പെട്ടെന്നാണ് കുഴിമാടങ്ങൾക്കു മീതെ മരണവണ്ടി പുതഞ്ഞത്. കുഞ്ഞാപ്പി ഇറങ്ങി ഒരറ്റത്തുനിന്നും മണ്ണ് മാറ്റിത്തുടങ്ങി. വെട്ടും തോറും ഉയർന്നുവരുന്ന മൺകൂന. നോക്കിനിൽക്കെ അത് മരണവണ്ടിയുടെ പാതിയോളം ഉയരത്തിലെത്തി. അവൻ നിർത്താതെ മണ്ണെടുത്തുകൊണ്ടിരുന്നു.
ചിത്രീകരണം: കന്നി എം
67
പൊടിപിടിച്ചു കിടന്ന മരണവണ്ടി കുഞ്ഞാപ്പി വേഗം തുടച്ചു. മരയഴികളിലെ കരിഞ്ഞപൂക്കൾ എടുത്തുമാറ്റി. പുത്തനൊരു കമ്പളം വിരിച്ചിട്ടും ശവത്തിലടിച്ച സെന്റിന്റെ മണം വണ്ടിക്കുള്ളിൽനിന്നും വിട്ടുമാറാതെ നിന്നു. കിടപ്പറ ഒരുക്കുമ്പോഴുണ്ടായ പിരിമുറുക്കങ്ങളെ മറന്ന് അവൻ കൈനീട്ടി. കറുമ്പൻ വിരലിൽ പിടിച്ച് ചിറകൊതുക്കുന്ന പറവയെപ്പോലെ അവൾ ശവവണ്ടിയിലേക്ക് കയറി.
പെട്ടെന്നാണ് കുഴിമാടങ്ങൾക്കു മീതെ മരണവണ്ടി പുതഞ്ഞത്. കുഞ്ഞാപ്പി ഇറങ്ങി ഒരറ്റത്തുനിന്നും മണ്ണ് മാറ്റിത്തുടങ്ങി. വെട്ടും തോറും ഉയർന്നുവരുന്ന മൺകൂന. നോക്കിനിൽക്കെ അത് മരണവണ്ടിയുടെ പാതിയോളം ഉയരത്തിലെത്തി. അവൻ നിർത്താതെ മണ്ണെടുത്തുകൊണ്ടിരുന്നു. ഇടക്കൊന്നു തിരിഞ്ഞുനോക്കി. കർമലിയുടെ പാതിശരീരം മൺകൂനയിൽ മൂടിപ്പോയിരുന്നു. കൈ നീട്ടിയുള്ള അവളുടെ കരച്ചിൽ. വലംകൈയിൽ പിടിച്ചതും അതടർന്ന് അവന്റെ കൈയിലിരുന്നു. ഒറ്റക്കയ്യോടെ കർമലി താണു. അവളുടെ കഴുത്തറ്റം മണ്ണ് മൂടുന്നതു കണ്ട് മുന്നോട്ടാഞ്ഞു. കാലുകൾ മരവേരുകൾപോലെ മണ്ണോട് ഉറച്ചുപോയിരുന്നു.
മൂക്കിന്റെയറ്റം വരെ മണ്ണ് പെരുകിവരുന്ന കാഴ്ച കണ്ട് ഉണർന്നെങ്കിലും എഴുന്നേൽക്കാനാവാതെ വിയർപ്പിലൊട്ടി കുറച്ചുനേരം കൂടി കിടന്നു.
ശവവണ്ടിപ്പുരയിലെ രാത്രികളിലെന്നും പേക്കിനാവാണ്.
വൈകി ഉറങ്ങുന്നതു കാരണം കുർബാന കഴിഞ്ഞെത്തുന്ന ആളുകളുടെ സംസാരം കേട്ടാണ് ഉണരുക. ഉച്ചവരെ പ്രാർഥനയും കരച്ചിലുമൊക്കെയായി കുഴിക്കൽ ആളുണ്ടാവും. പൊരിവെയിലേറ്റ് വിജനമാവുന്നതോടെ കുഴിമാടങ്ങളിലേക്ക് മാടത്തയും പച്ചക്കിളികളുംചിലച്ചുകൊണ്ടെത്തും. കൂട്ടത്തിലൊരെണ്ണം അവന്റെ തോളിൽ വന്നിരിക്കും.
എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടാണെങ്കിലും കുശിനിയിൽനിന്നൊരു പങ്കുമായി കർമലി മുടങ്ങാതെയെത്തും. അവളെ കാണുമ്പോഴെല്ലാം കടവിനക്കരെ ഇരുളും വെളിച്ചവും ചേർന്നൊരുക്കുന്ന കാഴ്ചകൾ അവനോർക്കും. രൂപത്തട്ടും തുടച്ച് പെണ്ണ് കുറച്ചുനേരം ചുറ്റിപ്പറ്റിനിൽക്കും. കൊണ്ടുവരുന്നതെല്ലാം വാരിത്തിന്നുന്നതല്ലാതെ അവളോടെന്തെങ്കിലും പറയാനുള്ള ധൈര്യം അവനില്ലായിരുന്നു.
വൈകുന്നേരം പൂക്കളും തിരികളുമായി ആളുകൾ എത്തുന്നതോടെ കിളികൾ മടങ്ങും. ആത്മാക്കളുടെ മണി മുഴങ്ങുന്നതോടെ സെമിത്തേരി അടയ്ക്കും. ഗേറ്റിലെ ഇരുട്ടിൽ തൂങ്ങി നിഴലുകൾ അപ്പോഴും ഭയപ്പെടുത്താനുണ്ടാവും.
വെട്ടം വീഴുമ്പോഴെ ഒരാധി കേറും. ആരോടും പറയാതെ രായനെ തിരക്കിയിറങ്ങും. കടവിലെ ചൂണ്ടക്കാരോടും തുരുത്തിലെ വാറ്റുകാരോടും അവനെക്കുറിച്ച് ചോദിക്കും. പോലീസുകാരും രായനെ അന്വേഷിക്കുന്നുണ്ടെന്ന് കവലയിലെ ചിലർ അവനോടു പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞതോടെ എല്ലാവരും അത് മറന്നു. ചായക്കടയുടെ മുന്നിൽ അതിനുശേഷവും മൂന്നാലു അപകടങ്ങൾ ഉണ്ടായി. ഒരാൾ മരിക്കുകയും ചെയ്തു. പേടിച്ചിട്ട് കുഞ്ഞാപ്പി ആ ഭാഗത്തേക്കുള്ള പോക്ക് നിർത്തി.
കടവിലെ വഞ്ചിയഴിച്ച് വല്ലപ്പോഴും തീണ്ടാത്തുരുത്തിലേക്ക് തുഴയും. ഉയരംകൂടിയ ഞാറച്ചില്ലയിൽ കയറി വെറുതെയിരിക്കും. പാടവരമ്പിനും കായലിനുമപ്പുറം ഞാറക്കടവുപള്ളിയുടെ കുരിശു കാണാം. ദൂരെനിന്നും കാണുമ്പോൾ ദൈവത്തെ കുഴിച്ചിട്ടൊരു കല്ലറയാണ് പള്ളിയെന്ന് തോന്നും.
അടങ്ങിയൊതുങ്ങിയ ജീവിതം കടുപ്പമേറുമെന്ന് ദൊരൈ പറയും. എപ്പോഴും എന്തെങ്കിലും കുഴപ്പങ്ങൾ ജീവിതത്തിലുണ്ടാവണം. ഇല്ലെങ്കിൽ അതുണ്ടാക്കണം. അലഞ്ഞുതിരിയാനുള്ള രീതിയിലാണ് ശരീരം മെനഞ്ഞിരിക്കുന്നത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എപ്പോഴും ഓടിക്കൊണ്ടിരിക്കുക. ചിലപ്പോൾ അത് ജീവൻ രക്ഷിക്കാനുള്ളതാകും. മറ്റു ചിലപ്പോൾ ജീവനെടുക്കാനും. ഒന്നും ചെയ്യാനില്ലെങ്കിൽ ജീർണിക്കുന്ന ശരീരത്തെക്കുറിച്ചും വിലയില്ലാത്ത ജന്മത്തെക്കുറിച്ചുമൊക്കെ ആലോചിച്ച് ആയുസ്സെത്തുന്നതിനു മുന്നേ മനുഷ്യർ ഒടുങ്ങും.
ദൊരൈയുടെ വാക്കുകൾക്ക് എന്നും ആഴം കൂടുതലായിരുന്നു. ഇരുട്ടുവീഴുന്നതിനൊപ്പം മലമുകളിലെ ഓരോ വിചാരങ്ങൾ. കുഞ്ഞാപ്പി സെമിത്തേരിയിലേക്ക് മടങ്ങി.
ശവവണ്ടിപ്പുരയുടെ മുന്നിൽ കിടന്നിരുന്ന എന്തോ ഒന്നിലവൻ ചവിട്ടി. ഒരു കുഞ്ഞു മാടത്ത. ആരോ മുറിച്ചിട്ടപോലെ അതിന്റെ കഴുത്ത് വേർപെട്ടിരുന്നു. ഉറുമ്പരിച്ചതിനെയുമെടുത്ത് കുഴിമാടങ്ങൾക്ക് ഇടയിലൂടെ നടന്നു. അതെന്നും തോളിൽ വന്നിരിക്കാറുള്ളത് ഓർത്തു.
കാടുപിടിച്ചു കിടന്നിരുന്നിടത്ത് അവനൊരു കുഴിവെട്ടി. പറവക്കുമൊരു കുരിശു നാട്ടി. പിന്നെ കൈക്കോട്ടുമെടുത്ത് തന്റെ ഒടുവിലത്തെ ഒളിയിടമായി ശവവണ്ടിയിലേക്ക് അവൻ കയറി.
68
ഇലകളുടെ പച്ചപ്പ് മാറി, മഞ്ഞനിറമാകുന്നതും പിന്നീടത് ഉണങ്ങുന്നതും ആരും കാണാറില്ല. നമ്മൾ എപ്പോഴും പച്ചിലകളെ മാത്രം കാണുന്നു, അല്ലെങ്കിൽ പഴുത്തയിലകളെ. പച്ചയിൽനിന്നും മഞ്ഞയിലേക്കും തുടർന്ന് അതിന്റെ മൃതമായ രൂപത്തിലേക്കുമുള്ള മാറ്റം അറിയാത്തതുപോലെയാണ് മനുഷ്യരുടെ ജീവിതം ഒടുങ്ങുക.
മരണത്തെക്കുറിച്ചുള്ള മാമ്പള്ളിയച്ചന്റെ കുഴിക്കലെ പ്രസംഗത്തിലൊന്നും താൽപര്യമില്ലാതെ പോകാനുള്ള തിരക്കോടെ ആളുകൾ നിന്നു. ശവപ്പെട്ടിയിൽ കിടക്കുന്നയാളിന്റെ ഇടംകാൽ മുറിവേറ്റപോലെ വെച്ചുകെട്ടിയിരിക്കുന്നത് കുഞ്ഞാപ്പി അപ്പോഴാണ് കണ്ടത്. ആരും അതൊന്നും ശ്രദ്ധിച്ച മട്ടില്ല. വളരെ വേഗം പ്രാർഥനകളും ചൊല്ലി, കുഴിമാടം മൂടുന്നതിനു മുന്നേ വന്നവരെല്ലാം മടങ്ങി. ഒരു ചെക്കൻ മാത്രം കുഞ്ഞാപ്പി കുഴിമൂടുന്നതും നോക്കിനിന്നു.
“അപ്പാപ്പന്റെ കാലെങ്ങനാ ഒടിഞ്ഞത്..?”
“അച്ചാച്ചി തള്ളിയിട്ടതാ.”
“നിന്റെ അച്ചാച്ചിക്കെന്നാ പണി..?”
“എല്ലാ പണിക്കും പോകും.”
“കുടിക്കുമോ...”
കുഞ്ഞാപ്പി ആംഗ്യം കാട്ടി ചോദിച്ചതിന് അവനൊന്നും മിണ്ടാതെ നിന്നു. കുഴിമാടത്തിൽ കുരിശു നാട്ടിയതോടെ കൈയിലുണ്ടായിരുന്ന പൂക്കൾ അവിടെ വെച്ചിട്ട് അവൻ ഓടിപ്പോയി.
ആറേഴുമാസം കഴിഞ്ഞ് ചന്തക്കടവിലെ പുതിയ കെട്ടിടത്തിലേക്ക് ഒരു താടിക്കാരനച്ചനെത്തി. കൈയിലൊരു തുകലിന്റെ പെട്ടിയുമായാണ് വരവ്. അതിൽ നിറയെ പൊന്നും പണവുമാണെന്നൊരു കരക്കമ്പി പരന്നു. കെട്ടിടത്തിനു മുന്നിൽ ആളുകൾ കൂട്ടംകൂടിയിട്ടും അച്ചൻ പുറത്തേക്കിറങ്ങിയില്ല. കാസവലിവു കൂടി മരിച്ച ഔതോയെ ആ സമയത്താണ് പള്ളിയിലേക്ക് എടുത്തത്. കവലയിലൂടെ നീങ്ങുന്ന ശവമണിയുടെ ഒച്ച കേട്ട് താടിക്കാരനച്ചൻ കതക് തുറന്നു. ശവമഞ്ചത്തിനു മുന്നിലായി ഓപ്പയണിഞ്ഞ ദർശനക്കാർ. തേഞ്ഞ വള്ളിച്ചെരുപ്പുമിട്ട് അവർ ക്ലേശത്തോടെ കുരിശുകളും മെഴുതിരിക്കാലുകളും പിടിച്ചു അലസമായി നടന്നു.
കുറച്ചുനേരം വിലാപയാത്ര നോക്കിനിന്നിട്ട് താടിക്കാരനച്ചൻ വിളിച്ചുപറഞ്ഞു.
“സന്തോഷത്തിന്റെ വിഹിതം കൊടുക്കുന്നപോലെ ഈ കരച്ചിലിനും പള്ളിക്കെന്തിനാണ് നിങ്ങൾ പതവാരം കൊടുക്കുന്നത്.”
മറുപടിയില്ലാതെ നിന്ന ജനത്തിന്റെ മുന്നിൽ പാതിരി തുകൽപെട്ടി തുറന്നു. അതിൽ നിറയെ പുസ്തകങ്ങളായിരുന്നു.
“ഇതു പൊന്നും പണവുമല്ല. അതിനേക്കാൾ വിലപിടിപ്പുള്ള സത്യങ്ങളാണിതിൽ. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ.”
ഔതോയുടെ അടക്കം കഴിഞ്ഞ് കുഞ്ഞാപ്പിക്കൊപ്പം കൂടിയ കപ്യാര് താടിക്കാരനച്ചൻ പറയുന്നതൊന്നും ശരിയല്ലെന്ന് വാദിച്ചു.
“അലോഷ്യസച്ചന് അങ്ങനെയൊക്കെ പറയാം, കാരണം അങ്ങേര് സഭയ്ക്കു പുറത്താണ്. പള്ളിക്കാര്യമെന്നു വെച്ചാൽ അതൊരു ചട്ടമാണ്. പൊതുനിയമങ്ങളെ അതിനു ഒഴിവാക്കാൻ പറ്റില്ല. അപ്പോൾ ചോദിക്കും കാശില്ലാത്തവർ എന്തുചെയ്യുമെന്ന്. നീയൊന്ന് ആലോചിച്ചു നോക്ക്. പണമില്ലെന്ന പേരിൽ ഇന്നുവരെ ഏതെങ്കിലുമൊരു ശവം പള്ളിയിൽ അടക്കാതിരുന്നിട്ടുണ്ടോ. നാട്ടുകാരു പിരിവിട്ടോ, പണയംവെച്ചോ കാശ് എങ്ങനെയെങ്കിലും ഉണ്ടാക്കിക്കോളും. നിയമം അനുസരിച്ച് കിട്ടേണ്ട പണം വേണ്ടെന്ന് വെക്കാൻ ലോകത്തിലൊരു വ്യവസ്ഥിതിക്കും കഴിയില്ല…”
മീനിന്റെ വായിൽനിന്നും കിട്ടിയ പണംകൊണ്ടു ക്രിസ്തു സീസറിനുള്ള നികുതിപ്പണം കെട്ടിയത് കപ്യാർ ഉദാഹരണമായി പറഞ്ഞു.
കേട്ടതൊന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാപ്പി വെറുതെ തലയാട്ടി.
“മേലപ്പിടി മണ്ണാ. ഞാനൊന്നു മുങ്ങിയേച്ച് വരാം.”
അവൻ എഴുന്നേറ്റ് എണ്ണയും പൊത്തി കുളപ്പടവിലേക്ക് നടന്നു. കുടവുമായെത്തിയ കർമലി നാണത്തോടെ വെള്ളവുമെടുത്ത് കയറി.
പായൽക്കൂട്ടങ്ങളിൽ കൊക്കുരുമ്മുന്ന പറവയെപ്പോലെ അവളുടെ ചട്ടയുടെ വെളുപ്പ് വാഴക്കൂട്ടങ്ങൾക്കിടയിലൂടെ മറയുന്നതു കണ്ട് അവൻ പിന്നാലെ ചെന്നു.
69
പട്ടക്കാരുടെ ആണ്ടുധ്യാനം കൂടാൻ മാമ്പള്ളിയച്ചൻ സെമിനാരിയിലേക്ക് പോയ ദിവസം കുഞ്ഞാപ്പി മലമുകളിലേക്ക് വണ്ടി കയറി. പണ്ട് ഒളിച്ചോടിയതുപോലെ രാത്രിലോറിയിലായിരുന്നു യാത്ര.
രായനൊപ്പം മല കയറിയതിന്റെ ഓർമകളുമായി വണ്ടിയുടെ പിന്നിൽ കിടന്നു. ആകാശത്തുകൂടി അതേ നക്ഷത്രങ്ങളും മേഘങ്ങളും. മരിച്ചവരുടെ കരച്ചിൽ നിറഞ്ഞ കൊടുംവളവുകൾ. ഇരുട്ടിന്റെ പക്ക് പിളർത്തിയുള്ള യാത്ര മലമുകളിലെ വണ്ടിത്താവളത്തിലെത്തുമ്പോൾ വെട്ടം വീണിരുന്നു. നടുനിവർത്തി ഇറങ്ങിയതും മറന്നുവെച്ച പൊതിയെടുത്ത് ഡ്രൈവർ താഴേക്കിട്ടു കൊടുത്തു. നല്ല തണുപ്പ്. ഒരു കട്ടൻ വാങ്ങി കുടിച്ചിട്ട് കയറ്റം കയറി. ദൂരെനിന്നേ കാണാവുന്ന ദൊരൈയുടെ വീടിനൊരു പുത്തൻ ചുറ്റുമതിൽ. അയാളുടെ നരച്ച താടി പിന്നെയും നീണ്ടിട്ടുണ്ട്.
‘‘അണ്ണനു വാങ്ങിയതാ.’’
പ്രശ്നം നോക്കാൻ വന്നവരെ പറഞ്ഞയച്ചിട്ട് അയാൾ പൊതി തുറന്നു. പുതപ്പും പുകയിലയും കണ്ടപ്പോൾ ദൊരൈക്ക് സന്തോഷം.
‘‘പാമ്പു കടിച്ചെടാ.’’
കാലിലെ വ്രണം അയാൾ ഉയർത്തിക്കാട്ടി.
‘‘വിഷക്കല്ലു വെച്ചോണ്ടാ രക്ഷപ്പെട്ടത്.’’
നീരുവിങ്ങിയ കാലിൽ രണ്ടു വെള്ളിപ്പൊട്ടുകൾ. രായനെ തിരക്കിയാണ് വന്നതെന്ന് പറയുമ്പോൾ അയാൾക്ക് കലി.
‘‘ആ നാറിയിവിടെ വന്നിട്ടില്ല.’’
രണ്ടു ദിവസം ദൊരൈക്കൊപ്പം തങ്ങി.
“ജയിക്കുന്നവർ മാത്രമല്ല കീഴടങ്ങുന്നവരും ഒരാനന്ദം അനുഭവിക്കുന്നുണ്ട്. വിധേയത്വത്തിന്റെ ഫലം രുചിച്ചവൻ, അതിന്റെ നുകം തകർന്നാലും ആ വഴി തിരിച്ചു ചെല്ലും. അല്ലെങ്കിൽ പിന്നെ നീയെന്തിനാണ് രായനെ തിരക്കി വീണ്ടും ഈ മലമുകളിലെത്തിയത്.”
അടിവാരത്തേക്കുള്ള ലോറിയിൽ കയറ്റിവിടുമ്പോൾ ഇനിയൊരിക്കലും രായനെ തേടി മലമുകളിലേക്ക് വണ്ടി കയറരുതെന്ന് ദൊരൈ വിലക്കി.
70
മലമുകളിൽനിന്നും തിരിച്ചെത്തിയതിന്റെ പിറ്റേന്ന് കുന്നേലെ കാരണവർ മരിച്ചു.
കുഴിവെട്ടു തുടങ്ങിയിട്ട് ആദ്യമായാണ് ഒരു കല്ലറ തുറക്കുന്നത്. പണ്ട് കുന്നേക്കാരുടെ വീട്ടുപടിക്കൽപോലും കയറാനാവാതെ ചുറ്റുമതിലിനു പുറത്ത് പേടിയോടെ നിന്നതെല്ലാം അവൻ ഓർത്തു. കുന്നേക്കാരുടെ കല്ലറയാണ് തുറക്കുന്നതെങ്കിലും കമ്പിപ്പാര ആ കുടുംബത്തിന്റെ നെഞ്ചത്താണല്ലോ താഴുന്നതെന്ന് ഓർത്തപ്പോൾ പറവയുടെ ഒരുണർവോടെ അവന്റെ ചുമലൊന്നു പിടഞ്ഞു.
“കാരണവർക്ക് ആ കൊച്ചനെ വലിയ കാര്യമായിരുന്നു. മരിച്ചാ കല്ലറേന്ന് അവന്റെ അസ്ഥി വാരിക്കളഞ്ഞിട്ടു വേണമല്ലോ അങ്ങേരെ അടക്കാനെന്നും പറഞ്ഞ് എപ്പോഴും കരയും. നമ്മുടെ ക്വയറിലാ അവൻ ഗിറ്റാർ വായിച്ചിരുന്നത്. അവന്റെ പുത്തൻവണ്ടി വെഞ്ചരിക്കുമ്പോഴേ ഒരാപത്ത് വരുമെന്ന് എനിക്ക് തോന്നിയതാ. പറയാൻ കഴിഞ്ഞില്ല.”
കപ്യാര് പറയുന്നതു കേട്ട് കുഞ്ഞാപ്പിയൊന്നും മിണ്ടാതെ കല്ലറയുടെ സ്ലാബ് കമ്പിപ്പാരയിട്ടു തിക്കി. പെട്ടെന്നാണ് മഴ തുടങ്ങിയത്. കുടയുമായി കുന്നേലെ ആൾക്കാരെത്തിയതോടെ കപ്യാർ അവരോടൊപ്പം കൂടി കുഞ്ഞാപ്പിയോട് ഓരോന്ന് കൽപിച്ചു തുടങ്ങി.
“പെട്ടെന്നാവട്ടെ.”
കമ്പിപ്പാരക്കു തിക്കി സ്ലാബു നീക്കിയതോടെ പെയ്ത്തുവെള്ളം കുഴിയിലേക്ക് ഒഴുകി. കുഞ്ഞാപ്പി കയറിൽ തൂങ്ങി താഴേക്കിറങ്ങി.
“എടാ പെട്ടീ ചവിട്ടിയാ നീ കീറു മേടിക്കും.”
ചവിട്ടേൽക്കാനുള്ള ത്രാണിപോലുമില്ലാതെ കാലം ശവപ്പെട്ടിയെ കരിയിലപോലെ ദുർബലപ്പെടുത്തിയിരുന്നു. തുറക്കുമ്പോൾ അടഞ്ഞയിടത്തിന്റെ ഒരു വേവുമണം. തലയോട്ടിയിൽനിന്ന് മുടി വേർപെട്ടതൊഴിച്ചാൽ കോട്ടും ടൈയുമൊക്കെയായി അസ്ഥികൂടം അങ്ങനെതന്നെ പെട്ടിയിൽ. നെഞ്ചിൻകൂടിനു മീതെ ഒരു കുഞ്ഞുഗിറ്റാർ.
അതിന്റെ കമ്പികൾ പൊട്ടിപ്പോയിരുന്നു.
തന്റെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നു കിടക്കുന്ന മുൻവരി പല്ലടർന്ന തലയോട്ടിയും സ്റ്റീൽറാഡ് സ്ക്രൂചെയ്ത എല്ലുകളും കുഞ്ഞാപ്പി ചൂരൽകൊട്ടയിൽ വാരിയെടുത്തു. ഒരു മാടമ്പിയുടെ തലയെടുപ്പോടെ അവനത് അസ്ഥിക്കുഴിയിലേക്ക് കളയുമ്പോൾ മരിച്ചുപോയ കാരണവരുടെ ശവം വഹിച്ചുകൊണ്ടുവരാനുള്ള വണ്ടിയും ദർശനക്കാരും പള്ളിമുറ്റത്തുനിന്നും പുറപ്പെട്ടിരുന്നു.
71
രാത്രി സെമിത്തേരിയുടെ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ട് കുഞ്ഞാപ്പി വേഗം വണ്ടിയിൽനിന്നിറങ്ങി.
‘‘അച്ചനെന്താ അസമയത്ത്...’’
പാതിരിയൊന്നും പറയാതെ ശവവണ്ടിപ്പുരയിലേക്ക് കയറി.
രൂപത്തട്ടിലെ ബൈബിൾ വെറുതെ തുറന്നു നോക്കിയിട്ട് തിരികെ വെച്ചു.
“മഠത്തിലെ പോച്ച വെട്ടിത്തെളിക്കാൻ ദീനാമ്മ മദർ ഒരാളെ തിരക്കുന്നുണ്ട്. നീ രാവിലെതന്നെ അവിടെവരെ ഒന്നു ചെല്ല്. കുറച്ചു വെള്ളുള്ളി ചതച്ച് പറമ്പു മുഴുവൻ തളിച്ചിട്ട് പണിക്കിറങ്ങിയാ മതി.’’
മഠത്തിലെ പണിയുടെ കാര്യം അച്ചൻ നേരത്തേ സൂചിപ്പിച്ചതാണ്. മറ്റെന്തോ പറയാനുണ്ടാവും. കുന്നേക്കാരുടെ കല്ലറയുടെ അരികിലേക്ക് നടന്ന അച്ചന്റെ പിന്നാലെ കുഞ്ഞാപ്പി ചെന്നു.
‘‘പെട്ടിയിൽ ചവിട്ടിയെന്നും പറഞ്ഞ് അവര് നിന്നെ തല്ലിയോ..?”
“തല്ലിയൊന്നുമില്ലച്ചാ.”
“തല്ലിയാ തിരിച്ചു തല്ലാനുള്ള ഉശിരുണ്ടോ നിനക്ക്.”
കുഞ്ഞാപ്പി രായനെക്കുറിച്ച് ഓർത്തു. അവനുണ്ടായിരുന്നെങ്കിൽ അച്ചൻ പറയുന്നതുപോലെ നടക്കും. എല്ലാം ക്ഷമിക്കണമെന്ന് പറയേണ്ട അച്ചൻ എന്തുകൊണ്ടാവും അങ്ങനെ ചോദിച്ചത്.
ഇരുട്ടിൽ ഒരനക്കം.
അച്ചൻ ടോർച്ചുയർത്തി. ഒരു തൊരപ്പൻ കുഴികൾക്കിടയിലൂടെ മുകളിലേക്ക് ചാടി. തൊട്ടുപിന്നാലെ പാമ്പും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.