സേനന്റെ ഉള്ളിൽ ആനയോടും ഉടമസ്ഥരോടും വൈരാഗ്യം നിറഞ്ഞു. ആനയെ ഉപദ്രവിക്കാൻ അയാൾ തക്കവും പാർത്തു നടന്നു. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോൾ ആരും കാണാതെ ആനക്കുള്ള ആഹാരത്തിനകത്ത് വീര്യംകൂടിയ പശ വെച്ചു. അതറിയാതെ ആളുകൾ പതിവുപോലെ ആനക്ക് ആഹാരം കൊടുത്തു. കുറേ കഴിഞ്ഞപ്പോൾ കലശലായ വയറുവേദന തുടങ്ങി. അതുപിന്നെ എരണ്ടകെട്ടലിൽ കലാശിച്ചു. കുറേ വൈദ്യന്മാർ വന്നു ചികിത്സിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ആന ചരിഞ്ഞു. ആ വേദനയിൽ ഉടമസ്ഥൻ അറ്റാക്ക് വന്നു മരിച്ചു. നമുക്ക് കേൾക്കുമ്പോ അതിശയം പറയുന്നതായി തോന്നും. എന്നാൽ, യഥാർഥത്തിൽ നടക്കുന്ന കാര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അതിശയിക്കാനില്ല. അതിനുശേഷമാണ് ഇയാൾ തമിഴ്നാട്ടിലേക്ക് വരുന്നത്. എന്തായാലും ആ മലയാളി പാപ്പാൻ പറഞ്ഞതുകേട്ടപ്പോൾ അഴകന്റെ കാര്യത്തിലും എനിക്ക് വലിയ പേടിയുണ്ടായി. ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ ആഹാരം കഴിക്കാൻ കൂട്ടാക്കാതിരുന്നതിന് അയാൾ അവന്റെ ചെവിക്കുള്ളിൽ തോട്ടി ഉടക്കി വലിക്കുന്നു. എനിക്കന്ന് പതിനാറു വയസ്സേയുള്ളൂ. പക്ഷേ, നൂറ്റിയേഴ് മർമങ്ങൾ ഏതെന്നും ആനയുടെ ആരോഗ്യത്തിന് പാടില്ലാത്തതെന്തെന്നുമൊക്കെ എനിക്കറിയാമായിരുന്നു. അഴകൻ ജീവനുംകൊണ്ട് പുളയുന്നത് എനിക്കു സഹിച്ചില്ല.
ഞാനയാളോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. അല്ലെങ്കിൽത്തന്നെ അയാൾക്കെന്നെ തീരെ ഇഷ്ടമല്ലായിരുന്നു. ഇതുകൂടി കേട്ടതും നെഗളം കൂടി. അയാൾ അവന്റെ അവചത്തിനും വാതാരത്തിനും മൂത്രത്രയത്തിനുമൊക്കെ ഇട്ടു കുത്താൻ തുടങ്ങി. അഴകൻ അലറിക്കരഞ്ഞു. എനിക്ക് സഹിച്ചില്ല. എന്റെ ൈകയിൽ ഫോറസ്റ്ററുടെ പശുവിന് പുല്ലുമുറിക്കാൻ കരുതിയ അരിവാളുണ്ടായിരുന്നു. ഒരു വെട്ട്. അയാളുടെ അരപ്പൊക്കമേ അന്നു ഞാനുണ്ടായിരുന്നുള്ളൂ. ഉദ്ദേശിച്ചതുപോലെ വെട്ട് ൈകയിൽ കൊണ്ടില്ല. പക്ഷേ, അയാളുടെ വയറിന്റെ ഒരുവശം പൂളിപ്പോയി. അപ്രതീക്ഷിതമായതുകൊണ്ട് അയാൾക്ക് തിരിച്ചൊന്നും ചെയ്യാൻ പറ്റിയില്ല. അയാളുടെ അലർച്ച കേട്ട് ക്യാമ്പിൽ ഉണ്ടായിരുന്നവരൊക്കെ ഓടിയെത്തി. കുങ്കിപരിശീലനത്തിന് വന്ന മലയാളി പാപ്പാന്മാർ കാര്യങ്ങളൊക്കെ പറഞ്ഞറിഞ്ഞതുകൊണ്ട് മേലധികാരികൾ പിന്നെ അയാളെ അവിടെ നിർത്തിയില്ല. അങ്ങനെയാണ് എന്നെ അഴകന്റെ ചുമതല ഏൽപിക്കുന്നത്. കുറേക്കാലം അയാൾ വൈരാഗ്യത്തോടെ ചുറ്റിപ്പറ്റി നടന്നു. പിന്നെ തിരിച്ചു കേരളത്തിലേക്ക് പോന്നു. ഇടക്ക് അങ്ങോട്ട് വരുന്ന പലരും പറഞ്ഞ് അയാളുടെ ഇവിടത്തെ കളികളൊക്കെ ഞാനറിയാറുണ്ടായിരുന്നു. നേരിൽ കാണുന്നത് ഇപ്പോഴാണെന്നുമാത്രം.
ഇവിടെയുള്ളവരോടൊക്കെ അയാൾ പറഞ്ഞുനടക്കുന്ന കഥ മറ്റൊന്നാണ്; അയാൾ നായകനും ഞാൻ വില്ലത്തിയുമായ ആനക്കഥകൾ. എന്തായാലും തക്കംകിട്ടിയാൽ എന്നെയും അഴകനെയും ഉപദ്രവിക്കും ഉറപ്പ്’’, വിനായകി പറഞ്ഞു.
"ഏയ്... ഇവിടെ അതൊന്നും നടക്കില്ല, ഞങ്ങൾ സമ്മതിക്കില്ല", ഞാൻ പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും അയാളെ കാണുമ്പോഴെല്ലാം എന്റെയുള്ളിൽ അജ്ഞാതമായ ഒരു ഭീതി മൊട്ടിട്ടു.
07
സേനൻ വന്നതിനുശേഷം ഞാനും സേവ്യറേട്ടനും വിനായകിയെ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. അത് മനസ്സിലായതുപോലെ ഞങ്ങളെ കാണുമ്പോൾ അയാൾ കൂടെയുള്ള പാപ്പാനോട് ഓരോന്ന് കൊക്കും കോളും വെച്ചു പറയും. അതിൽ ഏറ്റവും മോശം വിനായകിയെക്കുറിച്ചുള്ള പരാമർശങ്ങളായിരുന്നു.
‘‘ആ പുലരിപ്പുല്ലന്റെ മോന്തക്കിട്ട് രണ്ടു കൊടുക്കാൻ എന്റെ കൈ തരിക്കുന്നുണ്ട്’’, അതു കേൾക്കുമ്പോൾ സേവ്യറേട്ടൻ ഇടക്ക് പറയും.
‘‘എന്നിട്ട് കൊടുക്കാത്തതെന്ത്?’’, ഞാൻ കളിയാക്കും. അയാളുടെ ൈകയിൽനിന്നും ഒരടി കിട്ടിയാൽ ഞങ്ങൾ ഏഴു കുട്ടിക്കരണം മറിയുമെന്ന് എനിക്കുറപ്പായിരുന്നു. ഗാട്ടാഗുസ്തിക്കാരെപ്പോലെ ഉറച്ചു ബലിഷ്ഠമെന്നു തോന്നിക്കുന്ന ശരീരമായിരുന്നു അയാളുടേത്. എന്നാൽ, വിനായകിയെ ആ ഭയമൊന്നും ബാധിച്ചതേയില്ല. അവൾ അയാൾക്കു മുന്നിലും കളിയാക്കുന്ന നാട്ടുകാർക്ക് മുന്നിലും നിർഭയം നടന്നു. പക്ഷേ, അവളുടെ കണ്ണ് എപ്പോഴും അഴകന്റെ മേലുണ്ടായിരുന്നു; ഞങ്ങളുടെ കണ്ണ് അവളുടെ മേലും.
ഒരു ഉച്ചനേരത്ത് കുങ്കിയാനകൾ പലയിടങ്ങളിലായി മേയുന്നത് ദൂരദർശിനിയിലൂടെ കണ്ടുകൊണ്ടാണ് ഞാനും സേവ്യറേട്ടനും അടിവാരത്തിനടുത്തുള്ള പാപ്പാന്മാരുടെ ടെന്റിനടുത്തേക്കു പോയത്. ഞങ്ങൾ എത്തുമ്പോൾ വിനായകി അവിടെയുണ്ടായിരുന്നില്ല. സേനനും മറ്റേ പാപ്പാനും ഉച്ചയൂണ് കഴിക്കുന്ന തിരക്കിലാണ്. അടിവാരത്തു തന്നെയുള്ള ഒരു ഹോട്ടലിൽ നിന്നാണ് അവർക്കുള്ള ആഹാരമെത്തിക്കുന്നത്. തൊട്ടടുത്ത് മദ്യക്കുപ്പിയുമുണ്ട്.
‘‘വിനായകി എവിടെ?’’, സേവ്യറേട്ടൻ മുത്തങ്ങയിൽനിന്നു വന്ന പാപ്പാനോട് ചോദിച്ചു.
‘‘ചേട്ടന്റെ മോൾടെ കൂടെ പോകുന്ന കണ്ടു’’, അയാൾ പറഞ്ഞു.
‘‘ങേ, ഇതുങ്ങള് രണ്ടും ഏതിലെ പോയി സാറേ?’’, ചുറ്റും നോക്കിക്കൊണ്ട് സേവ്യറേട്ടൻ എന്നോട് ചോദിച്ചു.
‘‘ആ...’’, ഞാൻ കൈമലർത്തി. അതുകണ്ട് ഉണ്ടുകൊണ്ടിരുന്ന സേനന്റെ മുഖത്ത് ഒരു വെടക്ക് ചിരി തെളിഞ്ഞു.
‘‘മോളെ സൂക്ഷിച്ചോ കാർന്നോരെ, അല്ലെങ്കി...’’, അയാൾ ഹാൻസും പാൻപരാഗുമൊക്കെ വെച്ച് കറുപ്പിച്ച പല്ല് കാട്ടി സേവ്യറേട്ടനെ കളിയാക്കി ചിരിച്ചു.
‘‘ഒന്നു മിണ്ടാതിരിക്ക് ആശാനേ...’’, മറ്റേ പാപ്പാൻ അസ്വസ്ഥതയോടെ പിറുപിറുത്തു.
‘‘ഓ… പിന്നേ… നിനക്കൊക്കെ അവള് വലിയ സ്റ്റാറായിരിക്കും പക്ഷേ, എനിക്ക് വെറും പുല്ലാണ്. ആനക്കള്ളി! അവള് പറയുന്നതൊന്നുമല്ല അവളുടെ യഥാർഥ ചരിത്രം. അതൊക്കെ പ്രശസ്തയാവാൻ സ്വയം ഉണ്ടാക്കിയ സംഗതികളാണ്. ശരിക്കുള്ള അവളെക്കുറിച്ചറിഞ്ഞാ കാർന്നോരേ ആരും പെൺമക്കളെ കൂടെ വിടില്ല’’, അയാൾ അർഥംവെച്ചെന്നോണം വീണ്ടും ചിരിച്ചു. എനിക്ക് അവന്റെ നടുനാഭി നോക്കി ഒരു തൊഴി കൊടുക്കണമെന്ന് തോന്നി. സാഹചര്യം അനുകൂലമല്ലാത്തതുകൊണ്ട് അതിനുനിന്നില്ല.
‘‘വാ സാറെ അവര് ചെലപ്പോ വീട്ടീ കാണും’’, എന്നും പറഞ്ഞ് സേവ്യറേട്ടൻ വീട്ടിലേക്ക് നടന്നു; കൂടെ ഞാനും. ഇടവഴി കയറി ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അവിടെയും അവരുണ്ടായിരുന്നില്ല.
‘‘ഈ പെമ്പിള്ളേർടെ കാര്യം പറഞ്ഞാ ഒരു കണക്കുമില്ല. ഏത് വായേൽ പോയേക്കുവാണോ?’’, എന്നു പിറുപിറുത്തുകൊണ്ട് സേവ്യറേട്ടൻ ചോറ് വിളമ്പി.
‘‘എനിക്കിപ്പോ ചോറുവേണ്ട ചേട്ടാ വിശപ്പില്ല’’, എന്നു പറഞ്ഞെങ്കിലും പുള്ളി സമ്മതിച്ചില്ല. നിർബന്ധിച്ചപ്പോൾ കഴിക്കേണ്ടി വന്നു. ഞങ്ങൾ വേഗംതന്നെ ഊണും കഴിച്ചിറങ്ങി. എന്തുകൊണ്ടോ എന്റെയുള്ളിൽ പതിവില്ലാത്തവിധം അസ്വസ്ഥതകൾ നിറഞ്ഞിരുന്നു. സേനൻ പറഞ്ഞതുപോലെ ഇനി വിനായകി പറഞ്ഞതെല്ലാം കളവായിരിക്കുമോ?എന്ന് അറിയാതെ ചിന്തിച്ചുപോയി.
‘‘സാറ് പൊക്കോ. സന്ധ്യയ്ക്ക് ഞാൻ റൂമിലേക്ക് വന്നേക്കാം", എന്നും പറഞ്ഞ് സേവ്യറേട്ടൻ ആനകൾക്കുള്ള പുല്ലു പറിച്ച് ഒരു ഇല്ലിക്കൊട്ടയിൽ ഇട്ടുകൊണ്ട് എനിക്കു പുറകെ സാവധാനം വന്നു. ഞാനയാളെ കാക്കാതെ തേക്കിൻകാട്ടിലൂടെ നടന്ന് കാക്കത്തോടിന് മുകളിലുള്ള പാറക്കെട്ടിൽ ചെന്നിരുന്നു. കാട്ടിലെ കുട്ടികളിൽ ചിലർ തേനെടുക്കാൻ വേണ്ടി പാറക്കെട്ടുകൾക്കിടയിൽ പരതുന്നുണ്ടായിരുന്നു. അടുത്തിടെ ഒരു കുട്ടി തേനെടുക്കാനായി പാറക്കെട്ടിനുള്ളിലിറങ്ങി മരിച്ച വാർത്തയറിഞ്ഞതുകൊണ്ട്
‘‘മുതിർന്നവരാരും കൂടെയില്ലാതെ അകത്തേക്ക് ഇറങ്ങാതെടാ’’, എന്നു ഞാൻ ഉപദേശിച്ചു. അവൻ അതു കണക്കാക്കാതെ പാറക്കുള്ളിൽ ൈകയും തലയുമൊക്കെയിട്ട് പരതിക്കൊണ്ടിരുന്നു. അപ്പോഴാണ് സേവ്യറേട്ടൻ പറഞ്ഞ കാര്യം ഓർത്തത്. അവിടത്തെ പാറക്കെട്ടുകൾക്കുള്ളിൽനിന്നും തേൻ മാത്രമല്ല ചെറിയ തോതിൽ കന്മദവും കിട്ടാറുണ്ടത്രേ. ഇരുമ്പിന്റെ അംശം കൂടുതലുള്ളതാണ് കിട്ടുന്നതെങ്കിലും ഗുണക്കുറവൊന്നുമില്ല. ആദിവാസി വൈദ്യന്മാരാണ് അത് ശേഖരിച്ച് സൂക്ഷിക്കുന്നത്. പലപ്പോഴും അവരുടെ പക്കൽനിന്നും ഉദ്യോഗസ്ഥർക്കായി സേവ്യറേട്ടൻ കന്മദം വാങ്ങിച്ചു കൊടുക്കാറുണ്ട്. തേനിനേക്കാൾ വലിയ വില കിട്ടുമെന്നുള്ളതുകൊണ്ടാണ് കന്മദത്തിനുവേണ്ടിയുള്ള തിരച്ചിൽ മുറുകുന്നതും പാറയിടുക്കുകളിൽപെട്ട് മരിക്കുന്നതും. തേനെടുക്കാൻ പോയി അക്കിടിയിൽപെടുന്ന മൃഗങ്ങളും കുറവല്ല. ഞാൻ വന്ന ഉടനെയാണ് ഒരു സംഭവം നടന്നത്. സേവ്യറേട്ടൻ ഒരുദിവസം തൊടിയിലുണ്ടായ ഒരു കുല പഴവുംകൊണ്ട് കരികാലന് കൊടുത്തിട്ട് തിരിച്ചുവരും വഴി ഒരു പാറയിൽ അൽപനേരം വിശ്രമിക്കുകയായിരുന്നു. അപ്പോഴുണ്ട് ഒരു മുഴുത്ത കരടിക്കുട്ടൻ അങ്ങേവശത്തെ പാറയിടുക്കിൽ ൈകയും ഇട്ടിരിക്കുന്നു. പുള്ളി പേടിച്ച് ഓടിയൊന്നുമില്ല. ഉൾക്കാട്ടിൽ പോകുമ്പോൾ ഇവരെയൊക്കെ കാണാറുണ്ട്. ഉപദ്രവിക്കാതെ പോകുന്നവരെ അവരും ഒന്നും ചെയ്യാറില്ല. അതുകൊണ്ട് ‘‘എന്താടാ തേൻ എടുക്കുകയാണോ?’’, എന്നു കുശലം ചോദിച്ചു. അവന്റെ മുഖത്തെ രോമം നിറയെ തേൻ കുടിച്ചതിന്റെ അവശേഷിപ്പുകൾ ഉണ്ടായിരുന്നു.
സേവ്യറേട്ടൻ അങ്ങനെ ഓരോന്നൊക്കെ അവനോട് ചോദിച്ചു. പക്ഷേ, ദയനീയമായ ഒരു ഭാവം മാത്രമായിരുന്നു മുഖത്ത്.
‘‘എന്താടാ?’’ എന്നു ചോദിച്ച് അടുത്തു ചെന്നപ്പോഴാണ് അവന്റെ കൈ കുടുങ്ങിക്കിടക്കുന്നത് സേവ്യറേട്ടൻ കണ്ടത്. പുള്ളി ഉടനെ പോയി രണ്ട് ആദിവാസി പയ്യന്മാരെ വിളിച്ചുകൊണ്ടുവന്നു. അവർ എന്തൊക്കെയോ ചെയ്ത് പാറയിടുക്കിൽനിന്നും കൈ എടുപ്പിച്ചുവത്രെ. കൈ എടുത്തതും അവൻ കാട്ടിലേക്ക് ഒറ്റയോട്ടമായിരുന്നത്രെ.
‘‘സാറേ തേൻ വേണോ?’’, തേൻ എടുത്തുകൊണ്ടിരുന്ന പയ്യൻ എന്നോട് ചോദിച്ചു. ഏകദേശം പത്തുപന്ത്രണ്ടു വയസ്സു കാണും. മെലിഞ്ഞ് ജടപിടിച്ച് ദാരിദ്ര്യം പിടിച്ച രൂപം. തേൻകാലം ആദിവാസി കുട്ടികൾക്ക് പത്തു കാശ് സമ്പാദിക്കാനുള്ള കാലം കൂടിയാണ്. പാറയിടുക്കിലെ തേനിന് മധുരം കൂടുതലായതുകൊണ്ട് ആവശ്യക്കാരും ഏറെയാണ്. അടിവാരത്ത് തേനുമായി ചെന്നു നിന്നാൽ അതുവഴി പോകുന്ന വണ്ടിക്കാർ വാങ്ങിക്കൊള്ളും. അങ്ങനെ കാശു കിട്ടുമെന്നുള്ളതുകൊണ്ടാണ് കുട്ടികൾ വലിയ പാറവിള്ളലുകളിലേക്കൊക്കെ ഇറങ്ങി തേൻ പരതുന്നത്.
‘‘നീ വൈകിട്ട് ഞാൻ താമസിക്കുന്നിടത്തേക്ക് കൊണ്ടു വാ. ഇപ്പൊ പണമില്ല’’, ഞാൻ പറഞ്ഞു.
‘‘കാശിനല്ല സാറേ’’, അവൻ
കുറച്ചു തേൻ ൈകയിലേക്ക് പിഴിഞ്ഞു തന്നു. കടുംമധുരവും നനുത്ത പുളിയുമുള്ള തേനായിരുന്നു അത്. അതും കുടിച്ച് പാറപ്പുറത്തിരുന്ന് പരിസരത്തിലൂടെ ഒന്നു കണ്ണോടിച്ചു. താഴെ തോട്ടിൽനിന്നും അൽപം ദൂരെ നിൽക്കുന്ന ഞാവൽമരത്തിന്റെ കീഴെ കത്രീനയുണ്ട്, മുകളിൽ വിനായകിയും. അത്രയും വലിയ മരത്തിൽ അവൾ കയറിയത് എന്നെ അതിശയിപ്പിച്ചു. എന്തായാലും കത്രീന സന്തോഷവതിയാണ്! അൽപം കഴിഞ്ഞ് വിനായകി മരത്തിൽനിന്നും ഇറങ്ങുന്നതും ഇരുവരും ഞാവൽപ്പഴം തിന്നുന്നതും കത്രീന പൊട്ടിച്ചിരിക്കുന്നതും കണ്ടു. അവൾ അത്രയും ചിരിക്കാൻ പാകത്തിന് വിനായകി എന്തെങ്കിലും തമാശ പറയുമെന്ന് എനിക്കു തോന്നിയില്ല.
തേനും കുടിച്ച് തണുത്ത കാറ്റും കൊണ്ടിരുന്നപ്പോൾ നല്ല മയക്കം വന്നു. രണ്ടു തത്തകൾ തലക്കു മുകളിലെ മരക്കൊമ്പിലിരുന്ന് ഉറുമാമ്പഴം തിന്നുന്നതും നോക്കി പാറപ്പുറത്ത് നീണ്ടുനിവർന്നു കിടന്ന് സുഖമായൊന്നു മയങ്ങി. മയക്കത്തിൽ വിചിത്രമായൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഞാനും വിനായകിയും ഒരു തടിച്ച വള്ളിപ്പടർപ്പിൽ പിടിച്ചുപിടിച്ച് കൊമ്പൻമലയുടെ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു, നല്ല കാറ്റുണ്ട്. കാറ്റിൽ പൂക്കൾ കൊഴിഞ്ഞ് മുഖത്തു വീഴുന്നുണ്ട്. കാറ്റിന്റെ ശക്തി കൂടുന്തോറും മുകളിലേക്ക് കയറാനാകുന്നില്ല. വിനായകി അപ്പോഴേക്കും തുഞ്ചത്ത് കയറിപ്പറ്റി. ഞാൻ താഴേക്ക് നോക്കി. അപ്പോഴാണ് എത്ര മുകളിലാണെന്ന സത്യം ഭീതിയോടെ തിരിച്ചറിഞ്ഞത്. പെട്ടെന്ന് കാറ്റൊതുങ്ങി. ഞാൻ ഉത്സാഹത്തോടെ മുകളിലേക്ക് പിടിച്ചു കയറിക്കൊണ്ടിരുന്നു. അപ്പോൾ മലയുടെ തുഞ്ചത്ത് സേനനെ കണ്ടു. ആകാശം മുട്ടെ വളർന്നുനിൽക്കുകയാണ്. കൈപ്പിടിക്കുള്ളിൽക്കിടന്ന് വിനായകി പിടയുന്നു. അടുത്ത ലക്ഷ്യം ഞാനാണ്. ഞാനാണെങ്കിൽ തുഞ്ചത്തേക്ക് കയറാൻ പാകത്തിന് എത്തിനിൽക്കുകയാണ്. പെട്ടെന്ന് കൂർത്ത നഖങ്ങൾ വളർന്നുനിൽക്കുന്ന സേനന്റെ കൈകൾ എന്റെ നേർക്കു നീണ്ടു. ഞാൻ ഊർന്നിറങ്ങാൻ ഒരു ശ്രമം നടത്തി. അപ്പോൾ താഴെ സേനന്റെ ഛായയുള്ള ഭീമാകാരനായ ഒരാന കുത്താൻ തയാറെടുത്തു നിൽക്കുന്നത് കണ്ടു. ഞാൻ മുകളിലേക്കും താഴേക്കും പോകാനാവാതെ ഇടയിൽ തൂങ്ങിക്കിടന്നു. അപ്പോൾ ആ ആന മുകളിലേക്ക് പറന്നുവന്ന് എന്നെ താഴ്വരയിലേക്ക് കുത്തിമറിച്ചിട്ടു. അതിന്റെ കൊമ്പുകൾ പച്ചമാംസത്തിലൂടെ കുത്തിയിറക്കുന്നതിന്റെ വേദന ഞാൻ അറിഞ്ഞു. അരികിൽ മേലാകെ ചോരയൊലിപ്പിച്ച് വിനായകി കിടന്നിരുന്നു. സേനൻ ഞങ്ങളെ കൊല്ലാൻ അലറിയടുത്തു. ഞാൻ ഉറക്കെക്കരഞ്ഞുകൊണ്ട് ഞെട്ടിയുണർന്നു. ചുറ്റും നോക്കിയപ്പോൾ അരികിൽ തേനെടുത്തുകൊണ്ടിരുന്ന കുട്ടികളോ താഴെ ഞാവൽമരത്തിന്റെ ചുവട്ടിൽ വിനായകിയും കത്രീനയുമോ ഉണ്ടായിരുന്നില്ല. അപ്പോഴാണ് കയത്തിനിക്കരെനിന്ന് പതിവില്ലാതെ ആനകളുടെ അലർച്ചയും ചിന്നംവിളിയും കേൾക്കുന്നത്. ഉറക്കത്തിന്റെ കെട്ടുവിടാൻ ഒരു നിമിഷം കണ്ണുമടച്ചിരുന്നു. പിന്നെ ശ്രദ്ധയോടെ കാതുകൾ കൂർപ്പിച്ചു. അപ്പോൾ അതു തോന്നലല്ല സത്യമാണെന്ന് മനസ്സിലായി. വേഗം അങ്ങോട്ടോടി. പകുതിയിടയെത്തിയപ്പോൾ സേവ്യറേട്ടൻ കയത്തിനടുത്തേക്ക് ഓടി വരുന്നു.
‘‘എന്തുപറ്റിയതാ?’’, ഞാൻ വേരുപടലങ്ങളിൽത്തട്ടി വിരലുകൾ മുറിയുന്നതിന്റെ വേദന കണക്കാക്കാതെ വേഗത കൂട്ടിക്കൊണ്ട് തിരക്കി.
‘‘ആന… ആനകള് …’’, അവ്യക്തമായിരുന്നു ഓട്ടത്തിനിടയിൽ മറുപടി.
കയത്തിനടുത്തേക്ക് അടുക്കുന്തോറും ആനകളുടെ അലർച്ചയും ചിന്നംവിളികളും കൂടുതൽ ഉച്ചത്തിലായി. കുങ്കിയാനകൾ തമ്മിൽ മൽപിടിത്തം നടക്കുന്നതാകുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, കുറേനാൾ ഇല്ലാതിരുന്ന മോഴ തിരിച്ചെത്തിയിരുന്നു. കരികാലനും പിടിയാനകൾക്കുമൊപ്പം കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കരയിൽ നിൽക്കുന്ന കുങ്കിയാനകളെ അത് കാണുന്നത്. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയതോടെ അത് കയം കയറി ഇക്കരയിലേക്ക് കടന്നു. മുത്തങ്ങയിൽനിന്നുള്ള കുങ്കി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. സേനന്റെ ആനയും അഴകനും അൽപം മാറിയായിരുന്നു നിന്നിരുന്നത്. മോഴ നേരെ വരുന്നതു കണ്ട് അതൊരു പിടിയാനയാണെന്നാണ് കുങ്കിയാന കരുതിയത്. അതുകൊണ്ടുതന്നെ അത് കൂടുതൽ മുന്നൊരുക്കമൊന്നും നടത്തിയില്ല. പക്ഷേ, കരികാലനെ പൂട്ടാൻ വന്ന കുങ്കിയാനകളോടുള്ള സഹജമായ കോപത്തോടെ മോഴ ആ കുങ്കിയാനയെ ആക്രമിച്ചു. അലർച്ച കേട്ട് അഴകനും സേനന്റെ ആനയും അവിടേക്കു ചെന്നു. അവരും അതൊരു പിടിയാനയാണെന്നാണ് കരുതിയത്. എളുപ്പത്തിൽ കീഴടക്കാമെന്നും അവർ കരുതി. പക്ഷേ, കുങ്കിയാനകളെ മൂന്നിനെയും കണ്ടതോടെ മോഴയുടെ കലി കൂടി, അത് സേനന്റെ കുങ്കിയെ ചവിട്ടി മറിച്ചിട്ടു. കുങ്കിയാനകൾ മോഴയെ വളഞ്ഞതും കരികാലനും മോഴക്കൊപ്പം ചേർന്നു. അതോടെ, ആനകളുടെ ഭീകര അലർച്ചകൾ കൊമ്പൻമലയിൽ പ്രതിധ്വനിച്ചു. അതുകേട്ട് വിനായകിയും പാപ്പാന്മാരും നാട്ടുകാരും ഓടിയെത്തി. അവരെത്തുമ്പോഴേക്കും മോഴ രണ്ടാമത്തെ കുങ്കിയെയും ചവിട്ടി മറിച്ചിട്ട് അഴകന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. വിനായകി ‘‘അഴകാ…’’, എന്നുറക്കെ വിളിച്ചുകൊണ്ട് അവന്റെയടുത്തേക്ക് ഓടി. സേനനും മറ്റേ പാപ്പാനും ഭയന്നു മാറിനിന്നതേയുള്ളൂ.
‘‘പോകരുത്, അപകടമാണ്’’, കത്രീനയും ഞാനും കൂടി വിനായകിയെ പിടിച്ചുനിർത്താൻ ശ്രമിച്ചു.
‘‘വിട്… കുങ്കികൾക്ക് അത് മോഴയാണെന്നറിയില്ല. പിടിയാനയാണെന്നാണ് വിചാരിച്ചിരിക്കുന്നത്. ഞാൻ പോയില്ലെങ്കിൽ മൂന്നിനേയും അത് കൊല്ലും’’, വിനായകി കുതറി ഓടി.
‘‘അയ്യോ, ആരെങ്കിലും മയക്കുവെടി വയ്ക്കാനുള്ള ആ ഡോക്ടറെ വിളിച്ചോണ്ട് വാ. അല്ലെങ്കി കുങ്കികളും ആ പെൺകൊച്ചും ഇപ്പൊത്തീരും’’, ആൾക്കൂട്ടത്തിലാരോ നിലവിളിച്ചു.
‘‘സേനാ... നിങ്ങളെന്താ നോക്കിനിക്കുന്നത്?’’, എന്നും സന്ധ്യക്ക് സേനന്റെ വീരവാദങ്ങൾ കേട്ട് രസിക്കുന്ന കുടിസംഘത്തിലെ ആളുകൾ അയാളെ ആനകളുടെ അടുത്തേക്ക് തള്ളിവിടാൻ ശ്രമിച്ചു. അയാൾ പക്ഷേ, കൂടുതൽ പുറകോട്ട് നീങ്ങി നിന്നതേയുള്ളൂ.
വിനായകി അഴകന്റെ അടുത്തേക്ക് ചെല്ലാൻ ആവുന്നതും ശ്രമിച്ചു. പക്ഷേ, മോഴയുടെ യുദ്ധം കനത്തതോടെ അവൾക്കതിന് കഴിഞ്ഞില്ല. ആളുകൾ മോഴക്കു നേരെ കല്ലും വടിയും കമ്പുമൊക്കെ എറിഞ്ഞുകൊണ്ടിരുന്നു. അത് മോഴയുടെ ദേഷ്യം കൂട്ടി.
‘‘നിങ്ങളിങ്ങനെ എറിഞ്ഞ് ആ പെൺകുട്ടിയേയും കൂടി കൊല്ലാതെ’’, ഭ്രാന്തുപിടിച്ചതുപോലെ സേവ്യറേട്ടൻ അലറി. വിനായകി തളർന്നുകിടക്കുന്ന കുങ്കിയാനകളെ എഴുന്നേൽപിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ, പാപ്പാൻമാരുടെ അഭാവം അവരെ ബാധിച്ചിരുന്നു. കരികാലനും മോഴയും കൂടി അഴകനെ ലക്ഷ്യം വെച്ചതോടെ അതൊരു ത്രികോണയുദ്ധമായി. അഴകനാണെങ്കിൽ കരികാലൻ കയറി വന്നതോടെ പിടിയാനയെന്നു കരുതി മോഴയെ അവഗണിച്ച് കരികാലനെ കൊമ്പുകുത്തിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ആ സമയം മുതലാക്കി മോഴയവനെ തുമ്പികൊണ്ട് അടിച്ചും ചവിട്ടിയും തേറ്റകൊണ്ട് മുറിവേൽപിച്ചും ക്ഷീണിതനാക്കി. വിനായകി അവിടെനിന്നുകൊണ്ട്, അത് മോഴയാണെന്ന് അഴകനെ ബോധ്യപ്പെടുത്താൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, അവനത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവന്റെ ചെറുത്തുനിൽപ് ദുർബലമായിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ അവൻ വേച്ചുവീഴുകയും ചെയ്തു. വിനായകി പിന്നെയൊന്നും നോക്കിയില്ല അവന്റെയടുത്തേക്ക് ഓടിച്ചെന്നു. മോഴക്കും കരികാലനും നടുവിൽ വീണുകിടക്കുന്ന അഴകനെ അവൾ കെട്ടിപ്പിടിച്ചു.
‘‘മോളേ, വേണ്ടാ…’’, സേവ്യറേട്ടനടക്കമുള്ളവർ ഉറക്കെയലറി. ഞാൻ ഒരു വാക്കുപോലും ശബ്ദിക്കാനോ നിന്നിടത്തുനിന്ന് അനങ്ങാനോ കഴിയാതെ പ്രതിമ കണക്കെ നിന്നു.
വിനായകി തന്റെയും അഴകന്റെയും മറ്റു കുങ്കിയാനകളുടെയും മരണം മുന്നിൽ കണ്ടു. മോഴയോ? കരികാലനോ? അതോ രണ്ടുപേരും കൂടിയോ? എന്നു മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. പണ്ട് പൂർവികരെ പ്രളയത്തിൽനിന്നും രക്ഷിച്ച, ഏഴാം വയസ്സിൽ തന്നെയും കൊണ്ടു പറന്ന, കൊമ്പൻമലയുടെ തുഞ്ചത്തിരിക്കുന്ന വിഘ്നേശ്വരമൂർത്തിയെ അവളോർത്തു. കരികാലനും മോഴക്കും ഈ കാടിന്റെ ന്യായമുണ്ട്. അവരെ ഈ കാട്ടിൽനിന്നും പിടിച്ചുപുറത്താക്കാൻ വന്ന തനിക്കെന്തു ന്യായമാണ്? ഇന്ന് കരികാലനെ പിടിച്ചുമാറ്റിയാൽ നാളെ മോഴയെ മറ്റന്നാൾ..? അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇവിടെ നിന്നും അവന്റേതല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റിയാലും തകർത്തുടച്ച് അടിമയാക്കിയാലും അത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം തന്നെയായിരിക്കും. അതുകൊണ്ടാണ് അവരുടെ ചെറുത്തുനിൽപ് ഇത്ര ശക്തമാകുന്നത്. ഈ യുദ്ധത്തിൽ ആർക്കു ചോര പൊടിഞ്ഞാലും തനിക്ക് വേദനിക്കും. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന വിചാരത്തോടെ അവൾ മോഴയെയും കരികാലനെയും പ്രകോപിപ്പിക്കാതെ അഴകന്റെ ചെവിയിൽ പറഞ്ഞു:
‘‘എടാ എഴുന്നേൽക്ക്. അത് പിടിയല്ല, മുതുമല മൂർത്തിയെപ്പോലുള്ളവനാണ്. നമുക്ക് ആരെയും കൊല്ലണ്ട, പക്ഷേ ചാകാതെ നോക്കണം.’’ ഒരു പ്രാർഥനപോലെ എത്രതവണ അതുതന്നെ പറഞ്ഞുവെന്ന് അവൾക്കറിയില്ല. ഏതോ മാത്രയിൽ അഴകനത് ബോധ്യം വന്നു. അവൻ അവർക്കുമാത്രം പരിചിതമായതെന്തോ പറയും മട്ടിൽ പതുക്കെ ചെവികളാട്ടി. അതുകണ്ട് വിനായകി ചോരയൊഴുകുന്ന അവന്റെ മുൻകാലുകളിൽ ചവിട്ടി മുകളിലേക്ക് കയറി. അഴകൻ ഒരു പുതുജീവൻ കിട്ടിയതുപോലെ എഴുന്നേറ്റ് ആകെയൊന്ന് കുടഞ്ഞു. പിന്നെ സർവശക്തിയുമെടുത്ത് മോഴയുടെ അടുത്തേക്ക് പാഞ്ഞു. അവന്റെ പാച്ചിൽ കണ്ട് സേവ്യറേട്ടന്റെ ചങ്ക് കത്തി.
‘‘മോഴ അവനെ തീർക്കും സാറേ’’, അയാൾ എന്റെ ൈകയിൽ ഇറുക്കെപ്പിടിച്ചു.
‘‘പോയി കൊല്ലടാ അതിനെ…’’, കൂടിനിന്ന ആളുകൾ അങ്കക്കലിയോടെ അലറിവിളിച്ചു പ്രോത്സാഹിപ്പിച്ചു. അഴകൻ പാഞ്ഞടുത്തപ്പോഴേക്കും മോഴ വിദഗ്ധമായി ഒഴിഞ്ഞുമാറി. അഴകൻ വീണ്ടും അതിനെ ലക്ഷ്യംവെച്ചു. അപ്പോഴേക്കും കരികാലൻ പുറകെ ചെന്നു. ആളും ആരവങ്ങളും പെരുകി. വിനായകി അക്ഷോഭ്യയായിരുന്ന് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ത്രികോണയുദ്ധം എത്രയും പെട്ടെന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. മൂന്നുപേരും കലിയോടെ പൊരുതി. മൂന്നിനും മുറിവേറ്റു, ചോരവാർന്നു. ആ മുറിവുകളത്രയും ഉള്ളിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് വിനായകി ഇരുന്നു. അലറിവിളിച്ചുകൊണ്ടിരുന്ന ആളുകൾ പതിയെ നിശ്ശബ്ദരായിത്തുടങ്ങി. പരിഭ്രാന്തിയും ഭയവും എല്ലാ മുഖങ്ങളിലും നിറഞ്ഞു. പൊടിപാറിയ യുദ്ധത്തിൽ അഴകന്റെ ഒരു മുന്നേറ്റത്തിൽ കരികാലനും മോഴയും ഒന്നൊതുങ്ങി. ആ നിമിഷം അഴകൻ എല്ലാ ശൗര്യവും പുറത്തെടുത്തു. മോഴയുടെയും കരികാലന്റെയും അടിപതറി. അഴകന് എന്തും ചെയ്യാവുന്ന ഒരു മുഹൂർത്തം. ഇപ്പോൾ അഴകന്റെ ഒറ്റക്കുത്തിന് എതിരാളികൾ വീഴും. പക്ഷേ, പൊടുന്നനെ അവൻ നിശ്ശബ്ദനായി കലിയടക്കി യുദ്ധമവസാനിപ്പിച്ചുനിന്നു. പക്ഷേ, അപ്പോഴേക്കും സർവശക്തിയുമെടുത്ത് മോഴ മുന്നോട്ടേക്കു പാഞ്ഞു.
‘‘അവള് തീർന്നു…’’ സേനൻ പകയും ആഹ്ലാദവുമടക്കാനാവാതെ ആർത്തുവിളിച്ചു.
പെട്ടെന്ന് കൊമ്പൻമലയുടെ തുഞ്ചത്തുനിന്നും കാട്ടിലേക്ക് അതിശക്തമായൊരു മിന്നൽ ഇറങ്ങിവന്നു. പുറകെ ഒരിടി വെട്ടി. ആ ഇടിയൊച്ചയിൽ മോഴ ഒന്നു പകച്ചു. ഒരു നിമിഷം അതിന്റെ കണ്ണുകൾ വിനായകിയുടേതുമായി ഉടക്കി, അതിൽ ജയവും തോൽവിയുമല്ലാത്ത എന്തോ ഒന്നുണ്ടായിരുന്നു. പൂർവികരെ നിർവൃതിസംഗമത്തിലെത്തിച്ച, അച്ഛൻ മരിച്ച രാത്രിയിൽ വഴികാട്ടിയ ഗജവീരന്മാരോടുള്ള ഭക്തിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷം അവളെ നോക്കിനിന്നശേഷം മോഴ കയത്തിലേക്ക് നടന്നു, പുറകെ കരികാലനും! അവർ കയം നീന്തി ഉൾക്കാട്ടിലേക്ക് നടന്നുമറയുന്നതും നോക്കി അഴകനും വിനായകിയും നിന്നു. സേനൻ സ്തംഭിച്ചു നിന്നു.
‘‘തോറ്റോടിയ ആനകൾ ഇനിയൊരിക്കലും മടങ്ങിവരില്ല’’, ആരോ ആഹ്ലാദത്തോടെ പറഞ്ഞു. ‘‘വിനായകീ… വിനായകീ...’’, വിളികളോടെ ആളുകൾ അവൾക്ക് ചുറ്റിലും കൂടി. ഇനിയും അവിടെ നിന്നാൽ ജനങ്ങൾ തന്നെ മോശമായി കൈകാര്യം ചെയ്യുമെന്ന് അറിയാമെന്നുള്ളതുകൊണ്ട് സേനൻ ആരുടെയും കണ്ണിൽപ്പെടാതെ പതുക്കെ മുങ്ങി.
കരികാലനും മോഴയും കാഴ്ചയിൽനിന്നും മറഞ്ഞതും വിനായകി അഴകന്റെ പുറത്തു നിന്നിറങ്ങി ആളുകളുടെ വലയം ഭേദിച്ച് പുറത്തുകടന്നു. അത്രനേരം അകത്തും പുറത്തും നേരിട്ട യുദ്ധത്തിന്റെ തളർച്ചയിൽ കുഴഞ്ഞുപോയ ദേഹം കാലടികളിൽ താങ്ങിയുറപ്പിക്കാൻ പാടുപെട്ടുകൊണ്ട് അവൾ മുന്നോട്ടു നടന്നു. ശക്തമായ മഴ പെയ്തു തുടങ്ങിയിരുന്നു. കത്രീന ഓടിച്ചെന്ന് അവളുടെ കൈയിൽ കൈകോർത്തു. മഴയിലും കാറ്റിലുംപെട്ട് ഇലകളും പൂക്കളും കൊഴിക്കുന്ന മരങ്ങൾക്കിടയിലൂടെ അവർ കാക്കത്തോട്ടിലേക്ക് പോകുന്നതും നോക്കി ഞാൻ നിന്നു. ദൂരെയപ്പോൾ കൊമ്പൻമലയുടെ തുഞ്ചത്തെ പൂമരങ്ങളെ വിനായകമൂർത്തിയുടെ ൈകയൊപ്പുള്ള കിഴക്കൻ കാറ്റ് ചിന്നംവിളിയോടെ ഉലക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് തുമ്പിക്കൈ വണ്ണത്തിൽ പെരുമഴ വന്ന് ഞങ്ങളെ പൊതിഞ്ഞു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.