞുകൊണ്ടിരിക്കും. പിടിക്കപ്പെടാന്‍ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം!''

ബാഡ്ജെ കിസ്തയ്യയുടെ അരികിലേക്ക് നടന്നടുത്തു.

''ആപ്തെക്കും നാഥുറാമിനും ഒരു പോറൽപ്പോലും ഏൽക്കില്ല. മറ്റുള്ളവരുടെ സുരക്ഷ അവര്‍ പരിഗണിച്ചിട്ടേയില്ല എല്ലാവരും ചേർന്നെന്നെ ചാവേറാക്കുകയാണ്.'' അവസാന നിമിഷം ബാഡ്ജെ പ്ലാൻ മാറ്റി.

കേടുവന്ന മൈക്ക് സെറ്റ് ആരോ റെഡി ആക്കി.

സർവമത പ്രാർഥന തുടങ്ങി. ജനങ്ങൾ ഏകാഗ്രതയോടെ കേട്ടിരുന്നു.

ഇത് കഴിഞ്ഞാൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

ഗൂഢസംഘം ജാഗരൂകരായി.

ഗൺ കോട്ടൺ സ്ലാബ് മതിലിൽെവച്ചതായി മദൻലാൽ പഹ്‌വ ആപ്തെക്കു സിഗ്നൽ നൽകി.

താനും റെഡിയാണെന്നു കാർക്കറെയും ആംഗ്യം കാണിച്ചു.

ബാഡ്ജെയുടെ നെഞ്ചിടിപ്പ് കൂടി.

''ആ തോക്കും ഗ്രനേഡും എനിക്ക് തരൂ'', ബാഡ്ജെ വെപ്രാളത്തോടെ കിസ്തയ്യയോട് പറഞ്ഞു.

അവനു യാതൊന്നും മനസ്സിലായില്ല. ''ഞാൻ പറയാതെ ഇനി നീ ഒന്നും പ്രവർത്തിക്കരുത്.''

ബാഡ്ജെ ആയുധങ്ങൾ എല്ലാം ടവ്വലിൽ പൊതിഞ്ഞു ഓടി പോയി നീല കാറിന്റെ പിൻസീറ്റിനടിയിൽവെച്ചു.

കാർ ഡ്രൈവർ പ്രാർഥനാ സ്ഥലത്തേക്ക് നീങ്ങിയിരുന്നു. യാതൊന്നും സംഭവിക്കാത്തതുപോലെ കൈകൾ പാന്റ്സിന്റെ പോക്കറ്റിൽ തിരുകി ബാഡ്ജെ വീണ്ടും ഗ്രൗണ്ടിൽ എത്തി. തോക്കും ഗ്രനേഡും കൈയില്‍ ഉണ്ടെന്നപോലെ അയാൾ ആൾക്കൂട്ടത്തിനിടയിലൂടെ മണ്ഡപത്തിനു മുന്നിൽ ചെന്നുനിന്നു.

ബാഡ്ജെ എന്താണ് ചെയ്തതെന്ന് മറ്റു സംഘാംഗങ്ങൾക്കു മനസ്സിലായില്ല.

താൻ എന്തിനും റെഡി എന്ന മട്ടിൽ ബാഡ്ജെ ആപ്തെയെ നോക്കി.

ജനം പ്രാർഥന കേട്ടിരിക്കുകയായിരുന്നു. ചെകുത്താൻ കുറിച്ച് കൊടുത്ത സമയം വന്നെത്തി. ആപ്‌തെ മദൻലാലിനു സിഗ്നൽ നൽകി.

അയാൾ തീെപ്പട്ടിയെടുത്തു ഗൺ കോട്ടന്റെ ഫ്യൂസിനു തീ കൊളുത്തി.

ഒരു വലിയ ശബ്ദത്തോടെ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. എങ്ങും പുക പരന്നു. ജനം പരിഭ്രാന്തരായി. അതിനു ശേഷം മറ്റൊന്നും സംഭവിച്ചില്ല.

ആപ്‌തെ വെടിയൊച്ചകൾ കേട്ടില്ല.

അങ്കലാപ്പിലായ ഗോപാലും കാർക്കറെയും ഗ്രനേഡ് പ്രയോഗിച്ചില്ല. ആൾക്കൂട്ടം തിരിച്ചറിയുന്നതിനു മുമ്പ് ബാഡ്ജെ തന്റെ സന്തത സഹചാരിയായ കിസ്തയ്യയുടെ കൈ പിടിച്ചു പൊടിയും കരച്ചിലും തങ്ങിനിന്ന അന്തരീക്ഷത്തിലൂടെ, ആളുകളെ തട്ടിമാറ്റി പുറത്തുകടന്നു.

പദ്ധതി പൊളിഞ്ഞു...

ആപ്‌തെയും നാഥുറാം ഗോഡ്സെയും മദൻലാലിനെ ആൾക്കൂട്ടം വളയുന്നതു കണ്ടു. അവർ ഓടി പുറത്തു കടന്നു. ഇതു കണ്ട കാർക്കറെയും ഗോപാൽ ഗോഡ്സെയും പിന്നാലെ പാഞ്ഞു.

''കാർ വേഗം സ്റ്റാർട്ടാക്ക്'', ആപ്‌തെ ആജ്ഞാപിച്ചു. ഡ്രൈവർ പേടിച്ചുപോയി.

കാലിൽ ചക്രം പിടിപ്പിച്ചതുപോലെ ആൾക്കൂട്ടം നാലുപാടും നിയന്ത്രണമില്ലാതെ പരന്നു. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയവർക്കിടയിലൂടെ കാർ ചീറി പാഞ്ഞുപോയി.

അതിന്റെ കുലുക്കത്തിൽ, പിന്‍സീറ്റിന്റെ അടിയിൽനിന്ന് ടവൽ തുറന്നു രണ്ടു തോക്കുകൾ പുറത്തേക്കു തള്ളിവന്നു.

നാഥുറാം വിനായക് ഗോഡ്‌സെ വിധിയെ പഴിക്കാതെ തന്റെ കാലുകൾകൊണ്ട് തോക്കുകൾ അമർത്തി ചവിട്ടി അക്ഷോഭ്യനായി ഇരുന്നു.

തീവണ്ടിയുടെ ചൂളം വിളി ഒരു ആധിയായി നെഞ്ചിൽ തട്ടിയപ്പോൾ നാരായൺ ആപ്‌തെ ഉണർന്നു. ഗോഡ്‌സെ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞുകൊണ്ട് തന്റെ കാലിനിട്ടു അമർത്തി ചവിട്ടുകയാണ്.

''ആ കള്ള പന്നിയാണ് എല്ലാം പൊളിച്ചത്.''

തീവണ്ടിയുടെ കമ്പാർട്മെന്റ് ഭയപ്പെടുത്തുംവിധം കുലുങ്ങി.

നിദ്ര നഷ്ടപ്പെട്ട ആപ്‌തെയുടെ മുതുകിലേക്ക്, ഉറക്കത്തിൽ ശാപവാക്കുകൾ ഉരുവിട്ടുകൊണ്ട് നാഥുറാം ഗോഡ്‌സെ ചാഞ്ഞു.

ഇനിയൊരിക്കലും കൂട്ടിയോജിപ്പിക്കാനാവാത്തവിധം വേർപെട്ടുപോയ രണ്ടു കമ്പാർട്മെന്റുകളെ ട്രാക്കിൽ ഉപേക്ഷിച്ച് ഓടുന്നതുപോലെയാണ് ആ കൽക്കരിവണ്ടി ബാക്കിയാത്ര തുടർന്നത്.

Tags:    
News Summary - madhyamam weekly novel 9mm Beretta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-02 06:00 GMT
access_time 2024-11-25 05:45 GMT
access_time 2024-11-18 04:15 GMT